തൃക്കാക്കരയിൽ തോറ്റത് ഒന്നുമാത്രം -'രാഷ്ട്രീയം'; വിജു വി നായർ എഴുതുന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയായോ?. തെരഞ്ഞെടുപ്പ് കേരളീയ പൊതുസമൂഹത്തിന് നൽകിയത് എന്ത്?. മുതിർന്ന മാധ്യമപ്രവർത്തകൻ വിജു. വി. നായർ വിലയിരുത്തുന്നു
ആദിയിൽ വാമൊഴിയായിരുന്നു. അനന്തരം അച്ചടിയുണ്ടായി. ഏറെക്കഴിഞ്ഞ് റേഡിയോ, പിന്നാലെ ടെലിവിഷൻ. ഒടുവിലായി ഡിജിറ്റലും. വിനിമയ ചക്രവാളം വികസിച്ചു. വിനിമയമോ?. കൂടുതൽ വേഗത്തിൽ, കൂടുതൽ എളുപ്പത്തിൽ, കൂടുതൽ പേരിലേക്ക്. അതാണ് നടപ്പുമന്ത്രം. അതു ഫലിക്കുന്നുമുണ്ട്. കൂടുതൽ ആഴം, കൂടുതൽ വിശ്വസ്തം, കൂടുതൽ യാഥാർഥ്യബോധം എന്നു മന്ത്രം പറയുന്നില്ല. നിലവിലെ മന്ത്രത്തിനത് നിവൃത്തിയില്ലതാനും. കൂടുതലാളെ കൂടുതലെളുപ്പം പിടിച്ചിരുത്തുകയാണ് ഇംഗിതം. ഇരുത്തിയിരുത്തി ഇരിപ്പുകിഴങ്ങാക്കിയെടുത്തു മനുഷ്യനെ: കൗച് പൊട്ടറ്റോ (ടെലിവിഷൻ അടിമകൾക്കായ് പണ്ട് ടോം ലാസിയാനോ നടത്തിയ ഫലിതപ്രയോഗം പാവങ്ങളുടെ വിറ്റമിനായ ഉരുളക്കിഴങ്ങിന് കൽപിച്ച പതിത്വം തൽക്കാലം ഒരു സാംസ്കാരിക പ്രശ്നമാക്കേണ്ട). ഡിജിറ്റൽ വിപ്ലവം വന്ന് കിഴങ്ങിനെ ആക്ടിവ് കിഴങ്ങാക്കി. കൈയിലൊരു മൊബൈൽ ഫോണുണ്ടെങ്കിൽ കിടന്ന് നിറയൊഴിക്കാം. പക്കൽ ഉണ്ട ഉണ്ടെങ്കിലും ഇല്ലെങ്കിലും. അങ്ങനെ വിപ്ലവം ജയിക്കുന്നു, ഡിക്റ്റേറ്റർഷിപ് ഓഫ് പൊട്ടറ്റോ. വ്യക്തികളെ മാത്രമല്ല, നാടിനെ മൊത്തത്തിൽ കീഴടക്കാം; വേഗത്തിൽ എളുപ്പത്തിൽ. രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിന് തൃക്കാക്കര ഏൽപിച്ച അനുഭവമതാണ്.
ഒന്നാം പാഠം കോൺഗ്രസ്. പറയുമ്പോലെ പൊന്നാപുരം കോട്ടയാണെങ്കിലും ഏതു ചേകോനെ നിയോഗിച്ചും കോട്ട കാക്കാം. എന്നിട്ട് നിയോഗം വീണതോ- പരേതനായ കാവലാളിന്റെ ധർമദാരങ്ങൾക്ക്. അതിനു കൽപിച്ച യുദ്ധതന്ത്രത്തിനു പേർ: 'സഹതാപം'. തൃക്കാക്കരക്കാരുടെ പ്രതിനിധിയാവാനുള്ള രാഷ്ട്രീയ മൂലധനം സഹതാപമാണോ? സഹതാപം, മനുഷ്യരിൽ ദയാവായ്പുകൊണ്ടുള്ള ഔദാര്യമാണ്. നിയമ നിർമാണ സഭയിലേക്ക് സ്വന്തം പ്രതിനിധിയെ നിശ്ചയിക്കുന്നത് പൗരന്റെ ഔദാര്യപ്രകടനമാണോ? എങ്കിൽ, ജനതയുടെ ഭിക്ഷയാണ് നിയമനിർമാണ സഭ എന്നുവരുന്നു. സ്വന്തം പൗരസഭ സ്വന്തം ഭിക്ഷയാണെങ്കിൽ ജനം ഭിക്ഷകൊടുക്കുന്നത് തന്നത്താനാണ്. കഷ്ടം! അതിൽ നമുക്ക് സ്വയം നമ്മോട് സഹതപിക്കാം.
കോൺഗ്രസ് സ്ഥാനാർഥിയുടെ കഥയെടുക്കാം. പി.ടി, പി.ടി എന്ന സ്ഥിരം നാമജപം, പരേതന്റെ പ്രിയതമയായ പത്നി എന്ന നിലക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ കെട്ട്യോന്റെ കെയറോഫല്ലാതെ വല്ല രാഷ്ട്രീയ യോഗ്യതയുമുണ്ടോ എന്ന് ശ്രീമതി സ്വയം ചോദിച്ചില്ല. പൗരാവലി ചോദിച്ചതുമില്ല. ചുരുക്കിയാൽ, സഹതാപം തീർച്ചയായും സംഗതമാണ് -രാഷ്ട്രീയ ദരിദ്രമായ ഈ തെരഞ്ഞെടുപ്പ് ജയത്തിൽ.
രണ്ട്, ഇടതുപക്ഷം. പ്രതിയോഗിയുടെ കോട്ട പിടിക്കാൻ കുതന്ത്രങ്ങളുടെ പരമ്പര. മതക്കോട്ടയിൽ വിള്ളലിടാൻ മതസ്ഥാനാർഥി. അയാൾ എമ്പണ്ടേ ഇടതൻ എന്ന പ്രച്ഛന്നവേഷത്തിനുപോലും ചമയം അത്ര ഉഷാറിലല്ല, തിരിച്ചറിയുന്നെങ്കിൽ അറിഞ്ഞോട്ടെ എന്ന കെയർഫുൾ കെയർലെസ്നസ്. പിന്നെ, ഭരണാധികാരം പരമാവധി വസൂലാക്കുന്ന പ്രചാരണം. ചങ്ങലക്കിട്ട പട്ടിതൊട്ട് മുഖംമൂടിയിട്ട അശ്ലീല വിഡിയോ വരെ പൂഴിക്കടകൻ പ്രയോഗങ്ങളും. അവിടെയും രാഷ്ട്രീയം ദരിദ്രം.
ഈ ദരിദ്രരാഷ്ട്രീയത്തിന് നിന്നുകൊടുത്ത 'പ്രഫഷനലാ'ണ് അടുത്തത്. ഹൃദയശസ്ത്രക്രിയകൾക്ക് ആവശ്യമുള്ള ഭിഷഗ്വരൻ. അയാൾ കയറിച്ചെന്നില്ലെന്നുവെച്ച് രാഷ്ട്രീയത്തിന് കുഴപ്പമൊന്നുമില്ല. മികച്ച പ്രഫഷനലുകളുടെ ദൗർലഭ്യമുള്ള വൈദ്യമേഖലക്ക് അങ്ങനെയല്ല. ഒരു ലുങ്കിക്കച്ചവടക്കാരന്റെ പ്രതികാരദാഹം ഒരു സംഘടനയായി മാറിയതാണ് ട്വന്റി20യുടെ കഥ. അത് ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് തൃക്കാക്കരയിൽ ഇക്കുറിയെടുത്ത നിലപാട്. പറ്റിയയാളെ കൂട്ടിനും കിട്ടി -ആം ആദ്മി പാർട്ടി. വ്യക്തമായ രാഷ്ട്രീയതയിലാത്ത രണ്ട് പ്രസ്ഥാനങ്ങൾ, ക്ഷമിക്കണം, സ്ഥാപനങ്ങൾ. കഴിഞ്ഞകുറി ഒറ്റക്ക് കിട്ടിയത് 10,000-13,000 വോട്ടുകൾ. അത് ഇക്കുറി പ്രതികാരഫണ്ടിൽ നിക്ഷേപിക്കുന്നതോടെ രാഷ്ട്രീയത്തിനുള്ള വിദൂരസാധ്യതപോലും ആവിയാകുന്നു.
ഈ അസംബന്ധ നാടകത്തിലെ കേന്ദ്രബിന്ദുവാണ് അടുത്തത്- തൃക്കാക്കരയിലെ പൗരാവലി. ഇടതുവിരുദ്ധതയിൽ പണ്ടേ പൂണ്ടുപോയ നാഗരിക മധ്യവർഗം. ജാതി, മത, വ്യാപാരി വിഭാഗങ്ങളുടെ പരമ്പരാഗത മനസ്സ്. ആ മനക്കൂറിന് നിയതമായ രാഷ്ട്രീയ ന്യായമൊന്നുമില്ല. ഉള്ളത് ഇടതുവിരുദ്ധത മാത്രം. അതാകട്ടെ കാമ്പുള്ള പ്രത്യയശാസ്ത്രമൊന്നുമല്ല. ചുവപ്പുകണ്ടാലുള്ള ഒരിത്. ട്വന്റി20 തൽക്കാലം കാട്ടിയത് ഇവർ ദീർഘകാലമായി കാട്ടിപ്പോരുന്നെന്നുമാത്രം. ഇപ്പറയുന്ന 'ഒരിതി'നുപോലും അർഥപുഷ്ടിയുണ്ടാക്കാൻ പോന്ന രാഷ്ട്രീയ ചേരുവകൾ മുളപ്പിച്ചിട്ടുമില്ല. അങ്ങനെ, പരമദരിദ്രമെന്ന് തൃക്കാക്കര വോട്ടറുടെ രാഷ്ട്രീയ ദേഹണ്ഡം.
ഇവ്വിധം രാഷ്ട്രീയ ദരിദ്രമായ ഒരങ്കത്തിനുശേഷം സകലതും മുഴപ്പിച്ചുപറയുന്നത് ജയിച്ച കൂട്ടരുടെ ഭൂരിപക്ഷ സംഖ്യയാണ്- കാൽ ലക്ഷം. കഴിഞ്ഞകുറി പി.ടി. തോമസിന് കിട്ടിയ ഭൂരിപക്ഷവും അന്ന് ട്വന്റി20ക്ക് ഒറ്റക്ക് കിട്ടിയ വോട്ടുസംഖ്യയും ചേർത്തുവെച്ചാൽ ഇപ്പറയുന്ന കാൽലക്ഷക്ഷം കിറുകൃത്യം. കൂടുതലോ കുറവോ ഇല്ല. അഥവാ സ്റ്റാറ്റസ്കോ. ഇടതുപക്ഷത്തിനാകട്ടെ മുമ്പുള്ള വോട്ട് കുറയുന്നില്ല, ചില്ലറ കൂടുന്നുമുണ്ട്. അവിടെയും സ്റ്റാറ്റസ്കോ. പൗരാവലിയുടെ മനോനിലയിൽ രാഷ്ട്രീയ വിവേകമൊന്നും മുളച്ചിട്ടില്ല, പരമ്പരാഗത ദാരിദ്ര്യം തുടരുന്നു. സ്റ്റാറ്റസ്കോ.
സർവാശ്ലേഷിയായ ഈ സ്റ്റാറ്റസ്കോയെ കോൺഗ്രസിന്റെ വൻ വിജയമായും ഇടതുപക്ഷത്തിന്റെ (പിണറായി വിജയൻ എന്നു നവീന പരിഭാഷ) വൻ തിരിച്ചടിയായും അവതരിപ്പിക്കുന്ന വിശകലന ദാരിദ്ര്യമാണ് മാധ്യമങ്ങളുടെ സംഭാവന. അതുമൊരു സ്റ്റാറ്റസ്കോ.
ചുരുക്കത്തിൽ, നാടിന്റെ പ്രശ്നങ്ങൾ ഭരണകക്ഷിയെ അലട്ടിയില്ല. അങ്ങനെ അലട്ടിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. ഈ ദേശത്തിന്റെ രാഷ്ട്രീയ ദാരിദ്ര്യം അതിനു ലക്ഷണയുക്തരായ കക്ഷികളും അവലംബിച്ചു. എല്ലാവരും അവരവരുടെ നിലക്ക് ജേതാക്കൾ. തോറ്റത് ഒന്നുമാത്രം -രാഷ്ട്രീയം.
വാമൊഴിയും അച്ചടിയും ടി.വിയും ഡിജിറ്റലുമെല്ലാം ചേർന്ന് ജനാധിപത്യ മാതൃകയെ അതിന്റെ 75ാം കൊല്ലത്തിൽ കൊണ്ടെത്തിച്ചിരിക്കുന്ന കൈനില നോക്കൂ- കൗച് പൊട്ടറ്റോ (പ്രിയപ്പെട്ട ഉരുളക്കിഴങ്ങ് പൊറുക്കണം).