‘‘മുസ്ലിം ലീഗ് പറയുന്നതല്ല പരിഹാര മാർഗം’’
എഴുത്ത്: വി.വി. ശ്രീജിത്ത്
മുസ്ലിം ലീഗിനോട് തുടക്കം മുതലേ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് ടി.കെ. ഹംസ. ഇടതുപാളയത്തിലെത്തുന്നതിന് മുമ്പും ലീഗ് വിമർശകനായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ലീഗിന്റെ നയവും നടപടികളും ഗുണകരമല്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്റെ തനതുശൈലിയിൽ വിമർശനം അഴിച്ചുവിടുന്നു. മുസ്ലിം ലീഗിന്റെ പ്ലീനറി സമ്മേളനം വലിയ ആഘോഷമായിതന്നെയാണ് നടന്നതും സമാപിച്ചതും. പക്ഷേ, സമ്മേളനത്തോടെ മുസ്ലിം ലീഗിന്റെ നയപരിപാടികളിൽ വരുന്ന മാറ്റമെന്താണെന്നതാണ്...
Your Subscription Supports Independent Journalism
View Plansമുസ്ലിം ലീഗിനോട് തുടക്കം മുതലേ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് ടി.കെ. ഹംസ. ഇടതുപാളയത്തിലെത്തുന്നതിന് മുമ്പും ലീഗ് വിമർശകനായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ലീഗിന്റെ നയവും നടപടികളും ഗുണകരമല്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്റെ തനതുശൈലിയിൽ വിമർശനം അഴിച്ചുവിടുന്നു.
മുസ്ലിം ലീഗിന്റെ പ്ലീനറി സമ്മേളനം വലിയ ആഘോഷമായിതന്നെയാണ് നടന്നതും സമാപിച്ചതും. പക്ഷേ, സമ്മേളനത്തോടെ മുസ്ലിം ലീഗിന്റെ നയപരിപാടികളിൽ വരുന്ന മാറ്റമെന്താണെന്നതാണ് നാം ചർച്ച ചെയ്യേണ്ടത്. ഇന്ത്യ മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ ദേശീയ ബദലിന് ശ്രമിക്കുമെന്നും മുസ്ലിം ജനവിഭാഗത്തെ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നുമാണ് ലീഗ് വലിയ പ്രഖ്യാപനമായി പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, സ്വന്തം സ്വാധീനവും ശക്തിയും മനസ്സിലാക്കാതെയാണ് ഇത്തരം അവകാശവാദങ്ങളുമായി അവർ രംഗത്തിറങ്ങുന്നെതന്ന് പറയാതെ നിർവാഹമില്ല. എന്താണ് തെക്കൻ കേരളത്തിൽ ലീഗിന്റെ സ്വാധീനം? കേരളത്തിൽപോലും വലിയ സ്വാധീനമില്ലാത്ത ലീഗാണ് ദേശീയതലത്തിൽ സ്വാധീനം വർധിപ്പിക്കാൻ നടക്കുന്നത്. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ അവസ്ഥ എന്താണെന്നതിൽ ലീഗിന് എത്രമാത്രം ബോധ്യമുണ്ടെന്ന് സംശയിക്കത്തക്ക വിധത്തിലാണ് അവരുടെ പ്രഖ്യാപനം.
സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിനെതിരെയുള്ള ഏത് പോരാട്ടവും രാജ്യത്തെ മതേതര കക്ഷികളുടെ കൂട്ടായ്മയിലാണ് നടക്കേണ്ടത്. ഇക്കാര്യത്തിൽ പക്ഷേ, ലീഗിന്റെ മുഖ്യ സഖ്യകക്ഷിയായ കോൺഗ്രസിന്റെ നിലപാട് എന്താണ്? കോൺഗ്രസ് ഇപ്പോഴും സ്വപ്നലോകത്താണ് എന്ന് പറയേണ്ടിവരും. തങ്ങളാണ് ബി.ജെ.പിയെ നേരിടാൻ കെൽപുള്ള ഏക പാർട്ടിയെന്ന കോൺഗ്രസിന്റെ ചിന്ത രാജ്യത്തിന് ഗുണകരമല്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ പൊരുതാൻ ആദ്യം വേണ്ടത് ആർ.എസ്.എസിനെതിരെയുള്ള നിലപാടാണ്. ആർ.എസ്.എസിനോട് ഒരു എതിർപ്പുമില്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ അനുദിനം ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയാണ് ഏറ്റവുമൊടുവിൽ ബി.ജെ.പിയിൽ ചേരുമെന്ന തീരുമാനമറിയിച്ചിരിക്കുന്നത്. ഈ കോൺഗ്രസിനെ ‘വിശ്വസിച്ചാ’ണ് ലീഗ് ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി നടക്കുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. പക്ഷേ, അതിന്റെ അടിസ്ഥാനവും വികാരവും ലക്ഷ്യവുമെല്ലാം അന്നേ മതപരമാണെന്നു മാത്രം. മതപരമായ വികാരത്തിന്റെ അടിസ്ഥാനത്തിൽ ആ വിശ്വാസ ആദർശങ്ങളെ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച് ആളുകളെ സംഘടിപ്പിക്കുകയെന്നതാണ് അവർ ലക്ഷ്യമിട്ടത്. ആ ലക്ഷ്യം പാകിസ്താന്റെ രൂപവത്കരണത്തോടെ നിറവേറ്റപ്പെട്ടെന്ന് പറയാം. പാകിസ്താൻ എന്ന രാഷ്ട്രവും സ്വന്തമാക്കി അവർ പോയി. ലീഗിൽ നേതാക്കളും അണികളുമായിരുന്ന വലിയൊരു വിഭാഗം പാകിസ്താനിലേക്ക് പോയി. ഇന്ത്യയിൽ അവശേഷിച്ചിരുന്നവരിൽ പ്രമുഖ തോൽ വ്യാപാരിയായിരുന്ന ഇസ്മാഈൽ സാഹിബിനെ പ്രസിഡന്റാക്കി അഖിലേന്ത്യ കമ്മിറ്റിയുണ്ടാക്കി. അതിനുശേഷം ലീഗ് ഇന്ത്യയിൽ പറഞ്ഞിരുന്നത്, മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനും അവകാശങ്ങൾ നേടിയെടുക്കാനും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നാണ്.
എന്നാൽ, ചെന്നൈ പ്ലീനറി സമ്മേളനത്തിൽ ലീഗിന്റെ പ്രഖ്യാപനം കേട്ടപ്പോൾ മനസ്സിലായത് പഴയ ലീഗ് പുനഃസ്ഥാപിക്കാനുള്ള ശ്രമമാണെന്നാണ്. അതായത് രാജ്യം മുഴുവൻ മുസ് ലിം ജനവിഭാഗം സംഘടിക്കണമെന്നും രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ പ്രയത്നിക്കണമെന്നുമുള്ള പ്രഖ്യാപനമാണ് ചെന്നൈയിൽ മുഴങ്ങിയത്. ഈ ആഹ്വാനം ഒരു ബഹുസ്വര സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കാരണം, മതപരമായി തന്നെയാണ് എല്ലാവരും സംഘടിക്കേണ്ടതെന്ന ചിന്തക്ക് ബലമേകുന്നതാണ് ലീഗിന്റെ ഈ തീരുമാനം. സംഘ്പരിവാറിന്റെ നിലപാടുകൾക്ക് വളമേകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്നാണ് മതനിരപേക്ഷ ഭാഗത്തുള്ളവർ പറയുന്നത്. ബി.ജെ.പിയോട് അകലം പാലിക്കുന്ന പലരും ലീഗിന്റെ ഈ നിലപാട് മാറ്റത്തോടെ ബി.ജെ.പിയുമായി കൂടുതൽ അടുക്കാൻ ഇടവരുത്തും. ഈയൊരു ആശങ്ക ഞാൻ ലീഗ് നേതാക്കളുമായി തന്നെ പങ്ക് വെക്കുന്നുമുണ്ട്. ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ലീഗിന് നേട്ടമുണ്ടാകില്ല എന്ന് മാത്രമല്ല, എതിരാളികൾക്ക് ഗുണകരമാകുകയും ചെയ്യും.
ചെറുപ്പകാലം മുതൽതന്നെ ഞാൻ ലീഗിനോട് അകലം പാലിക്കാൻ കാരണം ഒരു മതേതര രാജ്യത്ത് ഇത്തരമൊരു ആശയത്തിന് പ്രസക്തിയില്ലെന്നതിനാലാണ്. ലീഗിന്റെ രൂപവത്കരണംപോലും ഇത്തരത്തിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് നയത്തിന്റെ ഭാഗമായാണെന്ന് പറയാം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ എല്ലാ വിഭാഗം ജനങ്ങളും മതജാതി ചേരിതിരിവില്ലാതെ ഒറ്റക്കെട്ടായാണ് അണിനിരന്നത്. ഇതോടെ ബ്രിട്ടീഷുകാർ ഒരു കാര്യം മനസ്സിലാക്കി. ഇനിയും ഇന്ത്യയിൽ തുടരണമെങ്കിൽ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കണമെന്നത്. ഇതിനായി ഓരോ മതവിഭാഗങ്ങളെയും അവർ പരമാവധി ഉപയോഗപ്പെടുത്തി. അന്തമാൻ ജയിലിൽ കഴിഞ്ഞിരുന്ന സവർക്കർ മാപ്പ് എഴുതി നൽകി തിരിച്ചെത്തിയതും ഹിന്ദു മഹാസഭയുടെ രൂപവത്കരണവുമെല്ലാം ഇതിന്റെ ബാക്കിപത്രമാണ്. മുസ്ലിം ലീഗുണ്ടാകുന്നതും ഇത്തരത്തിലുള്ള ഭിന്നിപ്പിക്കൽ നയത്തിന്റെ തുടർച്ചയായാണ്. ആ ലീഗ് ബ്രിട്ടീഷുകാർക്കുവേണ്ടി പ്രചാരണംവരെ നടത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ‘‘അതുകൊണ്ട് വേണ്ട ജനങ്ങളെ സ്വയരാജ്യം’’ എന്ന വരികൾ പാടിനടന്നവരാണ് ലീഗുകാർ. അന്നത്തെ ലീഗല്ല, ഇന്നത്തെ ലീഗ് എന്ന അവരുടെ വാദത്തിൽ വലിയ കഴമ്പില്ല. കാരണം, പിതാമഹൻ ഒന്നുതന്നെയാണ്.
പണ്ടത്തേതിൽനിന്ന് അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെ ഉന്നതിയിലാണ് കേരളത്തിലെ മുസ്ലിം ജനവിഭാഗം. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ഈ യാഥാർഥ്യം മനസ്സിലാക്കാതെയാണ് ലീഗിന്റെ പോക്ക്. അതായത് ലോകത്തെയും രാജ്യത്തെയും രാഷ്ട്രീയ സാഹചര്യം കൃത്യമായി മനസ്സിലാക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാധിക്കില്ല. ഭരണമില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്ന യാഥാർഥ്യമറിയാവുന്ന ലീഗ് നേതാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി അണികളെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ചെന്നൈയിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതെല്ലാം മലപ്പുറത്തും കോഴിക്കോട്ടുമുള്ള നേതാക്കളും പ്രവർത്തകരുമാണ്. ഈ സമ്മേളനം ഇവിടെ സംഘടിപ്പിക്കാവുന്നതല്ലേയുള്ളൂ. തമിഴ്നാട്ടിൽ എന്ത് സ്വാധീനമാണ് ലീഗിനുള്ളതെന്ന് നമുക്കെല്ലാവർക്കുമറിയാം. അഖിലേന്ത്യ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഡി.എം.കെ ടിക്കറ്റിലാണ് ലോക്സഭയിലെത്തിയത്. വെല്ലൂർ മണ്ഡലത്തിൽനിന്ന് ഡി.എം.കെയുടെ കാരുണ്യത്തിൽ ലോക്സഭയിലെത്തിയ പ്രസിഡന്റുള്ള പാർട്ടിയാണ് ഇന്ന് ദേശീയരാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. ഇത് ഓർക്കാൻ കാരണം ഞാൻ അംഗമായ പാർലമെന്റിലാണ് ഖാദർ മൊയ്തീൻ ഡി.എം.കെ ടിക്കറ്റിൽ മെംബറായി ഇരുന്നിരുന്നത്. ചില നേതാക്കൾക്ക് കാലാകാലങ്ങളിൽ നേതൃപദവി കൈയാളാനുള്ള ഒരു അവസരമെന്നതിൽനിന്ന് ലീഗ് ഇന്നും ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല. ഏത് സമ്മേളനശേഷവും ലീഗിൽ എക്കാലവും ഒരേ നേതൃത്വമാണ്. തിരുവായ്ക്ക് എതിർവായില്ലെന്ന രീതിക്ക് മാറ്റമില്ലാതെ എങ്ങനെയാണ് ഒരു പാർട്ടി മുന്നോട്ടു പോവുക? പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് നേതൃരംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കാതെ ഒരു പാർട്ടിക്കും ഇനി മുന്നോട്ടുപോകാനാകില്ല.
സി.പി.എം സംസ്ഥാന സമ്മേളനവും പ്ലീനവും പാർട്ടി കോൺഗ്രസും കൃത്യമായ ഇടവേളകളിൽ ചേരുമ്പോഴെല്ലാം സംഘടനാപരവും താത്ത്വികവുമായ കാര്യങ്ങളിൽ കൂടുതൽ പരിഷ്കരണത്തിനായാണ് ശ്രമിക്കാറുള്ളത്. അതുവഴി ഭാവിപ്രവർത്തനത്തിൽ മാറ്റംവരുത്താറുണ്ട്. ഇതുപോലെതന്നെയാണ് കൂടുതൽ ചെറുപ്പക്കാരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തുക എന്നതിന് സി.പി.എം നൽകുന്ന പ്രാധാന്യം. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിൽ കാലോചിത മാറ്റം വരണമെങ്കിൽ തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റികളിൽ പുതിയ തലമുറയുടെ ചിന്തകൾ പ്രതിഫലിക്കണം. അതിനുള്ള സന്നദ്ധതയാണ് ലീഗ് കാണിക്കേണ്ടിയിരുന്നത്. പക്ഷേ, അത്തരം തീരുമാനമെടുക്കുമ്പോൾ സ്വന്തം അധികാര സ്ഥാനങ്ങൾ കൈവിട്ടുപോകുമല്ലോയെന്ന ചിന്തയാണ് അവരുടെ നേതാക്കളെ നയിക്കുന്നത്. ഇതോടൊപ്പം ചേർത്ത് പറയേണ്ടതാണ് തങ്ങൾ കുടുംബത്തെ ഉപയോഗപ്പെടുത്തി കാര്യസാധ്യം നടത്തുന്ന രീതിയും.
മുസ്ലിം ലീഗിന്റെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടാൻ പരമാവധി വേദികൾ പ്രയോജനപ്പെടുത്തിയ ഒരു വ്യക്തിയെന്ന നിലയിൽ ലീഗിന്റെ ദൗർബല്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. മതം രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന അവരുടെ നയത്തിന്റെ അപകടം തുറന്നുകാട്ടിയതിന് എക്കാലവും എന്നെ തോൽപിക്കാൻ പരമാവധി നോക്കിയവരാണ് ലീഗ് നേതൃത്വം. പക്ഷേ, ജനം ഒരിക്കലും എന്നെ കൈവിട്ടില്ല. ഞാൻ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് എനിക്കെതിരെ പലവിധ ആയുധങ്ങളാണ് പ്രയോഗിച്ചത്. ലീഗിനേറ്റ തോൽവികൾ പലതുണ്ടെങ്കിലും മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ ഏറ്റ തിരിച്ചടി അവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആ തോൽവിയിൽ നടുങ്ങിയ ലീഗ് മഞ്ചേരി ലോക്സഭ മണ്ഡലംതന്നെ പിന്നീട് ഇല്ലാതാക്കാൻ പ്രവർത്തിച്ചു. ലീഗിന് സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങൾ കൂട്ടിച്ചേർത്ത് മലപ്പുറം മണ്ഡലമാക്കി അവർ തങ്ങളുടെ ഭാവി സുരക്ഷിതമാക്കി. ലീഗിന്റെ കോട്ടകൾ തകരില്ലെന്നത് വെറും കെട്ടുകഥയാണെന്ന് തെളിഞ്ഞതോടെ പിന്നീടും അവർക്ക് തിരിച്ചടികൾ നേരിട്ടു.
പാവപ്പെട്ട മുസൽമാനോട് ലീഗിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് അവർതന്നെ സ്വയം ആലോചിക്കണം. ജാതിയോ മതമോ നോക്കാതെ പാവപ്പെട്ട എല്ലാവർക്കും പെൻഷൻ നടപ്പാക്കിയത് ഇടത് സർക്കാറാണ്. കൃഷിഭൂമി കൃഷിക്കാരന് എന്ന് ഖുർആനിലുണ്ട്. അതുതന്നെയാണ് കാൾ മാർക്സും പറഞ്ഞത്. മുസ് ലിം സമുദായത്തിലെ സാധാരണക്കാരോട് പ്രതിബദ്ധതയുണ്ടെങ്കിൽ ലീഗ് അവർക്കായി തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിച്ചാണ് മാതൃക കാണിക്കേണ്ടിയിരുന്നത്. തങ്ങളുടെ നിലപാടുകളിൽ എന്ത് പുതിയ മാറ്റമാണ് കൊണ്ടുവരുകയെന്ന് അവർ വ്യക്തമാക്കാത്തിടത്തോളം പ്ലീനറി എന്നല്ല അവരുടെ എല്ലാ സമ്മേളനങ്ങളും കേവലമൊരു സമ്മേളനം മാത്രമായി അവശേഷിക്കും.