നമ്മുടെ സിനിമ എങ്ങനെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? -വിശകലനം
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും സിനിമയുള്‍പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
ദൈനംദിന ജീവിതത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് പുറത്തു കടക്കുന്ന മനുഷ്യന്റെ ചലനത്തെ സൂചിപ്പിക്കുന്നതിനാണ് യാത്ര എന്ന പദം ഉചിതമാകുക. യാന്ത്രികമായോ ആവര്‍ത്തന സ്വഭാവത്തോടെയോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുക എന്ന പ്രക്രിയ അനുദിന ജീവിതത്തിന്റെ അനിവാര്യതയാണ്. എന്നാല്‍, നിത്യജീവിത തുടര്ച്ചകളില്നിന്ന് പലനിലകളിലുള്ള കുതറിമാറലായി...
Your Subscription Supports Independent Journalism
View Plansദൈനംദിന ജീവിതത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് പുറത്തു കടക്കുന്ന മനുഷ്യന്റെ ചലനത്തെ സൂചിപ്പിക്കുന്നതിനാണ് യാത്ര എന്ന പദം ഉചിതമാകുക. യാന്ത്രികമായോ ആവര്‍ത്തന സ്വഭാവത്തോടെയോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുക എന്ന പ്രക്രിയ അനുദിന ജീവിതത്തിന്റെ അനിവാര്യതയാണ്. എന്നാല്‍, നിത്യജീവിത തുടര്ച്ചകളില്നിന്ന് പലനിലകളിലുള്ള കുതറിമാറലായി യാത്രകളെ വ്യാഖ്യാനിക്കുവാന്‍ കഴിയും. ശരീരചലനത്തോടൊപ്പം പരിണാമവിധേയമാകുന്ന മനുഷ്യന്റെ ആന്തരികസത്തയാണ് യാത്രക്ക് അർഥം രൂപപ്പെടുത്തുന്നത്. മതഗ്രന്ഥങ്ങളില്‍ പാപബോധം, പശ്ചാത്താപം, മനഃപരിവര്‍ത്തനം എന്നീ ആന്തരികാന്വേഷണങ്ങളുടെ അകമ്പടിയായി യാത്രകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, യാത്ര എന്ന അനുഭവം സൃഷ്ടിക്കുന്ന അർഥതലം ഭൗതികതയോടൊപ്പം ആന്തരികതയും ഇടകലരുന്നതാണ്. വൈയക്തികമായ അനുഭൂതിയെന്ന നിലയോടൊപ്പം സാമൂഹികമായ തലങ്ങളും യാത്രയെ ഒരു പഠനവിഷയമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ പ്രസക്തമാകുന്നു. ഒരു മനുഷ്യന്റെ അയനവും ഒരു ജനതയുടെ പലായനവും യാത്രയുടെ വ്യത്യസ്ത വശങ്ങളാണ് വെളിപ്പെടുത്തുന്നത്. ആത്മായനങ്ങളുടെയും തീർഥാടനങ്ങളുടെയും തലത്തിനപ്പുറം കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്നിന്ന് പ്രാണരക്ഷാർഥം നടത്തേണ്ടിവരുന്ന പലായനങ്ങളും വിശാലാർഥത്തില്‍ യാത്രകള്‍തന്നെയാണ്. പുറപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങിയെത്തിയാൽതന്നെയും പൂർവകാല ജീവിതം അതേമട്ടില്‍ തുടരാന്‍ സാധിക്കാത്ത വിധത്തില്‍ മനുഷ്യന്റെ അകവും പുറവും മാറ്റിമറിക്കുന്ന യാത്രകളാണ് ഇവയെല്ലാം.
സഞ്ചാരീഭാവങ്ങളുടെ ചരിത്രനാളുകള്‍
യാത്രകള്‍ക്ക് മനുഷ്യവംശത്തിന്റെ അതിജീവനചരിത്രത്തോളം പഴക്കമുണ്ട്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെ നടത്തപ്പെട്ട പലായനങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടവ. ജനപ്പെരുപ്പവും അതിന്റെ ഫലമായുണ്ടാകുന്ന വിഭവദാരിദ്ര്യവും മനുഷ്യരുടെ കൂട്ടായ യാത്രകള്‍ക്ക് കാരണമായിട്ടുണ്ട്. മെച്ചപ്പെട്ട ഇടങ്ങളിലേക്കുള്ള കുടിയേറ്റം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചും ആഭ്യന്തരമായും ഉണ്ടായിക്കൊണ്ടിരുന്നു. പ്രകൃതിക്ഷോഭങ്ങളാണ് നിര്‍ബന്ധിത പ്രവാസത്തിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം. മികച്ച വിഭവങ്ങള്‍ കണ്ടെത്തുന്നതിനും വില്‍ക്കുന്നതിനുമായി നടന്ന വ്യാപാരകേന്ദ്രിത യാത്രകളും പ്രസക്തമാണ്. അറേബ്യ, ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ ഇത്തരത്തിലുള്ളവയായിരുന്നു. കരയിലൂടെയും കടലിലൂടെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രകളാണ് ആദിമഘട്ടത്തില്‍ നടന്നിരുന്നത്. അധികാരമേഖല വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രാജഭരണഘട്ടത്തിലും കോളനിഭരണഘട്ടത്തിലും നടന്ന യാത്രകള്‍ക്ക് രണ്ടു തലങ്ങളുണ്ട്. കീഴടക്കുന്നവരുടെ പടയോട്ടങ്ങളും കീഴങ്ങുന്നവരുടെ അഭയാർഥിത്വവും ഒരേസമയം അതിരുകളെയും സംസ്കാരങ്ങളെയും മായ്ച്ചുകൊണ്ടുള്ളവയായിരുന്നു. ഇത്തരത്തില്‍, ഇന്നിന്റെ ലോകത്തെ ഈ മട്ടില്‍ രൂപപ്പെടുത്തുന്നതില്‍ സാംസ്കാരിക കലര്‍പ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് നടന്ന യാത്രകള്‍ പ്രധാനമാകുന്നു.
യാത്രകളോടുള്ള മനുഷ്യരുടെ ആഭിമുഖ്യം വഴി രൂപംകൊണ്ട സാഹിത്യരൂപങ്ങളും ഇതര ആവിഷ്കാരസങ്കേതങ്ങളും ഭൂരിഭാഗം ഭാഷകളിലും വ്യത്യസ്ത കാലങ്ങളില്‍ പ്രചാരം നേടിയിരുന്നു. യാത്രകള്‍ താരതമ്യേന എളുപ്പമല്ലാതിരുന്ന കാലത്തെ മനുഷ്യരുടെ കൗതുകങ്ങളാണ് സന്ദേശകാവ്യങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തത്. സന്ദേശകാവ്യങ്ങളിലെ വിശദമായ സ്ഥലവര്ണനകളും വാങ്മയചിത്രങ്ങളും ഭാവനാശേഷിയുള്ള ആസ്വാദകനെ അഭിമുഖീകരിക്കുന്നവകൂടിയാണ്. സമാനമായി, യാത്രികരുടെ രേഖപ്പെടുത്തലുകളോട് വായനാസമൂഹം പുലര്‍ത്തിയിരുന്ന അഭിനിവേശം സഞ്ചാരസാഹിത്യകൃതികള്‍ എന്ന സാഹിത്യഗണത്തെതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അതത് കാലത്തെ രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട ചരിത്രരേഖകള്‍ എന്ന നില യാത്രാവിവരണഗ്രന്ഥങ്ങള്ക്ക് പില്ക്കാലത്ത് ലഭിച്ചു. വൈദേശികരുടെയും തദ്ദേശീയരുടെയും യാത്രാക്കുറിപ്പുകള്ക്ക് ആവേദനമൂല്യം കൈവന്നത് ഇത്തരത്തിലാണ്. രാഷ്ട്രീയപരവും സ്വത്വവാദപരവുമായ സന്ദിഗ്ധതകളുടെ ചരിത്രത്തെളിവുകള്‍ യാത്രാവിവരണങ്ങളില്‍നിന്ന് ലഭിക്കുന്നു. പാറേമാക്കല്‍ തോമാ കത്തനാര് എഴുതിയ 'വര്‍ത്തമാനപ്പുസ്തകം' പതിനെട്ടാം നൂറ്റാണ്ടിലെ പോർചുഗീസ് അധിനിവേശകാലത്ത് കേരളത്തിലെ തദ്ദേശീയ ക്രൈസ്തവര്‍ നേരിട്ട സ്വത്വപ്രതിസന്ധി മാർപാപ്പയെ അറിയിക്കുവാനുള്ള യാത്രയുടെ രേഖയാണ്. യാത്രാനുഭവം പകരുന്ന പുസ്തകങ്ങള്‍ എന്നതില്‍നിന്ന് ചരിത്രാഖ്യാനങ്ങള്‍ എന്ന നിലയിലേക്ക് സഞ്ചാരസാഹിത്യ കൃതികള്‍ ഇപ്രകാരം പരിണമിക്കുന്നു. എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, ചിന്ത രവി, കെ.എ. ബീന തുടങ്ങിയവരുടെ യാത്രാനുഭവമെഴുത്തുകള്ക്ക് ലഭിച്ച സ്വീകാര്യത സഞ്ചാരസാഹിത്യത്തിന് പില്ക്കാലത്തുണ്ടായ കുതിപ്പിന് ഉദാഹരണമായി കണക്കാക്കാനാകും. വിവരണാത്മക സ്വഭാവവും ഒരനുഭവത്തില്‍നിന്ന് മറ്റൊന്നിലേക്ക് പരിണമിക്കുന്ന ആഖ്യാനസാധ്യതകളും സഞ്ചാരസാഹിത്യത്തിന്റെ സ്വഭാവപരമായ സവിശേഷതയാണ്. വായനാനുഭവങ്ങളിലൂടെ ദേശങ്ങളെ സങ്കല്പിച്ചിരുന്ന കാലത്തുനിന്ന് നേരിട്ടുള്ള ദൃശ്യങ്ങളുടെ കാഴ്ചക്ക് സാധ്യതയേറിയ സന്ദര്‍ഭമാണ് ഇന്ന് നിലവിലുള്ളത്. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിലാരംഭിച്ച യാത്രാവിവരണങ്ങളുടെ ദൃശ്യത നിലവിൽ യൂട്യൂബ് ചാനലുകളിലെ യാത്രാ േവ്ലാഗുകളിലൂടെ നിര്‍ബാധം തുടരുന്നു. അതത് കാലഘട്ടത്തിന്റെ ആവിഷ്കാരമാധ്യമത്തിന് ഇണങ്ങുന്നവിധത്തില്‍ യാത്രാനുഭവങ്ങള്‍ക്ക് സംഭവിക്കുന്ന പരിണാമത്തെയും പാകപ്പെടലിനെയും വ്യക്തമാക്കുന്നവയാണ് ട്രാവല്‍ േവ്ലാഗുകള്‍. അതോടൊപ്പം, പുതുതലമുറയുടെ അഭിനിവേശത്തെയും അന്തഃസത്തയെയും അടയാളപ്പെടുത്തുന്ന എക്സ്േപ്ലാര്‍ (explore) എന്ന പദവും പ്രധാനമാകുന്നു. മുന്‍കാലങ്ങളില്‍ പര്യവേക്ഷണം എന്ന പരിമിതമായ അർഥം മാത്രമുണ്ടായിരുന്ന പ്രസ്തുത വാക്കിന് (exploration) ഇന്ന് യാത്ര, ഭക്ഷണം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളോട് ചേര്‍ത്ത് വ്യവഹരിക്കത്തക്ക വിധത്തില്‍ അർഥവിപുലീകരണം സംഭവിച്ചിട്ടുണ്ട്.
ചലിക്കുന്ന ദൃശ്യങ്ങളുടെ ആഖ്യാനസ്വഭാവമുള്ള സഞ്ചയം എന്ന നിലയില്‍ യാത്രയുടെ സാധ്യതകളെ കൂടുതല്‍ ഉപയുക്തമാക്കാന്‍ കഴിയുന്ന സങ്കേതമാണ് സിനിമ. പ്രമേയതലത്തില്‍ യാത്രകള്‍ പ്രതിപാദിക്കുക എന്നതിനപ്പുറം സവിശേഷ പരിചരണരീതി വികസിപ്പിച്ച സിനിമാഗണം എന്ന നിലയിലും യാത്രാനുബന്ധ ചിത്രങ്ങള്‍ പ്രസക്തമാകുന്നു. മുഖ്യകഥാപാത്രത്തിന്റെ ആന്തരിക പരിവര്‍ത്തനങ്ങളെയും തിരിച്ചറിവുകളെയും യാത്രയുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന ചിത്രങ്ങളാണ് 'റോഡ് മൂവി' എന്ന സിനിമാഗണത്തില്‍ ഉള്‍പ്പെടുന്നത്. നിർദിഷ്ട ഭൂമിശാസ്ത്രത്തിനുള്ളില്‍ കഥാപരിസരം രൂപപ്പെടുത്തുന്ന സിനിമകളില്‍നിന്ന് ഇവ വ്യത്യസ്തമായിരിക്കും. ഒരു ഗ്രാമത്തിനുള്ളില്‍ നടക്കുന്ന കഥക്ക് വ്യക്തിത്വമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും കഥാപാത്രങ്ങള്‍ തമ്മില്‍ പരസ്പരബന്ധവും അവശ്യമാണ്. മാത്രവുമല്ല, ഗ്രാമത്തിലെ സാമ്പത്തിക- സാമൂഹിക അന്തരം, രാഷ്ട്രീയ കാലാവസ്ഥ എന്നിങ്ങനെ അനേകം വിശദാംശങ്ങളിലേക്കുള്ള സൂചനകളിലൂടെ മാത്രമാണ് ഒരു പ്രദേശം സിനിമയില്‍ വ്യക്തിത്വം നേടുന്നത്. സ്ഥലപരമായി നോക്കിയാല്‍ തിരശ്ചീന ഗതിയിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങളാണ് ഇത്തരം ചിത്രങ്ങളില്‍ പ്രകടമാകുക. 'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍' എന്ന ചിത്രം ഉദാഹരണമായി പരിഗണിക്കാവുന്നതാണ്. ഗ്രാമത്തിനുള്ളിലെ കഥകള്‍ വര്ത്തുളസ്വഭാവത്തില് പരക്കുന്നവയും സാംസ്കാരികമായി പരസ്പരബന്ധിതവുമാണ്. എന്നാല്‍, റോഡ് മൂവികളില്‍ സ്ഥലം ലംബപരമായാണ് വിന്യസിക്കപ്പെടുന്നത്. മാത്രവുമല്ല, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീളുന്നതും സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതുമായ പരിചരണരീതിയാണ് അതില്‍ പ്രാധാന്യം നേടുന്നത്. അപ്രകാരം, അനുഭവങ്ങളുടെ പലമയിലൂടെ രൂപംകൊള്ളുന്ന മനുഷ്യനെന്ന സര്‍വത്രിക സത്ത റോഡ് മൂവികളിലൂടെ നിര്വചിതമാകുന്നു.
യാത്രകളുടെ അനുഭൂതിതലം പലമട്ടില്‍ മലയാള സിനിമയില്‍ ആവിഷ്കാരവിധേയമായിട്ടുണ്ട്. റോഡ് മൂവിയുടെ ആന്തരികവും ബാഹ്യവുമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയും പ്രമേയപരമായി യാത്രയെ അടയാളപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രസക്തമാകുന്നു. വ്യത്യസ്ത ദേശ-ഭാഷ-സംസ്കാരങ്ങള്‍ ഇടകലരുന്ന സിനിമാഗണമായതിനാല് മലയാള സിനിമ, മലയാളി സ്വത്വം, കേരളീയത എന്നിവയെ ഇത്തരം ചിത്രങ്ങള്‍ എപ്രകാരം നിര്‍വചിക്കുന്നുവെന്നത് പരിശോധിക്കേണ്ടതുണ്ട്. അതായത്, ഭാഷ-സാംസ്കാരിക വൈവിധ്യങ്ങള്‍ നിലനില്ക്കുമ്പോൾതന്നെ ഏകീകരിക്കപ്പെട്ട മലയാളി സ്വത്വമെന്ന ഭാവനാപരിസരം നിര്‍മിക്കുന്നതിന് മലയാള ചിത്രങ്ങളില്‍ യാത്രകളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന അന്വേഷണമാണ് തുടര്‍ന്ന് നടത്തുന്നത്.
അരക്ഷിത ജീവിതങ്ങളുടെ പ്രവാസ കാലങ്ങള്‍
അതിജീവന ശ്രമങ്ങളുടെ ഭാഗമെന്ന നിലയില്‍ സ്വന്തം ദേശങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് മനുഷ്യന് നടത്തുന്ന യാത്രകളാണ് പ്രവാസത്തിന്റെ അടിസ്ഥാനം. മെച്ചപ്പെട്ട തൊഴിലും സാമ്പത്തിക ഭദ്രതയും തേടിയുള്ള വ്യക്തികളുടെ സഞ്ചാരമാണിത്. ഫ്യൂഡലിസത്തിന്റെയും കൂട്ടുകുടുംബ വ്യവസ്ഥയുടെയും തകര്‍ച്ച, മധ്യവര്‍ഗ സാമൂഹിക വിഭാഗത്തിന്റെ ഉദയം, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങള്‍മൂലം അംഗീകൃതവും അല്ലാത്തതുമായ മാര്‍ഗങ്ങളിലൂടെ പുത്തന്‍ പറുദീസയിലേക്ക് അവസരങ്ങള്‍ തേടിയുള്ള മലയാളികളുടെ സ്ഥാനചലനം വ്യത്യസ്ത കാലങ്ങളില്‍ നടന്നിട്ടുണ്ട്. അതില്‍ ആഭ്യന്തരവും വൈദേശികവുമായ പ്രവാസങ്ങള്‍ ഉള്‍പ്പെടുന്നു. ബോംബെ, മദിരാശി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഗള്‍ഫ്, യൂറോപ് എന്നിവിടങ്ങളിലേക്കുമാണ് മലയാളിയുടെ തൊഴില്‍ തേടിയുള്ള യാത്രകള്‍ കൂടുതലുമുണ്ടായത്. സമകാലിക സാഹചര്യങ്ങളില്‍ ആസ്ട്രേലിയ, കാനഡ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടിയും വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളോടെയും നടത്തുന്ന പ്രവാസങ്ങള്‍ ക്രമേണ കുടിയേറ്റമായി പരിണമിക്കുന്ന അവസ്ഥയും നിലനില്ക്കുന്നു.
പ്രവാസവും അനുബന്ധ അനുഭവങ്ങളും പ്രമേയപരിസരങ്ങളില്‍ ഉള്‍പ്പെടുന്ന മലയാള സിനിമകള്‍ നിരവധിയാണ്. യാത്രകളുടെ വിശദാംശങ്ങള്‍ സിനിമാശരീരത്തില് ഉള്പ്പെടുത്തുന്നതിലുപരിയായി പ്രവാസികള്‍ എത്തപ്പെട്ട ഇടങ്ങളിലെ അവരുടെ അതിജീവന പോരാട്ടങ്ങള്‍ വികാരഭരിതമായി ആവിഷ്കരിക്കുന്ന തരം ചിത്രങ്ങളാണ് അധികവും. 'കിന്നാരം' (1983), 'നാടോടിക്കാറ്റ് ' (1987), 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' (1988), 'സാഗരം സാക്ഷി' (1994) തുടങ്ങിയ ചിത്രങ്ങളില്‍ മദിരാശിയിലേക്കുള്ള മലയാളികളുടെ ഒഴുക്കും അവിടെ രൂപപ്പെടുന്ന പുതുബന്ധങ്ങളുമാണ് ഇതിവൃത്തമാകുന്നത്. എണ്‍പതുകളുടെ അന്ത്യത്തിലും തൊണ്ണൂറുകളിലും പുറത്തുവന്ന 'ആര്യന്' (1988), 'ശുഭയാത്ര' (1990), 'അഭിമന്യു' (1991) തുടങ്ങിയ ചിത്രങ്ങള്‍ ബോംബെയിലേക്ക് തൊഴിലന്വേഷിച്ചെത്തുന്ന മലയാളി യുവാക്കളുടെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നവയുമായിരുന്നു. ഇവയില്‍, യാത്രാനുഭവം മുഖ്യമായി പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മൂല്യബോധത്തിലും തിരഞ്ഞെടുപ്പുകളിലും നാടുമായി ബന്ധപ്പെട്ട ജീവിതത്തുടര്‍ച്ചയാണ് പ്രവാസി മലയാളികള്‍ നടപ്പാക്കുന്നത്.
അഭ്യസ്തവിദ്യരായ യുവാക്കള്‍ അഭിമുഖീകരിച്ച തൊഴിലില്ലായ്മക്ക് പരിഹാരം എന്ന നിലയില്‍ ദുബൈയിലേക്ക് കടല്‍മാര്‍ഗം അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ദാസനെയും വിജയനെയുമാണ് 'നാടോടിക്കാറ്റി'ല്‍ അവതരിപ്പിച്ചിട്ടുള്ളത്. കാലിഫോർണിയയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഗഫൂറിന്റെ ഉരുവില്‍ ദുബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇരുവരും ചതിക്കപ്പെടുകയും മദിരാശി തീരത്തേക്ക് നീന്തിക്കയറുകയുമാണുണ്ടായത്. ഹാസ്യാത്മകമായ പരിചരണമാണെങ്കില്ക്കൂടിയും കടല്‍യാത്രയുടെ അനിശ്ചിതത്വം പിന്നിട്ടാണ് ഇരുവരും ദുബൈ എന്ന ധാരണയില്‍ മദിരാശിയില്‍ എത്തുന്നത്. സമാനമായി, ഗള്‍ഫ് പ്രവാസം പ്രമേയമായ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളിലും ഗള്‍ഫിലേക്കുള്ള ദുരിതപൂര്‍ണമായ യാത്രകളുടെ ചിത്രീകരണമോ വിവരണമോ ഉള്‍പ്പെടുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്ര പരിസരത്തിനുള്ളില്‍ നിലനില്പ് സാധ്യമല്ലാതായിത്തീര്ന്നവര്ക്ക് പ്രതീക്ഷയുടെ ഇടമായി ഗള്‍ഫ് പരിണമിക്കുന്ന ആഖ്യാനങ്ങളാണ് ഇത്തരം ചിത്രങ്ങളുടെ പൊതുസവിശേഷത. 'വിസ' (1983), 'അക്കരെ' (1984), 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' (1986) തുടങ്ങിയ ചിത്രങ്ങളില്‍ നിത്യജീവിത ദുരിതങ്ങളില്‍നിന്ന് കരകയറാനും ഉയര്‍ന്ന നിലയിലുള്ള ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവരെ പ്രചോദിപ്പിക്കുന്ന മായികഭൂമിയായി ഗള്‍ഫ് സ്ഥാനപ്പെടുന്നു. ഗള്‍ഫില്‍നിന്ന് നാട്ടിലേക്കുള്ള പിന്മടക്കങ്ങളെ പലമട്ടില്‍ അഭിസംബോധന ചെയ്ത ചിത്രങ്ങളും പിന്നീട് മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. 'ഈ നാട്' (1982), 'വരവേല്‍പ്പ്' (1989), 'ഗര്‍ഷോം' (1999) തുടങ്ങിയവ പഴയ ഇടങ്ങളിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ നേരിടേണ്ടിവരുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ്. ഇവയില്‍ യാത്ര കേന്ദ്രപ്രമേയമായി വരുന്ന ചിത്രങ്ങള്‍ താരതമ്യേന ചുരുക്കമാണെങ്കിലും, ഗള്‍ഫിലേക്കുള്ള യാത്രകളുടെ തിക്താനുഭവങ്ങള്‍ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് പ്രാണരക്ഷാർഥം നാട്ടിലേക്ക് തിരിക്കുന്ന സീത (വിജയശാന്തി) മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുഞ്ഞിനെ കൂടെക്കൂട്ടുന്നതിനെത്തുടര്ന്ന്, അവരുടെ ജീവിതങ്ങള്‍ക്ക് സംഭവിക്കുന്ന പരിണാമമാണ് 'കല്ലു കൊണ്ടൊരു പെണ്ണ്' (1998) എന്ന സിനിമയുടെ ഇതിവൃത്തം. പ്രവാസാനുഭവത്തിലൂടെ വ്യക്തികള്‍ക്ക് സംഭവിക്കുന്ന സ്വത്വനഷ്ടം ഇത്തരം ചിത്രങ്ങളില്‍ തീവ്രതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യകഥാപാത്രത്തെ (പള്ളിക്കല്‍ നാരായണന്) അവതരിപ്പിച്ച 'പത്തേമാരി' (2015) മറ്റൊരു ഉദാഹരണമാണ്. ഗള്‍ഫിലേക്ക് പത്തേമാരിയിലുള്ള യാത്രയുടെ സുദീര്‍ഘമായ ചിത്രീകരണം ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. കേരളത്തില്‍നിന്നും ഒരുപറ്റം യുവാക്കള്‍ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങള്‍ക്കുവേണ്ടി ഗള്‍ഫിലേക്ക് യാത്രതിരിക്കുന്നു. സങ്കീര്‍ണമായ അനവധി പ്രശ്നങ്ങള്‍ വഴിമധ്യേ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. കലുഷിതമായ കടലില്‍ ദാരിദ്ര്യവും രോഗവും അവരെ വേട്ടയാടുന്നു. ഒടുവില്‍ തീരത്തണയുന്ന അവരെ കാത്തിരിക്കുന്നതും അലച്ചിലിന്റെയും ദുരിതങ്ങളുടെയും തുടര്ച്ചകള്തന്നെയാണ്. ദീര്‍ഘകാലത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാരായണനുള്‍പ്പെടെയുള്ള യുവാക്കള്‍ നാട്ടിലേക്ക് പണം അയച്ചുതുടങ്ങുന്നു. എന്നാല്‍, ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് സ്ഥിരമായി മടങ്ങാനുള്ള നാരായണന്റെ ആഗ്രഹം അനന്തമായി നീട്ടിവെക്കപ്പെടുകയാണ്. ഒടുവില്‍, മൃതശരീരമായാണ് അയാള്‍ തീരത്തണയുന്നത്. നാട് മനസ്സില്‍ സൂക്ഷിക്കുകയും വിദൂരതയില്‍ ജീവിക്കുകയും ചെയ്യുന്ന നാരായണന് അപ്രകാരം തന്നെ പര്യവസാനിക്കുന്നതായി 'പത്തേമാരി'യില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന സ്വത്വനഷ്ടം ഗൃഹാതുരതയുണര്‍ത്തുന്ന ഗാനപശ്ചാത്തലത്തോടെ മലയാള സിനിമകളില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ''ഒരു കാതം ദൂരെയെനിക്കൊരു കുടിലുണ്ടേ, കൂട്ടരുമുണ്ടേ...'' (പത്തേമാരി), ''തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും'' (അറബിക്കഥ) തുടങ്ങിയ ഗാനങ്ങള്‍ ദൂരം, പിന്മടക്കം എന്നിങ്ങനെ യാത്രയുമായി ബന്ധപ്പെട്ടുനില്ക്കുന്ന സൂചകങ്ങളിലൂന്നിയവയാണ്.
ഗള്‍ഫ് പ്രവാസത്തിന് പുറമെ യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളിലേക്ക് നടന്ന കുടിയേറ്റം പശ്ചാത്തലമായി വരുന്ന ചിത്രങ്ങളും മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. 'ഡോളര്‍' (1994), 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' (2013), 'ലൈഫ് ഓഫ് ജോസൂട്ടി' (2015) തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ശ്യാമപ്രസാദ് സംവിധാനംചെയ്ത 'ഇംഗ്ലീഷ്' (2012) ബ്രിട്ടനിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പ്രസ്തുത രാജ്യത്തിലെ പൗരന്മാരുടെ തൊഴില്‍ സാധ്യതകളെ ഇല്ലാതാക്കുന്നത് എപ്രകാരമാണെന്ന മട്ടിലുള്ള അന്വേഷണം അവതരിപ്പിച്ച സിനിമയാണ്. കാനഡയുള്‍പ്പെടെയുള്ള ഒന്നാം ലോക രാജ്യത്തേക്ക് പ്രവാസമായാരംഭിച്ച് കുടിയേറ്റത്തില്‍ പര്യവസാനിക്കുന്ന മലയാളികളുടെ സ്ഥാനചലനത്തെ പ്രമേയപശ്ചാത്തലത്തിലുള്പ്പെടുത്തിയ 'ജാന്‍ എ മന്' (2021) സമകാലിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. വൈദേശിക പശ്ചാത്തലങ്ങളില്‍ വ്യക്തിയനുഭവിക്കുന്ന ഏകാന്തതയും സ്വത്വനഷ്ടവും ആവിഷ്കരിക്കുന്ന സിനിമകള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 'ജാന്‍ എ മന്' എന്ന ചിത്രം നേടിയ വിജയം. പ്രതീക്ഷയോടെ ആരംഭിക്കുന്ന പ്രവാസങ്ങള്‍ക്ക് സന്തോഷകരമായ യാത്ര അകമ്പടിയാകണമെന്നില്ല. തിക്താനുഭവങ്ങളുടെയും മോഹഭംഗങ്ങളുടെയുമിടയില് ജീവിതത്തോടുള്ള അഭിനിവേശമാണ് ഓരോ പ്രവാസിയെയും നിലനിര്‍ത്തുന്നതെന്ന് മലയാള സിനിമയിലെ പ്രവാസാഖ്യാനങ്ങള് ആവര്‍ത്തിച്ച് തെളിയിക്കുന്നു.
യാത്രയുടെ നാനാർഥങ്ങള്‍
പ്രവാസം, കുടിയേറ്റം, പലായനം, കുറ്റാന്വേഷണം, തീർഥാടനം, ആത്മാന്വേഷണം, വിനോദം, പ്രതികാരം, പ്രണയസാഫല്യം എന്നിങ്ങനെ നിരവധി ഉദ്ദേശ്യങ്ങളോടെ നടപ്പാകുന്ന യാത്രകള്‍ മലയാള സിനിമയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പരിചരണരീതിയുടെ അടിസ്ഥാനത്തില്‍ സിനിമകളില്‍ യാത്ര സന്നിവേശിപ്പിക്കുന്നത് രണ്ട് തരത്തിലാണെന്ന് വ്യക്തമാകുന്നു. ഒന്ന്; യാത്രയെ ചിത്രത്തിന്റെ നിര്‍ണായക ചേരുവയെന്ന നിലയില്‍ സമീപിക്കുന്ന രീതി. കുറ്റാന്വേഷണം, പ്രണയസാഫല്യം, പ്രതികാരം തുടങ്ങിയ പ്രമേയങ്ങളിലേക്ക് പര്യവസാനിക്കുന്ന വിധത്തിലുള്ള യാത്രകളാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുന്നത്. രണ്ട്; യാത്ര കഥയുടെ നിര്‍ണായക ചേരുവ എന്നതിലുപരിയായി സിനിമയുടെ ഭാഷതന്നെയായി പരിണമിക്കുന്നതും ഘടനയെ രൂപപ്പെടുത്തുന്നതുമായ ശൈലി. റോഡ് മൂവി എന്ന സിനിമാഗണത്തോട് ചേര്‍ന്ന് നില്ക്കുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവിടെ പരാമര്‍ശിച്ച രണ്ടുതരം ചിത്രങ്ങളും മലയാളത്തില്‍ സജീവമായതിനാല്‍ ഇവ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്.
മുഖ്യകഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കും അവരെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്കും യാത്ര പരിഹാരമാകുന്ന വിധത്തില്‍ പ്രമേയം സ്വീകരിച്ച ചിത്രങ്ങളാണ് 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' (2013), 'റാണി പത്മിനി' (2015), 'ഗപ്പി' (2016), 'കലി' (2016), 'സി.ഐ.എ' (2017), 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' (2020) തുടങ്ങിയവ. പുറംകാഴ്ചകളിലേക്ക് പരക്കുന്ന ഇത്തരം യാത്രകള്‍ വ്യക്തികളുടെ ആന്തരിക മുറിവുകളെ ഉണക്കുന്ന ഔഷധമെന്ന നിലയിലേക്ക് ഇവയില്‍ പരിണമിക്കുന്നു. മാത്രവുമല്ല, കേരളത്തിന്റെ ഭൂമിശാസ്ത്ര പരിധിക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന കഥാപാത്രങ്ങളുമാണ് ഈ ചിത്രങ്ങളിലുള്ളത്. 'ഹാപ്പി ജേണി' (കേരള കഫെ, 2009), 'എന്റെ ഉമ്മാന്റെ പേര്' (2018), 'അമ്പിളി' (2019) തുടങ്ങിയ സിനിമകളില്‍ രണ്ട് വ്യക്തികള്‍ സംഘര്‍ഷ-സമന്വയങ്ങളിലൂടെ യാത്ര തുടരുന്നത് അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥാപാത്രത്തിന്റെ സങ്കുചിത മനോഭാവത്തിനും സംശയങ്ങള്‍ക്കും ഇതര കഥാപാത്രം ഉത്തരമേകുന്ന തരം സമീപനരീതി ഇവയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്രകാരം, യാത്രയുടെ അന്ത്യത്തില്‍ കഥാപാത്രങ്ങളിലൊരാളുടെ ജീവിതസമീപനത്തില്‍ മാറ്റം സംഭവിക്കുന്നതായി ചിത്രീകരിച്ചാണ് ഇവ പര്യവസാനിക്കുന്നത്. മതഘടനക്ക് അതീതമായതും ആത്മീയാന്വേഷണങ്ങളുടെ ഭാഗവുമായ യാത്രകള്‍ 'ആദാമിന്റെ മകന് അബു' (2011), 'ഉസ്താദ് ഹോട്ടല്‍' (2012), 'ബോധി' (2014) തുടങ്ങിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പുറംലോകത്തേക്കുള്ള യാത്രകള്‍ വ്യക്തിയുടെ അകം വിശാലമാക്കുന്നതിന്റെ പ്രത്യക്ഷീകരണം എന്ന നിലയിലാണ് ഇവയില്‍ നിര്‍വചിക്കപ്പെടുന്നത്. ഇതിന്റെ മറുവശമെന്ന നിലയില്‍, പ്രതികാരവാഞ്ഛയോടെ പ്രതിയോഗിയെ പിന്തുടരുന്ന കഥാപാത്രങ്ങളുടെ മാനസികനിലയുടെ പ്രതിഫലനമെന്ന നിലയില്‍ യാത്രകളെ സന്നിവേശിപ്പിക്കുന്ന ചിത്രങ്ങളും പ്രസക്തമാകുന്നു. 'ചക്രം' (2003), 'ഭ്രമരം' (2009), 'ഒറ്റ്' (2022)എന്നീ ചിത്രങ്ങളാണ് ഇവിടെ ഗണ്യമായിട്ടുള്ളത്. നിയമസംവിധാനത്തിന്റെയും കുറ്റാന്വേഷണങ്ങളുടെയും ഭാഗമായ യാത്രകളെയും ഒളിച്ചോട്ടങ്ങളെയും മുന്‍നിര്‍ത്തിയുള്ള 'കുറുപ്പ്' (2021), 'നായാട്ട്' (2021), 'സല്യൂട്ട്' (2022), 'കുറ്റവും ശിക്ഷയും' (2022) എന്നീ ചിത്രങ്ങള്‍ വേട്ടയുടെയും കീഴടങ്ങലിന്റെയും ഉദ്വേഗഭരിതമായ അന്തരീക്ഷം അവതരിപ്പിച്ചവയാണ്.
അനുദിന ജീവിതത്തിന്റെ ആവര്‍ത്തനവിരസമായ യാത്രകളില്‍നിന്ന് വേറിട്ട അസ്തിത്വമാണ് ഭൂരിഭാഗം ചിത്രങ്ങളിലെയും യാത്രകള്‍ക്കുള്ളത്. 'പാസഞ്ചര്‍' (2009) എന്ന ചിത്രത്തില്‍ നിത്യവും ഇറങ്ങുന്ന സ്റ്റേഷനില്‍ ഇറങ്ങാന്‍ കഴിയാതെ ഒരുദിവസം യാത്ര തുടരേണ്ടിവരുന്ന സത്യനാഥന് (ശ്രീനിവാസന്) അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനിവാര്യതകളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഒരുപറ്റം മനുഷ്യരുടെ സ്വാഭാവിക ജീവിതക്രമത്തെ ഉല്ലംഘിച്ചുകൊണ്ട് ഒരുദിവസം നടക്കുന്ന അസാധാരണമായ യാത്രകളുടെ ആവിഷ്കാരമായിരുന്നു 'ട്രാഫിക്' (2011) എന്ന ചിത്രം. 'നോര്‍ത്ത് 24 കാതം' (2013) എന്ന ചിത്രത്തിലും യാത്രയുടെ സ്വാഭാവികതയെ അട്ടിമറിക്കുന്ന ഹര്‍ത്താല്‍ മുഖ്യവിഷയമാകുന്നു. പ്രസ്തുത ചിത്രത്തില്‍, അമിതവൃത്തി ശീലിച്ച ഹരിയെ (ഫഹദ് ഫാസില്‍) സംബന്ധിച്ചിടത്തോളം ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ നടത്തേണ്ടിവരുന്ന യാത്ര അയാള്‍ക്ക് ക്രമേണ ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ഇപ്രകാരം, ദൈനംദിന ജീവിതത്തിന്റെ സ്വാഭാവികതയില്‍നിന്ന് വ്യത്യസ്തവും ആകസ്മികവുമായ യാത്രകള്‍ക്ക് അധികമാനം നല്കുന്ന പരിചരണരീതിയാണ് ഇത്തരം ചിത്രങ്ങളില്‍ പൊതുവില്‍ പ്രകടമാകുന്നത്. വ്യക്തിനിഷ്ഠമായ ജീവിതശീലങ്ങളില്നിന്ന് സാമൂഹികമായ തുറസ്സുകളിലേക്കുള്ള വഴിയിടങ്ങള്‍ വെളിപ്പെടുത്തുന്നവ എന്നനിലയില്‍ യാത്രകള്‍ക്ക് ഇവയില്‍ രൂപാന്തരം സംഭവിക്കുന്നു.
യാത്രയെ സിനിമാസങ്കേതത്തിനുള്ളിലെ പരിചരണരീതിയായി വികസിപ്പിച്ച ചില മലയാള ചിത്രങ്ങള്‍ക്കൂടി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. സാങ്കേതികാർഥത്തില്‍ മലയാളത്തിലെ ആദ്യകാല യാത്രാധിഷ്ഠിത ചിത്രങ്ങളായി പരിഗണിക്കാവുന്നത് 'കൊച്ചിന് എക്സ് പ്രസ്' (1967), 'കണ്ണൂര്‍ ഡീലക്സ്' (1969) എന്നിവയാണ്. യഥാക്രമം ട്രെയിന്‍, ബസ് യാത്രകളുടെ പശ്ചാത്തലത്തിലരങ്ങേറുന്ന കുറ്റാന്വേഷണ ചിത്രങ്ങളാണിവ. വിപണിവിജയം നേടിയ പ്രസ്തുത ചിത്രങ്ങള്‍ സമാന പ്രമേയപരിസരം സ്വീകരിച്ച പില്ക്കാല സിനിമകളുടെ പൂര്വമാതൃകയെന്ന നിലയില്‍ പ്രസക്തമാകുന്നു.
ജോണ്‍ എബ്രഹാം സംവിധാനംചെയ്ത 'അമ്മ അറിയാന്‍' (1986) എന്ന ചിത്രത്തില്‍ നക്സെലെറ്റായ ഹരിയുടെ മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയിക്കുന്നതിനായി വയനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന പുരുഷനാണ് (ജോയ് മാത്യു) മുഖ്യ കഥാപാത്രം. യാത്രയിലുടനീളം വ്യത്യസ്തങ്ങളായ സാമൂഹിക സാഹചര്യങ്ങളെയും വ്യക്തികളെയും അഭിമുഖീകരിച്ചുകൊണ്ടാണ് പുരുഷന് കൊച്ചിയില്‍ എത്തിച്ചേരുന്നത്. ഹരിയെക്കുറിച്ച് അനേകര്‍ പങ്കുവെക്കുന്ന അനുഭവങ്ങളിലൂടെ മരിച്ചുകഴിഞ്ഞ പ്രസ്തുത കഥാപാത്രത്തിന് വ്യക്തിത്വം രൂപപ്പെടുത്തുന്ന പരിചരണരീതിയാണ് ഈ ചിത്രത്തിന്റെ സവിശേഷത. വ്യത്യസ്തരായ വ്യക്തികളുടെ അനുഭവപ്പലമ ആവിഷ്കരിക്കുന്നതിന് യാത്രയുടെ സങ്കേതം സമർഥമായി ഉപയോഗിച്ച ചിത്രം എന്നനിലയിലാണ് 'അമ്മ അറിയാന്‍' വ്യതിരിക്തമാകുന്നത്. ദൂരദര്‍ശനുവേണ്ടി കെ.ജി. ജോര്‍ജ് സംവിധാനംചെയ്ത 'യാത്രയുടെ അന്ത്യം' (1989) സമാനമായി യാത്രയെത്തന്നെ സിനിമയുടെ ഘടനയിലേക്ക് വിന്യസിപ്പിക്കുന്ന മറ്റൊരു ചിത്രമാണ്. സുഹൃത്തായ എബ്രഹാമിന്റെ (എം.ജി. സോമന്) ടെലിഗ്രാം അവിചാരിതമായി ലഭിച്ചതിനെത്തുടര്‍ന്ന് വി.കെ.വി (മുരളി) എന്ന സാഹിത്യകാരന് നടത്തുന്ന ബസ് യാത്രയിലെ അനുഭവങ്ങളിലൂടെയും ഓര്‍മകളിലൂടെയും ആത്മകഥനങ്ങളിലൂടെയുമാണ് പ്രസ്തുത ചിത്രം ഉരുവംകൊള്ളുന്നത്. ബസ് യാത്രക്കിടയില്‍ സഹയാത്രികന്റെ മരണത്തിന് വി.കെ.വി സാക്ഷിയാകുന്നു. ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്ന വി.കെ.വിയെ കാത്തിരുന്നത് എബ്രഹാമിന്റെ മരണവിവരമായിരുന്നു. വി.കെ.വിയുടെ ബസ് യാത്രയും എബ്രഹാമിന്റെ ജീവിതയാത്രയും സമാനബിന്ദുവില് പര്യവസാനിക്കുന്നുവെന്ന നിലയിലാണ് 'യാത്രയുടെ അന്ത്യം' ആവിഷ്കരിച്ചിട്ടുള്ളത്. അഥവാ, യാത്രക്ക് ജീവിതയാത്ര എന്നതരത്തിലുള്ള രൂപകസ്വഭാവം ആരോപിക്കുന്ന ചിത്രമെന്ന നിലയിലും 'യാത്രയുടെ അന്ത്യം' പ്രധാനമാകുന്നു. ആന്തോളജി ചിത്രമായ 'കേരള കഫെ'യുടെ ഭാഗമായ പുറംകാഴ്ചകള്‍ (2009) എന്ന ഹ്രസ്വചിത്രവും യാത്രയെ ദാര്‍ശനികതലത്തില്‍ സമീപിക്കുന്ന ആവിഷ്കാരമാണ്. ഈ ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിട്ടില്ല എന്നതും വ്യക്തിനിഷ്ഠമായ തലത്തിന് അതീതമായി യാത്രയെ സമീപിക്കുന്നതിന് തെളിവാകുന്നു.
ഡോ. ബിജു സംവിധാനം നിര്‍വഹിച്ച 'വീട്ടിലേക്കുള്ള വഴി' (2010) എന്ന ചിത്രത്തില്‍ തീവ്രവാദിയായ അച്ഛന്റെ പക്കല്‍ മകനെ ഏൽപിക്കുന്നതിന് ഒരു ഡോക്ടര്‍ (പൃഥ്വിരാജ്) നടത്തുന്ന സാഹസികവും സങ്കീര്‍ണവുമായ യാത്രയാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരിധിയില്നിന്ന് ആരംഭിക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തി കടന്ന് വികസിക്കുന്നതുമായ അന്വേഷണമായി ക്രമേണ ഡോക്ടറുടെ യാത്ര ചിത്രത്തില്‍ പടരുന്നു. ഓരോ ഇടങ്ങളിലും അന്വേഷണത്തിനായി അയാളെ സഹായിക്കുന്നത് വ്യത്യസ്ത മനുഷ്യരാണ്. മനുഷ്യരും പരിസരങ്ങളും താമസസങ്കേതങ്ങളും അനുനിമിഷം മാറിക്കൊണ്ടുള്ള അവരുടെ യാത്ര ചിത്രീകരണരീതിയില്‍ പരീക്ഷണങ്ങള്‍ നടപ്പിലാക്കുന്നു. യാത്രാമധ്യേ ഏതാനും നിമിഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് വേരുകളോ വ്യക്തിത്വമോ നിര്ബന്ധമില്ലെന്ന സാധ്യതയും 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. വീടും വീട്ടിലേക്കുള്ള വഴികളും രാഷ്ട്രീയ-പ്രത്യയശാസ്ത്ര ബോധ്യങ്ങളുമായി ബന്ധപ്പെട്ട സൂചകമായാണ് ഈ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല, കഥാന്ത്യത്തില്‍ അന്വേഷിച്ചലഞ്ഞ തീവ്രവാദിയുടെ മരണം സ്ഥിരീകരിക്കുവാനുള്ള നിയോഗം ഡോക്ടര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. അതോടെ, അനിവാര്യമായ ഒരു തീരുമാനമെടുക്കുവാന്‍ ഡോക്ടര്‍ നിര്‍ബന്ധിതനാകുന്നു. താന്‍ കൂടെക്കൊണ്ടു വന്ന കുട്ടിയെ ഏറ്റെടുക്കുകയെന്നതും അപ്രകാരം വീട്ടിലേക്കുള്ള വഴിയിലൂടെ തിരിച്ച് സഞ്ചരിക്കുക എന്നതുമായിരുന്നു പ്രസ്തുത സാധ്യത. ഇത്തരത്തില്‍ യാത്രകള്‍ക്ക് സിനിമാസങ്കേതത്തിന്റെ വ്യാകരണത്തെ പുനര്നിര്വചിക്കാനുതകുന്ന വിധത്തില്‍ അധികമാനമുണ്ട്.
വിനോദ വ്യവസായത്തിന്റെ അഭ്രരേഖകള്
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് വിനോദസഞ്ചാര വ്യവസായം. ചെറുകിട ഹോംസ്റ്റേകള്‍ മുതല്‍ വമ്പിച്ച മുതല്‍മുടക്കിലുള്ള റിസോർട്ടുകള്വരെ നിലനില്‍ക്കുന്ന പ്രസ്തുത വ്യവസായം ഇന്ന് വലിയതോതില്‍ തൊഴില്‍ പ്രദാനംചെയ്യുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാര സാധ്യതകളെ അഭിസംബോധനചെയ്ത 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' (2013), 'ആനന്ദം' (2016) പോലുള്ള സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരം പ്രമേയപരിചരണങ്ങള്ക്കപ്പുറം കേരളത്തിനുള്ളിലെ വന്യവും വശ്യവുമായ ഭൂപ്രകൃതികളിലേക്ക് നോട്ടം പായിക്കുന്ന വിനോദസഞ്ചാരമേഖലയും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമാവ്യവസായവും പരിശോധനാ വിധേയമാകേണ്ടതുണ്ട്. വിനോദസഞ്ചാരവും സിനിമയും ഉള്‍ച്ചേരുന്ന വിനോദവ്യവസായ മേഖലയുടെ രാഷ്ട്രീയാന്തര്ഗതങ്ങളാണ് ഇപ്രകാരം വെളിവാക്കേണ്ടത്. ആഗോള മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽപന്നമെന്ന നിലയിലാണ് വിനോദവ്യവസായ മേഖല കേരളത്തിലും സജീവമാകുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍, പരസ്യങ്ങള്‍, സംഗീതം, ഫാഷന്‍, സൗന്ദര്യവർധക വസ്തുക്കള്‍, സിനിമ, ഒ.ടി.ടി വേദികള്‍ തുടങ്ങിയവ ഒറ്റപ്പെട്ട വ്യവസായങ്ങളായി നിലനില്ക്കുമ്പോൾതന്നെ, ഇവയെല്ലാം വിനോദവ്യവസായമെന്ന കുടക്കീഴില് പരസ്പരം പോഷിപ്പിക്കുന്ന സമ്മിശ്രവ്യവസായങ്ങളായും നിലനില്ക്കുന്നു. അതിനാൽതന്നെ, ഇവ അദൃശ്യമായ കണ്ണികളാല്‍ പരസ്പരാശ്രിതത്വം പുലര്‍ത്തുന്നവയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമയും വിനോദസഞ്ചാര വ്യവസായമേഖലയും തമ്മിലുള്ള ഇഴയടുപ്പം പ്രസക്തമാകുന്നത്.
ഗവിയുടെ ഗുപ്തമായ കാനനസൗന്ദര്യത്തിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിച്ച 'ഓര്‍ഡിനറി' (2012), മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിലൂടെ അനുവാചകനില്‍ കാല്പനിക ചോദനയുണര്ത്തിയ 'ചാര്‍ലി' (2015), ഹൈറേഞ്ചിന്റെ മായികസൗന്ദര്യത്തില് നായകനോടൊപ്പം കാണിയെയും ഭ്രമിപ്പിക്കുന്ന 'കാര്‍ബണ്‍' (2018), ഭീതിയും സാഹസികതയും അനുഭവിപ്പിക്കുന്ന 'ഇലവീഴാപ്പൂഞ്ചിറ' (2022) തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ മൂര്‍ത്തമായ സ്ഥലങ്ങളെ ഉപഭോഗ വസ്തുവെന്ന നിലയില്‍ സിനിമയിലേക്ക് സ്നാനപ്പെടുത്തുക കൂടിയായിരുന്നു. സിനിമാനന്തരം ഇത്തരം ഇടങ്ങള്‍ക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ ലഭിക്കുന്ന സ്വീകാര്യതകൂടി പരിഗണിക്കുമ്പോള്‍ മാത്രമാണ് വിനോദവ്യവസായം കേരളീയ സാംസ്കാരികതയില്‍ വേരൂന്നിയതിന്റെ ആഴം വ്യക്തമാകുക.
വിനോദസഞ്ചാരം ഇന്ന് പലമട്ടില്‍ രൂപാന്തരീകരണം സംഭവിച്ച ഒരു വ്യവസായമാണ്. ദുരന്തസ്മൃതികളുണര്ത്തുന്ന ഇടങ്ങളും വസ്തുക്കളും നിഗൂഢമായ ഇന്ദ്രിയാനുഭൂതി ഉളവാക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഡാര്‍ക്ക് ടൂറിസം സമകാലിക സന്ദര്‍ഭങ്ങളില്‍ സജീവമാകുന്നു (ഇരട്ട നരബലി നടന്ന ഇലന്തൂരിലേക്ക് ദൂരദേശങ്ങളില്‍നിന്ന് യാത്ര ചെയ്തെത്തുന്ന കാണികള്‍ ഇതിന് ദൃഷ്ടാന്തമാണ്). പുതുകാല സിനിമകളിലെ യാത്രയും യാത്രാനുഭവവും കേവലം ശരീരത്തിന്റെയോ മനസ്സിന്റെയോ സ്ഥാനാന്തരം എന്നതിലുപരി മുതലാളിത്ത വ്യവസ്ഥയുടെ ത്വരകങ്ങളെന്ന നിലയില്‍കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും സിനിമയുള്‍പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്നു.