Begin typing your search above and press return to search.
proflie-avatar
Login

വ്യക്തിനിയമങ്ങളുടെ പരിഷ്കാരങ്ങളെക്കാൾ ആവശ്യം സ്ത്രീ അവകാശ നിയമം

വ്യക്തിനിയമങ്ങളുടെ പരിഷ്കാരങ്ങളെക്കാൾ ആവശ്യം  സ്ത്രീ അവകാശ നിയമം
cancel

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട്​ മോദി ഭരണകൂടവും വിവിധ രാഷ്​ട്രീയകക്ഷികളും യർത്തുന്ന വാദങ്ങളെ സൂക്ഷ്​മമായി വിശകലനവിധേയമാക്കുകയാണ്​ മാവോയിസ്​റ്റ്​ സൈദ്ധാന്തികനും ചിന്തകനും മുൻ രാഷ്​ട്രീയ തടവുകാരനുമായ ലേഖകൻ. വ്യക്തിനിയമങ്ങളുടെ പരിഷ്കാരങ്ങളെക്കാൾ ഇന്ന് അവശ്യമായത് സ്ത്രീകളുടെ അവകാശങ്ങളെ ക്രോഡീകരിക്കുന്ന ഒരു നിയമമാ​െണന്ന്​ അദ്ദേഹം എഴുതുന്നു.ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം അധികം വൈകാതെ ഉണ്ടാകും, ഉണ്ടാകണം എ​െന്നാക്കെയുള്ള മോദിയുടെ പ്രഖ്യാപനം ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ, തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി...

Your Subscription Supports Independent Journalism

View Plans
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട്​ മോദി ഭരണകൂടവും വിവിധ രാഷ്​ട്രീയകക്ഷികളും  യർത്തുന്ന വാദങ്ങളെ സൂക്ഷ്​മമായി വിശകലനവിധേയമാക്കുകയാണ്​ മാവോയിസ്​റ്റ്​ സൈദ്ധാന്തികനും ചിന്തകനും മുൻ രാഷ്​ട്രീയ തടവുകാരനുമായ ലേഖകൻ. വ്യക്തിനിയമങ്ങളുടെ പരിഷ്കാരങ്ങളെക്കാൾ ഇന്ന് അവശ്യമായത് സ്ത്രീകളുടെ അവകാശങ്ങളെ ക്രോഡീകരിക്കുന്ന ഒരു നിയമമാ​െണന്ന്​ അദ്ദേഹം എഴുതുന്നു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം അധികം വൈകാതെ ഉണ്ടാകും, ഉണ്ടാകണം എ​െന്നാക്കെയുള്ള മോദിയുടെ പ്രഖ്യാപനം ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ, തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ ബി.ജെ.പി പ്രവർത്തകരുടെ ഒരു യോഗത്തിലാണ് മോദി ഇത് പറഞ്ഞത്. ബി.ജെ.പിയുടെ പ്രകടനപത്രികകളിൽ നീണ്ടകാലമായി സ്ഥാനംപിടിച്ചിട്ടുള്ള കാര്യമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം. വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ചാണ്​ ഇപ്പോൾ അതിനെ ഒരു കേന്ദ്രപ്രശ്നമായി ഉന്നയിക്കുന്നത്. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസത്തിന്റെ നിലപാടുകൾ ഒന്നുകൂടി കർക്കശമാക്കുകയും വർഗീയ ധ്രുവീകരണം ശക്തമാക്കുകയും ചെയ്യാതെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മോദിയും സംഘവും കരുതുന്നു. മറ്റു മതങ്ങളിലെ സ്ത്രീകൾക്കുള്ള അവകാശങ്ങൾ മുസ്​ലിം സ്ത്രീകൾക്ക് ഇല്ലാത്തതുകൊണ്ട് അവർ ഏറെ അവശതകൾ അനുഭവിക്കുന്നുണ്ടെന്നും മുസ്​ലിം ശരീഅത്ത് നിയമപ്രകാരം പുരുഷന്മാർക്ക് ബഹുഭാര്യത്വത്തിനുള്ള അംഗീകാരം അതിലെ സ്ത്രീകളെ വിഷമിപ്പിക്കുന്നുണ്ടെന്നും ഇതിനൊക്കെ അറുതിവരുത്താനാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതെന്നുമാണ് ആർ.എസ്​.എസ്​ വൃത്തങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുത്തലാഖ് കാര്യത്തിലും ഇതേപോലെയായിരുന്നല്ലോ പ്രചാരണം.

ഇവർ ഉന്നയിക്കുന്ന ബഹുഭാര്യത്വ പ്രശ്നം സംബന്ധിച്ച വാസ്തവം എന്താണ്? മുസ്​ലിംകൾക്കിടയിലാണ് അത് താരതമ്യേന കുറ​െവന്ന് പല പഠനങ്ങളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതാണ് വാസ്തവം. ക്രിസ്ത്യാനികൾക്കിടയിൽ ബഹുഭാര്യത്വം 2.7 ശതമാനം, മുസ്​ലിംകൾക്കിടയിൽ 1.9 ശതമാനം, ഹിന്ദുക്കൾക്കിടയിൽ 1.3 ശതമാനം, മറ്റ് മതവിഭാഗങ്ങൾക്കിടയിൽ 1.6 ശതമാനം. ഇതാണ് 2019-20 ലെ ദേശീയ കുടുംബാരോഗ്യ സർവേ 5 പ്രകാരം ഏറ്റവും ഒടുവിലത്തെ കണക്ക്. ബഹുഭാര്യത്വം ഏറ്റവുമധികമുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിലാണ് എന്നും ഈ കണക്കുകൾ കാണിക്കുന്നു. ഏറക്കുറെ ഇതേപോലുള്ള കണക്കുകളാണ് ഈ വിഷയത്തെക്കുറിച്ച് മുമ്പ് നടന്നിരിക്കുന്ന മറ്റു പഠനങ്ങളും നൽകിയത്. 1974ൽ സർക്കാർ നടത്തിയ ഒരു സർവേയിൽ മുസ്​ലിംകൾക്കിടയിൽ ബഹുഭാര്യത്വം 5.6 ശതമാനമായിരുന്നു. സവർണ ഹിന്ദുക്കൾക്കിടയിൽ 5.8 ശതമാനവും. 1961ലാണ് സെൻസസിന്റെ ഭാഗമായി ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടന്നത്. അന്നത്തെ കണക്കുപ്രകാരം മുസ്‍ലിംകൾക്കിടയിലാണ് ബഹുഭാര്യത്വം ഏറ്റവും കുറവുണ്ടായിരുന്നത്. ചുരുക്കത്തിൽ, മുസ്​ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വംമൂലം സ്ത്രീകൾക്കുണ്ടാകുന്ന ദുരിതങ്ങൾ തടയാനാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതെന്ന സംഘ്പരിവാർ അവകാശവാദത്തിന് വസ്തുതകളും സാഹചര്യങ്ങളുമായി, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല.

നിവേദിത മേനോൻ
നിവേദിത മേനോൻ

മാത്രമല്ല, ഈ പ്രശ്നം പഠിച്ച നിവേദിത മേനോനെപ്പോലുള്ളവർ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. മുസ്​ലിം വ്യക്തിനിയമം ഒന്നിലധികം വിവാഹം കഴിക്കാൻ പുരുഷന്മാരെ അനുവദിക്കുന്നുണ്ട്. ആ വിവാഹങ്ങൾ നിയമപരമായി സാധുതയുള്ളവയാണ്. ബഹുഭാര്യത്വത്തെ നിയമപരമായി നിരോധിച്ചിട്ടുള്ള ഹിന്ദു വ്യക്തിനിയമ പ്രകാരം ഒരു വിവാഹത്തിന് മാത്രമേ നിയമപരമായ അംഗീകാരമുള്ളൂ. പ​േക്ഷ, അതുകൊണ്ട് ഹിന്ദു പുരുഷന്മാർ ഒന്നിലധികം വിവാഹം കഴിക്കാതിരിക്കുന്നില്ല. (മുമ്പ് പറഞ്ഞ കണക്കുകൾ അത് വ്യക്തമാക്കുന്നുണ്ടല്ലോ.) എന്നാൽ, മറ്റ് വിവാഹങ്ങളിലെ ഭാര്യമാരോട് നിയമപരമായ ഒരു ബാധ്യതയും ഹിന്ദു പുരുഷന് ഇല്ല. അതേസമയം, മുസ്​ലിം വ്യക്തിനിയമപ്രകാരം എല്ലാ ഭാര്യമാർക്കും അവകാശങ്ങളുണ്ട്. അപ്പോൾ, ബഹുഭാര്യത്വം എല്ലാ മതവിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ, അത്തരത്തിലുള്ള വിവാഹബന്ധത്തിലകപ്പെടുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുറ​െച്ചങ്കിലും നിയമപരമായ സംരക്ഷണം നൽകുന്നത് മുസ്​ലിം വ്യക്തിനിയമംതന്നെയാണ്. ബഹുഭാര്യത്വത്തെ അംഗീകരിക്കണം, അതിനെ പ്രോത്സാഹിപ്പിക്കണം എന്ന അർഥത്തിലല്ല ഇത് പറയുന്നത്. നേരെമറിച്ച്, ക്രിസ്ത്യാനികൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ടെങ്കിലും അതിലെ സ്ത്രീകൾക്ക് ഒരുവിധ നിയമപരമായ പരിരക്ഷയും ഇല്ല എന്ന വസ്തുത തുറന്നുകാട്ടാനും, എഴുതി​െവച്ച നിയമത്തിലുപരി സാമൂഹികബന്ധങ്ങളിലും മൂല്യങ്ങളിലും മൗലികമായ മാറ്റം സാധ്യമാക്കുന്നതാണ് നിർണായകമെന്ന് വ്യക്തമാക്കാനുമാണ് ഈ താരതമ്യം ഉപകരിക്കുക.

സ്ത്രീകളുടെ പ്രശ്നത്തെ മുൻനിർത്തിയാണല്ലോ ഏക വ്യക്തിനിയമത്തെക്കുറിച്ച് സംഘ്പരിവാറും കൂട്ടരും പ്രചാരണം നടത്തുന്നത്. അതിന് ഒരു മാതൃകയായി അവർ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് ഗോവയിലെ ഏകീകൃത വ്യക്തിനിയമമാണ്. ഈ നിയമം 1870ലെ പോർചുഗീസ് സിവിൽകോഡിൽ അധിഷ്ഠിതമാണ്. അത് നിലനിർത്താൻ 1966ൽ ലോക്സഭ നിയമനിർമാണം നടത്തി. പോർചുഗീസുകാർ ഗോവ വിട്ടുപോയി അരനൂറ്റാണ്ടിന് ഇപ്പുറവും നാനാജാതി മതസ്ഥർക്കും മതമില്ലാത്തവർക്കും ബാധകമായ ഒരു വ്യക്തിനിയമമാണ് അവിടെയുള്ളത്. പൊതു വ്യക്തിനിയമം വന്നാൽ മതസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് പറയുന്നവർക്ക് ഗോവയുടെ ഉദാഹരണം നോക്കാവുന്നതാണ് എന്നൊക്കെയാണ് സംഘ്പരിവാർ ശക്തികൾ വാദിക്കുന്നത്. വാസ്തവത്തിൽ ഇങ്ങനെയൊരു പൊതു വ്യക്തിനിയമമാണോ ഗോവയിലുള്ളത്? അല്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും വകവെച്ചുകൊടുക്കുന്ന ഒന്നാണ് അത്.

ഉദാഹരണത്തിന്, ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾക്ക് ആൺകുഞ്ഞ് വേണമെന്ന ബ്രാഹ്മണ്യ ആചാരം അത് അംഗീകരിച്ചുകൊടുക്കുന്നു. കത്തോലിക്കരായ ക്രിസ്ത്യാനികൾ പള്ളിയിൽ ​െവച്ച് നടത്തുന്ന വിവാഹത്തിന് നിയമസാധുതയുണ്ട്. അവിടത്തെ ഏക വ്യക്തിനിയമമെന്ന് പറയുന്നതിലെ വിവാഹമോചനം സംബന്ധിച്ച വ്യവസ്ഥകൾ പള്ളിയിൽ​െവച്ച് വിവാഹിതരാകുന്ന കത്തോലിക്കാ ദമ്പതികൾക്ക് ബാധകമല്ല. അത് മാത്രമല്ല, ഹിന്ദു സ്ത്രീകളെ സംബന്ധിച്ചിടത്തോളം അ​േങ്ങയറ്റം അപമാനകരമായ വ്യവസ്ഥകൾ, അവരെ വെറും പ്രസവയന്ത്രങ്ങളായി പരിഗണിക്കുന്ന വ്യവസ്ഥകൾ, ഈ നിയമത്തിലുണ്ട്. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ 25 വയസ്സായിട്ടും പ്രസവിച്ചില്ലെങ്കിൽ, അല്ലെങ്കിൽ 30 വയസ്സായിട്ടും ഒരു ആൺകുട്ടിയെ പ്രസവിച്ചില്ലെങ്കിൽ, അവരുടെ ഭർത്താവിന് മറ്റൊരു വിവാഹമാകാമെന്ന് അതു പറയുന്നു. നിയമപരമായി ഹിന്ദു പുരുഷന് ബഹുഭാര്യത്വം അംഗീകരിച്ചുകൊടുക്കുന്ന ഇന്ത്യയിലെ ഏക നിയമം ഇതാണ്. അതും ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ. തീർന്നില്ല. ഭർതൃമതിയായ ഹിന്ദു സ്ത്രീ വിവാഹേതരബന്ധത്തിൽ ഏർപ്പെട്ടാൽ വിവാഹമോചനത്തിന് അത് മതിയായ കാരണമാകുന്നു. നേരെമറിച്ച് ഒരു ഹിന്ദു പുരുഷന്റെ വിവാഹേതര ബന്ധം അങ്ങനെ ആകുന്നില്ല. ഇതാണ് ഈ ഗോവ നിയമത്തിന്റെ വാസ്തവം. ഈ സ്ത്രീവിരുദ്ധ നിയമത്തെ മാതൃകയാക്കാം എന്ന് ആർ.എസ്​.എസ്​ കൂട്ടം പറയുമ്പോൾ, ഇന്ത്യക്കുവേണ്ടി അവർ ഉദ്ദേശിക്കുന്ന ഏക വ്യക്തിനിയമത്തിന്റെ ഉള്ളടക്കം ഏതു തരത്തിലായിരിക്കുമെന്ന് നമുക്ക് ഏറക്കുറെ ഊഹിക്കാവുന്നതാണ്. അത് ഒരർഥത്തിലും സ്ത്രീകൾക്ക് അനുകൂലമോ സഹായകരമോ ആകാൻ വഴിയില്ല.

പ്രമോദ് സാവന്ത്
പ്രമോദ് സാവന്ത്

25 വയസ്സായിട്ടും ഭാര്യ പ്രസവിക്കാത്ത പുരുഷന് അനുവദിക്കുന്ന ബഹുഭാര്യത്വ അവകാശം 1910 മുതൽതന്നെ ആരും ഉപയോഗിച്ചിട്ടില്ല എന്നൊക്കെയാണ് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരിക്കുന്നത്. അന്വേഷിക്കേണ്ട കാര്യമാണത്. എന്നാൽ, അതിലേറെ പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. 2012 മുതൽ ഗോവ ഭരിക്കുന്നത് ബി.ജെ.പിയാണ്. ഗോവൻ പൊതു വ്യക്തിനിയമത്തിലെ പ്രകടമായും സ്ത്രീവിരുദ്ധമായിട്ടുള്ള വകുപ്പുകളെ, അതും ഹിന്ദു സ്ത്രീകളെ പ്രത്യേകമായി ബാധിക്കുന്നവയെ, റദ്ദാക്കാൻ ആർ.എസ്​.എസ്​ കൂട്ടം എന്തുകൊണ്ടാണ് ഇത്രയും കാലം ശ്രമിക്കാതിരുന്നത്? അവർക്ക് എളുപ്പത്തിൽ കഴിയുന്ന കാര്യം ആയിരുന്നല്ലോ അത്. അതാണ് കാതലായ കാര്യം. ആ വകുപ്പുകൾ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നതിനേക്കാളുപരി ഇത്തരത്തിൽ സ്ത്രീവിരുദ്ധമായ വകുപ്പുകൾ നിലനിൽക്കേ അവ റദ്ദാക്കാൻ സംഘ്പരിവാർ ശക്തികൾ നയിക്കുന്ന ബി.ജെ.പി സർക്കാർ ശ്രമിച്ചിട്ടില്ല എന്നതാണ് നിർണായകമായ കാര്യം. മുസ്​ലിം സ്ത്രീകളുടെ അവശതകളെ ഓർത്ത് വിഷമിക്കുന്നുവെന്ന അവരുടെ അവകാശവാദം എത്രമാത്രം പൊള്ളയാണെന്ന് അത് തെളിയിക്കുന്നു.

താഴ്ന്ന സ്ത്രീ സാക്ഷരതയുള്ള, പുരുഷാധിപത്യ മൂല്യങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുന്ന, സാമൂഹികമായ പിന്നാക്കാവസ്ഥ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഹിന്ദു, മുസ്​ലിം വ്യത്യാസമില്ലാതെ വിവാഹശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുതലും കാണുന്നത്. ഇത് മുസ്​ലിം സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും പ്രകടമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നേരെമറിച്ച് മേൽപറഞ്ഞ സൂചകങ്ങളിൽ മെച്ചപ്പെട്ട അവസ്ഥയുള്ള സംസ്ഥാനങ്ങളിൽ, ഉദാഹരണത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, മുസ്​ലിം സ്ത്രീകൾക്കിടയിലും ഇതിന്റെ നിരക്ക് കുറവാണ്. അതായത് ഈ പ്രശ്നം ദീർഘകാല അടിസ്ഥാനത്തിൽ ഗുണംചെയ്യുന്ന രീതിയിൽ കൈകാര്യം ചെയ്യാനുള്ള ഉറപ്പുള്ള ഉപാധി സ്ത്രീ സാക്ഷരത ഉയർത്തുന്നതും, ആശ്രയിക്കാവുന്ന ജീവിതോപാധികൾ അവർക്ക് ലഭ്യമാക്കുന്നതുമാണ്.

മുസ്​ലിംകളുടെ ആയാലും ഹിന്ദുക്കളുടെ ആയാലും, മറ്റേത് മതവിഭാഗങ്ങളുടെ ആയാലും, ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വ്യക്തിനിയമങ്ങളുടെ ഉത്ഭവചരിത്രം അറിഞ്ഞിരിക്കേണ്ടതുണ്ട്. കൊളോണിയൽ കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഏകീകൃത നിയമങ്ങൾ ഉണ്ടാകുന്നത്. വിവാഹം, വിവാഹമോചനം, സ്വത്ത്കൈമാറ്റം, കുട്ടികളുടെ സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വിവിധ മതവിഭാഗങ്ങളിലും ജാതികളിലും നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ ആചാരങ്ങളെയൊക്കെ അവഗണിച്ചാണ് അവ തയാറാക്കിയത്. ഏകീകൃതമായ നിയമങ്ങൾ വേണമെന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലഘട്ടം മുതൽ ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കുണ്ടായിരുന്ന നിലപാടാണ് അതിന് മുഖ്യപ്രേരണയായത്. അതത് മതവിഭാഗങ്ങളിലെ വരേണ്യരുടെ ആചാരങ്ങളായിരുന്നു ആ ഏകീകരണത്തിന് മാനദണ്ഡം. ഹിന്ദുക്കൾക്കിടയിൽ ബ്രാഹ്മണ്യത്തിന്റെയും മുസ്‍ലിംകൾക്കിടയിൽ അതിലെ സവർണ വരേണ്യരുടെയും ആചാരങ്ങളെ അടിസ്ഥാനമായി സ്വീകരിച്ചു. മുസ്‍ലിംകൾക്ക് ഖുർആൻ അനുസരിച്ചും ഹിന്ദുക്കൾക്ക് ശാസ്ത്രങ്ങൾ അനുസരിച്ചും വേണം വ്യക്തിനിയമങ്ങൾ തീരുമാനിക്കുന്നത് എന്ന് 1772ൽ ഈസ്റ്റിന്ത്യാ കമ്പനി ഭരണാധികാരി വാറൻ ഹേസ്റ്റിങ്സ് ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് 1937ൽ ശരീഅത്ത് നിയമം ഉണ്ടാക്കുമ്പോഴും ബ്രിട്ടീഷ് ഇന്ത്യയിലും അതുപോലെ തന്നെ നാട്ടുരാജ്യങ്ങളിലും മുസ്‍ലിംകൾക്കിടയിൽ നിലനിന്നിരുന്ന ആചാരങ്ങളെ ഒന്നും പരിഗണിക്കാതെ വടക്കേ ഇന്ത്യയിലെ മതപുരോഹിതർ തയാറാക്കിയ ഒരു ചട്ടക്കൂട് മുസ്​ലിം വ്യക്തിനിയമമായി പ്രഖ്യാപിക്കുകയാണുണ്ടായത്. പല പ്രദേശങ്ങളിലും അന്ന് മുസ്​ലിം സ്ത്രീകൾക്കുണ്ടായിരുന്ന പരമ്പരാഗതമായ അവകാശങ്ങളെ ഈ ഏകീകരണം റദ്ദു ചെയ്തു. ഹിന്ദു നിയമത്തെ സംബന്ധിച്ചിടത്തോളം, ഇതേപോലെ ബ്രാഹ്മണ്യമൂല്യങ്ങളും ആചാരങ്ങളും ഏകീകരിച്ച ‘ഹിന്ദു’ ചട്ടങ്ങളായി മുകളിൽനിന്ന് അടിച്ചേൽപിച്ചു.

ബി.ആർ. അംബേദ്കർ
ബി.ആർ. അംബേദ്കർ

ഇങ്ങനെയുള്ള ബ്രാഹ്മണ്യ അംശങ്ങൾ ഒഴിവാക്കാനുള്ള ശ്രമമായിരുന്നു ഡോ. ബി.ആർ. അംബേദ്​കറുടെ നേതൃത്വത്തിൽ നടത്താൻ ശ്രമിച്ച ഹിന്ദു വ്യക്തിനിയമ പരിഷ്കരണം. അതുകൊണ്ടുതന്നെ സവർണ ഹിന്ദുക്കൾ അതിശക്തമായ രീതിയിൽ അതിനെ എതിർത്തു. അവർക്കു മുന്നിൽ മുട്ടുമടക്കിയ നെഹ്റു പരിഷ്കരിച്ച നിയമം അതേപടി കൊണ്ടുവരുന്നതിൽനിന്ന് പിൻവാങ്ങി. അതിൽ വെള്ളംചേർത്ത് പലഭാഗങ്ങളായി അവതരിപ്പിച്ച് പാസാക്കി എടുക്കുന്നതിലേക്ക് ഒതുങ്ങി. അതോടുകൂടി ഡോ. അംബേദ്​കർ പ്രതിഷേധിച്ച് രാജിവെച്ചു. ഈ അനുഭവത്തിന്റെ വെളിച്ചത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമിതാണ് –ഇങ്ങനെയുള്ള പൊതു വ്യക്തിനിയമങ്ങൾ ഇന്ന് ഏത് നിലപാടിൽനിന്നാണ് തയാറാക്കാൻ പോകുന്നത്? ഏത് താൽപര്യത്തെ മുൻനിർത്തിയാണ് അത് ചെയ്യുന്നത്? ഒന്നുകിൽ ബ്രാഹ്മണ്യത്തിന്റെ പുരുഷാധിപത്യത്തെ, അതല്ലെങ്കിൽ സവർണ വരേണ്യ മുസ്​ലിം വിഭാഗങ്ങളുടെ പുരുഷാധിപത്യത്തെ മുൻനിർത്തിയായിരിക്കും അത് ചെയ്യുക.

ഏകീകരിച്ച വ്യക്തിനിയമം എന്നൊക്കെ പറയുമ്പോൾ മറ്റൊരു കാര്യംകൂടി കാണണം. വ്യക്തിബന്ധങ്ങളെക്കുറിച്ചും അതുപോലെതന്നെ വിവാഹംപോലുള്ള കാര്യങ്ങളെക്കുറിച്ചും ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന ആചാരങ്ങളെക്കുറിച്ച്, ബ്രാഹ്മണ്യത്തിലെതന്നെ ആചാരങ്ങളെക്കുറിച്ച്, നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒന്നുണ്ട്. വിവിധ ധർമശാസ്ത്രങ്ങൾ ഇതിനെക്കുറിച്ച് ഏകീകൃതമായ ഒരു ആശയം, ഒരു നിലപാട്, അല്ല മുന്നോട്ടു​െവച്ചിരുന്നത്. ഉള്ളടക്കത്തിൽ ചില കാര്യങ്ങളിൽ സമാനതകൾ ഉണ്ടായിരുന്നെങ്കിലും ധാരാളം വൈവിധ്യങ്ങളും പരസ്പരവിരുദ്ധമായ നിലപാടുകളും ഉണ്ടായിരുന്നു. അത് സ്വാഭാവികവുമാണ്. ബ്രാഹ്മണ്യ അധിനായകത്വമുള്ള ശക്തികളുടെ രാജ്യവ്യാപനത്തിൽ വിവിധ ഗോത്രവിഭാഗങ്ങളെ ബലമായി ഉൾച്ചേർത്ത് ജാതിഘടന രൂപംകൊണ്ടപ്പോൾ, നൂറായിരം ജാതികൾ നിലവിൽ വന്ന സാഹചര്യത്തിൽ, അവിടെയൊക്കെ നിലനിന്നിരുന്ന ആചാരങ്ങളെ കുറെയൊക്കെ വകവെച്ചു കൊടുത്തുകൊണ്ടാണ് അത് സാധ്യമാക്കിയത്. ബ്രാഹ്മണരായി പരിഗണിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാ ജാതികളിലും ഇത് കാണാം. ഉദാഹരണത്തിന് നമ്മുടെ ഇവിടത്തെ കാര്യംതന്നെ നോക്കാം. മലയാളി ബ്രാഹ്മണരായ നമ്പൂതിരിമാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വടക്കേ ഇന്ത്യയിലെ ബ്രാഹ്മണരിൽനിന്ന് വ്യത്യസ്തമാണ്. ഈ വൈവിധ്യം അടിത്തട്ടിൽ ഇതിലേറെ പ്രകടമായിരുന്നു. ഏകീകൃതമായ ഒരു ആചാരം ഇവിടെ ഉണ്ടായിരുന്നില്ല.

ഭരണഘടനയുടെ 44ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന നിർദേശക തത്ത്വം ഏകീകൃത വ്യക്തിനിയമം അവശ്യമാക്കുന്നുവെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവർ പതിവായി പറയുന്നത്. സുപ്രീംകോടതിയും ഇടക്കിടക്ക് ഇത് പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ സൗകര്യപൂർവം മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. ഇതു മാത്രമല്ല, ഭരണഘടനയിലുള്ള നിർദേശകതത്ത്വം. അഖിലേന്ത്യ സെക്കുലർ ഫോറം ചൂണ്ടിക്കാട്ടുന്നതുപോലെ, നിർദേശക തത്ത്വങ്ങൾ രേഖപ്പെടുത്തിയ ഭരണഘടനയുടെ നാലാം ഭാഗത്ത് വേറെ പല കാര്യങ്ങളും പറയുന്നുണ്ട്. ഉദാഹരണത്തിന്, 38 (2) വകുപ്പ് വരുമാനത്തിലും സാമൂഹിക നിലവാരത്തിലും സൗകര്യങ്ങളിലും അവസരങ്ങളിലുമുള്ള അസമാനതകൾ ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് പറയുന്നു. 39 (എ) സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ രീതിയിൽ ജീവനോപാധികൾ ലഭ്യമാക്കണമെന്ന് പറയുന്നു. പൊതു താൽപര്യത്തിനു പരമാവധി ഉപകരിക്കുന്ന രീതിയിലാകണം സമൂഹത്തിന്റെ ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും എന്ന് 39 (ബി) പറയുന്നു. 39 (സി) പ്രകാരം ജനങ്ങൾക്ക് ദോഷംവരുന്ന രീതിയിൽ, സമ്പത്തിന്റെയും ഉൽപാദനോപാധികളുടെ കേന്ദ്രീകരണം അനുവദിക്കുന്ന രീതിയിൽ, ആകരുത് സമ്പദ്ഘടനയുടെ പ്രവർത്തനം. 39 (ഡി) സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ജോലിക്ക് തുല്യ കൂലി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇങ്ങനെയുള്ള പല നിർദേശക തത്ത്വങ്ങളുമുണ്ട്. ദലിത്, ആദിവാസി വിഭാഗങ്ങളെ സാമൂഹിക അനീതിയിൽനിന്നും ചൂഷണത്തിൽനിന്നും പരിരക്ഷിക്കണമെന്ന് നിർദേശിക്കുന്ന നിർദേശക തത്ത്വവുമുണ്ട്. നിർദേശക തത്ത്വങ്ങൾ നടപ്പാക്കാനുള്ള ബദ്ധപ്പാടിലാണ് ആർ.എസ്​.എസ്​ കൂട്ടമെങ്കിൽ, എല്ലാ മതങ്ങളിലുംപെടുന്ന, മതമില്ലാത്തവരും ഉൾപ്പെടുന്ന, സാധാരണക്കാർക്ക് ഉപകരിക്കുന്ന ഈ തത്ത്വങ്ങളൊക്കെ നടപ്പാക്കാൻ മുൻകൈയെടുത്തുകൂടെ?

പാർലമെന്ററി രാഷ്ട്രീയ കക്ഷികളുടെ നിലപാട്​

ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വിവിധ പാർലമെന്ററി രാഷ്ട്രീയ കക്ഷികൾ ഈ വിഷയത്തെ സമീപിക്കുന്ന രീതിയെക്കുറിച്ച് ഇനി പരിശോധിക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം ഏകീകൃത വ്യക്തിനിയമത്തിനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തെ ഒരു പ്രധാന വിഷയമായി ഉന്നയിച്ച് അതിനെതിരെ വലിയൊരു കാമ്പയിനുമായി രംഗത്തുവന്നിരിക്കുന്നത് സി.പി.എം ആണ്. അതിനായി ഒരു ദേശീയ സെമിനാർ സംഘടിപ്പിച്ചു. അതിനുശേഷം വിവിധ ജില്ല കേന്ദ്രങ്ങളിൽ സെമിനാറുകളും പ്രതിഷേധ യോഗങ്ങളും അങ്ങനെ പലതും നടത്തുന്നു. സി.പി.എമ്മിന്റെ പെട്ടെന്നുള്ള നീക്കം കോൺഗ്രസിനെ വെട്ടിലാക്കി. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം കൃത്യമായ നിലപാടെടുക്കാതിരുന്ന സാഹചര്യത്തിൽ കേരളത്തിലുള്ളവരും മടിച്ചുനിന്നു. മുസ്‍ലിം ലീഗിലും യു.ഡി.എഫ് ചായ്വുള്ള മുസ്​ലിം മതസംഘടനകളിലും ഇത് അസ്വസ്ഥതയുണ്ടാക്കി. സി.പി.എമ്മിന് അനുകൂലമായ ഒരു വലിവുണ്ടാക്കുന്നതിനും അത് വഴി​െവച്ചു. അതോടെ കേരളത്തിലെ കോൺഗ്രസും മോദി സർക്കാറിന്റെ നീക്കത്തിനെതിരെ നിലപാടെടുത്തു. യു.ഡി.എഫിലുണ്ടായ അസ്വസ്ഥത തൽക്കാലം ശമിക്കുകയും ചെയ്തു.

1980കളിൽ ഏകീകൃത വ്യക്തിനിയമത്തിന്റെ പ്രശ്നം ഉയർന്നുവന്നപ്പോൾ അതിനെ അനുകൂലിച്ചവരാണ് ഇ.എം.എസും മറ്റ് സി.പി.എം നേതാക്കളും. അതുകൊണ്ട് അന്നത്തെ നിലപാടിനെക്കുറിച്ച് സ്വയം വിമർശനം നടത്താതെയുള്ള ഇന്നത്തെ സി.പി.എം നേതാക്കളുടെ എതിർപ്പ് അവസരവാദപരമാണ് –ഇതാണ് കോൺഗ്രസും ലീഗുമൊക്കെ ആരോപിക്കുന്നത്. ഇതിന് മറുപടിയായി, ‘‘മുസ്​ലിം ജനതയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണ് പൊതു സിവിൽ നിയമമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്​ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽവരുത്തുന്നതു ബുദ്ധിപൂർവമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്. ഇതുസംബന്ധിച്ച നിയമനിർമാണം ഉടൻ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല...” എന്ന ഇ.എം.എസിന്റെ അന്നത്തെ വിശദീകരണമാണ് സി.പി.എം നേതാക്കൾ ഉദ്ധരിക്കുന്നത്. അതോടൊപ്പം, അന്നത്തെ സാഹചര്യമല്ല ഇന്ന്, വർഗീയ ഫാഷിസ്റ്റ് ശക്തികൾ എത്രയോ മടങ്ങ് ശക്തിപ്രാപിച്ചിരിക്കുന്നു, അവരാണ് ഭരണാധികാരത്തിൽ, മതന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ കടന്നാക്രമങ്ങളാണ് ഇന്ത്യയിലെമ്പാടും അവർ സംഘടിപ്പിക്കുന്നത്, അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണ് എന്നും അവർ പറയുന്നു. കോൺഗ്രസ് ഇങ്ങനെ വിയോജിപ്പിൽ ഒതുങ്ങിനിൽക്കുമ്പോൾ തങ്ങൾ ശക്തമായ ചെറുത്തുനിൽപാണ് സംഘടിപ്പിക്കുന്നത്, അതുകൊണ്ട് തങ്ങളാണ് ഈ വിഷയത്തിൽ മുസ്‍ലിംകളുടെ താൽപര്യം യഥാർഥത്തിൽ കാത്തുരക്ഷിക്കുന്നത് എന്ന പരോക്ഷ സന്ദേശവും ഈ വിശദീകരണത്തിലുണ്ട്.

ഇവരുടെ ആരോപണ പ്രത്യാരോപണങ്ങൾക്ക് അപ്പുറം കടന്ന് പരിശോധിച്ചാൽ എന്താണ് കാണുന്നത്? ഒന്നാമത്, വ്യക്തിനിയമ പ്രശ്നത്തെ ഒരു മുസ്​ലിം പ്രശ്നമായി ചുരുക്കുന്നതിൽ ഇവരെല്ലാവരും ഒന്നിക്കുന്നു. വൈകിയെത്തിയ ഒരു ചിന്തപോലെ ആദിവാസികളുടെ സവിശേഷ ആചാരങ്ങളുടെ വിഷയം കടന്നുവന്നിട്ടുണ്ടെങ്കിലും മുസ്​ലിം വ്യക്തിനിയമംതന്നെയാണ് ഈ സംവാദത്തിലെ കേന്ദ്രപ്രശ്നമായി എല്ലാ ഭരണവർഗ രാഷ്ട്രീയകക്ഷികളും ഉറപ്പിച്ചുനിർത്തുന്നത്. ആർ.എസ്​.എസ്​ ചേരി തുടക്കം മുതൽ അത് ചെയ്യുന്നുണ്ട്. വർഗീയ ധ്രുവീകരണം തീവ്രമാക്കാനാണ​ല്ലോ അവർ ഈ വിഷയം ഉന്നയിച്ചതുതന്നെ. സി.പി.എമ്മിനും ഇത് മുസ്​ലിം പ്രശ്നമായി നിലനിർത്തണം. ഈ വിഷയത്തിലെ ഇടപെടലിലൂടെ മുസ്​ലിം വോട്ടുകളാണ് അത് ലക്ഷ്യമിടുന്നത്. ഇത് മുസ്​ലിം പ്രശ്നമായി തുടരുന്നതുതന്നെയാണ് കോൺഗ്രസിനും ലീഗിനും വേണ്ടത്. മുസ്​ലിം വോട്ടുകളുടെ ചോർച്ച തടയുകയാണല്ലോ അവരുടെ ആവശ്യം. ഇതെല്ലാം വോട്ട് രാഷ്ട്രീയം. അതിനും അപ്പുറം കടന്നു പരിശോധിച്ചെങ്കിലേ ഇതിലെ സാരാംശം മനസ്സിലാക്കാൻ കഴിയൂ.

ഷാബാനു
ഷാബാനു

ഏക വ്യക്തിനിയമത്തെ സംബന്ധിച്ച സി.പി.എമ്മിന്റെ 1980കളിലെ നിലപാടുകളിൽനിന്ന് ആരംഭിക്കാം. ഒരു പ്രത്യേക രീതിയിൽ അത് ഉന്നയിക്കാൻ അന്ന് ഇ.എം.എസ്​ ശ്രദ്ധിച്ചിരുന്നു. ഷാബാനു കേസിന്റെ പശ്ചാത്തലത്തിൽ, സുപ്രീംകോടതി വിധിയെ മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ നിയമനിർമാണം നടത്തിയതായിരുന്നു സാഹചര്യം. ഭർത്താക്കന്മാർ ഉപേക്ഷിക്കുന്ന മുസ്​ലിം സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അവകാശം ഷാബാനു കേസിലെ വിധിയിലൂടെ നിലവിൽവന്നു. ഈ വിധിയെ നിഷ്പ്രഭമാക്കുന്ന നിയമമാണ് കോൺഗ്രസ് സർക്കാർ കൊണ്ടുവന്നത്. പുരോഗമന ചിന്താഗതിക്കാർക്കിടയിൽ അത് വലിയ എതിർപ്പിന് കാരണമായി. സി.പി.എം നേതൃത്വവും നിയമത്തിനെതിരെ രംഗത്തുവന്നു. എന്നാൽ, മുസ്​ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ അംശങ്ങളിൽ ചിലത് തടഞ്ഞ സുപ്രീംകോടതി വിധിയും അതെല്ലാം എങ്ങനെയെങ്കിലും സംരക്ഷിക്കാനുള്ള നിയമനിർമാണവും കേന്ദ്രീകരിച്ച് പ്രതികരിക്കുക മാത്രമല്ല, അന്ന് ഇ.എം.എസും കൂട്ടരും ചെയ്തത്. ഇസ്‍ലാമിക ശരീഅത്തിനെതിരെ ഒരു മയവുമില്ലാത്ത ആക്രമണം നടത്തിയാണ് അവർ ഏകീകൃത വ്യക്തിനിയമത്തിനുവേണ്ടി വാദിച്ചത്. ചരിത്രപരമായ ഭൗതികവാദ നിലപാടിൽനിന്ന് ഖുർആനിക വിവാഹസങ്കൽപത്തെയും വ്യക്തിനിയമത്തെയും വിശകലനം ചെയ്യാതെയാണ്, അതിനുപോലും വിരുദ്ധമാണ് ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ നടപ്പാക്കിയ മുസ്​ലിം വ്യക്തിനിയമത്തിലെ ചില വ്യവസ്ഥകൾ എന്ന വസ്തുത ചൂണ്ടിക്കാട്ടാതെയാണ് ഇത്തരമൊരു സമീപനം അവർ സ്വീകരിച്ചത്. ഇന്ത്യൻ ഭരണവ‍ർഗങ്ങൾ പ്രത്യക്ഷമായിതന്നെ പ്രകടിപ്പിക്കാൻ തുടങ്ങിയ മുസ്​ലിംവിരോധത്തിനൊപ്പം നിലയെടുക്കാനും അതേസമയം, രാജീവ് ഗാന്ധി സർക്കാറിന്റെ നിയമനിർമാണം പുരോഗമന ചിന്താഗതിക്കാർക്കിടയിലുയർത്തിയ എതിർപ്പിന്റെ മറപറ്റി അത് മറച്ചുപിടിക്കാനുമായിരുന്നു ഇത്. കേരളത്തിലെ കരുണാകരൻ സർക്കാർ മതന്യൂനപക്ഷ താൽപര്യങ്ങൾക്ക് വഴങ്ങുകയാണെന്ന കെറുവിൽ അതിൽനിന്നകലുന്ന സവർണ ഹിന്ദുക്കളുടെ വോട്ടുകൾ നേടുന്ന ലക്ഷ്യവും ഇതിലുണ്ടായിരുന്നു.

പ്രകടമായ ബ്രാഹ്മണ്യത്തെ മുൻനിർത്തി ഭരണവർഗ അധിനായകത്വ പൊതുസമ്മതിയെ പുനർവാർത്തെടുക്കുന്ന കാലഘട്ടമായിരുന്നു അത്. ഇന്ദിര ഗാന്ധിയുടെ രണ്ടാം വരവ് മുതൽ ആരംഭിച്ച ആ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിന്ദുക്കൾക്ക് ബാബരി പള്ളിയിൽ പൂജിക്കാൻ അനുവാദം നൽകിയ രാജീവ് ഗാന്ധി സർക്കാറിന്റെ തീരുമാനം.1 വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ വോട്ട്ബാങ്കായിരുന്ന മുസ്‍ലിംകൾക്കിടയിൽ ഇത് അസംതൃപ്തിക്ക് കാരണമായി. അതിനെ മയപ്പെടുത്താനായിരുന്നു ഷാബാനു വിഷയത്തിലെ നിയമനിർമാണം. പക്ഷേ, പൊതുസമ്മതിയിലെ പുനർവാർക്കലിന്റെ താൽപര്യത്തെ മുൻനിർത്തിയായി അതിനെ കേന്ദ്രീകരിച്ചുള്ള പൊതുചർച്ച.

ഏക സിവിൽ കോഡിനെതിരെ സി.പി.എം നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ ദേശീയ സെമിനാർ

ഏക സിവിൽ കോഡിനെതിരെ സി.പി.എം നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ ദേശീയ സെമിനാർ

മുസ്‍ലിംകളുടെ അപരവത്കരണത്തെ ബലപ്പെടുത്തുന്ന രീതിയിലാണ് അത് വികസിച്ചുവന്നത്. ഇതിൽനിന്ന് വേർതിരിയുന്നതിനുപകരം അതിന് ബലംനൽകുന്നതായിരുന്നു സി.പി.എമ്മിന്റെ ഇടപെടൽ. ഇന്നു നടക്കുന്ന വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ച മുസ്​ലിംപ്രശ്നമായി ചുരുക്കുന്നതിലും ഏക വ്യക്തിനിയമത്തിന്റെ കുറ്റിയിൽ തളച്ചിടുന്നതിലും പങ്കാളിയാവുക വഴി സി.പി.എം നേതൃത്വം അതേ സമീപനമാണ് പിന്തുടരുന്നത്. അന്ന് ഏകീകൃത വ്യക്തിനിയമത്തെ അനുകൂലിച്ചതും ഇന്ന് ചെറുക്കണമെന്ന് പറയുന്നതും സാരാംശത്തിൽ ഒരേ സമീപനത്തിൽനിന്നാണ് വരുന്നത്, പ്രകടഭാവം വ്യത്യസ്തമാണെന്നു മാത്രം. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തുറന്ന എതിർപ്പിന് മുതിരാത്തതിലും ഇതേ തുടർച്ച കാണാം. ഗാന്ധി-നെഹ്റു കാലത്തെ പരോക്ഷമായ ബ്രാഹ്മണ്യത്തിൽനിന്ന് അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനത്തിലേക്ക് ഭരണവർഗ അധിനായകത്വ പൊതുസമ്മതി മാറിക്കഴിഞ്ഞ സാഹചര്യമാണ് ഇത്തരം തുടർച്ചകൾക്ക് പശ്ചാത്തലമാകുന്നത്. ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷപ്രകടനത്തെ നിലനിർത്തിക്കൊണ്ട് ആർ.എസ്​.എസ്​ പ്രതിനിധാനം ചെയ്യുന്ന അതിന്റെ അക്രമാസക്തമായ ഭാവം ഒഴിവാക്കാനാണ് ഇത്തരം രാഷ്ട്രീയശക്തികൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും പൊതുവിൽ നേരിടുന്ന വിവേചനങ്ങളെ ഈ സംവാദത്തിലെ കേന്ദ്രപ്രശ്നങ്ങളാക്കി മാറ്റുന്നതിലേക്ക് തിരിച്ചുവിടാൻ അവർ ശ്രമിക്കാത്തത്.

വ്യക്തിനിയമ പരിഷ്​കരണമോ, സ്​ത്രീ അവകാശ ​​നിയമമോ?

ഔപചാരികമായി ഇസ്‍ലാമിക മതാധിഷ്ഠിതമായ ചില രാജ്യങ്ങളിൽ വ്യക്തിനിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുടെ സമ്മതമില്ലാതെ നടത്തുന്ന രണ്ടാം വിവാഹത്തെ ചില രാജ്യങ്ങൾ നിരോധിക്കുന്നു. ഇതുകൊണ്ടൊന്നും അവിടത്തെ മതവിശ്വാസങ്ങൾക്ക്, മതാധിപത്യത്തിനുപോലും, ഒരു കോട്ടവും ഉണ്ടായിട്ടില്ല. അതുകൊണ്ട് മതവിശ്വാസത്തിന്റെ പ്രശ്നമായി വ്യക്തിനിയമ പ്രശ്നത്തെ ഉന്നയിക്കുന്നവർ വാസ്തവത്തിൽ തങ്ങളുടെ പുരുഷാധിപത്യം നിലനിർത്താനാണ് പണിപ്പെടുന്നത്. മാത്രമല്ല, ഈ പ്രശ്നത്തെ മതവിശ്വാസത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ തലത്തിൽ ഉന്നയിക്കുന്നവർ ഫലത്തിൽ ഭരണവർഗ ആശയശാസ്ത്ര പ്രക്രിയയിൽ പങ്കാളികളാവുകയുമാണ്.

ഈ സംവാദത്തിന്റെ ഭാഗമായി ഏകീകൃത വ്യക്തിനിയമവും ഏക വ്യക്തിനിയമവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ചിലർ വാദിച്ചിട്ടുണ്ട്. ആദ്യം പറഞ്ഞത് ‘‘ഒരു ബഹുസ്വര സമൂഹത്തിന്റെ നാനാത്വം ധ്വനിപ്പിക്കുന്നു’’ പോലും. പലതരം വ്യക്തിനിയമങ്ങളോ വ്യവസ്ഥകളോ കീഴ്വഴക്കങ്ങളോ ഉള്ള സമൂഹത്തിൽ ആരോഗ്യകരമായ ചർച്ചകളിലൂടെ അവ ഏകീകരിച്ചാൽ ഏകീകൃത വ്യക്തിനിയമമാവും എന്നാണ് അവരുടെ ധാരണ. എന്നാൽ, ഏക വ്യക്തിനിയമത്തിന് ആ അർഥമില്ലെന്നും അത് അടിച്ചേൽപിക്കപ്പെടുന്ന ഏത് വ്യക്തിനിയമവുമാവാം എന്നാണ് പറയുന്നത്. പലതരം കീഴ്വഴക്കങ്ങളും മറ്റും ഏകീകരിച്ചാൽ ഉണ്ടാകുന്നത് ഒരൊറ്റ നിയമമാണെങ്കിൽ അതിനെ ഏക വ്യക്തിനിയമം എന്ന് വിശേഷിപ്പിക്കുന്നതിൽ എന്താണ് അപാകത? ഏകീകരണം ഏതു രീതിയിൽ വേണം, കൂടിയാലോചനകളിലൂടെ വേണോ അതോ ആരെങ്കിലുമൊക്കെ അത് ചെയ്ത് കൽപിച്ചാൽ മതിയോ എന്നതാണോ ഇവിടെ കേന്ദ്രവിഷയം? അല്ല. ഒരൊറ്റ നിയമമാണോ വേണ്ടത്? ഗോത്രജനവിഭാഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വൈവിധ്യങ്ങളുള്ള ജനസമൂഹങ്ങളുള്ള ഈ രാജ്യത്ത് അങ്ങനെയൊന്ന് നടപ്പാക്കുന്നത് ശരിയാണോ? ഇതിനാണ് ഉത്തരം നൽകേണ്ടത്. മാത്രമല്ല, ഏകീകരണം എങ്ങനെ നടന്നാലും, അതിന് മുതിരാതെ വ്യത്യസ്ത നിയമങ്ങൾ ഉണ്ടായാലും, ഏത് നിലപാടിൽനിന്നാണ്, ആരുടെ താൽപര്യങ്ങളെ മുൻനിർത്തിയാണ് അത് ചെയ്യുന്നത് എന്നതാണ് നിർണായകം.

ഏക വ്യക്തിനിയമം നടപ്പാക്കാൻ തിരക്കുകൂട്ടാതെ വിവിധ വ്യക്തിനിയമങ്ങളിലെ പരിഷ്കാരങ്ങൾക്കാണ് ശ്രമിക്കേണ്ടത് എന്ന് 2018ലെ നിയമ കമീഷൻ റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഇതിന് ചുവടൊപ്പിച്ച്, മുസ്​ലിം സ്ത്രീകളുടെ അവശതകൾ പരിഹരിക്കാൻ ഏക വ്യക്തിനിയമമല്ല വേണ്ടത്, മറ്റ് മതങ്ങളുടെ കാര്യത്തിൽ ചെയ്തതുപോലെ മുസ്​ലിം വ്യക്തിനിയമം പരിഷ്കരിക്കണം എന്ന് ചിലർ ആവശ്യപ്പെടുന്നു. ഏകീകൃത വ്യക്തിനിയമം വേണം എന്ന ആർ.എസ്​.എസ്​ സമീപനത്തെ എതിർത്താണ് അവർ ഇത് ഉന്നയിക്കുന്നത്. പ്രത്യക്ഷത്തിൽ വ്യത്യാസം കാണുമെങ്കിലും രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കാതെയുള്ള ഈ നിലപാട് വിപരീതഫലമാണ് ഉണ്ടാക്കുക. ഇതല്ല ഇന്ന് ഉന്നയിക്കേണ്ടത്. മുസ്​ലിം വ്യക്തിനിയമം ഉൾപ്പെടെ വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പരിഷ്കാരമാണ് വേണ്ടത് എന്ന ആവശ്യത്തെ തത്ത്വത്തിൽ അംഗീകരിക്കാൻ സംഘ്പരിവാറിന് ബുദ്ധിമുട്ടുണ്ടാവില്ല. ഓ​േരാന്നായി ചെയ്യുന്നതിനു പകരം എല്ലാവർക്കും ബാധകമായ ഒരു ഏകീകൃത വ്യക്തിനിയമം അംഗീകരിക്കലാണ് അതിനുള്ള എളുപ്പവഴി എന്ന് വാദിച്ച്​ സ്വന്തം നിലപാട് ഒന്നുകൂടി ശക്തമായി അവതരിപ്പിക്കാൻ അവർക്ക് ഇടം കിട്ടും. മുസ്​ലിം വ്യക്തിനിയമം പരിഷ്കരിക്കണം എന്ന ആവശ്യം ഇപ്പോൾ ഉന്നയിക്കുമ്പോൾ ഇതാണ് ഉണ്ടാവുക.

ഏകസിവിൽകോഡിനെതിരെ കെ.പി.സി.സി നേതൃത്വത്തിൽ നടത്തിയ ബഹുസ്വരത സംഗമം
ഏകസിവിൽകോഡിനെതിരെ കെ.പി.സി.സി നേതൃത്വത്തിൽ നടത്തിയ ബഹുസ്വരത സംഗമം

വ്യക്തിനിയമങ്ങളുടെ പരിഷ്കാരങ്ങളെക്കാൾ ഇന്ന് അവശ്യമായത് സ്ത്രീകളുടെ അവകാശങ്ങളെ ക്രോഡീകരിക്കുന്ന ഒരു നിയമമാണ്. വിവാഹം, വിവാഹമോചനം, അതിനുശേഷമുള്ള അവരുടെ നിലനിൽപ്, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മതം ഏതായാലും, മതം ഇല്ലെങ്കിലും, സ്ത്രീകൾക്ക് സവിശേഷമായി ഉണ്ടാകേണ്ട അവകാശങ്ങൾ വ്യക്തമാക്കുന്ന നിയമമാണ് വേണ്ടത്. ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള വിവാദം ശക്തമായി ഉയർന്നുവന്ന 1980കളിൽ ചില സ്ത്രീവാദി സംഘടനകളും ഉന്നയിച്ചതാണ് ഈ ആവശ്യം. ഇന്നും അതുതന്നെയാണ് ശരിയായ നിലപാട്. കൂടാതെ, സ്പെഷൽ മാര്യേജ് ആക്ടിൽ നിലവിലുള്ള വിവാഹപ്രായത്തിലെ സ്ത്രീ-പുരുഷ അസമത്വം, രജിസ്ട്രേഷൻ നടത്താൻ വേണ്ടിവരുന്ന കാത്തിരിപ്പ് മുതലായത് ഭേദഗതിവരുത്തുകയും, ഒരേ ലിംഗത്തിലുള്ളവരുടെയും ട്രാൻസ്ജെൻഡറുകളുടെയും വിവാഹങ്ങളെ കൂടി ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും, വിവാഹിതരാകാതെ തന്നെ പരസ്പരസമ്മതത്തോടെ ഒന്നിച്ചു ജീവിക്കുന്ന ഇണകൾക്കും നിയമപരിരക്ഷ ഉറപ്പുവരുത്തുകയും വേണം. ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ചാൽ, പ്രശ്നത്തെ ഒരു മുസ്​ലിം വിഷയമായി ചുരുക്കി വർഗീയ ധ്രുവീകരണം തീവ്രമാക്കാനുള്ള ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ യഥാർഥ താൽപര്യത്തെ തുറന്നുകാട്ടാനും എതിർക്കാനും അതോടൊപ്പം എല്ലാ വിഭാഗങ്ങളിലുമുള്ള പുരോഗമനശക്തികളെ ഐക്യപ്പെടുത്താനും കഴിയും.

ട്രാൻസ്​ സമൂഹത്തി​ന്റെ പ്രശ്​നം

വ്യക്തിനിയമ പ്രശ്നം ചർച്ചചെയ്യുമ്പോൾ അതിൽ ട്രാൻസ്ജെൻഡറുകൾ നേരിടുന്ന വിവേചനത്തിന്റെ പ്രശ്നംകൂടി സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. അവരിലെ സ്ത്രീട്രാൻസ്ജെൻഡറുകളെ സംബന്ധിച്ചിടത്തോളം അവരുടെ മതം വ്യക്തമാണെങ്കിൽ ആ മതത്തിന്റെ വ്യക്തിനിയമമാണ് ബാധകമാവുക. മതം അറിയില്ലെങ്കിൽ മാത്രമാണ് പരമ്പരാഗതമായ ഗുരു-അനുയായി (ചേല) ബന്ധപ്രകാരമുള്ള ആചാരം ബാധകമാകുക. ആദ്യം പറഞ്ഞ അവസ്ഥയിൽ (മതം അറിയുന്ന അവസ്ഥയിൽ) ഗുരുവിന്റെ സ്വത്ത് ചേലക്കും തിരിച്ചും കിട്ടുന്ന പരമ്പരാഗത രീതി നടപ്പാക്കാനാവില്ല. സ്വത്ത് അവരുടെ സമുദായത്തിൽ നിന്ന് പുറത്തേക്കു പോവും. ഇത് വടക്കേ ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രശ്നമാണോ എന്ന് അറിയില്ല. ഏതായാലും ട്രാൻസ്ജെൻഡറുകളുടെ പരമ്പരാഗത ആചാരങ്ങൾക്ക് ഇന്ന് സവിശേഷമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം.

ആദിവാസി ഗോത്രങ്ങൾക്കിടയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരങ്ങളും മറ്റും പരിഷ്കരിക്കാൻ സാധിക്കുമോ, അങ്ങനെ പരിഷ്കരിച്ചു കഴിഞ്ഞാൽ തനിമ നഷ്ടപ്പെടുന്നതിന് അത് ഇടവരുത്തില്ലേ എന്ന ചോദ്യം ഉയർന്നുവരാറുണ്ട്. ഈ കോണിൽനിന്ന് ഏക വ്യക്തിനിയമത്തെ എതിർക്കുന്നുമുണ്ട്. നിലവിലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ എന്തു പരിഷ്കരണം നടത്തിയാലും അതാണ് സംഭവിക്കുക എന്നതിൽ സംശയമില്ല. നേരെമറിച്ച് ആ ജനവിഭാഗങ്ങൾ സ്വയം തങ്ങൾക്കിടയിലുള്ള അനാചാരങ്ങൾക്ക് എതിരെ (ഉദാഹരണത്തിന് സ്ത്രീവിരുദ്ധ വിവാഹ, ആർത്തവ ആചാരങ്ങൾ, ബാലവിവാഹം മുതലായവ) നിലപാടെടുത്ത് അവയെ മാറ്റുകയാണെങ്കിൽ അതല്ല സംഭവിക്കുക. അവരുടെ രാഷ്ട്രീയബോധം വികസിപ്പിക്കുകയും, സ്വന്തം സമൂഹത്തെയും ജീവിതങ്ങളെയും വിശകലനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്താൽ, തനിമ നിലനിർത്തിക്കൊണ്ടുതന്നെ മൗലികമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും.

അതിനു നല്ലൊരു മാതൃകയാണ് ഇന്ന് ഛത്തിസ്ഗഢിലെ ആദിവാസി മേഖലകളിൽ വന്നിരിക്കുന്ന മാറ്റം. അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ജനത സർക്കാറുകളുടെ അധികാര പരിധിക്കകത്ത് മുമ്പ് നിലനിന്നിരുന്ന പല സ്ത്രീവിരുദ്ധ അനാചാരങ്ങളും അവസാനിപ്പിക്കാനും സ്ത്രീകൾക്ക് സവിശേഷ അവകാശങ്ങൾ ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. വ്യക്തിനിയമ സംവാദത്തിൽ ഇതും പഠനവിഷയമാകണം.

വ്യക്തിനിയമം ചർച്ചചെയ്യുമ്പോൾ പരിഗണിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. ആരാണ് ഈ വ്യക്തി? ഇവിടെ നിലനിൽക്കുന്ന ജാതിഘടനയിൽനിന്നും, അതുപോലെ ഫലത്തിൽ ജാതികളെപോലെ നിലനിൽക്കുന്ന മത സമുദായങ്ങളിൽനിന്നും, വേറിട്ട് ഒരു വ്യക്തിക്ക് നിലനിൽപുണ്ടോ? വ്യക്തിയെ പൂർണമായി വിഴുങ്ങുന്ന ഒന്നാണ് ഇവിടെയുള്ള ജാതിയും മതസമുദായവും.

ജനനം മുതൽ മരണംവരെയുള്ള എല്ലാ സ്വകാര്യ സന്ദർഭങ്ങളിലും അവക്കാണ് നിർണായക സ്ഥാനം. അതുകൊണ്ടുതന്നെ യഥാർഥത്തിൽ വ്യക്തിപരമായ, വ്യക്തിഗതമായ, അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിയമനിർമാണം നടക്കണമെങ്കിൽ ഈ പറയുന്ന വ്യക്തിയെ ഇത്തരം ബന്ധനങ്ങളിൽനിന്ന് മോചിപ്പിക്കണം. അതായത് ജാതിനശീകരണംതന്നെയാണ് മതേതരമായ വ്യക്തിനിയമ നിർമാണത്തിലെയും കേന്ദ്രപ്രശ്നം. ജാതിനശീകരണത്തിൽ ഊന്നിക്കൊണ്ടുള്ള, ബ്രാഹ്മണ്യവിരുദ്ധതയിൽ ഊന്നിക്കൊണ്ടുള്ള, ഒരു നിലപാടിലൂടെ മാത്രമാണ് സ്ത്രീകളുൾപ്പെടെ എല്ലാ മർദിത വിഭാഗങ്ങളുടെയും തുല്യതയിൽ അധിഷ്ഠിതമായ വ്യക്തി അവകാശങ്ങളെ യാഥാർഥ്യമാക്കാൻ കഴിയൂ.

News Summary - uniform civil code - explained