ഏകസിവിൽകോഡ്: അപ്രസക്തം, അപ്രായോഗികം
ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സ്വാതന്ത്ര്യാനന്തര കോൺസാംബ്ലി ചർച്ചകളോളം പഴക്കമുണ്ട്. 1948 ഡിസംബർ 2ന് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട 13ാം അനുച്ഛേദത്തിന് രൂപംനൽകുന്ന വേളയിൽ സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് നേതാവുമായ ഹസ്രത്ത് മൊഹാനിയുടെയും സയ്യിദ് കമാലുദ്ദീന്റെയും പിന്തുണയോടെ യൂനിയൻ മുസ്‍ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈൽ എല്ലാ ഓരോ പൗരനും അവന്റെ/അവളുടെ വ്യക്തിനിയമം പിന്തുടരാൻ അവകാശമുണ്ടായിരിക്കും എന്ന ഒരു ഭേദഗതി അവതരിപ്പിക്കുകയുണ്ടായി. 44ാം വകുപ്പിലെ ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച മാർഗനിർദേശകതത്ത്വം ചർച്ചക്കു വന്നപ്പോൾ ഭരണഘടനാ നിർമാണസഭാ മെംബറായ നസീറുദ്ദീൻ...
Your Subscription Supports Independent Journalism
View Plansഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സ്വാതന്ത്ര്യാനന്തര കോൺസാംബ്ലി ചർച്ചകളോളം പഴക്കമുണ്ട്. 1948 ഡിസംബർ 2ന് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട 13ാം അനുച്ഛേദത്തിന് രൂപംനൽകുന്ന വേളയിൽ സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് നേതാവുമായ ഹസ്രത്ത് മൊഹാനിയുടെയും സയ്യിദ് കമാലുദ്ദീന്റെയും പിന്തുണയോടെ യൂനിയൻ മുസ്‍ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈൽ എല്ലാ ഓരോ പൗരനും അവന്റെ/അവളുടെ വ്യക്തിനിയമം പിന്തുടരാൻ അവകാശമുണ്ടായിരിക്കും എന്ന ഒരു ഭേദഗതി അവതരിപ്പിക്കുകയുണ്ടായി. 44ാം വകുപ്പിലെ ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച മാർഗനിർദേശകതത്ത്വം ചർച്ചക്കു വന്നപ്പോൾ ഭരണഘടനാ നിർമാണസഭാ മെംബറായ നസീറുദ്ദീൻ അഹ്മദ് ‘‘കേന്ദ്ര നിയമനിർമാണ സഭക്ക് നിയമംമൂലം തീരുമാനിക്കാനുതകുന്നവിധം അതത് സമുദായങ്ങളുടെ കാലേക്കൂട്ടിയുള്ള അംഗീകാരമില്ലാതെ വ്യക്തിനിയമങ്ങൾ ഭേദഗതിചെയ്യരുത്’’ എന്നൊരു ഭേദഗതിയും സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഭേദഗതികളെല്ലാം അന്ന് തള്ളിക്കളയുമ്പോൾ ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കർ നൽകിയ ചില ഉറപ്പുകളുണ്ട്. ഒരു സിവിൽ കോഡ് ആവിഷ്കരിക്കുമ്പോൾ അത് പൗരന്മാരുടെ മേൽ അവർ പൗരന്മാരായി എന്നതുകൊണ്ടുമാത്രം അടിച്ചേൽപിക്കപ്പെടുമെന്ന് ഈ വകുപ്പ് പറയുന്നില്ലെന്നും ഒരു കോഡിനാൽ ബന്ധിക്കപ്പെടാൻ സ്വയം തയാറാണെന്ന് പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് ഭാവി പാർലമെന്റിന് ഒരു ഉപവകുപ്പ് നിർമിക്കാവുന്നതാണെന്നും’’ അംബേദ്കർ ഉറപ്പുനൽകുകയുണ്ടായി.
ഇത്തരം ഭേദഗതികൾ സ്വീകരിച്ചാൽ ‘‘എല്ലാവിധ സാമൂഹിക നടപടികൾക്കുമായുള്ള നിയമനിർമാണത്തിന് അവ തടസ്സമായി ഭവിച്ചേക്കു’’മെന്ന് ന്യായം പറഞ്ഞ അംബേദ്കർ ഏകീകൃത സിവിൽ കോഡ് നിർദേശിക്കുന്ന 44ാം അനുച്ഛേദം ‘‘വ്യക്തിനിയമങ്ങൾ വലിച്ചെറിയാനുള്ള ‘കടമ’യെക്കുറിക്കുന്നതല്ലെന്നും രാഷ്ട്രത്തിന്റെ ‘നിയമനിർമാണാധികാരം’ മാത്രമേ കുറിക്കുന്നുള്ളൂ’’വെന്നും കൂടി പറയുകയുണ്ടായി. ‘‘പരമാധികാരം അപരിമിതമാണെന്ന് നിങ്ങൾ എത്ര പറഞ്ഞാലും എപ്പോഴുമത് ഭീമാബദ്ധമാണ്. കാരണം, പരമാധികാരം പ്രയോഗതലത്തിൽ വ്യത്യസ്ത സമുദായങ്ങളുടെ വികാരങ്ങളുമായി സ്വയം രാജിയാകേണ്ടിവരും. സമുദായങ്ങളെ പ്രകോപിപ്പിക്കുന്നവിധം ഒരു സർക്കാറും അതിന്റെ അധികാരം പ്രയോഗിക്കാൻ സാധ്യതയില്ല. വല്ല ഗവൺമെന്റും അങ്ങനെ ചെയ്യുകയാണെങ്കിൽ അതൊരു ഭ്രാന്തൻ ഗവൺമെന്റാണെന്നാണ് ഞാൻ പറയുക.’’ ഭേദഗതികളെ സംബന്ധിച്ച അവലോകനം അംബേദ്കർ ഉപസംഹരിച്ചത് ഈ വാക്കുകളിലൂടെയായിരുന്നു (vii Constitutional Assembly Debates (1949) P. 721, quoted by Tahir Mahamood, Seminar, August 1979).
ഭരണഘടന എഴുതിയുണ്ടാക്കാൻ നിയുക്തമായ കമ്മിറ്റിയംഗം അല്ലാഡി കൃഷ്ണസ്വാമി അയ്യർ അന്ന് പറഞ്ഞത്: ഭാവിയിൽ നിയമസഭാ സാമാജികർ ഒരു ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കാൻ ശ്രമിച്ചേക്കാം, ശ്രമിക്കാതിരിക്കുകയും ചെയ്യാം എന്നായിരുന്നു (Constitutional Assembly Debates, vol vii p. 500). നിയമജ്ഞർ എന്തുപറഞ്ഞാലും പാർലമെന്റിന്റെ പരമാധികാരം പരിമിതികൾക്കതീതമല്ലെന്ന് അലിഖിത ഭരണഘടനയിൽ ബന്ധിതമായ ബ്രിട്ടീഷ് പാർലമെന്റിനെക്കുറിച്ച് നിയമവിശാരദനായ എ.വി. ഡിക്കെ (Dicey) ചൂണ്ടിക്കാണിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്: രാജാവാകട്ടെ, പ്രഭുക്കന്മാരാകട്ടെ, സാധാരണക്കാരാകട്ടെ ആരുംതന്നെ ഒരു മനുഷ്യസ്ഥാപനത്തിന് ചാർത്തിക്കൊടുക്കാവുന്ന പരമാധികാര സർവശക്തിത്വം ഉള്ളവരെല്ലന്നും പാർലമെന്റിന് ഒരിക്കലും പാസാക്കാൻ പറ്റാത്ത (കലവറയില്ലാതെ പറഞ്ഞാൽ) പാസാക്കാൻ സാധ്യമല്ലാത്ത പല നിയമങ്ങളുമുണ്ട് എന്നും ഡിക്കെ പറയുന്നുണ്ട്.
എതിർനീക്കങ്ങൾ
കോൺസാംബ്ലിയിൽ നടന്ന ചർച്ചകളുടെ ചൈതന്യം ഉൾക്കൊണ്ടും നൽകപ്പെട്ട ഉറപ്പുകൾ പാലിച്ചുകൊണ്ടും ഭരണഘടന നിലവിൽവന്ന് രണ്ട് ദശകങ്ങളോളം ഏകീകൃത സിവിൽ കോഡ് സംബന്ധമായി നിയമപരമായ നീക്കങ്ങളൊന്നും നടക്കുകയുണ്ടായില്ല. പിന്നീട് 1963ലാണ് ഇതുസംബന്ധമായ ചില നീക്കങ്ങൾ ആദ്യമായി പാർലമെന്റിൽ നടക്കുന്നത്. അന്ന് വൈസ് പ്രസിഡന്റ് ഡോ. സാകിർ ഹുസൈന്റെ ഇടപെടലിലൂടെ ഈ നീക്കം ഉപേക്ഷിക്കപ്പെടുകയായിരുന്നു (H.K. Karandikar, Islam in India’s Transition to Modernity, quoted by Tahir Mahamood, Seminar August 1979).
പിന്നീട് ഈ വിഷയം വീണ്ടും സജീവ ചർച്ചയാകുന്നത് 1985ലെ ഷാബാനു കേസിൽ വിധിപറഞ്ഞ സുപ്രീംകോടതിയുടെ പരാമർശത്തോടെയാണ്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഒരു ചത്ത അക്ഷരമാണെന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് വൈ.ബി. ചന്ദ്രചൂഡ് രാജ്യത്ത് ഒരു ഏകീകൃത സിവിൽ കോഡ് ആവിഷ്കരിക്കാനുള്ള ഔദ്യോഗിക നടപടികളുടെ ഒരു ലക്ഷണവും കാണുന്നില്ലെന്ന് സങ്കടപ്പെട്ടു. ഈ പ്രശ്നത്തിൽ സ്വയം സൗജന്യം നൽകിക്കൊണ്ട്, ദേശീയോദ്ഗ്രഥനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്ന പൊതു സിവിൽ കോഡ് പ്രശ്നത്തിൽ ഒരു സമുദായവും പൂച്ചക്ക് മണികെട്ടില്ലെന്നും നിയമനിർമാണാവകാശമുള്ള സ്റ്റേറ്റ് തന്നെ അതിന് മുൻകൈയെടുക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നീതിന്യായ നിസ്സംഗതക്ക് വിരുദ്ധമായി ആവേശം കൊള്ളുകയുണ്ടായി. ‘‘സ്ത്രീകളെ തരംതാഴ്ത്തുന്നു എന്നതാണ് ഇസ്‍ലാമിന്റെ മാരകമായ സവിശേഷത എന്ന് ആരോപിച്ചുകൊണ്ട് പുറപ്പെടുവിച്ച ചന്ദ്രചൂഡിന്റെ സിവിൽ കോഡ് സംബന്ധമായ ഈ പരാമർശങ്ങളെ മുതിർന്ന ഇന്ത്യൻ നിയമജ്ഞനായ എ.ജി. നൂറാനി വിശേഷിപ്പിച്ചത് അമിതാവേശവും പാണ്ഡിത്യപാപ്പരത്വവും നിറഞ്ഞ ഉദീരണങ്ങൾ എന്നായിരുന്നു’’ (ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനം 25.11.2015).
ജനം പാകപ്പെട്ടിട്ടില്ലെങ്കിലും ഏകീകൃത സിവിൽ കോഡ് അവരുടെ മേൽ അടിച്ചേൽപിക്കണമെന്ന ധ്വനിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ മുഴച്ചുനിന്നിരുന്നത്. ഇതിനുശേഷം മഹർഷി അവദേശ് ഏകീകൃത സിവിൽ കോഡും അനുബന്ധ ആശ്വാസ നടപടികളും പരിഗണിക്കാൻ യൂനിയൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന ഒരു റിട്ട് ഹരജി സുപ്രീംകോടതിയിൽ സമർപ്പിക്കുകയുണ്ടായി. എന്നാൽ, ജസ്റ്റിസുമാരായ ജയചന്ദ്രൻ റെഡ്ഡിയും ജി.എൻ. റായിയും ഇതൊക്കെ നിയമനിർമാണ വിഷയങ്ങളാണെന്നും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ കോടതികൾക്കാവില്ലെന്നും പറഞ്ഞുകൊണ്ട് റിട്ട് ഹരജി തള്ളുകയാണുണ്ടായത് (1994, sec 713). സരള മുദ്ഗൽ എതിർ യൂനിയൻ ഓഫ് ഇന്ത്യ കേസിൽ (1995, 3 sec 635) വിധിപറഞ്ഞ ജസ്റ്റിസ് കുൽദീപ് സിങ്ങാകട്ടെ ഏകീകൃത സിവിൽ കോഡ് ഉറപ്പുവരുത്തുന്നതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ച് നിശ്ചിത സമയപരിധിക്കകത്ത് ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാൻ നേരിട്ട് ഉത്തരവിടുകതന്നെ ചെയ്തു.
രണ്ടാംകെട്ടിനുവേണ്ടി മുസ്‍ലിമായ ഒരു കപടകേസിലായിരുന്നു ജസ്റ്റിസ് കുൽദീപ് സിങ്ങിന്റെ വിധി. പ്രഗല്ഭ ഭരണഘടനാ വിദഗ്ധനായ എച്ച്.എം. സീർവായ് ഈ വിധിയിൽ കുൽദീപ് സിങ്ങിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങനെ എഴുതുകയുണ്ടായി: ഒരു ഏകീകൃത സിവിൽകോഡ് ഇല്ലാത്തതുകൊണ്ടാണ് സ്വന്തം ഭാര്യമാർ ജീവിച്ചിരിക്കുകയും വിവാഹമോചനം ചെയ്യപ്പെടാതിരിക്കുകയും ചെയ്തിട്ടും ഒന്നോ അധികമോ ഭാര്യമാരെ വിവാഹം കഴിക്കാനായി ഹിന്ദുഭർത്താക്കന്മാർ ഇസ്‍ലാമിലേക്ക് മതംമാറുന്നത് എന്ന സത്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഏക സിവിൽ കോഡ് വിഷയം ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത് (‘ടൈംസ് ഓഫ് ഇന്ത്യ’യിൽ എഴുതിയ ലേഖനം 1995 ജൂലൈ 5).
ഇസ്‍ലാമോ മുസ്‍ലിം വ്യക്തിനിയമമോ ആയി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണനക്ക് വരുമ്പോഴാണ് ബഹുമാനപ്പെട്ട കോടതിക്ക് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ‘ബോധോദയ’മുണ്ടാകുന്നത് എന്ന് മുൻചൊന്ന വിധികൾ പിന്തുടരുമ്പോൾ മനസ്സിലാകുന്നതാണ്. ഇവിടെ എ.ജി. നൂറാനി ഉന്നയിക്കുന്ന പ്രസക്തമായൊരു ചോദ്യമുണ്ട്. ഹിന്ദുത്വയെക്കുറിച്ച സുപ്രീംകോടതിയുടെ പരസ്പരവിരുദ്ധമായ വിധികൾ പുനഃപരിശോധിക്കാൻ എപ്പോഴായിരിക്കും അത് വിപുലമായൊരു ബെഞ്ച് രൂപവത്കരിക്കുക? ‘ഹിന്ദുത്വ’ എന്നത് ഒരു മതമല്ല ‘ജീവിതരീതി’യാണ് എന്ന ജസ്റ്റിസ് ജെ.എസ്. വർമയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നൂറാനിയുടെ ഈ ചോദ്യം. ഈ വിധിയെ ചാരിയാണ് ബി.ജെ.പിക്ക് അയോധ്യ ക്ഷേത്രനിർമാണംപോലുള്ള വികാരങ്ങൾ ചൂഷണം ചെയ്യാൻ അവസരം നൽകിയതും ഇപ്പോഴും ഈ ചൂഷണം തുടരുന്നതും. ഇന്ത്യൻ മതേതരത്വം എന്ന അജഗളസ്തനം ഹിന്ദുത്വ പാൽ ചുരത്തുന്ന കാഴ്ചയാണ് ഇത് അനാവരണം ചെയ്യുന്നത്. 1996 ഏപ്രിൽ 16ന് അഞ്ചംഗ ബെഞ്ചിലേക്ക് ജസ്റ്റിസ് വർമയുടെ വിധി റഫർചെയ്തെങ്കിലും ഇപ്പോഴും അത് ശീതീകരണ സംഭരണിയിൽ കിടക്കുകയാണ്.
എന്തുകൊണ്ട് ഏക സിവിൽ കോഡ് മാത്രം
ഭരണഘടനയിലെ 14 മാർഗനിർദേശകതത്ത്വങ്ങളിൽ ഒന്ന് മാത്രമാണ് ഏകീകൃത സിവിൽ കോഡ് നിർമാണം. എന്നിട്ടും എന്തുകൊണ്ടാണ് തീവ്ര മതേതര വിഭാഗവും ഹിന്ദുത്വവാദികളും എപ്പോഴും ഇതുമാത്രം ഉയർത്തിക്കൊണ്ടുവരുന്നത്? തുല്യജോലിക്ക് തുല്യവേതനം, ഇന്ത്യ മുഴുവൻ വില്ലേജ്-പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള സംവിധാനം, തൊഴിൽരാഹിത്യം, വാർധക്യം, രോഗം, അംഗവൈകല്യം എന്നിവയാൽ കഷ്ടപ്പെടുന്നവർക്ക് ദ്രവ്യസഹായം, സാർവത്രിക വിദ്യാഭ്യാസം, മദ്യനിരോധനം എന്നിവയൊക്കെ ഈ പതിനാലിനങ്ങളിൽപെടുന്നതാണ്. ഇവയൊക്കെ നടപ്പാക്കിക്കഴിഞ്ഞ നിർദേശങ്ങളാണോ? ഇതിനേക്കാളൊക്കെ അടിയന്തര പ്രാധാന്യമുള്ളതാണോ ഏകീകൃത സിവിൽ കോഡ്. മദ്യനിരോധനം നടപ്പാക്കിയ സ്റ്റേറ്റുകളിൽ കേരളമടക്കം പല സ്റ്റേറ്റുകളും നിരോധനം നീക്കിയതാണ് ചരിത്രം.
മൗലികാവകാശവും മാർഗനിർദേശക തത്ത്വവും
ഭരണഘടന തന്നെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയതാണ് ഏത് മതവും വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം. പ്രമാദമായ കേശവാനന്ദ ഭാരതി കേസിൽ പരമോന്നത കോടതി തന്നെ ഉയർത്തിപ്പിടിച്ചതാണ് ഈ മൗലികാവകാശം. ഏകീകൃത സിവിൽ കോഡ് വിശ്വാസ സ്വാതന്ത്ര്യത്തെയോ സാംസ്കാരിക തനിമയെയോ ബാധിക്കുന്നതല്ലെന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. വിശ്വാസം മാനസിക പ്രതിഭാസമാണ്. നിങ്ങളുടെ മനസ്സിൽനിന്ന് ആർക്കും അത് കൊള്ളയടിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. എന്നാൽ, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉരുവംനൽകുന്ന സംസ്കാരമാണ് വിശ്വാസത്തിന്റെ അനുസ്യൂതി ഉറപ്പുനൽകുന്ന ഘടകം. മതം വിശ്വസിക്കാൻ മാത്രമല്ല, നിർബാധം ആചരിക്കാൻ (free practice) കൂടിയുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് 1954ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയിലെ പരാമർശങ്ങൾ പ്രസക്തമത്രെ:
‘‘മതപരമായ അഭിപ്രായങ്ങളിൽ ഭരണകൂടം ഇടപെടാൻ പാടില്ലെങ്കിലും മതപ്രചോദിതമായി ചെയ്യുന്ന ഏതു പ്രവൃത്തിയെയും പ്രീണിപ്പിക്കും വിധമായിരിക്കരുത് ഒരിക്കലും അതെന്ന ഒരു നിർദേശം മതസ്വാതന്ത്ര്യത്തെക്കുറിച്ച ചർച്ചയിൽ ഉന്നയിക്കപ്പെടാറുണ്ട്. 16ാം വകുപ്പിന്റെ വ്യാഖ്യാനവുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് ഈ വിവേചനം പാലിക്കുക ദുഷ്കരമാണ്. മതത്തിന്റെ ആചരണത്തെക്കുറിച്ച് ഈ വകുപ്പ് അസന്ദിഗ്ധമായ ഭാഷയിൽ പരാമർശിക്കുന്നു. അതിനാൽ, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനപ്പുറം ഈ വകുപ്പിന് വ്യാപ്തിയുണ്ട്. മതത്തിന്റെ ഭാഗമെന്ന നിലയിൽ മതവിശ്വാസ പ്രചോദിതമായി ചെയ്യുന്ന പ്രവൃത്തികളെയും അത് സംരക്ഷിക്കുന്നു... മതമെന്നാൽ തീർച്ചയായും വ്യക്തികളുടെയോ സമുദായങ്ങളുടെയോ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയംതന്നെ. അത് ആസ്തികമായിക്കൊള്ളണമെന്നില്ല; ബുദ്ധ-ജൈന മതങ്ങൾപോലെ, ദൈവത്തിലോ ആദികാരണമായ പ്രജ്ഞാവിശേഷത്തിലോ വിശ്വസിക്കാത്ത, അറിയപ്പെടുന്ന മതങ്ങൾ ഇന്ത്യയിലുണ്ട്. ഒരു മതം ഏതെങ്കിലും വിശ്വാസ സംഹിതകളിലോ തത്ത്വസംഹിതകളിലോ അധിഷ്ഠിതമായിരിക്കുമെന്നതിൽ സംശയമില്ല. ആ മതത്തിന്റെ വക്താക്കൾ തങ്ങളുടെ ആത്മീയോൽക്കർഷത്തിന് അനുപേക്ഷ്യമായി ഗണിക്കുന്നവയാണവ. എന്നാൽ, വിശ്വാസവും തത്ത്വങ്ങളും മാത്രമാണ് മതമെന്ന് വിവക്ഷിക്കുന്നത് ശരിയല്ല. മതം തദനുയായികൾക്ക് ഏതാനും ധാർമികചട്ടങ്ങളുടെ സംഹിതമാത്രമല്ല നൽകുന്നത്. ‘‘മതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി പരിഗണിക്കപ്പെടുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ആഹാര-വസ്ത്ര-സമ്പ്രദായങ്ങളോളം വ്യാപിക്കാവുന്നതുമാണ്... ഭരണഘടന നൽകുന്ന ഉറപ്പ് മതപരമായ വിശ്വാസത്തെ മാത്രം സംരക്ഷിക്കുന്നതല്ല. ‘മതപ്രചോദിത’മായി ചെയ്യുന്ന പ്രവൃത്തികൾക്കും അത് സംരക്ഷണം നൽകുന്നുണ്ട്. 25ാം അനുച്ഛേദത്തിൽ ‘മതത്തിന്റെ ആചരണം’ പദപ്രയോഗത്തിലൂടെ ഇത് വ്യക്തമാക്കിയിരിക്കുന്നു... മതത്തിന്റെ അവശ്യഭാഗങ്ങളേതെന്ന് തീരുമാനിക്കേണ്ടത് പ്രഥമമായും ആ മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ പരിശോധിച്ചിട്ടായിരിക്കണം’’ (The Commissioner Hindu Religious Edowments Madras Vs Lakshmi Mundra Thirtha Swamiyar shirur Math 1954, scp 252 -AIR 1954 SCP: 290).
ഗോൾവാൾക്കറുടെ വീക്ഷണം
ഏകീകൃത സിവിൽ കോഡിനുവേണ്ടി വാദിക്കുന്ന ഹിന്ദുത്വശക്തികളുടെ ന്യായീകരണം ദേശീേയാദ്ഗ്രഥനത്തിന് അത് അനിവാര്യമാണെന്നാണ്. അവരുടെ സൈദ്ധാന്തിക ഗുരുവായ ഗോൾവാൾക്കർതന്നെ തള്ളിക്കളഞ്ഞതാണ് ഈ വാദം. 1972ൽ ദീൻ ദയാൽ ഉപാധ്യായ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം ആദ്യമായി ഈ അഭിപ്രായപ്രകടനം നടത്തിയത്. പിന്നീട് ഹിന്ദുത്വ വാരികയായ ‘ഓർഗനൈസർ’ പത്രാധിപർ മൽക്കാനിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വീക്ഷണം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന വൈവിധ്യവും നാനാത്വവും ഭദ്രവും ഏകീകൃതവുമായ ഒരു രാഷ്ട്രമായി നിലനിൽക്കുന്നതിന് തടസ്സമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗോൾവാൾക്കർ ഐക്യത്തിനും ഉദ്ഗ്രഥനത്തിനും ആവശ്യം ഏകതയല്ല, സഹകരണവും യോജിപ്പുമാണെന്നാണ് പ്രസ്തുത അഭിമുഖത്തിൽ തന്റെ നിലപാട് വിശദീകരിച്ചത്. ആവശ്യത്തിലേറെ ഐകരൂപ്യം പ്രകൃതിപോലും ഇഷ്ടപ്പെടുകയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. എല്ലാ സമൂഹങ്ങളും പ്രാദേശികമായ ആചാരസമ്പ്രദായങ്ങളുടെ അനുവദനീയതയും പ്രാബല്യവും അംഗീകരിച്ചിട്ടുള്ളത് അദ്ദേഹം എടുത്തുകാണിക്കുന്നു.
ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത സമർപ്പിക്കാൻ ഏകീകൃത ക്രിമിനൽ നിയമങ്ങളുടെ സാന്നിധ്യം ഉയർത്തിക്കാട്ടുന്നതിന് ഗോൾവാൾക്കറുടെ മറുപടി ഇതായിരുന്നു: ‘‘രണ്ടും തമ്മിൽ മൗലികമായ അന്തരമുണ്ട്. സിവിൽ നിയമങ്ങൾ വ്യക്തിയിലും അവന്റെ കുടുംബത്തിലും പരിമിതമാണ്. ക്രിമിനൽ നിയമമാകട്ടെ ക്രമസമാധാനവും മറ്റനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നതാണ്. അത് വ്യക്തിയിൽ പരിമിതമല്ല; സമൂഹത്തെക്കൂടി സ്പർശിക്കുന്നതാണ്’’ (അഭിമുഖത്തിന്റെ പൂർണരൂപത്തിന് 1972 ആഗസ്റ്റ് 26ന്റെ ‘ഓർഗനൈസർ’ കാണുക).
ആഗോളതലത്തിൽതന്നെ പല രാജ്യങ്ങളിലും കുടുംബ നിയമങ്ങൾക്ക് ഏകീകൃത സ്വഭാവമില്ലെന്നതാണ് സത്യം. സിറിയ, ഇറാൻ, പാകിസ്താൻ, ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങളിലൊക്കെ ന്യൂനപക്ഷങ്ങൾക്ക് അവരുടേതായ വ്യക്തിനിയമങ്ങൾ വകവെച്ചുകൊടുത്തിട്ടുണ്ട്. മറുവശത്ത് ശ്രീലങ്ക, മ്യാന്മർ, തായ്‍ലൻഡ്, ഇത്യോപ്യ, ഗോൾഡ്കോസ്റ്റ്, യുഗാണ്ട, സിയറാ ലിയോൺ തുടങ്ങി ഇസ്രായേലിൽപോലും മുസ്‍ലിം വ്യക്തിനിയമത്തിന് പരിരക്ഷയുണ്ട്. ക്യുെബക്കുകളുടെ ഭാഷാപരവും സാംസ്കാരികവും നിയമപരവുമായ വ്യതിരിക്തതയെ മാനിച്ചുകൊണ്ട് കാനഡയിലെ ദേശീയ സർക്കാർ സമീപ ദശകങ്ങളിൽ നടത്തിയ അനുരഞ്ജന നീക്കങ്ങൾ ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ കോടതികളിൽ കുറ്റവിചാരണ അവസാനിക്കുക ഒന്നുകിൽ പ്രതി കുറ്റവാളി അല്ലെങ്കിൽ കുറ്റവാളിയല്ല എന്നീ രണ്ട് വിധത്തിലാണ്. സ്കോട്ടിഷ് കോടതികളാകട്ടെ ‘കുറ്റം തെളിയിക്കപ്പെട്ടില്ല’ (not proven) എന്ന മൂന്നാമതൊരു ഇനം വിധികൂടി പുറപ്പെടുവിക്കാറുണ്ട്. നിരപരാധിയാണെന്ന് ജഡ്ജിക്കോ ജൂറിക്കോ പൂർണ ബോധ്യം വരാതിരിക്കുകയും വേണ്ടത്ര തെളിവില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം വിധി പുറപ്പെടുവിക്കുക. ഇംഗ്ലണ്ടിൽ ബാരിസ്റ്റർമാർക്കേ മേൽക്കോടതികളിൽ ഹാജരാകാൻ സാധിക്കൂ. സാധാരണ അഡ്വക്കറ്റുമാരെ അതിന് അനുവദിക്കാറില്ല. സ്കോട്ട്‍ലൻഡിലെ കോടതികൾ ഇതിന് അപവാദമാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ സ്റ്റേറ്റിലും വ്യത്യസ്ത നിയമങ്ങളുണ്ട്. ഇതുകൊണ്ടൊന്നും ഈ രാജ്യങ്ങളുടെ ഐക്യവും ഭദ്രതയും ഇടിഞ്ഞുപൊളിഞ്ഞ് തകർന്നിട്ടില്ല.
ഇരട്ടത്താപ്പ്
ഭരണഘടനയിലെ ഏക സിവിൽ കോഡിനെക്കുറിച്ച് ഒച്ചയിടുന്നവർ നിശ്ശബ്ദത പാലിക്കുന്ന മറ്റു ചില വകുപ്പുകളും ഭരണഘടനയിലുണ്ട്. 371 എ, 371 ജി എന്നീ വകുപ്പുകളാണവ. യഥാക്രമം നാഗാലാൻഡിനെയും സിക്കിമിനെയും ബാധിക്കുന്ന വകുപ്പുകളാണവ. 371 എ (1) വകുപ്പിൽ ഇങ്ങനെ കാണാം: ഈ ഭരണഘടനയിൽ പറയുന്നത് എന്തൊക്കെയാണെങ്കിലും (എ) പാർലമെന്റിന്റെ ഒരു ആക്ടും (i) നാഗന്മാരുടെ മതപരവും സാമൂഹികവുമായ ആചാരങ്ങളും (ii) നാഗ ആചാര നിയമവും നടപടിയും (iii) നാഗ ആചാര നിയമാനുസൃതമുള്ള തീരുമാനങ്ങളടക്കമുള്ള സിവിലോ ക്രിമിനലോ ആയ ഒരു ഭരണനടപടിയും (iv) ഭൂമിയുടെയും ഭൂവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും കൈമാറ്റവും സംബന്ധമായി നാഗാലാൻഡ് അസംബ്ലി ഒരു പ്രമേയത്തിലൂടെ തീരുമാനിച്ചാലല്ലാതെ നാഗാലാൻഡ് സംസ്ഥാനത്ത് നടപ്പാക്കാവതല്ല. മിസോറമിനും തത്തുല്യമായ ഒരു വകുപ്പ് ഉണ്ടാക്കുകയുണ്ടായി. ‘‘ഒരു കുടുംബത്തിൽ രണ്ട് നിയമമോ’’ എന്ന് നാക്കിട്ടടിക്കുന്നവരുടെ ശുദ്ധ ഇരട്ടത്താപ്പാണ് ഇവിടെ പ്രകടമാകുന്നത്.
ആരെ, എങ്ങനെയൊക്കെ ബാധിക്കും
ഏകീകൃത സിവിൽ കോഡ് ആരെയെല്ലാം എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഒരു കരടിന്റെ അഭാവത്തിൽ നിർണയിക്കാൻ പ്രയാസമാണ്. അത് എല്ലാവരെയും ഒരുപോലെ ബാധിക്കുമോ, ഭരണഘടനാപരമായ ഉടമ്പടി നിലവിലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിൽപ്പെടുമോ എന്നൊക്കെ അത് നടപ്പാകുമ്പോൾ മാത്രം പ്രകടമാവുന്ന സംഗതിയാണ്. പക്ഷേ, ഇപ്പോഴത് ഡമോക്ലിസിന്റെ വാളുപോലെ എല്ലാ സമുദായങ്ങളുടെയും തലക്കുമുകളിൽ തൂങ്ങിക്കിടക്കുകയാണ്.
അതീവ സങ്കീർണവും പ്രയാസകരവുമായിരിക്കും അതിന്റെ പ്രയോഗവത്കരണം. കാരണം, ഒാരോ സമുദായത്തിന്റെയും കുടുംബനിയമങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഹിന്ദു പിന്തുടർച്ച ആക്ട് പ്രകാരം മാതാവാണ് ഒന്നാംസ്ഥാനത്തുള്ള അനന്തരാവകാശി. പരേതന്റെ വിധവയുടെയും സന്താനങ്ങളുടെയും സാന്നിധ്യത്തിൽ പിതാവിന് ഒരു സ്ഥാനവുമില്ല. ക്രൈസ്തവ പിന്തുടർച്ചാവകാശപ്രകാരം നേർക്കുനേരെ കീഴോട്ടുള്ള കുടുംബപരമ്പരയുടെ അഭാവത്തിൽ പരേതന്റെ വിധവക്കൊപ്പം പിതാവും അനന്തരാവകാശിയാകും. എന്നാൽ, മാതാവിന് ഒരവകാശവുമുണ്ടാകില്ല. മുസ്‍ലിം വ്യക്തിനിയമ പ്രകാരമാകട്ടെ, മാതാവും പിതാവും പ്രാഥമികാവകാശികളാണ്.
1956 വരെ കേവല സ്വത്തവകാശം ഹിന്ദു സ്ത്രീകൾക്ക് നൽകപ്പെട്ടിരുന്നില്ല. 1956ൽ സെക്ഷൻ 14 വന്നപ്പോൾ മാത്രമാണ് ഈ അവകാശം അവർക്ക് ലഭ്യമായത്. ഏറെ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പാണിത്. വാക്കാലുള്ള ഒഴിമുറി, പുറന്തള്ളൽ എന്നിങ്ങനെ പല കുതന്ത്രങ്ങളിലൂടെയും ഹിന്ദു പുരുഷന്മാർ ആ വകുപ്പിനെ ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ, ആധുനിക പാശ്ചാത്യ ലോകം സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നതിന്റെ നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകന്റെ കാലം മുതൽക്കേ മുസ്‍ലിം നിയമം സ്ത്രീക്ക് പൂർണസ്വത്തവകാശം നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ. കണ്ണൻ ചൂണ്ടിക്കാണിക്കുന്നു (‘ദ ഹിന്ദു’ 13.07.2016). ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമ്പോൾ ആദായനികുതി വകുപ്പിന് ദശലക്ഷക്കണക്കിന് രൂപ നഷ്ടംവരുത്തുന്ന ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥക്ക് നൽകുന്ന ഇളവിൽ സംഘ്പരിവാർ സർക്കാർ കൈവെക്കുമോ എന്ന നിയമജ്ഞ ഫ്ലാവിയ ആഗ്നസിന്റെ ചോദ്യത്തിന് ഹിന്ദുത്വവാദികൾ മറുപടി പറയേണ്ടതുണ്ട്.
രാഷ്ട്രീയ ദുഷ്ടലാക്ക്
2018ൽ ബി.ജെ.പി സർക്കാർ നിയമിച്ച നിയമ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപിക്കുന്നതിന് പകരം നീതിക്ക് മുൻഗണന നൽകുന്ന സാർവലൗകിക തത്ത്വങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് നിർദേശിച്ചതിൽപിന്നെ വീണ്ടും ഒരു കമീഷനെ നിയോഗിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ പുതുതായുണ്ടായിട്ടില്ല. സമുദായ ധ്രുവീകരണം സൃഷ്ടിച്ച് അടുത്തവർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ വോട്ട് സമാഹരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ഏക സിവിൽ കോഡ് വിഷയത്തിലെ സി.പി.എം നിലപാടിലെ മലക്കംമറിച്ചിലാണ് കൗതുകകരമായ മറ്റൊരു കോമഡി. ജനങ്ങളുടെ ഓർമശക്തിയെ വെല്ലുവിളിച്ച് പൊതു സിവിൽകോഡ് വിരുദ്ധ ചേരിയുടെ ചാമ്പ്യന്മാരാകാനാണ് കേരളത്തിൽ അവരുടെ ശ്രമം. ഇപ്പോൾ രൂപംകൊണ്ടുവരുന്ന രാഷ്ട്രീയാന്തരീക്ഷം ചൂഷണംചെയ്ത് സംഘിവിരുദ്ധ ചേരിയിലെ മുഖ്യശക്തിയായ കോൺഗ്രസിനെ ഇല്ലാതാക്കി കേരളത്തിൽ ഭരണം നിലനിർത്തുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടാണ് അവർ ഇതുസംബന്ധമായി സംഘടിപ്പിച്ച സെമിനാറിൽ കോൺഗ്രസിനെ അടുപ്പിക്കാതെ മുസ്‍ലിം ലീഗിനെ ക്ഷണിച്ചത്. ശിഥിലീകരണവും ധ്രുവീകരണവും തന്നെയാണ് അവരുടെയും ഉന്നം.
1984ൽ ഇ.എം.എസും പാർട്ടിയും പാർട്ടി മുഖപത്രവും ശരീഅത്തിനെതിരെ നടത്തിയ രൂക്ഷമായ ആക്രമണവും പൊതു സിവിൽ കോഡിനായുള്ള ശക്തമായ വാദവും ഇപ്പോഴത്തെ നിലപാടുമാറ്റത്തിലുള്ള കാപട്യം വെളിവാക്കുന്നതാണ്. അന്ന് അവരുടെ കൂടെയുണ്ടായിരുന്ന അഖിലേന്ത്യ മുസ്‍ലിം ലീഗിനെ ബലിനൽകി ശരീഅത്ത് വിരുദ്ധ കാമ്പയിന്റെ ചുക്കാൻപിടിച്ചത് തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ വോട്ട് ഏകീകരണത്തിനു വേണ്ടിയായിരുന്നുവെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയതാണ്. അന്തരീക്ഷം മാറിയപ്പോൾ ഇന്ന് കോൺഗ്രസിനെ അപ്രത്യക്ഷമാക്കി ഭരണം നിലനിർത്താൻ മുസ്‍ലിം വോട്ട് ഏകീകരിക്കാൻ ശ്രമിക്കുന്നുവെന്നു മാത്രം. പൗരോഹിത്യത്തിന്റെ അപ്രീതി ഭയന്ന് സെമിനാറിൽ സഹയാത്രികരായ മുസ്‍ലിം സ്ത്രീവാദികൾക്കുപോലും അവർ അവസരം നൽകാതിരുന്നതും ശ്രദ്ധേയമാണ്. ഇടക്കിടെ ‘ആറാം നൂറ്റാണ്ടിലെ കാടൻ ഇസ്‍ലാമിക നിയമങ്ങളെ’ക്കുറിച്ച് അബോധത്തിൽനിന്ന് പരിഹാസങ്ങൾ ഉണരുന്ന ഈ പാർട്ടിയുടെ ഇവ്വിഷയകമായുള്ള ആത്മാർഥത ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്.