‘‘കൊന്നതാണ് വിശ്വനാഥനെ’’
ഫെബ്രുവരി 11ന് കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം ഒഴിഞ്ഞ പറമ്പിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വയനാട് സ്വദേശി വിശ്വനാഥന്റേത് സ്പഷ്ടമായി തന്നെ വംശീയ കൊലപാതകമാണ് എന്ന് ആരോപണമുയർന്നു കഴിഞ്ഞു. വിശ്വനാഥന്റെ വീട് സന്ദർശിച്ച സാമൂഹിക പ്രവർത്തകനായ ലേഖകൻ ബന്ധുക്കളുടെ മൊഴിയും ആദിവാസി...
Your Subscription Supports Independent Journalism
View Plansഫെബ്രുവരി 11ന് കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം ഒഴിഞ്ഞ പറമ്പിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വയനാട് സ്വദേശി വിശ്വനാഥന്റേത് സ്പഷ്ടമായി തന്നെ വംശീയ കൊലപാതകമാണ് എന്ന് ആരോപണമുയർന്നു കഴിഞ്ഞു. വിശ്വനാഥന്റെ വീട് സന്ദർശിച്ച സാമൂഹിക പ്രവർത്തകനായ ലേഖകൻ ബന്ധുക്കളുടെ മൊഴിയും ആദിവാസി ജനതയുടെ അവസ്ഥകളും രേഖപ്പെടുത്തുന്നു.
ഒരു മനുഷ്യനെ നിങ്ങള്‍ക്ക് പലപ്രാവശ്യം കൊല്ലാന്‍ കഴിയുമോ? കഴിയുമെന്നുതന്നെയാണ് ഉത്തരം. പ്രത്യേകിച്ച് കൊലചെയ്യപ്പെടുന്നയാളുടെ പ്രതിനിധാനം സാമൂഹികക്രമത്തില്‍ ഏറ്റവും താഴേത്തട്ടിലുള്ള അരികുജീവിതമാണെങ്കില് ഉറപ്പായും. അയാളുടെ ശരീരവും ജീവനും അവസാനിപ്പിച്ചു കഴിഞ്ഞാലും ആവർത്തിച്ച് കൊല്ലാന്‍ കഴിയുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നാണ് കൽപറ്റ അഡ്െലയ്ഡ് സ്വദേശിയായ വിശ്വനാഥന്റെ കൊലപാതകം. അതിനുശേഷവും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളും പട്ടികവർഗ വകുപ്പും കമീഷനും നടത്തുന്ന പ്രഖ്യാപന പ്രഹസനങ്ങളും വഴി ആവർത്തിച്ചു നടത്തുന്ന വംശഹത്യ. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നൽകുമെന്ന് പ്രഖ്യാപിച്ച സഹായം ലഭ്യമായിരുന്നെങ്കില്‍ ഒരുദിവസം ലീവെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍പോയി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ കഴിയുമായിരുന്നു എന്ന വിശ്വനാഥന്റെ സഹോദരന് വിനോദിന്റെ വിഷമത്തോടെയുള്ള പ്രതികരണം.
വയനാട്ടിലെ കൽപറ്റയിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണ് അഡ്െലയ്ഡ് കാപ്പിത്തോട്ടം. ഈ കാപ്പിത്തോട്ടത്തിന് സമീപമുള്ള എസ്റ്റേറ്റ് പാടിയിലാണ് വിശ്വനാഥന്റെ കുടുംബം കാലങ്ങളായി താമസിക്കുന്നത്. ഇപ്പോൾ എസ്റ്റേറ്റ് അറിയപ്പെടുന്നത് നീലികണ്ടി എസ്റ്റേറ്റ് എന്നാണ്. അവിടെ തോട്ടപ്പണിക്കാരായിരുന്നു വിശ്വനാഥന്റെ അമ്മ പാറ്റയും അച്ഛൻ സോമനും. അവർ ഒരായുസ്സ് പണിയെടുത്തപ്പോൾ കിട്ടിയ സമ്പാദ്യം ഉപയോഗിച്ചാണ് ഇപ്പോൾ താമസിക്കുന്ന 15 സെന്റ് ഭൂമി വാങ്ങിയത്. വയനാട്ടിലെ പണിയവിഭാഗത്തിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഭൂമി ഉണ്ടാവുക എന്നതുതന്നെ വലിയ കാര്യമാണ്. പാറ്റക്കും സോമനും ഏഴു ആൺമക്കൾ. രാഘവൻ, ജോയ്, ഗോപി, വിശ്വനാഥൻ, വിനോദ്, ബാലൻ, സുരേഷ്. എല്ലാവരും കൂലിപ്പണിക്കാർ. വാഴപ്പണിയിൽ വിദഗ്ധനായിരുന്നു വിശ്വനാഥൻ. വീടിന് സമീപം പലയിടത്തായി 10,000ത്തിലധികം വാഴ വിശ്വനാഥൻ വെച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിന് സമീപമുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് വിശ്വനാഥന്റെ മൃതദേഹം കണ്ടത്. കുടുംബത്തിന് ഇക്കാര്യത്തിൽ നിരവധി സംശയങ്ങളുണ്ട്. അന്വേഷണം ശരിയായനിലയിൽ മുന്നോട്ടുപോകുന്നു എന്ന വിശ്വാസമാണ് പലഘട്ടത്തിലും വിനോദിന് ഉണ്ടായിരുന്നത്. ശരിയായ അർഥത്തിൽ പൊലീസ് അന്വേഷണം മുന്നോട്ടുപോയില്ലെങ്കിൽ റീ പോസ്റ്റ്മോർട്ടം നടത്തി തെളിവുകൾ ശേഖരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും മറ്റും വിശ്വനാഥന്റെ വീടു സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞത്, റീ പോസ്റ്റ്മോർട്ടം ആവശ്യത്തില്‍നിന്നു ബന്ധുക്കള്‍ പിന്മാറി എന്ന നിലയിലാണ്. വിനോദിനോടോ മറ്റു ബന്ധുക്കളോടോ ഈ പ്രസ്താവനയുടെ വസ്തുത അന്വേഷിക്കാതെ പല ചാനലുകളും അത് അതേപടി വാർത്തയാക്കി. ഞങ്ങള്‍ അത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നത് മാധ്യമങ്ങള്‍ കണക്കിലെടുക്കുകയോ തിരുത്തുകൊടുക്കാൻ തയാറാവുകയോ ചെയ്തില്ലെന്ന് വിനോദ് ആവർത്തിക്കുന്നു. സംഭവദിവസം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നത് വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ അമ്മ ലീലയാണ്. അവിടെ നടന്ന സംഭവങ്ങൾ അറിയാവുന്ന ഏക കുടുംബാംഗവും ലീലയാണ്.
ലീലയുടെ നിർണായക മൊഴി
മെഡിക്കൽ കോളജിൽ വിശ്വനാഥന് എന്തു സംഭവിച്ചെന്ന് സെക്യൂരിറ്റിക്കാർക്ക് അറിയാം എന്നാണ് ലീല പറയുന്നത്. ലീല സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡിലും വിശ്വനാഥൻ പുറത്തുമായിരുന്നു. രാത്രി 10ന് വിശ്വനാഥനെ നേരിൽ കണ്ടിരുന്നു. വിശ്വനാഥൻ ഭക്ഷണം കഴിച്ച് സന്തോഷവാനായിരുന്നു. കുട്ടിയെ കാണാൻ വിശ്വനാഥനെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. വാർഡിന്റെ പുറത്ത് വാതിൽക്കൽനിന്ന് വിശ്വനാഥൻ കുട്ടിയെ കണ്ടിട്ട് മടങ്ങിപ്പോയി. ലീല ഒറ്റക്കാണ് വാർഡിൽ നിന്നത്. രാത്രി രണ്ടു പ്രാവശ്യം സിസ്റ്റർമാർ വിളിച്ചിരുന്നു. സെക്യൂരിറ്റിയിൽനിന്ന് ഫോൺ വന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിളിച്ചത്. ആദ്യം ഫോൺ വന്നപ്പോൾ താഴേക്ക് ചെല്ലാൻ സിസ്റ്റർമാർ ആവശ്യപ്പെട്ടു. ഇറങ്ങിവന്ന് വിശ്വനാഥനെ കണ്ടു. അപ്പോൾ 11 മണിയായിട്ടുണ്ടാവും. സെക്യൂരിറ്റിക്കാർ അവരുടെ പണം മോഷ്ടിച്ചു എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായി വിശ്വനാഥൻ പറഞ്ഞു. സെക്യൂരിറ്റിക്കാരാണ് പണം അപഹരിച്ചുവെന്ന കുറ്റം വിശ്വനാഥന്റെ മേൽ ചാർത്തിയത്. അവിടെ കൂടിനിന്നവർ അല്ല. സെക്യൂരിറ്റിക്കാരും വിശ്വനാഥനും തമ്മിലായിരുന്നു തർക്കം നടന്നത്. അവരുടെ പണം മോഷ്ടിച്ചിട്ടില്ലെന്ന് വിശ്വനാഥൻ ആവർത്തിച്ചു പറഞ്ഞു. വിശ്വനാഥന് പണം മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് ലീലയും സെക്യൂരിറ്റിക്കാരോട് പറഞ്ഞു.
സെക്യൂരിറ്റിക്കാർ ഇതൊന്നും വകെവച്ചു കൊടുക്കാൻ തയാറായില്ല. സെക്യൂരിറ്റിക്കാർ വിശ്വനാഥൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ആവർത്തിച്ചു. ലീല അൽപം കയർത്തു സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാർ സ്വരം മയപ്പെടുത്തിയത്. അതോടെ, എല്ലാം അവസാനിച്ചു എന്നാണ് ലീല കരുതിയത്. വിശ്വനാഥൻ പണം മോഷ്ടിച്ചിട്ടില്ല എന്ന് സെക്യൂരിറ്റിക്ക് ബോധ്യമായി എന്ന് തോന്നിയപ്പോഴാണ് ലീല വാർഡിലേക്ക് മടങ്ങിപ്പോയത്. പിന്നീട് എല്ലാവരും നല്ല ഉറക്കത്തിലായി. രാത്രി രണ്ടുമണിയോടെ ആയിരിക്കാം (സമയം കൃത്യമായി ഓർമയില്ല) വീണ്ടും സിസ്റ്റർമാർ വന്നു ലീലയെ വിളിച്ചു. അവർക്ക് സെക്യൂരിറ്റിയുടെ ഫോൺ വന്നിരുന്നു, വിശ്വനാഥനെ കാണാനില്ല എന്നാണ് പറഞ്ഞത്. ലീല പെട്ടെന്ന് താഴെയെത്തി. സാധാരണ ഇറങ്ങിവരുമ്പോൾ വിശ്വനാഥൻ വാതിൽക്കൽതന്നെ ഉണ്ടാകും. ഇത്തവണ വിശ്വനാഥനെ കണ്ടില്ല. സെക്യൂരിറ്റിക്കാർ ഒന്നും പറഞ്ഞില്ല. പുറത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ കൂടിനിന്നിരുന്ന ആളുകൾ വിശ്വനാഥൻ ഓടിപ്പോയി എന്നു പറഞ്ഞു. അതിനാൽ റോഡിൽ ഇറങ്ങി നോക്കി. അവിടെ കൂടിനിന്നവരിൽ ചിലർ ഇതിലെയാണ് ഓടിപ്പോയതെന്ന് ചൂണ്ടിക്കാണിച്ചു. അത് ഇരുട്ടു നിറഞ്ഞ സ്ഥലമായിരുന്നു. അവിടെ ഒരു കുഴിയുണ്ടെന്നും ആ കുഴിയിൽ വീണാൽ പൊടിപോലും കിട്ടില്ലെന്നും നാട്ടുകാർ പറയുന്നുണ്ടായിരുന്നു.
അൽപം മാറി നോക്കിയപ്പോൾ ചോറ്റുപാത്രം കണ്ടെത്തി. സെക്യൂരിറ്റിയുടെ പണം മോഷ്ടിച്ചു എന്നു പറഞ്ഞ് അവർ വിശ്വനാഥനെ തല്ലിയിരിക്കാം എന്ന് കരുതി. അപ്പോഴായിരിക്കും വിശ്വനാഥൻ ഓടിപ്പോയത്. എന്നാൽ, സെക്യൂരിറ്റിക്കാർ ഒന്നുമറിയാത്തതുപോലെ പെരുമാറി. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനാണ് പറഞ്ഞത്. അല്ലെങ്കിൽ ആളെ കിട്ടാതെ വരും എന്നും പറഞ്ഞു. വാർഡിൽ പോയി കൂട്ടിരിപ്പുകാരിൽ മറ്റൊരു വയസ്സായ സ്ത്രീയോട് കാര്യം പറഞ്ഞു. അവരും ലീലയോടൊപ്പം ചേർന്നു. അങ്ങനെ പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തി.
വിശ്വനാഥന്റെ പേരും സ്ഥലവും മെഡിക്കൽ കോളജിൽ വന്ന കാര്യവും എല്ലാം പൊലീസുകാരോട് ലീല വിശദീകരിച്ചു. അവിടെ ധാരാളം പൊലീസുകാർ ഉണ്ടായിരുന്നു. സംഭവം കേട്ടശേഷം അതിലൊരാൾ കൂടെ വന്നു. വിശ്വനാഥൻ ഓടിപ്പോയി എന്നു നാട്ടുകാർ പറഞ്ഞ സ്ഥലത്ത് പൊലീസുകാരനും നോക്കി. എന്നാൽ അവിടെ ഒന്നും കണ്ടില്ല. കൂടെ വന്ന പൊലീസുകാരന്റെ കൈയിൽ വെളിച്ചത്തിന് ടോർച്ച് പോലുമില്ലായിരുന്നു. രാവിലെ നോക്കാം എന്ന് പറഞ്ഞു ആ പൊലീസുകാരനും മടങ്ങിപ്പോയി. മറ്റു പൊലീസുകാർക്ക് വിശ്വനാഥന്റെ കാര്യത്തിൽ അന്വേഷിക്കാൻ താൽപര്യമുണ്ടായിരുന്നില്ല.
സെക്യൂരിറ്റിക്കാരാണെങ്കിൽ ഒന്നും സംസാരിക്കാൻപോലും തയാറായില്ല. പൊലീസ് ശരിയായവിധം സെക്യൂരിറ്റിയെ ചോദ്യംചെയ്താൽ സത്യം വെളിച്ചത്തു വരും. ആ സമയത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരെ കണ്ടാല്‍ തിരിച്ചറിയാം എന്നും ലീല പറയുന്നു. ‘‘മുടി നരച്ചിട്ടുണ്ട്; കണ്ണിന് ഇപ്പോഴും നര ബാധിച്ചിട്ടില്ല’’– അവരുടെ വിശദീകരണം ഇങ്ങനെ. വിശ്വനാഥനെ അന്വേഷിച്ച് രണ്ടാമത് വന്നപ്പോൾ സെക്യൂരിറ്റിക്കാർ ഒരക്ഷരം മിണ്ടിയിട്ടില്ല. സ്റ്റേഷനിൽ പരാതി കൊടുക്കാനായി രാത്രി രണ്ടിന് വയസ്സായ രണ്ട് സ്ത്രീകള്‍ പുറത്തേക്ക് പോകുമ്പോൾ എവിടെ പോകുന്നു എന്നുപോലും സെക്യൂരിറ്റിക്കാർ ചോദിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽനിന്ന് തിരിച്ചുവന്ന ശേഷമാണ് വീട്ടിലേക്ക് ഫോൺ ചെയ്യുന്നത്. അപ്പോഴും വിശ്വനാഥന് ഇങ്ങനെയൊക്കെ പറ്റും എന്ന് വിചാരിച്ചില്ല. രാത്രി പൊലീസ് വിശ്വനാഥനെ അന്വേഷിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരും പൊലീസും വരുത്തിയ ഗുരുതര വീഴ്ചയാണ് ലീലയുടെ മൊഴിയിൽ തെളിയുന്നത്. ലീല പണിയവിഭാഗത്തിലെ സാധാരണ സ്ത്രീയാണ്. പൊലീസുകാർക്ക് അവരുടെ പരാതി ലഭിച്ചിട്ട് ഒന്നും ചെയ്തില്ല. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ജനമൈത്രിയാണെന്ന് അവകാശപ്പെടുമ്പോഴും പുറന്തള്ളപ്പെടുന്നത് പാർശ്വവത്കരിക്കപ്പെട്ട ജനതയാണ്.
വിശ്വനാഥനെ കുറിച്ച് അന്വേഷിച്ചപ്പോൾ വാഴത്തോട്ടത്തിന്റെ ഉടമയായ നാസറിന് ഏറെ പറയാനുണ്ട്. നാസർ നിത്യവും വാഴത്തോട്ടത്തിലേക്ക് പോകാറില്ല. തോട്ടം നോക്കിനടത്തിയിരുന്ന നല്ല പണിക്കാരനായിരുന്നു വിശ്വനാഥൻ. ശനിയാഴ്ചയാണ് ഒരു ആഴ്ചത്തെ കൂലി മുരുകൻ തീർത്തുകൊടുക്കുന്നത്. അതിനിടയിൽ പൈസ ആവശ്യമായി വരുമ്പോൾ അഞ്ഞൂറും മുന്നൂറുമൊക്കെ വാങ്ങും. അത് പറ്റുകാശായി നിലനിൽക്കും. വിശ്വസ്ത പണിക്കാരനായിരുന്നു. 25 വർഷമായി പരിചയമുണ്ട്. അഞ്ച് വർഷമായി വാഴ കൃഷിയുമായി വിശ്വനാഥൻ നാസറിന്റെ കൂടെയുണ്ട്. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് നാസറിന്റെ അഭിപ്രായം.
വിനോദ് നടത്തിയ തിരച്ചിൽ
ലീല രാത്രിയില്‍തന്നെ വിവരം അറിയിച്ചെങ്കിലും രാവിലെയാണ് സഹോദരന്മാർക്ക് വയനാട്ടിൽനിന്ന് എത്താന്‍ കഴിഞ്ഞത്. രാവിലെ പത്തുമണിയോടെ സഹോദരങ്ങൾ അഞ്ചുപേർ കോഴിക്കോട്ടെത്തി. വിശ്വനാഥനെ കാണാനില്ലെന്ന പരാതി നൽകാൻ സഹോദരൻ വിനോദ് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വിനോദിനുണ്ടായ അനുഭവവും മോശമായിരുന്നു. പരാതി വാങ്ങിയ പൊലീസുകാരൻ വളരെ മോശമായി പ്രതികരിച്ചു. വയനാട്ടിൽനിന്നെത്തുന്ന ആദിവാസികൾ കള്ളന്മാരാണെന്നായിരുന്നു പൊലീസിന്റെ മറുപടി. ആദിവാസികൾ നഗരത്തിലെത്തി മദ്യപിച്ച് മെഡിക്കൽ കോളജിൽനിന്ന് പണം മോഷ്ടിക്കുന്നവരാണത്രെ.
കേസ് രജിസ്റ്റർ ചെയ്യണമെന്ന് വിനോദ് നിർബന്ധം പിടിച്ചു. രാവിലെ 11 ഓടെ പരാതി നൽകിയതിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. സി.ഐ മേശപ്പുറത്തേക്ക് പരാതി വലിച്ചെറിഞ്ഞു. ഒരു താൽപര്യവും ഇല്ലാത്തപോലെയാണ് പെരുമാറിയത്. കുറെ ആദിവാസികൾ മെഡിക്കൽ കോളജിൽ എത്തുമെന്നും അവർ വെള്ളമടിച്ച് സ്ഥിരം പരാതി നൽകുമെന്നും വഴക്കുണ്ടാക്കുന്നവരാണെന്നും ഒക്കെ സി.ഐ പറയുന്നുണ്ടായിരുന്നു. സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ പൊലീസുകാർ അവരെ നോക്കി കളിയാക്കി ചിരിക്കുകയും അവഹേളിക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ വലിയ മോഷണം നടന്നിരിക്കുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അതിന് കളവ് കേസ് എടുക്കണം. മൊബൈലും പൈസയും സ്വർണവും മോഷ്ടിച്ചതിന് എഫ്.ഐ.ആർ ഇടണം. കളവു കേസിലെ പ്രതിയാണ് വിശ്വനാഥൻ എന്നാണ് അവർ ആവർത്തിച്ചു പറഞ്ഞത്. വിശ്വനാഥനെ കള്ളനാക്കി ചിത്രീകരിക്കാനായിരുന്നു പൊലീസിന്റെ താൽപര്യം. അതിലവർ ആനന്ദം കണ്ടെത്തി.
പരാതിയിൽ അന്വേഷണം നടക്കില്ലെന്നും നീതി ലഭിക്കില്ലെന്നും വിനോദിന് അപ്പോൾതന്നെ മനസ്സിലായി. ആദിവാസികൾ തിരഞ്ഞു നടന്ന സ്ഥലത്തുതന്നെയാണ് പിറ്റേന്ന് രാവിലെ വിശ്വനാഥന്റെ മൃതശരീരം കണ്ടെത്തിയത്. ആരാണ് ശവശരീരം മരത്തിന് മുകളിൽ എത്തിച്ചതെന്ന് അറിയില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്നും വിനോദ് പറഞ്ഞു. മൃതദേഹം അടുത്ത ദിവസം കൊണ്ടുപോകാം എന്നാണ് ട്രൈബൽ ഓഫിസർ പറഞ്ഞത്. എന്നാൽ, പൊലീസിന് എത്രയും വേഗം മൃതദേഹം ഞങ്ങളെ ഏൽപിച്ചു വണ്ടി കയറ്റിവിടണം. അതിന് അവർ തിരക്കുകൂട്ടി. ദീർഘകാലമായി കുട്ടികളില്ലാത്ത വിശ്വനാഥന് ആദ്യകുട്ടി പിറന്നപ്പോൾ ഏതാനും മണിക്കൂറിനകം എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യത്തിന് ആര് ഉത്തരം നൽകും? വിശ്വനാഥൻ ആത്മഹത്യ ചെയ്യാൻ ഒരു സാഹചര്യവുമില്ല. 650 രൂപയുടെ മൊബൈൽ ഫോണാണ് കൈയിൽ ഉണ്ടായിരുന്നത്. ലീലക്ക് ഫോണ്‍ തിരികെ നൽകിയത് ആ സമയത്ത് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയാണെന്നും അവർ പറയുന്നു.
വിശ്വനാഥന്റെ ആ മൊബൈൽ ഫോൺ ഒടുവിൽ സെക്യൂരിറ്റിയുടെ കൈയിലായിരുന്നു. എങ്ങനെ ആ മൊബൈൽ ഫോൺ സെക്യൂരിറ്റിയുടെ കൈയിലെത്തി എന്ന് അന്വേഷിക്കണം. അവർ വിശ്വനാഥനെ കള്ളനെന്ന് മുദ്രകുത്തി ചോദ്യംചെയ്തപ്പോൾ ഫോൺ വാങ്ങിയിരിക്കണം. സെക്യൂരിറ്റിയാണ് അമ്മായിക്ക് മൊബൈൽ കൈമാറിയത്. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരെ ചോദ്യംചെയ്താൽ സത്യം പുറത്തുവരും. സെക്യൂരിറ്റിക്കാരാണ് മോഷണം നടന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ആരുടെ സ്വർണവും പണവും മൊബൈലുമാണ് മോഷണംപോയത്. അതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ടോ? അതിലെ പരാതിക്കാർ ആരാണ്? ഇതിനെല്ലാം ഉത്തരം പറയേണ്ടത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിക്കാരാണ്.
മരത്തിൽ കയറി ആത്മഹത്യ ചെയ്യാൻ വിശ്വനാഥന് കഴിയുമായിരുന്നില്ല. കാരണം വിശ്വനാഥന്റെ കാൽമുട്ടിന് നേരത്തേ മരംമുറിക്കുമ്പോൾ പരിക്കുപറ്റിയിരുന്നു. അതിനുശേഷം മരത്തിൽ കയറാൻ കഴിയില്ല. സി.ഐ തന്നെയാണ് ഇത് ആത്മഹത്യയാക്കിത്തീർക്കാനുള്ള പരിശ്രമം നടത്തിയത്. സംഭവത്തിൽ പരാതി നൽകാൻ എത്തിയ വിനോദ് പൊലീസ് സ്റ്റേഷനിൽ ബഹളംവെച്ചു എന്നാണ് പൊലീസ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാൽ നടന്നത് എന്തെന്ന് വ്യക്തമാവും. ബലവാന്മാരായ 35 പൊലീസുകാർ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ആദിവാസിയായ താന്‍ ബഹളം വെച്ചുവെന്ന കള്ള ആരോപണമെന്ന് വിനോദ് പറയുന്നു. അത്രയും പൊലീസുകാർക്ക് ആദിവാസിയായ തന്നെ കൈകാര്യംചെയ്യാൻ എന്താണ് പ്രയാസം. ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടാതെ ജയിലിൽ അടക്കുമായിരുന്നിേല്ല എന്നാണ് വിനോദ് ചോദിക്കുന്നത്.
പട്ടികവർഗ വകുപ്പും കമീഷനും പ്രഖ്യാപന പ്രഹസനവും
എം.എ. കുട്ടപ്പന് പട്ടികവർഗ ക്ഷേമമന്ത്രിയായിരുന്ന 2001-02 കാലയളവില്‍ തൃശൂർ മെഡിക്കല്‍ കോളജ് പരിസരത്ത് ഒരുകൂട്ടം ചെറുപ്പക്കാർ മെഡിക്കൽ കോളജിലെത്തുന്ന ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സമരം നടത്തിയതിന്റെ ഫലമായി കേരളത്തിലെ ഗവ. മെഡിക്കൽ കോളജുകളില്‍ ആദിവാസി ഗോത്രമേഖലകളില്‍നിന്ന് എത്തുന്നവരെ സഹായിക്കുന്നതിനും ആവശ്യമായ നിർദേശങ്ങള്‍ നൽകി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി പട്ടികവർഗ വകുപ്പിന് ചുമതല നൽകുമെന്നും പ്രമോട്ടർമാരെ നിയമിക്കുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനം. എന്നാല്‍, വർഷം 20 കഴിഞ്ഞിട്ടും ഈ സംവിധാനങ്ങളുടെ പ്രവർത്തനം പൂർണതോതില്‍ സജ്ജമാക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല.
ആദിവാസി ഊരുകളിൽനിന്ന് എത്തുന്നവർക്ക് നഗരത്തെക്കുറിച്ച് അറിയില്ല. ചിലർ നിരക്ഷരരാണ്. അവരെയെല്ലാം സഹായിക്കാനുള്ള ഉത്തരവാദിത്തം പ്രമോട്ടർമാർക്കാണ്. ആദിവാസികളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ, വിവിധ സേവനങ്ങൾ ഉറപ്പാക്കല്‍ എന്നിവയും ഇവരുടെ ജോലിയിൽപെടുന്നു. പട്ടികവർഗ ഓഫിസർ പറഞ്ഞതുപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രി പ്രമോട്ടർമാർ ഉണ്ടായിരുന്നില്ല. അത് പട്ടികവർഗ വകുപ്പിന്റെ വീഴ്ചയാണ്. പ്രമോട്ടർമാർ ഉണ്ടായിരുന്നുവെങ്കിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു വിശ്വനാഥന്റേത്. വയനാട്ടിൽനിന്നെത്തുന്ന ആദിവാസികളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സുരക്ഷ നൽകേണ്ടത് പ്രമോട്ടറുടെ ഉത്തരവാദിത്തമാണ്. സെക്യൂരിറ്റി മോഷണക്കുറ്റം ആരോപിച്ചപ്പോൾ സ്ഥലത്ത് പ്രമോട്ടർ ഉണ്ടായിരുന്നുവെങ്കിൽ ഇടപെടാമായിരുന്നു. അട്ടപ്പാടിയിലും തൃശൂർ മെഡിക്കൽ കോളജിലും പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും ഇതേ പ്രതിസന്ധി തുടരുന്നുണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. പലയിടത്തും പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനം പരാജയമാണെന്ന് ആദിവാസികൾക്ക് അഭിപ്രായമുണ്ട്.
നിലവിൽ പട്ടികവർഗ വകുപ്പിന്റെ ഇടപെടൽ സുതാര്യമല്ല. കൂട്ടിരിപ്പുകാർക്ക് ചെലവിനായി 200 രൂപ നൽകണമെന്നാണ് സർക്കാർ തീരുമാനം. പലയിടത്തും 200 രൂപ കൂട്ടിരിപ്പുകാർക്ക് സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആരോഗ്യ പരിപാലനത്തിന് മെഡിക്കൽ കോളജിനെ തുക ഏൽപിക്കുന്നുണ്ട്. പട്ടികവർഗ വകുപ്പുകാർക്കുവേണ്ടി ചെലവഴിക്കേണ്ട തുകയാണത്. തുക ലഭിക്കാത്തതിനാൽ രോഗികൾക്ക് കൂട്ടിരിപ്പുകാരെ കിട്ടില്ല. മെഡിക്കൽ കോളജിന് പട്ടികവർഗ വകുപ്പ് നൽകുന്ന തുക അവർക്കുവേണ്ടി ചെലവഴിക്കുന്നുണ്ടോയെന്ന് മോണിറ്ററിങ് നടത്തുന്നില്ല. പട്ടികവർഗ വകുപ്പിൽ നിലവിൽ സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കിയിട്ടില്ല. ഇതെല്ലാം അഴിമതിക്കും പണം തിരിമറിക്കും ഒക്കെ കാരണമായിത്തീരുന്നു. വയനാട്ടിൽനിന്ന് മെഡിക്കല്‍ കോളജിലെത്തുന്ന ആദിവാസികൾക്ക് നിർദേശങ്ങൾ നൽകേണ്ടതും പരിരക്ഷിക്കേണ്ടതും പട്ടികവർഗ വകുപ്പിലെ പ്രമോട്ടർമാർതന്നെയാണ്. അതിനാൽ, പട്ടികവർഗ വകുപ്പും പ്രതിക്കൂട്ടിലാണ്.
വയനാട്ടിലെ സാമൂഹിക പ്രവർത്തകയായ അമ്മിണി കെ. വയനാടിന്റെ മുന്‍കൈയില്‍ വയനാട് സിവിൽ സ്റ്റേഷനു മുന്നില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദിവാസി-ദലിത് മനുഷ്യാവകാശ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ സംഘടനകളെ പങ്കെടുപ്പിച്ചു നടന്ന പ്രതിഷേധ സമ്മേളനശേഷം ഫെബ്രുവരി 17 ഉച്ചക്കു ശേഷമാണ് അഡ്വ. പി.എ. പൗരനടക്കമുള്ളവർക്ക് ഒപ്പം ഒരു വസ്തുതാന്വേഷണം എന്ന നിലയില്‍ ആദ്യമായി വിശ്വനാഥന്റെ വീട്ടിലെത്തിയത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും കലക്ടറും പട്ടികവർഗ കമീഷൻ ചെയർമാനും പട്ടികവർഗ ക്ഷേമ മന്ത്രിയും കൽപറ്റ എം.പിയും എം.എല്‍.എയും വിവിധരാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളുടെ നേതാക്കളുമൊക്കെ എത്തി ഞങ്ങളൊക്കെ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ ഉടൻ അനുവദിക്കാനും 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുമെന്നും പട്ടികവർഗ കമീഷൻ ചെയർമാനും ബിന്ദുവിന് വകുപ്പില്‍ ജോലിനൽകുമെന്ന് മന്ത്രിയും പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു. കലക്ടറും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. ഇവരുടെയെല്ലാം ഒപ്പം ജില്ല പട്ടികവർഗ വികസന ഓഫിസറുമുണ്ടായിരുന്നു. വീണ്ടും മൂന്നു ദിവസംകൂടി കഴിഞ്ഞാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാന്‍ പറ്റിയോ എന്നറിയാനായി ആ വീട്ടിലേക്ക് 21ന് ഞാനും മാധ്യമപ്രവർത്തകനായ സുനിലും കൂടി പോകുന്നത്. അവിടെ അന്ന് ചില ആചാര ചടങ്ങുകള്‍ നടക്കുന്ന ദിവസംകൂടിയായിരുന്നു. സംസാരത്തിനിടയില്‍ കമീഷൻ ചെയർമാന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ ധനസഹായം കിട്ടിയോ എന്ന് ചോദിച്ചപ്പോള്‍ ആ അമ്മയുടെ മറുപടിയിങ്ങനെ: ‘‘കോഴിക്കോട്ടുനിന്നു വന്നശേഷം ബിന്ദുവിനെയും കുട്ടിയെയും മാനന്തവാടി ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനും രണ്ടുദിവസം കിടത്തി ചികിത്സക്കുശേഷം തിരിച്ചു വീട്ടിലേക്ക് വരുന്നതിനും ആംബുലന്‍സ്, ഹോസ്പിറ്റലില്‍ ആയിരുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ പാത്രം, വെള്ളമെടുക്കാന്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റ്, കുറച്ച് അരിയും പച്ചക്കറിയും കിട്ടി.’’
ഇനിയും ജോലിക്ക് പോകാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്നത്തെ ചടങ്ങുകൂടി കഴിഞ്ഞാൽ പണിക്കിറങ്ങണം. എന്നിട്ടുവേണം കുറച്ച് കാശ് സംഘടിപ്പിച്ച് ചേട്ടന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റ് അന്വേഷണ റിപ്പോർട്ടുകളും വാങ്ങാന്‍ ഒരുദിവസം കോഴിക്കോട് പോകാൻ -സഹോദരൻ വിനോദ് പറഞ്ഞു.
ഇതിനിടയില്‍ മനുഷ്യാവകാശ കമീഷനു മുന്നില്‍ അന്വേഷണസംഘം മേധാവി മൂന്ന് പേജു വരുന്ന രണ്ടാമത് റിപ്പോർട്ട് നൽകി. അതില്‍ മോഷ്ടാവാക്കി ആള്ക്കാർ അപമാനിച്ചതില്‍ ദുഃഖിതനായി ഓടിപ്പോയി അടുത്തദിവസം ആ പ്രദേശത്തുള്ള മരത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നാണ്. ഇവിടെയാണ് മധുവും വിശ്വനാഥനും ഒരേ വംശഹത്യയുടെ ഇരയാക്കെപ്പടുന്നത്. ഫെബ്രുവരി 24ന് കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണസംഘം വീണ്ടും വയനാട്ടിലേക്ക് കയറുന്നു എന്ന വിവരമറിഞ്ഞ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ആരും അവരെ അറിയിച്ചിട്ടില്ലെന്നും വാർത്ത കണ്ടിരുന്നു എന്നും പറഞ്ഞു. പ്രമോട്ടറെ വിളിച്ചിരുന്നോ, സഹായധനത്തിന്റെ കാര്യമെന്തെങ്കിലും പറഞ്ഞോ എന്നു ചോദിച്ചപ്പോള്‍ അവർ കൊണ്ടുതന്ന ഫോറം പൂരിപ്പിച്ചു നൽകാത്തതുകൊണ്ടാണ് സഹായം വൈകുന്നതെന്നായിരുന്നു മറുപടി. എന്റെ കുഞ്ഞിന്റെ അച്ഛനെ അവർ അടിച്ചുകൊന്നതാണെന്ന് എനിക്ക് ഉറപ്പാണെന്നും ബിന്ദു ആവർത്തിച്ചു. ഇവിടെയാണ് പ്രഹസന പ്രഖ്യാപനങ്ങൾ നടത്തുന്ന മന്ത്രിയുംചെയർമാനും മുതല്‍ പ്രമോട്ടർവരെയുള്ള സംവിധാനങ്ങൾ വിചാരണചെയ്യപ്പെടേണ്ടത്.
♦