പ്രകാശം പരത്തുന്ന കഥകളും ഓർമകളും
മാർച്ച് 24ന് വിടപറഞ്ഞ പ്രിയസുഹൃത്തും കഥാകൃത്തുമായ ടി.എൻ. പ്രകാശിനെ ഒാർമിക്കുകയാണ് കഥാകൃത്ത് കൂടിയായ ലേഖകൻ. വായനക്കാരന് യാതന നൽകാത്ത സൂക്ഷ്മ നിരീക്ഷണവും സാമൂഹികാവബോധവുമുള്ളവയായിരുന്നു പ്രകാശിന്റെ കഥകൾ എന്ന് എഴുതുന്നു.പയ്യാമ്പലം ശ്മശാനത്തിൽനിന്ന് ടി.എൻ. പ്രകാശിന്റെ സംസ്കാരച്ചടങ്ങിൽ സംബന്ധിച്ച് മടങ്ങുമ്പോൾ മനസ്സിൽ നിറയെ ഓർമകളായിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഗാഢസൗഹൃദമായിരുന്നു പ്രകാശുമായുണ്ടായിരുന്നത്. ഗൾഫ് നാടുകളിൽ പലവട്ടം ടി. പത്മനാഭനോടൊപ്പം ഞാനും ടി.എൻ....
Your Subscription Supports Independent Journalism
View Plansമാർച്ച് 24ന് വിടപറഞ്ഞ പ്രിയസുഹൃത്തും കഥാകൃത്തുമായ ടി.എൻ. പ്രകാശിനെ ഒാർമിക്കുകയാണ് കഥാകൃത്ത് കൂടിയായ ലേഖകൻ. വായനക്കാരന് യാതന നൽകാത്ത സൂക്ഷ്മ നിരീക്ഷണവും സാമൂഹികാവബോധവുമുള്ളവയായിരുന്നു പ്രകാശിന്റെ കഥകൾ എന്ന് എഴുതുന്നു.
പയ്യാമ്പലം ശ്മശാനത്തിൽനിന്ന് ടി.എൻ. പ്രകാശിന്റെ സംസ്കാരച്ചടങ്ങിൽ സംബന്ധിച്ച് മടങ്ങുമ്പോൾ മനസ്സിൽ നിറയെ ഓർമകളായിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഗാഢസൗഹൃദമായിരുന്നു പ്രകാശുമായുണ്ടായിരുന്നത്. ഗൾഫ് നാടുകളിൽ പലവട്ടം ടി. പത്മനാഭനോടൊപ്പം ഞാനും ടി.എൻ. പ്രകാശും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും യാത്രചെയ്തതോർക്കുന്നു. പ്രകാശിനോടൊപ്പം ഒരേ മുറിയിൽ തങ്ങിയ ദിനരാത്രികളിൽ അദ്ദേഹത്തിന്റെ ശുദ്ധമനസ്കത അനുഭവിച്ചറിഞ്ഞിരുന്നു.
എട്ടൊമ്പത് വർഷമായി സ്ട്രോക് വന്നു ചികിത്സയിലായിരുന്നു പ്രിയസുഹൃത്ത്. ഊർജസ്വലതയോടെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങൾക്കൊക്കെ. ഇടക്ക് ഫോൺചെയ്യുന്ന തരത്തിലെത്തിയപ്പോൾ ഫോൺ വിളിക്കുമായിരുന്നു. ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പറയുന്നതൊക്കെ കേൾക്കാൻ ഏറെ താൽപര്യമായിരുന്നു.
ഒരാഴ്ചയായി ഫോൺ ചെയ്യാതായപ്പോൾ പ്രകാശുമായി ഏറെ അടുപ്പം പുലർത്തുന്ന കെ.കെ. രമേഷുമായും നാരായണൻ കാവുമ്പായിയുമായും ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തിരുന്നു, മരിക്കുന്നതിന് നാലു ദിവസം മുമ്പ്. പഴയ ജീവിതത്തിലേക്ക് പ്രകാശ് തിരിച്ചുവരുമെന്ന പ്രതീക്ഷ കെടുത്തിയ ഫോൺസന്ദേശമായിരുന്നു ഞായറാഴ്ച രാത്രിയിൽ വന്ന കെ.കെ. രമേഷിന്റെ വിളി. പ്രകാശ് യാത്രയായെങ്കിലും അദ്ദേഹത്തിന്റെ പ്രകാശം പരത്തുന്ന കഥകൾ വായനക്കാരിലെന്നുമുണ്ടാകും. കഥകളിൽ ഐ.എസ്.ഐ മുദ്ര വേണമെന്ന് മുമ്പൊരിക്കൽ പ്രകാശ് പറഞ്ഞതോർക്കുന്നു. ഉരുൾപൊട്ടൽപോലെ കഥകൾ പ്രവഹിക്കുന്ന കാലത്ത് ഇതിൽ കഥയും കാര്യവുമുള്ള കഥകളെത്രയുണ്ട് എന്ന് പ്രകാശിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ഈ പരാമർശം ഓർമിപ്പിക്കുന്നുണ്ട്.
ടി.എൻ. പ്രകാശിന്റെ ആദ്യ കഥ 1979ൽ മലയാള മനോരമയിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഉറൂബായിരുന്നു പത്രാധിപർ. കഥയെക്കുറിച്ച് ഉറൂബ് തന്ന മനോഹരമായ കത്ത് പ്രകാശ് എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. ഫാഷനനുസരിച്ച് തയ്പിക്കുന്ന ഉടുവസ്ത്രമല്ല പ്രകാശിന് കഥ. അത് ഉള്ളിൽനിന്ന് ഉറവപൊട്ടുന്നതാണ്. തെളിഞ്ഞ റെസിപ്പിയിൽ നമ്മുടെ അടുത്തിരുന്ന് കാതിൽ മന്ത്രിക്കുംപോലെ എഴുതുന്നതുകൊണ്ടാണ് ഈ കഥാകാരൻ എന്റെ ആത്മാവിന്റെ അയൽക്കാരനാകുന്നത്. മലയാളത്തിലെ ഒരു വലിയ കഥാകാരനാണ് പ്രകാശിന്റെ ‘കാളി’ എന്ന കഥയെക്കുറിച്ച് പറയുന്നത്. കാളിയും കണ്ണനും അവരുടെ അച്ഛനമ്മമാരും. സ്വന്തം കുഞ്ഞുങ്ങളോടുള്ള ഏതച്ഛനമ്മമാരുടെയും വാത്സല്യം സാധാരണമാണ്. ഒരു സാധാരണ സംഭവം എങ്ങനെ ഒരസാധാരണ കഥയായി മാറുന്നു എന്ന് ‘കാളി’ തെളിയിക്കുന്നു. കഥയുടെ കൈയടക്കം ഒരു മാന്ത്രികനെന്നപോലെ ഇവിടെ കാണാം. കാലത്തിന്റെ ക്രൗര്യം കുറേയേറെ കഥകളിൽ പ്രകാശ് വരച്ചിടുന്നുണ്ട്. അത്തരം ഒരു കഥയാണ് ‘ആരോട് പറയാൻ?’ എന്നത്.
മുട്ടോളമെത്തുന്ന മാങ്ങാടൻ തോർത്തിൽനിന്ന് ഇറ്റിവീഴുന്ന പുഴവെള്ളത്തോടെ കുഞ്ഞാമൻ പൊലീസ് സ്റ്റേഷനിലെത്തുന്നു. ലോക്കപ്പിൽ മണ്ണുകൊണ്ട് തീർത്തൊരു മനുഷ്യപ്രതിമയെ തൊട്ടുനോക്കുന്നു. അപ്പോളതിന്റെ ജീവനുള്ള വാക്കുകളിങ്ങനെ: ‘‘ചങ്ങാതീ പേടിക്കേണ്ട. നിലംപൊത്താൻ പോകുന്ന ചാളയ്ക്കൊരു താങ്ങുണ്ടാക്കാൻ, കട്ടമുറിക്കാൻ മണ്ണ് കിളച്ചതാ. സ്വന്തം പറമ്പിൽനിന്ന് കിണറ്റീന്ന് വെള്ളം കോരിത്തന്നേന് കെട്ടിയോളേം കൊണ്ടുവന്നിട്ടുണ്ട്.’’ ആകാശത്തിന്റെ ഒരിടം കവർന്നെടുക്കുന്നതിന് തടവിലാക്കപ്പെട്ടവരുടെ കഥയാണ് പ്രകാശ് പറയുന്നത്.
ഒരു യാത്രയിലെ ബന്ധത്തിന്റെ ബന്ധനമാണ് ‘ലക്നോവിൽനിന്ന് സ്നേഹപൂർവം’ എന്ന കഥ. ‘ ഉമക്കുട്ടി കിനാവു കാണാറില്ല’ എന്ന കഥയിൽ യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണഞ്ഞു കിടക്കുന്നു. ആഖ്യാനത്തിന്റെ സൗന്ദര്യം ഇവിടെ. നമ്മുടെ ഡോക്ടറേറ്റിന്റെ പൊള്ളത്തരങ്ങളിലേക്ക് ‘വളപട്ടണം പാലം’. രണ്ടു പെൺകുട്ടികളുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് ‘താപം’. സഭ്യേതരമായൊരു വാക്ക്പോലുമില്ലാതെ ഒരു ലെസ്ബിയൻ ബന്ധം എത്ര മനോഹരമായി വരച്ചിടാം എന്ന് ‘താപം’ വായിക്കുമ്പോൾ നാമറിയുന്നു. നമ്മുടെ കാലഘട്ടത്തിന്റെ ഒരു ദർശനത്തിന് എന്തു സംഭവിക്കുന്നു എന്ന് ആക്ഷേപഹാസ്യത്തോടെ പറയുന്നു ‘ഗാന്ധിമാർഗ’ത്തിൽ. ഗാന്ധിജിയെ വികൃതമായി അനുകരിക്കുന്ന പുത്തൻ ഗാന്ധിമാർ ഒടുവിൽ വെറും പ്രതിമകളായി മാറുകയാണിവിടെ.
ഒരുച്ചതെറ്റിയ നേരത്ത് ചരിവിറങ്ങി സാവിത്രി ടീച്ചറുടെ മുറിയിലേക്ക് കയറിവരുന്ന മാത്തച്ചൻ. മാത്തച്ചന്റെ മനസ്സ് തൊട്ടുകാണിക്കുന്ന കഥയാണ് ‘മർമരം’. കൂസലില്ലാതെ അയാൾ പറയുന്നു: ‘‘യെന്റെ പേര് മാത്തച്ചൻ. ഞാൻ ജയിലീന്ന് വര്വാ.’’ കേല്ലറേറ്റ് കരഞ്ഞുകൊണ്ടിരിക്കുന്ന സൗപർണിക എന്ന കുട്ടിയുടെ ദൃശ്യത്തിലൂടെ ഭൂതകാലത്തിലേക്കെത്തുന്ന മാത്തച്ചനിലൂടെ ഏത് കുറ്റവാളിയുടെ മനസ്സിലും നന്മയുടെ ഇത്തിരി പ്രകാശമെങ്കിലുണ്ടാകുമെന്ന് കഥാകൃത്ത്. ഒരു ഉപഭോക്തൃ സമൂഹത്തെ വിപണിക്ക് എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് ‘എക്സ്ചേഞ്ച് മേള’. പുതുമക്കുവേണ്ടി എത്ര പണവും ചെലവഴിക്കാൻ മടിക്കാത്ത മലയാളിക്ക് മുമ്പിൽ വിപണി വലിയ വായ തുറന്നുനിൽക്കുന്നത് ഇവിടെ കാണാം. മധുമിതാ ശങ്കർ ഉപരിവർഗത്തിലെത്താൻ കൊതിക്കുന്ന ഒരു മധ്യവർഗ മലയാളി വനിതയുടെ പ്രതിനിധി. പ്രകാശിന്റെ കഥകളൊന്നും വായനക്കാരന് യാതന നൽകുന്നില്ല. സൂക്ഷ്മ നിരീക്ഷണവും സാമൂഹികാവബോധവുമുള്ള ഇക്കഥകൾ പുരോഗമന സാഹിത്യ നിരൂപകരും കൊണ്ടാടിയിട്ടില്ല. പക്ഷേ, പ്രകാശമുള്ള ഇക്കഥകൾ വായനക്കാരുടെ മനസ്സിലുണ്ട്.
അമ്മവീടായ വലിയത്തൂരിലെ കൂലോത്ത് തറവാട്ടിൽ പത്തുമുപ്പത് വയറുകൾക്കിടയിൽ സംഘർഷഭരിതമായ ബാല്യം കഴിച്ചുകൂട്ടിയതിന്റെ ഓർമ ഈ കഥാകൃത്ത് പിൽക്കാലത്ത് പറഞ്ഞതോർക്കുന്നു. ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടിക്കാലം. പ്രകാശ് പറയുന്നു: ‘‘ഒരു വിധവയുടെ മകന് കിട്ടുന്ന അവഗണന മാത്രമായിരുന്നു ചില നേരങ്ങളിലെ ഭക്ഷണം. വലിയന്നൂർ എൽ.പി സ്കൂളിൽ നാലാം ക്ലാസിലെത്തുമ്പോഴേക്കും ബീഡിക്ക് നൂൽകെട്ടാൻ പഠിച്ചു.
വാരം യു.പി സ്കൂൾ, ചേലോറ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിന് അത് തുണയായി. പത്തിലെത്തുേമ്പാഴേക്കും ബീഡിതെറുപ്പിൽ ‘ബിരുദം’. കണ്ണൂർ എസ്.എൻ കോളജിലെ പഠനത്തിന് ബീഡിതെറുപ്പ് സഹായിച്ചു. ബിരുദാനന്തര ബിരുദത്തിന് കോഴിക്കോട് ദേവഗിരി കോളജിലും ഫാറൂഖ് കോളജിലും അപേക്ഷ അയച്ചു. രണ്ടിടത്തുനിന്നും പ്രവേശനത്തിന് കാർഡ് വന്നു. ഒരു രക്ഷിതാവിനെ കിട്ടാൻ വിഷമം. ദിവസക്കൂലിക്ക് ഒരാളെ കണ്ടെത്തുമ്പോഴേക്കും അഡ്മിഷനും തീർന്നു. എം.എസ് സി മാത് സ് എന്ന സ്വപ്നം അതോടെ ചാമ്പലായി.’’
ജീവിതത്തിന്റെ കൊടും വെയിലിലൂടെ നടന്നത് അനുസ്മരിക്കുമ്പോഴും ചിരിയുടെ അടരുകളിൽ കണ്ണീരൊളിപ്പിച്ചുവെച്ചു പ്രകാശ്. ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ ഒരുപാടുള്ളതുകൊണ്ടാകാം വാക്കുകൾക്കിടയിലെ മൗനതാളത്തിലൂടെ മനുഷ്യാവസ്ഥയെ പകർത്തിവെക്കാൻ ഈ കഥാകാരന് കഴിഞ്ഞത്. എന്നും മനുഷ്യന്റെ ഹൃദയപക്ഷത്തു നിന്ന ടി.എൻ. പ്രകാശ് ഒരു വിശാല ഇടതുപക്ഷത്തിന്റെ കീഴിൽ വർഗീയത തൊട്ടുതീണ്ടാത്ത ഒരിന്ത്യ വളരെ മുമ്പുതന്നെ സ്വപ്നം കണ്ടിരുന്നു.