Begin typing your search above and press return to search.
proflie-avatar
Login

വെള്ളത്തിൽ കവിതയെഴുതുന്ന മുഹമ്മദ് ഷെരീഫ്

വെള്ളത്തിൽ   കവിതയെഴുതുന്ന  മുഹമ്മദ് ഷെരീഫ്
cancel

മലയാളത്തിലെ ഒരു കവിയെക്കുറിച്ചാണ്​ ഇൗ എഴുത്ത്​. ഒരു കവിതയും അച്ചടിച്ചിട്ടില്ല. എന്നാൽ, തുടർച്ചയായി എഴുതുന്നു. 87 വയസ്സ്​. വൈകാതെ പുസ്​തകം പുറത്തുവരും. കോഴിക്കോടി​ന്റെ സാംസ്​കാരിക രംഗത്ത്​ സജീവമായിരുന്ന മുഹമ്മദ് ഷെരീഫിനെക്കുറിച്ചും അദ്ദേഹത്തി​ന്റെ കവിതകളെക്കുറിച്ചുമാണ്​ ഇൗ ലക്കം. എഴുതപ്പെടാത്ത കഥകളും കവിതകളുമായി മൺമറയുന്ന ഏകാന്തമായ വെളിപാടുകൾ നിരവധിയാണ്. അത് ആരുമറിയുന്നില്ല. ഏതൊരു കാലത്തി​ന്റെയും അങ്ങനെയുള്ള പ്രസരണനഷ്ടം മുന്നിൽ കടലുപോലെ കിടപ്പുണ്ട്. ആർക്കു വേണമത്? ആർക്കും വേണ്ടെങ്കിലും എഴുതുന്നവരുണ്ട്. അതാണ് മുഹമ്മദ് ഷെരീഫ് എന്ന കവി. എഴുതാൻ ആഗ്രഹിച്ച് അതിന് വിത്തിടുകയും...

Your Subscription Supports Independent Journalism

View Plans
മലയാളത്തിലെ ഒരു കവിയെക്കുറിച്ചാണ്​ ഇൗ എഴുത്ത്​. ഒരു കവിതയും അച്ചടിച്ചിട്ടില്ല. എന്നാൽ, തുടർച്ചയായി എഴുതുന്നു. 87 വയസ്സ്​. വൈകാതെ പുസ്​തകം പുറത്തുവരും. കോഴിക്കോടി​ന്റെ സാംസ്​കാരിക രംഗത്ത്​ സജീവമായിരുന്ന മുഹമ്മദ് ഷെരീഫിനെക്കുറിച്ചും അദ്ദേഹത്തി​ന്റെ കവിതകളെക്കുറിച്ചുമാണ്​ ഇൗ ലക്കം. 

എഴുതപ്പെടാത്ത കഥകളും കവിതകളുമായി മൺമറയുന്ന ഏകാന്തമായ വെളിപാടുകൾ നിരവധിയാണ്. അത് ആരുമറിയുന്നില്ല. ഏതൊരു കാലത്തി​ന്റെയും അങ്ങനെയുള്ള പ്രസരണനഷ്ടം മുന്നിൽ കടലുപോലെ കിടപ്പുണ്ട്. ആർക്കു വേണമത്? ആർക്കും വേണ്ടെങ്കിലും എഴുതുന്നവരുണ്ട്. അതാണ് മുഹമ്മദ് ഷെരീഫ് എന്ന കവി.

എഴുതാൻ ആഗ്രഹിച്ച് അതിന് വിത്തിടുകയും എന്നാൽ ജീവിതപങ്കാളിയുടെ അഭ്യർഥന മാനിച്ച് എഴുതാതെ പിന്മാറുകയുംചെയ്ത എഴുത്തുകാരനാണ് മുഹമ്മദ് ഷെരീഫ്. അത് അദ്ദേഹത്തി​ന്റെ ഭൂതകാലം. ഒരു നോവലായിരുന്നു അന്ന് മനസ്സിൽ. അത് മനസ്സിൽതന്നെ കുഴിച്ചിട്ടു. പിന്നെ അത് പൊട്ടിമുളച്ച് കുട്ടിക്കുട്ടി കവിതകളായി. അതിപ്പോൾ നിത്യവും എഴുതുന്നു. വെള്ളത്തിൽ എന്നപോലെ.

എൺപതാം വയസ്സിൽ ഉണ്ണിമാഷ് (ഗുരുവായൂരപ്പൻ കോളജി​ന്റെ മുൻ പ്രിൻസിപ്പൽ) കവിയായി എന്നു പറഞ്ഞപ്പോൾ ഷെരീഫ് സർ പറഞ്ഞു: “അതിനെന്താ, എനിക്ക് 87 ആയില്ലേ. ഞാനിപ്പോഴും എഴുത്തുകാരനായില്ലല്ലോ, അങ്ങനെ എത്രപേർ ’’ എന്ന്. അതെ, അങ്ങനെ എത്രയോ പേർ. തിരഞ്ഞെടുക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെടാത്തവരും, എഴുത്ത് എന്നും രണ്ടായി വിഭജിക്കപ്പെട്ടുനിൽക്കുന്നു.

തിരഞ്ഞെടുക്കപ്പെടാത്ത എഴുത്തി​ന്റെ പിറകെയാണ് മുഹമ്മദ് ഷെരീഫ് എന്ന കവി. ഒരു കവിതയും അച്ചടിച്ചിട്ടില്ല. എന്നാൽ, ഫേസ്ബുക്കിൽ കവിത കുറിച്ചിടുക എന്നത് ശീലമാണ്. അത് ഒട്ടും വൈറൽ അല്ല. അതുകൊണ്ട് ചുരുങ്ങിയ വായനക്കാരേ ഉള്ളൂ. ഫേസ്ബുക്ക് അൽഗോരിതം അനുസരിച്ച് മുഹമ്മദ് ഷെരീഫി​ന്റെ കവിതകൾ ഏതാനും പേർക്ക് മാത്രമാണ് കാട്ടിക്കൊടുക്കപ്പെടുന്നത്. ഹൈക്കു എന്ന ധാരയിൽപെടുത്താവുന്ന അതിസൂക്ഷ്മവും മനോഹരവുമായ ആവിഷ്കാരങ്ങൾകൊണ്ട് സമ്പന്നമാണ് ആ പേജ്. അത് ചിലപ്പോൾ നിലവിളിക്കും, ചിലപ്പോൾ പൊട്ടിച്ചിരിക്കും, പരിഹസിക്കും.

 

ഡോ. ​കെ.​വി.​ ഗം​ഗാ​ധ​ര​ൻ,ജയരാജ്​

ഡോ. ​കെ.​വി.​ ഗം​ഗാ​ധ​ര​ൻ,ജയരാജ്​

ഏറ്റവും മികച്ച പ്രണയ കവിതയെഴുതാൻ പറ്റിയ പ്രായം എൺപതുകളാണെന്ന് സ്വയം പ്രഖ്യാപിക്കും. ആരും കേൾക്കുന്നില്ലെങ്കിലും പാടുകയെന്നത് കിളിയുടെ സ്വതഃസിദ്ധമായ ആവിഷ്കാരമാണ് എന്നപോലെ മുഹമ്മദ് ഷെരീഫ് എന്ന മനുഷ്യൻ ഫേസ്ബുക്കിൽ എഴുതിക്കൊണ്ടേയിരിക്കുന്നു. പൊടുന്നനെ ചിലപ്പോൾ നിശ്ശബ്ദനാകും. അത് വേദനകൾകൊണ്ടായിരുന്നു എന്നുപറഞ്ഞ് തിരിച്ചുവരും.

മുഹമ്മദ് ഷെരീഫ് എന്നു പറഞ്ഞാൽ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. അത്രയധികം മുഹമ്മദ് ഷെരീഫുമാരുണ്ട് നമ്മുടെ നാട്ടിൽ. കോട്ടയത്ത് എത്ര മത്തായി ഉണ്ട് എന്ന് ജോൺ എബ്രഹാം ഒരു കഥയിൽ ചോദിച്ചതുപോലെ കോഴിക്കോട്ടും മലപ്പുറത്തും എത്ര മുഹമ്മദ് ഷെരീഫ് ഉണ്ടെന്ന് ചോദിക്കാം. എന്നാൽ, ഒന്നുറപ്പാണ്, 87ാം വയസ്സിലും ആരും വായിക്കാനില്ലെങ്കിലും നിത്യവും കവിതയെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന മുഹമ്മദ് ഷെരീഫ് ഒന്നേയുള്ളൂ. ഒരുകാലത്ത് മലബാറിലെ പ്രശസ്തനായ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു ഷെരീഫ് സർ. മഞ്ചേരിയായിരുന്നു പ്രാക്ടിസ്.

മഞ്ചേരി കോടതിയായിരുന്നു പ്രധാന തട്ടകം. തൊട്ടടുത്ത് മഞ്ചേരി ശ്രീധരൻ നായരുടെ വക്കീലോഫീസിൽ പി.എ. മുഹമ്മദ് കുട്ടി എന്ന സുന്ദരൻ മമ്മൂട്ടിയാകുന്ന കാലത്തിന് മുമ്പേ എത്തിച്ചേരുമ്പോൾ അവിടെ അതിലും സുന്ദരനായ മുഹമ്മദ് ഷെരീഫ് മഞ്ചേരിയിലെ തലയെടുപ്പുള്ള അഭിഭാഷകനായിരുന്നു. ആ സുന്ദരന്മാർ കൂട്ടുകാരുമായി.

“ഞാൻ പെട്രോളടിക്കാം, നമുക്കൊന്ന് കോഴിക്കോട്ട് പോയി കറങ്ങിയാലോ’’ എന്നു ചോദിക്കും പി.എ. മുഹമ്മദ് കുട്ടി. മുഹമ്മദ് ഷെരീഫിനും അതിഷ്ടമായിരുന്നു. മഞ്ചേരിനിന്നും കോഴിക്കോട്ടേക്കുള്ള ആ പര്യടനങ്ങൾ സ്വപ്നങ്ങൾ പങ്കുവെച്ചുള്ള മനോഹര യാത്രകളായിരുന്നു. പി.എ. മുഹമ്മദ് കുട്ടി പിന്നെ മമ്മൂട്ടിയായി ലോകം കീഴടക്കി സിനിമയുടെ ആകാശത്തേക്ക് പറന്നു. എന്നാൽ, ആ സഞ്ചാര സൗഹൃദകാലം മമ്മൂട്ടി മറന്നില്ല. ദുൽഖറി​ന്റെയും സുറുമിയുടെയും നിക്കാഹിന് മുഹമ്മദ് ഷെരീഫിനെ ഓർത്തുവെച്ച് ക്ഷണിച്ചു. പഴയ സുഹൃത്തിനെ ആ സന്തോഷത്തി​ന്റെ ഭാഗമാക്കി.

പാലക്കാട് വിക്ടോറിയ കോളജിലും മദ്രാസ് ലോ കോളജിലുമാണ് മുഹമ്മദ് ഷെരീഫ് പഠിച്ചത്. പിന്നെ മലപ്പുറത്തെ ഉണ്ണ്യേൻ സാഹിബി​ന്റെയും ഫാത്തിമയുടെയും മകൾ ആയിഷാബിയെ കെട്ടി. ഉണ്ണ്യേൻ സാഹിബ് എന്നു പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടില്ല. അദ്ദേഹമാണ് പഴയ മലപ്പുറത്തി​ന്റെ ചരിത്രത്തിൽ മതംമാറ്റത്തെ തുടർന്ന് കൊലചെയ്യപ്പെട്ട രാമസിംഹൻ. രാമസിംഹൻ കൊലക്കേസ് എന്ന പേരിൽ ഓർമയുടെ ചരിത്രത്തിൽ മായാതെ നിൽക്കുന്ന ഒരധ്യായമാണത്. 1947 ആഗസ്റ്റ് 2നായിരുന്നു ആ സംഭവം. രാമസിംഹനെയും അനുജൻ ദയാസിംഹനെയും ഭാര്യ കമലയെയും അവരുടെ പാചകക്കാരൻ രാജുവിനെയും അവരുടെ എസ്റ്റേറ്റ് ബംഗ്ലാവിൽവെച്ച് അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി.

 

ഷെരീഫ് -ആദ്യകാല ചിത്രം,ഷാ​ന​വാ​സ് കോ​നാ​ര​ത്ത്

ഷെരീഫ് -ആദ്യകാല ചിത്രം,ഷാ​ന​വാ​സ് കോ​നാ​ര​ത്ത്

നാടിനെ വിറപ്പിച്ച കൂട്ടക്കൊലയായിരുന്നു അത്. നിരവധിപേർ പിടിയിലായി. വധഗൂഢാലോചനയിൽ രാമസിംഹ​ന്റെ ഭാര്യാ പിതാവ് ഉണ്ണിക്കമ്മു സായിവിനും പങ്കുള്ളതായി പൊലീസ് കണ്ടെത്തി. പ്രതികളെ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. അപ്പീലിൽ മദ്രാസ് ഹൈകോടതി എല്ലാവരെയും വെറുതെ വിട്ടു. ഉണ്ണ്യേൻ സാഹിബ് എന്ന നരസിംഹ​ന്റെ മകൾ ആയിഷാബി പിന്നീട് മുഹമ്മദ് ഷെരീഫി​ന്റെ ജീവിതപങ്കാളിയായി.

ചരിത്രവും കഥകളും നിഗൂഢതകളും നിറഞ്ഞ ഓർമകൾ സ്വന്തം ജീവിതത്തിൽ പലരൂപത്തിൽ പിന്തുടരുന്നത് മുഹമ്മദ് ഷെരീഫ് അറിഞ്ഞു. അതൊരു നോവലായി പരിണമിക്കുന്നത് സ്വാഭാവികമായിരുന്നു. ഒരഭിഭാഷകൻകൂടിയായ മുഹമ്മദ് ഷെരീഫ് ഓർമകളുടെ ചരിത്രത്തിലേക്ക് ആണ്ടിറങ്ങി എഴുതാൻ ആഗ്രഹിച്ച നോവലിന് കരടുരൂപം ഉണ്ടാക്കി. അധ്യായങ്ങൾക്ക് തലക്കെട്ടുകൾ വരെ നിർമിച്ചു. അപ്പോഴാണ് ജീവിതപങ്കാളിയുടെ അഭ്യർഥന വന്നത്: അത് എഴുതരുത്. പഴയ ഓർമകളെ കുത്തിയുണർത്തരുത്. ജീവിതപങ്കാളിയെ പ്രാണന് തുല്യം സ്നേഹിച്ച ഷെരീഫ് അതു കേട്ടു. മലയാളത്തിലെ നോവൽ സാഹിത്യത്തി​ന്റെ ചരിത്രത്തിൽ മറ്റൊരാൾക്കും എഴുതാനാവാത്ത ഒരു നേരനുഭവത്തി​ന്റെ ജീവിതപാഠം അങ്ങനെ നോവൽ സാഹിത്യമാകാതെ ഓർമയിലേക്ക് പിൻവാങ്ങി. കാലത്തിൽ നിശ്ചലമായി അത് ഓർമയിൽ നിന്നു.

2008ലാണ് മുഹമ്മദ് ഷെരീഫ് ജീവിതപങ്കാളി ആയിഷാബിയുടെ ചികിത്സാർഥം കോഴിക്കോട്ടെത്തുന്നത്. 2008ൽതന്നെയായിരുന്നു ദീദിയും അർബുദ ചികിത്സ തേടി കോഴിക്കോട് ബി.എം.എച്ചിൽ ഡോ. കെ.വി. ഗംഗാധര​ന്റെ മുന്നിലെത്തുന്നത്. അർബുദ ചികിത്സ തേടുന്നവരും അവരുടെ ബൈസ്റ്റാൻഡർമാരും കുടുംബാംഗങ്ങളും ഡോക്ടർമാരും ഒക്കെ ചേർന്ന് അസാധാരണമായ ഒരു കൂട്ടായ്മ അറിയാതെ രൂപംകൊള്ളും. ഡോ. കെ.വി. ഗംഗാധരൻ ഞങ്ങളുടെയൊക്കെ ഒരു ഹീറോ ആയി മാറിയത് ഈ പോരാട്ടകാലത്തിനിടയിലാണ്. ഡോക്ടറുടെ മനുഷ്യപ്പറ്റ് ആ ഹീറോയിസത്തി​ന്റെ മാറ്റുകൂട്ടുന്നു: “എന്തൊരു മനുഷ്യനാണ് ഗംഗാധരൻ’’ –ഒരുദിവസം മുഹമ്മദ് ഷെരീഫ് ആ സൗഹൃദം പങ്കുവെച്ചു.

2008 മുതൽ തന്നെയാവണം കോഴിക്കോട്ട് നടക്കുന്ന ഏത് സാംസ്കാരിക പരിപാടിയിലും ഏത് ഫിലിം സൊസൈറ്റി പ്രദർശനത്തിനും മുഹമ്മദ് ഷെരീഫും വന്നുതുടങ്ങി. അദ്ദേഹം ഒരു കവിയാണ് എന്നറിയുന്നത് പിന്നെയും ഏറെ വൈകിയാണ്. ഷെരീഫ് സാറി​ന്റെ മറ്റൊരു ഫേസ്ബുക്ക് സുഹൃത്തും അദ്ദേഹത്തി​ന്റെ ഫേസ്ബുക്ക് കവിതകളുടെ നിരന്തര വായനക്കാരനുമായ ‘മാതൃഭൂമി’യിലെ സ്വയംനിർമിത ചരിത്രകാരൻ എം. ജയരാജ് ആണ് അക്കാര്യം ഒരു സ്വകാര്യസംഭാഷണത്തിനിടയിൽ ചൂണ്ടിക്കാട്ടിയത്: “ആരും അച്ചടിക്കുന്നില്ല എന്നേയുള്ളൂ, വലിയ കവിയാണ് അദ്ദേഹം.’’

അങ്ങനെയാണ് ഫേസ്ബുക്കിൽ എഴുതുമ്പോൾ പറ്റുന്ന അക്ഷരത്തെറ്റുകൾ നിറഞ്ഞ മുഹമ്മദ് ഷെരീഫ് എന്ന ഏകാന്തനായ കവിയുടെ ലോകത്തിലേക്ക് ഞാൻ കടന്നുചെല്ലാനിടയാകുന്നത്. ഭൂമി തരംമാറ്റത്തിന് നിരന്തരം അപേക്ഷിച്ച് പിറകെ നടന്ന് കാത്തുനിൽക്കുന്നവരുടെ അപേക്ഷ സർക്കാർ പരിഗണിക്കുന്നതിനപ്പുറം നമ്മുടെ പത്രാധിപന്മാർക്ക് കവിതകൾ കണ്ടുപിടിച്ചു അച്ചടിക്കാൻ കൊടുക്കാനൊന്നും സമയമൊന്നുമില്ലാത്തതുകൊണ്ട് ക്യൂ നിന്നാലേ ഒരാൾക്ക് എഴുത്തുകാരനാകാനാവൂ. ആ ക്യൂവിൽ നിൽക്കാതെ മുഹമ്മദ് ഷെരീഫ് എന്ന കവി എഴുതുന്നു:

 

മുഹമ്മദ് ഷെരീഫും ജീവിതപങ്കാളി ആ​യി​ഷാ​ബിയും -രണ്ട് കാലങ്ങളിൽ

മുഹമ്മദ് ഷെരീഫും ജീവിതപങ്കാളി ആ​യി​ഷാ​ബിയും -രണ്ട് കാലങ്ങളിൽ

ദിനാന്ത്യക്കുറിപ്പുകൾപോലത്തെ ‘ഹൈക്കു’കൾ

വേദനയുടെ ഉറവകൾ വറ്റിത്തുടങ്ങിയിരിക്കുന്നു.

കുറച്ച് വേദനകൾ കടംതരുമോ? കാണിക്കേണ്ട

ഇടങ്ങളിൽ പോകുമ്പോൾ

അണിഞ്ഞു പോകാനാണ്.

ചില അഭിമുഖങ്ങൾ

രണ്ട്‌ കണ്ണാടികൾ മുഖാമുഖം

നോക്കുന്നത് പോലെയാണ്

ഒന്നും കാണില്ല.

ഞാൻ മറന്നത്

പഠിച്ചതിനേക്കാൾ എത്രയോ

ഏറെയാണ്.

എനിക്കും കിട്ടി

മറവിയിൽ ഒരു എ +

ജീവിതം ഇത്രയേറെ നീണ്ടുനിൽക്കും

എന്ന് അറിഞ്ഞിരുന്നെങ്കിൽ

എന്റെ വേഗത

കുറെ കുറക്കാമായിരുന്നു.

എന്നെ ഒന്ന് വെറുതെ വിടൂ

എന്ന് ഞാൻ ആദ്യം പറയുക

എന്നോടുതന്നെ ആയിരിക്കും

മറ്റൊരാളും എന്നെ ഇത്ര

ശല്യപ്പെടുത്തുകയില്ല.

എന്റെ ജീവിതം കഥ എഴുതിയത്

വെള്ളത്തിലാണ്,

മഷി രക്തമാണെങ്കിലും.

എന്റെ നെറ്റിയിൽ

നിസ്കാര തഴമ്പില്ല.

എന്നാൽ

എന്റെ നെഞ്ചിൽ

ആലിംഗനങ്ങളുടെ തഴമ്പുണ്ട്.

കണ്ണടകൾ വേണം.

കാലുകൾ പറയുന്നു നടക്കാൻ വയ്യ

കയ്യുകൾ പറയുന്നു എടുക്കാൻ വയ്യ

കാതുകൾ പറയുന്നു കേൾക്കാൻ വയ്യ

എന്നാൽ

കണ്ണുകൾ പറയുന്നു

ഞങ്ങൾക്ക് ഒരു വല്ലായ്മയും ഇല്ല

ഇഷ്ടമുള്ളിടത്തൊക്കെ പാറിനടക്കും

കണ്ണടകൾ വേണം

എനിക്ക് നോക്കി കാണാനല്ല

ഞാൻ നോക്കുന്നത് കാണാതിരിക്കാൻ.

വല്ലാത്ത മറവി

ഇനി ഒന്ന് മറക്കാൻ മറന്നാൽ

മതിയായിരുന്നു.

കണ്ണുകൾ കവാടങ്ങൾ ആണ്

അതിലൂടെയാണ് ഞാൻ പുറത്തുപോകുന്നത്.

നീ കടന്നുവന്നതും.

പ്രതീതിയാഥാർഥ്യം.

ഞാൻ നിന്നെ ഒരിക്കലേ കണ്ടിട്ടൊള്ളൂ

അത് നിനക്കറിയില്ല.

ഞാൻ നിന്നോട്

പറഞ്ഞിട്ടുമില്ല.

പിന്നെ മനസ്സിൽ

അതൊരു ഇഷ്ടമായി

ആരാധനയായി പ്രണയമായി

അതും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല.

വെറുതെ എന്തിന്

ഒരു നഷ്ടപ്രണയത്തിന്റ നിർവൃതികൾ

ഞാൻ നഷ്ടപ്പെടുത്തുന്നു.

ഒറ്റക്കിരിക്കാൻ ഇഷ്ടമാണ്.

പക്ഷേ കഴിയുന്നില്ല

ആരുമില്ലെങ്കിലും

എന്റെ കൂടെ ഞാൻ ഉണ്ടാകും.

ഓരോന്ന് പറഞ്ഞു ശല്യംചെയ്യാൻ.

ഞാൻ ഒരു കൂട്ടിലാണ്.

എന്റെ ഉള്ളിലും ഒരു കൂടുണ്ട്.

എന്നിട്ടും ഞാൻ ചോദിക്കുന്നു.

എന്റെ കൂടെവിടെ.

ഒന്ന് ഉൾവലിഞ്ഞാലോ എന്ന് തോന്നുകയാണ്.

എനിക്കിപ്പോൾ പുറത്തുള്ളതിനേക്കാൾ ഇടം

എന്റെ ഉള്ളിലാണ്.

ഞാൻ

ഒരു ഞാനിന്മേൽകളി

ഞാൻ ആരാണ് എന്താണ് ഏതാണ്

ഇതറിയുവാൻ വലിയ പാണ്ഡിത്യമോ

ആത്മീയതയോ ഒന്നും വേണ്ട.

ഞാൻ എല്ലാ ജീവികളെയുംപോലെ

ഒരു ജീവി മാത്രമാണ്.

പരിണാമംകൊണ്ടോ എന്തോ

ചിലർക്ക് കുറച്ച് ബുദ്ധി കൂടും

എല്ലാവർക്കും ഒരു പേരും ഉണ്ടാകും

അത്രമാത്രം.

പിന്നെ...

എന്റെ കയ്യ് എന്റെ കാല് എന്നൊക്കെ

പറയുന്ന ആ എന്റെയിലെ

ഞാൻ ആരാണ് എന്ന ചില

Absurd ചോദ്യങ്ങൾ ഉണ്ടാവാം

അവിടെ ഞാൻ എന്നത്

സൗകര്യത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ട

ഒരു identityയാണ്.

കുറെ കുടകൾ ഉണ്ടെങ്കിൽ

ഇത് ദാസന്റെ കുടയാണ് ഇത് ജോസിന്റെ

കുടയാണ് എന്ന് പറയുന്നതുപോലെ

ഇത് അഹമ്മദായ എന്റെ കുടയാണെന്ന്

പറയാതെ എന്റെ കുടയാണ്

എന്ന് പറയുന്നതല്ലേ ഭംഗി.

അത്രേ ഉള്ളൂ.

നയിക്കാത്ത വെളിച്ചങ്ങൾ

ഞാൻ ഒരു ചെറിയ നാളമായിരുന്നു

പിന്നെ ശോഭയുള്ള വിളക്കായി

ഇപ്പോൾ എരിഞ്ഞടങ്ങുന്ന മെഴുകുതിരിയും.

എവിടെയോ ആരോ ഒരാൾ എന്നെ

കാത്തിരിക്കുന്നു.

ഇവിടെ ഞാനും ആരോ ഒരാളെ

കാത്തിരിക്കുന്നു. ഈ കഥയിലെ

നായകൻ കാത്തിരിപ്പാണ്.

(ഈ രാത്രി തീരാതിരിക്കട്ടെ)

എത്ര മധുരമായ ഒരു കവിതയാണ്

ഈ വാക്കുകൾ…

ഞാൻ എഴുതുന്നതെല്ലാം

എന്റെ എന്നോടുള്ള

സംസാരങ്ങളാണ്.

വൃക്ഷങ്ങൾ പറയുന്ന കദനകഥകൾ

അവരുടെ കഥകളല്ല

പക്ഷിക്കൂടുകളുടേതാണ്.

അംഗീകാരം

ആരുമല്ലാത്ത ഞാൻ

ഞാൻ ആരുമല്ല ആരുമല്ല എന്ന്

വിളിച്ചുപറഞ്ഞുകൊണ്ടിരുന്നാൽ

അവർ പറയും അവൻ ആരുമല്ല

എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന

ആ യോഗി

എന്ന്.

എന്നിൽ ഏറ്റവും അധികം

ഉള്ളത് ഇല്ലാത്തതുകളാണ്.

ഒരു വിപരീത സമൃദ്ധി.

ഞാൻ അറിവിന്റെ പടികൾ

കയറി കയറി അതി​െന്റ ഉച്ചിയിൽ എത്തി.

ഞാൻ ഗുരുവിനോട് ചോദിച്ചു

ഗുരോ ഇനി ഞാൻ എന്തുചെയ്യണം

നീ വന്ന വഴിയിലൂടെ താഴേക്ക് പോകുക

അപ്പോൾ ഞാൻ തുടങ്ങിയ ഇടത്തു

തന്നെ തിരിച്ചെത്തുകയല്ലേ ചെയ്യുക

അതെ, ഗുരു പറഞ്ഞു

പിന്നെ വെറുതെ എന്തിനായിരുന്നു

ഈ പെടാപ്പാടുകൾ എല്ലാം

അതോ

എല്ലാം വെറുതെ ആണെന്ന

പരമമായ സത്യം പഠിക്കാൻ.

ഈ കവിതകളൊക്കെ ത​ന്റെ നോട്ട്ബുക്കിൽ കുറിച്ചിട്ടശേഷമാണ് മുഹമ്മദ് ഷെരീഫ് ഫേസ്ബുക്കിലേക്ക് പകർത്തുന്നത്. സുഹൃത്തുക്കളായ പല പ്രസാധകരോടും ഇങ്ങനെയൊരു കവിയെക്കുറിച്ച് പറഞ്ഞുനോക്കി. ആർക്കും ഏശുന്നില്ല. ചിലർ പണം കൊടുത്താൽ ലിമിറ്റഡ് എഡിഷനായി അച്ചടിക്കാം എന്നുപറഞ്ഞു. ചിലർ സമാഹരിച്ചു അയക്കൂ എന്നു പറഞ്ഞു. പണംകൊടുത്ത് കവിത അച്ചടിപ്പിക്കുന്നത് അന്യായമായി തോന്നി ഞാനും അത് വിട്ടു.

കാലം കടന്നുപോയി. മുഹമ്മദ് ഷെരീഫ് പുറത്തിറങ്ങുന്നത് കുറഞ്ഞുവന്നു. സിനിമകൾക്ക് വരാതായി. കഴിഞ്ഞ രണ്ടു വർഷവും കടപ്പുറത്ത് ലിറ്ററേച്ചർ ഫെസ്റ്റ് വന്നപ്പോൾ ഒരു വടിയും കുത്തി അടുത്ത ബന്ധുക്കളുടെ അകമ്പടിയോടെ അദ്ദേഹം സാഹിത്യം കേൾക്കാൻ പുറത്തുവന്നു. എഴുത്ത് ചിറകടിക്കുന്ന മനുഷ്യരെ നോക്കി അറബിക്കടലോരത്തെ മരച്ചുവട്ടിൽ രാത്രിയാകുവോളം ഇരുന്നു. എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും പ്രവാഹം കണ്ട് ഭൂമിക്ക് ഭാരമായി ഇനി ത​ന്റെ പുസ്തകവും വേണോ എന്ന് തിരിച്ചുപോകുമ്പോൾ അദ്ദേഹം ആശങ്കിച്ചു കാണും. കവിതകൾ പുസ്തകമാക്കുന്നതിനെക്കുറിച്ച് ഞാനും ഒന്നും മിണ്ടിയില്ല.

 

രാ​മ​സിം​ഹ​നും ജീ​വി​തപ​ങ്കാ​ളി​യും (ഉ​ണ്ണ്യേ​ൻ സാ​ഹി​ബും ഫാ​ത്തി​മ​യും)

രാ​മ​സിം​ഹ​നും ജീ​വി​തപ​ങ്കാ​ളി​യും (ഉ​ണ്ണ്യേ​ൻ സാ​ഹി​ബും ഫാ​ത്തി​മ​യും)

അവസാനത്തെ സാഹിത്യോത്സവം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ നാളിലൊന്നിൽ കവിയും റെഡ് ചെറി ബുക്സ് പ്രസാധകനുമായ ഷാനവാസ് കോനാരത്ത് വിളിച്ചു: “പണ്ട് ഒരു ഹൈക്കു കവിയെക്കുറിച്ച് പറഞ്ഞിരുന്നല്ലോ, അന്ന് ഒരു പുസ്തകമിറക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. നമുക്ക് അതൊന്ന് നോക്കിയാലോ?’’ സന്തോഷം. അത് സംഭവിക്കട്ടെ. 87ൽ അല്ലെങ്കിലും 88ാം വയസ്സിൽ മലയാളത്തിൽ മുഹമ്മദ് ഷെരീഫ് എന്ന കവിയുടെ പേര് ഒരു പുസ്തകത്തി​ന്റെ പുറംചട്ടയിൽ അച്ചടിക്കപ്പെടാനിടവരട്ടെ. കവി പിറക്കാനിടവരട്ടെ.

(തുടരും) 

News Summary - weekly article