ആഗ്രഹചിന്തയായി ഒടുങ്ങുന്ന തിരുത്തുകൾ
‘‘ഏഴു ദിവസമാണ് എം.എം. ബഷീർ ‘രാമായണം’ വ്യാഖ്യാനിച്ച് എഴുതേണ്ടിയിരുന്നത്. ബഷീർ മാഷിന്റെ ഫോണിലേക്കും ഇതുപോലെ നിരന്തര ഫോൺ ഭീഷണികളുടെ പ്രവാഹമായിരുന്നു. ഒടുവിൽ ഫോൺ ആക്രമണം സഹിക്കാനാതെ ബഷീർ മാഷ് വിളിച്ചു’’ -മാറുന്ന കേരളത്തിന്റെയും ‘മാതൃഭൂമി’യുടെയും യാഥാർഥ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻബെന്യാമിന്റെ, ബ്ലെസിയുടെ ‘ആടുജീവിതം’ പലരീതിയിൽ...
Your Subscription Supports Independent Journalism
View Plans‘‘ഏഴു ദിവസമാണ് എം.എം. ബഷീർ ‘രാമായണം’ വ്യാഖ്യാനിച്ച് എഴുതേണ്ടിയിരുന്നത്. ബഷീർ മാഷിന്റെ ഫോണിലേക്കും ഇതുപോലെ നിരന്തര ഫോൺ ഭീഷണികളുടെ പ്രവാഹമായിരുന്നു. ഒടുവിൽ ഫോൺ ആക്രമണം സഹിക്കാനാതെ ബഷീർ മാഷ് വിളിച്ചു’’ -മാറുന്ന കേരളത്തിന്റെയും ‘മാതൃഭൂമി’യുടെയും യാഥാർഥ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ
ബെന്യാമിന്റെ, ബ്ലെസിയുടെ ‘ആടുജീവിതം’ പലരീതിയിൽ വായിക്കപ്പെട്ടിടുന്നു, കാണപ്പെട്ടിടുന്നു. സിനിമ നിന്നുപോയ നീണ്ട വർഷങ്ങളിൽ, മറ്റ് സിനിമകളിലേക്കൊന്നും പോകാതെ അത് നടത്തിയെടുക്കാനായി ബ്ലെസി എന്ന സംവിധായകൻ നടത്തിയ നീണ്ട കാത്തിരിപ്പാണ് അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. വാസ്തവത്തിൽ ആടുജീവിതങ്ങൾ കാണാൻ ഗൾഫിലെ മണലാരണ്യങ്ങളിലേക്കൊന്നും പോകേണ്ടതില്ല. ഒരു ഗുമസ്തനായി ഏതെങ്കിലും ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് പതിറ്റാണ്ടുകൾ അവിടെ കിട്ടിയ കസേരയിൽ ഒരായുസ്സ് അള്ളിപ്പിടിച്ചിരിക്കുന്ന തൊഴിൽജീവിതം ഹിമാലയം പലവട്ടം കയറിയിറങ്ങുന്ന മലകയറ്റക്കാരേക്കാളും ആമസോൺ നീന്തിക്കടക്കുന്ന നീന്തൽക്കാരേക്കാളും സ്വയം തിരിച്ചറിയാത്ത ദുഷ്കരജീവിതമാണെന്ന് ഹെന്റി തോറോ ‘വാൾഡനി’ൽ നിരീക്ഷിക്കുന്നുണ്ട്.
ആ അർഥത്തിൽ ഞാനും ഒരാടുജീവിയാണ്. എനിക്കുമുണ്ട് ഒരാടു ജീവിതം. 35 വർഷമാണ് (1986-2021) ഞാൻ ‘മാതൃഭൂമി’യിൽ ഒരു മാധ്യമപ്രവർത്തകനായി ജീവിച്ചത്. എന്തൊക്കെ ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും ഞാൻ അവിടെത്തന്നെ പിടിച്ചുനിന്നു. രണ്ട് സ്ഥലം മാറ്റങ്ങൾക്കും പല പല സ്ഥാനഭ്രംശങ്ങൾക്കും നടുവിലും പുറത്തുചാടാതെ അവിടെത്തന്നെ പിടിച്ചുനിന്നു. തിരിഞ്ഞുനോക്കുമ്പോൾ അതിലും ദുഷ്കരമായ മറ്റൊന്നുംതന്നെ ഞാൻ എന്റെ സ്വാതന്ത്ര്യത്തോട് ചെയ്തിട്ടില്ല. അങ്ങനെയാണ് ജീവിതം എന്ന പ്രസ്ഥാനം തുടരുന്നത്.
35 വർഷത്തെ ‘മാതൃഭൂമി’ ജീവിതം പറഞ്ഞു തുടങ്ങിയാൽ അത് 35 അധ്യായംകൊണ്ടും തീരില്ല. എന്നാൽ, എട്ടാഴ്ച പറയാനുള്ള കാര്യങ്ങളുണ്ട് എന്ന് വിചാരിച്ച് തുടങ്ങിയ ‘കാലാന്തരം’ ഇതോടെ 47 അധ്യായങ്ങൾ പിന്നിടുകയാണ്. ഇനി രണ്ട് അധ്യായം കൂടിയേ എഴുതുന്നുള്ളൂ. കഴിഞ്ഞ ജോൺ ഓർമ ദിനത്തിൽ തുടങ്ങിയത് ഈ ജോൺ ഓർമ ദിനത്തിൽ ഞാൻ അവസാനിപ്പിക്കുന്നു. ഒരാളും ഒരെഴുത്തും എത്രയെങ്കിലും കാലം നീട്ടിക്കൊണ്ടു പോകുന്നത് മര്യാദയല്ല. അത് മറ്റ് എഴുത്തുകൾക്കുള്ള ഇടം കവരലാകും.
1986ലെ ഗൃഹലക്ഷ്മി പേജ് കീറൽ സംഭവവും 2016ലെ ടി.എ. റസാഖിന്റെ മരണത്തെ തുടർന്നുള്ള സ്ഥലംമാറ്റവും അടക്കം എന്റെ മാധ്യമജീവിതത്തിലെ ചുരുക്കം ചില ഏടുകൾ മാത്രമാണ് ഇതിലേക്ക് കടന്നുവന്നിട്ടുള്ളത്. എന്തുകൊണ്ടാണത് എന്ന് ഓരോ അനുഭവം പറയാതെ മാറ്റിവെക്കുമ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്. ഒരു മാധ്യമത്തിൽ പണിയെടുത്ത് മറ്റൊരു മാധ്യമത്തിൽ എഴുതുമ്പോഴുള്ള സങ്കോചമാണോ അത്? അല്ല. പകരം രേഖപ്പെടുത്തപ്പെടാത്ത ചരിത്രത്തിലെ പലതരം ശൂന്യസ്ഥലങ്ങൾ ഒരു വിലങ്ങുതടിയായി മുന്നിൽ വന്നുനിൽക്കുകയാണ് ചെയ്യുന്നത്. മാധ്യമങ്ങൾക്കകത്ത് മാധ്യമ പരിചരണത്തിന്റെ ഒരിടം ഇന്നും അവികസിതമാണ്. അത് തീരേ വളർന്നിട്ടില്ല. അല്ലായിരുന്നെങ്കിൽ പ്രശസ്തരും അപ്രശസ്തരുമായ മാധ്യമ പ്രവർത്തകരുടെ ആത്മകഥകളുടെയും സർവിസ് സ്റ്റോറികളുടെയും ഒരു പ്രളയംതന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. അതുണ്ടായില്ല. പഠിക്കപ്പെടേണ്ട ഒരു സാമൂഹിക പ്രതിഭാസമാണ് ഈ മൗനം.
ചരിത്രശൂന്യത
അതിബൃഹത്തും സങ്കീർണവുമായ ചരിത്രത്തിന്റെ ഭാഗമാണ് ‘മാതൃഭൂമി’. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ പേറിയുള്ള അതിന്റെ ആദിമ ചരിത്രം ഓർമപ്പെടുത്താൻ ഒരു പരീക്ഷ നടത്തിയിരുന്നു ഒരുകാലത്ത് മാതൃഭൂമി. ദീർഘകാലം എഡിറ്റ് പേജിന്റെ ചുമതല ഉണ്ടായിരുന്ന സി. ഉത്തമക്കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആ പരീക്ഷ. ‘മാതൃഭൂമി’യുടെ ചരിത്രമറിയാത്തവർ ആരും ‘മാതൃഭൂമി’യിൽ വേണ്ട എന്ന സന്ദേശം അങ്ങനെ ഞങ്ങളുടെ തലമുറ കാണാപ്പാടം പഠിച്ചു.
‘മാതൃഭൂമിയുടെ ചരിത്രം’ ഒന്നാം ഭാഗം സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോന്റെ കാലത്തിന്റെ സൃഷ്ടിയാണ്. 1973 ലാണ് അത് പുറത്തിറക്കുന്നത്. 1923 മുതൽ 1935 വരെ കാലമേ അതിലുള്ളൂ. ന്യൂസ് എഡിറ്റർ വി.ആർ. മേനോന്റെ നേതൃത്വത്തിലുള്ള ഒരു ടീമാണ് അത് രചിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ ഓർമ അപ്പോൾ വിട്ടുപോയിട്ടില്ല. ‘‘ലാഭത്തിനുള്ള ഒരേർപ്പാടല്ല സേവനത്തിനുള്ള ഒരു ഉപാധിയാണ് മാതൃഭൂമി എന്ന വിചാരം ആരംഭകാലത്ത് ഈ സ്ഥാപനത്തോട് ബന്ധപ്പെട്ട മിക്കവരിലും ഉണ്ടായിരുന്നു. ‘മാതൃഭൂമി’യെ സേവിക്കുന്നത് രാജ്യത്തെ സേവിക്കലാണ് എന്ന വിചാരമാണ് പ്രതിഫലേച്ഛ കൂടാതെയും കഷ്ടതകൾ സഹിച്ചും ഉത്സാഹപൂർവം ജോലിചെയ്യുന്നതിന് അവരെ പ്രേരിപ്പിച്ചത്’’ എന്ന് ആമുഖത്തിൽ മുഖ്യ പത്രാധിപർ കെ.പി. കേശവമേനോൻ എഴുതിവെച്ചത് ഒരു കാലഘട്ടത്തിന്റെ നിലപാടായിരുന്നു.
നീണ്ടകാലം പിന്നീട് ചരിത്രരചനയേ ഉണ്ടായിരുന്നില്ല. ചരിത്രം വീണ്ടും ഓർമയിലേക്ക് വരുന്നത് 1998ൽ ‘മാതൃഭൂമി’ പ്ലാറ്റിനം ജൂബിലിയുടെ മുന്നോടിയായാണ്. 1934 മുതൽ 1942 വരെ രണ്ടാം ഭാഗമായും 1942 മുതൽ 1947 വരെ മൂന്നാം ഭാഗമായും 1998ൽ പുറത്തിറങ്ങി. പിന്നീട് 2000ത്തിൽ ഒരു ചരിത്രസംഗ്രഹം പുറത്തിറക്കിയതൊഴിച്ചാൽ സ്വാതന്ത്ര്യാനന്തരമുള്ള സാമൂഹിക പരിണാമത്തിന്റെ ചരിത്രം കൃത്യമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ ചരിത്രസ്മരണകൾ തിരിച്ചുപിടിക്കാനുള്ള അവസാന യത്നത്തിന് സി. ഉത്തമക്കുറുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷയാണ് തുടക്കമിട്ടത്. അതിന്റെ ഭാഗമായാണ് 1998ൽ ‘മാതൃഭൂമി’ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട രണ്ടും മൂന്നും ചരിത്ര ഭാഗങ്ങൾ. അത് 2000ത്തിലെ ചരിത്രസംഗ്രഹത്തിൽ മുട്ടിനിന്നിട്ട് കാൽനൂറ്റാണ്ടാകുന്നു.
അടിയന്തരാവസ്ഥയും തൊഴിലാളിസമരം കാരണം സ്ഥാപനം അടച്ചിട്ടും പത്രാധിപർ എം.ഡി. നാലപ്പാടിന്റെ മാതൃഭൂമി ഓഹരി വിൽപനയും, തുടർന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് എതിരായ ജനകീയ പ്രക്ഷോഭവും, മാതൃഭൂമി ഏറ്റെടുക്കലിന് എതിരായി സുപ്രീംകോടതി വരെ നീണ്ട കേസും, കേസിന്റെ പരിണാമത്തിൽ ‘മാതൃഭൂമി’യിലെ അധികാരബന്ധങ്ങൾ പൊളിച്ചെഴുതിയ ഷെയർ കൈമാറ്റങ്ങളും എല്ലാം ചേർന്ന് പത്രം അടിമുടി മാറിത്തീർന്നതും ഒരു വലിയ ചരിത്രമാണ്. എന്നാൽ, ആ ചരിത്രം പിന്നീട് ആരും വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയില്ല. ചരിത്രശൂന്യതയുടെ ഘട്ടം അവിടെ തുടങ്ങുന്നു.
കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’ സംഭവബഹുലമായ ഒരാത്മകഥയാണ്. അതിന്നും വായിക്കപ്പെടുന്നു. എന്നാൽ ചരിത്രത്തിൽ ഒരു കമ്യൂണിസ്റ്റ് പത്രാധിപർ മാതൃഭൂമിക്കുണ്ടായിരുന്നെന്നത് അങ്ങനെ ഓർക്കപ്പെടുന്ന ഒരു ചരിത്രമല്ല. അതാണ് പി. നാരായണൻ നായർ. അദ്ദേഹത്തിന്റെ ‘അര നൂറ്റാണ്ടിലൂടെ’ എന്ന ആത്മകഥ വ്യക്തിയുടെ എന്നതിനേക്കാൾ വലിയൊരു കാലഘട്ടത്തിന്റെ ഓർമയാണ്. 1973ലാണ് അത് പുറത്തിറങ്ങുന്നത്. ‘മാതൃഭൂമി’ പത്രാധിപരായിരുന്ന സി.എച്ച്. കുഞ്ഞപ്പയുടെ ‘സ്മരണകൾ മാത്രം’ എന്ന പുസ്തകവും അതുപോലെ ഓർമയുടെ അടയാളമാണ്. രണ്ടു പുസ്തകങ്ങളും മാതൃഭൂമിയല്ല ഇറക്കിയത്. ചരിത്രസ്മരണകൾ രേഖപ്പെടുത്താനുള്ള ഒരു വിമുഖത പിൽക്കാലത്ത് പടർന്നുപിടിച്ചതായി കാണാം. നൂറുകണക്കിന് പുസ്തകങ്ങളുടെ ബൃഹദ് ശേഖരമുള്ള മാതൃഭൂമിക്ക് സ്വന്തം ചരിത്രം പറയുന്ന ആത്മകഥകളും സ്മരണികകളും സ്വന്തം ഷെൽഫിൽ തുച്ഛമാണ്.
ഓർമകളെ അത് ശുഷ്കമാക്കുന്നു. കാലം കടന്നുപോകുന്നതനുസരിച്ച് തലമുറകളിലൂടെ വാമൊഴിയായി കൈമാറി വന്ന ഓർമകളും കുറ്റിയറ്റു പൊയ്ക്കൊണ്ടിരിക്കുകയാണ്. എന്റെ ഓർമയിൽ മാതൃഭൂമി വിട്ടുപോയ ശേഷം വിംസി കുറേക്കാലം ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ ഓർമക്കുറിപ്പുകൾ എഴുതിയിരുന്നു. എന്നാൽ, അത് പുസ്തകമായി ആരെങ്കിലും ഇറക്കിയതായി ഓർമയില്ല. കേരളത്തിലെ മാധ്യമജീവിതത്തെയും പൊതുജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ച രചനകൾ നിർവഹിച്ച മാധ്യമപ്രവർത്തകരുടെ ഒരു ബൃഹദ് നിര തന്നെ ‘മാതൃഭൂമി’യിൽനിന്നും പടിയിറങ്ങിയിട്ടുണ്ട്. പല വിഷയത്തിലും അവർ നിരവധി ഗ്രന്ഥങ്ങൾ രചിച്ച് നമ്മുടെ അറിവിന്റെ മണ്ഡലം ബൃഹത്താക്കിയിട്ടുമുണ്ട്. എന്നാൽ, അവരാരുംതന്നെ അവർ ജീവിച്ച കാലത്തെ രേഖപ്പെടുത്താൻ ‘മാതൃഭൂമി’യുടെ അകത്തേക്ക് നോക്കിയതായി കണ്ടിട്ടില്ല. പലരും എഴുത്തേ നിർത്തിക്കളയുന്ന ഒരു സന്ദർഭമാണിത്.
എനിക്ക് നേരിട്ടറിയുന്ന മുൻഗാമികളിൽ എൻ.വി. കൃഷ്ണവാരിയർ, എം.ടി. വാസുദേവൻ നായർ, ജി.എൻ. പിള്ള, എം.ഡി. നാലപ്പാട്, വി.എം. കൊറാത്ത്, വി. പ്രഭാകരൻ, വി.കെ. മാധവൻകുട്ടി, കെ.കെ. ശ്രീധരൻ നായർ, കെ. പ്രഭാകരൻ, കെ. ഗോപാലകൃഷ്ണൻ, കെ. കേശവമേനോൻ, സി. ഉത്തമക്കുറുപ്പ്, ത്രിവിക്രമൻ നമ്പൂതിരി, എ.കെ. കൃഷ്ണപിഷാരടി, ടി. വേണുക്കുറുപ്പ്, പി. രാജൻ, മോഹൻദാസ് രാധാകൃഷ്ണൻ, രാധാകൃഷ്ണൻ നമ്പി, പി. ബാലകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, വി. രാജഗോപാൽ, വി.ആർ. ഗോവിന്ദനുണ്ണി, ഗോപി പഴയന്നൂർ, ടി.എൻ. ഗോപകുമാർ, സണ്ണിക്കുട്ടി അബ്രഹാം, ജേക്കബ് ജോർജ്, മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ. ജയചന്ദ്രൻ, കെ.സി. നാരായണൻ, എ. സഹദേവൻ, എൻ. അശോകൻ, വി.എൻ. ജയഗോപാൽ, സി.പി. വിജയകൃഷ്ണൻ, എസ്. കൃഷ്ണൻകുട്ടി, എൻ.പി. രാജേന്ദ്രൻ, ലൽക്കാർ, പി.എസ്. നിർമല തുടങ്ങി നീണ്ടനിരയിൽ ആരുംതന്നെ ‘മാതൃഭൂമി’യുടെ അകത്തേക്ക് നോക്കി സ്വന്തം ആത്മകഥ എഴുതിപ്പോയിട്ടില്ല. വി.കെ. മാധവൻകുട്ടി ‘പത്രപ്രവർത്തനം എന്ന യാത്ര’പോലെയും വി. രാജഗോപാൽ ‘ഏഴാൾ ഏഴ് വഴി’ പോലെയും ചില ഹ്രസ്വ സ്മരണകൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ചരിത്രസ്മരണകൾക്ക് പകരമാവില്ല. ജീവിച്ച കാലത്തെ എല്ലാവരും തൊടാതെ വിട്ടു. ആ തൊടൽ അത്ര എളുപ്പമല്ല എന്ന വസ്തുതയിലേക്കാണത് വിരൽ ചൂണ്ടുന്നത്.
എം.എം. ബഷീർ രാമായണം വ്യാഖ്യാനിച്ച കാലം
നേരിട്ടനുഭവിച്ച ഒരു ഉദാഹരണം പറയാം. കർക്കടക മാസത്തിൽ ‘രാമായണം’ വ്യാഖ്യാനം പത്രത്തിൽ കൊടുക്കുന്നത് ഒരു പതിവാണ്. എന്നാൽ, പതുക്കെയാണ് ‘രാമായണം’ എന്നാൽ ഒരു ഇതിഹാസ കാവ്യമല്ല മറിച്ച് ഹിന്ദുക്കളുടെ അധികാര ചിഹ്നമാണ് എന്ന വിചാരധാര ഇന്ന് പൊതുസമൂഹത്തിൽ ആധിപത്യത്തിലെത്തിയത്. കൃത്യമായി പറഞ്ഞാൽ 2015ലെ കർക്കടകത്തിലാണ് മതേതരത്വം അടിസ്ഥാനപ്രമാണമാക്കിയ രാമായണ പാരായണം അവസാനിച്ചത്.
തലമുറകളെ ഭാഷയും സാഹിത്യവും പഠിപ്പിച്ച എം.എം. ബഷീർ മാഷ് 2015നു ശേഷം ‘രാമായണം’ വ്യാഖ്യാനിച്ച് എഴുതിയിട്ടില്ല. 2014ൽ നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റതിന്റെ തുടർച്ചയായി പൊതുവേദിയിലെ ഓരോ കൊച്ച് ഇടങ്ങളും സംഘ്പരിവാർ ശക്തികൾ വെട്ടിപ്പിടിച്ചു മുന്നേറുവാൻ തുടങ്ങിയിരുന്നു. ഒമ്പത് പതിറ്റാണ്ടിന്റെ വേരുള്ള പത്രത്തിന് ഒരു ‘മുസ്ലിമിനെക്കൊണ്ട്’ പിന്നെയൊരിക്കലും രാമായണത്തെക്കുറിച്ച് എഴുതിക്കാൻ ധൈര്യം വന്നിട്ടില്ല.
ഞാൻ ‘മാതൃഭൂമി’ എഡിറ്റ് പേജിന്റെ ചുമതല വഹിച്ച അവസാനത്തെ കർക്കടക മാസം കൂടിയായിരുന്നു 2015ലേത്. ദിനപത്രത്തിൽ മൂന്നാം പേജിൽ വരുന്ന രാമായണ പാരായണം കൊടുക്കുന്നത് എഡിറ്റ് പേജിന്റെ ചുമതലയിലാണ്. രാമായണത്തിന്റെ ദലിത് വായനക്കോ ഫെമിനിസ്റ്റ് വായനക്കോ ഒരു പ്രാതിനിധ്യം നൽകുന്ന കാര്യം അപ്പോഴും ചിന്തിക്കാൻപോലും പറ്റാത്ത നിലയിലാണെങ്കിലും ‘മതേതര’ സങ്കൽപത്തിന് മാറ്റുകൂട്ടാൻ ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും പട്ടികയിൽ ഉൾപ്പെടുന്നത് പതിവായിരുന്നു.
അങ്ങനെയാണ് എം.എം. ബഷീർ മാഷ് പതിവുപോലെ രാമായണ വ്യാഖ്യാനം എഴുതുന്നത്. വളരെ പെട്ടെന്നാണ് അത് ഒരു പ്രശ്നമായി മാറ്റപ്പെടുന്നത്. ബഷീർ മാഷെ രാമായണ പാരായണം എഴുതിക്കുന്നത് നിർത്താനുള്ള ആസൂത്രിത നീക്കങ്ങൾ ആദ്യ ദിവസം മുതൽതന്നെ തുടങ്ങി. ‘മാതൃഭൂമി’യിലേക്ക് ഫോൺവിളികളുടെ പ്രവാഹമായിരുന്നു തുടർന്ന്. അത് ഓരോ ദിവസവും പെരുകിവന്നു. കേരളത്തിന് പുറത്തുനിന്നായിരുന്നു ഫോൺവിളികൾ ഏറെയും. ഗൾഫിൽനിന്നും പെയ്യുന്ന പെരുംമഴപോലെ ‘മാതൃഭൂമി’യിലെ ഓരോ ടെലിഫോണും ശബ്ദിച്ചു. പുറത്തേക്ക് വിളിക്കുന്നത് അസാധ്യമായി.
സന്ദേശം ഇത്രയുമായിരുന്നു: ഒരു മുസ്ലിം നാമധാരി ഇനി രാമായണം വ്യാഖ്യാനിച്ച് എഴുതരുത്. അത് രാമനെ അപമാനിക്കലാണ്. ഏഴു ദിവസമാണ് എം.എം. ബഷീർ രാമായണം വ്യാഖ്യാനിച്ച് എഴുതേണ്ടിയിരുന്നത്. ബഷീർ മാഷിന്റെ ഫോണിലേക്കും ഇതുപോലെ നിരന്തര ഫോൺ ഭീഷണികളുടെ പ്രവാഹമായിരുന്നു. ഒടുവിൽ ഫോൺ ആക്രമണം സഹിക്കാനാവാതെ ബഷീർ മാഷ് വിളിച്ചു: ‘‘മോനേ, നിനക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടു വരും എന്നുണ്ടെങ്കിൽ ഞാൻ മാപ്പുപറഞ്ഞ് രാമായണം എഴുതുന്നത് നിർത്താം.’’
‘‘അത് പാടില്ല. മാപ്പ് പറയേണ്ടത് മാറിയ കേരളമാണ്’’ എന്നതായിരുന്നു എന്റെ നിലപാട്. ബഷീർ മാഷെ ‘മാതൃഭൂമി’യിൽ അറിയാത്തവരില്ല. മുകളിൽനിന്നുള്ള ഒരിടപെടൽ ഉണ്ടായിരുന്നതുമില്ല. എന്നാൽ, അഞ്ചാം നാൾ എല്ലാം അട്ടിമറിഞ്ഞു. കോട്ടക്കലിൽ പതിവ് കർക്കടക സുഖചികിത്സയിലായിരുന്ന മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനും മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറും മാനേജ്മെന്റും പത്ര ബഹിഷ്കരണ ആഹ്വാനംകൂടി പ്രക്ഷോഭകർ എടുത്തിട്ടതോടെ കുലുങ്ങി. മുകളിൽനിന്നും വിളിവന്നു: ‘‘നാളെ മുതൽ ബഷീർ മാഷിന്റെ രാമായണമെഴുത്ത് വേണ്ട. അതിനി മറ്റാരെങ്കിലും എഴുതട്ടെ.’’
കോളം വഴിക്കുവെച്ച് നിർത്തി. അതൊരു തോൽവിയായിരുന്നു. മതദ്രോഹവിചാരകരുടെ വിജയവും. അതിൽ പിന്നെയൊരു കർക്കടകത്തിൽ ഒരു മുസ്ലിമിനെക്കൊണ്ട് രാമായണം എഴുതിപ്പിക്കുന്നത് ചിന്തിക്കാൻപോലും ‘മാതൃഭൂമി’ക്ക് ആയില്ല. പല രാമായണങ്ങൾ ഉള്ള ബഹുസ്വര സംസ്കാരത്തിന്റെ നെഞ്ചിൽ ഏക രാമായണത്തിന്റെ കത്തി ആഴ്ന്നിറക്കി. അധികാര രാമൻ ജയഭേരി മുഴക്കി.
ബഷീർ മാഷെ വിലക്കി വളർന്ന ശക്തികൾ മതത്തിന്റെ പേരിലുള്ള അന്യവത്കരണങ്ങൾക്ക് വിഷമരുന്നിടുകയായിരുന്നു ആ 2015ലെ കർക്കടകത്തിൽ. വിഭജനത്തിന്റെ സംസ്കാരത്തിന്റെ തിരിച്ചുവരവായിരുന്നു അത്. ബഷീർ മാഷോട് സാഹിത്യചരിത്രവും കാലവും മാപ്പുപറയട്ടെ. യുക്തിയുടെ മരണം എല്ലാ അയുക്തികളുടെയും ആഘോഷമാണ്. അത് എല്ലാതരം സ്വേച്ഛാധിപത്യങ്ങളുടെയും അടിവളവും. എൻ.എസ്. മാധവന്റെ ‘തിരുത്തി’ലെ ചുല്യാറ്റ് കഥയിലെ ഒരാഗ്രഹചിന്ത മാത്രമായി മാറി.
ആ ആത്മകഥ നാണക്കേടുകൊണ്ട് എഴുതപ്പെട്ടിട്ടില്ല. നാണക്കേടിന്റെയും അടിമത്തത്തിന്റെയും ചരിത്രം എന്തിന് പുറത്തറിയിക്കണം എന്ന ആത്മനിന്ദയിൽ നീറി പറയപ്പെടാത്തതായി ഏറെയുണ്ട് ‘മാതൃഭൂമി’യുടെ ചരിത്രത്തിൽ. ‘മാതൃഭൂമി’യുമായുള്ള ഏറ്റുമുട്ടലിൽ പുറത്താക്കപ്പെട്ട സീനിയർ ജേണലിസ്റ്റ് പി. രാജൻ അനുഭവങ്ങളുടെ ചില അധ്യായങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അത് തൊടാൻ വിരമിച്ചവർക്കുപോലും ഭയമാണ്. കണ്ടവർ എല്ലാവരും പരസ്പരം വിളിച്ചുപറയും, “രാജേട്ടന്റെ പുതിയ പോസ്റ്റ് വന്നിട്ടിട്ടുണ്ട്, വായിച്ചില്ലേ’’ എന്ന്! തൊഴിലാളിവർഗ ചരിത്രത്തിലെ പറയപ്പെടാത്ത അടിമത്തങ്ങളുടെ ആ കഥ ‘മൂകരുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടിനു കീഴെ ഇപ്പോഴും അദൃശ്യമായി കിടപ്പുണ്ട്.