സ്വർഗവാതിൽപ്പക്ഷി പറക്കുന്നു; ഓർമകളുടെ ആകാശത്ത്
അനശ്വരമായ പാട്ടുകളിലൂടെ മലയാളി ആസ്വാദകരുടെ നാവിൻതുമ്പിൽ ജീവിക്കുന്ന ഗായകനാണ് കെ.പി.എ.സി രവി. അദ്ദേഹത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ച് എഴുതുന്നു.തെല്ലൊരു സങ്കോചമുണ്ടായിരുന്നു. എന്നാലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല: ‘‘ആ പാട്ടൊന്ന് പാടിക്കേൾപ്പിക്കാമോ രവിയേട്ടാ?’’ ഫോണിന്റെ മറുതലക്കൽ നിമിഷനേരത്തെ മൗനം. മൗനത്തിനൊടുവിൽ അഗാധ ഗാംഭീര്യമാർന്ന ശബ്ദത്തിൽ കെ.പി.എ.സി രവി പാടിത്തുടങ്ങുന്നു: ‘‘സ്വർഗവാതിൽപ്പക്ഷി ചോദിച്ചു ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി...’’എൺപത്തിരണ്ടുകാരനിൽ പൊടുന്നനെ...
Your Subscription Supports Independent Journalism
View Plansഅനശ്വരമായ പാട്ടുകളിലൂടെ മലയാളി ആസ്വാദകരുടെ നാവിൻതുമ്പിൽ ജീവിക്കുന്ന ഗായകനാണ് കെ.പി.എ.സി രവി. അദ്ദേഹത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ച് എഴുതുന്നു.
തെല്ലൊരു സങ്കോചമുണ്ടായിരുന്നു. എന്നാലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല: ‘‘ആ പാട്ടൊന്ന് പാടിക്കേൾപ്പിക്കാമോ രവിയേട്ടാ?’’ ഫോണിന്റെ മറുതലക്കൽ നിമിഷനേരത്തെ മൗനം. മൗനത്തിനൊടുവിൽ അഗാധ ഗാംഭീര്യമാർന്ന ശബ്ദത്തിൽ കെ.പി.എ.സി രവി പാടിത്തുടങ്ങുന്നു: ‘‘സ്വർഗവാതിൽപ്പക്ഷി ചോദിച്ചു ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി...’’
എൺപത്തിരണ്ടുകാരനിൽ പൊടുന്നനെ ഒരു ഇരുപത്തെട്ടുകാരൻ വന്നു നിറഞ്ഞപോലെ. രാഗങ്ങളിൽനിന്ന് രാഗങ്ങളിലേക്കുള്ള സ്വർഗവാതിൽപ്പക്ഷിയുടെ പ്രയാണം വിസ്മയത്തോടെ കേട്ടിരിക്കേ, ഓർമകളിൽ പഴയൊരു വയനാടൻ രാത്രി പുനർജനിക്കുന്നു. കോണിച്ചോട്ടിലെ മുറിയിലിരുന്ന് അന്നന്നത്തെ പാഠങ്ങൾ വായിച്ചു പഠിക്കുന്ന മൂന്ന് സ്കൂൾ കുട്ടികൾ. ഉച്ചത്തിൽ വായിക്കണമെന്നാണ് അച്ഛന്റെ കൽപന. കൂടപ്പിറപ്പുകളിൽ ഒരാളുടെ ശബ്ദത്തിന്റെ ഫ്രീക്വൻസിയെങ്ങാനും താണുപോയാൽ അപ്പുറത്തെ മുറിയിൽനിന്ന് ചോദ്യം ഉയരും: ‘‘ന്താ, ഓൻ ഒറങ്ങിപ്പോയോ? മിണ്ടാട്ടം ഇല്ല്യാലോ...’’ പശ്ചാത്തലത്തിൽ കരകര ശബ്ദത്തിന്റെ അകമ്പടിയോടെ റേഡിയോ പാടുന്നുണ്ടാകും അപ്പോൾ. ഫിലിപ്സിന്റെ മൂന്ന് ബാൻഡുള്ള ട്രാൻസിസ്റ്റർ മേശപ്പുറത്ത് ഓൺചെയ്തു വെച്ചാണ് അച്ഛൻ എസ്റ്റേറ്റിന്റെ വരവുചെലവു കണക്കുകൾ എഴുതിത്തീർക്കുക. ചിലപ്പോൾ മലയാളം ചലച്ചിത്ര ഗാനങ്ങൾ, ചിലപ്പോൾ നാടകഗാനങ്ങൾ. അല്ലെങ്കിൽ ഹിന്ദിപ്പാട്ടുകൾ.
ആ ദിവസങ്ങളിലൊന്നിൽ ആകാശവാണിയിൽനിന്ന് പറന്നിറങ്ങിവന്ന് ഏഴാം ക്ലാസുകാരന്റെ സംഗീത സങ്കൽപങ്ങളിൽ കൂടുകൂട്ടിയതാണ് ‘‘സ്വർഗവാതിൽപ്പക്ഷി’’. ‘തുലാഭാരം’ (1967) നാടകത്തിൽ വയലാർ-ദക്ഷിണാമൂർത്തി സഖ്യം ഒരുക്കിയ പാട്ട്. പാഠപുസ്തകം ഉറക്കെയുറക്കെ വായിക്കണം; ഒപ്പം കാതുകൾ പാട്ടിന് വിട്ടുകൊടുക്കുകയും വേണം. ഒട്ടും എളുപ്പമല്ലായിരുന്നു ആ ഇരട്ടദൗത്യം. പക്ഷേ, ഇഷ്ടഗാനത്തിനുവേണ്ടി അത്രയെങ്കിലും ത്യാഗം സഹിച്ചല്ലേ പറ്റൂ.
നാടകഗാനങ്ങൾ കെ.എസ്. ജോർജിന്റെ ശബ്ദത്തിൽ കേട്ടാണ് ശീലം. ‘‘മാരിവില്ലിൻ തേന്മലരും’’, ‘‘ഇല്ലിമുളം കാടുകളും’’, ‘‘പഞ്ചാരപ്പാട്ടു പാടും രണ്ടോമൽ പൈങ്കിളികളും’’ ജോർജിന്റെ ശബ്ദത്തിലേ സങ്കൽപിക്കാനാകൂ. രാകിമിനുക്കിയ ശബ്ദമല്ല. പാടത്ത് പണിയെടുക്കുകയും ഒപ്പം തൊണ്ട തുറന്ന് പാടുകയും ചെയ്യുന്ന ഒരു കർഷകത്തൊഴിലാളിയുടെ ഇടനെഞ്ചിൽനിന്ന് ഊറിവരുന്ന ശബ്ദം. എന്നാൽ, ഇതങ്ങനെയല്ല. ഉറച്ചതെങ്കിലും ആർദ്രമായ ശബ്ദമാണ് രവിയുടേത്. തെല്ലൊരു ക്ലാസിക്കൽ സ്പർശവുമുണ്ട്. ഗമകങ്ങളും സംഗതികളും എളുപ്പം വഴങ്ങുമതിന്. ഏതു വലിയ സദസ്സിനെയും വെറുമൊരു മൂളൽകൊണ്ടുപോലും തരിച്ചിരുത്താൻ പോന്ന ശബ്ദം.
‘‘കച്ചേരികൾക്കും ഗാനമേളകൾക്കുമൊക്കെ തുടക്കം കുറിച്ചിരുന്നത് സ്വർഗവാതിൽപ്പക്ഷി പാടിയാണ്.’’ -രവിയുടെ ഓർമ. ‘‘ആദ്യവരി പാടിത്തുടങ്ങുമ്പോഴേ നിശ്ശബ്ദമാകും സദസ്സ്. പാടിത്തീർന്നാൽ നിലക്കാത്ത ൈകയടി ഉറപ്പ്. കെ.പി.എ.സി ഓഫിസിലിരുന്ന് ആ പാട്ട് പാടിപ്പഠിപ്പിച്ചുതന്ന ദക്ഷിണാമൂർത്തി സ്വാമിയെയാണ് ഓർമ വരിക. മനസ്സുകൊണ്ട് സ്വാമിയെ നമിക്കും അപ്പോൾ. സ്വാമിയുടെ ശബ്ദത്തിൽ വരുന്ന നുറുങ്ങു സംഗതികളും ഭാവങ്ങളുമൊക്കെ ആലാപനത്തിൽ അതേപടി കൊണ്ടുവരുക അത്ര എളുപ്പമല്ല. എങ്കിലും, എനിക്ക് അദ്ദേഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചതിന്റെ ഗുണമാകാം. നാടകരംഗത്ത് അത്തരം ഗായകർ കുറവായിരുന്നു അന്ന്.’’
രാഗമാലികയായാണ് സ്വാമി ‘‘സ്വർഗവാതിൽപ്പക്ഷി’’ ചിട്ടപ്പെടുത്തിയത്; ശരിക്കും ഒരു ശാസ്ത്രീയ കൃതിയുടെ മാതൃകയിൽ. നാട്ടക്കുറിഞ്ഞിയിൽ തുടങ്ങി ശ്യാമ, കല്യാണി, ആനന്ദഭൈരവി, കാപി എന്നീ രാഗങ്ങളിലൂടെ ഒഴുകിപ്പോകുന്ന ഗാനം. ‘‘ലൈവ് ആയി പാടിക്കൊണ്ട് വേണം നാടകത്തിൽ അഭിനയിക്കാൻ. പിന്നണിപ്പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന ഏർപ്പാട് നാടകത്തിൽ അത്ര പ്രചാരം നേടിയിട്ടില്ല. വൈവിധ്യമാർന്ന അഞ്ചു രാഗങ്ങളിലൂടെ സഞ്ചരിക്കുന്ന പാട്ട് സ്റ്റേജിൽ അതിന്റെ എല്ലാ വികാരങ്ങളും ഭാവങ്ങളും ഉൾക്കൊണ്ട് പാടുക ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. രംഗത്ത് ഒപ്പം അഭിനയിക്കുന്ന നടിയും കൂടെ പാടും. പിന്നീട് ആ പാട്ട് റെക്കോഡ് ആയപ്പോൾ കെ.പി.എ.സി ലളിതയാണ് സഹഗായികയായി വന്നത്.’’
‘തുലാഭാര’ത്തിൽ ബാബുവിന്റെ വേഷമായിരുന്നു രവിക്ക്. പിറന്നാൾ ആഘോഷവേളയിൽ കൂട്ടുകാരി വത്സലയുമൊത്ത് ബാബു പാടുന്ന പാട്ടാണ് ‘‘സ്വർഗവാതിൽപ്പക്ഷി...’’ സിനിമയിൽ ഇതേ സന്ദർഭത്തിനുവേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഗാനവും ഹിറ്റായിരുന്നു: ‘‘പ്രഭാതഗോപുര വാതിൽ തുറന്നു പണ്ടു മനുഷ്യൻ വന്നു...’’ രംഗത്ത് അഭിനയിച്ചത് മധുവും ഷീലയും. ‘‘വയലാറിന്റെ വരികളാണോ സ്വാമിയുടെ സംഗീതമാണോ ഒരു ചുവട് മുന്നിൽ എന്നറിയില്ല. അത്രയും തികവാർന്ന ഗാനശിൽപമായിരുന്നു ‘സ്വർഗവാതിൽപ്പക്ഷി.’ അത്തരമൊരു ഗാനം പാടാൻ നിയോഗിക്കപ്പെട്ടത് സുകൃതമായി കരുതുന്നു ഞാൻ’’ -നാടകരംഗത്തെ ആരംഭനാളുകളിൽ പൊൻകുന്നം രവി എന്നറിയപ്പെട്ടിരുന്ന കെ.പി.എ.സി രവി പറയും.
അതേ നാടകത്തിൽ മറ്റൊരു ഹിറ്റ് ഗാനം കൂടിയുണ്ടായിരുന്നു രവിയുടെ വകയായി: ‘‘ഇന്നലെ പെയ്ത മഴയ്ക്കിന്നു കുരുക്കുമൊരു പൊന്നിൻ തകരായല്ലനുരാഗം...’’ വലചി രാഗത്തിലാണ് സ്വാമി ആ പ്രണയഗാനം ചിട്ടപ്പെടുത്തിയത്. ‘‘സ്റ്റേജിൽ പാടി അഭിനയിക്കുന്നതിന്റെ സാങ്കേതിക പ്രശ്നങ്ങളൊക്കെ മറികടക്കാൻ സഹായിച്ചത് തോപ്പിൽ ഭാസിയുടെ മാർഗനിർദേശങ്ങളാണ്’’ -രവിയുടെ ഓർമ. എല്ലാ അർഥത്തിലും ഒരു പ്രഫഷനൽ നാടകാചാര്യനാണ് ഭാസി. നാടകത്തിന്റെ എല്ലാ സൂക്ഷ്മവശങ്ങളും ഉൾക്കൊണ്ടിട്ടുള്ള ഒരാൾ.
‘തുലാഭാര’ത്തിനു മുമ്പ് ‘യുദ്ധകാണ്ഡ’ത്തിലും ‘കൂട്ടുകുടുംബ’ത്തിലും അഭിനയിച്ചു പാടിയിരുന്നു രവി. ഒ.എൻ.വി-ദേവരാജൻ ടീം കാളിദാസ കലാകേന്ദ്രത്തിലേക്ക് യാത്രയായിരുന്നു അപ്പോഴേക്കും. തൊടുന്നതെല്ലാം പൊന്നാക്കിക്കൊണ്ടിരുന്ന ആ കൂട്ടുകെട്ടിന് ബദലായി മറ്റൊരു വിജയസഖ്യത്തെ കണ്ടെത്തേണ്ടത് അനിവാര്യമായി മാറി കെ.പി.എ.സിക്ക്. അങ്ങനെയാണ് എം.ബി. ശ്രീനിവാസനും കെ. രാഘവനും എൽ.പി.ആർ. വർമയും ബാബുരാജുമൊക്കെ കെ.പി.എ.സിയുമായി സഹകരിക്കാൻ ഇടവരുന്നത്.
വയലാർ-ബാബുരാജ് ടീമിനായിരുന്നു ‘യുദ്ധകാണ്ഡ’ത്തിലെ ഗാനസൃഷ്ടിയുടെ ചുമതല. മലബാറിലെ നാടകസംഘങ്ങൾക്കുവേണ്ടി പാട്ടുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും കെ.പി.എ.സിയുമായി ബാബുരാജ് സഹകരിച്ചത് നടാടെ. ഹാർമോണിയത്തിന്റെ കട്ടകളിലൂടെ ചടുലവേഗത്തിൽ വിരലുകളോടിച്ച് ഓരോ പാട്ടും പാടിത്തരുന്ന ബാബുരാജിന്റെ ചിത്രം രവിയുടെ ഓർമയിലുണ്ട്. ‘‘ശരിക്കും മാന്ത്രികനായിരുന്നു ബാബുക്ക. ഓരോ പാട്ടിനും അതുവരെ കേൾക്കാത്ത ശൈലിയിലുള്ള ഈണങ്ങൾ. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് ദാർശനിക മാനങ്ങൾ ഉൾക്കൊള്ളുന്ന ‘ഈരേഴു പതിനാലു ലോകങ്ങൾക്കുമൊരീശ്വരനുണ്ടോ ഇല്ലയോ’ എന്ന സംഘഗാനമാണ്. ഒരു യോഗത്തിൽ ഞാൻ പാടുന്നതായാണ് അത് നാടകത്തിൽ വരുന്നത്. നടിയും ഗായികയുമായ ശ്രീലതയും പി.എം. ഗംഗാധരനുമൊക്കെയുണ്ടായിരുന്നു കോറസിൽ എന്നാണ് ഓർമ. ഇന്ത്യയിലെ ഏത് വേദിയിലും ആ പാട്ട് പാടിക്കഴിഞ്ഞാൽ നിലക്കാത്ത ഹർഷാരവം ഉയരും. വരികളുടെയും സംഗീതത്തിന്റെയും ശക്തിയാവാം.’’ അതേ നാടകത്തിൽ ‘‘ദാഹം ദാഹം ദാഹമെന്തൊരു ദാഹം‘‘, ‘‘മരാളികേ മായാമരാളികേ മാനസസരസ്സിൽ മയങ്ങിയുണരും മായാമരാളികേ’’ എന്നീ ഗാനങ്ങൾക്കും ശബ്ദം പകർന്നു രവി.
‘കൂട്ടുകുടുംബ’ത്തിൽ എൽ.പി.ആർ. വർമയായിരുന്നു സംഗീതസംവിധായകൻ. രചന വയലാർ തന്നെ. ‘‘ചന്ദ്രമണ്ഡലമേ പാർവണ ചന്ദ്രമണ്ഡലമേ’’ ആണ് ഈ നാടകത്തിൽനിന്ന് ഇന്നും ഓർമയിൽ ഒഴുകിയെത്തുന്ന ഗാനം. പിൽക്കാലത്ത് ‘പേൾവ്യൂ’ എന്ന സിനിമയിലൂടെ പ്രശസ്തമായ ‘‘തങ്കത്താഴികക്കുടമല്ല’’ എന്ന ഗാനത്തിന്റെ ആശയം ഈ ഗാനത്തിൽ വ്യത്യസ്ത വരികളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട് വയലാർ: ‘‘ഇന്ന് സയൻസിൻ ചിറകുകൾ വീശി വന്നു മനുഷ്യൻ നിന്നരികിൽ, പൂവുകൾ വിടരാത്ത പൂന്തെന്നൽ കേറാത്ത പുരാണ ശൂന്യതയല്ലോ നീയൊരു പുരാണശൂന്യതയല്ലോ...’’ കണിയാപുരം രാമചന്ദ്രന്റെ രചനയായ ‘മാനസപുത്രി’യിലും വയലാർ-എൽ.പി.ആർ സഖ്യത്തിനു വേണ്ടി പാടി രവി. ‘‘അമൃതമതീ പുഷ്പത്തിനോടോ അനംഗ രതീചിത്രത്തിനോടോ’’ എന്ന ഗാനമാണ് കൂട്ടത്തിൽ പ്രശസ്തമായത്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ തുടർച്ചപോലെ തോപ്പിൽ ഭാസി അവതരിപ്പിച്ച ‘ഇന്നലെ ഇന്ന് നാളെ’യാണ് രവി അവസാനമായി പാടിയ കെ.പി.എ.സി നാടകം.
കെ.പി.എ.സി എന്ന പ്രസ്ഥാനത്തോട് വിടവാങ്ങി സർക്കാർ സർവിസിൽ പ്രവേശിച്ചത് 1970ൽ. ആർപ്പൂക്കര ഗവ. ഹൈസ്കൂളിൽ അധ്യാപകനായാണ് തുടക്കം. 27 വർഷത്തെ ഉദ്യോഗപർവം അവസാനിപ്പിച്ചു വിരമിക്കുമ്പോൾ ചേനപ്പാടി ആർ.വി.ജി.എച്ച്.എസിൽ അധ്യാപകനായിരുന്നു രവി. അതിനകം പൊൻകുന്നത്ത് സ്വാതി തിരുനാൾ സംഗീത വിദ്യാലയം എന്ന സ്ഥാപനത്തിനും തുടക്കമിട്ടു അദ്ദേഹം. ‘‘എണ്ണമറ്റ ശിഷ്യരാണ് എന്റെ വിലപ്പെട്ട സമ്പാദ്യം. അവരിൽ പലരും ഉയരങ്ങളിലെത്തി എന്നത് അഭിമാനിക്കാവുന്ന കാര്യം.’’
സംഗീതജ്ഞനായ മുണ്ടിയാനിക്കൽ ഗോപാലൻ നായരുടെയും ഗൗരിയമ്മയുടെയും മകനായി പൊൻകുന്നത്ത് ജനിച്ച എം.ജി. രവിയെ പാട്ടിന്റെ വഴിയിലെത്തിച്ചത് വീട്ടിലെ സംഗീതാന്തരീക്ഷംതന്നെ. അച്ഛനായിരുന്നു ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം വാസുദേവൻ നായരുടെ ശിഷ്യനായി. എസ്.എസ്.എൽ.സി പൂർത്തിയാക്കിയശേഷം 1960ൽ തിരുവനന്തപുരത്ത് സ്വാതി തിരുനാൾ അക്കാദമിയിൽ ഗാനഭൂഷണം കോഴ്സിന് ചേർന്ന രവിയെ അവിടെ കാത്തിരുന്നത് ശെമ്മാങ്കുടി ശ്രീനിവാസയ്യരെയും ജി.എൻ. ബാലസുബ്രഹ്മണ്യത്തെയുംപോലുള്ള മഹാ ഗുരുക്കന്മാർ. ആ സമയത്ത് അവിടെ വിദ്വാൻ കോഴ്സിന് പഠിച്ചുകൊണ്ടിരുന്ന ഫോർട്ട് കൊച്ചിക്കാരനുമായിട്ടായിരുന്നു ഏറ്റവും വലിയ കൂട്ട്. പയ്യന്റെ പേര് കെ.ജെ. യേശുദാസ്.
‘‘തൈക്കാട് സരോജാ നായരുടെ ലോഡ്ജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. ആ കാലമൊന്നും മറക്കാനാവില്ല. നടക്കാൻ പോകുന്നതും കാപ്പി കുടിക്കാൻ പോകുന്നതും പാട്ടു കേൾക്കാൻ പോകുന്നതുമൊക്കെ ഒരുമിച്ചാണ്. ഇടക്ക് ദാസ് എന്റെ സൈക്കിളിന്റെ പിന്നിൽ കയറും. ഇയ്യിടെ അദ്ദേഹം അതൊക്കെ ഓർത്തെടുത്തു പറഞ്ഞപ്പോൾ സന്തോഷം തോന്നി’’ -രവി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറാൻ കെ.പി.എ.സി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെയാണ് തോപ്പിൽ ഭാസിയും വെളിയം ഭാർഗവനും കേശവൻ പോറ്റിയും നിനച്ചിരിക്കാതെ ഒരുനാൾ രവിയെ തേടിയെത്തിയത്. കെ.പി.എ.സിയുടെ അഭിമാനമായ കെ.എസ്. ജോർജ് അതിനകം ട്രൂപ്പിനോട് വിടപറഞ്ഞിരുന്നു. പകരം നല്ലൊരു ഗായകനടനെ വേണം. ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായശേഷം ഗാനപ്രവീണക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് രവി. ‘‘തിരുവനന്തപുരം സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ ചെല്ലാനാണ് എനിക്ക് കിട്ടിയ നിർദേശം. അവിടെ വെച്ച് ഒന്നു രണ്ടു പാട്ടുകൾ പാടിച്ചു കേട്ടു. കൊള്ളാം എന്ന് തോന്നിയിരിക്കണം. ഉടൻ കെ.പി.എ.സിയിൽ ചേർന്നുകൊള്ളാൻ പറഞ്ഞു. അച്ഛനോട് ചോദിച്ചു സമ്മതം വാങ്ങണം എന്നായി ഞാൻ. ഭാഗ്യവശാൽ അച്ഛന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്റെ കെ.പി.എ.സി ജീവിതത്തിന്റെ തുടക്കം അവിടെ നിന്നാണ്.’’
അടുത്ത ഏഴു കൊല്ലം കെ.പി.എ.സി ആയിരുന്നു രവിയുടെ ‘തറവാട്’. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികൾ. പ്രഗല്ഭരായ കലാകാരന്മാർക്കൊപ്പമുള്ള യാത്രകൾ. ‘‘നാടകത്തിലെ സംഭാഷണങ്ങളും പാട്ടുകളുമൊക്കെ വൈകാരികമായാണ് സദസ്സ് ഉൾക്കൊള്ളുക. ‘തുലാഭാര’ത്തിന്റെ അവസാന ഭാഗത്ത് നായിക മകളെ വിഷം കൊടുത്തു കൊല്ലുന്ന രംഗം കണ്ട് വാവിട്ടു കരയും സ്ത്രീകൾ. മറക്കാനാവാത്ത അനുഭവങ്ങളാണ് അതൊക്കെ.’’
സിനിമ ഒരിക്കലും വലിയൊരു ആകർഷണമായിരുന്നില്ല രവിക്ക്. സിനിമാലോകത്തിന്റെ അന്തരീക്ഷവുമായി യോജിച്ചുപോകാമെന്ന് പ്രതീക്ഷയും ഉണ്ടായിരുന്നില്ല. മദ്യപാനവും പുകവലിയുമൊന്നും ഇല്ലാത്ത ജീവിതമായിരുന്നല്ലോ. എന്നിട്ടും ഒരു സിനിമയിൽ പാടി. ‘പട്ടാഭിഷേക’ത്തിൽ (1974) ‘‘പഞ്ചമി സന്ധ്യയിൽ’’ (ശ്രീകുമാരൻ തമ്പി-ആർ.കെ. ശേഖർ) എന്ന ഗാനം. ‘‘സംഗീതാധ്യാപനമായിരുന്നു ഏറ്റവും പ്രിയപ്പെട്ട മേഖല. എങ്കിലും നാടകജീവിതം മറക്കാനാവില്ല. പ്രത്യേകിച്ച് ‘‘സ്വർഗവാതിൽപ്പക്ഷി’’ എന്ന ഗാനം. ആ പാട്ടിലൂടെയാണല്ലോ പലരും ഇന്നും എന്നെ തിരിച്ചറിയുന്നത്’’ -ഭാര്യ വിജയമ്മക്കും മകൻ രവിശങ്കറിനും ഒപ്പം ചെറുവള്ളിയിൽ താമസിക്കുന്ന രവിയുടെ വാക്കുകൾ. രഞ്ജിനി, രജിത എന്നിവരാണ് മറ്റു മക്കൾ.
പാട്ടെഴുതിയ വയലാറും ഈണമിട്ട ദക്ഷിണാമൂർത്തിയും കൂടെ പാടിയ ലളിതയുമെല്ലാം ഓർമ. പക്ഷേ, രവിയുടെ ഓർമകളുടെ ആകാശത്ത് വയലാറിന്റെ സ്വർഗവാതിൽപ്പക്ഷി ഇന്നും ചിറകടിച്ചു പറക്കുന്നു; സത്യത്തിനെത്ര വയസ്സായി എന്ന ചോദ്യത്തോടെ. ‘‘അബ്ധിത്തിരകൾ തൻ വാചാലതക്കതിനുത്തരം ഇല്ലായിരുന്നു, ഉത്തുംഗ വിന്ധ്യ ഹിമാചലങ്ങൾക്കതിനുത്തരം ഇല്ലായിരുന്നു.’’