പ്രായോഗിക പ്രവര്‍ത്തനത്തിലൂടെ മാത്രമേ ജാതി ഉന്മൂലനം സാധ്യമാകൂ
ആഴ്ചപ്പതിപ്പിന്‍റെ 1371ാം ലക്കത്തില്‍ കെ. മുരളി (അജിത്ത്) തുടങ്ങിവെച്ച ‘അംബേദ്കറും കമ്യൂണിസവും’ സംവാദത്തിന്‍റെ തുടര്‍ച്ചയാണിത്. ജാതിയുടെ ഉത്ഭവവും ജാതി ഉന്മൂലനവും കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകളും വിശകലനം ചെയ്യുകയാണിവിടെ. കേവല സ്വത്വവാദവും യാന്ത്രിക മാര്‍ക്സിസ്റ്റ് വിശകലനവും നടത്തി ജാതിയെ മറികടക്കാനാകില്ല. അംബേദ്കറും മാര്‍ക്സും ചേരുന്ന സംവാദങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്ന് ലേഖകൻ.മാര്‍ക്സിസവും അംബേദ്കര്‍ ചിന്തയും ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ സംവാദം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടം അപകടകരമാംവിധം ആധിപത്യ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കുന്ന തരത്തില്‍...
Your Subscription Supports Independent Journalism
View Plansആഴ്ചപ്പതിപ്പിന്‍റെ 1371ാം ലക്കത്തില്‍ കെ. മുരളി (അജിത്ത്) തുടങ്ങിവെച്ച ‘അംബേദ്കറും കമ്യൂണിസവും’ സംവാദത്തിന്‍റെ തുടര്‍ച്ചയാണിത്. ജാതിയുടെ ഉത്ഭവവും ജാതി ഉന്മൂലനവും കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകളും വിശകലനം ചെയ്യുകയാണിവിടെ. കേവല സ്വത്വവാദവും യാന്ത്രിക മാര്‍ക്സിസ്റ്റ് വിശകലനവും നടത്തി ജാതിയെ മറികടക്കാനാകില്ല. അംബേദ്കറും മാര്‍ക്സും ചേരുന്ന സംവാദങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്ന് ലേഖകൻ.
മാര്‍ക്സിസവും അംബേദ്കര്‍ ചിന്തയും ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ സംവാദം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടം അപകടകരമാംവിധം ആധിപത്യ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കുന്ന തരത്തില്‍ ആശയപരമായും ഭരണകൂടാധികാരത്തിലൂടെയും ഇടപെടലുകള്‍ നടത്തുകയാണ്. ബഹുസ്വരതയുടെ എല്ലാ ഇടങ്ങളെയും റദ്ദാക്കിക്കൊണ്ടാണ് അധീശത്വ ആശയവാഹകര്‍ അവരുടെ നിലപാട് സ്ഥാപിച്ചെടുക്കുന്നത്. ലോക തൊഴിലാളി വര്‍ഗത്തിന്‍റെ മോചനമാണ് മാര്‍ക്സ് മുന്നോട്ടുവെച്ച ആശയത്തിന്‍റെ പൊരുള്‍. വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ് തൊഴിലാളി വര്‍ഗ വിമോചനത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത്.
ഇന്ത്യയിലെ അടിത്തട്ടു മനുഷ്യരുടെ സാമൂഹിക പുരോഗതിയാണ് അംബേദ്കര്‍ സ്വപ്നം കണ്ടത്. ജാതി ഉന്മൂലനത്തിലൂടെ നവ ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപമാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന നിർമിച്ചു. അതുപോലും അട്ടിമറിക്കപ്പെടുന്ന തരത്തില്‍ അധീശത്വ അധികാരം പ്രവര്‍ത്തിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാര്‍ക്സിനെയും അംബേദ്കറെയും വിപരീതമായി കാണേണ്ടതില്ല. വിമര്‍ശനപരമായ സംവാദമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്. മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ ഇത്തരമൊരു സംവാദത്തിന് ഒരിക്കലും സന്നദ്ധമായിരുന്നില്ല. അംബേദ്കറെക്കുറിച്ചുള്ള പഴയ ധാരണകളില്‍നിന്നും പൂര്‍ണമായും പുറത്തുചാടാന്‍ അവര്‍ക്ക് കഴിയാത്തതാണ് കാരണം.
മറുവശത്ത് ദലിത് സംഘടനകള്‍/ ബുദ്ധിജീവികള്‍ മാര്‍ക്സിസത്തെ കീഴാളവിരുദ്ധമായി കാണുന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ ജാതിബദ്ധമായ ഇടത്ത് വര്‍ഗവീക്ഷണത്തിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല എന്ന വിമര്‍ശനമാണ് പ്രധാനമായും അവര്‍ ഉയര്‍ത്തിയത്. മഹാരാഷ്ട്രയില്‍ ദലിത് പാന്തര്‍പോലുള്ള പ്രസ്ഥാനങ്ങള്‍ മാര്‍ക്സ്-അംബേദ്കര്‍ സംവാദത്തെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടു വന്നവരാണ്. പിന്നീട് വ്യക്തികളിലേക്ക് മാത്രമായി ഈ സംവാദങ്ങള്‍ മാറുകയാണ്. ഇന്ത്യയില്‍ എഴുപതുകളോടെ ഉയര്‍ന്നുവന്ന കീഴാള പഠനങ്ങളാണ് തുടര്‍ന്ന് ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നത്. അക്കാദമിക് രംഗത്ത് നിരവധി സംവാദങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അവയില്‍ ബഹുഭൂരിപക്ഷവും ഏകപക്ഷീയമായ നിരീക്ഷണങ്ങളായി മാറുന്നു.
ജാതിയെന്നത് വികാരമായാലും പ്രതിഭാസമായാലും സംഘടനാ രൂപമായാലും ഇന്ത്യന്‍ ശരീരത്തിലും മനസ്സിലും പാരമ്പര്യമായി സന്നിവേശിപ്പിക്കപ്പെട്ടതാണ്. അതായത് ബ്രാഹ്മണര്‍ തങ്ങള്‍ക്ക് താഴെയുള്ളവരെ അടിച്ചമര്‍ത്തുന്നതിനായി ഉപയോഗിച്ച ആയുധമാണ് ജാതി. ജീവിതരീതി, വേഷം, ഭാഷ, ജോലി, ആഹാരം, വിവാഹം എന്നിവയിലെല്ലാം മുഴച്ചുനില്‍ക്കുന്ന ഒന്നാണ് ജാതിബോധം. ഇത്തരം അവസ്ഥയെ സൃഷ്ടിക്കുന്നത് ജാതി മേധാവിത്വ ശക്തികളാണ്. ബ്രാഹ്മണര്‍ സൃഷ്ടിച്ച ജാതി അധികാരത്തെ മറികടക്കാന്‍ അതിന്‍റെ ചൂഷണം അനുഭവിക്കുന്ന വിഭാഗം തയാറാകുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്.
ഇവിടെ നിറവും ജാതി വേര്‍തിരിവിന് കാരണമാണ്. മണ്ണില്‍ പണിയെടുക്കുന്നവന്‍റെ നിറമാണ് കറുപ്പ്. അധ്വാനിക്കാത്തവര്‍ ഈ നിറമാകണമെന്നില്ല. ഉണ്ടാകണമെന്നില്ല. തങ്ങളുടെ നിറം കറുത്തതാണെന്നു പറഞ്ഞുകൊണ്ട് കറുപ്പിനെ അന്തസ്സായി പ്രഖ്യാപിച്ചത് ലോകത്തിലെ കറുത്ത മനുഷ്യരാണ്. കറുത്ത ദൈവശാസ്ത്രമെഴുതിയ ജയിംസ് എച്ച്കോണ്‍ പറഞ്ഞു: ഇനിമുതല്‍ കറുപ്പ് ഒരു ഇല്ലായ്മയല്ല. മറിച്ച് കറുത്തവരുടെ മേല്‍ കെട്ടിവെച്ച എല്ലാ ആധിപത്യങ്ങളുടെയും നിഷേധമാണ്.
ഹിന്ദുമതം സംസ്കാരമാണ് എന്നാണ് അതിന്‍റെ സൈദ്ധാന്തികര്‍ വാദിക്കുന്നത്. ഹിന്ദുമതമെന്നാല്‍ വിവക്ഷിക്കപ്പെടുന്നത് വൈദികമതമെന്നാണ്. അതിന്‍റെ അടിസ്ഥാന സ്വഭാവവും പ്രമാണവും ജാതിയാണ്. ജാതിവ്യവസ്ഥയുടെ മതാത്മകതയാണ് ഹിന്ദുമതം. ജാതിയില്ലെങ്കില്‍ ഹിന്ദുമതമില്ല. അതുകൊണ്ട് ഈ വ്യവസ്ഥ നിലനിര്‍ത്തേണ്ടത് ‘സനാതനി’കളുടെ ആവശ്യമാണ്. ഡോ. രാധാകൃഷ്ണനെപ്പോലുള്ളവര്‍ ഇന്ത്യന്‍ ദര്‍ശനങ്ങളിലെ ആത്മീയധാരക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. ഇന്ത്യയില്‍ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബംഗാളില്‍ നാമശൂദ്ര പ്രസ്ഥാനം, ആന്ധ്രയിലെ ദ്രാവിഡ പ്രസ്ഥാനം, മഹാരാഷ്ട്രയില്‍ ഫൂലെയുടെ സത്യശോധക് സമാജം, തമിഴ്നാട്ടില്‍ ഇ.വി.ആറിന്‍റെ ദ്രാവിഡ കഴകം, കേരളത്തില്‍ വൈകുണ്ഠസ്വാമി മുതല്‍ പൊയ്കയില്‍ അപ്പച്ചന്‍ വരെയുള്ളവരുടെ പ്രസ്ഥാനം.
ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം ജാതിമേധാവിത്വത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ പ്രസ്ഥാനം വളര്‍ന്നത് വ്യത്യസ്ത മതധാരകളിലൂടെയാണെങ്കിലും അടിസ്ഥാനപരമായി അവ മനുഷ്യന്‍, അവരുടെ സമത്വം, വ്യക്തിസ്വാതന്ത്ര്യം എന്നിവയിലാണ് ഊന്നിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആരംഭിച്ച ഭക്തിപ്രസ്ഥാനം പതിനേഴാം നൂറ്റാണ്ടുവരെ സാംസ്കാരിക മണ്ഡലത്തെ ചലനാത്മകമാക്കി. ശങ്കരാചാര്യരുടെ വേദാന്തദര്‍ശനത്തിനെതിരെ ആത്മീയതയിലൂന്നിയ പുതിയൊരു നിലപാടാണ് ഭക്തിപ്രസ്ഥാനം മുന്നോട്ടുവെച്ചത്.
ആത്മീയ സമത്വമായിരുന്നു അവരുടെ കാഴ്ചപ്പാട്. സംസ്കൃതം പൂര്‍ണമായും ഉപേക്ഷിച്ച ഇവര്‍ സാധാരണക്കാരുടെ ഭാഷയിലാണ് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. ഉത്തരേന്ത്യയില്‍ കബീറും ചൊക്കമേളയും രവിദാസും തമിഴ്നാട്ടില്‍ നന്തനാരും രാമലിംഗസ്വാമിയുമായിരുന്നു ഭക്തിപ്രസ്ഥാനത്തെ നയിച്ചത്. മഹാരാഷ്ട്രയും ഭക്തിപ്രസ്ഥാനത്തിന് വേരോട്ടം ലഭിച്ച സ്ഥലമാണ്. വര്‍ക്കരി പ്രസ്ഥാനം എന്നാണ് ഇത് അവിടെ അറിയപ്പെട്ടിരുന്നത്. 1270ല്‍ ജനിച്ച നാംദിയോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ മുഖ്യസാരഥി. ധന്വേശ്വര്‍, ചൊക്കമേള, തുക്കാറാം എന്നിവര്‍ ഭക്തിപ്രസ്ഥാനത്തെ ജനകീയവത്കരിച്ചു.
കീഴാള സമൂഹത്തിന്‍റെ വേദനകളും തീക്ഷ്ണ ജീവിത യാഥാർഥ്യങ്ങളും തന്‍റെ എഴുത്തിലൂടെ അവതരിപ്പിക്കുകയും അത് പാടിനടക്കുകയും ചെയ്ത കവിയായിരുന്നു കബീര്‍. ബ്രാഹ്മണിക്കല്‍ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടാണ് കബീര്‍ സ്വീകരിച്ചത്. കബീറിന്‍റെ സമകാലികനായ രവിദാസും സാമൂഹിക പരിഷ്കരണം മുന്‍നിര്‍ത്തി രചനകള്‍ നടത്തിയ കവിയാണ്. ബ്രാഹ്മണ പൗരോഹിത്യത്തെയും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെയുമാണ് ഭക്തിപ്രസ്ഥാനം പ്രധാനമായും ചോദ്യം ചെയ്തത്.
പ്രാങ് മുതലാളിത്ത വര്‍ഗത്തിന്‍റെ ഉല്‍പന്നമാണ് ജാതി എന്ന് മാര്‍ക്സും ഉല്‍പാദനത്തിന്‍റെ ഒരു പ്രാകൃത തലത്തിലെ വര്‍ഗമാണ് ജാതിയെന്ന് ഡി.ഡി. കൊസാംബി വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് ഗഹനമായ പഠനം നടത്തിയത് ഡോ. ബി.ആര്‍. അംബേദ്കറാണ്. അംബേദ്കര്‍ ജാതി പ്രശ്നത്തെ സമീപിക്കുന്നത് അതിനെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തിലല്ല. മറിച്ച് അതിനെ ഉന്മൂലനം/ നിര്‍മൂലനം ചെയ്യുക എന്ന അർഥത്തിലാണ്. ജാതിയെ ശാസ്ത്രീയമായി പഠിക്കാന്‍ ശ്രമിച്ച ആദ്യത്തെ ഇന്ത്യക്കാരനായ നരവംശ ശാസ്ത്രജ്ഞന്‍ ഗോവിന്ദ സദാശിവ് ഗുരേ തന്‍റെ പ്രസിദ്ധമായ ‘ജാതിയും വംശവും ഇന്ത്യയില്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1932ലാണ്. അംബേദ്കര്‍ ‘ഇന്ത്യയിലെ ജാതികള്‍: അവയുടെ ഉത്ഭവം, ഘടനാ സംവിധാനം വികാസം’ എന്ന പ്രബന്ധം 1936 മേയ് ഒമ്പതിനാണ് കൊളംബിയ യൂനിവേഴ്സിറ്റിയില്‍ അവതരിപ്പിക്കുന്നത്.
ജാതിയെ ഒരു സാമൂഹിക പ്രതിഭാസമായിട്ടാണ് അംബേദ്കര്‍ കാണുന്നത്. അതായത് ജാതികള്‍ പരസ്പര ബന്ധിതമായി നില്‍ക്കുന്ന ഒരു സംഘാതമാണ്. ആര്യന്‍ അധിനിവേശത്തോടെയാണ് ജാതി ഉണ്ടായതെന്ന വാദം അംബേദ്കര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അന്തര്‍ വിവാഹക്രമം അതായത് സഗോത്ര/സജാതി വിവാഹ ക്രമമാണ് ജാതിയുടെ അടിത്തറ. ബ്രാഹ്മണര്‍ ഇതൊരു ആദര്‍ശസംവിധാനമായി കാണുകയും അന്തര്‍ വിവാഹക്രമം ഒരു വ്യവസ്ഥയായി മാറ്റിത്തീര്‍ക്കുകയും മറ്റുള്ളവര്‍ ഇതിനെ അനുകരിക്കുകയും ചെയ്തതാണ് ജാതികള്‍ രൂപപ്പെടാനുണ്ടായ പ്രധാന കാരണം.
ജാതി അടഞ്ഞ ഒരു വര്‍ഗമാണെന്ന് അംബേദ്കര്‍ പറഞ്ഞു. സമൂഹത്തില്‍ നിലനിന്നിരുന്ന ബഹിര്‍ വിവാഹ ക്രമങ്ങളുടെ മേല്‍ അന്തര്‍വിവാഹക്രമം നേടിയെടുത്ത ആധിപത്യമാണ് ജാതിയുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. ജാതികള്‍ പിന്നീട് അതിന്‍റെ തുടര്‍ച്ച നിലനിര്‍ത്തിയത് വര്‍ണ സങ്കല്‍പത്തില്‍ അധിഷ്ഠിതമായ മൂല്യവ്യവസ്ഥയിലും തരംതിരിച്ച സാമൂഹിക അസമത്വത്തിലുമാണെന്ന് അംബേദ്കര്‍ അഭിപ്രായപ്പെടുന്നു (ശൂദ്രര്‍ ആരായിരുന്നു, അംബേദ്കര്‍).
തരംതിരിച്ചുള്ള അസമത്വം വിവിധ സാമൂഹിക വിവാഹങ്ങളില്‍ പരസ്പരം വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും ബോധം സൃഷ്ടിക്കുന്നു. അങ്ങനെ ഒരു മൂല്യവ്യവസ്ഥയുടെ ആധിപത്യത്തെ അത് ഉറപ്പിച്ചെടുക്കുന്നു. ഈ മൂല്യവ്യവസ്ഥയെ സാധൂകരിക്കുന്നതാണ് വേദങ്ങളും മനുസ്മൃതിയുമെല്ലാം. സാമൂഹിക പദവിയില്‍ മുകളിലേക്ക് പോകുന്തോറും ഉന്നതകുലങ്ങളില്‍പെട്ട ബ്രാഹ്മണര്‍ക്കും ബ്രാഹ്മണ മേല്‍ജാതി വിഭാഗങ്ങള്‍ക്കും പദവിയും സാമൂഹിക മാന്യതയും ഉറപ്പിക്കുന്നതുമായ ഈ മേല്‍കീഴ് വ്യവസ്ഥയില്‍ കീഴോട്ടു പോകുന്തോറും താഴ്ന്ന ജാതി വിഭാഗങ്ങളോട് മേല്‍ജാതിക്കാര്‍ക്ക് വെറുപ്പും അവഹേളനവും സ്ഥിരമായി സൃഷ്ടിക്കുന്ന തരംതിരിച്ച അസമത്വം സ്ഥാപനവത്കരിക്കുന്ന സംവിധാനമാണ് ജാതിവ്യവസ്ഥ എന്നാണ് അംബേദ്കര്‍ പറയുന്നത്.
അതായത് ജാതി അടിസ്ഥാനപരമായി ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. സമൂഹത്തെ തരംതിരിച്ച് സാമൂഹികാസമത്വത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക സാംസ്കാരിക ഘടകമായി ആദര്‍ശവത്കരിക്കുകയും അതിനെ പാവനമായ ഒരു സാമൂഹിക സാംസ്കാരിക ക്രമമായി സാധൂകരിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നതിന് ആവശ്യമായ പ്രത്യയശാസ്ത്ര ധർമം നിര്‍വഹിക്കുന്നത് ബ്രാഹ്മണ ഹിന്ദു സാഹിത്യങ്ങളാണ്. ‘ഋഗ്വേദ’ത്തിലെ പുരുഷസൂക്തങ്ങളാണ് ജാതിയുടെ ആധികാരികരേഖ. ബ്രഹ്മാവിെന്റ ശരീരഭാഗങ്ങളില്‍നിന്ന് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ ജനനം നടന്നതായി പുരുഷസൂക്തത്തിലാണ് പറയുന്നത്. ഇതിനെ മനു വിപുലീകരിക്കുകയാണ് ചെയ്തത്. ആ മനു സിദ്ധാന്തം ഇന്നും സംഘ്പരിവാറിന്‍റെ ആശയാടിത്തറയാണ്.
ചിലരെങ്കിലും അംബേദ്കറെയും മാര്‍ക്സിനെയും വിപരീതമായി നിര്‍ത്തിക്കൊണ്ടാണ് സംസാരിക്കുന്നത്. അത്തരം സമീപനം ശരിയല്ല. മാര്‍ക്സ് തന്‍റെ അവസാന നാളുകളില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിരുന്നു. 1857-58 കാലഘട്ടത്തില്‍ ‘മൂലധനം’ ഒന്നാം വാല്യം തയാറാക്കുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ പ്രാങ് മുതലാളിത്ത രൂപങ്ങളായി മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. ഒന്നാം വാല്യത്തില്‍ മൂര്‍ത്തമായി ഇന്ത്യയെ വിശകലനം ചെയ്യാന്‍ മാര്‍ക്സിനു കഴിഞ്ഞു. മൂന്നാം വാല്യത്തിന്‍റെ കുറിപ്പുകള്‍ ചേര്‍ത്തിറക്കിയ ഗുന്ത്രിസെയിലും ഇതുസംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ഒരു കമ്യൂണിസ്റ്റ് വിപ്ലവം നടക്കണമെങ്കില്‍ പ്രായോഗിക പ്രത്യയശാസ്ത്രരംഗത്ത് നടക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ‘ഇന്ത്യ ആൻഡ് ദി പ്രീ റെക്വിസിറ്റ്സ് ഓഫ് കമ്യൂണിസം’ എന്ന പ്രബന്ധത്തില്‍ അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്.
1936ലാണ് അംബേദ്കര്‍ ജാതി ഉന്മൂലനം പ്രസിദ്ധീകരിക്കുന്നത്. ഇവിടെ ഹിന്ദു സാമൂഹിക വ്യവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നാണ് അംബേദ്കര്‍ പറയുന്നത്. മനുഷ്യ അന്തസ്സിനെ അപമാനിക്കുന്ന പ്രത്യയശാസ്ത്രമാണ് ഹിന്ദു സാമൂഹിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്നത്. സ്മൃതി പാരമ്പര്യമാണ് അതിന്‍റെ ജ്ഞാനശാസ്ത്ര അടിത്തറ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം ബ്രാഹ്മണിക മൂല്യവ്യവസ്ഥക്ക് അന്യമാണ്.
അടിസ്ഥാന മനുഷ്യരുമായി/ തൊഴിലാളികളുമായി ബന്ധമില്ലാത്ത തരത്തിലാണ് ഇന്ത്യന്‍ ആത്മീയദര്‍ശനം രൂപപ്പെട്ടു വന്നിട്ടുള്ളത്. ജാതി-വര്‍ണ ഘടനയെ നിലനിര്‍ത്തി ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തെ അടിച്ചമര്‍ത്താനാണ് ബ്രാഹ്മണിക് പ്രത്യയശാസ്ത്രം ശ്രമിക്കുന്നത്. ദലിതര്‍ ബൗദ്ധജനതയുടെ പിന്മുറക്കാരാണ്. അതുകൊണ്ട് വര്‍ണ-ജാതി വ്യവസ്ഥയെ അവര്‍ അംഗീകരിക്കുന്നില്ല. ദലിത് എന്നത് ഒരു ജാതിയല്ല മറിച്ച് ജീവിതാവസ്ഥയാണ്.
ജാതിയും അധ്വാനരൂപങ്ങളും തമ്മിലുള്ള ജൈവബന്ധത്തിലാണ് ദലിതരും ജാതിനിന്ദ്യരുമായ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദേശീയ കര്‍തൃത്വം ചരിത്രപരമായി സ്ഥാനപ്പെട്ടിരിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്‍റെ രണ്ട് ശത്രുക്കള്‍ ബ്രാഹ്മണിസവും മുതലാളിത്തവുമാണ്. ഇത് ഇന്ത്യന്‍ സാഹചര്യത്തിലാണ്. അംബേദ്കര്‍ മാര്‍ക്സിനെ ബുദ്ധനിലൂടെയാണ് വായിക്കാന്‍ ശ്രമിക്കുന്നത്. ഈ വായനയെ തുടര്‍ന്നു കൊണ്ടുപോകാന്‍ ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് ഇപ്പോഴും പൂര്‍ണമായി കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ജാതിയെ ഉന്മൂലനം ചെയ്യണമെങ്കില്‍ മിശ്രസമൂഹം രൂപപ്പെടേണ്ടതുണ്ട്. മിശ്രവിവാഹം അതില്‍ ഒരു മാര്‍ഗമാണെന്ന് അംബേദ്കര്‍തന്നെ പറയുന്നുണ്ട്.
അതൊരു പ്രധാന കാര്യമാണ്. ഇവിടെ ഗൗരവമായ പ്രശ്നം അടിത്തട്ട് സമൂഹങ്ങള്‍ നേരിടുന്നുണ്ട്. അതായത് ഇവിടെ നടക്കുന്ന പല മിശ്രവിവാഹങ്ങളിലും കീഴാള സമൂഹങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാറില്ല. മിശ്ര വിവാഹങ്ങളില്‍പോലും വര്‍ഗവും ജാതിയും ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്. സാമ്പത്തികമായി ഒരേ അവസ്ഥയില്‍നില്‍ക്കുന്നവര്‍ തമ്മിലെ മിശ്രവിവാഹങ്ങളാണ് ഇന്ത്യയില്‍ കൂടുതലായി നടക്കുന്നത്. അത് വര്‍ഗഘടനയെ പൊളിക്കുകയല്ല മറിച്ച് നിലനിര്‍ത്തുകയാണ്.
അടിസ്ഥാന സമൂഹങ്ങളില്‍നിന്നും പലരും മിശ്രവിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതിന് കാരണം നിറമാണ്. കറുത്തവരെ സ്വീകരിക്കാന്‍ പുരോഗമനപക്ഷക്കാര്‍ക്കും കഴിയുന്നില്ല. ജാതിയെ പ്രശ്നവത്കരിക്കുന്നതുപോലെ സൗന്ദര്യത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകണം. കമ്യൂണിസ്റ്റുകളും പുരോഗമനവാദികളും അടിത്തട്ട് സമൂഹങ്ങളും ബുദ്ധിജീവികളുമെല്ലാം അത് സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തിയാല്‍ മാത്രമേ ജാതി ഉന്മൂലനം പൂര്‍ണമായും സാധ്യമാകൂ.