Begin typing your search above and press return to search.
proflie-avatar
Login

കയ്യാല

കയ്യാല
cancel

അങ്ങനെയാണ് കാഴ്ച വിശ്വാസപ്രശ്നമായത്. വാമൊഴിയെയും വരമൊഴിയെയും വെല്ലി ഇന്ന് വിനിമയത്തിെന്റ മുഖ്യ മാധ്യമമായിരിക്കുന്നു ഛായാമൊഴി. അങ്ങനെ വിനിമയത്തിന്റെ രീതി മാത്രമല്ല ആന്തരികതകൂടി മാറിത്തുടങ്ങുന്നു. ജീവന്റെ ‘ഭൂപാള’മാണ് ഛായ. എവിടെയും കണ്ണിൽ ആദ്യമുണരുക ഛായ. എങ്കിലേ തിരിച്ചറിവ് തുടങ്ങൂ. ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചെന്ന് വേദം ഓതിവെക്കുമ്പോൾ കാഴ്ചപ്പൊരുൾ വ്യക്തം –സ്വന്തം ഛായക്കപ്പുറം പോകാൻ മനുഷ്യന്റെ സിരാഭാവനക്ക് ആത്യന്തികമായും കഴിയുന്നില്ല. യേശുവിന്റെ മുഖച്ഛായ ഒരു തുണിച്ചിന്തിൽ ഒപ്പിവെച്ചതാണ് പ്രസിദ്ധമായ ‘Shroud of Turin’. കുരിശിൽ മരിച്ചവനെ മറവുചെയ്യാൻ പൊതിഞ്ഞ ശവക്കച്ചയിൽ പരേതൻ...

Your Subscription Supports Independent Journalism

View Plans
അങ്ങനെയാണ് കാഴ്ച വിശ്വാസപ്രശ്നമായത്. വാമൊഴിയെയും വരമൊഴിയെയും വെല്ലി ഇന്ന് വിനിമയത്തിെന്റ മുഖ്യ മാധ്യമമായിരിക്കുന്നു ഛായാമൊഴി. അങ്ങനെ വിനിമയത്തിന്റെ രീതി മാത്രമല്ല ആന്തരികതകൂടി മാറിത്തുടങ്ങുന്നു. 

ജീവന്റെ ‘ഭൂപാള’മാണ് ഛായ. എവിടെയും കണ്ണിൽ ആദ്യമുണരുക ഛായ. എങ്കിലേ തിരിച്ചറിവ് തുടങ്ങൂ. ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചെന്ന് വേദം ഓതിവെക്കുമ്പോൾ കാഴ്ചപ്പൊരുൾ വ്യക്തം –സ്വന്തം ഛായക്കപ്പുറം പോകാൻ മനുഷ്യന്റെ സിരാഭാവനക്ക് ആത്യന്തികമായും കഴിയുന്നില്ല.

യേശുവിന്റെ മുഖച്ഛായ ഒരു തുണിച്ചിന്തിൽ ഒപ്പിവെച്ചതാണ് പ്രസിദ്ധമായ ‘Shroud of Turin’. കുരിശിൽ മരിച്ചവനെ മറവുചെയ്യാൻ പൊതിഞ്ഞ ശവക്കച്ചയിൽ പരേതൻ സ്വന്തം മുഖച്ഛായ പകർന്നതാണെന്ന് മതം പറയുന്നു. പുറത്ത് കഥ മറ്റൊന്ന്: ഈ മാന്ത്രികത്തച്ച് ആ ഡവിഞ്ചിക്കാരൻ ഒടിയന്റേതുതന്നെ –ലിയോനാർഡോ. ഇത് പള്ളിയെ പറ്റിക്കാൻ സ്വന്തം ഛായയിൽ മിശിഹാപുത്രനെ അടയാളപ്പെടുത്തിയ ആത്മീയ സെൽഫിയെന്ന്.

തുണിക്ക് കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ കഥ പിന്നെയും മാറി: 14ാം നൂറ്റാണ്ടിലേതാണ് ശീല, ക്രിസ്തുകാലത്തേതല്ല. അപ്പോഴും മാറുന്നില്ല നിഗൂഢത –ലിനൻ നാരുകൊണ്ടുള്ള ജൗളിക്ക് ചായം മുക്കിയിട്ടില്ല, പിന്നെങ്ങനെ അതിൽ മുഖം പതിച്ചു? 15ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് ഡവിഞ്ചികൃതങ്ങൾ. പഴന്തുണിയിൽ ആൾ പരീക്ഷണങ്ങൾ നടത്തിയത് അറിവുള്ളതാണ്, മൊണാലിസക്കും സാൽവറ്റോർ മുണ്ടിക്കും സ്വന്തം ഛായ പകർന്നതും പ്രസിദ്ധം. ജഡങ്ങളുടെ ദേഹാപഗ്രഥനത്തിൽ വിശിഷ്യാ തൽപരൻ... എല്ലാമിരിക്കെയും സംശയം ബാക്കി.

നവോത്ഥാന കാലത്തുതന്നെ ഫോട്ടോഗ്രഫിയുടെ ശാസ്ത്രം ഇറ്റലിക്കരയിലും എത്തിക്കഴിഞ്ഞിരുന്നു. ഇസ്‍ലാമിക ജ്ഞാനവസന്തത്തിൽ ഇബ്നുൽ ഹയ്തം രചിച്ച ‘കിതാബുൽ മനാദീറി’ന്റെ (Book of Optics) ലത്തീൻ പരിഭാഷ 13ാം നൂറ്റാണ്ടിലേയുണ്ട്. സ്വാഭാവികമായും ഈ പുതുവിദ്യ പ്രയോഗിക്കാൻ അന്ന് മറ്റാർക്കാവും, ഡവിഞ്ചിയോളം?

ഫോട്ടോഗ്രഫി നവീനമായ സാങ്കേതിക രൂപമാണ്. ഫോട്ടോ പക്ഷേ പ്രാചീനമായ ഛായാരൂപം. ബൈസാന്റിൻ കാലത്ത് ‘അചെറോപോയിറ്റ’ എന്നായിരുന്നു വിളിപ്പേര് –‘മനുഷ്യന്റെ കൈത്തച്ചില്ലാത്ത വിശുദ്ധ ചിത്രങ്ങൾ’. ചൊല്ലെന്താകിലും തച്ച് മനുഷ്യക്കൈയുടെ തന്നെ. മധ്യകാല യവനർ ഈ പർദയൊന്നുമില്ലാതെ ആ തച്ചിനെ ബിംബങ്ങൾ എന്നുവിളിച്ചു –ചിത്രബിംബങ്ങൾ. സ്വന്തം ഛായയിൽ ക്രിസ്തുമുഖത്തെ പഴന്തുണിയിൽ പതിക്കയാണ് ഡവിഞ്ചി ചെയ്​തതെങ്കിൽ നവോത്ഥാനകാല ഇറ്റലി അതിനെയൊരു മാന്ത്രികവൃത്തിയായി ധരിച്ചിട്ടുണ്ടാവണം. അവരെ സംബന്ധിച്ച് അത് വിശ്വാസത്തിന്റെ ഒരു വിശേഷ സന്ദർഭമാണ്.

എങ്ങനെയാണീ വിശ്വാസമുണ്ടായത്? Seeing is Believing: അപ്രയോഗം മുളച്ചത് നൂറ്റാണ്ട് നാലു മുമ്പ്. അതിനുമെത്ര മുമ്പേയുണ്ടത് പഴമൊഴിയായി. തിരുമുറിവുകൾ നേരിൽ കാണുംവരെ വിശ്വസിക്കില്ലെന്ന് ശഠിച്ച തോമാശ്ലീഹയുടെ ചരിതം വഴി. അക്കഥ ധ്വനിപ്പിച്ചത് കാഴ്ചയെ മാത്രം നമ്പിയല്ല വിശ്വാസമെന്നാണ്. കണ്ടത് മാത്രം വിശ്വസിക്കുന്നത് വിശ്വാസത്തിലെ ശിശുനിലയാണെന്ന്.

ആദ്യമാദ്യം ഛായ എന്നാൽ ക്രിസ്തുഛായ മാത്രമായിരുന്നു. പിന്നീട്, പ്ലേറ്റോയെ പിൻപറ്റിയ ദൈവശാസ്ത്രജ്ഞർക്ക് ഈ ക്രൈസ്തവാശയത്തെ യവനഗുരുവിന്റെ ദർശനത്തോട് സമരസപ്പെടുത്തേണ്ടിയിരുന്നു. മൗലിക രൂപത്തേക്കാൾ താണ പടിയിലുള്ളതാണ് പ്ലേറ്റോക്ക് ഛായ. പള്ളിക്ക് പക്ഷേ വയ്യ, വിശുദ്ധത്രയത്തിലെ ഒരംശത്തെ അങ്ങനങ്ങ് ശോഭ കെടുത്തിക്കാണാൻ. പോംവഴി ഓതിയത് സെന്റ് അഗസ്റ്റിൻ: ‘‘ദൈവഛായ മനുഷ്യമനസ്സിലാണ്, േയശുവിന്റെ ദേഹത്തല്ല.’’ ഈ സന്ധിചെയ്യലാണ് അ​െചറോപോയിറ്റയിലുള്ള വിശ്വാസത്തിന് സമ്മതി തരമാക്കിയത്.

അങ്ങനെ ഭാവാത്മകമായ ഛായകൾ മതദൈവത്തിന്റെ പവിത്രസാന്നിധ്യത്തിനുള്ള പ്രതീകമായി. പ്രത്യക്ഷീകരണമല്ല, സത്യത്തിന്റെ നിർഗമനമാണ് ഛായ എന്ന ധാരണയുറച്ചു. അതോടെ, ബിംബാരാധന വിലക്കുന്ന പത്തു കൽപനകൾ തിരുത്താതെതന്നെ വിശുദ്ധഛായകളോട് ഒത്തുപോകാമെന്നായി. ഇസ്‍ലാമാകട്ടെ ദൈവഛായയെയും ഇതര ഛായകളെയും വേർതിരിച്ചു, അല്ലാഹുവിന്റെയും പ്രവാചകന്റെയും ഛായാനിർമിതിക്ക് വിലങ്ങുംവെച്ചു. ഇതിന്റെയെല്ലാം മനോമർമം സരളം. ചരിത്രത്തിലുടനീളമുണ്ട്, ഈ വിഗ്രഹഭഞ്ജനത്തിന്റെ ഈഷൽഭേദങ്ങൾ. ബൈസാന്റിൻ കാലത്ത് അചെറോപോയിറ്റയായി ഭഞ്ജകരുടെ വേധലക്ഷ്യം. പിൽക്കാലത്ത് പ്രൊട്ടസ്റ്റന്റുകൾ കത്തോലിക്കാ മതത്തിലെ ഛായാരൂപങ്ങൾ നശിപ്പിച്ചു. കാരണം വിശ്വാസികളെ അവ ഭൗതികഛായയിൽ തളച്ചിടുന്നെന്ന്.

മതത്തി​ന്റെ രക്ഷാകർതൃത്വമില്ലാതെ നിൽക്കാൻ കാലുള്ള ചെറുപറ്റം സ്വതന്ത്ര കലാകാരന്മാർ മതകൽപനകളെ മാറ്റിനിറുത്തി സൃഷ്ടിച്ചതാണ് ആധുനിക കല. ഇത്തരം നിരപേക്ഷ ചിന്തക്ക് ചേരുന്ന മുഖപടമായി ഫോട്ടോഗ്രഫി. കാണലാണ് വിശ്വസിക്കൽ എന്നത് ശാസ്ത്രീയ യുക്തിയിൽ ഉറപ്പിച്ച പുതിയ മാധ്യമത്തിന്റെ ഹൃദയമന്ത്രമായി. പലരും അരുനിന്നു, കലഹിച്ചു. ഫോട്ടോഗ്രഫി പക്ഷേ പൂത്തുലഞ്ഞു. ബിംബത്തിനും അചെറോപോയിറ്റക്കും ചുറ്റിലായി നേരത്തേതന്നെയുള്ള വിശ്വാസവട്ടം അതിനെയങ്ങ് ആവാഹിച്ചു. കൺമുന്നിലെ നേരിനെ മാത്രമേ കാമറക്ക് പകർത്താനാവൂ. വസ്തുനിഷ്ഠതയാണ് അതിന്റെ നേര്. സ്വാഭാവികമായും കാമറ കവരുന്ന ലോകത്തോട് ഫോട്ടോയെ തുലനപ്പെടുത്തുകയായി.

 

‘കിതാബുൽ മനാദീറി’ന്റെ (Book of Optics) ലത്തീൻ പരിഭാഷ,യേശുവിന്റെ മുഖച്ഛായ ഒരു തുണിച്ചിന്തിൽ ഒപ്പിവെച്ച  ‘Shroud of Turin’

‘കിതാബുൽ മനാദീറി’ന്റെ (Book of Optics) ലത്തീൻ പരിഭാഷ,യേശുവിന്റെ മുഖച്ഛായ ഒരു തുണിച്ചിന്തിൽ ഒപ്പിവെച്ച ‘Shroud of Turin’

എങ്കിലും...

ആദിതൊട്ടേ പലരും ആശങ്കിച്ചിരുന്നു, പടത്തിന് നുണ പറയാനാവുമെന്ന്. ആധുനിക ലോകത്തെ ആദ്യ ഫോ​േട്ടാ എടുക്കൂ: ഹിപൊലീറ്റ്​ ബെയാഡിന്റെ Self Portrait of a Drowned Man. ലക്ഷണമൊത്ത നുണപ്പടം. അതറിഞ്ഞ നിലക്ക് ആരാനും പിന്നെ ‘കാണുന്നതിൽ വിശ്വസിക്കു’മോ? എന്നിട്ടും കണ്ടവർ കണ്ടവർ അവിശ്വാസികളായില്ല, കൂടുതൽ വിശ്വാസികളാവുകയായിരുന്നു.

കാരണം, കാണുന്ന പടത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്ന മനോഘർഷണത്തിന്റെ മറയിൽ ഉറച്ചുപോകുന്നുണ്ട്, ഒരിനം കാഴ്​ചബോധം. ഫോട്ടോകളിൽ ഏതു വിശ്വസിക്കണം? അങ്ങനൊരു തിരഞ്ഞെടുപ്പ് മനുഷ്യൻ നടത്തുന്നില്ല. മറിച്ച്, നാം വിശ്വസിക്കുന്ന ലോകത്തുനിന്നുളവാകുന്ന പടങ്ങളിലങ്ങ് വിശ്വസിച്ചുപോവുകയാണ്. പടത്തിലെ വസ്തുവിൽനിന്നല്ല, അത് കാണുന്ന നമ്മിൽനിന്നാണ് ഈ വിശ്വാസത്തിന്റെ പിറവി. കണിയല്ല, കാണിയുടെ കാതലാണ് മർമം. അതുകൊണ്ട് പഴമൊഴി തകിടംമറിയുന്നു: Believing is seeing. വിശ്വസിക്കുന്നതാണ് കാണുന്നത്.

ഇങ്ങനെയാണ് കാഴ്ച വിശ്വാസപ്രശ്നമായത്. വാമൊഴിയെയും വരമൊഴിയെയും വെല്ലി ഇന്ന് വിനിമയത്തിെന്റ മുഖ്യ മാധ്യമമായിരിക്കുന്നു ഛായാമൊഴി. അങ്ങനെ വിനിമയത്തിന്റെ രീതി മാത്രമല്ല, ആന്തരികതകൂടി മാറിത്തുടങ്ങുന്നു. നടപ്പു നൂറ്റാണ്ടിന്റെ തുടക്കംതൊട്ട് മനുഷ്യലോകം അടിസ്ഥാനപരമായി ഭാഷാസംസ്കാരത്തിൽനിന്ന് ഛായാസംസ്കാരത്തിലേക്കുള്ള മാറ്റത്തിലാണ്​. സമൂഹമാധ്യമങ്ങൾ ആ മാറ്റം തീവ്രമമാക്കി.

പണ്ട് വാമൊഴി സംസ്കാരത്തിൽനിന്ന് വരമൊഴി സംസ്കാരത്തിലേക്കുണ്ടായ പരിണതിയേക്കാൾ വിപ്ലവകരമാണിത്​. ആ പഴയ മാറ്റം സോക്രട്ടീസിനെപ്പോലും പേടിപ്പിച്ചതാണ്. അരുതരുതെന്ന് അദ്ദേഹം വിലക്കിനോക്കി, സകലതും അട്ടിമറിക്കപ്പെടുമെന്ന ആധിയിൽ. വെറും ഒരു തലമുറക്കാലത്തിനപ്പുറം പക്ഷേ എഴുത്ത് വിജയം കണ്ടു: ഗുരുവിനെ തിരുത്തി പ്ലേറ്റോ –ഹോമറിന്റെ വാമൊഴിക്കവിത തന്റെ Dialoguesൽ പരാവർത്തനംചെയ്തുകൊണ്ട്.

എഴുത്ത് ഇന്ന് ഊർധ്വൻ വലിക്കുന്നൊന്നുമില്ല. പക്ഷേ ഛായക്കാണിന്ന്​ ആണവക്കരുത്ത്. ഛായാസംസ്കാരം അതിവേഗം പന്തലിക്കുന്നു. അതിലൊരു കെണിയുമുണ്ട്. ഏതു വിശ്വാസത്തിലുമുള്ള മാതിരി. ഛായകളിലുള്ള വിശ്വാസം മനുഷ്യനെ വഴിപിഴപ്പിക്കാം. കാരണം അവ എളുപ്പത്തിൽ വക്രീകരിക്കാം, ദുരുപയോഗിക്കാം. വ്യക്തിഗത മോർഫിങ്ങാവട്ടെ, കോർപറേറ്റ് പരസ്യമാവട്ടെ, രാഷ്ട്രീയ പ്രചാരണമാവട്ടെ. മാസ് മീഡിയ ഛായകളെ ആയുധവത്കരിക്കുന്നു. മോദി ബ്രാൻഡിന്റെ അശ്വമേധത്തിൽ നാമത് കണ്ടു, അനുഭവിച്ചു. അധികാരലബ്ധിക്കുശേഷമുള്ള ഓരോ നിത്യച്ചടങ്ങിലും അത് കാണുന്നു, അനുഭവിക്കുന്നു.

എന്തിന് മോദിയോളം? കൊച്ചു കേരളത്തിൽ അധികാര രാഷ്ട്രീയത്തിന്റെ അച്ചാണിതന്നെ ഛായാനിർമിതിയും പ്രതിഛായാപ്രചാരവും മാത്രമായില്ലേ? കക്ഷികളുടെ രാഷ്ട്രീയപ്രവർത്തനം മിക്കവാറും കാമറക്കു മുന്നിലും സമൂഹമാധ്യമത്താളിലും മാത്രമായി. ഇത് ശോഷണമോ ഭൂഷണമോ പുതുവഴക്കമോ? വിധികൽപന നിൽക്കട്ടെ. ആർക്കാണ് സ്വന്തം ഛായകളിൽ വിശ്വസിക്കാൻ കൂടുതലാളെ കിട്ടുന്നത് –അതാണീ തന്ത്രത്തിന്റെ കാമ്പ്. വലതുപക്ഷം പൊതുവെ ഈ തന്ത്രത്തിൽ അതിവിരുതരാണ്. കാരണം, ഗൂഢാലോചനാ കുതുകികളിലേക്ക് വേഗമിറങ്ങിച്ചെല്ലാനുള്ള വൈഭവം, സ്വഭാവപ്പൊരുത്തം –പ്രമേയം പുല്‍വാമയായാലും അയോധ്യയായാലും ‘രാജ്യദ്രോഹ’മായാലും.

അപായകരമായ പ്രലോഭനഛായകൾ നിരന്തരം ഒഴുക്കിവിടുന്നു. പ്രവഹിക്കുന്നത് നേരോ നുണയോ എന്നത് കാണികൾക്ക് വിഷയമല്ല. അവരെ സംബന്ധിച്ച് അതൊരു രസാനുഭവവും സ്വത്വനിർമാണവുമാണ്. ഓരോ സംഭവം കഴിയുമ്പോഴും കൂടുതൽ കൂടുതൽ വരുകയാണ് ഛായകൾ. അവ കൂടുതൽ കൂടുതൽ സംഭവങ്ങളിലേക്ക് നയിക്കുന്നു. മനുഷ്യവിനിമയത്തിന് അങ്ങനെ കൂടുതൽ ഛായകൾ തുടരെ വേണ്ടുന്ന അന്തരീക്ഷമായിരിക്കുന്നു. അവ കൂടുതൽ ഝടുതിയിൽ, കൂടുതൽ വ്യാപ്തിയിൽ, വേണ്ടത്ര സാന്ദർഭികതപോലുമില്ലാതെ പ്രചരിക്കുന്നു. പടങ്ങളും സാങ്കേതിക ഛായകളുമാണ് ഇന്ന് വിവരസംസ്കരണത്തിലെ പ്രഥമോപാധികൾ.


 


ഹിപൊലീറ്റ്​ ബെയാഡിന്റെ Self Portrait of a Drowned Man

ഹിപൊലീറ്റ്​ ബെയാഡിന്റെ Self Portrait of a Drowned Man

ഈ സാഗരത്തള്ളലിലും സ്വാതന്ത്ര്യത്തിനുള്ള ഇടമൊരുക്കലാണ്, ദുഷ്കരമെങ്കിലും ഏക പോംവഴി. മാധ്യമാവേഗം സമൂഹത്തിനേൽപിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മതയോടെ വകതിരിച്ചറിയലാണ് അതിന്റെ പ്രാഥമികം. കാരണം, നാനാതരം മാധ്യമങ്ങൾവഴി വരുന്ന ഛായകളിലെ വിശ്വാസം മനുഷ്യജീവിതത്തിനുള്ള പരീക്ഷണമൂശയാണ്. ലോകത്തിൽ വിശ്വസിക്കണമെങ്കിൽ അതേക്കുറിച്ച ആലോചന അനിവാര്യം. അതിൽ ലോകത്തിന്റെ നേരായ ഛായകളുണ്ട്.

ലോകം എങ്ങനെയിരിക്കണം എന്നതിൽ നമുക്കുള്ള ഇഷ്ടത്തിനൊത്ത ഛായകളുണ്ട്, ലോകത്തെക്കുറിച്ച തെറ്റിദ്ധാരണകളുടെ ഛായകൾ വരെയുണ്ട് –നേരും നുണയും ആഗ്രഹചിന്തയും. ഈ വകതിരിവാണ് ഛായാസാക്ഷരതയുടെ എഞ്ചുവടി. അതല്ല, ഇങ്ങനെയൊക്കെ വകതിരിച്ച് കാണാൻമാത്രം ഒന്നുമില്ലെന്നാണെങ്കിൽ, വിശ്വസിക്കാനുമില്ല ഒന്നും. പാളം തെന്നിക്കിടക്കും ‘ഭൂപാളം’, സ്വരതാളങ്ങൾ പിഴച്ച്​.

(തുടരും)

News Summary - weekly article