സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കുമോ?
മെറിറ്റുള്ള സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു. ഇൗ വിധിയുടെ പശ്ചാത്തലത്തിലെങ്കിലും കേരള പി.എസ്.സിയുടെ മെറിറ്റ് അട്ടിമറി തടയുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്യുമോ എന്ന് ആരായുകയാണ് സാമൂഹിക പ്രവർത്തകനും ഗ്രന്ഥകാരനും ദീർഘകാലമായി സംവരണവിഷയം കൈകാര്യംചെയ്യുന്ന വ്യക്തിയുമായ ലേഖകൻ. സംവരണ അട്ടിമറി തടയാൻ ബദൽ മാർഗവും അദ്ദേഹം നിർദേശിക്കുന്നു.മെറിറ്റ് സീറ്റിൽ പ്രവേശനം കിട്ടാൻ മാർക്കുള്ള എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികളെ സംവരണ സീറ്റിൽ ഒതുക്കുന്ന കേരള പി.എസ്.സിയുടെ 20 യൂനിറ്റ്...
Your Subscription Supports Independent Journalism
View Plansമെറിറ്റുള്ള സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു. ഇൗ വിധിയുടെ പശ്ചാത്തലത്തിലെങ്കിലും കേരള പി.എസ്.സിയുടെ മെറിറ്റ് അട്ടിമറി തടയുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്യുമോ എന്ന് ആരായുകയാണ് സാമൂഹിക പ്രവർത്തകനും ഗ്രന്ഥകാരനും ദീർഘകാലമായി സംവരണവിഷയം കൈകാര്യംചെയ്യുന്ന വ്യക്തിയുമായ ലേഖകൻ. സംവരണ അട്ടിമറി തടയാൻ ബദൽ മാർഗവും അദ്ദേഹം നിർദേശിക്കുന്നു.
മെറിറ്റ് സീറ്റിൽ പ്രവേശനം കിട്ടാൻ മാർക്കുള്ള എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികളെ സംവരണ സീറ്റിൽ ഒതുക്കുന്ന കേരള പി.എസ്.സിയുടെ 20 യൂനിറ്റ് റൊട്ടേഷൻ സമ്പ്രദായത്തെക്കുറിച്ച് ഇതെഴുതുന്നയാളുടെ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിട്ട് കാൽനൂറ്റാണ്ടു കഴിഞ്ഞു1. അക്കാലത്ത്, കേരള കൗമുദി പത്രത്തിലും ഇതുസംബന്ധമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
പി.എസ്.സി നിയമനങ്ങളിലെ റൊട്ടേഷൻ സമ്പ്രദായത്തിന്റെ അശാസ്ത്രീയതമൂലം മെറിറ്റിൽ പ്രവേശനം കിട്ടേണ്ട ഉദ്യോഗാർഥികൾ സംവരണ സീറ്റിൽ ഒതുക്കപ്പെടുന്നതിനെ ചോദ്യംചെയ്ത, പ്രസിദ്ധമായ ബീർ മസ്താൻ കേസിൽ2 സുപ്രീംകോടതി പറഞ്ഞത് നിലവിലെ ചട്ടം 20 യൂനിറ്റായതിനാൽ അതിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും സർക്കാറിനു വേണമെങ്കിൽ ചട്ടം ഭേദഗതി ചെയ്യാം എന്നുമാണ്. എന്നാൽ, ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തയാറായില്ല; പിന്നാക്ക സമുദായങ്ങളാണെങ്കിൽ, ചട്ടഭേദഗതിക്കായി സമ്മർദം ഉണ്ടാക്കിയതുമില്ല. “മെറിറ്റുള്ള സംവരണവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകണ”മെന്ന ഏറ്റവും പുതിയ സുപ്രീംകോടതി വിധി3യുടെ പശ്ചാത്തലത്തിലെങ്കിലും, കേരള പി.എസ്.സിയുടെ മെറിറ്റ് അട്ടിമറി തടയുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്യുമോ?
സുപ്രീംകോടതി പറഞ്ഞത്
‘‘പൊതുവിഭാഗത്തിന്റെ കട്ട് ഓഫ് മാർക്കിൽ കൂടുതൽ മാർക്കുള്ള സംവരണവിഭാഗക്കാരെ വെർട്ടിക്കൽ റിസർവേഷനിലായാലും ഹൊറിസോണ്ടൽ റിസർേവഷനിലായാലും, സംവരണ േക്വാട്ടയിലാക്കരുതെ’’ന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഓപൺ അല്ലെങ്കിൽ ജനറൽ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ള, ഏതെങ്കിലും സംവരണ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർഥിയെ, ജനറൽ കാറ്റഗറിയിൽതന്നെ തിരഞ്ഞെടുക്കണമെന്നത് സ്ഥാപിക്കപ്പെട്ട നിയമതത്ത്വമാണ്.
അത്തരം സംവരണ വിഭാഗങ്ങൾക്കായി സംവരണംചെയ്തിട്ടുള്ള േക്വാട്ടയുടെ കണക്കിൽ ഈ മെറിറ്റ് സെലക്ഷൻ കണക്കാക്കാനും പാടില്ല. പ്രസിദ്ധമായ ഇന്ദ്രാ സാഹ്നി (മണ്ഡൽ) കേസിലുൾപ്പെടെ നിരവധി കേസുകളിൽ സുപ്രീംകോടതി തന്നെ അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുള്ളതാണ് ഈ കാര്യം. പക്ഷേ അതെല്ലാം വെർട്ടിക്കൽ റിസർവേഷൻ സംബന്ധമായ വിധിയായിരുന്നെങ്കിൽ ഇപ്പോഴത്തെ വിധി, ഹൊറിസോണ്ടൽ റിസർവേഷനിലും സംവരണവിഭാഗക്കാരുടെ മെറിറ്റ് അവകാശം സംരക്ഷിക്കണമെന്നു സ്ഥാപിക്കുന്നതാണ്.
കേരളത്തിൽ നടക്കുന്നത്
കേരള സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവിസ് റൂൾസ് [കെ. എസ് & എസ്.എസ് ആർ] ചട്ടം 14 (എ) അനുസരിച്ചാണ് എത്ര ഒഴിവുണ്ടെങ്കിലും 20ന്റെ യൂനിറ്റുകളായി കേരളത്തിൽ പബ്ലിക് സർവിസ് കമീഷൻ സെലക്ഷൻ നടത്തുന്നത്. ആ ചട്ടത്തിന്റെ (ബി) വകുപ്പ് പറയുന്നത് എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗക്കാർക്കും (ഇപ്പോൾ ഇ.ഡബ്ല്യൂ.എസിനും) മെറിറ്റ് സീറ്റിൽ പ്രവേശനത്തിന് അർഹതയുണ്ടെന്നും അങ്ങനെ മെറിറ്റിൽ പ്രവേശനം കിട്ടിയാൽ, അവരുടെ സംവരണ സീറ്റുകളിൽ കുറവുവരുത്തരുതെന്നുമാണ്.
എന്നാൽ, കേരള പി.എസ്.സി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സമയത്ത്, 14 (എ) അനുസരിക്കുമ്പോൾ, 14 (ബി) ലംഘിക്കപ്പെടുകയാണ്. തന്മൂലം, മാർക്ക് കൂടിയ ഉദ്യോഗാർഥി സംവരണസീറ്റിലും മാർക്ക് കുറഞ്ഞ ഉദ്യോഗാർഥി മെറിറ്റ് സീറ്റിലും തിരഞ്ഞെടുക്കപ്പെടുന്നു. റൂൾ 14 (ബി)യുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് പി.എസ്.സി സെലക്ഷനിൽ നടക്കുന്നതെന്നു ചുരുക്കം.
പരിഹാരം എന്ത്?
ഏതു സർക്കാർ ഭരിച്ചാലും, കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥലങ്ങളിൽ സവർണ ഉദ്യോഗസ്ഥലോബിയായതിനാൽ, സർക്കാർ മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നു കരുതാനാവില്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി, ഈ വിഷയത്തെക്കുറിച്ചു പറയുകയും എഴുതുകയും ചെയ്യുന്നുണ്ടെങ്കിലും പിന്നാക്ക സമുദായ സംഘടന നേതാക്കന്മാർക്കും ബുദ്ധിജീവികൾക്കും വരെ, പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമാണ്. 100 യൂനിറ്റാക്കിയാൽ പ്രശ്നം പരിഹരിക്കാം എന്നാണ് കേരള കൗമുദി (കെ. പ്രസന്നകുമാർ) ഇപ്പോഴും പറയുന്നത്. ഓരോ പ്രാവശ്യവും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ ഒന്നിച്ചെടുത്ത് 50: 50 അനുപാതത്തിൽ, മെറിറ്റ്-റിസർവേഷൻ ക്വോട്ട നികത്തണം എന്നാണ് മറ്റു പലരും നിർദേശിക്കുന്നത്.
അങ്ങനെയൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് വിശദമായി എന്റെ പുസ്തകത്തിൽ സ്ഥാപിച്ചിട്ടുണ്ട് (പി.എസ്.സി ജനറൽ സീറ്റുകൾ സവർണ സംവരണമോ? [2022] –ഗ്രേസ് ബുക്സ്, കോഴിക്കോട് സർവകലാശാല പി.ഒ, മലപ്പുറം 673 635). രണ്ടു രീതിയിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ: ഒരു തസ്തികയുടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കു മാത്രമായി ടെസ്റ്റ്/ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആ ഒഴിവുകളെ 50: 50* അനുപാതത്തിൽ മെറിറ്റ്-സംവരണം എന്നരീതിയിൽ നികത്തുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാം. ഉദാഹരണമായി 100 ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പെങ്കിൽ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 50 പേരെ, സമുദായമൊന്നും നോക്കാതെ, ആദ്യം മെറിറ്റ് ടേണിൽ തിരഞ്ഞെടുക്കണം.
ശേഷിക്കുന്ന 50 സംവരണ ടേണുകളിൽ, 50ാം റാങ്കിനു ശേഷമുള്ള, അതതു സമുദായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാർക്ക് കൂടിയ, റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 50 പേരും മെറിറ്റിൽ സെലക്ട് ചെയ്യപ്പെടും. മാർക്ക് കൂടിയ ആൾ സംവരണത്തിൽ പോകില്ല. ഈ രീതിയാണ് അവലംബിക്കുന്നതെങ്കിൽ, നൂറുപേരുടെ സെലക്ഷൻ പൂർത്തിയാകുമ്പോൾ റാങ്ക് ലിസ്റ്റും കാലഹരണപ്പെടേണ്ടിവരും. എൻ.ജെ.ഡി ഉണ്ടെങ്കിൽ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് എടുക്കാൻ പാടുള്ളൂ. അല്ലാതെ, പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് ആ റാങ്ക് ലിസ്റ്റിൽനിന്ന് ആരെയും പരിഗണിക്കാൻ പാടില്ല. അതിനായി പ്രത്യേകം ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മുൻ ചൊന്നപോലെ സെലക്ഷൻ നടത്തണം. അപ്പോഴും, കഴിഞ്ഞ റൊട്ടേഷൻ അവസാനിച്ചിടത്തുനിന്ന് സംവരണ ടേൺ ആരംഭിക്കേണ്ടിവരും. അല്ലെങ്കിൽ എല്ലാ സമുദായക്കാർക്കും സംവരണം ലഭിക്കില്ല.
ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കെല്ലാം ആ റാങ്ക് ലിസ്റ്റിൽനിന്നുതന്നെ തുടർന്നും തിരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതിയാണു പിന്തുടരുന്നതെങ്കിൽ, എൻജിനീയറിങ്-മെഡിക്കൽ പ്രവേശനത്തിൽ നടപ്പാക്കിവരുന്ന ഫ്ലോട്ടിങ് റിസർവേഷൻ, പി.എസ്.സി സെലക്ഷനിലും ഏർപ്പെടുത്തിയാലേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ. സംവരണത്തിലും മെറിറ്റിലും ഒരേ സമുദായക്കാർ വന്നാൽ, റാങ്ക് ലിസ്റ്റിലെ അവരുടെ നില അനുസരിച്ചു സ്ഥാനമാറ്റം നടത്തണം എന്നൊരു വ്യവസ്ഥ, ചട്ടം 14 (സി)യുടെ പ്രൊവൈസോയിലുണ്ട്. അതായത് റാങ്ക് ലിസ്റ്റിൽ മുന്നിലുള്ളയാൾക്ക് ആദ്യം നിയമനവും പിന്നിലുള്ളയാൾക്കു ശേഷം നിയമനവും എന്ന രീതിയിൽ, അവരുടെ സംവരണ-മെറിറ്റ് ടേണുകൾ െവച്ചുമാറണമെന്നർഥം.
ഈ പരിശോധനയും െവച്ചുമാറ്റലും, ഓരോ ദിവസത്തെയും സെലക്ഷൻ പൂർത്തിയാകുമ്പോൾ മാത്രമേ പി.എസ്.സി നടത്തുന്നുള്ളൂ ഇപ്പോൾ. അതു മാത്രം പോരാ. ഓരോ യൂനിറ്റ് കഴിഞ്ഞ് അടുത്ത യൂനിറ്റിലേക്കുള്ള സെലക്ഷൻ ആരംഭിക്കുമ്പോഴും അത്തരം പരിശോധന വേണ്ടിവരും. എങ്കിൽ മാത്രമേ ഫ്ലോട്ടിങ് റിസർവേഷൻ പി.എസ്.സിയിൽ നടപ്പാക്കാൻ സാധിക്കൂ.
ഫ്ലോട്ടിങ് റിസർേവഷൻ
സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സർക്കാർ കോളജുകളിൽ സീറ്റിന് അർഹതയുള്ള വിദ്യാർഥിക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റ് ലഭിക്കുന്ന മെച്ചപ്പെട്ട കോളജിലേക്കു മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനും ലക്ഷ്യമിട്ട് മെഡിക്കൽ-എൻജിനീയറിങ് പ്രവേശനത്തിലും മറ്റും നടപ്പാക്കിയ സംവരണ സംരക്ഷണ നടപടിയാണ് ഫ്ലോട്ടിങ് റിസർേവഷൻ. മെച്ചപ്പെട്ട സർക്കാർ കോളജിൽ സംവരണത്തിലും മറ്റൊരു സർക്കാർ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും സീറ്റ് ഉറപ്പാകുമ്പോൾ വിദ്യാർഥി, സ്റ്റേറ്റ് മെറിറ്റ് സീറ്റ് ഉപേക്ഷിച്ചു സംവരണ സീറ്റിലേക്കു മാറുന്നത് ഒഴിവാക്കാനും അതുവഴി, ബന്ധപ്പെട്ട സമുദായത്തിനുള്ള മെറിറ്റ് സീറ്റ് നഷ്ടം ഒഴിവാക്കാനുമായാണ് അതു നടപ്പാക്കിയത്.
ഉദാഹരണത്തിന് ഒരു പിന്നാക്ക വിഭാഗം വിദ്യാർഥിക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സംവരണ സീറ്റിലും, നിലവാരത്തിലും സൗകര്യത്തിലും പിറകിലുള്ള മറ്റൊരു ഗവ. മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും (ജനറൽ മെറിറ്റ്) പ്രവേശനം ലഭിക്കുന്നു. സ്വാഭാവികമായും മെച്ചപ്പെട്ട കോളജായ തിരുവനന്തപുരമാകും വിദ്യാർഥി തിരഞ്ഞെടുക്കുക. ഈ സംവരണ സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ വിദ്യാർഥിയുടെ സമുദായത്തിന് മറ്റേ കോളജിൽ (വിദ്യാർഥിയിലൂടെ) ലഭിച്ച മെറിറ്റ് സീറ്റ് നഷ്ടമാകുന്നു.
ഫ്ലോട്ടിങ് റിസർവേഷൻ നടപ്പാക്കിയതോടെ മുകളിൽ പറഞ്ഞ ഉദാഹരണത്തിലുള്ള, സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർഥിയെ, നിലവാരത്തിൽ പിറകിലുള്ള കോളജിലെ മെറിറ്റ് സീറ്റ് സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിനൽകും. തിരുവനന്തപുരം കോളജിൽ ഇതേ വിദ്യാർഥിക്ക് പ്രവേശനത്തിന് അർഹതയുള്ള സംവരണ സീറ്റ്, നിലവാരത്തിൽ പിറകിലുള്ള കോളജിലേക്കും മാറ്റി നൽകും. ഇതുവഴി വിദ്യാർഥിക്ക് ഇഷ്ട കോളജായ തിരുവനന്തപുരത്ത് സീറ്റ് ഉറപ്പാകും. സംവരണ സീറ്റ് മറ്റൊരു കോളജിലേക്കു മാറ്റുന്നതോടെ, ഇതേ സംവരണ വിഭാഗത്തിലുള്ള മറ്റൊരു വിദ്യാർഥിക്ക് അവിടെ പ്രവേശനം ഉറപ്പാവുകയുംചെയ്യും (കെ. നൗഫൽ; മാധ്യമം ദിനപത്രം 2024 മാർച്ച് 24).
ഫ്ലോട്ടിങ് റിസർവേഷൻ പി.എസ്.സിയിലും വേണം
മെഡിക്കൽ പ്രവേശനത്തിൽ തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകൾ വെവ്വേറെ എടുത്താണ് സെലക്ഷൻ നടത്തുന്നതെങ്കിൽ തിരുവനന്തപുരത്ത് സംവരണത്തിൽ പ്രവേശനം കിട്ടുന്ന വിദ്യാർഥിയെ തൃശൂരിൽ സ്റ്റേറ്റ് മെറിറ്റിനു പരിഗണിക്കില്ല. തൽഫലമായി അതതു സമുദായത്തിന് ഒരു സീറ്റ് നഷ്ടമാകും. കേരള പി.എസ്.സിയിൽ, ആദ്യ യൂനിറ്റിൽ സംവരണത്തിൽ സെലക്ട് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ പിന്നീടുള്ള യൂനിറ്റുകളിൽ മെറിറ്റിനു പരിഗണിക്കില്ല. രണ്ടിടത്തും പിന്നാക്ക സമുദായക്കാർക്കു നഷ്ടമുണ്ടാകും. മെഡിക്കൽ പ്രവേശനത്തിലും മറ്റും ഫ്ലോട്ടിങ് റിസർവേഷനിലൂടെ പിന്നാക്ക സമുദായക്കാർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സാധിച്ചെങ്കിൽ പി.എസ്.സിയിൽ ആ വഴിക്കുള്ള ഒരു നീക്കവും നാളിതുവരെ നടത്തിയിട്ടില്ല; നടത്താൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല.
മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ കോളജുകളെ വെവ്വേറെ എടുത്തു സെലക്ഷൻ നടത്തി ഫ്ലോട്ടിങ് റിസർവേഷൻ അട്ടിമറിക്കാനാണ് സവർണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. പിന്നാക്ക സമുദായ സംഘടനകളും പത്രങ്ങളും ഇടപെട്ടതോടെ ആ അട്ടിമറി നീക്കം താൽക്കാലികമായെങ്കിലും തടയപ്പെട്ടു. കേരള പി.എസ്.സി, 20ന്റെ യൂനിറ്റായെടുത്തു സെലക്ഷൻ നടത്തിയാണ് പിന്നാക്ക സമുദായങ്ങളുടെ മെറിറ്റ് അട്ടിമറിക്കുന്നത്. ആ അട്ടിമറി തടയാൻ പക്ഷേ, പിന്നാക്ക സമുദായങ്ങൾക്കും അവരുടെ മാധ്യമങ്ങൾക്കും സാധിക്കുന്നില്ല.
ആദ്യത്തെ യൂനിറ്റിൽ സംവരണ ടേണിൽ സെലക്ഷൻ ലഭിക്കുന്ന ഉദ്യോഗാർഥിക്ക് നേരത്തേ നിയമനവും സീനിയോറിറ്റിയും ലഭിക്കും. എന്നാൽ, രണ്ടാമത്തെ യൂനിറ്റിൽ അയാൾക്ക് മെറിറ്റ് സെലക്ഷൻ ലഭിക്കാനുള്ള അവസരം വരുന്ന സന്ദർഭത്തിൽ അയാളെ പരിഗണിക്കാത്തതുകൊണ്ട് അയാൾക്കു താഴെ റാങ്കുള്ള വേറൊരു ഉദ്യോഗാർഥിയെ മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കുന്നു. ഇത് തെറ്റായരീതിയാണ്. ആ മെറിറ്റ് സീറ്റ്, മെഡിക്കൽ പ്രവേശനത്തിൽ ചെയ്യുന്നതുപോലെ, ആദ്യ യൂനിറ്റിലെ സംവരണ ടേണിലേക്കു മാറ്റിക്കൊണ്ടും അവിടത്തെ സംവരണ സീറ്റ് രണ്ടാമത്തെ യൂനിറ്റിലെ മെറിറ്റ് ടേണിലേക്കും മാറ്റിക്കൊണ്ടും ഫ്ലോട്ടിങ് റിസർവേഷൻ ഏർപ്പെടുത്തുകയാണ് പി.എസ്.സിയും ചെയ്യേണ്ടത്.
എങ്ങനെ നടപ്പാക്കും?
ആദ്യത്തെ 20ന്റെ യൂനിറ്റിലെ മെറിറ്റ്/ ഓസീ ടേണിൽ റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാരായ 10 പേരെ സമുദായ പരിഗണനയില്ലാതെ തിരഞ്ഞെടുക്കുന്നു. ശേഷം ആ യൂനിറ്റിലെ റിസർവേഷൻ ടേണുകളിൽ 10ാം റാങ്കിനു ശേഷമുള്ള അതതു സമുദായക്കാരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെ ഈഴവ ടേണിൽ തിരഞ്ഞെടുക്കുന്നത് 11ാം റാങ്കുള്ള ഈഴവ ഉദ്യോഗാർഥി ആകാം. തുടർന്ന് 4 എസ്.സി, 6 മുസ്‍ലിം, 8 എൽസി എന്നിങ്ങനെ, 20 വിശ്വകർമ വരെയുള്ള 10 റിസർവേഷൻ ടേൺ ഫിൽ ചെയ്യുന്നു.
ഇനി, അടുത്ത 20ന്റെ യൂനിറ്റിലേക്കുള്ള സെലക്ഷൻ നടക്കുമ്പോൾ 21, 23, 25 എന്നിങ്ങനെ 39 വരെയുള്ള 10 മെറിറ്റ് ടേണിലേക്ക് ആദ്യം സെലക്ഷൻ നടത്തണം. റാങ്ക് ലിസ്റ്റിലെ 11 മുതൽ 20 വരെയുള്ളവരെയാണ് മെറിറ്റടിസ്ഥാനത്തിൽ ആ ഓസീ ടേണുകളിലേക്ക് എടുക്കേണ്ടത്. എന്നാൽ, 11ാം റാങ്കുകാരൻ ആദ്യത്തെ യൂനിറ്റിൽ ഈഴവ റിസർവേഷനിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവിടെ ഫ്ലോട്ടിങ് റിസർവേഷൻ നടപ്പാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഈഴവ സമുദായത്തിന് ഒരു സീറ്റ് നഷ്ടപ്പെടും.
അതായത് 11ാം റാങ്കുകാരനെ സെലക്ട് ചെയ്ത രണ്ടാമത്തെ ഈഴവ ടേൺ മെറിറ്റ് ടേണും 21ാമത്തെ മെറിറ്റ് ടേൺ, ഈഴവ റിസർവേഷൻ ടേണും ആക്കണം. ഇത് ഒരു തുടർപ്രക്രിയ ആയിരിക്കയും വേണം. ഓരോ പിന്നാക്ക സമുദായ ഉദ്യോഗാർഥിയുടെയും മെറിറ്റ് ടേൺ വരുന്ന സന്ദർഭങ്ങളിലെല്ലാം അയാൾ നേരത്തേ ഏതെങ്കിലും സംവരണ ടേണിൽ സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആ ടേൺ, മെറിറ്റ് ടേണാക്കി പരിവർത്തനം ചെയ്യണം എന്നർഥം. അങ്ങനെ ചെയ്തുപോന്നാൽ ഒരിക്കലും മെറിറ്റ് ഉള്ള ഉദ്യോഗാർഥി അഥവാ മാർക്ക് കൂടിയ ഉദ്യോഗാർഥി സംവരണ ടേണിലും മാർക്ക് കുറഞ്ഞയാൾ മെറിറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇപ്പോഴത്തെ സ്ഥിതി ഉണ്ടാവില്ല.
ലോജിക്
ഈ പരിഹാരത്തിന്റെ ലോജിക് എന്താണെന്നു ചിലർക്കെങ്കിലും സംശയം വരാം. അക്കാര്യമാണ് ഇനി വിശദീകരിക്കുന്നത്. മുൻ പരാമർശിത സെലക്ഷനിൽ, 20 യൂനിറ്റിനു പകരം 40ന്റെ യൂനിറ്റാണ് എടുത്തിരുന്നതെങ്കിൽ, 11ാം റാങ്കുള്ള ഉദ്യോഗാർഥി, 21ാമത്തെ ഓസി ടേണിൽ തിരഞ്ഞെടുക്കപ്പെടുമായിരുന്നു എന്നതിൽ തർക്കമില്ലല്ലോ. അപ്പോൾ 20ാം റാങ്കിനു ശേഷമുള്ള ഈഴവ ഉദ്യോഗാർഥി ആയിരിക്കും രണ്ടാമത്തെ ഈഴവ ടേണിൽ സെലക്ട് ചെയ്യപ്പെടുക. സെലക്ഷൻ പൂർത്തിയാകുമ്പോൾ ചട്ടം 14 (സി)യുടെ പ്രൊവൈസോ പ്രകാരം ഈ രണ്ടുപേരെയും സ്ഥാനം മാറ്റുകയും ചെയ്യും.
അപ്പോൾ 11ാം റാങ്കുകാരൻ രണ്ടാമതും രണ്ടാമത്തെ ഈഴവ ടേണിൽ തിരഞ്ഞെടുക്കപ്പെട്ടയാൾ 21ാമത്തെ ടേണിലേക്കും വരും. ഞാൻ മുകളിൽ വിശദമാക്കിയ രീതിയിൽ ഫ്ലോട്ടിങ് റിസർവേഷൻ നടപ്പാക്കുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. അതുകൊണ്ടാണ് ഫ്ലോട്ടിങ് റിസർവേഷൻ തികച്ചും ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് രീതിയാണെന്നു പറയുന്നത്. യൂനിറ്റ് സമ്പ്രദായം ഏതായാലും ഒരാളുടെയും മെറിറ്റ് അട്ടിമറിക്കപ്പെടില്ല; മാർക്ക് കൂടിയ ഉദ്യോഗാർഥി സംവരണ ടേണിലും കുറഞ്ഞയാൾ മെറിറ്റ് ടേണിലും തിരഞ്ഞെടുക്കപ്പെടില്ല. ഇതല്ലാതുള്ള ഏതു പരിഹാരവും ഇരുട്ടുകൊണ്ട് ഓട്ടയടക്കലാവും. മുമ്പ് നരേന്ദ്രൻ കമീഷൻ പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ, എൻ.സി.എ റിക്രൂട്ട്മെന്റ് വ്യവസ്ഥപോലെ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള പുതിയ പാരയായി മാറും.
=======
1. മാധ്യമം ആഴ്ചപ്പതിപ്പ് 1999 ജനുവരി 9 ലക്കം
2. Nair Service Society Vs Beer Masthan & others 30.3.2009
3. Ramnaresh @ Rinku Kushwah And Others Versus State of Madhya Pradesh And Others... August 20, 2024
*ഇ.ഡബ്ല്യൂ.എസ് ഏർപ്പെടുത്തിയതിനുശേഷം മെറിറ്റ് സീറ്റുകൾ 40ഉം സംവരണ സീറ്റുകൾ 60ഉം ആയി മാറിയിട്ടുണ്ടെങ്കിലും, വിഷയം കൂടുതൽ സങ്കീർണമാക്കാതിരിക്കാൻവേണ്ടി, ഈ ലേഖനത്തിൽ 50:50 എന്ന രീതിയിലാണ് വിഷയം കൈകാര്യംചെയ്തിട്ടുള്ളത്.