Begin typing your search above and press return to search.
proflie-avatar
Login

സുപ്രീം​കോടതിയിലേക്ക്

സുപ്രീം​കോടതിയിലേക്ക്
cancel

​കേരളത്തിൽനിന്ന്​ പ്രവർത്തന മേഖല സുപ്രീംകോടതിയിലേക്ക്​ മാറ്റുന്നതിനെക്കുറിച്ചാണ്​ ഇൗ ലക്കം. സുപ്രീംകോടതിയിൽ പ്രാക്​ടിസ്​ ചെയ്യാൻ താൻ തീരുമാനിച്ച കാരണങ്ങളും അതിലേക്ക്​ നയിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നു.2013ൽ സുപ്രീംകോടതിയിൽനിന്നു വന്ന ഒരു പ്രത്യേകാനുമതി ഹരജിയുടെ പകർപ്പും നോട്ടീസും കൈയിലെടുത്ത് ഒരു അധ്യാപകൻ എന്റെയടുത്തുവന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ അദ്ദേഹത്തിന്റെ അപ്പീൽ വിജയകരമായി വാദിച്ചതാണ് സുപ്രീംകോടതിയിൽനിന്നുള്ള നോട്ടീസുമായി അ​ദ്ദേഹം എന്റെയടുത്തുതന്നെ വരാൻ കാരണമെന്ന് ഞാൻ ഊഹിച്ചു. ‘‘സാർ തന്നെ സുപ്രീംകോടതിയിൽ വാദിക്കണം’’ എന്നദ്ദേഹം നിരന്തരം അപേക്ഷിച്ചു....

Your Subscription Supports Independent Journalism

View Plans
​കേരളത്തിൽനിന്ന്​ പ്രവർത്തന മേഖല സുപ്രീംകോടതിയിലേക്ക്​ മാറ്റുന്നതിനെക്കുറിച്ചാണ്​ ഇൗ ലക്കം. സുപ്രീംകോടതിയിൽ പ്രാക്​ടിസ്​ ചെയ്യാൻ താൻ തീരുമാനിച്ച കാരണങ്ങളും അതിലേക്ക്​ നയിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നു.

2013ൽ സുപ്രീംകോടതിയിൽനിന്നു വന്ന ഒരു പ്രത്യേകാനുമതി ഹരജിയുടെ പകർപ്പും നോട്ടീസും കൈയിലെടുത്ത് ഒരു അധ്യാപകൻ എന്റെയടുത്തുവന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ അദ്ദേഹത്തിന്റെ അപ്പീൽ വിജയകരമായി വാദിച്ചതാണ് സുപ്രീംകോടതിയിൽനിന്നുള്ള നോട്ടീസുമായി അ​ദ്ദേഹം എന്റെയടുത്തുതന്നെ വരാൻ കാരണമെന്ന് ഞാൻ ഊഹിച്ചു. ‘‘സാർ തന്നെ സുപ്രീംകോടതിയിൽ വാദിക്കണം’’ എന്നദ്ദേഹം നിരന്തരം അപേക്ഷിച്ചു. എന്നാൽ, സുപ്രീംകോടതിയിൽ ഒരു കേസിൽപോലും ഞാൻ അക്കാലത്ത് ഹാജരായിരുന്നില്ല. സ്വാഭാവികമായും എന്റെ അടുത്തുവരുന്ന അത്തരം കേസുകൾ സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് റഫർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഈ അധ്യാപകന്റെ നിരന്തരമായ പ്രേരണ എന്നെ മാറി ചിന്തിപ്പിച്ചു.

വേറെയും ഉണ്ടായിരുന്നു ചില കാരണങ്ങൾ. ഹൈകോടതിയിൽ ഞാൻ വിജയകരമായി നടത്തിയ ചില കേസുകളെങ്കിലും അതിനുമുമ്പ് സുപ്രീംകോടതിയിൽ പരാജയപ്പെട്ടിരുന്നു. അപ്പോൾ സുപ്രീംകോടതിയിലും ഞാൻ വാദിക്കുന്നപക്ഷം വിജയം ആവർത്തിക്കാൻ കഴിയുമായിരുന്നുവെന്ന ‘ഋജുബുദ്ധി’ എനിക്കുണ്ടായി. അത് ശരിയാകണമെന്നില്ല എന്നത് വേറെ കാര്യം. ഹൈകോടതിയിൽ നടത്തിയിരുന്ന കേസുകളിൽ സിംഹഭാഗവും സർവിസ് സംബന്ധമായ കേസുകളായിരുന്നു. മുന്നൂറിനടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട വിധികൾ ഇത്തരം കേസുകളിൽ ഉണ്ടായിക്കാണണം. ഇവയിൽ ചില കേസിലെ വിധികൾ പിന്നീട് സുപ്രീംകോടതി റദ്ദാക്കി.

സംവരണ സമുദായങ്ങളുടെ ടേണുകൾ എങ്ങനെ നിജപ്പെടുത്തണമെന്ന കാര്യത്തിൽ പിന്നാക്കക്കാരുടെ നിയമപരമായ അവകാശങ്ങളെ നിഹനിക്കുന്ന വിധത്തിലാണ് കേരളത്തിലെ സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവിസിലെ ചട്ടങ്ങളെ പി.എസ്.സി പതിറ്റാണ്ടുകളായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന വാദം കേരള ഹൈകോടതിയിലെ സിംഗ്ൾ ​െബഞ്ചും ഡിവിഷൻ ​െബഞ്ചും അംഗീകരിച്ചു. സംസ്ഥാനത്തെ സംവരണ രീതിയെത്തന്നെ മാറ്റിയെഴുതാൻ പോന്ന ശക്തിയും പ്രഭാവവുമുള്ള വിധികളായിരുന്നു അവ. എന്നാൽ, ഈ വിധികളെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോൾ ഹൈകോടതി വിധികൾ റദ്ദാക്കപ്പെട്ടു.

നിയമപരമായി ഹൈകോടതി പറഞ്ഞതാണ് ശരിയെന്നും സുപ്രീംകോടതി വിധി അന്തിമമെങ്കിലും നിയമപരമായി തെറ്റാണെന്നും തോന്നി. സുപ്രീംകോടതിയിൽ വാദിക്കാൻ എനിക്കായില്ലല്ലോ എന്ന നഷ്ടബോധം ഈ വ്യഥിതചിന്തകളുടെ ആഴവും പരപ്പും കൂട്ടിയിരുന്നു. അതുപോലെ, യു.ജി.സി നെറ്റിൽ മാർക്കുകളുടെ മാനദണ്ഡം ഉയർത്തുന്നതിനെതിരെ നൽകിയ ഹരജികളും ഹൈകോടതി അനുവദിച്ചെങ്കിലും സുപ്രീംകോടതി ഹൈകോടതി വിധി റദ്ദാക്കി. അന്ന് ഏഴായിരത്തോളം പരീക്ഷാർഥികൾ എന്റെ കക്ഷികളായി ഹൈകോടതിയിൽ ഉണ്ടായിരുന്നു. സുപ്രീംകോടതി കേസിൽ ഞാൻ ഹാജരായിരുന്നില്ല. വേറെയും ചില കേസുകളിൽ സമാനമായ സംഭവങ്ങളുണ്ടായി.

​നേരത്തേ പറഞ്ഞ അധ്യാപകൻ സുപ്രീംകോടതിയിൽ ഞാൻ തന്നെ ഹാജരാകണമെന്ന് പറഞ്ഞപ്പോൾ ഇത്തരം ചില അനുഭവങ്ങളെങ്കിലും എന്റെ മനസ്സിൽ മിന്നിമറഞ്ഞു. ഹൈകോടതിയിൽ ആവശ്യത്തിലധികം ജോലിയും വരുമാനവും ഉണ്ടായനിലക്ക് എനിക്ക് കൂടുതൽ വലിയ ‘ഭൗതിക’മോഹങ്ങൾ ഇല്ലായിരുന്നു. എന്നാൽ, എന്താണ് അത്യുന്നത കോടതിയിൽ നടക്കുന്നതെന്നറിയാനുള്ള ജിജ്ഞാസ തുലോം കൂടുതലായിരുന്നു. മലബാറിലെ പ്രാദേശിക കോടതികളിൽനിന്നും ഞാൻ സുപ്രീംകോടതിയിലെത്തിപ്പെട്ടത് ഭൗതികമായ അഭിലാഷങ്ങൾ കാരണമല്ല, മറിച്ച് സഹജമായ കൗതുകമൊന്നുകൊണ്ടു മാത്രമാണ്. ഇക്കാര്യം ഞാൻ മറ്റൊരിടത്ത്​ സൂചിപ്പിച്ചിട്ടുണ്ട്.

അങ്ങനെ ആ അധ്യാപകനാണ് എന്നെ സുപ്രീംകോടതിയിൽ എത്തിച്ചത്. ​ഹൈകോടതി പ്രാക്ടിസ് വിടാതെത്തന്നെയുള്ള സുപ്രീംകോടതി പ്രാക്ടിസ് ആയിരുന്നു അത്. എറണാകുളത്തെ കക്ഷികളെ ഒറ്റയടിക്ക് ഒഴിവാക്കി ഡൽഹിയിലേക്ക് സ്വയം പറിച്ചുനടാൻ കഴിയുമായിരുന്നില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. എന്നാൽ, പതുക്കെപ്പതുക്കെ സുപ്രീംകോടതിയി​​ലെ പ്രാക്ടിസ് സജീവമാക്കാൻ ഈ ആദ്യത്തെ കേസ് നിമിത്തമായിത്തീർന്നു.

അതിനിടെ മകൾ തുളസി അന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനായിരുന്ന നാഗേശ്വര റാവുവിന്റെ ഓഫിസിൽ ഇന്റേൺ ആയി കുറച്ചുനാൾ പോയിരുന്നു. അത് അവൾ പുണെയിലെ ഐ.എൽ. എസ് ലോ കോളജിൽ പഠിക്കുമ്പോഴായിരുന്നു. പുതിയ തലമുറയുടെ ലോകം കുറെ​ക്കൂടി വിശാലമാണ്. എന്റെ തലമുറ മൂന്നോ നാലോ പതിറ്റാണ്ടുകൾകൊണ്ട് ആർജിക്കുന്ന ലോകപരിചയം പുറംരാജ്യങ്ങളിലടക്കം പഠിച്ചെത്തുന്ന പുതിയ തലമുറയിലെ യുവതീയുവാക്കൾക്കുണ്ടായേക്കാം. പറഞ്ഞുവരുന്നത്, അനുഭവങ്ങളും അറിവുകളും തേടിയുള്ള എന്റെ യാത്രയാണ് സുപ്രീംകോടതിയിൽ തുടങ്ങിയ പ്രാക്ടിസ് സാമാന്യം നന്നായി തുടരാൻ പ്രേരണയായത് എന്നു മാത്രമാണ്.

2015ലാണ് കേരള സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ എത്തിയത്. മദ്യലഭ്യത കൂടുമ്പോഴാണ് മദ്യത്തിന്റെ ഉപഭോഗവും കൂടുക. മദ്യം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക വിപത്തുകളും അതനുസരിച്ച് കൂടും. ലഘുവായ ഈ യാഥാർഥ്യം അറിയാൻ സാമാന്യബുദ്ധി മാത്രം മതി. ലോകാരോഗ്യ സംഘടനയുടെയും മറ്റും പഠന​ങ്ങളും മദ്യലഭ്യത കുറച്ചാൽ മാത്രമേ മദ്യത്തിന്റെ ഉപഭോഗം കുറക്കാനാകൂ എന്ന വസ്തുതയിലേക്ക് വെളിച്ചംവീശുന്നു.

കേരള ​ഹൈകോടതിയിലെ സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അക്കാലത്ത് മദ്യഷാപ്പുകളുടെ എണ്ണം കുറച്ച് മദ്യോപഭോഗം കുറച്ചുകൊണ്ടുവരാനായി സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനത്തെ ശരിവെച്ചു. ഇതിനെതിരെ ബാർ ഉടമകൾ നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് വി​ക്രംജിത് സെന്നും ജസ്റ്റിസ് ശിവ കീർത്തി സിങ്ങും അടങ്ങിയ സു​​പ്രീ​ംകോടതി ബെഞ്ച് പരിഗണിച്ചത്.

ബാർ ഹോട്ടലുടമകളും സംസ്ഥാന സർക്കാറും തമ്മിലുള്ള കേസിൽ കക്ഷിചേർന്നത് ടി.എൻ. പ്രതാപൻ ആയിരുന്നെങ്കിലും അതിനു പിന്നിലെ യഥാർഥ ശക്തി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആയിരുന്നു. സ്വന്തം വിശ്വാസപ്രമാണ​ങ്ങളിലും ആദർശങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ പോരാടാനുള്ള സുധീരന്റെ ഇച്ഛാശക്തിക്ക് അസാധാരണമായ വജ്രകാന്തിയുണ്ട്. പ്രതാപനും ഇൗ കേസിൽ ആദ്യന്തം ഉത്സാഹിച്ചു. കേരള ഹൈകോടതിയിലെ രണ്ടു ബെഞ്ചുകളും പ്രതാപനുവേണ്ടി ഞാൻ നടത്തിയ വാദങ്ങൾ ഏതാണ്ട് പൂർണമായിത്തന്നെ അംഗീകരിക്കുകയുണ്ടായി. ബാർ ഉടമകൾക്കുവേണ്ടി സുപ്രീംകോടതിയിൽനിന്നും നിരവധി അഭിഭാഷകർ കേരള ഹൈകോടതിയിലെത്തി വാദിച്ചെങ്കിലും സർക്കാറിനും പ്രതാപനും അനുകൂലമായാണ് കേരള ഹൈകോടതി വിധി പറഞ്ഞത്. സുപ്രീംകോടതിയിലും അതുതന്നെ സംഭവിച്ചു.

സുപ്രീംകോടതിയിലെ എന്റെ ആദ്യത്തെ വിശദമായ വാഗ്വാദംകൂടിയായിരുന്നു അത്. അര മണിക്കൂറോളം നീണ്ട വാദത്തിന്റെ രത്നച്ചുരുക്കം, സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതികൾ സാധാരണഗതിയിൽ ഇടപെടാൻ പാടില്ല എന്ന വ്യവസ്ഥാപിത നിയമതത്ത്വം ത​ന്നെയായിരുന്നു. ചില ബാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ല എന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ അനുകൂലിച്ച് വാദിക്കുക നിയമപരമായും എളുപ്പമാണ്. അന്നത്തെ യു.ഡി.എഫ് സർക്കാറിനുവേണ്ടി വാദിച്ചത് കപിൽ സിബൽ ആയിരുന്നു.

 

കപിൽ സിബൽ

ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (ADIC) എന്ന സംഘടനയുടെയും അതിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ജോൺസൺ എടയാറൻമുളയുടെയും പഠനങ്ങൾ ഈ കേസിൽ വളരെയധികം സഹായിച്ചു. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനമനുസരിച്ച് മദ്യോപഭോഗം കുറക്കാനായി സംസ്ഥാന സർക്കാർ അന്ന് കൈക്കൊണ്ട തീരുമാനവും നടപടികളും യഥാർഥത്തിൽ മദ്യോപഭോഗം കുറക്കുന്നതിന് സഹായിച്ചെന്ന് വ്യക്തമാക്കുന്ന കണക്കുകൾ സു​പ്രീംകോടതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ആ കണക്കുകൾ ഇപ്പറഞ്ഞ സംഘടനയുടെയും ജോൺസന്റെയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്.

ഈ വാദങ്ങൾ സുപ്രീംകോടതിയിൽ ശരിയായവിധത്തിൽതന്നെ സ്വീകരിക്കപ്പെട്ടു (Well-received) എന്ന് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. വാദങ്ങൾ കേട്ട് മാസങ്ങൾക്കുശേഷം വിധിപറഞ്ഞപ്പോൾ അത് അന്നത്തെ സർക്കാറിനും വി.എം. സുധീരനും പ്രതാപനും മാ​ത്രമല്ല, കേരളത്തിലെ സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും പ്രത്യേകിച്ച് പുരുഷന്മാരുടെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങൾ നിശ്ശബ്ദരായി സഹിച്ചുനിൽക്കുന്ന ലക്ഷക്കണക്കിന് ​സ്ത്രീകൾക്കും തുണയായി. സംസ്ഥാനത്തെ ക്രമസമാധാന നിലയിലും മനുഷ്യജീവിതത്തിലും സാമ്പത്തിക സുസ്ഥിരതയിലും മദ്യം സൃഷ്ടിക്കുന്ന വിപത്തുകൾ ഭയാനകമാണ്.

കേവലം നികുതി വരുമാനത്തിനായി, അതിലെ വർധനക്കായി മദ്യവ്യാപാരത്തെയും അതുവഴി അതിന്റെ ഉപഭോഗ​ത്തെയും പ്രോത്സാഹിപ്പിക്കുന്ന അധികാരികൾ യഥാർഥത്തിൽ ജനതാൽപര്യത്തിനുതന്നെയാണ് എതിരുനിൽക്കുന്നത്. ജനങ്ങൾ അസംഘടിതരാണെന്നത​ുകൊണ്ടും മദ്യലോബി സുശക്തമായതുകൊണ്ടും ഇക്കാര്യത്തിൽ പൊതുവെ നടക്കുന്നത് പരാജയപ്പെടുന്ന യുദ്ധങ്ങളാണ്. അതിനൊരു അപവാദമായിരുന്നു, 2014-15 കാലത്തെ യു.ഡി.എഫ് സർക്കാറിന്റെ മാറിയ മദ്യനയവും കോടതികളിലൂടെ അതിനു ലഭിച്ച പരിരക്ഷയും. എന്നാൽ, ഇന്ന് സ്ഥിതി വീണ്ടും മാറിയിരിക്കുന്നു. സർക്കാറുകൾ മാറിയപ്പോൾ മദ്യനയവും മാറി. മദ്യവ്യാപനം യാഥാർഥ്യവും മദ്യവർജനം പൊള്ളയായ മു​ദ്രാവാക്യവുമായി. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ യഥാസമയം തീരുമാനമെടുക്കാൻപോലും കേരള ഹൈകോടതിക്ക് കഴിഞ്ഞില്ല. ജനങ്ങൾ വീണ്ടും തോൽപിക്കപ്പെട്ടു.

ഠഠഠ

തുടർന്ന് വേറെയും നിരവധി സുപ്രീംകോടതി കേസുകൾ എന്നെ തേടിയെത്തി. മിക്കവയും കേരളത്തിൽനിന്നുള്ളതായിരുന്നു. കർണാടക, ആന്ധ്ര, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെല്ലാം കേസുകൾ ഉണ്ടായി. വൈവിധ്യങ്ങളിലൂടെയുള്ള ആവേശകരമായ ഒരു യാത്രക്ക് തയാറാവാൻ ഞാനും ഒരുങ്ങുകയായിരുന്നു.

സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ ശ്രീധരൻ നമ്പ്യാർ മലബാറിൽനിന്നും ഉന്നത കോടതിയിലേക്ക് വളരെ കാലംമു​മ്പുതന്നെ ​പ്രാക്ടിസ് മാറ്റിയ അഭിഭാഷകനാണ്. ഗുരുസ്ഥാനീയനായ അദ്ദേഹത്തെ കണ്ട് സംസാരിച്ചു. ഡൽഹിയിലേക്ക് എന്നെ സ്വാഗതംചെയ്ത അദ്ദേഹം വലിയ അഭിഭാഷകരുടെ പ്രതിച്ഛായകളിൽ സ്വാധീനിക്കപ്പെട്ട് സ്വന്തം വിലയും നിലയും നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം ഉപദേശിച്ചു. ‘‘Don't be carried away by the big names’’ എന്ന അദ്ദേഹത്തിന്റെ വാചകം ഒരു പരിചയസമ്പന്നനായ വഴികാട്ടിയുടെ കരുതൽകൂടി അടങ്ങിയതായിരുന്നു. ഇന്ന് ​ശ്രീധരൻ നമ്പ്യാർ ജീവിച്ചിരിപ്പില്ല. എന്നാൽ, അദ്ദേഹം വാദിച്ച നൂറുകണക്കിന് കേസുകളിലെ വിധികൾ സുപ്രീംകോർട്ട് കേസസിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതിയിലെ അഭിഭാഷകർക്കിടയിലെ വൈവിധ്യം സവിശേഷമാണ്. വൻതുക ഫീസ് വാങ്ങുന്ന താരപരിവേഷമുള്ള അഭിഭാഷകർ നിയമരംഗത്ത് സൃഷ്ടിക്കുന്ന കുലീനതയുടെ സംസ്കാരം എതിർക്കപ്പെടേണ്ടതാണ്​. അതേസമയം, സുപ്രീംകോടതിയിലെ ചില വലിയ അഭിഭാഷകരുടെ അധ്വാനശീലവും തൊഴിലിനോടുള്ള പ്രതിബദ്ധതയും കാണാതിരുന്നുകൂടാ. അഭിഭാഷകനായ പിതാവിന്റെ മരണം നടന്നതിന്റെ തൊട്ടു പി​റ്റേദിവസം സു​പ്രീംകോടതിയിലെത്തി കേസ് വാദിച്ച അഭിഭാഷകന്റെ തൊഴിലിനോടുള്ള പ്രതിബദ്ധതക്ക് വേറെ തെളിവുകൾ വേണ്ടല്ലോ.

 

ടി.എൻ. പ്രതാപൻ,വി.എം. സുധീരൻ

ചിലർ സുപ്രീംകോടതി വരെ കേസുമായെത്തുന്നത് നിലക്കാത്ത മോഹങ്ങളോടെയാണ്. എന്തിനധികം, സുപ്രീംകോടതി കേസ് തള്ളിയതിനുശേഷവും അവിടെ വീണ്ടും റിവ്യൂ ഹരജി നൽകുന്നവരും ഏറെയാണ്. എന്നാൽ, ഇത്തരം റിവ്യൂ ഹരജികളിൽ മഹാഭൂരിപക്ഷവും ബെഞ്ചിൽപോലും എത്തിപ്പെടാതെ നിരസിക്കപ്പെടുന്നു. സുപ്രീംകോടതി ചട്ടങ്ങളനുസരിച്ച് ന്യായാധിപരുടെ ചേംബറുകളിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്ന റിവ്യൂ ഹരജികളിൽ മിക്കവയും നിരസിക്കപ്പെടാറാണ് പതിവ്. എന്നാൽ, ചില മനുഷ്യർ അവസാനിക്കാത്ത പ്രതീക്ഷയുടെ പേരിൽ ചില​പ്പോൾ നീതിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പേരിൽ നിയമ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ആർമിയിൽനിന്നും നിസ്സാരമായ കുറ്റാരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഒരു യുവാവിനെ ഓർത്തുപോകുന്നു.

തൊഴിലിൽനിന്നും നിഷ്‍കാസനം ചെയ്യപ്പെട്ട ആ മനുഷ്യന് കോടതികളിൽനിന്നും നീതി ലഭിച്ചില്ല. എന്നാൽ, അവസാന നിമിഷംവരെ നിയമവഴികളിലൂടെ യാത്രചെയ്ത അദ്ദേഹം ജീവിതത്തിന്റെ ഒരുഭാഗം അങ്ങനെയും നഷ്ടപ്പെടുത്തി. അത്രയും കാലംകൊണ്ട് അദ്ദേഹത്തിന് നല്ലജീവിതം നയിക്കാനായി ​വേറെയെത്രയോ വഴികൾ കണ്ടെത്താമായിരുന്നു. ഒരു ജീവിതം ഒരായിരം തരത്തിൽ ജീവിക്കാമെന്ന് മനസ്സിലാക്കുന്ന മനുഷ്യനാണ് വിവേകശാലി. കോടതി വ്യവഹാരങ്ങളുടെ തുടർച്ചകൾക്കിടയിൽ നമ്മുടെ നാട്ടുകാർ മറന്നുപോകാൻ പാടില്ലാത്ത ഒരു തത്ത്വംകൂടിയാണിത്. ഇത് നിയമതത്ത്വമല്ല; ജീവിതപാഠമാണ്.

പിന്നീട് ഏതാണ്ട് ഒരു വർഷത്തിനുശേഷം സുപ്രീംകോടതിയിൽ വന്ന മറ്റൊരു കേസിൽ സംസ്ഥാന-ദേശീയ പാതകൾക്കിരുവശങ്ങളിലുമായി നിശ്ചിത ദൂരപരിധിക്കുള്ളിൽ മദ്യവിൽപന പാടില്ലെന്ന ഉത്തരവുണ്ടായി. അതേ തുടർന്ന് ഒരുകൂട്ടം കേസുകൾ സുപ്രീംകോടതിയിലെത്തി. വി.എം. സുധീരനുവേണ്ടി ആ കേസുകളിൽ ഫലപ്രദമായി വാദമുന്നയിക്കാൻ കഴിഞ്ഞു. ഭരണഘടനയുടെ 142ാം അനു​​ഛേദം നൽകുന്ന സവിശേഷാധികാരം ഉ​പയോഗിച്ചുകൊണ്ടാണ് ബാലുവിന്റെ കേസിൽ (2016) ഇത്തരം മദ്യവിൽപനശാലകൾക്ക് കോടതിതന്നെ നിരോധനം ഏ​ർപ്പെടുത്തിയത്. ഇത് നഗരപരിധികൾക്കകത്തുകൂടി പോകുന്ന ദേശീയ-സംസ്ഥാന പാതകൾക്കും ബാധകമാണെന്ന് 2017ൽ കോടതി വ്യക്തമാക്കി.

2009ലെ ഒരു പഠനമനുസരിച്ച് ഓരോ നാലു മിനിറ്റിലും ഇന്ത്യയി​ൽ ഒരു റോഡ് ആക്സിഡന്റ് വീതം നടക്കുന്നതായി ​കണ്ടെത്തിയിരുന്നു. ഇതിൽ നല്ലൊരു പങ്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിലായിരുന്നുവെന്നും പഠനം കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്റെയും മറ്റ് രേഖകളുടെയും തെളിവുക​ളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ‘ജുഡീഷ്യൽ ആക്ടിവിസ’മായി കണക്കാക്കാവുന്ന ഈ വിധികൾ പുറപ്പെടുവിച്ചത്. ഈ കേസുകളിൽ പിന്നീട് തുടരത്തുടരെ ‘ഒഴിവാക്കൽ ഹരജികൾ’ ഫയൽ ചെയ്യപ്പെട്ടു. പലപല കാരണങ്ങളാൽ തങ്ങളുടെ മദ്യഷാപ്പുകളെ കോടതിവിധിയുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് വിവിധ ഉടമകൾ ആവശ്യപ്പെട്ടു.

ദേശീയ-സംസ്ഥാന പാതാ മദ്യനിരോധനത്തെ പിന്തുണച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടുമാണ് സുധീരനുവേണ്ടി ഞാൻ ഇതുമായി ബന്ധപ്പെട്ട കേസിൽ വാദങ്ങൾ ഉന്നയിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ നിയമം ഉണ്ടായാൽ പോരാ; അത് കൃത്യമായി നടപ്പാക്കാനുള്ള സാഹചര്യംകൂടി സൃഷ്ടിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാർ തന്നെ അയച്ച ചില കത്തുകളിൽ മദ്യത്തിന്റെ ലഭ്യതയും വാഹനാപകടങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം വ്യക്തമാണെന്നും കോടതി കണ്ടെത്തി.

എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, പിന്നീട് വിധിക്കെതിരെ മദ്യലോബിയും സുപ്രീംകോടതിയിലെ തന്നെ ചില അഭിഭാഷകരും മറ്റും രംഗത്തുവന്നു. യുക്തിഭദ്രമായ കോടതിവിധികളെ അവർ 142ാം അനു​ച്ഛേദത്തിന്റെ പരിമിതികൾ ഉയർത്തിക്കാട്ടി വിമർശിച്ചു. കോടതി രാജ്യം ഭരിക്കാനൊരുങ്ങുന്നുവെന്ന ആക്ഷേപം ഉന്നയിച്ചു. നാഷനൽ റോഡ് സുരക്ഷ കൗൺസിലിന്റെയും കേന്ദ്ര സർക്കാറിന്റെ തന്നെയും കണ്ടെത്തലുകളാണ് കോടതിവിധിയുടെ അടിസ്ഥാനമെന്ന വസ്തുതപോലും വിസ്മരിച്ചുകൊണ്ടാണ് ബാലു കേസിലെ വിധികൾ വിമർശിക്കപ്പെട്ടത്.

പിന്നീട് ‘എറൈവ് സേഫ് സൊസൈറ്റി’യുടെ കേസിൽ സുപ്രീംകോടതി തന്നെ മുനിസിപ്പൽ പ്രദേശങ്ങ​ളെ ബാലു കേസിലെ വിധിയുടെ പരിധിയിൽനിന്നും ഒഴിവാക്കി. 2018ൽ വീണ്ടും പഞ്ചായത്തുകളെ വിധിയുടെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം സർക്കാറുകൾക്ക് നൽകി. അതോടെ ഫലത്തിൽ ബാലു കേസിലെ വിധിയുടെ അന്തസ്സത്ത കോടതിതന്നെ റദ്ദുചെയ്ത അവസ്ഥയുണ്ടായി. ഇതേക്കുറിച്ച് ‘ഹൈവേയിലെ യു-ടേൺ’ എന്ന തലക്കെട്ടോടെ ഒരു വിമർശന ലേഖനമെഴുതിയത് 2018ൽ ‘ദ സ്റ്റേറ്റ്സ്മാൻ’ പ്രസിദ്ധീകരിച്ചു.

 

സംഘടിത ലോബികൾക്ക് നമ്മുടെ ജനാധിപത്യത്തിലെന്നതുപോലെ നിയമപ്രക്രിയയിലും മേൽ​ക്കൈയുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. അസംഘടിതരായ സാമാന്യ ജനങ്ങളെ അപേക്ഷിച്ച് അവർ ശക്തരും സമ്പന്നരുംകൂടിയാണ്. ഉന്നത കോടതികളിൽ ചെലവേറിയ വ്യവഹാരങ്ങൾ നടത്താൻ അവർക്കു കഴിയും. എന്നാൽ, നിതാന്ത ജാഗ്രത മാത്രമാണ് സാധാരണക്കാരന്റെ കൈമുതൽ.

സുപ്രീംകോടതി വിധികളെത്തുടർന്ന് അവയെ തെറ്റായി വ്യാഖ്യാനിക്കുന്ന ചില ഹരജികൾ കേരള ഹൈകോടതിയിലും എത്തി. അവയിൽ ഇട​പെട്ടുകൊണ്ട് വീണ്ടും സുധീരൻ ഹൈകോടതി ആദ്യമെഴുതിയ വിധിയിൽ പുനഃപരിശോധന ആവ​ശ്യപ്പെട്ടു. നിയമവിരുദ്ധമായി മദ്യവിൽപന ലൈസൻസ് നേടിയെടുക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ഹൈകോടതി വിധിയുടെ പുനഃപരിശോധനയിലൂടെ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ സുധീരൻ കാണിച്ച ജാഗ്രത ഹൈകോടതിയുടെ പ്രശംസക്ക് പാത്രമായി. ഇത്തരം ആളുകളുടെ ഇച്ഛാശക്തിക്കൊപ്പം നിൽക്കാൻ കഴിയുമ്പോൾ തൊഴിലിന് പുതിയ അർഥതലങ്ങളുണ്ടാകുന്നു.

(തു​​ട​​രും)      

News Summary - weekly article