Begin typing your search above and press return to search.
proflie-avatar
Login

അധിനിവേശ ഭീകരതക്ക് കൈയൊപ്പ് ചാര്‍ത്തുന്നവര്‍

അധിനിവേശ ഭീകരതക്ക്   കൈയൊപ്പ് ചാര്‍ത്തുന്നവര്‍
cancel

ഗസ്സയിലേക്കുള്ള ഇസ്രായേൽ സേനയുടെ കടന്നുകയറ്റം വൻനാശം വിതച്ചുകൊണ്ടിരിക്കുകയാണ്​. അതിക്രമങ്ങൾക്കും ദുരിതങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കുകയാണ് ഫലസ്​തീൻ ജനത. എന്താണ്​ ഫലസ്​തീ​ന്റെ വർത്തമാന യാഥാർ​ഥ്യം? എന്താണ്​ ആ കൊച്ചുനാടിന്​ സംഭവിക്കുന്നത്​? -ഗൾഫിൽ ദീർഘകാലം മാധ്യമപ്രവർത്തകനായ ലേഖക​ന്റെ വിശകലനം.എത്ര പെട്ടെന്നാണ് ലോകം മാറിയത്. മുക്കാല്‍ നൂറ്റാണ്ട് നീണ്ട ഇസ്രായേലിന്‍റെ അധിനിവേശ ഭീകരത ഒരൊറ്റ ദിവസംകൊണ്ട് കുഴിച്ചുമൂടപ്പെടുകയും ഇരകള്‍ വേട്ടക്കാരായി അവതരിപ്പിക്കപ്പെടുകയുംചെയ്തു. കൊളോണിയലിസ്റ്റ് ഭീകരര്‍ ഒരുദിവസം ഒഴിയാതെ നടത്തിവന്ന കൊലകളും ഭൂമി കൈയേറ്റങ്ങളും...

Your Subscription Supports Independent Journalism

View Plans
ഗസ്സയിലേക്കുള്ള ഇസ്രായേൽ സേനയുടെ കടന്നുകയറ്റം വൻനാശം വിതച്ചുകൊണ്ടിരിക്കുകയാണ്​. അതിക്രമങ്ങൾക്കും ദുരിതങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കുകയാണ് ഫലസ്​തീൻ ജനത. എന്താണ്​ ഫലസ്​തീ​ന്റെ വർത്തമാന യാഥാർ​ഥ്യം? എന്താണ്​ ആ കൊച്ചുനാടിന്​ സംഭവിക്കുന്നത്​? -ഗൾഫിൽ ദീർഘകാലം മാധ്യമപ്രവർത്തകനായ ലേഖക​ന്റെ വിശകലനം.

എത്ര പെട്ടെന്നാണ് ലോകം മാറിയത്. മുക്കാല്‍ നൂറ്റാണ്ട് നീണ്ട ഇസ്രായേലിന്‍റെ അധിനിവേശ ഭീകരത ഒരൊറ്റ ദിവസംകൊണ്ട് കുഴിച്ചുമൂടപ്പെടുകയും ഇരകള്‍ വേട്ടക്കാരായി അവതരിപ്പിക്കപ്പെടുകയുംചെയ്തു. കൊളോണിയലിസ്റ്റ് ഭീകരര്‍ ഒരുദിവസം ഒഴിയാതെ നടത്തിവന്ന കൊലകളും ഭൂമി കൈയേറ്റങ്ങളും വാര്‍ത്തയല്ലാതായി. കുഞ്ഞുങ്ങളെയും സിവിലിയന്മാരെയും കൊല്ലുന്ന ഭീകരരായി ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് മുദ്രകുത്തപ്പെട്ടു. ഐസിസിനെപ്പോലെയുള്ള കൊടും ഭീകരസംഘടനയാണ് ഹമാസെന്ന് നെതന്യാഹുവും ജോ ബൈഡനും ഒരേ സ്വരത്തില്‍ പ്രസ്താവിച്ചു.

ഗസ്സയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് റോക്കറ്റാക്രമണം മാത്രം നടത്തിവന്ന ഹമാസ് പോരാളികള്‍ ഇസ്രായേലി മണ്ണിലേക്ക് കടന്നുകയറിയതാണ് ഇവരുടെ രോഷപ്രകടനങ്ങള്‍ക്ക് കാരണം. അധിനിവേശത്തിനെതിരായ പോരാട്ടം തന്നെ ഭീകരപ്രവര്‍ത്തനമായി അവതരിപ്പിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറത്താണ് ഹമാസിന്‍റെ നടപടി. രാജ്യം നിലവില്‍ വന്നശേഷം ഇന്നോളം ഇസ്രായേല്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാണക്കേടായിരുന്നല്ലോ അത്. 1967ലും 73ലും അറബ് രാജ്യങ്ങളുമായി നടന്ന യുദ്ധത്തില്‍ സഖ്യ അറബ് സേനക്കുപോലും സാധ്യമാകാത്ത കാര്യമാണ് കേവലമൊരു ചെറുത്തുനില്‍പ് സംഘടനയുടെ പോരാളികള്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഒക്ടോബര്‍ 7 ഇസ്രായേലിന്‍റെ 9/11 ആണെന്നുള്ള ഭാഷ്യങ്ങള്‍ പുറത്തുവന്നത്.

അധിനിവേശ മണ്ണില്‍ ഇസ്രായേല്‍ ദീര്‍ഘകാലമായി തുടരുന്ന കൊലപാതക പരമ്പരകളും പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്സയെ അവഹേളിക്കുകയും അവിടെ പ്രാര്‍ഥനക്കെത്തുന്നവരെപ്പോലും ആക്രമിക്കുകയും ചെയ്യുന്ന നടപടികളുമാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ ഹമാസിനെ പ്രേരിപ്പിച്ചത്. ഹമാസിനും അവരുടെ ആസ്ഥാനമായ ഗസ്സക്കുമെതിരെ 2006നുശേഷം ഇസ്രായേല്‍ നടത്തുന്ന അഞ്ചാമത്തെ യുദ്ധമാണിത്. സയണിസ്റ്റ് സൈന്യം നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിച്ചതിന്‍റെ പേരിലാണ് യുദ്ധങ്ങളെല്ലാം അടിച്ചേല്‍പിക്കപ്പെട്ടത്.

ഇസ്രായേലിനെ ആക്രമിച്ചതിലൂടെ ഹമാസ് ഫലസ്തീനികളുടെ രാഷ്ട്രസ്വപ്നത്തെ തകര്‍ത്തുവെന്നാണ് പാശ്ചാത്യന്‍ രാജ്യങ്ങളുടെയും പ്രോ-സയണിസ്റ്റ് മാധ്യമങ്ങളുടെയും അങ്ങേയറ്റം പരിഹാസ്യമായ വാദങ്ങള്‍. മുക്കാല്‍ നൂറ്റാണ്ടിലേറെയായി ഫലസ്തീനികള്‍ പോരാട്ടം നടത്തുന്നു. അവരുടെ സ്വാതന്ത്ര്യമോഹം യാഥാര്‍ഥ്യമാക്കാന്‍ ഈ രാജ്യങ്ങള്‍ എന്തുചെയ്തു?

അസംഖ്യം യു.എന്‍ പ്രമേയങ്ങള്‍ മുതല്‍ 1993ലെ ഓസ് ലോ കരാര്‍ വരെ പച്ചയായി ലംഘിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിനോട് മാന്യമായി സംവദിക്കേണ്ട കാലം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. പടിഞ്ഞാറന്‍ ശക്തികള്‍ ഇത്രയും കാലം ഫലസ്തീനികളെ വഞ്ചിക്കുകയായിരുന്നു. യു.എന്നോ ലോകരാഷ്ട്രങ്ങളോ ഇടപെട്ട് സ്വതന്ത്ര ഫലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാക്കിത്തരുമെന്ന് ഇനിയും വിശ്വസിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അധിനിവേശ ഭൂമിയില്‍ അടിമകളെപ്പോലെ കഴിയുന്ന ആ ജനതക്ക് അറിയാം. അതിനാല്‍, പോരാട്ടമല്ലാതെ അവരുടെ മുന്നില്‍ മറ്റു വഴികളില്ല.

1948ല്‍ ഇസ്രായേല്‍ നിലവില്‍ വന്നതുമുതല്‍ ഫലസ്തീനികള്‍ പോരാട്ടത്തിലാണ്. അധിനിവേശ മണ്ണില്‍ ഉടലെടുത്ത സംഘടനകളൊക്കെ സയണിസ്റ്റ് ഭരണകൂടത്തിനെതിരെ സായുധസമരത്തിലേര്‍പ്പെട്ടതാണ് ചരിത്രം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1964ല്‍ രൂപംകൊണ്ട പി.എല്‍.ഒ അഥവാ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍.

 

യാസര്‍ അറഫാത്തിന്‍റെ ഫതഹ്, ജോര്‍ജ് ഹബാഷിന്‍റെ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി), പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍-ജനറല്‍ കമാൻഡ് (പി.എഫ്.എല്‍.പി-ജി.സി), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (ഡി.എഫ്.എല്‍.പി) തുടങ്ങി 11 സംഘടനകള്‍ പി.എല്‍.ഒയില്‍ അംഗങ്ങളാണ്. ഇവക്കു പുറമെ അബൂനിദാല്‍ ഗ്രൂപ്പ്, ഫലസ്തീന്‍ ഇസ്‍ലാമിക് ജിഹാദ്, ഹമാസ് എന്നീ സംഘടനകളും ഇസ്രായേലി അധിനിവേശ ഭീകരതക്കെതിരെ സായുധസമരം പ്രഖ്യാപിച്ച് രംഗത്തുവന്നവയാണ്. അധിനിവേശത്തിനെതിരെ സായുധ ചെറുത്തുനില്‍പിന് അന്താരാഷ്ട്ര നിയമങ്ങള്‍ അനുകൂലമാണെന്നിരിക്കെ ഇതില്‍ പുതുമയുമില്ല.

അധിനിവേശങ്ങള്‍ക്ക് എതിരായ സ്വാതന്ത്ര്യസമരങ്ങളെ സാമ്രാജ്യത്വ ശക്തികള്‍ എക്കാലത്തും ഭീകരവാദമായാണ് ചിത്രീകരിക്കാറുള്ളത്. അമേരിക്കയും യൂറോപ്യന്‍ യൂനിയനും കാനഡയും ഉള്‍പ്പെടെയുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ പോരാട്ട സംഘടനകളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

വര്‍ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കയില്‍ ഐതിഹാസികമായ സമരം നയിച്ച നെല്‍സണ്‍ മണ്ടേലയെ അമേരിക്കയും കാനഡയും ആസ്ട്രേലിയയുമൊക്കെ തീവ്രവാദ ചാപ്പ കുത്തിയിരുന്നു. 27 വർഷം നീണ്ട കാരാഗൃഹവാസത്തിനുശേഷം പുറത്തുവന്നതോടെയാണ് ഇവര്‍ക്ക് അദ്ദേഹം സ്വാതന്ത്ര്യവാദിയായത്. താന്‍ അനുഭവിച്ചതിനേക്കാള്‍ യാതനകളാണ് അധിനിവേശ മണ്ണില്‍ ഫലസ്തീനികള്‍ നേരിടുന്നതെന്നാണ് ജീവിതത്തിന്‍റെ വലിയൊരു ഭാഗം അല്‍പം വെളിച്ചം മാത്രം കിട്ടുന്ന മുറിയില്‍ കഴിയേണ്ടിവന്ന മണ്ടേല പ്രസ്താവിച്ചത്.

യു.എന്‍ പ്രമേയങ്ങള്‍

1948ല്‍ നിലവില്‍ വന്നതു മുതല്‍ യു.എന്‍ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച രാജ്യമാണ് ഇസ്രായേല്‍. അധിനിവേശം, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങി ഇസ്രായേല്‍ തുടര്‍ന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയു​െട ജനറല്‍ അസംബ്ലി, രക്ഷാസമിതി എന്നിവ പാസാക്കിയ മുപ്പതിലേറെ പ്രമേയങ്ങള്‍ ലംഘിച്ച ചരിത്രമാണ് ആ രാജ്യത്തിനുള്ളത്.

ഫലസ്തീനെ ജൂതന്മാര്‍ക്കും അറബികള്‍ക്കുമിടയില്‍ വിഭജിച്ചുകൊണ്ടുള്ള യു.എന്നിന്‍റെ 1947ലെ 181ാം നമ്പര്‍ പ്രമേയം മുതല്‍ ഇത് കാണാം. ഇരു കക്ഷികളും അവകാശവാദമുന്നയിക്കുന്നതിനാല്‍ സെമിറ്റിക് വിഭാഗത്തില്‍പെടുന്ന ഇസ്‍ലാം, ക്രിസ്ത്യന്‍, ജൂത മതവിഭാഗങ്ങള്‍ക്ക് തുല്യാവകാശം നല്‍കുന്ന വിധത്തില്‍ ജറൂസലം നഗരത്തെ അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പിനു കീഴിലാക്കാനായിരുന്നു പ്രമേയം നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍, 1948ലെ യുദ്ധാനന്തരം 1949 ഏപ്രില്‍ മൂന്നിന് ഒപ്പുവെച്ച ഇസ്രായേല്‍-ജോർഡന്‍ യുദ്ധവിരാമ കരാറിന്‍റെ അടിസ്ഥാനത്തില്‍ ജറൂസലം നഗരം വിഭജിക്കപ്പെട്ടു. പടിഞ്ഞാറെ ഭാഗം ഇസ്രായേലിന്‍റെയും മസ്ജിദുല്‍ അഖ്സയും ടെമ്പിള്‍ മൗണ്ടും ഉള്‍പ്പെടുന്ന കിഴക്കെ ഭാഗം ജോർഡന്‍റെയും നിയന്ത്രണത്തിലായി. അടുത്ത 12 വര്‍ഷം ജറൂസലം ഇരുവിഭാഗത്തിന്‍റെയും കൈവശം തുടര്‍ന്നെങ്കിലും 1967ലെ ആറു ദിന യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലം ഇസ്രായേല്‍ കൈയടക്കി. ജോർഡന്‍റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്കും ഈജിപ്തിന്‍റെ നിയന്ത്രണത്തിലായിരുന്ന ഗസ്സ, സീനായ് പ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേല്‍ സേന സിറിയയുടെ ഭാഗമായിരുന്ന ഗോലാന്‍ കുന്നുകളും കൈയേറി സമ്പൂര്‍ണ അധിനിവേശം നടത്തുകയായിരുന്നു.

 

ഫലസ്​തീനിലേക്കുള്ള ഇസ്രായേൽ അധിനിവേശം

പ്രസ്തുത അധിനിവേശത്തിന് 56 വര്‍ഷത്തെ പഴക്കമുണ്ട്. ഇസ്രായേലി അധിനിവേശത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി പാസാക്കിയ 242ാം നമ്പര്‍ പ്രമേയം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ആര്‍ക്കൈവ്സില്‍ പൊടിപിടിച്ചു കിടക്കുന്നുണ്ട്. അധിനിവേശ പ്രദേശങ്ങളില്‍നിന്ന് ഉടന്‍ ഇസ്രായേല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. 1973 ഒക്ടോബറില്‍ ഈജിപ്തിന്‍റെയും സിറിയയുടെയും സംയുക്ത സൈന്യവുമായി ഇസ്രായേല്‍ വീണ്ടും യുദ്ധത്തിലേര്‍പ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെടുന്ന രക്ഷാസമിതിയുടെ 338ാം നമ്പര്‍ പ്രമേയം 67ലെ അധിനിവേശത്തില്‍നിന്ന് പിന്മാറാന്‍ ഇസ്രായേലിനോട് വീണ്ടും ആവശ്യപ്പെട്ടെങ്കിലും അതും അവര്‍ തള്ളുകയായിരുന്നു.

കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളെ ഒരൊറ്റ നഗരവും എക്കാലത്തേക്കുമുള്ള തലസ്ഥാനവുമായി പ്രഖ്യാപിക്കുന്ന ‘ജറൂസലം നിയമം’ ഇസ്രായേലി പാര്‍ലമെന്‍റ് (ക്നസറ്റ്) 1980ല്‍ പാസാക്കിയെങ്കിലും ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അംഗീകരിച്ചിട്ടില്ല. കിഴക്കന്‍ ജറൂസലം അധിനിവേശത്തിലൂടെ ഇസ്രായേലിനോട് ചേര്‍ത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 478ാം നമ്പര്‍ പ്രമേയത്തില്‍ യു.എന്‍ വ്യക്തമാക്കി. വീറ്റോ പ്രയോഗിച്ചില്ലെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയാണ് അമേരിക്ക ചെയ്തത്.

രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഇസ്രായേല്‍ ഭരണസിരാ കേന്ദ്രങ്ങള്‍ ഒന്നൊന്നായി ജറൂസലമിലേക്ക് മാറ്റാന്‍ തുടങ്ങി. പാര്‍ലമെന്‍റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും ഭവനവുമൊക്കെ അവിടെത്തന്നെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍, നയതന്ത്ര കാര്യാലയങ്ങള്‍ തെല്‍ അവീവില്‍നിന്ന് പറിച്ചുനടാന്‍ സൗഹൃദ രാജ്യങ്ങളോട് ആവശ്യപ്പെട്ടെങ്കിലും യു.എന്‍ പ്രമേയങ്ങളുടെ ലംഘനം ഭയന്ന് പല രാജ്യങ്ങളും വഴങ്ങിയില്ല.

അതേസമയം, തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാന്‍ അനുമതി നല്‍കുന്ന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് 1995ല്‍ പാസാക്കിയത് ഇസ്രായേലിന്‍റെ അധിനിവേശ ഭീകരതക്ക് വളം നല്‍കുന്ന നടപടിയായിരുന്നു. ദേശീയ താല്‍പര്യം പരിഗണിച്ച് ആറു മാസം കൂടുമ്പോള്‍ പ്രസ്തുത തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡന്‍റിനുള്ള അധികാരം ബില്‍ ക്ലിന്‍റന്‍ പ്രയോഗിച്ചതിനാല്‍ അത് നടന്നില്ല. എംബസി ജറൂസലമിലേക്ക് മാറ്റണമെന്ന ശക്തമായ നിലപാടായിരുന്നു പിന്നീട് അധികാരത്തിലേറിയ ജോര്‍ജ് ഡബ്ല്യു. ബുഷിന്. എന്നാല്‍, ഇസ്രായേലിന്‍റെ സകല കൈയേറ്റങ്ങള്‍ക്കും ബ്ലാങ്ക് ചെക്ക് നല്‍കിയാണ് ട്രംപ് അധികാരത്തിലേറിയത്. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി 2017 ഡിസംബറില്‍ പ്രഖ്യാപിച്ച ട്രംപ് ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍നിന്ന് അവിടേക്ക് മാറ്റി.

1981ല്‍ ഗോലാന്‍ കുന്നുകളെയും ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെ കൂട്ടിച്ചേര്‍ത്ത ഇസ്രായേല്‍ നടപടിയെയും പിന്തുണച്ച് 2019 മാര്‍ച്ചില്‍ ട്രംപ് ഭരണകൂടം ഇസ്രായേലിന്‍റെ അധിനിവേശത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഗോലാന്‍ അധിനിവേശവും നാല്‍പതോളം ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ അവിടെ സ്ഥാപിച്ച ഇസ്രായേലിന്‍റെ നടപടിയും ഇന്നും യു.എന്‍ പ്രമേയങ്ങളുടെ ലംഘനമായി തുടരുന്നു.

ഓസ് ലോ കരാര്‍ എന്ന ചതി

ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാന്‍ ഫലസ്തീനി സംഘടനകള്‍ നടത്തിവന്ന സായുധ ചെറുത്തുനില്‍പ് മേഖലയില്‍ സംഘര്‍ഷം വിതച്ചപ്പോഴാണ് ഇസ്രായേലിന്‍റെ സംരക്ഷകരായ അമേരിക്ക സമാധാന നീക്കങ്ങളുമായി രംഗത്തുവരുന്നത്. അധിനിവേശ ഭൂമിയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ഫലസ്തീനി പോരാളികള്‍ കല്ലുകള്‍ സമരായുധമാക്കി സയണിസ്റ്റ് മർദകര്‍ക്കെതിരെ രംഗത്തുവന്നതാണ് ഒന്നാം ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്).

യു.എസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെ കാര്‍മികത്വത്തില്‍ നോര്‍വേയിലെ ഓസ് ലോയില്‍ നടന്ന സമാധാന ചര്‍ച്ചകളിലൂടെ സംഘര്‍ഷത്തിന് അയവുവരുത്താനും യു.എന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ (242, 338) അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി ഫലസ്തീന് സ്വാതന്ത്ര്യം നല്‍കാനും തീരുമാനിച്ചു. ആദ്യപടിയായി വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ ഫലസ്തീനികള്‍ക്ക് സ്വയംഭരണം അനുവദിക്കാനും പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തിനെ പുതുതായി രൂപവത്കരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ചെയര്‍മാനായി നിയമിക്കാനും ധാരണയായി. അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി യിഷാക് റബിനും അറഫാത്തും 1993ല്‍ വാഷിങ്ടണിലും ’95ല്‍ ഈജിപ്തിലെ താബയിലുമായി ഓസ് ലോ 1, 2 കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തു.

 

യുദ്ധത്തിനു മുന്നിൽ പകച്ച്​ ഒരു ഫലസ്​തീൻ കുട്ടി

എന്നാല്‍, കരാര്‍ വഞ്ചനയാണെന്ന് ആരോപിച്ച് ഹമാസ് ഉള്‍പ്പെടെയുള്ള പോരാട്ടസംഘടനകള്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നു. അറഫാത്തിനെ ഉപയോഗിച്ച് ഇവരെ അടിച്ചമര്‍ത്താനാണ് ഇസ്രായേലും അമേരിക്കയും തുനിഞ്ഞത്. പോരാളിയായ യാസര്‍ അറഫാത്തിന്‍റെ ചിറകരിയുക മാത്രമല്ല, ഓസ് ​േലാ കരാറിന്‍റെ ഭാഗമാക്കുക വഴി അദ്ദേഹത്തെ തന്നെയാണ് യഥാര്‍ഥത്തില്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നത്. റാമല്ലയിലെ അതോറിറ്റി ആസ്ഥാനത്ത് അറഫാത്തിനെ ബന്ദിയാക്കുകയും ഭക്ഷണത്തിലൂടെ അല്‍പാല്‍പമായി വിഷം നല്‍കി ഇല്ലാതാക്കുകയും ചെയ്തത് മറ്റൊരു ദുരന്തം.

കരാര്‍ ഒപ്പുവെക്കുമ്പോള്‍ വെസ്റ്റ്ബാങ്കില്‍ 7400 കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം ഇപ്പോള്‍ ഏഴു ലക്ഷത്തോളമാണെന്ന് യു.എന്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലായി 145 കോളനികളിലും 140 കുടിയേറ്റ കേന്ദ്രങ്ങളിലുമായാണ് ഇത്രയും പേര്‍ കഴിയുന്നതെന്ന് ഇസ്രായേലി എന്‍.ജി.ഒ പീസ് നൗ കണ്ടെത്തിയിട്ടുണ്ട്. കിഴക്കന്‍ ജറൂസലമിലെ 12 കേന്ദ്രങ്ങളിലായി രണ്ടു ലക്ഷത്തിലേറെ നിയമവിരുദ്ധ കുടിയേറ്റക്കാരുണ്ട്.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രപ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ ഇസ്രായേലോ അമേരിക്കയോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതിന് ഇതിൽപരമെന്തു തെളിവുവേണം? ഇത്തരം കുടിയേറ്റ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം മാത്രമല്ല, ഇസ്രായേല്‍ നിയമമനുസരിച്ചും നിയമവിരുദ്ധമാണെങ്കിലും അത് അധിനിവേശ ഭൂമിയിലായതിനാല്‍ ഭരണകൂടംതന്നെ പ്രോത്സാഹനം നല്‍കുന്നു എന്നതാണ് വലിയ തമാശ. നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ നിയമപരമാക്കുക, അവക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുക തുടങ്ങിയ വിഷയങ്ങളിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നെതന്യാഹുവിന്‍റെ പുതിയ സഖ്യം രൂപവത്കൃതമായതുതന്നെ.

വെസ്റ്റ്ബാങ്കിനെപ്പോലെ ഗസ്സയിലും 2005 വരെ സൈനിക സാന്നിധ്യമുണ്ടായിരുന്നു ഇസ്രായേലിന്. ഒമ്പതിനായിരത്തിലേറെ കുടിയേറ്റക്കാരും അവിടെ താമസിച്ചിരുന്നു. ഹമാസിന്‍റെ ചെറുത്തുനില്‍പും അന്താരാഷ്ട്ര സമ്മർദവും മൂലം ഇസ്രായേല്‍ അത് അവസാനിപ്പിച്ചെങ്കിലും പലപ്പോഴും സയണിസ്റ്റ് ടാങ്കുകള്‍ അവിടേക്ക് കടന്നുകയറിയിട്ടുണ്ട്.

ഓസ് ലോ കരാറിന്‍റെ അടിസ്ഥാനത്തിലാണ് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിലും ഗസ്സയിലും 2006ല്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായി മത്സരിച്ച് 132 സീറ്റുകളില്‍ 74ലും (57.6 ശതമാനം) വിജയംകൊയ്ത ഹമാസിന്‍റെ ഉജ്ജ്വല മുന്നേറ്റം സാമ്രാജ്യത്വ, അധിനിവേശ ശക്തികളെ ഞെട്ടിച്ചത് സ്വാഭാവികം. അവരാഗ്രഹിച്ചത് തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് എന്നും വഴങ്ങാറുള്ള ഫത്ഹ് പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു. ഹമാസ് ഗവണ്‍മെന്‍റിനെ തകര്‍ക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍.

ഫലസ്തീന് നല്‍കിവരുന്ന ഫണ്ടുകള്‍ മരവിപ്പിച്ച് ഹമാസിനെ ഞെരുക്കുകയും ജനരോഷം ഇളക്കിവിട്ട് നാടിനെ കുട്ടിച്ചോറാക്കുകയും ചെയ്യുകയായിരുന്നു ഗൂഢതന്ത്രം. ഓസ് ലോ കരാര്‍പ്രകാരം ഫലസ്തീന്‍ അതോറിറ്റിക്ക് ചുങ്കം പിരിവ് ഇനത്തില്‍ നല്‍കേണ്ട പണം കൊടുക്കില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചപ്പോള്‍ ബുഷ് ഭരണകൂടം അതിനെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കി. തങ്ങളും ഇസ്രായേലും മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളും യു.എന്നും അറബ്, മുസ്‍ലിം രാജ്യങ്ങളുമെല്ലാം ചേര്‍ന്ന് ഹമാസിനെ തകര്‍ക്കണമെന്ന് ബുഷ് ഭരണകൂടം പരസ്യമായി ആഹ്വാനംചെയ്തു. ബറാക് ഒബാമ അധികാരത്തിലേറിയപ്പോഴും നിലപാടുകളില്‍ മാറ്റമുണ്ടായില്ല.

കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍

2006 മുതല്‍ ഗസ്സ ഉപരോധത്തിലാണ്. പതിനേഴു കൊല്ലമായി തുടരുന്ന നീണ്ട ഉപരോധം. അതിനിടെ നാലു യുദ്ധങ്ങള്‍ ഇസ്രായേല്‍ നടത്തിയെങ്കിലും ഗസ്സയും ഹമാസും അചഞ്ചലമായി നിലകൊണ്ടു. നിസ്സഹായരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിക്കുകയും വീടുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിലംപരിശാക്കുകയും ചെയ്ത് ഭീകരമായ യുദ്ധക്കുറ്റങ്ങള്‍ ഇസ്രായേല്‍ നിര്‍ബാധം തുടര്‍ന്നിട്ടും അധിനിവേശത്തിനും കൊളോണിയല്‍ ഭീകരതക്കുമെതിരെ പോരാടുന്നവര്‍ക്ക് ആവേശമായി ഗസ്സ നിലനില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇസ്രായേല്‍ കൊന്നുതള്ളിയ ഫലസ്തീനികളുടെ എണ്ണം 2600 കവിയും. ഇപ്പോഴത്തെ ഗസ്സ ബോംബിങ്ങില്‍ മാത്രം 500ലേറെ കുഞ്ഞുങ്ങള്‍ക്കും 300ലേറെ സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അപ്പോഴും 40 ഇസ്രായേലി കുഞ്ഞുങ്ങളെ ഹമാസ് തലയറുത്തു കൊന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനാണ് ബൈഡനും അന്താരാഷ്ട്ര മാധ്യമങ്ങളും തുനിഞ്ഞത്.

ഓസ് ലോ കരാറില്‍ ഒപ്പിട്ടതോടെ അമേരിക്കയുടെ ഗുഡ് ബുക്കില്‍ സ്ഥാനംപിടിച്ചിട്ടും ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് പി.എല്‍.ഒയെ ഒഴിവാക്കാന്‍ വാഷിങ്ടണ്‍ ഇതുവരെ തയാറായിട്ടില്ല. അതേസമയം, ഇസ്രായേലി ഭീകരസംഘടനയായ കച്ചിനെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം മേയില്‍ ഫലസ്തീന്‍ അതോറിറ്റി വാഷിങ്ടണിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ നടത്തിവരുന്ന റെയ്ഡുകളും കൂട്ടക്കൊലകളും ജനങ്ങളെ രോഷാകുലരാക്കുന്നുണ്ടെങ്കിലും അതിനെ തടയാനുള്ള ഒരു നീക്കവും ഫലസ്തീന്‍ അതോറിറ്റിയുടെ (പി.എ) ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഷിറിന്‍ അബൂ അഖ്ലയെ പോയന്‍റ് ബ്ലാങ്കില്‍ ഇസ്രായേല്‍ സൈനികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍പോലും അവര്‍ നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. സയണിസ്റ്റുകള്‍ക്ക് കീഴൊതുങ്ങി കഴിയുന്ന മഹ്മൂദ് അബ്ബാസിന്‍റെ ഈ നിലപാടുകള്‍ ഹമാസിന് ഫലസ്തീനികള്‍ക്കിടയില്‍ ജനപിന്തുണ നേടിക്കൊടുക്കുന്നു. പതിനാലു വര്‍ഷമായി തെരഞ്ഞെടുപ്പ് നടത്താതെ പ്രസിഡന്‍റ് പദവിയില്‍ അബ്ബാസ് തുടരുന്നതുപോലും ഇസ്രായേൽ‍-അമേരിക്ക ഗൂഢാലോചനയുടെ ഭാഗമായാണ്.

 

ഒരു ഫലസ്​തീൻ കുടുംബം

അധിനിവേശ ഭീകരതക്ക് കൈയൊപ്പ് ചാര്‍ത്തുന്നവര്‍

ഗോ തുടങ്ങിയ നിരവധി സംഘര്‍ഷ ഭൂമികളില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തെങ്കില്‍ അതൊന്നും ബാധകമാകാത്ത ഒരേയൊരു വിഭാഗമാണ് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സിലെ കമാൻഡര്‍മാര്‍. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കിയതിന്‍റെ പേരില്‍ ഇന്നോളം ഒരു ഇസ്രായേലി സൈനികന്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സബ്ര, ശാത്തില, ഖന, ജെനിന്‍ മുതല്‍ ഗസ്സയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പോയ സമാധാനക്കപ്പല്‍ വരെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ ഒരു നടപടിയും നേരിടാതെ വാണരുളുന്നു.

നിഷ്ഠുരമായ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇസ്രായേലിന്‍റെ പ്രധാനമന്ത്രി, പ്രസിഡന്‍റ് പദവികളില്‍ ഇരുന്നിട്ടുള്ളത്. സബ്ര, ശാത്തില വംശഹത്യക്ക് ഉത്തരവിട്ട ഏരിയല്‍ ഷാരോണ്‍, ഖന കൂട്ടക്കൊലയുടെ ആസൂത്രകന്‍ ഷിമോണ്‍ പെരസ്, മൊസാദിന്‍റെ ഓപറേഷനിലൂടെ പോരാട്ട സംഘടനയിലെ നേതാക്കളെ വധിക്കുകയും ഗസ്സയില്‍ നിഷ്ഠുരമായ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത നെതന്യാഹു തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കി ആദരിക്കപ്പെട്ടയാളാണ് പെരസ് എന്നുമോര്‍ക്കുക.

നിലവിലുള്ള തുണ്ടു ഭൂമിയില്‍നിന്നുകൂടി ഫലസ്തീന്‍ ജനതയെ തുരത്താനുള്ള ഇസ്രായേലിന്‍റെ നീക്കങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മേഖലയിലെ അറബ് ഭരണകൂടങ്ങള്‍ കടുത്ത ചില നിലപാടുകള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗസ്സയില്‍ ജീവിക്കുന്നവരും ഇസ്രായേലികളെപ്പോലെ മനുഷ്യരാണെന്ന് ബൈഡന്‍റെയും കൂട്ടരുടെയും മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കട്ടെ. ഗസ്സയെ ഇസ്രായേല്‍ തവിടുപൊടിയാക്കിയാലും അവിടത്തെ ജനങ്ങളെ പട്ടിണിക്കിട്ടും ഭീകരമായി ഉപരോധിച്ചും പോരാട്ട സമരങ്ങള്‍ ഇല്ലാതാക്കുമെന്ന് ആര് മോഹിച്ചാലും അത് നടപ്പാവില്ല. ലോകത്തൊരിടത്തും സ്വാതന്ത്ര്യ സമരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അന്തിമവിജയം സമയത്തിന്‍റെ മാത്രം പ്രശ്നമാണ്.

News Summary - weekly articles