ഇസ്രായേൽ ഭീകര രാഷ്ട്രമല്ല; അപ്പോൾ ഹമാസ്?
ഫലസ്തീനിലെ യാഥാർഥ്യമെന്താണ്? അവിെട എന്തുനടക്കുന്നു? ഇനി എന്താകും? ഫലസ്തീൻ എഴുത്തുകാരുമായി നടത്തിയ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ ആ ജനതയുടെ വിഷയങ്ങൾ എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും സഞ്ചാരസാഹിത്യകാരനുമായ ലേഖകൻ.
പതിവുപോലെ ഇക്കുറിയും, നമ്മൾ സംസാരിക്കുന്നത് നല്ല സമയത്തല്ല അല്ലേ? നജ് വാൻ ദർവീശിന്റെ ചോദ്യം വാട്സ്ആപ്പിൽ, മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു. ആ ചോദ്യത്തിൽ തളംകെട്ടി നിൽക്കുന്ന മറുപടിയില്ലായ്മയിൽ ഒരുനിമിഷം എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു. ഒക്ടോബർ 8ന് വൈകുന്നേരം നാലുമണിയോടെയാണ് ഞങ്ങൾ വാട്സ്ആപ് സംസാരം തുടങ്ങിയത്. അതുപോട്ടെ. നിങ്ങൾ ചോദിച്ചതിനുള്ള എന്റെ പ്രതികരണങ്ങൾ ഇതാ:
ഹമാസ് ഫലസ്തീൻ ജനതയുടെ ഭാഗമാണ്. 1948 മുതൽ തുടരുന്ന ഇൗ കൊളോണിയൽ അധിനിവേശം ഞങ്ങൾക്ക് ഫലസ്തീൻ ജനതക്ക് ഇനിയും സഹിക്കാനാകില്ല. എല്ലാ പരിധികളും വിട്ടുകഴിഞ്ഞിരിക്കുന്നു. ഇസ്രായേൽ ഒരു ഭീകരസംഘടനയാണ്. യു.എന്നിൽ അംഗത്വം സമ്പാദിക്കാൻ കഴിഞ്ഞ ഭീകര സംഘടന (ഇത് എന്നെ ഉദ്ധരിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക് പറയുകയും എഴുതുകയും ചെയ്യാം). ഇത്രയും പറഞ്ഞ് അദ്ദേഹം പിൻവാങ്ങി.
‘അൽഅറബ് അൽജദീദ്’ പത്രത്തിലെ സാംസ്കാരിക വിഭാഗം എഡിറ്റർകൂടിയാണ് ജറൂസലമിൽ ജീവിക്കുന്ന നജ് വാൻ. 2018 മുതൽ ഇൗ ഫലസ്തീൻ കവിയുമായി അടുപ്പമുണ്ട് (കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നജ് വാനുമായുള്ള സംഭാഷണം നടത്തിയത് ഞാനായിരുന്നു. അന്നുമുതലുള്ള അടുപ്പമാണ്. ആ സംഭാഷണം അദ്ദേഹം ഇങ്ങനെ അവസാനിപ്പിച്ചു. ലോകം കണ്ട ഏറ്റവും വലിയ വിമോചക കലാപകാരി ഫലസ്തീനിയാണ്. യേശു എന്നാണ് അദ്ദേഹത്തിന്റെ പേര്).
ഹിംസ ഒന്നിനും പരിഹാരമല്ല. അതിൽ തർക്കവുമില്ല. ഇസ്രായേൽ-ഹമാസ് ‘യുദ്ധ’വേളയിലും ഇക്കാര്യം മറക്കാനാകില്ല. ഇസ്രായേൽ എന്ന ഭീകര സ്റ്റേറ്റിന് ഹമാസ് അടക്കമുള്ള സംഘടനകൾ ഉണ്ടായതിന്റെ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകാനാകില്ല. ഹമാസ് ഗസ്സ ഭരിക്കുന്നു എന്ന കാര്യം ലോകം മറക്കുന്നു. അവരെ ഭരണത്തിന് തെരഞ്ഞെടുത്തത് ഫലസ്തീൻ ജനതയാണ്. അത് ഇപ്പോൾ ഉയർന്ന ചർച്ചകളിൽ ലോകം അപ്പാടെ വിസ്മരിക്കുന്നു.
പ്രചാരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇസ്രായേൽ പത്രം ‘ഹാരെറ്റ്സി’ന്റെ ഒക്ടോബർ 10ലെ മുഖപ്രസംഗം ഹമാസ് ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്ന് അസന്ദിഗ്ധമാംവിധം പ്രസ്താവിച്ചു. ഫലസ്തീൻ അവകാശം എന്ന പ്രശ്നത്തെ സമ്പൂർണമായും തള്ളിക്കളഞ്ഞതിന്റെ വിലയാണ് ഇൗ അന്തരീക്ഷത്തിനു കാരണമെന്ന് കൃത്യമായി ആ മുഖപ്രസംഗം അഭിപ്രായപ്പെട്ടു. ഇതേ നിലപാടുള്ള ഇസ്രായേൽ പൗരന്മാരുമുണ്ടെന്ന യാഥാർഥ്യംകൂടി ലോകം മനസ്സിലാക്കേണ്ടതുണ്ട്.
തീവ്ര വലതുപക്ഷമായ (ലോകം മുഴുവൻ ഭരണാധികാരികളും സർക്കാറുകളും അങ്ങനെയായിക്കൊണ്ടിരിക്കുന്നു) നെതന്യാഹുവിന്റെ സർക്കാർ, അതിലെ ഘടക കക്ഷികൾ എന്നിവർ ചേർന്നുണ്ടാക്കിയ കൊടും പ്രതിസന്ധിക്ക് ഇസ്രായേൽ സിവിലിയന്മാർ വിലകൊടുക്കേണ്ടിവന്നിരിക്കുന്നു എന്ന യാഥാർഥ്യം കാണാതെ, തിരിച്ചടിയിൽ ഫലസ്തീനികളും ഹമാസും സമ്പൂർണമായും ഇല്ലാതായിപ്പോകുമെന്ന വിശകലന ലേഖനങ്ങളും റിപ്പോർട്ടുകളും ചമക്കുന്ന തിരക്കിലാണ് മാധ്യമലോകവും ഒപ്പം ഇത്തരം സന്ദർഭങ്ങളിൽ രംഗത്തുവരാറുള്ള ‘അന്താരാഷ്ട്ര സമൂഹവും’. 2019 മുതൽ നെതന്യാഹു എത്രവട്ടം തെരഞ്ഞെടുപ്പുകൾ നടത്തി എന്നതും ഒാരോ സമയത്തും ഫലസ്തീൻ വിരുദ്ധത എങ്ങനെ കടുപ്പിച്ചുകൊണ്ടേയിരുന്നു എന്നതും ലോകത്തിന് അറിയാത്ത കാര്യമല്ല.
16 വർഷമായി ഗസ്സ തുറന്ന ജയിലാണ്. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ. അങ്ങനെയാണ് ആ പ്രദേശത്തെ ഇസ്രായേൽ മാറ്റിത്തീർത്തിരിക്കുന്നത്. 25 ലക്ഷം ഫലസ്തീനികൾ ഇൗ തുറന്ന ജയിലിലാണ് 16 വർഷമായി ജീവിച്ചുപോരുന്നത്. തുറന്ന ജയിൽ ഒരു ആലങ്കാരിക പ്രയോഗമല്ല. അക്ഷരാർഥത്തിൽ അങ്ങനെത്തന്നെയാണ്. ഫലസ്തീൻ അതോറിറ്റി എന്ന പാവ ഏജൻസി ഇപ്പോൾ നിലവിലുണ്ടോ എന്നുപോലും അറിയാത്തവിധം മാഞ്ഞുപോയി. ഇടക്കിടെ അവർ രണ്ട് സ്വതന്ത്ര രാജ്യങ്ങൾ (ഫലസ്തീൻ, ഇസ്രായേൽ) എന്നു പറഞ്ഞു രംഗത്തുവരും, പിന്നീട് മറയും. അറബ് ലീഗിനെപ്പോലെ. വരും, പറയും, ഒന്നും സാധിക്കാനാകാതെ മടങ്ങും. ഫത്തഹ് പോലൊരു സംഘടനയിലും ഫലസ്തീനികൾക്ക് വിശ്വാസമില്ലാതായി. പി.എൽ.ഒ വിസ്മൃതിയിലായ സ്വപ്നവുമായി.
ഇതോടെ ഹമാസ് ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികളുടെ പ്രതീക്ഷ തന്നെയായി മാറി. ഒഴിഞ്ഞ പെപ്സി ടിന്നുകളിൽ ഒാലപ്പടക്കത്തേക്കാൾ അൽപംകൂടി ശക്തിയുള്ള നാടൻ സ്ഫോടകവസ്തുക്കൾ നിറച്ച് എറിഞ്ഞ് അത് ഗ്രനേഡാണ്, അല്ലെങ്കിൽ റോക്കറ്റാണ് എന്നുപറഞ്ഞിരുന്ന കാലത്തിൽനിന്നും ഹമാസ് സായുധമായി വളർന്നതിന്റെ ലക്ഷണങ്ങൾ കഴിഞ്ഞദിവസങ്ങളിൽ അവർ ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് പഠിച്ചാൽ മനസ്സിലാക്കാം. ഹിസ്ബുല്ല ആക്രമണത്തെ ‘ഹീറോയിക്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഫലസ്തീൻ സുന്നികളും ഹിസ്ബുല്ല ശിയാക്കളും ഒന്നിക്കുകയാണെന്ന സൂചന ഇൗ നടപടിക്ക് പിന്നിലുണ്ടെന്ന നിരീക്ഷണങ്ങളും ഇതോടൊപ്പം വന്നുകഴിഞ്ഞു (സുന്നി-ശിയ ഐക്യം സാധ്യമാകുന്ന ഒരേയൊരിടം).
എന്നാൽ, ഈ സായുധ വളർച്ചയുടെയും വിലകൊടുക്കേണ്ടിവരുക ഇപ്പോൾ ഹമാസിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന സാധാരണ ഫലസ്തീനികളായിരിക്കും, കുഞ്ഞുങ്ങളും സ്ത്രീകളുമായിരിക്കും എന്ന യാഥാർഥ്യവും നമുക്കു മുന്നിലുണ്ട്. ഇതെഴുതുമ്പോൾ ഫലസ്തീനിൽ നിരന്തരമായി രക്തച്ചാലുകൾ ഒഴുകുന്നു. ഫലസ്തീൻ ജനതയുടെ മറ്റൊരു വഴിയുമില്ലായ്മയെക്കൂടി ഇക്കാര്യം കൃത്യമായി സൂചിപ്പിക്കുന്നു. അതിലെ വിനാശത്തെപ്പോലും ഭയപ്പെടേണ്ടതില്ല എന്ന ഗതികേടിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു. അല്ലെങ്കിൽ അവരെ ലോകം എത്തിച്ചിരിക്കുന്നു.
ഈ ഗതികേടുണ്ടാക്കിയതിൽ മാന്യ പൗരസമൂഹങ്ങൾക്ക് വലിയ പങ്കുണ്ട്. നിരവധി കരാറുകൾ ഉണ്ടാവുകയും എല്ലാം ഉടനടിതന്നെ ഇല്ലാതാവുകയും ചെയ്തതിന് ചരിത്രംതന്നെ സാക്ഷി. മുക്കാൽ നൂറ്റാണ്ടു കാലമായി നിരന്തരമായി ഫലസ്തീൻ മണ്ണ് കൊത്തിയെടുത്ത് സ്വന്തമാക്കി ഉണ്ടാക്കിയെടുത്ത രാജ്യത്തിന്റെ പേരാണ് ഇസ്രായേൽ. ഇത്രയും കാലംകൊണ്ട് ഫലസ്തീൻ പ്രശ്നം അപരിഹാര്യമായ സങ്കീർണതയിലെത്തിക്കാൻ ഇസ്രായേലിന് കഴിഞ്ഞു. ഏതു പരിഹാരത്തെയും ഒരു ബൈനറി സൃഷ്ടിച്ച് നിർവീര്യമാക്കാൻ കഴിയുമെന്നും അവർ മനസ്സിലാക്കി, അതനുസരിച്ച് തന്നെ നിരന്തരമായി പ്രവർത്തിച്ചു. എപ്പോഴും വിജയിച്ചു. ലോകം അതിന് കൈയടിച്ചു.
ഇതോടൊപ്പം അറബ്-ഇസ്‍ലാമിക ലോകം ഇസ്രായേലിനോടടുക്കാൻ തുടങ്ങി. അബൂദബിയിൽ 2021ൽ യു.എ.ഇ ഇസ്രായേൽ എംബസി തുറന്നു. ഇറാന്റെ ആണവ പദ്ധതിയെ പ്രതിരോധിക്കാൻ എന്ന പേരിലാണ് ഇൗ ബന്ധത്തിന് തുടക്കമായത്. പടിഞ്ഞാറൻ രാജ്യങ്ങൾക്കൊപ്പം അറബ്-ഇസ്‍ലാമിക ലോകവും തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്ന യാഥാർഥ്യം ഫലസ്തീൻ ജനത തിരിച്ചറിഞ്ഞു (ഇതൊരു മതപ്രശ്നമേയല്ല, കൊടിയ രാഷ്ട്രീയ-മാനുഷിക പ്രതിസന്ധിയാണ്).
ഇസ്രായേൽ തുറന്നുവെച്ച ആയുധവിപണി, ബിസിനസ് കോറിഡോർ തുടങ്ങിയ കാര്യങ്ങൾ ഗൾഫ് ലോകത്തെ ചരിത്രം മറക്കുന്നവരാക്കി. തങ്ങളുടെ നാട്ടിലെ പ്രശ്നങ്ങൾ മൂടിവെക്കാൻ, ഫലസ്തീനിലേക്ക് നോക്കൂ എന്ന് നിരന്തരം ആവർത്തിച്ച പാരമ്പര്യവും ഇൗ രാജ്യങ്ങൾക്കുണ്ട് എന്നതും മറക്കാനാവില്ല, ഇത്തരമൊരു അറബ് നിലപാടുകൂടിയാണ് ഹിസ്ബുല്ലയിലേക്ക് തിരിഞ്ഞ ഹമാസിനെ ഉണ്ടാക്കിയത്. ഇൗ യാഥാർഥ്യങ്ങളൊന്നും മനസ്സിലാക്കാതെ ഹമാസിന്റെ ‘ഭീകരത’ മാത്രം ചർച്ചചെയ്യുന്നത് കൊടിയ അനീതിയാണെന്ന് ഫലസ്തീൻ ചരിത്രത്തിലേക്ക് നോക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം.
ഇസ്രായേൽ കുടിച്ച ഫലസ്തീൻ രക്തത്തിന് കണക്കില്ല എന്ന വസ്തുത, അതുവഴി ഭീകരരാഷ്ട്രമായി മാറി എന്ന യാഥാർഥ്യം മനസ്സിലാക്കാൻ ലോകം തയാറാകേണ്ടതുണ്ട്. യു.എന്നിൽ അംഗത്വം നേടിയ ഭീകര രാജ്യം/ ഏജൻസിയാണ് ഇസ്രായേൽ എന്ന് എല്ലാ ഫലസ്തീനികളും വിശ്വസിക്കുന്നു. ഒരു ന്യൂനപക്ഷം ഇസ്രായേലികൾക്കും ഇതേ അഭിപ്രായമുണ്ടെന്നതും വസ്തുതയാണ്.
1974 നവംബർ 13ന് ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് യു.എന്നിൽ നടത്തിയ വിഖ്യാത പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: ഞാനിവിടെ വന്നത് ഒരു കൈയിൽ ഒലീവ് ചില്ലയും മറുകൈയിൽ ഫലസ്തീൻ പോരാളിയുടെ തോക്കുമായാണ്. എന്റെ കൈയിൽനിന്നും ഒലീവ് ചില്ല താഴെ വീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുമെന്ന്/പിന്തുണക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു: 49 വർഷം മുമ്പ് യാസർ അറഫാത്ത് പങ്കുവെച്ച ആ പ്രതീക്ഷ ഒലീവ് ചില്ല താഴെ വീഴില്ല എന്ന വിശ്വാസം -ലോകത്തിന് ആ ഫലസ്തീൻ സ്വപ്നത്തിനൊപ്പം നിൽക്കാനേ കഴിഞ്ഞില്ല എന്നതിനും ചരിത്രംതന്നെ സാക്ഷി.
ഏതു ജനവിഭാഗം മനുഷ്യരെയെന്ന പോലെയും ഫലസ്തീനികളും സമാധാനത്തിൽ ജീവിക്കാൻതന്നെ ആഗ്രഹിക്കുന്നു. പക്ഷേ, അത്തരമൊരു ജീവിതം ഒരു ഫലസ്തീനിക്കും നൽകില്ലെന്ന ഉറച്ച നിലപാടിലും അതിനായുള്ള പ്രവർത്തനങ്ങളിലുമാണ് ഇക്കാലമത്രയുമായി ഇസ്രായേൽ. അതവരെ ഹമാസിൽ എത്തിച്ചു. ഫലസ്തീനികളെ വിമർശിക്കുന്നവർ, അവരെ ഭീകരരാക്കുന്നവർ, അവർക്ക് ബോധ്യമാകുന്ന മറ്റൊരു വഴി നിർദേശിക്കുന്ന കാര്യത്തെക്കുറിച്ച് ഒട്ടുമേ ചിന്തിച്ചില്ല എന്ന യാഥാർഥ്യം കണ്ടേ മതിയാകൂ.
2002ൽ വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവീശുമായി ടെലിഫോണിൽ സംസാരിക്കാൻ എനിക്ക് അവസരം കിട്ടി. അദ്ദേഹം അധികമായി ഒന്നും സംസാരിച്ചില്ല. ഇങ്ങനെ മാത്രം പറഞ്ഞു: ശ്വസിക്കുന്ന ജഡങ്ങളാണ് ഞങ്ങൾ. ആ മൂന്നു വാക്കുകളിൽ ഫലസ്തീൻ ജനതയുടെ ചരിത്രം അപ്പാടെയുണ്ട്. അവിടെനിന്നു ലോകം ഒരു ചർച്ച ആരംഭിക്കുമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതീക്ഷിക്കാനുള്ളൂ.
ഇക്കാര്യം ആഴത്തിൽ മനസ്സിലാക്കിയ (എപ്പോഴും ആക്രമണങ്ങളുടെ ഇരകളാകുന്ന) ഫലസ്തീനിലെയും ഇസ്രായേലിലെയും സാധാരണ പൗരൻമാർ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കു മാത്രമേ ജൈവികമായി സമാധാനം എന്ന ആശയം സാർഥകമാക്കാൻ കഴിയൂ. യു.എൻ, അറബ് ലീഗ് തുടങ്ങി നിരവധിയായ സംഘടനകളിൽ ഏതായാലും ഫലസ്തീൻ ജനതക്ക് ഒരു വിശ്വാസവുമില്ല. കാരണം, ഇസ്രായേലിനെ നേർവഴിക്കു നടത്താൻ അവർക്കൊന്നും ഇക്കാലംെകാണ്ട് സാധിച്ചിട്ടില്ല.
ഇന്ത്യ ഇസ്രായേലിനൊപ്പമാണ് എന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ഗാന്ധി, നെഹ്റു, ഇന്ദിര ഗാന്ധി പാരമ്പര്യത്തിൽനിന്നും വിപരീത ധ്രുവത്തിലാണ് മോദിസർക്കാർ ഇക്കാര്യത്തിൽ. അതിൽ അത്ഭുതപ്പെടേണ്ട ഒന്നുമില്ല. ഒരു തീവ്ര വലതുപക്ഷത്തെ മറ്റൊരു തീവ്ര വലതുപക്ഷം പിന്തുണക്കുന്നതിൽ ആശ്ചര്യത്തിന് എന്ത് ഹേതു? ഇസ്രായേൽ ഭീകരതയുടെ ഒരംശംകൂടി ഇതിലൂടെ ഇന്ത്യൻ ഭരണകൂടം സ്വന്തമാക്കിയിരിക്കുന്നു, അതിന്റെ കെടുതികൂടി ഒാരോ ഇന്ത്യൻ പൗരനും അനുഭവിക്കാം.
മൊസാദിന്റെ പരാജയമാണ് എല്ലാത്തിനും കാരണമെന്ന് മലയാള മാധ്യമങ്ങളടക്കം പരിതപിച്ചു. ഏതു മൊസാദും ചില നിർണായക നിമിഷങ്ങളിൽ പരാജയവും തകർച്ചയും നേരിടുകതന്നെ ചെയ്യും. ഒളിപ്പോരിന്റെ ലോക ചരിത്രത്തിലേക്ക് നോക്കിയാൽ അത് മനസ്സിലാക്കാം.
2002ൽ ഓസ്കർ ചലച്ചിത്ര പുരസ്കാര സമിതി വിദേശ സിനിമ കാറ്റഗറിയിൽ ഫലസ്തീൻ ഫിലിം മേക്കർ ഏലിയ സുലൈമാന്റെ ‘ഡിവൈൻ ഇന്റർവെൻഷൻ’ എന്ന സിനിമക്ക് എൻട്രി നിഷേധിച്ചു. കാരണം ലളിതം, ഫലസ്തീൻ എന്ന രാജ്യം യു.എൻ ലിസ്റ്റിലില്ല. രാജ്യമില്ലാത്ത ഒരാളുടെ സിനിമ എങ്ങനെ ഓസ്കർ എൻട്രി ആക്കും? ഈ രാജ്യമില്ലായ്മ എന്ന പ്രശ്നത്തെ ലോകത്തിന് കാണാനോ, മനസ്സിലാക്കാനോ സാധിക്കുന്നില്ല.
നജ് വാൻ ദർവീശ് ‘രാജ്യമില്ലാത്ത കവി കാവ്യോത്സവത്തിൽ’ എന്ന കവിതയിൽ ഇക്കാര്യം കൂടുതൽ സുതാര്യമാക്കി:
എല്ലാ കവികൾക്കും മുന്നിൽ
അവരുടെ രാജ്യത്തിന്റെ പേര്.
എന്റെ പേരിനൊപ്പം രാജ്യമില്ല.
‘ജറൂസലം’ എന്നു മാത്രം.
നിന്റെ പേര് ഇത്രയും ഭയപ്പെടുത്തുന്നതാണോ
എന്റെ ചെറുരാജ്യമേ?
ഒന്നും ബാക്കിയില്ല,
നിന്റെ പേരല്ലാതെ.
ഞാനതിനൊപ്പം ഉറങ്ങുന്നു, ഉണരുന്നു.
നിന്റെ പേര് കരക്കണയുകയോ
മടങ്ങുകയോ ചെയ്യാത്ത
ബോട്ടുപോലെ.
അത് തീരമണയുന്നില്ല, മടങ്ങുന്നുമില്ല,
അത് എത്തുന്നില്ല, മുങ്ങുന്നുമില്ല:
ഈ വരികൾ ഒാരോ ഫലസ്തീനിയുടെ ഹൃദയത്തിൽനിന്നും പുറപ്പെട്ടിട്ടുള്ളതാണ്. തീരമണയുമോ എന്നേക്കുമായി മുങ്ങുമോ? ആ ചോദ്യത്തിനുള്ള ഉത്തരം തേടാൻ ഫലസ്തീനി ജനതയെ ഹമാസിലേക്ക് തള്ളിവിട്ട ലോകം (ഹമാസിന്റെ സൃഷ്ടിപ്പിലേക്ക് സമ്മർദത്തിലാക്കിയ ലോകം) ഇതിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്നതിലെ നീതി എന്താണ്? 2008 വരെ നെൽസൺ മണ്ടേല അമേരിക്കയുടെ ടെററിസ്റ്റ് വാച്ച് ലിസ്റ്റിലായിരുന്നു എന്ന വസ്തുതയും മറക്കാതിരിക്കുക.