കത്തിത്തീരാത്ത ഇന്നലെകൾ
നക്സലൈറ്റ് ചരിത്രത്തിലൂടെയാണ് ‘കാലാന്തരം’ ഇൗ ലക്കം സഞ്ചരിക്കുന്നത്. ആ ചരിത്രത്തെക്കുറിച്ച് വന്ന ഒാർമക്കുറിപ്പുകളിൽ സൂക്ഷ്മതകൾ പലതും എഴുതപ്പെടാത്ത അധ്യായങ്ങളായി മറവിൽ നിൽക്കുകയാണെന്ന് ലേഖകൻ.
‘ഭരണകൂടങ്ങളും മതങ്ങളും എന്നപോലെ രാഷ്ട്രീയ പാർട്ടികളും ആത്മാവിൽ കളങ്കമില്ലാത്ത നിരവധി മനുഷ്യരുടെ രക്തംകൊണ്ടാണ് ചരിത്രത്തിൽ അവരുടെ സൗധങ്ങൾ പടുത്തുയർത്തിയിട്ടുള്ളത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അർപ്പിക്കപ്പെടുന്ന രക്തപുഷ്പങ്ങളും ബലിമൃഗങ്ങളും അവരുടെ കുഴിമാടങ്ങളിൽനിന്ന് അനന്തര തലമുറക്കു നേരെ തുറിച്ച കണ്ണുകളോടെ മിന്നൽപ്പിണരുകൾ പായിക്കും. പരിതപിക്കാത്ത എല്ലാ കുറ്റവാളികളുടെയും മേൽ അത് അഗ്നിപാതംപോലെ വന്നുപതിക്കും.’’ -കവിയൂർ ബാലൻ, ‘നക്ഷത്രങ്ങൾ ചുവന്ന കാലം’
● ഗ്രീൻ ബുക്സ്, 2014.
കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയത് നക്സലൈറ്റുകളാണോ? ആണ് എന്ന ഒരു പ്രതീതി പൊതുവിൽ നക്സലൈറ്റുകൾക്കുമേൽ ഉണ്ട്. ഉന്മൂലനം ഒരു രാഷ്ട്രീയ സമരരൂപമായി കൊണ്ടുനടന്ന പ്രസ്ഥാനമായതുകൊണ്ടുതന്നെ നക്സലൈറ്റുകൾ എന്നാൽ കൊലപാതകികൾ എന്നൊരു പ്രതിച്ഛായ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും നക്സലൈറ്റ് വിരുദ്ധരായ രാഷ്ട്രീയ പാർട്ടികളും എല്ലാം ചേർന്ന് മലയാളി ഓർമയിൽ പണിതിട്ടുമുണ്ട്. 1968-1972 കാലത്ത് നടന്ന പഴയ പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ ചുമരിൽ പതിഞ്ഞ ‘അജിതയുടെ കൈപ്പത്തി’യും കോങ്ങാട് ഉന്മൂലന സമരത്തിൽ ജന്മിയുടെ തല വെട്ടിയെടുത്ത് പുറത്ത് കൽപ്പടവിൽ കൊണ്ടുവന്ന് വെച്ച സംഭവവും നക്സലൈറ്റുകളെ കേരള രാഷ്ട്രീയത്തിലെ ഭീകരന്മാരാക്കി മാറ്റി.
അടിയന്തരാവസ്ഥയിൽ അതവരെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റി. എന്നാൽ, ചരിത്രത്തിൽ തന്നെ ഏറ്റവും കുറച്ച് കൊലപാതകങ്ങൾ നടത്തിയ കമ്യൂണിസ്റ്റ് പാർട്ടി നക്സലൈറ്റുകളുടേത് തന്നെയാകും എന്ന് സ്വതന്ത്ര കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണപ്പട്ടിക തെളിവ് നൽകും. ഒരു താരതമ്യപഠനം പ്രസക്തമാണ്.
കക്ഷിരാഷ്ട്രീയം അസ്ഥിക്കു പിടിച്ചുപോയ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വന്തം ജനതയോട് ചെയ്തതെന്തെന്ന വിമർശനം അലിഞ്ഞുപോകുന്നതിന് പല കാരണങ്ങളുമുണ്ട്. നയങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന രാഷ്ട്രീയം രാഷ്ട്രീയ കൊലപാതകങ്ങളെ ഓർമയുടെ ആയുസ്സ് കുറഞ്ഞുവരുന്നതനുസരിച്ച് മറവിക്ക് വളമാക്കുന്നു.
കമ്യൂണിസ്റ്റ് പാർട്ടികളിലെ പ്രത്യയശാസ്ത്ര സമരങ്ങൾക്ക് അതിന്റെ പിറവിയോളംതന്നെ പഴക്കമുണ്ട്. വിജയിക്കുന്നത് തൊഴിലാളി വർഗ പാതയും പരാജയപ്പെടുന്നത് മുതലാളിത്ത പാതയും ആയി തീരുമാനമാകുന്നതോടെ ചാപ്പകുത്തൽ പിന്നെ എളുപ്പമാണ്. തോറ്റവർക്ക് നിലനിൽപില്ലാതാകുന്നത് ചരിത്രത്തിലുടനീളം കാണാം. കൊല്ലപ്പെട്ടവരുടെയും ബാഷ്പീകരിക്കപ്പെട്ടവരുടെയുമെല്ലാം ജീവിതം വിസ്മൃതിയിൽ തള്ളപ്പെടും.
റഷ്യൻ, ചൈനീസ്, കംബോഡിയൻ വിപ്ലവങ്ങൾക്കെല്ലാം പ്രത്യയശാസ്ത്ര സമരത്തിൽ തോറ്റവരുടെ കൂട്ടക്കൊലകളുടെ ചരിത്രം പറയാനുണ്ട്. കംബോഡിയയിൽ എന്നപോലെ കുഴിമാടങ്ങൾ എല്ലായിടത്തും സ്മാരകങ്ങളായിക്കൊള്ളണമെന്നില്ല. സ്റ്റാലിന്റെ കാലത്ത് കൊന്നു കുഴിച്ചുമൂടപ്പെട്ട സ്വന്തം പിതാവിന്റെ കുഴിമാടം തേടി വിഖ്യാത ചലച്ചിത്ര സംവിധായിക മാർത്താ മെസാറോസിന്റെ ‘ഡയറി ഫോർ മൈ മദർ ആൻഡ് ഫാദർ’ (1990) ആ യാത്രകളിലെ ഹൃദയസ്പർശിയായ ഒരു അധ്യായമാണ്.
റഷ്യൻ വിപ്ലവത്തിന്റെ നേതാക്കളിൽ പ്രമുഖനായ ലിയോൺ ട്രോട്സ്കിയെ എടുക്കാം. ട്രോട്സ്കി നാടുകടത്തപ്പെട്ടതോടെ റഷ്യയിൽ ട്രോട്സ്കിയിസ്റ്റുകളുടെ ഉന്മൂലനം പാർട്ടി നയംതന്നെയായിരുന്നു. ട്രോട്സ്കിയുടെ വധം 1940 ഒക്ടോബർ 21 വരെ നീണ്ടു. എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയോ കൊലപാതകം നടന്ന മെക്സികോയിലെ കമ്യൂണിസ്റ്റ് പാർട്ടിയോ അക്കാലത്തെ കമ്യൂണിസ്റ്റ് പരമാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനോ ഏറ്റെടുത്തതായി കേട്ടിട്ടില്ല.
എന്നാൽ, മഴുകൊണ്ട് തലക്കടിച്ച് ട്രോട്സ്കിയെ കൊന്ന സ്പാനിഷ് കമ്യൂണിസ്റ്റുകാ രനായ റെമോൺ മെർക്കാർഡർ 19 വർഷവും എട്ടുമാസവും നീണ്ട തടവുശിക്ഷക്കുശേഷം 1960 മേയിൽ ജയിൽമോചിതനായപ്പോൾ സോവിയറ്റ് യൂനിയനിലെ പരമോന്നത ബഹുമതികളായ ‘ഹീറോ ഓഫ് ദ സോവിയറ്റ് യൂനിയ’നും ‘ഓർഡർ ഓഫ് ലെനിൻ മെഡലും’ നൽകി ആദരിക്കപ്പെടുകയുണ്ടായി. സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്തെ കമ്യൂണിസ്റ്റ് പോരാളികളിൽ ഒരാളായ മെർക്കാഡർ സോവിയറ്റ് രഹസ്യ ഏജന്റായി റിക്രൂട്ട് ചെയ്യപ്പെടുകയും ട്രോട്സ്കിവധത്തിന് നിയോഗിക്കപ്പെടുകയുമായിരുന്നു.
ജാക്വസ് മൊർണാർഡ് എന്ന വ്യാജ ഐഡന്റിറ്റിയിലാണ് മെർക്കാഡർ ടോട്സ്കിയുടെ വീട്ടിലേക്ക് നൂണ്ടുകടന്ന് കൃത്യംനിർവഹിച്ചത്. ജയിൽമോചിതനായ മെർക്കാർഡർക്ക് ക്യൂബയിലെ ഫിദൽ കാസ്ട്രോയാണ് ആദ്യം രാഷ്ട്രീയ അഭയം കൊടുക്കുന്നത്. പിന്നീടാണ് 1961ൽ അദ്ദേഹം സോവിയറ്റ് യൂനിയനിലേക്ക് ചേക്കേറി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത ബഹുമതികൾ ഏറ്റുവാങ്ങുന്നത്. പിന്നീട് ക്യൂബ, സോവിയറ്റ് യൂനിയൻ, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ വിദേശകാര്യ ഉപദേഷ്ടാവായിരുന്നു. 1978ൽ ക്യൂബയിൽ വെച്ചായിരുന്നു മരണം. മൃതദേഹം അടക്കംചെയ്തത് റഷ്യയിലും. ‘‘ഞാൻ എല്ലായ്പോഴും അത് കേൾക്കുന്നു. ഞാൻ ആ നിലവിളി കേൾക്കുന്നു. എനിക്കറിയാം അദ്ദേഹമെന്നെ മറുപുറത്ത് കാത്തിരിക്കുകയാണ്’’ –എന്നതാണ് മെർക്കാഡറുടെ അവസാന വാക്കുകളായി കരുതപ്പെടുന്നത്.
ട്രോട്സ്കി കുറ്റവാളിയും വഞ്ചകനുമായിരുന്നോ? ലെനിന്റെ കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിലുണ്ടായിരുന്ന മിക്കവാറും പേർ സ്റ്റാലിന്റെ കാലത്ത് തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. മുൻ സോവിയറ്റ് രാഷ്ട്രങ്ങൾ ആ കഥകൾ ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും ഫിലിം സൊസൈറ്റി ശൃംഖലകളിൽ കണ്ട സോവിയറ്റ് കാല സിനിമകൾ ഏറിയകൂറും പറഞ്ഞത് ഒന്നും രണ്ടും ലോകയുദ്ധത്തിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങളായിരുന്നു എങ്കിൽ 1991ൽ സോവിയറ്റ് പതനത്തിനുശേഷം മുൻ സോവിയറ്റ് ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സിനിമകൾ അധികവും പറയുന്നത് നിശ്ശബ്ദമായ കുഴിമാടങ്ങളുടെ കഥകളാണ്. അത് തുടരുന്നു. റഷ്യയിൽനിന്നു മാത്രമല്ല ചൈനയിൽനിന്നും കംബോഡിയയിൽനിന്നും ഉത്തര കൊറിയയിൽനിന്നുമൊക്കെ അധികാര നിർമിത കൂട്ടക്കൊലകളുടെ കഥകൾ പുറത്തുവരാറുണ്ട്.
ബംഗാളിലെന്നപോലെ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലും നക്സലൈറ്റുകൾ തമ്മിലുമുള്ള ഏറ്റുമുട്ടലുകൾ മാരകമായി വളർന്നിട്ടില്ലെങ്കിലും അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും പറയാനുണ്ട് പരസ്പരം കൊന്നതിന്റെ കഥകൾ. അത് ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ എത്തിനിൽക്കുന്നു. എന്നാൽ, ഒരിക്കലും അധികാരത്തിലെത്താത്ത സി.പി.ഐ.എം.എല്ലിനുമുണ്ടെങ്കിലോ അങ്ങനെയൊരു ഇരുണ്ട അധ്യായം? അതാണ് എൺപതുകളുടെ തുടക്കത്തിൽ മഹാരാഷ്ട്രയിൽ നടന്ന നക്സലൈറ്റുകളുടെ സി.ആർ.സി (കമ്യൂണിസ്റ്റ് റെവലൂഷനറി റി ഓർഗനൈസേഷൻ) യുടെ അഖിലേന്ത്യാ പ്ലീനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന് ശിക്ഷയായി മരണം വരിക്കേണ്ടിവന്ന മതിയഴകൻ എന്ന അധ്യായം. പാർട്ടിക്കുമേൽ കവിയൂർ ബാലൻ നിരീക്ഷിക്കുന്നതുപോലെ അത് ‘അഗ്നിപാതംപോലെ’ വന്നു പതിച്ചു. ആ കനൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ജനകീയ സാംസ്കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കവിയൂർ ബാലൻ മതിയഴകന്റെ മരണം തന്റെ ആത്മകഥയായ ‘നക്ഷത്രങ്ങൾ ചുവന്ന കാല’ത്തിലൂടെ പാർട്ടിക്ക് എതിരായ ഒരു കുറ്റപത്രമായി തന്നെ ഉന്നയിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടണത്തിനടുത്തുള്ള ഊരാണിപുരം എന്ന ഉൾഗ്രാമത്തിൽനിന്നും ജെ.എൻ.യുവിൽ വിദ്യാർഥിയായി എത്തിയ മതിയഴകൻ സമ്മേളന പ്രതിനിധിയായിരുന്നു. പൊലീസ് പിന്തുടരുന്നു എന്നതായിരുന്നുവത്രെ മതിയഴകന്റെ മതിഭ്രമം. അതടക്കാനായി നൽകിയ മയക്കുമരുന്നു ഗുളികകൾ കഴിച്ച് മരിക്കുകയുമാണുണ്ടായത്. പാർട്ടി നേതാക്കൾ കൂടിച്ചേർന്ന് സമ്മേളനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ മതിയഴകന്റെ മൃതദേഹം സുരക്ഷാ സാന്നിധ്യത്തിൽ തൊട്ടടുത്ത നദീതീരത്ത് രഹസ്യമായി സംസ്കരിക്കാനാണ് തീരുമാനമെടുത്ത് നടപ്പാക്കിയത്.
ഈച്ചരവാര്യരുടെ മകൻ ആർ.ഇ.സി. രാജന്റെ മരണം ഇപ്പോഴും ഒരു വേദനയാണ്. അടിയന്തരാവസ്ഥയുടെ നീറുന്ന ഓർമയാണ്. ഇപ്പോഴും രാജന്റെ മൃതദേഹം എന്തുചെയ്തു എന്നത് ലോകത്തിന് മുന്നിലില്ല. അത് ഭരണകൂട ഭീകരതയുടെ വിജയം. പാർട്ടി സമ്മേളന സമയത്ത് വന്ന ‘മതിഭ്രമ’ത്തിന്റെ പേരിൽ ജെ.എൻ.യു വിദ്യാർഥിയായിരുന്ന മതിയഴകനെ പാർട്ടിക്കാർതന്നെ കൊന്ന് കുഴിച്ചുമൂടിയതാണോ എന്ന ആരോപണം പാർട്ടിവൃത്തങ്ങളിൽതന്നെ ഉയർന്നു പേടിപ്പിക്കുന്നതാണ്.
മതിയഴകന്റെ വീട്ടിൽ മരണവിവരം ആരും അറിയിക്കുന്നില്ല. അറിയിച്ചു എന്നു ലോകത്തെ അറിയിച്ച് കൈ കഴുകുകയായിരുന്നു പാർട്ടി. വർഷങ്ങൾക്കുശേഷം ആ മരണം മാധ്യമ വാർത്തയായി പുറത്തെത്തി. ഏഴു വർഷം കഴിഞ്ഞെന്ന് കവിയൂർ ബാലൻ ‘നക്ഷത്രങ്ങൾ ചുവന്ന കാല’ത്തിൽ പറയുന്നു. മതിയഴകനെ പുറത്തുവിട്ടാൽ സമ്മേളന രഹസ്യങ്ങൾ പുറത്തുപോകുമെന്ന് ഭയന്ന് പാർട്ടി സുരക്ഷാവിഭാഗംതന്നെ കൊന്ന് കുഴിച്ചുമൂടി എന്ന ആരോപണം അതോടെ നീറിപ്പുകഞ്ഞു. മതിയഴകന്റെ വീട്ടിൽചെന്ന് മരണവിവരം അറിയിക്കുന്നത് മാധ്യമപ്രവർത്തകനായ താനാണെന്ന് രൂപേഷ് പോൾ അവകാശപ്പെടുന്നുണ്ട് (‘മതിയഴകൻ കൊല്ലപ്പെട്ടു, 19 വർഷമായി മരണം അറിയാതെ വീട്ടുകാർ’, മലയാള മനോരമ ഞായർ പതിപ്പ്, 2002 ഏപ്രിൽ 14). ഇത് ‘നക്സൽ ദിനങ്ങൾ’ എന്ന ചരിത്രഗ്രന്ഥത്തി ൽ ആർ.കെ. ബിജുരാജ് രേഖപ്പെടുത്തുന്നുണ്ട്.
കെ. വേണുവിന്റെ ആത്മകഥയിൽ ആ മരണം പറഞ്ഞുപോകുന്നുണ്ട്. ‘‘അമേരിക്കൻ സഖാവിന്റെ കൈയിൽനിന്ന് കിട്ടിയ കാംപോസ് പോലുള്ള ഗുളികകൾ അമിതമായി കഴിക്കാനിടയായതാണ് കാരണമെന്നാണ് അന്വേഷണത്തിൽ എനിക്ക് മനസ്സിലായത്. സഖാവ് റാവു ഉൾപ്പെടെയുള്ള പ്രധാന സഖാക്കളെ വിളിച്ച് ആലോചിച്ചശേഷം തീരുമാനിച്ചത് സമ്മേളനത്തിന് തടസ്സമുണ്ടാക്കാതെ സഖാവ് മതിയഴകന്റെ ശവസംസ്കാരം നടത്താനാണ്. സുരക്ഷിതമായി നദീതീരത്ത് ആ സഖാവ് സംസ്കരിക്കപ്പെടുകയുംചെയ്തു’’ (‘ഒരന്വേഷണത്തിന്റെ കഥ’, കെ. വേണു, പേജ് 582). മരണകാരണം ‘‘സൗകര്യമില്ലാത്ത സ്ഥലത്ത് നീണ്ടുനിൽക്കുന്ന ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ വൈദ്യസഹായത്തിനും മറ്റുമുള്ള ഏർപ്പാടുകൾ ചെയ്യാതിരുന്നതുകൊണ്ടാണ് യഥാർഥത്തിൽ ഈ ദുരന്തം സംഭവിച്ചത്’’ എന്നും വേണു ഉപസംഹരിക്കുന്നു.
രാജന്റെ മരണത്തിൽ ‘‘കെ. കരുണാകരൻ പാർട്ടിക്കുള്ളിൽ സ്വയം വിമർശനം നടത്തിയാൽ മതിയാകുമായിരുന്നോ? ഇന്ദിര ഗാന്ധി, ലക്ഷ്മണ, എന്തിന് അച്യുതമേനോൻപോലും അല്ലെങ്കിൽ ഇന്ത്യൻ ഭരണകൂടം മൊത്തമായി ഒരുദിവസം സ്വയം വിമർശന ദിനമായി ആചരിച്ച് രക്തക്കറകളിൽനിന്നു രക്ഷ നേടിയെടുക്കാൻ ചരിത്രം അനുവദിക്കുമോ?’’ എന്ന ഉത്തരം കിട്ടാത്ത ചോദ്യമായാണ് കവിയൂർ ബാലൻ മതിയഴകന്റെ മരണത്തെ ഏറ്റെടുക്കുന്നത്. ബാലന്റെ ‘നക്ഷത്രങ്ങൾ ചുവന്ന കാലം’, അതിനെ തുടർന്നുവന്ന ‘കത്തിത്തീരാത്ത ഇന്നലെകൾ’ എന്നീ രണ്ട് പുസ്തകങ്ങളാണ് ജനകീയ സാംസ്കാരിക വേദിയുടെ പിറവിയിലേക്ക് എത്തുന്ന ചരിത്രത്തിന്റെ ഒരു കൈവഴി കാണാനാവുന്നത്.
വേദിയുടെ ഭാഗമായിരുന്ന മറ്റാരുംതന്നെ അത്രയും പറഞ്ഞിട്ടില്ല. അത് സമഗ്രമല്ല പക്ഷപാതപരമാണ് എന്നൊക്കെ കുറ്റപ്പെടുത്താം. എന്നാൽ, ആ കാലത്തിന്റെ വികാരാവേശങ്ങളുടെ അടിയൊഴുക്കുകൾ അതിലും വിശദമായി മറ്റെവിടെയും കാണാനാവില്ല. കൊല്ലക്കണക്കും ഒപ്പം നടന്ന മനുഷ്യരെ ഓർക്കുന്നതിലും എല്ലാ ചരിത്രങ്ങളിലും എന്നപോലെ പൊരുത്തക്കേടുകളുണ്ട്. അത് ഓർമയുടെ മാത്രമല്ല രാഗദ്വേഷങ്ങളുടെ പ്രശ്നമാണെന്ന് മനസ്സിലാകും വിധമാണ് കാര്യങ്ങൾ.
‘‘നിന്റെ പേര് ഞാനതിൽ വിട്ടുപോയിട്ടുണ്ട്. നിന്റെ ദീദിയുടെ ‘ഗുൽമോഹർ’ സിനിമ പലവട്ടം പരാമർശിച്ചിട്ടുണ്ട്’’ -ജനകീയ സാംസ്കാരിക വേദിയുടെ ‘ഒരു’ ചരിത്രം രേഖപ്പെടുത്തിയ ‘നക്ഷത്രങ്ങൾ ചുവന്ന കാലം’ കൊടുത്തയച്ചപ്പോൾ കവിയൂർ ബാലൻ വിളിച്ചുപറഞ്ഞു. 2014ലാണ് പുസ്തകം ഇറങ്ങുന്നത്. ഞാനതിൽ ഉണ്ടാകേണ്ട കാര്യമില്ല. ‘നക്ഷത്രങ്ങൾ ചുവന്ന കാല’ത്ത് ഞാൻ അതിന്റെ ഓരങ്ങളിലൂടെ നടന്നു എന്നേയുള്ളൂ. അന്നത്തെ വിപ്ലവ വിദ്യാർഥി സംഘടനയുടെ കൂട്ടായ്മക്ക് പുറത്ത് വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ സേതു എ. സോമനെയും എന്നെയും ചേർത്ത് ഒരു ‘മാനാഞ്ചിറ സിറ്റി കമ്മിറ്റി’ രൂപവത്കരിച്ച് സൈദ്ധാന്തിക പഠനങ്ങൾ നടത്താനുള്ള ചുമതലകൾ ഏൽപിച്ചിരുന്നു.
സിനിമയും സംസ്കാരപഠനവുമായിരുന്നു ഉത്തരവാദിത്തങ്ങൾ. ആ വഴിയിലൂടെ നടന്നാണ് കോഴിക്കോട്ടെ ബോധി ബുക്സിന്റെ തട്ടിൻപുറത്തും സേതുവിന്റെ എവറസ്റ്റ് ലോഡ്ജിലും ജോൺ എബ്രഹാമിന്റെ കയ്യൂർ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാനുള്ള കോഴിക്കോടൻ ചർച്ചകൾ നടക്കുന്നത്. സഖാവ് ഫറോക്ക് സോമന്റെ ഫറോക്കിലുള്ള ഫറോക്ക് ആർട്സിന്റെ കൂടിച്ചേരൽ നടക്കുന്നത്. അതിന്റെ പരാജയവും കടന്നാണ് സച്ചിദാനന്ദൻ പത്രാധിപരായി തുടക്കമിട്ട ‘ഉത്തര’ത്തിനുവേണ്ടിയുള്ള കൂട്ടായ്മയിലേക്കും സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. സംസ്കാരിക വേദിക്കാലത്തേക്കാൾ ദീർഘിച്ച കൂട്ടായ്മയായിരുന്നു ആലപ്പുഴ ചിങ്ങോലിയിലെ ‘കമ്യൂൺ’ ജീവിതം.
അങ്ങനെയൊരു പരീക്ഷണം അക്കാലത്ത് വേറെയുണ്ടായിട്ടില്ല. വരുംവരായ്കയെക്കുറിച്ചുള്ള ഭയപ്പാടുകളില്ലാതെ ഭൂതകാലം മാത്രമല്ല വർത്തമാനവും തലനാരിഴകീറി പരിശോധിക്കപ്പെട്ടിരുന്ന കാലം. അവിടെയൊക്കെ സേതു എന്ന് പറയുന്നിടത്ത് ഞാനും എ. സോമനും ജോയ് മാത്യുവും അരുണും ഒക്കെ പലയിടങ്ങളിലായി ഉണ്ടായിരുന്നു. എന്നാൽ, കവിയൂർ ബാലന്റെ പുസ്തകത്തിൽ അങ്ങനെ ഓരങ്ങളിൽ ഒപ്പം നടന്നവർ ഇല്ല. അതിന്റെ വഴി വേറെയാണ് എന്നേ പറയാനാവൂ. കടുത്ത രാഗദ്വേഷങ്ങൾ ഹ്രസ്വദൃഷ്ടിയാകുന്നതിന്റെ ദൃഷ്ടാന്തം മധു മാസ്റ്ററെയും സിവിക് ചന്ദ്രനെയുമൊക്കെ രേഖപ്പെടുത്തുന്നതിൽ തെളിഞ്ഞു കാണാം.
1980 ആഗസ്റ്റ് 28 മുതൽ 30 വരെയാണ് ജനകീയ സാംസ്കാരിക വേദിയുടെ അന്തിക്കാട് സമ്മേളനം നടക്കുന്നത്. അവിടെ മധു മാസ്റ്റർ നടത്തിയ ഇടപെടലിനെക്കുറിച്ച് കവിയൂർ ബാലൻ എഴുതുന്നത്, ‘‘തന്റെ അതിഭൗതിക പ്രതിവിപ്ലവ ആശയങ്ങളുമായി ദീർഘിച്ച് സംസാരിച്ച മധു മാസ്റ്റർ സർഗാത്മകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വികലമായ വീക്ഷണം അവതരിപ്പിച്ചു’’ എന്നാണ്. മധു മാസ്റ്റർ തന്റെ പഠനരേഖയിൽ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം രാഷ്ട്രീയം ആധിപത്യത്തിൽ (politics in command) എന്ന മാവോയിസ്റ്റ് ആശയത്തിനു പകരം സംസ്കാരം ആധിപത്യത്തിൽ (culture in command) എന്ന രാഷ്ട്രീയ തിരുത്തായിരുന്നു. അതായത്, ജനകീയ സാംസ്കാരിക വേദി പാർട്ടിയുടെ ഉന്മൂലന സമരം ഉയർത്തിപ്പിടിക്കുകയോ നടപ്പാക്കുകയോ ചെയ്യേണ്ട ഒരു സംഘടനയല്ലെന്നും പാർട്ടി ആധിപത്യത്തിൽനിന്നും സ്വതന്ത്രമായിരിക്കണം എന്നുമായിരുന്നു.
‘അമ്മ’ നാടക സംഘമായ രണചേതന പാർട്ടിക്ക് കീഴ്പ്പെട്ട് നിൽക്കണമെന്ന അന്നത്തെ പാർട്ടിയുടെ വേദിയുടെയും തീരുമാനങ്ങൾക്ക് എതിരായ ഒരു നയപ്രഖ്യാപനമായിരുന്നു അത്. മധു മാസ്റ്റർ എന്നെക്കൊണ്ട് പറഞ്ഞെഴുതിച്ച രേഖയാണത്. എന്നാൽ, ആ സമ്മേളനത്തിൽ ബാലനടക്കം സാംസ്കാരിക വേദിയിൽ ആരുംതന്നെ പാർട്ടിയുടെ ‘ഉന്മൂലന സമരം’ എന്ന നയം തിരുത്താൻ തയാറല്ലായിരുന്നു. ‘ഉന്മൂലനസമരം’ തിരിഞ്ഞുകൊത്തും എന്ന് വിശ്വസിച്ചിരുന്നു മധു മാസ്റ്റർ. വേദിയുടെ പതനത്തിനുശേഷം ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് മാത്രമാണ് ചാരു മജുംദാർ ലൈനും കടന്നുള്ള ചിന്ത ഉണ്ടായത്. മധു മാസ്റ്റർ ആയിരുന്നു അക്കാര്യത്തിൽ മുമ്പേ പറന്ന പക്ഷി. ടി.എൻ. ജോയിയുടെ പിന്തുണയും അതിൽ മധുമാഷിനുണ്ടായിരുന്നു.
പിൽക്കാലത്ത് കേണിച്ചിറ സംഭവം ഉണ്ടായപ്പോഴും മതിയഴകന്റെ മരണം പുറത്തുവന്നപ്പോഴും മാഷ് വേദനയോടെ അതിനെ വിലയിരുത്തിയത്, അതെല്ലാം പാർട്ടി നയത്തിന്റെ തിരിഞ്ഞുകൊത്തലായാണ്. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് പാർട്ടിയുടെ അധികാരപ്രമത്തതക്ക് എതിരെ മാവോയുടെ പത്നിയടക്കമുള്ള ‘നാൽവർ’ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിപ്ലവം കൂട്ടക്കൊലയിലേക്ക് വഴിതെറ്റിയത് രാഷ്ട്രീയം ആധിപത്യത്തിൽ എന്ന മാവോയിസ്റ്റ് സിദ്ധാന്തത്തിന്റെ അപഭ്രംശമായാണ് മധുമാഷ് കണ്ടിരുന്നത്.
രാഷ്ട്രീയം ആധിപത്യത്തിൽ എന്ന സിദ്ധാന്തം പ്രയോഗത്തിൽ അധികാരം ആധിപത്യത്തിലായി മാറാൻ നേരിയ അതിർവരമ്പേയുള്ളൂ. റഷ്യയിലും ചൈനയിലും കംബോഡിയയിലും ഉത്തര കൊറിയയിലുമൊക്കെ അത് പാർട്ടിയിലെ ഏതാനും വ്യക്തികളുടെ സ്വേച്ഛാധിപത്യമായി മാറിയത് ചരിത്രം നേരിൽ കണ്ടതാണ്. അധികം വൈകാതെ വേദിയുടെ കൊഴിഞ്ഞുപോക്ക് ആ തിരിഞ്ഞുകൊത്തലിന്റെ ദൃഷ്ടാന്തമായി മാറി. അതിനിയും പൂർണമായും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഓർമയുടെ ചരിത്രങ്ങൾ ഇങ്ങനെയാണ് രചിക്കപ്പെടുന്നത്. എത്രയോ വിഭജനങ്ങളുടെ അദൃശ്യഭാരം പേറുന്നതാണത്. അതെല്ലായ്പോഴും മറവിയുടെയും ചരിത്രമാണ്. ഓർമയിൽ നിറയാത്ത മറവികളാൽ നിറഞ്ഞത്. തൊട്ടുമുന്നിലെ ചരിത്രത്തിൽപോലും മറവി നിറഞ്ഞുനിൽക്കുന്നു. ‘നക്സലൈറ്റ്’ കാലം അടയാളപ്പെടുത്തിയ ആത്മകഥകളെല്ലാംതന്നെ പലതരം മറവികൾകൊണ്ടും നിർമിതമാണ്. അതിലാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
വിദ്യാർഥി പ്രസ്ഥാനത്തെ പാർട്ടി പലപ്പോഴും ‘വിറകുവെട്ടുകാരും വെള്ളംകോരികളും’ ആയി മാത്രമാണ് കണ്ടത് എന്ന വിമർശനം കവിയൂർ ബാലൻതന്നെ മുന്നോട്ടുവെക്കുന്നുണ്ട്. അവർ ചരിത്രത്തിൽ ഇല്ലാത്തവരാണ്. ബാലന്റെ ആദ്യ പുസ്തകത്തിന്റെ ആദ്യ വായനക്കാരൻ പി.കെ. അശോക് കുമാറിന്റെ കുറിപ്പ് പുസ്തകത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. അശോക് കുമാറിന്റെ നിരീക്ഷണം പ്രധാനമാണ്: ‘‘വളരെ കുറച്ചുമാത്രം എഴുതപ്പെടുകയും വളരെ അധികം സങ്കൽപിക്കപ്പെടുകയും ചെയ്ത ഒരു കാലമാണ് ബാലൻ രേഖപ്പെടുത്തുന്നത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന പല ധാരണകളും അബദ്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ സംഭവങ്ങൾ ബാലൻ സാക്ഷ്യപ്പെടുത്തുന്നു.
വർഷങ്ങൾക്കുശേഷം തങ്ങളുടെ നിലപാടുകളിൽ വ്യക്തമായ മാറ്റം വന്നിരിക്കുന്നു എന്നവകാശപ്പെടുന്നവർപോലും തങ്ങൾ നേതൃത്വം കൊടുത്ത കാലത്തെപ്പറ്റി പറയുമ്പോൾ അതെല്ലാം അന്നെത്ത ശരികളാണെന്ന് ധ്വനിപ്പിക്കുകയെങ്കിലും ചെയ്യാറുണ്ട്.’’ ബാലൻ ഇവിടെ ഒരു തിരുത്താണ്. ശരിമാത്രം ചെയ്തുപോന്ന തെറ്റുപറ്റാത്ത ഒരു ഉത്തമ പുരുഷ സർവനാമമായല്ല സ്വയം അവതരിപ്പിക്കുന്നത്. അത്രയും അത് അവിശ്വസനീയമായ സത്യസന്ധത വെളിവാക്കുന്നു.
കോഴിക്കോട്ട് ജനകീയ വിചാരണ നടക്കുമ്പോൾ കണ്ണൂരിൽ ചൂതാട്ടവിരുദ്ധ സമരത്തിൽ കൊല്ലപ്പെട്ട സഖാവ് രമേശന്റെ മരണത്തിൽ പ്രതിഷേധിച്ച് നിയമസഭ ഗാലറിയിൽ പ്രതിഷേധിച്ചതിന് നേതൃത്വം നൽകിയതിന് ബാലൻ അറസ്റ്റിൽ, ജയിലിലാണപ്പോൾ. രണ്ടും ഒരു ദിവസമാണ് നടന്നത്. 1981 മാർച്ച് 21ന്.
കവിയൂർ ബാലന്റെ രണ്ടാമത്തെ ഓർമപ്പുസ്തകം ‘കത്തിത്തീരാത്ത ഇന്നലെകൾ’ 2017ലാണ് പുറത്തുവരുന്നത്. കണ്ണൂരിന്റെ ചുവന്ന മണ്ണിന്റെ പച്ചപ്പ് അടയാളപ്പെടുത്തുന്ന പുസ്തകം. സി.പി.ഐ.എമ്മിൽനിന്നും അടിയന്തരാവസ്ഥ പിന്നിട്ട് സാംസ്കാരിക വേദിയിലേക്കുള്ള പരിണാമത്തിന്റെ വഴിയിലെ മനുഷ്യരെ രേഖപ്പെടുത്തുന്ന സുപ്രധാന രചനയാണിത്.
കേണിച്ചിറ മഠത്തിൽ മത്തായി വധത്തോടെ രൂക്ഷമായ പ്രത്യയശാസ്ത്ര ഭിന്നതകളെ തുടർന്ന് സാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മിറ്റിയിൽനിന്നും രാജിവെച്ചൊഴിഞ്ഞ ബി. രാജീവൻ, സേതു, കെ. രാജീവൻ, എ. സോമൻ, പി.സി. രവീന്ദ്രൻ തുടങ്ങി ആരുംതന്നെ ഒരാത്മകഥ എഴുതിയിട്ടില്ല. തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന കവി സച്ചിദാനന്ദൻ കവിതകളിൽ ആ ചരിത്രം എഴുതിയിട്ടുണ്ട്. ആത്മകഥയായി കവിയൂർ ബാലൻ മാത്രമാണ് ആ ഓർമകൾ എഴുതിയത്. ആ ഓർമക്കപ്പുറം ആ ചരിത്രത്തിന്റെ സൂക്ഷ്മതകൾ പലതും എഴുതപ്പെടാത്ത അധ്യായങ്ങളായി മറവിൽ നിൽക്കുകയാണ്. കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ക്ക് പൂരിപ്പിക്കാനാവുന്ന ചരിത്രമല്ല അത്. അത് പാർട്ടിയുടെ ഒരു ചരിത്രമാണ്. മറ്റു ചരിത്രങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അടിയന്തരാവസ്ഥയിലെ ജയിൽപക്ഷികളിൽ ഭൂരിപക്ഷവും ഒന്നും എഴുതിയിട്ടില്ല.
പി.ടി. തോമസിന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ വന്ന അഭിമുഖമടക്കം ചില ഓർമകൾമാത്രം പുറത്തുവന്നിട്ടുണ്ട്. ടി.എൻ. ജോയിയുടെ കുറിപ്പുകളുടെ ഒരു ഭാഗം മാത്രമാണ് പി.സി. ജോസി പ്രസിദ്ധീകരിച്ചത്. മധു മാസ്റ്റർ പ്രൂഫ് നോക്കി കുഴങ്ങിപ്പോയ പുസ്തകമാണത്. ആർ.കെ. ബിജുരാജിന്റെ ‘നക്സൽ ദിനങ്ങൾ’ ഒന്നാം പതിപ്പാണ് എന്റെ കൈയിലുള്ളത്. എഴുത്തുകാരൻ എൻ.എസ്. മാധവൻ ആ പുസ്തകത്തെ കവിയൂർ ബാലന്റെ രണ്ടാമത്തെ പുസ്തകത്തിന് ആമുഖമെഴുതുമ്പോൾ കഠിനമായി വിമർശിച്ചിട്ടുണ്ടെങ്കിലും ലഭ്യമായ വിവരങ്ങൾവെച്ച് മലയാളിയുടെ ‘നക്സൽ ദിനങ്ങളെ’ക്കുറിച്ച് ഒരു ഏകദേശ ധാരണ വായനക്കാർക്ക് ലഭിക്കാൻ അങ്ങനെയൊരു പുസ്തകം മാത്രമേ മലയാളത്തിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. അതിപ്പോൾ ആറ് പതിപ്പായെങ്കിലും ആദ്യ പതിപ്പിനുശേഷം പുറത്തുവന്ന വസ്തുതകളും ഉൾക്കാഴ്ചകളും വെച്ച് പുതിയ പതിപ്പിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
പലപല ഉൾപ്പിരിവുകളുള്ള ചരിത്രമാണത്. വിശദാംശങ്ങളുടെ അഭാവത്തിൽ പലതും തെറ്റി വായിക്കാനുള്ള സാധ്യതയേറും. എന്തിന് ടി.എൻ. ജോയിയെ കെ. വേണു വിലയിരുത്തുമ്പോൾ വേണു പഴയ ‘മാറാത്ത’ നക്സലൈറ്റ് കണ്ണടയാണ് എപ്പോഴും ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്. ജോയിയെ മനസ്സിലാക്കുന്നതിൽ ബി. രാജീവൻ കാഴ്ചവെക്കുന്ന ഉൾക്കാഴ്ച വേണുവിൽ ഇല്ല. എൻ. ജോയിയെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരമായ ‘അപൂർണത്തിന്റെ ഭംഗി’യിലാണ് ആ പഠനമുള്ളത്. അത്തരമൊരു കാഴ്ചപ്പാടില്ലെങ്കിൽ ജോയിയുടെ പരിണാമവും ഇടപെടലുകളും മനസ്സിലാക്കാൻ പോലുമാകില്ല. കാഴ്ചപ്പാടുകൊണ്ട് അത്രതന്നെ അഗാധമായ മറ്റൊരു ലേഖനം സേതു എൻ. സന്തോഷ് കുമാർ എഡിറ്റ് ചെയ്ത ‘ജോൺ എബ്രഹാമിന്റെ കയ്യൂർ’ എന്ന പുസ്തകത്തിൽ എഴുതിയ ‘കെട്ടുപോയ അടുപ്പിലെ കനൽ’ എന്ന ലേഖനമാണ്.
എന്റെ ഓർമയിൽ ആ കാലത്തെക്കുറിച്ച് മലയാളത്തിൽ വന്ന ഏറ്റവും മികച്ച പഠനമാണത്. ജനകീയ സാംസ്കാരിക വേദി, കയ്യൂർ സിനിമാ സംരംഭം, സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസ്, അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പരിണാമ ചരിത്രം സേതു അതിൽ ആറ്റിക്കുറുക്കിവെച്ചിട്ടുണ്ട്. കൃത്യത ഓർമയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ പഠനരേഖയാണ്. ഏത് കോണിലൂടെ കാണുന്നു എന്നത് ഏത് ഓർമയുടെയും പ്രധാന കാമ്പ്. കത്തിത്തീരാത്ത ഇന്നലെകൾ കെട്ടുപോകാത്ത അടുപ്പിലെ കനലുകളാണ്.