കുട്ടനാട്ടിൽ ഇനി കൃഷി, തൊഴിൽ എത്രനാൾ?
കർഷകർക്കും തൊഴിലാളികൾക്കും കുട്ടനാട് ഇന്നൊരു പ്രതീക്ഷയുടെ തുരുത്തല്ല. എങ്ങനെയാണ് കുട്ടനാട് മാറിയത്? എന്താണ് സ്ഥിതി? കുട്ടനാടിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ഉണ്ടായ മാറ്റങ്ങളെയും അതിന്റെ കാര്യകാരണങ്ങളെയുംപറ്റി വിലയിരുത്തുകയാണ് ഇൗ ലേഖനം.
കേരളത്തിലെ നെല്ലറകളിലൊന്നായ കുട്ടനാട് പതിറ്റാണ്ടുകളായി വിയർപ്പിന്റെയും കണ്ണീരിന്റെയും കൈയൊപ്പു പതിഞ്ഞ ഭൂമികയാണ്. 2018ലെ പ്രളയത്തിനുശേഷം നിലനിൽപുതന്നെ ഭീഷണിയാവുന്ന ഒരു മേഖലയായി കുട്ടനാട് മാറിയിരിക്കുന്നു. പാരിസ്ഥിതികവും സാമൂഹികവും കാർഷിക ഉൽപാദനപരവുമായ രംഗങ്ങളിലെ പ്രശ്നങ്ങൾ ഒരുവശത്ത്. കുട്ടനാടിന്റെ കാർഷിക, തൊഴിൽ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ഉണ്ടായിട്ടുള്ള ചടുലവും നാടകീയവുമായ മാറ്റങ്ങളെയും അതിന്റെ കാര്യകാരണങ്ങളെപ്പറ്റിയുമുള്ള വിലയിരുത്തലിനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
കേരളത്തിലും ഇന്ത്യയിലുമെന്നല്ല, ലോകത്തിൽതന്നെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകൾകൊണ്ടും കാർഷികസവിശേഷതകളാലും അടയാളപ്പെടുത്തപ്പെട്ട മേഖലയാണ് കുട്ടനാട്. മുഖ്യമായും ആലപ്പുഴ ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽനിന്നും 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ താഴ്ചയിലും സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികളും വേമ്പനാട്ടുകായലും ചേർന്ന് നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തിയ എക്കൽ-തണ്ണീർത്തട പ്രദേശംകൂടിയാണ് കുട്ടനാട്. നൂറ്റാണ്ടുകൾക്കുമുമ്പ് രൂപപ്പെട്ട കുട്ടനാട് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി മനുഷ്യരുടെ ഇടപെടലിലൂടെയാണ് പലഘട്ടങ്ങളായി ഇന്നത്തെ നിലയിലേക്ക് എത്തിയിട്ടുള്ളത്.
ഇടപെടലുകളുംസമീപനങ്ങളും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതൽ 20ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ കായൽ കുത്തിയെടുത്ത് പാടശേഖരങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് കുട്ടനാടിന്റെ ഇന്നത്തെ നിലയിലേക്കുള്ള മാറ്റത്തിന് വഴിവെച്ചത്. അതിന്റെ തുടർച്ചയായി സ്വീകരിച്ച നടപടികളും ഇടപെടലുകളും ഒരു കാർഷിക-തണ്ണീർത്തട-ആവാസമേഖലയെന്ന നിലയിൽ കുട്ടനാടിനെ രൂപപ്പെടുത്തിയതിൽ പ്രാധാന്യമർഹിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങൾ മുതൽ കൈക്കൊണ്ട കാർഷിക ഉൽപാദന വർധനക്കായുള്ള ശ്രമങ്ങളും അതിനായുള്ള കേന്ദ്രീകൃത നിയന്ത്രണങ്ങളും കുട്ടനാടിനെ കാർഷിക വികസനത്തിന്റെയും വിള തീവ്രവത്കരണത്തിന്റെയും മേഖലയായി പരിവർത്തിപ്പിച്ചു. ഉൽപാദനവർധനക്കും, കൃഷിയിൽനിന്നും കൂടുതൽ ലാഭം കൊയ്യുന്നതിനുമുള്ള ശ്രമങ്ങൾ അവലംബിക്കപ്പെട്ടു.
അതിനായി കൈക്കൊണ്ട സാങ്കേതികവും ശാസ്ത്രീയവും നിർമാണാത്മകവുമായ പദ്ധതികൾ ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ ഭാഗമെന്നോണം 1951ൽ അന്നത്തെ തിരു-കൊച്ചി സംസ്ഥാന ചീഫ് എൻജിനീയറായ കെ.കെ. കർത്തയും ആലപ്പുഴ ജലസേചന വകുപ്പ് എക്സി. എൻജിനീയറായിരുന്ന പി.എച്ച്. വൈദ്യനാഥനും ചേർന്ന് തയാറാക്കി സമർപ്പിച്ച പദ്ധതിയാണ് കുട്ടനാട് വികസന പദ്ധതി. ഇതിൻപ്രകാരം സമർപ്പിക്കപ്പെട്ട പദ്ധതി റിപ്പോർട്ടിൽ തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ, ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് എന്നിവ ഉൾപ്പെട്ടിരുന്നു.
മേൽപറഞ്ഞ പഠനറിപ്പോർട്ട് കൂടാതെ മറ്റു നിരവധി പഠന അന്വേഷണ റിപ്പോർട്ടുകളും ശിപാർശകളും 1951നു ശേഷം ഉണ്ടായിട്ടുണ്ട്. 1987ലെ ഇൻഡോ-ഡച്ച് ജലസന്തുലന പഠനം, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻകൈയിൽ നടന്ന പഠനങ്ങൾ, ഒടുവിൽ കുട്ടനാടിന്റെ വികസനത്തിനും പ്രശ്നപരിഹാരങ്ങൾക്കുമുള്ള സമഗ്രസമീപമെന്ന നിലയിൽ 2008ൽ രൂപപ്പെട്ട എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് എന്നിവയാണ് മുഖ്യമായവ. ഇവയിലെല്ലാം സവിശേഷമായ ഭൂപ്രകൃതിയും കാർഷികപ്രാധാന്യമുള്ള തണ്ണീർത്തടമെന്ന നിലയിലും കുട്ടനാടിന്റെ പ്രശ്നങ്ങളും അവക്കുള്ള പരിഹാരമാർഗങ്ങളും മുന്നോട്ടുവെക്കപ്പെട്ടു.
അതാകട്ടെ നെൽകൃഷി മെച്ചപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, കാർഷിക നഷ്ടപരിഹാരവും വിള ഇൻഷുറൻസും ഉറപ്പാക്കുക, ഉൽപന്നങ്ങൾക്ക് താങ്ങുവിലയും ന്യായവിലയും ഉറപ്പാക്കുക, പാടശേഖരങ്ങളുടെ സംരക്ഷണം, നെൽകൃഷിയെ കൂടാതെ തെങ്ങ്, വാഴ തുടങ്ങിയ വിളകളും പരിപോഷിപ്പിക്കുക, മത്സ്യബന്ധനം, കക്ക-മൃഗ-പക്ഷി സംരക്ഷണവും അവയുടെ മാംസം, മുട്ട, പാൽ തുടങ്ങിയവയുടെ സംസ്കരണവും, അവയുടെ ശാസ്ത്രീയമായ സംഭരണം വിപണനം എന്നിവ സാധ്യമാക്കുക, ജലമലിനീകരണം പരമാവധി കുറക്കുകയും അത് തടയുന്നതിനുള്ള ഉപാധികൾ കൈക്കൊള്ളുകയും ചെയ്യുക, കായൽ ടൂറിസത്തിനൊപ്പം ഫാം ടൂറിസവും പ്രാവർത്തികമാക്കുക.
കാർഷിക കലണ്ടർ അടിസ്ഥാനമാക്കിയുള്ള കാർഷിക പദ്ധതി നടപ്പാക്കുക, ലേബർ ബാങ്ക് രൂപവത്കരിക്കുക, കാർഷിക-കാർഷികേതര ഉൽപന്നങ്ങളുടെ ആഗോളനിലവാരമുള്ള ഉൽപാദനവും സംസ്കരണവും വിപണനവും സാധ്യമാക്കുക തുടങ്ങിയ ശിപാർശകൾ ഇതേവരെയുള്ള പഠനങ്ങളെക്കൂടി ആസ്പദമാക്കി അതിന്റെ സമഗ്ര ഉള്ളടക്കമെന്ന നിലയിൽ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
അമ്പതുകൾക്കുശേഷം വികസന പദ്ധതികൾ തുടങ്ങി. അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പരിഹാരമെന്ന നിലയിൽ പുതിയ നടപടികൾക്ക് തുടക്കം കുറിച്ചു. അപ്പോൾതന്നെയാണ് കുട്ടനാടൻ കാർഷികരംഗം പുതിയ കർഷക-തൊഴിൽ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയത്. തൊണ്ണൂറുകളിൽ പ്രകടമായ ഇത്തരം ലക്ഷണങ്ങൾ പിന്നീട് തീവ്രമാകുകയും പെട്ടെന്ന് പരിഹൃതമാകാത്ത നിലയിലേക്ക് ഇന്ന് എത്തിച്ചേരുകയും ചെയ്തു.
കാർഷിക പ്രശ്നങ്ങൾ തൊണ്ണൂറുകൾക്കു ശേഷം
എഴുപതുകളിലെ ഭൂപരിഷ്കരണത്തിനെയും വിവിധ വികസന പദ്ധതികളുടെ നടത്തിപ്പിനെയും തുടർന്ന് കുട്ടനാട്ടിൽ ഉൽപാദനരംഗത്ത് വർധനയും കൃഷിഭൂമിയുടെ വിസ്തൃതിയിൽ പുരോഗതിയുമുണ്ടായി. എന്നാൽ, അത് തികച്ചും താൽക്കാലികമായിരുന്നു. മേൽപറഞ്ഞതിന്റെ വിപരീത പ്രവണതകൾ തീവ്രമായിരുന്നു. ‘‘ഭൂവിസ്തൃതിയുടെ കാര്യം കണക്കിലെടുത്താൽ 1966-67ൽ 60,000 ഹെക്ടറിലായിരുന്നു കുട്ടനാട്ടിൽ നെൽകൃഷി ചെയ്തിരുന്നത്. 1970കളിൽ അത് 60,921 ഹെക്ടറിലേക്കായി.
എന്നാൽ, 2003ൽ അത് 37,624 ഹെക്ടർ ആയി ചുരുങ്ങി. 12,677 ഹെക്ടർ നിലം തരിശിട്ടിരിക്കുന്നു. 5048 ഹെക്ടർ വെള്ളക്കെട്ടിലായി. കാർഷികേതര വിനിയോഗത്തിനുള്ള ഭൂമിയുടെ വിസ്തൃതി 1400 ഹെക്ടറിൽനിന്നും 4000 ഹെക്ടർ ആയി വർധിച്ചു. എന്നാൽ, മിത്രവിള കൃഷി 55,000 ഹെക്ടറിൽനിന്നും 60,000 ഹെക്ടർ ആയി വർധിച്ചു. ഇത്തരത്തിൽ നികത്തലും നഗരവത്കരണവും വെള്ളക്കെട്ടും തരിശിടലും ഒക്കെയായി നെൽകൃഷി വിസ്തൃതി 38 ശതമാനം കണ്ട് കുറയുകയും ചെയ്തു.
മാത്രമല്ല, സംസ്ഥാനത്തെ നെല്ലിന്റെ ഉൽപാദനത്തിൽ കുട്ടനാടിന്റെ പങ്ക് 1970കളിൽ 37 ശതമാനം ആയിരുന്നത് 2003 ആയപ്പോഴേക്കും 18 ശതമാനമായി ചുരുങ്ങി. തണ്ണീർമുക്കം ബണ്ട് നിലവിൽ വന്നതിനുശേഷം മത്സ്യബന്ധനത്തിന്റെ ലഭ്യത 50 ശതമാനത്തിൽ താഴെയായി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും ഇത് ദുരിതത്തിലാഴ്ത്തുകയുണ്ടായി (സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്, പേജ് 97, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘വേണം മറ്റൊരു കുട്ടനാട്’ എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നു. പേജ് 17).
മേൽപറഞ്ഞതിനനുസൃതമായി കാർഷിക തൊഴിൽ സാധ്യതയും കുട്ടനാട്ടിൽ കുറഞ്ഞുവന്നു. എന്നാൽ, ഇതിനൊപ്പംതന്നെ കാർഷിക തൊഴിലിൽ ഏർപ്പെട്ടിരുന്നവർ ഒരു വലിയ വിഭാഗം കൃഷിയിൽനിന്നും മറ്റു മേഖലകളിലേക്ക് തിരിഞ്ഞുതുടങ്ങിയെന്നതും പ്രധാനമാണ്. മാത്രമല്ല, മേൽപറഞ്ഞ കാർഷികഭൂമിയുടെ വിസ്തൃതിയിലുണ്ടായ കുറവ് കുട്ടനാടിനുമാത്രം ബാധകമായ കാര്യമല്ല എന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്.
കാരണം, ഇതേ പ്രവണത സംസ്ഥാനത്തും (രാജ്യത്തൊട്ടാകെയും) പ്രകടമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് സംസ്ഥാന രൂപവത്കരണ കാലത്ത് വയൽവിസ്തൃതി 7.08 ലക്ഷം ഹെക്ടർ ആയിരുന്നത് 1970-1971ൽ 8.80 ലക്ഷം ഹെക്ടർ ആയി വർധിച്ചു. എന്നാൽ, 1990-91 ആയപ്പോഴേക്കും വിസ്തൃതി 5.60 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2007-08 കാലത്ത് 2.30 ലക്ഷം ഹെക്ടറും 2014-15ൽ 1.9 ലക്ഷം ഹെക്ടറും ആയി. ഒടുവിൽ 2019-20ൽ ഇത് 1.91 ലക്ഷം ഹെക്ടറായി തുടരുന്നു. ഇതിന് അനുസൃതമായി സംസ്ഥാനത്തൊട്ടാകെ നെല്ലിന്റെ ഉൽപാദനത്തിലും വലിയ ഇടിവുണ്ടായി.
ചുരുക്കത്തിൽ നെൽകൃഷി ഉൽപാദനത്തിന്റെ അളവ് കൂട്ടാനായില്ല. ഒപ്പം അതിന്റെ ഇടിവ് കുറക്കാനുമായില്ല. നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവാകട്ടെ ഓരോ വർഷവും കുത്തനെ താഴ്ന്നുകൊണ്ടിരുന്നു. എന്താണ് ഇതിന് കാരണം? 1990കൾക്കു മുമ്പേതന്നെ നെൽകൃഷി നഷ്ടമുണ്ടെന്ന വാദഗതി ശക്തമായിരുന്നു. കർഷകരിൽനിന്നും ഉയർന്നുകേട്ട ഈ മുറവിളി കാർഷികവിദഗ്ധരും മാധ്യമങ്ങളും വ്യാപകമായി ഉന്നയിച്ചു. ഉൽപാദന ചെലവും അതിൽ പ്രത്യേകിച്ച് ഉയർന്ന കൂലിയുമായിരുന്നു ഇതിന്റെ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, ഇക്കാലയളവിൽതന്നെയാണ് പാട്ടക്കൃഷി അതിശക്തമായി രംഗത്തെത്തുന്നതെന്ന് കാണേണ്ടതുണ്ട്.
മാത്രമല്ല, പാട്ടത്തുക ഓരോ വർഷവും വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃഷിസ്ഥലത്തിന്റെ ഉടമക്ക് നെൽകൃഷി നഷ്ടമാണെന്നു തോന്നുമ്പോൾ പാട്ടക്കൃഷിക്കാരന് അത് നഷ്ടമായി ഭവിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. 2000ത്തിനുശേഷം 40 ശതമാനം പാടശേഖരങ്ങളിലും പാട്ടക്കൃഷിയാണുള്ളത്. ഏക്കറിന് 3000-4000 രൂപ വരെ (2000ലെ കണക്കുപ്രകാരം) പാട്ടംകൊടുത്ത് കൃഷിചെയ്യുന്നവർ നേരിട്ട് പാടത്തിറങ്ങി കൃഷിചെയ്യുന്നു. നേരിട്ട് പാടത്തിറങ്ങി കൃഷി ചെയ്യുന്ന ചെറുകിട കർഷകന് ഒരു ഏക്കറിൽനിന്ന് 4500-5000 രൂപയാണ് ലാഭം. കൃഷിക്ക് ആളെ നിർത്തി മേൽനോട്ടം നടത്തുന്ന കർഷകന് 1000-1500 രൂപ മാത്രമാണ് ലാഭം. ഒരു വർഷത്തെ ആദായമാണ് ഇതെന്നോർക്കണം. ചുരുക്കത്തിൽ നെൽകൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർ കുറഞ്ഞു. (കുട്ടനാട് കണ്ണീർത്തടം -രവിവർമ തമ്പുരാൻ, 2004 പേജ് 65)
മേൽപറഞ്ഞ നിരീക്ഷണത്തിൽ ഉടമയായ കൃഷിക്കാരൻ കൃഷി വേണ്ടെന്നുവെക്കുന്നത് ചെലവും കൂലിയും താങ്ങാനാവാത്തതിനാലാണ്. എന്നാൽ, പാട്ടക്കൃഷി ചെയ്യുന്ന ആളോ? ഈ നഷ്ടം അയാൾക്ക് ബാധകമല്ലാത്തത് അയാൾ ഭൂമിയിൽ നേരിട്ട് അധ്വാനിക്കാത്തതുകൊണ്ടാണെന്ന് വ്യക്തമാണ്. അതായത് സ്വന്തം അധ്വാനത്തിന്റെ മൂല്യം അയാൾക്ക് മടക്കിക്കിട്ടുന്നു എന്നു വ്യക്തം. ഭൂമിയുടെ മേൽ ഉടമസ്ഥതയുള്ള കൃഷിക്കാരന്റെയും ഭൂമിയിൽ സ്വന്തം അധ്വാനം ചെലുത്താൻ താൽപര്യമുള്ളവരുടെയും വ്യത്യാസമാണ് ഇതിലൂടെ മറനീക്കുന്നത്.
അതുകൊണ്ട് ആദ്യത്തെ കൂട്ടർ കൃഷിചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും അക്കാരണത്താലാണ് പാട്ടത്തിനു കൊടുക്കുന്നതിനു തയാറാവുന്നതെന്നും വരുന്നു. അതേ വിവരണത്തിന്റെ തുടർച്ചയായി ‘‘ചുരുക്കത്തിൽ നെൽകൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർ കുറഞ്ഞു, സർക്കാർ നിരോധിച്ചെങ്കിലും പാട്ടക്കൃഷി ഒന്നുകൊണ്ടുമാത്രമാണ് കുട്ടനാട്ടിൽ ഇപ്പോൾ ഇനിയെങ്കിലും കൃഷി നടക്കുന്നതെന്നും രവിവർമ തമ്പുരാൻ ചൂണ്ടിക്കാട്ടുന്നു. ഇത് പാട്ടക്കൃഷിക്കായുള്ള ന്യായീകരണം മാത്രമല്ല കൃഷിഭൂമി തരിശിടുന്നതിനും അത് കാർഷികേതര കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതിനുമുള്ള പ്രവണതയെ ശക്തിപ്പെടുത്തുന്നതും േപ്രാത്സാഹിപ്പിക്കുന്നതുമാണ്.
നെൽകൃഷിയിൽനിന്നുള്ള ലാഭത്തെ ഇതര വിളകളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് കൃഷി നഷ്ടമാണെന്ന മുറവിളി ശക്തമാകുന്നതിന് വിവിധ കാരണങ്ങളുണ്ട്. പാട്ടക്കൃഷിയുടെ കാര്യത്തിൽ, 1990കളോടുകൂടി ചെറുകിട പാട്ടക്കൃഷിക്കാർ രംഗപ്രവേശം ചെയ്തുതുടങ്ങിയിരുന്നു. ഈ അനൗപചാരിക പാട്ടക്കൃഷിയിൽ ഭൂമി പാട്ടത്തിനെടുത്ത് കുടുംബ അധ്വാനം കൂടി ഉപയോഗിച്ച് കൃഷി നടത്തുന്നത് ഗണ്യമായും നേരത്തേ മേൽപാട്ടം കൊള്ളുന്നതിൽ വിലക്ക് നേരിട്ട വിഭാഗത്തിൽപെട്ടവരായിരുന്നു. എന്നാൽ, അപ്പോഴും പട്ടികജാതി വിഭാഗത്തിൽപെട്ട സാമൂഹിക േശ്രണിയിൽ ഏറ്റവും അധഃസ്ഥിതരായിരുന്നവർ ഈ പാട്ടക്കൃഷി നടത്തുന്നവരിൽ നാമമാത്രമായിരുന്നു. മാത്രമല്ല, പാട്ടക്കൃഷിയിലേക്കും പ്രവേശിക്കാതെ അവർക്ക് നേരെ അപ്രഖ്യാപിതമായ ഒരു വിലക്കും നിലനിന്നിരുന്നു.
എന്നാൽ, 1990കളുടെ അവസാനത്തോടുകൂടി കൃഷി നഷ്ടമാണെന്നും, അതിനാൽ തരിശിടലിനും വിളമാറ്റത്തിനും ഉള്ള സ്വീകാര്യത രൂപപ്പെട്ട സാഹചര്യത്തിൽതന്നെയാണ് വൻതോതിലുള്ള പാട്ടക്കൃഷി കുട്ടനാട്ടിൽ (പ്രത്യേകിച്ചും അപ്പർ കുട്ടനാട്ടിൽ) വ്യാപിക്കുന്നത്. ‘‘തരിശുനില കൃഷി േപ്രാത്സാഹിപ്പിക്കുന്നതിനുള്ള വലിയ സഹായപദ്ധതി നിലവിൽ വന്നതോടെ തരിശുനില കൃഷിക്കുവേണ്ടി വൻതോതിൽ നിലം പാട്ടത്തിനെടുക്കുന്ന സ്ഥിതി കുട്ടനാട്ടിൽ തുടരുന്നു.
തുടർന്ന് ഇത് വൻതോതിൽ മൂലധനമുടക്കുള്ള പരിപാടിയായി മാറുകയായിരുന്നു. മാന്നാർ, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിലെ വൻതോതിലുള്ള പാട്ടക്കൃഷിയുടെ ഉദാഹരണങ്ങൾ യമുന സണ്ണിയുടെ ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്’’ (കുത്തിയെടുത്ത പാഠങ്ങൾ – എം. ഗോപകുമാർ, എം. മഞ്ജു, രോഹിത് ജോസഫ്, പേജ് 137. ഡി.സി ബുക്സ് മേയ് 2013). വൻതോതിൽ യന്ത്രവത്കരണം കടന്നുവന്നതും തരിശുനില കൃഷി േപ്രാത്സാഹിപ്പിക്കുന്ന നടപടികളും കൂടിയായപ്പോൾ പാട്ടക്കൃഷിക്ക് ആക്കംകൂടുകയാണുണ്ടായത്. 60 ശതമാനം കുട്ടനാടൻ പാടശേഖരങ്ങളിലും പാട്ടക്കൃഷിയാണ് നിലനിൽക്കുന്നതെന്ന് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയുണ്ട് എന്നാൽ കൃഷിചെയ്യാൻ അറിയാത്തവർ, കൃഷി അറിയുന്ന, അതിനുള്ള നൈപുണ്യവും അധ്വാനശേഷിയും കൈവശമുണ്ടെങ്കിലും ഭൂമിയില്ലാത്തവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് പാട്ടക്കൃഷിക്കു നിലമൊരുക്കുന്നത് എന്ന നിഗമനത്തിൽ കെ.എൻ. നായരും വിനീതാ മേനോനും നടത്തിയ പഠനത്തിൽ (Lease Farming in Kerala Findings from Micro level studies K.N. Nair, Vineetha Menon, EPW June 30, 2006) പറയുന്നതായി മേൽസൂചിപ്പിച്ച പുസ്തകത്തിൽ (കുത്തിയെടുത്ത പാഠങ്ങൾ) വിവരിക്കുന്നു. എന്നാൽ, ഭൂമിയുണ്ടെങ്കിലും കൃഷിചെയ്യാൻ കഴിയാത്തവരല്ല ആദ്യത്തെ കൂട്ടർ. മറിച്ച് ഭൂമിയുണ്ടെങ്കിലും കൃഷിചെയ്യാൻ താൽപര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം.
കാരണം, ഭൂമിയില്ലെങ്കിലും അവർക്ക് മറ്റു വരുമാനമാർഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരു നിഷ്ക്രിയ അസന്നിഹിത ഭൂപ്രഭുത്വം എന്ന നിലയിൽ ഇവരെ കാണേണ്ടതാണ്. അതുകൊണ്ടുതന്നെ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടിയും ലാഭകരമായ മറ്റ് ബിസിനസുകൾക്കുവേണ്ടിയും വിനിയോഗിക്കാനുള്ള താൽപര്യം ഇവരിൽനിന്നും ഉയർന്നുവരുക സ്വാഭാവികം മാത്രം. യഥാർഥത്തിൽ ഇതിൽനിന്നുമാണ് കൃഷിഭൂമി പാട്ടക്കൃഷിക്കു നൽകുക, അതും ഏറ്റവും ഉയർന്ന പാട്ടത്തിനു നൽകുകയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നത്. 1990കൾക്കുശേഷം പാട്ടനിരക്കിൽ ഉണ്ടായ വർധന പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. രണ്ട്, മൂന്നു വർഷങ്ങൾക്കിടയിൽ പാട്ടത്തുക വൻതോതിൽ വർധിച്ചുവരുകയാണ്. എന്തുകൊണ്ട് പാട്ടക്കൃഷിക്കാർക്ക് ‘കൃഷി നഷ്ടമാണെന്ന്’ വരുന്നില്ലെന്നത് പ്രധാന ചോദ്യമാണ്.
മാത്രമല്ല, ദരിദ്രകർഷകരുൾപ്പെടെ പാട്ടക്കൃഷിയിലേക്കു വന്നിരുന്ന 1990കളിൽ പ്രകടമായിരുന്ന പ്രവണതയിൽനിന്നും, വൻതോതിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരുടെ എണ്ണവും കൂടിവരുകയാണിപ്പോൾ. പ്രത്യേകിച്ചും, തരിശുനിലകൃഷിക്കുള്ള േപ്രാത്സാഹനവും, കൊയ്ത്തു മെതി യന്ത്രത്തിന്റെ വ്യാപനവും, കൂടാതെ 2000ത്തിനുശേഷം നാണ്യവിള മേഖലയിലുണ്ടായ ഇടിവും മൂലം വൻതോതിൽ മൂലധനം ബാക്കി പാട്ടക്കൃഷി ചെയ്യുന്നവരുടെ കടന്നുവരവ് നെൽകൃഷി മേഖലയിൽ പ്രകടമാണ്. ഈ വിഭാഗത്തിന്റെ കടന്നുവരവ് കുട്ടനാട്ടിലുൾപ്പെടെ പാട്ടത്തിന്റെ വർധനക്കു കാരണമായിട്ടുണ്ടെന്നതാണ് പുതിയ പ്രശ്നം. ഇതുമൂലം മുമ്പ് പാട്ടക്കൃഷി നടത്തിയിരുന്ന ദരിദ്രരും ചെറുകിട കർഷകരുമായിട്ടുള്ളവർ സ്വയം പിൻവാങ്ങുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
വൻതോതിൽ മൂലധനം മുടക്കിയുള്ള പാട്ടക്കൃഷിക്കാർ കൃഷിയെ പൂർണമായും ലാഭാധിഷ്ഠിതമായ ഒരു ബിസിനസ് എന്ന നിലയിലേക്കുകൂടി പരിവർത്തിപ്പിക്കുന്നുണ്ട്. അതാകട്ടെ പരമാവധി ലാഭം എന്ന നിലയിൽ കാർഷികേതര സാധ്യതകൾകൂടി ഉൾക്കൊള്ളുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേക്കും കൂടി വ്യാപിക്കുന്നു. ഇതിലൂടെ കൃഷിഭൂമിയുടെ ഊഹക്കച്ചവടത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന മേഖലയായിത്തീരുന്നു. പ്രത്യേകിച്ചും ടൂറിസം വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും ഭാഗമായി കുട്ടനാടൻ കാർഷിക ഭൂവിസ്തൃതി മുമ്പുണ്ടായിരുന്നതിന്റെ മൂന്നിൽ രണ്ടായി ചുരുങ്ങിയെന്ന പരിഷത്തിന്റെ പഠനത്തിൽ സൂചിപ്പിക്കുന്നു. തികച്ചും ‘‘ലാഭം എത്തിനിൽക്കുന്ന’’ മാത്രം കേന്ദ്രീകരിച്ച് നെൽകൃഷിയെ വാണിജ്യാടിസ്ഥാനത്തിൽ കണക്കിലെടുക്കുന്നതിന്റെ പിന്നിൽ കാർഷികസാധ്യമായ മൂലധനതാൽപര്യങ്ങളാണ് സ്വാധീനിക്കുന്നതെന്ന് വ്യക്തം.
മേൽപറഞ്ഞതിന്റെ പരിഹാരമായി സാമ്പത്തിക വിദഗ്ധരും മറ്റും പാട്ടക്കൃഷി നിയമവിധേയമാക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. കാർഷികരംഗത്തെ പ്രശ്നങ്ങൾക്കു പരിഹാരമായി പാട്ടക്കൃഷി നിയമവിധേയമാക്കണമെന്ന് ഡോ. രവിരാമൻ സൂചിപ്പിക്കുന്നു (മാതൃഭൂമി ദിനപത്രം, 2020). പാട്ടക്കൃഷി നിയമവിധേയമാക്കിയാൽ ഭൂവുടമകൾ അത് തരിശിടുന്നതും നികത്തുന്നതും മറ്റു വിളകൾ കൃഷിചെയ്യുന്നതും തടയാനാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മാത്രമല്ല, ദലിതരും പിന്നാക്ക വിഭാഗങ്ങളുമുൾപ്പെടെയുള്ളവർക്ക് പാട്ടക്കൃഷി ചെയ്യാൻ നിയമപരിരക്ഷ ലഭിക്കുമത്രേ. ഇതുമൂലം ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കുന്ന സ്ഥിതി നിലനിർത്തപ്പെടുമെന്നും, ദിനംപ്രതി കർഷക തൊഴിലാളികളുടെ എണ്ണം കുറയുന്നതിനു കാരണം അവർക്ക് സ്വന്തം കൃഷിയിറക്കാനുള്ള താൽപര്യംകൊണ്ടാണെന്നും അദ്ദേഹം വാദിക്കുന്നുണ്ട്.
എന്നാൽ, മുമ്പ് സൂചിപ്പിച്ചതുപോലെ പുതിയ രീതിയിലുള്ള ഭൂകേന്ദ്രീകരണത്തിന് ഇത് നിയമസാധുത ഉറപ്പിക്കുകയേ ഉള്ളൂ. മാത്രമല്ല ദരിദ്ര-ചെറുകിട കൃഷിക്കാർക്ക് പാട്ടഭൂമി ലഭിക്കുന്നതിന് ഒരു ഉറപ്പുമില്ല. കാരണം, പാട്ടത്തിനെടുക്കാനായി വലിയതോതിൽ മൂലധനം മുടക്കേണ്ടിവരുന്നു. പുത്തൻ ‘നിക്ഷേപകവർഗം’ തയാറെടുത്തു നിൽക്കുമ്പോൾ കർഷകരും കൂടുതൽ ലാഭം പ്രതീക്ഷിച്ച് ഉയർന്ന പാട്ടത്തിനു മാത്രമേ ഭൂമി നൽകുകയുള്ളൂ. കാർഷിക ബാഹ്യ സാമ്പത്തിക മാനദണ്ഡങ്ങൾ കൃഷിയിൽ ചെലുത്തുന്ന ‘ലാഭാധിഷ്ഠിത വാണിജ്യ സമ്മർദങ്ങളിൽ’ പാട്ടക്കൃഷി ഭൂമി കാർഷികഭൂമിയായി നിലനിർത്തപ്പെടുന്നതിന് ഒരു ഉറപ്പുമില്ല. കാരണം, ഭരണനിയമക്രമത്തിലും അതിന്റെ സാങ്കേതികവും രാഷ്ട്രീയവുമായ പരിസരങ്ങളിലും ‘‘നിയമത്തെ മറികടക്കുന്ന അധികാരസംവിധാനങ്ങളും സാമ്പത്തിക താൽപര്യങ്ങളുമായുള്ള ബാന്ധവം’’ ഇതിനെല്ലാമുപരിയാണ്.
തണ്ണീർത്തട നിയമങ്ങളിലെ വെള്ളം ചേർക്കലിലും, പരിസ്ഥിതി ദുർബലപ്രദേശങ്ങളെ സംബന്ധിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് ഇത് ബോധ്യപ്പെടുന്നു. അതിലുപരിയായി കൃഷിഭൂമിയെ ഭൂമിയിൽ തൽപരരല്ലാത്ത ഭൂവുടമാവർഗത്തിൽതന്നെ വീണ്ടും ഉറപ്പിക്കുകയെന്ന ദൗത്യവും അറിഞ്ഞും അറിയാതെയോ ഇതിനു പിന്നിലുണ്ടെന്ന വസ്തുത കാണാതിരിക്കാനാവില്ല.
കാർഷിക തൊഴിൽ മേഖലയിലെ പ്രതിസന്ധി
തൊണ്ണൂറുകളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യവർഷങ്ങളിലുമായി കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ മേഖലയിൽ ഉയർന്നുകേട്ട പ്രശ്നമായിരുന്നു കൃഷിപ്പണിക്ക് ആളുകളെ കിട്ടാനില്ല എന്നത്. പ്രത്യേകിച്ചും കൊയ്ത്തുകാലത്ത് കൊയ്യാൻ ആളെക്കിട്ടാതെ പാടങ്ങൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരവധി സന്നദ്ധസംഘങ്ങളും പ്രാദേശിക കൂട്ടായ്മകളും ക്ലബുകളും പള്ളി കമ്മിറ്റികളും യുവജനസംഘടനകളും ഉൾപ്പെടെ പാടത്തിറങ്ങി കൊയ്ത്തിനൊരുമ്പെട്ടത്. കുട്ടനാടൻ മേഖലയിലെ കർഷകതൊഴിലാളികളുടെ അഭാവവും അവർ ഇല്ലാതായാൽ കുട്ടനാടൻ കാർഷികമേഖല നേരിടുന്ന സ്തംഭനാവസ്ഥയും അപ്പോഴാണ് ആളുകൾക്ക് ബോധ്യപ്പെട്ടത്.
അങ്ങനെ ചില വർഷങ്ങളിൽ, മേൽപറഞ്ഞ സന്നദ്ധസംഘടനകളുൾപ്പെടെ ‘കൊയ്ത്തുത്സവം’ നടത്തുകയും കൃഷിയുടെ മാഹാത്മ്യത്തെപ്പറ്റി പത്രറിപ്പോർട്ടുകളിൽ പരാമർശിക്കുകയും കൃഷിയില്ലാതെയായാൽ നമ്മുടെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്ന ചർച്ചകളും നടത്തി. കൊയ്ത്തുകാലത്തെ ചില ദിവസങ്ങളിൽ കൊയ്ത്തുത്സവങ്ങൾ നടത്തുകയും കാർഷിക സംസ്കാരത്തിന്റെ മാഹാത്മ്യത്തെപ്പറ്റി വാചാലരാവുകയും ചെയ്യുന്നവരൊന്നും തലമുറകളായി കൊയ്ത്തും മെതിയും ഞാറുനടീലും വിതയുമുൾപ്പെടെയുള്ള കൃഷിപ്പണികൾ തലമുറകളായി ചെയ്തുവന്നിരുന്ന കർഷക തൊഴിലാളികളുടെ മാഹാത്മ്യത്തെപ്പറ്റി ഓർമപ്പെടുത്തുകയൊന്നുമുണ്ടായില്ല.
അവർ കാർഷിക മേഖലയിൽനിന്നും പിന്മാറിയാൽ ഉണ്ടാകാവുന്ന ഗുരുതര പ്രതിസന്ധിയെ മറികടക്കാൻ താൽക്കാലികമായി കാർഷിക ജോലി ചെയ്ത ചെറുകൂട്ടായ്മകൾ കൃഷിയെപ്പറ്റി കർഷക തൊഴിലാളികളെയുൾപ്പെടെ ഉദ്ബുദ്ധരാക്കാൻ നടത്തിയ പരിശ്രമമായിരുന്നു അതെല്ലാം. പക്ഷേ, കർഷക തൊഴിലാളികളുടെ പങ്കാളിത്തം വളരെ കുറഞ്ഞുവന്നു. ഉള്ള കാർഷിക ജോലികൾക്ക് തന്നെ വണ്ടിക്കൂലിയും ആഹാരവും കൂടുതൽ കൂലിയും നൽകി കർഷക തൊഴിലാളികളെ പണിക്കിറക്കിയ സംഭവങ്ങൾ 2000ത്തിന്റെ ആദ്യവർഷങ്ങളിൽ സാധാരണമായിരുന്നു.
കർഷക തൊഴിലാളികൾ എങ്ങോട്ടുപോയെന്നതോ എന്തുകൊണ്ട് അവർ കൃഷിപ്പണികൾ ഉപേക്ഷിക്കുന്നുവെന്നതോ ഒരിക്കലും ഗൗരവകരമായ ചർച്ചകൾക്ക് വഴിെവച്ചില്ല. കാർഷിക തൊഴിൽ ദിനങ്ങളുടെ കുറവുണ്ടായെന്നതും, വയലുകൾ വിസ്തൃതി മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനത്തോളം കുറയുകയും ചെയ്തുവെങ്കിലും ഉള്ള പണികൾപോലും ചെയ്യുവാൻ ആളെ കിട്ടാതെ വന്നതിന്റെ കാരണം മേൽപറഞ്ഞതൊന്നുമായിരുന്നില്ല, മറിച്ച് കാർഷികമേഖലയിൽനിന്നുമുള്ള തൊഴിൽ സ്ഥാനാന്തരീകരണവും ആണ്. ഇതിനെ കർഷക തൊഴിലാളികളുടെയും അവരുടെ പുതുതലമുറയുടെയും മടിയും ഉദാസീനതയും മണ്ണിൽ വിയർപ്പൊഴുക്കാനും ചളിയിൽ ചവിട്ടാനുമുള്ള വിമുഖതയും അകൽച്ചയുമായി കരുതി. അതാകട്ടെ പരമ്പരാഗത ഫ്യൂഡൽ സംസ്കാരത്തിന്റെ നിരുപദ്രവകരമെന്ന നിലയിലുള്ള ഒരു വീക്ഷണമായിരുന്നു.
എന്നാൽ, മറുവശത്ത് ദലിത് ചിന്തകരിൽ പലരും ഈ മാറ്റത്തെ കാർഷികമായ ദാസ്യത്തിൽനിന്നും തലമുറയായി വയലേലകളിലെ കീഴാള ജീവിതത്തിന്റെ ദുരിതത്തിൽനിന്നുമുള്ള വിടുതലായി കണക്കാക്കി. ഗ്ലോബലൈസേഷൻപോലുള്ള നവ സാമ്പത്തിക നടപടികളുടെ ഗുണഫലമായിട്ടുകൂടി അവർ ഇതിനെ കണക്കാക്കി. മറ്റൊരു രീതിയിൽ ‘‘തൊഴിലാളികൾ സംഘടിതരായി വിലപേശിയതോടെ മുതലാളി പതുക്കെ നെൽകൃഷിയിൽനിന്നും പിൻവാങ്ങുകയും വിളമാറ്റത്തിലൂടെ കുറഞ്ഞ തൊഴിൽ ആവശ്യമായ സാഹചര്യത്തിൽ അത് വീണ്ടും തൊഴിൽ സ്ഥാനാന്തരീകരണത്തിന് (Labour Displacement) ) വഴിെവച്ചുവെന്ന്’’ (കുത്തിയെടുത്ത പാഠങ്ങൾ, പേജ് 134), വാദിക്കുന്നവരുമുണ്ട്.
ഈ സംഘടിതവിധേയശൈലിയിലൂടെ ഉയർന്ന കൂലി തൊഴിലാളികൾ നേടിയെടുത്തുവെന്ന് പൊതുവിൽ വിദഗ്ധർ സമ്മതിക്കുന്ന കാര്യമാണ്. ‘‘കുട്ടനാട്ടിലെ പുഞ്ചകൃഷിയിൽ 120-130 കോടി രൂപയുടെ നെല്ലാണ് ഉൽപാദിപ്പിച്ചിരുന്നത്. ഇതിൽ 6.70 കോടി രൂപ കർഷകത്തൊഴിലാളിക്കു നൽകുന്ന കൂലിയാണ്’’ (കുട്ടനാട് കണ്ണീർത്തടം –രവിവർമ തമ്പുരാൻ, പേജ് 65). ഇതേ അഭിപ്രായംതന്നെ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിൽ ഇപ്രകാരം സൂചിപ്പിക്കുന്നു. ‘‘1999ലെ നെൽകൃഷി സംബന്ധിച്ച വിദഗ്ധ കമ്മിറ്റിയുടെ കാർഷിക മുതൽമുടക്കു സംബന്ധിച്ച പഠനത്തിൽ 66 മുതൽ 69 ശതമാനം വരെ കൂലിയിനത്തിൽ മുടക്കേണ്ടിവരുന്നുവെന്ന് പറയുന്നു.
കമ്മിറ്റിയുടെ പഠനപ്രകാരം 60 ശതമാനം കൂലിയിനത്തിലും യന്ത്രങ്ങളുടെ പങ്കായുള്ള 12.3 ശതമാനവും ചേർത്താൽ ഇവ രണ്ടും മൊത്തം ഉൽപാദന ചെലവിന്റെ 72 ശതമാനം വരുന്നു (സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്, 2007 പേജ് 113). ഇത്രയും ഉയർന്ന കൂലി കർഷക തൊഴിലാളികൾ നേടിയെടുത്തിട്ടും എന്തുകൊണ്ടാണ് 2000ത്തോടനുബന്ധിച്ച വർഷങ്ങളിൽ ആവശ്യമായ പണികൾക്കുപോലും കൃഷിപ്പണിക്കാരെ കിട്ടാതെ വന്നതെന്ന ചോദ്യം അപ്പോഴും ബാക്കിനിൽക്കുന്നു. തൊഴിൽശക്തിയുടെ ലഭ്യതക്കുറവിനെ തുടർന്നുള്ള സാധ്യതയിലേക്കാണ് പിന്നീട് തീവ്രമായ യന്ത്രവത്കരണം, പ്രത്യേകിച്ച് കൊയ്ത്തു മെതി യന്ത്രങ്ങൾ കടന്നുവരുകയുണ്ടായത്.
ഇതുസംബന്ധിച്ച ഒരു പഠനത്തിൽ ‘‘ഒരു ഏക്കർ കൃഷിയിടത്തിലേക്ക് നിലമൊരുക്കുന്നതിനും, കളപറിക്കലിനും, കൊയ്ത്തിനുമുൾപ്പെടെയുള്ള കായികജോലിക്ക് ആവശ്യമായി വന്നിരുന്നത് 57 തൊഴിൽ (പുരുഷ) ദിനങ്ങളായിരുന്നു. ഇത് യന്ത്രവത്കരണവും വ്യാപകമാകുന്നതിനുമുമ്പാണ്. എന്നാൽ, യഥാർഥത്തിൽ തൊഴിലിന്റെ ആവശ്യകതയേക്കാൾ വളരെ കുറവായിരുന്നു (25 ശതമാനം കുറവ്) തൊഴിലിന്റെ ലഭ്യത എന്നു വ്യക്തം.
2000ത്തിനും ശേഷമുള്ള യന്ത്രവത്കരണത്തിലൂടെയും ഈ കുറവ് നികത്താനായില്ല. യന്ത്രവത്കരണത്തിനുശേഷം മൊത്തം തൊഴിലാളികളുടെ ആവശ്യകത ഒരു ഏക്കറിന് 57ൽനിന്നും 32 ആയി കുറഞ്ഞു. എന്നാൽ, അപ്പോഴേക്കും തൊഴിലാളികളുടെ ലഭ്യതയാകട്ടെ ഒരു ഏക്കറിന് യന്ത്രവത്കരണത്തിനു മുമ്പുണ്ടായിരുന്ന 43ൽനിന്നും 25 ആയി കുറഞ്ഞു (42 ശതമാനം കുറവ്). അതായത്, തൊഴിലാളികളുടെ ലഭ്യതക്കുറവ് യന്ത്രവത്കരണത്തിലേക്കു നയിക്കുകയും അതിന്റെ തീവ്രതക്കും കാരണമായിത്തീർന്നു (“Labour issues and the impact of migration on Kerala agriculture’’- Geethalakshmi, SB College Changanasserry, Dept. of economics, MG University).
മറ്റൊരു പഠനത്തിൽ ‘‘കുട്ടനാട്ടിലെ രാമങ്കരി വില്ലേജിൽ മാത്രം 1991ൽ നടത്തിയ അന്വേഷണത്തിൽ മൊത്തം തൊഴിൽ എടുക്കുന്നവരുടെ സംഖ്യയിൽ 57.18 ശതമാനം കർഷക തൊഴിലാളികളായിരുന്നു. 2001-02 കാലത്ത് ഇതേ വില്ലേജിൽ കർഷകത്തൊഴിലാളികളുടെ എണ്ണം 30.25 ശതമാനത്തിലേക്ക് കുറഞ്ഞു. കൂടാതെ മുമ്പുണ്ടായിരുന്നതിൽ എട്ട് ശതമാനം പേർ നെൽകൃഷിയിലേക്കും 20 ശതമാനം പേർ കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ കമ്പനികളിലും മറ്റും ഓഫിസ് സ്റ്റാഫുകളായും തൊഴിലാളികളായും വ്യാപൃതമായി.
7.58 ശതമാനം പേർ ഗവൺമെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി നേടി. ഏതാണ്ട് 13.5 ശതമാനം പേർ സ്വയം തൊഴിൽ (തയ്യൽ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക്, കള്ളുചെത്ത്, പ്ലംബിങ്, സ്വന്തം വാഹനം ഓടിക്കൽ) രംഗത്ത് ഏർപ്പെട്ടു. ഇവിടെ 57.18 ശതമാനമായിരുന്ന കർഷക തൊഴിലാളികളുടെ എണ്ണം 10-12 വർഷത്തിനുള്ളിൽ 50 ശതമാനത്തോളം കുറഞ്ഞിരിക്കുന്നുവെന്നു കാണാൻ കഴിയും (Problems and prospects of paddy cultivation in Kuttanad region, A case study of Ramankary Village in Kuttanad Taluk, P.M. Thomas, A Project of KRPLLD, TVM).
2000ത്തിനു ശേഷം കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) നെടുമുടി പഞ്ചായത്തിൽ നടത്തിയ ഒരു സർവേയിൽ മുമ്പ് കാർഷികരംഗത്തുണ്ടായിരുന്ന തൊഴിലാളികളിൽ 25 ശതമാനത്തിൽ താഴെ ആളുകളേ നിലവിൽ ഈ മേഖലയിൽ ഉള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കുട്ടനാട്ടിൽ മാത്രം പ്രകടമായ ഒരു കാര്യമായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെമ്പാടും ഈ പ്രവണത ശക്തമായി തുടർന്നിരുന്നു. ‘‘1991ൽ കേരളത്തിലെ മൊത്തം തൊഴിലെടുക്കുന്നവരിൽ 21,19,661 പേർ (25.54 ശതമാനം) കാർഷിക തൊഴിൽ ചെയ്തിരുന്നു. 2001ൽ കർഷക തൊഴിലാളികളുടെ എണ്ണം 10,21,389 (12.4 ശതമാനം) ആയും 2011ൽ 16,53,601 പേരിലേക്കും (16.1 ശതമാനം) ആയി. വീണ്ടും തുടർന്നുള്ള വർഷങ്ങളിൽ ഇതിൽ കാര്യമായ ഇടിവുണ്ടായി (AgEcon search- Research in Agriculture and Applied Economics Page 318).
ഇതിനു കാരണം കാർഷികസാധ്യമായ മറ്റു മേഖലകളുടെ സ്വാധീനം കൃഷിയിലും കാർഷിക തൊഴിലിലും ഉണ്ടാക്കിയ പരോക്ഷ വ്യതിയാനങ്ങളാണ്. അഥവാ കാർഷിക (നെൽ) മേഖലയിൽ ഈ മാറ്റങ്ങൾക്കു കാരണം രണ്ടാമതായി മേൽപറഞ്ഞവമൂലം ഉണ്ടായ നഗരവത്കരണവും തൊഴിൽമേഖലയിലും ജീവിതരീതിയിലും അത് ഉണ്ടാക്കിയ മാറ്റങ്ങളാണ്. ഉയർന്ന കൂലിയും കാർഷിക തൊഴിലിലെ പ്രാദേശികമായ തളച്ചിടലും സ്വന്തം പ്രദേശത്തുള്ള ധനിക കർഷകരോടും കാർഷിക പ്രമാണിമാരോടുമുള്ള വിധേയത്വം ജീവിതകാലം മുഴുവൻ തുടരാനുള്ള വിസമ്മതവും ബന്ധിതമായ ജീവിതത്തിന്റെ ചിഹ്നങ്ങൾ ഉപേക്ഷിക്കാനുള്ള ശക്തമായ േപ്രരണയും തൊഴിൽപരമായ സ്വാതന്ത്ര്യത്തിന്റെ പുതിയ തലങ്ങളുടെ സാധ്യതയും ഇതിന് കാരണമാണ്.
തീർച്ചയായും ഇത് ശാശ്വതമല്ല എന്നത് വ്യക്തമാണ്. കാരണം റിയൽ എസ്റ്റേറ്റ്, ഐ.ടി, ടൂറിസം, നിർമാണരംഗം എന്നിവയുടെ നിക്ഷേപസാധ്യതയും അതുമായി ബന്ധപ്പെട്ട കായിക തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച കുതിച്ചുചാട്ടവുമാണ് ഇതിന്റെ േപ്രരക ഘടകങ്ങൾ. ബാങ്കിങ് മൂലധനവും റിയൽ എസ്റ്റേറ്റ് ഊഹമൂലധനവും ഭവനനിർമാണ രംഗത്ത് ഉണ്ടായിട്ടുള്ള വൻ വായ്പ സൃഷ്ടിച്ച ഊതിവീർപ്പിക്കപ്പെട്ട സമ്പദ്ക്രമം കാർഷിക മേഖലയുൾപ്പെടെ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങളുടെ തുടർച്ച പുതിയ ഒരു പ്രതിസന്ധിയിലേക്കുള്ള വഴിതെളിക്കൽ കൂടിയാണ്.
സഹായക ഗ്രന്ഥങ്ങൾ/ പഠനങ്ങൾ
തനത് കുട്ടനാട് ദേശചരിത്രവും സംസ്കാരവും, എഡി. സാംജി വടക്കേടം, പാൻഡോറ ബുക്സ്, ചങ്ങനാശ്ശേരി, 2023.
കുട്ടനാട് തണ്ണീർത്തടം, രവിവർമ തമ്പുരാൻ, െറയിൻബോ ബുക്സ് പത്തനംതിട്ട, 2004.
വേണം മറ്റൊരു കുട്ടനാട്, കുട്ടനാട് പാക്കേജ് ഒരു വിലയിരുത്തൽ - ശാസ്ത്ര സാഹിത്യ പരിഷത്ത്, തിരുവനന്തപുരം, 2011.
കുത്തിയെടുത്ത പാഠങ്ങൾ പരിസ്ഥിതിയുടെ വികസന വീക്ഷണം, എം. ഗോപകുമാർ, എം. മഞ്ജു, രോഹിത് ജോസഫ്, ഡി.സി ബുക്സ് കോട്ടയം, 2023.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് 2007.
പാട്ടക്കൃഷി നിയമവിധേയമാക്കണം, ഡോ. കെ. രവിരാമൻ, മാതൃഭൂമി ദിനപത്രം, 2020 ജനുവരി 7 പേജ് 6.
Lease Farming in Kerala, Findings from Micro Level Studies, K.N. Nair, Vineetha menon, EPW June 30 2006.
Labour issues and impact of Migration on Kerala Argiculture, Geethalekshmi, Dept. of Economics S.B College Changanaserry.
Problems and Prospects of Paddy Cultivation in Kuttanad, A case study of Ramankari Village in Kuttanad Thaluk A Project of KRPLlD Trivandrum.
Ag Econ search Research in Agriculture and Applied.