ശിവൻസ്: ഓർമയുടെ കണ്ണുകൾ
‘‘നീണ്ട ഇടവേളക്കുശേഷമായിരുന്നു ഞങ്ങൾ വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. ശിവൻസ് സ്റ്റുഡിയോയിൽ ശൂന്യത തളംകെട്ടിനിന്നു. ശിവൻ ചേട്ടന്റെ മുറിക്ക് ഒരു മാറ്റവുമില്ലായിരുന്നു. ആ മുറിയുടെ ചുമരുകളിൽ ആ കണ്ണുകൾ പല കാലങ്ങളിൽ ഒപ്പിവെച്ച ഓർമകൾ സംസാരിക്കുന്നത് കണ്ണടച്ചോർത്തു നോക്കുമ്പോൾ കേൾക്കാമായിരുന്നു.’’ -പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ...
Your Subscription Supports Independent Journalism
View Plans‘‘നീണ്ട ഇടവേളക്കുശേഷമായിരുന്നു ഞങ്ങൾ വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. ശിവൻസ് സ്റ്റുഡിയോയിൽ ശൂന്യത തളംകെട്ടിനിന്നു. ശിവൻ ചേട്ടന്റെ മുറിക്ക് ഒരു മാറ്റവുമില്ലായിരുന്നു. ആ മുറിയുടെ ചുമരുകളിൽ ആ കണ്ണുകൾ പല കാലങ്ങളിൽ ഒപ്പിവെച്ച ഓർമകൾ സംസാരിക്കുന്നത് കണ്ണടച്ചോർത്തു നോക്കുമ്പോൾ കേൾക്കാമായിരുന്നു.’’ -പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവനെ ഒാർക്കുന്നു.
മറവി വർത്തമാനകാലത്തിന്റെ നാട്ടുനടപ്പാകുമ്പോൾ ചില മനുഷ്യർ പതുക്കെ ഓർമകളിലേക്ക് പിൻവാങ്ങും. അതിലൊരു സൗന്ദര്യമുണ്ട്. അതാണ് പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും സംവിധായകനും മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചു നടുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുമായ ശിവൻ ചെയ്തത്.
തിരുവനന്തപുരത്ത് ശിവൻ സ്റ്റുഡിയോ എന്നാൽ ആറ് പതിറ്റാണ്ടിലേറെ കാലം സിനിമ ആഗ്രഹിക്കുന്ന മനുഷ്യർക്കെല്ലാം അത്താണിയായിരുന്നു ശിവൻ എന്ന പേര്. സൗഹൃദത്തിന്റെ വലിയൊരു ലോകംതന്നെ കെട്ടിപ്പടുത്തു ശിവൻ. അത് ആഘോഷിച്ചു. ഓർമിക്കാൻ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാമറയിലൂടെ നോക്കാൻ പരിശീലിപ്പിച്ചു. കേരള ചരിത്രത്തിന്റെ നാഴികക്കല്ലുകളായി മാറിയ മനുഷ്യരെ ശിവൻ ചേട്ടനെപ്പോലെ അത്ര അടുത്തുനിന്നും ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർമാർ അധികമില്ല.
തിരുവിതാംകൂർ രാജവംശത്തിന്റെ അവസാനകാലം മുതൽ കോടമ്പാക്കത്തുനിന്ന് സിനിമയുടെ, മലയാളത്തിന്റെ മണ്ണിലേക്കുള്ള പരിണാമ ചരിത്രം ശിവന്റെ നിശ്ചലദൃശ്യങ്ങളിലുണ്ട്. 1957ൽ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ യാത്രകളും ആ കാമറക്കണ്ണിന്റെ ഭാഗമാണ്. 1964ൽ ദേശീയ പുരസ്കാരം മലയാളത്തിലേക്ക് കൊണ്ടുവന്ന രാമു കാര്യാട്ടിന്റെ ‘ചെമ്മീൻ’ ശിവന്റെ നിശ്ചലദൃശ്യങ്ങളിലൂടെയാണ് ആദ്യം ലോകശ്രദ്ധ നേടുന്നത്.
അറുപതുകളുടെ അന്ത്യത്തിൽ ആത്മമിത്രമായ നടൻ സത്യനുവേണ്ടി ഒരുക്കിയ ‘സ്വപ്ന’മായിരുന്നു ശിവന്റെ സ്വപ്ന സിനിമ. എന്നാൽ, എല്ലാം തീരുമാനമായപ്പോൾ പൊടുന്നനെ സംഭവിച്ച സത്യന്റെ രോഗാവസ്ഥയും ആ സ്വപ്നത്തിന്റെ താളം തെറ്റിച്ചു. ആ സിനിമ പിന്നീട് ശിവൻ സംവിധാനം ചെയ്തില്ല. തന്നെത്തേടി വന്ന സഹസംവിധായകൻ ബാബു നന്തൻകോടിനെക്കൊണ്ട് സംവിധാനംചെയ്യിച്ച് നിർമാതാവിന്റെ കസേരയിലേക്ക് പിന്മാറി. സത്യനു പകരം മധു നായകനായി. നന്ദിതാബോസ് മലയാളത്തിലെത്തി.
1973ൽ പുറത്തെത്തിയതാണെങ്കിലും സംഗീതസംവിധായകൻ സലിൽ ചൗധരിയുടെ പാട്ടുകൾകൊണ്ട് ഇന്നും അനശ്വരമാണ് ‘സ്വപ്നം’. പിന്നീട് ‘യാഗം’ (1982) മുതൽ കേശു (2009) വരെ വിരലിൽ എണ്ണാവുന്ന സിനിമകളേ ശിവൻ ചേട്ടൻ എടുത്തിട്ടുള്ളൂ. ‘യാഗം’ മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ്. ചന്ദ്രമണി ശിവനാണ് ‘യാഗ’ ത്തിന്റെ നിർമാതാവ്. മലയാളത്തിൽ മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരം കിട്ടുന്ന ആദ്യത്തെ സ്ത്രീയാണ് അവർ.
മലയാളത്തിലെ ആദ്യത്തെ പ്രഫഷനൽ പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലക്കാണ് അമ്പതുകളുടെ രണ്ടാം പാതിയിൽ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ്, ലാൽ ബഹദൂർ ശാസ്ത്രി, സക്കീർ ഹുസൈൻ, ഇന്ദിരാ ഗാന്ധി എന്നിവരുടെ ഔദ്യോഗിക യാത്രകളിൽ ശിവനും ക്ഷണിക്കപ്പെട്ടത്. തനിക്ക് ഫോട്ടോ എടുക്കാനുള്ള കാമറകൾ അന്വേഷിച്ച് കണ്ടെത്തി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുക വഴി എന്നും പുതിയ സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിച്ചതാണ് അദ്ദേഹത്തിന്റെ കാമറക്കണ്ണുകളെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് പ്രിയങ്കരമാക്കിയത്.
തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ എന്നാൽ, കേരളചരിത്രത്തോടൊപ്പം നടന്ന പ്രസ്ഥാനമാണ്. കറുപ്പിലും വെളുപ്പിലും ആറ് പതിറ്റാണ്ടിന്റെ ഓർമച്ചിത്രങ്ങൾകൊണ്ട് ശിവൻസ് അടയാളപ്പെടുത്തിയത് ഒരു വലിയ ചരിത്രമാണ്. 1959ലാണ് ശിവൻ സ്റ്റുഡിയോ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടക്കൽ തുടങ്ങുന്നതെങ്കിലും 1955 മുതൽ കാമറയുമായി ശിവൻ തലസ്ഥാനത്തുണ്ട്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളാണ് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.
എഴുപതുകളുടെ തുടക്കത്തിൽ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ശിവനോട് അതിനായി ഒരു കരട് റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വെച്ച് നിർമിക്കുന്ന സിനിമകൾക്ക് സബ്സിഡി നൽകാനുള്ള ബജറ്റ് തീരുമാനമുണ്ടാകുന്നത്. ചിത്രാഞ്ജലിയും കെ.എസ്.എഫ്.ഡി.സിയുമൊക്കെ അതിന്റെ വലിയ തുടർച്ചകളാണ്.
1988ൽ തിരുവനന്തപുരത്ത് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എത്തിയപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ ‘മാതൃഭൂമി’ നിയോഗിച്ച ‘പട’യിൽ അണിചേർന്നപ്പോൾ തലമുതിർന്ന റിപ്പോർട്ടറും ചരിത്രാന്വേഷിയുമായ മലയിൻകീഴ് ഗോപാലകൃഷ്ണനാണ് എന്നെ ശിവൻ ചേട്ടന്റെ അടുത്തേക്ക് പറഞ്ഞുവിടുന്നത്, ഫെസ്റ്റിവൽ കവറേജിന് മാർഗനിർദേശങ്ങൾ തേടാൻ. അവിടെ അദ്ദേഹം കൈപിടിച്ചു നടത്തി.
1991 മുതൽ ദീദിയും ആ സൗഹൃദത്തിന്റെ ഭാഗമായി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഉടനെയാണ് ഒരുനാൾ സംഗീത് ശിവനും സന്തോഷ് ശിവനും കൂടി ദാമോദരൻ മാഷെ തേടി മീഞ്ചന്തയിലെ വീട്ടിലെത്തുന്നത്. ഒരു മോഹൻലാൽ സിനിമക്കുവേണ്ടിയുള്ള തിരക്കഥാ ചർച്ചക്കായി ശിവൻ ചേട്ടനായിരുന്നു മക്കളെ കോഴിക്കോട്ടേക്ക് അയച്ചത്. മാഷ് അന്നുവരെ ചെയ്യാത്ത ഒരു ഫാന്റസി ചിത്രമായിരുന്നു അത്. പത്തുപതിനഞ്ചു ദിവസം ഔട്ട് ഹൗസിൽ ചർച്ചകൾ നടന്നു.
അപ്പോഴേക്കും കോഴിക്കോട്ട് ‘ഗൃഹലക്ഷ്മി’ പ്രൊഡക്ഷൻസിനുവേണ്ടി പി.വി. ഗംഗാധരൻ നിർമിക്കുന്ന പ്രിയദർശൻ-മോഹൻലാൽ സിനിമയുടെ പണി തുടങ്ങിയതോടെ മാഷ് ചർച്ച മതിയാക്കി അങ്ങോട്ടു പോയി. അടുത്ത ഫെസ്റ്റിവലിന് കണ്ടപ്പോൾ സന്തോഷ് അതിലുള്ള നിരാശ മറച്ചുവെച്ചില്ല, ‘‘പ്രിയന്റെ പടം വന്നപ്പോൾ മാഷ് ഞങ്ങളെ വഴിയിലുപേക്ഷിച്ച് പൊയ്ക്കളഞ്ഞു’’ എന്ന്. അതായിരുന്നു പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് സിനിമയായ ‘യോദ്ധ’.
ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് താവളമുറപ്പിച്ചതോടെ എല്ലാവർഷവും ശബരിമലക്ക് പോകുന്നതുപോലെ അതൊരു തീർഥാടനമായി മാറി. ശിവൻസ് സ്റ്റുഡിയോയും ആ യാത്രയുടെ ഭാഗമായി. ഏത് പഴയ ഫോട്ടോഗ്രാഫ് വേണമെങ്കിലും ശിവൻസ് സ്റ്റുഡിയോയിൽ വിളിച്ചുപറഞ്ഞാൽ അത് ‘മാതൃഭൂമി’യിൽ എത്തുമായിരുന്നു.
മകൾ മുക്ത നടക്കാനായതിൽ പിന്നെ അവളെയുംകൂട്ടിയായിരുന്നു ഞങ്ങളുടെ ഫെസ്റ്റിവൽ യാത്രകൾ. ഞാനും ദീദിയും മാറിമാറിയാണ് സിനിമകൾ കാണാറ്. അതോടെ, തിരുവനന്തപുരത്ത് ശിവൻ ചേട്ടൻ അവൾക്ക് അപ്പൂപ്പനായി മാറിയിരുന്നു. ഓണത്തിനും വിഷുവിനും ദീപാവലിക്കും ‘പാപ്പാത്തി’യുടെ മേൽവിലാസത്തിൽ കൊച്ചു കൊച്ചു സമ്മാനങ്ങളും കത്തുകളും അവളെ തേടിയെത്തിത്തുടങ്ങിയിരുന്നു. 1999ൽ ഹൈദരാബാദിൽ നടന്ന ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു സന്തോഷ് ശിവന്റെ ‘ടെററിസ്റ്റ്’.
ഞങ്ങൾ രണ്ടു പേരും ആദ്യ പ്രദർശനത്തിന് എന്തായാലും വരണം എന്ന് ശിവൻ ചേട്ടൻ നിർബന്ധിച്ചപ്പോൾ പാപ്പാത്തിയുടെ ഉത്തരവാദിത്തം ആ പ്രദർശനത്തിന്റെ മുഖ്യാതിഥി സന്തോഷ് ശിവൻതന്നെ ഏറ്റെടുത്തു. സന്തോഷിന് കിട്ടിയ ബൊക്കയുടെ വലുപ്പം മാത്രമുണ്ടായിരുന്ന പാപ്പാത്തി, ആ ബൊക്കക്കൊപ്പം ‘ടെററിസ്റ്റി’ന്റെ കാസ്റ്റ് ആൻഡ് ക്രൂവിനുള്ള വരവേൽപിൽ തിയറ്ററിനകത്തേക്ക് കയറി. ആരും തടഞ്ഞില്ല. അങ്ങനെ അവളുടെ ആദ്യത്തെ ‘ഇഫി’ സിനിമ കൂടിയായത്.
അസാധാരണമായ ഒരു ദാമ്പത്യ പ്രണയമായിരുന്നു ശിവൻ ചേട്ടനും ചന്ദ്രമണിച്ചേച്ചിയും തമ്മിലുണ്ടായിരുന്നത്. 2002 ഡിസംബർ 21ന് മണിച്ചേച്ചിയുടെ വിയോഗം സംഭവിച്ചത് ശിവൻ ചേട്ടനെ നിശ്ശബ്ദനാക്കി. എല്ലാറ്റിൽനിന്നുമുള്ള ഒരു പിൻവാങ്ങലായിരുന്നു പിന്നീട് കണ്ടത്. ബാല്യകാല സഖിയായ ചന്ദ്രമണിയായിരുന്നു ശിവൻ ചേട്ടന്റെ എല്ലാം. തിരുവനന്തപുരത്ത് പോങ്ങുംമൂട്ടിലെ വീട്ടിൽ ചേച്ചിയുടെ ഓർമക്ക് ഒരു മണിമണ്ഡപംതന്നെ ശിവൻ ചേട്ടൻ പണിതു. 2003 മുതൽ മണിച്ചേച്ചിയുടെ എല്ലാ ഓർമദിനത്തിനും മണിമണ്ഡപത്തിൽ സംഗീതാർച്ചനകൾക്ക് തുടക്കമിട്ടു.
2003ൽ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലേക്ക് വന്നപ്പോൾ ആദ്യം ചെയ്തത് ശിവൻ ചേട്ടനെക്കൊണ്ട് ഒരാത്മകഥ എഴുതിപ്പിക്കാനുള്ള ശ്രമമായിരുന്നു. ‘ചിത്രഭൂമി’യുടെ ഉള്ളടക്കം അഴിച്ചു പണിയാനും ചരിത്രം സ്പന്ദിക്കുന്ന ശിവൻസിന്റെ ശേഖരത്തിലുള്ള ഫോട്ടോഗ്രാഫുകൾ വെളിച്ചത്ത് കൊണ്ടുവരാനുംകൂടിയായിരുന്നു ആ ശ്രമം. അത് വിജയിച്ചു. ശിവൻ ചേട്ടൻ വീണ്ടും സംസാരിച്ചു തുടങ്ങി. ഓർമച്ചിത്രങ്ങളുടെ ഒരു ബൃഹദ് ശേഖരം തന്നെ അതുവഴി വീണ്ടും പുതിയ പ്രിന്റിട്ട് അയച്ചുതന്നു. ഒപ്പം ഓർമകളും. ഒരു സിനിമാ വാരികയിൽ സർ സി.പി മുതൽ സി. അച്യുതമേനോൻ വരെ നീണ്ട ചരിത്രവ്യക്തികളുടെ ഓർമകളും ചിത്രങ്ങളും അച്ചടിച്ചുവന്നത് ‘ചിത്രഭൂമി’യുടെ പ്രതിച്ഛായയെക്കൂടിയായിരുന്നു അന്ന് അഴിച്ചുപണിതത്. ‘ചെമ്മീൻ’ സിനിമക്കുവേണ്ടി 1964 കാലത്ത് ശിവൻ എടുത്ത ചിത്രങ്ങൾ അതുവഴി വീണ്ടും വെളിച്ചത്ത് വന്നു.
‘മലയാള സിനിമയിലെ സ്ത്രീ’ എന്ന വിഷയത്തിൽ ദീദി പിഎച്ച്.ഡി ചെയ്യുന്ന കാലത്താണ് ശിവൻ ചേട്ടനുമായി അതിദീർഘമായ ഒരു സംഭാഷണം രേഖപ്പെടുത്തുന്നത്. 2004ലാകും അത്. മൂന്ന് ആൺമക്കളെയും ചലച്ചിത്ര സംവിധായകരായി വളർത്തിയിട്ടും എന്തുകൊണ്ട് മകൾ സരിതയെ മാത്രം സംവിധായികയാക്കാതെ വീട്ടിലിരുത്തി എന്ന ചോദ്യം അദ്ദേഹത്തിന് മുമ്പാകെ ദീദി ഉന്നയിച്ചത് അപ്പോഴാണ്. ‘‘അച്ഛൻ മലയാള സിനിമയിലെ താരങ്ങളെയൊക്കെ വെച്ച് സിനിമ എഴുതിയിട്ടും മകളെന്തേ തിരക്കഥ എഴുതാത്തത്’’ എന്ന മറുചോദ്യംകൊണ്ടാണ് ശിവൻ ചേട്ടൻ അത് നേരിട്ടത്. ദീദിക്ക് ഒരു സിനിമ എഴുതുന്നതിനുള്ള പ്രേരണാശക്തിയായി മാറുകയായിരുന്നു അദ്ദേഹം. അതാണ് 2008ൽ ‘ഗുൽമോഹറി’ലൂടെ അവൾ സാക്ഷാത്കരിച്ചത്.
മുക്ത ചെന്നൈ ലയോളയിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിഗ്രി കഴിഞ്ഞെത്തിയ ഇടവേളയിൽ ശിവൻ ചേട്ടൻ അവളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കാമറയിലും ഫിലിം മെയ്ക്കിങ്ങിലും പ്രാഥമിക പരിശീലനം നൽകി. ശിവൻ ചേട്ടന്റെ ഏത് സംഭാഷണവും തുടങ്ങുന്നതും അവസാനിക്കുന്നതും ചന്ദ്രമണി ചേച്ചിയിലായിരുന്ന കാലമാണത്.
ആ സ്കൂളിങ്ങിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പ്രിയപ്പെട്ടവരുടെ മരണത്തിന് ശേഷവും ജീവിതം തുടരുന്ന ‘വിയോഗിയായ ജീവിതപങ്കാളി - ‘Bereaved spouse’ എന്ന പ്രമേയത്തിൽ ചന്ദ്രമണിച്ചേച്ചിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനുള്ള ആഗ്രഹം മുക്ത ശിവൻ ചേട്ടനുമായി പങ്കുവെക്കുന്നത്. തുടർന്ന് ‘ഒരു യാത്ര’ (1999) എന്ന ശിവൻ ചേട്ടൻ സംവിധാനം ചെയ്ത സിനിമ ഡി.വി.ഡിയിൽ പകർത്തി അവൾക്ക് അയച്ചുകൊടുത്തു. ‘‘ആദ്യം അതൊന്ന് കണ്ടിട്ട് വരൂ’’ എന്നായിരുന്നു കൊടുത്ത പാഠം.
പരസ്പരം ഒരു ശീലംതന്നെയായി മാറുന്ന ദാമ്പത്യ പ്രണയത്തിന്റെ സിനിമയാണ് ‘ഒരു യാത്ര’. ആ സിനിമയെക്കുറിച്ചുള്ള ശിവൻ ചേട്ടന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ദാമ്പത്യത്തിന്റെയും ഓർമക്കുറിപ്പാണ്. ‘‘മക്കളെല്ലാം വലുതായി അവരവരുടെ ജീവിതവുമായി പോയതിനുശേഷം തനിച്ചാകുന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം പുറത്തുനിന്നു കാണുമ്പോൾ നമുക്ക് തോന്നും അവർ ഒറ്റപ്പെട്ടുപോയി എന്ന്. ഏകാന്തതയുടെ തുരുത്തിലെന്നൊക്കെ സാഹിത്യകാരന്മാർ പറയുന്നതുപോലുള്ള ഒരു തുരുത്താണെന്ന്. എന്നാൽ, സത്യം അതല്ല. അങ്ങനെയല്ലാത്ത സൗഹൃദങ്ങളുമുണ്ട്. മക്കൾ എത്ര വലുതായാലും അവർ വെച്ചുനീട്ടുന്ന ‘സ്വർഗം’ തട്ടിക്കളഞ്ഞ് തങ്ങൾ മാത്രമായ ഒരു ലോകത്ത് പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കഴിയുന്ന ഒരുപാടു പേരുണ്ട്. എനിക്കറിയാമത്. അവരുടെ കഥയാണ് ‘ഒരു യാത്ര’.
ആ സിനിമയിലെ ഒരു രംഗം നോക്കുക:
മാഷ്: ‘‘ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണം നീ മരിക്കാൻ. മറിച്ചായാൽ നിനക്കത്...
ഭാര്യ: (മാഷിന്റെ വാ പൊത്തി) മതി. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട്...’’
ശിവൻ ചേട്ടനെ ഷൂട്ട് ചെയ്തുകൊണ്ടാണ് മുക്ത ‘വിയോഗിയായ യോഗി’ എന്ന പരമ്പര തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഷൂട്ടിങ് പിന്നിട്ടിട്ടും അവർ സംസാരിച്ച് തീർന്നില്ല. രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ ഓർമകളിലെ ‘സുനന്ദ’ പൂർത്തിയായി ഐ.ഡി.എസ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയിട്ടും ‘ചന്ദ്രമണി’ നീണ്ടുപോയി. പ്രളയവും തുടർന്ന് കോവിഡും അത് പിന്നെയും നീട്ടിക്കൊണ്ടുപോയി. എഡിറ്റിങ് ടേബിളിൽ നീണ്ട സംഭാഷണ ഭാഗങ്ങൾ എവിടെയും മുറിക്കാൻ മുക്തക്കും കഴിഞ്ഞില്ല.
പറഞ്ഞു തീരാത്ത വിശേഷങ്ങൾ അങ്ങനെ ബാക്കിയായി കിടന്നു. ശിവൻ ചേട്ടൻ രോഗബാധിതനായതോടെ അത് പൂർത്തിയാകാത്ത ഒരു വേദനയായി മാറി. ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് പലവട്ടം പരിഗണനക്ക് വന്നിട്ടും അന്തിമപ്പട്ടികയിൽനിന്നും ആ പേര് മാഞ്ഞുപോവുകയാണുണ്ടായത്. ആ പുരസ്കാരത്തിന്റെ നഷ്ടതീരുമാനമായി അത് ചരിത്രത്തിലുണ്ടാകും.
കോവിഡ്കാലത്ത് കോഴിക്കോട്ട് പുനലൂർ രാജേട്ടന്റെ തുടർച്ചയായി ശിവൻ ചേട്ടനും ഓർമയായി. 2020 ആഗസ്റ്റ് 15ന് രാജേട്ടനും 2021 ജൂൺ 24ന് ശിവൻ ചേട്ടനും വിടപറഞ്ഞു. ശിവൻ ചേട്ടന്റെ വിയോഗവേളയിൽ ഞാൻ ഒരാഴ്ച നീണ്ട കഠിനമായ കോവിഡ് ബാധയിൽനിന്നും കഷ്ടിച്ച് മുക്തനായതേ ഉണ്ടായിരുന്നുള്ളൂ. ദീദി കോവിഡ് ബാധിതയായിരുന്നു. വീട് അടച്ചുപൂട്ടലിലായിരുന്നു. ആ മരണം അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം അയഥാർഥമായ ഒരനുഭവമായിരുന്നു.
2021ന്റെ ഐ.എഫ്.എഫ്.കെ 2022 മാർച്ചിലായിരുന്നു തിരുവനന്തപുരത്ത് നടന്നത്. അതിൽ ശിവൻ ചേട്ടന്റെ സ്മരണക്കായി ഞാനും ദീദിയും ചേർന്ന് ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ‘ശിവൻസ് -കാലത്തെ കൊത്തിയ കണ്ണുകൾ’ എന്ന പുസ്തകം തയാറാക്കി. അതിനായി തലമുതിർന്ന നടൻ മധു, സംവിധായകരായ ഷാജി എൻ. കരുൺ, സൂര്യാ കൃഷ്ണമൂർത്തി, പ്രമോദ് പയ്യന്നൂർ, സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, മാധ്യമപ്രവർത്തകരായ രവിമേനോൻ, ബിജു മുത്തത്തി, ഗായിക അപർണ രാജീവ്, ശിവൻ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർമാരായ ലാൽ, ശ്യാംകുമാർ, മക്കളായ സംഗീത്, സന്തോഷ്, സഞ്ജീവ്, സരിത എന്നിവർ ശിവൻസ് അനുഭവങ്ങൾ പങ്കുവെച്ചു. മക്കൾക്ക് അച്ഛൻ കളിപ്പാട്ടങ്ങളായി നൽകിയ കാമറകളിൽ പിച്ചവെച്ചാണ് സംഗീത് ശിവനും സന്തോഷ് ശിവനും സഞ്ജീവ് ശിവനും ഇന്ന് ലോകം അറിയുന്ന സംവിധായകരായി മാറിയത്. ആറു പതിറ്റാണ്ടിൽ ശിവൻ എടുത്ത ചിത്രങ്ങളുടെ ഒരു തിരഞ്ഞെടുപ്പ് ദുഷ്കരമായ പണിയായിരുന്നു. കോവിഡായതുകൊണ്ട് ഓൺലൈനിലാണത് ചെയ്തത്.
സംഗീത് ശിവൻ മുംബൈയിലിരുന്നും ശിവൻ ചേട്ടന്റെ സന്തതസഹചാരികളും ഫോട്ടോഗ്രാഫർമാരുമായ ശ്യാമും ലാലും ശിവൻസ് സ്റ്റുഡിയോയിലിരുന്നും ഞങ്ങൾ കോഴിക്കോട്ടിരുന്നുമാണ് ആ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. അതപൂർണമാണ് എന്ന പൂർണബോധ്യമുണ്ടായിരുന്നു. ശിവൻ ചിത്രങ്ങളുടെ ബൃഹദ് ശേഖരം ഇപ്പോഴും ശിവൻസ് സ്റ്റുഡിയോയിൽ ഫിലിം ചുരുളുകളിൽ ഉറങ്ങുകയാണ്. അതിനിയും വെളിച്ചം കാണപ്പെടേണ്ടതായാണിരിക്കുന്നത്. മറവിയിലേക്ക് മറയാതെ അത് നമ്മുടെ ദൃശ്യസ്മരണയുടെ ഭാഗമായി മാറേണ്ടതാണ്. ശിവൻസ് സ്റ്റുഡിയോ കേന്ദ്രമായി അദ്ദേഹത്തിന്റെ സ്മരണക്കായി മക്കൾ തുടക്കമിട്ട ‘ശിവൻസ് കൾചറൽ സെന്റർ’ ആ ദൗത്യം നിർവഹിക്കും എന്നുതന്നെ പ്രത്യാശിക്കാം.
തന്റെ ഫോട്ടോഗ്രാഫുകളുടെ ഇംഗ്ലീഷിലുള്ള ഒരു കോഫി ടേബിൾ പുസ്തകം തയാറാക്കാൻ ശിവൻ ചേട്ടൻ ദീദിയെ ഏൽപിച്ച വേളയിലാണ് പ്രളയം വരുന്നത്. ലോകത്തെ പിന്നെ കോവിഡ് ഗ്രസിച്ചു. അതൊരു നിറവേറ്റാനാകാത്ത കടമായി മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. അങ്ങനെയൊരു പുസ്തകത്തിന് പകരമാകില്ലെങ്കിലും അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിലെ ‘കാലത്തെ കൊത്തിയ കണ്ണുകൾ’ ആ ഓർമക്കുള്ള ഞങ്ങളുടെ സമർപ്പണമായിരുന്നു. എം.എ. ബേബി ഫോട്ടോ പ്രദർശനം ഉദ്ഘാടനംചെയ്തു. നടി ജലജ, ശിവൻ ചേട്ടന്റെ മകൾ സരിതാ രാജീവിന് നൽകി പുസ്തകം പ്രകാശനംചെയ്തു.
നീണ്ട ഇടവേളക്കുശേഷമായിരുന്നു ഞങ്ങൾ വീണ്ടും തിരുവനന്തപുരത്ത് എത്തുന്നത്. ശിവൻസ് സ്റ്റുഡിയോയിൽ ഒരു ശൂന്യത തളംകെട്ടിനിന്നു. ശിവൻ ചേട്ടന്റെ മുറിക്ക് ഒരു മാറ്റവുമില്ലായിരുന്നു. ലാലും ശ്യാമും അതേപടി അവിടെയുണ്ടായിരുന്നു. ആ മുറിയുടെ ചുമരുകളിൽ ആ കണ്ണുകൾ പല കാലങ്ങളിൽ ഒപ്പിവെച്ച ഓർമകൾ സംസാരിക്കുന്നത് കണ്ണടച്ചോർത്തു നോക്കുമ്പോൾ കേൾക്കാമായിരുന്നു.