കുട്ടനാടിന്റെ രാഷ്ട്രീയ ഭൂമിക ശീതങ്കൻ തിരുത്തിയതെങ്ങനെ?
സാധുജന പരിപാലന സംഘം നേതാക്കളിൽ, അയ്യൻകാളിയുടേതല്ലാതെ, മറ്റൊരാളുടെ രേഖാപരമായ ജീവിതം കണ്ടെത്താനായത് െക.സി. ശീതങ്കന്റേത് മാത്രമാണെന്ന് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ലേഖകൻ പറയുന്നു. നവോത്ഥാനത്തിൽനിന്ന് കമ്യൂണിസത്തിലേക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ ചരിത്രസംഭാവന എന്താണ്? കുട്ടനാടിന്റെ രാഷ്ട്രീയ ഭൂമിക തിരുത്തുന്നതിൽ ശീതങ്കന്റെ പങ്ക് എന്താണ്?
അയ്യൻകാളി പ്രസ്ഥാനം ഉൾപ്പെടെയുള്ള അടിത്തട്ട് സമൂഹങ്ങളിലെ പൊതുപ്രവർത്തകർ എങ്ങനെയാണ്, പുതുതായി ഉദിച്ചുവന്നുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്? ആലപ്പുഴയിലെ സാധുജന പരിപാലന സംഘം നേതാവായിരുന്ന കെ.സി. ശീതങ്കന്റെ ജീവിതചിത്രങ്ങൾ ആ സങ്കീർണ ചരിത്രസന്ധിയെ നമുക്ക് കാണിച്ചുതരുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ ദുർബലമാവുകയും അവയുടെ ആദർശപരമായ വീറ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയാവുകയുമായിരുന്നു. സാധുജന പരിപാലന സംഘം നേതാക്കളിൽ, അയ്യൻകാളിയുടേതല്ലാതെ, മറ്റൊരാളുടെ രേഖാപരമായ ജീവിതം കണ്ടെത്താനായത് ശീതങ്കന്റേത് മാത്രമാണ്.
അയ്യൻകാളി നയിച്ച ‘സാധുജന പരിപാലന സംഘ’ത്തിന്റെ പ്രമുഖ പ്രാദേശിക നേതാക്കളിൽ ഒരാളായിരുന്നു കെ.സി. ശീതങ്കൻ. ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി പഞ്ചായത്തിൽ കുട്ടമംഗലം കുപ്പപ്പുറം പ്രദേശത്തെ പുരാതന പുലയ തറവാടായ പനയ്ക്കൽചിറ വീട്ടിൽ 1886 മാർച്ച് 28 നാണ് ജനനം. ‘കങ്കാളി’ എന്ന ശീതനും മാണയുമാണ് അച്ഛനമ്മമാർ. വി.ഐ. ബോസ് ആലപ്പുഴ എഴുതി, അംബേദ്കർ സ്റ്റഡി സർക്കിൾ 1996 മാർച്ച് 29ന് പ്രസിദ്ധീകരിച്ച, 8 കൈയെഴുത്ത് പേജും 3 രൂപ വിലയുമുള്ള ‘കുപ്പപ്പുറം ശീതങ്കൻ’ എന്ന ലഘുജീവിത ചരിത്രമാണ് ആ ജനനായകനെ പരിചയപ്പെടാൻ നമുക്ക് മുന്നിലുള്ള ഒരു രേഖ.
അദ്ദേഹത്തിന്റെ മൂത്ത മകനായ ഭാസ്കരന്റെ മകനും, റിട്ടയേഡ് പൊലീസ് എസ്.ഐയുമായ ബി. സജീവിൽ (കുടകുത്തുംപറമ്പിൽ വീട്, കരുമാടി പി.ഒ, ആലപ്പുഴ) നിന്നാണ് ഈ കൃതിയുടെ പേജുകൾ വാട്സ്ആപ്പിൽ കിട്ടിയത്. ശീതങ്കനും സർക്കാറുമായി നടന്ന കത്തിടപാടുകളുടെ പേജുകളും ഇതേ രീതിയിൽ സജീവ് അയച്ചുതന്നു. അയ്യൻകാളിയൊഴിച്ച് മറ്റൊരു സാ.പ. സംഘം നേതാവിന്റെയും രേഖകൾ ഇതുപോലെ കാണാനായിട്ടില്ല. അതിനാൽ, ചരിത്രപ്രാധാന്യം മുൻനിർത്തി അവ വിശദമായി താഴെ ചേർക്കുന്നു. ജീവിതചരിത്ര കാര്യങ്ങൾ ബോസിന്റെ രചനയിൽനിന്നാണ് പകർത്തുന്നത്:
തിരുവിതാംകൂർ സാധുജന പരിപാലന സംഘത്തിന്റെ സജീവ പ്രവർത്തകനായാണ് ശീതങ്കൻ പൊതുരംഗത്ത് വന്നത്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനത്തിലൂടെ സംഘടനാ നേതൃത്വത്തിലെത്തി. ശീതങ്കന് സ്കൂൾ വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു. അവരുടെയും അനുഭവം മറിച്ചായിരിക്കാൻ ഇടയില്ല. കാലമതാണല്ലോ. എങ്കിലും പുന്നമടയിലെ കളരിയാശാന്മാരെ പനയ്ക്കൽത്തറ [ചിറ] തറവാട്ടിലേക്ക് ക്ഷണിച്ചുവരുത്തി മലയാളം, സംസ്കൃതം എന്നീ ഭാഷകൾ ഭംഗിയായി എഴുതാനും വായിക്കാനും അഭ്യസിച്ചു ശീതങ്കൻ. ആ തറവാട്ടിലെ ആദ്യ കളരിവിദ്വാനായിരുന്നു അദ്ദേഹം. സാധാരണ പൊക്കം, ഇരുനിറം, ഒത്ത ശരീരം, കാഴ്ചയിൽ ഒരു കായികാഭ്യാസിയുടെ ഇരുത്തംവന്ന ഗാംഭീര്യം. ചാരനിറത്തിലുള്ള ജുബ്ബയും വെള്ളമുണ്ടുമായിരുന്നു പതിവ് വേഷം.
നല്ല നാടൻപാട്ടുകളും ഉപകഥകളും ഇടകലർത്തി വളരെ വാചാലമായി പ്രസംഗിക്കും. സമർഥനായ സംഘാടകനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു. രണ്ട് ഭാര്യമാരുണ്ടായിരുന്നു: ചീതയും കാളിക്കുട്ടിയും. അവരിൽ ആകെ 6 മക്കളുണ്ടായി; ആദ്യഭാര്യയിൽ കേശവനും ശാരദ (തങ്കമ്മ)യും, രണ്ടാമത്തേതിൽ ഭാസ്കരൻ, ജനാർദനൻ, പങ്കജാക്ഷി, വാസുദേവൻ എന്നിവരും.
സാ.പ. സംഘത്തിനുവേണ്ടി കുട്ടനാട്ടിലെ കുട്ടമംഗലം, പുന്നമട, കൈനകരി, ചതിർഥ്യാകരി, കാവാലം, നെടുമുടി പ്രദേശങ്ങളിലായിരുന്നു ശീതങ്കന്റെ ആദ്യകാല (1910-11) പ്രവർത്തനങ്ങൾ. തത്തംപള്ളി സർപ്പക്കണ്ടത്തിൽ മാധവൻ, പുറക്കാട് ജോഷ്വാ, സി. വാസുദേവൻ, കൊടുപ്പുന്നയിലെ കളരിത്തറ തേവൻ, ഊരിക്കരചിറയിൽ തമ്പി, മിത്രക്കരിയിലെ കരിമാലികുട്ടി, വേഴപ്രയിലെ പുതുപ്പറമ്പിൽ വാവൻ, മാവേലിക്കര റ്റി. കണ്ടൻ, എൻ.കെ. കുഞ്ചൻ തെക്കനാര്യാട്, ആമയിട പി.കെ. രാഘവൻ വൈദ്യർ തുടങ്ങിയ ഉശിരൻ സംഘം പ്രവർത്തകർ ശീതങ്കന്റെ സുഹൃത്തുക്കളും സംഘത്തിന്റെ ആലപ്പുഴ ഡിവിഷൻ ഭാരവാഹികളുമായിരുന്നു.
ആലപ്പുഴ ജില്ലയിലെ കൈനകരി, കരുമാടി, തകഴി, കുന്നുമ്മ, തെക്കനാര്യാട്, കാവുങ്കൽ, ചേർത്തല, മുഹമ്മ, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ സംഘം ഓഫിസുകളും (ഭജനമഠങ്ങൾ), സംഘാംഗങ്ങൾ മരിച്ചാൽ ശവമടക്കാനായി കഞ്ഞിപ്പാടം, ഇരുമ്പനംപാടത്തിന് കിഴക്കേച്ചിറ, നെഹ്റു ട്രോഫി തുരുത്ത്, നെടുമുടി, പൊങ്ങ എന്നിവിടങ്ങളിലായി 5 ശ്മശാനങ്ങളും സ്ഥാപിച്ചു ശീതങ്കൻ.
ശീതങ്കൻ കൈനകരി തെക്കേച്ചിറയിൽ സ്ഥാപിച്ച സ്കൂളാണ് പിന്നീട് കുപ്പപ്പുറം ഗവ. ഹൈസ്കൂളായി വളർന്നത്. തകഴി കുന്നുമ്മയിലും ആമയിടയിലും ഓരോ പ്രൈമറി സ്കൂളുകൾകൂടി അദ്ദേഹം സ്ഥാപിച്ചു. 1937 ജനുവരി 14ലെ ഗാന്ധി-അയ്യൻകാളി [വെങ്ങാനൂർ] കൂടിക്കാഴ്ചക്കുശേഷം ഏപ്രിലിൽ അയ്യൻകാളി കുന്നുമ്മയിലെത്തി ശീതങ്കനൊപ്പം ഒരു മാസം താമസിച്ചു; കുന്നുമ്മ പ്രൈമറി സ്കൂൾ നിർമാണത്തിന് നേതൃത്വം നൽകി.
പുന്നപ്ര യു.പി സ്കൂളിന് പടിഞ്ഞാറ്, അയിത്തജാതി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനായി ശീതങ്കന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. ആ ബോർഡിങ് സ്കൂൾ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം അധികനാൾ നിലനിന്നില്ല. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ 1920 മുതൽ 1938 വരെ നടന്ന നിരവധി ജനകീയ സമരങ്ങളുടെ നായകനായിരുന്നു ശീതങ്കൻ.
ആവശ്യക്കാർക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള പ്രത്യേക അധികാരം ചിത്തിര തിരുനാൾ മഹാരാജാവിൽനിന്ന് ശീതങ്കന് കിട്ടിയിരുന്നു (?). പുറക്കാട് വില്ലേജിൽ 50 ഏക്കർ ഭൂമി പതിച്ചുവാങ്ങി അത് 50 പട്ടികജാതിക്കാർക്ക് വിതരണംചെയ്തു അദ്ദേഹം. അതാണ് ഇല്ലിച്ചിറ ഹരിജൻ കോളനി; പിന്നീടത് ‘അംബേദ്കർ ഗ്രാമ’മായി.
അധഃസ്ഥിതർക്കെതിരായ സാമൂഹിക അതിക്രമങ്ങളെ അമർച്ചചെയ്യാൻ 1920 തൊട്ട് ശീതങ്കൻ നിരന്തരമായി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ആ ധീരതയുടെ പേരിലാണ് കൈനകരിക്കാർ അദ്ദേഹത്തെ ‘വീരശ്രീ ശീതങ്കൻ’ എന്ന് ബഹുമാനത്തോടെ വിളിച്ചുതുടങ്ങിയത്.
ഒരു വിഷ്ണുഭക്തനായിരുന്ന ശീതങ്കൻ എല്ലാ കൊല്ലവും കുട്ടനാട്ടിലെ വെളിയനാട് കൊടുപ്പുന്ന പടനിലക്കാവിലെ മകമഹോത്സവം സംഘടിപ്പിക്കാൻ നേതൃത്വം നൽകുകയും അവിടെ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുമായിരുന്നു. എന്നാൽ, അധഃസ്ഥിതർക്കായി പ്രത്യേകം ക്ഷേത്രങ്ങൾ പണിയാൻ താൽപര്യപ്പെട്ടില്ല.
1933ലെ നിവർത്തന പ്രക്ഷോഭവും 1936ലെ ക്ഷേത്രപ്രവേശന വിളംബരവും ഉണ്ടായ ഘട്ടത്തിലാണ് ശീതങ്കനും സഹപ്രവർത്തകരും ദലിത് നേതാക്കന്മാരായി പൊതുരംഗത്ത് വന്നത്. വൈക്കം സത്യഗ്രഹത്തിലും ശീതങ്കൻ പങ്കെടുത്തിരുന്നു.
കൈനകരിയിലെ വെളുത്തേരി ഇത്താക്കച്ചന്റെ കുപ്പപ്പുറത്തുണ്ടായിരുന്ന പാട്ടകൃഷി സ്ഥലത്തായിരുന്നു ശീതങ്കന്റെ നേതൃത്വത്തിൽ ആദ്യം സമരം തുടങ്ങിയത്. തിരുവിതാംകൂർ കർഷകത്തൊഴിലാളി പ്രസ്ഥാനം രൂപവത്കരിക്കുന്നതിനും ഏഴെട്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. നെൽച്ചെടികളിൽ പറ്റിപ്പിടിച്ചിരുന്ന പുഴുക്കളെ കുറ്റിച്ചൂലുകൊണ്ട് അടിച്ചുതെറിപ്പിച്ച് കൊല്ലേണ്ടിവരുന്നതിനാൽ ആ ദുർഗന്ധം കഴുകിക്കളയാൻ എണ്ണയും സോപ്പും അനുവദിച്ചുകിട്ടാനായിരുന്നു സമരം. കർഷകർ അത് അംഗീകരിച്ചില്ല; മർദനം അഴിച്ചുവിട്ടു. സമരം പുളിങ്കുന്ന്, കാവാലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പടർന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ആ ‘കുറ്റിച്ചൂൽ സമരം’ വിജയിച്ചത് [...]
വി.ഐ. ബോസിന്റെ മേൽ കണ്ട രചനയിൽ എടുത്തുകാട്ടുന്ന ഒരു ‘ദേശാഭിമാനി’ പത്രലേഖനത്തിൽ (27.11.1980, ഏഴാച്ചേരി രാമചന്ദ്രന്റെ ‘കുട്ടനാടിന്റെ കഥ’യുടെ 16ാം ഭാഗം) കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം തുടങ്ങിയത് 1116 വൃശ്ചികത്തിൽ (1940 നവംബർ-ഡിസം) ഹരിജൻ നേതാവായ കെ.സി. ശീതങ്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു എന്നുപറയുന്നുണ്ട്:
‘‘കൊല്ലം ജോസും [എസ്.കെ] ദാസും കൂടി ആലോചിച്ച് കർഷകത്തൊഴിലാളികളുടെ ആദ്യയോഗം വിളിച്ചുകൂട്ടി. പള്ളാത്തുരുത്തിയാറ്റിൽ ബോട്ട് ചെന്നുചേരുന്ന സ്ഥലത്ത് കരയിൽ ഉമ്മറുടെ വക ചായക്കട. 1116 വൃശ്ചികത്തിലെ സന്ധ്യ. പത്തുമുപ്പതുപേർ മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കുശുകുശുത്തു. അവരിൽ ഭൂരിഭാഗവും ഹരിജനങ്ങൾ. അവരുടെ നേതാവായ കെ.സി. ശീതങ്കനായിരുന്നു അധ്യക്ഷൻ. ദാസ് കൺവീനറായി ഒരു കമ്മിറ്റിയുണ്ടാക്കി. കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് തിരികൊളുത്തി.’’
ഈ വിവരണം വന്ന് ഒരു വ്യാഴവട്ടം കഴിഞ്ഞ് പ്രസിദ്ധീകരിക്കപ്പെട്ട, എൻ.കെ. കമലാസനന്റെ ‘കുട്ടനാടും കർഷകത്തൊഴിലാളി പ്രസ്ഥാനവും’ (കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് [DC books, 1993], 1999, പേ. 56-58) കൂടുതൽ തെളിച്ചത്തോടെ ശീതങ്കനെ അവതരിപ്പിക്കുന്നു: ‘‘പള്ളാത്തുരുത്തിൽ കോണിശ്ശേരിൽ കേശുവിന് അവിടെയൊരു പലചരക്കുകടയുണ്ടായിരുന്നു. അവിടെ സാധനങ്ങൾ വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും കർഷകത്തൊഴിലാളികളാണ്. നാട്ടിൽ നടന്നുകൊണ്ടിരുന്ന സംഭവങ്ങളും, തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതവും, മറ്റു രാഷ്ട്രീയ പ്രശ്നങ്ങളും ഈ കടയിൽ കൂടുന്നവർ ചർച്ചചെയ്യാറുണ്ട്. ആലപ്പുഴയ്ക്ക് കിഴക്ക് പട്ടണത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളാത്തുരുത്തി.
പട്ടണത്തിലെ പ്രവർത്തനങ്ങളുടെ പ്രതിഫലനം പെട്ടെന്ന് അലയടിക്കുന്നതും ഇവിടെയായിരിക്കും. കയർ ഫാക്ടറിയിലെ സമരങ്ങളും തൊഴിലാളിവർഗത്തിന്റെ സംഘടിതമായ മുന്നേറ്റവും ഈ പ്രദേശത്ത് തൊഴിലാളികളിൽ ആവേശകരമായ ചലനങ്ങൾ സൃഷ്ടിച്ചു. പട്ടണത്തിലെ തൊഴിലാളി നേതാക്കളായ വി.കെ. പുരുഷോത്തമനും കൊല്ലം ജോസഫും കേശു എന്നു വിളിക്കുന്ന കേശവദാസുമായി ഇടക്കിടക്ക് ബന്ധപ്പെട്ടിരുന്നു. ഇക്കാലത്ത് സാധുജന പരിപാലന സംഘം എന്ന ഹരിജൻ സംഘടനയുടെ ചെറിയ ശാഖ പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു. ഹരിജൻ തൊഴിലാളിയായ ശീതങ്കനായിരുന്നു അതിന്റെ നേതാവ്.
ശീതങ്കൻ പ്രസിഡന്റും മൂലയിൽ സോമനാഥൻ സെക്രട്ടറിയുമായാണ് ആ സംഘം പ്രവർത്തിച്ചിരുന്നത് [ഒരു പ്രാദേശിക ശാഖയുടെയല്ല, സാ.പാ. സംഘത്തിന്റെ മധ്യോത്തര തിരുവിതാംകൂർ യൂനിറ്റിന്റെ പ്രസിഡന്റാണ് ശീതങ്കൻ 1936ൽ എന്ന് ഇതോടൊപ്പം ഞാൻ പകർത്തിവെച്ച ഒരു രേഖയിലുണ്ടല്ലോ.]
ഹരിജനങ്ങളായ കർഷകത്തൊഴിലാളികളുടെയിടയിലെ നിരുപദ്രവകരമായ ചില പ്രശ്നങ്ങളിലും ഈ സംഘടന ഇടപെട്ടിരുന്ന [കുറ്റിച്ചൂൽ സമരം എവിടെ?] ഇവർ പുരോഗമന ചിന്താഗതിക്കാരായിരുന്നു. കേശവദാസും ശീതങ്കനും കൂട്ടായി ആലോചിച്ച് കർഷകത്തൊഴിലാളികളുടെ ഒരു സംഘടന രൂപവത്കരിക്കാൻ നിശ്ചയിച്ചു. അങ്ങനെ 1939 ഡിസംബർ 8 (1115 വൃശ്ചികം 22) വെള്ളിയാഴ്ച സന്ധ്യക്ക് പള്ളാത്തുരുത്തിയിൽ [,] കാലത്തുമാത്രം കച്ചവടമുള്ള ഉമ്മറിന്റെ ചായക്കടയിൽ കർഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചുകൂട്ടി. നല്ല നിലാവുള്ള രാത്രിയായിരുന്നു. വളരെ രഹസ്യമായാണ് ഈ യോഗം കൂടുന്നത്. അങ്ങനെ മാത്രമേ അന്ന് കൂടാൻ നിവൃത്തിയുള്ളൂ.
കർഷക മുതലാളിമാരറിഞ്ഞാൽ വലിയ എതിർപ്പുണ്ടാകും. കേശവദാസും ശീതങ്കനും ഒരുമിച്ച് നടന്ന് കർഷകത്തൊഴിലാളികളുടെ വീടുകളിൽ കയറിയിറങ്ങിയാണ് ഈ യോഗം വിളിച്ചത്. വരാൻപോകുന്ന ഭവിഷ്യത്തുകളെ പറ്റിയോർത്ത് തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. എന്നാലും ചെറുപ്പക്കാരായ കുറെ ആളുകൾ ആ യോഗത്തിൽ പങ്കെടുത്തു. ശീതങ്കന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
നാട്ടിൻപുറത്ത് മുതലാളിമാരും ജന്മിമാരും നടത്തുന്ന അക്രമങ്ങളും തൊഴിലാളി ദ്രോഹങ്ങളും പട്ടണത്തിലെ സംഘടിത തൊഴിലാളികളുടെ മുന്നേറ്റവും എല്ലാമവിടെ ചർച്ചചെയ്യപ്പെട്ടു. കേശവദാസിന്റെയും കൊല്ലം ജോസഫിന്റെയും ഉജ്ജ്വലമായ പ്രഭാഷണങ്ങൾ തൊഴിലാളികളിൽ ആവേശം ജനിപ്പിച്ചു. ഏതു പ്രതിസന്ധികളെയും നേരിടാൻ അവർ ഉറച്ച പ്രതിജ്ഞയെടുത്തു. ഈ സമയം സദസ്സിൽനിന്നൊരു ചോദ്യമുണ്ടായി. ‘‘നമ്മളിങ്ങനെ തങ്കടിക്കാൻ തമ്പിരാക്കൾ തമ്മതിക്കുമോ?’’
‘‘അവർ നമ്മെ അടിക്കേം, ഇടിക്കേം, തെങ്ങിൽ പിടിച്ചുകെട്ടുകേം ഒക്കെ ചെയ്യില്ലേ?’’ വയസ്സായ ഒരു തൊഴിലാളിയാണ് ചോദിച്ചത്. ‘‘ഇല്ല, ഇനി തല്ലുകില്ല. തല്ലിയാൽ നാം ഒന്നിച്ചുനിന്നെതിർക്കും, തല്ലുന്നവരെ തിരിച്ചടിക്കും.’’ [ഈ കരുത്തൻ മറുപടിതന്നെയാകണം അക്കാലത്തെ അടിമ-പീഡിത വർഗം തേടിക്കൊണ്ടിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ മുഖ്യഘടകം ഈ ചെറുത്തുനിൽപായിരിക്കണം]. കേശവദാസാണ് പറയുന്നത്. മുണ്ടിട്ടു പുതച്ച് ഒരു കോണിൽ ഒതുങ്ങിമാറി നിന്നിരുന്ന ആ വൃദ്ധൻ തലയിൽനിന്ന് മുണ്ടെടുത്തുമാറ്റി, തലയൊന്നുയർത്തി ആ മങ്ങിയ വെളിച്ചത്തിൽ ദാസിനെ സൂക്ഷിച്ചുനോക്കിയിട്ട്, ‘‘ആപ്പറഞ്ഞതാരാ കോണിശ്ശേരിലെ കുഞ്ഞാണോ? ങ്ങാ, അങ്ങനാ വേണ്ടത്, അതിന് ചൊണ വേണം, ചൊണ, വയസ്സാണെങ്കിലും ഏനും വരാം.’’
സദസ്സിലാകെ ആവേശം അലതല്ലി. സഖാവ് ശീതങ്കൻ പ്രസിഡന്റും എസ്.കെ. ദാസ് സെക്രട്ടറിയുമായി ഒരു കമ്മിറ്റി രൂപവത്കരിച്ചു. അങ്ങനെ 1939 ഡിസംബർ എട്ടിന് [...] ഭാരതത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി പ്രസ്ഥാനം പെറ്റുവീണു. [...] എസ്.കെ. ദാസിന്റെയും ശീതങ്കന്റെയും നേതൃത്വത്തിൽ കർഷകത്തൊഴിലാളി പ്രസ്ഥാനം ശക്തിപ്രാപിച്ചുവന്നു. കർഷകത്തൊഴിലാളികളുടെയിടയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. മുതലാളിമാരെ കണ്ടാൽ ഒതുങ്ങി വഴിമാറി നടന്നിരുന്നവർ അങ്ങനെ മാറിനടക്കാൻ മടികാണിക്കുന്നു. ചെറുപ്പക്കാർ മേൽമീശവെച്ചും ഷർട്ടിട്ടും കൂസലില്ലാതെ സംഘടിതമായി നടന്നുതുടങ്ങി.
പിന്നീട് ഏതുഘട്ടം വരെ ശീതങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്നു എന്നതിന്റെ സൂചനയെങ്കിലും കിട്ടുന്നില്ല. അതെങ്ങനെയായാലും, പാർട്ടിയിലേക്ക് വരുന്നതിനുമുമ്പേ അദ്ദേഹം തുടങ്ങിവെച്ച സമുദായ-ബഹുജനോപകാര പ്രവർത്തനം അന്ത്യം വരെ തുടർന്നു എന്നു കരുതാം. അതിന്, 1936 തൊട്ട് 1951 വരെയുള്ള രേഖാപരമായ തെളിവുകൾ ഇപ്പോൾ നമുക്ക് മുന്നിലുണ്ടല്ലോ. സർക്കാറിലും ബഹുജനങ്ങൾക്കിടയിലും അദ്ദേഹത്തിന് എത്രമാത്രം സ്വാധീനമുണ്ടായിരുന്നു എന്ന് ഇതിന് കീഴെ കാലക്രമമനുസരിച്ച് ചേർക്കുന്ന ഔദ്യോഗികവും അല്ലാത്തതുമായ 21 രേഖകൾ പറയുന്നുണ്ട്.
‘‘ഇടവേളയിൽ രണ്ടാം ഭാര്യയായ കാളിക്കുട്ടിയോടൊപ്പം കരുമാടിയിലുള്ള കുടകുത്തുംപറമ്പ് വീട്ടിൽ താമസിച്ചിരുന്ന ശീതങ്കൻ, മരണത്തിനുമുമ്പ് കൈനകരി കുട്ടമംഗലത്തുള്ള സ്വവസതിയിൽ എത്തി താമസമാക്കി. 1956 ഏപ്രിൽ 25ന് 70ാമത്തെ വയസ്സിൽ സ്വവസതിയിൽവെച്ച് അദ്ദേഹം നിര്യാതനായി’’ (ബോസ്, പേ. 8).
പുരാരേഖകളിലേക്ക്
Government of Travancore എന്ന സർക്കാർ ചിഹ്നം അച്ചടിച്ച ലെറ്റർപാഡിൽ, മഹാരാജ കൊട്ടാരത്തിൽനിന്ന് 24.7.1935ന് എഴുതിയ ‘Dear Sir’ എന്നുതുടങ്ങുന്ന ഇംഗ്ലീഷ് കത്ത് (No. K. 1885), ‘K.C. Seethankan, Esq., President, Sadhu Jana Paripalana Sanghom, Kainakari’ എന്നയാൾക്കുള്ളതാണ്:
‘‘തിരുമനസ്സിന് G.C.I.E എന്ന പദവി കിട്ടിയതിൽ അഭിനന്ദനവും ആശംസകളും നേരുന്ന പ്രമേയം 29.11.1110ന് ചേർന്ന യോഗത്തിൽ പാസാക്കിയതിന് താങ്കൾക്കും താങ്കളിലൂടെ കൈനകരിയിലെ പുലയർക്കും മഹാരാജ തിരുമനസ്സിന്റെ ആത്മാർഥമായ നന്ദി അറിയിക്കാൻ എന്നോടു കൽപിച്ചിരിക്കുന്നു.’’
***
‘മി. കെ.സി. ശീതങ്കൻ, പ്രസിഡന്റ്, മധ്യോത്തര തിരുവിതാംകൂർ സാധുജന പരിപാലന സംഘം, കുട്ടമംഗലം, കൈനകരി’ എന്ന വിലാസത്തിലേക്ക് തിരുവനന്തപുരം അധഃകൃത സംരക്ഷണ ആഫീസിൽനിന്ന് 22.9.’36ന് എഴുതിയ കത്തിൽ (നമ്പർ 176): ‘‘ആലപ്പുഴയുള്ള അധഃകൃത വിദ്യാർഥികളുടെ താമസ സൗകര്യത്തിന് ഒരു ഷെഡ് പണിയുന്നതിലേക്ക് ടിയാൻ നിർദേശിച്ചതും [,] ആലപ്പുഴ പകുതിയിൽ സർവെ 833/2ൽ പെട്ടതുമായ സ്ഥലം ടി ഉപയോഗത്തിന് വിനിയോഗിക്കുന്നതിന് സൗകര്യപ്പെടുന്നതല്ലെന്ന് അമ്പലപ്പുഴ താലൂക്ക് കച്ചേരിയിൽനിന്നും ഇവിടെ അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ടിയാൻ... ആവശ്യത്തിന് സൗകര്യപ്രദമായ മറ്റു ഏതെങ്കിലും സ്ഥലം നിർദേശിച്ചു അതിന്റെ... വിസ്തീർണം, പകുതി മുതലായ വിവരങ്ങൾ ഇവിടെ അറിയിക്കണം.’’
***
20.10.1936ന് ഹുസൂർ കച്ചേരിയിൽനിന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ശീതങ്കനെഴുതിയ കത്തിൽ (D. Dis. No. 887 of 36/L.G.B) അദ്ദേഹത്തിന്റെ പദവിയായി ചേർത്തിരിക്കുന്നത് പ്രസിഡന്റ്, സാധുജന പരിപാലന സംഘം, മധ്യ തിരുവിതാംകൂർ എന്നാണ്. കുട്ടനാട്ടിലെ പുലയർക്കും പറയർക്കും ശ്മശാനം വേണമെന്ന നിവേദനത്തിനുള്ള ആ മറുപടിയിൽ സർക്കാർ പറയുന്നത്, അധഃസ്ഥിത വർഗ പ്രൊട്ടക്ടർ വേണ്ട നടപടിയെടുക്കുമെന്നാണ്.
കോട്ടയം ഡിവിഷൻ കച്ചേരിയിൽനിന്ന് ശിരസ്തദാർ, No.C 2823/11 ആയി 2.5.1112ന് [16.12.1936] എഴുതിയ ഇണ്ടാസിൽ (കൈനകരി കുട്ടമംഗലം പനക്കൽചിറ കെ.സി. ശീതങ്കൻ, ചേർത്തല താലൂക്കിലെ തണ്ണീർമുക്കം സൗത്ത് പകുതിയിൽ S.No. 161/17ൽ പെട്ട 1 ഏക്കർ 36 സെന്റ് സ്ഥലം പതിച്ചുകൊടുക്കണമെന്ന് അപേക്ഷിച്ചു നൽകിയ ഹരജിക്കുള്ളത്) പറയുന്നത്, ഹരജിക്കാരൻ ആവശ്യപ്പെട്ട സ്ഥലം പതിച്ചുകൊടുക്കാൻ ലഭ്യമല്ലെന്ന് ചേർത്തല തഹസിൽദാർ അറിയിച്ചിരിക്കുന്നു എന്നാണ്.
***
തിരുവനന്തപുരം അവശ സമുദായ സംരക്ഷണ ആഫീസിൽനിന്ന് 13.5.1937ന് ‘റഫ്:- 14.9.1112 [26.4.’37]ലെ അപേക്ഷ’ എന്നു ചേർത്ത് ‘കെ.സി. ശീതങ്കൻ, പ്രസിഡന്റ്, സാധുജന പരിപാലന സംഘം, കൈനകരി’ക്ക് എഴുതിയ കത്ത്:- ‘‘തകഴി പകുതിയിൽ സർവേ 275/1, 327/1 ഈ നമ്പറുകളിൽ അവശ സമുദായക്കാർക്ക് സൗജന്യ പതിവിനായി ഒഴിച്ചിടപ്പെട്ടിട്ടുള്ള സ്ഥലങ്ങൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്.’’
***
കൗതുകകരമായ ഒരു ഇംഗ്ലീഷ് കത്താണ് ‘ഭക്തിവിലാസ’ത്തുനിന്ന് ദിവാന്റെ പ്രൈവറ്റ് സെക്രട്ടറി 10.10.1937ന് കുട്ടമംഗലം കൈനകരിയിലേക്ക് (സാധുജന പരിപാലന സംഘം പ്രസിഡന്റ് കെ.സി. ശീതങ്കന്റെ പേരിൽ) എഴുതിയയച്ചത്:- ‘‘കൊടുപ്പുന്നയിൽ നടന്ന ഹൈന്ദവ മഹാസമ്മേളനത്തിൽ പാസാക്കിയ ഒരു പ്രമേയവും ചേർത്ത് 22.2.1113ന് [8.10.1937] താങ്കൾ എഴുതിയ കത്ത്: പ്രമേയത്തിൽ പറയുന്ന കാര്യത്തിന് താങ്കൾ സ്പെഷൽ യൂനിവേഴ്സിറ്റി ഓഫിസറെ കാണാൻ അപേക്ഷിക്കുന്നു.’’
[അക്കൊല്ലം സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ യൂനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറാണ് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ. 7.11.1937നാണ് ആദ്യ യൂനിവേഴ്സിറ്റി നിയമമുണ്ടായത്. സ്കൂൾ പ്രവേശനത്തിനുപോലും പൊരുതേണ്ടിവന്ന ഒരു ജനതക്ക്, ആ കാലം പിന്നിട്ട് അധികമെത്തും മുമ്പേ വന്ന യൂനിവേഴ്സിറ്റിയുമായി എന്ത് ബന്ധമായിരുന്നു എന്ന് അന്വേഷിക്കേണ്ടത് വളരെ പ്രധാനമാണ്.]
***
ഇലന്തൂരിലെ മധ്യതിരുവിതാംകൂർ അവശ സമുദായ സംരക്ഷക ഫീൽഡ് ഓഫിസിൽനിന്ന് 14.3.1114ന് (30.10.’38) സാ.പ. സംഘം പ്രസിഡന്റ് കെ.സി. ശീതങ്കന്റെ കൈനകരി വിലാസത്തിലേക്ക് എഴുതിയ കത്ത് (നമ്പർ: 128):-
‘‘പ്രക്കാടു പകുതിയിൽ അവശ സമുദായങ്ങളുടെ ആവശ്യത്തിന് തിരിച്ചിട്ടിട്ടുള്ള ഭൂമി താങ്കളുടെ സംഘം വകക്ക് കാളനി സ്ഥാപിക്കുന്നതിന് വിട്ടുതരുന്നതു സംബന്ധിച്ച് താങ്കൾ അയച്ചിട്ടുള്ള ഹരജിയെപ്പറ്റി അന്വേഷിക്കുന്നതിന് ഈ മാസം 18ാം തീയതി ഞാൻ സ്ഥലത്തുവരുന്നതും രണ്ടുദിവസം ക്യാമ്പ് ചെയ്യുന്നതുമാണ്. കൈനകരിയിൽ താങ്കളുടെ ആഫീസ് ഏതു ഭാഗത്താണെന്നുള്ള വിവരത്തിന് ഉടൻ എഴുതി അയക്കണമെന്ന് താൽപര്യപ്പെടുന്നു. ഈ ആഫീസിൽനിന്നും 12.2.1114ൽ [28.9.’38] 73ാം നമ്പറായി അയച്ചിട്ടുള്ള ലെറ്ററിലെ താൽപര്യപ്രകാരം ശ്മശാനത്തിന് ഭൂമി നിശ്ചയിച്ചിട്ടില്ലെങ്കിൽ, താമസിയാതെ നിശ്ചയിച്ചുകൊള്ളണമെന്നും 18ാം തീയതി താങ്കൾ സ്ഥലത്തു ഉണ്ടായിരിക്കണമെന്നും കൂടി അറിയിച്ചുകൊള്ളുന്നു.
Field Officer’’
***
മഹാരാജാവിന്റെ (27ാം) ജന്മദിനത്തിന് (7.11.1938) അറിയിച്ച ‘ദയാപൂർണമായ അഭിനന്ദനങ്ങൾക്ക്’ നന്ദി പറയാൻ തന്നോട് മഹാരാജ തിരുമനസ്സ് കൽപിച്ചിരിക്കുന്നു എന്ന് കൊട്ടാരത്തിൽനിന്ന് പ്രൈവറ്റ് സെക്രട്ടറി 15.11.1938ന് എഴുതിയ കത്ത് (No. K. 1377) സാ.പ. സംഘം പ്രസിഡന്റ് കെ.സി. ശീതങ്കന്റെ അമ്പലപ്പുഴ കൈനകരി വിലാസത്തിലേക്കാണ് അയച്ചിട്ടുള്ളത്.
***
ഇലന്തൂരിലെ അവശസമുദായ സംരക്ഷക മധ്യ ഡിവിഷൻ ഫീൽഡ് ഓഫിസിൽനിന്ന് കെ.സി. ശീതങ്കൻ, അമ്പലപ്പുഴക്ക് 27.1.1939ന് എഴുതിയ കത്ത് (No. 344)-:
‘‘ഈ ആഫീസിൽനിന്നും 16.1.’39ൽ 323ാം നമ്പറായി താങ്കൾക്ക് അയച്ചിട്ടുള്ള ലെറ്ററിലെ വിവരപ്രകാരം ഞാൻ ഈ മാസം 20ാം തീയതി അമ്പലപ്പുഴയിൽ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വരുന്നതാണ്. അന്ന് രാവിലെ ഒമ്പതുമണിക്ക് (9) ഇടത്തുവ പോലീസു സ്റ്റേഷനിനടുത്ത് വന്നുചേരും. താങ്കൾ അവിടെ വന്നു എന്നെ സ്ഥലങ്ങൾ കാണുന്നതിന് സഹായിക്കണമെന്ന് താൽപര്യപ്പെടുന്നു. സ്ഥലങ്ങളിലേക്ക് പോകുന്നതിന് സർവീസു ബോട്ടില്ലാത്തപക്ഷം ഒരു വള്ളം ഏർപ്പാട് ചെയ്യണം. താങ്കളും വള്ളക്കാരനുൾപ്പെടെ വേറെ രണ്ടുപേരുമല്ലാതെ കൂടുതൽ ആളുകൾ ഉണ്ടായിരിക്കരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ ലെറ്റർ കിട്ടിയ വിവരത്തിനും താങ്കൾ എപ്പോൾ എടത്തുവായിൽ വരുമെന്നും മറ്റുമുള്ള വിവരങ്ങൾക്ക് ഉടൻ മറുപടി അയക്കണം.’’
***
മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി 3.12.1939ന് ആലപ്പുഴയിലെ ഉത്തര-മധ്യ തിരുവിതാംകൂർ സാ.പ. സംഘം ജനറൽ സെക്രട്ടറി കെ.സി. ശീതങ്കന് എഴുതിയ മറുപടി, മഹാരാജ പിറന്നാളിന് ആശംസയറിയിച്ച ശീതങ്കനും പുലയർക്കും മഹാരാജാവിന്റെ നന്ദിയറിയിക്കാനാണ്.
***
ഇലന്തൂരിലെ മധ്യ ഡിവിഷൻ അവശസമുദായ ഫീൽഡ് ഓഫിസിൽനിന്ന് 6.2.1939ന് കെ.സി. ശീതങ്കൻ അമ്പലപ്പുഴക്ക് എഴുതിയ കത്ത് (No. 366):-
‘‘പ്രാക്കാട് പകുതിയിൽ കന്നുകാലി മേച്ചിൽ സ്ഥലത്തുനിന്നും 50 ഏക്കർ സ്ഥലം തിരിക്കുന്നതു ഏതു ഭാഗത്തായാൽ കൊള്ളാമെന്നുള്ള വിവരത്തിന് അതിർത്തി കാണിച്ചു വിശദമായി എഴുതി അയക്കണം. സാധിക്കുമെങ്കിൽ ഒരു പടം കൂടി വരച്ചു അയച്ചാൽ നന്നായിരിക്കും.
‘കൂടാതെ ചെറുതന പകുതിയിൽ ഭജനമഠത്തിനും സംഘം കൂടുന്നതിനുമായി നിശ്ചയിച്ച സ്ഥലത്തെ സംബന്ധിച്ച് വിവരങ്ങൾ കഴിയുന്നതും വേഗത്തിൽ അയച്ചുതരണം.’ ’’
***
‘‘പ്രാക്കാട് പകുതിയിൽ അവശ സമുദായങ്ങൾക്കായി ഗവൺമെന്റിൽനിന്നും അനുവദിച്ചിട്ടുള്ള അമ്പതേക്കർ സ്ഥലവും ഈ ഡിപ്പാർട്ടുമെന്റിന്റെ കൈവശം കിട്ടിയതിനുമേൽ മാത്രമേ അവശ സമുദായാംഗങ്ങളെ അവിടെ പ്രവേശിപ്പിക്കാൻ ഇടയുള്ളൂ. എന്നുള്ള വിവരം തെര്യപ്പെടുത്തുന്നു’’ എന്ന് 1.4.1940ന് ബോധിപ്പിച്ച അപേക്ഷക്ക് മറുപടിയായി തിരുവനന്തപുരം അവശ സമുദായ സംരക്ഷണ ആഫീസിൽനിന്ന് എഴുതിയ ഇണ്ടാസ് സാ.പ. സംഘം പ്രസിഡന്റ് കെ.സി. ശീതങ്കനുള്ളതാണ് (No. 2225/186/14, 6.4.40)
1117 കന്നി (1941 സെപ്റ്റംബർ-ഒക്ടോബർ)യിലെ കൊടുപ്പുന്ന പടനിലക്കാവ് മക മഹോത്സവ പ്രവർത്തകനായി നോട്ടിസിൽ കാണുന്നത് ‘മധ്യോത്തര തിരുവിതാംകൂർ സാ.പ. സംഘം പ്രസിഡന്റി’നെയാണ്.
***
മഹാരാജാവിന് പിറന്നാളാശംസയറിയിച്ചതിന് കൊട്ടാരത്തിൽനിന്ന് പ്രൈവറ്റ് സെക്രട്ടറി 8.11.1941ന് മഹാരാജാവിന്റെ നന്ദിയറിയിച്ചത്, ആലപ്പുഴയിലെ പുലയ മഹാസഭ ഡിവിഷൻ പ്രസിഡന്റ് കെ.സി. ശീതങ്കനാണ്.
***
പുറക്കാട് പകുതിയിൽ അവശ സമുദായങ്ങൾക്കായി അനുവദിച്ച 50 ഏക്കർ സ്ഥലത്തെപ്പറ്റിയാണ് 21.4.1118ന് (6.12.1942) അടൂർ (?, അവശ സമുദായ സംരക്ഷണ?) ഫീൽഡ് ഓഫിസിൽനിന്ന് എഴുതിയ കത്ത്; ‘‘പുറക്കാട്ടു കാളനിയിൽ താമസിക്കുന്നതിനുള്ള അൻ[പത്] പുലയ കുടുംബങ്ങളുടെ ലിസ്റ്റ് ഉടൻ അയച്ചുതരണം’’ എന്ന് അതിൽ ആവശ്യപ്പെടുന്നു. (No. 215).
***
1121 തുലാം (1945 ഒക്ടോ-നവം.) മാസത്തെ ക്ഷേത്രപ്രവേശന സ്മാരക ദിനാഘോഷം നടത്തുന്ന ‘സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ ആലപ്പുഴ ഡിവിഷന്റെ പ്രസിഡന്റാ’ണ് ശീതങ്കൻ നോട്ടീസിൽ.
***
പിന്നാക്ക സമുദായ പ്രൊട്ടെക്ടർക്ക് 27.8.1945ന് സർക്കാറിൽനിന്ന് എഴുതിയ ഉത്തരവ് (G.O.D.Dis.No. 1224/45/Edn) കെ.സി. ശീതങ്കന് 31.8.45ന് ഫോർവേഡ് ചെയ്യുന്നത് ‘President, Pulayar Mahasabha union, കൈനകരി’ എന്ന് എഴുതിച്ചേർത്താണ്. അമ്പലപ്പുഴ പുറക്കാട് കോളനിക്ക് വരമ്പ് നിർമിക്കാൻ 500 രൂപ അനുവദിച്ചെന്നും പണിനടത്താൻ ശീതങ്കനെ അനുവദിക്കുന്നു എന്നും ഉത്തരവിലുണ്ട്.
***
അമ്പലപ്പുഴ പുറക്കാട് കോളനിയിലെ മിസ്റ്റർ കെ.സി. ശീതങ്കന് 17.3.47ന് പിന്നാക്ക സമുദായ പ്രൊട്ടക്ടർ ഫോർവേഡ് ചെയ്തയച്ച കത്ത് (No. 3585/22/PBC), സർക്കാറിൽനിന്ന് പ്രൊട്ടക്ടർക്ക് അയച്ച ഉത്തരവാണ് (G.O.D.Dis, No. 649/47/Edn dated 14.3.1947). പിന്നാക്ക സമുദായ ഉന്നമന ദശവർഷ പദ്ധതിയിൽപെടുത്തി, പുറക്കാട് പിന്നാക്ക സമുദായ കോളനിയിൽ ഒരു ഉയർന്ന തറ പണിയുന്നതിന് സർക്കാർ അക്കൊല്ലത്തെ ബജറ്റിൽ 1,000 രൂപ അനുവദിച്ചതാണ് വിഷയം. ഇതുവരെ പൂർത്തിയാക്കിയ പണിക്ക് അഡ്വാൻസായി 350 രൂപയും അനുവദിച്ചിട്ടുണ്ട്. [അവശ സമുദായ സംരക്ഷക] സെൻട്രൽ ഡിവിഷൻ ഫീൽഡ് ഓഫിസറുടെ മേൽനോട്ടത്തിൽ പ്രസ്തുത പണി നടത്താൻ കോളനിയിലെ കെ.സി. ശീതങ്കനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
***
അമ്പലപ്പുഴ പുറക്കാട് കോളനിയുടെ സംരക്ഷണ വരമ്പ് പണിയും തറ ഉയർത്തൽ പണിയും എസ്റ്റിമേറ്റ് തുകയായ 328 രൂപകൊണ്ട് പ്രാദേശിക തൊഴിലാളികളെ വെച്ച്, സെൻട്രൽ ഡിവിഷൻ ഫീൽഡ് ഓഫിസറുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയത് അംഗീകരിക്കുന്നതായി അറിയിച്ച് സർക്കാർ, പിന്നാക്ക സമുദായ പ്രൊട്ടക്ടർക്ക് 10.4.47ന് എഴുതിയ ഉത്തരവ് (G.O.D.Dis, No. 913/47/Edn) പ്രൊട്ടക്ടർ ഫോർവേഡ് ചെയ്ത് പുറക്കാട് കോളനിയിലെ കെ.സി. ശീതങ്കന് അയച്ചിട്ടുണ്ട് (No. 3974/22/PBC dated 11.4.47).
***
അവശ സമുദായ സംരക്ഷണ ഫീൽഡ് ആഫീസർ (കോസ്റ്റൽ ഡിവിഷൻ, ഹരിപ്പാട്) 20.4.1948ന് എഴുതിയ കത്ത്, ‘മിസ്റ്റർ കെ.സി. ശീതങ്കൻ, പുലയർ മഹാസഭ ഡിവിഷൻ പ്രസിഡന്റ്, തോട്ടപ്പള്ളി’ എന്ന വിലാസത്തിലേക്കാണ്. താൻ 15ന് ഇല്ലിച്ചിറ കോളനിയിൽ വരുമെന്നാണ് ഓഫിസറുടെ അറിയിപ്പ്:- ‘‘കാളനിയെ സംബന്ധിക്കുന്ന അതിപ്രധാനമായ ചില കാര്യങ്ങൾ കാളനി അംഗങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നതിനാൽ അവർ എല്ലാവരും കാളനി സ്ഥലത്തു ഹാജരാകുന്നതിനു വേണ്ട നിർദേശങ്ങൾ കൊടുക്കേണ്ടതാണ്.’’
***
‘ശീതങ്കൻ ഫയലി’ലെ അവസാന കത്താണ് നമുക്ക് മുന്നിൽ. പുലയർ മഹാസഭ ഡിസ്ട്രിക്ട് പ്രസിഡന്റ്, ഇല്ലിച്ചിറ കാളനി, തോട്ടപ്പള്ളി എന്നാണ് വിലാസം. ഹരിപ്പാട്ടുള്ള പിന്നാക്ക സമുദായോന്നമന കോസ്റ്റൽ ഡിവിഷൻ ഫീൽഡ് ഓഫിസറുടെ 6.10.1951ന്റെ കത്താണിത് (No. 439/51):-
‘‘ഇല്ലിച്ചിറ കോളനിയിൽ ഒന്നര ഏക്കർ പൊതുസ്ഥലത്ത് 1127ാമാണ്ട് കൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ [,] കൂടിയ തുകയായ പതിനഞ്ചു രൂപായ്ക്ക് താങ്കളുടെ പേരിൽ സ്ഥിരപ്പെടുത്തി പിേന്നാക്ക സമുദായോന്നമനക്കമീഷണറുടെ 3.10.51ലെ C.1 - 3658/51 നമ്പർ കൽപന വന്നിരിക്കുന്നതിനാൽ ടി തുക ഒന്നായി ഖജനാവിൽ അടക്കേണ്ടതും ഒരു രൂപ മുദ്രപ്പത്രത്തിൽ ഒരു പാട്ടച്ചീട്ട് എഴുതിവെക്കേണ്ടതുമാണ്. ഇതിലേക്ക് താങ്കൾ ഈ ഒക്ടോബർ മാസം 13ാംന് (കന്നി 27ാംനു) ശനിയാഴ്ച ഈ ആഫീസിൽ വരണമെന്ന് താൽപര്യപ്പെടുന്നു.’’