വരണ്ടുപോകാത്ത ഇടങ്ങൾ
മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ‘ഭാരതപുഴ’ കാണുന്നു. നളിനി ജമീലയുമായി ദീർഘകാലത്തെ പരിചയമുള്ള സംവിധായകൻ, അവരുടെ അനുഭവങ്ങളുടെ സ്വാധീനം കൂടി ‘ഭാരതപുഴ’യുടെ രചനയിൽ കാണാൻ കഴിയുെമന്ന് ലേഖിക നിരീക്ഷിക്കുന്നു..‘‘എനിക്ക് മുഖമില്ല/ ഹൃദയമില്ല/ ആത്മാവില്ല/ എനിക്കുണ്ട്/ രണ്ടു മുലകൾ.’’ പ്രസിദ്ധമായ ഈ തമിഴ് പെൺകവിതാശകലം അറിയാതെ പലവട്ടം മനസ്സിലൂടെ മിന്നിമാഞ്ഞു പൊയ്ക്കൊണ്ടിരുന്നു, മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ‘ഭാരതപുഴ’ കണ്ടുകൊണ്ടിരുന്നപ്പോൾ....
Your Subscription Supports Independent Journalism
View Plansമണിലാൽ രചനയും സംവിധാനവും നിർവഹിച്ച ‘ഭാരതപുഴ’ കാണുന്നു. നളിനി ജമീലയുമായി ദീർഘകാലത്തെ പരിചയമുള്ള സംവിധായകൻ, അവരുടെ അനുഭവങ്ങളുടെ സ്വാധീനം കൂടി ‘ഭാരതപുഴ’യുടെ രചനയിൽ കാണാൻ കഴിയുെമന്ന് ലേഖിക നിരീക്ഷിക്കുന്നു..
‘‘എനിക്ക് മുഖമില്ല/ ഹൃദയമില്ല/ ആത്മാവില്ല/ എനിക്കുണ്ട്/ രണ്ടു മുലകൾ.’’ പ്രസിദ്ധമായ ഈ തമിഴ് പെൺകവിതാശകലം അറിയാതെ പലവട്ടം മനസ്സിലൂടെ മിന്നിമാഞ്ഞു പൊയ്ക്കൊണ്ടിരുന്നു, മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ‘ഭാരതപുഴ’ കണ്ടുകൊണ്ടിരുന്നപ്പോൾ.
‘‘കല്യാണം കഴിഞ്ഞതിൽ പിന്നെ/പുഴ ഏതുവരെ പോകുന്നു,/ കാട്ടിത്തരൂ എന്നു ഞാൻ ‘അവരോ’ടു ചോദിച്ചു.../അമ്പതുമൈലപ്പുറം പുഴയുടെ വഴിയിൽ/ ഒരണക്കെട്ട് കാട്ടിത്തന്നു/ഇതുവരെയേ എനിക്കും അറിയൂ എന്നുപറഞ്ഞു/ എന്നാലും ആറു പൊയ്ക്കൊണ്ടിരുന്നു/ ഞാനോ ചിരിച്ചുകൊണ്ടിരുന്നു...’’
തമിഴിലെ പ്രശസ്ത കവി സുഗന്ധി സുബ്രഹ്മണ്യത്തിന്റെ വരികൾ ഇതോടുകൂടി കൂട്ടിവായിക്കാം. സ്ത്രീകൾ തങ്ങളുടെ വീക്ഷണങ്ങളും അഭിലാഷങ്ങളും സാഹിത്യത്തിൽ മറയില്ലാതെ തുറന്നുപറയാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. സാഹിത്യത്തെക്കാൾ ഈ വിഷയസമീപനത്തിൽ ഏറെ ചെറുപ്പമാണ് ദൃശ്യകലാ മാധ്യമങ്ങൾക്ക്. സ്ത്രീ സ്വത്വത്തെ വീടും കുടുംബാധിഷ്ഠിതമായ കെട്ടുപാടുകളും അധികാര വ്യവസ്ഥിതിയുമായി ബന്ധപ്പെടുത്തി മാത്രമേ സിനിമകളിൽ കൈകാര്യംചെയ്യാറുള്ളൂ. കുടുംബത്തിൽനിന്നും പുറത്തുള്ള ചില വ്യക്തിബന്ധങ്ങളിലേക്കും യാത്ര, സുഹൃത്തുക്കൾ, ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്ന ഭക്ഷണപാനീയങ്ങൾ, പുതിയ കാഴ്ചകൾ ഇവയെല്ലാം സ്ത്രീയെ കുടുംബത്തിൽനിന്നു പുറത്താക്കുകയും സ്ത്രീലൈംഗികതയെ മാത്രം അടയാളപ്പെടുത്തുന്ന രീതിയിൽ ഭാഷയിൽ രൂപപ്പെട്ടിരിക്കുന്ന ചില പദങ്ങളിലേക്ക് അവളെ ചുരുക്കുകയും ചെയ്യുന്നു.
പുരുഷൻ കുടുംബത്തിൽനിന്നും എപ്പോൾ വേണമെങ്കിലും പുറത്തേക്കു വരുകയും തിരികെ വൈഷമ്യമില്ലാതെ സ്വയം പ്രവേശനം സാധ്യമാക്കുകയും ചെയ്യും. സ്ത്രീയെ സംബന്ധിച്ച് അത്തരം ഒരു പുറത്തേക്കുപോകൽ പിന്നീട് പുനഃപ്രവേശനം സാധ്യമാകാത്ത തരത്തിൽ സമൂഹത്തിന്റെ വിചാരണകൾ നേരിടേണ്ട ഒരു അവസ്ഥയിലേക്ക് അവളെ എത്തിക്കുന്നു. സുഗന്ധി സുബ്രഹ്മണ്യത്തിന്റെ കവിതയിലേതുപോലെ അവൾക്ക് വീട്ടിൽ ഇരുന്ന് നദിയുടെ ഒഴുക്ക് കാണേണ്ടിവരും. പക്ഷേ, സമൂഹത്തിന്റെ വിധിവിലക്കുകൾക്ക് അപ്പുറം ഭാവനാത്മകമായി ആ ചങ്ങലക്കെട്ടുകൾ അവൾ നിർദാക്ഷിണ്യം തകർത്തെറിയുകയും ചെയ്യും.
ഭാരതപ്പുഴ വരണ്ടുപോയ നദിയാണ്. മലയാളക്കരയുടെ ഹൃദയത്തെ തൊട്ടുണർത്തിയ കിനാക്കാലങ്ങൾക്ക് ഭൂമികയായവൾ. കവികളെയും കലാകാരന്മാരെയും തന്റെ മണൽത്തിട്ടയിൽ രാത്രിസഞ്ചാരത്തിന് ക്ഷണിച്ചവൾ. അവളുടെ വിശാലമായ പുളിനവും നിറഞ്ഞൊഴുകുന്ന തണ്ണീരും കല്ലിനെപ്പോലും കവിയാക്കി മാറ്റാൻ ത്രാണിയുള്ളതായിരുന്നു. കാലാന്തരത്തിൽ നീര് വറ്റി ശുഷ്കിച്ച് മണൽത്തിട്ടകളും ചളിക്കുണ്ടുകളും മാത്രമായി തെളിഞ്ഞുനിൽക്കുന്ന, മാറ് കാണിച്ച് വേനലിൽ കിതച്ചൊഴുകുന്ന അവൾ ദുരമൂത്ത മനുഷ്യരെക്കുറിച്ച് പറയാതെ പറയുന്നുണ്ട്.
സുഗന്ധി വരണ്ടുപോയവളല്ല. യൗവനത്തിന്റെ തീക്ഷ്ണദാഹങ്ങളും മോഹഭംഗങ്ങളുടെ കനൽക്കട്ടകളും സഫലമാകാത്ത പ്രണയസ്വപ്നങ്ങളും പിഞ്ചിലേ നുള്ളിയെടുത്ത ബാല്യത്തിന്റെ നൊമ്പരങ്ങളും ഉള്ളിൽ പേറുന്നവളാണ്. അവൾക്ക് ലോകത്തെ അറിയാം. മനുഷ്യരെ അറിയാം. പുരുഷനെ അറിയാം. തന്നെ കെണിയിൽപെടുത്തിയ ലോകത്തോട് വലിയ പ്രതികാര ചിന്തകൾ ഒന്നുമില്ലാതെ ഒഴുക്കിനൊത്ത് നീന്തുകയാണവൾ. താൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനെയും ഒരു രാത്രിയുടെ മാത്രം കണക്കിൽപെടുത്താതെ ചിലപ്പോഴെങ്കിലും ഓർക്കുന്നുണ്ടവൾ.
മലയാളത്തിൽ ചലനം സൃഷ്ടിച്ച കൃതിയായിരുന്നു നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’. ഒമ്പതു വയസ്സു മുതൽ ജോലിക്ക് പോയി തുടങ്ങിയതാണ് നളിനി ജമീല. ഓട്ടുകമ്പനിയിലും മണ്ണുമടയിലും ബാലവേല ചെയ്ത കാലവും അക്കാലത്ത് നേരിട്ട പീഡനശ്രമങ്ങളും അവർ വിവരിക്കുന്നുണ്ട്. നളിനി ജമീലയുമായി ദീർഘകാലത്തെ പരിചയമുണ്ട് സംവിധായകൻ മണിലാലിന്. അവരുടെ അനുഭവങ്ങളുടെ സ്വാധീനം കൂടി ‘ഭാരതപുഴ’യുടെ രചനയിൽ കാണാൻ കഴിയും. സുഗന്ധി ഏറെ സ്നേഹത്തോടെ സമീപിക്കുന്ന ഡോക്ടർ (ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന കഥാപാത്രം) നളിനി ജമീലയുടെ അനുഭവ കഥനങ്ങളിലെ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഓർമിപ്പിക്കുന്നുണ്ട്.
രാത്രിസഞ്ചാരങ്ങൾക്ക് അകമ്പടി സേവിക്കുന്ന ഷാബുവും വീൽചെയറിലിരുന്ന് മടിപിടിച്ച് ജീവിതം തള്ളിനീക്കുന്ന എഴുത്തുകാരനും, അവളുടെ ഭാവങ്ങളെ ശിൽപമാക്കാൻ വെമ്പുന്ന ശിൽപിയും അവളുടെ ഇഷ്ടങ്ങളെ ചോദ്യംചെയ്യുന്നില്ല. എന്നാൽ, വെറിപിടിച്ച പുരുഷന്റെ ആർത്തിയിൽനിന്ന് അവളെ സംരക്ഷിക്കാൻ അവർക്കാർക്കും സാധിക്കുന്നുമില്ല.
തൃശൂർ റൗണ്ടിലെ രാത്രിജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ പ്രകടിപ്പിക്കുന്ന സൂക്ഷ്മത സിനിമയും ജീവിതവും ഒന്നാണെന്ന തോന്നലുണ്ടാക്കുന്നുണ്ട്. യഥാർഥ ജീവിതം/യഥാർഥ മനുഷ്യർ മറനീക്കി പുറത്തുവരുന്നത് രാത്രിയിലാണെന്ന യാഥാർഥ്യം പല സന്ദർഭങ്ങളിലൂടെ സിനിമ അടിവരയിട്ടുറപ്പിക്കുന്നു. വ്യാജ വാഗ്ദാനങ്ങളിലൂടെ സുഗന്ധിയുടെ സർവ വിശ്വാസവും ആർജിച്ചെടുക്കുന്ന കിടപ്പറക്കൂട്ടുകാരൻ (ഇർഷാദ് അലിയുടെ കഥാപാത്രം) പകൽസമയത്ത് കുല പുരുഷനായി, അവളുമായി ഒരു മുൻപരിചയവുമില്ലെന്ന ഭാവത്തിൽ ഭാര്യയും മക്കളുമൊത്ത് നടന്നുനീങ്ങുന്നതു കാണാം.
‘‘ഈ ലോകത്തെ നന്നാക്കാൻ എല്ലാ ദിവസവും സടകുടഞ്ഞെഴുന്നേൽക്കണമെന്ന് തോന്നും. അപ്പോഴേക്കും ദാ അവൻ വരും, മടി’’ എന്ന് തന്നത്താൻ പരിഹസിക്കുന്ന സമ്പന്നനായ എഴുത്തുകാരൻ പ്രിവിലേജ്ഡ് പുരുഷന്മാരുടെ പ്രതിനിധിയാണ്. എഴുന്നേറ്റു നടക്കാൻ മടിയാണെങ്കിലും തീറ്റക്കും കുടിക്കും സെക്സിനും മടിയില്ലാത്ത, ലോഭമില്ലാതെ അതിരറ്റ് അവയെല്ലാം ആസ്വദിക്കുകയും ഈ ലോകത്തിന്റെ പോക്കിൽ ഉത്കണ്ഠ നിലനിർത്തുകയും ചെയ്യുന്ന മധ്യവർഗ-അതിസമ്പന്നരുടെ ഒരു നീണ്ടനിരയാണ് സമൂഹജീവിതത്തിന്റെ താക്കോൽസ്ഥാനം കൈയാളുന്നതെന്നും കാണാം. ‘‘ഞാനൊരു പുരുഷനല്ലേ? കഥപറയുമ്പോൾ ഇത്തിരി എരിവും പുളിയുമൊക്കെ വേണമല്ലോ’’ എന്ന് ലൈംഗികതയെ എഴുത്തിനുള്ള പശ്ചാത്തലമാക്കുന്ന അയാളുടെ പെരുമാറ്റം മാന്യതവിടാത്ത രീതിയിലാണെന്നതും ശ്രദ്ധേയമാണ്.
പിന്നീട് കാണുന്ന ശിൽപിയുടെ കണ്ണുകളും കാമാതുരമല്ല, തന്റെ ശിൽപത്തിന്റെ പൂർണതയിലാണ് അയാളുടെ ശ്രദ്ധ മുഴുവനും. ദേവതയോ അപ്സരസ്സോ ആയി മാറുന്ന ആ ശിൽപം ഭക്തിക്കും ആരാധനക്കും പാത്രമാകുമ്പോൾ ആ ശിൽപത്തിന് മോഡലായവൾ ഒന്ന് വെളിയിലേക്കിറങ്ങാൻ നഗരത്തിന്റെ വെളിമ്പറമ്പുകളിലും ഇരുണ്ട കോണുകളിലും രാത്രിയാകാൻ വേണ്ടി കാത്തിരിക്കുകയായിരിക്കും. നിയമപാലകരും സദാചാര പൊലീസും പൊതു ഇടങ്ങളിൽ അവളെ അസ്പൃശ്യയാക്കുന്നു. ഇവരിൽ പലരും സൂര്യൻ ഉറക്കത്തിലാകുമ്പോൾ അവളെ തേടിയെത്തുകയും ചെയ്യും.
ചേതമില്ലാത്ത കാര്യമായി കണ്ട് പള്ളിമണിയൊച്ച കേൾക്കുമ്പോൾ കുരിശു വരക്കുന്ന സുഗന്ധി ഇടക്കെപ്പോഴോ ഇടയിളക്കങ്ങളാൽ കുമ്പസാരിക്കാൻ ഒരു വൈദികന്റെ സമീപത്തെത്തുന്നുണ്ട്. എന്താണ് ജോലിയെന്ന അച്ചന്റെ ചോദ്യത്തിന് സെക്സ് വർക്ക് ആണെന്ന് പറയുമ്പോൾ അങ്ങനെയും ഒന്നുണ്ടോ എന്ന് അച്ചൻ അത്ഭുതപ്പെടുന്നു. അഭിസാരിക എന്നും കുലടയെന്നും വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകൾ സമൂഹത്തിന്റെ ചില ആവശ്യങ്ങളുടെ ഇരകൾകൂടിയാണെന്ന് പിന്നീടുള്ള അച്ചന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നുണ്ട്.
‘‘പകൽ മാറി രാത്രി ആകുന്നിടം എല്ലാം എന്റെ ഇടവക. നേർവഴി തേടാത്തവരെല്ലാം എന്റെ കുഞ്ഞാടുകളാണ്’’ എന്ന സുഗന്ധിയുടെ വാക്കുകൾ ചിന്തനീയമാണ്. നീ ലോകം അറിഞ്ഞവളാണെന്നും സദാചാരം നിന്നിലൂടെ മാത്രം സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല എന്നും അച്ചൻ പറയുമ്പോൾ മനുഷ്യൻ ഉണ്ടായ കാലം മുതൽ നിലനിൽക്കുന്ന ചില സങ്കൽപങ്ങളുടെ പൊളിെച്ചഴുത്തു കൂടി നടക്കുന്നതായി അറിയാൻ സാധിക്കുന്നു.
‘‘തിരസ്കാരങ്ങളേക്കാൾ ഭയാനകമായി ഈ ലോകത്ത് എന്താണുള്ളത്?’’ ജോസേട്ടന്റെ നാടക ക്യാമ്പ് സുഗന്ധിയെ അവളുടെ നഷ്ടപ്പെട്ടുപോയ ഭൂതകാലങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. ഏതൊരു തൊഴിലിലും ഇഷ്ടാനിഷ്ടങ്ങൾ പ്രധാനമാണ്. സ്വേച്ഛയാ തിരഞ്ഞെടുത്തതല്ലെങ്കിലും ഒരു ലൈംഗിക തൊഴിലാളി എല്ലാവരുടെയും ഇച്ഛകൾക്ക് വഴങ്ങുന്നവളല്ലെന്ന് അവൾ പലവട്ടം തെളിയിക്കുന്നുണ്ട്. ഒരു തടിമില്ലിൽ മദ്യപനായ ഒരുത്തനു മുന്നിൽ വഴങ്ങാൻ നിൽക്കാതെ ഇറങ്ങിപ്പോകുന്ന സുഗന്ധി തന്റെ പുറകെ നടന്നു ശല്യംചെയ്യുന്ന ചന്ദ്രനെ ഭയന്ന് രാത്രി ഓടി ഒളിക്കാൻ ശ്രമിക്കുന്നുണ്ട്.
‘‘അവറ്റോള് മോത്തേക്കുപോലും നോക്കാറില്ല. വല്ലാത്തൊരു വെപ്രാളാ...’’ പുരുഷന്റെ രഹസ്യയിടങ്ങളിലെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ച് ഒരു ട്രാൻസ്ജെൻഡർ സംസാരിക്കുന്നതും പുരുഷന്മാരേക്കാൾ സ്നേഹത്തോടെ സ്ത്രീയുടെ സാമീപ്യം ആഗ്രഹിക്കുന്ന അവളുടെ വാക്കുകളും ലൈംഗികതയെ കുറിച്ചുള്ള വിഭിന്ന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതാണ്.
‘‘ഇവിടത്തെ ജീവിതമൊക്കെ മടുക്കുമ്പം നമുക്ക് സടകുടഞ്ഞ് എഴുന്നേൽക്കാൻ തോന്നും. അപ്പോൾ മീശ പിരിച്ചെഴുന്നേൽക്കുന്നതാണ് ഈ പുലിക്കളി’’, തൃശൂരിന്റെ സാംസ്കാരിക ഔന്നത്യത്തെക്കുറിച്ച് സംസാരിക്കുന്ന സാംസ്കാരികപ്രവർത്തകൻ ചില പൊള്ളത്തരങ്ങളെ കൂടി വെളിവാക്കുന്നു. കാര്യമായ പണിയൊന്നും എടുക്കാൻ താൽപര്യപ്പെടാതെ കൂടുതൽ സമയവും മടിപിടിച്ചുറങ്ങുന്ന ഷാബു പണം കടം മേടിച്ചിട്ടാണ് പുലിക്കളിക്ക് പോകുന്നത്. കെട്ടുകാഴ്ചകൾക്ക് മറ്റൊരു ഉദാഹരണംപോലെ അയാൾ പുലിയായി കെട്ടിയാടുമ്പോൾ ചന്ദ്രന്റെ ആക്രമണം ഭയന്ന് സുഗന്ധി നെട്ടോട്ടമോടുകയായിരുന്നു. മണ്ണും പെണ്ണും ആർത്തിമൂത്ത ചിലർക്കു മുന്നിൽ ഒന്നായിത്തീരുന്ന കാഴ്ചക്ക് സിനിമ പലപ്പോഴായി സാക്ഷ്യംവഹിക്കുന്നുണ്ട്. ‘ശീലാബതി’യിൽ വിണ്ടുകീറിയ ശീലാബതിയുടെ ദേഹം മണ്ണിനൊപ്പം വിണ്ടുകീറി ഒന്നാകുന്നതുപോലെ സുഗന്ധിയും കഠിനമായ ഒരു വ്യഥയിലൂടെ കടന്നുപോവുകയാണ്.
‘‘നഗരം വെറിപൂണ്ട ഒരു പുരുഷനാണ്. ശമനം വരാത്ത ആർത്തിയോടെ അതെന്നെ പൊതിയുന്നു’’ എന്ന സുഗന്ധിയുടെ വാക്കുകൾ ഭാരതപ്പുഴയുമായി അവൾക്ക് താദാത്മ്യം നൽകുന്നുണ്ട്.
‘ഭാരതപുഴ’യുടെ പ്രധാന സവിശേഷതകളിൽ ഒന്ന് സിനിമയുടെ തീമുമായി ബന്ധപ്പെട്ട ഒരുപാട് ഹോട്ട് സീനുകൾക്ക് സാധ്യതയുണ്ടായിരുന്നിട്ടും അത്തരം രംഗങ്ങൾ സംവിധായകൻ ഒഴിവാക്കി എന്നതാണ്. ഒരു ചുംബനരംഗമോ ആലിംഗനരംഗമോ പോലും ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയിൽ കാണാൻ സാധിക്കുന്നില്ല എന്നുള്ളത് ‘ഭാരതപുഴ’ പുരുഷക്കാഴ്ചകളെ തൃപ്തിപ്പെടുത്താൻ ലക്ഷ്യംവെക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്. ഈ സിനിമയിലെ വസ്ത്രാലങ്കാരത്തിന് കേരള ചലച്ചിത്ര അക്കാദമി അവാർഡ് നളിനി ജമീലക്ക് ലഭിക്കുകയുണ്ടായി.
നായികയായ സുഗന്ധിയുടെ വസ്ത്രധാരണം ഒരുതരത്തിലും അവൾ ഒരു സെക്സ് വർക്കറാണെന്ന് രേഖപ്പെടുത്തുന്നേ ഇല്ല. ബാഗും തോളിൽ തൂക്കി വളരെ സാധാരണക്കാരിയായി സാരിയുടുത്ത് പുറത്തേക്ക് പോകുന്ന അവൾ കടുത്ത മേക്കപ്പ് പോലും ഉപയോഗിക്കുന്നില്ല. സ്ത്രീകളൊരുമിച്ച് കൂടുന്ന ഒരു ആനന്ദവേള പ്രദർശിപ്പിക്കുന്ന ഒരു സീനിൽ നളിനി ജമീല പ്രത്യക്ഷപ്പെടുന്നുമുണ്ട്. നായികയായ സുഗന്ധിയുടെ കണ്ണുകളാണ് പല സീനുകളിലും കൂടുതൽ സംസാരിച്ചത്. മികച്ച അഭിനയത്തിന് സുഗന്ധിയിലൂടെ സിജി പ്രദീപിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയുമുണ്ടായി.