ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ
കേരളത്തിൽ ആദ്യമായി ഒരു ഫിലിം ഫെസ്റ്റിവൽ നടത്തി വിജയിപ്പിച്ച ചെലവൂർ വേണുവിനെ ആയിരുന്നില്ലേ കേരളസർക്കാർ സിനിമക്കായി ഒരു അക്കാദമി രൂപവത്കരിച്ചപ്പോൾ അതിന്റെ അധ്യക്ഷനാക്കേണ്ടിയിരുന്നത്? –ചോദ്യത്തിന് ഉത്തരം മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻ എഴുതുന്നു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരു പര്യായപദം ചികഞ്ഞാൽ ഒരൊറ്റ പേരേ കിട്ടൂ: ചെലവൂർ വേണു. ഒറ്റക്ക് ഒരു ഫിലിം ഫെസ്റ്റിവൽ പ്രസ്ഥാനം: ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ എന്നുതന്നെ പറയാം. പല...
Your Subscription Supports Independent Journalism
View Plansകേരളത്തിൽ ആദ്യമായി ഒരു ഫിലിം ഫെസ്റ്റിവൽ നടത്തി വിജയിപ്പിച്ച ചെലവൂർ വേണുവിനെ ആയിരുന്നില്ലേ കേരളസർക്കാർ സിനിമക്കായി ഒരു അക്കാദമി രൂപവത്കരിച്ചപ്പോൾ അതിന്റെ അധ്യക്ഷനാക്കേണ്ടിയിരുന്നത്? –ചോദ്യത്തിന് ഉത്തരം മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻ എഴുതുന്നു.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരു പര്യായപദം ചികഞ്ഞാൽ ഒരൊറ്റ പേരേ കിട്ടൂ: ചെലവൂർ വേണു. ഒറ്റക്ക് ഒരു ഫിലിം ഫെസ്റ്റിവൽ പ്രസ്ഥാനം: ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ എന്നുതന്നെ പറയാം. പല തലമുറകൾ ഇടക്കുവെച്ച് നിർത്തിപ്പോയിട്ടും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ മടുക്കാതെ മുന്നോട്ടു കൊണ്ടുപോയി വേണു ഏട്ടൻ. 1970ൽ അശ്വിനി ഫിലിം സൊസൈറ്റി ഉണ്ടായ കാലം മുൽക്ക് തുടങ്ങിയ ആ യാത്രക്കിപ്പോൾ 53 വർഷം പിന്നിട്ടു. സാംസ്കാരിക കേരളം ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.
എപ്പോൾ വേണമെങ്കിലും പത്രങ്ങളിലെ ‘ഇന്നത്തെ പരിപാടി’യിൽ ഒരറിയിപ്പ് കൊടുത്ത് ഒരു ഫെസ്റ്റിവൽ നടത്തിക്കളയുന്നതാണ് വേണു ഏട്ടന്റെ രീതി. അതിന് എത്രപേർ വരുന്നു എന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമേ അല്ല. ആ സ്റ്റൈലിൽ ഒരു മാറ്റവുമില്ല. പണ്ടും അങ്ങനെത്തന്നെയായിരുന്നു. മെംബർഷിപ്പിനുള്ള പണം കൊടുത്താലും ഇല്ലെങ്കിലും ഒക്കെ ഒരുപോലെ.
കവി ആർ. രാമചന്ദ്രന്റെയൊക്കെ നേതൃത്വത്തിലാണ് 1968ൽ അശ്വിനി ഫിലിം സൊസൈറ്റി തുടങ്ങുന്നത്. തുടക്കത്തിൽ മലബാർ ക്രിസ്ത്യൻ കോളജിലെ അധ്യാപകനായ കെ. ഗോപാലകൃഷ്ണനായിരുന്നു അതിന്റെ സെക്രട്ടറി. 1969 മുതൽ ചെലവൂർ വേണു എന്ന മുഴുവൻ സമയ സെക്രട്ടറി എത്തിയതോടെ കോഴിക്കോട്ടുകാർ അളകാപുരി ഹോട്ടലിലെ അങ്കണത്തിൽ എല്ലാ മാസവും ലോക സിനിമകൾ കണ്ടുതുടങ്ങി. ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ എന്ന് പറയുന്നതുപോലെ എന്നും ചെലവൂർ വേണു ഏട്ടൻ തന്നെ എന്നും സെക്രട്ടറിയായിരിക്കുന്നതിൽ ആർക്കും ഒരു ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. കോഴിക്കോട് കോർപറേഷൻ ഓഫിസിനടുത്തുള്ള അലങ്കാർ ലോഡ്ജിന്റെ മുകൾത്തട്ടിലെ വേണു ഏട്ടന്റെ ‘സൈക്കോ’യുടെ ഓഫിസിലെത്തുന്ന ആരും ‘അശ്വിനി’യുടെ സംഘാടകരും ഭാരവാഹികളുമായിരുന്നു എന്ന് പറയാം.
ചിന്ത രവീന്ദ്രൻ, ശശികുമാർ, കൊടമന വേണു, സേതു, അനന്തകൃഷ്ണൻ, എ. സുജനപാൽ, സി.എച്ച്. ഹരിദാസ്, വി. രാജഗോപാൽ, ദേശാഭിമാനി അബ്ദുൽ റഹ്മാൻ, ആർട്ടിസ്റ്റ് ചന്ദ്രശേഖരൻ, യു. ഫൽഗുനൻ, സിദ്ധാർഥൻ പരുത്തിക്കാട്, അബൂബക്കർ കക്കോടി, സലാം കാരശ്ശേരി, ബാബു ഭരദ്വാജ്, ഒ.കെ. ജോണി, കോയ മുഹമ്മദ്, കെ.സി. നാരായണൻ… പട്ടിക വളരെ നീണ്ടതാണ്. അന്നത്തെ കോഴിക്കോടൻ സമാന്തര ജീവിതത്തിലൂടെ ഒരിക്കലെങ്കിലും നടന്ന ആർക്കും അവിടെ എത്തിച്ചേരാതിരിക്കാനാവില്ലായിരുന്നു. കടമ്മനിട്ടയുടെ ആദ്യ കവിതാസമാഹാരമൊക്കെ പുറത്തിറക്കുന്നത് വേണു ഏട്ടന്റെ ‘പ്രപഞ്ചം’ പബ്ലിക്കേഷൻസാണ്. എം. ഗംഗാധരൻ മാഷായിരുന്നു അതിന്റെ അവതാരിക. അതൊക്കെ പുറത്തിറങ്ങുന്നത് അക്കാലത്തെ ഒരു സംഭവംതന്നെയായിരുന്നു. 1965ൽ തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിക്ക് തൊട്ടുപിറകെ ‘അശ്വിനി’യും രൂപമെടുത്തിട്ടുണ്ട്. 1968ൽ.
‘അശ്വിനി’യുടെ 50 വർഷം പൂർത്തിയാകുന്ന വേളയിൽ നടക്കുന്ന ചലച്ചിത്രോത്സവം ഉദ്ഘാടനംചെയ്യാൻ അടൂർ ഗോപാലകൃഷ്ണൻ എത്തിയിരുന്നു. 2019ലായിരുന്നു അത്. ചെലവൂർ വേണു വിവാഹം കഴിക്കാൻ വൈകിയതുകൊണ്ട് മാത്രമാണ് ‘അശ്വിനി’ക്ക് 50 വർഷംവരെ അതിജീവിക്കാൻ കഴിഞ്ഞതെന്ന അടൂരിന്റെ പരാമർശം അന്ന് സദസ്സിൽ കൂട്ടച്ചിരി ഉയർത്തി. 70ാം വയസ്സിലാണ് വേണു ഏട്ടൻ സുകന്യയെ വിവാഹം കഴിച്ച് ദാമ്പത്യജീവിതം തുടങ്ങുന്നത്. കേരളത്തിൽ 50 വർഷം തികഞ്ഞത് ആഘോഷിക്കുന്ന ആദ്യത്തെ ഫിലിം സൊസൈറ്റിയായിരുന്നു അശ്വിനി.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫിലിം സൊസൈറ്റികളിലൂടെ യാത്രചെയ്ത അനുഭവമുള്ള അടൂർ വെറും വാക്ക് പറഞ്ഞതായിരുന്നില്ല. ആണുങ്ങളുടെ മാത്രം സംഘാടക ലോകമായിരുന്ന ഫിലിം സൊസൈറ്റികൾ പ്രധാന സംഘാടകർ കല്യാണം കഴിക്കുന്നതോടെ മരിച്ചുവീഴുന്ന കാഴ്ച പതിവായിരുന്നു എന്നും അടൂർ ആ പ്രസംഗത്തിൽ നിരീക്ഷിച്ചത് ഓർക്കുന്നു. 1970ലാണ് കോഴിക്കോട്ട് ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ അശ്വിനി നടത്തുന്നത്. കന്നട സംവിധായകൻ പട്ടാഭിരാമ റെഡ്ഡിയാണ് അത് ഉദ്ഘാടനം ചെയ്യാനെത്തിയത്. പിന്നീട് ഒരാഴ്ച നീണ്ടുനിന്ന സത്യജിത്ത് റായ് ഫെസ്റ്റിവൽ. പുണെ ആർക്കൈവിന് പുറമെ സോവിയറ്റ്, ഈസ്റ്റ് ജർമനി, ഹംഗറി, ചെക്കോസ്ലൊവാക്യ എന്നീ രാഷ്ട്രങ്ങളുടെ എംബസികളിൽനിന്നൊക്കെ സിനിമകൾ വരുത്തി.
ജോൺ എബ്രഹാമിനെ കോഴിക്കോട്ടെത്തിക്കുന്നത് വേണു ഏട്ടനാണ്. ജി. അരവിന്ദൻ കോഴിക്കോട്ടെത്തിയപ്പോൾ ‘അശ്വിനി’യുടെ ഭാഗമായി. കെ.പി. കുമാരൻ, പി.എ. ബക്കർ, പവിത്രൻ, കെ.ജി. ജോർജ്, ആർട്ടിസ്റ്റ് വിജയരാഘവൻ, തിക്കോടിയൻ, പട്ടത്തുവിള തുടങ്ങി എഴുത്തുകാരുടെയും ചലച്ചിത്രപ്രവർത്തകരുടെയും താവളമായിരുന്നു ഒരുകാലത്ത് ‘സൈക്കോ’യും ‘അശ്വിനി’യും.
കോഴിക്കോട്ടുനിന്ന് മലയാളത്തിലെ ആദ്യത്തെ മനഃശാസ്ത്ര മാസിക ‘സൈക്കോ’ മാത്രമല്ല ‘സൈക്കോ’യിൽനിന്നു പിറന്നത്. ആദ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ വാരിക ‘സർച്ച് ലൈറ്റ്’, വനിതാ മാസിക ‘രൂപകല’, സ്പോർട്സ് മാസിക ‘സ്റ്റേഡിയം’ ഒക്കെ ‘സൈക്കോ’ സ്കൂളിന്റെ സംഭാവനകളാണ്.
1977ന്റെ പാതിയിലാണ് ഞാൻ ‘അശ്വിനി’യുടെ അംഗമാകുന്നത്. എന്റെ ഓർമയിൽ സിനിമയെക്കുറിച്ചു തന്നെയുള്ള ബോധം മാറ്റിമറിച്ച ആദ്യത്തെ സിനിമ പി.എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോൾ’ എന്ന സിനിമയായിരുന്നു. വർഗീസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കിയാണ് സിനിമ എന്ന് നേരത്തേ തന്നെ കേട്ടിരുന്നു. നിർമാതാവ് പവിത്രൻ. ടി.വി. ചന്ദ്രൻ നായകൻ. ‘സൈക്കോ’ ടീം അംഗങ്ങളായ സലാം കാരശ്ശേരിയും ചിന്ത രവിയേട്ടനും അതിൽ അഭിനയിക്കുന്നുമുണ്ട്. നേരിട്ടനുഭവിക്കാത്ത അടിയന്തരാവസ്ഥ വെള്ളിത്തിരയിൽ കാണുന്നത് പോലെയായിരുന്നു അത്. ഓർമയിലെ ആദ്യത്തെ ചലച്ചിത്ര വിവാദവും ആ സിനിമയെച്ചൊല്ലിയായിരുന്നു. ‘തലവെട്ടി’ സിനിമക്ക് അവാർഡ് കൊടുത്തത് ശരിയായില്ല എന്ന് പറഞ്ഞ് നടൻ പ്രേംനസീർതന്നെ രംഗത്തു വന്നു. കാൽപനിക വിപ്ലവ ഭാവുകത്വമാണ് ‘കബനി’യിൽ കാണുന്നത്, അതൊരു വിപ്ലവ സിനിമയായിട്ടില്ല എന്ന വിമർശനമാണ് അന്ന് ചുറ്റും ഉയർന്നുകേട്ടത്.
തൊട്ടുപിറകെയാണ് 1978ൽ സാക്ഷാൽ പി.എ. ബക്കർ തന്നെ മധുമാഷിന്റെ ‘അമ്മ’ നാടകത്തിന്റെ സമയത്ത് കോഴിക്കോട്ടെത്തി ‘സംഘഗാനം’ തുടങ്ങുന്നതും. ചെലവൂർ വേണു ഏട്ടൻതന്നെയാണ് ‘സംഘഗാന’ത്തിന്റെയും ആതിഥേയത്വം വഹിക്കുന്നത്. മധുമാഷ് അതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു എന്നു മാത്രമല്ല അതിന്റെ ക്ലൈമാക്സിൽ ‘രണചേതന’ ടീം മുഴുവനും പ്രകടനത്തിൽ പങ്കെടുക്കുകയും ചെയ്തു. നടൻ ശ്രീനിവാസന്റെ ആദ്യ കോഴിക്കോടൻ സിനിമയായിരുന്നു ‘സംഘഗാനം’.
1980ൽ കോഴിക്കോട് പുഷ്പ തിയറ്ററിൽ വെച്ച് ‘അശ്വിനി’യുടെ ആഭിമുഖ്യത്തിൽ എൻ.എഫ്.ഡി.സിയുടെ സഹായത്തോടെ നടന്ന 14 ദിവസം നീണ്ടുനിന്ന ഫിലിം ഫെസ്റ്റിവലാണ് ജീവിതത്തിലെ ആദ്യത്തെ ഫെസ്റ്റിവൽ. ഐ.എഫ്.എഫ്.കെ ഒക്കെ പിറക്കുന്നതിന് അടിത്തറ പാകിയത് ആ ‘അശ്വിനി’ ഫിലിം ഫെസ്റ്റിവൽ ആണെന്ന് ഇന്ന് നിസ്സംശയം പറയാം. അതൊരു തരംഗം തന്നെയായിരുന്നു. മണി കൗൾ ആയിരുന്നു ഉദ്ഘാടകൻ. ഹംഗേറിയൻ സംവിധായിക മാർത്താ മെസാറോസിന്റെ ‘നയൺ മന്ത്സ്’ ഒക്കെ ഒരു സംഭവമായി മാറി.
ഫെസ്റ്റിവൽ സിനിമക്കും ആള് കൂടും എന്ന് കോഴിക്കോട് കേരളത്തിന് കാട്ടിക്കൊടുത്തു. തുടർന്ന് മെഡിക്കൽ കോളജിൽ ഒരാഴ്ച നീണ്ടുനിന്ന കാമ്പസ് ഫിലിം ഫെസ്റ്റിവൽ ആ തരംഗം കോളജുകളിലേക്കും പടർത്തി. കേരളത്തിൽ ഒരു ഫിലിം ഫെസ്റ്റിവൽ സംസ്കാരത്തിന് അടിത്തറ പാകിയ ചരിത്രസംഭവമായിരുന്നു ആ ഫെസ്റ്റിവൽ.
എൺപതുകളുടെ തുടക്കത്തിൽ കോഴിക്കോടു മാത്രം ആറോ ഏഴോ ഫിലിം സൊസൈറ്റികളുണ്ടായി. മധു മാസ്റ്റർ വജ്റ ഫിലിം സൊസൈറ്റി ഉണ്ടാക്കിയപ്പോൾ ഞാനതിന്റെ സെക്രട്ടറിയായി. റായ് അല്ല ഘട്ടക്കാണ് നമ്മുടെ ആള് എന്ന് പഠിപ്പിച്ചു മധു മാഷ്. ചെലവൂർ വേണു ഏട്ടൻ അതിന്റെയും ഉപദേശകനായിരുന്നു. വെസ്റ്റ്ഹിൽ ഗീത തിയറ്ററിൽ ഋത്വിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ വജ്റ സംഘടിപ്പിച്ചു. അതും ഒരു വൻ വിജയമായി മാറി. എല്ലാ ഫിലിം സൊസൈറ്റികളും സിനിമകൾ പരസ്പരം പങ്കുവെക്കുന്നതിൽ സഹകരിച്ചിരുന്നു. ഭാരിച്ച ചെലവ് കുറക്കാൻ അതൊരു നല്ല വഴിയായിരുന്നു. ആ സംസ്കാരം ചെലവൂർ വേണു ഏട്ടന്റെ ‘അശ്വിനി’ കാട്ടിത്തന്ന വഴിയായിരുന്നു.
എല്ലാവർക്കും സിനിമയൊരുക്കാനും സിനിമ കാണാനും ഒരായുസ്സ് ധൂർത്തടിക്കുന്നതിനിടയിൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ മറന്നുപോയ ജീവിതമാണ് ചെലവൂർ വേണു ഏട്ടന്റേത്. ചലച്ചിത്രനിരൂപകനായാണ് അതിന്റെ തുടക്കം. എന്നാൽ, അദ്ദേഹത്തിന്റെ ആദ്യ ജീവിതപങ്കാളി എന്നും ‘അശ്വിനി’ ഫിലിം സൊസൈറ്റി തന്നെയായിരുന്നു. ലോക സിനിമയുടെ ബൃഹത്തായ കാഴ്ചാനുഭവംതന്നെ അതുപോലുള്ള സിനിമകൾ ചെയ്യാനാവില്ലെന്ന തോന്നലുണ്ടാക്കിയത് ഒരു പിന്മാറ്റത്തിന് വഴിയൊരുക്കി. രാമു കാര്യാട്ടിന്റെ സഹായിയാകാൻ മദിരാശിയിലേക്ക് കുടിയേറിയ കാലത്ത് സത്യജിത്ത് റായ്, ഘട്ടക്, മൃണാൾ സെൻ എന്നിവരുടെ സിനിമകൾ കണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ സങ്കൽപങ്ങൾ മാറിമറിയുന്നത്. അതോടെ മദിരാശി വിട്ട് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുപോന്നു.
‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980) ചിന്ത രവീന്ദ്രൻ ചെലവൂർ വേണു എന്ന സംവിധായകനുവേണ്ടി എഴുതിയ തിരക്കഥയാണ്. എന്നാൽ, അത് നീണ്ടുപോയപ്പോൾ ഒടുവിൽ രവിയേട്ടൻ തനിക്കൊരു നിർമാതാവ് വന്നപ്പോൾ സ്വയം ചെയ്യുകയായിരുന്നു. അക്കാലത്തെ ബുദ്ധിജീവികളുടെ ജീവിതത്തിന്റെ ഒരു മുഖമാണ് ആ സിനിമ. തനിക്കു ചുറ്റും വന്നുചേർന്ന സംവിധായകർക്കായി സിനിമയൊരുക്കാൻ ഒരത്താണിയായി നിന്നുകൊടുക്കുകയായിരുന്നു മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടസംവിധായകനായ ചെലവൂർ വേണു പിന്നീട് ചെയ്തത്.
പി.എ. ബക്കർ, കെ.പി. കുമാരൻ, പവിത്രൻ, ടി.വി.ചന്ദ്രൻ, കെ.ജി. ജോർജ്, കെ.ആർ. മോഹനൻ, ലെനിൻ രാജേന്ദ്രൻ, പി.ടി. കുഞ്ഞിമുഹമ്മദ്, കെ. ഗോപിനാഥ്… ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്നു പറയുംപോലെ ‘സിനിമയെടുക്കാൻ മറന്നുപോയ സംവിധായകൻ’. ഫിലിം സൊസൈറ്റി പ്രസ്ഥാനം ആണുങ്ങളുടെ പ്രസ്ഥാനമായിരുന്നു. ആണുങ്ങളുടെ കാഴ്ചപ്പാടിലാണ് സിനിമകൾ കണ്ടുപോന്നതും. അതിലേക്ക് സ്ത്രീകൾ കടന്നുവരാൻ പിന്നെയും വളരെ വൈകി. ആ കടന്നുവരവിന് ഒരാൾക്കുമേലും ആധിപത്യസ്വഭാവം കാണിക്കാത്ത വേണു ഏട്ടന്റെ പങ്ക് വളരെ വലുതാണ്.
1996ലാണ് ചലച്ചിത്ര വികസന കോർപറേഷൻ കോഴിക്കോട്ട് കേരളത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (എ.എഫ്.എഫ്.കെ) തുടക്കമിടുന്നത്. അത് പ്രധാനമായും ആശ്രയിച്ചത് 1980ൽ ‘അശ്വിനി’ വിജയകരമായി നടത്തിയ 14 ദിവസത്തെ ഫെസ്റ്റിവലാണ്. വേണു ഏട്ടന്റെ ടീമിൽ ഞങ്ങളൊക്കെ വീണ്ടും ഒരു വൻ ഫെസ്റ്റിവലിന് അണിനിരന്നു. അത് വിജയമായതിനെ തുടർന്ന് 1999 മുതൽ ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഫെസ്റ്റിവൽ തിരുവനന്തപുരത്തേക്ക് കവർന്നെടുക്കപ്പെടുകയായിരുന്നു.
2002ലാണ് കോഴിക്കോട്ട് ആദ്യമായി ‘അന്വേഷി’യുടെ ആഭിമുഖ്യത്തിൽ ഒരു അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഞങ്ങളൊക്കെ അതിന്റെ ഭാഗമായിരുന്നു. വേണു ഏട്ടൻ അവിടെയും ഉണ്ടായിരുന്നു. സ്ത്രീ സിനിമകളുടെ കൂട്ടായ്മക്ക് ഒരു വേദി രൂപപ്പെടുകയായിരുന്നു അതുവഴി. ഫെസ്റ്റിവൽ വലിയ വിജയമായിട്ടും ‘അന്വേഷി’ക്ക് പിന്നീട് അതിനൊരു തുടർച്ച ഉണ്ടാക്കാനായില്ല. ദീദിയും ഗിരിജയുമായിരുന്നു ഫെസ്റ്റിവൽ ബുക്ക് എഡിറ്റ് ചെയ്തത്.
സ്ത്രീ സിനിമയായിരുന്നു പ്രമേയം. അതാണ് 2003ൽ ‘ചിത്രഭൂമി’യുടെ ചുമതലയിലക്ക് വന്നപ്പോൾ മലയാളത്തിൽ ആദ്യമായി ഒരു സ്ത്രീ പതിപ്പ് ഇറക്കുന്നതിന് പ്രചോദനമായത്. ആദ്യ നായിക പി.കെ. റോസിയുടെ സഞ്ചാരവഴികളിലൂടെയുള്ള അന്വേഷണങ്ങൾക്ക് തുടക്കമിട്ടത് 2004ലെ ആ സ്ത്രീ പതിപ്പായിരുന്നു.
വീണ്ടുമൊരു വനിതാ ചലച്ചിത്രമേള കോഴിക്കോട്ടെത്തുന്നത് പതിനഞ്ച് വർഷത്തിനുശേഷം 2017 മാർച്ചിലാണ്. ചെലവൂർ ഏട്ടനായിരുന്നു അതിന്റെ ചെയർമാൻ. സ്ത്രീകളുടെ മുൻകൈ സംഘാടനത്തിൽ ഏറ്റവും സജീവമായ ഫിലിം ഫെസ്റ്റിവലായിരുന്നു അത്. ദീദിയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ. വേണു ഏട്ടനെ വേദിയിലിരുത്തി സ്ത്രീകളുടെ ഒരു ഫെസ്റ്റിവൽ എങ്ങനെ നടത്തണമെന്ന് ആണുങ്ങൾ ദയവുചെയ്ത് പഠിപ്പിക്കാൻ വരരുത്, ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ള രീതിയിൽ അത് നടത്തട്ടെ എന്ന് ആവശ്യപ്പെട്ടു. അത് തുറന്ന മനസ്സോടെ സമ്മതിക്കാൻ ഒരു മടിയുമില്ലാത്ത ചെയർമാനായിരുന്നു വേണു ഏട്ടൻ. അഞ്ച് ദിവസം നീണ്ട ആ വനിതാ ഫെസ്റ്റിവലിൽ സിനിമകൾ അവതരിപ്പിച്ചത് മുഴുവനും സ്ത്രീകൾ മാത്രമായിരുന്നു. ഓപൺ ഫോറത്തിന്റെ അജണ്ട സ്ത്രീകൾ തീരുമാനിച്ചു.
ഓരോ ദിവസവും ഓരോ സ്ത്രീകൾ അതിന് നേതൃത്വം നൽകി. സദസ്സിൽ വന്ന് സ്ത്രീകൾ സംസാരിച്ചു. ചോദ്യം ചെയ്യാനെത്തിയ പുരുഷന്മാരായ കാണികളുമായി സ്വന്തം നിലയിൽ സംവദിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. അങ്ങനെയൊരു ഫെസ്റ്റിവൽ അനുഭവം അതിനു മുമ്പും ശേഷവും കോഴിക്കോട്ടുണ്ടായിട്ടില്ല. സ്ത്രീകളുടെ ആ മുന്നേറ്റത്തിന് ഒരു ഈഗോയുമില്ലാതെ അവസാനം വരെ വേണു ഏട്ടൻ ഒപ്പം നിന്നു. എക്കാലത്തും ഫെസ്റ്റിവൽ നടത്തിപ്പിന്റെ അധികാരം കൈയാളിയിരുന്ന ആണുങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു തീരുമാനമായിരുന്നു അത്.
2017 ഫെബ്രുവരിയിൽ നടന്ന നടി ആക്രമിക്കപ്പെട്ട സംഭവം മലയാളം ഫിലിം ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കിയതിനെ തുടർന്നായിരുന്നു ആ വനിത ഫെസ്റ്റിവൽ. ‘അവൾക്കൊപ്പം’ എന്നത് പോരാട്ടത്തിന്റെ പ്രമേയമായി ഉയർന്നുവന്ന ഫെസ്റ്റിവലായിരുന്നു അത്. 2017 നവംബർ ഒന്നിന് മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി) രൂപവത്കരിക്കുന്നതിന് മുന്നോടിയായുള്ള സംവാദങ്ങൾക്ക് ആ ചലച്ചിത്രോത്സവം ഒരു നിമിത്തമായിരുന്നു.
2018ൽ ‘ജോൺ’ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ ജോണിനെ കോഴിക്കോട്ടെത്തിച്ച ചെലവൂർ വേണു താനായിത്തന്നെ അതിൽ വേഷമിട്ടു. വേണു ഏട്ടന്റെ ജോൺ ഓർമകൾ അതിനു മുമ്പുതന്നെ മുക്ത ഡോക്യുമെന്റ് ചെയ്തിരുന്നു. ഷൂട്ടിങ്ങിനുശേഷം ആ സിനിമയുടെ ഭാഗമായിരുന്ന ഓരോരുത്തരായി ഭൂമിയിൽനിന്നും വിടപറഞ്ഞുപോയപ്പോൾ അതിൽ ഏറ്റവും ആശങ്കപൂണ്ട മനുഷ്യനായിരുന്നു വേണു ഏട്ടൻ. ഒടുവിൽ കഴിഞ്ഞ ജോൺ ഓർമദിനത്തിന് സിനിമ തിയറ്ററിലെത്തിയപ്പോൾ ഉടനീളം അദ്ദേഹം ഒപ്പം നിന്നു. സിനിമ കഴിഞ്ഞ് കോഴിക്കോട്ട് കൈരളി തിയറ്ററിന് മുന്നിൽ സിനിമ കാണാനെത്തിയവരോട് പ്രസംഗിച്ചു: ‘‘ഞാനതിൽ ജോണിനെ കണ്ടു’’, ആ വാക്കുകളാണ് ‘ജോണി’ന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും അതിന്റെ ഔദ്യോഗിക ചലച്ചിത്ര പ്രസിദ്ധീകരണമായ ‘ദൃശ്യതാള’ത്തിന്റെ ചീഫ് എഡിറ്ററുമെന്ന നിലക്ക് സ്വന്തം സിനിമ എന്ന പോലെയാണ് അദ്ദേഹം ‘ജോണി’ന് പിന്തുണ നൽകിയത്. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള പ്രദർശനങ്ങൾ അങ്ങനെയുണ്ടായതാണ്.
കേരളത്തിൽ ആദ്യമായി ഒരു ഫിലിം ഫെസ്റ്റിവൽ നടത്തി വിജയിപ്പിച്ച ചെലവൂർ വേണുവിനെ ആയിരുന്നില്ലേ കേരള സർക്കാർ സിനിമക്കായി ഒരു അക്കാദമി രൂപവത്കരിച്ചപ്പോൾ അതിന്റെ അധ്യക്ഷനാക്കേണ്ടിയിരുന്നത്? അതെ എന്ന് ഞാൻ കരുതുന്നു. എന്നാൽ, അന്നതല്ല ഉണ്ടായത്. ചെലവൂർ വേണുവിനെയോ ചലച്ചിത്രചിന്തയിൽ പ്രത്യയശാസ്ത്ര വിമർശനത്തിന്റെ പാത വെട്ടിത്തുറന്ന സംവിധായകൻകൂടിയായ ചിന്ത രവീന്ദ്രനെയോ അല്ല അന്നത്തെ ഇടത് സർക്കാർ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായി പരിഗണിച്ചത്. ഷാജി എൻ. കരുണിനെയായിരുന്നു.
ഷാജി വലിയ സംവിധായകൻതന്നെയാണ്. വലിയ സംഭാവനകൾ മലയാള സിനിമക്ക് നൽകിയിട്ടുമുണ്ട്. എന്നാൽ, ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് മലയാളത്തിൽ സമാന്തര ചലച്ചിത്ര പ്രസ്ഥാനം കെട്ടിപ്പടുത്ത ചെലവൂർ വേണുവിനായിരുന്നു. അറുപതുകളുടെ അന്ത്യം മുതൽ കച്ചവട സിനിമയിൽനിന്നു വേറിട്ട ഒരു ഭാവുകത്വത്തിനായി പൊരുതിയവരുടെ സ്വപ്നത്തോട് അത് കൂടുതൽ നീതി പുലർത്തുമായിരുന്നു.
25 ഫെസ്റ്റിവൽ കഴിഞ്ഞിട്ടും ആ സ്വപ്നം ഇപ്പോഴും എത്രയോ അകലെയാണ്. അതേ സമയത്തു തന്നെ തുടക്കമിട്ട ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എത്ര വലുതായി എന്നറിയുമ്പോഴാണ് ഇഴഞ്ഞുനീങ്ങുന്ന കേരളത്തിന്റെ മുഖം നമുക്ക് തിരിച്ചറിയാനാവുക.
അമ്മാവനും ലോകസഞ്ചാരിയായ എഴുത്തുകാരനുമായ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ലെഗസി’ ചെലവൂർ വേണു എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്. ആ യത്നത്തിന്റെ സ്മാരകമാണ് കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് ആർട്ട് ഗാലറിയും ലൈബ്രറിയും ഓഡിറ്റോറിയവും. ‘സൈക്കോ’ സ്കൂൾ കാലാന്തരത്തിലേക്ക് മറഞ്ഞതോടെ അതാണ് വേണു ഏട്ടന്റെ പുതിയ താവളം.
എവിടെ കാണാം വേണു ഏട്ടാ എന്നു വിളിച്ചു ചോദിച്ചാൽ ഉടൻ ഉത്തരം കിട്ടും: ‘‘ഞാൻ ആർട്ട് ഗാലറിയിലുണ്ടാകും, നീ അങ്ങോട്ട് വാ’’ എന്ന്. പൊതു ഇടങ്ങൾ ഓരോന്നോരോന്നായി അപ്രത്യക്ഷമാകുന്ന കാലത്ത് ആറ് പതിറ്റാണ്ട് കോഴിക്കാടിന്റെ പൊതു ഇടമായി ജീവിച്ച ഒരു മനുഷ്യൻ ഒരു സ്റ്റേഷൻ കിട്ടാതെ മിഠായിത്തെരുവിലെ ആൾക്കൂട്ടത്തിലൂടെ നടക്കുന്നത് ഒരേസമയം ‘ഒരു ദേശത്തിന്റെ കഥ’യും ‘ഒരു തെരുവിന്റെ കഥ’യും ചുമന്നാണ്. ചരിത്രത്തിന് വളമായി മാറാൻ സ്വയം ഉഴിഞ്ഞുവെച്ച ഒരു വലിയ ‘പ്രപഞ്ച’ത്തിന്റെ നടത്തമാണ് അതെന്ന് പുറത്തെ ആൾക്കൂട്ടത്തിന് ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത നടത്തമാണത്. ‘ഞാൻ ഞാൻ’ എന്ന ആക്രോശമില്ലാത്ത ഏകാന്തമായ നടത്തം.