Begin typing your search above and press return to search.
proflie-avatar
Login

ഭൂമിയുടെ മണമുള്ള കഥകൾ

ഭൂമിയുടെ മണമുള്ള   കഥകൾ
cancel

നവംബർ 21ന്​ വിടപറഞ്ഞ എഴുത്തുകാരി പി. വത്സലയെ അനുസ്​മരിക്കുന്നു. വത്സലയുടെ രചനകളിലെ പ്രകൃതി അനുഭവങ്ങൾ എന്തായിരുന്നുവെന്ന്​ നിരീക്ഷിക്കുകയാണ്​ ലേഖകൻ. പ്രകൃതിയെ തീവ്രമായ ധ്യാനാനുഭവമാക്കി മാറ്റുന്നവയായിരുന്നോ ആ രചനകൾ?ആന്റണി ഡിമെല്ലോയുടെ ഒരു കഥയിൽ ഗുരു ശിഷ്യരോട് പറയുന്നു: ‘‘മനുഷ്യർ അച്ചടിച്ച പുസ്തകങ്ങൾ മാത്രമേ വായിക്കാൻ പഠിച്ചിട്ടുള്ളൂ, അച്ചടിക്കാത്ത പുസ്തകങ്ങൾ വായിക്കുന്ന കല അവർ മറന്നുപോയി.’’ “അച്ചടിക്കാത്ത പുസ്തകത്തിന്‌ ഒരു ഉദാഹരണം തരാമോ?” ശിഷ്യർ ചോദിച്ചു. ഗുരു മറുപടി പറഞ്ഞില്ല. അവർ വീണ്ടും നിർബന്ധിച്ചപ്പോൾ ഗുരു പറഞ്ഞു, “കിളികളുടെ പാട്ടും പ്രാണികളുടെ കരച്ചിലുമൊക്കെ...

Your Subscription Supports Independent Journalism

View Plans

നവംബർ 21ന്​ വിടപറഞ്ഞ എഴുത്തുകാരി പി. വത്സലയെ അനുസ്​മരിക്കുന്നു. വത്സലയുടെ രചനകളിലെ പ്രകൃതി അനുഭവങ്ങൾ എന്തായിരുന്നുവെന്ന്​ നിരീക്ഷിക്കുകയാണ്​ ലേഖകൻ. പ്രകൃതിയെ തീവ്രമായ ധ്യാനാനുഭവമാക്കി മാറ്റുന്നവയായിരുന്നോ ആ രചനകൾ?

ആന്റണി ഡിമെല്ലോയുടെ ഒരു കഥയിൽ ഗുരു ശിഷ്യരോട് പറയുന്നു: ‘‘മനുഷ്യർ അച്ചടിച്ച പുസ്തകങ്ങൾ മാത്രമേ വായിക്കാൻ പഠിച്ചിട്ടുള്ളൂ, അച്ചടിക്കാത്ത പുസ്തകങ്ങൾ വായിക്കുന്ന കല അവർ മറന്നുപോയി.’’ “അച്ചടിക്കാത്ത പുസ്തകത്തിന്‌ ഒരു ഉദാഹരണം തരാമോ?” ശിഷ്യർ ചോദിച്ചു. ഗുരു മറുപടി പറഞ്ഞില്ല. അവർ വീണ്ടും നിർബന്ധിച്ചപ്പോൾ ഗുരു പറഞ്ഞു, “കിളികളുടെ പാട്ടും പ്രാണികളുടെ കരച്ചിലുമൊക്കെ സത്യത്തി​ന്റെ പ്രഖ്യാപനങ്ങളാണ്. പുല്ലും പൂവുമെല്ലാം വഴി ചൂണ്ടിക്കാട്ടുന്നുണ്ട്. നോക്കുക! ചെവിയോർക്കുക!

അങ്ങനെയാണ് വായിക്കേണ്ടത്.” പി. വത്സലയുടെ പരിസ്ഥിതി കഥകൾ വായിക്കുമ്പോൾ ആന്റണി ഡിമെല്ലോയുടെ കഥ ഓർമവരും. വത്സലയുടെ കഥാലോകം നാഗരിക മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്, പ്രകൃതി എന്ന പാഠശാലയിൽനിന്ന് മനുഷ്യർ ഒന്നും പഠിക്കാത്തതുകൊണ്ടാണ്. പ്രകൃതിയെ അറിയാത്തവന് വത്സലയുടെ കഥാപാത്രങ്ങൾ വിചിത്ര മനുഷ്യരായി തോന്നിയേക്കാം.

പി. വത്സലയുടെ ‘പങ്കുരു പുഷ്പത്തി​ന്റെ തേൻ’ എന്നൊരു കഥയുണ്ട്. നാടോടിയായ ബസവനും ഭാര്യ മല്ലിയും തങ്ങളുടെ കുടിലിൽ വിശ്രമിക്കുമ്പോൾ ഒരു മരതകവണ്ട് അവിടെ പ്രത്യക്ഷമാവുന്നു. ആ വണ്ടിലൂടെ പങ്കുരു പൂത്തിരിക്കുന്നുവെന്ന് ബസവൻ മനസ്സിലാക്കുന്നു. ബസവനും മല്ലിയും അതിനെ പിന്തുടർന്ന് പങ്കുരുവള്ളിയുടെ അടുത്തെത്തുന്നു. അവർ അതിനു കീഴെ താമസമാക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെവെച്ച് അവർക്കൊരു കുഞ്ഞു പിറന്നു.

അവൻ പ്രകൃതിയുടെ മൃദുസ്പർശമേറ്റു വളരുന്നു. കുറച്ചുകാലം കാട്ടിൽ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന ബസവൻ കാണുന്നത് നാടി​ന്റെ മാറിയ മുഖമാണ്. ടൂറിസ്റ്റുകളുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന ഗ്രാമീണർ. അർധനഗ്നരായ ബസവനെയും മല്ലിയെയും അവർ അത്ഭുതത്തോടെ നോക്കിനിന്നു. നാഗരികതയുടെ അശുദ്ധി തീണ്ടാത്ത ബസവന് നാട്ടിലെ ചിട്ടവട്ടങ്ങൾ ഒന്നും ഉൾക്കൊള്ളാനാവുന്നില്ല. അവൻ കാട്ടിലേക്ക് തിരിച്ചുപോകുന്നു.

ഭൂമിയിൽ ഹിംസ ഇല്ലാതാവണമെങ്കിൽ മനുഷ്യന് മരങ്ങളുമായും പക്ഷികളുമായും മൃഗങ്ങളുമായും ദീർഘവും ആഴത്തിലുള്ളതുമായ ആത്മബന്ധമുണ്ടാവണമെന്ന് പ്രശസ്ത ചിന്തകൻ ജിദ്ദു കൃഷ്‍ണമൂർത്തി പറഞ്ഞിട്ടുണ്ട്. മനുഷ്യൻ ഭൂമിയിൽ ഏകനല്ല എന്നും പക്ഷികളും മൃഗങ്ങളും മരങ്ങളും ചെടികളും പ്രാണികളുമായി അവന് ജീവ​ന്റെ തുടർച്ച ഉണ്ടെന്നുമുള്ള അവബോധത്തി​ന്റെ അഭാവമാണ് പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഹിംസാത്മകമായ ഇടപെടലുകൾ. പ്രകൃതിചൂഷണത്തിനെതിരെ ആദിവാസി, പരിസ്ഥിതി സംഘടനകൾ നടത്തുന്ന ചെറുത്തുനിൽപുകളോടൊപ്പം എഴുത്തുകാരും തങ്ങളുടേതായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഭൂമിയാണ് എ​ന്റെ കവിത എന്ന് പ്രഖ്യാപിച്ച അസമീസ് കവി ഹിരൺ ഭട്ടാചാര്യയെപ്പോലെ പ്രകൃതിയാണ് എ​ന്റെ തട്ടകമെന്ന് നിശ്ശബ്ദമായി പ്രഖ്യാപിക്കുകയാണ് വത്സല എന്ന എഴുത്തുകാരി.

വിവിധ ഭാഷകളിൽ സജീവമായ പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തി​ന്റെ കരുത്തും സൗന്ദര്യവും മലയാള സാഹിത്യത്തിൽ ആദ്യം ആവിഷ്കരിച്ച എഴുത്തുകാരിൽ പ്രമുഖയാണ് പി. വത്സല. പ്രകൃതി ദൃശ്യവും അദൃശ്യവുമായി വരുന്ന ഒട്ടേറെ കഥകൾ വത്സല എഴുതിയിട്ടുണ്ട്. അവയെ പൊതുവായി രണ്ടായി തിരിക്കാം. മനുഷ്യ​ന്റെ ക്രൂരമായ ഇടപെടലുകൾകൊണ്ട് പ്രകൃതിക്ക് നാശംവരുമെന്ന ഉത്കണ്ഠകളാണ് ആദ്യത്തെ വിഭാഗത്തിൽ. ‘എരണ്ടകൾ’, ‘സാക്ഷി’, ‘മണ്ണ്’, ‘കാട്ടുതീ’, ‘ചാലിയാറി​ന്റെ തീരത്തുനിന്നൊരു പെൺകുട്ടി’, ‘പങ്കുരു പുഷ്‌പത്തി​ന്റെ തേൻ’, ‘പച്ചപ്രാവി​ന്റെ ആത്മഹത്യ’, ‘പേമ്പി’, ‘പ്രയാണം’ എന്നീ കഥകൾ ഈ വിഭാഗത്തിൽപെടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധവും പ്രകൃതിയിൽനിന്ന് അകന്നു പോകുമ്പോഴുണ്ടാവുന്ന മനുഷ്യ​ന്റെ അരക്ഷിതബോധവുമാണ് രണ്ടാമത്തെ വിഭാഗം കഥകളിൽ പ്രമേയമാവുന്നത്. ‘കാളിയുടെ സ്വപ്നങ്ങൾ’, ‘ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങൾ’, ‘തേങ്ങ’, ‘പോക്കുവെയിൽ പൊൻവെയിൽ’, ‘സൈനുദ്ദീ​ന്റെ വീട്’, ‘മഴകുന്നികൾ’, ‘സൂര്യനോടൊപ്പം നടന്ന പെൺകുട്ടി’, ‘കണ്ണാമ​ന്റെ പോത്തുകൾ’ എന്നിവ ഈ വിഭാഗത്തിൽപെടുന്നു.

മനുഷ്യ​ന്റെ വേദനകൾക്കും നിലവിളികൾക്കും അപ്പുറം പ്രകൃതിയിലെ അനന്തകോടി ജീവികളുടെയും നിലവിളി കേൾക്കാൻ ‘സാക്ഷി’യിലെ കിരാതദാസിന് കഴിയുന്നില്ല. പുസ്തകപ്രേമിയായ കിരാതദാസ് കാട് നശിപ്പിക്കപ്പെടുന്നതിന് നിമിത്തമാവുന്നുണ്ട്. എരോമൻ നായരും കൂട്ടരും കാട് വെട്ടിത്തെളിക്കുകയും അമ്പലക്കുളം ഇടിച്ചുനിരത്തുകയും ചെയ്തപ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും പാമ്പുകൾക്കും അവരുടെ ആവാസഭൂമി നഷ്ടമാവുന്നു. ഋതുഭേദങ്ങളുടെ ക്രമം തെറ്റുന്നു. പ്രകൃതിയുമായി ആത്മബന്ധം നഷ്ടപ്പെട്ട മനുഷ്യ​ന്റെ മുഖമാണ് ‘സാക്ഷി’യിൽ കാണുന്നത്.

ആധുനിക സമൂഹത്തിന് മനുഷ്യനെക്കുറിച്ച് മാത്രമേ ഉത്കണ്ഠകളുള്ളൂ. പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും നിലനിൽപിനെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഏത് ഇടപെടലുകളും ആവാസ വ്യവസ്ഥയുടെ കണ്ണികൾ പൊട്ടിക്കുന്നു എന്ന ചിന്തയും ഉണ്ടാകുന്നില്ല. ‘പച്ച പ്രാവി​ന്റെ മരണം’ എന്ന കഥയിലെ രണ്ടു പ്രാവുകളുടെ മരണം കഥാകാരിയെ അസ്വസ്ഥമാക്കുന്നു. മട്ടിമരത്തിനു കീഴിലുള്ള ത​ന്റെ ജനലുകളാണ് അവക്ക് മരണക്കെണിയൊരുക്കിയത് എന്ന ചിന്തയും കഥാകാരിയെ അലട്ടുന്നു.

‘എരണ്ടകൾ’ എന്ന കഥയിലെ വേലായുധൻ എന്ന വേട്ടക്കാരനിൽ മരണത്തി​ന്റെ ഭീതിപ്പെടുത്തുന്ന രൂപമാണ് ഭാനു കാണുന്നത്. എരണ്ടകളുടെ മരണം, പുഴയുടെ മരണം, പൊന്തക്കാടുകളുടെ മരണം എന്നിങ്ങനെ കഥയിലുടനീളം മരണത്തി​ന്റെ സാന്നിധ്യമുണ്ട്. മണൽവാരൽകൊണ്ട് പുഴ വറ്റിവരളുന്നു. പുഴയിൽ പതിവായി കുളിക്കാൻ വരുന്ന ഭാനുവിന് പുഴയോട് വല്ലാത്ത അപരിചിതത്വം തോന്നി. പൊന്തകൾക്കിടയിൽ എരണ്ടകളെ വേലായുധൻ വെടിവെച്ചിടുന്നതും പുഴയുടെ മരണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.

കുറിച്യൻ ചാത്തന് ത​ന്റെ മണ്ണാണ് എല്ലാം. ത​ന്റെ വിയർപ്പും ശ്വാസവും അലിഞ്ഞുചേർന്ന സ്വന്തം ഭൂമി നഷ്ടമായ അയാളുടെ മനോഗതങ്ങളാണ് ‘മണ്ണ്’ എന്ന കഥയെ മുന്നോട്ടു നയിക്കുന്നത്. ചാത്ത​ന്റെ കാരണവന്മാർ ഉണ്ടാക്കിയ മണ്ണും കുലദേവതയായ മലക്കാരിയെയും മാരാർ തട്ടിയെടുക്കുന്നു. ത​ന്റെ മണ്ണും ദേവിയെയും നഷ്ടമാവുന്നത് നിശ്ശബ്ദമായി നോക്കിനിൽക്കാനേ ചാത്തന് കഴിയുന്നുള്ളൂ. ചാത്തനെപ്പോലെ ചൂഷണത്തിന് ഇരയായ ഒരു സ്ത്രീയാണ് ‘പേമ്പി’ എന്ന കഥയിലെ പേമ്പി.

കാടി​ന്റെ മകളായ പേമ്പിയെ നേത്യാരമ്മയുടെ കൃഷി നോക്കാൻ വന്ന ഗോപാലൻ നായർ വെപ്പാട്ടിയായി കൂടെ നിർത്തുന്നു. പതിനാറു വർഷം ഒപ്പം താമസിച്ചിട്ടും അവൾക്ക് മാന്യമായ സ്ഥാനം അയാൾ നൽകുന്നില്ല. പ്രകൃതിയുടെ മുറിവുകൾ മനസ്സിലാവുന്ന ചാത്തനും പേമ്പിയും കടുത്ത ചൂഷണത്തിന് വിധേയമാവുമ്പോൾ യഥാർഥത്തിൽ പ്രകൃതിതന്നെയാണ് ചൂഷണത്തിന് ഇരയാവുന്നത്. താളക്രമം കൈവിട്ട അനുസ്യൂതമായ ദുരന്തങ്ങളുടെ ഒരു വ്യൂഹമാണ് ‘മണ്ണി’ലെ പ്രകൃതിയെങ്കിൽ ശാന്തവും സുന്ദരവുമാണ് ‘പേമ്പി’യിലെ പ്രകൃതി. തന്നെ ചൂഷണം ചെയ്യുന്നവനോട് പകരം വീട്ടുന്നുണ്ട് ‘മണ്ണി’ലെ പ്രകൃതി. കുറിച്യൻ ചാത്ത​ന്റെ ഭൂമി തട്ടിയെടുത്ത മാരാരോടും ഒറ്റക്കണ്ണൻ ചേട്ടനോടും പ്രകൃതി പകരംവീട്ടി. മാരാരുടെ കൃഷി നശിച്ചു. കാലികൾ നശിച്ചു. നെല്ലറക്കു തീപിടിച്ചു. മാരാരുടെ ചെറിയ കുട്ടി മരിച്ചു. ഒറ്റക്കണ്ണൻ ചേട്ട​ന്റെ കണ്ണ് മുള തറച്ചുപൊട്ടി. അയാളുടെ കുഞ്ഞു മരിച്ചു. അവസാനം പ്രകൃതി മാരാരുടെ മുന്നിൽ കീഴടങ്ങുന്നു. ദേവിയായ മലക്കാരിയുടെ മരണം പ്രകൃതിയുടെ പ്രതീകാത്മകമായ കീഴടങ്ങലാണ്.

ടൂറിസത്തി​ന്റെ അധിനിവേശത്തെ കുറിച്ചുള്ള ഭയാശങ്കകളാണ് ‘കാട്ടുതീ’യിലെ പ്രമേയം. കാടി​ന്റെ ഒരറ്റത്തുള്ള ചെറ്റക്കുടിലിൽ താമസിക്കുന്ന രുഗ്മിണിക്കും കുടുംബത്തിനും കാട് വെട്ടി തെളിയിച്ചു റോഡായി മാറിയതോടെ ഭയവും വർധിച്ചു. ആദ്യമൊന്നും അവർക്ക് അവിടെ താമസിക്കാൻ പേടി ഉണ്ടായിരുന്നില്ല. കുട്ടികൾ ചെറുതായിരുന്നു. കാട്ടുമൃഗങ്ങളും ഇറങ്ങിവരാറുണ്ടായിരുന്നില്ല.

ഒടുവിൽ രുഗ്മിണിയും ഭർത്താവ് വേലായുധനും മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബം വീട് വിറ്റ്‌ യാത്രക്ക് ഒരുങ്ങുന്നു. നഗരത്തി​ന്റെ കടന്നുകയറ്റം കാടിനെ എങ്ങനെ തകർക്കുമെന്ന് ഈ കഥ വ്യക്തമാക്കുന്നു. രുഗ്മിണിക്ക് വന്യമൃഗങ്ങളെക്കാൾ ഭയം കാട്ടിൽ ചുറ്റിത്തിരിയുന്ന ടൂറിസ്റ്റുകളെയാണ്. ‘കാടിനെ വ്യഭിചരിക്കുന്നവർ’ എന്നാണ് അവരെപ്പറ്റി രുഗ്മിണി പറയുന്നത്. ത​ന്റെ പെണ്മക്കളെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭീതിയും അവർക്കുണ്ട്.

ഉറങ്ങുമ്പോൾപോലും ചെറ്റപ്പുരയുടെ കതകിൽ അടിക്കുന്നത് കാറ്റോ അതോ പുരുഷ​ന്റെ കൈകളോ എന്നവൾ ഭയപ്പെടാറുണ്ട്. കാട് ശൂന്യമാവുമെന്നും ത​ന്റെ പെൺകുട്ടികളെ ആരെങ്കിലും അക്രമിക്കുമെന്നുമുള്ള ഭീതി രുഗ്മിണിയെ പിടികൂടുന്നു. മൂലധന കേന്ദ്രീകൃതവും വികലവുമായ വികസനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്വരലയങ്ങളെ തെറ്റിക്കുന്നു. അത്തരമൊരു തകർച്ചയുടെ പ്രാരംഭദശയാണ് ‘കാട്ടുതീ’യിൽ ദൃശ്യമാവുന്നത്.

പ്രകൃതിയും മനുഷ്യനും തമ്മിൽ പൂരിപ്പിക്കപ്പെടാനാവാത്ത ഒരു ആത്മബന്ധത്തി​ന്റെ ഇഴകൾ ഇപ്പോഴും ബാക്കി കിടപ്പുണ്ട്. നാഗരികതയിലേക്കുള്ള പരിണാമത്തിലെവിടെയോ അത് കുറെയേറെ നഷ്ടപ്പെട്ടു. അതിപ്പോഴും നഷ്ടപ്പെടാത്ത മനുഷ്യരുണ്ട്. ‘കാളിയുടെ സ്വപ്നങ്ങളി’ലെ കാളി മുളകുവള്ളികൾ നട്ടുനനച്ചു വളർത്തുന്നു. ഓരോ ദിവസവും മുളകുവള്ളി പടരുന്നത് സ്വന്തം കുഞ്ഞിനെപ്പോലെ അവൾ നിരീക്ഷിച്ചു.

മുളകുവള്ളിയുമായി ഗാഢമായ ബന്ധം അവൾ ഇതിനകം രൂപപ്പെടുത്തിയിരുന്നു. താൻ കാവൽനിന്ന് വളർത്തിയ മുളകുവള്ളി ഒടുവിൽ ഭർത്താവ് ചമയൻ കൊണ്ടുപോവുമ്പോൾ അവൾ ദുഃഖത്തോടെ നോക്കിനിൽക്കുന്നു. കാളിയെപ്പോലെ ‘തേങ്ങ’യിലെ അമ്മക്കും പ്രകൃതിയുമായി ഹൃദയബന്ധമുണ്ട്. തേങ്ങ ഇല്ലാത്ത നാട്ടിൽനിന്ന് വരുന്ന അവൾ തലേദിവസം പെയ്ത മഴയിൽ തേങ്ങ കുതിർന്നു കിടക്കുന്നതുകണ്ട് നൊമ്പരപ്പെടുന്നു. അവൾ അത് പെറുക്കി തേങ്ങാപ്പുരയിൽ നിക്ഷേപിക്കുന്നു.

‘സൈനുദ്ദീന്റെ വീട്ടി’ലെ സൈനുദ്ദീനും, കാളിയെയും അക്കമ്മയെയും പോലെ തന്നെ മരങ്ങളും ചെടികളുമായും ഒരാത്മബന്ധമുണ്ട്. മകളുടെ കല്യാണമായതിനാൽ രണ്ടാഴ്ച വീട്ടിൽനിന്ന് വിട്ടുനിന്നതുതന്നെ വളരെ വിഷമിച്ചായിരുന്നു. നാട്ടിൽനിന്നു കൃഷിചെയ്ത് ജീവിക്കാൻ കാട്ടിലെത്തിയ സൈനുദ്ദീന് കാട് സ്വന്തം ദേശത്തേക്കാൾ പ്രിയപ്പെട്ടതായി. കാട്ടിലെ ഓരോ ഒറ്റയടിപ്പാതയിലും അയാൾ ത​ന്റെ പാദമുദ്രകൾ പതിപ്പിച്ചു. കാട്ടിൽ അനുഭവപ്പെടുന്ന ശാന്തി സൈനുദ്ദീന് നാട്ടിൽ എത്തുമ്പോൾ നഷ്ടമാവുന്നു.

സൈനുദ്ദീന് ത​ന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് പ്രകൃതിയിലേക്കുള്ള മടക്കമാണ്. ‘പോക്കുവെയിൽ പൊൻവെയിലി’ലെ വസന്തലക്ഷ്മി ചെറുപ്പത്തിൽതന്നെ വിവാഹം കഴിഞ്ഞ് നഗരത്തിൽ എത്തിയതാണ്‌. അവൾ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നു. ഗ്രാമത്തിലായിരുന്നപ്പോൾ സൂര്യവെളിച്ചം, പക്ഷികൾ, കീരികൾ എന്നിവയെല്ലാം അവൾക്ക് കൂട്ടായിരുന്നു. കഠിനമായ ഏകാന്തതയും അശാന്തിയും നഗരത്തിൽ എത്തിയപ്പോൾ അവൾക്ക് അനുഭവപ്പെട്ടു.

‘ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങളി’ൽ പ്രകൃതിക്ക് ചിരിക്കുന്ന മുഖമാണ്. മഴയും മഞ്ഞും ഇതിലെ കഥാപാത്രങ്ങളാവുന്നു. മഴയുടെ വരവും പുറത്ത് പൊൻവെയിൽ പരക്കുന്നതും ജയന്തൻ നമ്പൂതിരിയെ ആഹ്ലാദഭരിതനാക്കുന്നു. വേനൽമഴയുടെ കുളിർമയുള്ള അന്തരീക്ഷത്തിലാണ് അയാൾ നടക്കാനിറങ്ങുന്നത്. മഴ കഴിഞ്ഞ് മഞ്ഞു തുടങ്ങിയിട്ടും അയാൾ പുറത്തിറങ്ങാതിരിക്കുന്നില്ല. പ്രകൃതിയുടെ ഈ സൗമ്യഭാവങ്ങളിലാണ് ജയന്തൻ നമ്പൂതിരി ത​ന്റെ പ്രായവും അവശതയും മറക്കുന്നത്. ‘സൂര്യനോടൊപ്പം നടന്ന പെൺകുട്ടി’യിലെ പെൺകുട്ടിക്ക് വലുതാവുമ്പോൾ ത​ന്റെ ബാല്യകാല സൂര്യനെ നഷ്ടമാവുന്നു.

ചെറുപ്പത്തിൽ സൂര്യനും ഭൂമിയും പുഴയുമെല്ലാം അവളുടെ സ്വന്തമെന്ന് തോന്നിയിരുന്നു. രാവിലെ അവൾ കുളക്കടവിലേക്ക് വരുമ്പോൾ സൂര്യൻ അവളുടെ കൂടെ നടന്നിരുന്നു. സൂര്യനും ഭൂമിയും പുഴയുമെല്ലാം അവളുടെ നിഷ്കളങ്ക സ്നേഹത്തി​ന്റെ പ്രകൃതിരൂപങ്ങളാണ്. പ്രകൃതി മനുഷ്യനിലേക്ക് സംക്രമിപ്പിക്കുന്ന സ്നേഹവും സാന്ത്വനവുമെല്ലാം അവൾക്ക് വലുതാവുമ്പോൾ നഷ്ടമാവുന്നു.

ആദിവാസികളുടെ വിദ്യാഭ്യാസം പ്രമേയമാക്കി എഴുതിയതാണ് ‘മഴകുന്നികൾ’, ‘കണ്ണാമ​ന്റെ പോത്തുകൾ’ എന്നീ കഥകൾ. പ്രകൃതിയുമായി നാഡീബന്ധമുള്ള ആദിവാസിയെ അവൻ ജീവിക്കുന്ന ചുറ്റുപാടുകളിൽനിന്നും അകറ്റി അവന് അന്യമായ സംസ്കാരം പഠിപ്പിക്കുന്നതി​ന്റെ പ്രശ്നങ്ങളാണ് ‘മഴകുന്നികളി’ൽ ചർച്ചചെയ്യുന്നത്. പ്രകൃതിയാണ് അവ​ന്റെ വിദ്യാലയം. അവ​ന്റെ ഭാഷയും സംസ്കാരവുമെല്ലാം പ്രകൃതിയുമായി ഇണങ്ങിച്ചേർന്നിരിക്കുന്നു. ആദിവാസിക്ക് അവരുടേതായ ശാസ്ത്രവും വൈദ്യവും സംഗീതവും നാട്ടറിവുകളുമുണ്ട്.

പി. വത്സല

പി. വത്സല

 പ്രകൃതിയെ ചൂഷണംചെയ്യുന്ന നമ്മുടെ വികസന സംസ്‍കാരം ആദിവാസി ജീവിതത്തെയാണ് കൂടുതൽ ബാധിക്കുന്നത്. സ്കൂൾ അടച്ചാൽ കാലികളെ മേയ്ക്കാൻ അപ്പൂപ്പ​ന്റെ കൂടെ പോവാലോ എന്ന് അനന്തൻ മാഷ് പറഞ്ഞപ്പോൾ “ഉം... ഉം മുള്ളു തറയ്ക്കും” എന്നായിരുന്നു അവ​ന്റെ മറുപടി. സ്കൂൾ വിദ്യാഭ്യാസമാണ് അവനെ ത​ന്റെ ഗോത്രസംസ്കൃതിയിൽനിന്നും അകറ്റിയത്. കഥയെ ഏറെ മനോഹരമാക്കുന്നത് ഇതിലെ മഴ അനുഭവമാണ്. അനന്തൻ മാഷുടെ മഴ അനുഭവം കഥാകാരി വിവരിക്കുന്നു. “വിസ്മൃതിയുടെ കരിമ്പടം പുതച്ച് അനന്തൻ നിദ്രയിലാണ്, അർധ സുഷുപ്തമായ അയാളുടെ അബോധതലത്തിൽ എണ്ണമറ്റ മഴകുന്നികൾ പാറിക്കളിച്ചു.

പട്ടം പറപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അയാൾ പുഴമേട്ടിലൂടെ ആകാശത്തേക്ക് നട്ട കണ്ണുകളുമായി നീങ്ങി. കാലിടറി വീഴ്ചയിൽ ത​ന്റെ ചുമലിൽ ആരോ പിടിക്കുന്നതായി കണ്ടു.” മഴയെ അനന്തൻ ത​ന്റെ സ്വപ്നത്തിൽ അനുഭവിക്കുമ്പോൾ വായനക്കാർക്കും അതുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നു.

‘കണ്ണാമന്റെ പോത്തുകളിൽ’ കണ്ണാമൻ ത​ന്റെ പോത്തുകളെ നോക്കാൻ മകൻ കുഞ്ഞി ഒതേനനെ ഹോസ്റ്റലിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നു. പോത്തുകളെ മേയ്ക്കുന്നതിൽ അവന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. പോത്തുകളുടെ പുറത്തേറി കാട്ടിലേക്ക് പോയ അവൻ പിന്നെ വീട്ടിലേക്കു മടങ്ങിവരുന്നില്ല. പിക്കാസും തൂമ്പയും വയലി​ന്റെ മാറ് പിളർക്കുന്നത് കാണുമ്പോൾ പ്രയാണത്തിലെ ‘കുങ്കി’ക്ക് സഹിക്കാനാവുന്നില്ല. ഉപയോഗശൂന്യമായ വയലിൽ ഇഷ്ടികക്കളം നിർമിക്കാനുള്ള ശ്രമത്തിലാണ് പരീത് മാപ്പിളയും പണിക്കാരും. ഭൂമിയെ ക്രൂരമായി കുത്തിപ്പിളർത്തി അതിൽനിന്ന് ലാഭം കൊയ്യാനുള്ള മനുഷ്യ​ന്റെ ദുരാഗ്രഹമാണ് പ്രയാണത്തിലെ കേന്ദ്രപ്രമേയം.

കുറിച്യൻ ചാത്തനെപ്പോലെ കുങ്കിക്കും അവളുടെ ഭൂമി നഷ്ടമാവുന്നു. മനുഷ്യൻ വിഷം പ്രകൃതിയിലേക്ക് ഒഴുക്കിവിടുമ്പോൾ പ്രകൃതിയോടൊപ്പം മനുഷ്യനും കൂടിയാണ് നശിക്കുന്നതെന്ന് ‘ചാലിയാറി​ന്റെ കരയിൽനിന്ന് ഒരു പെണ്‍കുട്ടി’ എന്ന കഥ വ്യക്തമാക്കിത്തരുന്നു. ഭൂമിയെ വിഷം തീണ്ടിയിട്ടും അവിടം വിട്ടുപോവാൻ സീതയുടെ ഭർത്താവ് രാഘവൻ തയാറാവുന്നില്ല. വിഷം തീണ്ടിയ മണ്ണ് എ​ന്റെയും ഏട്ട​ന്റെയും മൃതദേഹങ്ങളെ ദഹിപ്പിക്കില്ല എന്ന സീതയുടെ പ്രസ്താവന മലിനീകരണത്തി​ന്റെ കാഠിന്യം വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തി​ന്റെ ചർച്ചകൾ മലയാള സാഹിത്യത്തിൽ സജീവമാവുന്നതിന് എത്രയോ മുമ്പ് തന്നെ വത്സലയുടെ പരിസ്ഥിതിപ്രമേയമായ കഥകൾ പുറത്തുവന്നിട്ടുണ്ട്. അവയൊന്നുംതന്നെ കേവലം മുദ്രാവാക്യ സമാനമായ കഥകളായിരുന്നില്ല. മറിച്ച് പ്രകൃതിയെ തീവ്രമായ ധ്യാനാനുഭവമാക്കി മാറ്റുന്നവയായിരുന്നു.

News Summary - weekly articles