അട്ടപ്പാടിയിലെ 1932 പട്ടയങ്ങളുടെ ഭൂമി എവിടെ?
അട്ടപ്പാടിയിലെ ആദിവാസി ഭൂ കൈയേറ്റങ്ങൾ തുടരുകയാണ്. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട് ചിലർ ആത്മഹത്യചെയ്തു. സർക്കാർ കണക്ക് പ്രകാരം ഭൂ ഉടമകളായ 1932 പേർക്ക് തങ്ങളുടെ ഭൂമി എവിടെയാണെന്നുപോലും അറിയില്ല –എന്താണ് അട്ടപ്പാടിയിൽ നടക്കുന്നത്?
അട്ടപ്പാടിയിലെ രണ്ടായിരത്തോളം (1932) ആദിവാസി കുടുംബങ്ങളുടെ കൈയിൽ പട്ടയ കടലാസുണ്ട്. എന്നാൽ, ഭൂമിയെവിടെയാണെന്ന് അറിയില്ല. ഇടതു സർക്കാറുകളുടെ കാലത്ത് റവന്യൂ മന്ത്രിമാരായ കെ.ഇ. ഇസ്മയിലും ഇ. ചന്ദ്രശേഖരനും നൽകിയ പട്ടയ കടലാസാണ് മിക്ക ഊരിലെയും ആദിവാസികളുടെ കൈവശമുള്ളത്. സർക്കാറിന്റെ കണക്കുപുസ്തകത്തിൽ ഇവരൊന്നും ഇപ്പോൾ ഭൂരഹിതരല്ല. അട്ടപ്പാടിയിലെ റവന്യൂ സംവിധാനം കാര്യക്ഷമവും സുതാര്യവുമായി പ്രവർത്തിക്കുന്നുവെന്നതിന് മികച്ച ഉദാഹരണമായി ഇത്രയധികം പട്ടയം വിതരണം ചെയ്തതിനെ മന്ത്രിമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പട്ടയ കടലാസ് ലഭിച്ച ആദിവാസികൾ ഭൂമി അളന്ന് നൽകണമെന്ന് ആവശ്യപ്പെട്ടാൽ സർവേയർ സസ്പെൻഷനിലാണ് എന്ന മറുപടിയാണ് ട്രൈബൽ താലൂക്ക് തഹസിദാർ നൽകുക. അതേസമയം, കൈയേറ്റക്കാർക്ക് ഭൂമി അളന്നുകൊടുക്കാൻ പുറത്തുനിന്ന് സർവേയറെ അവർതന്നെ കൊണ്ടുവരും. കൈയേറ്റക്കാർ കാണിച്ചുകൊടുക്കുന്ന കണ്ണായ സ്ഥലം കല്ലിട്ട് അതിർത്തി നിർണയിച്ചു കൊടുക്കും. ആദിവാസി ഭൂമിക്കുമാത്രം അതിർത്തിക്കല്ലുകളില്ല.
വംശീയമായ തുടച്ചുനീക്കൽ
അട്ടപ്പാടിയിൽ വംശീയമായ തുടച്ചുനീക്കൽ നടക്കുന്നത് പുറംലോകം അറിയുന്നില്ല. കാരണം, ഭരണകൂടത്തിന്റെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ പിൻബലത്തിലാണ് വംശീയ തുടച്ചുനീക്കൽ അരങ്ങേറുന്നത്. ഏറ്റവുമധികം ഭൂമി കൈമാറ്റം നടക്കുന്ന രജിസ്ട്രാർ ഓഫിസ് അഗളിയിലാണ്. അട്ടപ്പാടിയിൽ നിയമവിരുദ്ധമായ കൈയേറ്റം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് പരാതി നൽകിയാൽ അന്വേഷണത്തിന് പാലക്കാട് കലക്ടർക്ക് കത്ത് നൽകും. ആ നിർദേശം വില്ലേജ് വരെ സഞ്ചരിക്കും.
പിന്നീട് ഒന്നും സംഭവിക്കില്ല. നിയമസഭയിൽ കെ.കെ. രമ എം.എൽ.എ അന്യാധീനപ്പെടുന്ന ആദിവാസി ഭൂമിയെ കുറിച്ച് സബ്മിഷൻ അവതരിപ്പിച്ചപ്പോൾ മന്ത്രി കെ. രാജൻ നൽകിയ ഉറപ്പ് അസി. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്നാണ്. മന്ത്രി നിർദേശം നൽകിയിട്ടും 21 പരാതികളിൽ 19 പരാതികളിലും ഇതുവരെ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടില്ല. റവന്യൂ-രജിസ്ട്രേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നല്ല പങ്ക് സി.പി.ഐ യൂനിയന്റെ നേതാക്കൾതന്നെയാണ് എന്ന കാര്യം വേറെ. റവന്യൂ വിജിലൻസ് വിഭാഗങ്ങൾ കൈയേറ്റക്കാരിൽനിന്ന് പണം വാങ്ങി ഒത്തുകളിക്കുന്നുവെന്ന ആദിവാസികളുടെ ആരോപണം ശരിവെക്കുകയാണ് ഉദ്യോഗസ്ഥരുടെ നടപടികൾ. റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയാൽ അത് ആദിവാസികൾക്ക് എതിരാവും. അല്ലെങ്കിൽ റിപ്പോർട്ട് നൽകില്ല.
കടലാസിലൊതുങ്ങിയ ഇസ്മയിൽ പട്ടയം
അട്ടപ്പാടിയിലെ ആദിവാസികൾതന്നെയാണ് 1999ൽ അന്നത്തെ മന്ത്രി കെ.ഇ. ഇസ്മയിൽ നൽകിയ പട്ടയത്തിന് ഭൂമി ലഭിച്ചിട്ടില്ലെന്ന പരാതിയുമായി രംഗത്തുവന്നത്. അവരുടെ ശബ്ദം കെ.കെ. രമ എം.എൽ.എ ഏറ്റെടുത്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. എം.എൽ.എ പട്ടയം നൽകിയ പ്രദേശങ്ങൾ സന്ദർശിക്കുകയും വില്ലേജ് ഓഫിസിൽ നേരിട്ട് ചെന്ന് അന്വേഷിക്കുകയും ചെയ്തതോടെ ആർക്കും നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യമായി ഈ പട്ടയം കടലാസ്.
പട്ടയ കടലാസല്ലാതെ ഭൂമി ലഭിച്ചില്ലെന്ന ആദിവാസികളുടെ പരാതി സത്യമാണെന്നാണ് ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസ് ‘മാധ്യമ’ത്തിന് നൽകിയ മറുപടി. സർക്കാർ രേഖകൾ പ്രകാരം 1999 മുതൽ 2020 വരെയുള്ള കാലത്ത് അട്ടപ്പാടിയിൽ 2000ത്തോളം (1932) ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകിയെന്ന് സബ് കലക്ടർ അംഗീകരിക്കുന്നു. സി.പി.ഐയുടെ കെ.ഇ. ഇസ്മയിലും ഇ. ചന്ദ്രശേഖരനുമാണ് പട്ടയം നൽകിയ റവന്യൂ മന്ത്രിമാർ.
കെ.ഇ. ഇസ്മയിൽ റവന്യൂ മന്ത്രിയായിരിക്കെയാണ് 1975ലെ പട്ടികവർഗ ഭൂ (ഭൂമി കൈമാറ്റൽ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും) നിയമം അട്ടിമറിച്ച് കുടിയേറ്റക്കാർക്ക് അനുകൂലമായി 1999ൽ നിയമം പാസാക്കിയത്. ഇതിനെതിരെ ആദിവാസികളുടെ ശബ്ദം ഉയരുന്നത് തടയാനാണ് പട്ടയവിതരണ പ്രയോഗം ഇസ്മയിൽ നടത്തിയത്. ചരിത്രത്തിലെ ഭയാനകമായ ആദിവാസി വഞ്ചനയുടെ ചിത്രം ഇതിലൂടെ മറച്ചുപിടിക്കാൻ കെ.ഇ. ഇസ്മയിലിനും ഇടത് സർക്കാറിനും കഴിഞ്ഞു.
അട്ടപ്പാടിയിൽ 1999ൽ പട്ടയമേള നടത്തിയ കെ.ഇ. ഇസ്മയിൽ 475 ആദിവാസി കുടുംബങ്ങൾക്കാണ് പട്ടയം വിതരണംചെയ്തത്. ഒറ്റപ്പാലം സബ് കലക്ടറുടെ കണക്കു പുസ്തക പ്രകാരം 575.28 ഏക്കർ ഭൂമി കടലാസിൽ വിതരണംചെയ്തു. ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1912,1913, 1914, 1915 1916, 1917 എന്നിവയിലും കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1819ലെയും ഭൂമിക്കാണ് പട്ടയം നൽകിയത്. ഇതിൽ എത്രപേരുടെ ഭൂമി അളന്ന് തിരിച്ച് സർവേ ചെയ്തു കൊടുത്തുവെന്ന ചോദ്യത്തിന് സബ് കലക്ടറുടെ ഓഫിസിന് ഉത്തരമില്ല. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് സബ് കലക്ടറുടെ ഓഫിസിലെ മറുപടി.
ആദിവാസികൾ പട്ടയക്കടലാസുമായി ഇപ്പോഴും താലൂക്ക്-വില്ലേജ് ഓഫിസുകൾ കയറിയിറങ്ങുകയാണെന്ന സത്യം ആർക്കും മറച്ചുവെക്കാനാവില്ല. ഇതിൽ ഷോളയൂർ വില്ലേജിലെ 1819ലെ ഭൂമിയിലാണ് കെ.കെ. രമ എം.എൽ.എ സന്ദർശനം നടത്തിയത്. കാരണം, ഈ സർവേ നമ്പറിലെ പട്ടയഭൂമിയിൽ വ്യാജ ആധാരങ്ങളുണ്ടാക്കി കൈയേറ്റം നടക്കുന്നുവെന്നാണ് ആദിവാസികളുടെ പരാതി. ഷോളയൂർ വില്ലേജ് ഓഫിസിൽനിന്ന് പട്ടയ ഭൂമിക്ക് ആദിവാസികളല്ലാത്തവർക്ക് നികുതി രസീത് നൽകിയെന്നും ആേക്ഷപമുണ്ട്.
വ്യാജ നികുതി രസീതും ഉടമസ്ഥതാ രസീതും നിർമിക്കുന്ന സ്ഥലമാണ് അട്ടപ്പാടി. ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറാൻ അഗളി വില്ലേജിലെ മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണ് കെ.വി. മാത്യു ഉപയോഗിച്ചത്. അന്നത്തെ വില്ലേജ് ഓഫിസർ അത് വ്യാജമാണെന്ന് മൊഴിനൽകിയിട്ടും മാരിമുത്തു വില്ലേജിൽ പോയി നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും നടപടിയുണ്ടായില്ല.
കെ.ഇ. ഇസ്മയിൽ ഒരു തവണയാണ് പട്ടയം വിതരണം ചെയ്തതെങ്കിൽ പിന്നീട് ഇടതു ഭരണകാലത്ത് റവന്യൂ മന്ത്രിയായ ഇ. ചന്ദ്രശേഖരൻ 2016 മുതൽ 2020 വരെ നാലുതവണ അട്ടപ്പാടിയിൽ ആദിവാസികൾക്ക് പട്ടയ വിതരണം നടത്തി. ഇസ്മയിലിനെക്കാൾ മൂന്നിരട്ടി ചന്ദ്രശേഖരൻ പട്ടയമുണ്ട്. 1458 ചന്ദ്രശേഖരൻ പട്ടയങ്ങൾ ആദിവാസികളുടെ കൈവശമുണ്ട്. ഒന്നാമത്തെ വിതരണം 2016-17 കാലത്താണ്. 517 കുടുംബങ്ങൾക്ക്. സബ് കലക്ടർ നൽകുന്ന വിവരപ്രകാരം ഇക്കാലത്ത് 742. 87 ഏക്കർ ഭൂമി അളന്ന് തിരിച്ച് നൽകിയെന്നാണ്. എന്നാൽ, ആദിവാസികൾ ഈ വാദം അംഗീകരിക്കുന്നില്ല.
ഭൂമി കിട്ടിയതായി പട്ടയം ലഭിച്ച ആദിവാസികൾക്ക് അറിയില്ല. 2018ൽ 222 കുടുംബങ്ങൾക്കും 2019ൽ 425 കുടുംബങ്ങൾക്കും 2020ൽ 293 കുടുംബങ്ങൾക്കും പട്ടയം നൽകിയെന്നാണ് സബ് കലക്ടറുടെ കണക്ക്. 2016 മുതൽ 2020 വരെ ആകെ 1457 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ഇവർക്ക് ആകെ നൽകിയത് 1226 ഏക്കർ ആണ്. 2016-17ൽ വിതരണംചെയ്തത് 742 ഏക്കർ എന്നാണ് കണക്ക്. ഇതിൽനിന്ന് മൂന്നുതവണ വിതരണംചെയ്തത് 484 ഏക്കറാണെന്ന് വരുന്നു.
അത് 940 കുടുംബങ്ങൾക്ക് വിതരണംചെയ്തുവെന്ന് കണക്കാക്കണം. ഏതാണ്ട് 50 സെന്റോ അതിൽ താഴെയോ മാത്രമായിരിക്കും ശരാശരി ഒരു കുടുംബത്തിന് ഇക്കാലത്ത് കടലാസിൽ ലഭിച്ചത്. പട്ടയവിതരണം നടത്തിയ വില്ലേജുകളുടെയും ഭൂമിയുടെയും സർവേ നമ്പറും സബ് കലക്ടറുടെ ഓഫിസിൽ ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. പട്ടയ വിതരണം നടത്തിയ ഭൂമിയിൽ എത്ര ആദിവാസി കുടുംബങ്ങൾ ഇന്ന് ജീവിക്കുന്നുണ്ടെന്നും റവന്യൂ വകുപ്പിനോ പട്ടികവർഗ വകുപ്പിനോ അറിയില്ല.
എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് വിജിലൻസ്
വിജിലൻസ് സമർപ്പിച്ച അന്വേഷണറിപ്പോർട്ട് പ്രകാരം സാർജന്റ് റിയാലിറ്റീസ് 600.885 ഏക്കറും ശുഭ റിയാലിറ്റീസ് 44.76 ഏക്കറും ഭൂമി വിലയ്ക്കു വാങ്ങിയിട്ടുണ്ട്. ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവർക്കെതിരെ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് വിജിലൻസ് ശിപാർശയും ചെയ്തു. ആ ശിപാർശമാത്രം നടപ്പാക്കിയിരുന്നെങ്കിൽതന്നെ ആദിവാസി ഭൂമി കൈയേറ്റത്തിന്റെ ദിശ മാറിയേനെ.
സാർജന്റ് റിയാലിറ്റീസ്
ഷോളയൂർ 11 30.27 ഏക്കർ
അഗളി 41 143.92 ഏക്കർ
കോട്ടത്തറ 89 426.695 ഏക്കർ
ആകെ 141 600.885 ഏക്കർ
ശുഭ റിയാലിറ്റീസ്
വില്ലേജ് ഇടപാടുകൾ ഭൂമി
ഷോളയൂർ 5 15.06 ഏക്കർ
അഗളി 6 17.70 ഏക്കർ
കോട്ടത്തറ 3 12 ഏക്കർ
ആകെ 14 44.76 ഏക്കർ
റിപ്പോർട്ടിലെ ശിപാർശയിൽ 13 കേസുകളാണ് ചൂണ്ടിക്കാണിച്ചത്. അതിലൊന്നാമത്തേത് ആദിവാസികളായ കാരമട, മാരുതി തേവൻ എന്നിവരുടെ പേരിലുള്ള ഭൂമിയാണ്. ഷോളയൂർ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർപ്രകാരം കാരമട, മാരുതി തേവൻ എന്നിവരുടെ പേരിലാണ് സർവേ 1539 നമ്പറിലെ ഭൂമി. ആറുമുഖൻ എന്നയാൾ ഭാര്യ ഭഗവതിയുടെ പേരിൽ രേഖയുണ്ടാക്കി 52.61 ഏക്കർ ഭൂമിയാണ് കമ്പനിക്ക് വിറ്റത്. മണ്ണാർക്കാട് തഹസിൽദാർ, ഷോളയൂർ വില്ലേജ് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ എ ആൻഡ് ബി രജിസ്റ്ററിലും ഫീൽഡ് മെഷർമെന്റ് ബുക്കിലും സ്ഥലപരിശോധന നടത്തി. പരിശോധനയിൽ ഭൂമി കാരമടയുടെയും മാരുതി തേവന്റെയുമാണെന്ന് കണ്ടെത്തി.
മണ്ണാർക്കാട് മൂപ്പിൽ നായരിൽനിന്ന് പിതാവിന് വാക്കാലുള്ള പാട്ടത്തിന് ലഭിച്ചുവെന്ന് രേഖയുണ്ടാക്കിയ ശേഷം തന്റെ ഭാര്യയുടെ പേരിലേക്കാണ് ആറുമുഖൻ ഭൂമി കൈമാറ്റംചെയ്തത്. ഏഴുമാസത്തിന് ശേഷം കമ്പനിക്ക് അത് വിറ്റു. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് കാരമട, മാരുതി തേവൻ എന്നിവരുടെ നിയമപരമായ അവകാശികൾക്ക് കൈമാറണമെന്ന് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ എസ്.സി-എസ്ടി അതിക്രമം (തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി. നിയമവിരുദ്ധ പ്രവർത്തനത്തിന് സഹായംചെയ്ത ഷോളയൂർ വില്ലേജ് മുൻ ഓഫിസർ എൻ. അനിലിനെതിരെ ഉചിതമായ വകുപ്പുതല നടപടി സ്വീകരിക്കണം എന്നും പറഞ്ഞു. രണ്ട് രേഖകളും തയാറാക്കിയ ആധാരം എഴുത്തുകാരൻ മോഹനകൃഷ്ണൻ ക്രിമിനൽ കുറ്റത്തിന് ഉത്തരവാദിയാണെന്നും രേഖപ്പെടുത്തി.
നാല് ഭൂമി ഇടപാടുകൾ പരിശോധിച്ചതിൽ മൂപ്പിൽ നായരിൽനിന്ന് വാക്കാൽ പാട്ടം ലഭിച്ചവർ പ്രായപൂർത്തിയാകാത്തവരാണെന്നും കണ്ടെത്തി. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 762/72-ൽ 14 ഏക്കർ ഭൂമി കൈമാറിയത് അസാധുവാണെന്ന് റിപ്പോർട്ട് ചെയ്തു. കാരണം ആ രേഖയിൽ കക്ഷിയായ അംബ്രൂസ് ആധാരം തയാറാക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആളാണ്. 14 ഏക്കർ മൂപ്പിൽ നായരുടേതായതിനാൽ അത് സർക്കാർ ഏറ്റെടുക്കണം. അന്നത്തെ വില്ലേജ് ഓഫിസർ ഉഷാകുമാരിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും ശിപാർശ ചെയ്തു. കോട്ടത്തറ വില്ലേജ് ഓഫിസിൽ സൂക്ഷിച്ച പട്ടയം, എ ആൻഡ് ബി രജിസ്റ്ററും മുൻ രേഖകളും പരിശോധിക്കാതെ ‘പുറമ്പോക്ക്, വനഭൂമി, ആദിവാസി ഭൂമി എന്നിവയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഈ ഭൂമി’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്.
രണ്ടാമത്തെ കേസിൽ കോട്ടത്തറ വില്ലേജിൽ സർവേ 762ലെ 3.50 ഏക്കർ കൈമാറ്റവും അസാധുവെന്ന് കണ്ടെത്തി. പാട്ടരേഖ തയാറാക്കുമ്പോൾ രാമസ്വാമി പ്രായപൂർത്തിയായിരുന്നില്ല. അതിനാൽ ഈ ഭൂമി ഏറ്റെടുക്കണം. കോട്ടത്തറ വില്ലേജിൽ സർവേ 762ലെ നമ്പറിലെ 1.81 ഏക്കർ ഭൂമി കൈമാറിയ രാജനും 1964ൽ പ്രായപൂർത്തിയാകാത്ത ആളാണ്. ഈ ഭൂമി മൂപ്പിൽ സ്ഥാനത്തിന്റെ കൈവശമായിരുന്നതിനാൽ സർക്കാർ ഏറ്റെടുക്കണം. വ്യാജരേഖ തയാറാക്കിയ ആധാരം എഴുത്തുകാരൻ ഗംഗാധരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശിപാർശ ചെയ്തു. രാജൻ മൂപ്പിൽ സ്ഥാനവുമായി വാക്കാലുള്ള പാട്ടത്തിനെടുത്തപ്പോൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന വസ്തുത ഒഴിവാക്കിയാണ് രേഖയുണ്ടാക്കിയത്. കോട്ടത്തറ വില്ലേജിലെ സർവേ 1275ൽ അഞ്ച് ഏക്കർ ഭൂമി കൈമാറ്റംചെയ്ത അയ്യമ്മാൾ 1964ൽ പ്രായപൂർത്തിയാകാത്ത ആളാണ്. ഈ ഭൂമിയും സർക്കാർ ഏറ്റെടുക്കണം. ഇതിലും ആധാരം ചമച്ചത് ഗംഗാധരനാണ്.
അഗളി, ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലായി 600.885 ഏക്കർ സാർജന്റ് റിയാലിറ്റീസ് വാങ്ങിയിരുന്നു. 37.66 ഏക്കർ അവർ സ്വകാര്യസംരംഭകർക്ക് വിറ്റു. 563.225 ഏക്കർ ഭൂമി അവരുടെ കൈവശമുണ്ട്. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്രയും ഭൂമി വാങ്ങി കൈവശംവെച്ചത് കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ലംഘനമാണ്. 2005 മുതൽ 2008 വരെയുള്ള കാലയളവിലാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഇത് സബ് രജിസ്ട്രാർമാരും വില്ലേജ് ഓഫിസർമാരും മേലുദ്യോഗസ്ഥരുടെയും കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. പൂരിപ്പിച്ച ഫോറം 58ൽ വിശദാംശങ്ങൾ ലഭിക്കാൻ സബ് രജിസ്ട്രാർമാർ ബാധ്യസ്ഥരാണ്. 2008 വരെ ഇത് ശേഖരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ അഗളിയിൽ അക്കാലത്ത് ചുമതല വഹിച്ച സബ് രജിസ്ട്രാർമാരാണ് ഇതിന് ഉത്തരവാദികൾ. കെ.പി. വേണുഗോപാല പണിക്കർ, സി. മോഹനൻപിള്ള, വി.കെ. പ്രസാദ്, സി. രാജഗോപാലൻ, പി.ആർ. ജോസ്, എം.എം. ഷൗക്കത്തലി എന്നിവരാണ് 2006 മുതൽ 2012 വരെ സബ് രജിസ്ട്രാർമാരായിരുന്നത്. ഔദ്യോഗിക കൃത്യവിലോപത്തിന് ഈ ഉദ്യോഗസ്ഥർ ഉത്തരവാദികളാണ്. 35 ദിവസം ജോലിചെയ്ത വി.കെ. പ്രസാദ് ഒഴികെ സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനായിരുന്നു ശിപാർശ.
അഹാഡ്സിൽ ടൈപ്പിസ്റ്റായിരുന്ന ബിനു എസ്. നായർ 2006 ജനുവരി 31ന് ജോലി രാജിവെച്ചശേഷം സർജൻ, ശുഭ റിയാലിറ്റീസ് എന്നിവയുടെ ഭൂമിവാങ്ങൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ലാൻഡ് കൺസൽട്ടന്റായി സാർജന്റ് റിയാലിറ്റിയിൽ ചേർന്നു. അതിനാൽ സാർജനും ശുഭ റിയാലിറ്റീസും ഭൂമി വാങ്ങുമ്പോൾ അദ്ദേഹം ഒരു വ്യക്തി മാത്രമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിൽ കൃത്യമായ റീസർവേ നടത്തണമെന്നും നിർദേശിച്ചു.
ആദിവാസികളുടേത് മാത്രമായ 1275ലെ ഭൂമി
കെ.കെ. രമ എം.എൽ.എ സന്ദർശിച്ച മറ്റൊരിടം കോട്ടത്തറ വില്ലേജിലെ വിവാദമായ 1275 സർവേ നമ്പറിലെ ഭൂമിയിലാണ്. കാറ്റാടി കമ്പനി ഭൂമി കൈയേറിയത് വിവാദമായ കാലത്ത് ഏറെ ചർച്ചയായത് ഈ സർവേ നമ്പറിലെ ഭൂമി കൈമാറ്റമാണ്. ഇവിടെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് അട്ടപ്പാടി ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസറാണ്. 2010 മേയ് 12നാണ് അദ്ദേഹം പട്ടികവർഗ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ആദിവാസികൾക്ക് അവകാശപ്പെട്ടതും അവർ കൈവശംവെച്ചിരുന്നതുമായ ഭൂമി കൈമാറ്റംചെയ്തു എന്നായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം.
ഈ റിപ്പോർട്ടായിരുന്നു അക്കാലത്ത് യു.ഡി.എഫിന്റെ പിടിവള്ളി. അട്ടപ്പാടി ഷോളയൂർ ഗ്രാമപഞ്ചായത്തിലെ നല്ലശിങ്ക, വരഗംപാടി പ്രദേശങ്ങളിൽനിന്ന് സുസ്ലോൺ കമ്പനി കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാനായി ആദിവാസിഭൂമി തട്ടിയെടുത്തുവെന്നും കൈയേറിയെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് സ്പെഷൽ എക്സ്റ്റൻഷൻ ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.
ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1275ലാണ് വ്യാപകമായി ഭൂമി ആദിവാസികൾക്ക് അന്യാധീനപ്പെട്ടത്. കാറ്റാടിയന്ത്രം സ്ഥാപിക്കാനും പോസ്റ്റ് സ്ഥാപിക്കാനും റോഡ് നിർമിക്കാനുമാണ് ആദിവാസികളിൽനിന്ന് നിസ്സാരവിലയ്ക്ക് സുസ്ലോൺ കമ്പനി സ്ഥലം കൈക്കലാക്കിയത്. 150ൽപരം ഏക്കർ ഭൂമി 40 വർഷമായി ആദിവാസികൾ കൈവശംവെച്ചനുഭവിച്ചതാണ്. ഭൂനികുതി അടച്ചിരുന്ന 36 പേരുടെ വിവരങ്ങളും കൈവശമുണ്ടായിരുന്ന സ്ഥലത്തിന്റെ വിസ്തീർണവും റിപ്പോർട്ടിൽ രേഖപ്പെടുത്തി. രംഗൻ, ആറുമുഖൻ, രവി എന്നിവരുടെ സ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കാൻ 42,000 രൂപ വീതം നൽകി. നിലവിലുള്ള പഞ്ചായത്ത് റോഡിന് ഇരുവശവും ആദിവാസികളുടെ സ്ഥലമായിരുന്നു. ഈ സ്ഥലത്തുനിന്നാണ് റോഡിനായി ഭൂമി ഏറ്റെടുത്തത്.
വരഗംപാടി ഊരിലെ നാല് ആദിവാസികൾക്ക് പോസ്റ്റ് സ്ഥാപിക്കാൻ 12,000 രൂപ വീതവും റോഡ് നിർമിക്കാൻ അഞ്ച് ആദിവാസികൾക്ക് 12,000 രൂപ വീതവും നൽകി. ആദിവാസികൾ സബ് രജിസ്ട്രാർ ഓഫിസിലെത്തി ഭൂമി രജിസ്റ്റർ ചെയ്ത് കൊടുത്തിട്ടില്ല. അഗളി സ്വദേശി ബിനു എസ്. നായരും ആനക്കട്ടിയിലുള്ള ശങ്കരനാരായണനും കൂടിയാണ് നല്ലശിങ്ക ഊരിലെത്തി ഭൂമിക്ക് വിലപറഞ്ഞ് ഉറപ്പിച്ചത്. ഇവർ പറയുന്ന തുകക്ക് ഭൂമി നൽകിയാൽ എല്ലാവർഷവും കാറ്റാടിയന്ത്രം സ്ഥാപിക്കുന്ന സ്ഥാപനം നല്ലതുക ഒാരോരുത്തർക്കും നൽകുമെന്നും വാഗ്ദാനം നൽകി. സ്ഥലം നൽകിയ മുഴുവൻപേരെയും പിന്നീട് ബിനുവും ശങ്കരനാരായണനും അഗളി സ്റ്റേറ്റ് ബാങ്കിന് സമീപമുള്ള മുറിയിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് കുറെ മുദ്രപത്രങ്ങളിലും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച പേപ്പറുകളിലും ഒപ്പിടുവിച്ചു.
സോയിൽ കൺസർവേഷൻ വകുപ്പ് നല്ലശിങ്ക, വരഗപാടി ഊരുകളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ആദിവാസി ഊരുകളിൽനിന്ന് കരം അടച്ച രസീതും കൈവശ സർട്ടിഫിക്കറ്റും വാങ്ങിയിരുന്നു. ഈ സ്ഥലങ്ങളെല്ലാം ആദിവാസികൾ അറിയാതെ മറ്റു പലരുടെയും പേരിലും വിൽപന നടത്തിയതായി അഗളി സബ് രജിസ്ട്രാർ ഓഫിസിലെ രേഖകളിൽനിന്ന് കണ്ടെത്തി. സാർജൻ (സുസ്ലോൺ) എന്ന കമ്പനി ചെറിയ തുകക്ക് വാങ്ങി ഒന്നും രണ്ടും മാസങ്ങൾക്കുള്ളിൽ ഭൂമി പോപ്പിക്കുട, കേരള സ്റ്റീൽ അസോസിയേറ്റ്, പി.കെ. റോളിങ് മിൽസ്, ഏഷ്യൻ സ്റ്റാർ കമ്പനി, ഭീമ ജ്വല്ലറി തുടങ്ങി ഏതാണ്ട് 11 സ്ഥാപനങ്ങൾക്ക് ഭീമമായ തുകക്ക് മറിച്ചുവിറ്റതായി അഗളി സബ് രജിസ്ട്രാർ ഓഫിസ് രേഖകൾ വ്യക്തമാക്കുന്നുവെന്നും ഐ.ടി.ഡി.പിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ പരിശോധനാ വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. വിശദ അന്വേഷണത്തിന് ഒറ്റപ്പാലം ആർ.ഡി.ഒക്ക് നിർദേശം നൽകിയത് അന്നത്തെ മന്ത്രി എ.കെ. ബാലനാണ്. ആർ.ഡി.ഒയുടെ അന്വേഷണത്തിൽ അഗളി സബ് രജിസ്ട്രാർ ഓഫിസ് നിലവിൽവന്ന 1987 മുതൽ 2009 വരെയുള്ള കാലങ്ങളിൽ സർവേ 1275ൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ച് 101 പ്രമാണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവേ 1275ൽ എ ആൻഡ് ബി രജിസ്റ്റർ പ്രകാരം വിസ്തീർണം 182.41 ഏക്കറാണ് (73.82 ഹെക്ടർ). എന്നാൽ, ഈ വിസ്തീർണത്തിലും കൂടുതൽ ഭൂമി ഈ സർവേ നമ്പറിൽ കൈമാറ്റം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ചീഫ് സെക്രട്ടറിയുടെ ശിപാർശ
2010 ആഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും, പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, വനം സെക്രട്ടറി എന്നിവർ അംഗങ്ങളായും ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. കോട്ടത്തറ വില്ലേജിലും സമീപത്തുമുള്ള 1275, 1273 നമ്പറുകളിലുള്ള നല്ലശിങ്ക, വരഗംപാടി ആദിവാസി ഊരുകളിലെ ഭൂമിമാത്രമാണ് അന്വേഷണത്തിന്റെ പരിധിയിലുണ്ടായിരുന്നത്. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പ്രതിക്കൂട്ടിൽ നിർത്തുന്നത് സർക്കാറിനെയും സി.പി.എമ്മിനെയുമായിരുന്നു.
429 പേജുള്ള റിപ്പോർട്ട്് പറഞ്ഞത് ഉദ്യോഗസ്ഥ–രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ അരങ്ങേറിയ നിയമലംഘനങ്ങളുടെ തുടർക്കഥകളാണ്. സുസ്ലോൺ, സാർജന്റ് റിയാലിറ്റീസ് എന്നീ രണ്ടു കമ്പനികൾക്ക് ഭൂമി വാങ്ങാനും കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനും അനുമതി നൽകിയത് സർക്കാറിന്റെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. അനെർട്ട്, അഹാഡ്സ് എന്നീ സ്ഥാപനങ്ങളും വൈദ്യുതി ബോർഡ്, വനം,നികുതി, രജിസ്ട്രേഷൻ വകുപ്പുകളും റിപ്പോർട്ടിൽ പ്രതിസ്ഥാനത്താണ്. വിവിധ വകുപ്പുകളും ഏജൻസികളും ഏകോപനത്തോടെ ദ്രുതഗതിയിൽ നടപടി സ്വീകരിക്കണമെന്നാണ് ആദ്യത്തെ നിർദേശം. ആദിവാസികളുടെ ഭൂമിയും സർക്കാർ ഭൂമിയും ഏതൊക്കെയാണെന്ന് കണ്ടെത്തി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം.
പൊലീസും റവന്യൂ ഡിപ്പാർട്മെന്റും സംയുക്തമായി പ്രവർത്തിക്കണം. ഭൂമി കൈക്കലാക്കാൻ ഗൂഢാലോചന, അതിക്രമം, കൃത്രിമം, തട്ടിപ്പ് എന്നിവ അരങ്ങേറിയിട്ടുണ്ട്. അഗളി പൊലീസ് എഫ്.ഐ.ആർ നമ്പർ 186/2010 എടുത്തിട്ടുള്ള കേസിൽ ഗൗരവമായ അന്വേഷണം നടത്തണം.,1985ലെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം, പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ കേസെടുക്കണം. ബിനു എസ്. നായർ, േപ്രം ഷമീർ, കെ.എസ്. ജോയ്, ശങ്കരനാരായണൻ, വി.എച്ച്. ദിരാറുദീൻ, ബൈജു, സി.സി. ജയ തുടങ്ങിയവർക്കുള്ള ഭൂമി തട്ടിപ്പിലെ പങ്ക് വ്യക്തമാണെന്ന് റിപ്പോർട്ട് പറഞ്ഞു.
കോട്ടത്തറ ഉൾപ്പെടെയുള്ള ആറു വില്ലേജുകൾ സർവേ നടത്താത്ത മേഖലയാണ്. 1275 നമ്പറിൽ അതുകൊണ്ടുതന്നെ തണ്ടപ്പേരുകൾ പലതും കണ്ടെത്തുക പ്രയാസം. കള്ളാധാരങ്ങൾ ഉണ്ടാക്കി പോക്കുവരവുകൾ നടത്തിയിട്ടുണ്ട്. വില്ലേജിലെ ഭൂരേഖകൾ പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ സർവേ പൂർത്തീകരിക്കണം. അട്ടപ്പാടിയിലെ കോട്ടത്തറ, അഗളി, ഷോളയൂർ എന്നീ മൂന്ന്് വില്ലേജുകളിലും സർവേയുടെ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇതുവഴി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാം. അതുപോലെ ഭാവിയിൽ ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കാം എന്നിവയായിരുന്നു കമ്മിറ്റിയുടെ നിർദേശം.
കോട്ടത്തറയിലെ 1275, 1273 നമ്പറിലുള്ള ഭൂമി സർവേ നടത്തിയശേഷം കലക്ടർ നൽകിയ റിപ്പോർട്ടിൽ ആദിവാസികൾക്കും ഭൂമി രജിസ്റ്റർ ചെയ്തവർക്കും സ്വന്തം സ്ഥലത്തിന്റെ അതിർത്തി എവിടെയാണെന്ന് അറിയില്ല. ഇത് അട്ടപ്പാടിയുടെ പൊതുസ്ഥിതിയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി 2010 ഒക്ടോബർ 12ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ 92ാം ഖണ്ഡിക ഒഴിവാക്കി ബാക്കി ശിപാർശ മന്ത്രിസഭാ യോഗം തത്ത്വത്തിൽ അംഗീകരിച്ചു. അതനുസരിച്ച് 2010 നവംബർ 12ന് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ ഉത്തരവ് ഇറക്കി. സമഗ്രമായ വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചു. റവന്യൂ വകുപ്പ് തുടർനടപടിയും തുടങ്ങി. ഭൂമി നഷ്ടപ്പെട്ട ആദിവാസികളിൽനിന്നും 1999ലെ നിയമപ്രകാരം പരാതി സ്വീകരിക്കാൻ പ്രത്യേകം ഓഫിസ് ആരംഭിച്ചു. അട്ടപ്പാടി പ്രദേശത്തെ മുഴുവൻ വില്ലേജുകളിലും റീസർവേ ആരംഭിച്ചു.
ആത്മഹത്യ സമരായുധമാക്കിയ പൊന്നി
കാറ്റാടി സമരത്തിന്റെ ആരവമെല്ലാം കെട്ടടങ്ങിയപ്പോൾ പൊന്നിയെന്ന ആദിവാസി സ്ത്രീ താൻ ഒരിക്കലും ഈ സമരത്തിൽ വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്തു. സമരത്തിന് മുൻനിരയിലുണ്ടായിരുന്ന പൊന്നി ഷോളയൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ് കയറിൽ തൂങ്ങിനിന്നത്. അതും മുഖ്യധാരാ രാഷ്ട്രീയക്കാർ ആരും അറിഞ്ഞതായി നടിച്ചില്ല. ഡൽഹിയിൽപോയി സോണിയ ഗാന്ധിയെയും രാഹുലിനെയും കണ്ട് നിവേദനം നൽകിയ സംഘത്തിലെ അംഗമായിരുന്നു പൊന്നി. അവരെ ഡൽഹിയിൽ എത്തിച്ചതാകട്ടെ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.
അദ്ദേഹവും പിന്നീട് ആദിവാസികളെ തിരിഞ്ഞു നോക്കിയില്ല. പൊന്നിക്കൊപ്പം ഡൽഹിയിൽ പോയ സംഘത്തിലുണ്ടായിരുന്ന കമലയും മരിച്ചു. പരാതി നൽകിയാൽ ഭൂമി തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പ് നൽകിയതിനാലാണ് ആദിവാസികൾ രംഗത്തിറങ്ങിയത്. കാരണം, വരഗംപാടി ഊരിലെ ആദിവാസികൾ ഏതോ കാലത്ത് കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. അട്ടപ്പാടിയിൽനിന്ന് ആറംഗസംഘമാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും എന്തൊെക്കയോ എഴുതിയ കടലാസുകളിൽ ആദിവാസികൾ ഒപ്പിട്ടു. അതെല്ലാം ഭൂമി തിരിച്ചുകിട്ടാനുള്ള വഴികളാണെന്ന് നേതാക്കൾ ബോധ്യപ്പെടുത്തി. ആദിവാസികളെ സോണിയക്കും രാഹുലിനുമൊപ്പം നിർത്തി ഫോട്ടോയെടുത്തു.
2010 സെപ്റ്റംബർ 15ന് മലയാള പത്രങ്ങളിൽ വന്ന തങ്ങളുടെ ഫോട്ടോ ഇന്നും മായാത്ത ചരിത്രരേഖപോലെ ആദിവാസികൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. എല്ലാവരും അട്ടപ്പാടിക്കാരനായ കെ.പി.സി.സി അംഗം പി.സി. ബേബിയെ കണ്ടു. ഈ വിഷയത്തിൽ ഇടപെടാൻ തീരെ സമയമില്ലെന്ന് അദ്ദേഹംഅറിയിച്ചു. തിരുവഞ്ചൂർ അഗളി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനംചെയ്യാൻ അട്ടപ്പാടിയിലെത്തി. ആദിവാസികൾ തിരുവഞ്ചൂരിനെ നേരിൽകണ്ടു. എല്ലാം ശരിയാക്കാമെന്ന് അദ്ദേഹവും ഉറപ്പ് നൽകി. അദ്ദേഹവും മണ്ണാർക്കാട് ആർ.ഡി.ഒയും ഐ.ടി.ഡി.പിയും ഒന്നും ചെയ്തില്ല.
ഇക്കാലത്ത് പൊന്നി എല്ലാ ആഴ്ചയിലും സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ഭൂമിക്കായി കാത്തുനിന്നു. രണ്ടുവർഷംമുമ്പ് തീരുമാനിച്ചുറച്ചപോലെ അവർ ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തി. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടു. കേട്ടുനിന്നവർ ഇവർക്ക് ഭ്രാന്താണെന്ന് വിധിയെഴുതി. പിന്നെയാരും പൊന്നിയെ ശ്രദ്ധിച്ചില്ല. വൈകീട്ട് സ്കൂളിൽനിന്ന് എത്തിയ പേരക്കുട്ടി പൊന്നിെയ തിരഞ്ഞു. ഒടുവിൽ പൊലീസ് സ്റ്റേഷന് മുന്നിലുള്ള മാവിൽ തൂങ്ങിനിൽക്കുന്നത് കണ്ടെത്തി. പൊന്നിയുടേത് ഭരണകൂട കൊലപാതകമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും പട്ടികജാതി ഗോത്ര കമീഷനും ഇതൊന്നും അറിഞ്ഞതേയില്ല.
ആദിവാസിയുടെ ഭൂമിയിൽ കാറ്റാടി സ്ഥാപിക്കുകയാണെങ്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ആദിവാസികൾക്ക് നൽകണമെന്ന നയവും സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തിൽ 2011 സെപ്റ്റംബർ ആറിന് (നമ്പർ 34/2011) ഉത്തരവുമിറക്കി. ഈ ഉത്തരവുകളൊന്നും പൊന്നിക്ക് ഗുണമായില്ല. ചീഫ് സെക്രട്ടറി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമ്പോൾ വൈദ്യുതി–എസ്.സി/എസ്.ടി വകുപ്പുകളുടെ മന്ത്രി എ.കെ. ബാലനായിരുന്നു. നീതിയുടെ പക്ഷത്തായിരുന്നില്ല ബാലനെന്ന് അന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തമാക്കുന്നു. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചാൽ വലിയ തുക സമ്പാദിക്കാം. വൈദ്യുതി ബോർഡ് 2011 ജൂലൈ നാലിന് നൽകിയ കണക്കുപ്രകാരം ആദ്യ മൂന്നു വർഷത്തിൽതന്നെ ഏതാണ്ട് 24 കോടി രൂപ അവർക്ക് ലഭിച്ചിട്ടുണ്ട്.
സർക്കാർ കൈയേറ്റത്തിന് ഒപ്പം
വിവാദത്തിനിടയിൽ കേരളത്തിൽ ഭരണമാറ്റമുണ്ടായി. യു.ഡി.എഫ് അധികാരത്തിലെത്തി. 2011 ആഗസ്റ്റ് 24ന് സുസ്ലോൺ കമ്പനി പ്രതിനിധികളും റവന്യൂ അധികൃതരുമായി ഭൂപ്രശ്നം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. അന്ന് സർക്കാറിന്റെ രഹസ്യ ഉറപ്പ് ഉടമകൾക്ക് ലഭിച്ചിരുന്നുവെന്നാണ് പിൽക്കാല സംഭവങ്ങൾ നൽകുന്ന തെളിവ്. അതേസമയം, മന്ത്രിസഭായോഗം ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തു. കോട്ടത്തറ വില്ലേജിൽ നടത്തിയ സർവേയിൽ സുസ്ലോണിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൈവശമുള്ള ആദിവാസികളുടേതെന്ന് കണ്ടെത്തിയ 85.21 ഏക്കർ ഭൂമി തിരിച്ചെടുത്ത് ആദിവാസികൾക്ക് നൽകാനായിരുന്നു ഒന്നാമത്തെ തീരുമാനം.
സുസ്ലോൺ കമ്പനിക്ക് കൈവശം ഭൂമിയില്ല. എന്നാൽ, സഹസ്ഥാപനങ്ങളായ ശുഭ് റിയാലിറ്റീസ്, സാർജന്റ് റിയാലിറ്റീസ് എന്നീ കമ്പനികളുടെ പേരിൽ 608.45 ഏക്കർ ഭൂമിയുണ്ട്. ഇതിൽ ആദിവാസി ഭൂമിക്ക് അടിയന്തരമായി പട്ടയം നൽകാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശിച്ചു. രണ്ടാമത്തേത് ആദിവാസികളുടെ ഭൂമിയിലെ കാറ്റാടിയന്ത്രങ്ങൾ ഏറ്റെടുക്കാനും ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കാനും ഉത്തരവായി. നിലവിലുള്ള ക്രിമിനൽകേസുകളിലെ നടപടി ത്വരിതപ്പെടുത്തുമെന്നായിരുന്നു മൂന്നാമത്തെ തീരുമാനം. 2011 സെപ്റ്റംബർ 23ന് ഈ മൂന്ന് കാര്യങ്ങളും രേഖപ്പെടുത്തിയാണ് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ ഉത്തരവിട്ടത്.
ഉത്തരവ് പ്രകാരം ഷോളയൂർ, അഗളി, കോട്ടത്തറ എന്നീ വില്ലേജുകൾ പ്രത്യേക സംഘത്തെ ഉപയോഗിച്ച് സർവേ പൂർത്തീകരിക്കാൻ സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. സർവേ അടിയന്തരമായി പൂർത്തീകരിക്കാൻ 49 സർവേയർമാരെ നിയോഗിച്ചു. കോട്ടത്തറ 1032 സർവേ നമ്പറുകളിലെ ലൊക്കേഷൻ സബ് ഡിവിഷനുകളും പുതിയ സബ് ഡിവിഷനുകളും ഉൾപ്പെടെ 3620.04 ഹെക്ടർ പൂർത്തിയാക്കിയെന്ന് കലക്ടറും അറിയിച്ചു. അഗളി വില്ലേജിൽ 5541 സബ് ഡിവിഷനുകളിലായി 3757.61 ഹെക്ടർ വിസ്തീർണ സർവേയും ഷോളയൂർ വില്ലേജിൽ 1822.51 ഹെക്ടർ സർവേയും പൂർത്തിയാക്കി.
ആദിവാസി ഭൂമി വീണ്ടെടുക്കണമെന്ന അപേക്ഷകളിൽ നാലു കേസുകളിലായി സ്ഥലം വീണ്ടെടുത്തു നൽകാൻ ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ ഓഫിസർക്ക് നിർദേശം നൽകുന്നതാണെന്നും കലക്ടർ വ്യക്തമാക്കി. എന്നാൽ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾക്കും 2011 സെപ്റ്റംബർ 23ലെ സർക്കാർ ഉത്തരവിനുമെതിരെ സാർജന്റ്റിയാലിറ്റീസ് ഹൈകോടതിയിൽ കേസ് ഫയൽചെയ്തു. ഉത്തരവിന്റെ നിയമസാധുത അവർ ചോദ്യംചെയ്തു. ഹരജി പരിഗണിച്ചപ്പോൾ 1999ലെ കെ.എസ്.ടി നിയമം വിഭാവനം ചെയ്യുന്ന നടപടി സ്വീകരിക്കാനുള്ള അധികാരം സർക്കാറിൽ നിക്ഷിപ്തമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. 2011 സെപ്റ്റംബർ 23ലെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് 2012 ഏപ്രിൽ 30ന് നിയമവകുപ്പിന്റെ ഉപദേശം തേടി.
കെ.എസ്.ടി നിയമത്തിൽ പരിമിതിയുണ്ടെന്ന് ഹൈകോടതി 2011 ഡിസംബർ 20ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടായില്ല. റവന്യൂ സ്പെഷൽ ഗവ. പ്ലീഡർ നൽകിയ നിയമോപദേശത്തിൽ 1999ലെ നിയമം ഭേദഗതിചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. കേസിൽ 2011ലെ സ്റ്റേ തുടരുകയാണ്. എതിർ സത്യവാങ്മൂലം ഫയൽചെയ്യാൻ 2019 ഏപ്രിൽ മൂന്നിനാണ് റവന്യൂ വകുപ്പ് അഡ്വക്കറ്റ് ജനറലിന് കത്തയച്ചത്. അന്തിമതീരുമാനം കോടതിയിൽനിന്ന് ലഭിക്കുന്നതുവരെ ഫയൽ അടച്ചുവെക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഇപ്പോഴും സംഭവിച്ചതെന്താണെന്ന് അറിയില്ല. ഇതിൽനിന്ന് സർക്കാറും റവന്യൂ വകുപ്പും ആരുടെ കൂടെയെന്ന് വ്യക്തം.
ആദിവാസികളുമായി സമവായം
മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബാംഗം എന്ന നിലയിൽ കെ.എം. ശശീന്ദ്രൻ ഉണ്ണി 2011 ആഗസ്റ്റ് 25ന് റവന്യൂ സെക്രട്ടറിക്ക് കത്ത് അയച്ചു. തനിക്ക് കുന്നത്താട്ട് മാടമ്പിൽ തറവാട് കാരണവർക്കുള്ള (മണ്ണാർക്കാട് മൂപ്പിൽ നായർക്ക്) അവകാശത്തെക്കുറിച്ചാണ് പരാതി. അട്ടപ്പാടിയിൽ 2000 ഏക്കറിൽ അവകാശമുണ്ടെന്നും അതിനാൽ ഇന്നേവരെ നടന്നിട്ടുള്ള എല്ലാ കൈമാറ്റങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം തേടി. മൂപ്പിൽ നായരോ അവകാശികളോ സീലിങ് റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ആ ഭൂമി സർക്കാറിൽ നിക്ഷിപ്തമാണെന്ന് 2014 ജൂലൈ 21ന് നിയമവകുപ്പ് ജോയന്റ് സെക്രട്ടറി മറുപടി നൽകി. ലാൻഡ് ട്രൈബ്യൂണൽ നൽകിയ പട്ടയങ്ങൾ കെ.എൽ.ആർ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ലാൻഡ് ബോർഡിനോട് 2014 ഡിസംബർ 12ന് ആവശ്യപ്പെട്ടു.
കോട്ടത്തറ വില്ലേജിൽ 1273, 1275 എന്നീ സർവേ നമ്പറുകളിലായി അഗളി, പുതൂർ ലാൻഡ് ൈട്രബ്യൂണലുകൾ നൽകിയ 17 പട്ടയങ്ങളുടെ നിയമസാധുത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ്ബോർഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ലാൻഡ് ബോർഡ് സെക്രട്ടറി 2017 ഡിസംബർ 20ന് നൽകിയ റിപ്പോർട്ട് പ്രകാരം അഗളി, പുതൂർ ലാൻഡ് ൈട്രബ്യൂണൽ ഇന്ന് നിലവിലില്ല. ഈ ഓഫിസുകളുടെ ഫയലുകൾ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണലിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂപ്പിൽ സ്ഥാനമാണ് പട്ടയ ഫയലുകളിൽ ജന്മിയായി രേഖപ്പെടുത്തിയത്. ജന്മിക്ക് നോട്ടീസ് നൽകുക, പൊതുനോട്ടീസ് പ്രസിദ്ധീകരിക്കുക തുടങ്ങിയ നടപടിക്രമങ്ങൾ പാലിച്ചോയെന്നു ഫയൽ പരിശോധിച്ചാലേ അറിയാൻ കഴിയൂ.
2010ൽ നിന്ന് 2018ലെത്തിയപ്പോൾ ഇടതു സർക്കാർ പൂർണമായും ആദിവാസികളെ കൈയൊഴിഞ്ഞു. ആദിവാസികൾക്ക് ഭൂമി ലഭിച്ചിരുന്നുവെന്നതും അത് കൈമാറ്റം നടന്ന് സുസ്ലോൺ എന്ന കമ്പനിയുടെ കൈയിൽ എത്തിയെന്നതും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും കൈമാറ്റം സംബന്ധിച്ച രേഖകളെല്ലാം കാലപ്പഴക്കത്താൽ നഷ്ടമായ സാഹചര്യത്തിൽ എണ്ണത്തിൽ വളരെ കുറച്ചു മാത്രം വരുന്ന ആദിവാസികളുമായി ഒരു സമവായ ഫോർമുല ഉണ്ടാക്കുക എന്നതുമാത്രമാണ് ഈ വിഷയത്തിൽ സർക്കാറിന് ചെയ്യാനാവുക എന്നാണ് 2018 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനും ഫയലിൽ കുറിച്ചത്. ആദിവാസികളുമായി സമവായത്തിലെത്താനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം കൈയേറ്റക്കാർക്ക് ഊർജം പകർന്നു.
വ്യാജ പ്രമാണങ്ങൾ
അട്ടപ്പാടിയിൽ ഇപ്പോൾ വ്യാജ പ്രമാണങ്ങളുടെ മലവെള്ളപ്പാച്ചിലാണ്. പത്തേക്കർ ഭൂമിയുണ്ടായിരുന്ന ആദിവാസി കുടുംബത്തിന് 50 സെന്റ് നൽകാമെന്ന വാഗ്ദാനത്തോടെയാണ് പുതിയ കൈയേറ്റം.
വ്യാജ ആധാരവുമായെത്തുന്ന കൈയേറ്റക്കാർ ഭൂമി സർവേ ചെയ്ത് അതിർത്തി തിരിച്ച് ലഭിക്കാൻ ആദ്യം വില്ലേജിലും പിന്നെ താലൂക്കിലും അപേക്ഷ നൽകും. കാരണം ഇവർക്കൊന്നും ഭൂമി എവിടെയാണെന്നുപോലും അറിയില്ല. നേരിട്ട് നടപടിയെടുക്കുകയാണെങ്കിൽ ആദിവാസികൾ എതിർക്കുമെന്ന് അറിവുള്ള റവന്യൂ ഉദ്യോഗസ്ഥർ വ്യാജ ആധാരങ്ങളുമായി എത്തുന്നവരെ കോടതിയിലേക്ക് പറഞ്ഞുവിടും. കോടതിയിൽ ആദിവാസി ഭൂമിയാണെന്ന സൂചനപോലും നൽകില്ല.
വസ്തു ഉടമസ്ഥതാ തർക്കം എന്ന നിലയിലല്ല കേസ് നൽകുന്നത്. സർവേയും അതിരടയാളവും ചട്ടപ്രകാരം ഭൂമി അളന്ന് നൽകണമെന്നാണ് ഹൈകോടതിയിൽ ആവശ്യപ്പെടുന്നത്. അഞ്ചും പത്തും ഏക്കർ ഭൂമിയാണ് ഇങ്ങനെ വ്യക്തികൾ സ്വന്തമാക്കുന്നത്. ട്രസ്റ്റുകളുടെ പേരിൽ 100ലേറെ ഏക്കറും. പിന്നെ മറിച്ച് വിൽപനയാണ്. ഓരോ വിൽപനക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് വലിയ തുക കിട്ടും.ആദിവാസികൾക്ക് കേസ് നടത്താൻ ലീഗൽ സർവിസസ് സൊസൈറ്റിയുടെ പേരിൽ ഒരാൾ അട്ടപ്പാടി ഊരുകൾ സന്ദർശിക്കുന്നുണ്ട്. അട്ടപ്പാടിക്കാരനല്ലാത്ത ഇദ്ദേഹം ലീഗൽ സർവിസസ് സൊസൈറ്റിയുടെ ഏജന്റ് ആണെന്നാണ് പറയുന്നത്. ഇദ്ദേഹത്തെ ഏൽപിച്ച എല്ലാ കേസുകളിലും ആദിവാസികൾ തോറ്റു. 1975ലെ നിയമമനുസരിച്ച് ഉത്തരവ് ലഭിക്കുമെന്നാണ് ഇദ്ദേഹം ആദിവാസികൾക്ക് നൽകുന്ന ഉറപ്പ്.
1999ൽ കേരള നിയമസഭ പാസാക്കിയ നിയമം 2009ൽ സുപ്രീംകോടതി റദ്ദാക്കി എന്നാണ് ഇദ്ദേഹം ആദിവാസികളെ പറഞ്ഞ് പഠിപ്പിക്കുന്നത്. ആദിവാസി ആക്ഷൻ കൗൺസിൽപോലെയുള്ള സംഘടനയുടെ നേതാക്കളും ഇത് ആവർത്തിക്കുന്നുണ്ട്. ഹൈകോടതിയിൽനിന്ന് 1975ലെ നിയമം നടപ്പാക്കണം എന്ന ഉത്തരവ് ഉടൻ ലഭിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ ആദിവാസികളോട് പറയുന്നത്. ഹൈകോടതിയിൽ ലീഗൽ സർവിസസ് സൊസൈറ്റിയിലെ അഡ്വ. ഉണ്ണിനമ്പൂതിരി കേസ് വാദിക്കുന്നുണ്ടെന്നും ആക്ഷൻ കൗൺസിൽ പറയുന്നു. ഉണ്ണി നമ്പൂതിരി വാദിച്ച കേസിലെ ആദിവാസി ഭൂമി ഇപ്പോൾ ഹൈകോടതി ഉത്തരവിലൂടെ കൈയേറ്റക്കാരന്റെ കൈവശമാണ്.
ഭൂമി എവിടെ?
അട്ടപ്പാടിയിൽ ഇടതു സർക്കാർ 1999 മുതൽ 2020 വരെ അഞ്ച് തവണയായി വിതരണംചെയ്ത 1800 ഏക്കർ പട്ടയഭൂമി എവിടെ എന്ന ചോദ്യമാണ് ആദിവാസികൾ ഉയർത്തുന്നത്. ഇപ്പോൾ ആ പട്ടയഭൂമിയിൽ ആരെങ്കിലും നികുതി അടക്കുന്നുണ്ടോ? പട്ടയം നൽകിയ ആദിവാസി ഭൂമി മറിച്ചുനൽകുന്നതിന് നിയമമുണ്ടോ? പല ജില്ലകളിലും പല പേരുകളിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾ അട്ടപ്പാടിയിൽ എന്തിനുവേണ്ടിയാണ് ഭൂമി വാങ്ങുന്നത്?
കഴിഞ്ഞ ഒരുവർഷം അഗളി സബ് രജിസ്ട്രാർ ഓഫിസിൽ എത്ര ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ നടന്നു? അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ഇത്രമാത്രം രജിസ്ട്രേഷൻ നടത്താൻ കാരണം എന്താണ്? വില്ലേജ് താലൂക്ക് സബ് രജിസ്ട്രാർ ഓഫിസുകളിലെ ഉദ്യോഗസ്ഥ യൂനിയനുകൾ ഈ കൈയേറ്റത്തിന് സഹായം നൽകുന്നില്ലേ? അന്നത്തിനുപോലും വകയില്ലാത്ത ആദിവാസികളെ കുരുതി കൊടുത്ത് ഭൂമി തട്ടിയെടുക്കുന്ന വലിയൊരു സാമൂഹികവിരുദ്ധ പ്രസ്ഥാനം അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നില്ലേ? ഈ ചോദ്യത്തിനെല്ലാം ഉത്തരം ലഭിക്കണമെങ്കിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയോ ലാൻഡ് റവന്യൂ കമീഷണറുടെയോ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. രേഖകൾ പരിശോധിക്കണം.