മറവിയുടെ കുഞ്ഞബ്ദുള്ള
‘‘മാഞ്ഞുപോയതിൽ 1990ൽ പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം നടത്തിയ ഒരു മനോഹര യാത്രയുടെ ഓർമച്ചിത്രങ്ങളുമുണ്ടായിരുന്നു. പുനത്തിൽ അത് തേടിവന്നപ്പോഴാണ് അതും മാഞ്ഞു എന്നറിഞ്ഞത്.’’ പുനത്തിലിനെക്കുറിച്ച ഒാർമകളാണ് ‘കാലാന്തര’ത്തിൽ ഇൗ ലക്കം.ഏറ്റവും ഭദ്രമായി സൂക്ഷിച്ചുവെച്ചത് മറന്നുപോകുന്നത് പതിവാണ്. കൈയെത്തും ദൂരത്തുണ്ടാകുമെങ്കിലും കാണാമറയത്ത് ‘ഭദ്ര’മായിരിക്കുന്നതിനുവേണ്ടിയുള്ള തിരച്ചിൽ അസ്വാസ്ഥ്യജനകമാണ്. ആ കാത്തിരിപ്പിലെ നഷ്ടങ്ങൾ നികത്താനാവാത്തതാണ്....
Your Subscription Supports Independent Journalism
View Plans‘‘മാഞ്ഞുപോയതിൽ 1990ൽ പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം നടത്തിയ ഒരു മനോഹര യാത്രയുടെ ഓർമച്ചിത്രങ്ങളുമുണ്ടായിരുന്നു. പുനത്തിൽ അത് തേടിവന്നപ്പോഴാണ് അതും മാഞ്ഞു എന്നറിഞ്ഞത്.’’ പുനത്തിലിനെക്കുറിച്ച ഒാർമകളാണ് ‘കാലാന്തര’ത്തിൽ ഇൗ ലക്കം.
ഏറ്റവും ഭദ്രമായി സൂക്ഷിച്ചുവെച്ചത് മറന്നുപോകുന്നത് പതിവാണ്. കൈയെത്തും ദൂരത്തുണ്ടാകുമെങ്കിലും കാണാമറയത്ത് ‘ഭദ്ര’മായിരിക്കുന്നതിനുവേണ്ടിയുള്ള തിരച്ചിൽ അസ്വാസ്ഥ്യജനകമാണ്. ആ കാത്തിരിപ്പിലെ നഷ്ടങ്ങൾ നികത്താനാവാത്തതാണ്. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമയും അതുപോലൊരു നഷ്ടബോധമാണുണ്ടാക്കുന്നത്.
ദീദിയുടെ അർബുദ ചികിത്സയുടെ കാലത്താണ് വീട്ടിലെ മിക്കവാറും ആൽബങ്ങൾ പൂത്തുപോയത്. 2008ലായിരുന്നു അത്. വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ആൽബങ്ങളും അതിൽപെട്ടു. ചികിത്സ കഴിഞ്ഞ് ചികഞ്ഞപ്പോൾ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് തിരിച്ചുകിട്ടിയത്. എത്രയോ കാലങ്ങൾ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. നെഗറ്റിവുകൾ ഒട്ടിപ്പിടിച്ച് ഒന്നും പ്രിന്റെടുക്കാനാവാത്ത നിലയിലായി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തുള്ള ഒരു ചെറുശേഖരം മാത്രമാണ് ബാക്കിയായത്.
മാഞ്ഞുപോയതിൽ 1990ൽ പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം നടത്തിയ ഒരു മനോഹര യാത്രയുടെ ഓർമച്ചിത്രങ്ങളുമുണ്ടായിരുന്നു. പുനത്തിൽ അത് തേടിവന്നപ്പോഴാണ് അതും മാഞ്ഞു എന്നറിഞ്ഞത്. അക്കാലത്ത് ‘മാതൃഭൂമി’യിൽ കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന വി. രാജഗോപാലിന്റെ മുറിയിലെ സ്ഥിരം സന്ദർശകനായിരുന്നു പുനത്തിൽ. “നമ്മൾ പൊയ്ക്കൊണ്ടേയിരിയ്ക്കണം. ഒരിക്കലും ഒരിടത്തും തങ്ങിനിൽക്കരുത്. നിന്നാൽ തീർന്നു’’ –അതായിരുന്നു പുനത്തിലിന്റെ സിദ്ധാന്തം.
അങ്ങനെ ആദ്യ വിദേശയാത്ര പുനത്തിലിന്റെ പ്രേരണയാൽ ഉണ്ടായതാണ്. സിംഗപ്പൂർ മലയാളി അസോസിയേഷന്റെ ഒരു ക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. അതുവെച്ച് ഒരു യാത്രാസംഘം ഉണ്ടാക്കുകയായിരുന്നു. പുനത്തിൽ, ഭാര്യ ഹലീമ, വി. രാജഗോപാൽ, ഭാര്യ റാണേച്ചി, മക്കൾ അഖിൽ, നിഖിൽ, ബി. ജയചന്ദ്രൻ, കെ.കെ. ബാലരാമൻ, ഞാൻ എന്നിങ്ങനെ എട്ടംഗ ടീം. അവസാനനിമിഷം ബാലരാമൻ പിന്മാറിയപ്പോൾ അത് ഏഴംഗ സംഘമായി.
സിംഗപ്പൂർ, മലേഷ്യ പര്യടനമായിരുന്നു അത്. രണ്ടു രാജ്യത്തും മലയാളി സമൂഹവും സാഹിത്യലോകവും കുഞ്ഞിക്കയെ എഴുന്നള്ളിച്ചുകൊണ്ടുനടന്നു. പ്രസംഗങ്ങളും സ്വീകരണങ്ങളും വിരുന്നുകളുമുണ്ടായി. ഒപ്പം ഞങ്ങളും എന്തിനെന്നറിയാതെ ആദരിക്കപ്പെട്ടു. യാത്രക്കിടയിൽ നിഗൂഢ സാഹചര്യത്തിൽ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമാകലായിരുന്നു കുഞ്ഞിക്കയുടെ കല.
ചോദിച്ചാൽ പറയുക: ‘‘അത് ഞാൻ കഥകൾക്ക് അനുഭവം തേടിപ്പോകുന്നതല്ലേ, അപ്പോൾ നിങ്ങളെ കൂട്ടാൻ പറ്റുമോ? അനുഭവം തേടാൻ ഒറ്റക്ക് പോകണം’’ എന്ന്. തെരുവിലും വിരുന്നിലും കാഴ്ചബംഗ്ലാവിലും ഒക്കെ കുഞ്ഞിക്കയുടെ അപ്രത്യക്ഷമാകൽ അരങ്ങേറി.
തീരുമാനിച്ചുറപ്പിച്ച പല സ്ഥലങ്ങളിലേക്ക് പോകുന്നതും ഈ അപ്രത്യക്ഷമാകൽ കാരണം മുടങ്ങിപ്പോയിട്ടുണ്ട്. വണ്ടി വന്ന് കാത്തുനിൽക്കുമ്പോൾ കുഞ്ഞിക്കയെ കാണില്ല. “ഇങ്ങനെയാണെങ്കിൽ നമുക്ക് നാട്ടിൽതന്നെ ഹോട്ടലിൽ മുറിയെടുത്തിരുന്നാൽ മതിയല്ലോ’’ എന്ന് രാജഗോപാലേട്ടൻ ഒരുതവണ കോപിച്ചു. ഒരു ചിരി മതി കുഞ്ഞിക്കക്ക് ആ ചൂട് തണുപ്പിക്കാൻ: “നിങ്ങള് വാ, ഞാൻ നല്ല മസാലദോശ കിട്ടുന്ന ഒരു സ്ഥലം കണ്ടുപിടിച്ചിട്ടുണ്ട്: ഹോട്ടൽ കമലവിലാസം! ഈ ചൈനീസ് തിന്നു മടുത്തു.’’ കമലവിലാസത്തിലെ മസാലദോശ എല്ലാ പരിഭവങ്ങളും അലിയിച്ചു. കണ്ടുപിടിത്തങ്ങളുടെ ഒരു ‘ക്രിസ്റ്റഫർ കൊളംബസ്’ തന്നെയായിരുന്നു പുനത്തിൽ.
പിടിച്ചുകെട്ടാനാകാത്ത ഒരു കുതിരയെപ്പോലെ മേഞ്ഞുനടന്ന് സിംഗപ്പൂരിലും മലേഷ്യയിലും ഞങ്ങൾക്ക് വഴികാട്ടിയ കുഞ്ഞിക്ക വേറൊരു മനുഷ്യനായിരുന്നു. കഥകൾ തേടി നടന്ന പിടികിട്ടാപ്പുള്ളി. കുഞ്ഞിക്കയുടെ ഭാര്യ ഹലീമ ഒരു നിശ്ശബ്ദജീവിയായിരുന്നു. “എങ്ങനെ സഹിക്കുന്നു ഇയാളെ’’ എന്ന് ചോദിക്കുമായിരുന്നു രാജഗോപാലേട്ടൻ. അവരൊന്നും മിണ്ടില്ല. പണ്ടേ ഇങ്ങനെയാണ് എന്ന മട്ടിൽ. ഒരാഴ്ച നീണ്ടുനിന്ന യാത്രയായിരുന്നു അതെങ്കിലും ഒരായുസ്സിന്റെ ഓർമകൾ അത് പകർന്നുതന്നു.
പുനത്തിലിന്റെ ‘കന്യാവനങ്ങൾ’ ടാഗോർ ലേഖനത്തിന്റെ ഒരു ഭാഗം പേറിയതിന്റെ കുറ്റപത്രവുമായി സുഹൃത്ത് ഒ.കെ. ജോണി രംഗത്തു വന്നത് മലയാള സാഹിത്യത്തിലെ മോഷണ ചരിത്രത്തെ പുറത്തെടുത്തിട്ടിരുന്നു – “ടാഗോറിന്റെ ലേഖനം മലയാള നോവലായി മാറുന്ന അത്ഭുതവിദ്യ’’ എന്ന ലഘുരേഖ കെട്ടഴിച്ചുവിട്ടത് ‘പേണ്ടാറയുടെ പെട്ടി’യിലെ ഭൂതഗണങ്ങളെയായിരുന്നു. അത് കത്തിപ്പിടിച്ച് പടരും മുമ്പ് ജോണിച്ചായൻ തന്നെ അതിന് വിരാമമിട്ടു. കോഴിക്കോട് അളകാപുരിയിൽവെച്ച് സാഷ്ടാംഗം നമസ്കരിച്ചായിരുന്നു വെടിനിർത്തൽ.
പണ്ട് മൈത്രേയൻ പറഞ്ഞുതന്ന ഒരു സെൻ ബുദ്ധിസ്റ്റ് കഥ ഓർമവന്നു. ഒരു പെരുംകള്ളനെ പിടികൂടാൻ ഒരാൾക്കൂട്ടം പിന്തുടർന്നോടുകയാണ്. കള്ളൻ എത്തിച്ചേരുന്നത് ഒരു ധ്യാനഗുരു മറ്റൊരു ആൾക്കൂട്ടത്തെ ആധ്യാത്മിക പ്രഭാഷണംകൊണ്ട് ഉന്നത ചിന്തയിലേക്ക് നയിക്കുന്ന ഒരാൽത്തറയിലേക്കാണ്. പെരുംകള്ളനും ധ്യാനഗുരുവും പരസ്പരം കണ്ടപ്പോൾ, അവർക്ക് മുഖത്തോട് മുഖംനോക്കി ചിരി നിർത്താനായില്ല. രണ്ട് ആൾക്കൂട്ടം ആ കാഴ്ച കണ്ട് തരുത്തുനിന്നു: ധ്യാനഗുരു മൊഴിഞ്ഞു: ‘‘ഇതാ മഹാഗുരു’’ എന്ന്. ഓരോരുത്തരും ഓരോ വേഷത്തിൽ അഭിനയിക്കുന്നു എന്ന കഥാസാരം രണ്ട് ആൾക്കൂട്ടങ്ങളെയും ബോധ്യപ്പെടുത്തുകയായിരുന്നത്രെ ആ ഗുരുക്കന്മാർ. പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ വേഷങ്ങളെല്ലാം അറിഞ്ഞുകൊണ്ട് കെട്ടിയ നാടകങ്ങളായിരുന്നോ? ആവാം. 2001ൽ ബേപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി വേഷം കെട്ടിയതടക്കം എല്ലാം ഒരു കുഞ്ഞബ്ദുള്ളയുടെ വികൃതികളായും കാണാം.
ഒരുനാൾ പഴയ സിംഗപ്പൂർ-മലേഷ്യ യാത്രയുടെ ചിത്രങ്ങൾ തിരക്കി കുഞ്ഞിക്ക ‘മാതൃഭൂമി’യിലെത്തിയിരുന്നു. ഒരു യാത്രാവിവരണം എഴുതുകയായിരുന്നു അദ്ദേഹമപ്പോൾ. അതിൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഹലീമയുമൊത്തുള്ള ചിത്രങ്ങൾ കിട്ടാൻ അദ്ദേഹം അഗാധമായി ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടത്തിക്കൊടുക്കാൻ ലോകം ഒരു ഗൂഢാലോചനയും നടത്തിയില്ല. ആരുടെ ശേഖരത്തിൽനിന്നും ആ ചിത്രങ്ങൾ കിട്ടിയില്ല. ഒടുവിൽ അതില്ലാതെ തന്നെ അദ്ദേഹം എഴുത്ത് പൂർത്തിയാക്കി. സഞ്ചാരിയായ കുഞ്ഞബ്ദുള്ള മറ്റൊരാളായിരുന്നു. ഉല്ലാസംകൊണ്ട് സൗഹൃദങ്ങളിൽ നിറഞ്ഞൊഴുകുന്ന പിടിച്ചുനിർത്താനാകാത്ത ഒരു പുഴ. ആ പുഴ പിന്നെ മറവിയിലേക്ക് വറ്റി.
ഓർമ മായും വരെയും കാണുമ്പോഴൊക്കെ “ആ ചിത്രങ്ങൾ നിങ്ങളെനിക്ക് തന്നില്ലല്ലേ’’ എന്നൊരു പരിഭവം ആ മുഖത്തുള്ളതായി തോന്നിയിട്ടുണ്ട്. പിന്നെപ്പിന്നെ ഛായാപടങ്ങൾ മായുന്നതുപോലെ വാക്കുകൾ മാഞ്ഞുതുടങ്ങിയപ്പോൾ കുഞ്ഞിക്ക ഒന്നും ആഗ്രഹിക്കാതായി. അതിനിടയിലെപ്പോഴോ കുഞ്ഞിക്കയും ഹലീമയും പിരിഞ്ഞതായി കേട്ടു. സ്വന്തം ഏകാന്തതയിൽ ഉരുകി 2015 ജൂലൈ 7ന് രാജഗോപാലേട്ടൻ ആദ്യം യാത്രപറഞ്ഞു. മറവിയുടെ നീണ്ട കടൽ താണ്ടി 2017 ഒക്ടോബർ 27ന് കുഞ്ഞിക്കയും.
രണ്ടു മരണങ്ങളും കടന്ന് കോവിഡിന്റെ അടച്ചുപൂട്ടൽ കാലത്തെ ഒരു ശൂന്യവേളയിൽ ഒരു വാട്സ്ആപ് സന്ദേശത്തിൽ ആ പുനത്തിൽ യാത്രയുടെ ബാക്കിയായ ചിത്രങ്ങൾ പുറത്തുവന്നു. ബി. ജയചന്ദ്രന്റെ സ്വകാര്യശേഖരത്തിൽ ‘ഭദ്ര’മാക്കി വെച്ചവയായിരുന്നു അത്. മറവിയിൽനിന്നും ‘ഭദ്രം’ കണ്ടെത്തപ്പെട്ടപ്പോൾ ചിത്രം പുറത്തുചാടി. ഓർമയുടെ ‘സ്മാരകശിലകൾ’ പാതാളങ്ങളിൽനിന്നും പൊന്തിവന്നതുപോലെ. അത് കാണാൻ പുനത്തിൽ ഓർമയായിരുന്നു.
പിന്നെയൊരിക്കൽ കോഴിക്കോട്ടെ പാരഗൺ റസ്റ്റാറന്റിൽ പുനത്തിലിന്റെ ജീവിതപങ്കാളിയായിരുന്ന ഹലീമയെയും മക്കളെയും കണ്ടു. വർഷം എത്ര പിന്നിട്ടിരുന്നു എന്നു മറന്നു. അടുത്തു ചെന്ന് ‘‘ഓർമയുണ്ടോ’’ എന്ന് ചോദിച്ചു. ഓർമക്കും മറവിക്കുമിടയിൽ നീണ്ട നിമിഷങ്ങൾ അവർ നിശ്ശബ്ദമായി നോക്കിനിന്നു. പിന്നെ പറഞ്ഞു: എല്ലാം ഓർമയുണ്ട്, ഒന്നും മറന്നിട്ടില്ല’’ എന്ന്. ദാമ്പത്യത്തിന്റെ ഛായാപടങ്ങളിലെ ചില അധ്യായങ്ങളിൽ മറവിയായിരിക്കും ഓർമയേക്കാൾ ആഹ്ലാദകരം. മറവിയുടെ കുഞ്ഞബ്ദുള്ള ഒരു സ്മാരകശിലയായി ആ നിശ്ശബ്ദതയിൽ സ്പന്ദിച്ചു.