അവളുടെ രാവുകളും അച്ചടിസാഹിത്യത്തിന്റെ വരേണ്യതകളും
ഐ.വി. ശശി സംവിധാനംചെയ്ത ‘അവളുടെ രാവുകൾ’ ഇറങ്ങിയിട്ട് നാലര പതിറ്റാണ്ട്. ആ സിനിമയും അതിന്റെ തിരക്കഥയുടെ പ്രസാധനത്തെയും നേരിട്ട വെല്ലുവിളികളെയും മാറിയ മലയാളി ഭാവുകത്വത്തെയും കുറിച്ച് എഴുതുകയാണ് ലേഖകൻ.‘അവളുടെ രാവുകൾ’ (1978) എന്ന സിനിമ പുറത്തിറങ്ങുന്ന കാലത്ത് ലൈംഗിക തൊഴിലാളികൾക്കും അവരുടേതായ അവകാശങ്ങളുണ്ട് എന്ന വിചാരംപോലും കേരളത്തിൽ രൂപംകൊണ്ടിരുന്നില്ല. അവർ മനുഷ്യരായിപ്പോലും പരിഗണിക്കപ്പെട്ടു പോന്നിട്ടില്ല. പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല തെരുവിലും അവർ ‘വേശ്യ’ എന്ന്...
Your Subscription Supports Independent Journalism
View Plansഐ.വി. ശശി സംവിധാനംചെയ്ത ‘അവളുടെ രാവുകൾ’ ഇറങ്ങിയിട്ട് നാലര പതിറ്റാണ്ട്. ആ സിനിമയും അതിന്റെ തിരക്കഥയുടെ പ്രസാധനത്തെയും നേരിട്ട വെല്ലുവിളികളെയും മാറിയ മലയാളി ഭാവുകത്വത്തെയും കുറിച്ച് എഴുതുകയാണ് ലേഖകൻ.
‘അവളുടെ രാവുകൾ’ (1978) എന്ന സിനിമ പുറത്തിറങ്ങുന്ന കാലത്ത് ലൈംഗിക തൊഴിലാളികൾക്കും അവരുടേതായ അവകാശങ്ങളുണ്ട് എന്ന വിചാരംപോലും കേരളത്തിൽ രൂപംകൊണ്ടിരുന്നില്ല. അവർ മനുഷ്യരായിപ്പോലും പരിഗണിക്കപ്പെട്ടു പോന്നിട്ടില്ല. പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല തെരുവിലും അവർ ‘വേശ്യ’ എന്ന് മുദ്രകുത്തപ്പെട്ട് വേട്ടയാടപ്പെടുന്ന കാലമായിരുന്നു അത്. ഫെമിനിസവും അന്ന് മലയാളിജീവിതത്തിൽ പിച്ച െവച്ചിട്ടില്ല. ലൈംഗിക തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും ഡോ. ജയശ്രീയും മൈത്രേയനുമൊക്കെ രംഗത്തുവരുന്നത് ഫെമിനിസവും പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞാണ്.
ലൈംഗിക തൊഴിലാളികളുടെ ജീവിതാവസ്ഥയിൽ ആ സംഘടനാശ്രമങ്ങൾ എന്ത് മാറ്റമുണ്ടാക്കി എന്ന് അവർതന്നെയാണ് പറയേണ്ടത്. എന്നാൽ, എം. മുകുന്ദനെപ്പോലുള്ള എഴുത്തുകാർക്ക് അസ്വാസ്ഥ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും സാംസ്കാരിക കേരളം നളിനി ജമീലയെ ഒരെഴുത്തുകാരിയായി ഇപ്പോൾ അംഗീകരിച്ചുകഴിഞ്ഞു. അവരുടെ പുസ്തകം പലതലത്തിൽ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. ഗവേഷകരും കേൾവിക്കാരും അവർക്ക് ചുറ്റുമുണ്ട്. ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും അവർ ഇടംപിടിക്കുന്നു.
എഴുപത് കഴിഞ്ഞ ഫെമിനിസ്റ്റുകളെ ആദരിക്കാനുള്ള ഒരു പട്ടികയിൽനിന്ന് നളിനി ജമീലയെ ഒഴിവാക്കാനുള്ള അവിവേകം ഫെമിനിസത്തിന്റെ പേരിൽ നടക്കുന്ന ഒരു സ്കൂളും ധൈര്യപ്പെടില്ല. കെ. അജിതയെയും സാറാ ജോസഫിനെയും ഏലിയാമ്മ വിജയനെയും നളിനി നായ്കിനെയും ആദരിക്കുന്ന കൂട്ടത്തിൽ നളിനി ജമീലയും ഉണ്ടാവുക എന്നത് മാറ്റിെവക്കാനാവാത്ത നീതിബോധമായി മാറിക്കഴിഞ്ഞു. ഇതിന് തെളിവാണ് ഇക്കഴിഞ്ഞ ഡിസംബർ 15ന് തിരുവനന്തപുരത്ത് കേരള ഫെമിനിസ്റ്റ് ഫോറം നടത്തിയ പരിപാടി. എന്നാൽ ‘അവളുടെ രാവുകൾ’ എഴുതിയ ഷെരീഫ് എന്ന എഴുത്തുകാരനെ ഏതെങ്കിലും സാഹിത്യവേദിയിൽ എപ്പോഴെങ്കിലും നമ്മുടെ ആസ്ഥാന നിരൂപണ അധികാരികൾ ചർച്ചചെയ്യുന്നത് കേട്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല.
‘അവളുടെ രാവുകൾ’ എന്ന തിരക്കഥ 2004ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചപ്പോൾ അതുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമായിരുന്നില്ല. അന്നത്തെ ബുക്സ് മാനേജർ ഒ.കെ. ജോണിക്ക് ‘മാതൃഭൂമി’ മാനേജ്മെന്റിനെ അതൊരു പ്രസക്തമായ പുസ്തകംതന്നെയാണ് എന്ന് ബോധ്യപ്പെടുത്താൻ നല്ലതോതിൽ കഷ്ടപ്പെടേണ്ടതായി വരുകയും ചെയ്തു.
ആ ‘കുറ്റ’ത്തിൽ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. 2003ൽ ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലേക്ക് വന്ന വേളയിലാണ് ചലച്ചിത്ര നിരൂപകൻകൂടിയായ സുഹൃത്ത് ഒ.കെ. ജോണി മാതൃഭൂമി ബുക്സിന്റെ മാനേജറായി എത്തുന്നത്. ചിത്രഭൂമിയുടെ അന്നത്തെ ടീമിൽ കൊല്ലം സ്വദേശികൂടിയായ ജി. ജ്യോതിലാലാണ് സിനിമയിൽ ഒരു വിസ്മൃതജീവിതമായ ഷെരീഫുമായി വിശദമായ മുഖാമുഖം നടത്തുന്നത്.
അത് ‘ചിത്രഭൂമി’യിൽ നല്ലൊരു ചർച്ചയായി മാറുകയും ചെയ്തു. അഭിമുഖത്തിന് പോയ ജ്യോതിലാൽ ‘അവളുടെ രാവുകളു’ടെ മാർക്കറ്റിലില്ലാത്ത ആദ്യത്തെ എഡിഷനുമായാണ് തിരിച്ചെത്തിയത്. അത് വായിച്ചപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ എത്രമാത്രം പ്രസക്തമായ രചനയാണ് എന്ന ചിന്തയിലേക്കാണ് അത് നയിച്ചത്. ഒ.കെ. ജോണിയുമായി ആ പുസ്തകത്തിന്റെ ഒരു മാതൃഭൂമി എഡിഷൻ എന്ന ആശയം പങ്കുെവച്ചപ്പോൾ മാതൃഭൂമി അത് എങ്ങനെ കാണും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മുന്നോട്ടുപോകാൻ തീരുമാനമായി.
എന്റെ ഓർമയിൽ ആദ്യത്തെ എഡിഷന്റെ ബൈലൈൻ ആലപ്പി ഷെരീഫ് എന്നായിരുന്നു. മാധ്യമപ്രവർത്തകനായ ഇ.വി. ശ്രീധരന്റെ ഒരു പഠനത്തോടെയായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്. 1978ൽ ‘അവളുടെ രാവുകൾ’ ഇറങ്ങിയ കാലത്ത് അതൊരു ‘തുണ്ട്’ പടം എന്ന പ്രതിച്ഛായയോടെയാണ് തിയറ്ററുകളിൽ ഇരമ്പിയത്. നടി സീമയുടെ ‘കാലുകൾ’ കാട്ടുന്ന പോസ്റ്ററാണ് ആ സിനിമയുടെ ഒരു മുഖമായി മാറിയത്. ആ പ്രതിച്ഛായ മാറ്റിപ്പണിയാൻ എന്തുകൊണ്ട് ‘അവളുടെ രാവുകൾ’ എന്ന സിനിമ ഇപ്പോഴും പ്രസക്തമാണ് എന്ന് വിശദീകരിച്ച് ഒരു പുതിയ ആമുഖപഠനമെഴുതാൻ ഒ.കെ. ജോണി നിർദേശിച്ചു. ‘സിനിമയിലെ തൊട്ടുകൂടായ്മ’ എന്ന പഠനം അങ്ങനെയാണ് എഴുതപ്പെട്ടത്.
ചില സിനിമകൾക്ക് മാത്രമേ വയസ്സറിയിക്കുകയുള്ളൂ. അതാണ് മാധ്യമലോകത്തെ വരേണ്യത. ഒപ്പം എടുക്കപ്പെട്ട സിനിമകളിൽ 99.99 ശതമാനവും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തിയിട്ടും ഇന്നും കാണപ്പെടുന്നു, വായിക്കപ്പെടുന്നു ഐ.വി. ശശിയുടെയും ഷെരീഫിന്റെയും സീമയുടെയും ‘അവളുടെ രാവുകൾ’ എന്ന സിനിമ. സിനിമ ഇറങ്ങിയ കാലത്തെ പോലെത്തന്നെ വലിയ പോരാട്ടമായിരുന്നു ആ സിനിമയുടെ തിരക്കഥ മാതൃഭൂമിയിൽ അച്ചടിക്കാനും വേണ്ടിവന്നത്.
2004ൽ ഷെരീഫ് ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾതന്നെ ആ തിരക്കഥക്ക് അവതാരിക എഴുതി അവതരിപ്പിക്കാനായ പോരാട്ടത്തിൽ അന്നത്തെ മാതൃഭൂമി ബുക്സിന്റെ സാരഥി ഒ.കെ. ജോണി കൂടെനിന്നു. തിരിഞ്ഞുനോക്കുമ്പോൾ അതച്ചടിച്ചു കണ്ടശേഷം സ്നേഹപൂർവം വിളിച്ചുപറഞ്ഞ ഷെരീഫിന്റെ വാക്കുകളാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്ന്. തുടർന്ന് ആമുഖമെഴുതിയ ആളെ ഒന്ന് കാണണം എന്നുപറഞ്ഞ് ആലപ്പുഴനിന്നും കോഴിക്കോടു വരെ യാത്രചെയ്ത് ചിത്രഭൂമിയിലെത്തി അനുഗ്രഹിച്ചു ഷെരീഫ് സർ.
‘അവളുടെ രാവുകൾ’ക്ക് ഇപ്പോൾ 45 വയസ്സായി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇത് അടയാളപ്പെടുത്തപ്പെടാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഏതെങ്കിലും ഒരു പുരസ്കാരത്തിന്റെയും അകമ്പടികൊണ്ടല്ല, സ്വന്തം ഉൾക്കാമ്പിന്റെ കരുത്തുകൊണ്ട് മാത്രമാണ് അതതിന്റെ ഇടം പണിതത്. നേടിയ പുരസ്കാരങ്ങൾകൊണ്ട് മാത്രം സിനിമയെ അളക്കുന്ന വരേണ്യ ചലച്ചിത്ര ചരിത്രങ്ങളെ റദ്ദാക്കുന്നതാണ് ‘അവളുടെ രാവുകളു’ടെ അതിജീവനം.
ഇ.വി. ശ്രീധരൻതന്നെ ആദ്യപതിപ്പിന്റെ ആമുഖത്തിൽ എഴുതിയത് ശ്രദ്ധിക്കുക: ‘‘ഈ സിനിമയുടെ മേൽ ഒരുപാട് കരിവാരിത്തേച്ചുകൊണ്ട് റിപ്പോർട്ടുകളും ലേഖനങ്ങളും മാസങ്ങളോളം മദ്രാസിൽനിന്ന് ഫിലിം മാഗസിനിലേക്ക് ഞാൻ എഴുതുകയുണ്ടായി –സിനിമയിലെ അശ്ലീലത്തിനെതിരെ ഒരു ധാർമികയുദ്ധം നടത്തുന്നുവെന്ന ഭാവത്തിൽ – ഇപ്പോൾ അതിനെക്കുറിച്ചാലോചിക്കുമ്പോൾ ഖേദമുണ്ട്.’’ മലയാളിയുടെ ചിന്തയെ പുതിയ ആകാശങ്ങളിലേക്ക് നയിച്ച എം. ഗോവിന്ദനാണ് ആ ധാരണപ്പിശകിൽ ഒരു തിരുത്തുവരുത്തുന്നത്.
‘‘നിങ്ങൾ ആ സിനിമക്കെതിരെ എഴുതുന്നത് കുറെ ശുംഭന്മാർ ചേർന്നുണ്ടാക്കിയ സദാചാര കമ്മിറ്റിയുടെ പ്രസിഡന്റിനെപ്പോലെയാണ്. രാജി എന്ന ആ പെൺകുട്ടി നമ്മുടെ ജീവിതത്തിൽനിന്നു കയറിവന്നതാണ്.’’ എം. ഗോവിന്ദന്റെ നിർദേശമാണ് ഇ.വി. ശ്രീധരനെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സിനിമ ഇറങ്ങി ഇരുപത് വർഷത്തിനുശേഷം, 1998ലാണ് ഇ.വി. ശ്രീധരൻ ചിന്തകൊണ്ട് ആ പ്രായശ്ചിത്തം നിർവഹിക്കുന്നത്.
ആലപ്പി ഷെരീഫിനോടുള്ള വരേണ്യനിലപാട് 2004ലും അവസാനിച്ചില്ല. 2004ലെ ‘അവളുടെ രാവുകളു’ടെ മാതൃഭൂമി എഡിഷനും ഔദ്യോഗികമായി ഒരു പുസ്തകപ്രകാശനം നടത്തിയില്ല. അങ്ങനെയൊരു പുസ്തകം ഇറങ്ങിയതായി ഒരു പരസ്യവും കൊടുത്തില്ല. ഔദ്യോഗിക സംവിധാനങ്ങൾ അത് ‘ഉന്തി’യില്ല. മുൻനിരകളിൽ പ്രദർശനത്തിന് െവച്ചില്ല. ചിത്രഭൂമിയിൽ ഒഴിച്ച് അതിനെക്കുറിച്ച് ആരും എഴുതിയില്ല. എല്ലാവരും കണ്ടില്ല എന്ന് നടിച്ചു. ‘അവളുടെ രാവുകളി’ലെ രാജി എന്ന കഥാപാത്രം ജീവിതത്തിൽ നേരിടുന്ന തിരസ്കാരങ്ങൾ ആ തിരക്കഥാ പുസ്തകത്തിന്റെ പിൽക്കാലജീവിതവും ഏറ്റുവാങ്ങി. ഷെരീഫ് സാർ സന്തുഷ്ടനായിരുന്നു. അത്രയെങ്കിലുമായല്ലോ എന്ന്. പതുക്കെപ്പതുക്കെ കേട്ടറിഞ്ഞ് എത്തിയവർ പറഞ്ഞറിഞ്ഞ് വാങ്ങിക്കൊണ്ടുപോയാണ് ആ പുസ്തകം വർഷങ്ങൾകൊണ്ട് നിശ്ശബ്ദം വിറ്റുതീർന്നത്. അതിന് മറ്റൊരു എഡിഷൻ പിന്നെ ഉണ്ടായതുമില്ല.
സീമ എന്ന നടിക്ക് ഒരു വൻ ബ്രേക്കായിരുന്നു ‘അവളുടെ രാവുകൾ’. ആ സിനിമയെ മറ്റാര് മറന്നാലും അവർ മറന്നില്ല. എന്നും അതിനെ ഹൃദയത്തോട് ചേർത്തുപിടിച്ചു. 2009ലാണ് അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവ് ദീദിയെ വിളിച്ച് ഓണപ്പതിപ്പിന് വേണ്ടി നടി സീമയുടെ ജീവിതം അഭിമുഖരൂപത്തിൽ എഴുതുമോ എന്ന് ചോദിക്കുന്നത്. ദീദിയുടെ അർബുദ ചികിത്സക്ക് ശേഷമുള്ള ആദ്യ യാത്രയായിരുന്നു അത്. കുട്ടിക്കാലം മുതൽ അറിയുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ കാണാപ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയായി അത് മാറി. അത്തരമൊരു അഭിമുഖത്തിന് അവർ കാത്തിരുന്നതുപോലെയായിരുന്നു മനസ്സ് തുറന്നത്.
‘‘ദീദിയോട് സംസാരിക്കണം എന്നെനിക്ക് തോന്നിയത് നീ എന്നെ വെറുമൊരു സിനിമാ നടിയായിട്ട് കാണില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ മേക്കപ്പിടാതെ ഇങ്ങനെ മനസ്സ് തുറക്കാൻ ഞാൻ തയാറാവില്ല. മരിക്കും മുമ്പ് ഒരിക്കലെങ്കിലും ഗ്ലാമറിന്റെ മറയില്ലാതെ സംസാരിക്കണമെന്നത് എല്ലാ താരങ്ങളും ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്ന മോഹമാണ്. അത് നടക്കാറില്ലെങ്കിലും… ’’ അവരുടെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കുട്ടിക്കാലത്ത് അച്ഛനൊപ്പമുള്ള ചിത്രംവരെ കോപ്പിയെടുക്കാൻ അവർ അനുവാദം നൽകി. ‘അവളുടെ രാവുകളെ’ക്കുറിച്ചും സ്വതഃസിദ്ധമായ രീതിയിൽ അവർ പ്രതികരിച്ചു. ‘‘പടം റിലീസായപ്പോഴാണ് രാജിയെ ഞാൻ ശരിക്കും അറിയുന്നത്.
ജീവിക്കാൻവേണ്ടി പൊരുതുന്ന ആത്മാഭിമാനിയായ അവൾ ഇന്നും എന്റെ ആവേശമാണ്.’’ ജീവിക്കാൻവേണ്ടി ബുദ്ധിയും ഭാവനയും മറ്റു കഴിവുകളും വിൽക്കാമെങ്കിൽ ലൈംഗികതയും വിൽക്കാം എന്ന വാദത്തെ അവർ ഒരു ദുരവസ്ഥയായാണ് കണ്ടത്.
പക്ഷേ, ആ വർഷത്തെ ഓണപ്പതിപ്പിൽ ആ അഭിമുഖം അച്ചടിച്ചുവന്നത് പരസ്യങ്ങൾക്കിടയിൽ ഉള്ളടക്കത്തെ ചുരുട്ടിക്കൂട്ടുന്നവിധത്തിലായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അതച്ചടിക്കേണ്ടിയിരുന്നില്ല എന്ന് പത്രാധിപരെ വിളിച്ച് ദീദി പ്രതിഷേധം രേഖപ്പെടുത്തി. പിന്നെ എന്റെ ഓർമയിൽ ദീദിയെക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിച്ചിട്ടില്ല. ആ അഭിമുഖം ഒരാമുഖ പഠനത്തോടൊപ്പം ‘വിശുദ്ധ ശാന്തി’ എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു.
വരേണ്യത ഒരു തിരഞ്ഞെടുപ്പാണ്. അതിന്റെ കണ്ണിൽ അച്ചടിസാഹിത്യം അത് ചില മുൻനിശ്ചിത മാതൃകകളുടെ ചുറ്റുവട്ടത്തിനുള്ളിലാണ് സഞ്ചരിക്കുന്നത്. ജാതിയും മതവും അധികാരവുമൊക്കെ അവിടെ പ്രധാന ഘടകങ്ങളാണ്. ആലപ്പി ഷെരീഫ് എന്നാൽ കഥയുടെയോ നോവലിന്റെയോ ഒക്കെ ആ പരിഗണനകളിൽ ഒരിക്കലും വരാത്ത ആളാണ്. 1978ലെ ഭാഷയിൽ അതൊരു തേവിടിശ്ശിക്കഥ, പിൽക്കാലത്ത് പരമാവധി അതൊരു ലൈംഗിക തൊഴിലാളിയുടെ കഥ. അതിനപ്പുറത്ത് വളരാൻ സാഹിത്യത്തിലെയും സിനിമയിലെയും വരേണ്യ അധികാരികൾ സമ്മതിക്കില്ല.
‘അവളുടെ രാവുകൾ പകലുകൾ’ എന്ന ഷെരീഫിന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘അവളുടെ രാവുകൾ’. നോവൽ പിന്നെ പുസ്തകമായി ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ഷെരീഫ് വിടപറഞ്ഞപ്പോൾ അത് സാഹിത്യവും സിനിമയും കൈകാര്യംചെയ്യുന്ന ആഴ്ചപ്പതിപ്പുകൾക്ക് അതൊരു വൻ വാർത്തയല്ലായിരുന്നു. വലുപ്പച്ചെറുപ്പങ്ങൾ മുൻകൂട്ടി നിർണയിക്കപ്പെടുന്ന ലോകത്ത് അതൊരു ‘തേവിടിശ്ശിക്കഥ’ മാത്രം. അതിന് പുറത്താണ് അതൊരു ക്ലാസിക്കായിരിക്കുന്നത്.