Begin typing your search above and press return to search.
proflie-avatar
Login

അടിമകളും പെൺ വിയർപ്പും കത്തിച്ചുകളഞ്ഞ പ്രവാസി കത്തുകളും

അടിമകളും പെൺ വിയർപ്പും   കത്തിച്ചുകളഞ്ഞ   പ്രവാസി കത്തുകളും
cancel

നാടുവിട്ട്​ പോകുന്നവരുടെ നാട്ടിലേക്കുള്ള വേരുകളാണ്​ ഒരർഥത്തിൽ കത്തുകൾ. സാ​േങ്കതിക വിദ്യയുടെ വികാസത്തിൽ കത്തുകൾക്ക്​ രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, ​ കത്ത്​ തുടരുന്നു. ​പ്രവാസത്തി​ന്റെ അനിവാര്യ തുടർച്ചയായ കത്തുകളെക്കുറിച്ച്​ മരുഭൂമിയുടെ ആത്മകഥാകാരൻ എഴുതുന്നു. സാമൂഹിക വിനിമയത്തി​ന്റെ പൊതുരേഖകളായ ചില കത്തുകളെ സവിശേഷമായിതന്നെ ഇൗ കുറിപ്പിൽ പ്രതിപാദിക്കുന്നു.അല്ലാഹു ആഗ്രഹിക്കുന്നുവെങ്കിൽ ബസറയിൽനിന്ന് നിനക്ക് ഞാൻ നല്ല മുത്തുകൾ കൊണ്ടുവരും. ഈ യാത്ര അത്ര ദൈർഘ്യമുള്ളതാവില്ലെന്ന് (വിചാരിക്കുന്നു). മേലധികാരിയിൽനിന്ന് അപേക്ഷ അനുവദിച്ചു കിട്ടിയാൽ നിനക്ക് ഒരു അടിമയെയും ഒരു...

Your Subscription Supports Independent Journalism

View Plans

നാടുവിട്ട്​ പോകുന്നവരുടെ നാട്ടിലേക്കുള്ള വേരുകളാണ്​ ഒരർഥത്തിൽ കത്തുകൾ. സാ​േങ്കതിക വിദ്യയുടെ വികാസത്തിൽ കത്തുകൾക്ക്​ രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, ​ കത്ത്​ തുടരുന്നു. ​പ്രവാസത്തി​ന്റെ അനിവാര്യ തുടർച്ചയായ കത്തുകളെക്കുറിച്ച്​ മരുഭൂമിയുടെ ആത്മകഥാകാരൻ എഴുതുന്നു. സാമൂഹിക വിനിമയത്തി​ന്റെ പൊതുരേഖകളായ ചില കത്തുകളെ സവിശേഷമായിതന്നെ ഇൗ കുറിപ്പിൽ പ്രതിപാദിക്കുന്നു.

അല്ലാഹു ആഗ്രഹിക്കുന്നുവെങ്കിൽ ബസറയിൽനിന്ന് നിനക്ക് ഞാൻ നല്ല മുത്തുകൾ കൊണ്ടുവരും. ഈ യാത്ര അത്ര ദൈർഘ്യമുള്ളതാവില്ലെന്ന് (വിചാരിക്കുന്നു). മേലധികാരിയിൽനിന്ന് അപേക്ഷ അനുവദിച്ചു കിട്ടിയാൽ നിനക്ക് ഒരു അടിമയെയും ഒരു അബ്സീനിയൻ അടിമപ്പെൺകുട്ടിയെയും ഞാൻ കൊണ്ടുവരും. ചെലവുകളെ സംബന്ധിച്ചാണെങ്കിൽ എ​ന്റെ കൈയിൽ ആവശ്യത്തിനുണ്ട്. ഇന്ത്യൻ പണം ലഭ്യമായതിനുശേഷം, ഞാൻ പറയുമ്പോൾ പറഞ്ഞതനുസരിച്ച് ഞാനിവിടെ വാങ്ങിയതിന് നീ അത് ഖ്വാജാ മുഹമ്മദ് സാഹിബിന് അയച്ചുകൊടുക്കണം. നീ (അത്) കടക്കാരന് അയക്കണം.

ഈ ദേശത്തെ ഒന്നു രണ്ടു വകകൾ നി​ന്റെ അടുത്തും അവിടെനിന്നുള്ളവ ബസറയിലും ഇമാമി​ന്റെ (അദ്ദേഹത്തിന് സമാധാനമുണ്ടാകട്ടെ) ഔദാര്യത്താൽ എത്തും. നമ്മുടെ എണ്ണമറ്റ പരിശ്രമങ്ങൾകൊണ്ട് സാധിക്കാത്തത് അദ്ദേഹം ലാഭകരമാക്കും. അല്ലാഹു ആഗ്രഹിച്ചാൽ ബസറയിൽനിന്ന് വിശദമായി എഴുതാം. (എനിക്ക്) നീയെഴുതുന്ന കത്തിൽ നി​ന്റെ സുഖവിവരങ്ങളും കുട്ടികളുടെ ചുറ്റുപാടുകളും എല്ലാ വർത്തമാനങ്ങളും നിർബന്ധമായും വ്യക്തമായും എഴുതണം.

എഴുതിയ തീയതി: 1161 സഫർ 15= 1748 ഫെബ്രുവരി 14.

എഴുതിയ സ്​ഥലം: കൊച്ചി

ലക്ഷ്യം: ബംഗാൾ

എഴുത്തുകാരൻ: സയ്യിദ് മുസ്​ത്വഫ (പിതാവ്)

വിലാസക്കാരൻ: സയ്യിദ് മുർതദ (മകൻ)

ഇനം: വ്യക്തിഗതമായ കത്ത് (Khatt).

ഈ കത്ത് വായിക്കാൻ കഴിഞ്ഞത് മഹ്മൂദ് കൂരിയയും മൈക്കൽ നയ്​ലർ പിയേഴ്സണും എഡിറ്റ് ചെയ്ത (മലയാള വിവർത്തനം: വി. അബ്ദുൽ ലത്തീഫ്) ‘ഇന്ത്യൻ മഹാസമുദ്രവും മലബാറും’ എന്ന പുസ്തകത്തിലെ (പ്രസാധനം: ഡി.സി ബുക്സ്​/ പേജ് 248) ഗഗൻ ഡി.എസ്​. സൂദ് എഴുതിയ ‘പേർഷ്യൻ കണ്ണാടിയിലൂടെ പതിനെട്ടാം നൂറ്റാണ്ട് മധ്യത്തിലെ മലബാർ ലോകം’ എന്ന ലേഖനത്തിലാണ്. കത്ത് എഴുതിയിരിക്കുന്നത് പേർഷ്യനിലാണ്. ബംഗാളിൽനിന്ന് മലബാറിലും തുടർന്ന് ഇറാഖിലും പോകാനുദ്ദേശിച്ച് യാത്ര തുടങ്ങിയ സയ്യിദ് മുസ്​ത്വഫക്ക് കടൽക്ഷോഭം മൂലം കുറച്ചധികം മാസങ്ങൾ മലബാറിൽ തങ്ങേണ്ടിവന്നു. ആ സന്ദർഭത്തിൽ അദ്ദേഹം പലർക്കും കത്തുകളയക്കുന്നുണ്ട്. അതിൽ മകനയച്ച കത്താണ് മുകളിൽ കൊടുത്തിരിക്കുന്നത്.

തൊഴിൽ പ്രവാസിയായ പുരുഷൻമാരുടെ കത്തുകളുടെ കൃത്യം ഉള്ളടക്കവും സ്വഭാവവും ഈ കത്തിനുള്ളതുകൊണ്ടാണ് 18ാം നൂറ്റാണ്ടി​ന്റെ മധ്യത്തിൽ ഇന്നത്തെ കേരളത്തിൽനിന്നും ‘ഒരു പ്രവാസി’ അയച്ച കത്ത് ഇവിടെ തുടക്കത്തിലേ എടുത്തു ചേർക്കുന്നത്. ഈ കത്ത് മകന് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പുരുഷ അടിമ, അബ്സീനിയൻ അടിമപ്പെൺകുട്ടി എന്നീ വാഗ്ദാനങ്ങളാണ് വാപ്പ മകന് നൽകുന്നത്. ഒപ്പം കടംവീട്ടൽ അടക്കമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർദേശങ്ങളുമുണ്ട്. കൂടാതെ, വീട്ടിലുള്ളവരുടെ (കുട്ടികളുടെ) വിവരങ്ങൾ എഴുതണമെന്നും സയ്യിദ് മുസ്​ത്വഫ ആവശ്യപ്പെടുന്നുണ്ട്. തൊഴിൽ പ്രവാസിയായ പുരുഷ​ന്റെ കത്തി​ന്റെ അച്ചട്ട് മാതൃകയിലുള്ളതാണ് ഈ കത്ത്.

സയ്യിദ് മുസ്​ത്വഫ ഭാര്യക്കാണ് കത്തെഴുതിയിരുന്നതെങ്കിൽ അബ്സീനിയ അടിമപ്പെൺകുട്ടി എന്ന വാഗ്ദാനമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും ആ കത്തിലും ഉൾപ്പെടുമായിരുന്നു. അക്കാലത്തെ അടിമവ്യവസ്​ഥയിലേക്ക് കൃത്യമായി വെളിച്ചം വീശുന്നത് കൂടിയാണ് ഈ കത്തിലെ പരാമർശങ്ങൾ. പിൽക്കാലത്ത് ഗൾഫിൽനിന്ന് മലബാറിലേക്ക് വന്ന ലക്ഷക്കണക്കിന് പുരുഷ കത്തുകളിൽ പ്രധാനമായും ഉണ്ടായിരുന്നത് അവധിക്കു വരുമ്പോൾ കൊണ്ടുവരും എന്ന് വാഗ്ദാനംചെയ്ത സാധനങ്ങളുടെ ലിസ്റ്റായിരുന്നു. സയ്യിദ് മുസ്​ത്വഫയുടെ കാലത്ത് അത് അടിമയും അടിമപ്പെൺകുട്ടിയുമായി. പുരുഷ പ്രവാസിയുടെ വാഗ്ദാനത്തിലെ പ്രയോജനാവാദം നൂറ്റാണ്ടുകൾക്കു മുമ്പെയുള്ളതാണെന്ന് ഗഗൻസൂദിലെ വെളിച്ചംകൊണ്ട് ഈ കത്ത് നമ്മെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു.

ഇന്ന് കേരളത്തിൽ തൊഴിലെടുത്ത് ജീവിക്കുന്ന അസംഖ്യം ഇതര സംസ്​ഥാന തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള ഡിജിറ്റൽ/ഇല​േക്ട്രാണിക് ഉപകരണങ്ങളിലൂടെ സ്വന്തം കുടുംബത്തിലുള്ളവർക്ക് നൽകുന്ന വാഗ്ദാനങ്ങൾക്കും ഇതേ സ്വഭാവം തന്നെയാണുള്ളത്. കൊണ്ടുവരാൻ ആവശ്യപ്പെടുന്ന അവരുടെ കുടുംബങ്ങളിൽനിന്നും വരുന്ന സാധനങ്ങളുടെ ലിസ്റ്റുകൾക്ക് ഒരുകാലത്ത് കേരളത്തിൽനിന്ന്, പ്രത്യേകിച്ച് മലബാറിൽനിന്നും പോയിരുന്ന കത്തുകളുടെ അതേ ഛായതന്നെയാണുള്ളത്.

 

വി. മുസഫർ അഹമ്മദ്

വി. മുസഫർ അഹമ്മദ്

മറുപടിയെഴുതാതെ, കത്തുകളുടെ കെട്ട് അയാൾ റബർ ബാൻഡിട്ടു കെട്ടിവെച്ചു

ഈ ആഖ്യാനം കിഴക്കൻ ആഫ്രിക്കയിൽനിന്നുള്ളതാണ്. പ്രവാസ അനുഭവം എന്ന സ്ലഗിൽ വി.ജെ. ആന്റണി 2020 ഒക്ടോബർ ലക്കം ‘കലാപൂർണ’ മാസികയിലെഴുതിയ ‘കർമഫലം തടുക്കാനാവുമോ?’ എന്ന ലേഖനമാണ് അവഗണിക്കപ്പെട്ട ഒരുകൂട്ടം കത്തുകളുടെ കഥ പറയുന്നത്. 1975ൽ സാംബിയ എന്ന ആഫ്രിക്കൻ രാജ്യത്ത് സ്​കൂളിൽ കണക്ക് അധ്യാപകനായി എത്തുകയാണ് ആന്റണി. മലയാളിയായ ജയദേവനായിരുന്നു അവിടെ ആന്റണിയുടെ മുൻഗാമി. അദ്ദേഹം വാഹനാപകടത്തിൽ മരിച്ചു. സ്​കൂൾ ഹെഡ്മിസ്​ട്രസ്​ ആയിരുന്ന ആലീസ്​ കൗണ്ടാമി എന്ന ആഫ്രിക്കൻ യുവതിയുടെ കാമുകൻകൂടിയായിരുന്നു ജയദേവൻ.

തുടർന്നുണ്ടായ ഒഴിവിലാണ് ആന്റണി അധ്യാപകനായി എത്തുന്നത്. തനിക്ക് സ്റ്റാഫ് റൂമിൽ അനുവദിച്ച സ്​ഥലത്തെത്തുന്ന ആന്റണി താൻ അവിടെ ആദ്യമായി കണ്ട കാര്യത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ഗണിതവിഭാഗം മേധാവിയായിരുന്ന ജയദേവൻ ഉപയോഗിച്ചിരുന്ന ഓഫിസ്​ മുറിയുടെ താക്കോൽ ആലീസ്​ കൗണ്ടാമിയുടെ പിൻഗാമിയായി ചാർജ് എടുത്ത ഹെഡ്മിസ്​ട്രസ്​ സിസ്റ്റർ മേരി റെജീന വളരെ സന്തോഷ​ത്തോടെ എനിക്ക് കൈമാറി. ആ മുറിയിലേക്ക് പോകാൻ എനിക്ക് എന്തോ നിസ്സംഗത തോന്നിയതിനാൽ ഞാൻ ഏതാണ്ട് ഒരാഴ്ചയോളം സ്റ്റാഫ് റൂമിലെ ഒരു സീറ്റാണ് ഉപയോഗിച്ചത്. കുറച്ചു ദിവസങ്ങൾക്കുശേഷം ജയദേവൻ ഉപയോഗിച്ചിരുന്ന മുറി തുറന്ന്, ഞാൻ ഒരു സൂക്ഷ്മനിരീക്ഷണം നടത്തി.

തുറന്നു കിടന്ന ഒരലമാരയിൽ മാത്തമാറ്റിക്സി​ന്റെ ഏകദേശം അമ്പത് പാഠപുസ്തകങ്ങൾ, അടച്ചിട്ടിരുന്ന വേറൊരു അലമാര. പിന്നൊരു മേശയും നാലു കസേരകളും ഒക്കെ ഞാനവിടെ കണ്ടു. രണ്ട് സ്കൂൾ കുട്ടികളുടെ സഹായത്തോടെ മുറിയും അലമാരകളും മേശയും ഞാൻ ക്ലീൻചെയ്തു. അടച്ചിട്ടിരുന്ന അലമാരയിലെ ഫയലുകൾ അടുക്കിവെക്കുന്ന കൂട്ടത്തിൽ, റബർ ബാൻഡിട്ട് വെച്ചിരുന്ന ഒരു കെട്ട് കത്തുകൾ സ്​കൂൾ കുട്ടികൾ എന്നെ ഏൽപിച്ചു. ആദ്യത്തെ രണ്ട് എഴുത്തുകൾ അലക്ഷ്യമായി ഞാനൊന്നു വായിച്ചുനോക്കി. ‘കൂടാളി’ എന്ന സ്​ഥലത്തുനിന്ന് ശ്രീദേവിയെന്ന ഒരു സ്​ത്രീ ജയദേവനു മലയാളത്തിൽ എഴുതിയ കത്തുകളായിരുന്നു അവയെല്ലാം.

ശോകത്തിൽ മുങ്ങിയ പരിഭവങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും യാചനകളും നിറഞ്ഞ എഴുത്തുകൾ! അയാളുടെ ഭാര്യയാണ് ശ്രീദേവിയെന്ന് എനിക്ക് മനസ്സിലായി. ഇണയെ നഷ്ടപ്പെട്ടു പോയതിലുള്ള വേവലാതിയോടെ, ഉഴറുന്ന കിളിയെപ്പോലെ, കണ്ണീർക്കയത്തിൽ മുങ്ങിത്താഴുന്ന, നിസ്സഹായയായ ഒരു സ്​ത്രീയുടെ ചിത്രം എ​ന്റെ ഭാവനയിൽ വിടർന്നുവന്നു.

അടുത്ത മൂന്ന് എഴുത്തുകൾ ആകാംക്ഷയോടും ജിജ്ഞാസയോടും കൂടി ഞാൻ വായിച്ചു. ആലീസ്​ കൗണ്ടാമിയുടെ കാമുകനും (സാംബിയയിലെ വിദ്യാഭ്യാസ പരിഷ്കരണ സെൻട്രൽ കമ്മിറ്റിയിലെ അംഗമായിരുന്നു ഇവർ) സാംബിയയിൽ പരക്കെ അവിവാഹിതനെന്ന് അറിയപ്പെട്ടിരുന്നവനുമായ ജയദേവന് ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി കത്തുകൾ! അവയെല്ലാം മറ്റുള്ള മലയാളികളുടെ കൈകളിലെത്തിയാൽ അയാളുടെ കീർത്തിക്കും യശസ്സിനും മങ്ങലേൽക്കും. ഭാര്യയും കുട്ടിയും അനാഥരായി, അഗതികളായി ഭർത്താവി​ന്റെ വീട്ടിൽ കഴിയുമ്പോൾ, അയാൾ കാമുകിയുമായി ചുറ്റിക്കറങ്ങി ജീവിതം ആസ്വദിക്കുകയായിരുന്നു.

ശ്രീദേവിയെയും കുട്ടിയെയും കാണാനോ, അവരുടെ കാര്യങ്ങൾ അന്വേഷിക്കാനോ, സാംബിയയിലെ വിദ്യാഭ്യാസ വകുപ്പിൽനിന്നും നാട്ടിൽ പോകാൻ ഫ്രീ പാസേജ് ഉണ്ടായിട്ടും ഒരിക്കൽപോലും അയാൾ നാട്ടിൽ പോകാനോ തയാറായിട്ടില്ല. ഞാൻ കണ്ടിട്ടില്ലാത്ത, അപകടത്തിൽ മരിച്ച അധ്യാപകനായ ജയദേവ​ന്റെ സാംബിയയിലെ സൽപ്പേര് കളങ്കപ്പെടുത്താൻ എനിക്ക് ഒട്ടും താൽപര്യമില്ലാതിരുന്നതിനാൽ ആ എഴുത്തുകളെല്ലാം നശിപ്പിച്ചു കളയാൻതന്നെ ഞാൻ തീരുമാനിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം അവയെല്ലാം കത്തിച്ചാമ്പലാകുന്നതു ഞാൻ നിർവികാരനായി നോക്കിനിന്നു!

കത്തിച്ചുകളഞ്ഞ മറ്റൊരു കൂട്ടം കത്തുകൾ

‘പ്രവാസവും പെൺ കത്തുകളും’ എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കുമ്പോൾ പരിചയപ്പെട്ട യൂനിവേഴ്സിറ്റി അധ്യാപിക ഷഹ്ന (ആ സെഷ​ന്റെ മോഡറേറ്ററും അവരായിരുന്നു) ഒരുകൂട്ടം കത്തുകൾ കത്തിച്ചതി​ന്റെ നേരനുഭവം പങ്കുവെക്കുകയുണ്ടായി. അവർ പറഞ്ഞു: എ​ന്റെ കുട്ടിക്കാലത്തേ വാപ്പ ഗൾഫിലാണ്. മൂന്നോ നാലോ വർഷം കൂടുമ്പോഴാണ് അവധിക്ക് വീട്ടിൽ വരുക. വന്നു കഴിഞ്ഞാൽ ഉമ്മയും ബാപ്പയും വഴക്കാണ്. ഒരിക്കൽ ഞാൻ ഉമ്മയോട് ചോദിച്ചു, എന്താണിങ്ങനെ വഴക്ക്? മറുപടി പറയാതെ ഉമ്മ ഒരു കെട്ട് കത്തെടുത്ത് തന്നു. വാപ്പ ഉമ്മക്കയച്ച കത്തുകൾ. അതിലൂടെ കടന്നുപോയപ്പോൾ അവർ തമ്മിലുള്ള ചേർച്ചയില്ലായ്മയുടെ, അസ്വാസ്​ഥ്യങ്ങളുടെ എല്ലാ കാര്യങ്ങളും മനസ്സിലായി.

അവർ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും മറ്റുള്ളവർകൂടി അറിയേണ്ടെന്ന് കരുതി ആ കത്തുകൾ കത്തിച്ചുകളഞ്ഞു. അവ സ്വയം സംസാരിക്കുന്നവയായിരുന്നു. ഞങ്ങളുടെ വാപ്പ ഗൾഫിൽ കുക്കായിരുന്നു. തിരിച്ചുവന്ന് വൃക്കരോഗിയായി മരിച്ചു. ആ രോഗം കുടുംബം പോറ്റാനുള്ള കഠിനമായ അധ്വാനത്തിനിടെ അദ്ദേഹത്തിന് കിട്ടിയതായിരുന്നു. കുറ്റപ്പെടുത്തലുകൾക്കിടയിൽ സ്വന്തം കുടുംബത്തിലുള്ളവർ ഇന്നും ആ യാഥാർഥ്യം മനസ്സിലാക്കുന്നില്ല.

 

അർബുദരോഗിയായ ഉമ്മ മകനയച്ച കത്തിലെ വരികൾ

22.5.1990ൽ ആ ഉമ്മ സൗദിയിൽ ജോലിചെയ്യുന്ന മകന് ഇങ്ങനെ എഴുതി: എനിക്കെത്രയും സ്​നേഹം നിറഞ്ഞ മകൻ ജമാൽ കണ്ട് വായിച്ചറിയുവാൻ ഉമ്മ എഴുത്ത് എന്നാൽ, ഇതിനു മുമ്പ് നീ അയച്ച കത്തിന് മറുപടി അയക്കാഞ്ഞത് നീ ഉടനെ വരുമെന്ന് കരുതിയാണ്. എന്താണ് വരവ് നീണ്ടത്, മറുപടിയിൽ അറിയിക്കണം. ഉമ്മാക്ക് എഴുതാൻ വയ്യ. കയ്യ് കടഞ്ഞിട്ട്. ഇപ്പോൾ പല അസുഖങ്ങളും കാരണം നിർത്തുന്നു. ഒറ്റക്ക് വരാൻ പേടി ഉണ്ടെങ്കിൽ ആരെങ്കിലും കൂടെ വരണം? കത്ത് കിട്ടിയാൽ ഉടനെ മറുപടി അയക്കണം.

എന്ന് സ്​നേഹത്തോടെ ഉമ്മ. വേഗം വരണം: ഈ കത്തിനെക്കുറിച്ച് ജമാൽ സി. മുഹമ്മദ് 2017 ഡിസംബർ 27ന് ഏഷ്യാനെറ്റ് ന്യൂസ്​.കോമിൽ ‘ദേശാന്തരം’ എന്ന പംക്തിയിലാണ് എഴുതിയത്. ലേഖനത്തിനൊപ്പം ഒറിജിനൽ കത്തും പ്രസിദ്ധീകരിച്ചിരുന്നു. നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന കത്ത് എന്ന ചെറുലേഖനത്തിൽ അദ്ദേഹം എഴുതി: ദീർഘകാലം കാൻസർ പിടിച്ച് രോഗശയ്യയിലായിരുന്ന ഉമ്മയുടെ രോഗം 1990 ജൂലൈ മാസത്തിൽ മൂർച്ഛിക്കുകയും എന്നെക്കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ എനിക്കൊരു കത്തെഴുതുകയും ചെയ്തു. 1990ൽ ഞാൻ സൗദി അറേബ്യയിലെ ഖഫ്ജിയിൽ ആയിരുന്നു. ഒന്നാം ഗൾഫ് യുദ്ധ സമയമായിരുന്നതിനാൽ കമ്പനി യാത്ര അനുമതി നിഷേധിച്ചു:

‘‘വേഗം വരണം’’ എന്ന ഈ കത്തിലെ അവസാന വരിയാണ് പ്രവാസിയോട് എല്ലാ കാലത്തും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എപ്പോഴും പറയാനുണ്ടായിരിക്കുക. പ്രവാസി പ്രതിസന്ധിയിലാകുന്ന പിൻവിളിയാണ് വേഗം വരണം എന്ന ഈ രണ്ടു വാക്കുകൾ.

കഴിഞ്ഞ കത്തിനുശേഷം ഈ കടലിൽ എത്ര കപ്പലുകൾ പാഞ്ഞുപോയി

ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ച പിതാവിനെ ഓർത്തുകൊണ്ട് മിക്കു ഹാസു ത​ന്റെ ബ്ലോഗിൽ (https://michcafe.blogspot.com/2011/02/dads-38-year-old-gulf-letters.html) ‘38 വർഷം പഴക്കമുള്ള അച്ഛ​ന്റെ ഗൾഫ് കത്തുകൾ’ എന്ന ശീർഷകത്തിലെഴുതി: ‘‘Many ships have passed through this Gulf since I wrote to you last…’’ ത​ന്റെ അച്ഛൻ ബഹ്റൈനിൽനിന്നും തനിക്ക് നിരന്തരമായി കത്തയച്ചിരുന്നതായി മിക്കു ഹാസു എഴുതുന്നു. ആഴ്ചയിൽ രണ്ട്, ചിലപ്പോൾ മൂന്നു വരെ കത്തുകൾ. അപ്പോൾ അത്രയും കപ്പലുകൾ കടന്നുപോയത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലായിരിക്കും. ദിവസങ്ങളുടെ വേഗതയില്ലായ്മ, പ്രവാസ ജീവിതത്തിലെ സ്തംഭനം ആ വരികളിൽ വ്യക്തമായി കാണാം.

ചുവന്ന ബൾബി​ന്റെ അപായം

പ്രശസ്​ത ഫോട്ടോഗ്രഫർ അബുൽ കലാം ആസാദ് ‘ദേശാഭിമാനി’ വാരികയിൽ 2019–2020 കാലത്ത് അത്യപൂർവമായ ഒരു പരമ്പര എഴുതിയിരുന്നു. ‘ഡിജിറ്റൽ നിലാവുള്ള അനലോഗ് രാത്രികൾ’ എന്ന ശീർഷകത്തിൽ. ഈ പരമ്പരയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഫോട്ടോഗ്രാഫുകൾ അസാധാരണമായ മൗലികതയുള്ളതായിരുന്നു. ത​ന്റെ സൗഹൃദങ്ങളെക്കുറിച്ചും ആസാദ് എഴുതിയിരുന്നു. ‘ഒരു സൗഹൃദത്തി​ന്റെ സംക്ഷിപ്ത ചരിത്രം’ എന്ന തലക്കെട്ടിലെഴുതിയ അധ്യായം സുഹൃത്ത് അനൂപ് സ്​കറിയയെക്കുറിച്ചുള്ളതാണ്.

ബന്ധങ്ങളുടെയും അകൽച്ചകളുടേയും വീണ്ടുമുണ്ടാകുന്ന അടുപ്പങ്ങളുടെയും കഥയാണ് ആ അധ്യായത്തിൽ ആസാദ് വായനക്കാരുമായി പങ്കുവെക്കുന്നത്. ആസാദ് ബോംബെയിൽ കഴിഞ്ഞിരുന്ന കാലത്ത് അനൂപ് പോസ്റ്റ് കാർഡിൽ ഇടക്കിടക്ക് എഴുതുമായിരുന്നുവെന്നും അതിൽ പലതും ഇപ്പോഴും ​കൈയിലുണ്ടെന്നും എഴുതി ഒരു കാർഡ് ലേഖനത്തിനൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കാർഡി​ന്റെ ഉള്ളടക്കം ഇങ്ങനെ:

Dear Azad,

Did Kodak Click?

How is life in the big city?

Red light means danger.

-Keep away

Love, Anoop

22/6/88ൽ എഴുതിയ കത്താണിത്. കത്തിലെ നാലാം വരിയിലെ റെഡ് ലൈറ്റ് എന്നെഴുതുന്നതിന് മുമ്പായി ഒരു ചുവന്ന ബൾബി​ന്റെ ചിത്രവും വരച്ചുവെച്ചിട്ടുണ്ട്. ‘ബോംബെയി​െല ചുവന്ന വിളക്ക്’ എന്ന പ്രയോഗം എന്തിനെക്കുറിക്കുന്നു എന്ന് പൊതുവിൽ എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും. ചുവന്ന വിളക്കിൽനിന്നും അകലം പാലിക്കാനാണ് അനൂപ് ത​ന്റെ സുഹൃത്തിനോടാവശ്യപ്പെടുന്നത്. ഇന്ന് ആ പോസ്റ്റ് കാർഡ് വായിക്കുമ്പോൾ ഓർമകളിൽ പ്രവർത്തിക്കുന്ന സുരക്ഷിതത്വം എന്ന വലിയ ആശയ ലോകത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. മെമ്മയറിസ്റ്റുകളും ഡയറിയിസ്റ്റുകളും ജേണൽ എഴുത്തുകളും ഏറ്റവും കൂടുതൽ ലോകത്തോട് പറഞ്ഞിട്ടുള്ളത് അപായത്തിലായ മനുഷ്യ സുരക്ഷിതത്വത്തെക്കുറിച്ചാണ്. ആൻഫ്രാങ്കി​ന്റെ ഡയറി തന്നെ ഏറ്റവും വലിയ ഉദാഹരണം.

 

ജി. ശങ്കരക്കുറുപ്പ്​

ജി. ശങ്കരക്കുറുപ്പ്​

ഗാനമാലിക റോയിയും പെൺകത്ത് റെക്കോഡിങ് സ്റ്റുഡിയോയും

2023 ജൂൺ 16ന് ശശികുമാർ വാസുദേവൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അതിനടുത്ത ദിവസങ്ങളിൽ മരിച്ച ഗാനമാലിക റോയിയെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പായിരുന്നു പോസ്റ്റ്:

ഗാനമാലിക റോയി. റോയിയെ പരിചയപ്പെട്ടിട്ട് പതിനാലു വർഷമാകുന്നു. തൃക്കുന്നപ്പുഴക്കാരുടെ അച്ചായനാണ് റോയി. ക്രിസ്​ത്യാനികളില്ലാത്ത ഗ്രാമത്തിലെ ഏക അച്ചായൻ.

മുസ്‍ലിംകളും ഹിന്ദുക്കളും മാത്രമുള്ള തൃക്കുന്നപ്പുഴയിൽ റോയി എത്തിയത് പുറക്കാട്ട്– കുട്ടനാടി​ന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന്. ആരെയും ആകർഷിക്കുന്ന നിഷ്കളങ്കമായ ചിരിയുമായി മൂന്നു പതിറ്റാണ്ടു മുമ്പ് ഒരു സെറോക്സ് മെഷീനും ഫാക്സും ടേപ് റെ​േക്കാഡറുമായാണ് റോയി ഇവിടെ എത്തിയത്.

തോട്ടപ്പള്ളി മുതൽ തൃക്കുന്നപ്പുഴ വരെ ഓലമേഞ്ഞതും ഓടിട്ടതുമായ ചെറിയ വീടുകളും നിരപ്പലക നിരത്തിയ കടകളും മാത്രം. എന്നാൽ, റോയി വരുന്നതിന് ഒരു പതിറ്റാണ്ടു മുമ്പ് ഡച്ചുകാരായ സായിപ്പൻമാരും മദാമ്മമാരും വന്നുപോയിരുന്നു. ഗവേഷണത്തി​ന്റെ ഭാഗമായി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാഹം തുടങ്ങിയപ്പോൾ സർട്ടിഫിക്കറ്റുകളുടെയും വിസ, പാസ്​പോർട്ട് കോപ്പികൾ എടുക്കാനും അയക്കാനും അച്ചായനാണ് സഹായിച്ചിരുന്നത്.

ഗൾഫിൽനിന്ന് വന്നിരുന്നവർ മലയാളം പാട്ടുകളുടെ കാസറ്റ് കൊണ്ടുവരും. ഒപ്പം ബ്ലാങ്ക് കാസറ്റുകളും. റോയിക്ക് കാസറ്റിൽ റെ​േക്കാഡു ചെയ്യാനുള്ള സൗകര്യവും ഒരു ഗൾഫുകാരൻ ചെയ്തു കൊടുത്തു. ഗൾഫുകാരുടെ ഭാര്യമാർ റോയിയുടെ കടയിലെ സന്ദർശകരായി. റോയിയുടെ റെ​േക്കാഡിങ് മുറിയിൽ കയറി അവർ ഭർത്താക്കൻമാരോട് പറയാനുള്ള, സന്തോഷങ്ങളും സങ്കടങ്ങളും ചിരിച്ചും കളിച്ചും കരഞ്ഞും റെ​േക്കാഡ് ചെയ്യും. ചിലപ്പോൾ കുഞ്ഞുങ്ങളുമായിട്ടാണ് വരുന്നത്. അവരുടെ കരച്ചിലും ചിരികളും കാസറ്റിലാകും. റോയി ഒരിക്കലും അത് ശ്രദ്ധിക്കാറുമില്ല.

റെ​േക്കാഡ് ചെയ്ത കാസറ്റ് സീൽചെയ്ത് മേൽവിലാസമെഴുതി പാക്കു ചെയ്തുകൊടുക്കും. ഗൾഫിൽനിന്നു വരുന്നവരും ഭർത്താവ് റെ​േക്കാഡ് ചെയ്ത് കൊടുത്തുവിടുന്ന കാസറ്റ് വീട്ടിലെത്തിക്കും. മിക്ക വീട്ടിലും കാസറ്റ് പ്ലെയറില്ല. അഥവാ ഉ​െണ്ടങ്കിൽ തന്നെ സ്വകാര്യമായി കേൾക്കാൻ സൗകര്യവുമില്ലായിരുന്നു. കാസറ്റുമായി വരുന്നവർക്ക് സ്വകാര്യമായി കേൾക്കാനും റെ​േക്കാഡ് ചെയ്യാനുമുള്ള സൗകര്യം നൽകുന്ന റോയി അവരുടെ പ്രിയ അച്ചായനായതങ്ങനെയാണ്.

ഇഷ്ടഗാനങ്ങൾ താൽപര്യമുള്ളവർക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞെടുത്തു കൊടുത്താൽ അതു പകർത്തിക്കൊടുക്കും. ഒരു കാസറ്റിൽ പകർത്താൻ പത്തു രൂപയാണന്ന് ചാർജ് ചെയ്തിരുന്നത്. കാസറ്റി​ന്റെ വില വേറെയും. അങ്ങനെയാണ് റോയിയുടെ സ്​ഥാപനത്തി​ന്റെ പേര് ഗാനമാലിക ആയതും:

പ്രവാസികൾക്കുള്ള കത്തെഴുത്തിൽ ടെക്നോളജി കടന്നുവരുന്നതി​ന്റെ ആദ്യ പടവിനെക്കുറിച്ചുള്ള, വളരെ പ്രധാനപ്പെട്ട ഉള്ളടക്കം ഈ പോസ്റ്റിലുണ്ട്. കാസറ്റ് കത്തുകളിലേക്കാണ് ഈ വിവരങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രവാസികളുമായി, പ്രത്യേകിച്ചും ഭാര്യമാർ എൺപതുകളിൽ ആശയവിനിമയം നടത്തിയിരുന്നത് കാസറ്റ് കത്തുകളിലൂടെയായിരുന്നു.

ഇന്ന് വാട്സ്ആപ്പിൽ ഒരു ടെക്സ്റ്റ് മെസേജ് ഇടുന്നതിനേക്കാൾ ഫലപ്രദം വോയ്സ്​ മെസേജുകളാണെന്നാണല്ലോ പൊതുവിലുള്ള അനുഭവം. ഇതുപോലെ തന്നെയാണ് എഴുത്തു കത്തിൽനിന്നു കാസറ്റ് കത്തിലേക്കുള്ള മാറ്റവും. കൂടുതൽ അടുത്തിരിക്കുന്ന ഒരനുഭവം കാസറ്റ് കത്തുകൾക്ക് നൽകാൻ കഴിഞ്ഞിരുന്നു. 2000 തുടക്കത്തിൽ, ഞാൻ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന കാലത്തുപോലും ഇത്തരം കാസറ്റ് കത്തുകൾ വന്നിരുന്നു. പിന്നെ മൊബൈൽ വന്നതോടെ ആ വിനിമയ ലോകങ്ങളെല്ലാം ഒറ്റയടിക്ക് അസ്തമിച്ചു.

എന്നാൽ, ഇത്തരം പെൺ കാസറ്റ് കത്തുകൾക്ക് ഒരു ‘റെക്കോഡിങ് സ്റ്റുഡിയോ’ തന്നെ കേരളത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും മുകളിൽ കൊടുത്ത എഫ്.ബി പോസ്റ്റിൽനിന്നാണ്. മലയാളിയുടെ പ്രവാസ ചരിത്രത്തിൽ വാസ്തവത്തിൽ ഗാനമാലിക റോയിയുടെ ആ സൗണ്ട് സ്റ്റുഡിയോക്കുള്ള പങ്ക് വളരെ വലുതാണ്.

എ​ന്റെ വിയർപ്പി​ന്റെ മണം നിങ്ങൾക്ക് കിട്ടുന്നുണ്ടായിരിക്കും, ഇവിടെ ഈ വീട്ടിൽ വീട്ടുപണിയെടുത്ത് വിയർക്കാൻ മാത്രമാണ് എ​ന്റെ വിധി –ഒരു ഭാര്യ പ്രവാസിയായ ഭർത്താവിനോട് ഇങ്ങനെ പറയുന്ന ഒരു കാസറ്റ് കത്ത് കേട്ട ഓർമയും മനസ്സിലേക്കു വന്നു. കാസറ്റ് കത്തുകളെക്കുറിച്ച് വിശദമായ ചില പഠനങ്ങൾ വന്നിട്ടുണ്ട്. പ​േക്ഷ, വളരെ ലൈവായിരുന്ന ഗാനമാലിക റോയിയുടെ ഓഡിയോ റെക്കോഡിങ് മുറിയെക്കുറിച്ച്, അതുപോലുള്ള കാര്യങ്ങളെക്കുറിച്ച് ആ പഠനങ്ങളിലൊന്നും പരാമർശങ്ങൾ കണ്ടിട്ടില്ല.

 

ഗ്രീറ്റിങ് കാർഡുകളെക്കുറിച്ചുള്ള ഒരു പഠനലേഖനത്തിൽ ഇങ്ങനെ വായിച്ചു: മലയാളിയായ പിതാവ് മകൾക്ക് ജന്മദിനത്തിൽ ഒരു ഗ്രീറ്റിങ് കാർഡയക്കുന്നു. ആ കാർഡിൽ മലയാളമടക്കം എട്ടു ഭാഷകളിൽ ജന്മദിനാശംസകൾ കുറിച്ചിട്ടിരുന്നു. പിതാവിനൊപ്പം താമസിക്കുന്ന മറ്റ് ഏഴു ഭാഷക്കാരും ആശംസകൾ തങ്ങളുടെ ഭാഷയിൽ കുറിച്ചിടുകയായിരുന്നു: അത്തരത്തിലുള്ള ഒറ്റ ആശംസാകാർഡിൽനിന്നും തന്നെ മലയാളിയുടെ പ്രവാസത്തി​ന്റെ നിരവധി കൈവഴികൾ തുറന്നുവരുന്നത് നമുക്കനുഭവിക്കാം.

ജി. ശങ്കരക്കുറുപ്പി​ന്റെ ‘പ്രവാസവും’ റൂബിൾകൊണ്ടുള്ള കാപ്പികുടിയും

ഇതുവരെ പറഞ്ഞ തരത്തിലുള്ളതോ അനുഭവ പരിസരങ്ങളുമായി അടുപ്പമുള്ളതോ അല്ലെങ്കിലും കവി ജി. ശങ്കരക്കുറുപ്പ് എൻ.വി. കൃഷ്ണവാരിയർക്ക് അയച്ച 131 കത്തുകൾ ‘ഹൃദയത്തി​ന്റെ വാതായനങ്ങൾ’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (സാഹിത്യ പ്രവർത്തക സഹകരണ സംഘം -1987). അത് വിദേശ കറൻസി നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനെക്കുറിച്ചുള്ളതായതുകൊണ്ടാണ് ഇവിടെ ചേർക്കുന്നത്. ഈ പ്രശ്നം പല പ്രവാസികളും, പ്രത്യേകിച്ചും ആഫ്രിക്കൻ രാജ്യങ്ങളിൽ, ഒരുകാലത്ത് ഇന്ത്യയിലേക്ക് അവിടെയുള്ള കറൻസികൾ കൊണ്ടുവരാനും വിദേശ വിനിമയത്തിലൂടെ അയക്കുന്നതിനും വിലക്കും തടസ്സവുമുണ്ടായിരുന്നു.

ജി. ശങ്കരക്കുറുപ്പ് എൻ.വിക്ക് 1968 നവംബർ മൂന്നിന് എഴുതുന്നു: ഒക്ടോബർ രണ്ടാം തീയതി മോസ്കോയിലെത്തി. വിമാനത്തിൽതന്നെ. പൊടിഞ്ഞ മഴ, ഈറൻ കാറ്റ്, ഇരുണ്ട അന്തരീക്ഷം. എനിക്ക് മുഷിപ്പനായിത്തോന്നി. കാക്കസസിലും കാസ്​പിയൻ-കരിങ്കടൽത്തീരത്തും ലെനിൻഗ്രാഡിലും പോകാൻ നിർബന്ധിച്ചെങ്കിലും എ​ന്റെ മനസ്സ് കൊച്ചുകുട്ടിയെപ്പോലെ ഡൽഹിയിലേക്ക് എന്ന നിശ്ചയത്തെ മുറുകെപ്പിടിച്ചു. ഇനിയൊരിക്കലാവാമതെല്ലാം എന്നു മരിയ സിഡ്ഗാനിക്കും എ.വി.എൻ പ്രതിനിധിയും ഒടുവിൽ സമ്മതിച്ചു.

എ​ന്റെ പുസ്തകത്തിൽ മുപ്പത്തിയേഴ് കവിത. ഛന്ദോമയമാണ് പരിഭാഷ; അന്ത്യപ്രാസ ബന്ധുരവും. ഡോ. ചെലിഷേവ് പത്തു പതിനാലു പേജിൽ നീണ്ടൊരവതാരിക എഴുതിയിട്ടുണ്ട്. നവംബറിലോ ഡിസംബറിലോ പുറത്താവും. നവംബറിൽ എന്നാണ് ചെലിഷേവ് പറഞ്ഞത്.

നമുക്കിനി പോകുമ്പോൾ നമ്മുടെ റൂബിൾകൊണ്ടു കാപ്പി കുടിക്കാം അവിടെ. അതൊരു സുഖമല്ലേ? 25 ശതമാനം റോയൽറ്റി കാലേ തരാമെന്നു പറഞ്ഞിട്ടുണ്ട്. തരാം എന്നുവെച്ചാൽ യൂനിയ​ന്റെ കണക്കിൽ എ​ന്റെ പേരിൽ ഇടാം എന്നാണർഥം. ഇങ്ങോട്ടു കടത്താൻ പറ്റില്ല. അനുഭവിക്കാത്ത പുണ്യം ആ സ്വർഗത്തിൽ കിടക്കട്ടെ. സ്​നേഹപൂർവം, ജി. ശങ്കരക്കുറുപ്പ്: റോയൽറ്റി മോസ്കോയിലെ റൈറ്റേഴ്സ്​ യൂനിയൻ അക്കൗണ്ടിൽ കിടക്കും. ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പറ്റില്ല. റഷ്യയിൽ ഉപയോഗിക്കാം. ഇതാണ് ജിയുടെ ‘റഷ്യൻ പ്രവാസ അനുഭവം’. യുഗാണ്ടയിൽ ഇന്ത്യൻ പ്രവാസികൾ ഇതേ പ്രശ്നം കുറച്ചുകാലം അനുഭവിച്ചിരുന്നു. അവിടെനിന്നും കിട്ടുന്ന പണം ഇന്ത്യയിലേക്ക് അയക്കാൻ കഴിയുമായിരുന്നില്ല. അറുപതുകളിൽ മലയാളിക്ക് റഷ്യ സ്വർഗമായിരുന്നല്ലോ. ത​ന്റെ പണം ആ സ്വർഗത്തിൽ തന്നെ ഇരിക്കട്ടെ എന്നാശ്വാസംകൊള്ളുന്ന മഹാകവിയെ ഈ കത്തിൽ കാണാം.

 

കത്തുകളിലൂടെ മനുഷ്യചരിത്രം സഞ്ചരിക്കുന്ന വഴികൾ

കത്തുകൾ മനുഷ്യാടുപ്പത്തി​ന്റെ ഛായാചിത്രങ്ങളാണെന്ന് മോണിക്ക മാസ്റ്റർ​േട്രാണിയോ അഭിപ്രായപ്പെടുന്നു. അവർ ഇതുസംബന്ധിച്ചെഴുതിയ പ്രബന്ധത്തിൽ ഇങ്ങനെ വായിക്കാം: Letters are not merely literature pieces for curiosity and daily amenities, but means of extensive use in the past when there were not many options for distance communication. Although privately written letters are public documents that offer valuable information to understand human relations not only in the past, in the present and future. Letters can be used in multiple fields of knowledge and disciplines, and offer extensive possibilities for interdisciplinarity:

പക്ഷേ, നമ്മൾ മലയാളിക്ക് കത്തുകൾ ഒരു സ്വകാര്യ രേഖമാത്രമാണ്. എന്നാൽ, മനുഷ്യസ്വഭാവത്തി​ന്റെ – അടുപ്പമായാലും അകൽച്ചയായാലും വെറുപ്പായാലും ഇഷ്ടമായാലും ആകർഷണമായാലും വികർഷണമായാലും – ഈ മനുഷ്യ കാലാവസ്​ഥ (climate) അപ്പാടെ ഉൾക്കൊള്ളുകയാണ് കത്തുകൾ. Personal is political എന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ കത്തുകളും സാമൂഹിക വിനിമയത്തി​ന്റെ പൊതുരേഖകൾതന്നെയാണ്. പൊതു രേഖകളുടെ സഞ്ചയത്തിലേക്ക് സ്വകാര്യ കത്തുകൾ എത്തിച്ചേരുന്ന പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഇവിടെ പരാമർശിച്ച, പ്രസിദ്ധീകരിക്കപ്പെട്ടതോടെ പൊതുസഞ്ചയത്തി​ന്റെ ഭാഗമായിത്തീർന്ന കത്തുകൾ നമ്മോട് പറയുന്നു.

അക്കാദമിക്കുകളും അല്ലാത്തവരും ഇത്തരമൊരു സംവാദം ഉയർത്തേണ്ടത് നമ്മുടെ സാമൂഹിക പഠനങ്ങൾക്ക് (പ്രത്യേകിച്ചും പ്രവാസ പഠനങ്ങളിൽ) അനിവാര്യമായിത്തീരുകയും ചെയ്തിരിക്കുന്നു. The very recent pastന്റെ ചരിത്രം കത്തുകളെപ്പോലെ മറ്റൊരു മനുഷ്യ മാധ്യമത്തിലും ഒരുപ​േക്ഷ നമുക്ക് കണ്ടെത്താൻ കഴിഞ്ഞുകൊള്ളണമെന്നുമില്ല.

=======

കത്തുകളും മലയാളിയുടെ ഗൾഫ് പ്രവാസവും എന്ന പ്രമേയത്തെ മുൻനിർത്തി എഴുതാൻ ശ്രമിക്കുന്ന പുസ്തകത്തിൽനിന്നുള്ള ഒരധ്യായമാണിത്)

News Summary - weekly articles