ജാതി റിപ്പബ്ലിക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
മോദിയുടെ അധികാരത്തിൻ കീഴിൽ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം ഉയരുന്ന വേളയിൽ എന്താണ് ദലിതരുടെയും മറ്റ് കീഴാള ജനതകളുടെയും അവസ്ഥ? മതേതരത്വത്തിനും ജനാധിപത്യത്തിനും എന്താണ് നിലനിൽപ്? –സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ നിശിത വിമർശനങ്ങൾ മുന്നോട്ടുവെക്കുന്നു.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014 മേയ് 26ന് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉയർന്നുവന്ന ഉത്കണ്ഠകളെ ന്യായീകരിക്കുന്ന ഒരു പതിറ്റാണ്ടാണ് പിന്നിടാൻ പോകുന്നത്. ഇന്ത്യൻ ദേശീയതക്കും മതനിരപേക്ഷതക്കും ബദലായി ഹിന്ദു...
Your Subscription Supports Independent Journalism
View Plansമോദിയുടെ അധികാരത്തിൻ കീഴിൽ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം ഉയരുന്ന വേളയിൽ എന്താണ് ദലിതരുടെയും മറ്റ് കീഴാള ജനതകളുടെയും അവസ്ഥ? മതേതരത്വത്തിനും ജനാധിപത്യത്തിനും എന്താണ് നിലനിൽപ്? –സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ നിശിത വിമർശനങ്ങൾ മുന്നോട്ടുവെക്കുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014 മേയ് 26ന് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉയർന്നുവന്ന ഉത്കണ്ഠകളെ ന്യായീകരിക്കുന്ന ഒരു പതിറ്റാണ്ടാണ് പിന്നിടാൻ പോകുന്നത്. ഇന്ത്യൻ ദേശീയതക്കും മതനിരപേക്ഷതക്കും ബദലായി ഹിന്ദു ദേശീയതയും ഹിന്ദു രാഷ്ട്രവാദവും മുന്നോട്ടുവെച്ച ബ്രാഹ്മണ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സാമൂഹിക ദർശനത്തിന്റെയും സാമൂഹിക വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് മോദി സർക്കാർ നിലവിൽവന്നത്.
ഭരണഘടന താൽപര്യങ്ങൾക്ക് മുകളിൽ ജാതിക്കും മതത്തിനും പ്രാമുഖ്യം നൽകുന്ന മോദി ഭരണകാലത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതാനുഭവങ്ങളെ ഘടനയുടെ അടിത്തട്ടിൽനിന്ന് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഡോ. ബി.ആർ. അംബേദ്കർ 1950 ജനുവരി 26ന് ഇന്ത്യ ജനാധിപത്യരാജ്യമായി മാറാനിരിക്കെ, പാർലമെന്റ് സെൻട്രൽ ഹാളിൽ നിയമനിർമാണ സഭയെ അഭിസംബോധന ചെയ്യവെ, ഭരണഘടനയുടെ ഭാവിയിൽ താൻ ഉത്കണ്ഠാകുലനാണെന്നും ഒരിക്കൽ ഇന്ത്യക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടും നഷ്ടപ്പെടുമോയെന്ന ചിന്ത തന്നെ ഏറെ ഉത്കണ്ഠാകുലനാക്കുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട് പറഞ്ഞ സുപ്രധാനമായൊരു കാര്യം രാഷ്ട്രീയ ജനാധിപത്യത്തിൽ ഒരിക്കലും സംതൃപ്തരാകരുതെന്നും രാഷ്ട്രീയ ജനാധിപത്യത്തെ ഒട്ടും വൈകാതെ സാമൂഹിക ജനാധിപത്യമാക്കിമാറ്റണമെന്നുമായിരുന്നു.
സാമൂഹിക ജനാധിപത്യമെന്നാൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്ത്വങ്ങളായി മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം നമ്മുടെ ജീവിതത്തെ വൈരുധ്യങ്ങളിലേക്ക് പ്രവേശിപ്പിക്കുമെന്നും ‘ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം’ എന്ന തത്ത്വം രാഷ്ട്രീയ ജീവിതത്തിൽ സമത്വം ഉറപ്പാക്കുന്നതാണെങ്കിലും സാമൂഹിക സാമ്പത്തിക ജീവിതത്തിലെ ഘടനാപരമായ അസമത്വങ്ങൾ ഈ തത്ത്വത്തെ നിരാകരിക്കുന്നതാണെന്നും അത് രാഷ്ട്രീയ ജീവിതത്തെ നാശത്തിലേക്ക് നയിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അന്തരമില്ലാതാക്കി തുല്യത സൃഷ്ടിക്കുന്നതിനാണ് അംബേദ്കർ പ്രാധാന്യം നൽകിയത്. അല്ലെങ്കിൽ ഇന്ത്യയെന്ന ഐക്യരാഷ്ട്രത്തിന് സുഗമമായി മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി ജാതി, മത, ലിംഗ, വർഗ, വംശ, ദേശസമത്വം എന്നീ ആശയം മുന്നോട്ടുവെച്ചു. ഭരണഘടനയുടെ അസ്തിവാരമായി ഈ ആശയത്തെ മാറ്റി. ഭരണഘടന നിലവിൽവന്നതോടെ ശൈലിയിൽ (operation) ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി മാറി.
എന്നാൽ, ഭരണഘടന വിഭാവന ചെയ്ത സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കാനും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവുമുള്ള ഒരു സമൂഹമായി മാറാനും ജനാധിപത്യ ഇന്ത്യക്ക് കഴിഞ്ഞുവോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ഭരണഘടനാ ധാർമികത കോടതിമുറികൾക്ക് പുറത്തേക്ക് വ്യാപരിക്കുകയോ ജനങ്ങളുടെ ജീവിതാവിഷ്കാരങ്ങളായി മാറുകയോ ചെയ്തില്ല. ഇന്നും ജനങ്ങളുടെ വ്യക്തിജീവിതവും സാമൂഹികജീവിതവും നിയന്ത്രിക്കുന്നത് ജാതികളും മതങ്ങളുമാണ്.
താഴ്ത്തപ്പെട്ട മർദകർ തങ്ങളുടെ മർദനാധികാരം വീണ്ടെടുക്കാൻ നടത്തുന്ന സമരവും ഒരു മർദിതവർഗം മർദകരുടെ പിടിയിൽനിന്ന് മോചനം നേടാൻ നടത്തുന്ന സമരവും തമ്മിലുള്ള അന്തരം എടുത്തുകാട്ടി സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കടുത്തശത്രുവായി തരംതിരിക്കപ്പെട്ട (graded) അസമത്വത്തിനെതിരെയായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് അയിത്തജാതിക്കാരുടെ പോരാട്ടമെന്നാണ് അംബേദ്കർ പറയുന്നത്. ജാതിഹിന്ദുക്കൾ അയിത്തജാതിക്കാരോട് പുലർത്തിപ്പോന്നിരുന്ന മനോഭാവവും പെരുമാറ്റവും വ്യക്തമാക്കിയിരുന്നത് ജാതികൾ സാമൂഹികേതരം മാത്രമല്ല, സാമൂഹിക വിരുദ്ധവുമാണ് എന്നാണ്.
അയിത്തജാതിക്കാർക്ക് പൊതുകുളങ്ങളും പൊതുവഴികളും പൊതു വിദ്യാലയങ്ങളും വെടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഓടുമേഞ്ഞ വീടുകളും കന്നുകാലി വളർത്തലുമെല്ലാം ജാതിഹിന്ദുക്കൾ വിലക്കുമ്പോൾ കണ്ടത് ഈ സാമൂഹിക വിരുദ്ധതയായിരുന്നു. അയിത്ത ജാതിക്കാരനെ മർദിക്കാനും പീഡിപ്പിക്കാനും ജാതിഹിന്ദുക്കൾക്ക് ലഭ്യമാകുന്ന രാഷ്ട്രീയാധികാരത്തെ തടയുന്നതിനും നിലനിൽപിനായുള്ള പോരാട്ടത്തിൽ സ്വന്തം നിലപാടുതറ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സ്വാതന്ത്ര്യസമരകാലത്ത് അയിത്തജാതിക്കാർ പ്രത്യേക പരിരക്ഷക്കായി വാദിക്കുകയും രാഷ്ട്രനിർമാണത്തിൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തത്. ഇതിനർഥം സാമൂഹിക അസമത്വങ്ങൾ ഇല്ലാതായി എന്നല്ല.
അസമത്വങ്ങളുടെ മാലിന്യ കൂമ്പാരങ്ങൾക്ക് മുകളിലാണ് ഇന്ത്യൻ ജനാധിപത്യം നിലവിൽവന്നത് എന്നത് അംബേദ്കറുടെ ശ്രദ്ധേയമായൊരു നിരീക്ഷണമാണ്. മോദി ഭരണകാലത്തിന്റെ മുഖ്യമായൊരു പ്രത്യേകത ജാതിഹിന്ദുക്കളുടെ സാമൂഹിക വിരുദ്ധമായ മനോഭാവവും പെരുമാറ്റവും രാജ്യത്തെമ്പാടും ദലിതർക്കും ആദിവാസികൾക്കുമെതിരെ അക്രമോത്സുകമായി അഴിഞ്ഞാടുന്നുവെന്നതാണ്.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി 2014 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന കായൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞത്, താനൊരു പിന്നാക്കക്കാരനാണെന്നും വരാൻ പോകുന്നത് ദലിതരുടെയും പിന്നാക്കക്കാരുടെയും ദശകമാണെന്നുമാണ്. സവർണ പ്രധാനമന്ത്രിമാരെ മാത്രം കണ്ടിട്ടുള്ള ദലിതരുടെയും പിന്നാക്കക്കാരുടെയും പ്രതീക്ഷകളെ ഉണർത്തുകയായിരുന്നു മോദി. അതിന്റെ ഫലം കണ്ടു. സമ്മേളനത്തിന്റെ സംഘാടകരായ കെ.പി.എം.എസും സമ്മേളനത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പിയും ബി.ജെ.പിയോടൊപ്പം ചേർന്നു. ബിഹാറിലെ മുസഫർപൂരിൽ 2014 മാർച്ച് മൂന്നിന് നടന്ന ബി.ജെ.പി റാലിയിൽ ഇതേ നിലപാട് മോദി ആവർത്തിച്ചു.
മോദിയുടെ ഭരണത്തിൻ കീഴിൽ ഗുജറാത്തിൽ നടന്ന മുസ്‍ലിം വംശഹത്യയിൽ പ്രതിഷേധിച്ച് 12 വർഷങ്ങൾക്കുമുമ്പ് എൻ.ഡി.എ സഖ്യം വിട്ട ലോക്ശക്തി ജനതാ പാർട്ടി (എൽ.ജെ.പി) നേതാവ് രാംവിലാസ് പാസ്വാൻ അപ്പോൾ വേദിയിലുണ്ടായിരുന്നു. പാസ്വാനും രാഷ്ട്രീയ ജനതാദൾ നേതാവായ രാമകൃഷ്ണ യാദവും പേരുകേട്ട ദലിത് നേതാവും അംബേദ്കറിസ്റ്റുമായ ഉദിത് രാജുമെല്ലാം പിന്നീട് ബി.ജെ.പിയുടെ ഭാഗമായി. ഹിന്ദുയിസത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കടുത്ത വിമർശകനും ‘എന്തുകൊണ്ട് താനൊരു ഹിന്ദു അല്ല’ എന്ന കൃതിയുടെ കർത്താവുമായ കാഞ്ച ഇലയ്യ ഷെഫേർഡ് ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തിയ പിന്നാക്കക്കാരനെന്ന നിലയിൽ മോദിയെ അനുമോദിച്ചു.
കറുത്തവരുടെ അടിമത്തം നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണുമായി മോദിയെ താരതമ്യം ചെയ്തു. മോദി ദലിത്-ബഹുജൻ വിമോചനമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു. കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരിലൊരാളും ദലിതനുമായ ഡോ. എം. കുഞ്ഞാമൻ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ബ്രാഹ്മണമേധാവിത്വം തുടച്ചുനീക്കപ്പെട്ടതായി വിധിയെഴുതി.
ജാതിഘടനയുടെ ഇടത്തട്ടിൽനിന്ന് പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ മുന്നിൽനിർത്തി ഹിന്ദുത്വവാദികൾ നടത്തിയ സവർണ രാഷ്ട്രീയ മുന്നേറ്റമായിരുന്നു 2014ൽ കണ്ടത്. കോൺഗ്രസിനെ മാത്രമല്ല ഇടതുപക്ഷ രാഷ്ട്രീയത്തെയും എല്ലാ ബ്രാൻഡിലുള്ള കീഴാള രാഷ്ട്രീയത്തെയും തകർത്തുകൊണ്ടാണ് ബി.ജെ.പി വിജയം നേടിയത്. ഈ വിജയം കൂടുതൽ മികവോടെ 2019ൽ ആവർത്തിച്ചു. 18ാം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് 2021ൽ 12 പട്ടികജാതിക്കാരെയും എട്ട് പട്ടികവർഗക്കാരെയും മന്ത്രിമാരാക്കി. പ്രത്യക്ഷത്തിൽ മൂന്നിലൊന്നു പേർ മാത്രമാണ് സവർണരായി മന്ത്രിസഭയിലുള്ളത്.
എന്നാൽ, 90 ശതമാനം വരുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ള 48 മന്ത്രിമാരും 10 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള 29 ശതമാനം മന്ത്രിമാരും തമ്മിലുള്ള അന്തരം മൂടിവെക്കപ്പെട്ടു. 90 ശതമാനം വരുന്ന എസ്.സി, എസ്.ടി, ഒ.ബി.സി ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചല്ല, 10 ശതമാനം വരുന്ന സവർണ ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മന്ത്രിസഭ ചലിക്കുന്നതെന്ന യാഥാർഥ്യവും ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്ന യാദവ, ജാദവ പോലുള്ള മുന്തിയ പിന്നാക്ക, ദലിത് സമുദായങ്ങളെ ഒഴിവാക്കി അവരോടൊപ്പം ഇല്ലാത്തതും മുൻനിരയിലുള്ളതുമായ ഒ.ബി.സി, എസ്.സി, എസ്.ടി സമുദായങ്ങളിൽനിന്നുള്ളവരാണ് മന്ത്രിമാർ.
സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവരുടെയും വികാസം, എല്ലാവർക്കുമൊപ്പം) എന്ന മുദ്രാവാക്യം സാമൂഹിക സാമ്പത്തിക ഘടനയിലെ അസമത്വങ്ങളെ സംബോധന ചെയ്യുന്നതായിരുന്നില്ല എന്നുമാത്രമല്ല, രാഷ്ട്രീയ ജനാധിപത്യത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യുന്നതും ഭരണഘടന അയിത്തജാതിക്കാർക്ക് വാഗ്ദാനം നൽകുന്ന പരിരക്ഷകൾ ഇല്ലാതാക്കുന്നതുമായിരുന്നു. പരിഹാസ്യമായൊരു കാര്യം വർണജാതി വ്യവസ്ഥക്കെതിരായ പോരാട്ടമുഖത്തുനിന്ന് ഹിന്ദു സമുദായം ഒരു മിത്താണെന്നും ഹിന്ദു സംഗമം അസാധ്യമാണെന്നും ഹിന്ദുക്കൾക്കൊരു രാഷ്ട്രമാകാൻ കഴിയില്ലെന്നും പറഞ്ഞ അംബേദ്കറെ ഹിന്ദുത്വവുമായി ബന്ധിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമമാണ്.
ഒരിക്കൽ കള്ളദൈവമെന്നും അസുരനെന്നും ഹിന്ദുക്കളുടെ അന്തകനെന്നുമെല്ലാം അംബേദ്കറെ ആക്ഷേപിച്ചവർ അദ്ദേഹത്തിന്റെ ജന്മദിനമാഘോഷിക്കാൻ തുടങ്ങി. അംബേദ്കറുടെ സഞ്ചാരവഴിയിൽ മുംബൈയിലും ഡൽഹിയിലും ലണ്ടനിലുമെല്ലാം സ്മാരകങ്ങൾ പണിതു. പ്രധാനമന്ത്രിതന്നെ അംബേദ്കറുടെ ജന്മസ്ഥലത്തേക്ക് തീർഥയാത്ര നടത്തി. ദലിതരുടെ പ്രീതിക്കുവേണ്ടി തങ്ങൾക്കുമുമ്പ് രാജ്യം ഭരിച്ചവർ എന്തുകൊണ്ടാണ് അംബേദ്കറെ വിസ്മരിച്ചത് എന്ന പ്രശ്നമുന്നയിച്ചു. ആർ.എസ്.എസിന്റെ ആദ്യകാല നേതാക്കളായ കെ.ബി. ഹെഡ്ഗേവാറും എം.എസ്. ഗോൾവാൾക്കറുമായി അംബേദ്കർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ആർ.എസ്.എസിന്റെ ക്യാമ്പുകൾ സന്ദർശിച്ച അംബേദ്കർ ശാഖാപ്രവർത്തകർക്കിടയിൽ കണ്ട സമത്വത്തിൽ സന്തുഷ്ടനായിരുന്നുവെന്നുമുള്ള കത്തുകഥകൾ പ്രചരിപ്പിച്ചു.
എന്നാൽ, അംബേദ്കർ അവസാനകാലത്ത് രൂപവത്കരിച്ച ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ മാനിഫെസ്റ്റോയിൽ 1951ൽ എഴുതിയത് ‘ഹിന്ദു മഹാസഭയും ആർ.എസ്.എസും പോലുള്ള പിന്തിരിപ്പൻ സംഘടനകളുമായി ഒരു ബന്ധവുമില്ല’ എന്നാണ്. മതവിമർശകനായൊരു ആത്മീയവാദിയെന്ന നിലയിൽ അംബേദ്കർ എങ്ങനെയാണ് ഹിന്ദുമതത്തെ നോക്കിക്കണ്ടത് എന്നതിന്റെ നേർരേഖയാണ് ‘കോൺഗ്രസും ഗാന്ധിയും അസ്പൃശ്യർക്കുവേണ്ടി എന്തു ചെയ്തു’വെന്ന ദീർഘമായ പ്രബന്ധം.
‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ എന്ന കൃതിയിൽ മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്കാരം അസാധ്യമാക്കുന്ന ഹിന്ദുധർമ ശാസ്ത്രങ്ങളെയും പ്രമാണങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. തന്നെ ഹിന്ദുമതത്തിന്റെ ഭാഗമായി വ്യാഖ്യാനിച്ച് അപമാനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടിട്ടെന്നവണ്ണം ജീവിതാവസാനം മറ്റൊരു മതത്തിലേക്ക് വിശ്വാസംമാറ്റി.
അംബേദ്കറുടെ ജീവിതം അടയാളപ്പെടുത്തപ്പെട്ടത് വർണജാതി വ്യവസ്ഥക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലും ജനാധിപത്യ വ്യവസ്ഥയുടെ നിർമിതിയെക്കുറിച്ചുള്ള ആലോചനകളിലുണ്ടായിരുന്നു. എന്നാൽ, ഹിന്ദുത്വവാദികൾ ആലോചിക്കുന്നത് അംബേദ്കറെ കൂടെ നിർത്തി എങ്ങനെ വർണജാതി വ്യവസ്ഥക്കെതിരായ ദലിതരുടെ പോരാട്ടങ്ങളെ തടയാമെന്നും ജനാധിപത്യ ഇന്ത്യയെ എങ്ങനെ മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റാമെന്നുമാണ്.
മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ തങ്ങളുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയെയും മദൻ ലാൽ ഖുറാനയെപ്പോലുള്ള ചില പാർട്ടി നേതാക്കളെയും 1990ൽ ബി.ജെ.പി നേതൃത്വം തള്ളിപ്പറഞ്ഞു. തങ്ങളുടെ പിന്തുണയുള്ള വി.പി. സിങ് ഗവൺമെന്റാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത് എന്നതുകൊണ്ടല്ല, ജാതിഘടനക്കുള്ളിൽ സവർണ-അവർണ ധ്രുവീകരണം ശക്തമാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ബി.ജെ.പി അധ്യക്ഷനായ എൽ.കെ. അദ്വാനി ഈ സമയത്ത് പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിയും മണ്ഡൽ റിപ്പോർട്ടിന് എതിരല്ലെന്നും ഇതുവരെ നീതി നിഷേധിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും എന്നാൽ, ആരുമായും ചർച്ചചെയ്യാതെയും വളരെ തിടുക്കത്തിലുമാണ് 27 ശതമാനം സംവരണം പിന്നാക്കക്കാർക്ക് നൽകാൻ തീരുമാനിച്ചതെന്നും അത് യുവാക്കളുടെ മനസ്സിൽ അവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുണ്ടാക്കിയിട്ടുണ്ട് എന്നുമാണ്.
ഏതു യുവാക്കളുടെ ഉത്കണ്ഠയെക്കുറിച്ചാണ് അദ്വാനി പറയുന്നതെന്ന് വ്യക്തമായിരുന്നു. ‘ഇതൊരു ന്യൂനപക്ഷ ഗവൺമെന്റാ’ണെന്ന് അദ്ദേഹം സർക്കാറിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കോൺഗ്രസ് ഭരണാധികാരികൾ 10 കൊല്ലം പൂഴ്ത്തിവെച്ച മണ്ഡൽ റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ചവരുടെ കൂട്ടത്തിൽ ബി.ജെ.പിയുമുണ്ടായിരുന്നു. സാമൂഹിക നീതിയെന്ന ഭരണഘടനമൂല്യത്തോടുള്ള വിയോജിപ്പ് മാത്രമല്ല, റിപ്പോർട്ട് ജാതിഘടനക്കുള്ളിൽ ഉണ്ടാക്കാൻ പോകുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള ഭീതിയും അതിന്റെ കാരണമായിരുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളെപ്പോലെ ബി.ജെ.പിയും ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചത് സാമ്പത്തിക സംവരണം ഉയർത്തിപ്പിടിച്ചാണ്.
അതോടൊപ്പം, ആജന്മശത്രുവായ മുസ്‍ലിംകളെ പ്രതിസ്ഥാപിച്ച് രഥയാത്ര നടത്തിയും വർഗീയകലാപങ്ങൾ സൃഷ്ടിച്ചും ബാബരി മസ്ജിദ് തകർത്തുമാണ് അവർ മണ്ഡൽ രാഷ്ട്രീയത്തെ നേരിട്ടത്. അതിനായവർ ആയിരം കൊല്ലമായി ഇന്ത്യ മുസ്‍ലിം ആധിപത്യത്തിന് കീഴിലാണെന്ന കള്ളക്കഥ ഹിന്ദു ഭൂരിപക്ഷത്തിന്റെ മേൽ അടിച്ചേൽപിച്ചു. രാമജന്മഭൂമി പിടിച്ചെടുക്കുകയെന്നത് വേർതിരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് ജാതികളുടെ സാമുദായികമായൊരു ആവശ്യമാണെന്ന് ബോധ്യപ്പെടുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി ആർ.എസ്.എസ് ചുമതലപ്പെടുത്തിയിരുന്നത് പിന്നാക്കക്കാരനായ കല്യാൺ സിങ്ങിനെയായിരുന്നു.
ബ്രാഹ്മണർ മാത്രം മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമാകുന്ന പാരമ്പര്യം വേണ്ടെന്നുവെക്കുവാൻ ജാതിഹിന്ദുക്കൾ നിർബന്ധിക്കപ്പെട്ടുവെന്നത് 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ച ഇന്ത്യയുടെ പ്രത്യേകതയായിരുന്നു. അയിത്താചാരം വേണ്ടെന്നുവെക്കാൻ നിർബന്ധിക്കപ്പെട്ടതുപോലെ നരേന്ദ്ര മോദിയെയും കല്യാൺ സിങ്ങിനെയും ഉമാഭാരതിയെയും ശിവരാജ് സിങ് ചൗഹാനെയും പോലുള്ള പിന്നാക്കക്കാരായ ബി.ജെ.പി നേതാക്കളെ ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരാക്കിയും യു.പിയിൽ ദലിത് മുഖ്യമന്ത്രിയായ മായാവതിയെ പിന്തുണച്ചും ബിഹാറിൽ പിന്നാക്ക മുഖ്യമന്ത്രിയായ നിതീഷ് കുമാറിനോടൊപ്പം സംസ്ഥാനഭരണത്തിൽ പങ്കാളിയായുമാണ് ആർ.എസ്.എസ് പിന്നാക്കക്കാരിലേക്കും അതി പിന്നാക്കക്കാരിലേക്കും ദലിതരിലേക്കും കടന്നുചെല്ലുകയും വടക്കേ ഇന്ത്യയിൽ തങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ അടിത്തറ ശക്തമാക്കുകയും ചെയ്തത്.
ഈ അടിത്തറയിൽനിന്നാണ് ആർ.എസ്.എസ് പിന്നാക്കക്കാരനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയായി കണ്ടെത്തിയത്. സവർണർക്കുവേണ്ടി സവർണർ ഭരിക്കുന്ന ഇന്ത്യ, സവർണർക്കുവേണ്ടി അവർണർ ഭരിക്കുന്ന ഇന്ത്യയായി മാറി. ഭരണാധികാരി ആരാണെന്നതിലായിരുന്നില്ല, സനാതന ധർമത്തിന്റെ അഥവാ വർണജാതി വ്യവസ്ഥയുടെ സംരക്ഷണത്തിലായിരുന്നു ഉൗന്നൽ. ജാതിവിരുദ്ധ പോരാട്ടങ്ങളിൽനിന്ന് കീഴാളരെ വഴിതിരിച്ചുവിടുകയെന്നത് ബ്രാഹ്മണ്യത്തിന്റെ അതിജീവന തന്ത്രമാണ്.
സവർണർക്ക് അവർണരെ അടക്കിനിർത്താൻ കഴിയാത്ത കാലത്തെക്കുറിച്ച് നവബ്രാഹ്മണ്യത്തിന്റെ ആചാര്യനായ സ്വാമി വിവേകാനന്ദൻ 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഉത്കണ്ഠപ്പെടുന്നുണ്ട്. പരിഹാരമായി അദ്ദേഹം ജാതിഹിന്ദുക്കൾക്ക് നൽകിയ അതിജീവനമന്ത്രമാണ് ‘ചണ്ഡാലനെ ബ്രാഹ്മണനാക്കുക’യെന്നത്. കീഴ്ജാതികളിൽനിന്ന് പ്രതിഭാശാലികളായ വ്യക്തികളെ വർണജാതി വ്യവസ്ഥയുടെ സംരക്ഷകരായ ഭരണാധികാരികളാക്കിമാറ്റുകയെന്നാണ് അതിനർഥം. ജനാധിപത്യത്തിന്റെ സംരക്ഷണമോ വളർച്ചയോ ആയിരുന്നില്ല ആർ.എസ്.എസ് നരേന്ദ്ര മോദിയെ ഏൽപിച്ചതും നരേന്ദ്ര മോദി ഏറ്റെടുത്തതും. വർണജാതി വ്യവസ്ഥയുടെ സംരക്ഷണമായിരുന്നു.
എല്ലാം കേന്ദ്രീകരിക്കപ്പെടുന്നുവെന്നത് ഫാഷിസത്തിന്റെ മാത്രമല്ല, ജാതിവ്യവസ്ഥയുടെയും പ്രത്യേകതയാണ്. സമ്പത്ത്, അധികാരം, പദവി, തൊഴിൽ, വിജ്ഞാനം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെല്ലാം ജന്മംകൊണ്ടും പാരമ്പര്യംകൊണ്ടും സ്ഥിരീകരിക്കപ്പെട്ടൊരു സാമൂഹിക സംവിധാനമാണത്. അതിന്റെ അസ്ഥിരീകരണത്തെ ആശ്രയിച്ചാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിലനിൽക്കുന്നത്.
മുംബൈയിൽ നടന്ന മാരിടൈം ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് 2023 ഒക്ടോബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ‘‘ലോകം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യൻ സമ്പദ്ഘടന കരുത്താർജിക്കുകയാണെന്നും ആഗോളതലത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ദിവസം അധികം ദൂരെയല്ല’’ എന്നുമാണ്.
ഇത്തരമൊരു പ്രതീക്ഷ ജനങ്ങൾക്ക് നൽകുമ്പോൾ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിന് ഇന്ത്യക്ക് മത്സരിക്കേണ്ടിവരുന്ന ജപ്പാന്റെ ആളോഹരി വരുമാനം 34,000 ഡോളറും ഇന്ത്യയുടേത് കേവലം 2400 ഡോളറും മാത്രമാണെന്ന കാര്യവും 2022ലെ സാമ്പത്തിക മുന്നേറ്റത്തിൽ കണക്കെടുപ്പിൽ 194 ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 149 ആയിരുന്നുവെന്ന കാര്യവും പ്രധാനമന്ത്രി മറച്ചുവെച്ചു.
ഒരു മാസത്തിനുശേഷം ഛത്തിസ്ഗഢ്, നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞത് ‘‘വിശക്കുന്ന വയറുമായി അന്തിയുറങ്ങാതിരിക്കാൻ വേണ്ടി ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി അർഹരായവർക്ക് അഞ്ച് കിലോ അരി 2028 വരെ സൗജന്യമായി നൽകുമെന്നാണ്. ഈ സൗജന്യം പിൻവലിക്കപ്പെട്ടാൽ ഇന്ത്യ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും വഴുതിപ്പോകുമെന്നത് ഭീതിജനകമായൊരു യാഥാർഥ്യമാണ്.
എട്ടുകൊല്ലത്തെ മോദിഭരണം വിശക്കുന്ന മനുഷ്യരോട് എങ്ങനെയാണ് പെരുമാറിയത് എന്നതിന്റെ നേർസാക്ഷ്യമായിരുന്നു 2022ലെ ആഗോള പട്ടിണി സൂചികയിലെ (Global hungry Index) ഇന്ത്യയുടെ സ്ഥാനം. 121 രാജ്യങ്ങളിൽ 107ാമത്തെ രാജ്യമായിരുന്നു ഇന്ത്യ. പട്ടിണിയുടെ കാര്യത്തിൽ തെക്കെ ഏഷ്യയിലെ മറ്റെല്ലാ രാജ്യങ്ങൾക്കും മുന്നിലായിരുന്നു ഇന്ത്യ. പാകിസ്താൻ 99, ബംഗ്ലാദേശ് 84, നേപ്പാൾ 81, ശ്രീലങ്ക 64 എന്നിങ്ങനെ. ആഭ്യന്തര കലാപങ്ങൾകൊണ്ട് തകർന്ന അഫ്ഗാനിസ്താൻ 109, സാംബിയ 108, സുഡാൻ 106, ഇത്യോപ്യ 104, നൈജീരിയ 103 തുടങ്ങിയ രാജ്യങ്ങളോടൊപ്പമായിരുന്നു ഇന്ത്യ.
പ്രധാനമന്ത്രി വരച്ച ഇന്ത്യയുടെ ചിത്രത്തിൽ ഒരുഭാഗത്ത് സമ്പന്നതയും മറുഭാഗത്ത് ദാരിദ്ര്യവുമാണ്. ദരിദ്രരില്ലാത്ത ഒരു ലോകത്തല്ല നമ്മൾ ജീവിക്കുന്നത്. എന്നാൽ, ലോകത്തെ ദരിദ്രരിൽ 20 ശതമാനത്തെയും പേറുന്ന ഒരു രാജ്യമെന്ന ദുഷ്പേര് ഇന്ത്യക്ക് മാത്രം സ്വന്തമാണ്. ജനസംഖ്യയിൽ ഒട്ടും വ്യത്യാസമില്ലാതിരുന്നിട്ടും ഇന്ത്യക്കു പിന്നാലെ സ്വാതന്ത്ര്യം നേടിയ അയൽരാജ്യമായ ചൈനയിൽനിന്ന് 2021 ഫെബ്രുവരിയിൽ കേട്ടൊരു വാർത്ത 40 വർഷംകൊണ്ട് 77 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചുവെന്നാണ്.
2030ഓടെ ലോക ദാരിദ്ര്യ നിർമാർജനം എന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിലേക്ക് തങ്ങൾ പത്തുകൊല്ലം മുമ്പേ എത്തിച്ചേർന്നെന്നുമുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ പ്രഖ്യാപനമാണ്. ഇത്തരമൊരു പ്രഖ്യാപനം ഇന്ത്യയിൽനിന്ന് കേൾക്കാൻ എത്ര പതിറ്റാണ്ടുകളാണ് കാത്തിരിക്കേണ്ടിവരുക! സ്വത്തവകാശം ജാതിഘടനയുടെ മുകൾത്തട്ടിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ദുരന്തമാണിത്. ഭരണക്രമമെന്തായാലും സ്വത്ത് പങ്കുവെക്കപ്പെടുന്നിടത്താണ് ദരിദ്രരുടെ തോത് കുറയുന്നതും ദാരിദ്ര്യം ഇല്ലാതാകുന്നതും.
സമ്പത്ത് വർധിപ്പിക്കുക എന്നതുപോലെത്തന്നെ അത് നീതിപൂർവം പങ്കുവെക്കുക എന്നതും പ്രധാനമാണ്. അതാണ് സാമ്പത്തികനീതി. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2017ലെ വാർഷിക യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടത് ഇന്ത്യൻ സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം സമ്പന്നരുടെ കൈകളിലാണെന്നാണ്.
70 ശതമാനത്തിന്റെ കൈയിലുള്ളതിന്റെ നാലിരട്ടിയാണിത്. കഴിഞ്ഞ 27 വർഷത്തിനിടയിൽ കോടിക്കണക്കിനാളുകളെ ഇന്ത്യ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയിട്ടുണ്ടെന്നും എന്നാൽ, വരുമാനത്തിലുണ്ടാകുന്ന കുതിപ്പിനോടൊപ്പം സാമ്പത്തിക അസമത്വവും തീവ്രമാകുകയാണെന്നുമാണ് 2018 സെപ്റ്റംബറിലെ യു.എൻ വികസന പരിപാടി (UNDP) മനുഷ്യാവകാശ സൂചിക (HDI) ചൂണ്ടിക്കാണിക്കുന്നത്. 189 രാജ്യങ്ങളുള്ള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയിൽ സ്ഥാനം 130 ആണ്.
ലോകത്തിലെ അതിവേഗം വളരുന്ന ഒരു സമ്പദ്ഘടനയാണ് ഇന്ത്യയെങ്കിലും വളർച്ചയുടെ ഫലം മനുഷ്യവികസന സൂചികയിൽ കാണാനില്ലെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുംനടക്കുന്ന മനുഷ്യ വികസന പ്രവർത്തനങ്ങളെ വിലയിരുത്തുന്ന 2023 മാർച്ചിലെ യു.എൻ വികസന പരിപാടി റിപ്പോർട്ടിലും പറയുന്നുണ്ട്. അതിലുൾപ്പെട്ട 191 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ഇന്ത്യൻ സമ്പത്തിന്റെ 77 ശതമാനവും ഘടനയുടെ മുകളിലുള്ള 10 ശതമാനത്തിന്റെ കൈകളിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആരാണ് ഈ 10 ശതമാനം? അല്ലെങ്കിൽ ഇന്ത്യൻ സമ്പത്തിന്റെ പകുതിയും കൈയടക്കിവെച്ചിരിക്കുന്ന ഒരു ശതമാനം. ആരാണ് ഇന്ത്യയിലെ സമ്പന്നർ? ആരാണ് ദരിദ്രർ? ഇന്ത്യൻ ഭരണാധികാരികൾക്കോ സാമ്പത്തിക രാഷ്ട്രീയ തത്ത്വചിന്തകർക്കോ താൽപര്യമില്ലാത്ത ചോദ്യങ്ങളാണിവ. ഏറിയാൽ കോർപറേറ്റ് മൂലധനത്തിന്റെ ശേഖരണത്തിലോ ക്രോണി ക്യാപിറ്റലിസത്തിലോ ഒതുങ്ങുന്നതാണ് അവരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും.
എന്നാൽ, പ്രധാനമന്ത്രി വരച്ച സമ്പന്നരുടെ ലോകം ജാതിഘടനയുടെ മുകൾത്തട്ടിന്റേതാണ്; സവർണരുടേതാണ്. ദരിദ്രരുടെ ലോകം അയിത്തജാതിക്കാരുടെയും അവർണരുടേതുമാണ്. സാമൂഹിക ഘടനയുടെ മുകൾത്തട്ടിലുള്ളവരുടെ വളർച്ചയാണ് സാമൂഹിക വളർച്ചയെന്നത് മൗലികമായൊരു ഹിന്ദുത്വ വീക്ഷണമാണ്.
ഹിന്ദുത്വവാദികൾ ദലിതരുടെയും ആദിവാസികളുടെയും വളർച്ചയെ കാണുന്നത് കെ.ആർ. നാരായണനെയും രാം നാഥ് കോവിന്ദിനെയും ദ്രൗപതി മുർമുവിനെയും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെയും പോലെ ചിലർ തങ്ങളുടെ വളർച്ചയുടെ ഭാഗമായി മാറുന്നതിലാണ്. മറ്റുള്ളവർക്കുനേരെ അവർ കണ്ണടക്കുന്നു. ഇതിലൂടെ ജാതിഘടനക്കുള്ളിൽ നിലനിൽക്കുന്ന സാമൂഹികമായ അസമത്വത്തിന്റെ വിവർത്തനമാണ് സാമ്പത്തികമായ അസമത്വവും ദാരിദ്ര്യവും എന്ന യാഥാർഥ്യത്തെ അവർ മൂടിവെക്കുന്നു.
സാമൂഹിക സമത്വമെന്ന ആശയം ഭരണഘടനാപരമായി നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നവർ ഈ ആശയത്തിന് മാത്രമല്ല; സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നീ ആശയങ്ങൾക്കും എതിരാണ്. സമത്വത്തിന് (equality) പകരം അവർ മുന്നോട്ടുവെക്കുന്ന ആശയമാണ് സാമൂഹിക ഐക്യം (harmony). നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിക്കുന്നതിന് വളരെ മുമ്പുതന്നെ, 1983ൽ സാമൂഹിക ഐക്യം എന്ന ആശയം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ ഹാർമണി മഞ്ച് എന്നൊരു സംഘടന ആർ.എസ്.എസ് രൂപവത്കരിച്ചിരുന്നു.
സാമൂഹികനീതിക്കും തുല്യതക്കും വേണ്ടിയുള്ള എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ പോരാട്ടങ്ങളെ തടയുകയും ജാതി ഐക്യം വളർത്തുകയും കാസ്റ്റ് ഹയറാർക്കി നിലനിർത്തുകയുമായിരുന്നു അതിന്റെ ലക്ഷ്യം. അംബേദ്കർ ചൂണ്ടിക്കാണിച്ചപോലെ ‘ഹിന്ദുക്കളെ പരിചാരകരെപ്പോലെ പരിസേവിക്കാനും അവരുടെ ആർഭാടങ്ങളും ആഘോഷങ്ങളും നിലനിർത്താനും ഒരു യജമാനവർഗത്തിന് ചേർന്ന അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും വികാരം വിളയിക്കാനും ആവശ്യമായ കീഴാളവർഗത്തിന്റെ സാന്നിധ്യം’ അതാണ് സോഷ്യൽ ഹാർമണി മഞ്ച്.
ഉത്തർപ്രദേശുകാരനും ദലിതനും മുൻ ബി.ജെ.പി എം.എൽ.എയും എഴുത്തുകാരനുമായ വിജയ് സോങ്കർ ശാസ്ത്രി പറയുന്നത് ഇക്വാലിറ്റി എന്ന ആശയം വൈദേശികമാണെന്നും അത് രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങൾക്കും സംസ്കാരത്തിനും എതിരാണെന്നും ഹിന്ദുസമുദായത്തിനുള്ളിൽ ശത്രുത വളർത്തുന്നതാണെന്നുമാണ്. വേദകാലത്ത് ഇന്ത്യയിൽ അയിത്തമില്ലായിരുന്നുവെന്നും മുസ്‍ലിം അധിനിവേശമാണ് അയിത്തത്തിന് കാരണമെന്നുമുള്ള ആർ.എസ്.എസിന്റെ കള്ളക്കഥ സോങ്കർ ഏറ്റുപറയുന്നു.
ദലിത് എന്ന പദം അപമാനമായി കാണുന്ന സോങ്കർ മുസ്‍ലിം ആക്രമണത്തിന് ഇരയാകേണ്ടിവന്ന യു.പിയിലെ ബ്രാഹ്മണരാണ് അയിത്തജാതിക്കാരായ ഖാടിക്സുകളെന്നും ക്ഷത്രിയരാണ് വാല്മീകികളും ചാർവാകരുമെന്നും അഭിമാനിക്കുന്നു. രണ്ടായിരം വർഷത്തെ അടിമത്തത്തിനെതിരെ ദലിതർ നടത്തുന്ന പോരാട്ടങ്ങളെ സാമൂഹികൈക്യത്തിന്റെ പേരിൽ നിശ്ശബ്ദമാക്കാനും മുസ്‍ലിംകൾക്കെതിരെ തിരിച്ചുവിടാനുമാണ് സോങ്കർ ശ്രമിക്കുന്നത്.
‘ആയിരം വർഷമായി നിലനിൽക്കുന്ന അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളിൽനിന്നും ഹിന്ദുക്കൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കണ’മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ലക്ഷ്യം ഇതുതന്നെയാണ്. ദലിതരും ആദിവാസികളും എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ജാതിഹിന്ദുക്കൾ ഒരിക്കലും അംഗീകരിക്കുന്നില്ല.
പൊതുവായൊരു മതത്തിനുള്ളിലാണ് ദലിതരും ആദിവാസികളും ഇന്ന് നിലനിൽക്കുന്നത് എന്നത് ആ മതത്തിനുള്ളിൽ സമൂഹൈക്യം നിലനിൽക്കുന്നുവെന്നതിന്റെ തെളിവല്ല. ഹിന്ദുവായി ജീവിക്കുകയെന്നതിനർഥം മറ്റൊരു ജാതിയോടും കൂടിക്കലരാതെ, മറ്റെല്ലാ ജാതികളിൽനിന്നും വേർതിരിഞ്ഞ് നിൽക്കുക എന്നുതന്നെയാണ്. ജാതിവ്യവസ്ഥയുടെയും അയിത്തത്തിന്റെയും തത്ത്വങ്ങളാണ് ഓരോ ഹിന്ദുവും പെരുമാറ്റത്തിനായി ഇന്നും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.
ദലിതരുടെയും പിന്നാക്കക്കാരുടെയും ദശകമെന്ന ഒാമനപ്പേരിൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ സമത്വത്തിന്റെ ശത്രുവാണ് ഹിന്ദുയിസമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹിന്ദുക്കളുടെ ആത്മവിശ്വാസവും മനോവീര്യവും മുമ്പെങ്ങുമില്ലാത്തവണ്ണം വർധിക്കുന്നതാണ് ഇക്കാലത്ത് കണ്ടത്.
അയിത്തോച്ചാടനംകൊണ്ടും ഈക്വാലിറ്റികൊണ്ടും നഷ്ടപ്പെട്ടുവെന്ന് കരുതുന്ന പലതും തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള തീവ്രശ്രമത്തിലായി ജാതിഹിന്ദുക്കൾ. ജാതി മനുഷ്യരെ വിഭാഗീകരിക്കുക മാത്രമല്ല, വെറുപ്പും വിദ്വേഷവും നിന്ദയും മാത്സര്യവും വൈര്യവും അസഹിഷ്ണുതയുമുള്ളവരാക്കിമാറ്റുകയും അക്രമങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന ഒരു വിശ്വാസമാണ്. ഭ്രാന്തമായ ജാതിവിശ്വാസം ഭ്രാന്തമായ അക്രമങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നു.
അവിടെ രക്തബന്ധങ്ങൾക്കുപോലും വിലയില്ല. നാഷനൽ ക്രൈം റെേക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2009-2018 കാലത്ത് ദലിതർക്കും ആദിവാസികൾക്കുമെതിരായ അക്രമങ്ങളിൽ ആറു ശതമാനം വർധനയാണ് ഉണ്ടായത്. മൻമോഹൻ സിങ് സർക്കാറിന്റെ കാലത്തേത് ഉൾപ്പെടെയാണ് ഈ വർധനയെങ്കിലും മോദി ഭരണകാലത്ത് അക്രമങ്ങളുടെ തോത് കുറയുകയല്ല, കൂടുകയാണ് ചെയ്തത്.
NCRB 2020 ഒക്ടോബറിൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ കണ്ട ഞെട്ടിക്കുന്നൊരു കാര്യം 2019ൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമം 75 ശതമാനവും പട്ടികവർഗക്കാർക്കെതിരായ ആക്രമണം 26 ശതമാനവും വർധിച്ചുവെന്നതാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ് ആയിരുന്നു ആക്രമണങ്ങളുടെ മുന്നിൽ. തൊട്ടടുത്ത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ. പിന്നെ, ബി.ജെ.പി-ജെ.ഡി.യു സഖ്യം ഭരിക്കുന്ന ബിഹാർ. അങ്ങനെ നീണ്ടുപോകുന്നു അക്രമങ്ങളുടെ പരമ്പര.
മോദി ഭരണകാലത്തെ ജാതിഹിന്ദുക്കൾ അതിരുകളില്ലാതെ ആഘോഷിക്കുകയായിരുന്നു. അതിനിടയിൽ സംവരണീയർക്കിടയിൽനിന്നോ ജനാധിപത്യ പൊതുമണ്ഡലത്തിൽനിന്നോ ഒരപശബ്ദത്തിനുപോലും അവസരമില്ലാതെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ട് മോദി സർക്കാർ ജാതിസംഘടനയെ ദൃഢപ്പെടുത്തി, സവർണ മേൽക്കോയ്മ ഉറപ്പാക്കി.
ബി.ജെ.പി ഭരണം ജാതി ഹിന്ദുക്കളിലെ അക്രമവാസനക്ക് ആക്കംകൂട്ടി. ഒരു പരിഷ്കൃത സമൂഹത്തിന് താങ്ങാനാവാത്ത മാനം അത് കൈവരിച്ചു. ഈ വരികൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ മഹാത്മ ഗാന്ധിയുടെയും സർദാർ വല്ലഭ് ഭായി പട്ടേലിന്റെയും നരേന്ദ്ര മോദിയുടെയും ഗുജറാത്തിലെ അഹ്മദാബാദിൽനിന്ന് 2023 നവംബർ 28ന് വന്നൊരു വാർത്ത എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ച് തങ്ങൾക്കെതിരെ നൽകിയ കേസ് പിൻവലിക്കാൻ മകനോട് ആവശ്യപ്പെടണമെന്ന പ്രതികളുടെ നിർബന്ധം നിരസിച്ച 45 വയസ്സുകാരിയായൊരു ദലിത് സ്ത്രീയെ സവർണ ഹിന്ദുക്കൾ വെട്ടിക്കൊന്നതിന്റേതാണ്.
തൊട്ടടുത്ത ദിവസം അഹ്മദാബാദിൽനിന്നുതന്നെ വന്ന മറ്റൊരു വാർത്ത ടൈൽ കമ്പനി ഉടമയായൊരു സവർണ സ്ത്രീയും കൂട്ടാളികളും കൂലി ചോദിച്ച ദലിത് യുവാവിനെ ക്രൂരമായി മർദിക്കുകയും അവരുടെ ചെരിപ്പ് വായകൊണ്ട് എടുപ്പിക്കുകയും ചെയ്യുന്നതിന്റേതാണ്. ജൂൺ ആദ്യവാരത്തിൽ മഹിസാഗർ ജില്ലയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറായൊരു ദലിത് യുവാവിനെ ഹോട്ടൽ ഉടമയും മാനേജരും ജാതി വിളിച്ച് ആക്ഷേപിക്കുകയും തല്ലിക്കൊല്ലുകയും ചെയ്തു.
ഈ മാസംതന്നെ ബനസ്കന്ധ ജില്ലയിലെ പാലൻപുരിൽ കൂളിങ് ഗ്ലാസ് വെച്ചതിനും ഫാഷൻ വസ്ത്രം ധരിച്ചതിനും രജപുത്രർ ഒരു ദലിത് യുവാവിനെ അക്രമിച്ചതിനും മീശ വളർത്തിയതിനും കാലിന്മേൽ കാൽ കയറ്റിവെച്ചതിനും എതിരഭിപ്രായം പറഞ്ഞതിനുമെല്ലാം ദലിതർ അക്രമിക്കപ്പെട്ടു. ഇത് ഗുജറാത്തിന്റെ മാത്രം പ്രത്യേകതയല്ല. ദലിതർക്കും ആദിവാസികൾക്കുമെതിരെ ജാതിഹിന്ദുക്കൾ രാജ്യത്തെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളിലെ ഗുജറാത്തിന്റെ സംഭാവനയാണ്.
ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ ഒരു ഗ്രാമക്ഷേത്രത്തിലെത്തിയ ബൈസനോർ സ്വദേശിയായൊരു ദലിത് യുവാവിനെ 2023 ജനുവരി 14ന് ജാതിഹിന്ദുക്കൾ കെട്ടിയിട്ട് രാത്രി മുഴുവൻ തീക്കൊള്ളികൊണ്ട് വരഞ്ഞു. തുടർന്നുള്ള മാസങ്ങളിൽ സവർണജാതിക്കാർ രാജ്യത്തെമ്പാടും ദലിതർക്കും ആദിവാസികൾക്കുമെതിരെ നടത്തിയ ആക്രമണങ്ങളുടെ ഒരു പാറ്റേൺ നോക്കൂ: അപൂർവമായി മാത്രം ഏതെങ്കിലും മാധ്യമങ്ങളുടെ ഒഴിഞ്ഞ മൂലകളിൽ പ്രത്യക്ഷപ്പെടുകയും സവർണർ മാത്രമല്ല അവർണരും അശ്രദ്ധമായി നോക്കിക്കാണുകയും ചെയ്യുന്ന വാർത്തകളിൽ ചിലത്.
ഉത്തർപ്രദേശിലെ മുസഫർ നഗർ ജില്ലയിൽ 200 രൂപയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ മേൽജാതിക്കാർ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ നാലുപേരിൽ 35കാരനായ സജ്ജീവ് വാല്മീകി തൽക്ഷണം മരിച്ചു. സോൻബത്ര ജില്ലയിൽ ദലിത് യുവാവിനെക്കൊണ്ട് ചെരിപ്പ് നക്കിപ്പിച്ചു. ഉന്നാവിൽ 11 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തവർ ജാമ്യമെടുത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ച മാതാവിനെ മർദിക്കുകയും വീട് കത്തിക്കുകയും ചെയ്തു.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു. ഹൈദരാബാദിലെ കാകാലിയ മെഡിക്കൽ കോളജിൽ ആദിവാസിയായ ഒന്നാംവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥിനി സീനിയർ വിദ്യാർഥികളുടെ പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജൽജന ജില്ലയിൽ ടൂവീലർ മോഷ്ടിച്ചു എന്നാരോപിച്ച് 25 വയസ്സുകാരനായ ദലിത് യുവാവിനെ തല്ലിക്കൊന്നു. ഐ.ഐ.ടി മുംബൈയിൽ ദലിത് വിദ്യാർഥിയായ ദർശൻ സോളങ്കി ജാതിവിവേചനംമൂലം ഹോസ്റ്റലിന്റെ ഏഴാംനിലയിൽനിന്ന് ചാടി മരിച്ചു.
തമിഴ്നാട്ടിലെ പുതുക്കോട് ജില്ലയിൽ ദലിതരുടെ കുടിവെള്ള ടാങ്കിൽ മേൽജാതിക്കാർ മനുഷ്യവിസർജ്യം നിക്ഷേപിച്ചു. ബിഹാറിലെ പട്ന ജില്ലയിൽ പണമിടപാടുകാരനും മകനും കൂട്ടാളികളും പൈപ്പിൽനിന്ന് വെള്ളമെടുക്കുകയായിരുന്ന ദലിത് സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുമാറ്റി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. മണിപ്പൂരിൽ കുക്കിവംശജരായ രണ്ട് ട്രൈബൽ യുവതികളെ ആൾക്കൂട്ടം നഗ്നനകളായി നടത്തിയശേഷം ബലാത്സംഗം ചെയ്തു. ഗോത്രസമൂഹങ്ങളായ മെയ്തികളും കുക്കികളും തമ്മിൽ നീണ്ടുനിന്ന സംഘർഷത്തിൽ ഡസൻകണക്കിനാളുകൾ കൊലചെയ്യപ്പെട്ടപ്പോൾ ഭരണകൂടം നോക്കിനിന്നു.
പുതുച്ചേരിയിൽ ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന എൻ.ആർ.എസ് കോൺഗ്രസ് പ്രതിനിധി ചന്ദ്രപ്രിയങ്ക 2023 ഒക്ടോബറിൽ രാജിവെച്ചു. ദലിത് സ്ത്രീയായിരുന്നതിൽ അഭിമാനിച്ചിരുന്ന തനിക്ക് അതിന്റെ പേരിൽ ഇത്രയും വേർതിരിവ് അനുഭവിക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് അവർ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ എസ്.സി, എസ്.ടി വകുപ്പുമന്ത്രിയും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണൻ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽനിന്ന് തനിക്ക് അയിത്തം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി.
പിറന്നാൾദിനത്തിൽ രണ്ടു വയസ്സുകാരൻ ക്ഷേത്രത്തിൽ കയറി പ്രാർഥിച്ചതിന് കർണാടകയിലെ വിജയപുര ക്ഷേത്രഭാരവാഹികൾ കുട്ടിയുടെ മാതാപിതാക്കൾക്ക് ക്ഷേത്രം ശുദ്ധീകരിക്കുന്നതിനായി 23,000 രൂപ പിഴ ചുമത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വിസർജ്യം നേരിട്ട് വൃത്തിയാക്കുന്ന സമ്പ്രദായം രാജ്യത്തുനിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2023 ജൂലൈ ആറിന് രാജ്യത്ത് 258 ജില്ലകളിൽ ഇപ്പോഴും തോട്ടിപ്പണി നിലനിൽക്കുന്നുവെന്ന് വെളിപ്പെടുത്തി. മധ്യപ്രദേശിലെ ചത്തർപ്പർ ജില്ലയിൽ കുതിരപ്പുറത്ത് കയറി വിവാഹാഘോഷം നടത്തിയ ദലിതരെ മേൽജാതിക്കാർ ആക്രമിച്ചു.
അനപ്പർ ജില്ലയിൽ ആർ.എസ്.എസിന്റെ പോഷക സംഘടനയായ യുവ മോർച്ചയുടെ നേതാവ് ഒരു മുതിർന്ന ആദിവാസിയെ ചെരിപ്പൂരി അടിച്ചു. ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ മണ്ഡലത്തിലെ യുവമോർച്ച നേതാവായ പ്രവേശ് ശുക്ല ചവിട്ടുപടിയിലിരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും പുകവലി ആസ്വദിച്ചുകൊണ്ട് മൂത്രമൊഴിച്ചു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ജനരോഷമുയർന്നു.
ഒടുവിൽ ഈ അപരിഷ്കൃതത്വത്തിന് മാപ്പുപറയാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭോപാലിലെ ദശമത റാവത്തിന്റെ വീട്ടിലെത്തി. റാവത്തിനെ വന്ദിച്ച് ഉപഹാരം നൽകി. ഷാളണിയിച്ചു. മാലയിട്ടു. പൊട്ടുതൊട്ടു. കാൽ കഴുകി. കൃഷ്ണനും കുചേലനുമായി വേഷംകെട്ടി. എന്തൊരു ദുരവസ്ഥയാണിത്.
മുൻ വർഷങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ തുടർച്ചയായിരുന്നു 2023. കർണാടകത്തിലെ ബി.ജെ.പി മന്ത്രി വി. സോമണ്ണ 2022 ഒക്ടോബറിൽ ചാമരാജനഗർ ജില്ലയിൽ തന്റെ സങ്കടങ്ങൾ അറിയിക്കാനെത്തിയ ആദിവാസി സ്ത്രീയെ പരസ്യമായി ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. തന്റെ മക്കൾ ഈ മന്ത്രിയുടെ ചിത്രം വെച്ച് പൂജിക്കുന്നവരാണെന്നാണ് ആ സ്ത്രീ പറഞ്ഞത്. മിശ്രവിവാഹിതരായ ക്രിസ്ത്യൻ-മുസ്‍ലിം ദമ്പതികളുടെ മകളുടെ ദലിതനായ ഭർത്താവിനെ സഹോദരനും സംഘവും കേരളത്തിൽ കോട്ടയത്ത് കൊലപ്പെടുത്തി.
ദലിത് യുവാവിനെ വിവാഹം കഴിക്കാൻ ഉറച്ച മകളെ മലപ്പുറത്ത് അരീക്കോട് പിതാവ് കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ ഹൈദരാബാദിൽ ഇതരമതക്കാരിയെ പ്രണയവിവാഹം ചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കുത്തിക്കൊന്നു. കർണാടകത്തിലെ നഞ്ചൻകോട്ടിൽ ദലിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ ഉന്നതജാതിക്കാരിയായ മകളെ രക്ഷിതാക്കൾ കൊലപ്പെടുത്തി കൃഷിയിടത്തിൽ കുഴിച്ചുമൂടി.
രാജസ്ഥാനിൽ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത ദലിത് ഡോക്ടർ യുവതിയുടെ വീട്ടുകാരുടെ സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 48 വയസ്സുള്ള ദലിത് സ്ത്രീയെ അവരുടെ ഭൂമി കവർന്നെടുക്കാനുള്ള ശ്രമത്തെ തടഞ്ഞപ്പോൾ മേൽജാതിക്കാർ ചുട്ടുകൊന്നു.