ഹിന്ദുത്വ രാമൻ വാളെടുക്കുന്നത് എന്തിന്?
ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം ഉയരുന്നതും അതിെന്റ ഉദ്ഘാടനം ആഘോഷമായി മാറുന്നതും എന്തിന്റെ സൂചനയാണ്? ‘‘ക്ഷേത്രസ്ഥാപനത്തിലൂടെ രാമനെ ദേശീയ കുലദൈവമായി പ്രഖ്യാപിച്ചാൽ ഗുരുവിന്റെയും സഹോദരന്റെയും രാമവിമർശനങ്ങൾപോലും ഉദ്ധരിക്കാൻ കഴിയാത്ത സ്ഥിതി സംജാതമാവും. ജനായത്തവ്യവസ്ഥ ചാതുർവർണ്യത്തിന് വഴിമാറ്റപ്പെടും’’ –ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ ചില മുന്നറിയിപ്പുകൾ നൽകുന്നു.
‘‘കൊല്ലുന്നവനില്ല ശരണ്യത മറ്റെല്ലാവിധ നന്മയുമാർന്നിടിലും’’-നാരായണഗുരു
അയോധ്യയിൽ അരങ്ങേറുന്ന രാമക്ഷേത്ര ഉദ്ഘാടന മഹാമഹം ഇന്ത്യാചരിത്രത്തെ രണ്ടായി വെട്ടിപ്പിളർക്കുന്ന ഹിംസാ രാഷ്ട്രീയത്തെ സാധൂകരിക്കുന്ന ഒന്നായാണ് കലാശിക്കാൻ പോകുന്നത്. ഇന്ത്യ നേരിൽ കണ്ട ബാബരി മസ്ജിദിന്റെ തകർക്കൽ എന്ന കൊടിയ അനീതിയെയും അധാർമികതയെയുമാണ് ക്ഷേത്രസ്ഥാപനത്തിലൂടെ മറവിയിലേക്ക് തള്ളിയിടാൻ രാഷ്ട്രീയ ബ്രാഹ്മണ്യം ശ്രമിക്കുന്നത്.
ബാബരി മസ്ജിദിന്റെ ഉന്മൂലനം ആധുനിക ഇന്ത്യയിൽ സംഭവിച്ച കടുത്ത ഹിംസയായിരിക്കുമ്പോൾതന്നെ നാം തിരിച്ചറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ബ്രാഹ്മണ്യ ഹിംസാ രാഷ്ട്രീയം എക്കാലവും ഇന്ത്യയിൽ അധികാരവും ഭരണവും മേൽക്കോയ്മയും കൈയടക്കിക്കൊണ്ടിരുന്നത് ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ ദൈവസങ്കൽപങ്ങളെയും അവരുടെ ആരാധനാ കേന്ദ്രങ്ങളെയും ഉന്മൂലനംചെയ്താണെന്ന രാഷ്ട്രീയപാഠമാണ്.
ബ്രാഹ്മണ്യത്തിന്റെ അധിനിവേശ ക്ഷേത്രവത്കരണം
ഇന്ത്യൻ ചാതുർവർണ്യ അസമത്വ ജാതിവ്യവസ്ഥക്കെതിരെ പോരാടിയ ശ്രീബുദ്ധന്റെ സമരജീവിതത്തെ നിർമൂലനംചെയ്തും സ്വാംശീകരിച്ചുമാണ് ബ്രാഹ്മണ്യം ഇന്ത്യൻ സംസ്കാരത്തിൽ ആദ്യ പതാക നാട്ടിയത്. ബുദ്ധന്റെ വിപ്ലവവീര്യം ഇല്ലാതാക്കാൻ ബുദ്ധനെ വിഷ്ണുവിന്റെ അവതാരം മാത്രമാക്കി ബ്രാഹ്മണ്യം ചുരുക്കി. ഭാഗവതപുരാണത്തിൽ വിഷ്ണുവിന്റെ അവതാരമായ ബുദ്ധനെക്കുറിച്ചുള്ള വർണന കാണാം.
ബുദ്ധനെ മഹാവിഷ്ണുവിന്റെ അവതാരമൂർത്തിയായി മാറ്റിയതിലൂടെ ബുദ്ധൻ ബ്രാഹ്മണ്യത്താൽ വിഴുങ്ങപ്പെട്ടു. ബ്രാഹ്മണ്യത്തിന്റെ ഹിംസാത്മകമായ ഈ രാഷ്ട്രീയ സ്വാംശീകരണ പ്രക്രിയ ഇന്ത്യയിൽ തുടർന്നും അരങ്ങേറിക്കൊണ്ടിരുന്നു (മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അണികളെ ഏത് വിധത്തിലും കീഴടക്കി സ്വാംശീകരിക്കുന്ന ഹിന്ദുത്വ പാർട്ടിയുടെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ മൂലസ്രോതസ്സ് ബ്രാഹ്മണ്യമാണ്). പശുവിനെ മേച്ചുനടന്നിരുന്ന ഗോത്രവർഗങ്ങളുടെ ദൈവമായ ‘വിഠൽ’ പിന്നീട് വിഷ്ണുവായി മാറ്റപ്പെട്ടതിനെക്കുറിച്ച് ഡി.ഡി. കൊസാംബി എഴുതുന്നുണ്ട്.
തമിഴകത്തെ ദ്രാവിഡ മൂർത്തിയായ മുരുകനെ സ്കന്ദനെന്ന ആര്യമൂർത്തിയായി ബ്രാഹ്മണ്യം രൂപാന്തരപ്പെടുത്തി. അതിനുമുമ്പ് തന്നെ ചണ്ഡാളനായ ശിവനെ (ശിവന്റെ ചണ്ഡാളത്വത്തെപ്പറ്റി ഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങൾ വാചാലമാവുന്നുണ്ട്) ബ്രാഹ്മണ ശിവനാക്കി മാറ്റിക്കഴിഞ്ഞിരുന്നു. വിന്ധ്യാ പർവത വാസികളായ ആദിമനിവാസികൾ ആരാധിച്ചിരുന്ന കാനനവാസിയായ അമ്മദൈവത്തെ ബ്രാഹ്മണ്യം ദുർഗയാക്കി സ്വാംശീകരിച്ചതിന്റെ തെളിവാണ് ദേവീമാഹാത്മ്യവും ദേവീപുരാണവും മാർക്കണ്ഡേയ പുരാണവുമെല്ലാം.
യോക്കോ യോക്കോച്ചിയുടെ ‘വിന്ധ്യാവാസിനി’യെ സംബന്ധിച്ച ഗവേഷണപ്രബന്ധം ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്നുണ്ട്. മഹാരാഷ്ട്രയിലെ തദ്ദേശീയ മൂർത്തിയായ ‘മൈസമ്മ’ ഇന്ന് ദുർഗയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. സ്കന്ദപുരാണത്തിലെ തിരുപ്പതി മാഹാത്മ്യത്തിൽ ചോളം കൃഷി ചെയ്തിരുന്ന ആദിമനിവാസികളുടെ ആരാധനാസ്ഥലിയായിരുന്നു തിരുപ്പതി എന്ന് വ്യക്തമാക്കുന്നുണ്ട്. അവർ പന്നിയെ തങ്ങളുടെ രക്ഷാമൂർത്തിയായി സ്വീകരിച്ചു. ബ്രാഹ്മണ്യം പന്നി എന്ന കുലദൈവത്തെ വരാഹമൂർത്തിയായി സ്വാംശീകരിച്ചു.
കാലക്രമത്തിൽ അവിടേക്ക് കടന്നുവന്ന ബ്രാഹ്മണർ ഈ സ്ഥലം അധിനിവേശിച്ച് ക്ഷേത്രം സ്ഥാപിച്ച് കൈയടക്കുകയുംചെയ്തു. ഇത് ചരിത്രമാണ്. സ്കന്ദപുരാണം ഈ ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്. കേരളത്തിലെ കാവുകളും കൊട്ടങ്ങളും പതികളും ബ്രാഹ്മണ്യ സ്വാംശീകരണത്തിന്റെ പാതയിലാണെന്നത് വർത്തമാന ഇന്ത്യൻ യാഥാർഥ്യമാണ്. സാംസ്കാരിക രാഷ്ട്രീയ ബ്രാഹ്മണ്യം അതിന്റെ ഉന്മൂലന സ്വാംശീകരണ സൈദ്ധാന്തിക പ്രയോഗം വിട്ടുവീഴ്ചയില്ലാതെ നടപ്പിൽ വരുത്തിയ ആധുനിക ചരിത്രസംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് ഉന്മൂലനം ഇന്ത്യ നേരിൽ കണ്ടു. വർത്തമാന ഇന്ത്യ സാക്ഷ്യംവഹിക്കാൻ പോകുന്നത് ഉന്മൂലനാനന്തരമുള്ള സ്വാംശീകരണ രാഷ്ട്രീയ പ്രക്രിയക്കാണ്.
അക്ഷതവിതരണം അതിന്റെ ആദ്യത്തെ രാഷ്ട്രീയ പ്രയോഗമാണ്. കൺമുന്നിൽ അരങ്ങേറിയ രാഷ്ട്രീയഹിംസയെ അക്ഷത വിതരണത്തിലൂടെ എല്ലാവരാലും അംഗീകരിപ്പിക്കുക എന്ന ബ്രാഹ്മണ്യ തന്ത്രമാണിത്. അമൃതാനന്ദമയി മുതൽ സിനിമാ കലാകാരന്മാർ വരെയുള്ളവരെ നേരിട്ട് കണ്ട് അക്ഷതം വിതരണം ചെയ്യുന്നതിലൂടെ രാമക്ഷേത്ര സ്ഥാപനത്തിന് രാഷ്ട്രീയ സാധൂകരണം തേടുകയാണ് ഹിന്ദുത്വശക്തികൾ. അക്ഷതമെന്നാൽ ക്ഷതമില്ലാത്തത്, നശിക്കാത്തത് എന്നാണർഥം. അരിയും നെല്ലും കൂട്ടിയുള്ള ഈ ദ്രവ്യംതന്നെ ഹിന്ദുത്വത്തിന് ഒരു രാഷ്ട്രീയ അടയാളമാണ്. ബാബരി മസ്ജിദ് ക്ഷതമാകേണ്ടതാണെന്നും അക്ഷതമായി അവിടെ തുടരേണ്ടത് ക്ഷേത്രം മാത്രമാണെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
രാമൻ ദേശീയ കുലദൈവമാകുമ്പോൾ
സെമിറ്റിക് സ്വഭാവത്തിൽ ‘ഹിന്ദുമതത്തെ’ (‘ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ’ എന്ന നാരായണ ഗുരുവിന്റെ വാക്യങ്ങൾ ഓർക്കുക) ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മറ്റെല്ലാ ദൈവസങ്കൽപങ്ങൾക്കും അതീതമായി രാമനെ ദേശീയ ദൈവമാക്കി മാറ്റുന്നത്. ആഗോള ‘ഹിന്ദുക്കളുടെ’ ദേശീയ തീർഥാടന കേന്ദ്രമായി അയോധ്യയെ ഹിന്ദുത്വം ഭാവന ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്തുകൊണ്ടാണ് അനേകം ദൈവങ്ങളുള്ളപ്പോൾ രാമനെതന്നെ രാഷ്ട്രീയബ്രാഹ്മണ്യം തിരഞ്ഞെടുക്കുന്നതെന്നും അന്വേഷിക്കേണ്ടതുണ്ട്.
രാമൻ മറ്റെല്ലാ ദൈവങ്ങളിൽനിന്നും വ്യതിരിക്തമായി ബ്രാഹ്മണ്യത്തിനായി പോരാടിയ ദൈവമാണെന്നതാണ് അതിന്റെ സവിശേഷത. താടകയെ വധിക്കുന്ന രാമൻ പശുവിന്റെയും ബ്രാഹ്മണന്റെയും ഇച്ഛാപൂർത്തിക്കായാണ് യത്നിക്കുന്നത് (‘‘ഗോബ്രാഹ്മണ ഹിതാർഥായ ജഹി ദുഷ്ട പരാക്രമാം’’, വാല്മീകി രാമായണം). രാക്ഷസന്മാരെ രാമൻ കൊന്നൊടുക്കുന്നത് മുഴുവൻ ബ്രാഹ്മണർക്കു വേണ്ടിയാണ്. ബ്രാഹ്മണർക്ക് യാഗംചെയ്യുന്നതിന് തടസ്സം വരാതിരിക്കാനാണ് രാമൻ രാക്ഷസന്മാരെ കൊന്നുകൂട്ടുന്നത്. നിഷാദനായതിനാലാണ് ഗുഹനിൽനിന്നും രാമൻ ഫലമൂലാദികൾ സ്വീകരിക്കാതിരുന്നത്.
ചാതുർവർണ്യത്തിന്റെ ധർമം പാലിക്കാനാണ് രാമൻ ഗുഹനിൽനിന്നും ഭക്ഷണം സ്വീകരിക്കാതിരുന്നതെന്ന് ഭരതൻ പറയുന്ന രംഗം വാല്മീകി രാമായണത്തിലുണ്ട്. ശൂദ്രനായ ശംബൂകനെ രാമൻ വെട്ടിവീഴ്ത്തിയത് വർണാശ്രമ ധർമം സംരക്ഷിക്കാനാണ്. ശൂദ്രനായ ശംബൂകന്റെ വധത്തിൽ ദേവതകൾ സന്തോഷിച്ചതായി വാല്മീകി രാമായണം ഉത്തരകാണ്ഡം വിവരിക്കുന്നു (ലേഖകന്റെ ‘ആരുടെ രാമൻ’ എന്ന ഗ്രന്ഥത്തിൽ രാമായണത്തിൽനിന്നും ശ്ലോകങ്ങൾ ഉദ്ധരിച്ച് ഇതെല്ലാം വിശദീകരിക്കുന്നുണ്ട്). ഇങ്ങനെ നോക്കിയാൽ ബ്രാഹ്മണ്യ സംരക്ഷണത്തിനായി ഇത്രമാത്രം പ്രയത്നിച്ച മറ്റൊരു ഇതിഹാസ കഥാപാത്രത്തെ കാണാനാവില്ല.
രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് സന്യസിക്കാൻ കഴിയുമായിരുന്നോ എന്നും ‘‘ഹിന്ദുക്കൾ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലയോ’’ എന്നും നാരായണ ഗുരു സ്വാമികൾ ചോദിക്കുന്നുണ്ട്. നാരായണ ഗുരു രാമപാരമ്പര്യത്തെ നിരസിക്കുകയായിരുന്നു എന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. ജോർജു രാജ്യത്തിന് പകരം (ബ്രിട്ടീഷ് ഭരണം) രാമരാജ്യം വന്നാൽ പണ്ഡിറ്റും മറ്റും ഈയമുരുക്കിയൊഴിക്കലും നാക്കറുക്കലും തുടരുമെന്ന് സഹോദരൻ അയ്യപ്പൻ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ കേരളസന്ദർശനത്തെ തുടർന്ന് എഴുതുകയുണ്ടായി. എല്ലാവരും രാമനാമം ജപിക്കണമെന്ന് മാളവ്യ ആവശ്യപ്പെട്ടപ്പോൾ ‘‘രാവണാ കീ ജയ്’’ വിളിച്ചുകൊണ്ടാണ് സഹോദരൻ അയ്യപ്പനും മറ്റും മാളവ്യക്ക് മറുപടി കൊടുത്തത്.
സാക്ഷാൽ ഗാന്ധിയോടും, ‘‘Your Srikrishna was a regular murderer’’ (നിങ്ങളുടെ കൃഷ്ണൻ ഒരു പരമ്പര കൊലയാളിയല്ലായിരുന്നോ) എന്ന് സഹോദരൻ ചോദിച്ചു. ഹിന്ദുത്വം രാമനെ ദേശീയ കുലദൈവമാക്കുമ്പോൾ നാരായണ ഗുരുസ്വാമികളുടെയും അദ്ദേഹത്തിന്റെ നേർശിഷ്യനായ സഹോദരൻ അയ്യപ്പന്റെയും നിശിതവിമർശനങ്ങൾ ചരിത്രത്തിൽ നീതിയുടെ ശോഭയാർന്ന വാക്യമായി തിടംെവക്കുകതന്നെ ചെയ്യും.
രാമരാജ്യം
രാമരാജ്യം എല്ലാവരുടേതുമാണെന്ന് ഗാന്ധിയെ മുൻനിർത്തി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, സമ്പൂർണമായി ബ്രാഹ്മണ്യത്തിനായി പ്രയത്നിച്ച ബ്രാഹ്മണ്യരാമനെ ഗാന്ധിസത്തിലൂടെ വിമോചനാത്മകമായി വീണ്ടെടുക്കാൻ കഴിയില്ല എന്നതാണ് ചരിത്രയാഥാർഥ്യം. ബ്രാഹ്മണ്യം സമ്പൂർണമായി രാമനെ സ്വാംശീകരിച്ച ഘട്ടത്തിൽ ബുദ്ധിസവും ജൈനിസവും രാമനെ കൈയൊഴിയുകയാണുണ്ടായത് എന്ന് സുവീര ജെയ് സ്വാൾ നിരീക്ഷിക്കുന്നുണ്ട്.
ബുദ്ധ-ജൈന പാരമ്പര്യങ്ങൾ കൈയൊഴിഞ്ഞ രാമനെ ഗാന്ധിയെ മുൻനിർത്തി വീണ്ടെടുക്കാനാവില്ലതന്നെ. ആത്യന്തികമായി ആ ശ്രമം ഹിന്ദുത്വത്തെ പരിപോഷിപ്പിക്കുക മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ നാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും നിലപാടുകളാണ് ചരിത്രപരമായി നീതിയുക്തമായിട്ടുള്ളത്.രാമരാജ്യം എപ്രകാരമാണെന്നതിന്റെ കൃത്യമായ വർണന വാല്മീകി രാമായണത്തിലുണ്ട്:
‘‘ക്ഷത്രം ബ്രഹ്മ മുഖം ചാസീദ് വൈശ്യാഃ ക്ഷത്ര മനുവ്രതാഃ/ ശൂദ്രാഃ സ്വകർമ നിരതാഃ സ്ത്രീൻ വർണാനുപചാരിണഃ (വാ. രാ. ബാലകാണ്ഡം, 6. 17). ക്ഷത്രിയർ ബ്രാഹ്മണരെയും വൈശ്യർ ക്ഷത്രിയരെയും അനുസരിച്ചു ജീവിക്കുന്ന, ശൂദ്രർ സ്വകർമം ചെയ്ത് മറ്റ് മൂന്നു വർണങ്ങളിൽ പെട്ടവരെയും ഉപചരിച്ചു ജീവിക്കുന്നതാണ് മാതൃകാ രാമരാജ്യത്തിന്റെ ലക്ഷണമായി വാല്മീകി രാമായണം അവതരിപ്പിക്കുന്നത്. ചുരുക്കത്തിൽ രാമരാജ്യം എന്നത് മനുഷ്യരെ ചാതുർവർണ്യനിഷ്ഠമായി ശ്രേണീകരിക്കുന്ന വ്യവസ്ഥയാണ്.
ഹിന്ദുത്വം ആത്യന്തികമായി സ്ഥാപിക്കാനാഗ്രഹിക്കുന്നത് ഈ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയാണ്. ഭാരതീയ ന്യായസംഹിതയിലൂടെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയെല്ലാം ഈ സങ്കൽപത്തെയാണ് ഹിന്ദുത്വം മുന്നോട്ടുവെക്കുന്നത്. ചിത്പാവൻ ബ്രാഹ്മണനായ ഗോപാൽ ഹരി ദേശ് മുഖ് 1849ൽ ഇങ്ങനെ എഴുതി: ‘‘ജനങ്ങളെ, എങ്ങനെയാണ് പണ്ട് യാദവർ ചത്തൊടുങ്ങിയത്? രാവണൻ തന്റെ ക്രോധത്തിൽനിന്ന് ആരെയെങ്കിലും ഒഴിവാക്കിയോ? എല്ലാ ദൈവങ്ങളും കൂട്ടിലടക്കപ്പെട്ടിരിക്കുന്നു! അതിനുശേഷം രാമൻ വാനരരുടെ സഹായത്തോടെ ലങ്ക വീണ്ടെടുത്തില്ലേ? വെള്ളത്തിന് മുകളിൽ കല്ലുകൾ ഒഴുകിയില്ലേ? അതുപോലെ ബ്രിട്ടീഷുകാർ ഒരിക്കൽ പോകാതിരിക്കില്ല.
മതം പുനഃസ്ഥാപിക്കപ്പെടും. ബ്രാഹ്മണർ സന്തുഷ്ടരാകും’’ (പി.എൻ. ഗോപീകൃഷ്ണൻ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, പുറം. 30). ഗോപാൽ ഹരിദേശ് മുഖിന്റെ ഈ പ്രസ്താവനയിൽ വർത്തമാന ഇന്ത്യ നേരിടുന്ന വിപത് സന്ധികളുടെ ഒച്ച കേൾക്കാം. മറ്റെല്ലാ ദൈവങ്ങൾക്കും മീതെ ഇവിടെ രാമൻ കടന്നുവരുന്നത് യാദൃച്ഛികമല്ല. രാമന്റെ സഹായത്തോടെ ലങ്ക വീണ്ടെടുത്തതുപോലെ മതം പുനഃസ്ഥാപിക്കപ്പെടും എന്നാണ് 1849ൽ ഒരു ചിത്പാവൻ ബ്രാഹ്മണൻ എഴുതിയത്. ഏത് മതമാണതെന്ന് വ്യക്തമാണ് –ബ്രാഹ്മണമതം. ഈ മതത്തിന്റെ സ്ഥാപനത്തിലൂടെ ബ്രാഹ്മണർ സന്തുഷ്ടരാകുമെന്നും ഗോപാൽ ഹരി ദേശ്മുഖ് എഴുതുന്നു.
നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഹിംസാ മേൽക്കോയ്മാ പ്രവർത്തനങ്ങളിലൂടെയാണ് ഹിന്ദുത്വം നാം ഇന്നു കാണുന്ന വിധത്തിൽ രാഷ്ട്രീയാധികാര ശക്തിയായി പരിണമിച്ചിട്ടുള്ളത്. ശക്തമായ ബ്രിട്ടീഷ് ഭരണം നിലനിൽക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഭരണം അവസാനിച്ച് ബ്രാഹ്മണഭരണം വരുമെന്ന് ഗോപാൽ ഹരി പ്രത്യാശ പ്രകടിപ്പിച്ചത്. ആ പ്രത്യാശയുടെ മൂർത്തീകരണമായിട്ടാണ് 2024ൽ അയോധ്യയിൽ രാമക്ഷേത്രം സ്ഥാപിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ രാമക്ഷേത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്ര പരിണാമത്തിലെ സുപ്രധാന ചുവടുവെപ്പാണ്.
ഇന്ത്യയെ സെക്കുലർ ദേശരാഷ്ട്രത്തിൽനിന്നും മതരാഷ്ട്രത്തിലേക്ക് നയിക്കുന്ന വലിയ അടയാളമാണ് രാമക്ഷേത്രം. 1849ൽ ഒരു ചിത്പാവൻ ബ്രാഹ്മണൻ കണ്ട ‘സ്വപ്നങ്ങൾ’ 175 വർഷം കഴിയുമ്പോൾ നടപ്പാക്കപ്പെടുകയാണ്. ചാതുർവർണ്യ നിഷ്ഠമായ ബ്രാഹ്മണമതത്തിന് മേൽക്കോയ്മയുള്ള ഒരു രാഷ്ട്രബോധത്തിൽനിന്നും ഇന്ത്യയെ വീണ്ടെടുക്കാൻ എന്താണ് മാർഗമെന്ന് ആലോചിക്കാനുള്ള സമയംപോലും ഇനി അവശേഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ചരിത്രകാരന്മാർപോലും ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് അടിപ്പെടുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്.
‘ഞാനെന്ന ഹിന്ദുവും രാമക്ഷേത്രവും’ എന്ന ലേഖനത്തിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ജനുവരി 14) രാമചന്ദ്ര ഗുഹ എഴുതുന്നത് ഇപ്രകാരമാണ്: ‘‘പേരു സൂചിപ്പിക്കുന്നതുപോലെ ബാബരി മസ്ജിദ് എന്നത് മതപരവും സൈനികവുമായ പിടിച്ചടക്കലിന്റെ പ്രതീകമാണ്. പക്ഷേ, അവിടെ ഉയരുന്ന പുതിയ ക്ഷേത്രവും മതമേധാവിത്വത്തിന്റെ പ്രതീകംതന്നെയല്ലേ?... അവിടെയൊരു ക്ഷേത്രമുണ്ടാക്കണമെങ്കിൽതന്നെ ഇത്ര ബൃഹത്തായ രീതിയിൽ വേണ്ടിയിരുന്നില്ല’’ (പുറം. 64). ഇവിടെ രാമചന്ദ്ര ഗുഹ ഹിന്ദുത്വ ആഖ്യാനങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം.
ബാബരി മസ്ജിദ് നിർമിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന ആഖ്യാനത്തെയാണ് ‘‘ബാബരി മസ്ജിദ് എന്നത് മതപരവും സൈനികവുമായ പിടിച്ചടക്കലിന്റെ പ്രതീകമാണ്’’ എന്നതിലൂടെ ഗുഹ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത് അവിടെ ക്ഷേത്രം നിർമിക്കുന്നത് അനീതിയാണെന്ന് പറയാനുള്ള ആർജവം ഇല്ലെന്നതോ പോകട്ടെ! അവിടെ ബൃഹത്തായ ക്ഷേത്രം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് ഗുഹ പങ്കുവെക്കുന്നത്. മതേതര ചരിത്രകാരന്മാരെന്ന് ആഘോഷിക്കപ്പെടുന്ന ഗുഹാ പ്രഭൃതികളുടെ സ്ഥിതി ഇതാണെങ്കിൽ മറ്റുള്ളവരെപ്പറ്റി എന്തുപറയാൻ.
ഫലശ്രുതി
ജാതിവ്യവസ്ഥയും അസമത്വ സാധൂകരണാവസ്ഥയുമാണ് രാമരാജ്യം. ക്ഷേത്രസ്ഥാപനത്തിലൂടെ രാമനെ ദേശീയ കുലദൈവമായി പ്രഖ്യാപിച്ചാൽ ഗുരുവിന്റെയും സഹോദരന്റെയും രാമവിമർശനങ്ങൾപോലും ഉദ്ധരിക്കാൻ കഴിയാത്ത സ്ഥിതി സംജാതമാവും. ജനായത്ത വ്യവസ്ഥ ചാതുർവർണ്യത്തിന് വഴിമാറ്റപ്പെടും. രാമക്ഷേത്ര സ്ഥാപനത്തെ എതിർക്കുന്നവർ പാപികളാണെന്ന നവശൂദ്ര പ്രസ്താവന ഇതിന്റെ ആദ്യപടിയാണ്. പാപി എന്നത് പിന്നീട് മതനിന്ദയായി കുറ്റം ചാർത്തപ്പെടുന്ന കൊടും അപരാധമായി വിധിയെഴുതും.
ഹിന്ദുരാഷ്ട്രം എന്നത് ആത്യന്തികമായി സവർണരാജാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത്-പിന്നാക്ക-മുസ്‍ലിം ജനവിഭാഗങ്ങളെ ഹിംസാത്മകമായി പുറന്തള്ളുന്ന ഈ കോയ്മാ വ്യവസ്ഥക്കെതിരെ പോരാടിയില്ലെങ്കിൽ ജനാധിപത്യത്തിന്റെ അർഥവും ആത്മാവും നഷ്ടപ്പെടുകയും ഹിന്ദുത്വ ബ്രാഹ്മണ്യം ബഹുജനങ്ങളെ ദുരിതവലയിതരാക്കുകയും ചെയ്യും. 1956ൽ ബുദ്ധമതം സ്വീകരിച്ച് ഡോ. ബി.ആർ. അംബേദ്കർ ഒരു പ്രതിജ്ഞയെടുക്കുകയുണ്ടായി.
‘‘ഞാൻ രാമനെയും കൃഷ്ണനെയും ആരാധിക്കുകയില്ല’’ എന്നതായിരുന്നു ആ പ്രതിജ്ഞ. ഈ പ്രതിജ്ഞ ഇന്ത്യൻ ബ്രാഹ്മണ്യത്തോടുള്ള അംബേദ്കറുടെ നിശിത വിമർശനമാണ്. ഡോ. അംബേദ്കറുടെ അഗാധ സാമൂഹിക ചരിത്രജ്ഞാനം തുളുമ്പുന്ന ബ്രാഹ്മണ്യ വിമർശന ചിന്തകളും ജനായത്തബോധ്യങ്ങളും നമുക്ക് പ്രതീക്ഷയുടെ തീനാളമായിരിക്കട്ടെ.