യുദ്ധവിരുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് ‘ചരമക്കുറിപ്പ്’
2023 ഡിസംബർ 30ന് വിടവാങ്ങിയ രാജ്യാന്തര മാധ്യമപ്രവർത്തകൻ ജോൺ പിൽജറിനെ ഓർമിക്കുന്നു. എംബഡഡ് ജേണലിസത്തിലൂടെ യുദ്ധവും അധിനിവേശവും ന്യായീകരിക്കപ്പെടുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകന്റെ റോള്‍ എന്തായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ജേണലിസ്റ്റുകളായിരുന്നു ജോണ്‍ പില്ജറും റോബർട്ട് ഫിസ്കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ എഴുതുന്നു.വാര്‍ത്തകള്‍ മൂടിവെക്കുന്നത് അപകടകരവും ജനവിരുദ്ധവുമായ ഏര്‍പ്പാടാണ്. ഏകാധിപതികളുടെ നാടുകളില്‍ മാത്രമല്ല, ജനാധിപത്യ...
Your Subscription Supports Independent Journalism
View Plans2023 ഡിസംബർ 30ന് വിടവാങ്ങിയ രാജ്യാന്തര മാധ്യമപ്രവർത്തകൻ ജോൺ പിൽജറിനെ ഓർമിക്കുന്നു. എംബഡഡ് ജേണലിസത്തിലൂടെ യുദ്ധവും അധിനിവേശവും ന്യായീകരിക്കപ്പെടുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകന്റെ റോള്‍ എന്തായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ജേണലിസ്റ്റുകളായിരുന്നു ജോണ്‍ പില്ജറും റോബർട്ട് ഫിസ്കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ എഴുതുന്നു.
വാര്‍ത്തകള്‍ മൂടിവെക്കുന്നത് അപകടകരവും ജനവിരുദ്ധവുമായ ഏര്‍പ്പാടാണ്. ഏകാധിപതികളുടെ നാടുകളില്‍ മാത്രമല്ല, ജനാധിപത്യ രാജ്യങ്ങളിലും ഏറക്കുറെ ഇതുതന്നെയാണ് നടക്കുന്നത്. ‘‘ജനങ്ങള്‍ യാഥാര്‍ഥ്യം അറിഞ്ഞിരുന്നെങ്കില്‍ യുദ്ധം നാളെത്തന്നെ അവസാനിക്കുമായിരുന്നു. എന്നാല്‍, അവര്‍ക്ക് അറിയില്ല, അറിയാനുള്ള മാര്‍ഗങ്ങള്‍ നമ്മള് കൊട്ടിയടച്ചിരിക്കുന്നു’’ എന്നാണ് 1917ല്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോര്‍ജ് പറഞ്ഞത്.
കവര്‍അപ് (മൂടിവെക്കല്‍) ഭരണകൂടത്തിന്റെ ഔദ്യോഗിക നയമാകുമ്പോള്‍ യുദ്ധം ആരംഭിക്കുന്നതും അവസാനിക്കുന്നതുമൊക്കെ അവരുടെ മാത്രം തീരുമാനമാണ്. കെടുതിയനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഒരു റോളുമില്ല. ചോദ്യംചെയ്യാനും വസ്തുതകള്‍ സമൂഹത്തെ അറിയിക്കാനും ബാധ്യതയുള്ള ഫോർത്ത് എസ്റ്റേറ്റ് എംബഡഡ് ജേണലിസ്റ്റുകളായി മാറുന്നു. യുദ്ധമുഖത്ത് സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അധിനിവേശങ്ങളെയും വംശഹത്യയെയും പേരുചൊല്ലി വിളിക്കാന്‍ തയാറാവാത്ത ജേണലിസ്റ്റുകളെയാണ് ഗസ്സക്കു നേരെ ഇസ്രായേല്‍ നടത്തിയ ഭീകരയുദ്ധത്തില്‍ ലോകം കാണുന്നത്. അവിടെയാണ് റോബര്‍ട്ട് ഫിസ്കിനെയോ ജോണ്‍ പില്ജറെയോ പോലുള്ളവരെ നമ്മള് മിസ് ചെയ്യുന്നത്.
എംബഡഡ് ജേണലിസത്തിലൂടെ യുദ്ധവും അധിനിവേശവും ന്യായീകരിക്കപ്പെടുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകന്റെ റോള്‍ എന്തായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ജേണലിസ്റ്റായിരുന്നു ഈയിടെ അന്തരിച്ച ജോണ്‍ പില്‍ജര്‍. മാധ്യമ പ്രവര്ത്തകന് നിഷ്പക്ഷനായിരിക്കണമെന്ന പൊതുബോധത്തെ അദ്ദേഹം വെല്ലുവിളിച്ചു. യുദ്ധഭൂമിയില്‍ നീതിയുടെ പക്ഷം പിടിക്കുകയാണ് മാധ്യമധര്‍മമെന്ന് പത്രപ്രവര്‍ത്തകനായും ഡോക്യുമെന്ററി സംവിധായകനായും തിളങ്ങിയ അര നൂറ്റാണ്ടോളം കാലത്തെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചു.
ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നു പില്‍ജര്‍. പറയേണ്ട കാര്യങ്ങള്‍ പറയുകയെന്നത് ജീവിതനിയോഗമായി കൊണ്ടുനടന്നയാള്‍. അമേരിക്കയുടെയും ബ്രിട്ടന്റെയും വിദേശനയങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ‘യുദ്ധം, കള്ളം, സാമ്രാജ്യത്വം: ഭേദിക്കപ്പെടേണ്ട നിശ്ശബ്ദത’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് 2006ല്‍ ന്യൂയോര്‍ക്കിലെ കൊളംബിയ സർവകലാശാലയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പില്‍ജര്‍ പറഞ്ഞു: ‘‘ബുഷും ബ്ലെയറും പ്രചരിപ്പിച്ച നുണകള്‍ ചോദ്യംചെയ്യാതെ അപ്പടി വിഴുങ്ങിയ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരാണ് ഇറാഖിലെ ഭീകരയുദ്ധത്തിന്റെയും ആള്‍നാശത്തിന്റെയും ഉത്തരവാദിത്തം ഒരുപരിധിവരെ ഏല്ക്കേണ്ടത്.’’
ഇസ്രായേലിന്റെ ഗസ്സ ബോംബിങ് ആരംഭിച്ചതു മുതല്‍ മരിക്കുന്നതു വരെ നിരന്തരമായി തന്റെ യുദ്ധവിരുദ്ധതയും ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയുണ്ടായി പില്‍ജര്‍. ഹമാസിന്റെ സൈനിക ആസ്ഥാനം പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ് അല്‍ശിഫ ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേലിന്റെ നുണപ്രചാരണത്തിനെതിരെ അദ്ദേഹം രംഗത്തുവന്നു. ഇസ്രായേലി യുദ്ധവിമാനങ്ങള്‍ രാത്രി സമയങ്ങളില്‍ ഭീകരശബ്ദമുണ്ടാക്കി ജനങ്ങളെ ഭയപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഗസ്സയില്‍ അവസാന സന്ദര്‍ശനക്കാലത്ത് തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ദുഃസ്വപ്നം കണ്ട് എഴുന്നേല്ക്കുക, കിടക്കയില്‍ മൂത്രമൊഴിക്കുക, മാനസിക പിരിമുറുക്കം അനുഭവിക്കുക തുടങ്ങിയവയാണ് അനന്തരഫലങ്ങളെന്ന് ഒരു മനഃശാസ്ത്രജ്ഞന് പറഞ്ഞതും അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി.
‘‘പാശ്ചാത്യ യുദ്ധക്കൊതിയന്മാര്ക്കെതിരെ സത്യം വിളിച്ചുപറയുന്ന ജൂലിയന്‍ അസാൻജ്, ഡേവിഡ് മെക്ബ്രൈഡ് എന്നിവരെ ഭരണകൂടം പീഡിപ്പിക്കുന്നതിന്റെ കാരണം അറിയുമെങ്കില്‍ ഗസ്സയെയും അവിടത്തെ സീരിയല്‍ കൊലയാളികളെയും സംരക്ഷിക്കുന്നത് ആരെന്ന് നമുക്ക് മനസ്സിലാക്കാനാവും. സത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരെ പടിഞ്ഞാറിന്റെ ഫാഷിസം സമീപസ്ഥമായിരിക്കുന്നു എന്ന സന്ദേശമാണ് അത് നല്‍കുന്നത്’’, മറ്റൊരു ട്വീറ്റില്‍ പില്‍ജര്‍ കുറിച്ചു.
‘ഫലസ്തീന്തന്നെ വിഷയം’ (Palestine is Still the Issue) എന്ന പേരില്‍ പില്‍ജര്‍ 2002ല്‍ തയാറാക്കിയ 53 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി, അധിനിവേശ ഭരണത്തിനു കീഴില്‍ ഒരു ജനത അനുഭവിക്കുന്ന പീഡനങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായകമായി. ജോലിയുടെ ഭാഗമായി വെസ്റ്റ്ബാങ്കിലും ഗസ്സയിലും താമസിക്കുകയും അവിടത്തെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രത്യേക റിപ്പോര്‍ട്ട് എന്നതിലുപരി അധിനിവേശത്തിനും കൊളോണിയലിസത്തിനും എതിരെ പോരാടുന്ന ഒരാളുടെ അനുഭവ സാക്ഷ്യംകൂടിയായിരുന്നു ഡോക്യുമെന്ററി.
1977ല്‍ ഇതേ പേരില്‍ ഡോക്യുമെന്ററി അദ്ദേഹം പുറത്തിറക്കിയിരുന്നു. വെസ്റ്റ്ബാങ്കിലും ഗസ്സയിലും സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിഡിയോ ചിത്രം 1948ലെയും 1967ലെയും യുദ്ധങ്ങളെ തുടര്‍ന്ന് 10 ലക്ഷത്തോളം ഫലസ്തീനികള്‍ ജന്മനാട്ടില്നിന്ന് പുറന്തള്ളപ്പെട്ട ദാരുണ സംഭവങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും അധിനിവേശ പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമാണ് രണ്ടാമത്തെ ഡോക്യുമെന്ററി. ഒരേ പേരില്‍ 25 കൊല്ലത്തിനുശേഷം മറ്റൊരു ഡോക്യുമെന്ററി നിര്‍മിച്ചതിനെക്കുറിച്ച് പില്‍ജര്‍ പറഞ്ഞത് തലമുറകള്‍ പിന്നിടുമ്പോഴും ഫലസ്തീനിലെ കടുത്ത അനീതി മാറ്റമില്ലാതെ തുടരുന്നു എന്നായിരുന്നു.
2002ല്‍ വീണ്ടും ഫലസ്തീനെക്കുറിച്ച് അഭ്രപാളികളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി: ‘‘ഫലസ്തീനികള്‍ തിരിച്ചടിച്ചു തുടങ്ങിയെന്നതാണ് ഞാന്‍ കാണുന്ന മാറ്റം. രാജ്യം നഷ്ടപ്പെട്ട, നിന്ദ്യരായി കഴിഞ്ഞിരുന്ന ആ ജനത ഇസ്രായേലി സൈനിക ഭരണകൂടത്തിനെതിരെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവര്‍ക്ക് സൈന്യമില്ല, ടാങ്കുകളില്ല, അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനങ്ങളില്ല, പടക്കോപ്പുകളും മിസൈലുകളുമില്ല. അവര്‍ക്കുമേല്‍ ഇസ്രായേലി ഭീകരത കൊടികുത്തി വാഴുന്നു. അവരുടെ ജീവിതം മുഴുവന്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് അവരുടെ അവസ്ഥ.’’
ഇസ്രായേലി-ഫലസ്തീന് സംഘര്‍ഷത്തിന്റെ അടിസ്ഥാന പ്രശ്നം സയണിസ്റ്റ് കൊളോണിയലിസമാണെന്നും ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അധിനിവേശത്തെ ചെറുക്കുകയാണ് ഫലസ്തീനികളെന്നും ചരിത്രരേഖകളുടെയും അഭിമുഖങ്ങളുടെയും പിന്‍ബലത്തില്‍ സ്ഥാപിക്കുകയാണ് ഡോക്യുമെന്ററിയില്‍. ജന്മനാട്ടില് മനുഷ്യരായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുകയാണ് ഭരണകൂടം. സകലയിടത്തും നിയന്ത്രണങ്ങള്‍. റോഡ് ബ്ലോക്കുകളും ചെക് പോയന്റുകളും സർവത്ര. കുഞ്ഞുങ്ങള്‍ ചെക് പോയന്റുകളില്‍ മരിക്കുന്ന ഭീകര കാഴ്ചകള്‍ സാധാരണം. കര്‍ഫ്യൂകള്‍ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. വര്‍ണവിവേചനം കൊടികുത്തി വാണ ദക്ഷിണാഫ്രിക്കയെക്കാള്‍ പരിതാപകരമാണ് അധിനിവേശ ഫലസ്തീനിലെ സ്ഥിതിയെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
ഫലസ്തീന് പോരാളികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി പെണ്‍കുട്ടിയുടെ പിതാവ് റാമി ഇല്ഹാനന്റെ വാക്കുകള്‍ പില്‍ജര്‍ ഉദ്ധരിക്കുന്നു: ‘‘ഫലസ്തീനില്‍ തുടരുന്ന അധിനിവേശം നമ്മെ മൃഗസമാനരാക്കിയിരിക്കുന്നു. ഒരു ഇസ്രായേലി എന്നു പറയാന്‍പോലും പലപ്പോഴും ഞാന്‍ ലജ്ജിക്കാറുണ്ട്.’’ ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടുമ്പോഴൊക്കെ അതിനെ സെമിറ്റിക് വിരുദ്ധമെന്ന ചാപ്പ കുത്തുന്ന പരിപാടി ഏറെക്കാലമായി തുടരുന്നുവെന്നാണ് മറ്റൊരു ഇസ്രായേലി ഇസ്ഹെയ് റോസന്‍-സിവി പറയുന്നത്. അധിനിവേശ ഭീകരതക്കെതിരെ രണ്ടായിരത്തില്‍ ഫലസ്തീനികള്‍ ആരംഭിച്ച രണ്ടാം ഇന്‍തിഫാദയെ എത്ര നീചമായാണ് ഇസ്രായേല്‍ അടിച്ചമര്‍ത്തിയതെന്ന് ഡോക്യുമെന്ററി വിവരിക്കുന്നു.
മാധ്യമങ്ങള്‍ കൂട്ടുപ്രതികള്‍
യുദ്ധങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് 2011ല്‍ പില്‍ജര്‍ തയാറാക്കിയ ‘നിങ്ങള്‍ കാണാത്ത യുദ്ധം’ (The War You Don't) എന്ന ഡോക്യുമെന്ററി. എംബഡഡ് ജേണലിസവും സ്വതന്ത്ര പത്രപ്രവര്‍ത്തനവും റിപ്പോര്‍ട്ടിങ്ങില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ഇറാഖ്, അഫ്ഗാനിസ്താന് അധിനിവേശങ്ങള്‍ പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി വിശദീകരിക്കുന്നു. ഒന്നാം ലോകയുദ്ധവും ഹിരോഷിമയിലെ വിനാശകാരിയായ അണുബോംബ് ആക്രമണവും വിയറ്റ്നാം മുതല്‍ ഫലസ്തീന് വരെയുള്ള അധിനിവേശങ്ങളുമൊക്കെ ഇതില്‍ മിന്നിമറിയുന്നുണ്ട്.
ബ്രിട്ടനും അമേരിക്കയുംപോലുള്ള രാജ്യങ്ങള്‍ യുദ്ധവേളകളില്‍ അടിച്ചേല്പിക്കുന്ന സെന്‍സര്‍ഷിപ്പാണ് ഏറ്റവും വൃത്തികെട്ടതെന്ന് പില്‍ജര്‍ തുറന്നടിക്കുന്നു. 2007ല്‍ ബഗ്ദാദിലെ ഒരു തെരുവില്‍ അമേരിക്കന്‍ അപാച്ചെ വിമാനങ്ങള്‍ നടത്തിയ ബോംബിങ്ങിന്റെ ഫൂട്ടേജോടെയാണ് ഫിലിം തുടങ്ങുന്നത്. ഒരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ബോംബിങ്ങില്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരും നിരവധി ഇറാഖികളും കൊല്ലപ്പെടുകയുണ്ടായി. ഏറ്റവും അടുത്തുനിന്ന് ബോംബിട്ട് ആളുകളെ കൊന്നശേഷം അതിനെ ആഘോഷിക്കുന്ന അപാച്ചെയിലെ ഒരു സൈനികന്റെ ശബ്ദസന്ദേശം പുറത്തുവരുകയുണ്ടായി. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത് അമേരിക്കയുടെയും ബ്രിട്ടന്റെയും കടുത്ത സെന്‍സര്‍ഷിപ്പുകള്‍ക്ക് കീഴ്പെട്ട് സത്യം തമസ്കരിക്കുകയായിരുന്നു.
ഇറാഖിലെ അധിനിവേശത്തിന് മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പില്‍ജര്‍ ആരോപിക്കുകയുണ്ടായി. സദ്ദാം ഹുസൈന് രാസായുധം നിര്‍മിച്ചുവെന്നതു മുതല്‍ 9/11 സംഭവവുമായി ഇറാഖി പ്രസിഡന്റിനെ ബന്ധിപ്പിക്കുന്നതു വരെയുള്ള നുണകള്‍ അവര്‍ ചോദ്യംചെയ്തില്ല. സ്വന്തം ഗവണ്മെന്റുകളുടെ മെഗാഫോണുകള്‍ ആവാതെ അധികാരവൃന്ദങ്ങളെ ചോദ്യംചെയ്തിരുന്നെങ്കില് ഇറാഖിലെ അധിനിവേശം തന്നെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പില്‍ജര്‍ അഭിമുഖം നടത്തിയ ബ്രിട്ടീഷ്, യു.എസ് മാധ്യമപ്രവര്‍ത്തകര്‍ നല്കിയ മൊഴികള്‍.
ഭരണാധികാരികളുടെ മുഖത്തുനോക്കി കടുത്ത ചോദ്യങ്ങള്‍ ഉന്നയിക്കുകയും അവരുടെ ഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാട്ടപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഇറാഖിലെ യുദ്ധവും അധിനിവേശവും തടയാന്‍ കഴിയുമായിരുന്നുവെന്നാണ് ‘സി.ബി.എസ് ന്യൂസി’ലെ മുന്‍ മാധ്യമപ്രവര്ത്തകന് ഡാന്‍ റാതര്‍ അഭിപ്രായപ്പെട്ടത്. ‘‘അസുഖകരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നമ്മള് പരാജയപ്പെട്ടു’’വെന്നാണ് ഇറാഖില്‍ ‘ബി.ബി.സി’ക്കുവേണ്ടി യുദ്ധം റിപ്പോര്‍ട്ട് ചെയ്ത റാഗി ഉമ്മര്‍ കുറ്റസമ്മതം നടത്തിയത്. ലണ്ടനിലെ ‘ഡെയിലി ഒബ്സര്‍വറി’ലൂടെ ഇറാഖി അധിനിവേശത്തിന് കാമ്പയിന് നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് ഡേവിഡ് റോസ്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള നുണപ്രചാരണ പദ്ധതിയില്‍ അകപ്പെട്ടുപോയെന്നാണ് റോസ് കുമ്പസാരിച്ചത്. യുദ്ധക്കുറ്റങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും പങ്കുകാരാണ് എന്നും അദ്ദേഹം സമ്മതിച്ചു.
2004ല്‍ ഇറാഖിലെ ഫലൂജയില്‍ അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഫലൂജയിലെ ശവക്കുഴികളെക്കുറിച്ച് ഒരു അമേരിക്കന്‍ സ്വതന്ത്ര പത്രപ്രവര്ത്തകന് തയാറാക്കിയ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ ഒരൊറ്റ യു.എസ് മാധ്യമങ്ങളും തയാറായില്ല. ഇതുതന്നെയാണ് അധിനിവേശ ഫലസ്തീനില്‍ സംഭവിക്കുന്നതെന്നും പില്‍ജര്‍ ഓര്‍മിപ്പിക്കുന്നു. ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പാശ്ചാത്യരല്ലാത്ത മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് അപൂര്‍വമായേ പുറംലോകമറിയുന്നുള്ളൂ. ഗസ്സയിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ 120ല്‍ എത്തിനില്‍ക്കുന്നു. വിരലിലെണ്ണാവുന്ന പടിഞ്ഞാറന്‍ ജേണലിസ്റ്റുകളുടെ വിയോഗം മാത്രമേ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നിട്ടുള്ളൂ.
‘‘അന്യന്റെ നാടുകളെ രക്തപങ്കിലമാക്കി കുട്ടിച്ചോറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്താന്‍ ആവശ്യപ്പെടുന്നവരോട്, പറ്റില്ല എന്നു പറയുമ്പോഴാണ് നാം യഥാര്‍ഥ ജേണലിസ്റ്റുകളാവുന്നത്’’ എന്ന് പില്‍ജര്‍ ഓര്‍മിപ്പിക്കുന്നു. ‘‘സാമ്രാജ്യത്വം നടത്തുന്ന അറ്റമില്ലാത്ത യുദ്ധങ്ങളുടെ കാലത്ത് നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവന് നിലനില്‍ക്കുന്നത് സത്യത്തിനു മേലാണ്. മറിച്ചാണെങ്കില്‍ അവരുടെ രക്തം ചിന്തപ്പെട്ടതില് നമുക്കുകൂടി പങ്കുണ്ടെന്ന് പറയേണ്ടിവരും’’ -അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
യുദ്ധവും ഉപരോധങ്ങളും ഇറാഖി ജനതക്കുമേല്‍ ഉണ്ടാക്കിയ ദുരന്തങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ പുസ്തകത്തില്‍ (Iraq Under Siege: The Deadly Impact of Sanctions and War) നോം ചോംസ്കി ഉള്‍പ്പെടെയുള്ള ലേഖകര്ക്കൊപ്പം ജോണ്‍ പില്ജറും എഴുതിയിട്ടുണ്ട്. സെപ്റ്റംബര്‍ 11നെക്കുറിച്ച് പറയുമ്പോള്‍ അഫ്ഗാനിസ്താനിലെ അധിനിവേശം മറക്കരുതെന്ന് പില്‍ജര്‍ ഓര്‍മിപ്പിക്കുന്നു. 9/11 സംഭവത്തോടുള്ള പ്രതികാരം താലിബാനോട് തീര്‍ക്കുകയായിരുന്നു അമേരിക്ക.
1970ല്‍ പുറത്തുവന്ന പില്ജറുടെ ആദ്യ ഡോക്യുമെന്ററി ‘The Quiet Mutiny’ വിയറ്റ്നാമിലെ യു.എസ് സൈന്യത്തിനകത്തെ ആഭ്യന്തര കലഹത്തെക്കുറിച്ചായിരുന്നു. 1978ല്‍ വിയറ്റ്നാമില്‍ മടങ്ങിയെത്തിയ പില്‍ജര്‍, അമേരിക്ക നടത്തിയ യുദ്ധത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന ‘വിയറ്റ്നാമിനെ ഓര്‍മയുണ്ടോ?’ (Do You Remember Vietnam) എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. മനുഷ്യനാശത്തിനു പുറമെ വിയറ്റ്നാമിലെ വനങ്ങളുടെ 44 ശതമാനവും അമേരിക്ക ബോംബിട്ട് നശിപ്പിച്ചതായി അതില്‍ പറയുന്നു.
1979ല്‍ പോള്‍പോട്ടിനെയും ഖമര്റൂഷിനെയും വിയറ്റ്നാമികള്‍ പുറന്തള്ളിയ ശേഷമാണ് പില്‍ജര്‍ കംബോഡിയയില്‍ പ്രവേശിക്കുന്നത്. അന്ന് അദ്ദേഹം ‘ഡെയിലി മിററി’ന് അയച്ച റിപ്പോര്‍ട്ടില്‍ 70 ലക്ഷം ജനങ്ങളില്‍ 20 ലക്ഷത്തിലേറെ പേര് വംശഹത്യയും പട്ടിണിയും കാരണം കൊല്ലപ്പെട്ടിരിക്കാമെന്ന് പറയുന്നു. ‘കംബോഡിയയിലെ നിശ്ശബ്ദ മരണം’ (The Silent Death of Cambodia) എന്ന പേരില്‍ നിര്‍മിച്ച ഡോക്യുമെന്ററി 50 രാജ്യങ്ങളിലായി 15 കോടി ജനങ്ങളാണ് കണ്ടത്. മുപ്പതിലേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഈ ഡോക്യുമെന്ററി വാരിക്കൂട്ടി. കംബോഡിയയിലെ മനുഷ്യദുരന്തത്തില്‍ അമേരിക്കക്കുള്ള പങ്ക് റിപ്പോര്‍ട്ടുകളിലും ഡോക്യുമെന്ററികളിലും പില്‍ജര്‍ തുറന്നുപറയുന്നുണ്ട്. അമേരിക്കന്‍ സൈന്യം നടത്തിയ നിഷ്ഠുരമായ ബോംബിങ്ങാണ് അധികാരം പോള്‍പോട്ട് പിടിച്ചടക്കുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു പില്ജറുടെ മിക്ക ഡോക്യുമെന്ററികളുടെയും പ്രമേയം. ആപല്‍സാധ്യതകള്‍ ഉണ്ടായിട്ടും ഇത്തരം ഡോക്യുമെന്ററികള്‍ നിര്‍മിക്കാന്‍ സൈനിക സ്വേച്ഛാധിപതികള്‍ വാഴുന്ന നാടുകളില്‍ പില്ജറും സംവിധായകന് ഡേവിഡ് മണ്‍റോയും കടന്നുചെന്നു. ഇരകളെയും ദൃക്സാക്ഷികളെയും തദ്ദേശീയരെയും അഭിമുഖം നടത്തി തയാറാക്കിയ ഡോക്യുമെന്ററികള്‍ തികച്ചും ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇന്തോനേഷ്യയിലെ പട്ടാള ഭരണകൂടം ഈസ്റ്റ് തിമൂറില്‍ നടത്തിയ കൂട്ടക്കൊലകള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന ‘Death of a Nation: The Timor Conspiracy’ (1994), ബര്‍മയില്‍ (മ്യാന്മര്) പട്ടാളം നടത്തിയ ക്രൂരതകള്‍ വിശദീകരിക്കുന്ന ‘Inside Burma: Land of Fear’ (1998) എന്നിവ ഉദാഹരണങ്ങള്‍.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക സമരം നയിച്ച നെല്‍സണ്‍ മണ്ടേലയെ അഭിമുഖം നടത്തി തയാറാക്കിയതാണ് ‘Apartheid Did Not Die’ (1998) എന്ന ഡോക്യുമെന്ററി. വസ്തുതകള്‍ തുറന്നുപറയുന്ന പില്ജറുടെ സമീപനം വെള്ളക്കാര്‍ക്ക് എന്നതുപോലെ കറുത്ത വര്‍ഗക്കാരുടെ ഭരണകൂടത്തിനും പ്രയാസം സൃഷ്ടിക്കുന്നു. വര്‍ണവിവേചനം അപ്രത്യക്ഷമായ ശേഷം പുതിയ സാമ്പത്തിക വിവേചനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നാണ് പില്‍ജര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡീഗോ ഗാര്‍ഷ്യയിലെ നുണബോംബ്
പില്‍ജര്‍ നിര്‍മിച്ച അറുപതോളം ഡോക്യുമെന്ററികളില്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കുന്ന ‘സ്റ്റീലിങ് എ നാഷന്’ (2004) സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. അറുപതുകളില്‍, അമേരിക്കക്ക് സൈനികത്താവളം നിര്‍മിക്കാനായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹങ്ങളില്‍ ഉള്‍പ്പെടുന്ന ഡീഗോ ഗാര്ഷ്യയില്നിന്ന് തദ്ദേശീയരെ ഒഴിപ്പിച്ച വിവാദ നടപടിയാണ് അതിലെ പ്രമേയം. ഇന്ന് അമേരിക്കയുടെ വലിയ സൈനികത്താവളങ്ങളില്‍ ഒന്നാണ് ഡീഗോ ഗാര്ഷ്യയിലേത്.
രണ്ടായിരത്തിലേറെ സൈനികരും 30 യുദ്ധക്കപ്പലുകളും ന്യൂക്ലിയര്‍ ഡമ്പിങ് സ്റ്റേഷനും സാറ്റലൈറ്റ് ചാര കേന്ദ്രവും ഷോപ്പിങ് മാളുകളും കഫേകളും ഗോള്‍ഫ് കോഴ്സുകളുമൊക്കെ അവിടെയുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത നാവിക സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പ് ജസ്റ്റിസ് എന്നായിരുന്നു താവളത്തിന്റെ ആദ്യ പേര്. ഗ്വണ്ടാനമോയിലെ നാവിക താവളത്തിനും ബഗ്ദാദിലെ ഖാദിമിയയിലെ ഇറാഖ്-യു.എസ് സൈനിക താവളത്തിനും ഇതേ പേരാണ് നല്‍കിയിരുന്നത്. 2006ല്‍ ഡീഗോ ഗാര്‍ഷ്യ സൈനികത്താവളം തണ്ടര്കോവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആഫ്രിക്കക്കും ഏഷ്യക്കുമിടയില്‍ ഇന്ത്യാ സമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാര്‍ഷ്യ ദ്വീപുകളില്‍ 18ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇരുപതിനായിരത്തോളം പേര് ജീവിച്ചിരുന്നു. സ്കൂളും ആശുപത്രിയും ക്രിസ്ത്യന്‍ പള്ളിയും ചെറിയ റെയിൽവേ സംവിധാനവും കൃഷിയും ജയിലുമൊക്കെയായി ഒരു നാടിനാവശ്യമായ എല്ലാം അവിടെയുണ്ടായിരുന്നു. 1961ല്‍ അമേരിക്കന്‍ അഡ്മിറല്‍ ഡീഗോ ഗാര്‍ഷ്യയുടെ തീരത്ത് കാലുകുത്തിയതോടെയാണ് സ്ഥിതി മാറുന്നത്.
ഹരോള്‍ഡ് വില്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടനിലെ ലേബര്‍ ഗവണ്മെന്റ് അമേരിക്കന്‍ ഗവണ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകള്‍ക്കു ശേഷമാണ് ഡീഗോ ഗാര്‍ഷ്യയിലെ ജനങ്ങളെ അവിടെനിന്ന് പുറത്താക്കുന്നത്. 1967 മുതല്‍ 1973 വരെയുള്ള കാലത്ത് തദ്ദേശീയരെ പുറന്തള്ളിയതിനെക്കുറിച്ച് ദ്വീപിനെ ‘ശുചീകരിച്ചു’ എന്ന വാചകമാണ് യു.എസ് രേഖകളില്‍ ഉപയോഗിച്ചത്.
എന്നാല്‍, ബ്രിട്ടീഷ് ഗവണ്മെന്റ് ഇക്കാര്യത്തില്‍ എഴുന്നള്ളിച്ച പെരുംനുണ പില്‍ജര്‍ പൊളിച്ചടുക്കി. ദ്വീപിലുണ്ടായിരുന്നത് താല്‍ക്കാലിക കരാര്‍ ജോലിക്കാരായിരുന്നുവെന്നും ആയിരം മൈല്‍ മാത്രം അകലെയുള്ള മൊറീഷ്യസിലേക്ക് മടങ്ങിപ്പോകേണ്ടവരാണെന്നുമായിരുന്നു ബ്രിട്ടന്റെ പ്രചാരണം. എന്നാല്‍, തങ്ങളുടെ അഞ്ചു തലമുറകളെങ്കിലും ദ്വീപിലെ സ്ഥിരവാസികളായിരുന്നുവെന്നാണ് നാടുകടത്തപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയത്. അവിടത്തെ ശ്മശാനങ്ങള്‍ അതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വാഷിങ്ടണിലെ നാഷനല്‍ ആര്‍ക്കൈവ്സിലും ലണ്ടനിലെ പബ്ലിക് റെക്കോഡ് ഓഫിസിലുമുള്ള ഇതുസംബന്ധിച്ച രേഖകള്‍ ബ്രിട്ടന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ്.
ഏറെ ക്രൂരമായാണ് തദ്ദേശീയരെ പുറത്താക്കിയതെന്നും രേഖകള്‍ ഉദ്ധരിച്ച് പില്‍ജര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് വിദേശകാര്യ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി പോള്‍ ഗോര്‍ ബൂത്ത് 1966 ആഗസ്റ്റില്‍ എഴുതി: ‘‘ഇക്കാര്യത്തില്‍ (ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍) കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. എല്ലാം കഴിയുമ്പോള്‍ കടല്‍ക്കാക്കകള്‍ അല്ലാതെ തദ്ദേശീയ ജനങ്ങളുടെ പൊടിപോലും ഉണ്ടാകാന്‍ പാടില്ല.’’
ഡീഗോ ഗാര്‍ഷ്യയിലെ തദ്ദേശീയ ജനതയെ നാടുകടത്തിയ ബ്രിട്ടന്റെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നുവെന്ന് 2004ല്‍ ജോണ്‍ പില്‍ജര്‍ ‘ഗാര്‍ഡിയനി’ല്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. നാടുകടത്തല്‍ ഭീകരമായിരുന്നു. പ്രധാന മന്ത്രിയും മൂന്നു കാബിനറ്റ് മന്ത്രിമാരുമായിരുന്നു ലോകമറിയാതെ ഈ കൃത്യം നടപ്പാക്കാന്‍ മുന്നില്‍ നിന്നത്. തദ്ദേശവാസികളെ ഭീഷണിപ്പെടുത്തി നാടുവിടാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്തത്. വൈദ്യപരിശോധനക്കും മറ്റുമായി മൊറീഷ്യസിലേക്ക് പോയവരെ നാട്ടിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചില്ല. സൈനികത്താവള നിര്‍മാണത്തിന് അമേരിക്കക്കാര്‍ എത്തുന്നതിനു മുമ്പ് ഡീഗോ ഗാര്‍ഷ്യയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കളെയും കൊല്ലാന്‍ ‘ശുദ്ധീകരണ പ്രക്രിയ’യുടെ ഉത്തരവാദിത്തമുള്ള സെയ്ഷെല്‍സിലെ ഗവര്‍ണര്‍ ബ്രൂസ് ഗ്രെയ്റ്റ്ബാച്ച് ഉത്തരവിറക്കി.
ഏതു സമയവും കുടിയിറക്കപ്പെടുമെന്നതിന്റെ മുന്നറിയിപ്പാണ് ഇതെന്ന് ദ്വീപുവാസികള്‍ക്ക് മനസ്സിലായി. അങ്ങനെ ആ ദിവസവും വന്നെത്തി. തയാറാക്കി നിര്‍ത്തിയ കപ്പലുകളില്‍ ജനങ്ങളെ ആട്ടിത്തെളിച്ചു. ഓരോ സൂട്ട്കേസുകള്‍ എടുക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. വീട്ടുപകരണങ്ങളെല്ലാം ഉപേക്ഷിച്ച് അവര്‍ കപ്പലില്‍ കയറി. കൊപ്ര കമ്പനികളിലെ കുതിരകളാണ് ചില കപ്പലുകളില്‍ ഡെക്കുകള്‍ കൈയടക്കിയത്. സ്ത്രീകളും കുട്ടികളും കാര്‍ഗോ ഏരിയകളില്‍ ഉറങ്ങി. സെയ്ഷല്സില് എത്തിയപ്പോള്‍ മൊറീഷ്യസിലേക്കുള്ള കപ്പല്‍ യാത്രക്ക് തയാറാവുന്നതുവരെ അവരെ ഒരു ജയില്‍ കെട്ടിടത്തില്‍ താമസിപ്പിച്ചു.
മൊറീഷ്യസിലെ ജീവിതം നരകതുല്യമായിരുന്നു. കുട്ടികളുടെ മരണം, ആത്മഹത്യകള്‍, മനോരോഗം തുടങ്ങിയവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. സ്ത്രീകളില്‍ ചിലര്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞു. കടങ്ങള്‍ വീട്ടാന്‍പോലും തികയാത്ത സംഖ്യ (3000 പൗണ്ടിലും താഴെ) നഷ്ടപരിഹാരമായി ലഭിച്ചത് ഒരു പതിറ്റാണ്ട് കഴിഞ്ഞാണ്.
കുടിയൊഴിപ്പിക്കലിനും നാടുകടത്തലിനുമെതിരെ ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ ദ്വീപുവാസികള്‍ക്ക് അനുകൂലമായിരുന്നു വിധി. സ്വന്തം മണ്ണില്‍നിന്ന് തദ്ദേശീയരെ പുറന്തള്ളിയ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, വാഷിങ്ടണുമായി ഉടമ്പടി നിലനില്‍ക്കുന്നതിനാല്‍ ഡീഗോ ഗാര്‍ഷ്യയിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ടുവരല്‍ പ്രായോഗികമല്ലെന്നായിരുന്നു ഗവണ്മെന്റിന്റെ പ്രതികരണം. യഥാർഥത്തില്‍ പാര്‍ലമെന്റിനെയും അമേരിക്കന്‍ കോണ്‍ഗ്രസിനെയും അറിയിക്കാതെ രഹസ്യമായി നടന്ന കരാറായിരുന്നു ഇത്.
ആസ്ട്രേലിയയിലെ സിഡ്നിയില്‍ ജനിച്ച് അറുപതുകളുടെ ആദ്യത്തില്‍ ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ ജോണ്‍ പില്‍ജര്‍, റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയില്‍ ജോലിചെയ്തശേഷം ഏറെക്കാലം ലണ്ടനിലെ ‘ഡെയിലി മിററി’ന്റെ വിദേശകാര്യ ലേഖകനായിരുന്നു. ലണ്ടനിലെ ‘ന്യൂസ് ഓണ്‍ സൺഡേ’യില്‍ മുഖ്യ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ബ്രിട്ടന് നല്കുന്ന ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുമ്പോള്‍ പില്ജറിന് 28 വയസ്സായിരുന്നു പ്രായം.
വിയറ്റ്നാം യുദ്ധഭൂമിയില്‍നിന്നുള്ള റിപ്പോര്‍ട്ടിങ്ങിന്റെ പേരിലായിരുന്നു പുരസ്കാരം. ഈ അവാര്‍ഡ് രണ്ടു തവണ നേടുന്ന ആദ്യ മാധ്യമപ്രവര്‍ത്തകനും പില്ജറായിരുന്നു. കംബോഡിയയിലെ യുദ്ധവാര്‍ത്തകളുടെ പേരിലാണ് രണ്ടാമത്തെ പുരസ്കാരം. യുദ്ധഭീകരത സംബന്ധിച്ച പില്ജറുടെ ഉള്ളുതുറന്നുള്ള റിപ്പോര്‍ട്ടുകള്‍ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാലരക്കോടി ഡോളര്‍ സ്വരൂപിക്കാന്‍ സഹായകമായി.
ഇടക്കാലത്ത് അമേരിക്കയിലും പില്‍ജര്‍ ജോലി നോക്കി. അറുപതുകളിലും എഴുപതുകളിലും മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിനുശേഷം അലബാമ മുതല്‍ വാഷിങ്ടണ്‍ വരെ അമേരിക്കന്‍ സമൂഹത്തില്‍ ദര്‍ശിച്ച വന്‍തോതിലുള്ള സാമൂഹിക പരിവര്‍ത്തനം ‘ഡെയിലി മെയിലി’ലൂടെ അദ്ദേഹം ലോകത്തെ അറിയിച്ചു. പ്രശസ്തമായ അലബാമ മാര്‍ച്ചിനൊപ്പം സഞ്ചരിച്ചാണ് പില്‍ജര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
പില്‍ജര്‍ ഏറ്റവും ഒടുവില്‍ എഴുതിയ പുസ്തകമാണ് ‘New Rulers of The World’. ആധുനിക സാമ്രാജ്യത്വത്തിന്റെ മിഥ്യാവാദങ്ങളും ആഗോളീകരണത്തിന്റെ രാഷ്ട്രീയവും അദ്ദേഹം അതില്‍ വിവരിക്കുന്നു. പാവപ്പെട്ടവരും സമ്പന്നരുമായി ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും പണക്കാര് കൂടുതല്‍ സമ്പന്നരുമായി മാറിയിരിക്കുന്നു. കുത്തക ബഹുരാഷ് ട്ര കമ്പനികളായ എച്ച് & എം, വോള്‍മാര്‍ട്ട് തുടങ്ങിയവയില്‍ ചെറിയ വേതനത്തിന് ജോലിചെയ്യാന്‍ പാവപ്പെട്ടവര്‍ നിര്ബന്ധിതരാകുന്നതിനെക്കുറിച്ചും അദ്ദേഹം പരിതപിക്കുന്നുണ്ട്.
1960കളില്‍ ഇന്തോനേഷ്യയില്‍ പട്ടാള ജനറല്‍ സുഹാര്‍ത്തോ അധികാരം പിടിച്ചടക്കിയത് ആഗോള സാമ്പത്തിക ക്രമം ഏഷ്യക്കുമേല് അടിച്ചേല്പിക്കാന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മെനഞ്ഞ തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്ന് പില്‍ജര്‍ നിരീക്ഷിക്കുന്നു. ലോക ബാങ്കിന്റെ നിര്‍ദേശ പ്രകാരം സബ്സിഡികള്‍ നിര്‍ത്തലാക്കിയും മറ്റു ആഗോള നയങ്ങള്‍ അടിച്ചേല്പിച്ചും ദശലക്ഷം ഇന്തോനേഷ്യക്കാരുടെ ജീവന് അഹപരിച്ചത് ഈ നയങ്ങളായിരുന്നു.
റോബര്‍ട്ട് ഫിസ്കും പില്ജറും
യുദ്ധമേഖലകളില്‍ ജോലിചെയ്യുമ്പോള്തന്നെ കടുത്ത യുദ്ധവിരുദ്ധരാവുകയും സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്ത പാശ്ചാത്യന്‍ മാധ്യമപ്രവര്‍ത്തകരാണ് റോബര്‍ട്ട് ഫിസ്കും ജോണ്‍ പില്ജറും സെയ്മൂര്‍ ഹെര്‍ഷും. ഈ ത്രിമൂര്‍ത്തികളില്‍ അവശേഷിക്കുന്നത് ഹെര്‍ഷ് മാത്രം. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ കൂട്ടക്കൊലകള്‍, വിശിഷ്യാ മായ് ലായിയിലെ ഭീകരത പുറത്തുകൊണ്ടു വന്നത് ഹെര്ഷായിരുന്നു.
മുപ്പതു വര്‍ഷത്തിലേറെ ലണ്ടനിലെ ‘ഇൻഡിപെൻഡന്റ്’ ദിനപത്രത്തിന്റെ മധ്യപൗരസ്ത്യ റിപ്പോര്‍ട്ടറായും പിന്നീട് മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ച റോബര്‍ട്ട് ഫിസ്ക് 2020 ഒക്ടോബര്‍ 30ന് എഴുപത്തിനാലാം വയസ്സിലാണ് വിടവാങ്ങിയത്. എംബഡഡ് ജേണലിസം യുദ്ധമേഖലയില്‍ ശക്തിപ്പെട്ട അമേരിക്കയുടെ ഒന്നാം ഇറാഖ് യുദ്ധത്തിനു മുമ്പുതന്നെ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക ഭാഷ്യങ്ങളെ ചോദ്യംചെയ്യാന്‍ കരുത്തുകാട്ടിയ മാധ്യമപ്രവര്‍ത്തകനായിരുന്നു ഫിസ്ക്.
ഉസാമ ബിന്‍ ലാദിനെ മൂന്നുതവണ അഭിമുഖം നടത്തിയയാള്‍, മൂന്ന് ഭൂഖണ്ഡങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തയാള്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ പേറുന്ന റോബര്‍ട്ട് ഫിസ്ക് റിപ്പോര്‍ട്ടിങ്ങിലെ കൃത്യതയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വടക്കന്‍ അയര്‍ലൻഡിലെ സംഘര്‍ഷങ്ങള്‍, ഇറാന്-ഇറാഖ് യുദ്ധം, സോവിയറ്റ് യൂനിയന്റെ അഫ്ഗാന് അധിനിവേശം, ഇറാനിലെ ഇസ്ലാമിക വിപ്ലവം, ബാല്‍ക്കൺ യുദ്ധങ്ങള്‍, ഇറാഖിന്റെ കുവൈത്ത് അധിനിവേശം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം, അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധവും അധിനിവേശവും, ലബനാന്, അല്‍ജീരിയ, സിറിയ എന്നിവിടങ്ങളിലെ ആഭ്യന്തര യുദ്ധങ്ങള്‍, ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങിയവ റോബര്‍ട്ട് ഫിസ്ക് നേരിട്ടു റിപ്പോര്‍ട്ട് ചെയ്ത യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്.
1982ല്‍ ലബനാനിലെ സബ്ര, ശാത്തില അഭയാര്‍ഥി ക്യാമ്പുകളില്‍ ഫലാഞ്ചിസ്റ്റ് മിലീഷ്യയുടെ സഹായത്താല്‍ ഇസ്രായേല്‍ നടത്തിയ ഭീകരത ലോകത്തെ അറിയിക്കാന്‍ മുന്നിലുണ്ടായിരുന്നത് ഫിസ്ക് ആയിരുന്നു.സാമ്രാജ്യത്വമാണ് മുഴുവന്‍ കെടുതികള്‍ക്കും കാരണക്കാരെന്നും അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും യുദ്ധമേഖലകളിലെ അനുഭവം മുന്‍നിര്‍ത്തി ഫിസ്ക് പറഞ്ഞിട്ടുണ്ട്. 2001ലെ അഫ്ഗാന് അധിനിവേശസമയത്ത് അമേരിക്കയുടെ ബോംബിങ്ങില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ചില അഭയാര്‍ഥികള്‍ ഫിസ്കിനെ കൈയേറ്റംചെയ്യുകയുണ്ടായി. എന്നാല്‍, തന്നെ ആക്രമിച്ചവര്‍ക്കെതിരെ ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. സാമ്രാജ്യത്വത്തിന്റെ യുദ്ധഭീകരതയുടെ ഇരകളാണ് അവരെന്നാണ് അദ്ദേഹം പറഞ്ഞത്.
മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് ഒരു ഇസ്രായേലി ജേണലിസ്റ്റിനെയാണ് ഫിസ്ക് ഉദ്ധരിക്കാറുണ്ടായിരുന്നത്. അധികാര കേന്ദ്രങ്ങളെ നിരീക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. താന്‍ കേട്ടതില്‍ വെച്ചേറ്റവും മികച്ച നിരീക്ഷണമാണ് അതെന്നായിരുന്നു ഫിസ്ക് പറഞ്ഞത്. ഗവണ്മെന്റും രാഷ്ട്രീയക്കാരും നമ്മെ യുദ്ധത്തിലേക്ക് നയിക്കുകയും ആരെയൊക്കെ കൊല്ലണമെന്നും ആരൊക്കെ മരിക്കണമെന്നും അവര്‍ തീരുമാനിക്കുമ്പോള്‍ ഇതുതന്നെയാണ് ഒരു മാധ്യമപ്രവര്ത്തകന് ചെയ്യേണ്ടത്.
ഫിസ്കിന് അനുശോചനമര്‍പ്പിച്ച് ജോണ്‍ പില്‍ജര്‍ കുറിച്ചത് ഇങ്ങനെ: ‘‘അവശേഷിക്കുന്ന മഹാരഥന്മാരായ റിപ്പോര്ട്ടര്മാരില് ഒരാളാണ് വിടവാങ്ങിയത്. ഏറ്റവും ധീരനായ പ്രവര്‍ത്തകനെയാണ് ജേണലിസത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.’’ യുദ്ധഭൂമികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ പില്ജറും റോബര്‍ട്ട് ഫിസ്കും പല കാര്യങ്ങളിലും സമാന നിലപാടുകള്‍ സ്വീകരിച്ചവരായിരുന്നു. യുദ്ധങ്ങള്‍ സാമ്രാജ്യത്വ സൃഷ്ടിയും അധികാരഭ്രാന്തിന്റെ ആയുധങ്ങളുമാണെന്ന് ഇരുവരും വിശ്വസിച്ചു. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇസ്രായേലിന്റെ സെറ്റ്ലര് കൊളോണിയലിസത്തിനെതിരെയും ഇരുവരും തൂലിക ചലിപ്പിച്ചു.