1924, 2024നോട് പറയുന്നത്
1924ൽ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തിന് നൂറു വയസ്സാകുന്നു. നൂറുവർഷത്തിനിപ്പുറമുള്ള കാലത്തിനോട് ആ സമ്മേളനത്തിന് എന്താണ് പറയാനുള്ളത്? ആ സമ്മേളനം ജാതിരഹിത ആധുനിക കേരളത്തിന്റെ ജനകീയ ആഘോഷമാക്കണോ? ഗുരുവിന്റെ നാനാതലത്തിലുള്ള ഇടപെടലുകളുടെ തുടര്ച്ചയായിട്ടാേണാ?, അതോ സാംസ്കാരികാർഥത്തില് നിലവില്‍ വന്നുകഴിഞ്ഞ ഐക്യ കേരളത്തിന്റെ ചുമരില്‍ നവോത്ഥാനകാലമെഴുതിയ കവിതയായിട്ടാണോ? -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ സർവമത സമ്മേളനത്തിന്റെ വർത്തമാനകാല...
Your Subscription Supports Independent Journalism
View Plans1924ൽ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തിന് നൂറു വയസ്സാകുന്നു. നൂറുവർഷത്തിനിപ്പുറമുള്ള കാലത്തിനോട് ആ സമ്മേളനത്തിന് എന്താണ് പറയാനുള്ളത്? ആ സമ്മേളനം ജാതിരഹിത ആധുനിക കേരളത്തിന്റെ ജനകീയ ആഘോഷമാക്കണോ? ഗുരുവിന്റെ നാനാതലത്തിലുള്ള ഇടപെടലുകളുടെ തുടര്ച്ചയായിട്ടാേണാ?, അതോ സാംസ്കാരികാർഥത്തില് നിലവില്‍ വന്നുകഴിഞ്ഞ ഐക്യ കേരളത്തിന്റെ ചുമരില്‍ നവോത്ഥാനകാലമെഴുതിയ കവിതയായിട്ടാണോ? -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ സർവമത സമ്മേളനത്തിന്റെ വർത്തമാനകാല പ്രസക്തി വ്യക്തമാക്കുന്നു.
എന്തുവന്നാലും ഇപ്പോഴുള്ള ജീവിതം തുടരുക വയ്യെന്നും പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തില്‍ എന്തു പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവന്നാലും ഞങ്ങള്‍ പിന്മാറുകയില്ലെന്നും പീഡനമനുഭവിക്കുന്നവര്‍ സമസ്ത ഊർജവും സമാഹരിച്ചുകൊണ്ട് പ്രഖ്യാപിക്കുമ്പോഴാണ് ആധിപത്യം വഹിക്കുന്ന അധികാരബന്ധങ്ങളെ അട്ടിമറിക്കുംവിധത്തിലുള്ള ഒരു സ്ഫോടനത്തോടെ സംവാദങ്ങള്‍ സംഭവിക്കുന്നത്. വാക്ക് നിഷേധിക്കപ്പെട്ടവര്‍ ഭാഷയെ സ്വന്തം വരുതിക്ക് വിധേയമാക്കുന്ന വിമോചനത്തിന്റെ ആഘോഷവേളകള്‍ ചരിത്രത്തില്‍ ഒരാകസ്മികതയല്ലാതായി മാറുന്നത് നവോത്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ്. ഇനി വരാനിരിക്കുന്നത് ഞങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ ഒരു വർഗത്തിന്റെയും സാമൂഹികവിഭാഗങ്ങളുടെയും തീപിടിച്ചു കഴിഞ്ഞ വാക്കുകള്‍ക്ക് സ്വയം കത്തിപ്പടരാതെ തത്ത്വങ്ങളില്‍ മാത്രമായി വിശ്രമിക്കുക അസാധ്യമാണ്.
ആധിപത്യം വഹിക്കുന്ന അധികാരഘടനക്കുള്ളില് വിള്ളല്‍ വീഴുന്ന സാമൂഹിക സന്ദര്‍ഭങ്ങളിലാണ് ജീവിതമാകെ സമരോത്സുകമായ ഒരു സംവാദവേദിയായി വികസിക്കുന്നത്. 1888 മുതല്‍ 1959 വരെയുള്ള കാലം കേരളത്തെ സംബന്ധിച്ചിടത്തോളം പരുക്കനർഥത്തില്‍ നാടുവാഴിത്തവുമായുള്ള വിച്ഛേദത്തിന്റെ കാലഘട്ടമാണ്. അതുകൊണ്ടാണ് വ്യത്യസ്തവർഗങ്ങളും സാമൂഹികവിഭാഗങ്ങളും ഇക്കാലയളവില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലും സമീപനങ്ങളിലും വീറും വാശിയും വിട്ടുവീഴ്ചയില്ലായ്മയും ഇന്നത്തെ അപേക്ഷിച്ച് അത്യന്തം തീവ്രമായി അനുഭവപ്പെടുന്നത്.
ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നം ശക്തിപ്പെടുമ്പോഴാണ് പഴയ ലോകത്തിനെതിരെയുള്ള സമരം വളരുന്നത്. ഇനിയും പിറന്ന് കഴിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ലോകം പഴയലോകത്തോട് നടത്തുന്ന നിരന്തരസമരത്തിന്റെ ചുരുക്കപ്പേരാണ് സംവാദം. പഴയ ലോകങ്ങളില്‍ സ്തംഭിച്ചുപോയവര്ക്കും പുതിയ ലോകത്തിനെതിരെ ആയുധം എടുത്തുനില്ക്കുന്നവര്ക്കും സംവാദത്തിന്റെ ഭാഷ മനസ്സിലാവുകയില്ല.
സംവാദം, സമരം നടത്തുന്നത് ‘പണ്ടേയ്ക്കു പണ്ടേ നടപ്പുള്ള’തെന്ന് അഭിനവ ഇട്ടിച്ചാക്കരപ്പന്മാര് വാദിക്കുന്ന പഴയ ലോകത്തിന്റെ ജീർണതകളോട് മാത്രമല്ല; ഇന്നത്തെ ലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നവവാണിജ്യ കാല്പനിക കാഴ്ചപ്പാടുകളോടുമാണ്. ആശയങ്ങളുടെ ലോകത്ത് അലക്ഷ്യമായി അലയുന്ന നവകാല്പനിക സമീപനങ്ങളോടും ജീവിതത്തെ വിവാദത്തിനുള്ള അസംസ്കൃത പദാർഥം മാത്രമായി പരിഗണിക്കുന്ന സംസ്കാരവ്യവസായത്തോടും ഒരേസമയം എതിരിട്ടുകൊണ്ടാണ് ‘സംവാദം’ വളരുന്നത്. അതിന്റെ ലക്ഷ്യം ഇന്നത്തെ ജീവിതത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതം എല്ലാ മനുഷ്യര്‍ക്കും സാധ്യമാക്കാന്‍ ആശയരംഗത്ത് സമരോത്സുകമായി ഇടതടവില്ലാതെ ഇടപെട്ടുകൊണ്ടിരിക്കുക എന്നുള്ളതാണ്.
ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും തമ്മില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്വെച്ച് 1914ല്‍ നടന്ന ആശയസമരം കേരളത്തിന്റെ സംവാദചരിത്രത്തിലെ ആവേശകരമായ ഒരധ്യായമാണ്. ഗുരുവാണ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ ശിഷ്യന്മാര് നിറഞ്ഞിരിക്കുന്നതാണ് സദസ്സ്. എന്നിട്ടും കുഞ്ഞിക്കണ്ണന് എന്ന വാഗ്ഭടാനന്ദൻ, ശ്രീനാരായണ ഗുരു അടക്കമുള്ളവര്‍ നിർവഹിക്കുന്ന വിഗ്രഹ പ്രതിഷ്ഠകള്‍ അത്യന്തം പിന്തിരിപ്പനും യാഥാസ്ഥിതികവുമാണെന്ന് നീറിന്റെ നിര്‍ബന്ധബുദ്ധിയോടെ അവിടെ വെച്ച് വാദിച്ചു. ‘വികാരത്തെ വ്രണപ്പെടുത്തുന്ന’ പ്രകോപനപരമായ പ്രസ്തുത പ്രസംഗത്തോട് അധ്യക്ഷനായ ഗുരു പ്രതികരിച്ചത് അത്ഭുതപ്പെടുത്തുംവിധം സംയമനം പാലിച്ചാണ്. അദ്ദേഹം പറഞ്ഞു, ‘‘കുഞ്ഞിക്കണ്ണന് പറഞ്ഞത് ശരിയാണ്.’’ സദസ്സ് അക്ഷരാർഥത്തില്‍തന്നെ അന്ധാളിച്ചുപോയി.
മുനി ശിവപ്രസാദ് എന്ന നാരായണ ശിഷ്യനാണ് പിന്നീട് സംസാരിച്ചത്. അദ്ദേഹം വാഗ്ഭടാനന്ദന് പറഞ്ഞതെല്ലാം അപ്രസക്തമാണെന്നും വിഗ്രഹ പ്രതിഷ്ഠകള്‍ അനിവാര്യമാണെന്നും സയുക്തികം സ്ഥാപിക്കാന്‍ ശ്രമിച്ചു. സദസ്സിന് തൃപ്തിയായി. അവര്‍ ഹര്‍ഷാരവം മുഴക്കി. അധ്യക്ഷനായ ഗുരു എന്തു പറയുമെന്നവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ‘‘ശിവപ്രസാദ് പറഞ്ഞതും ശരിയാണ്.’’ അതായിരുന്നു ഗുരുവിന്റെ പ്രതികരണം! സദസ്സ് വിശദീകരണം ആവശ്യപ്പെട്ടു. അപ്പോള്‍ ഗുരു പറഞ്ഞു: ‘‘കുഞ്ഞിക്കണ്ണന് പറഞ്ഞത് വിജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ശരിയാണ്. ശിവപ്രസാദ് പറഞ്ഞത് അജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ശരിയാണ്.’’ ഈ സംവാദം നടന്ന് മൂന്നു കൊല്ലം കഴിഞ്ഞതിനുശേഷമാണ് 1917ല്‍ ഇനിമുതല്‍ നിര്‍ബന്ധമായും നാം ക്ഷേത്രങ്ങള്‍ നിർമിക്കേണ്ടതില്ല എന്ന ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ വിളംബരം പുറത്തുവരുന്നത്.
പ്രയോഗത്തില്‍ മാത്രം താല്‍ക്കാലികമായി വിശ്രമിക്കുന്ന ഒരാശയ പ്രക്ഷോഭത്തിന്റെ മറ്റൊരു പേരാണ് സംവാദം. അത് ആദര്‍ശങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി ആശയങ്ങളുടെ ലോകത്ത് നടക്കുന്ന അവിരാമമായ ഒരു സൈദ്ധാന്തികസമരത്തിന്റെ ആവിഷ്കാരമാണ്. വീണ്ടും ഒരേഴുവര്ഷം കഴിഞ്ഞ് 1924ല്‍ അതേ ആലുവയിലെ അദ്വൈതാശ്രമത്തില്‍ നടന്ന പ്രശസ്തമായ ‘സർവമതസമ്മേളന’മാകട്ടെ, പുനരുത്ഥാനത്തിനെതിരെ നവോത്ഥാനം അന്നുവരെ നടത്തിപ്പോന്ന പ്രതിരോധത്തിന്റെ മഹോത്സവമായി മാറുകയും ചെയ്തു.
ആ മഹാസമ്മേളനത്തിന് സ്വാഗതം പറഞ്ഞ സത്യവ്രത സ്വാമികളായി മാറിയ അയ്യപ്പന് പിള്ളതന്നെയും നവോത്ഥാനം നിർമിച്ച സംവാദജീവിതത്തിന്റെ മികച്ച മാതൃകയാണ്. ജാതിമേല്‍ക്കോയ്മയുടെ അവസാനത്തെ അവശിഷ്ടത്തോടും കണക്കുതീർത്താണ് അദ്ദേഹം ഗുരുവിന്റെ വത്സലശിഷ്യനായത്. ഇതാ, നിങ്ങളെ മർദിച്ച ഈ കരങ്ങള്‍ നിങ്ങളുടെ മലമൂത്രം കോരാന്‍ സന്നദ്ധമായിരിക്കുന്നു, സഹോദരങ്ങളേ എന്ന് മർദിതജനവിഭാഗത്തോട് ഇത്രമേല്‍ വികാരഭരിതമായി പ്രഖ്യാപിച്ച മറ്റധികം ശിഷ്യര്‍ ഗുരുവിനില്ല.
പ്രതിഷ്ഠകളില്നിന്ന് പ്രത്യക്ഷ ആദര്‍ശത്തിലേക്കുള്ള ഗുരുവിന്റെ കുതിപ്പിനെയാണ് അദ്വൈതാശ്രമം ആഘോഷിച്ചത്. ‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ഒരു ദോഷവുമില്ല’’ എന്ന പ്രശസ്തമായ ആ ഒറ്റവരി സന്ദേശവും ‘‘മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെ’’ന്ന ഓർമിപ്പിക്കലും, ‘‘നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം അതിന് വിഘാതമായുള്ളതെല്ലാം ഇല്ലാതാകണം’’ എന്ന തീര്‍പ്പും, ‘‘മതമിഷ്ടംപോലെ പറയുവാനും ഒന്നും ഇല്ലെന്ന് പറയുവാനും സ്വാതന്ത്ര്യം വേണം’’ എന്ന കാവ്യാത്മക സമീപനവും സര്‍വ അധോമുഖ പ്രവണതകളെയും പ്രതിരോധിക്കാനുള്ള നിരന്തര സമരത്തിന്റെ ആവശ്യകതയുമാണ്, അതിനൊപ്പം ‘അപരവിദ്വേഷശിലകളാല് തീര്‍ത്ത തടവറയല്ലെന് ഭവനം’ എന്ന അഗാധമായ തിരിച്ചറിവുമാണ് 2024ലെ 1924 നിര്‍ഭയം ആവിഷ്കരിക്കുന്നത്.
സച്ചിദാനന്ദന് മാഷിന്റെ ‘അയോധ്യയുടെ ആത്മഗതം’ എന്ന കവിതയില്‍ പറയും വിധം ‘‘തകര്‍ത്തു നിങ്ങളെന്‍ പ്രിയ ദേവഗൃഹം/ ഉയര്‍ത്തീ ഗര്‍വിന്റെ തണുത്ത സ്മാരകം’’ എന്ന ഇന്ത്യാചരിത്രത്തിലെ ബാബരി പള്ളി പതനത്തെ സ്മരിച്ചുകൊണ്ടും, അത്തരം പ്രതിലോമ പ്രവണതക്ക് ഊർജമുൽപാദിപ്പിക്കുന്ന വിദ്വേഷ പ്രത്യയശാസ്ത്രങ്ങളെ എതിരിട്ടുകൊണ്ടുമല്ലാതെ ഇന്ന് 1924ലെ സ്മരണകളിരമ്പുന്ന ആ മഹാമത-മാനവിക ജാതിരഹിത മതരഹിത സമ്മേളനത്തെ നമുക്കഭിവാദ്യം ചെയ്യാനാവില്ല.
1924ലെ ‘മതമഹാസമ്മേളന’ത്തിന് സ്വാഗതമാശംസിച്ച സത്യവ്രത സ്വാമികള്‍ ഗുരുചിന്തയുടെ സൂക്ഷ്മസംഗ്രഹമാണ് അവതരിപ്പിച്ചത്. പ്രത്യക്ഷവും പ്രച്ഛന്നവുമായി സര്‍വ അപരപ്രവണതകളെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയിലാണത് അടിവരയിട്ടത്. ഉള്‍ക്കൊള്ളലിന്റെ മഹാസന്ദേശമാണത് ഉയര്‍ത്തിപ്പിടിച്ചത്. വ്യത്യസ്ത മത കാഴ്ചപ്പാടുകള്‍ തമ്മില്‍ പരസ്പരം സൗഹൃദം ശക്തിപ്പെടുത്താനാവശ്യമായ സ്നേഹസംവാദത്തിന്റെ നൈതികതയിലാണത് നിര്വൃതപ്പെട്ടത്. അതുവഴി സര്‍വമതസമ്മേളനം മത-മതരഹിത ഒത്തുചേരല്‍ വേദികൂടിയായി വളരെ വേഗം വളര്‍ന്നു. അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ ഗുരു പുലര്‍ത്തിയ ‘വ്യവസ്ഥാവിരുദ്ധത’ സര്‍വമതസമ്മേളനത്തിലും സ്വന്തം സര്‍ഗാത്മക മുദ്ര പതിപ്പിച്ചു.
സാങ്കേതികാർഥത്തില്‍ മതരഹിതരെ പ്രതിനിധാനം ചെയ്യാൻ ഒരു പ്രഭാഷകനും ആ സമ്മേളനത്തിലുണ്ടായിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍, സമ്മേളനത്തിന്റെ ‘സംഘാടനം’ പൊതുവില്‍ മതരഹിതരായ സഹോദരന് അയ്യപ്പന് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നടന്നത്. പ്രസ്തുത സമ്മേളനത്തിന്റെ അന്തഃസത്തക്ക് ചേരാത്ത ചില പ്രയോഗങ്ങള്‍, ആര്യസമാജ പ്രതിനിധിയായ പണ്ഡിറ്റ് ഋഷിരാജ് അവതരിപ്പിച്ചപ്പോള്‍, വിവര്‍ത്തകരായ അയ്യപ്പനും ടി.കെ. മാധവനും അതില്‍നിന്ന് വിട്ടുനിന്ന് പ്രതിഷേധം അറിയിച്ചത് ഒരതിശയത്തോടെയല്ലാതെ ഇന്നും നമുക്ക് ഓര്‍ത്തെടുക്കാനാവില്ല. ‘‘മതമേതായാലും മതമൊന്നുമില്ലെങ്കിലും ജാതി പോയാല്‍ മതി’’യെന്ന 1921ലെ സമസ്തസഹോദര സമ്മേളനത്തിലെ മഹാസന്ദേശംതന്നെയാണ് പരോക്ഷമായി സര്‍വമത സമ്മേളനവും പ്രഖ്യാപിച്ചത്.
ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ യഹൂദമത വിശ്വാസപ്രതിനിധി ഡോ. എ.ബി. സാലോത്തെ പോലും ഉള്‍ക്കൊണ്ട ആ സമ്മേളനം, മതത്തെ കൂടി പ്രതിനിധാനം ചെയ്യുന്ന ഒരൊറ്റ ജാതി പ്രതിനിധിയെയും സൗഹാര്‍ദ പ്രതിനിധികളായി പോലും ക്ഷണിച്ചിട്ടില്ലെന്നുള്ളത് പ്രത്യേകം പഠനാര്‍ഹമാണ്. 1921ല്‍ ഇതേ അദ്വൈതാശ്രമത്തില്‍ നടന്ന കേരളത്തിന്റെ സാംസ്കാരിക ഭാഗധേയം തിരുത്തിയ സമസ്ത കേരള സഹോദര സമ്മേളനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 1924ലെ മഹാസമ്മേളനം പഠിക്കപ്പെടേണ്ടത്.
ഏറ്റവും ചുരുങ്ങിയത് മൂന്ന് ‘1924’കള്‍ എങ്കിലും സര്‍വമത സമ്മേളനസ്മരണകളില് സന്നിഹിതമാണ്. ഒന്ന്, 1888ലെ അരുവിപ്പുറം പ്രതിഷ്ഠ മുതല്‍, 1928ലെ ശിവഗിരി തീർഥാടന കാഴ്ചപ്പാടിനകത്ത് ഉള്‍പ്പെടുന്ന മത മഹാസമ്മേളനം. രണ്ട്, 1914ലെ അദ്വൈതാശ്രമ സ്ഥാപനത്തിനുശേഷം, അവിടെ നടന്ന സവിശേഷ സംവാദങ്ങളുടെ തുടര്‍ച്ചയില്‍ സംഭവിച്ച 1924. മൂന്നാമത്തേത്, 2014ന് ശേഷം രൂപപ്പെട്ട നവ ഫാഷിസ്റ്റ് രാഷ്ട്രീയാന്തരീക്ഷത്തില്‍ നമ്മുടെ കാലം അനിവാര്യമായും പുതുതായി കണ്ടെത്തേണ്ട 1924. ഭൂതകാലമാകാന്‍ വിസമ്മതിക്കുന്ന ആ തൊള്ളായിരത്തി ഇരുപത്തിനാലിനെയാണ്, വെറുപ്പ്, കൊടി പറത്തുന്ന വര്‍ത്തമാനകാലത്തോട് എതിരിടാന്‍ ശേഷിയുള്ള ആ സ്നേഹസംവാദ ഇരുപത്തിനാലിനെയാണ് നാമിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ടത്.
‘‘മതം എന്നുവെച്ചാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ച് കഴിയാം. ജാതിഭേദം വരരുത്. അതാണ് വേണ്ടത്. മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെയും ഇഷ്ടംപോലെ ആയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കാം മകന് ഇഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം.’’ ഗുരു സങ്കല്പിച്ച ‘നാട്ടകം’ മാത്രമല്ല ‘വീട്ടകവും’ വ്യത്യസ്ത അറിവുകളുടെ ആനന്ദനിര്‍ഭരമായ വിനിമയവേദികളായിരുന്നു. ‘വിഗ്രഹപ്രതിഷ്ഠകളെ’ പ്രതിരോധത്തിന്റെ ചുവടുവെപ്പായി കണ്ട ഗുരു അതിനെ ഒരിക്കലും, ആത്യന്തിക തത്ത്വമാക്കിയില്ല.
1916ലെ ‘ജാതി-മതങ്ങള്‍’ വിട്ടിരിക്കുന്നുവെന്ന വിളംബരവും 1917ലെ ഇനി വിദ്യാലയങ്ങളും ആശുപത്രികളുമാണ് ആവശ്യമെന്നും ആരാധനാലയങ്ങള്‍ അനിവാര്യമായി തോന്നുന്നുവെങ്കില്‍ സർവര്‍ക്കും പ്രവേശനം ഉറപ്പുവരുത്തും വിധം, ‘കാറ്റും വെളിച്ചവും’ കടക്കത്തക്കവിധം വെച്ചുകൊള്ളുക എന്നും, പിന്നെ അവിടെനിന്നും മുന്നോട്ടു പോയി ഇനി ആദര്‍ശങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോവേണ്ടതെന്നും ഗുരു നിർദേശിക്കുന്നുണ്ട്. അതായത് ‘ആരാധനാരീതികള്‍’ പോലെ ‘മതംമാറ്റത്തെയും’ പ്രായോഗികതലത്തില്‍ ‘ആവശ്യമാവുമ്പോള്‍’ പിന്തുണക്കുകയും ഉള്‍ക്കൊള്ളുകയും, അതേസമയം, വിഗ്രഹങ്ങളില്ലാതെയും മതം മാറാതെയും ഉന്നതതലത്തിലുള്ള ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഗുരു ചെയ്തത്.
ഇഷ്ടംപോലെ മതം മാറാവുന്നതാണെന്നും എന്നാല്‍, ഓരോരുത്തരുടെയും ജീവിതം സ്വന്തം മതത്തിന്റെ പ്രമാണമാവും വിധം വളര്‍ന്നാല്‍ അതുതന്നെയാണ് മനഃപരിവര്‍ത്തനത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും മികച്ച മാതൃകയെന്നും, പിന്നെയെന്ത് ‘മതപരിവര്‍ത്തന’മെന്നുള്ള ഗുരു കാഴ്ചപ്പാടിനെ മാനസികവളര്‍ച്ചയുടെ വ്യത്യസ്തഘട്ടങ്ങളെ പരിഗണിക്കാതെ അനുകൂല -എതിര് ഇരട്ടകളാക്കി അവതരിപ്പിക്കുമ്പോള്‍ ഗുരു തള്ളിക്കളഞ്ഞ ‘താര്‍ക്കികത’യുടെ വിഷമവൃത്തത്തില്‍, വ്യാജവാദപ്രിയതയില് വിമര്‍ശകര്‍ പെട്ടുപോവും.
സാമൂഹികതലത്തില്‍ മതപരിവര്‍ത്തനം ആവശ്യമാവുന്ന അവസ്ഥയില്‍, തത്ത്വചിന്താ തലത്തില്‍ അത്രതന്നെ അത് അപ്രസക്തമാവുന്നത് തിരിച്ചറിയാത്തവരാണ് ഇന്നും മതപരിവര്‍ത്തന ബഹളം സൃഷ്ടിക്കുന്നത്. മണ്ണാപ്പേടിയും പുലാപ്പേടിയും പോയ്മറഞ്ഞെങ്കിലും മതപ്പേടി വിട്ടുപോയിട്ടില്ല. ഗുരു അവര്‍ക്കൊപ്പമല്ല. ഇത്തിരിവട്ടത്തില്‍ കറങ്ങുന്ന അധോമുഖര്ക്കൊരിക്കലും, ‘‘ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും/ ത്രിപുടി മുടിഞ്ഞിടും ദീപം’’ കാണാനാവില്ല. അവര്‍ക്ക് ഗുരു സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ അറിവിന്റെ വെളിച്ചം അന്യമായിരിക്കും.
തോൽപിക്കാന് വേണ്ടിയുള്ള തര്‍ക്കം ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത് വെറും തര്‍ക്കമായി മാത്രമല്ല ഉപനിഷദ് രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത കപടയതികളുടെ, പലതരം പരസ്യങ്ങളില്‍ കൂടിയാണ്. അറിയാനും അറിയിക്കാനുമുള്ള വിനയമല്ല, അടിമപ്പെടുത്താനുള്ള വ്യഗ്രതയാണ് അവിടങ്ങളില്‍, വളര്‍ത്തിയെടുക്കപ്പെടുന്നത്.
സ്വന്തം പേരിനെ അപ്രസക്തമാക്കുംവിധം ‘പരമത ഖണ്ഡന സ്വാമി’ എന്നൊരു പണ്ഡിതന് 1880കളില്‍ ‘മൂത്തകുന്നം’ പ്രദേശത്ത് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ പേര് ഒരു വ്യക്തിയെന്ന നിലയില്‍ എന്നുള്ളതിനേക്കാള്‍, ഒരു കാലഘട്ടത്തിന്റെ താര്‍ക്കിക പ്രവണതയുടെ അടയാളവുമാണ്. അധ്വാന പ്രവര്‍ത്തനം പലതരത്തിലുള്ള ‘സഹകരണം’ ആവശ്യപ്പെടുമ്പോള്‍; എല്ലാതരം ‘മേല്‍ക്കോയ്മക്കും ഏതെങ്കിലും തരത്തിലുള്ള ‘അടിച്ചമര്‍ത്തല്‍’ അനിവാര്യമാകും. സർവ ശരീര-നിന്ദാ തത്ത്വചിന്തക്കുമടിയില് പരോക്ഷമായെങ്കിലും അധ്വാനനിന്ദതന്നെയാണ് ഒളിച്ചിരിക്കുന്നത്. കുതര്‍ക്കം മറ്റ് പലതിനൊപ്പം നാനാതരത്തിലുള്ള അധ്വാനനിന്ദയുടെ മാതൃഭാഷയാണ്.
വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ ‘തര്‍ക്കം’ വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നവോത്ഥാന കാലത്ത് പൊതുവില്‍ അത് പുനരുത്ഥാനകേന്ദ്രിതമായി, പ്രതിലോമകരമായാണ് പ്രവര്‍ത്തിച്ചത്. അധ്വാനകേന്ദ്രിതമായ പ്രത്യക്ഷ അറിവുകളെയും അതിന്റെതന്നെ തുടര്‍ച്ചയായി രൂപംകൊണ്ട ‘പരോക്ഷ’ അറിവുകളെയും കൃത്രിമമായി വിഭജിച്ച്, അമൂര്‍ത്ത അറിവുകളുടെ കേവലമേല്ക്കോയ്മ ജീവിതത്തിനുമേല്‍ അടിച്ചേൽപിക്കാനുള്ള ഒരാശയ സംവിധാനമായിട്ടാണ് പുനരുത്ഥാനവാദികള്‍ ‘തര്‍ക്ക’ത്തെ ഉപയോഗപ്പെടുത്തിയത്.
‘നിങ്ങള്‍ക്ക് കളഞ്ഞുപോവാത്തത് നിങ്ങളുടെ കൈവശമിപ്പോഴുമുണ്ട്. നിങ്ങള്‍ക്ക് കൊമ്പുകള്‍ കളഞ്ഞുപോയിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് കൊമ്പുകളുണ്ട്’ എന്ന തരത്തിലുള്ള ‘കുതര്ക്കങ്ങളാണ്’ പരമതഖണ്ഡനക്കാര് മനോഹരമായ ‘കുപ്പായം’ ധരിപ്പിച്ച് തര്ക്കമെന്നമട്ടില് പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യന്‍ സവർണത ‘ശങ്കരാചാര്യര്‍’ കയറിയതായി കരുതുന്ന അറിവിന്റെ ‘സർവജ്ഞപീഠം’ എന്ന മിത്ത് സത്യത്തില്‍ ഭീമാകാരമായി വളര്‍ന്ന ആ മേല്‍ക്കോയ്മാ കാഴ്ചപ്പാടിന്റെ വിജയസ്തംഭമാണ്. സത്യത്തില്‍ ‘വാദിക്കാനും ജയിക്കാനുമല്ല’ എന്ന ധീരവിനയപ്രഖ്യാപനത്തിലൂടെ ഗുരു ഇടിച്ചുപൊളിച്ചത്, ആ സവര്‍ണ വിജയസ്തംഭത്തെയാണ്. കേരളത്തില്‍ സംഭവിച്ചതും എന്നാല്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയതുമായ മറ്റൊരു ‘ഭീമാകൊറഗോവ്’!
സത്യത്തില്‍ 1924ലെ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തെ ജാതിരഹിത ആധുനിക കേരളത്തിന്റെ ജനകീയ ആഘോഷമെന്ന നിലയിലാണ്, 1888ലെ അരുവിപ്പുറം പ്രതിഷ്ഠയടക്കമുള്ള ഗുരുവിന്റെ നാനാതലത്തിലുള്ള ഇടപെടലുകളുടെ തുടര്‍ച്ചയായാണ്, സാംസ്കാരികാർഥത്തില് നിലവില്‍ വന്നുകഴിഞ്ഞ ഐക്യകേരളത്തിന്റെ ചുമരില്‍ നവോത്ഥാനകാലമെഴുതിയ കവിതതന്നെയായാണ് ആഘോഷിക്കപ്പെടേണ്ടത്.
ഗുരു ഹിന്ദുമതം ഉപേക്ഷിച്ച് ഏകമതവാദിയാവുകയോ മതംതന്നെ ഉപേക്ഷിച്ച് നിരീശ്വരനാവുകയോ ചെയ്യുകയല്ല, സ്വയമൊരു ‘കവിതാമത’ത്തിലേക്കുയരുകയാണുണ്ടായത്. ആര്‍ക്കും വന്നുചേരുകയും കടന്നുപോവുകയും ചെയ്യാനാവുംവിധം, അടക്കാന്‍ വാതിലുകളില്ലാത്ത, ഒരു തുറന്ന ആശയലോകമാണ്, ജാതിവ്യവസ്ഥക്ക് ബദലായി ഗുരു കെട്ടിപ്പൊക്കിയത്. സർവ മതങ്ങളെയും സ്വാഗതം ചെയ്തപ്പോഴും, സർവ മതങ്ങളെയും അദ്ദേഹം സ്വീകരിച്ചില്ല. അധോമുഖത്വ പ്രവണതകള്‍ക്കെതിരെ എവിടെനിന്നും ഉറന്നൊഴുകിയ ഊർധ്വമുഖത്വ പ്രചോദനങ്ങളെ ആശ്ലേഷിക്കാനാണദ്ദേഹം ഉത്സുകമായത്.
അലച്ചില്‍ കാലത്തെ കല്ലും മുള്ളും ‘കാലിത്തൊഴുത്തും’ അറിയാത്ത നാനാജാതി മതസ്ഥരും നല്കിയ സാന്ത്വനത്തില്നിന്നാണ്, അദ്ദേഹത്തിന്റെ ‘അദ്വൈതം’ ശരിക്കുള്ള ജീവിതം ആരും പഠിപ്പിക്കാതെ സ്വയം പഠിച്ചത്. അമൂര്‍ത്തമായ ഉടുപ്പുകളൊക്കെയും ഊരിവെച്ച് അദ്വൈതം ഗുരുവില്‍ മൂര്‍ത്തവും മാനവികവും കാവ്യാത്മകവുമായി! അതില്‍നിന്നാണ് സ്നേഹസാന്ദ്രതയുടെ സാക്ഷാത്കാരമായൊരു ‘കൃപാലു’ ഇറങ്ങിവന്നത്. ഏറെ ഹൃദയസ്പര്‍ശിയായ ‘ആത്മോപദേശശതകം’ ‘അപരത്വത്തിന്നെതിരെയുള്ള’ പ്രിയത്തിന്റെ സ്നേഹസമര സംഗ്രഹമാണ്. ‘പ്രിയ’മാണ് ഗുരുവിന് പ്രിയപ്പെട്ട വാക്കും മൗനവും സർവവും. 1924ലെ ജാതിരഹിത മതസൗഹാർദ സമ്മേളനത്തെ മലയാളത്തിന്റെ മഹാവാക്യമായി മാറിയ ആ ‘പ്രിയ’ത്തിന്റെ മാസ്മരികപ്രയോഗമായിട്ടാണ് മനസ്സിലാക്കേണ്ടത്.
‘‘നാം മര്‍ത്ത്യര്‍ ഒരേ തീ വഹിപ്പവര്‍’’ എന്നെപ്പോഴും അമര്‍ത്തി പറഞ്ഞു ഗുരു. എന്നാല്‍, എല്ലാവരും മനുഷ്യരല്ലേ എന്ന ചോദ്യത്തോട് മഹാപണ്ഡിതനായ സ്വാമി ദയാനന്ദ സരസ്വതി പ്രതികരിച്ചത് അധഃസ്ഥിതരുടെ ശരീരം ദുര്‍ഗന്ധപൂരിതമായ അണുക്കളെക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്നത്രെ! ജാതിയെക്കുറിച്ചുള്ള ‘ഓറസിദ്ധാന്തവും’ സമാന കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്. മനുഷ്യത്വവിരുദ്ധമായ ജാതിസങ്കല്പത്തെ മഹത്ത്വപ്പെടുത്താന്‍ പലരും വല്ലാതെ വിയർത്തിട്ടുണ്ട്. ശങ്കരാചാര്യരും മഹാത്മാ ഗാന്ധിയും എത്രയോ വലിയവരാണെങ്കിലും ‘ജാതികാര്യത്തില്’ അവര്‍ എത്രയെത്രയോ ചെറുതാണെന്ന് പറയാന്‍ ഗുരു മടിച്ചില്ല.
‘മനുഷ്യന് കെട്ടുപോയിട്ട് ലോകത്തില്‍ സുഖമുണ്ടായിട്ട് എന്ത് കാര്യം, ജാതിയാണ് മനുഷ്യനെ കെടുത്തുന്നത്’ എന്ന മൗലിക കാഴ്ചപ്പാടിന് കീഴ്പ്പെട്ടാണ് ഗുരുവിന്റെ ചിന്താലോകം വികസിക്കുന്നത്. ഗുരു അപരത്വത്തിന്റെ ആള്‍രൂപമായി അവതരിപ്പിച്ച ‘അധോമുഖ മനുഷ്യന്’, ‘ജാതി’ കെടുത്തിയ ‘കൃപണ’നെന്ന ചെറിയ മനുഷ്യനാണ്. ഗുരു ആദര്‍ശമായി പ്രകീര്‍ത്തിച്ച ‘പ്രിയ’ത്തെ പ്രതിനിധാനം ചെയ്യുന്നവരെയാണ് ‘അരുളുള്ളവര്’, ‘കൃപാലു’, ‘പരയുടെ പാല് നുകര്‍ന്നവര്‍’ എന്നദ്ദേഹം അടയാളപ്പെടുത്തിയത്. സൂക്ഷ്മാർഥത്തില്‍ മാതൃസ്ഥാന് എന്ന് മുമ്പേ പരാമര്‍ശിച്ച ആ ‘ജാതിക്കൊല്ലി’ കവിതയുടെ നീട്ടിയെഴുത്താണ്, പൊതുവില്‍ ഗുരുവിന്റെ ആശയലോകം.
‘1924’ ആ അർഥത്തില്‍ ജാതിരഹിത കീഴാള നവോത്ഥാനത്തിന്റെ നിർമിതിയാണ്. 1893 സെപ്റ്റംബര്‍ 11ന്റെ ഷികാഗോയിലെ വിവേകാനന്ദന്റെ ഇടപെടല്‍ കൊണ്ടുകൂടി ശ്രദ്ധേയമായ ലോകമത സമ്മേളനത്തിനുശേഷം നടന്ന, ഏഷ്യയിലെ ആദ്യത്തെ മതസമ്മേളനമെന്ന കേവലാർഥത്തിനപ്പുറം, ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ സവിശേഷതയായ ജാതിയെ പുറത്തുനിര്‍ത്തി നടന്ന ലോകത്തിലെതന്നെ ആദ്യ ജാതിരഹിത മതമഹാസമ്മേളനം. 1924 സൂക്ഷ്മാർഥത്തില്‍ മനുവിന്റെ മന്ദഹാസത്തിനകത്തെ അലര്ച്ചകളെയാണ്, മനുഷ്യവിദ്വേഷ വിഭജന പ്രവണതകളെയാണ് ആഴത്തില്‍ വിചാരണ ചെയ്യുന്നത്.
ഏതു മതം എങ്ങനെ പിഴിഞ്ഞാലും അതില്‍നിന്നും മൂല്യത്തിന്റെ സത്ത കിട്ടും. കൂട്ടത്തില്‍ അസംബന്ധങ്ങളും! മതത്തിന്റെ സൈദ്ധാന്തികതയോട് വിയോജിക്കുന്നവര്‍ക്കും അതൊരു സ്നേഹസംവാദ വിരുന്നൊരുക്കും! എന്നാല്‍ എത്ര മധുരം ചേര്‍ത്ത് പിഴിഞ്ഞാലും ജാതിയില്‍നിന്ന് കൊള്ളാവുന്ന ഒരു മൂല്യവും കിട്ടില്ല. മനുഷ്യത നൃത്തംവെക്കുന്ന ഒരു വിദൂര ചുവടുവെപ്പിന്റെ നേര്‍ത്ത ശബ്ദംപോലും അതില്‍നിന്നും എത്ര കാതോര്‍ത്താലും ആര്‍ക്കും കേള്‍ക്കാന്‍ കഴിയില്ല.
ഇന്ത്യയില്‍ വളരേണ്ട മാനവികതക്കു മുന്നില്‍ വഴിമുടക്കി നില്ക്കുന്ന ജാതിരാക്ഷസനെതിരെ ബുദ്ധന്, ബസവാചാര്യന്, ഫുലെ, അംബേദ്കര്‍, ഇ.വി.ആര്, അയോത്തിദാസ്, വൈകുണ്ഠ സ്വാമി, ഗുരു, പൊയ്കയില്‍ അപ്പച്ചന്, അയ്യൻകാളി, വേലുക്കുട്ടി അരയന്, പണ്ഡിറ്റ് കറുപ്പന് തുടങ്ങിയ മഹാപ്രതിഭകള്‍ നിർവഹിച്ച സമരങ്ങളാണ്, ഇന്ത്യന്‍ മാനവികതയെ ഇത്രയെങ്കിലും മുന്നോട്ടുനയിച്ചത്. വ്യാഖ്യാന സാമർഥ്യമല്ല, വിട്ടുവീഴ്ചയില്ലാത്ത മാനവിക നിലപാടുകളും നിരന്തര സമരങ്ങളുമാണ്, ജാതിമേല്‍ക്കോയ്മാ ശക്തികള്‍ക്ക് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. ഗുരുചിന്തയുടെ തുടര്‍ച്ചയില്‍ ചികിത്സയില്ലാത്ത മഹാരോഗമായാണ്, ജാതിയെ സഹോദരനയ്യപ്പന് കണ്ടത്.
‘‘ജാതിബോധശീലങ്ങള് മാറുമ്പോള്‍/ മനുഷ്യരാദ്യമായി മനുഷ്യരെ മനുഷ്യരായി കാണും, ആരോഗ്യമാര്ന്നിടും എന്നും/... എത്ര ബുദ്ധി വളര്‍ന്നാലും/ എത്ര വിദ്യ പഠിക്കിലും/ ജാതി പോകാതെയാ സിദ്ധി/ കൈവന്നീടില്ലൊരുത്തനും...’’ എന്നും ജാതിചികിത്സാ സംഗ്രഹത്തില്‍ അദ്ദേഹം അമര്‍ത്തി പറഞ്ഞത്, കാലമേറെ കഴിഞ്ഞിട്ടും ഇന്നും എത്രയോ പ്രസക്തമാണെന്നതിന്, ജീവിതാനുഭവങ്ങള്‍ സാക്ഷിപറയും!
‘‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്, വേണം ധര്‍മം വേണം ധര്‍മം വേണം ധര്‍മം യഥോചിതം’’ എന്ന അയ്യപ്പചിന്ത, ഗുരുചിന്തയുടെ തന്നെ തുടര്‍ച്ചയാണ്. ഞാന്‍ ഈയിടെ ഒരാധാരത്തില്‍ ഹിന്ദു എന്നെഴുതുന്നതിന്നു പകരം ബുദ്ധമതം എന്നാണ് എഴുതിയതെന്ന് അയ്യപ്പന് പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞത് ‘ജാതി’ എഴുതിയിട്ടില്ലല്ലോ, അതുമതി എന്നായിരുന്നു. ആ ‘അതുമതി’യില്‍ വെച്ചാണ് ‘1924’ലെ ജാതിരഹിത മതമഹാസമ്മേളനം വായിക്കേണ്ടത്. സവർണത മതപരിവര്‍ത്തനത്തോട് പുലര്‍ത്തുന്ന അസഹിഷ്ണുത, അർഥശൂന്യമാണെന്ന്, നിരവധി സന്ദര്‍ഭങ്ങളില്‍ ഗുരു വ്യക്തമാക്കി.
പലമതമുള്ളവരും ഒരു മതവുമില്ലാത്തവരും ഒന്നിച്ചു ജീവിക്കുന്ന, വാദിക്കാനും ജയിക്കാനുമല്ലാതെ പരസ്പരം അറിയാന്‍ ശ്രമിക്കുന്ന, ഒരു കാര്യത്തെക്കുറിച്ചു തന്നെ നിരവധി കാഴ്ചപ്പാടുകള്‍ സാധ്യമാണെന്ന് തിരിച്ചറിയുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനെന്നപോലെ പിഴുതെറിയാനും സ്വാതന്ത്ര്യമുള്ള ഒരു ജീവിതക്രമമാണ് ഗുരു സ്വപ്നം കണ്ടത്. ഭാവിയിലെ ബഹുസ്വരതയുടെ പ്രതീകാത്മകലോക മാതൃക നിരവധി ആത്മസംഘര്‍ഷങ്ങള്‍ക്കിടയിലും സ്വന്തം ജീവിതകാലത്തുതന്നെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ മഹാവിസ്മയമാണ് ഗുരു.
മതപരിവര്‍ത്തനവാദികള്‍ക്കും മതപരിവര്‍ത്തന വിരുദ്ധ വാദികള്‍ക്കും തീവ്ര ആത്മീയവാദികള്‍ക്കും കടുത്ത ഭൗതികവാദികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്കുന്നവര്ക്കും സാംസ്കാരിക പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്കുന്നവര്ക്കും ഗൃഹസ്ഥര്‍ക്കും സന്യസ്ഥര്‍ക്കും മാംസാഹാരികള്‍ക്കും സസ്യഭോജികള്‍ക്കും കാവിക്കും മഞ്ഞക്കും വെള്ളക്കും യൂറോപ്യന്വസ്ത്രത്തിനും മിശ്രവിവാഹത്തിനും മിശ്രഭോജനത്തിനും ജാതിമേല്ക്കോയ്മയൊഴിച്ച് സർവതിനും സ്നേഹസംവാദം തുടര്‍ന്ന്, ഒരു കുടക്കീഴില് മാനവിക മുന്നേറ്റത്തിനുവേണ്ടി ഒത്തൊരുമിക്കാന്‍ കഴിയുമെന്ന്, സിദ്ധാന്തതലത്തിലല്ല, പ്രായോഗികതലത്തില്തന്നെ, തെളിയിക്കാനായി എന്നുള്ളത്, എക്കാലത്തെയും സമൂഹ ‘ജീവിതഗുണത’ കൈവരിച്ചൊരു മഹാനേട്ടമായി സംസ്കാര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും.
സത്യത്തില്‍ 1888ലെ അരുവിപ്പുറം കവിത തന്നെയാണ്, ഒരുപരിധിവരെ 1914ലെ ആലുവയിലെ പ്രതിഷ്ഠകളൊന്നുമില്ലാത്ത ‘അദ്വൈതാശ്രമത്തില്‍’ പൂവണിഞ്ഞത്. സർവകാലത്തെയും സംവാദങ്ങളുടെ ആമുഖവാക്യമായി വളര്‍ന്ന ചരിത്രത്തെ ദീപ്തമാക്കിയ ‘വാദിക്കാനും ജയിക്കാനുമല്ല’ എന്ന ഏറെ സാധാരണമെന്ന് ഇന്ന് തോന്നുന്ന ആ അസാധാരണ വാക്യം, സത്യത്തില്‍ ശങ്കരാചാര്യരുടെ പ്രശംസിക്കപ്പെട്ട ‘ദ്വിഗ് വിജയ’പ്രകീര്ത്തനങ്ങളോടുള്ള ഒരുജ്ജ്വല പ്രതിരോധമായിരുന്നു. പരമാവധി അകറ്റുക, അതു പൊളിഞ്ഞാല്‍ തര്‍ക്കിക്കുക എന്ന തത്ത്വമാണ് ജാതിമേല്‍ക്കോയ്മക്ക് എന്നും പഥ്യമായിട്ടുള്ളത്.
‘വാദിക്കാനും ജയിക്കാനുമല്ല’ എന്ന വിളംബരത്തിലൂടെ വിനയപൂർവമെങ്കിലും ധീരമായി അതിനെയാണ് ഗുരു പൊളിച്ചത്. തര്‍ക്കിക്കുക, തോൽപിക്കുക, തകര്‍ക്കുക എന്ന ‘പരമതഖണ്ഡന’ത്തിന്റെ രീതിശാസ്ത്രത്തെ തന്നെയാണദ്ദേഹം നിസ്സംശയം വെല്ലുവിളിച്ചത്. ഇക്കാര്യത്തില്‍ ഒരുവിധത്തിലും ശങ്കരാചാര്യരുടെ ‘മത’മല്ല, മഹാത്മാ ബുദ്ധന്റെ വഴിയാണ് അദ്ദേഹം പിന്തുടര്ന്നത്. ‘‘പൊരുതി ജയിപ്പതസാധ്യം/ ഒന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങുവീല/ പരമതവാദിയിതോര്‍ത്തിടാതെ/ പാഴെ പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം’’ എന്ന മതസംവാദതത്ത്വമാണ്, ആലുവയിലെ അദ്വൈതാശ്രമത്തില്‍ നടന്ന 1924ലെ സർവമത സമ്മേളനത്തില്‍ ഗുരുവിന്റെ നേതൃത്വത്തില്‍ സാക്ഷാത്കരിച്ചത്.
‘‘പഥ്യമാം വാക്കാല്‍, ആത്മസ്പര്ശിയാം ഭാവങ്ങളാല്‍,/ ഹൃദ്യമാം സംഗീതത്താല്‍, സത്യത്തില്‍ മരുന്നാലും/ അകമേ പരിണാമം വരുത്തി/ സ്വാസ്ഥ്യം നരര്‍ക്കരുളാന്‍/ കവിതപോല് മറ്റുണ്ടോ ശുശ്രൂഷിക’’ എന്ന് വൈലോപ്പിള്ളി. വന്ധ്യമായ വാദവിവാദങ്ങളാല് രോഗം ബാധിച്ച ഒരു സമൂഹത്തില്‍ ‘പഥ്യ’മായ വാക്കുകളോതി, ആ ദൗത്യം എത്രയോ കാവ്യാത്മകമായി മുമ്പേതന്നെ ഗുരു നിർവഹിച്ചു. ഒരർഥത്തില്‍ ആരുടെയും ശിരസ്സിനു മുകളില്‍ ഒരു സർവജ്ഞപീഠവുമിടാതെ തന്നെ ഗുരു ‘ജഗല്‍ഗുരു’വായി. ശങ്കരാചാര്യര്‍ക്ക് വൈദികമതം മാത്രമേ മതമായുള്ളൂ. അതുകൊണ്ടാണ് മതവാദത്തില് തോൽപിക്കപ്പെട്ട (?) ബുദ്ധഭിക്ഷുക്കളെ കൊല്ലുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയത്. വിവേകാനന്ദന് പറഞ്ഞു: ‘‘ശങ്കരന്റെ ബുദ്ധിക്ക് വാള്‍ത്തലയേക്കാൾ മൂര്‍ച്ചയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ തര്ക്കവാഗ്വീശരത വാഴ്ത്തപ്പെടേണ്ടതുതന്നെ, എങ്കിലും അദ്ദേഹം ഹൃദയശൂന്യനായിരുന്നു. മതവാദത്തില് തോറ്റുപോയി എന്ന ഒറ്റക്കാരണത്താല്‍ എത്രയെത്ര ബുദ്ധഭിക്ഷുക്കളെയാണ് ശങ്കരന് ജീവനോടെ തീയിലിട്ടു കൊന്നത്.’’ പറഞ്ഞുവരുന്നത് അദ്വൈതാശ്രമത്തിന്റെ മാനിെഫസ്റ്റോ ആയി മാറിയ ‘വാദിക്കാനും ജയിക്കാനുമല്ല’ എന്ന ആമുഖവാക്യം, അരുവിപ്പുറത്തെ പ്രശസ്തമായ ആ ജാതിഭേദമില്ലാത്ത ‘മാതൃകാസ്ഥാന’ത്തിന്റെ ഗുണപരമായ തുടര്‍ച്ചയാണെന്നാണ്.
കവിതക്ക് സഹജമായ അധികാരവിരുദ്ധതയുടെ ‘ആര്‍ദ്രത’യാണ് ഗുരുവില്‍ ഘനീഭവിച്ചത്. അതുകൊണ്ടുതന്നെ, 1924ലെ സർവമത സമ്മേളനത്തെ സർവ ജാതിരഹിത മതസൗഹാർദ മതരഹിത മഹാസമ്മേളനമെന്നാണ് ശരിക്കും വിളിക്കേണ്ടത്. 1924ലെ ചരിത്രപ്രസിദ്ധമായ ‘സർവമത സമ്മേളനം’ സ്വപ്നം കണ്ടത് മുന്‍ മാതൃകകളില്ലാത്തൊരു ജാതിരഹിത സ്നേഹസംവാദ ജീവിതഗുണതയേറിയൊരു നവമാതൃകയാണ്.