Begin typing your search above and press return to search.
proflie-avatar
Login

വെളിച്ചത്തി​ന്റെ മരണം വിളിച്ചുപറഞ്ഞ മൊകേരി

വെളിച്ചത്തി​ന്റെ മരണം   വിളിച്ചുപറഞ്ഞ മൊകേരി
cancel

‘‘മരിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം പിന്നിട്ടിട്ടേയുള്ളൂ. നാല് പതിറ്റാണ്ട് കാലം നമ്മുടെ തെരുവുകളിൽ കുന്തമുനപോലെ ചോദ്യങ്ങൾ ഉന്നയിച്ച് കൂത്താടിയ ആ മനുഷ്യൻ എത്ര പെട്ടെന്നാണ് പൊതുജീവിതത്തി​ന്റെ ഓർമയിൽനിന്നും മറഞ്ഞത്! അതുപോലെ കൂത്താടി നടന്ന മറ്റൊരു നാടകക്കാരൻ പിന്നിട്ട നാലു പതിറ്റാണ്ടി​ന്റെ കേരള ചരിത്രത്തിൽ ഉണ്ടാകാനിടയില്ല’’ -ഈ ലക്കത്തെ ഓർമകളിൽ രാമചന്ദ്രൻ മൊകേരി നിറഞ്ഞാടുന്നു. “വെളിച്ചം മരിച്ചുകൊണ്ടിരിക്കുകയാണ്’’ എന്ന് അലറിവിളിച്ച് അതിനെതിരെ കേരളത്തിലെ തെരുവീഥികളിലൂടെ നടന്ന ഒരു കോമാളിയെ ഓർമയുണ്ടോ? ത​ന്റെ തെണ്ടിക്കൂത്താട്ടങ്ങൾകൊണ്ട് അസ്വാസ്ഥ്യം വിതച്ചു നടന്ന ആൾ? അങ്ങനെ ഒരാൾ ...

Your Subscription Supports Independent Journalism

View Plans
‘‘മരിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം പിന്നിട്ടിട്ടേയുള്ളൂ. നാല് പതിറ്റാണ്ട് കാലം നമ്മുടെ തെരുവുകളിൽ കുന്തമുനപോലെ ചോദ്യങ്ങൾ ഉന്നയിച്ച് കൂത്താടിയ ആ മനുഷ്യൻ എത്ര പെട്ടെന്നാണ് പൊതുജീവിതത്തി​ന്റെ ഓർമയിൽനിന്നും മറഞ്ഞത്! അതുപോലെ കൂത്താടി നടന്ന മറ്റൊരു നാടകക്കാരൻ പിന്നിട്ട നാലു പതിറ്റാണ്ടി​ന്റെ കേരള ചരിത്രത്തിൽ ഉണ്ടാകാനിടയില്ല’’ -ഈ ലക്കത്തെ ഓർമകളിൽ രാമചന്ദ്രൻ മൊകേരി നിറഞ്ഞാടുന്നു. 

“വെളിച്ചം മരിച്ചുകൊണ്ടിരിക്കുകയാണ്’’ എന്ന് അലറിവിളിച്ച് അതിനെതിരെ കേരളത്തിലെ തെരുവീഥികളിലൂടെ നടന്ന ഒരു കോമാളിയെ ഓർമയുണ്ടോ? ത​ന്റെ തെണ്ടിക്കൂത്താട്ടങ്ങൾകൊണ്ട് അസ്വാസ്ഥ്യം വിതച്ചു നടന്ന ആൾ? അങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്നറിയാൻ ആ ഒരു ഫേസ്ബുക്ക് പേജ് ഇപ്പോഴും ബാക്കിനിൽപുണ്ട്: പേര് ഡോഗ്റ്റർ മോക്കറി, ബ്രാക്കറ്റിൽ രാമചന്ദ്രൻ മൊകേരി എന്നുകൂടി കാണാം. വെളിച്ചത്തിന്റെ മരണം വിളിച്ചുപറയുകയെന്ന ദൗത്യം ഏറ്റെടുത്ത ഒരായുസ്സായിരുന്നു അത്.

മരിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം പിന്നിട്ടിട്ടേയുള്ളൂ. നാല് പതിറ്റാണ്ട് കാലം നമ്മുടെ തെരുവുകളിൽ കുന്തമുന പോലെ ചോദ്യങ്ങൾ ഉന്നയിച്ച് കൂത്താടിയ ആ മനുഷ്യൻ എത്ര പെട്ടെന്നാണ് പൊതുജീവിതത്തി​ന്റെ ഓർമയിൽ നിന്നും മറഞ്ഞത്! അതുപോലെ കൂത്താടി നടന്ന മറ്റൊരു നാടകക്കാരൻ പിന്നിട്ട നാലു പതിറ്റാണ്ടി​ന്റെ കേരള ചരിത്രത്തിൽ ഉണ്ടാകാനിടയില്ല.

ഇടതും വലതുമുള്ള സംഘടിത പ്രസ്ഥാനങ്ങൾക്കൊപ്പം ചോദ്യശൂന്യരായി അണിചേരാൻ വിസമ്മതിച്ചു നടക്കുന്ന എല്ലാ ചാവേറുകളെയും കാത്തിരിക്കുന്നത് ഈ വിധം മാരകമായ കൂട്ടമറവിയാണ് എന്ന തിരിച്ചറിവ് “ജീവിക്കാൻ പഠിച്ച’’ സാംസ്കാരിക കേരളത്തിനുണ്ട്. അതുകൊണ്ടാണ് അന്യായങ്ങൾ പെരുമഴപോലെ പെയ്യുമ്പോഴും നമ്മുടെ തെരുവുകളിലേക്ക് ഒരുന്തുവണ്ടിയിൽ കെട്ടിപ്പൊതിഞ്ഞ ഒരു മൃതശരീരവുമായി “ഇതാ ചൂടുള്ള ഇറച്ചിയാണ്, വരൂ വാങ്ങൂ’’ എന്ന അലർച്ചയുമായി മറ്റൊരു ഡോഗ്റ്റർ മോക്കറി പ്രത്യക്ഷപ്പെടാത്തത്. 2022 സെപ്റ്റംബർ നാലിന് ആ അധ്യായം അവസാനിച്ചു. മറ്റൊരു ഉന്തുവണ്ടി കൂത്താടി നമ്മുടെ തെരുവിൽ പിന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

‘‘പൊലീസ് പിടിക്കുന്ന നാടകങ്ങൾ, പൊലീസ് പിടിക്കാത്ത നാടകങ്ങൾ എന്നിങ്ങനെ രണ്ടുതരത്തിലുള്ള നാടകങ്ങളേ ഉള്ളൂ എന്ന് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവേഷണത്തിന് ചേർന്നതി​ന്റെ അടുത്ത ദിവസങ്ങളിൽതന്നെ മനസ്സിലാക്കിയിരുന്നു’’ എന്ന് ദീപക് നാരായണൻ ‘സമകാലിക മലയാള’ത്തിൽ നടത്തിയ സംഭാഷണത്തിൽ മൊകേരി മാഷ് പറയുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് മാഷ് അയണസ്കോയുടെ ‘ലീഡർ’ കളിക്കുന്നത്.

ആത്മമിത്രമായിരുന്ന ടി.കെ. രാമചന്ദ്രനായിരുന്നു അതിന് പിറകിലെ ശക്തി. തലയില്ലാത്ത ലീഡർ ഇന്ദിര ഗാന്ധിയാണെന്ന് സ്വാഭാവികമായും കാമ്പസിലെ കോൺഗ്രസുകാർ കണ്ടുപിടിച്ചു. ടി.കെ. രാമചന്ദ്രൻ, എബ്രഹാം ബെൻഹർ, രാമചന്ദ്രൻ മൊകേരി എന്നിവരെ പൊലീസ് തേടിപ്പിടിച്ച് കക്കയം ക്യാമ്പിലെത്തിച്ച നാടകമായി ‘ലീഡർ’ മാറി. യൂനിവേഴ്സിറ്റിയിലെ അധ്യാപകരായ സി.പി. ശിവദാസും എം.എം. ബഷീറും ഇടപെട്ടാണ് ശിഷ്യഗണങ്ങളെ അവിടെനിന്നും മോചിപ്പിച്ചത്. മൊകേരിയുടെ നാടകയാത്രകളുടെ അടിവേര് കക്കയം ക്യാമ്പിലെ ആ ചോദ്യംചെയ്യലി​ന്റെ ഓർമയാണെന്ന് പറയാം.

ഷെപ്പേഡി​ന്റെ പ്രിയപ്പെട്ട ഗവേഷണ വിദ്യാർഥിയായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എത്തിയ മൊകേരി സ്വാഭാവികമായും ഷേക്സ്പിയറുടെ ‘മാക്ബത്തി’ലാണ് ആദ്യം തൊട്ടത്. മാക്ബത്തിനെ ജീവിതത്തിലുടനീളം പിന്നീട് കൂടെക്കൂട്ടി. ഒറ്റക്കും കൂട്ടായും ‘മാക്ബത്ത്’ പകർന്നാടി. അധികാരം മനുഷ്യരിൽ ചെയ്യുന്നതെന്തെന്നു ലോകത്തെ കാണിക്കാനുള്ള ഒരുപാധിയായിരുന്നു മാഷിന് മാക്ബത്ത്.

നീണ്ട അടിയന്തരാവസ്ഥയിൽ മരവിച്ചു കിടന്ന കോഴിക്കോട്ടെ കാമ്പസ് ജീവിതത്തെ ഉണർത്തിയ അധ്യാപകരിൽ ഒരാളാണ് രാമചന്ദ്രൻ മൊകേരി. ഗുരുവായൂരപ്പൻ കോളജിൽ രാമചന്ദ്രൻ മാഷിന്റെ വിദ്യാർഥിയായിരിക്കാനായത് വഴി വെറുമൊരു അധ്യാപകനെയല്ല, ആയുഷ്കാല സഖാവിനെ തന്നെയായിരുന്നു ലഭിച്ചത്. കാമ്പസിനെ തന്റെ വിമോചനതൃഷ്ണകൾ പ്രസരിപ്പിക്കുന്ന നാടകബോധത്തിലൂടെ സർഗാത്മകമാക്കുകയായിരുന്നു മൊകേരി മാഷ്. പൗലോ ഫ്രെയർ അന്ന് മലയാളി വായനയിലേക്ക് എത്തിയിട്ടില്ല. എന്നാൽ, മൊകേരിയുടെ ക്ലാസിലിരിക്കുകയെന്നത് ലോകത്തെ മാറ്റലായിരുന്നു.

 

വിദ്യാർഥികളെ അദ്ദേഹം തുല്യരായി ഒപ്പം കൂട്ടി. ക്ലാസ് മുറിയുടെ അധികാരബന്ധം പൊളിച്ചെഴുതപ്പെട്ടു. പാഠഭാഗങ്ങൾക്കപ്പുറത്തേക്കുള്ള ലോകം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. അങ്ങനെ, മൊകേരിയുടെ ഇംഗ്ലീഷ് ക്ലാസ് വഴി അദ്ദേഹത്തിന്റെ സൗഹൃദവലയം ഞങ്ങളുടെയും സൗഹൃദമായി മാറി: ഉണ്ണിമാഷ്, ശോഭീന്ദ്രൻ മാഷ്, പി.പി. രവീന്ദ്രൻ, സ്നേഹപ്രഭ, ഡി.ഡി. നമ്പൂതിരി. അധ്യാപക വിദ്യാർഥി ബന്ധം പൊളിച്ചെഴുതപ്പെടുകയായിരുന്നു മൊകേരിയിലൂടെ.

1977 കോഴിക്കോട് എന്നത് സാംസ്കാരികമായ ഒരു ഉണർച്ചയുടെ നഗരമായിരുന്നു. ടി.കെ. രാമചന്ദ്രനും നിസാർ അഹമ്മദും സേതുവും ഒക്കെയുള്ള കൾചറൽ ജിംനേഷ്യം, ജി.എൻ. പിള്ള എന്ന ഒറ്റയാൻ ചിന്താപ്രസ്ഥാനം, കുന്നിക്കൽ നാരായണേട്ടന്റെ സഹോദരൻ കുന്നിക്കൽ പുരുഷോത്തമന്റെ ‘അൺനോൺ സൊസൈറ്റി’, ചെലവൂർ വേണുവി​ന്റെ സൈക്കോ സ്കൂൾ തുടങ്ങിയ ഇടപെടലുകളിലേക്കാണ് ജയിൽമോചിതനായ മധുമാഷ് വയനാട് സാംസ്കാരികവേദിയുടെ ‘പടയണി’ എന്ന നാടകത്തിന്റെ സന്ദേശവുമായി ഗുരുവായൂരപ്പൻ കോളജിലുമെത്തുന്നത്. കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, സിവിക് ചന്ദ്രൻ, പി. ഉദയഭാനു തുടങ്ങിയ കവികളും ഉണർത്തുപാട്ടുകളുമായി കോഴിക്കോട്ടെത്തുന്നതും അതേ സമയത്താണ്.

പടയണിയുടെ കോഴിക്കോട്ടെ ആദ്യ അവതരണത്തിന് ഗുരുവായൂരപ്പൻ കോളജിലെ മൊകേരി മാഷിന്റെ ശിഷ്യഗണങ്ങളിൽ വലിയൊരു വിഭാഗം ടൗൺഹാളിലെത്തിയിരുന്നു. പടയണിയായിരുന്നു അരങ്ങിലെ ആദ്യത്തെ ഉണർത്തുപാട്ട്. അതി​ന്റെ തുടർച്ചയായാണ് മധുമാഷ് ‘അമ്മ’ നാടകത്തിന്റെ അണിയറപ്രവർത്തനങ്ങൾ കോഴിക്കോട് മുത്തപ്പൻകാവ് രണചേതന തിയറ്റേഴ്സിന്റെ ബാനറിൽ തുടക്കമിടുന്നത്. ‘അമ്മ’യിലെ വിപ്ലവകാരിയായ സഖാവായിരുന്നു രാമചന്ദ്രൻ മൊകേരി. മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുകയും ചെയ്യുന്ന കാലം വരുകതന്നെ ചെയ്യും എന്ന സഖാവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഡയലോഗ് പിന്നീട് ജനകീയ സാംസ്കാരികവേദിയുടെ വളർച്ചയിലെ നിർണായക പ്രചോദന ശക്തികളിൽ ഒന്നായിരുന്നു.

മുദ്രാവാക്യങ്ങൾ സർഗാത്മകമായ കാലമായിരുന്നു അത്. പുരന്തരദാസിന്റെ സംഗീതത്തിൽ ‘അമ്മ’ നാടകത്തിലെ കമ്യൂണിസ്റ്റ് ഇന്റർനാഷനൽ ആദ്യം മലയാളത്തിലാക്കിയത് സച്ചിദാനന്ദനായിരുന്നു. എന്നാൽ, പുരന്തര​ന്റെ ഈണത്തിനൊത്ത് പാട്ടിനെ ക്രമപ്പെടുത്താൻ മൊകേരിയുടെ പുതിയ പരിഭാഷ വേണ്ടിവന്നു. ‘‘ഉണരുവിൻ ഉയരുവിൻ പട്ടിണിയുടെ തടവുകാരേ നിങ്ങളുയരുവിൻ’’ എന്ന കമ്യൂണിസ്റ്റ് ഇന്റർനാഷനൽ മൊകേരിയുടെ കൂടി കനത്ത ശബ്ദത്തിലാണ് ആവേശമുണർത്തുന്ന സംഘഗാനമായി മുഴങ്ങിയത്.

‘അമ്മ’ നാടകത്തിലെ വേഷമാണ് മൊകേരിയുടെ ജീവിതം എന്നെന്നേക്കുമായി തെരുവിലേക്ക് വഴിതിരിച്ചു വിടുന്നത്. 1978 ഡിസംബർ 1, 2 ദിവസങ്ങളിൽ ടൗൺഹാളിലായിരുന്നു ആദ്യാവതരണം. അത് കത്തിപ്പടർന്നു. ഒപ്പം ജനകീയ സാംസ്കാരിക വേദിയും. എന്നാൽ, വയനാട്ടിലെ മഠത്തിൽ മത്തായി വധത്തെ തുടർന്നുള്ള പ്രത്യയശാസ്ത്ര യുദ്ധങ്ങളിൽ വേദി ഛിന്നഭിന്നമായതോടെ മാഷ് ഒറ്റക്കുള്ള സത്യാന്വേഷണ പരീക്ഷണങ്ങളിലേക്ക് നീങ്ങി.

മാഷി​​ന്റെ ഛിന്നഭിന്ന നാടക വേദിയുടെയും ഛിന്നഭിന്ന വിജ്ഞാനീയത്തി​ന്റെയുമൊക്കെ അടിസ്ഥാനം വേദിയുടെ പതനത്തെ തുടർന്നുള്ള ഒറ്റപ്പെടലുകളായിരുന്നു എന്നു കാണാം. അതിനെ അതിജീവിക്കാനുള്ള മൊകേരിയിലെ നാടകക്കാര​ന്റെ ഒറ്റക്കുള്ള പോരാട്ടമാണ് പിൽക്കാലത്ത് പല പേരുകളിൽ അറിയപ്പെട്ട ഏകാന്ത നാടക പരീക്ഷണങ്ങൾ.

വേദിയുടെ പതനത്തിനുശേഷം ചിങ്ങോലി കേന്ദ്രമായി രൂപംകൊണ്ട സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസും അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങളിൽ മൊകേരിയും ഭാഗഭാക്കായിരുന്നു. നിള പബ്ലിഷേഴ്സും എൻ.എസ്. മാധവന്റെ ‘ചൂളൈ മേട്ടിലെ ശവങ്ങൾ’ ചിന്ത രവീന്ദ്രന്റെ പഠനത്തോടെ പുറത്തുവരുന്നതും സച്ചിദാനന്ദൻ പത്രാധിപരായി ‘ഉത്തരം’ എന്ന മാഗസിൻ ഉണ്ടാകുന്നതും രവീന്ദ്രൻ എഡിറ്ററായി ‘കലാ വിമർശം മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന ബൃഹദ് ​ഗ്രന്ഥം പുറത്തുവരുന്നതും ആ പരീക്ഷണ കാലത്താണ്. മൊകേരി ഇതിനിടയിലൂടെ ഒഴുകിക്കൊണ്ടിരുന്നു.

ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് തീരുമാനമെടുത്തിട്ടും പിറക്കാതെ പോയ പുസ്തകങ്ങളിൽ ഒന്നാണ് വിൽഹം റീഹിന്റെ ‘മാസ് സൈക്കോളജി ഓഫ് ഫാഷിസം’ എന്ന പുസ്തകത്തെ ആസ്പദമാക്കി റീഹിനെ മലയാളത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ച ഒരു സമഗ്ര ഗ്രന്ഥം. മൊകേരിയും സേതുവും കൂടി എഴുതും എന്നായിരുന്നു ധാരണ. എന്നാൽ, മൊകേരിയുടെ ‘അനാർക്കിസം’ കാരണം നീണ്ടുപോയപ്പോൾ അത് ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിലും ഒരു ചർച്ചാവിഷയമായി മാറി.

തൃശൂരിൽ സച്ചിദാനന്ദ​ന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ ‘ഉത്തര’ത്തിന്റെ ആദ്യ യോഗത്തിന് ‘‘നാം ഒരു തോറ്റ ജനതയാണ്’’ എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസും ഒപ്പമുണ്ടായിരുന്നതാണ്. അന്ന് ചർച്ചകളിൽ ഉടനീളം കത്തുന്ന കണ്ണുകളുമായി അസ്വസ്ഥനായിരുന്ന സുബ്രഹ്മണ്യദാസിനെക്കുറിച്ച് ‘‘ഇവനെ സൂക്ഷിക്കണം. എന്തെങ്കിലും ചെയ്തേക്കും’’ എന്ന ആശങ്ക മൊകേരി സ്വകാര്യമായി പങ്കുവെച്ചിരുന്നു. കുറേക്കാലം ‘സൂയിസൈഡ് തിയറ്റർ’ എന്ന പേരിലായിരുന്നു മൊകേരി തെരുവു നാടകങ്ങൾ അവതരിപ്പിച്ചുപോന്നത്.

ഗുരുവായൂരപ്പൻ കോളജിൽ ​െവച്ച് തുടങ്ങിയ സൗഹൃദത്തിൽ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാതെ പൊക്കുന്നിലെ കുന്നിൻചരുവിൽ ഉറക്കമൊഴിച്ച എത്രയോ രാത്രികളുണ്ട്. അയ്യപ്പപ്പണിക്കരുടെ ‘രാത്രികൾ പകലുകളും’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മാപ്പുസാക്ഷി’യും കെ.ജി.എസിന്റെ ‘ബംഗാളും’ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്കും’ കടമ്മനിട്ടയുടെ ‘കോഴി’യും ഒക്കെ ആ നേരങ്ങളിൽ ഏറ്റവും കൂടുതൽ ചൊല്ലപ്പെട്ട കവിതകളാണ്. മൊകേരിയും ഒരു കവികൂടിയായിരുന്നു. അപൂർവമായി അത് അച്ചടിക്കപ്പെട്ടിട്ടുമുണ്ട്.

 

രാമചന്ദ്രൻ മൊകേരി

രാമചന്ദ്രൻ മൊകേരി

“മാറ്റാ​ന്റെ തലയറുത്തിട്ടതിനു ചുറ്റും തിത്തകത്തോം, അതിന് ചുറ്റും തിന്തകത്തോം മാറ്റാ​ന്റെ മോതിരക്കൈ വിരലരിഞ്ഞിട്ടതിനു ചുറ്റും തിത്തകത്തോം അതിനു ചുറ്റും തിന്തകത്തോം’’ എന്ന മൊകേരിയുടെ ഒരു കവിതയിലെ വരികൾ ‘അമ്മ’ റിഹേഴ്സൽ ക്യാമ്പിൽ കളിയാക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, മൊകേരിയുടേത് അതിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു. “ഈ പെറ്റിബൂർഷ്വാ ചെറ്റകൾ വർഗസമരത്തിൽ വെള്ളം ചേർക്കുന്നതുകൊണ്ടാണ് മാറ്റാന്മാർക്ക് എതിരായ രക്തരൂഷിതമായ കലാപം ചിന്തിക്കുന്നതുപോലും ഇക്കാലത്തിന് താങ്ങാനാവാത്തത്’’ എന്ന വിമർശനമായിരുന്നു മൊകേരിക്ക് അതിനോട്. മധു മാഷിന്റെ ‘അമ്മ’ നാടകത്തിൽ വേരുറച്ച മൊകേരിയുമായുള്ള സൗഹൃദം നാല് പതിറ്റാണ്ട് പിന്നിട്ടത് അങ്ങനെ എത്രയോ കയറ്റിറക്കങ്ങൾ മറികടന്നാണ്.

അവസാന യാത്രക്ക് മുമ്പ് ജോൺ എബ്രഹാമിന്റെ ഓർമക്ക് സമർപ്പിച്ച് ഞങ്ങൾ ചെയ്ത ‘ജോൺ’ എന്ന സിനിമയുടെ ഭാഗമായി ശവമഞ്ചവുമായി തെരുവിലിറങ്ങുന്ന മൊകേരിയുടെ പ്രശസ്തമായ തെണ്ടിക്കൂത്തുകളിൽ ഒന്നിനെ ഞങ്ങൾ പുനരവതരിപ്പിച്ചിരുന്നു. ജീവിതപങ്കാളിയായ ഉഷേച്ചിക്ക് ഒപ്പമാണ് മാഷ് അന്നെത്തിയത്. ആ ജീവിതയാത്രയുടെ ഭാഗമായിരുന്നു എന്നും അവർ. തെരുവിലും വേദിയിലും വയലിനുമായി അവർ എന്നും ഒപ്പം നടന്നു. മൊകേരിയുടെ വിഖ്യാതമായ ശവമഞ്ചവും പേറിയുള്ള നഗരപ്രദക്ഷിണ നാടകമാണ് ‘ജോൺ’ സിനിമക്കായി മാഷ് ചെയ്തത്. മൊകേരിയുടെ ‘ജോൺ ഓർമ’ മുക്ത അവളുടെ ജോൺ ഡോക്യുമെന്ററിക്കായി ഷൂട്ട് ചെയ്തുവെക്കുകയുംചെയ്തു.

 

രാമചന്ദ്രൻ മൊകേരിയും ഉണ്ണിയും

രാമചന്ദ്രൻ മൊകേരിയും ഉണ്ണിയും

നാടകത്തിലല്ല കഥയിലോ കവിതയിലോ നോവലിലോ ആണ് ആയുഷ്കാലം ചെലവിട്ടതെങ്കിൽ രാമചന്ദ്രൻ മൊകേരി ഇന്ന് ഒരു വിഗ്രഹമായി മാറിയിട്ടുണ്ടാകുമായിരുന്നു. പുരസ്കാര പ്രവാഹംകൊണ്ട് നിറഞ്ഞിട്ടുണ്ടാകുമായിരുന്നു അദ്ദേഹത്തിന്റെ വീട്. എന്നാൽ, നാടകം സാഹിത്യമല്ല ഇന്നും. അതുകൊണ്ട് സ്കൂൾ ഓഫ് ഡ്രാമയുടെ തലവനായതുകൊണ്ടൊന്നും സാഹിത്യലോകവും രാഷ്ട്രീയാധികാരവും ഇളകില്ല. ഒരായുഷ്കാലം ഇടതുപക്ഷത്തോടൊപ്പം നിന്ന് എല്ലാ അന്യായങ്ങൾക്കുമെതിരെ തന്റെ സർഗാത്മക ജീവിതംകൊണ്ട് പോരാടിയ ഒരു മനുഷ്യന് കിട്ടേണ്ട ആദരവൊന്നും അദ്ദേഹത്തിന് കിട്ടിക്കണ്ടില്ല.

‘മാധ്യമം ആഴ്ചപ്പതിപ്പ്’ മാഷെ കവർസ്റ്റോറിയായി ഒരഭിമുഖം ചെയ്തത് ഓർമയുണ്ട്. മലയാളത്തിലും ഒരഭിമുഖം വന്നു. ബാക്കിയൊക്കെ അതത് സമയത്തെ നാടകത്തി​ന്റെ പത്രറിപ്പോർട്ടുകൾ മാത്രം. രാമചന്ദ്രൻ മൊകേരി എന്ന കലാപകാരി നാടക ചരിത്രത്തിൽ ചെയ്തതിന് മറ്റൊരംഗീകാരവും അദ്ദേഹത്തിന് ലഭിച്ചതായി ഓർമയില്ല.

ഒടുവിൽ മരിക്കാനായി ജോൺ എബ്രഹാമിനെപ്പോലെത്തന്നെ കോഴിക്കോട്ടേക്കെത്തി. നഗരം ഓണത്തിന് മുന്നോടിയായുള്ള അവസാനത്തെ ഞായറാഴ്ച ഉണർന്നുവരുമ്പോഴാണ് നടനും നാടകകൃത്തും കലാപകാരിയുമായ രാമചന്ദ്രൻ മൊകേരിയുടെ മരണവാർത്ത പുറത്തുവരുന്നത്. നടനും സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ വിദ്യാർഥിയുമായ മുരളി മേനോനാണ് വിളിച്ചുണർത്തുന്നത്. ‘‘സ്കൂൾ ഓഫ് ഡ്രാമയിലെ ഗ്രൂപ്പുകളിൽ ഒരു വിവരം കാണുന്നു, മൊകേരി മാഷ് പോയി എന്ന്. ശരിയാണോ?’’ എന്ന്. അപ്പോഴേക്കും തുടരെ ഫോൺകോളുകളായി. മൊകേരിയുടെ ഗുരുവായൂരപ്പൻ കോളജ് സഹപ്രവർത്തകനായ ശോഭീന്ദ്രൻ മാഷ് അടക്കം പലരെയും വിളിച്ചുചോദിച്ചു. ആരുമറിഞ്ഞിട്ടില്ല.

കുറച്ചുകാലമായി ആർക്കും മാഷെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കോവിഡ് കാലത്തിന്റെ നീണ്ട നിശ്ശബ്ദതയിൽ പുറത്തുവന്ന ഫേസ്ബുക്ക് കുറിപ്പുകൾക്കപ്പുറം സൗഹൃദങ്ങൾ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് പിന്മാറിയ കാലം പിന്നിട്ട് സൗഹൃദങ്ങളും ഉണർന്നുവരുന്നതേയുള്ളൂ. അതിനിടയിൽ പ്രിയപ്പെട്ടവർ അശരീരികളായി മാറുന്ന, ഉലക്കുന്ന വാർത്തകൾക്കുപോലും ഒരു മരവിപ്പുണ്ടായിരുന്നു. കോവിഡ് തരംഗത്തിനു മുമ്പേതന്നെ രാമചന്ദ്രൻ മൊകേരി എന്ന മലയാള നാടകവേദിയിലെ ഒറ്റയാൾ കലാപകാരി പൊതുസമൂഹത്തിൽനിന്നു പിൻവാങ്ങിയിരുന്നു. ​േഫസ്ബുക്കിൽ ‘ഡോഗ്റ്റർ മോക്കറി’ എന്ന തന്റെ പ്രൊഫൈലിൽനിന്നു മെസഞ്ചർ വഴി അയക്കുന്ന ചില സന്ദേശങ്ങളിലേക്കു മാത്രമായി മാഷ് ചുരുങ്ങി. സിനിമയോ നാടകമോ സമൂഹമോ മാഷെത്തേടിപ്പോയതുമില്ല.

“ഉടൽ വിലക്കപ്പെടുമ്പോൾ

അത്ഭുതങ്ങൾ പലതും സംഭവിക്കുന്നു.

ഉടൽ വിൽക്കപ്പെടുമ്പോൾ

അപകടങ്ങൾ പലതും സംഭവിക്കുന്നു.

കോവിഡ് 19 ഒരു സാർവദേശീയ

ശുടലൈ കൂത്ത്.

അരങ്ങൊഴിഞ്ഞു പോകുന്ന ശരീരമില്ലാത്ത

പേരില്ലാത്ത നടന്മാരുടെ

എണ്ണം ലക്ഷങ്ങളിൽനിന്നും കോടിയായിരിക്കുന്നു!

കേരളത്തിൽ പേരില്ലാത്ത

കൊറോണ രക്തസാക്ഷിത്വങ്ങൾ

ഓരോ ദിവസവും ഇരുപതിനും മുപ്പതിനും ഇടയിലാണ്.

മേൽവിലാസം പോലുമില്ലാത്തവർ!

ഭരണാധികാരികളെല്ലാം ഏകാധിപത്യത്തി​ന്റെ

മുഖംമൂടികളിൽനിന്ന്

ജനങ്ങളെ അനുസരണയുള്ളവരാക്കി

മാറ്റിക്കൊണ്ടിരിക്കുന്നു.

‘‘എന്നുടലെൻ മാനിഫെസ്റ്റോ ഇന്ത ഉലകമെൻ നാടകമേടൈ’’ എന്ന ആവിഷ്‍കാരത്തിൽ കോവിഡ് കാല ഏകാന്തത മാഷ് രേഖപ്പെടുത്തി​െവച്ചിട്ടുണ്ട്. മരണവൃത്താന്തമായി മാഷ് എത്തുമ്പോൾ കോഴിക്കോട് പഴയ കോഴിക്കോടല്ലായിരുന്നു. ഓർക്കുന്നവർ, ഓർമയുള്ളവർ പലയിടങ്ങളിലായി ചിന്നിച്ചിതറിപ്പോയിരുന്നു. പലരും എത്താനാവാത്ത ദൂരത്ത്. ബാക്കിയായവരെ എണ്ണാം. അതാണ് മാറുന്ന കാലം.

സുഹൃത്ത് സുഹൈബാണ് ആദ്യം വിവരമറിഞ്ഞ് ആശുപത്രിയിലെത്തുന്നത്. കോഴിക്കോട് അപ്പോൾ അറിഞ്ഞിട്ടേയില്ല. ആശുപത്രിയിൽ മറ്റാരും എത്തിയിട്ടുമില്ല. ഒരായുഷ്കാലം തെരുവിൽ പോരാട്ടത്തിന്റെ, പ്രതിരോധത്തിന്റെ നാടകം അരങ്ങേറ്റിയവരെ നാം മഹാനടൻ എന്ന് വിശേഷിപ്പിക്കാറില്ല. അതിന് വെള്ളിത്തിരയുടെ അധികാരം വേണം. അതില്ലാത്തവർ ആൾക്കൂട്ടത്തെ ആകർഷിക്കില്ല. മൊകേരി പക്ഷേ, ഒരിക്കലും ഒരു ആൾക്കൂട്ടത്തെയും കാത്തുനിന്ന മനുഷ്യനല്ല. ആൾക്കൂട്ടത്തെ അവരുള്ളിടത്തേക്ക് ചെന്ന് അവരുടെ സ്വാസ്ഥ്യം കെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മോക്കറി നാടകവേദി. വെള്ളിത്തിരയല്ല, തെരുവായിരുന്നു അതിന്റെ വേര്.

കോഴിക്കോട്ടെ പുരോഗമന കലാ സാഹിത്യ സംഘം ടൗൺഹാളിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. ഹേമന്ത് മാഷും എ.കെ. രമേഷും ഒപ്പം നിന്നു. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും കേളു ഏട്ടൻ പഠനകേന്ദ്രം ചെയർമാൻ കെ.ടി. കുഞ്ഞിക്കണ്ണൻ വിളിച്ചുകൊണ്ടിരുന്നു. വിട പറയും മുമ്പ് മേയർ ബീന ഫിലിപ് ഓടിക്കിതച്ചെത്തി. അത്യാവശ്യം ചാനലുകളും മാധ്യമപ്രവർത്തകരും അവസാനം വരെ കാത്തുനിന്നു. എന്നാലും ടൗൺഹാളിലെ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തി തന്റെ നാടകങ്ങൾ അരങ്ങേറ്റിയ മൊകേരി മാഷിന് അവസാന യാത്രയയപ്പ് നൽകാൻ ആ ജനക്കൂട്ടം എവിടെപ്പോയി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. കോഴിക്കോട് പഴയ കോഴിക്കോടല്ല എന്ന് പറഞ്ഞുപോയത് അതുകൊണ്ടാണ്.

 

മധു മാസ്റ്ററുടെ ഭാര്യ ഉഷ, മധു മാസ്റ്റർ, നിലമ്പൂർ ബാലന്റെ ഭാര്യ വിജയലക്ഷ്മി, നിലമ്പൂർ ആയിഷ, നടി വിലാസിനി എന്നിവർ കോഴിക്കോട്​ ഒരു ​പൊതു ചടങ്ങിനി​ടെ

മധു മാസ്റ്ററുടെ ഭാര്യ ഉഷ, മധു മാസ്റ്റർ, നിലമ്പൂർ ബാലന്റെ ഭാര്യ വിജയലക്ഷ്മി, നിലമ്പൂർ ആയിഷ, നടി വിലാസിനി എന്നിവർ കോഴിക്കോട്​ ഒരു ​പൊതു ചടങ്ങിനി​ടെ

അവസാന വേഷം കോഴിക്കോട് ടൗൺഹാളിൽ മരിച്ചവരുടെ ഛായാപടങ്ങൾക്ക് നടുവിൽ ഒരു ശരീരമായി മൊബൈൽ മോർച്ചറിയിൽ മാഷ് കണ്ണടച്ചു കിടക്കുന്നതായിരുന്നു. അവസാന നാടകത്തിലെ അവസാനരംഗം പോലെ അത് കണ്ണിൽനിന്നു മായുന്നില്ല. ബന്ധനസ്ഥനായ ‘ഡോഗ്റ്റർ മോക്കറി’ എന്ന കലാപകാരിയുടെ ഓർമച്ചിത്രംപോലെ. ഭൂപടത്തിൽ ഇല്ലാത്ത നാട്ടിലേക്ക് യാത്രാമൊഴി നൽകി പറഞ്ഞയക്കുമ്പോൾ മനസ്സ് പറഞ്ഞു, ഇനി ഓർമ മായും വരെ മരിക്കാത്ത നക്ഷത്രം!

(തുടരും) 

News Summary - weekly articles