സോർബയുടെ നൃത്തം
മാർച്ച് ആറിന് വിടവാങ്ങിയസോർബയുടെ നൃത്തം കഥാകൃത്തും എഴുത്തുകാരനുമായ നിസാം റാവുത്തറെ ഒാർമിക്കുകയാണ് ദീർഘകാല സുഹൃത്ത് കൂടിയായ ലേഖകൻ.‘‘തന്റെ സുഹൃത്ത് റാവുത്തർ ഇപ്പോൾ എന്ത് പറയുന്നു? സുഖമായിരിക്കുന്നോ? വാർത്തകൾ വല്ലതും കേട്ടിട്ട് കുറച്ചായി. ഇഷ്ടൻ ഇപ്പോൾ എവിടെയാ?” രാവിലെ പതിവ് വിളിക്കിടയിൽ എം.എ. ഷാനവാസിന്റെ (മാധ്യമം ആഴ്ചപ്പതിപ്പ് മുൻ പത്രാധിപ സമിതി അംഗം) ചോദ്യം. അടുത്ത ഒരു നിമിഷം മനസ്സ് ഏതൊക്കെയോ പകലിരവുകളിലൂടെയും ശബ്ദങ്ങളിലൂടെയും പൊട്ടിച്ചിരികളിലൂടെയും കുഴഞ്ഞ വർത്തമാനങ്ങളിലൂടെയും പലപല മുഖങ്ങളിലൂടെയും കടന്നുപോയി. ഒരൊറ്റ നിമിഷംകൊണ്ടൊരു അധോതല യാത്രനടത്തി ഞാൻ തിരിച്ചുവന്നു. ഓർമകളുടെ...
Your Subscription Supports Independent Journalism
View Plansമാർച്ച് ആറിന് വിടവാങ്ങിയസോർബയുടെ നൃത്തം കഥാകൃത്തും എഴുത്തുകാരനുമായ നിസാം റാവുത്തറെ ഒാർമിക്കുകയാണ് ദീർഘകാല സുഹൃത്ത് കൂടിയായ ലേഖകൻ.
‘‘തന്റെ സുഹൃത്ത് റാവുത്തർ ഇപ്പോൾ എന്ത് പറയുന്നു? സുഖമായിരിക്കുന്നോ? വാർത്തകൾ വല്ലതും കേട്ടിട്ട് കുറച്ചായി. ഇഷ്ടൻ ഇപ്പോൾ എവിടെയാ?”
രാവിലെ പതിവ് വിളിക്കിടയിൽ എം.എ. ഷാനവാസിന്റെ (മാധ്യമം ആഴ്ചപ്പതിപ്പ് മുൻ പത്രാധിപ സമിതി അംഗം) ചോദ്യം. അടുത്ത ഒരു നിമിഷം മനസ്സ് ഏതൊക്കെയോ പകലിരവുകളിലൂടെയും ശബ്ദങ്ങളിലൂടെയും പൊട്ടിച്ചിരികളിലൂടെയും കുഴഞ്ഞ വർത്തമാനങ്ങളിലൂടെയും പലപല മുഖങ്ങളിലൂടെയും കടന്നുപോയി. ഒരൊറ്റ നിമിഷംകൊണ്ടൊരു അധോതല യാത്രനടത്തി ഞാൻ തിരിച്ചുവന്നു. ഓർമകളുടെ ഒരു കാർണിവൽ.
“കണ്ടിട്ട് കുറച്ചായി... ഇപ്പൊ നാട്ടിലുണ്ട്, കാണാറില്ല എന്നേയുള്ളൂ, വിവരങ്ങൾ ഒക്കെ അറിയുന്നുണ്ട്. നിസാം എഴുതിയ പുതിയ സിനിമ റിലീസാവുകയാണ്. അതിന്റെ ത്രില്ലിലാണ്.”
കാരണമെന്തെന്നറിയില്ല. പിന്നെയും ഞങ്ങൾ നിസാമിനെക്കുറിച്ചു ഒരുപാട് സംസാരിച്ചു. ഒരു വരിയിൽനിന്ന് ഒരു കഥയും ഭാവനയുടെ ഒരു ലോകവുമുണ്ടാക്കാനുള്ള അയാളുടെ ചാരുതയെക്കുറിച്ച്... അവിചാരിതമായി മികച്ച ടാഗ്‌ലൈനുകളെഴുതി കൂട്ടുകാരെ ഞെട്ടിക്കാനുള്ള സർഗസിദ്ധിയെപ്പറ്റി. എഴുതിയ നോവലിലെ മോഹിപ്പിച്ച ചില വരികളെപ്പറ്റി. അങ്ങനെയെന്തൊക്കെയോ. വർത്തമാനങ്ങൾക്കുശേഷം ഞങ്ങൾ രണ്ടുപേരും പെടാപ്പാടിന്റെ തെരുവുകളിലേക്കു മടങ്ങി.
പിറ്റേന്ന് പുലർച്ചെ ഷാജികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റു കണ്ടു നടുങ്ങി ഷാനവാസ് എന്നെ വിളിച്ചു. അപ്പോഴേക്കും കവി രാജൻ കൈലാസ് എന്നെ വിളിച്ചുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. നിസാമിന്റെ വിയോഗത്തെക്കുറിച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും ഓർമയില്ല. അടുക്കും ചിട്ടയുമില്ലാത്ത സംസാരം. നിങ്ങൾ ഇന്നലെ എന്നെ വിളിച്ചു സംസാരിക്കുമ്പോൾ നമുക്കിടയിൽ മരണമുണ്ടായിരുന്നു. എനിക്ക് ഈ വിട്ടുപോവൽ താങ്ങാനാവുന്നില്ല...ഫോണിന്റെ മറുതലക്കൽ പൊടുന്നനെ കോൾ കട്ടായി.
ഞാൻ മുറിയുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു. പുസ്തകങ്ങൾ, പഴയകാല മാസികകളടക്കം അടുക്കും ചിട്ടയുമില്ലാത്ത അലമാര. മുഷിഞ്ഞ വസ്ത്രങ്ങൾ. വർക്ക് ചെയ്യാത്ത പാഴ്വസ്തുവായി വിൻഡോസ് 7 ഓപറേറ്റിങ് സിസ്റ്റമുള്ള പണിമുടക്കിയ കമ്പ്യൂട്ടർ. മേശ. കസേര... ഒഴിഞ്ഞ ബോട്ടിലുകൾ.
കഴിഞ്ഞകാല ജീവിതത്തിന്റെ ശേഷിപ്പുകൾ. ഓർമകളുടെ ഗന്ധമുള്ള നരച്ച മുറി. പെയിന്റടിച്ചിട്ടും പുതുക്കിയിട്ടും വർഷങ്ങളായി. രാത്രികളിലേ ഇവിടെ താമസമുള്ളൂ... പുലർച്ചകളിൽ തെരുവിലേക്കിറങ്ങാനും ഇരവുകളിൽ അവിടെനിന്നും കയറിവരാനുമൊരു പാളയം. ഈ മുറിയിൽ ഉഷ്ണത്തിലും വിയർപ്പിലും ലഹരിയിലും ഒരുമിച്ചു കഥപറഞ്ഞുറങ്ങിയ സൗഹൃദങ്ങൾ നിരവധി... അതൊക്കെ പച്ചച്ചുനിൽക്കുന്ന ഓർമയുടെ ചില്ലകളാണെങ്കിൽ മുറിഞ്ഞുപോയതു ഓർമയുടെ രക്തമിറ്റുന്ന ഞരമ്പാണ്.
എന്നാണ് നിസാമുദ്ദീൻ റാവുത്തർ എന്റെ സൗഹൃദത്തിന്റെ വലയത്തിലേക്കെത്തുന്നത്. ആരിലൂടെ?
ഓർമകൾ ശരിയാവുന്നില്ല. എപ്പോഴെന്നു കൃത്യമായറിയില്ല. എന്തായാലും ഫേബിയന്റെ തുടക്കക്കാലത്താണത്. അഡയാറിൽനിന്നും ഛായാഗ്രഹണവും പഠിച്ചു സിനിമാമോഹവുമായി കറങ്ങുന്ന ഫിലിപ്പ് തോമസിനൊപ്പമാണ് റാവുത്തറെ ആദ്യമായി കാണുന്നതെന്നാണ് മങ്ങിയ ഓർമ. സൗഹൃദത്തിന്റെ ആദ്യ നിമിഷങ്ങളിൽത്തന്നെ ഇടയിൽ നിൽക്കുന്ന അപരിചിതത്വത്തിന്റെ അവശേഷിക്കുന്ന തിട്ടകൂടി ചിരിയും തമാശയും ബഹളങ്ങളുംകൊണ്ട് നിസാം തകർത്തുകളയും. വിറ്റിലും കൗണ്ടറിലും അയാൾ പ്രകടിപ്പിക്കുന്ന ടൈമിങ് അപാരമായിരുന്നു, പലപ്പോഴും അതെന്നിൽ ചെറിയ അസൂയപോലുമുണർത്തി. അപ്രതീക്ഷിത സമയങ്ങളിൽ പുറത്തുചാടുന്ന തമാശകൾ പലപ്പോഴും വളരെ പൊളിറ്റിക്കലായിരുന്നു എന്നതാണ് അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത്. പക്ഷേ, ജീവിതത്തിൽ അയാൾ അത്ര വിവേചന ബുദ്ധി കാണിച്ചോ? വിവേകമതിയായിരുന്നോ?
സത്യസന്ധതയോടെ ഉത്തരം പറയണമെങ്കിൽ ‘ഇല്ല’ എന്നും, ബുദ്ധിപരമായി ഉത്തരം പറയണമെങ്കിൽ ‘അറിയില്ല’ എന്നും പറയേണ്ടിവരും. ജീവിതം മുന്നിൽ ചോദ്യചിഹ്നമായി വന്നപ്പോഴൊക്കെ നിസാം ‘ഇല്ല’ എന്ന ഉത്തരമാണ് പറഞ്ഞത്. ബുദ്ധിപരമായിരുന്നില്ല അയാളുടെ നീക്കങ്ങൾ, അതെന്നെ അയാളെ എന്റെ മനസ്സിനോടടുപ്പിച്ചു.
ഓരോ കാഴ്ചയിലും നിസാമിന് പറയാൻ പുതിയ കഥകളുണ്ടാകുമായിരുന്നു. പുസ്തകങ്ങൾക്കുള്ള കൺസപ്റ്റുകൾ, ഒരിക്കലും എഴുതാനിടയില്ലാത്ത നോവൽ പ്രമേയങ്ങൾ, പത്രവാർത്തകളിലെയും സംഭവകഥകളിലെയും സിനിമാ സാധ്യതകൾ... നിമിഷ പ്രണയങ്ങൾ, സങ്കടങ്ങൾ. ഓരോ കണ്ടുമുട്ടലുകളിലും ഒരായുസ്സിൽ കുടിച്ചുതീർക്കാനുള്ള മദ്യത്തിന്റെ അളവ് സാമാന്യം നല്ലതോതിൽ കുറഞ്ഞുകൊണ്ടിരുന്നു. വോഡ്കയുടെ തീരങ്ങളിലിരിക്കുമ്പോൾ ചില നിമിഷങ്ങളിൽ അയാൾ മൗനിയായി മാറും. നിമിഷങ്ങൾ നീളുന്ന മൗനം. എവിടേക്കാണ് ആ ഏകാന്തയാത്ര..? മടങ്ങിവരവിന് നിമിഷങ്ങൾ മതി. റാവുത്തർ ഹാജർ.
ജീവിതത്തോട് അടങ്ങാത്ത ആസക്തിയുള്ള ഒരാളായിരുന്നു നിസാം. ഏതു വല്ലായ്മകളിലും ആൾക്കൂട്ടത്തിലും ഏകാന്തതകളിലും അയാൾ സ്വന്തം ജീവിതത്തെ ചേർത്തുപിടിച്ചു. എല്ലാ തിന്മകളോടെയും കൂടെ അയാളതിനെ സ്നേഹിച്ച് ചേർത്തുനിർത്തി. പുലർച്ചകളെയും നരച്ച സന്ധ്യകളെയുമൊക്കെ ഒപ്പം പിടിച്ചു, ഉന്മാദത്തെയും വിഷാദത്തെയും എന്നപോലെതന്നെ...
പ്രസിദ്ധീകരണം ഒരിക്കലും മാനസികോല്ലാസം നൽകുന്ന പണിയല്ല. മനസ്സിന് സന്തോഷം തോന്നാറൊക്കെയുണ്ട്. നല്ല ഒരു പുസ്തകം അടിച്ചിറങ്ങുമ്പോൾ. ആദ്യമായി മറിച്ചു കാണുമ്പോൾ. പലയാവർത്തി വായിച്ചു തേഞ്ഞുപോയ വരികളാണെങ്കിലും പുസ്തകമായതു അടിച്ചുകാണുമ്പോൾ മനസ്സിൽ സന്തോഷം തോന്നും. കഴിഞ്ഞു. ഇനിയുള്ളത് മുഴുവൻ യാതനയുടെയും നഷ്ടത്തിന്റെയും കഥകളാണ്. തിരിച്ചുകയറാനാവാത്ത യുദ്ധക്കളത്തിലാണ് കേരളത്തിലെ സമാന്തര പ്രസാധകൻ. മാസാന്ത്യങ്ങളിൽ പ്രസുകളിൽനിന്നുള്ള ഫോൺകോളുകൾ പേടിച്ചു പുസ്തക കെട്ടുകൾക്കിടയിൽ തലപൂഴ്ത്തിയിരുന്ന എന്നെ പലപ്പോഴും ജീവിതത്തിന്റെ മൂർച്ചയുള്ള വൃത്തത്തിലേക്ക്, അക്വേറിയത്തിലേക്ക് മത്സ്യത്തെയെന്നപോലെ നിക്ഷേപിച്ചത് നിസാമായിരുന്നു. മനുഷ്യരെ സന്തോഷവാന്മാരാക്കി നിലനിർത്തുന്ന എന്തോ ഒരു മാജിക് നിസാമിലുണ്ടായിരുന്നു.
മലയാള പ്രസിദ്ധീകരണ രംഗത്ത് തിരക്കഥയുടെ വേരോട്ടം തുടങ്ങുന്നത് രണ്ടായിരങ്ങളിലാണ്. ചെഗുവേരയുടെ യൗവനത്തിന്റെ കഥപറയുന്ന ‘മോട്ടോർ സൈക്കിൾ ഡയറീസ്’ 2002ൽ വാൾട്ടർ സെലസ് സിനിമയാക്കുന്നതോടെ ആ പുസ്തകത്തിന് കിട്ടാത്ത അംഗീകാരംകൂടി സിനിമക്ക് കിട്ടി. തീക്ഷ്ണ ത്യാഗഭരിതമായ ചെ യുടെ യൗവനം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ സാധ്യത– ആ സിനിമയുടെ തിരക്കഥ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യത ആദ്യമായി കെ.ബി. വേണുവിലേക്കു കുത്തിയിറക്കിയത് നിസാമായിരുന്നു.
സൗഹൃദം ഒരു ചെറിയ ചുഴലിയായി വേണുവിനു ചുറ്റും രൂപംകൊള്ളുന്നതിനും അത് വേണുവിനെ ടോർപിഡോ കണക്കെ വലിഞ്ഞു മുറുക്കുന്നതിനും ഞാൻ സാക്ഷിയായി. അത്ഭുതത്തോടെയാവണം സൗഹൃദത്തിന്റെ ആ കൊടുങ്കാറ്റിനെ വേണു നോക്കിക്കണ്ടത്. പിന്നെ കൊറിയൻ സംവിധായകനായ കിം കി ഡുക്കിന്റെ തിരക്കഥകളും വേണുവിലൂടെ ഫേബിയൻ പ്രസിദ്ധീകരിച്ചു.
ഭാവിയും ഭൂതവും രേഖപ്പെടുത്താത്ത പുസ്തകത്തിൽ സ്വന്തം ഹസ്തരേഖ സൂക്ഷിച്ച അന്ധനായ സഞ്ചാരിയാണെന്റെ കൂട്ടുകാരൻ. ബന്ധങ്ങളും അടുപ്പങ്ങളും വരവുകളുമെല്ലാം ചരിത്രവും വഴികളും ഇല്ലാത്തതാണ്. പോയാൽ പിന്നെ നിസാമിനെ കാണില്ല. ദിവസങ്ങളോളം മാസങ്ങളോളം ചിലപ്പോൾ അതിനുമപ്പുറം, കാലടിപ്പാടുകളും ശബ്ദങ്ങളും അവശേഷിപ്പിക്കാതെ അയാൾ അകന്നുപോവും, എവിടെ, എപ്പോൾ വരും? ആർക്കുമറിയില്ല. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, നിസാമിന്റെ സന്തോഷത്തിന്റെ ചിരിക്കുന്ന മുഖം ഒരു പൊയ്മുഖമാണെന്ന്.
കാരണം സന്തോഷമുള്ളിടത്തു മാത്രമേ, ആർപ്പുവിളികൾക്കിടയിൽ മാത്രമേ എന്നും നിസാം ഉണ്ടായിരുന്നുള്ളൂ. ആനന്ദങ്ങൾക്കിടയിൽ അയാൾ സോർബയെപ്പോലെ തുള്ളി. നൃത്തംചെയ്തു, മറ്റുള്ളവരെയും നൃത്തക്കളത്തിലേക്കു വലിച്ചിട്ടു. ഉച്ചയിൽ... ഉച്ചയിൽ പാടിക്കൊണ്ടിരുന്നു. വേദനകളിൽ, മരണങ്ങളിൽ, വേർപാടുകളിൽ, സങ്കടങ്ങളിൽനിന്നൊക്കെ നിസാം ഓടിയൊളിച്ചു. അതൊക്കെ അയാൾക്ക് അസഹ്യമായിരുന്നു. പ്രിയപ്പെട്ടവരുടെ പലരുടെയും മരണങ്ങളിൽ നിസാമിന്റെ അസാന്നിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതൊന്നും ഇഷ്ടക്കേടുകൊണ്ടല്ല. മരണത്തോടുള്ള പിണക്കംകൊണ്ടാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്...
ഒരലച്ചിലായിരുന്നു ആ മനുഷ്യൻ. കുറഞ്ഞ സമയംകൊണ്ട് ഒരുപാടു ദൂരം യാത്രചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന തൊഴിൽ ഒരു തമാശയായി എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ മടകളിൽനിന്നും മറ്റൊരു മടയിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു എപ്പോഴും. എവിടെ, എത്രനാൾ എന്നതിനൊന്നും ഒരു തീർച്ചയും മൂർച്ചയുമില്ല. ചിലപ്പോൾ ബഹളങ്ങളിൽ അങ്ങ് തങ്ങും, ഒരു പാട്ടായി, തണുപ്പായി, താളമായി. ചിലപ്പോൾ സിഗരറ്റു വാങ്ങാൻ പുറത്തുപോവുന്ന നിസാമിനെ കാണുന്നത് അടുത്ത വൈക്കത്തഷ്ടമിക്കായിരിക്കും. പക്ഷേ, അപ്പോഴും അതേ അടുപ്പം, സംസാരം... അങ്ങനെ ഫേബിയനിലും എത്രയോ അന്തിയുറങ്ങിയിട്ടുണ്ട്.
കവി അയ്യപ്പനുമായി ബന്ധപ്പെട്ട നിസാമിന്റെ ഒരോർമയുണ്ട്. ഒരുദിവസം വൈകുന്നേരം എ. അയ്യപ്പൻ ഫേബിയന്റെ ഓഫിസിലുള്ള സമയത്ത്, ഞാൻ തുടക്കത്തിൽ പരാമർശിച്ച ഷാനവാസ് എം.എ എന്നെ വിളിച്ചു. ‘മാധ്യമ’ത്തിലേക്ക് എ. അയ്യപ്പന്റെ ഒരു അഭിമുഖത്തിന്റെ സാധ്യത ചികഞ്ഞുകൊണ്ടായിരുന്നു ആ വിളി. അയ്യപ്പൻ അവിടെ തങ്ങുന്നുണ്ടെന്ന് ഷാൻ എങ്ങനെയോ അറിഞ്ഞിരുന്നു. അയ്യപ്പന് ഷാനവാസുമായും നല്ല ബന്ധമുണ്ട്. ആ സമയത്തു റാവുത്തറും അവിടെയെത്തി. ഞാനും റാവുത്തറും കൂടി വിഷയം അയ്യപ്പൻ സമക്ഷം അവതരിപ്പിച്ചു... അൽപനേരം മൗനിയായിരുന്നിട്ടു അയ്യപ്പൻ പറഞ്ഞു.
‘‘അവൻ നമ്മുടെ പയ്യനാ... നമുക്ക് അഭിമുഖീകരിച്ചു കളയാം.’’ അന്ന് ആ അഭിമുഖം ചെയ്തത് നിസാം റാവുത്തറായിരുന്നു, രാത്രി വൈകുവോളം സംസാരം നീണ്ടു. അയ്യപ്പന്റെ ജീവിതം സംബന്ധിച്ച് അതുവരെ പുറത്തുവരാത്ത വെളിപ്പെടുത്തലുകൾ അതിലൂടെ പുറത്തുവന്നു. കവിതയും കണ്ണീരും ഏറ്റുപറച്ചിലുകളും മൗനവും ലഹരിയും -പൊട്ടിച്ചിരിയുടെ ഒരു ഒത്തുചേരൽ ... പുലർച്ചെ എപ്പോഴോ സംസാരിച്ചു സംസാരിച്ച് അയ്യപ്പൻ ഉറങ്ങിപ്പോയി. ഞാനെന്തോ വെട്ടിവിയർത്തിരുന്നു.
അതുപോലൊന്നു ഞാൻ അയ്യപ്പനിൽനിന്നും കേട്ടിട്ടില്ല. നിസാമും പ്രതീക്ഷിച്ചില്ല അയ്യപ്പൻ അത്രയൊക്കെ മനസ്സ് തുറക്കുമെന്ന്. അഭിമുഖം ശ്രദ്ധേയമായി. ആ വാർഷികപ്പതിപ്പും ശ്രദ്ധേയമായി. ഓർമകൾ ഒരുപാടുണ്ട്... എല്ലാം എഴുതാനുള്ളതല്ല, പറയാനും. എനിക്ക് പറയാനുള്ളതു മികച്ച ഒരു നോവലിസ്റ്റിനെക്കുറിച്ചോ സാഹിത്യകാരനെക്കുറിച്ചോ ചങ്ങാതിയെക്കുറിച്ചോ അല്ല. അയാൾ അതൊന്നുമല്ല. നന്മകളുടെ പൂമരമല്ല. എനിക്കിഷ്ടമല്ലാത്ത ഒരുപാട് സംഗതികൾ ഉണ്ടായിരുന്നുതാനും അയാളിൽ. പക്ഷേ, സത്യസന്ധനായിരുന്നു. തന്റെ ജീവിതത്തോട്, കാമനകളോട്, ഇഷ്ടങ്ങളോട്. ഏറ്റവും കുറഞ്ഞത് അയാളോടെങ്കിലും...
ഇന്നലെ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിയിരുന്നു. വഴികൾ ശൂന്യമായി. മനസ്സിൽ എന്തോ ഭാരം. ഓരോരുത്തരായി വിടപറയുകയാണ്. അയ്യപ്പൻ, ഇപ്പോൾ നിസാം. ലോകം സത്യസന്ധന്മാരെക്കൊണ്ട് നിറഞ്ഞു കൊള്ളാതായിരിക്കുന്നു.