ചാര്‍വാകം
മാർച്ച് ഏഴിന് വിടവാങ്ങിയ യുക്തിവാദി നേതാവും ചിന്തകനും വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ യു. കലാനാഥനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കുകയാണ് ശിഷ്യൻകൂടിയായ ലേഖകൻ.യുക്തിചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച പ്രവര്‍ത്തന പദ്ധതികളിലൂടെ സാധാരണക്കാരെ ഉദ്‌ബോധിപ്പിച്ച പൊതുപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായിരുന്നു യു. കലാനാഥന്‍. തന്റെ യുക്തിയും ചിന്തയും ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടണം എന്നദ്ദേഹം ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച...
Your Subscription Supports Independent Journalism
View Plansമാർച്ച് ഏഴിന് വിടവാങ്ങിയ യുക്തിവാദി നേതാവും ചിന്തകനും വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ യു. കലാനാഥനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അനുസ്മരിക്കുകയാണ് ശിഷ്യൻകൂടിയായ ലേഖകൻ.
യുക്തിചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച പ്രവര്‍ത്തന പദ്ധതികളിലൂടെ സാധാരണക്കാരെ ഉദ്‌ബോധിപ്പിച്ച പൊതുപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായിരുന്നു യു. കലാനാഥന്‍. തന്റെ യുക്തിയും ചിന്തയും ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടണം എന്നദ്ദേഹം ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച കലാനാഥന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിരന്തരം പോരാടി. യുക്തിക്ക് നിരക്കാത്തത് ഒന്നും അദ്ദേഹം വിശ്വസിച്ചില്ല. യുക്തിവാദികള്‍ എങ്ങനെയാവണം എന്നദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പ്രസംഗിച്ചതിന്റെ പേരിലാണ് കലാനാഥന്‍ പൊതുരംഗത്ത് കൂടുതല്‍ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രസംഗം ചെന്നെത്താത്ത നഗരവും നാട്ടിന്‍പുറവും ഉണ്ടാവില്ല. ആള്‍ദൈവങ്ങള്‍ക്ക് എതിരെ പ്രചാരണം നടത്താനും ദിവ്യാത്ഭുത പ്രവര്‍ത്തനത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. കലാനാഥന്റെ ആശയഗതികളോടും ചിന്താപദ്ധതികളോടും എതിര്‍പ്പുള്ളവര്‍ ധാരാളം ഉണ്ടായിരുന്നു.
എന്നാല്‍, ഭരണാധികാരി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സംഭാവനയെ തള്ളിപ്പറയാന്‍ വിമര്‍ശകര്‍പോലും ധൈര്യപ്പെട്ടിരുന്നില്ല. യുക്തിവിചാരണത്തിന്റെ സരണിയിലേക്ക് സമൂഹത്തെ കൊണ്ടുവരാന്‍ കഴിഞ്ഞുവോ എന്നത് മറ്റൊരു വിഷയം. എന്നാല്‍, യുക്തിചിന്തക്ക് ഇവിടെ സാധ്യതയുണ്ടെന്ന് ചെറിയ ന്യൂനപക്ഷമെങ്കിലും അംഗീകരിക്കാന്‍ തുടങ്ങിയത് കലാനാഥന്റെ വരവോടുകൂടിയാണ്.
* * *
വള്ളിക്കുന്നിലെ സാധാരണ കുടുംബത്തിലാണ് കലാനാഥന്‍ ജനിച്ചത്. വള്ളിക്കുന്ന് ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും കോച്ചി അമ്മയുടെയും മകനായി 1940 ജൂലൈ 22നാണ് ജനനം. വള്ളിക്കുന്ന് നേറ്റിവ് എ.യു.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന്, ഫറോക്ക് ഗണപത് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം നടത്തുന്ന കാലത്തുതന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്ത് സജീവമായി, കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. സ്‌കൂള്‍ ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് കോളജില്‍ സുവോളജിയിൽ ബിരുദപഠനം.
തുടര്‍ന്ന് ഫാറൂഖ് ട്രെയ്നിങ് കോളജില്‍ നിന്ന് ബി.എഡ് പഠനം പൂര്‍ത്തിയാക്കി. 1965ല്‍ ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളില്‍ ഫിസിക്സ് അധ്യാപകനായി. അക്കാലത്തുതന്നെ പൊതുരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്നു. വള്ളിക്കുന്നില്‍നിന്ന് കടലുണ്ടി പഞ്ചായത്തിലെ ചാലിയത്തേക്ക് എത്താന്‍ അക്കാലത്ത് ബസ് സര്‍വിസ് ഒന്നുമില്ല. സൈക്കിളിലാണ് യാത്ര. കടലുണ്ടിപ്പുഴക്ക് കോട്ടക്കടവില്‍ പാലം വന്നിരുന്നതിന് മുമ്പാണ്. തോണി കടന്നുവേണം എത്താന്‍.
വെള്ളമുണ്ടും ഷര്‍ട്ടുമാണ് അന്നത്തെ വേഷം. നീട്ടി വളര്‍ത്തിയ താടി അക്കാലത്ത് തന്നെയുണ്ട്. ക്ലാസില്‍ കലാനാഥന്‍ മാഷ് അത്രയൊന്നും കര്‍ശനക്കാരനായിരുന്നില്ല. ഫലിതപ്രിയനായിരുന്നു. ക്ലാസിന്റെ ഇടയില്‍ തമാശ പറയും. ഭൗതികശാസ്ത്രത്തിന്റെ വിരസത ഒഴിവാക്കാനുള്ള വിദ്യയായിരുന്നു അത്. ബ്ലാക്ക് ബോര്‍ഡ് വൃത്തിയാക്കാനുള്ള ഡസ്റ്റര്‍ മാഷ് സ്വന്തമായി കൈയില്‍ കരുതും. ചിലപ്പോള്‍ ഒരു റബര്‍നാടയും കൈയിലുണ്ടാവും. കുട്ടികളെ പേടിപ്പിച്ചു നിര്‍ത്താനാണിത്. ചൂരലിന് പകരം റബര്‍നാട ചുഴറ്റും. പക്ഷേ, ആരെയും അടിക്കുന്ന പതിവില്ല. 1995ല്‍ അധ്യാപക ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
ഇതിനിടെ തന്നെ യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി. 1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു. സി.പി.എമ്മിന്റെ വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
യുക്തിവാദി നേതാവ് എന്ന നിലയില്‍ പ്രശസ്തനായ കലാനാഥനെ പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിപ്പിക്കാന്‍ സി.പി.എമ്മിന് ആദ്യം കുറച്ചൊരു വൈമനസ്യം ഉണ്ടായിരുന്നു. യുക്തിവാദിയായ മാഷെ ജനം എങ്ങനെ സ്വീകരിക്കും എന്ന സംശയമായിരുന്നു കാരണം. എന്നാല്‍, ജനങ്ങളുടെ ആദരവും പ്രീതിയും പിടിച്ചുവാങ്ങാന്‍ മാഷിന് എളുപ്പം സാധിച്ചു. നേട്ടങ്ങളുടെയും പുരസ്‌കാരങ്ങളുടെയും കാലംകൂടിയായിരുന്നു അത്.
ജനകീയാസൂത്രണത്തിന് മുമ്പേ നടന്ന സംഘാടകന്‍
ജനകീയാസൂത്രണം എന്ന പേരില്‍ പ്രാദേശിക ഭരണസഭകള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരങ്ങളും നല്‍കുന്ന പദ്ധതി വരുന്നതിന് മുമ്പുതന്നെ ആ തരത്തിലുള്ള ആസൂത്രണം വള്ളിക്കുന്നില്‍ നടപ്പാക്കിയ പൊതുപ്രവർത്തകനാണ് യു. കലാനാഥന്‍. 1995 ആഗസ്റ്റ് 17നാണ് ജനകീയാസൂത്രണം യാഥാർഥ്യമാകുന്നത്. അതിന് മുമ്പുതന്നെ കൃത്യമായി പറഞ്ഞാല്‍ 1995 മാര്‍ച്ച് 30ന് വള്ളിക്കുന്നില്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുകയായിരുന്നു.
ഒരുഭാഗം കടലും രണ്ടുഭാഗം പുഴയും അതിരായുള്ള പഞ്ചായത്തില്‍ തെക്കുഭാഗവും കിഴക്ക് ഭാഗവും സമൃദ്ധമായി വെള്ളം കിട്ടുന്ന പ്രദേശങ്ങളാണ്. എന്നാല്‍, കാര്‍ഷിക പ്രവര്‍ത്തനത്തിന് ഈ വെള്ളം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷകാലത്ത് വെള്ളപ്പൊക്കമുണ്ടാവും.
പാടത്തിന്റെ നടുവിലൂടെ പോകുന്ന കാട്ടുങ്ങല്‍തോട് ആഴവും വീതിയും ഇല്ലാതെ കിടന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നത്. തോട് ആഴംകൂട്ടി നവീകരിക്കാന്‍ ശ്രമം നടന്നു. ഇതായിരുന്നു ജനകീയാസൂത്രണത്തിലെ പ്രഥമ പദ്ധതി. ജനകീയാസൂത്രണം എന്ന പേര് അന്ന് ഉണ്ടായിട്ടുണ്ടാവില്ല. എങ്കിലും ജനങ്ങളെ അണിനിരത്തി പദ്ധതി നടന്നു. 1600 മീറ്റര്‍ നീളവും പത്തടി വീതിയുമുള്ള കാട്ടുങ്ങല്‍തോട് എട്ടു മണിക്കൂര്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2442 പേര്‍ ശ്രമദാനത്തില്‍ പങ്കാളികളായി.
51,000 രൂപ ചെലവായി. ജനങ്ങളുടെ പങ്കാളിത്തത്തോടെ 2,47,000 രൂപയുടെ ജോലിയാണ് നടത്തിയത്. ജനങ്ങളുടെ അധ്വാനവും സാമ്പത്തികസഹായവും മുതല്‍ക്കൂട്ടാവുകയായിരുന്നു. തോടിന്റെ ആഴവും പരപ്പും കൂടിയതോടെ പാടത്ത് കെട്ടിനിന്ന വെള്ളം തോടിലേക്ക് ഒഴുകി. 250 ഏക്കര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളമെത്തിക്കാന്‍ കഴിഞ്ഞു. കുടിവെള്ളക്ഷാമത്തിനും പരിഹാരമായി.
സമാനമായി സന്നദ്ധപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ജലവിതരണ പദ്ധതികള്‍ നടപ്പായി. 1998 മാര്‍ച്ച് 22ന് മലയാറ്റിന്‍തോട് നവീകരണത്തിന് 400 സന്നദ്ധപ്രവര്‍ത്തകരാണ് അണിനിരന്നത്. 1998 ഏപ്രില്‍ നാലിന് നടന്ന കുണ്ടുപാടം ജലസേചന പദ്ധതി ബൃഹത്തായ ഒന്നായിരുന്നു. 3000 സന്നദ്ധപ്രവര്‍ത്തകരാണ് 1525 മീറ്റര്‍ ദൈര്‍ഘ്യമുള്ള തോട് നവീകരണത്തിന് എത്തിയത്. 500 മീറ്ററില്‍ പുതിയ തോട് നിര്‍മിക്കുകയും ചെയ്തു.
കുടിവെള്ള പദ്ധതിക്ക് പുറമെ ഊര്‍ജസംരക്ഷണത്തിനുള്ള പദ്ധതികളും കലാനാഥന്‍ പ്രസിഡന്റായ കാലത്ത് വള്ളിക്കുന്നില്‍ നടപ്പാക്കുകയുണ്ടായി. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിന് തൊട്ടുപിന്നാലെ. 1998 ജൂണ്‍ എട്ടിനായിരുന്നു പദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി 3004 വീടുകളിലും 300 കടകളിലുമായി 7500 സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്തു. പിന്നീട് പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുത്തു. പില്‍ക്കാലത്ത് എല്‍.ഇ.ഡി വിളക്കുകള്‍ സാര്‍വത്രികമാക്കുന്ന പദ്ധതിക്ക് ഇത് വഴികാട്ടിയായി. സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജസംരക്ഷണ അവാര്‍ഡ് ഈ പദ്ധതിക്ക് ലഭിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് യാഥാർഥ്യമാക്കുന്നതിനും കലാനാഥന്‍ നേതൃപരമായ പങ്കുവഹിച്ചു. കടലുണ്ടി പുഴയില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ പ്രധാനമായും വള്ളിക്കുന്ന് കേന്ദ്രീകരിച്ചായിരുന്നു ഉണ്ടായിരുന്നത്. 153 ഏക്കറിലധികം സ്ഥലത്ത് ഇവ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. കടലുണ്ടി ദേശാടനപക്ഷി കേന്ദ്രം സംരക്ഷിക്കാനും മുന്നിട്ടിറങ്ങി.
ആഴത്തിലുള്ള പഠനം
പരന്ന വായനയും ആഴത്തിലുള്ള പഠനവുമായിരുന്നു കലാനാഥന്‍ മാഷിന്റെ പ്രത്യേകത. ശാസ്ത്രം പഠിച്ചാല്‍ മാത്രം യുക്തിവാദിയാകാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഖുര്‍ആനും ഭഗവദ് ഗീതയും ബൈബിളുമെല്ലാം അദ്ദേഹം പഠിച്ചു. വെറുതെയുള്ള പഠനമായിരുന്നില്ല. മതരംഗത്തുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എപ്പോഴും സന്നദ്ധനായി.
ഉദ്ധരണികള്‍ക്കും ആശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കും ഒരിക്കലും ക്ഷാമമുണ്ടായില്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ ദൗര്‍ബല്യങ്ങള്‍ ഉണ്ടാവും. ഇത് മനസ്സിലാക്കി ശാസ്ത്രീയ ചിന്തകളും ജനങ്ങളുടെ ദൗര്‍ബല്യവും താരതമ്യംചെയ്ത് പ്രകോപനമില്ലാതെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇതാണ് യുക്തിവാദികളുടെ ചരിത്രപരമായ കടമയെന്ന് കലാനാഥന്‍ വിശ്വസിച്ചു.
കാലം മാറിക്കൊണ്ടിരിക്കും എന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തം അംഗീകരിച്ചാണ് യുക്തിവാദം മുന്നോട്ടുപോയത്. എന്നാല്‍, മാറുന്ന കാലത്തിന് ഒപ്പം നില്‍ക്കാതെ മതഗ്രന്ഥങ്ങള്‍ പഴയ നിലപാടുതറയില്‍തന്നെ നില്‍ക്കുന്നതാണ് മാഷിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. സനാതന മതമെന്ന പേരിലാണ് ഹിന്ദുമതം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വിവേകാനന്ദന്റെ കാലത്തോടെ അതിന്റെ സനാതനധര്‍മം അവസാനിച്ചുവെന്നാണ് കലാനാഥന്‍ സമർഥിച്ചിരുന്നത്. അതേസമയം, മതങ്ങള്‍ക്കുള്ളിലെ ദോഷവശങ്ങള്‍ ഒഴിവാക്കി അവ സ്വയം നവീകരിക്കാന്‍ തയാറായാല്‍ അവരെ സഹായിക്കേണ്ടത് യുക്തിവാദികളുടെ ഉത്തരവാദിത്തമാണെന്നും കലാനാഥന്‍ പറഞ്ഞുവെച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് പ്രധാനമായ ഒരു കാരണം സാമ്പത്തികപ്രശ്‌നങ്ങളാണെന്ന് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി.
മതത്തെ രാഷ്ട്രീയത്തില്‍നിന്നും ഭരണത്തില്‍നിന്നും വിദ്യാഭ്യാസത്തില്‍നിന്നും മാറ്റിനിര്‍ത്തണമെന്ന ആശയത്തിനുവേണ്ടിയാണ് കലാനാഥന്‍ മാഷ് നിരന്തരമായി പോരാടിയത്. പൊതുപ്രവര്‍ത്തനവും പഞ്ചായത്ത് ഭരണവുമെല്ലാം മാഷിന്റെ സമയം ഏറെ അപഹരിച്ചിരുന്നുവെങ്കിലും പഠനത്തിനും വായനക്കും വേണ്ടി ഏറെ മണിക്കൂറുകള്‍ മാറ്റിവെച്ചിരുന്നു. ആവശ്യമായ ലേഖനങ്ങളും കുറിപ്പുകളും പ്രത്യേകം തയാറാക്കിവെക്കുന്നതാണ് ശീലം. പത്രക്കട്ടിങ്ങുകളും മറ്റും വെവ്വേറെ എടുത്തുവെക്കും. വീടു നിറയെ പുസ്തകങ്ങളാണ്. അലമാരകളും റാക്കുകളും നിറഞ്ഞുകവിഞ്ഞ് പലപ്പോഴും നിലത്ത് ഒഴുകിപ്പരന്ന് കിടക്കും.
യുക്തിവാദി സംഘത്തിന്റെ സംസ്ഥാന ഭാരവാഹിയായിരിക്കുമ്പോള്‍തന്നെ സി.പി.എമ്മിലും കലാനാഥന്‍ സജീവമായിരുന്നു. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്ന നിര്‍ദേശം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് വന്നപ്പോള്‍ യുക്തിവാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് മാഷ് തയാറായത്. 1984ലാണ് നിര്‍ദേശം വന്നത്. ഇതോടെ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. എങ്കിലും പാര്‍ട്ടിയോടും ഇടതുപക്ഷത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മടിയുണ്ടായിരുന്നില്ല. അങ്ങനെയാണ് സി.പി.എം സ്വതന്ത്രനായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്നില്‍ മത്സരിക്കുന്നതും പ്രസിഡന്റ് പദത്തിലെത്തുന്നതും. യുക്തിവാദി സംഘത്തിന്റെ നേതാവായിരിക്കുമ്പോള്‍തന്നെ ശാസ്ത്രവാദി സംഘടനകളുടെ ദേശീയ ഐക്യരൂപമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ചാര്‍വാകം എന്ന വീട്
വള്ളിക്കുന്ന് റെയില്‍വേ ഗേറ്റിന് സമീപം കച്ചേരിക്കുന്നിലുള്ള കലാനാഥന്റെ വീടിന് ചാര്‍വാകം എന്നാണ് പേരിട്ടിരുന്നത്. നിരീശ്വരവാദികളുടെ ‘മത’മെന്ന് വിശേഷിപ്പിക്കുന്ന ചാര്‍വാക സിദ്ധാന്തത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ പേര്. അവിടെ പുസ്തകങ്ങള്‍ക്ക് നടുവില്‍ ഞെരുങ്ങിയിരുന്ന് കലാനാഥന്‍ തന്റെ അനുയായികളായ യുവാക്കളോട് നിരന്തരം സംസാരിച്ചു. അത് പലപ്പോഴും വിശദീകരണമായും വാദപ്രതിവാദമായും മാറി. എന്നാല്‍, സ്‌നേഹത്തിന്റെ ചരടില്‍ ബന്ധിതമായിരുന്നു ആ തര്‍ക്കങ്ങള്‍.
എം. ഗോവിന്ദനെപ്പോലെ യുവാക്കളെ കര്‍മനിരതരാക്കുന്നതായിരുന്നു കലാനാഥന്റെ ഇടപെടല്‍. അനുയായികളുടെ കൂട്ടത്തില്‍ ഇടതുപക്ഷക്കാരും സി.പി.എം അനുഭാവികളും മാത്രമല്ല, ശാസ്ത്രത്തെയും യുക്തിയെയും ഇഷ്ടപ്പെടുന്ന മറ്റു പാര്‍ട്ടിക്കാരും ഇടംനേടിയിരുന്നു. വീട്ടിനകത്ത് പുസ്തകങ്ങള്‍ നിറഞ്ഞുനിന്നപ്പോള്‍ വീടിന് പുറത്ത് ചെടികളുടെ ബഹളമായിരുന്നു. എവിടെനിന്ന് ചെടിക്കമ്പ് കിട്ടിയാലും മാഷ് വീട്ടില്‍ എത്തിച്ച് നട്ടുവളര്‍ത്തും. എത്ര വൈകി വീട്ടിലെത്തിയാലും ചെടികളെ തൊട്ടുതലോടുന്നതായിരുന്നു ശീലം.
സെയില്‍സ് ടാക്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്ന പെരളശ്ശേരി സ്വദേശി എം.കെ. ശോഭനയെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം ചെയ്തത്. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്. ചായയും രണ്ട് ബിസ്‌കറ്റും അടങ്ങിയതായിരുന്നു വിവാഹസല്‍ക്കാരം. അനുബന്ധമായി യുക്തിവാദിസംഘത്തിന്റെ ദിവ്യാത്ഭുത അനാവരണ പരിപാടിയും അരങ്ങേറിയിരുന്നത് ശോഭന ഓര്‍മിക്കുന്നു. മകന്‍ ഷമീര്‍ എം.സി.എ ബിരുദധാരിയാണ്. ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് സമാജ് അവാര്‍ഡ്, വി.ടി മെമ്മാറിയല്‍ അവാര്‍ഡ്, യുക്തിവിചാരം അവാര്‍ഡ്, ഡോ. രാഹുലന്‍ മെമ്മോറിയല്‍ അവാര്‍ഡ്, എന്‍.സി. മമ്മൂട്ടി സ്മാരക അവാര്‍ഡ് എന്നിവക്കൊപ്പം ചേകന്നൂര്‍ മൗലവി സ്മരണക്കായുള്ള മുത്താഖി അവാര്‍ഡും കലാനാഥന് ലഭിക്കുകയുണ്ടായി.
‘ആത്മാവ് സങ്കല്‍പമോ യാഥാർഥ്യമോ’, ‘ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ’, ‘മതം സാമൂഹിക പുരോഗതിയുടെ ശത്രു’, ‘ഇസ്‍ലാം മതവും യുക്തിവാദവും’, ‘മതനിരപേക്ഷതയും ഏക സിവില്‍കോഡും’, ‘മതനിരപേക്ഷതയും ഇന്ത്യന്‍ സമൂഹവും’, ‘മതജീര്‍ണനത്തിന്റെ വിവിധ മുഖങ്ങള്‍’ എന്നിവയാണ് പ്രധാന കൃതികള്‍.
കോവിഡ് കാലത്ത് മറ്റു പലരെയുംപോലെ കലാനാഥനും പൊതുപ്രവര്‍ത്തനം സജീവമാക്കാനായില്ല. വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതനായി. അതിനിടെ മറവിരോഗത്തിന്റെ ആക്രമണം കൂടി വന്നപ്പോള്‍ ശയ്യാവലംബിയായി. എന്നാല്‍, അനുയായികളുടെ സന്ദര്‍ശനത്തിന് കുറവൊന്നുമുണ്ടായില്ല. എണ്‍പതാം പിറന്നാള്‍ വേളയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുയായികളും മാഷിന് ആശംസകള്‍ അര്‍പ്പിച്ച് എഴുതിയ ലേഖനങ്ങള്‍ ‘യു. കലാനാഥന്‍ -ചിന്ത, സര്‍ഗാത്മകത, ജീവിതം' എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രമാണ് പ്രസാധകര്‍. അനില്‍ മാരാത്ത് ആണ് എഡിറ്റ് ചെയ്തത്. 2023 ഡിസംബറിലാണ് പുസ്തകം പുറത്തിറക്കിയത്. കലാനാഥന്‍ കോളജ് പഠനകാലത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അവ പി.കെ. ഗോപിയുടെ അവതാരികയോടെ ‘സ്വപ്‌നധാര’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
യുക്തിവാദി സംഘത്തിന്റെ പ്രസിദ്ധീകരണമായ ‘യുക്തിരേഖ’യുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സംഘടനയുടെ പ്രസിഡന്റ് പദത്തില്‍നിന്ന് ഒഴിഞ്ഞിരുന്നു. എങ്കിലും കലാനാഥന്റെ അഭാവം സംഘടനക്ക് വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടുന്നവര്‍ക്കും പ്രിയനേതാവിനെയും വഴികാട്ടിയെയുമാണ് നഷ്ടമായിരിക്കുന്നത്.