Begin typing your search above and press return to search.
proflie-avatar
Login

ഒരു ഗ്രാംഷിയൻ വെളിച്ചപ്പാട്

ഒരു ഗ്രാംഷിയൻ    വെളിച്ചപ്പാട്
cancel

മാർച്ച്​ 8ന്​ വിടപറഞ്ഞ മുൻ നക്​സലൈറ്റ്​ നേതാവും രാഷ്​ട്രീയ നിരീക്ഷകനും കോളമിസ്​റ്റും മാധ്യമ വിമർശകനുമായ ഭാസുരേന്ദ്ര ബാബുവിനെയാണ്​ ഇൗ ലക്കം ഒാർമിക്കുന്നത്​. പുന്നപ്ര വയലാറി​ന്റെ രക്തം ഒഴുകുന്ന ആലപ്പുഴയിൽനിന്ന് എഴുപതുകളിൽ ഉന്മൂലനസമരമാണ് ഇന്ത്യയുടെ മോചനമാർഗമെന്നു വിശ്വസിച്ച നക്സലൈറ്റായാണ് ബാബു ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ അപ്പോൾ സി. അച്യുതമേനോ​ന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മുന്നണി ഭരണമായിരുന്നു. നാലുവർഷം നീണ്ട അക്കാലത്തെ ജയിൽജീവിതത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ മനുഷ്യരിൽ ഒരാളാണ് ഭാസുരേന്ദ്ര ബാബു. ഒരിക്കലും സൂര്യനുദിക്കില്ല...

Your Subscription Supports Independent Journalism

View Plans
മാർച്ച്​ 8ന്​ വിടപറഞ്ഞ മുൻ നക്​സലൈറ്റ്​ നേതാവും രാഷ്​ട്രീയ നിരീക്ഷകനും കോളമിസ്​റ്റും മാധ്യമ വിമർശകനുമായ ഭാസുരേന്ദ്ര ബാബുവിനെയാണ്​ ഇൗ ലക്കം ഒാർമിക്കുന്നത്​. 

പുന്നപ്ര വയലാറി​ന്റെ രക്തം ഒഴുകുന്ന ആലപ്പുഴയിൽനിന്ന് എഴുപതുകളിൽ ഉന്മൂലനസമരമാണ് ഇന്ത്യയുടെ മോചനമാർഗമെന്നു വിശ്വസിച്ച നക്സലൈറ്റായാണ് ബാബു ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ അപ്പോൾ സി. അച്യുതമേനോ​ന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മുന്നണി ഭരണമായിരുന്നു. നാലുവർഷം നീണ്ട അക്കാലത്തെ ജയിൽജീവിതത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ മനുഷ്യരിൽ ഒരാളാണ് ഭാസുരേന്ദ്ര ബാബു. ഒരിക്കലും സൂര്യനുദിക്കില്ല എന്നു വിശ്വസിച്ച അടിയന്തരാവസ്ഥയുടെ പതിനെട്ടു മാസം നീണ്ട ഇരുട്ടിലാണ് ആ ജീവിതത്തെ രൂപപ്പെടുത്തിയ വെളിച്ചപ്പാടുകൾ ഉണ്ടാകുന്നത്.

അടിയന്തരാവസ്ഥയിലെ ഇന്ത്യ എന്നത് ലളിതമായ വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന ഒന്നല്ല. അതിന് ചെങ്കൊടി പുതച്ച സോവിയറ്റ് യൂനിയ​ന്റെ പിന്തുണയുണ്ടായിരുന്നു. എഴുപതുകളിൽ ഇന്ത്യയിൽ ഉയർന്നുവന്ന ജയപ്രകാശ് നാരായണ​ന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും ചാരുമജൂംദാറി​ന്റേതടക്കമുള്ള നക്സൽബാരി പ്രസ്ഥാനത്തെയും അടിച്ചമർത്താൻ ഇന്ദിര ഗാന്ധിയുടെ ഇന്ത്യക്ക് സോവിയറ്റ് ചെങ്കൊടിയുടെ പിന്തുണയുണ്ടായിരുന്നു. ആഗോള അധികാര രാഷ്ട്രീയത്തി​ന്റെ കണ്ണിൽ അടിയന്തരാവസ്ഥാ വിരുദ്ധരെയൊക്കെ മേഖലയിലെ സോവിയറ്റ് ആധിപത്യത്തെ തുരങ്കംവെക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തി​ന്റെ ഏജന്റുമാരായ ശിഥിലീകരണ ശക്തികളായി മുദ്രകുത്താൻ എളുപ്പമായിരുന്നു.

വല്യേട്ടൻ അങ്ങനെ വ്യാഖ്യാനിക്കുമ്പോൾ സി.പി.ഐ അതെങ്ങനെ വിശ്വസിക്കാതിരിക്കും? അക്കാലത്ത് സോവിയറ്റ് യൂനിയൻ ഒരു സോഷ്യൽ ഫാഷിസ്റ്റ് രാഷ്ട്രമായി എന്ന നിലപാട് എടുത്തിട്ടില്ലാത്ത സി.പി.എമ്മോ? അവരും വിശ്വാസത്തി​ന്റെ ഒരു പ്രതിസന്ധിയിലായിരുന്നു. അടിയന്തരാവസ്ഥയിൽ കമ്യൂണിസ്റ്റ് ഭരണം നിലനിന്ന കേരളത്തിലെ ജയിലുകളിൽ നക്സലൈറ്റുകൾക്കായിരുന്നു ഭൂരിപക്ഷം. ഭാസുരേന്ദ്ര ബാബു എന്ന ഗ്രാംഷിയൻ ചിന്തക​ന്റെ പിറവി ആ ജയിലിലാണ്. അടിയന്തരാവസ്ഥക്കുശേഷം ജയിൽമോചിതനായ ബാബു പിൽക്കാല കേരളത്തിൽ പല വേഷങ്ങളിൽ വെളിച്ചപ്പെട്ടു. അതിൽ എല്ലാ കാലങ്ങളോടും യോജിക്കുന്നവരുണ്ടാകണമെന്നില്ല. എന്നാൽ, വിയോജിക്കുന്നവർക്കും ബാബു എന്ന പ്രതിഭാസത്തെ അംഗീകരിക്കാതിരിക്കാനാകില്ല. ബാബുവി​ന്റെ മരണശേഷം കെ.ടി. കുഞ്ഞിക്കണ്ണനും ബി. രാജീവനും എഴുതിയ ഫേസ്ബുക്ക് ഓർമക്കുറിപ്പുകൾ അതി​ന്റെ സാക്ഷ്യങ്ങളാണ്.

സമകാലിക കേരളത്തിൽ ബാബു ഓർക്കപ്പെടുന്നത് ഒരു മാധ്യമപ്രവർത്തകനായാണ്. ബാബുവി​ന്റെ മരണവാർത്ത ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രത്യക്ഷപ്പെട്ടത് മുൻ മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു എന്നു പറഞ്ഞാണ്. എന്നാൽ, പഴയ സഹപ്രവർത്തകനും ഇപ്പോൾ കേളു ഏട്ടൻ പഠനകേന്ദ്രത്തി​ന്റെ അധ്യക്ഷനുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ത​ന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആ ധാരണ തിരുത്തുന്നുണ്ട്:

“ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ ഭാസുരേന്ദ്ര ബാബു പല മാധ്യമങ്ങളും വിശേഷിപ്പിച്ചതുപോലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകൻ മാത്രമല്ല. അടിയന്തരാവസ്ഥ തൊട്ടുള്ള കാലം മുതൽ സ്വേച്ഛാധികാരത്തെ വെല്ലുവിളിച്ച വിപ്ലവകാരികളായ ഒരു തലമുറയുടെ പ്രതിനിധിയാണദ്ദേഹം. ബാബു എം.എൽ പാർട്ടിയുടെ നേതൃത്വത്തിലിരിക്കുന്ന കാലത്താണ് അദ്ദേഹവുമായി എ​ന്റെ ബന്ധം തുടങ്ങുന്നത്. എം.എൽ പാർട്ടിയിൽ പിടിമുറുക്കിയ വിഭാഗീയതക്കെതിരായ സമരത്തിലൂടെ സർഗാത്മകവും സമരോത്സുകവുമായ രാഷ്ട്രീയ സംസ്കാരത്തെയും പുതിയൊരു ജനകീയതയെയും നിർമിച്ചെടുക്കാനുള്ള യത്നങ്ങൾ സാംസ്കാരികവേദിയുടെ ഇടപെടലുകളിലൂടെ നടന്നിരുന്ന കാലം. അതിൽ ബാബുവി​ന്റെ പങ്ക് പ്രധാനമായിരുന്നു. പിൽക്കാലത്ത് പൊതു ഇടതുപക്ഷ പ്രസ്ഥാനത്തി​ന്റെ ഭാഗമായ അദ്ദേഹം പ്രത്യേക മാധ്യമ പരിപാടികളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ഗൗരവതരമായ ഇടപെടലുകളാണ് നടത്തിയത്... ദീർഘകാല ബന്ധങ്ങളുടെ സ്മരണയിൽ പ്രിയ സഖാവിന് വിട... ലാൽസലാം.”

സി.പി.എമ്മിലെ വി.എസ്-പിണറായി തർക്കം മുറുകിയ കാലത്ത് പിണറായി പക്ഷത്തിനായി പല ചാനലുകളിൽ ഏറ്റവും കൂടുതൽ നേരം പ്രത്യക്ഷപ്പെട്ട പ്രത്യയശാസ്ത്ര പോരാളികളിലൊരാളായിരുന്നു ബാബു. അക്കാലത്ത് വി.എസ് പക്ഷത്തി​ന്റെ കണ്ണിൽ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട ന്യായീകരണ തൊഴിലാളികളിൽ ഒരാളായിരുന്നു അദ്ദേഹം. അതായത് സി.പി.എമ്മിലെ നേതാക്കൾക്കുപോലും പറയാൻ ബുദ്ധിമുട്ടുള്ള എതിർവാദങ്ങൾ ‘കണ്ണിൽച്ചോരയില്ലാതെ’ പറയാൻ തയാറായ സൈദ്ധാന്തികരിൽ മുൻനിരയിലായിരുന്നു ഭാസുരേന്ദ്ര ബാബു.

ആർട്ടിസ്​റ്റ്​ എ.സി.കെ. രാജ

ആർട്ടിസ്​റ്റ്​ എ.സി.കെ. രാജ

ആ ചർച്ചകൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ പിണറായി വിഭാഗത്തി​ന്റെ ഏറ്റവും കടുത്ത ‘അനുകൂല ശത്രു’വും ഭാസുരേന്ദ്ര ബാബുവാണോ എന്ന് വ്യാഖ്യാനിക്കാവുന്ന വിധത്തിലുമായിരുന്നു എന്നും കാണാം. പിണറായിയെ അനുകൂലിച്ചനുകൂലിച്ച് അതി​ന്റെതന്നെ എതിരുകൾക്ക് അനുകൂലമായ ഒരു സൈദ്ധാന്തിക അന്തരീക്ഷം ഒരുക്കുകയെന്നതായിരുന്നുവോ ഭാസുരേന്ദ്ര ബാബുവി​ന്റെ ലക്ഷ്യം എന്നു തോന്നുംവിധമായിരുന്നു ന്യായീകരണങ്ങളുടെ നിർമിതി. അതൊരു നീണ്ട കാലമായിരുന്നു. അതിനും മുമ്പ് കൈരളി ചാനലിൽ ദിനപത്ര വിശകലന പംക്തി മുടങ്ങാതെ കൈകാര്യം ചെയ്തുപോന്നിരുന്നു. ഭാസുരേന്ദ്ര ബാബു എന്നാൽ ഒരു തലമുതിർന്ന മാധ്യമപ്രവർത്തകനാണ് എന്ന പ്രതിച്ഛായ അങ്ങനെ രൂപംകൊണ്ടതുമാകും.

ദീർഘകാലം ഒരുമിച്ചുനിന്ന ബി. രാജീവൻ അക്കാലം ത​ന്റെ ഫേസ്ബുക്കിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്: “ഭാസുരേന്ദ്ര ബാബുവി​ന്റെ മരണം എന്നെ സംബന്ധിച്ചിടത്തോളം ഒരാത്മസുഹൃത്തി​ന്റെ വിയോഗമാണ്. ദീർഘകാലത്തെ ജയിൽവാസത്തിനുശേഷം 1977-78ൽ (വർഷം ഓർമയിൽനിന്ന് എഴുതുകയാണ്) ഒരുദിവസം രാവിലെ വഴുതക്കാട്ടുള്ള എ​ന്റെ വീട്ടിൽ വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അന്ന് കണ്ണമ്പള്ളി മുരളി, ബാബുവി​ന്റെ കൂടെയുണ്ടായിരുന്നു എന്നാണോർമ.

അപ്പോഴേക്കും സി.പി.ഐ.എം.എല്ലിന്റെ ഒളിവുപ്രവർത്തനങ്ങളിലേക്ക് ജോണി എന്ന പേരിൽ ബാബു ആണ്ടു മുഴുകിക്കഴിഞ്ഞിരുന്നു. സി.പി.ഐ.എം.എല്ലിന്റെ സാംസ്കാരിക സംഘടനയായ ജനകീയ സാംസ്കാരിക വേദിയെ പാർട്ടിയുമായി ബന്ധിപ്പിക്കുന്ന കണ്ണി ബാബുവായിരുന്നു. ഞാൻ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തുടങ്ങിയതോടെ ഞങ്ങളുടെ സൗഹൃദത്തിന് ആഴംവെക്കാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ച് പലതവണ കേരളം മുഴുവൻ സഞ്ചരിക്കുകയും ഒട്ടേറെ രഹസ്യയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുകയുംചെയ്തു. പിന്നീട് പാർട്ടിയുടെ യാന്ത്രികവും രഹസ്യവാദപരവുമായ പ്രവർത്തനശൈലിക്കെതിരെ സാംസ്കാരിക വേദി ഉയർത്തിക്കൊണ്ടുവന്ന ആശയസമരത്തിന് ബാബുവാണ് നേതൃത്വം കൊടുത്തത്. ആ സമരമാണ് സാംസ്കാരികവേദിയുടെ പിരിച്ചുവിടലിൽ കലാശിച്ചത്.

ഈ സന്ദർഭങ്ങളിലെല്ലാം എന്റെയും സാവിത്രിയുടെയും ജീവിതഗതിയെ സ്വാധീനിച്ചുകൊണ്ടിരുന്ന ഒരു സഖാവായിരുന്നു ബാബു. കൊടുങ്ങല്ലൂരിൽ നിരോധനം ലംഘിച്ചുകൊണ്ട് പൊതുയോഗം നടത്തിയതി​ന്റെ പേരിൽ ജയിലിലായതിനെ തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഷനിലായ എന്നെ ‘പ്രേരണ’ മാസികയുടെ പത്രാധിപച്ചുമതല ഏറ്റെടുത്തുകൊണ്ട് പൂർണസമയ പ്രവർത്തനത്തിലേക്ക് നയിച്ചത് ബാബുവാണ്. അങ്ങനെ ഞാനും സാവിത്രിയും ചെറിയ കുഞ്ഞായ മകനും തിരുവനന്തപുരത്തുനിന്ന് തൃശൂർ ചിയ്യാരത്തുള്ള മുനിസിപ്പൽ ക്വാർട്ടേഴ്‌സിലെ ഒരു വീട്ടിലേക്ക് താമസം മാറ്റി. ആ വീട് സാംസ്കാരികവേദിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് കൂടിയായിരുന്നു. പാർട്ടിയുമായുള്ള ആശയസംഘർഷങ്ങൾക്ക് വേദിയായ ആ വീട്ടിൽ ബാബു ഒരു സ്ഥിരം സന്ദർശകനുമായിരുന്നു.

എന്നാൽ, ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് രാഷ്ട്രീയത്തിനപ്പുറം മറ്റൊരു മാനംകൂടിയുണ്ടായിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും ബാബുവിനുള്ള ആഴമേറിയ അഭിരുചിയായിരുന്നു അതിനു കാരണം. ഞങ്ങൾ തമ്മിൽ കാണുമ്പോൾ പ്രധാനമായും സാഹിത്യവിഷയങ്ങളാകും ചർച്ചയാവുക. എന്നാൽ, മാധ്യമപ്രവർത്തന രംഗത്തേക്ക് വന്നതിനുശേഷമുള്ള ബാബുവി​ന്റെ രാഷ്ട്രീയ നിലപാടുകളോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. അങ്ങനെ വിയോജിച്ചുകൊണ്ടുതന്നെ ഞങ്ങളുടെ സൗഹൃദം തുടർന്നു. അഭിപ്രായ ഭിന്നത ഉള്ളപ്പോൾതന്നെ വ്യക്തിപരമായ ഏതു പ്രശ്നത്തിലും താങ്ങായിനിൽക്കാവുന്ന ഒരാത്മസുഹൃത്തായിരുന്നു എനിക്ക് ബാബു, ഇന്നലെ വരെ. ഇനി ബാബു ഇല്ലെന്ന് ഓർക്കുമ്പോഴുള്ള വേദനയോടെ വിട പറയുന്നു.” കെ.ടി. കുഞ്ഞിക്കണ്ണ​ന്റെയും ബി. രാജീവ​ന്റെയും കണ്ണിലെ ഭാസുരേന്ദ്ര ബാബു ഒന്നല്ല. അത് രണ്ട് കാലത്തിൽ തീർത്തും വ്യത്യസ്തമായ പാതകളിലൂടെ യാത്രചെയ്ത ഒരേ മനുഷ്യ​ന്റെ രണ്ട് നിലപാടുകളുടെ കഥയാണ്.

അടിയന്തരാവസ്ഥക്കു ശേഷം ഉണർന്നെണീറ്റ സി.പി.ഐ.എം.എല്ലിൽ കെ. വേണു കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമനായിരുന്നു ജോണി എന്ന പേരിൽ കേരളം മുഴുക്കെ അറിയപ്പെട്ട ഭാസുരേന്ദ്ര ബാബു. അടിയന്തരാവസ്ഥാനന്തര കേരളത്തി​ന്റെ ഉണർച്ചയിൽ നിർണായക പങ്കുവഹിച്ച ജനകീയ സാംസ്കാരിക വേദിയുടെ രൂപവത്കരണത്തിൽ പാർട്ടിയുടെ ചുമതല ബാബുവിനായിരുന്നു. പാർട്ടിയും വേദിയും തമ്മിലുള്ള സൈദ്ധാന്തിക രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏറ്റവും നിർണായക പങ്കും ആ നിലക്ക് ബാബുവിനായിരുന്നു.

 

ബി. രാജീവൻ

ബി. രാജീവൻ

നവീന ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനത്തി​ന്റെ കാലമായിരുന്നു അത്. ചിരസമ്മത ഇടതുപക്ഷ ധാരണകളുടെ പൊളിച്ചെഴുത്ത് സിദ്ധാന്തത്തിലും പ്രവർത്തനത്തിലും ഒരു മഴവില്ലഴകായി പുതിയ യൗവനം മുന്നോട്ടുവെച്ചു. തെരുവിലെ ജനകീയ വിചാരണ മാത്രമല്ല ഫെമിനിസവും പരിസ്ഥിതി വിചാരവുംകൊണ്ട് സാമ്പ്രദായിക മാർക്സിസത്തെ തലകീഴായി ജനകീയ വിചാരണ ചെയ്ത കാലംകൂടിയായിരുന്നു അത്.

1977-82 കാലത്ത് മധു മാസ്റ്ററുടെ ശിഷ്യനെന്നനിലക്ക് രണചേതനയുടെ ‘അമ്മ’യും പാർട്ടി സംവിധാനങ്ങളും തമ്മിലുള്ള തർക്കങ്ങളുടെ ഇടനിലക്കാരൻ എന്ന നിലക്കാണ് ഭാസുരേന്ദ്ര ബാബു എന്ന ജോണിയെ ഞാനാദ്യമായി കാണുന്നത്. മധു മാസ്റ്റർക്കൊപ്പം അമ്മ നാടകം പാർട്ടിയിൽനിന്നും സ്വതന്ത്രമായിരിക്കണം എന്ന നിലപാടായിരുന്നു രണചേതന ടീമിന് മൊത്തം ഉണ്ടായിരുന്നത്. സാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ഒപ്പം ‘അമ്മ’യിലെ പ്രധാന നടന്മാരിൽ ഒരാളുമായ സേതു രണചേതന സാംസ്കാരിക വേദിയുടെ ഭാഗമായാണിരിക്കേണ്ടത് എന്ന നിലപാടാണ് എടുത്തിരുന്നത്.

എന്നാൽ, മധു മാസ്റ്റർക്കും രണചേതനക്കും ആപേക്ഷികമായൊരു സ്വാതന്ത്ര്യം പാർട്ടിയിൽനിന്നും സാംസ്കാരിക വേദിയിൽനിന്നും ഉണ്ടായിരുന്നു. അത് ശരിയല്ലെന്ന നിലപാടാണ് ജോണി പാർട്ടിക്കുവേണ്ടി അന്ന് എടുത്തതെങ്കിലും, പാർട്ടി നിലപാട് നടപ്പാക്കാൻ ഒരിക്കലും മധു മാസ്റ്റർക്ക് മേൽ കടുംപിടിത്തം പിടിച്ച് ‘രണചേതന’യുടെ സ്വാതന്ത്ര്യം തകർക്കാൻ നോക്കിയിരുന്നില്ല. അതേസമയം പാർട്ടിയും സാംസ്കാരിക വേദിയും തന്നെയായിരുന്നു ‘അമ്മ’ക്ക് നാടൊട്ടുക്കും വേദിയൊരുക്കിയിരുന്നത്. മധു മാഷും പാർട്ടിയും തമ്മിലുള്ള വൈരുധ്യങ്ങൾ രമ്യമായി പരിഹരിക്കാൻ നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു സഖാവ് എന്ന ഓർമയാണ് ബാബുവിനെക്കുറിച്ച് അക്കാലത്ത് എനിക്കുള്ളത്.

എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ തലമുതിർന്ന ജയിൽപക്ഷികൾ തമ്മിൽ അസാധാരണമായൊരു ആത്മബന്ധം ഉണ്ടായിരുന്നതായി കണ്ടിട്ടുണ്ട്. പി.ടി. തോമസ്, പി.കെ. ദാമോദരൻ മാസ്റ്റർ, ടി.എൻ. ജോയി, മധു മാസ്റ്റർ, ഭാസുരേന്ദ്ര ബാബു എന്നിവരൊക്കെ അങ്ങനെ ഒരിക്കലും പിരിച്ചുവിടാനാവാത്ത, എന്നാൽ നിലവിലില്ലാത്ത ഒരു പാർട്ടിയിലെ അംഗങ്ങളായിരുന്നു എന്നും.

അടിയന്തരാവസ്ഥക്കു ശേഷമുള്ള ഉണർച്ച എന്നത് അത്യന്തം ഹ്രസ്വമായിരുന്നു. വയനാട്ടിലെ മഠത്തിൽ മത്തായിയുടെ വധത്തി​ന്റെ പ്രത്യാഘാതമെന്ന നിലയിൽ ഒരു ചീട്ടുകൊട്ടാരംപോലെ ആ ജനകീയ സാംസ്കാരികവേദി പൊടിഞ്ഞുവീണു. സ്വയം പിരിഞ്ഞുപോകലെന്നോ പിരിച്ചുവിടലെന്നോ ഒക്കെ വായിക്കാവുന്ന ആ പതനം തടഞ്ഞുനിർത്താൻ പാർട്ടിയിൽ വേദിയുടെ ചുമതല വഹിച്ച ബാബുവിന് കഴിഞ്ഞില്ല എന്നു പറയുന്നത് തെറ്റാകും. മറിച്ച്, ആ പതനത്തിന് വഴിയൊരുക്കിയതിന്, അതിന് ചുക്കാൻ പിടിച്ചതു തന്നെ ഭാസുരേന്ദ്ര ബാബു കൂടി ചേർന്നാണ് എന്നു കാണാം.

സൈദ്ധാന്തിക പ്രയോഗത്തിനു മാത്രമായി ഒരു സംഘടന എന്ന സങ്കൽപം രൂപംകൊള്ളുന്നത് അതിൽ പിന്നീടാണ് – സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസും ആലപ്പുഴയിലെ ചിങ്ങോലി കേന്ദ്രമായുള്ള അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും. ജനകീയ സാംസ്കാരിക വേദിയുടെ പതനത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ വേദിക്കാരുടെ മുൻകൈയിൽ രൂപംകൊണ്ട ആ നീക്കം 1982ൽ സച്ചിദാനന്ദ​ന്റെ പത്രാധിപത്യത്തിൽ രൂപംകൊണ്ട ‘ഉത്തരം’ എന്ന മാഗസിനുവേണ്ടിയുള്ള കൂടിച്ചേരൽ മുതൽക്ക് തുടങ്ങുന്നു.

1983 മുതൽ 1987 വരെയുള്ള നാലു വർഷം കഷ്ടിച്ച് ആ ‘സൊസൈറ്റി’ നിലനിന്നു. ഇക്കാലത്താണ് ബാബുവുമൊന്നിച്ച് ഞാനൊരു സംഘടനാ സംവിധാനത്തിനകത്ത് പ്രവർത്തിക്കുന്നത്. സൈദ്ധാന്തിക സംവാദങ്ങളുടെ ഊഷ്മളമായ ഓർമകളാണ് അക്കാലം ബാക്കിവെച്ചിട്ടുള്ളത്. ടി.എൻ. ജോയിയും ടി.കെ. രാമചന്ദ്രനും മുഖ്യ കോഓഡിനേറ്റർമാരായിരുന്ന സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസി​ന്റെ ആറ് കോഓഡിനേറ്റർമാരിലൊരാളായിരുന്നു ഭാസുരേന്ദ്ര ബാബു. ബി. രാജീവൻ, സേതു, സച്ചിദാനന്ദൻ, മൈത്രേയൻ, കവിയൂർ ബാലൻ എന്നിവരായിരുന്നു മറ്റഞ്ചു പേർ.

 

എ.കെ. ജയശ്രീയും മൈത്രേയനും

എ.കെ. ജയശ്രീയും മൈത്രേയനും

ചിങ്ങോലി ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിനെ യാഥാർഥ്യമാക്കുന്നതിൽ ഒരു വലിയ ശക്തിയായിരുന്നു ആലപ്പുഴയിലെ മൈത്രേയൻ- ഭാസുരേന്ദ്ര ബാബു സൗഹൃദം. ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ ആലപ്പുഴയിലെ മണ്ണായിരുന്നു അത്. അതി​ന്റെ പ്രാദേശിക പിന്തുണയും അവർ അവിടത്തുകാരായിരുന്നതുകൊണ്ടു മാത്രം സാധ്യമായതാണ്. ചിന്താ പ്രയോഗത്തി​ന്റെ ആ സംവാദകാലത്തെ സജീവമാക്കി നിർത്തുന്നതിലും ബാബു വഹിച്ച പങ്ക് വളരെ വലുതാണ്. എന്തു വന്നാലും പ്രകോപിതനാകാത്ത, അഹങ്കാരം തൊട്ടുതീണ്ടാത്ത, സൈദ്ധാന്തിക പോരാട്ടങ്ങൾക്കിടയിലെ കടുത്ത നിമിഷങ്ങളെ നർമംകൊണ്ട് അലിയിച്ചു കളയുന്ന വിട്ടുവീഴ്ചയില്ലാത്ത ചിന്തകനെയാണ് അവിടെ കണ്ടത്. ഗ്രാംഷിയുടെ ജൈവബുദ്ധി എന്ന സങ്കൽപത്തി​ന്റെ ജീവിക്കുന്ന ആൾരൂപമായിരുന്നു ബാബു.

ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചിന്തകളെ സ്വകാര്യ എഴുത്തധികാരത്തി​ന്റെ ശക്തിയായി കാണാതെ മാറ്റത്തി​ന്റെയും തിരുത്തുകളുടെയും പ്രഭവകേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്ന രീതിയായിരുന്നു ബാബുവി​ന്റേത്. ‘‘ഇതൊക്കെ ഒരു പുസ്തകമായി എഴുതിക്കൂടേ’’ എന്ന് ഒരിക്കൽ ചോദിച്ചതാണ്. ആ ചോദ്യം ചിരിച്ചുതള്ളുകയാണ് ചെയ്തത്. “അതൊക്കെ നമ്മുടെ ഇടയിൽ എഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ചെയ്യാം. അതെ​ന്റെ പണിയല്ല’’ എന്നായിരുന്നു മറുപടി. പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി കേരളത്തിലെ മാർക്സിസ്റ്റ് സൈദ്ധാന്തികരുടെ നിരയിലെ ഒരു വലിയ പേരായി ഭാസുരേന്ദ്ര ബാബു എന്ന പേര് ഉയർന്നുവരാതെ പോയത് ഈയൊരു നിലപാടുകൊണ്ട് മാത്രമാണ്.

 

കെ.ടി. കുഞ്ഞിക്കണ്ണൻ

കെ.ടി. കുഞ്ഞിക്കണ്ണൻ

മൈത്രേയ​ന്റെയും രീതി അതു തന്നെയായിരുന്നുവെങ്കിലും പിൽക്കാലത്ത് ‘മനുഷ്യരറിയുവാൻ’ എന്ന ചിന്താഗ്രന്ഥം ഉണ്ടായി. ഡി.സി ബുക്സ് ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചതെങ്കിലും ആർക്കുവേണമെങ്കിലും ഡൗൺലോഡ് ചെയ്തെടുക്കാൻ അതി​ന്റെ കോപ്പി സമൂഹമാധ്യമങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. വിജയിച്ച വിപ്ലവങ്ങൾ സൃഷ്ടിച്ച ആചാര്യന്മാരായ ലെനിൻ, സ്റ്റാലിൻ, മാവോ എന്ന ത്രിമൂർത്തികളിൽനിന്നും പരാജയപ്പെട്ട വിപ്ലവത്തി​ന്റെ പ്രതീകമായി ഉയർന്ന ഗ്രാംഷിയിലേക്കുള്ള ഒരു ചുവടുമാറ്റമാണ് 82-87 ‘സൊസൈറ്റി’ കാലത്തുണ്ടായത്.

തിരുവനന്തപുരത്ത് എത്തിയാൽ എല്ലാവർക്കും ചെന്നു താമസിക്കാൻ പറ്റുന്ന ഒരു തുറന്നിട്ട വീടായിരുന്നു ബാബുവി​ന്റെ പട്ടത്തെ പി.എഫ് ക്വാർട്ടേഴ്സ്. ചിത്രകാരൻ എ.സി.കെ. രാജ അർബുദബാധിതനായപ്പോൾ രാജയുടെ ചികിത്സ മാത്രമല്ല രാജയും സ്റ്റെല്ലയും മകൾ അമ്മുവും ചേർന്ന ആ കുടുംബത്തി​ന്റെ ജീവിതംകൂടി ബാബുവി​ന്റെ ഫ്ലാറ്റിലായിരുന്നു. അതെന്തോ സഹായംചെയ്യുന്ന മട്ടിലൊന്നുമായിരുന്നില്ല, ത​ന്റെ ഉത്തരവാദിത്തമാണ് എന്ന നിലയിലാണ് ബാബുവും മൈത്രേയനും അന്നത് ഏറ്റെടുത്തത്. കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റുകളിലൊരാളും ആദ്യ ഫെമിനിസ്റ്റ് ഗ്രന്ഥകാരിയുമായ, ഭാസുരേന്ദ്ര ബാബുവി​ന്റെ ജീവിതപങ്കാളി ഇന്ദിര ആ ആൾക്കൂട്ടത്തെ എങ്ങനെ തങ്ങളുടെ വീട്ടിൽ പരിപാലിച്ചു എന്ന് അത്ഭുതത്തോടെയേ ഇപ്പോൾ ഓർക്കാനാവൂ.

1987ൽ സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസി​ന്റെയും ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടി​ന്റെയും മരണം പൂർത്തിയായി എന്നു പറയാം. അതൊന്നും ആരും പിരിച്ചുവിട്ടിട്ടില്ലെങ്കിലും ഒപ്പം നിന്ന ഓരോരുത്തരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചുതുടങ്ങിയതോടെ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് സ്വയം ഇല്ലാതായി എന്നു പറയാം.

 

ഭാസുരേന്ദ്ര ബാബു, മൈത്രേയൻ, ജെ. രഘു, പി.സി. ജോസി എന്നിവരടങ്ങിയ ടീം 1988 മുതൽ സെക്കുലർ കൾചർ എന്ന സംഘടനയിലൂടെ വളരെ പെട്ടെന്നുതന്നെ സി.പി.എമ്മി​ന്റെ നെറ്റ് വർക്കിലേക്ക് കയറി അതി​ന്റെ ഒപ്പം സഞ്ചരിച്ചുതുടങ്ങി. 1984 മുതൽതന്നെ പുസ്തക പ്രസാധക സംഘം എന്ന പ്രസാധകശാല വഴി അങ്ങനെയൊരു സൗഹൃദം രൂപപ്പെട്ടിരുന്നു എന്ന് ജെ. രഘു ഓർക്കുന്നു. ‘സൊസൈറ്റി’ ക്ഷീണിച്ചപ്പോൾ ബാബു സ്വന്തം വഴിയിലൂടെ മുന്നോട്ടുപോവുകയായിരുന്നു എന്നുപറയാം. ബാബരി മസ്ജിദിനെ മുൻനിർത്തി ആർ.എസ്.എസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നടത്തിയ കടന്നുകയറ്റമാണ് അത്തരമൊരു സഖ്യത്തി​ന്റെ പ്രേരണ.

കേരളം മുഴുക്കെ സെക്കുലർ കൾചറി​ന്റെ പേരിൽ പ്രതിരോധ പരിപാടികൾ അന്ന് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഡോ. ടി.കെ. രാമചന്ദ്രൻ അതി​ന്റെ സൈദ്ധാന്തിക മുന്നണിപ്പടയാളിയായി അവർക്കൊപ്പമുണ്ടായിരുന്നു. ആർ.എസ്.എസ് എന്ന വിപത്ത് മുൻകൂട്ടി തിരിച്ചറിഞ്ഞ് രാഷ്ട്രീയം രൂപപ്പെടുത്തിയ മുൻഗാമികളായിരുന്നു സെക്കുലർ കലക്ടിവ്.

ആ കൂട്ടുകെട്ടി​ന്റെ തുടർച്ചയായാണ് ഭാസുരേന്ദ്ര ബാബുവിനെ ഒരു സി.പി.എം സഹയാത്രികനായി മാത്രം ലോകം കണ്ടുതുടങ്ങിയത്. അതെങ്ങനെ എന്ന് പുറത്തുനിന്നു നോക്കുന്നവർക്ക് അത്ഭുതം തോന്നാം. കാരണം സോവിയറ്റ് സോഷ്യൽ ഫാഷിസത്തെയും സി.പി.എമ്മിനെയും വിമർശിച്ച് അടിത്തറ പാകിയ രാഷ്ട്രീയം പെട്ടെന്ന് 360 ഡിഗ്രി തിരിഞ്ഞ് സി.പി.എമ്മുകാരേക്കാൾ അതിനെ ന്യായീകരിക്കുന്ന ഒരാളായി ഭാസുരേന്ദ്ര ബാബുവിനെ മാറ്റിയതാണ് ലോകം കാണുന്നത്. രാജ്യം നേരിടുന്ന ഒരു മഹാവിപത്തായി സംഘ്പരിവാർ രാഷ്ട്രീയം ഉയർന്നുവന്നതോടെ ഗ്രാംഷി വഴികാട്ടിയ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രാഷ്ട്രീയത്തി​ന്റെ നിലപാട് താൻ കൈക്കൊണ്ടു എന്നായിരുന്നു ബാബുവി​ന്റെ അതിനുള്ള വിശദീകരണം. മറ്റെല്ലാ വിമർശനങ്ങളും അർഹിക്കുന്ന ബഹുമതികളോടെ ബാബു തള്ളിക്കളഞ്ഞു. അതു കേട്ട് ഒരിക്കലും ചൂളിപ്പോയില്ല.

 

ഭാസുരേന്ദ്ര ബാബുവും ഇന്ദിരയും 

ഭാസുരേന്ദ്ര ബാബുവും ഇന്ദിരയും 

അടുത്തിടെ ചാനലുകളിൽനിന്നും പത്രമാധ്യമങ്ങളിൽ നിന്നും ഭാസുരേന്ദ്ര ബാബു എന്തുകൊണ്ടോ അപ്രത്യക്ഷനായിരുന്നു. എന്തെങ്കിലും ചിന്താകുറ്റത്തി​ന്റെ ഓർവെല്ലിയൻ രീതിയിലുള്ള ശിക്ഷയായി ബാഷ്പീകരിക്കപ്പെട്ടതാണോ അത് എന്നറിയില്ല. കഴിഞ്ഞ വർഷം ജൂണിൽ ‘ജോൺ’ തിരുവനന്തപുരത്ത് പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ബാബുവിനെ വിളിച്ചു. അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടെന്നും അതിനായി പഴയ ഓർമകൾ പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സന്തോഷപൂർവം വീട്ടിലേക്ക് വരാൻ പറഞ്ഞു.

ബാബുവി​ന്റെയും ഇന്ദിരയുടെയും തിരുവനന്തപുരത്തെ ആ വീട്ടിൽ മുമ്പൊരിക്കലും പോയിട്ടില്ലെന്ന് അവിടെ എത്തിയപ്പോഴാണ് ഓർത്തത്. ഒരായുസ്സ് നടന്നിട്ടും ആവേശംകെട്ടിരുന്നില്ല, കാല് നീരുവന്ന് വീങ്ങിയിരുന്നു. ക്ഷീണം ആകെ ബാധിച്ചിരുന്നു. പറഞ്ഞു തുടങ്ങിയപ്പോൾ നിർത്താനാവുന്നില്ലായിരുന്നു. തുടക്കം മുതൽക്കല്ലാതെ പറഞ്ഞു തുടങ്ങാനാവുന്നുമില്ലായിരുന്നു. എത്രയോ സമയമെടുത്തു ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്തേക്കെത്താൻ. പഴയ സഖാവ് അപ്പോൾ പുറത്തുവന്നു. ഇന്ദിര അപ്പോഴും നിശ്ശബ്ദയായിരുന്നു. മലയാളി ഫെമിനിസം പിച്ചവെച്ചത് അവരുടെ പുസ്തകത്തിലൂടെയായിരുന്നു എന്നത് മലയാളി മറന്ന അധ്യായമാണ്.

ചിങ്ങോലിയിലെ ഒരു സ്ത്രീപോലും ഇല്ലാത്ത സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസി​ന്റെ മുൻകൈയിൽ നടന്ന ‘ആണുങ്ങളുടെ’ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിൽ കാലുകുത്തിയ ആദ്യ വനിത ഇന്ദിരയും പിന്നെ ഡോ. ജയശ്രീയും ആയിരുന്നു എന്നത് മറന്നുകിടന്ന ഒരധ്യായമായിരുന്നു. ഇന്ദിര, ഗംഗ, ജെ. ഗീത, ജയശ്രീ എന്നിവർ വഴിവെട്ടിയവരാണ്. മന്ദാകിനി നാരായണനെക്കുറിച്ച് ‘കാലാന്തര’ത്തിൽ എഴുതുമ്പോൾ ഇന്ദിരയെ ഓർക്കാനിടയായത് ഭാസുരേന്ദ്ര ബാബുവിനെ അഭിമുഖംചെയ്യാൻ ആ വീട്ടിൽ ചെന്നപ്പോൾ ഇന്ദിരയെ കണ്ടതിനാലാണ്.

 

ഭാസുരേന്ദ്ര ബാബു (ഫോട്ടോ: മുക്ത)

ഭാസുരേന്ദ്ര ബാബു (ഫോട്ടോ: മുക്ത)

“ഗ്രാംഷിയെക്കുറിച്ച് ഞങ്ങളറിയുന്നത് ജയിലിൽ ​െവച്ചാണ്. വിപ്ലവങ്ങൾക്ക് തോൽക്കാനാവുമെന്ന് മാത്രമല്ല തോറ്റ് തുന്നം പാടാനുമാവും എന്ന തിരിച്ചറിവാണ് ജയിലിൽനിന്നുണ്ടായത്. അതാണ് പിന്നെയുള്ള പ്രവർത്തനങ്ങൾക്ക് വെളിച്ചമായത്. ഗ്രാംഷിയുടെ ജയിൽ ഡയറി വെളിച്ചമായി പിന്നെ. ഇന്ന് സി.പി.എം നേരിടുന്ന സൈദ്ധാന്തിക വെല്ലുവിളികൾക്ക് ഏറ്റവും നല്ല മറുപടി ഗ്രാംഷിയാണ്. എന്നാൽ, അവരത് ചെയ്യാത്തതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം’’ –ഭാസുരേന്ദ്ര ബാബു ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടി​ന്റെ പിറവിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുമ്പോൾ പറഞ്ഞു.

ബി. രാജീവൻ മാഷ് അപ്പോൾ സുഖമില്ലാതിരിക്കുകയായിരുന്നതുകൊണ്ട് മാഷോട് സംസാരിക്കാൻ വീണ്ടും വരേണ്ടതുണ്ടായിരുന്നു. ‘ജോൺ’ സിനിമയുടെ പ്രദർശന സമയമായപ്പോൾ ആ അഭിമുഖം നിർത്തി, “അടിയന്തരാവസ്ഥയിൽ ഞങ്ങൾ കിടന്ന കല്ലറപോലുള്ള ജയിൽ ചന്തു കണ്ടിട്ടില്ലല്ലോ. അത് കാണണം. ഞാൻ കൂട്ടിക്കൊണ്ടുപോകാം, അടുത്ത തവണ വരുമ്പോൾ അത് കാണാതെ പോകരുത്’’ എന്നുപറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു. ‘ജോൺ’ കാണാൻ ഇന്ദിരക്കൊപ്പം ആ വയ്യാത്ത അവസ്ഥയിലും കൂടെ വന്നു. ആ സ്നേഹസ്പർശം അപ്പോൾ കണ്ണു നനയിച്ചു. പിന്നെ പറയാൻ ബാക്കിവെച്ചത് പിന്നെ നടന്നില്ല.

(തുടരും) 

News Summary - weekly articles