ആജാ... ഉമ്ര് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?‘‘ദറിയാ കോ കോസേ മേം ബന്ദ്കർ ദേനേ കാ ഫൻ’’ –ഒരു കടലിനെയപ്പാടെ ചിമിഴിലൊതുക്കിത്തരുന്ന കല–എന്നാണ് ഗസൽ സംഗീതം അറിയപ്പെടുന്നത്. വികാരഭരിതമായ വരികൾ. ആർദ്രമായ ആലാപനം. വളരെ ചുരുങ്ങിയ വാക്കുകളിൽ വേദനാഭരിതമായ ഒരു ഹൃദയം...
Your Subscription Supports Independent Journalism
View Plansഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
ആദ്യത്തേതാണ് യഥാർഥം എന്നാണ് സൂഫികൾ പറയുന്നത്. സൂഫിസവും പ്രണയവും ഗസലിൽ ഒന്നുചേരുന്നു. പ്രണയഭരിതവും വിഷാദമധുരവുമായ ആലാപനത്തിലൂടെ ഗസലിനെ ജനകീയമാക്കിയ സംഗീതജ്ഞൻ പങ്കജ് ഉധാസ് ഓർമയായി. ഏവർക്കും ഹൃദയത്തിൽ കൊണ്ടുനടക്കാൻ മാത്രമല്ല ഏറ്റുപാടാനുംകൂടി സാധിക്കുന്ന വിധത്തിൽ ഗസലിനെ ജനസാമാന്യത്തിലേക്ക് ഒഴുക്കിവിട്ട പ്രതിഭയാണ് പങ്കജ്. ചലച്ചിത്രഗാനങ്ങളിൽ ഗസലിന്റെ അധികമാധുര്യം നിറച്ചുെവച്ചു അദ്ദേഹം.
ഗസൽ ആസ്വദിക്കാൻവേണ്ടിമാത്രം ഉർദു പഠിച്ചവർ അനവധി. ഇന്ത്യയെ സംബന്ധച്ചിടത്തോളം ഉർദുവാണ് ഗസലിന്റെ മാതൃഭാഷ. ശൗരസേനി പ്രാകൃതത്തിൽനിന്ന് വികാസം പ്രാപിച്ച അനവധി ഭാഷാഭേദങ്ങളിലൊന്നായ ഖടീബോലിയിൽനിന്നാണത്രേ ഉർദുവിന്റെ പിറവി. ഖടീ എന്നാൽ ഉണർന്നെണീറ്റത്. വെറും പടീബോലി –കിടക്കുന്ന ഭാഷയായിരുന്ന ഈ ഡയലക്ട് ഖടീബോലിയായതിൽ അതിലുണ്ടായ സാഹിത്യസമ്പത്തിന് പങ്കുണ്ടാവണം. ഉച്ചാരണസവിശേഷതകളാൽ അത്രയേറെ വികാരപ്രകടനക്ഷമവും മ്യൂസിക്കലുമായ ഭാഷയാണ് ഉർദു. നാടകാന്തം കവിത്വം എന്നു പറഞ്ഞതുപോലെ ഗസലെഴുതാൻ പറ്റിയാൽ ഭാഷ സമ്പന്നമായെന്നർഥം.
അറബിക് കവിതയിൽനിന്നാണ് ഗസൽ പിറവിയെടുത്തതെന്ന് സാമാന്യമായി പറയാം. സ്തുതിപ്രധാനമായ ഖസീദ എന്ന അറബി കാവ്യരൂപത്തിന്റെ ആദ്യഭാഗമായ തഷ്ബീബ് വേറിട്ട് അടർത്തിയെടുത്തതാണ് ഗസൽ എന്നൊരു വാദമുണ്ട്. ‘തഷ്ബീബി’ൽ ഒരു ‘ഷബാബ്’ ഉണ്ടല്ലോ– വാസന്തയൗവനം. പ്രണയാർദ്രമായ ഗസലിന് ഇങ്ങനെയൊരു ഉത്ഭവകഥ കണ്ടുപിടിച്ചത് കാവ്യാത്മകംതന്നെ. ‘പെണ്ണിനോടുള്ള മധുരഭാഷണ’മെന്നാണ് ഗസലിന്റെ അറബിയിലുള്ള മൂലാർഥം.
ഗസൽ ഒരു ആൺവ്യവഹാരമാണെന്നർഥം. ഏഴാം നൂറ്റാണ്ടിൽ പിറവിയെടുത്ത് 10-11 നൂറ്റാണ്ടുകളിൽ പേർഷ്യയിൽ വികസിച്ച് ആഫ്രിക്കയിലേക്കും സ്പെയിനിലേക്കുമൊക്കെ പരന്നൊഴുകി 12ാം നൂറ്റാണ്ടോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയ സഹസ്രാബ്ദത്തിലധികം നീണ്ട സുദീർഘ ചരിത്രമാണ് ഗസലിന്റേത്. ഗസൽ ഒരു പേർഷ്യൻ കാവ്യരൂപമാണെന്നു വേണം കരുതാൻ. പേർഷ്യനിൽ മാത്രമല്ല, അറബിയിലും സ്പാനിഷിലുമെന്നല്ല ഹീബ്രുവിലും നിരവധി ആഫ്രിക്കൻ ഭാഷകളിലും ഗസലുണ്ട്. ഇന്ത്യയിൽ ഗസലെത്തുന്നതും തിടംവെക്കുന്നതും ഉർദുവിലൂടെയാണ്.
ഓരോ നാട്ടിലും അതത് നാട്ടിലെ ഭാഷയുമായും സംഗീത സംസ്കാരവുമായും കലർന്നു വികസിക്കുകയായിരുന്നു ഗസൽ. സൂഫി പാരമ്പര്യവുമായി കണ്ണിചേർന്നാണ് ഇന്ത്യയിൽ ഗസൽ രൂപമെടുക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി അമീർ ഹസൻ സിജ്സിയാണ് ഇന്തോ-പേർഷ്യൻ ഗസലിന്റെ പ്രാരംഭകനായി കരുതപ്പെടുന്നത്. ഉർദുവിലെ ആദികവിയായി അറിയപ്പെടുന്ന അമീർ ഖുസ്രുവിന്റെ സമകാലികനായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി തൊട്ട് മലയാളത്തിൽവരെ ഗസൽ ശാഖ വികസിച്ചുവന്നു. റൂമി, ഹാഫിസ് പോലുള്ള ആദ്യകാല കവികളിൽ സൂഫിസത്തിന്റെ സ്വാധീനമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് ഗസലിൽ തത്ത്വചിന്താസ്പർശമുള്ള പ്രണയവിരഹങ്ങളായി മുഖ്യപ്രമേയം. മിർസാ ഗാലിബ്, ഇക്ബാൽ പോലുള്ളവർ ഗസലിന്റെ വിഷയസീമ വികസിപ്പിച്ചു.
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിന്റെ വിഷമസഞ്ചാരങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്നവർക്കു മാത്രം ആസ്വദിക്കാവുന്ന സംഗീതവും ചിട്ടയൊപ്പിച്ച രചനയുമായിരുന്നു ഗസലിന്റേതെങ്കിൽ പിന്നീടതിന് അയവുവന്നു, എഴുത്തിലും ഗാനത്തിലും. വിരഹിയോ പ്രണയാതുരനോ ആയ പുരുഷന്റെ ആത്മാലാപമെന്ന പരിമിതമായ നിലയിൽനിന്ന് പെണ്ണിന്റെ ഭാവനയിലേക്കുകൂടി ഗസൽ കടന്നുചെന്നു. പാകിസ്താനി കവിയായിരുന്ന പർവീൺ സാകിറിന്റെ ഗസലിയാത്ത് രചനാശൈലി ഒരുദാഹരണം.
നുസ്രത്ത് ഫത്തേഹ് അലി ഖാൻ, അമാനത്ത് അലി ഖാൻ, ബീഗം അക്തർ, നൂർ ജഹാൻ, ഇഖ്ബാൽ ബാനോ, മെഹ്ദി ഹസൻ, തലത്ത് മഹമൂദ്, ആബിദാ പർവീൻ, ഫരീദാ ഖാൻ, ഗുലാം അലി, ജഗജിത് സിങ് തുടങ്ങിയവർ ഗസലിനെ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതവുമായി ഇണക്കിയവരിൽ പ്രധാനികളാണ്.
പാരമ്പര്യമട്ടിലുള്ള കവിത എന്നനിലക്ക് ചില ചിട്ടകളുണ്ട് ഗസലിൽ. ഈ ചിട്ട തെറ്റിക്കുന്നവയെ ഗസലായി അംഗീകരിക്കുകപോലുമില്ല ആസ്വാദകർ. ഷേർ എന്നറിയപ്പെടുന്ന ഈരടികളാണ് ഗസലിലുണ്ടാവുക. ഏഴിനും പതിനഞ്ചിനുമിടയിൽ ഈരടികളാണ് പതിവ്. അഞ്ച് ഈരടികളിൽ കുറയരുത്, പതിനേഴിൽ കൂടുകയുമരുത്. എന്തായാലും ഒറ്റസംഖ്യയായിരിക്കും അത്. പാടുന്ന കവി, കാമുകൻ ഏകനാണ്. പ്രിയതമയും ഒന്നേയുള്ളൂ –ഇതാണത്രേ ഈ ഒറ്റസംഖ്യാ പ്രേമത്തിനു പിന്നിലെ രഹസ്യം! വൃത്തവും അന്ത്യപ്രാസവുമൊക്കെയുണ്ടിതിൽ. ആദ്യ ഈരടിക്ക് മത്ല് എന്നു പറയും. മത്ലവ എന്നാൽ, ഉദിക്കുന്ന ദിക്ക് എന്നർഥം. പ്രാസദീക്ഷയാണ് റദീഫ്. ആദ്യ ഷേറിലെ രണ്ടു മിസ്രയുടെയും –വരിയുടെയും അവസാനം ഒരുപോലിരിക്കും.
പിന്നീടങ്ങോട്ട് എല്ലാ ഷേറിന്റെയും രണ്ടാമത്തെ വരിയുടെ അവസാനവും ഇതുപോലെതന്നെ. താളത്തിന് ഖാഫിയാ എന്നും പേര്. അവസാന ഈരടിയാണ് മഖ്ത. ഈ വരിയിലാണ് കവി സ്വന്തം തൂലികാനാമം, മുദ്ര വെളിപ്പെടുത്തുക. കഴിവതും ചെറിയ പേരാവും ഇത് -വൃത്തഭംഗമുണ്ടാവരുതല്ലോ. ഛന്ദസ്സിന് ബെഹ്ർ എന്നാണ് പേര്. ഈരടികളിലെ ആദ്യവരി ഒരു പ്രസ്താവനപോലെയിരിക്കും. രണ്ടാമത്തെ വരി അതിനുള്ള തെളിവോ കാരണമോ ആവും –ആദ്യ വരിയിലാണ് ഉദ്വേഗം– ആകാംക്ഷ ജനിപ്പിക്കുക. പിന്നീട് ആകാംക്ഷയുടെ പൂരണവും. ഒറ്റ ഷേറിൽ ആശയം പൂർത്തിയാവുന്ന മട്ടിലാണ് ഗസൽ ചിട്ടപ്പെടുത്താറ്. ഈരടികൾക്കു തമ്മിൽ ആശയത്തുടർച്ചയുണ്ടാവില്ലതന്നെ.
ഗേർ മുസൽസർ എന്നാണിതിന് പറയുക– തുടർച്ചാരഹിതശൈലി. ഏത് ലോകസാഹചര്യത്തിനൊത്തും തത്ത്വചിന്താപരമായ ഒരു ഷേർ ഉദ്ധരിക്കാൻ പാകത്തിലാണ് ഗസലിന്റെ എഴുത്ത്. ആഷിഖ് എന്ന കാമുക കവി മാഷൂഖ് എന്ന പ്രിയതമയോടു നടത്തുന്ന ഈ ആത്മാലാപത്തിൽ ഒരു വില്ലനായി –റഖീബ്– പലതും കടന്നുവരാം; വിധിയുൾപ്പെടെ എന്തു വിഘ്നവും. ലളിതകോമളകാന്ത പദാവലികൾക്കിടയിൽ ചില മുള്ളുകൾ –നൊമ്പരപ്പെടുത്തുന്നവ. ഏത് ഗസലിനും അതിന്റെ ഹൃദയമെന്നു പറയാവുന്ന ഏറ്റവും രുചിരമായ ഒരു ഷേർ കാണും –അതിന്റെ ആത്മാവ്– ഷാഹ് ബൈത്ത്. കേൾവിക്കാരുടെ ഹൃദയത്തെ വിടാതെ കൊളുത്തിവലിക്കാൻ പോന്നതാവണം ഇത്. ചലച്ചിത്രങ്ങൾക്കുവേണ്ടി എഴുതപ്പെടുന്ന ഗസലുകൾ ഗസലിന്റെ പാരമ്പര്യ രൂപവിധികൾ ഏറെയൊന്നും അനുസരിക്കാറില്ല. ഗസലിന്റെ ആർദ്രശൈലിയെ പാട്ടിന്റെ ജനപ്രീതിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രം.
ഫിൽമി ഗസൽ എന്നൊരു ഗാനശാഖതന്നെയുണ്ട് ബോളിവുഡിൽ. ഈരടികൾക്കും ചില്ലറ പ്രാസദീക്ഷക്കുമപ്പുറം ഗസലുമായി വലിയ ചാർച്ചയൊന്നും ഇവക്കില്ലതന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെ ശക്തിപ്രാപിച്ച പാർസി നൃത്തനാടകങ്ങളിലാണ് ഇവയുടെ വേര്. 1930കൾ തൊട്ട് 60കൾ വരെ ഹിന്ദി സിനിമയിൽ ഗസൽശൈലിക്ക് മേൽക്കൈയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഉർദുവിന്റെ പ്രചാരലുപ്തതകൊണ്ടാവാം ചലച്ചിത്രസംഗീതത്തിലും ഗസലിന് പ്രാതിനിധ്യം കുറഞ്ഞു. 80കളിലും 90കളിലുമായി ലളിതവത്കരിക്കപ്പെട്ട ഹിന്ദിഗസലുകൾ പ്രചാരത്തിൽ വരുന്നതിന് നിമിത്തമായവരിലൊരാളാണ് പങ്കജ് ഉധാസ്.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ജേത്പൂരിലാണ് പങ്കജ് ഉധാസ് ജനിച്ചത്, 1951 മേയ് 17 ന്. കേശുഭായ് ഉധാസിന്റെയും ജീതുബെൻ ഉധാസിന്റെയും മൂന്നാൺമക്കളിൽ ഇളയവൻ. മൻഹർ ഉധാസ്, നിർമൽ ഉധാസ് എന്നീ രണ്ടു ചേട്ടന്മാരും ഗായകർതന്നെ. വലിയ ജമീന്ദാർമാരുടെ കുടുംബമായിരുന്നു പങ്കജിന്റേത്. മുത്തച്ഛൻ ഭാവ്നഗറിലെ ദിവാനായിരുന്നു, അച്ഛൻ സർക്കാറുദ്യോഗസ്ഥൻ. അബ്ദുൽ കരീം ഖാൻ എന്ന വീണവിദ്വാന്റെ കീഴിൽ ദിൽരൂബ പഠിച്ചിട്ടുണ്ടായിരുന്നു അച്ഛൻ. മക്കളുടെ സംഗീതവാസന തിരിച്ചറിഞ്ഞ അദ്ദേഹം പങ്കജിനെയും ചേട്ടന്മാരെയും രാജ്കോട്ട് സംഗീത അക്കാദമിയിൽ ചേർത്തു. പങ്കജ് ആദ്യം തബലയായിരുന്നു പഠിച്ചിരുന്നത്.
പിന്നീട് ഗുലാം ഖാദിർ ഖാൻ സാഹിബിൽനിന്ന് ഹിന്ദുസ്ഥാനി വായ്പാട്ട് അഭ്യസിച്ചു. ഭേണ്ടിബസാർ ഖരാനയിൽ പയറ്റിത്തെളിഞ്ഞ നവരംഗ് നാഗ്പുർകർ എന്ന ഗുരുനാഥന്റെയടുത്താണ് പിന്നീട് പങ്കജ് എത്തിപ്പെട്ടത്. വയലിൻ, സിത്താർ, ഹാർമോണിയം, ജലതരംഗം, ദിൽരൂബ, സുന്ദ്രി, തബല എന്നീ ഉപകരണങ്ങളിലും നിഷ്ണാതനായിരുന്നു നവരംഗ് മാസ്റ്റർ. 1939 മുതൽ ചലച്ചിത്രഗാനരംഗത്തുണ്ടായിരുന്ന അദ്ദേഹം പിന്നീട് സംഗീത് മന്ദിർ എന്ന മ്യൂസിക് അക്കാദമി സ്ഥാപിച്ച് അരനൂറ്റാണ്ടോളം സംഗീതാധ്യാപകനായി ജീവിച്ചു. പങ്കജ് ഉധാസിനെപ്പോലെയോ അതിലും പ്രശസ്തരോ ആയിരുന്നു ശിഷ്യരെല്ലാം –ആശാ ഭോസ് ലെ, പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകി, പണ്ഡിറ്റ് വി.ആർ. അത് വലെ പോലുള്ളവർ.
പങ്കജിന്റെ മൂത്ത ജ്യേഷ്ഠൻ മൻഹർ ഉധാസ് മുന്നൂറിലധികം ചിത്രങ്ങളിൽ പാടിയിട്ടുള്ള ഗായകനാണ്. 1960കളുടെ തുടക്കത്തിൽ അദ്ദേഹം സ്റ്റേജ് ഷോകളുമായി നടന്നിരുന്ന കാലത്ത് പത്തുവയസ്സുള്ള പങ്കജിനെയും ഒപ്പം കൊണ്ടുനടക്കുമായിരുന്നു. അക്കാലത്ത് സ്കൂളിൽ പ്രാർഥന പാടിയിരുന്നത് പങ്കജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു. 1962ൽ ഇന്ത്യ-ചീനാ യുദ്ധകാലത്ത് ഒരു വേദിയിൽ പങ്കജ് ‘‘ആയേ മേരേ വതൻ കേ ലോഗോം’’ എന്ന പ്രസിദ്ധഗാനം പാടി. കവി പ്രദീപ് എഴുതി സി. രാമചന്ദ്ര ഈണമിട്ട് ലതാ മങ്കേഷ്കർ പാടിയ ഈ ദേശഭക്തിഗാനം അതിർത്തിയിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരെ ഓർക്കുന്ന ഒന്നായിരുന്നു. പങ്കജ് ഇത് സ്റ്റേജിൽ പാടിയതു കേട്ട സദസ്യരിലൊരാൾ 51 രൂപ സമ്മാനമായി നൽകി. ആ ഗായകനു ലഭിച്ച ആദ്യ പ്രതിഫലം.
മ്യൂസിക് അക്കാദമിയിലെ പഠനത്തിനുശേഷം സയൻസ് പഠനവും സ്റ്റേജ് പരിപാടികളുമായി നടന്ന പങ്കജിന് ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിച്ചത് 1970ലായിരുന്നു. ബാപ്പി സോണി സംവിധാനം ചെയ്ത ‘ഹസീൻ മേം ജവാൻ’ എന്ന ഈ ചിത്രത്തിൽ മുഹമ്മദ് റഫി, കിഷോർ കുമാർ, ആശാ ഭോസ് ലെ എന്നിവരായിരുന്നു മുഖ്യഗായകർ. ശങ്കർ ജയ്കിഷൻ സംഗീതം. കിഷോർകുമാറും പങ്കജ് ഉധാസും ചേർന്നു പാടിയ ‘‘മുന്നേ കീ അമ്മാ യേ തോ ബതാ’’ എന്ന ഗാനം ഒരു തമാശപ്പാട്ടായിരുന്നു. പിന്നീട് 1972ൽ ‘കാമ്നന’ എന്ന ചിത്രത്തിൽ ഉഷാഖന്നയുടെ സംഗീതസംവിധാനത്തിൽ ‘‘തും കഭീ സാമ്നേ ആ ജാവോ’’ എന്ന ഗസൽഗാനം. നഖ്ഷ് ല്യാൽപുരി എഴുതിയ ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം വിജയിച്ചില്ല. സിനിമയിൽ തുടർന്ന് കാര്യമായ അവസരങ്ങൾ ലഭിക്കാത്തത് പങ്കജിന് മറ്റൊരുതരത്തിൽ ഗുണമായി. അദ്ദേഹം ഗസൽ ആലാപനത്തിലേക്ക് ശ്രദ്ധതിരിച്ചത് ഇക്കാലത്തായിരുന്നു.
ഉർദു പഠിക്കുക എന്നതായിരുന്നു പങ്കജിന്റെ അടുത്ത ലക്ഷ്യം. ഗസലിന്റെ സൗന്ദര്യം ആവാഹിച്ചറിഞ്ഞലിയണമെങ്കിൽ ഉർദു വേണം. പത്തു മാസത്തിലേറെ പങ്കജ് അമേരിക്കൻ ഭൂഖണ്ഡത്തിൽ ഗസൽ പ്രോഗ്രാമുകളുമായി സഞ്ചരിച്ചു. 1980ലാണ് അദ്ദേഹത്തിന്റെ ആദ്യ ഗസൽ ആൽബം ‘ആഹത്’ പുറത്തുവരുന്നത്. സ്വന്തമായി കമ്പോസ് ചെയ്ത എട്ടു ഗസലുകൾ. ‘‘യേ അലഗ് ബാത് ഹേ’’ എന്ന ഗാനം പാരമ്പര്യ ഗസലുകളിൽപെടും. ഷേക് ആദം അബുവാല എഴുതിയ ‘‘തേരാ ഉത്ജാ ഹുവാ ദാമൻ’’, ‘‘തും ആയേ സിന്ദഗീ മേം’’, ‘‘സൂരജ് കീ ഹർ കിരൺ’’, ‘‘കെഹ്താ ഹേ കോൻ’’ തുടങ്ങിയവയും മുനീർ, ഷക്കീൽ, നമ്വർ എന്നിവരെഴുതിയ ഓരോ ഗസലും ഈ ആൽബത്തിലുണ്ട്. തുടർന്ന് പത്തുവർഷത്തിനിടെ അമ്പതിലേറെ ആൽബങ്ങളും നൂറുകണക്കിന് ഗസലുകളും അദ്ദേഹം പുറത്തിറക്കി. മുകാറാർ (1981), തരന്നും (1982), മെഹ്ഫിൽ (1983), പങ്കജ് ഉധാസ് ലൈവ് അറ്റ് ആൽബർട്ട് ഹാൾ (1984), നയാബ് (1985), ആഫ്രീൻ (1986) തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും.
മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ (1986) എന്ന ചിത്രത്തിൽ പാടാൻ ലഭിച്ച അവസരം പങ്കജിന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി മാറി. ലതാ മങ്കേഷ്കർ, സുഖ് വിൽന്ദർ സിങ്, മുഹമ്മദ് അസീസ്, കവിത കൃഷ്ണമൂർത്തി എന്നിരെല്ലാം പാടിയ ഗാനങ്ങൾ അതിലുണ്ടായിരുന്നെങ്കിലും ലക്ഷ്മികാന്ത് പ്യാരേലാൽ പങ്കജിനുവേണ്ടി കരുതിവെച്ചത് ‘‘ചിട്ഠീ ആയീഹേ ആയീ ഹേ ചിട്ഠീ ആയീഹേ’’ എന്ന ഗാനമായിരുന്നു. ഒരു പിന്നണിഗാനമായിരുന്നില്ല അത്. സിനിമയിൽ ഒരു കൺസേർട്ടിൽ ശരിക്കുള്ള ഒരു ഗായകൻ പാടുന്നമട്ടിൽതന്നെ പാട്ട് ഒരുക്കണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. ഗാനത്തിന്റെ വിഷാദമധുരമായ വികാരതീവ്രതകൊണ്ട് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന് മനംമാറ്റം വരുന്ന രംഗം. ഈ സീനിൽ പങ്കജ് ഉധാസ് തന്നെയാണ് സ്ക്രീനിൽ പാടുന്നത്.
അറിയപ്പെടുന്ന ഒരു ഗായകൻ വേണമെന്ന നിർബന്ധമാണ് പങ്കജിന് അനുഗ്രഹമായത്. സിനിമയിൽ അഭിനയിക്കേണ്ടിവരും എന്നു കേട്ട പങ്കജ് ആദ്യം അവസരം സ്വീകരിക്കാൻ തയാറായില്ല. പിന്നീട് ഗാനരംഗമാണെന്നും താൻ ഗായകനായിത്തന്നെയാണ് പ്രത്യക്ഷപ്പെടുന്നത് എന്നു മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം സമ്മതംമൂളുന്നത്. ആനന്ദ് ബക്ഷി രചിച്ച വികാരഭരിതമായ ‘‘ചിട്ഠീ ആയീഹേ’’ സൂപ്പർഹിറ്റായി. ബി.ബി.സി സഹസ്രാബ്ദത്തിലെ മികച്ച നൂറു പാട്ടു തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി ഈ ഗാനം. ഗസലിനെ ജനകീയമാക്കി എന്നതാണ് പങ്കജ് ഉധാസ് ഈ പാട്ടിലുൾപ്പെടെ വരുത്തിയ നവീനത.
1987ൽ പുറത്തുവന്ന പങ്കജ് ഉധാസിന്റെ ‘ഷാഗുഫ്താ’ എന്ന ഗാനസമാഹാരമാണ് ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യ സീഡി ആൽബം. മ്യൂസിക് ഇന്ത്യയാണ് ഈ കോംപാക്ട് ഡിസ്ക് പുറത്തിറക്കിയത്. 1998ൽ പുറത്തുവന്ന ‘റുബായീ’ എന്ന ആൽബം ഒമർ ഖയ്യാമിന്റെ മാസ്മരികവരികളോടുള്ള പ്രണയലഹരി തുളുമ്പുന്ന ഒന്നായിരുന്നു. മീർ തഖിമീറിനുള്ള ട്രിബ്യൂട്ടായിരുന്നു ‘ഇൻ സെർച് ഓഫ് മീർ’ എന്ന ആൽബം. ‘ദസ്താഖത്ത്’ എന്ന ആൽബം ഫായിസ് അഹമ്മദ് ഫായിസിനുള്ള ആദരം. സമകാലികനായ സഫർ ഗോരഖ്പുരിയുടെ വരികളാണ് ‘സ്റ്റോളൻ മൊമൻസ്’ (1998). ഗുൽസാറിന്റെ വരികൾക്ക് സംഗീതം പകർന്ന നയാബ് ലാമ്ഹേ (2018)യാണ് മറ്റൊന്ന്. ഫോർ എവർ ഗാലിബ് (2022) എന്ന ആൽബത്തിൽ മിർസാ ഗാലിബിന്റെ ഏഴ് രചനകളാണുള്ളത്.
‘‘ദർദ് ഹോ ദിൽ മേം’’, ‘‘ബസ് കേ ദുഷ്വാർ സേ’’ തുടങ്ങിയവ. 2023ൽ പങ്കജ് ഉധാസ് മുംബൈയിലെ ടാറ്റാ തിയറ്ററിൽ നടത്തിയ അരങ്ങിന്റെ പേര് ‘ഗാലിബ് സേ ഗുൽസാർ തക്’ എന്നായിരുന്നു. വലിയൊരു പാരമ്പര്യത്തെ സമകാലിക ഭാവുകത്വവുമായി കൂട്ടിയിണക്കാൻ പരിശ്രമിച്ചു പങ്കജ് ഉധാസ്. ‘‘ചാന്ദി ജേസേ രംഗ് ഹേ തേരാ’’, ‘‘ഓർ ആഹിസ്താ കീജിയേ ബാതേൻ’’, ‘‘ഥോഡീ ഥോഡീ പീയാ കരോ’’, ‘‘മേ നഷേ മേ ഹും’’, ‘‘ഏക് തരഫ് ഉസ് കാ ഘർ’’, ‘‘ദീവാരോം സേ മിൽകർ’’ എന്നിങ്ങനെ എക്കാലവും ഓർമിക്കാനും ഏറ്റുപാടാനും പറ്റുന്ന നിരവധി ഗസലുകൾ പാടിത്തന്നാണ് പങ്കജ് ഉധാസ് ഗാനാവശേഷനാകുന്നത്.
താൻ പാടിത്തുടങ്ങിയ കാലത്ത് ബീഗം അക്തറിന്റെയും മെഹ്ദി ഹസന്റെയും ശൈലിയായിരുന്നു തന്നെ സ്വാധീനിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളർന്നപ്പോൾ ഞാൻ മാറിച്ചിന്തിക്കാൻ തുടങ്ങി. സ്വന്തമാെയാരു ഇടം ഉണ്ടാക്കിയെടുക്കണമെങ്കിൽ പാട്ടിൽ വ്യത്യസ്തത വേണം. ചെറിയൊരു ആസ്വാദനസദസ്സിനെ തൃപ്തിപ്പെടുത്തുന്ന, അവരിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരിനം ഇന്റിമേറ്റ് സ്വഭാവമാണ് ഗസലിന്റേത്. മെഹ്ദി ഹസനും തലത്ത് മഹമൂദുമൊക്കെ പാടുമ്പോൾ ഈയൊരു അടുപ്പം –നേരിട്ട് തന്നോടു മാത്രമായി പാടുന്ന അനുഭവം ഉണ്ടാകും. വലിയ ആൾക്കൂട്ടത്തിന് രസിക്കാനും ഏറ്റുപാടാനും പറ്റുന്നവിധത്തിലേക്ക് ഗസലിനെ മാറ്റിയെടുക്കുക എങ്ങനെയെന്നാണ് പങ്കജ് ഉധാസ് ചിന്തിച്ചത്.
ഉർദുവും പേർഷ്യനും അറിയുന്നവർക്കേ ഗസലിനെ ശരിക്കും ഉൾക്കൊള്ളാൻ പറ്റിയെന്നു വരൂ. ഹിന്ദി അറിയാവുന്ന ആർക്കും രുചിക്കത്തക്കവിധം ഗസലിനെ പോപുലറൈസ് ചെയ്യാനായിരുന്നു പങ്കജിന്റെ ശ്രമം. ‘‘ആപ് ജിൻ കേ കരീബ് ഹോത്തേ ഹേ’’ എന്ന ഗാനം ഏവർക്കും ഏറ്റുപാടാനാവുംവിധമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. അത് ക്ലിക്കായി. പിന്നീടങ്ങോട്ട് എല്ലാ പാട്ടുകളിലും ഈ ലാളിത്യം –ഏറ്റുപാടാനാവുംവിധം എന്ന ഫോർമുല പങ്കജ് പരീക്ഷിച്ചുറപ്പിച്ചു. പേർഷ്യൻ അറബിക് രചനകൾ അധികമുപയോഗിക്കാതെ ഹിന്ദി ഗസലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു അദ്ദേഹം. ബോളിവുഡിൽ 1980കളിൽ ഗസലാഭിമുഖ്യം സൃഷ്ടിച്ച മുഖ്യഗായകരിലൊരാളാണ് പങ്കജ് ഉധാസ്. ‘‘ജീയേ തോ ജീയേ കൈസേ ബിൻ ആപ് കേ’’ (സാജൻ, 1991) ആണ് ചിട്ഠീ ആയീഹേെക്കാപ്പം പങ്കജ് ഉധാസ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരുദാഹരണം.
1990ൽതന്നെ ‘ഖയാൽ’ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കറിനൊപ്പം പങ്കജ് പാടിയ ‘‘മാഹിയാ തേരീ കസം’’ എന്ന ഗാനവും സൂപ്പർഹിറ്റായി. ഗസൽ ശൈലിയെന്ന് വിളിക്കാമെങ്കിലും ഇവയൊന്നും ഗസലിന്റെ തനിമ പുലർത്തുന്നവയായിരുന്നില്ലെന്നത് മറ്റൊരു കാര്യം. 1994ൽ ‘മൊഹ്റ’ എന്ന ചിത്രത്തിനുവേണ്ടി സാധനാ സർഗത്തിനൊപ്പം പാടിയ ‘‘നാ കജ്രേന കീ ധർ’’ ആണ് മറ്റൊരു ഹിറ്റ് ഗാനം. ‘നാം’ എന്ന ചിത്രത്തിനു ശേഷം, ‘സാജൻ, യേ ദിൽലഗീ’, ‘ഫിർ തേരീ കഹാനീ യാദ് ആയേ’ തുടങ്ങിയ ചിത്രങ്ങളിൽ പങ്കജ് വേഷമിടുകയും ചെയ്തു.
കുന്ദൻ ലാൽ സൈഗാൾ, മെഹ്ദി ഹസൻ, ഗുലാം അലി, ജഗ്ജിത് സിങ് തുടങ്ങിയ വിശ്രുത ഗസൽ ഗായകരെല്ലാം ചലച്ചിത്രങ്ങൾക്കുവേണ്ടിയും പാടിയിട്ടുണ്ട്. ഗുലാം അലിയുടെ ആദ്യ ഹിറ്റ് ചലച്ചിത്രഗാനം ‘‘ചുപ് കേ ചുപ് കേ രാത് ദിൻ’’ എന്ന വിഖ്യാത ഗസലായിരുന്നുവെന്നോർക്കുക. നമ്മുടെ ഭരണഘടനാ ശിൽപികളിലൊരാളായ മൗലാനാ ഹസ്രത്ത് മൊഹാനിയുടെ ഈ ഗസൽ അദ്ദേഹംതന്നെ നിർമിച്ചെടുത്ത ‘‘ഇൻക്വിലാബ് സിന്ദാബാദ്’’ എന്ന മുദ്രാവാക്യത്തോളം പ്രശസ്തമാക്കിയത് ഗുലാം അലിയാണ്, 1976ൽ. പിന്നീട് 1982ൽ ബി.ആർ. ചോപ്രയുടെ ‘നിക്കാഹ്’ എന്ന ചിത്രത്തിനുവേണ്ടിയും ഗുലാം അലി പാടി. വിനൈൽ റെക്കോഡിലൂടെ പാട്ട് കേൾക്കുന്നമട്ടിലായിരുന്നു ചിത്രീകരണം. പങ്കജ് ഉധാസിനെപ്പോലെ ഗസലിനെ ലളിതമാക്കിയിട്ടില്ല, ഇവരാരും. ഗസലിനെ ലളിതഗാനമാക്കിയെന്ന വിമർശനം കേൾക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. മെഹ്ദിയോ ഗുലാം അലിയോ പാടുന്ന മട്ടിലുള്ള സാന്ദ്രതയിലല്ല, ലാളിത്യത്തിലായിരുന്നു പങ്കജ് ഉധാസിന് കമ്പം. പിനാജ് മസാനി, ചന്ദൻ ദാസ്,
രാജേന്ദ്ര മേത്ത, നീനാ മേത്ത, ഭൂപീന്ദർ, മിതാലി സിങ്, രൂപ് കുമാർ സൊനാലി റാത്തോഡ് തുടങ്ങി നിരവധി പേർ പങ്കജ് ഉധാസിന്റെ ശൈലിക്ക് പ്രേരകമായും തുടർച്ചയായും ഗസൽരംഗത്തുണ്ടായിരുന്നു. ‘‘ആഹിസ്താ’’, ‘‘ചാന്ദി ജൈസാ’’ പോലുള്ള ഗാനങ്ങളെ സോഫ്റ്റ് പോപ് ഗസൽസ് എന്നാണ് സംഗീതനിരൂപകർ വിശേഷിപ്പിക്കുന്നത്. യാഥാസ്ഥിതിക മതാത്മകതയെ പ്രണയംകൊണ്ടും സൂഫിസംകൊണ്ടും മറികടക്കുന്ന ഗസലിന്റെ വിപ്ലവപരത പുതിയ ശൈലിയിലില്ല. ഗസലിനെ അതിന്റെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുകയും ലളിതമായി പുതിയമട്ടിൽ പുനരാവിഷ്കരിക്കുകയുമായിരുന്നു എൺപതുകളിലെയും തൊണ്ണൂറുകളിലെയും സോഫ്റ്റ് പോപ് ശൈലി –സംഗീത നിരൂപകർ ചൂണ്ടിക്കാട്ടുന്നു.
ഗസലിനെ സാമാന്യജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവുംവിധം സരളമാക്കിയ ഗായകനെന്നതാവും പങ്കജ് ഉധാസ് ബാക്കിയാകുന്ന ഓർമശ്രുതി. ‘‘ചിട്ഠീ ആയീ ഹേ’’ എന്ന വിഖ്യാതഗാനത്തിലെ വരികളോർക്കാം –ആജാ ഉമ്ര് ബഹുത് ഹേ ഛോടീ... ഉധാസ്, മടങ്ങിവരൂ... ജീവിതം ക്ഷണികമത്രേ.