Begin typing your search above and press return to search.
proflie-avatar
Login

സന്ധ്യകൾ പാടിമറഞ്ഞ കാലം

സന്ധ്യകൾ പാടിമറഞ്ഞ കാലം
cancel

ദീർഘകാല സുഹൃത്ത​ും കവിയും എഴുത്തുകാരനുമായ ടി.പി. രാജീവനെക്കുറിച്ചാണ്​ ഇൗ എഴുത്ത്. ആ ഒാർമയിൽ എഴുതുന്നു: ‘‘ആൾക്കൂട്ടം ഒഴിഞ്ഞപ്പോൾ രാജീവൻ എന്ന പഴയ കൂട്ടുകാരൻ തനിച്ചാക്കിപ്പോയ കൂട്ടുകാരി സാധനയെ കാണാൻ ഞാനും ദീദിയുംകൂടി പാലേരിയിലെ അവ​ന്റെ സ്വപ്നഭവനത്തിൽ ചെന്നു. മരണമില്ലാത്ത ഒരു രാജീവൻ സാധനയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് തൊട്ടറിഞ്ഞു.’’‘‘നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ...’’ ടി.പി. രാജീവൻ പാടുന്നത് കേട്ടാണ് അയ്യപ്പപ്പണിക്കരുടെ ‘രാത്രികൾ പകലുകൾ’ ഞാനാദ്യമായി കേൾക്കുന്നത്. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും...

Your Subscription Supports Independent Journalism

View Plans
ദീർഘകാല സുഹൃത്ത​ും കവിയും എഴുത്തുകാരനുമായ ടി.പി. രാജീവനെക്കുറിച്ചാണ്​ ഇൗ എഴുത്ത്. ആ ഒാർമയിൽ എഴുതുന്നു: ‘‘ആൾക്കൂട്ടം ഒഴിഞ്ഞപ്പോൾ രാജീവൻ എന്ന പഴയ കൂട്ടുകാരൻ തനിച്ചാക്കിപ്പോയ കൂട്ടുകാരി സാധനയെ കാണാൻ ഞാനും ദീദിയുംകൂടി പാലേരിയിലെ അവ​ന്റെ സ്വപ്നഭവനത്തിൽ ചെന്നു. മരണമില്ലാത്ത ഒരു രാജീവൻ സാധനയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് തൊട്ടറിഞ്ഞു.’’

‘‘നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ മരണവും സന്ധ്യേ

നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു

നീ തന്നെ നീ തന്നെ സന്ധ്യേ...’’

ടി.പി. രാജീവൻ പാടുന്നത് കേട്ടാണ് അയ്യപ്പപ്പണിക്കരുടെ ‘രാത്രികൾ പകലുകൾ’ ഞാനാദ്യമായി കേൾക്കുന്നത്. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനുമായിരുന്നു ഞങ്ങളുടെ കവികൾ. എന്നാൽ, അങ്ങോട്ട് അയ്യപ്പപ്പണിക്കരെ കടത്തിക്കൊണ്ടുവന്നത് രാജീവനായിരുന്നു. എല്ലാം മറന്ന് പരുപരുത്ത സ്വരത്തിലുള്ള ആ പാടലുകളാണ് വിഷാദവും പരിഹാസവും ഞങ്ങളുടെ കാതുകളിൽ നിറച്ചത്.

കുന്നിൻചരിവിൽ പാതിരാവ് പെയ്യുമ്പോൾ അയ്യപ്പപ്പണിക്കരുടെ ‘രാത്രികൾ പകലുകൾ’ മുഴുകിപ്പാടുന്ന രാജീവനെ ഒരിക്കലും മറന്നിട്ടില്ല. അതാണ് അവനെക്കുറിച്ചുള്ള ഏറ്റവും പഴയ ഓർമ. അന്നവൻ ഒരു കവിയായി മാറിയിട്ടില്ല. കവിത ഉള്ളിൽ ​െവച്ച് പാടിത്തുടങ്ങിയ കാലം: പാടിക്കഴിയുമ്പോൾ ഒരു നീണ്ട നിശ്ശബ്ദത ബാക്കിയാകും. പിന്നെ ആ പാതിരാവിൽ ആരും ഒന്നും പറയില്ല. കാറ്റിനൊപ്പം താഴ് വരയിൽനിന്നുള്ള ശബ്ദങ്ങൾ ഉറക്കംവരാതെ പിടിച്ചുനിർത്തും. ഓർമകളുടെ സഞ്ചാരങ്ങൾ കടന്നുപോയ ആ വഴിയിൽ എത്രയെത്ര പാതിരാ കൊലപാതകങ്ങൾ മനസ്സ് ചുഴിഞ്ഞെടുത്തു എന്ന് കണക്കെടുക്കാനാവില്ല. അടിയന്തരാവസ്ഥയുടെ കണക്കെടുപ്പുകൾ നടക്കുന്ന കാലമായിരുന്നു അത്.

1977: അന്ന് പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളജ് എന്നത് ഇന്നത്തെപ്പോലെ മതിലുകൾ കെട്ടി വേർതിരിച്ച ഒന്നായിരുന്നില്ല. എവിടന്നും കുന്നിൻചരിവിലേക്കിറങ്ങാം. ക്ലാസ് മുറികൾക്ക് പുറത്ത് പടർന്നുപിടിച്ച പുൽമേടുകൾ നിറഞ്ഞ, അതിരുകളില്ലാത്ത ആ കുന്നിൻചരിവ് ക്ലാസ് വിട്ടു കഴിഞ്ഞാലും കുട്ടികളെ കാത്തുകിടന്നു. അവിടെ പൊട്ടിമുളച്ച സൗഹൃദമാണ് ടി.പി. രാജീവൻ. കാറ്റത്തിട്ടപോലെ പൊക്കുന്നിലെ ആൾക്കൂട്ടത്തിലൂടെ ഒരവധൂതനെപ്പോലെ അവൻ ഒഴുകിനടക്കുന്നത് ഒരു കാഴ്ചയായിരുന്നു.

നടനും നാടകകൃത്തുമായ പ്രിയ അധ്യാപകൻ രാമചന്ദ്രൻ മൊകേരിയുടെ സൗഹൃദങ്ങളിൽ ഉൾപ്പെട്ടതുകൊണ്ടാണ് സീനിയർ ആയിരുന്നിട്ടും ടി.പി. രാജീവനുമായി വളരെ പെട്ടെന്നു തന്നെ അടുത്തത്. മൊകേരിയുടെ സ്കൂളിൽ അധ്യാപകനും വിദ്യാർഥിയും എന്ന ഭേദചിന്ത ഇല്ലാത്തതുകൊണ്ട് രാജീവൻ സീനിയറാണോ ഞാൻ ജൂനിയറാണോ എന്ന ഭേദചിന്ത ആ സൗഹൃദങ്ങളിൽ ഒരിക്കലുമുണ്ടായില്ല. തുല്യതയുടെ ആഘോഷമായിരുന്നു ആ കൂട്ടായ്മകൾ.

കോളജ് വിട്ടാലും കുന്നിൻചരിവിൽ പാതിരാവോളം ഇരിക്കുന്നതിൽപരം ആഹ്ലാദം മറ്റൊന്നില്ലായിരുന്നു. അധ്യാപകനും കോളജ് മെൻസ് ഹോസ്റ്റൽ വാർഡനുമായ രാമചന്ദ്രൻ മൊകേരി കൂട്ടിനുള്ളതുകൊണ്ട് ഒരു വാച്ച്മാനെയും ഭയക്കേണ്ട. സന്ധ്യയാകുമ്പോൾ കോളജിൽ റോന്ത് ചുറ്റി കുന്നിൻചരിവിൽ വീട്ടിൽ പോകാതെ തങ്ങിനിൽക്കുന്ന കുട്ടികളെ വാച്ച്മാൻ ഓടിക്കും. എന്നാൽ, മൊകേരി മാഷി​ന്റെ തല കാണുമ്പോൾ വാച്ച്മാൻ കണ്ണടയ്ക്കും. ബോയ്സ് ഹോസ്റ്റൽ വാർഡനായ മൊകേരിക്ക് കുട്ടികളുടെ സുരക്ഷാ ചുമതലയുമുണ്ട്. കുന്നി​ന്റെ താഴത്തെ ഗെയ്റ്റിനടുത്തുള്ള അതേ ബോയ്സ് ഹോസ്റ്റലിൽ തന്നെയായിരുന്നു രാജീവനും.

ചിരിയായിരുന്നു അന്നേ രാജീവന്റെ ആയുധം. ആരെയും പരിഹസിച്ച് ചിരിക്കും. സ്വയം പരിഹസിച്ചു ചിരിക്കാനും മടിയില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിനെയും കടമ്മനിട്ടയെയും പാടി നടക്കുന്നവരിലേക്ക് അത് പോരാ അയ്യപ്പപ്പണിക്കരും വേണം എന്ന് തീ കൊളുത്തിയത് ആ പരിഹാസമാണ്: നിങ്ങൾ പാടി നടക്കുന്നത് മാത്രമല്ല കവിത എന്ന ഓർമപ്പെടുത്തൽ. വായനയുടെ ലോകത്തെ പുതിയ വാതിലുകൾ തുറക്കാൻ അത് പ്രേരിപ്പിച്ചു.

ആ പരിഹാസമാണ് പിൽക്കാലത്ത് അവനെ വലിയ എഴുത്തുകാരനാക്കിയത്. മൂർച്ചയേറിയ പരിഹാസം ഓരോ എഴുത്തിലും അവൻ കാത്തുസൂക്ഷിച്ചു. ‘പാലേരി മാണിക്യ’മൊക്കെ ഉണ്ടാകുന്നത് പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ്. എന്നാൽ, കൊട്ടിഗ്ഘോഷിക്കപ്പെട്ട മിത്തുകളെ പൊളിച്ചെഴുതാനുള്ള രാജീവ​ന്റെ അടിസ്ഥാന തൃഷ്ണകൾ രൂപംകൊള്ളുന്നതിൽ പൊക്കുന്നിലെ ആ കുന്നിൻചരിവിലെ ‘രാത്രികൾക്കും പകലുകൾക്കും’ ഒരു വലിയ പങ്കുണ്ട്. ആ കാലത്തെ സംവാദങ്ങൾക്കുള്ള മറുപടികൾ കവിതകളായും നോവലുകളായും ലേഖനങ്ങളായും അവൻ കുറിച്ചിട്ടു. ആ കാലം അതിലുണ്ട്.

അന്നത്തെ കാമ്പസ് രാഷ്ട്രീയത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ് രാജീവൻ ചെയ്തത്. രാമചന്ദ്രൻ മൊകേരി വഴി കിട്ടിയ മധു മാഷിന്റെ ‘അമ്മ’ നാടകസംഘത്തിലേക്കോ വിപ്ലവ വിദ്യാർഥി സംഘടനയിലേക്കോ ജനകീയ സാംസ്കാരിക വേദിയിലേക്കോ ഒക്കെ അവൻ എത്തിനോക്കുക മാത്രം ചെയ്തു. ഒരു പരിഹാസിയായി എല്ലാറ്റിനു ചുറ്റും അവൻ ഉണ്ടായിരുന്നുതാനും. ഇത്തിരി ആത്മീയതയുടെ അസുഖം രാജീവന് അന്നുണ്ടായിരുന്നു എന്നു തോന്നിയിരുന്നു. പഠിക്കുന്ന കാലത്തേ കാവി മുണ്ടുടുത്ത് വരുന്നതിനെ കൂട്ടുകാർ സംശയത്തോടെ നോക്കിയത് ഓർമയുണ്ട്. എന്നാൽ, രാജീവനത് ചിരിച്ചു തള്ളി. ആ ചിരിയിൽ കവിതകൾ മുളച്ചതും നോവലിൽ കമ്യൂണിസ്റ്റ് വിമർശനധാരയുടെ കൊടി ഉയർത്തിപ്പിടിച്ചതും ഒക്കെ പിന്നീടുള്ള യാത്രകളിൽ സംഭവിച്ച വിസ്മയങ്ങൾ.

മാതൃഭൂമിയിൽ ആദ്യകാലത്ത് ഞാനും കെ.കെ. ബലരാമനുമായിരുന്നു അവന്റെ സുഹൃത്തുക്കൾ. അന്ന് യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന കെ.കെ.എൻ. കുറുപ്പി​ന്റെ മരുമകനാണ് ബലരാമൻ. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഓഫിസറായതോടെ മാതൃഭൂമിയിലേക്കുള്ള വരവുകൾ കൂടി. ആഴ്ചപ്പതിപ്പിന്റെയും വാരാന്തപ്പതിപ്പിന്റെയും എഴുത്തിന്റെ പടവുകളിലേക്ക് കയറുമ്പോൾ ഞങ്ങളുടെ അടുത്തുവരും. ചിലപ്പോൾ അതൊന്ന് രുചിച്ചു നോക്കാൻ പറയും. അങ്ങനെ കണ്മുന്നിൽ നിന്ന രാജീവൻ കണ്ണടച്ചു തുറക്കുമ്പോഴേക്കും വലിയ എഴുത്തുകാരനായി. കവിയും നോവലിസ്റ്റും ചിന്തകനുമായി ടി.പി. രാജീവൻ എന്ന പേര് തെളിഞ്ഞുവന്നു.

കോഴിക്കോടൻ കൂട്ടായ്മയുടെ ഒരു ഓണം ഓർമ (2012):  കൽപറ്റ നാരായണൻ, ദീദി, അഞ്ജലി മേനോൻ, വി.ആർ. സുധീഷ്, എം.കെ. മുനീർ, മാമുക്കോയ, ടി.പി. രാജീവൻ, പ്രേംചന്ദ്​ എന്നിവർ

കോഴിക്കോടൻ കൂട്ടായ്മയുടെ ഒരു ഓണം ഓർമ (2012): കൽപറ്റ നാരായണൻ, ദീദി, അഞ്ജലി മേനോൻ, വി.ആർ. സുധീഷ്, എം.കെ. മുനീർ, മാമുക്കോയ, ടി.പി. രാജീവൻ, പ്രേംചന്ദ്​ എന്നിവർ

രാജീവ​ന്റെ ജീവിതപങ്കാളി സാധന യൂനിവേഴ്സിറ്റി ഗവേഷണ വിഭാഗത്തിലായിരുന്നു. 1991ൽ എ​ന്റെ വിവാഹം നടക്കുന്ന സമയത്ത് ദീദി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തിൽ എം.ഫിൽ വിദ്യാർഥിയും പിന്നീട് അവിടെ ഗവേഷക വിദ്യാർഥിനിയുമായിരുന്നു. യൂനിവേഴ്സിറ്റിയിൽ എന്താവശ്യത്തിലും ഒരു ഫോൺകാൾ അകലെ രാജീവൻ-സാധന ദമ്പതിമാർ എപ്പോഴും ഒപ്പം നിന്നു.

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നു പറയുന്നതിൽ മറുപുറവും ഉണ്ട്. അത് ‘നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്നോ ‘നിങ്ങളെന്നെ സംഘ്പരിവാറാക്കി’ എന്നോ പറയാവുന്ന ചാപ്പ കുത്തലിൽ രാജീവനുംപെട്ടു. അതിൽ ഏറ്റവും കഠിനമായ കാലം രാജീവൻ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പി.ആർ.ഒ ആയിരുന്ന കാലത്ത് ഒരു സ്ത്രീപീഡന പരാതിയിൽ അവിടത്തെ ഇടത് ട്രേഡ് യൂനിയനുകൾ പ്രതിയോടൊപ്പം ചേർന്നുനിന്നപ്പോൾ രാജീവൻ അവരുമായി നടത്തിയ ഏറ്റുമുട്ടലുകളാണ്.

പിരിച്ചുവിട്ട യൂനിവേഴ്സിറ്റി ഹോസ്റ്റൽ ജീവനക്കാരെ തിരിച്ചെടുക്കാൻ ഗ്രോ വാസുവേട്ടൻ നടത്തിയ സമരത്തോട് അവിടത്തെ ഇടതുപക്ഷ സംഘടനകളെടുത്ത നിലപാടും രാജീവനെ പ്രകോപിപ്പിച്ചിരുന്നു. ‘ദ കുറുക്കൻ’ എന്ന കവിതയുടെ പ്രചോദനം ഈ സംഭവങ്ങൾ ആയിരുന്നു. നീതിക്കുവേണ്ടി പി.ഇ. ഉഷക്ക് നടത്തേണ്ടിവന്ന നീണ്ട പോരാട്ടങ്ങൾ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർക്കിടയിലും ഫെമിനിസ്റ്റുകൾക്കിടയിലും നിരവധി ചേരിതിരിവുകൾക്കും വഴിയൊരുക്കിയിരുന്നു. അവിടെയും രാജീവൻ ഭരണപിന്തുണയുള്ള ഔദ്യോഗിക യൂനിയൻ നേതൃത്വത്തിനെതിരെ നിലകൊണ്ടു.

യൂനിവേഴ്സിറ്റി ബുദ്ധിജീവികളെ പരിഹസിച്ച് ‘ദ കുറുക്കൻ’ എന്ന പേരിൽ രാജീവൻ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കവിത ഒറ്റയടിക്ക് അവനെ ഇടതുവിരുദ്ധനായി മുദ്രകുത്തുന്നതിന് ഇടയാക്കി.

‘‘തേഞ്ഞിപ്പലം അംശം ദേശം

സർവകലാശാലാ വളപ്പിൽ

നൂറ്റൊന്നു കുറുക്കന്മാരിൽ

ചട്ടുകാലൻ ഓരിക്കുറുക്കനെ

കാൺമാനില്ല.

അവസാനമായി കാണുമ്പോൾ

ഒരു യു.ജി.സി പ്രൊഫസറുടേതായിരുന്നു വേഷം.

ഫ്രഞ്ച് ജർമൻ സംസ്കൃതം പരന്ത്രീസ്

ഇംഗ്ലീഷ്

ചൈനീസ് സ്പാനിഷ് ലത്തീൻ

എസ്പരാന്റോ:

ഏത് ഭാഷയും സംസാരിക്കും,

മലയാളമൊഴികെ.

ബാർത്ത് ബഖ്തിൻ ല്യോത്താർഡ് ലക്ക്വാൻ

ഋഗ്വേദം കാമസൂത്രം മൂലധനം

മാതംഗലീല

ഏത് കൃതിയിൽനിന്നും എപ്പോൾ

വേണമെങ്കിലും

ഉദ്ധരിക്കും,

ചിലപ്പോൾ ഉറക്കം നടിക്കും

ചിലപ്പോൾ ഉണരില്ല

ചിലപ്പോൾ ഓർക്കാപ്പുറത്ത്

പുലർന്നുപോകും

കാതിൽ ഇടിവെട്ടിയാൽപോലും

ചിലപ്പോൾ കേൾക്കില്ല

ചിലപ്പോൾ വെള്ളെഴുത്തുവരും

ചിലപ്പോൾ വിക്കും.’’

(ദ കുറുക്കൻ)

 

കുറുക്കൻ ഇന്നും പ്രസക്തമാണ്. യൂനിവേഴ്സിറ്റി ഇടതു യൂനിയനുകൾ പി.ഇ. ഉഷയുടെ പോരാട്ടത്തിൽ അവർക്കെതിരായി നിലകൊണ്ടത് കേരളം മുഴുവനും ചർച്ചാവിഷയമായിരുന്നു. കോടതി പ്രതിയെ ശിക്ഷിച്ചിട്ടുപോലും യൂനിവേഴ്സിറ്റി ആഭ്യന്തര പരാതി പരിഹാര സമിതി അയാളെ രക്ഷിക്കുംവിധം റിപ്പോർട്ട് സമർപ്പിച്ചു. രാജീവ​ന്റെ പരിഹാസം ഇവിടെയൊക്കെ കത്തിയാളിയിരുന്നു. പി.ആർ.ഒ പദവിയിൽനിന്നും രാജീവനെ തെറിപ്പിച്ചു കുറേ നാൾ ഒരു മൂലക്കിരുത്തിയിരുന്നു.

‘കുറുക്കൻ’ കവിതയെ തുടർന്നുള്ള ദിവസങ്ങളിൽ യൂനിവേഴ്സിറ്റിയിലെ ഇടത് ട്രേഡ് യൂനിയനുകൾ ഒറ്റക്കെട്ടായി രാജീവനെ ഒതുക്കാൻ കച്ചകെട്ടിയിറങ്ങി. പ്രിയ ഗുരു ടി.കെ. രാമചന്ദ്രനും ‘ദ കുറുക്കൻ’ എന്ന കവിതയേറ്റ് പൊള്ളിയിരുന്നു. ആ ഏറ്റുമുട്ടലുകളുടെ അന്ത്യത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ വന്നപ്പോൾ, കാലിക്കറ്റ് യൂനിവേഴ്സിറ്റി വിട്ട് സാംസ്കാരിക മന്ത്രിയുടെ ഉപദേശകനായി മാറി തന്നെ ഒതുക്കിയവർക്ക് രാജീവൻ മറുപടി നൽകി. അതും കഴിഞ്ഞാണ് മലയാളത്തിന്റെ കൊച്ചു മണ്ണ് വിട്ട് അവന്റെ എഴുത്ത് പുറംനാട്ടിൽ മറുഭാഷകൾ തേടിപ്പോയത്. മലയാളിയുടെ കൊച്ചു ലോകത്തിനപ്പുറത്തേക്ക് പല ഭാഷകളുടെ എഴുത്തുവഴിയിലേക്ക് അവൻ കയറിപ്പോയി. പ്രവാസത്തിന് പോകുമ്പോൾ മറക്കാതെ യാത്ര പറയാൻ വന്നു.

സിനിമ വലിയ ആഗ്രഹമായിരുന്നു രാജീവന്. തൊണ്ണൂറുകളിൽ ഞാൻ മാതൃഭൂമിയിൽ താരാപഥം പേജിന്റെയും 2004-2012ൽ ചിത്രഭൂമിയുടെയും ചുമതല വഹിച്ചിരുന്ന കാലങ്ങളിലാണ് രാജീവൻ ത​ന്റെ ചലച്ചിത്ര സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തിയത്. സംവിധായകരിലേക്ക് എളുപ്പവഴികളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും സ്വന്തം സിനിമക്കായി അവൻ പോരാടി. രഞ്ജിത്തിനൊപ്പം ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന നോവൽ അതേ പേരിലും (2009 ൽ) ‘കെ.ടി.എൻ. കോട്ടൂർ –എഴുത്തും ജീവിതവും’ എന്ന നോവൽ ‘ഞാൻ’ (2014) എന്ന പേരിലും സിനിമയാക്കാനായതാണ് ആ യാത്രയുടെ നല്ല ഫലങ്ങൾ.

രാജീവന്റെ ‘പാതിരാ കൊലപാതകത്തിൽ’ ദീദിയുടെ അച്ഛൻ ദാമോദരൻ മാഷ് ഒരു പ്രധാന കഥാപാത്രമായി വേഷമിട്ടു. മാഷ് വർഷങ്ങൾക്കുശേഷം അഭിനയിച്ച ഒരു സിനിമയായിരുന്നു അത്. മലയാള സിനിമയെ എത്രയോ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തിരക്കഥാകൃത്താകുമായിരുന്നു രാജീവൻ. എന്നാൽ, സിനിമക്ക് വേണ്ടത് ആ അനുഭവങ്ങളുടെ ഖനി ആയിരുന്നില്ല. വെറും കഥക്കുള്ള ക്രെഡിറ്റിൽ രണ്ടു ബൃഹദ് നോവലുകളുടെയും ക്രെഡിറ്റ് ചുരുക്കപ്പെട്ടതോടെ ആ ചലച്ചിത്രയാത്രക്ക് മുറിവേറ്റു. ആ വേദന പരസ്യമായി പറഞ്ഞിരുന്നില്ലെങ്കിലും സ്വകാര്യമായി പങ്കു​െവച്ചിരുന്നു. ഒരു മികച്ച തിരക്കഥാകൃത്തിനെയാണ് മലയാള സിനിമ അതുവഴി നഷ്ടപ്പെടുത്തിയത്. രാജീവൻ എഴുതിയ ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന തിരക്കഥ മമ്മൂട്ടിയെടുക്കും, മോഹൻലാലെടുക്കും, പ്രിയദർശൻ ചെയ്യും, ജയരാജ് ചെയ്യും, സന്തോഷ് ശിവൻ എന്നൊക്കെ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. പോസ്റ്ററുകളും വാർത്തകളും മാത്രം ബാക്കിയായി. അതാണ് സിനിമ.

2013-16 കാലത്ത് മാതൃഭൂമി എഡിറ്റ് പേജിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് രാജീവനുമായി ഏറ്റവും അടുത്ത സൗഹൃദം ഉണ്ടായ കാലം. എഡിറ്റ് പേജിന്റെയും എഡിറ്റോറിയലുകളുടെയും സൂക്ഷ്മനിരീക്ഷകനായിരുന്നു അവൻ. അതിന്റെ പലവിധ വായനകളുമായി വിളിക്കും. ദീർഘനേരം ഉപദേശങ്ങൾ തരും. മുഖം നോക്കാത വിമർശിക്കുന്ന രാജീവന്റെ ആക്ഷേപഹാസ്യ ലേഖനങ്ങൾ എഡിറ്റ് പേജിൽ പ്രസിദ്ധീകരിക്കാൻ എനിക്കായിട്ടുണ്ട്. നിരവധി സംവാദങ്ങൾക്ക് അത് വഴിമരുന്നിട്ടു.

സൗഹൃദങ്ങൾ എന്നാൽ, അത് ഇണക്കങ്ങളുടെ മാത്രം കഥയല്ല. പിണക്കങ്ങളുടെയും കഥയാണ്. പ്രിയസുഹൃത്തും തിരക്കഥാകൃത്തുമായ ടി.എ. റസാഖിന്റെ മരണം സൃഷ്ടിച്ച 2016 ആഗസ്റ്റ് 15ന് രാത്രിയിലെ ഭൂകമ്പത്തിൽ വിള്ളൽ വീണ എ​ന്റെ അസംഖ്യം സൗഹൃദങ്ങളിൽ ടി.പി. രാജീവനും ഉൾപ്പെട്ടു. കോട്ടയത്തേക്കുള്ള എ​ന്റെ നാടുകടത്തലിൽ രാജീവ​ന്റെ നിശ്ശബ്ദത എനിക്ക് വേദനയായി മാറുകയായിരുന്നു. പാലേരി മാണിക്യവും കോട്ടൂരും സിനിമയാക്കിയ സംവിധായകൻ രഞ്ജിത്തിനെയും മാതൃഭൂമിയെയും പിണക്കാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും എന്ന് ഞാനും തിരിച്ചറിഞ്ഞു. ഇണക്കവും പിണക്കവും സുഹൃത്തുക്കൾ തമ്മിലാകുമ്പോൾ അതിന്റെ വേദന ഒന്നു വേറെത്തന്നെയാണ്. പിന്നീടും രാജീവനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും പഴയ സൗഹൃദത്തിൽ ഒരു കല്ല് വന്നു വീണു കിടപ്പുണ്ടായിരുന്നു. അത് പിന്നെ ഒരു വേദനയായി വളർന്നു. അവന്റെ ജീവിതത്തിൽ ഞാനോ എന്റെ ജീവിതത്തിൽ അവനോ പതുക്കെ ഇല്ലാതായി. ഒരു കഥപോലെ അതവസാനിച്ചു.

അവസാനം കുറേ കാലമായി അവനെക്കുറിച്ച് ഒന്നും കേൾക്കാനുണ്ടായിരുന്നില്ല. പിന്നെ രാജീവൻ ത​ന്റെ രോഗങ്ങളുമായി പൊരുതുകയാണ് എന്ന് മാതൃഭൂമിയിൽ കെ.കെ. ബലരാമൻ പറഞ്ഞ് ഞാനും അറിഞ്ഞു. കാണണമെന്നുണ്ടായിരുന്നു, എന്നാൽ പോയില്ല. പരസ്പരം നഷ്ടപ്പെടുന്ന സൗഹൃദത്തി​ന്റെ നീണ്ട നിശ്ശബ്ദതയിൽ വളർന്നുവന്ന ആ വേദന കാണേണ്ടെന്നു ​െവച്ചു.ഒരു നോവൽ എഴുതുന്ന വിവരം വിളിച്ചറിയിച്ചതാണ് അവസാനത്തെ ഫോൺകാൾ. അത് പൂർത്തിയായ വിളി വരും മുമ്പ് അവന്റെ വിയോഗത്തി​ന്റെ വാർത്ത ഒരു രാത്രിയിൽ ഏതോ ഫേസ് ബുക്ക് പേജിൽനിന്നും പുറത്തേക്ക് എത്തിനോക്കി. അത് കണ്ണിൽ തറച്ചുനിന്നു.

ആൾക്കൂട്ടം ഒഴിഞ്ഞപ്പോൾ രാജീവൻ എന്ന പഴയ കൂട്ടുകാരൻ തനിച്ചാക്കിപ്പോയ കൂട്ടുകാരി സാധനയെ കാണാൻ ഞാനും ദീദിയുംകൂടി പാലേരിയിലെ അവ​ന്റെ സ്വപ്നഭവനത്തിൽ ചെന്നു. മരണമില്ലാത്ത ഒരു രാജീവൻ സാധനയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് തൊട്ടറിഞ്ഞു. ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു, കിടപ്പിലായപ്പോഴും ഓർത്തോർത്ത് പറയുമായിരുന്നു എന്നും സാധന പറഞ്ഞപ്പോൾ അവസാനം ഒന്ന് കാണാൻ പോകാതെ പോയതിൽ കുറ്റബോധംകൊണ്ട് മനസ്സ് നീറി.

പൊക്കുന്നിന്റെ കുന്നിൻചരിവിൽ ‘രാത്രികൾ പകലുകൾ’ പാടിത്തീർന്ന ഏതോ പാതിരാവിലെ നിശ്ശബ്ദത അപ്പോൾ മനസ്സിൽ നിറഞ്ഞു. മറ്റെല്ലാം മാഞ്ഞുപോയി. ഒരശരീരിയുടെ ഓർമ കാതിൽ മുഴങ്ങി.

ഒ​രു വി​വാ​ഹ​ ചട​ങ്ങി​ൽ: എ. സേ​തു​വി​നും ടി.​പി. രാ​ജീ​വ​നു​മൊ​പ്പം പ്രേംചന്ദ്​

ഒ​രു വി​വാ​ഹ​ ചട​ങ്ങി​ൽ: എ. സേ​തു​വി​നും ടി.​പി. രാ​ജീ​വ​നു​മൊ​പ്പം പ്രേംചന്ദ്​

‘‘നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം

നിൻ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരം

നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ

നിന്നിൽ മരിക്കുന്നു സന്ധ്യേ...’’

സന്ധ്യയും കടന്ന്,

ഓർമയുടെ ഇരുളിൽ, ആ സൗഹൃദം ഒരു തണുത്ത കാറ്റായി വീശുന്നു. കൽപറ്റ നാരായണൻ മാഷ് പറഞ്ഞു. വെച്ചതുപോലെ കവി ടി.പി. രാജീവനെ കണ്ടില്ല എന്ന് നടിക്കുന്നതി​ന്റെ കാലപരിധി കഴിഞ്ഞു. അന്ധരാഷ്ട്രീയ പക്ഷപാതിത്വങ്ങളാൽ കുഴിച്ചുമൂടുന്നില്ലെങ്കിൽ മലയാളിക്ക് രാജീവനെ വായിക്കാതെ പോകാനാകില്ല. ടി.പി. രാജീവൻ നിലനിൽക്കും, മരിക്കാത്ത നക്ഷത്രമായി.

(തുടരും)

News Summary - weekly articles