കാർട്ടൂൺ എന്ന രാഷ്ട്രീയ പാഠപുസ്തകം
രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടപെട്ട മലയാളിയായ അബു എബ്രഹാമിന്റെ ജന്മശതാബ്ദിയാണ് ജൂൺ 11ന്. അബു എബ്രഹാമിനെ ഒാർക്കുകയാണ് ചിത്രകാരനും എഴുത്തുകാരനുമായ ലേഖകൻ.അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിലെ വാർത്തസമ്മേളനത്തിൽ അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വി.സി. ശുക്ല പ്രസ്താവിച്ചു: ‘‘റൂമർ നിരോധിക്കേണ്ടതാണ്!’’ വാർത്തസമ്മേളനത്തിലുണ്ടായിരുന്ന കാർട്ടൂണിസ്റ്റ് അബു എബ്രഹാം ചോദിച്ചു: ‘‘പക്ഷേ, നിങ്ങൾ ഹ്യൂമർ നിരോധിക്കുന്നതെന്തിന്?’’ 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതൽ ഗവൺമെന്റ് നിയോഗിച്ച സെൻസർമാരുടെ അനുമതിയോടെ മാത്രമേ കാർട്ടൂണുകൾ...
Your Subscription Supports Independent Journalism
View Plansരാഷ്ട്രീയ കാർട്ടൂണുകളിലൂടെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടപെട്ട മലയാളിയായ അബു എബ്രഹാമിന്റെ ജന്മശതാബ്ദിയാണ് ജൂൺ 11ന്. അബു എബ്രഹാമിനെ ഒാർക്കുകയാണ് ചിത്രകാരനും എഴുത്തുകാരനുമായ ലേഖകൻ.
അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിലെ വാർത്തസമ്മേളനത്തിൽ അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വി.സി. ശുക്ല പ്രസ്താവിച്ചു: ‘‘റൂമർ നിരോധിക്കേണ്ടതാണ്!’’
വാർത്തസമ്മേളനത്തിലുണ്ടായിരുന്ന കാർട്ടൂണിസ്റ്റ് അബു എബ്രഹാം ചോദിച്ചു: ‘‘പക്ഷേ, നിങ്ങൾ ഹ്യൂമർ നിരോധിക്കുന്നതെന്തിന്?’’
1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതൽ ഗവൺമെന്റ് നിയോഗിച്ച സെൻസർമാരുടെ അനുമതിയോടെ മാത്രമേ കാർട്ടൂണുകൾ പത്രങ്ങളിൽ അച്ചടിക്കാനാകുമായിരുന്നുള്ളൂ. ഹ്യൂമർ അഥവാ ഫലിതം ചിത്രപ്പെടുത്തുന്ന കാർട്ടൂണുകൾ സെൻസർമാർ ഇടപെട്ട് അച്ചടി തടയുന്നതിനെപ്പറ്റിയായിരുന്നു അബു എബ്രഹാമിന്റെ ചോദ്യം.
ജനാധിപത്യമില്ലായ്മയാലും അസ്വാതന്ത്ര്യത്താലും മനുഷ്യാവകാശധ്വംസനങ്ങളാലും ഇന്ത്യയിൽ ജീവിതപരിസ്ഥിതി ദുരന്തമാക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള വിധേയത്വത്തിനും അധികാരം തോന്ന്യാസംപോലെ ഉപയോഗിക്കുന്നതിനും വലിയ പേരുദോഷമുള്ള മന്ത്രിയായിരുന്നു വി.സി. ശുക്ല. എന്തിനേറെ പറയണം, പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രസംഗിക്കുന്ന റാലിയിൽ പാടാൻ വിസമ്മതിച്ചതിനാൽ ഹിന്ദി സിനിമാ പാട്ടുകാരൻ കിഷോർ കുമാറിന്റെ പാട്ട് ഓൾ ഇന്ത്യ റേഡിയോയിൽ നിരോധിച്ചിരുന്നു വി.സി. ശുക്ല. ആ വി.സി. ശുക്ലയോട് വാർത്തസമ്മേളനത്തിൽ കാർട്ടൂണിസ്റ്റിന്റെ ക്രിയാത്മക സ്വാതന്ത്ര്യത്തിനായി പരസ്യമായി ചോദ്യമുന്നയിക്കുകയായിരുന്നു അബു എബ്രഹാം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒമ്പതാം ദിവസം, അതായത് 1975 ജൂലൈ നാലിന് സെൻസറെ പരിഹസിച്ച് അബു എബ്രഹാം കാർട്ടൂൺ വരച്ചു!
‘സെൻസർ ഓഫ് ഹ്യൂമർ’ എന്ന് സെൻസറെ വിശേഷിപ്പിക്കുന്ന ഈ കാർട്ടൂൺ രചിച്ചത് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ അബു എബ്രഹാമിന്റെ പ്രശസ്തമായ ‘പ്രൈവറ്റ് വ്യൂ’ എന്ന പോക്കറ്റ് കാർട്ടൂൺ കോളത്തിൽ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു. എന്നാൽ, ഈ കാർട്ടൂണിന്റെ അച്ചടി സെൻസർ മുടക്കി. കാർട്ടൂണിന്റെ മേൽഭാഗത്ത് ‘Not to be published’ എന്ന് സീലുകുത്തി ഒപ്പിട്ടു ബൽദേവ് സഹായ് എന്ന സെൻസർ.
മേൽപറഞ്ഞ കാർട്ടൂണും ഉണ്ടായിരുന്നു കഴിഞ്ഞ മാർച്ച് 22 മുതൽ ഒരുമാസക്കാലം എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ സംഘടിപ്പിച്ച അബു എബ്രഹാമിന്റെ ചിത്രങ്ങളുടെ പ്രദർശനത്തിൽ. കാർട്ടൂണുകളും കാരിക്കേച്ചറുകളും യാത്രകളിൽ വരച്ച ചിത്രങ്ങളും ഉൾപ്പെടെ അബു എബ്രഹാമിന്റെ തിരഞ്ഞെടുക്കപ്പെട്ട 300 രചനകളുടെ പ്രദർശനമായിരുന്നു ഇത്. പ്രസിദ്ധീകരിക്കരുതെന്ന് ഡെപ്യൂട്ടി ചീഫ് സെൻസർ സീലു കുത്തിയ, 1975 ജൂലൈ 18നു രചിച്ച മറ്റൊരു കാർട്ടൂണും പ്രദർശനത്തിലുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഒരു കളങ്കപ്പെട്ട കാലത്തെക്കുറിച്ചുള്ള പാഠപുസ്തകങ്ങളാണ് സെൻസറിന്റെ സീലുള്ള ഈ കാർട്ടൂണുകൾ.
1924 ജൂൺ 11ന് ജനിച്ച മാവേലിക്കരക്കാരൻ അബു എബ്രഹാം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1946ൽ കേരളം വിട്ടു. തുടർന്നുള്ള 56 കൊല്ലം ബോംബെയിലും ഡൽഹിയിലും ബ്രിട്ടനിലും ലോക കാര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് ജീവിച്ചതിന്റെ ശേഷിപ്പുകളാണ് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ.
സ്വാതന്ത്ര്യവാഞ്ഛയോടെ ജീവിച്ച അബു എബ്രഹാം ജീവിതത്തെ ഒരിടത്തുനിന്ന് മറ്റൊരിടത്ത് പലതവണ പറിച്ചുനട്ടു. ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് യാത്രചെയ്തു. ഈ ജീവിതം പറിച്ചുനടലുകളിലും യാത്രകളിലും കരുതലായിരുന്നത് കാർട്ടൂൺ രചന. കേരളത്തിൽനിന്ന് ബോംബെയിലെത്തി. പത്രറിപ്പോർട്ടറായി. തുടർന്ന് ഡൽഹിയിലേക്ക്. കാർട്ടൂണിസ്റ്റായി. ലണ്ടനിൽ പോയി. അവിടെ പ്രമുഖ പത്രങ്ങളിൽ ജോലിചെയ്തു. ഒന്നര പതിറ്റാണ്ടിലധികം നീണ്ട ലണ്ടൻ ജീവിതത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങി. അന്തിക്ക് പക്ഷി കൂടണയുന്നതുപോലെ 1989ൽ കേരളത്തിൽ തിരിച്ചെത്തി തിരുവനന്തപുരത്ത് വീടുെവച്ചു.
പതിറ്റാണ്ടുകളിലെ കാർട്ടൂൺ രചനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ 1976ലെ ഒരു സെമിനാറിൽ അബു എബ്രഹാം പറഞ്ഞു: ‘‘ഞാൻ നിഗമനത്തിലെത്തി, അരാഷ്ട്രീയമായി ഈ ലോകത്ത് ഒന്നുമില്ല!’’ രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർക്ക് എതിരായ ജനക്ഷോഭത്തിന്റെ ചൂടേറ്റ കുടുംബമായിരുന്നു അബു എബ്രഹാമിന്റേത്. സി.പി. രാമസ്വാമി അയ്യരുടെ അറുപതാം പിറന്നാൾ ആഘോഷത്തിന് ജനങ്ങളിൽനിന്ന് സംഭാവന ക്ഷണിച്ചിരുന്നു തിരുവിതാംകൂർ ഗവൺമെന്റ്. ഇതിനെതിരെ അബു എബ്രഹാമിന്റെ പിതാവ് പത്രത്തിൽ എഡിറ്റർക്ക് കത്തെഴുതി പ്രസിദ്ധീകരിച്ചു. തുടർന്ന് രഹസ്യ പൊലീസ് പിന്തുടർന്നു അബു എബ്രഹാമിന്റെ പിതാവിനെ. ഇക്കാര്യം അബു എബ്രഹാം എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ഒരുദിവസത്തെ ഉപവാസസമരത്തെ പിന്തുണച്ച് ഡിഗ്രി പഠനകാലത്ത് ഉപവസിക്കാൻ ശ്രമിച്ചതിനെപ്പറ്റിയും എഴുതിയിട്ടുണ്ട്.
വിദ്യാർഥിയായിരിക്കെ കിട്ടുന്ന പത്ര-മാസികകളെല്ലാം വായിക്കുമായിരുന്നു. പത്രപ്രവർത്തനത്തോട് സ്നേഹമായിരുന്നു. പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ചു. അബു എബ്രഹാം എഴുതി: ‘‘കോളജ് പഠനകാലത്തുതന്നെ ഞാൻ ന്യൂസ് പേപ്പർ അടിമയായി!’’ ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരു കൊല്ലം മുമ്പ് ബോംെബയിലെത്തിയ അബു എബ്രഹാം ‘ബോംബെ ക്രോണിക്ൾ’ പത്രത്തിൽ റിപ്പോർട്ടറായി ചേർന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കണ്ണാടിയായിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്ന ഫിറോസ് ഷാ മേഹ്ത്ത സ്ഥാപിച്ച ‘ബോംബെ ക്രോണിക്ളി’ന്റെ എഡിറ്റർ സൈദ് അബ്ദുല്ല ബ്രെൽവിക്ക് പത്രപ്രവർത്തനം സ്വാതന്ത്ര്യസമര പ്രവർത്തനമായിരുന്നു. രണ്ടുതവണ ബ്രിട്ടീഷ്ഭരണം തടവിലിട്ടു സൈദ് അബ്ദുല്ല ബ്രെൽവിയെ.
സൈദ് അബ്ദുല്ല ബ്രെൽവി നയിച്ച പത്രപ്രസ്ഥാനത്തിൽ അബു എബ്രഹാം പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. 1951ൽ ബോംബെയിൽനിന്ന് ഡൽഹിയിലേക്കു പോയി. എഴുത്തിൽനിന്ന് വരയിലേക്കുള്ള, പത്ര റിപ്പോർട്ടറിൽനിന്ന് കാർട്ടൂണിസ്റ്റിലേക്കുള്ള ചുവടുമാറ്റമുണ്ടായത് ഡൽഹിയിൽെവച്ചാണ്. ‘ശങ്കേഴ്സ് വീക്കിലി’യിൽ കാർട്ടൂണിസ്റ്റായി. ‘ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കായംകുളംകാരൻ കെ. ശങ്കർപിള്ളയുടെ ‘ശങ്കേഴ്സ് വീക്ക്ലി’യിൽ ഒരുകൂട്ടം കാർട്ടൂണിസ്റ്റുകളുണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിന്റെ തൊട്ടടുത്ത കൊല്ലം ആരംഭിച്ച ‘ശങ്കേഴ്സ് വീക്ക്ലി’ ‘ഇന്ത്യയുടെ പഞ്ച് മാഗസിനെ’ന്ന് അറിയപ്പെട്ടു. പ്രഗല്ഭനായ ശങ്കറിന്റെ മേൽനോട്ടത്തിലും സഹപ്രവർത്തകരായ കാർട്ടൂണിസ്റ്റുകളുടെ സാന്നിധ്യത്തിലുമുള്ള ജോലിയാൽ അബു എബ്രഹാമിലെ കാർട്ടൂണിസ്റ്റ് രൂപപ്പെട്ടുവന്നു.
1953ന്റെ ആദ്യമാസങ്ങളിലൊന്നിൽ ലണ്ടനിലെ ‘സ്റ്റാർ’ പത്രത്തിന്റെ കാർട്ടൂണിസ്റ്റ് ഫ്രെഡ് ജോസ് ഡൽഹി സന്ദർശനത്തിനിടയിൽ ‘ശങ്കേഴ്സ് വീക്ക്ലി’ ഓഫിസിൽ കെ. ശങ്കർപിള്ളയെ കാണാനെത്തിയത് അബു എബ്രഹാമിന്റെ ജീവിതത്തിലെ പ്രധാന സംഭവമാണ്. അബു എബ്രഹാമിന്റെ ഒരു കാർട്ടൂൺ കണ്ട് ഫ്രെഡ് ജോസ് അഭിപ്രായപ്പെട്ടു: ‘‘ഇത് ലണ്ടൻകാർക്ക് ഇഷ്ടപ്പെടും!’’ ലണ്ടനിലേക്ക് തിരിച്ചുപോയ ഫ്രെഡ് ജോസ് കത്തെഴുതി: ‘‘എന്നാണ് വരുന്നത്?’’
യാത്ര –1953 ജൂൈലയിൽ അബു എബ്രഹാം ലണ്ടനിലേക്ക് കപ്പൽ കയറി. 21 ദിവസത്തെ യാത്ര. അറബിക്കടലിലൂടെ, ചെങ്കടലിലൂടെ, ഏഡനിലൂടെ, സൂയസ് കനാലിലൂടെ യാത്രചെയ്ത ആവിക്കപ്പൽ ‘ജൽജവഹർ’ ആഗസ്റ്റ് 18ന് രാവിലെ ലിവർപൂളിൽ നങ്കൂരമിടുമ്പോൾ അബു എബ്രഹാം കൈയിൽ കരുതിയത് കാർട്ടൂൺ വരക്കാനുള്ള വിരുത്!
രസകരം–യാത്രയിൽ കപ്പലിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രങ്ങൾ വിറ്റു. കപ്പൽയാത്രയെക്കുറിച്ച് അബു എബ്രഹാമിന്റെ ആസ്വാദനം: ‘‘ആദ്യ മൂന്നു ദിവസങ്ങളിൽ കടൽച്ചൊരുക്കുണ്ടാക്കിയ അസുഖം കഴിഞ്ഞ് ഞാൻ നല്ലവണ്ണം ഭക്ഷണം കഴിച്ചു. ഇന്ത്യൻ, ഗോവൻ, പോർചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭക്ഷണങ്ങൾ. ബിയർ കുടിച്ചു. കപ്പലിലെ കുളത്തിൽ നീന്തി!’’
മുൻപിൻ നോക്കാതെയുള്ള ജീവിതം പറിച്ചുനടലിൽ ലണ്ടനിൽ ഒരാഴ്ച ഒരു സുഹൃത്തിനോടൊപ്പം താമസിക്കാമെന്ന് ഉറപ്പിച്ചിരുന്നു. തുടർജീവിതം അനിശ്ചിതം. കൈയിൽ ഏതാനും പൗണ്ടുകളേയുള്ളൂ. എന്നാൽ, ഒരാഴ്ചക്കകം അബു എബ്രഹാമിന്റെ കാർട്ടൂൺ ‘പഞ്ച്’ മാഗസിൻ വാങ്ങി. പ്രസിദ്ധീകരിച്ചു. ‘പഞ്ച്’ മാഗസിൻ എഡിറ്റർ മാൽക്കം മുഗറിഡ്ജിനെ കാർട്ടൂണുകൾ കാണിച്ചിരുന്നു അബു എബ്രഹാം. ‘പഞ്ച്’ കാർട്ടൂൺ വാങ്ങി പ്രസിദ്ധീകരിച്ചത് അബു എബ്രഹാമിന് വലിയ ആത്മവിശ്വാസമുണ്ടാക്കി. ലോകപ്രശസ്ത ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായിരുന്ന ‘പഞ്ചി’ന് ലോക കാർട്ടൂൺ ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. ഫലിത ചിത്രത്തിന് കാർട്ടൂൺ എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങിയത് ‘പഞ്ചാ’ണ്.
രണ്ടര കൊല്ലക്കാലം വിവിധ പത്രങ്ങൾക്കും മാഗസിനുകൾക്കും കാർട്ടൂൺ വരച്ചു വിറ്റ് ലണ്ടനിൽ ജീവിച്ചു അബു എബ്രഹാം. 1956 ഏപ്രിലിൽ മൈക്കൾ ഫൂട്ട് എഡിറ്ററായ സോഷ്യലിസ്റ്റ് മാഗസിൻ ‘ട്രിബ്യൂൺ’ അബു എബ്രഹാമിന്റെ രണ്ട് കാർട്ടൂണുകൾ വാങ്ങി പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവായിരുന്നു മൈക്കൾ ഫൂട്ട്. പത്രപ്രവർത്തകനായാണ് മൈക്കൾ ഫൂട്ട് പൊതുജീവിതം ആരംഭിച്ചത്. ‘ട്രിബ്യൂണി’ൽ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രം ‘ദി ഒബ്സർവറി’ൽ കാർട്ടൂണുകൾ വരക്കാമോയെന്ന എഡിറ്റർ ഡേവിഡ് ആസ്റ്റണിന്റെ അഭ്യർഥന കത്ത് ലഭിച്ചു. തുടർന്നുണ്ടായ കൂടിക്കാഴ്ചയിൽ അബു എബ്രഹാമിനെ പത്രത്തിന്റെ സ്റ്റാഫ് കാർട്ടൂണിസ്റ്റാക്കാൻ താൽപര്യമുണ്ടെന്ന് ഡേവിഡ് ആസ്റ്റൺ വ്യക്തമാക്കി.
10 കൊല്ലം അബു എബ്രഹാം ദി ഒബ്സർവറിന്റെ കാർട്ടൂണിസ്റ്റ്! ജോലിക്കരാറിൽ എഡിറ്ററുടെ നിലപാട്: താങ്കൾ വരക്കുന്ന എല്ലാ കാർട്ടൂണുകളും പത്രത്തിന് പ്രസിദ്ധീകരിക്കാൻ കഴിയണമെന്നില്ല. എന്നാൽ, താങ്കൾക്ക് താൽപര്യമില്ലാത്ത ഒരാശയം രാഷ്ട്രീയ കാർട്ടൂണിൽ വരക്കാൻ നിർദേശിക്കില്ലെന്ന് ഉറപ്പുതരുന്നു! 1956ൽ ‘ദി ഒബ്സർവറി’നുവേണ്ടി ആദ്യ കാർട്ടൂൺ രചിച്ചപ്പോഴാണ് ‘abu’ എന്ന് മൂന്ന് അക്ഷരങ്ങളിൽ അച്ചടിക്കപ്പെടുന്ന കാർട്ടൂണിസ്റ്റ് പിറന്നത്.
അബു എന്നത് സ്വീകരിച്ച പേരാണ്. യഥാർഥ പേര് ആറ്റുപറത്ത് മാത്യു എബ്രഹാം. അതുവരെ ‘എബ്രഹാം’ എന്നായിരുന്നു കാർട്ടൂണിൽ പേരെഴുതിയിരുന്നത്. കാർട്ടൂണിലെ എബ്രഹാമെന്ന പേര് കണ്ട് ഡേവിഡ് ആസ്റ്റൺ നിർദേശിച്ചു: ‘‘മറ്റൊരു പേര് സ്വീകരിക്കാമോ?’’
എബ്രഹാമെന്നത് ജൂത പേരായി പത്രവായനക്കാർ തെറ്റിദ്ധരിക്കുമെന്നും മത, രാഷ്ട്രീയ കാരണങ്ങളാൽ ആ പേര് തെറ്റിദ്ധാരണകളുണ്ടാക്കുമെന്നും ഡേവിഡ് ആസ്റ്റൺ അഭിപ്രായപ്പെട്ടു. ആ നിമിഷം കാർട്ടൂണിസ്റ്റ് സ്വീകരിച്ച പേരാണ് അബു! 1966 മുതൽ മൂന്നു കൊല്ലം ‘ദി ഗാർഡിയൻ’ പത്രവും അബു എബ്രഹാമിന്റെ കാർട്ടൂണുകൾ അച്ചടിച്ചു. 1969ൽ അബു ലണ്ടൻ ജീവിതം അവസാനിപ്പിച്ചു. ഡൽഹിയിലേക്ക് മടങ്ങി. ‘ഇന്ത്യൻ എക്സ്പ്രസി’ൽ ചേർന്നു.
രാഷ്ട്രീയ കാരണത്താൽ, ബ്രിട്ടീഷ് പാർലമെന്റംഗം ഇനോക് പവ്വലിന്റെ 1968ലെ ‘റിവേഴ്സ് ഓഫ് ബ്ലഡ്’ എന്ന് അറിയപ്പെടുന്ന വിവാദപ്രസംഗത്തെ തുടർന്നാണ് ബ്രിട്ടനിൽ ജീവിതം തുടരേണ്ടതില്ലെന്ന് അബു എബ്രഹാം തീരുമാനിച്ചത്. കുടിയേറ്റക്കാരെ എതിർക്കുന്ന, വംശ-നിറ മാനങ്ങളുള്ള പ്രസംഗം ബ്രിട്ടനിലെ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. ‘‘ഈ രാജ്യത്ത് അടുത്ത 15 അല്ലെങ്കിൽ 20 കൊല്ലത്തിനുള്ളിൽ വെളുത്തവർ കറുമ്പൻമാരുടെ ചാട്ടയടിയേൽക്കേണ്ടിവരും’’ എന്ന പ്രവചനവും പ്രസംഗത്തിന്റെ ഭാഗമായിരുന്നു.
ലണ്ടനിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന അബു എബ്രഹാമിനോടുള്ള ആദരത്തോടെ ‘ട്രിബ്യൂൺ’ പത്രം എഴുതി: അദ്ദേഹം ഏതാനും വരകൾ അഴകോടെ ഉപയോഗിച്ച് കാര്യം വ്യക്തമാക്കുന്നു! ‘ഇന്ത്യൻ എക്സ്പ്രസി’ൽ കാർട്ടൂണിസ്റ്റായിരിക്കെ അബു എബ്രഹാം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഫോണിൽ വിളിച്ച് അബു എബ്രഹാമിനോട് സംസാരിച്ചിരുന്നു അദ്ദേഹം രാജ്യസഭാംഗമാകുന്നതിനു മുമ്പ്.
അബു എബ്രഹാമിന്റെ രാജ്യസഭാംഗ കാലയളവ് 1972-1978. ശ്രദ്ധിക്കുക – ഇതിനിടയിൽ 1975 ജൂൺ 26ന് അടിയന്തരാവസ്ഥ നിലവിൽവന്നു. 21 മാസം നീണ്ടു അടിയന്തരാവസ്ഥ, 1977 വരെ. അബു എബ്രഹാം ഉൾപ്പെടെയുള്ള കാർട്ടൂണിസ്റ്റുകളുടെ രചനകൾ സെൻസറിന്റെ ഇടപെടലാൽ അച്ചടിക്കപ്പെടാതിരുന്നു. ഇന്ദിര ഗാന്ധി നൽകിയ രാജ്യസഭാംഗത്വവും സെൻസറിന്റെ സാന്നിധ്യവും അടിയന്തരാവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂണുകൾ വരക്കുന്നതിന് അബു എബ്രഹാമിനു തടസ്സമായില്ല. 1975 ഡിസംബർ 12ന് അബു എബ്രഹാം വരച്ച കാർട്ടൂൺ അച്ചടിക്കപ്പെട്ടു. ബാത്ടബിലെ കുളിക്കിടയിൽ ഓർഡിനൻസ് ഒപ്പുവെക്കുന്ന ഇന്ത്യൻ പ്രസിഡന്റിന്റെ ചിത്രം. ഈ കാർട്ടൂൺ അടിയന്തരാവസ്ഥയെക്കുറിച്ച് ഏറെ അറിയപ്പെടുന്ന മറ്റൊരു രാഷ്ട്രീയ പാഠപുസ്തകം.
തുടർന്നും അടിയന്തരാവസ്ഥ അബു എബ്രഹാമിന്റെ കാർട്ടൂണിൽ കടന്നുവന്നു. 1976 ഏപ്രിൽ 30ന് വരച്ച കാർട്ടൂണിൽ ‘മിസയേവ ജയതേ’യെന്ന് പരിഹസിച്ചു. അടിയന്തരാവസ്ഥയിൽ ഉപയോഗിച്ച വിവാദ നിയമമായിരുന്നു മിസ (MISA - മെയ്ന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്).
അബു എബ്രഹാമിന്റെ പോക്കറ്റ് കാർട്ടൂൺ ‘പ്രൈവറ്റ് വ്യൂ’വിൽ ഗാന്ധിത്തൊപ്പി ധരിച്ച രണ്ട് കോൺഗ്രസുകാരാണ് കഥാപാത്രങ്ങൾ. ഉയരമുള്ള മെലിഞ്ഞ ഒരാൾ. അടുത്തയാൾക്ക് ഉയരംകുറഞ്ഞ് കുറുകിയ ശരീരം. അവരിലൂടെയാണ് കാർട്ടൂണിലെ വിഷയം കൈകാര്യംചെയ്യുക. കോൺഗ്രസ് പാർട്ടിയെയും കോൺഗ്രസ് ഗവൺമെന്റിനെയും കോൺഗ്രസുകാരായ കഥാപാത്രങ്ങളെ ഉപയോഗിച്ചുതന്നെ പരിഹസിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അഞ്ചു മാസം മുമ്പ് അബു എബ്രഹാം വരച്ച കാർട്ടൂണിൽ SAVE DEMOCRACY എന്നെഴുതിയ പ്ലക്കാർഡുമായി ഇരുമ്പു പടച്ചട്ടയും ഹെൽമറ്റും ധരിച്ച് നിൽക്കുന്നു ഈ കോൺഗ്രസ് കഥാപാത്രങ്ങൾ. ഇതേ കഥാപാത്രങ്ങൾ SAVED DEMOCRACY എന്നെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന കാർട്ടൂൺ അടിയന്തരാവസ്ഥയുള്ളപ്പോൾ 1975 ജൂലൈ 18ന് വരച്ചെങ്കിലും സെൻസർ അച്ചടി മുടക്കി. മേൽപറഞ്ഞ രണ്ട് കാർട്ടൂണുകളുമുണ്ടായിരുന്നു ഡർബാർ ഹാളിലെ പ്രദർശനത്തിൽ.
അടിയന്തരാവസ്ഥക്കു ശേഷമുള്ള ജനതാ പാർട്ടി ഭരണവും തുടർന്നുള്ള ഇന്ത്യൻ രാഷ്ട്രീയവും അബു എബ്രഹാമിന്റെ കാർട്ടൂണുകളിൽ കടന്നുവന്നു. 1981ൽ ‘ഇന്ത്യൻ എക്സ്പ്രസി’നോട് വിടപറഞ്ഞ അബു എബ്രഹാം ‘സൺഡേ ഒബ്സർവർ’, ‘ഹിന്ദുസ്താൻ ടൈംസ്’, ‘ദി ട്രിബ്യൂൺ’, ‘ഹിതവാത’, ‘അനന്ത്ബസാർ പത്രിക’ എന്നീ പത്രങ്ങളിൽ എഴുതി, വരച്ചു. 50 ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ രചനകളെ ഉൾക്കൊള്ളിച്ച് പെൻഗ്വിൻ ബുക്സിനുവേണ്ടി പുസ്തകം എഡിറ്റ്ചെയ്തു.
1989ൽ തീരുമാനം –കേരളത്തിലേക്ക് മടങ്ങുക! കേരളം വിട്ട എബ്രഹാം നാല് പതിറ്റാണ്ടിലധികം നീണ്ട ക്രിയാത്മകജീവിതത്തിനു ശേഷം അബുവെന്ന ലോകപൗരനായി കേരളത്തിലെത്തി തിരുവനന്തപുരത്ത് വീടുെവച്ചു താമസിച്ചു. വീടിനു പേര് -ശരണം! കാർട്ടൂൺ രചന തുടർന്നു. ബാബരി മസ്ജിദ് തകർത്തതിനെ കാർട്ടൂണുകളിൽ വിമർശിച്ചു. ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയും പൈശാചികജീവി ഫ്രാൻകെൻ ൈസ്റ്റനും ഉൾപ്പെടുന്ന കാർട്ടൂൺ. എൽ.കെ. അദ്വാനി ചോദിക്കുന്നു ഫ്രാൻകെൻ ൈസ്റ്റനോട്: ‘‘തെരഞ്ഞെടുപ്പിൽ താങ്കൾ ആർക്കാണ് വോട്ടുചെയ്യുക?’’
ബാബരി മസ്ജിദ് തകർത്ത് ഒരാഴ്ച കഴിഞ്ഞ് 1992 ഡിസംബർ 15ന് മറ്റൊരു കാർട്ടൂൺ: എൽ.കെ. അദ്വാനി പുസ്തകം എഴുതുന്നു. പുസ്തകത്തിന്റെ പേര് ‘ദി സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത് ത്രിശൂൽ –ചാപ്റ്റർ വൺ!’ എൽ.കെ. അദ്വാനിയും അബു എബ്രഹാമും ഒരേകാലത്ത് പാർലമെന്റംഗങ്ങളായിരുന്നു; പരിചയക്കാരായിരുന്നു. എന്നാൽ, എൽ.കെ. അദ്വാനിയെ വിമർശിക്കുന്നതിൽനിന്ന് അബു എബ്രഹാം പിന്തിരിഞ്ഞില്ല.
കേരളത്തിൽ മടങ്ങിവന്നതിന്റെ കാരണം സൂചിപ്പിച്ചുകൊണ്ട് അബു എബ്രഹാം എഴുതി, അദ്ദേഹത്തിനു നഷ്ടമായ കേരളത്തിലെ അമ്പലമണിയൊച്ചകളെയും ഉത്സവങ്ങളെയും മുല്ലമണത്തെയും പറ്റി. 2002ൽ അബു എബ്രഹാം മരിച്ചു. അബു എബ്രഹാമിന്റെ ജനനത്തിന്റെ നൂറ്റാണ്ടോർമയോടെ സംസ്ഥാന സാംസ്കാരിക വകുപ്പും കേരള ലളിതകല അക്കാദമിയും അബു എബ്രഹാമിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചതാണ് പ്രദർശനം.
കാരിക്കേച്ചറുകൾ
1963ൽ പാരിസിൽ ചാൾസ് ഡി. ഗാളിന്റെ വാർത്തസമ്മേളനം. നാസികൾക്കെതിരെ ഫ്രഞ്ച് സൈന്യത്തെ നയിച്ച, ഫ്രാൻസിന്റെ ഭരണഘടന തിരുത്തിയെഴുതിയ, ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി. ഗാൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു. പത്രപ്രവർത്തകർക്കിടയിലുണ്ടായിരുന്ന അബു എബ്രഹാം വരച്ചു ചാൾസ് ഡി. ഗാളിനെ.
അബു എബ്രഹാം എഴുതി: ‘‘പന്നി, എലി, മീൻ എന്നിങ്ങനെ പല ജീവികളെയും ഞാൻ എന്റെ കാർട്ടൂൺ രചനക്കിടയിൽ കണ്ടിട്ടുണ്ട്. എന്നാൽ, ഇതാദ്യമായി ഞാൻ ആനയെ കണ്ടു!’’ ചാൾസ് ഡി. ഗാളിൽ ആനത്തം കണ്ടു അബു എബ്രഹാമിന്റെ കാർട്ടൂണിസ്റ്റിന്റെ കണ്ണുകൾ. അബു എബ്രഹാം എഴുതിയതിന്റെ ചുരുക്കം: ചാൾസ് ഡി. ഗാളിന്റെ മൂക്ക് ആനയുടെ തുമ്പിക്കൈ. അദ്ദേഹത്തിന് ആകെയൊരു ആനച്ചന്തം. കൈകൾ അനക്കിയപ്പോൾ അത് ആന ചെവിയാട്ടുന്നതുപോലെ!
മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനെ വരച്ചു. മുള്ളൻപന്നിയുടെ രൂപത്തിൽ. യുദ്ധവിരുദ്ധനായ അബു എബ്രഹാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാകുന്നതാണ് ഈ കാരിക്കേച്ചർ. അനവധി ലോകനേതാക്കളെ നേരിൽ കണ്ട് കാരിക്കേച്ചർ വരച്ചു അബു എബ്രഹാം. വിപ്ലവകാരി ചെ ഗുവേരയെയും വരച്ചു. കാരിക്കേച്ചറുകൾ മാത്രമുള്ള നിശ്ശബ്ദ കാർട്ടൂണുകളുണ്ട് അബു എബ്രഹാമിന്റേതായി. മീനുകളുടെ രൂപത്തിലെ ജനതാ പാർട്ടി നേതാക്കൾ ജഗ്ജീവൻ റാം, ചരൺ സിങ്, ചന്ദ്രശേഖർ, എച്ച്.എൻ. ബഹുഗുണ, എ.ബി. വാജ്പേയ് എന്നിവർ വെള്ളത്തിൽ തുഴയുന്നതിനിടയിൽ കൊറ്റിയുടെ രൂപമുള്ള ഇന്ദിര ഗാന്ധി നിൽക്കുന്ന കാർട്ടൂൺ.