ബാപ്പുവിന്റെ സ്വന്തം എസ്തർ
1915ലാണ് മിഷനറി-ആതുരസേവന പ്രവർത്തനത്തിനായി ഡെൻമാർക്കുകാരിയായ എസ്തർ ഇന്ത്യയിലെത്തുന്നത്. തെക്കേ ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ച എസ്തർ വൈകാതെ ഗാന്ധിജിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അവരുടെ എഴുത്തുകുത്തുകൾ പ്രസിദ്ധമാണ്. എസ്തറിന്റെ ജീവചരിത്രാഖ്യായികയിലൂടെ ഒരു കാലഘട്ടത്തെ, മിഷനറി പ്രവർത്തനത്തെ ഒക്കെ വരച്ചിടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ എം.ജി.ഒന്ന്: സ്വപ്നസാക്ഷാത്കാരം കൊടുമ്പിരിക്കൊണ്ട...
Your Subscription Supports Independent Journalism
View Plans1915ലാണ് മിഷനറി-ആതുരസേവന പ്രവർത്തനത്തിനായി ഡെൻമാർക്കുകാരിയായ എസ്തർ ഇന്ത്യയിലെത്തുന്നത്. തെക്കേ ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ച എസ്തർ വൈകാതെ ഗാന്ധിജിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അവരുടെ എഴുത്തുകുത്തുകൾ പ്രസിദ്ധമാണ്. എസ്തറിന്റെ ജീവചരിത്രാഖ്യായികയിലൂടെ ഒരു കാലഘട്ടത്തെ, മിഷനറി പ്രവർത്തനത്തെ ഒക്കെ വരച്ചിടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ എം.ജി.
ഒന്ന്: സ്വപ്നസാക്ഷാത്കാരം
കൊടുമ്പിരിക്കൊണ്ട ഒന്നാം ലോകയുദ്ധത്തിൽ കത്തിക്കാളുകയായിരുന്നു യൂറോപ്. അയൽപക്കമായ ജർമനിയാണ് തലേക്കൊല്ലം ഈ തീക്ക് തിരികൊളുത്തിയതെങ്കിലും ഡെന്മാർക്ക് യുദ്ധത്തിൽ പങ്കെടുക്കാതെ നിഷ്പക്ഷ നിലപാട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, യുദ്ധം തുടങ്ങിയതു മുതൽ ഇരുപക്ഷങ്ങൾക്കും ഭക്ഷണപദാർഥങ്ങൾ കയറ്റി അയച്ചു ഡെന്മാർക്കിലെ വ്യാപാരികൾ കൊള്ളലാഭവും കൊയ്തു. അതിർത്തിക്കപ്പുറത്തു വ്യാപിച്ച കെടുതികളിൽനിന്നൊക്കെ സുരക്ഷിതമായിനിന്നു കോപൻഹേഗൻ എന്ന തലസ്ഥാന നഗരം. നീണ്ട വേനലിൽനിന്ന് പുറത്തുവന്ന നഗരം ഏറ്റവും സുന്ദരിയാകുന്ന ശരത് കാലത്തിന്റെ തുടക്കം. ഇലകൊഴിയും ദിനങ്ങൾക്ക് മുന്നോടിയായി നഗരത്തിലെ എണ്ണമറ്റ ഓക്ക് മരങ്ങളും മേപ്പിൾ ഇലകളും തൂമഞ്ഞയിലും ചുവപ്പിലും തുടിച്ചുനിന്നു. ഇടക്ക് ചാറുന്ന മഴ കോപൻഹേഗനെ സുഖകരമായ തണുപ്പിൽ പൊതിഞ്ഞു.
ഉച്ചഭക്ഷണത്തിനു മിഷൻ മെസിലെത്തിയതായിരുന്നു എസ്തർ. കണ്ട ഉടൻ ക്ലാര ചോദിച്ചു; “ഓഫീസിൽനിന്ന് നിനക്ക് വന്ന കവർ കിട്ടിയില്ലേ, എസ്തർ?” കേട്ടപാതി എസ്തർ ഓഫിസിലേക്ക് ഓടി. മേശപ്പുറത്ത് കിടന്ന ലക്കോട്ടുകളിൽനിന്ന് എസ്തർ എമിലി ഫെയ്റിങ് എന്നെഴുതിയതു ധൃതിപിടിച്ച് തപ്പിയെടുത്തു. കവർ പൊട്ടിക്കുമ്പോൾ ആകാംക്ഷകൊണ്ട് അവൾക്ക് ശ്വാസംമുട്ടി. എന്നാൽ വായിച്ച് കഴിഞ്ഞപ്പോൾ ആനന്ദവും അതിലേറെ അത്ഭുതവും എസ്തറിന് അടക്കാനായില്ല. താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! ഇന്ത്യയിലേക്ക് അക്കൊല്ലം സേവനത്തിന് പോകുന്ന വനിതാ മിഷനറി ഗ്രൂപ്പിൽ തനിക്കും അംഗത്വം. ഇരുപത്താറുകാരിയായ താൻ അപേക്ഷകരിൽ ഏറ്റവും പ്രായം കുറഞ്ഞവളായതിനാൽ ഇക്കുറി അവസരം ലഭിക്കുമെന്ന് എസ്തർ കരുതിയിരുന്നേയില്ല. മിഷനറിയായി ചേർന്ന് മൂന്ന് വർഷം തികഞ്ഞിരുന്നേയുള്ളൂ. ആൻ മേരി പെറ്റേഴ്സണിന്റെ നേതൃത്വത്തിലാണ് യാത്രയെന്നതായിരുന്നു എസ്തറിന്റെ മറ്റൊരു സന്തോഷം. മിഷനിൽ എല്ലാവരും ആദരിക്കുന്നവരാണ് സിസ്റ്റർ ആൻ മേരി. വർഷങ്ങളായി ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ച പരിചയമുള്ള മിഷനറി. തന്നെപ്പോലെ ജനകീയ-ദേശീയ വിദ്യാഭ്യാസത്തിന്റെ വക്താവ്.
പക്ഷേ, എസ്തറിന്റെ സന്തോഷത്തിന്റെ ഏറ്റവും മുഖ്യ കാരണം അവയൊന്നുമായിരുന്നില്ല. പ്രിയപ്പെട്ട അമ്മയുടെ ആകസ്മിക നിര്യാണമേൽപ്പിച്ച കനത്ത ആഘാതത്തിൽനിന്നും അൽപം മോചനത്തിനായി കുറേക്കാലം ദൂരെ എവിടെയെങ്കിലും പോവുക എന്നത് അവളുടെ ഉൽക്കടമായ ആഗ്രഹമായിരുന്നു. സ്വർണത്തലമുടിയും നീലക്കണ്ണുകളുമുള്ള സുന്ദരിക്കുട്ടി ആയിരുന്നു എസ്തർ. ചെറുപ്രായത്തിൽതന്നെ തന്റെ പ്രായക്കാരായ മറ്റ് പെൺകുട്ടികളിൽനിന്നും വ്യത്യസ്ത. ആത്മീയകാര്യങ്ങളിലും ജനസേവനത്തിലുമൊക്കെയായിരുന്നു അവൾക്ക് താൽപര്യം. കുട്ടിയായിരിക്കുമ്പോൾതന്നെ പലകാര്യങ്ങളിലും ഉറച്ച നിലപാടുകൾ കൈക്കൊണ്ടവളായിരുന്നു എസ്തർ. ദൈവത്തിനും പാവപ്പെട്ടവർക്കും വേണ്ടിയാകണം സ്വജീവിതമെന്നത് അവയിൽ പ്രമുഖം.
തങ്ങളുടെ മൂന്നു മക്കളിൽ മൂത്തവൾക്കും ഇളയവനും ഇടയിലെ എസ്തറുടെ കുട്ടിക്കാലം മുതൽതന്നെയുള്ള ഉറച്ച അഭിപ്രായങ്ങളും അവ പിന്തുടരാനുള്ള ദൃഢനിശ്ചയവും സർക്കാർ ഗുമസ്തനായ അച്ഛൻ പീറ്റർ ഫെയ്റിങ്ങും അമ്മ മേരി ഹാൻസനും അന്നേ ശ്രദ്ധിച്ചു. കുട്ടിയായിരിക്കുമ്പോൾതന്നെ തങ്ങളെപ്പോലെ ഉറച്ച മതവിശ്വാസിയായിരുന്ന മകൾ വളർന്നപ്പോൾ മിഷനറി ആകാൻ തീരുമാനിച്ചതിൽ അവർക്ക് എതിർപ്പുണ്ടായിരുന്നില്ല. മാത്രമല്ല, മിഷനറി ആകാനായിരുന്നു മേരിയുടെ നടക്കാതെപോയ സ്വപ്നം. മകളിലൂടെ സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ, പരമ്പരാഗതമായ മിഷനറി രീതികളിലും സഭാപ്രവർത്തനത്തിലുമൊന്നുമായിരുന്നില്ല എസ്തറുടെ താൽപര്യം. പെൺകുട്ടികൾക്കുള്ള കോപൻഹേഗനിലെ കോംടെസ് മോൾടക സ്കൂളിൽ ചേർന്നതോടെ എസ്തറിന്റെ വീക്ഷണങ്ങൾ കൂടുതൽ വ്യക്തമായിത്തീർന്നു.
എല്ലാ കാര്യത്തിലും വ്യത്യസ്ത നിലപാട് ഉണ്ടായിരുന്ന ഡെന്മാർക്കിലെ പ്രശസ്ത ലൂഥറൻ പുരോഹിതനും വിപ്ലവകാരിയായ ദാർശനികനും സർവോപരി സമാന്തര ജനകീയ വിദ്യാഭ്യാസ പ്രചാരകനുമായിരുന്ന നിക്കോളായ് ഗ്രുണ്ട് വിയുടെ അധ്യയനസമ്പ്രദായം പിന്തുടരുന്ന ജനകീയ സ്കൂൾ ആയിരുന്നു അത്. വിദ്യാഭ്യാസമെന്നും വരേണ്യർക്ക് മാത്രമല്ല, സാധാരണക്കാർക്ക് കൂടിയാകണം അത് നൽകേണ്ടതെന്നും, പുസ്തകങ്ങളിൽ നിന്നല്ല ജീവിതത്തിൽനിന്നാകണം പഠിക്കേണ്ടതെന്നുമായിരുന്നു ആ സമ്പ്രദായത്തിന്റെ നിലപാട്. വിദ്യാർഥികൾക്ക് പരീക്ഷകളില്ലാത്ത ജനകീയ സ്കൂൾ എസ്തറിന് പ്രിയങ്കരമായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് എസ്തർ കോപൻഹേഗന്റെ ഹൃദയഭാഗത്തുള്ള സേലെ സെമിനാരിയത്തിൽ മതാധ്യാപിക കോഴ്സിന് ചേർന്നു. ജനകീയ സ്കൂളുകളിൽനിന്നുള്ളവർക്കു വേണ്ടിയായിരുന്നു ആ അധ്യാപന വിദ്യാലയം. അവിടെ പഠനം പൂർത്തിയാക്കിയ ശേഷം ഡെന്മാർക്കിലെ ഇവാഞ്ജലിക്കൽ ലൂഥറൻ സഭയുടെ കീഴിലുള്ള ഡാനിഷ് മിഷനറി സൊസൈറ്റിയിൽ ചേരുക എന്നത് എസ്തർ മുന്നേതന്നെ നിശ്ചയിച്ചിരുന്നു. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ദരിദ്രജനതയുടെ ഉന്നമനത്തിനായി സ്വയം അർപ്പിച്ചതായിരുന്നു ഡാൻ മിഷൻ. തുടർന്ന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ബാപ്റ്റിസ്റ്റ് വനിതാ മിഷനറിമാർക്കുള്ള കാരി ഹാൾ കോളജിൽനിന്നും ഉപരി പരിശീലനം.
ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീകൾക്കിടയിൽ മെഡിക്കൽ മിഷനറി സേവനം നടത്തണമെന്നതായിരുന്നു എസ്തറിന്റെ ആഗ്രഹം. ഒരു സ്ത്രീ എന്ന നിലയിൽ ക്രിസ്തീയത തനിക്ക് സമ്മാനിച്ച എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള കടപ്പാടായിട്ടായിരുന്നു അത് എസ്തർ കണ്ടത്. ഹിന്ദു ഭൂരിപക്ഷത്തിനൊപ്പം ഒരു യഥാർഥ ക്രിസ്ത്യാനിയായി ജീവിക്കുക ഒരു മഹത്തായ ഉത്തരവാദിത്തമായും അവൾ വിശ്വസിച്ചു. നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ ദക്ഷിണദേശത്ത് തമിഴകത്ത് അവളുടെ ഡാനിഷ് മിഷൻ പ്രവർത്തിക്കുന്നുണ്ടായിരുന്നതിനാൽ ആ നാടിനെയും അവിടത്തെ തമിഴ് ഭാഷയെപ്പറ്റിയും ഒക്കെ അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് പതിമൂന്നാം വയസ്സിൽതന്നെ അവൾ തമിഴ് പഠിച്ചു തുടങ്ങുകയും ചെയ്തു. പക്ഷേ കുറച്ച് മുതിർന്നതോടെ ഡോക്ടറാകാനുള്ള ആദ്യകാല ആഗ്രഹം മാറ്റിവെച്ച എസ്തറിന് അധ്യാപനത്തിലായി ശ്രദ്ധ. അങ്ങനെ എല്ലാംകൊണ്ടും എസ്തർ ഏറ്റവും ആഗ്രഹിച്ചതായി ഇന്ത്യൻ ദൗത്യം. പക്ഷേ ഇന്ത്യ തന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറിക്കുമെന്ന് അവൾ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.
ഠഠഠ
മിഷനറി ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ എസ്തറിന് ഇന്ത്യ ആവേശമായി തലയിൽ കയറി. അതിനാൽ ആ രാജ്യത്തെപ്പറ്റിയും തന്റെ സഭയുമായുള്ള ബന്ധത്തെപ്പറ്റിയും പരമാവധി അറിയാൻ മിഷൻ ലൈബ്രറിയിലായി രാവും പകലും അവളുടെ വാസം. യാത്ര തിരിക്കും മുമ്പ് കൈയിൽ കിട്ടിയ എല്ലാ പുസ്തകങ്ങളും രേഖകളും എസ്തർ വായിച്ചുതീർത്തു. ആൻ മേരിയും അക്കാര്യം എസ്തറിനോട് പ്രത്യേകം ശട്ടംകെട്ടിയിരുന്നു.
പതിനേഴാം നൂറ്റാണ്ടു മുതൽതന്നെയുണ്ട് ഡെന്മാർക്കിലെയും നോർവേയിലെയും വ്യാപാരികൾക്കും ഒപ്പം ലൂഥറൻ മിഷനറിമാർക്കും ഇന്ത്യയുമായി ബന്ധം. പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിന്റെ തെക്ക് തമിഴകവുമായുള്ള അടുപ്പം. കിഴക്കിന്റെ സുഗന്ധദ്രവ്യസമ്പത്ത് തേടി കടൽമാർഗം ഇന്ത്യൻ തീരത്തെത്തിയ മറ്റ് യൂറോപ്യൻ രാഷ്ടങ്ങൾക്കൊപ്പം ഡെന്മാർക്കുമുണ്ടായിരുന്നു. പക്ഷേ പോർചുഗലിനെയോ പിന്നീട് എത്തിയ ഹോളണ്ടിനെയോ ഫ്രാൻസിനെയോ അവസാനം ഇംഗ്ലണ്ടിനെയോ പോലെ വലിയ വിജയമായില്ലെന്ന് മാത്രം.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഡെന്മാർക്കിനുമുണ്ടായിരുന്നു ആഗോളതലത്തിൽ വൻ ലാഭം കൊയ്യുന്ന സുഗന്ധദ്രവ്യ വ്യാപാരത്തിനായി രൂപവത്കരിച്ച ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനി-ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യൻ തീരത്തു നാവികശേഷിയുടെയും കൈയൂക്കിന്റെയും ബലത്തിൽ പോർചുഗീസുകാർ വ്യാപാരക്കുത്തക സ്ഥാപിച്ചു. ഇതിനെ വെല്ലുവിളിക്കാൻ ഡെന്മാർക്ക് തീരുമാനിച്ചു. 1618ൽ ആദ്യം ഡെന്മാർക്ക് രാജാവ് ക്രിസ്റ്റിയൻ നാലാമന്റെ നിർദേശപ്രകാരം അഡ്മിറൽ ഒവേ ഗീഡ്ഡേയുടെയും ഗവർണർ റോബർട്ട് ക്രപ്പെയുടെയും നേതൃത്വത്തിൽ സൈനികസംഘം ‘ഓറസുണ്ട്’ എന്ന കപ്പലിലേറി ഇന്ത്യയുടെ കിഴക്കൻ തീരത്തണഞ്ഞു. പടിഞ്ഞാറ് മലബാർ തീരമെന്നപോലെ കിഴക്ക് കൊറോമണ്ഡലതീരം ക്രിസ്തുവിനുമുമ്പ് തന്നെ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
തഞ്ചാവൂർ രാജാവിന്റെ കീഴിലായിരുന്ന കാരയ്ക്കൽ തീരക്കടലിൽ ഡാനിഷ് പട പറങ്കി കപ്പലുകളെ ആക്രമിച്ചു. പക്ഷേ, പെട്ടെന്നായിരുന്നു ഓറസുണ്ട് കപ്പൽ ചുഴിയിൽപെട്ടത്. നാട്ടുകാരായ മുക്കുവർ ഡാനിഷ് സൈനികരെ രക്ഷപ്പെടുത്തി തഞ്ചാവൂർ രാജാവ് രഘുനാഥ നായക്കിന്റെ മുന്നിൽ ഹാജരാക്കി. പക്ഷേ യുദ്ധവീരനും ബുദ്ധിമാനും കലാരസികനുമായ നായക് തീരുമാനിച്ചത് ഡെന്മാർക്ക് നാവികരുടെ സൈനിക ശേഷിയും അന്താരാഷ്ട്ര വ്യാപാര പരിചയവും മുതലെടുക്കാനായിരുന്നു. മാത്രമല്ല അവരുടെ എതിരാളികളായ പോർചുഗീസുകാരുടെ കടുത്ത ശത്രു ആയിരുന്നു നായക്. ലങ്കയിലെ ജാഫ്ന രാജാവിന്റെ ക്ഷണപ്രകാരം അവിടെയെത്തി പറങ്കികളെ തുരത്തിയ വീരനായിരുന്നു നായക്. പറങ്കി നാവികപ്പടയെ നേരിടാൻ തനിക്ക് ഈ വെള്ളക്കാരിൽനിന്നും കൂടുതൽ ശേഷി കൈവരിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി.
1620ൽ നായക് കാരയ്ക്കലിന് വടക്കു ബംഗാൾ ഉൾക്കടൽ തീരത്തെ ഒരു ഗ്രാമം ഡെന്മാർക്കുകാർക്ക് സമ്മാനിച്ചു. അതായിരുന്നു തരംഗമ്പാടി. തിരകൾ പാടുന്ന ഇടം എന്നർഥം വരുന്ന തരംഗമ്പാടി നാവിന് വഴങ്ങാത്ത ഡെന്മാർക്കുകാർ വിളിച്ചതാണ് ‘ട്രാൻകെബാർ’ എന്ന് ചരിത്രത്തിൽ ഇടം പിടിച്ച ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഡാനിഷ് അധീനദേശം. ട്രാൻകെബാർ വൈകാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ വ്യാപാരകേന്ദ്രമായി. കുരുമുളകും തുണിത്തരങ്ങളുമായിരുന്നു ഇവിടെനിന്ന് കയറ്റി അയക്കുന്ന പ്രധാന ചരക്കുകൾ. തരംഗമ്പാടി അതിവേഗം പട്ടണമായി മാറി. യൂറോപ്യൻ ശൈലിയിലുള്ള മന്ദിരങ്ങൾ, പള്ളികൾ, വിശാലമായ തെരുവുകൾ. ഡെന്മാർക്കിനു പുറത്ത് രാജ്യത്തിന്റെ ഏറ്റവും വലിയ കോട്ട അവിടെ കടൽതീരത്ത് ഉയർന്നു –ഡാൻസ്ബോർഗ് കോട്ട.
ഡെന്മാർക്കിലെ വ്യാപാരികളുടെയും സൈനികരുടെയും ഒപ്പം തന്നെ ട്രാൻകെബാറിലേക്ക് എത്തിയ മറ്റൊരു കൂട്ടരുണ്ടായിരുന്നു. മിഷനറിമാർ. ഇന്ത്യയിൽ ആദ്യം കാലു കുത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ അവരാണ്. ജർമൻ ലൂഥറൻ സഭക്കാരായ അവർ നാട്ടുകാരെ മതം മാറ്റുന്നതിനൊപ്പം അവർക്ക് വിദ്യാഭ്യാസം പകർന്നു. തമിഴിൽ ആദ്യമായി ഇന്ത്യൻ ഭാഷാ ബൈബിൾ ഇറക്കിയതും അച്ചടിയന്ത്രം കൊണ്ടുവന്ന് തമിഴ് ഭാഷാ പുസ്തകങ്ങൾ അച്ചടിച്ചതും ഈ മിഷനറിമാരാണ്. മുന്നൂറോളം ഡെന്മാർക്കുകാർ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തരംഗമ്പാടിയിൽ താമസിച്ചിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയാകെ മേധാവിത്വം ഉറപ്പിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അടിയറ വെക്കുന്നതുവരെ രണ്ടര നൂറ്റാണ്ടുകാലം ഈ തെക്കേ ഇന്ത്യൻ നഗരം ഡെന്മാർക്കിന്റെ കോളനിയായി തുടർന്നു. തുടർന്നും രാഷ്ട്രീയ-വ്യാപാര അധികാരം വിട്ടൊഴിഞ്ഞെങ്കിലും ഡെന്മാർക്കിൽനിന്നുള്ള ലൂഥറൻ മിഷനറിമാരുടെ നിരന്തരസാന്നിധ്യം ട്രാൻകെബാറിൽ മാത്രമല്ല തഞ്ചാവൂർ രാജ്യത്തെ സമീപദേശങ്ങളിലേക്കും വ്യാപിച്ചു. മറ്റ് വിദേശ മിഷനറിമാരിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് അടുപ്പം പുലർത്തി ഈ ഡാനിഷ് മിഷനറി സൊസൈറ്റിക്കാർ പലരും.
2. തിരുക്കോയിലൂർ
തഞ്ചാവൂർ രാജാവിന്റെ കീഴിൽ തെക്കൻ ആർക്കോട്ടിൽ വെല്ലൂരിനും തിരുവണ്ണാപുരത്തിനും ഇടക്ക് പെണ്ണാർ തീരത്ത് മൈലാട് നാട്ടിലെ ഒരു തുണ്ട് ഭൂമി. വൈഷ്ണവർക്കും ശൈവർക്കും ഒരുപോലെ പവിത്രം. സംഘസാഹിത്യത്തിൽ ഇടംപിടിച്ച തിരുക്കോയിലൂരിനെ ആൾവാർമാരും നായനാർമാരും വാനോളം പ്രകീർത്തിച്ചു. നാഥമുനി ക്രോഡീകരിച്ച നാലായിര പ്രബന്ധത്തിലെ തിരുവായ്മൊഴി പ്രകാരം വിഷ്ണുവിന് സമർപ്പിക്കപ്പെട്ട 108 ദിവ്യദേശങ്ങളിൽ ഒന്ന്. മുതൽ ആൾവാർമാർക്ക് മുന്നിൽ വിഷ്ണു അവതരിച്ച ഇടം. ഒപ്പം ശൈവരായ നായനാർമാരുടെ തേവാരത്തിലും ‘പാടൽ പെറ്റ്റ സ്ഥലം’.
തിരുജ്ഞാന സംബന്ധരും അപ്പരും അവ്വയാരും കപിലരും പോയിഗൈ ആൾവാരും ഭൂതാൾവാരും എത്തി പ്രാർഥിച്ച പുണ്യഭൂമി. അറുപത്തിമൂന്ന് നായനാർമാരിലെ മെയ്പൊരുൾ നായനാർ പിറന്ന ഇടം. ഒന്നാം രാജരാജചോളന്റെ അമ്മ മലയമാൺ രാജകുമാരി വാനവൻ മഹാദേവിയുടെയും ‘അകനാനൂറി’ലെ പ്രശസ്ത രാജാവ് മലയമാൺ തിരുമുടി കാരിയുടെയും ജന്മസ്ഥലം. പ്രാചീന തമിഴകത്തെ പടിഞ്ഞാറൻ തീരത്തുനിന്നും അരിക്കമേട് വഴി കിഴക്കൻ തീരത്തേക്കുള്ള പാതയിലെ സുപ്രധാന വ്യാപാരകേന്ദ്രം.
തിരുക്കോയിലൂരിലെ വിഖ്യാതമായ ഉലഗലന്ത പെരുമാൾ കോവിൽ. വിഷ്ണുവാണ് പ്രതിഷ്ഠയായ പെരുമാൾ. ഒപ്പമുള്ള പൂങ്കോതൈ, ലക്ഷ്മി തന്നെ. അഞ്ച് കൃഷണാരണ്യക്ഷേത്രങ്ങളിൽപ്പെട്ട ഇവിടെ പൈങ്കുനി മാസത്തിലെ രഥോത്സവം ആണ് പ്രസിദ്ധം. ഒന്നൊന്നായി എട്ട് മഹാസുരന്മാരെ നിഗ്രഹിച്ച പരമശിവന്റെ അഷ്ടവീരാടനം തേവാരം പാട്ടുകളിലുണ്ട്. അങ്ങനെ ഒരു വീരാട്ടത്തിന്റെ വേദിയായിരുന്നു തിരുക്കോയിലൂരത്രേ. ഇവിടെ വിരാടീശ്വരക്ഷേത്രത്തിലെ പ്രതിഷ്ഠ അന്ധകാസുരസംഹാരിയായ ശിവനാണ്. ഒപ്പമുണ്ട് പെരിയനായകിയായ പാർവതി. സ്വന്തം അമ്മയെ കാമിക്കുന്ന പാപം ഒഴികെ മറ്റെന്ത് ചെയ്താലും വധിക്കപ്പെടാതിരിക്കാൻ കൊടും തപത്തിലൂടെ ബ്രഹ്മാവിൽനിന്നും വരം നേടിയ അസുരനായിരുന്നു അന്ധകൻ. വരത്തിന്റെ ബലത്തിൽ അക്രമത്തിന്റെ ആൾരൂപമായി അസുരൻ. അഹങ്കാരത്താൽ അന്ധനായി പ്രപഞ്ചത്തിന്റെ അമ്മയായ പാർവതിയെ കാമിച്ച അന്ധകാസുരനെ ശിവൻ സംഹരിച്ച ഇടമാണ് തിരുക്കോയിലൂർ. പ്രപഞ്ചത്തിന്റെ അമ്മയാണല്ലോ പാർവതി. മാസിമാസത്തിലെ മാസിമഹവും കാർത്തികമാസത്തിലെ സോമവാരവും മാർഗഴിയിലെ മാണിക്കവാസകവും തിരുക്കോയിലൂരിന്റെ സ്വന്തം തിരുവിഴകൾ.
ഇങ്ങനെ നൂറ്റാണ്ടുകളായി തലമുറകളുടെ മനസ്സുകളിലും ഓരോ മൺതരിയിലും ഹൈന്ദവമതം നിർലീനമായ ഭൂമിയിലേക്കും ജനങ്ങളിലേക്കുമാണ് അതിവിദൂരമായ യൂറോപ്പിലെ ഡെന്മാർക്കിലെ ലൂഥറൻ മിഷനറി ആൻ മേരി പെറ്റേഴ്സണിന്റെ വരവ്. ഡെന്മാർക്കിന്റെ വ്യാപാര കേന്ദ്രമായിരുന്ന തരംഗമ്പാടിയിൽ നിന്ന് നൂറോളം മൈൽ ഉള്ളിലായിരുന്നു ഈ സ്ഥലം. തെക്കേ ആർക്കോട്ടിലെ വിവിധ ഇടങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച ഡാനിഷ് മിഷൻ സൊസൈറ്റി (ഡി.എം.എസ്) 1863ൽ തന്നെ ഇവിടെ ഒരു പള്ളിയും (സിലോയം) ആശുപത്രിയും സ്കൂളും ആരംഭിച്ചിരുന്നു. ഇവിടെ പെൺകുട്ടികൾക്കുള്ള മിഷൻ സ്കൂളിന്റെ ചുമതല ഏൽക്കുകയായിരുന്നു ആൻ മേരിയുടെ ദൗത്യം.
ആ വെള്ളക്കാരി വളരെപ്പെട്ടെന്നാണ് തിരുക്കോയിലൂരിന്റെ പ്രിയങ്കരിയായത്. നാട്ടുകാരുടെ വിശ്വാസങ്ങളിലും സുഖദുഃഖങ്ങളിലും പങ്കെടുത്തുകൊണ്ട് അവരിലൊരാളായി മാറുകയായിരുന്നു ആൻ മേരി. മറ്റ് പാശ്ചാത്യ മിഷനറിമാരെപ്പോലെ നാട്ടുകാരെ പ്രാകൃതരോ അപരിഷ്കൃതരോ ആയി ഒരിക്കലും ആൻ കണ്ടില്ല. അന്ധവിശ്വാസത്തിന്റെ പാഷാണ്ഡതയിൽനിന്ന് പ്രാകൃതരായ നാട്ടുകാരെ കരകയറ്റുകയെന്ന “വെള്ളക്കാരുടെ ഉത്തരവാദിത്തത്തിൽ” ആൻ വിശ്വസിച്ചില്ല. നാട്ടുകാരുടെ മതത്തെയോ വിശ്വാസങ്ങളെയോ അപഹസിക്കാൻ അവർ ഒരിക്കലും ഒരുങ്ങിയില്ല. ആൻ മേരിയുടെ വ്യക്തിപരമായ സവിശേഷതക്കൊപ്പം ഇതിന് ഒരു കാരണംകൂടി ഉണ്ട്. മറ്റ് പാശ്ചാത്യ മിഷനറി പാരമ്പര്യങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ആൻ മേരിയുടെ ഡാനിഷ് മിഷനറി സൊസൈറ്റി. പ്രത്യേകിച്ചും അതിനുള്ളിൽ ശക്തമായിരുന്ന വിപ്ലവകരമായ ഗ്രുണ്ട് വി പാരമ്പര്യം.
തന്റെ ഗുരുവിൽനിന്ന് ഉൾക്കൊണ്ടതായിരുന്നു ആൻ മേരിയുടെ മൂല്യബോധം. കാൾ എഡ്വാർഡ് ലോവന്താൽ എന്ന ഗുരു. കോപൻഹേഗനിൽ അധ്യാപകനായിരുന്ന ലോവന്താൽ ഡെന്മാർക്കിലെ ക്രിസ്തീയ സഭയുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച നിക്കോളയ് ഗ്രുണ്ട് വിയുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. സഭയും വിദ്യാഭ്യാസവും സമ്പന്നർക്കല്ല സാധാരണക്കാർക്കു വേണ്ടിയാകണമെന്ന് പ്രഖ്യാപിച്ച ഗ്രുണ്ട് വി യാഥാസ്ഥിതിക ശക്തികളെ വെല്ലുവിളിച്ചു. പുസ്തകങ്ങളിലേറെ, ജീവിതം പഠിപ്പിക്കുന്ന ജനകീയ വിദ്യാലയ സമ്പ്രദായം അവതരിപ്പിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ച് ലൂഥറൻ മിഷനറി ആയ ശേഷവും ലോവന്താൽ ഈ മൂല്യപ്രമാണങ്ങൾക്കു വേണ്ടി ജീവിച്ചു. “ആദ്യം മനുഷ്യനാകുക, പിന്നെ ക്രിസ്ത്യാനി” ഇതായിരുന്നു ഗ്രുണ്ട് വിയുടെ ആഹ്വാനം.
1872ൽ ഡാനിഷ് മിഷനറി സൊസൈറ്റിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ലോവന്താൽ തമിഴകത്തെ വെല്ലൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. ജീവിതപങ്കാളിയായ ആൻഡ്രിയയും അദ്ദേഹത്തിനൊപ്പം ചേർന്നു. നാട്ടുകാരെ മതം മാറ്റുന്നതിലും മാമോദീസ മുക്കുന്നതിലുമേറെ അവർക്ക് വിദ്യാഭ്യാസവും ആരോഗ്യസേവനവും നൽകി. അവരുടെ മതങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. യൂറോപ്പിൽനിന്നും പറിച്ചുനടേണ്ടതല്ല ക്രിസ്തീയ മതമെന്നും അതിനു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാവവും രൂപവും ഭാഷയും വേണമെന്നും ലോവന്താൽ വിശ്വസിച്ചു.
മണ്ണിന്റെ മണമുള്ള ഇന്ത്യൻ ക്രിസ്തീയ സഭയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. നാട്ടുകാരുടെ മാതൃഭാഷയായ തമിഴിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭൗതികവും ആത്മീയവുമായ ആശയവിനിമയം. നാട്ടുകാരെ പാശ്ചാത്യവത്കരിക്കുകയല്ല, അവരുടെ സ്വന്തം പാരമ്പര്യത്തിൽതന്നെ തുടർന്നുകൊണ്ട് ക്രിസ്തുവിനെ അറിയാൻ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതെല്ലാം ക്രമേണ അദ്ദേഹം ഔദ്യോഗിക മിഷനിൽനിന്ന് അകലുന്നതിലേക്ക് വഴിവെച്ചു. പക്ഷേ, ഡെന്മാർക്കിലെ ഗ്രുണ്ട് വി അനുയായികൾ അദ്ദേഹത്തെ ഇന്ത്യയിൽതന്നെ തുടരാൻ സഹായിച്ചു. ലോവന്താൽ മിഷൻ എന്ന പേരിൽ ഒരു സ്വതന്ത്ര മിഷൻതന്നെ അദ്ദേഹം രൂപവത്കരിച്ചു.
ഒരിക്കൽ ഡെന്മാർക്കിൽ ലോവന്താലിന്റെ പ്രഭാഷണം കേട്ട ആൻ മേരി അദ്ദേഹത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി. ഇന്ത്യയിൽ ഹിന്ദു സ്ത്രീകളുടെ ഇടയിൽ മിഷനറി പ്രവർത്തനം നടത്താൻ പുരുഷന്മാർക്ക് പല വിലക്കുകളും ഉണ്ടെന്നും അതിനാൽ സ്ത്രീകൾ മിഷനറിമാരാകാൻ മുന്നോട്ടുവരണമെന്നുമായിരുന്നു ലോവന്താലിന്റെ ആഹ്വാനം. ഇതിൽ ആവേശം കയറി ആൻ മേരി ഡാനിഷ് മിഷനിൽ ഇന്ത്യയിൽ പോകാനുള്ള അപേക്ഷ നൽകി. മിഷൻ അത് അനുവദിച്ചതോടെ എഴുപതുകാരനായ ലോവന്താലിനും ഭാര്യക്കും ഒപ്പം ചേരാൻ 1909ൽ മുപ്പതു വയസ്സിൽ ആൻ മേരി ഇന്ത്യയിലെത്തി.
അവളുടെ ത്യാഗസന്നദ്ധതയും വിശ്വസ്തതയും കാര്യപ്രാപ്തിയും ആത്മാർഥതയും ഒക്കെ ലോവന്താലിന് വൈകാതെ ബോധ്യപ്പെട്ടു. മിഷന്റെ ചുമതലകളൊക്കെ അദ്ദേഹം ആൻ മേരിയെ ഏൽപിച്ചു. കൂടുതൽ ആഴത്തിൽ തമിഴ് പഠിക്കാൻ ആൻ മേരി ലോവന്താലിന്റെ വീട്ടിൽനിന്നും മാറി നാട്ടുകാരായ ഒരു കുടുംബത്തിനൊപ്പം താമസിച്ചു. ഹിന്ദുമതത്തെപ്പറ്റി മാത്രമല്ല ഇന്ത്യയിൽ ഉണർന്നുവരുന്ന സ്വദേശിപ്രസ്ഥാനത്തെപ്പറ്റിയും ആ കുടുംബത്തിൽനിന്ന് ആൻ മേരി മനസ്സിലാക്കി.
ക്രമേണ പ്രായാധിക്യവും രോഗങ്ങളും മൂലം 41 വർഷത്തെ സേവനത്തിനു ശേഷം ലോവന്താലും ആൻഡ്രിയയും കോപൻഹേഗനിലേക്ക് മടങ്ങി. മൂന്നു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നിര്യാതനായി. തുടർന്ന് തമിഴകത്ത് ലോവന്താൽ മിഷന്റെ നേതൃത്വം ആൻ മേരി ഏറ്റെടുത്തു. 1912ൽ ആൻ മേരി ഇന്ത്യയിലെ ഡാനിഷ് മിഷനറി സൊസൈറ്റിയിൽ ചേർന്നു. കുറച്ചുകാലം മദിരാശിയിൽ മിഷന്റെ ഒരു സ്കൂളിൽ പ്രവർത്തിച്ച ആൻ മേരി പിന്നീട് തിരുവണ്ണാമലയിൽ സ്ത്രീകൾക്കായി പ്രവർത്തിച്ച മിഷൻ കേന്ദ്രമായ കാർമൽ എന്ന സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തു. അതിന്റെ കീഴിലായിരുന്നു തിരുക്കൊയിലൂരിൽ പെൺകുട്ടികൾക്കുള്ള മിഷൻ വിദ്യാലയം.
ആൻ മേരി മദിരാശിയിലായിരുന്നപ്പോഴാണ് 1914 സെപ്റ്റംബർ 14നു ജർമൻ കപ്പലായ ‘എംഡൻ’ മദിരാശി തീരത്തു നടത്തിയ മിന്നലാക്രമണം. അവർ കോപൻഹേഗനിലെ തന്റെ സഹോദരൻ മറിയുസിന് എഴുതി; “കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത്-പത്ത് മണിയായിക്കാണണം. ഞങ്ങൾ ഭയങ്കര വെടിയൊച്ചകൾ കേട്ടു. ആദ്യം കോട്ടയിൽനിന്നാണെന്ന് കരുതി. പിന്നെ നോക്കിയപ്പോൾ തുറമുഖത്ത് വലിയതോതിൽ തീ ആളിപ്പടരുന്നത് കണ്ടു. കപ്പലിൽനിന്നുള്ള പീരങ്കി ആക്രമണമായിരുന്നു. ഞങ്ങളുടെ മിഷനറി മേധാവി ബിറ്റ്മാൻ വീടിന്റെ മുകളിൽ നിൽക്കുകയായിരുന്നു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയുടെ അടുത്തുകൂടി ചീറിപ്പാഞ്ഞു പോയി. പക്ഷേ, വേഗം തന്നെ പ്രത്യാക്രമണവുമുണ്ടായി. എംഡൻ കപ്പൽ സ്ഥലം വിട്ടു. അതോടെ എല്ലാം നിയന്ത്രണാധീനമായി.”
ഠഠഠ
1915 നവംബറിലായിരുന്നു കോപൻഹേഗനിൽനിന്ന് ഇന്ത്യയിലേക്കു എസ്തർ കപ്പൽ കയറിയത്. ബോംബെയിൽ ഇറങ്ങിയശേഷം മദിരാശിക്ക് തീവണ്ടിയിലായിരുന്നു തുടർയാത്ര. മദിരാശി സ്റ്റേഷനിൽ എസ്തറെ ആൻ മേരി കാത്തുനിന്നിരുന്നു. കണ്ട മാത്രയിൽതന്നെ ഇരുവരും പൂർവജന്മ സുഹൃത്തുക്കളെപ്പോലെ പരസ്പരം അടുത്തു. തന്നെക്കാൾ അഞ്ചാറ് വയസ്സെങ്കിലും കൂടുതലുണ്ടായിരുന്ന ആൻ മേരി ഗുരുവും മേലുദ്യോഗസ്ഥയും എന്നതിലേറെ മാസങ്ങൾമുമ്പ് മാത്രം തന്നെ വിട്ടുപോയ സ്വന്തം അമ്മയെയാണ് എസ്തറിനെ ഓർമിപ്പിച്ചത്.
“നോക്കൂ, എസ്തർ, നീണ്ട യാത്ര നിന്നെ വല്ലാതെ തളർത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. നമുക്ക് രണ്ടു ദിവസം ഇവിടെ വിശ്രമിച്ചശേഷം തിരുക്കോയിലൂരിന് പോകാം” -ആൻ മേരി പറഞ്ഞു. ആഴ്ചകൾ നീണ്ട തന്റെ ആദ്യത്തെ ദീർഘയാത്രയിൽ ആകെ ക്ഷീണിച്ചിരുന്ന എസ്തർ തലകുലുക്കി സമ്മതിച്ചു. മദിരാശി ബ്രോഡ് വേയിൽ ഡാനിഷ് മിഷൻ തലവൻ യൊഹാൻ ബിറ്റ്മാന്റെ ബംഗ്ലാവിനടുത്തുള്ള ഒരു വീട്ടിൽ അവർ രണ്ട് ദിവസം താമസിച്ചു. തുടർന്ന് മദിരാശിക്ക് ഇരുനൂറിലേറെ മൈൽ തെക്കു ദക്ഷിണ ആർക്കോട്ടിലെ തൃശിനാപ്പള്ളിയിലേക്ക് തീവണ്ടിയിലായിരുന്നു യാത്ര. അവിടെനിന്ന് നൂറോളം മൈൽ വീണ്ടും റോഡ് മാർഗവും സഞ്ചരിച്ച് തിരുക്കോയിലൂരിൽ അവർ എത്തിയപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു.
പെൺകുട്ടികൾക്കായി ഒരു റെസിഡൻഷ്യൽ സ്കൂൾ ആരംഭിക്കാൻ ആൻ മേരി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു തിരുക്കോയിലൂർ. ഗ്രുണ്ട് വിയുടെ പാരമ്പര്യത്തിലുള്ള ഒരു ജനകീയ സ്കൂൾ ആയിരുന്നു അവരുടെ സ്വപ്നം. മറ്റ് പാശ്ചാത്യ മിഷനറി സ്കൂളുകളിൽനിന്ന് ഭിന്നമായി തദ്ദേശീയമായ അറിവുകളിലൂടെ ജീവിത ആവശ്യങ്ങൾ പരിഹരിക്കാനാവുന്നതും സിദ്ധാന്തങ്ങൾക്കും പ്രയോഗത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതുമായ ഒരു പുതിയ ദേശീയ സ്കൂൾ. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം നേരെ പകർത്തുന്നതായിരുന്നില്ല അത്. പാശ്ചാത്യ ആധുനികതയുടെ പേരിൽ വ്യാപകമായി ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിക്കപ്പെടുന്ന കാലമായിട്ടും തദ്ദേശീയരുടെ മാതൃഭാഷയായ തമിഴിൽതന്നെയാകണം വിദ്യാഭ്യാസം എന്നും അവർ ഗ്രുണ്ട് വി പാരമ്പര്യപ്രകാരം നിശ്ചയിച്ചു. ആ സ്കൂളിന്റെ ചുമതലയാണ് ആൻ മേരി എസ്തറിനെ ഏൽപിച്ചത്.
അടുത്ത കൊല്ലം മദിരാശിയിൽ ഡാനിഷ് മിഷനറി സൊസൈറ്റിയുടെ സമ്മേളനം നിശ്ചയിച്ചിരുന്നു. ഇന്ത്യയിൽ സൊസൈറ്റി നടപ്പാക്കേണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് ആൻ മേരിയാണ് അവിടെ പ്രബന്ധം അവതരിപ്പിക്കേണ്ടത്. അതിന്റെ ഭാഗമായി ഇന്ത്യയിൽ നിലവിലുള്ള വ്യത്യസ്ത വിദ്യാലയങ്ങളെക്കുറിച്ച് പഠിക്കാൻ ആൻ മേരി തീരുമാനിച്ചു. ഒരുദിവസം എസ്തറിനെ വിളിച്ച് ആൻ പറഞ്ഞു, ‘‘എസ്തർ, നമുക്ക് ഒരു യാത്ര പോയാലോ? ഇന്ത്യയിൽ പലയിടങ്ങളിലും വ്യത്യസ്തമായ വിദ്യാലയങ്ങൾ നടത്തപ്പെടുന്നുണ്ട്. നമുക്ക് അവയെല്ലാം ഒന്ന് സന്ദർശിച്ചാലോ?’’ രോഗി കൊതിച്ചതും വൈദ്യൻ കൽപിച്ചതും പാലെന്ന മട്ടിലായി. പുതിയ നാടിനെ അടുത്തറിയാനുള്ള സുവർണാവസരം ഒരുക്കിത്തന്നതിൽ ആഹ്ലാദഭരിതയായ എസ്തർ ആൻ മേരിയെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു.
1916ലെ വേനൽക്കാലത്ത് ഇന്ത്യയുടെ വിവിധ ഇടങ്ങളിലേക്ക് പഠനയാത്ര ആരംഭിച്ചു. ആന്ധ്രയിലെ ഗുണ്ടൂരിൽ പാവപ്പെട്ട നാട്ടുകാർക്ക് വൈദ്യസഹായവും വിദ്യാഭ്യാസവും നൽകാൻ ജീവിതം സമർപ്പിച്ച അമേരിക്കക്കാരി ലൂഥറൻ മെഡിക്കൽ മിഷനറി ഡോ. അന്ന സാറാ കുഗ്ലറുടെ വിദ്യാലയത്തിലേക്കായിരുന്നു അവരുടെ ആദ്യ യാത്ര. തുടർന്ന് സ്ത്രീ വിദ്യാഭ്യാസത്തിനായി ആദ്യം രംഗത്തിറങ്ങിയ മഹർഷി കാർവേയുടെ പുണെയിലെ സ്ഥാപനം, ശൈശവ വിധവകളുടെ വിദ്യാഭ്യാസത്തിനായി പുണെക്കടുത്ത് തന്നെ പണ്ഡിത രമാബായിയുടെ മുക്തിപ്രസ്ഥാനം, ബംഗാളിൽ രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനം എന്നിവയൊക്കെ അവരുടെ സന്ദർശനപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.