Begin typing your search above and press return to search.
proflie-avatar
Login

അതിർത്തി ഗ്രാമങ്ങളിലെ ജാതിജീവിതം

അതിർത്തി ഗ്രാമങ്ങളിലെ  ജാതിജീവിതം
cancel

നവകേരളമെന്ന സ്വപ്​നങ്ങൾക്ക്​ ഇനിയുമേറെ നടക്കാനുണ്ടെന്ന ഓർമപ്പെടുത്തൽകൂടിയാണ്​ പാലക്കാടിന്‍റെ അതിർത്തി ഗ്രാമങ്ങൾ. ജാതീയതയുടെ ​വിഴുപ്പുഭാണ്ഡങ്ങളുമായി ജീവിക്കുന്ന മനുഷ്യർ. പൗരാവകാശവും എന്തിന്​, മൗലികാവകാശങ്ങൾപോലും ചോദ്യചിഹ്​നങ്ങളാവുന്ന ഇവിടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ മുതൽ ആർത്തിപിടിച്ച രാഷ്ട്രീയക്കാർ വരെയുണ്ട്​. പാലക്കാടിന്റെ ഗ്രാമങ്ങളിലൂടെ ‘മാധ്യമം’ ലേഖകൻ നടത്തുന്ന അ​ന്വേഷണം.മീനാക്ഷിപുരം എല്ലക്കാടുനിന്നാണ്​ രണ്ടു കുഞ്ഞുങ്ങളുമായി മരകതം മീനാക്ഷിപുരം പൊലീസ്​ സ്റ്റേഷനിൽ എത്തിയത്​. ത​ന്നെയും ഭർത്താവിനെയും തോട്ടത്തിൽ തടഞ്ഞുവെച്ചിരിക്കുകയാ​ണെന്നും ക്രൂരമായി...

Your Subscription Supports Independent Journalism

View Plans
നവകേരളമെന്ന സ്വപ്​നങ്ങൾക്ക്​ ഇനിയുമേറെ നടക്കാനുണ്ടെന്ന ഓർമപ്പെടുത്തൽകൂടിയാണ്​ പാലക്കാടിന്‍റെ അതിർത്തി ഗ്രാമങ്ങൾ. ജാതീയതയുടെ ​വിഴുപ്പുഭാണ്ഡങ്ങളുമായി ജീവിക്കുന്ന മനുഷ്യർ. പൗരാവകാശവും എന്തിന്​, മൗലികാവകാശങ്ങൾപോലും ചോദ്യചിഹ്​നങ്ങളാവുന്ന ഇവിടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ മുതൽ ആർത്തിപിടിച്ച രാഷ്ട്രീയക്കാർ വരെയുണ്ട്​. പാലക്കാടിന്റെ ഗ്രാമങ്ങളിലൂടെ ‘മാധ്യമം’ ലേഖകൻ നടത്തുന്ന അ​ന്വേഷണം.

മീനാക്ഷിപുരം എല്ലക്കാടുനിന്നാണ്​ രണ്ടു കുഞ്ഞുങ്ങളുമായി മരകതം മീനാക്ഷിപുരം പൊലീസ്​ സ്റ്റേഷനിൽ എത്തിയത്​. ത​ന്നെയും ഭർത്താവിനെയും തോട്ടത്തിൽ തടഞ്ഞുവെച്ചിരിക്കുകയാ​ണെന്നും ക്രൂരമായി പീഡിപ്പിക്കുകയാ​ണെന്നും കരഞ്ഞുകൊണ്ട്​ അറിയുന്ന ഭാഷയിൽ അവർ പൊലീസിനോട്​ പറഞ്ഞുതീർത്തു. ‘‘ഇവളവ്​ വേലെ കഷ്ടമെന്ന്​ സൊന്നാൽ ചക്കിളിച്ചീ നീ നാൻ സൊല്ലറതെ കേട്ടാൽ പോതും എന്ന്​ സൊല്ലി കൊടൂരമാ തിട്ടുവാങ്ക.’’ [ജോലിയിൽ വൈഷമ്യം പറഞ്ഞാൽ, കീഴ്ജാതിയിൽപെട്ടവളേ, നീ അനുസരിച്ചാൽ മതിയെന്ന്​ പറഞ്ഞ്​ ഭീകരമായി വഴക്കുപറയും.] സ്റ്റേഷനിൽ പിന്നീട്​ കുടുംബാംഗങ്ങളോടൊപ്പം എത്തിയപ്പോഴായിരുന്നു മരകതത്തെ കണ്ടത്.

വേദന പങ്കുവെക്കുന്നതിനിടെ കുഴിയിലാണ്ട കണ്ണുകൾ നിറ​ഞ്ഞ്​ ഒഴുകി. തമിഴ്​നാട്​ ആനമലൈ വെക്കംപാളയം സ്വദേശിയാണ്​ 26 വയസ്സുകാരിയായ മരകതം. കോളനിയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും കരിനിഴൽ വീഴ്ത്തിയ ബാല്യകൗമാരങ്ങൾ. അണ്ണാമലൈ പെത്തനായ്ക്കന്നൂർ ദലിത്​​ കോളനിയിൽനിന്നും 28കാരൻ പ്രശാന്ത് പെണ്ണുകാണാൻ എത്തിയപ്പോൾ മരകതത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു.

അല്ലലിന് അറുതിയുള്ള, പട്ടിണിയില്ലാത്ത ജീവിതമായിരുന്നു അവളുടെ കനവ്. ഉടുക്കാൻ കീറലില്ലാത്ത ചീലയും ഉറങ്ങാൻ ചോരാത്ത വീടും സ്വപ്​നം കണ്ട്​ വിവാഹജീവിതത്തിലേക്ക്​ കാൽവെച്ച മരകതത്തിന്​ ഭർത്താവിനൊപ്പം പിന്നീട്​ കടന്നുപോകേണ്ടി വന്നത്​ സമാനതകളില്ലാത്ത പീഡാനുഭവങ്ങളിലൂടെയായിരുന്നു. ജാതിയും മനുഷ്യത്വമില്ലായ്മയും അലകും പിടിയും തീർത്ത വാതിലുകൾക്കപ്പുറം മരകതത്തെപ്പോലെ നിരവധി ​ജീവിതങ്ങൾ ഇവിടെയുണ്ട്.

ഒറ്റമുറിക്കൂട്ടിലെ ആടുജീവിതം

തോട്ടത്തിന്​ നടുവിൽ തൊഴുത്തിന്​ സമീപം തകരഷീറ്റുകൊണ്ട്​ മറച്ച ചെറിയ ഒറ്റമുറി കൂര. അതിനെ കൂരയെന്ന്​ വിളിക്കാമോ എന്നും സംശയം തോന്നിയേക്കാം. അടുപ്പ്, ഏതാനും പാത്രങ്ങൾ, കുറച്ചുമാറി ഉറക്കം. പുലർച്ചെ മൂ​ന്നിന്​ മുമ്പ്​ പ്രശാന്ത്​ എഴുന്നേൽക്കും. മുട്ടിനൊപ്പമുള്ള നിക്കറും കീറി വാലായ ബനിയനും ധരിച്ച് വീടിനോട്​ ചേർന്നുള്ള​ തൊഴുത്തിലേക്ക്​. വീട്ടുടമക്ക്​ 150 പശുക്കളുണ്ട്​. ഇവക്ക്​ തീറ്റനൽകുന്നതും കുളിപ്പിക്കുന്നതും കറക്കുന്നതുമെല്ലാം പ്രശാന്താണ്​. ഭക്ഷണം തയാറാക്കി മരകതവും അൽപസമയം കഴിയുമ്പോൾ പ്രശാന്തിനെ സഹായിക്കാനെത്തും. മരകതത്തിന് ഇതുകൊണ്ട്​ കൂലിയൊന്നും കൂട്ടിനൽകില്ല. വേണമെങ്കിൽ ഭർത്താവിനെ സഹായിച്ചാൽ മതി. അല്ലെങ്കിൽ അയാൾ ഒറ്റക്കു​​ചെയ്യട്ടെ എന്നാണ് തോട്ടം ഉടമയുടെ​ നിയമം. ഭർത്താവ് കഠിനജോലികളിൽ വീർപ്പുമുട്ടുന്നത് കാണുമ്പോൾ സഹായിക്കാതിരിക്കുന്നതെങ്ങനെ? സമാനപ്രായമുള്ളവരായ ഭൂ ഉടമയുടെ മക്കൾ പുതുവസ്ത്രവുമിട്ട്​ നടക്കുമ്പോൾ പ്രശാന്ത്​ തേഞ്ഞൊട്ടിയ വള്ളിച്ചെരുപ്പിൽ സ്വയം ഒതുങ്ങും.

തോട്ടത്തിന്​ പുറത്തു പോകാൻ അനുമതിയില്ല, ഇനി പോയാൽതന്നെ അടുത്തുള്ള മീനാക്ഷിപുരത്ത്​ പോയി തിരിച്ചുവരണം. ഉറ്റബന്ധുക്കളുടെ മരണാനന്തര ചടങ്ങിനു പോലും പോകാനായില്ലെന്ന് പറയുമ്പോൾ പ്രശാന്തിന്റെ ചുണ്ടുകൾ വിഷമംകൊണ്ട് വിറച്ചു. നീ പോയാൽ തൊഴുത്ത്​ ആര്​ നോക്കുമെന്ന്​ ചോദിക്കും ഉടമ. അവർക്ക് തൊഴുത്ത്​ പ്രശാന്തി​ന്റേതെന്നപോലെ ​പ്രശാന്ത്​ തൊഴുത്തി​​​ന്റേതുമായിരുന്നു.

വിലയ്ക്കു വാങ്ങുന്ന ജീവിതങ്ങൾ

സമീപത്തെ ​തോട്ടത്തിലെ തൊഴിലുടമക്ക്​ രണ്ടുലക്ഷം രൂപ നൽകിയാണ്​ ഇവരെ സ്വന്തം തോട്ടത്തിലെത്തിച്ചതെന്നാണ് പ്രശാന്തി​ന്റെ നിലവിലെ തോട്ടമുടമ പൊലീസ് സ്റ്റേഷനിൽ പറഞ്ഞത്. അവർണജാതിയിൽപെട്ട തൊഴിലാളികൾക്കിടയിൽ ഇത്​ പതിവാണ്​. സാമ്പത്തിക ആവശ്യങ്ങളും പരിമിതികളും സാമൂഹിക പിന്നാക്കാവസ്ഥയുമാണ് വില്ലൻ. തോട്ടത്തിൽ നിൽക്കാൻ ആളെ വേണമെന്നാവശ്യപ്പെട്ടാണ് കോളനികളിൽ ആളുകൾ എത്തുക. ആളെ കണ്ടെത്തിക്കഴിഞ്ഞാൽ നിശ്ചിത തുക നൽകും. 25,000 മുതൽ 50,000 വരെ ഇവർക്ക്​ മുൻകൂറായി കൈമാറിയാണ്​ തൊഴിലിടത്തിലെത്തിക്കുക. പ്രായമെത്രയെന്ന്​ ചോദിച്ചപ്പോൾ 28 എന്നാണ്​ പ്രശാന്ത്​ പറഞ്ഞത്​.

അത്ര കൃത്യമല്ല, ഏകദേശ കണക്കാണ്​. കണക്കാണ്​ പ്രശാന്തിനെപ്പോലെ നിരവധിയാളുകളുടെ ജീവിതത്തെ ഈ രീതിയിലാക്കിയതെന്ന്​ വേണമെങ്കിൽ പറയാം. കുരുക്കഴിക്കാനാവാത്ത കണക്കുകളിൽ കുടുങ്ങിപ്പോയ മനുഷ്യർ. ഒരിക്കൽ തുക കൈപ്പറ്റിയാൽ അത് ജോലിചെയ്ത് വീട്ടണം. കണക്കു സൂക്ഷിക്കുന്നതൊക്കെ തോട്ടമുടമയുടെ കുടുംബമായിരിക്കും. ചെലവും കഴിഞ്ഞ് വരുമാനം കടത്തിലേക്ക് ഒടുക്കുകയാണ് പതിവ്. ഇടക്ക് കൈച്ചെലവിന് തുക കൈപ്പറ്റുകകൂടി ചെയ്താൽ കണക്ക് വീണ്ടും കുരുക്കാകും. പലരുടെയും ജീവിതത്തിലെ നല്ലകാലം മുഴുവൻ ഇങ്ങനെ തോട്ടത്തിൽ പണിയെടുത്ത് തീരും. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ എത്തു​മ്പോൾ പ്രശാന്തിന്റെ കണക്കിൽ മൂന്നരലക്ഷത്തോളം ഇത്തരത്തിൽ കുടിശ്ശികയുണ്ടെന്നാണ് സ്ഥലം ഉടമകൾ അറിയിച്ചത്. ആ തുക നൽകിയാൽ പ്രശാന്തിനും കുടുംബത്തിനും പോകാമെന്നും. വണ്ടിക്കൂലിക്ക് തോട്ടമുടമയോട് കടംചോദിക്കേണ്ടി വരുന്നവൻ ഇത്രയും വലിയ തുക ഏതുകാലത്ത് കൊടുത്തുതീർക്കാൻ. ആരു പറയാൻ, ആരോട് ചോദിക്കാൻ...

കൊത്തടിമ അഥവാ സ്വയം വിൽക്കുന്ന മനുഷ്യർ

തമിഴ്​നാട്ടിലാണ്​ ‘കൊത്തടിമ’ സമ്പ്രദായം പടർന്ന്​ പന്തലിച്ചത്​. ആയിരക്കണക്കിന്​ മനുഷ്യരുടെ ​വിയർപ്പും ചോരയും നിസ്സഹായതയും സാമൂഹിക പിന്നാക്കാവസ്ഥയും മുതലാക്കി ചൂഷണംചെയ്യുന്ന വ്യവസ്ഥക്കെതിരെ ദലിത്​​ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപുകൾ ഉയർന്നിരുന്നു. ആദിവാസി ഗോത്രവിഭാഗങ്ങളായ ഇരുളർ അടക്കമുള്ളവർ വലിയ ചൂഷണത്തിനിരയായി. പല ദുരിതകഥകളും കേട്ട്​ പൊതുസമൂഹം ഞെട്ടിത്തരിച്ചു. തമിഴ്​നാട്ടി​ലെ വിഴുപുരം, വെല്ലൂർ, തിരുവള്ളൂർ എന്നീ ജില്ലകളിൽ ഇഷ്ടികക്കളങ്ങളിലും അരിമില്ലുകളിലും നൂറുകണക്കിന്​ കൊത്തടിമകൾ ജീവിതം അധ്വാനിച്ചുതീർത്തു.

തിരുവള്ളൂർ​ കേന്ദ്രീകരിച്ച്​ നടന്നിരുന്ന അടിമസമ്പ്രദായത്തിനെതിരെ അടുത്തിടെയാണ്​ തമിഴ്നാട്ടിൽ അധികൃതർ നടപടി ഊർജിതമാക്കിയത്​. ഇത്തരത്തിൽ ജോലിചെയ്യുന്നവരെ മോചിപ്പിക്കുകയും ഉടമകൾക്കെതിരെ കേസ്​ എടുക്കുകയും ചെയ്യും. എങ്കിലും സാമൂഹികമായുള്ള ​മേൽ​ക്കൈയും സ്വാധീനവുമുപയോഗിച്ച്​ ഇവർ കേസിൽനിന്ന്​ തടിയൂരുന്നതാണ്​ കാഴ്ചയെന്ന്​ ദലിത്​​ സാമൂഹികപ്രവർത്തകനും മക്കൾ വിടുതലൈ മുന്നണി നേതാവുമായ തെന്നരശ്​ പറയുന്നു. തെന്നരശിനെ പോലുള്ളവർ ദലിത്​​ സമൂഹത്തിലെ ഇത്തരം ചൂഷണങ്ങൾക്കെതിരെ സജീവമായ ഇടപെടലുകൾ നടത്താനാരംഭിച്ചതിനാൽ സമൂഹത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. കൊത്തടിമകളുടെ മോചനം മാത്രമല്ല പുനരധിവാസവും മുന്നിൽ കണ്ട്​ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നവരിൽ തിരുവള്ളൂർ കലക്​ടറായിരുന്ന പിറവം സ്വദേശി ആൽബി ജോൺ വർഗീസ് അടക്കമുള്ളവരുടെ ഇടപെടലുകൾ ഈ അവസരത്തിൽ സ്മരണീയമാണ്​.

തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ കൊത്തടിമ സ​​മ്പ്രദായം അതി​ന്റെ എല്ലാ സ്വഭാവങ്ങളോടെയും എന്നാൽ വ്യത്യസ്ത രൂപത്തിലും നിലനിൽക്കുന്നുണ്ടെന്ന്​ നാടറിയുന്നത്​ മരകതം നവംബർ രണ്ടാം വാരം പൊലീസിൽ അഭയം ​തേടിയെത്തിയപ്പോഴാണ്​. ഇതേത്തുടർന്ന്​ പൊലീസ്​ തോട്ടത്തിൽ പരിശോധന നടത്തി. പ്രശാന്ത്​ കരഞ്ഞുകൊണ്ട്​ പൊലീസിന്​ മുന്നിൽ കാര്യങ്ങൾ വിവരിച്ചതോടെ രക്ഷപ്പെടാനുള്ള വഴി തുറന്നു. പ്രശാന്തും മരകതവും പറഞ്ഞ ജീവിതം കരളലിയിക്കുന്നതാണ്​. ​മുമ്പ്​ ​സമീപത്തെ തോട്ടത്തിൽ ജോലിചെയ്തിരുന്ന പ്രശാന്തിന്​ കടം മാത്രമായിരുന്നു മാസംതോറും കൂടിയത്​. തുടർന്ന്​ നിലവിലെ മുതലാളിയായ ലോക് കുമാർ​ പ്രശാന്തിന്‍റെ കടംവീട്ടി ത​ന്‍റെ തോട്ടത്തിലേക്ക്​ കൊണ്ടുവരുകയായിരുന്നു. 12,000 രൂപയാണ് മാസം കൂലിയായി പറഞ്ഞത്​.

150ലധികം പശുക്കളുള്ള അഞ്ച്​ ​ഏക്കർ തോട്ടത്തിലെ തൊഴുത്തി​ന്‍റെ ചുമതലയായിരുന്നു പ്രശാന്തിന്​. ദിനേന 1500 ലിറ്ററോളം പാൽ അളന്നിരുന്ന തൊഴുത്തിൽ സർവ പണികളും പ്രശാന്ത്​ ചെയ്യണമായിരുന്നു. പുറംലോകവുമായി ബന്ധമില്ല. തോട്ടത്തിൽ ഇരുവരെയും വന്നുകാണാൻ ഉറ്റബന്ധുക്കൾക്കുപോലും അവകാശമുണ്ടായിരുന്നില്ല. മുടിവെട്ടണമെങ്കിൽ ബാർബറെ തോട്ടത്തിനുള്ളിൽ കൊണ്ടുവരും, മൊട്ടയടിച്ചപോലെ വെട്ടും. വീട്ടിലേക്ക്​ ആവശ്യമായ സാധനങ്ങൾ ഉടമയോട്​ പറഞ്ഞാൽ വാങ്ങിനൽകും. കുഞ്ഞിനുള്ള ബിസ്കറ്റുപോലും പലപ്പോഴും ഇങ്ങനെ ആവശ്യപ്പെടണം. ഇതിനെല്ലാം കണക്കുമുണ്ട്​. പലപ്പോഴും മാസച്ചെലവ്​ 8000 രൂപയോളമെത്തും. ചികിത്സ, മരുന്ന്​ എന്നിങ്ങനെ ആവശ്യങ്ങളെല്ലാം ഇതിന്​ പുറമെ കൂടും. പല മാസങ്ങളിലും കണക്കിലെ കള്ളികളിൽ അവസാനമെത്തി പ്രശാന്ത്​ കടക്കാരനായി. ആ കടം വീട്ടാൻ പിറ്റേ മാസം കൂടുതൽ പണിയെടുത്തു. പണിക്കു പുറമെ കൈയേറ്റവും പുലഭ്യം പറച്ചിലും സഹിച്ച്​ തുടർന്നു.

 

സാമൂഹിക പ്രവർത്തകർ പ്രശാന്തിനെ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകാൻ എത്തിച്ചപ്പോൾ

സാമൂഹിക പ്രവർത്തകർ പ്രശാന്തിനെ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകാൻ എത്തിച്ചപ്പോൾ

2022ൽ മരകതം വീണ്ടും ഗർഭിണിയായി. ഇതിനിടെ പ്രശാന്തിന്​ ആരോഗ്യപ്രശ്നങ്ങൾ കലശലായി ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതിനിടെ ചെറു വയറുവേദന അനുഭവപ്പെട്ടു. ​ സമീപത്തെ ആശുപത്രിയിൽനിന്ന്​ ഭൂവുടമ മരുന്ന് വാങ്ങി​ നൽകുകയും ഏതാനും ദിവസങ്ങൾക്കകം ഗർഭം അലസുകയും ചെയ്തതായി മരകതം പറയുന്നു. ഇത് തോട്ടമുടമ തൊഴിലിന് ആളെ കിട്ടില്ലെന്ന് കരുതി ചെയ്തതാണെന്നാണ് തെന്നരശ് അടക്കമുള്ളവർ ആരോപിക്കുന്നത്.

ഗർഭം അലസി ആരോഗ്യം വഷളായിരിക്കുമ്പോഴും തൊഴുത്തിലെ ജോലികൾക്കായി പ്രശാന്തിനൊപ്പം മരകതവും ഇറങ്ങേണ്ടിവന്നിരുന്നു. അഞ്ചു വർഷമാണ്​ ഇരുവരും തോട്ടത്തിലെ തകരഷെഡിൽ നരകിച്ച്​ തീർത്തത്. ഒടുക്കം മിച്ചമുള്ളതാകട്ടെ തോട്ടമുടമക്ക്​ 3.3 ലക്ഷത്തോളം കടവും. ഇടക്ക്​ ബന്ധു മരിച്ചപ്പോൾ വീട്ടിലെത്തിയ ഇരുവരെയും തേടി പിന്നാലെ എത്തിയ ഭൂ ഉടമയും സംഘവും നടത്തിയ ഭീഷണിയെ കുറിച്ച് ബന്ധുകൂടിയായ യുവതി ഭയത്തോടെയാണ് പറഞ്ഞത്. പൊലീസിൽ കേസ്​ കൊടുത്ത് കുടുക്കുമെന്നും ഗുണ്ടാസംഘങ്ങളെ അയക്കുമെന്നുമായിരുന്നു ഭീഷണി. ഇങ്ങനെയാണ് ഇരുവരെയും തിരിച്ചെത്തിച്ചതെന്ന്​ യുവതി പറഞ്ഞു.

വേലികൾക്ക് പുറത്ത് കാവലില്ലാത്ത ലോകത്തേക്ക്

വിവിധ ദലിത്​​ സംഘടനകളുടെ ഇടപെടലിൽനിന്നുള്ള അറിവിൽനിന്നാണ്​ ബന്ധുക്കളിൽ ചിലർ ഇരുവരോടും പൊലീസിൽ അഭയം തേടാൻ നിർദേശം നൽകിയത്​. സാമൂഹികപ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും തെന്നരശും അടക്കമുള്ളവർ ഇതുമായി ബന്ധപ്പെട്ട്​ കുടുംബത്തിന്​ പിന്തുണയുമായി മീനാക്ഷിപുരം പൊലീസ്​ സ്​റ്റേഷനിൽ എത്തിയിരുന്നു. വീർത്ത വയറുമായി മരകതവും പൊലീസിനോട്​ ​ദുരന്തങ്ങൾ വിവരിച്ചു. എന്നാൽ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട്​ പൊലീസിന്‍റെ ഭാഗത്ത്​ വീഴ്​ചയുണ്ടായെന്നും മരകതത്തിന്റെ മൊഴി വായിച്ചു കേൾപ്പിക്കാൻ പൊലീസ്​ തയാറായില്ലെന്നും ആരോപിച്ച്​ സാമൂഹികപ്രവർത്തകർ ബഹളമുണ്ടാക്കുന്നിടം വരെ എത്തി കാര്യങ്ങൾ. ഇതിനിടെ സ്​റ്റേഷൻ പരിസരത്ത്​ നേരത്തേ തമ്പടിച്ച കേരളത്തിലെ​ പ്രമുഖ സമരരംഗങ്ങളിലെ സ്ഥിരം സാന്നിധ്യമായ വിളയോടി സ്വദേശി കുറ്റാരോപിതരായ ഭൂ ഉടമകൾക്കുവേണ്ടി പൊലീസിൽ ഇടപെട്ടതായും ഇവർ ആരോപിച്ചു.

അതിർത്തിമേഖലയിലെ മനുഷ്യാവകാശ സാമൂഹിക പ്രവർത്തന രംഗത്ത് കള്ളനാണയങ്ങൾ ഏറെയാണ്. പലരും തട്ടിക്കൂട്ട് സംഘടനകളുമായി ഇത്തരം സംഭവങ്ങളുണ്ടാവു​മ്പോൾ വില​പേശാനെത്തും. തോട്ടമുടമകളടക്കമുള്ളവരിൽനിന്ന് വലിയ തുക കൈപ്പറ്റും. അഴിമതിക്കാരായ ഉദ്യോഗസ്ഥർകൂടി ചേരുന്നതോ​ടെ ഇടക്കുയരുന്ന അലമുറകൾ വ്യവസായശാലകളിൽതന്നെ അവസാനിക്കും.

പ്രതീക്ഷകൾ, സ്വപ്നങ്ങൾ

ചെറുപ്പംതൊട്ടേ അതിർത്തി ഗ്രാമങ്ങളിൽ കീഴാളരുടെ ജീവിതം അങ്ങനെയാണ്​. പാലക്കാട്​ അതിർത്തിയിൽ ചക്കിലിയ സമുദായത്തിൽപെട്ടരുടെ കോളനികൾ നിരവധിയുണ്ട്​​. തമിഴ്​നാട്ടിൽ കടുത്ത ജാതിവിവേചനം നേരിടുന്നവരാണ്​ ചക്കിലിയ സമുദായമടക്കമുള്ള ദലിത്​ വിഭാഗങ്ങൾ. ഒരുപക്ഷേ, സമാനമായ സമുദായങ്ങളിൽവെച്ച്​ വലിയ അവഗണന നേരിടുന്നവർ ഇവരാവും. മിക്കവരും കൂലിപ്പണി ജീവിതമാർഗമാക്കിയവരാണ്​. തമിഴ്​നാട്​ സ്വദേശികളായ പലരും കേരളത്തിലും ഇതിനിടെ റേഷൻകാർഡടക്കം സമ്പാദിച്ചിട്ടുണ്ട്​.

തമിഴ്​ ഭൂരിപക്ഷ മേഖലകളിൽ താമസിക്കുന്നതുകൊണ്ട്​ തന്നെ ഇവിടെയും ജാതിവിവേചനത്തിന്​ കുറവില്ല. ഇന്നും പല ബാർബർ​ ഷോപ്പുകളിലും മുടിവെട്ടാൻ മടിക്കുമെന്ന്​ വാളയാർ സ്വദേശി സെൽവൻ ‘മാധ്യ​മ’ത്തോട്​ പറഞ്ഞു. ഉയർന്ന സമുദായക്കാരൻ കടന്നുപോകുമ്പോൾ എഴുന്നേറ്റില്ലെങ്കിൽ ദഹിച്ചുപോകുന്ന നോട്ടമാണ്​. പ്രദേശവാസികളായ തമിഴ്​ സംസാരിക്കുന്നവർ ‘അക്ക’ അണ്ണാ എന്നൊക്കെയാണ്​ പരസ്പരം അഭിസംബോധന ചെയ്യുക. ഇവർക്ക്​ പ്രായം കുറഞ്ഞവരെ പോലും പേരുകൊണ്ട്​ അഭിസംബോധന ചെയ്യാൻ അനുമതിയില്ല.

മക്കൾ പഠിക്കണമെന്നും നല്ലനിലയിൽ എത്തിച്ചേരണമെന്നും ആഗ്രഹമുണ്ടെന്ന്​ മീനാക്ഷിപുരത്ത്​ താമസിക്കുന്ന ഗൗരി പറയുന്നു. എന്നാൽ അവിടെയുമുണ്ട്​ വെല്ലുവിളികൾ. മാതാപിതാക്കൾ കൂലിവേലയിൽ ഉപജീവനം കണ്ടെത്തുന്നവരായതുകൊണ്ട്​ തന്നെ ഇവർ നേരത്തേ തൊഴിലിനിറങ്ങും. സ്കൂളിൽ പോകുന്ന കുട്ടികൾ പലരെയും ഉയർന്ന ജാതിക്കാരായ ഭൂ ഉടമകൾ ​ചെറുജോലികൾക്കും സഹായങ്ങൾക്കും വിളിക്കും.

ഇതിന്​ ചെറിയ പ്രതിഫലവും നൽകും. കുഞ്ഞുചെലവുകൾക്കായി പണം ലഭിക്കുന്നതോടെ കുട്ടികൾ സ്​കൂളിൽ പോവാൻ മടികാണിക്കുന്നതും പണം സമ്പാദിക്കാനിറങ്ങുന്നതും പതിവാണെന്ന്​ ഗൗരി പറയുന്നു. മാതാപിതാക്കൾ നിർബന്ധിച്ച്​ കുട്ടികളെ പറഞ്ഞുവിടുമെങ്കിലും കാലക്രമേണ ഇവർ സ്കൂൾ വിടാനും ​കൂലിപ്പണിയടക്കം ശീലിക്കാനും ഇത്​ കാരണമാകുന്നുവെന്ന്​ സാമൂഹികപ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പം മുതലേ കീഴ്ജാതിക്കാരെ അടിമകളാക്കുന്ന സാമൂഹിക നീതി.

മലയാളത്തിന് മനസ്സിലാവാത്ത നിലവിളി

പ്രശാന്തിനും മരകതത്തിനും മലയാളമറിയില്ല. നേരാംവണ്ണം തങ്ങളുടെ പ്രശ്നങ്ങൾ വിവരിക്കാനും. ഇരുവർക്കും വേണ്ടി മനുഷ്യാവകാശ, ദലിത്​ സാമൂഹിക പ്രവർത്തകർ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരുവരെയും​ നേരിട്ട് കാണുകപോലും ചെയ്യാതെ പരാതി കെട്ടിച്ചമച്ചതാണെന്ന് അന്വേഷിച്ച കൊഴിഞ്ഞാമ്പാറ സർക്കിൾ അസി. ലേബർ ഓഫിസറും കണ്ടെത്തിയിട്ടുണ്ട്. നീതി തേടി കോടതിയെ സമീപിക്കാനാണ് വിളയോടി ശിവൻകുട്ടിയടക്കമുള്ളവരുടെ തീരുമാനം.

പ്രശാന്തും മരകതവും നേരിട്ടത്​ ഒറ്റപ്പെട്ട സംഭവമല്ലെന്ന്​ ദലിത്​​ മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇവർക്കൊപ്പം ഇതേ തോട്ടത്തിൽ ജോലിചെയ്യുന്ന ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി ഉടമക്ക് അനുകൂലമാണ്. ലോക് കുമാറിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഇതെന്നാണ് വിളയോടി ശിവൻകുട്ടിയടക്കമുള്ളവർ ആരോപിക്കുന്നത്.

സമീപത്തെ ഏത് സമാന തൊഴിലാളിയെ സമീപിച്ചാലും അവർ ഉടമക്കെതിരെ പ്രതികരിക്കില്ല. പലർക്കും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കാര്യമായ അറിവില്ലെന്ന് മാത്രമല്ല, ഭയവും വെല്ലുവിളിയാവും. സമീപ തോട്ടങ്ങളിലും മേഖലയിലൊട്ടാകെയും ഇവരെപ്പോലെ നൂറുകണക്കിന്​ മനുഷ്യർ തങ്ങളുടേതല്ലാത്ത കടത്തിൽ കുരുങ്ങി ജീവിതം അധ്വാനിച്ച്​ തീർക്കുന്നുണ്ട്​. അതിർത്തിയിലെ പന്നിഫാമുകൾ, ചെറുകിട വ്യവസായ കേ​ന്ദ്രങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരവധി മനുഷ്യർ മോചനത്തിന്റെ സ്വപ്നംപോലും കാണാതെ ഇത്തരത്തിൽ കഴിയുന്നുണ്ട്.

‘മാധ്യമം’ നടത്തിയ അന്വേഷണത്തിൽ പലരും ഭയത്തോടെയാണ്​ പ്രതികരിച്ചത്​. മിക്കവർക്കും 12,000 രൂപയാണ്​ പ്രതിമാസം കൂലി. ഉടമയുടെ കണക്കുപുസ്തകത്തിൽ ചെലവെല്ലാം കഴിഞ്ഞ്​ മാസംതോറും കടം കുമിഞ്ഞ്​ കൂടുന്നതോടെ ഇവർ ഇവിടെനിന്ന്​ മോചനമില്ലാതെ മരിക്കുംവരെ തൊഴിലെടുക്കും. മിക്ക ആളുകൾക്കും കഠിനാധ്വാനംകൊണ്ടുതന്നെ വളരെ ​​ചെറുപ്പത്തിൽ തന്നെ ആരോഗ്യസ്ഥിതി മോശമാവുകയും അസുഖബാധിതരാവുകയും ചെയ്യുന്നത്​ പതിവാണെന്ന്​ വിളയോടി ശിവൻകുട്ടി പറയുന്നു. തമിഴ്​നാടിന്‍റെ ഗ്രാമങ്ങളിൽ കൊത്തടിമ സമ്പ്രദായം ഇപ്പോഴും ശക്തമാണ്​. ചെറുതുക കടംനൽകി അതു വീട്ടാൻ തൊഴിൽ നൽകി കുരുക്കിയിടുന്നതാണ്​ രീതിയെന്ന് പ്രശാന്ത് പറയുന്നു.

കാര്യമായ വിദ്യാഭ്യാസമോ സാമൂഹിക ബന്ധങ്ങളോ ഇല്ലാത്ത, തീർത്തും ദുർബലരായ ദലിത്​​ വിഭാഗങ്ങളാണ്​ ഇരകൾ. ഇവരുടെ മക്കൾ ഇതേ തൊഴിൽ കണ്ട്​ മാതാപിതാക്കൾക്ക്​ സഹായികളായാണ്​ വളരുക. പുതിയ കൊത്തടിമകൾ. മരകതത്തെ പോലെ സഹികെടുമ്പോഴെങ്കിലും പരാതിയുമായി രംഗത്തെത്തിയവർ വിരളമാണ്​. സംസ്ഥാനത്ത്​ ഒരുപക്ഷേ ഇതാദ്യവുമാണ്​. വൻകിട തോട്ടങ്ങളിലും തൊഴിൽശാലകളിലും കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന്​ പ്രശാന്ത്​ പറയുന്നു. ഇവർക്ക്​ യജമാനൻമാരുടെ നിർദേശങ്ങൾക്കപ്പുറത്ത്​ ചിന്തിക്കാൻപോലും ഭയമാണ്​. മിക്ക തോട്ടങ്ങളിലും ആക്രമണകാരികളായ നായ്​ക്കളടക്കം സുരക്ഷയും ഗുണ്ടാസംഘങ്ങളുടെ പിൻബലവുമുണ്ട്​. ഇതുകൊണ്ടുതന്നെ ​പൊലീസ് അടക്കമുള്ളവരുടെ പരിശോധനകളൊന്നും ഇവിടെ നടക്കാറില്ല. ഇൗ മേഖലയിൽ തൊഴിൽ വകുപ്പിനും കാര്യമായ ഇട​പെടൽ നടത്താനാവുന്നില്ല.

അതിർത്തിയിലെ തോട്ടങ്ങളിലും സമീപത്തും കുടുങ്ങിയ മനുഷ്യജീവനുകൾക്ക്​ അന്തസ്സോടെ ജീവിച്ച്​​ മരിക്കാൻ സർക്കാറിന്റെ ക്രിയാത്മക ഇടപെടൽ ആവ​​ശ്യമുണ്ട്​. വിവിധ വകുപ്പുകൾ ഏകോപിച്ചാൽ മാത്രമാണ്​ അതിനുള്ള വഴി തുറക്കുക. തോട്ടങ്ങളടക്കം തൊഴിലിടങ്ങളിലെ ദലിത്​​ ചൂഷണത്തിന്​ അറുതിവരണമെങ്കിൽ നടപടികൾക്കൊപ്പം ബോധവത്​കരണവും ആവശ്യമാണ്​. കൃത്യമായ വിദ്യാഭ്യാസം നൽകുന്നതിലൂടെയേ മനുഷ്യനെ ഉത്തരവാദിത്തമുള്ള സാമൂഹിക ജീവിയായി മാറ്റിയെടുക്കാനാവൂ.

 

മീനാക്ഷിപുരം സംഭവത്തിൽ കുറ്റാരോപിതരായ ഭൂ ഉടമകൾ 35-45 വയസ്സിനിടയിലുള്ളവരാണ്​. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവർ. സഹജീവിയെ കുലവും ഗോത്രവും തിരഞ്ഞ്​ മാത്രം തിരിച്ചറിയാനാവുന്നവർ, ദലിതർ മൃഗങ്ങളെ​പ്പോലെ കച്ചവടം ചെയ്യപ്പെട്ടാലും കാര്യമായി കുഴ​പ്പമൊന്നുമില്ലെന്ന്​ വിശ്വസിക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടികൾ. ഇവരുടെ സൃഷ്ടിയിലും ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. കൃത്യമായ ഇടപെടലുകൾക്കൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും സാമൂഹിക പരിഷ്‍കരണത്തിന് എത്രമേൽ അനിവാര്യമാണെന്ന ഓർ​മപ്പെടുത്തൽകൂടിയാണ് അതിർത്തി ഗ്രാമങ്ങൾ അടക്കംപറയുന്ന വേദനയുടെ കഥകൾ.

News Summary - weekly articles