Begin typing your search above and press return to search.
proflie-avatar
Login

അതുതന്നെയാണീ കാണുന്നത്, ചരിത്രം ആവർത്തിക്കുന്നത്!

അതുതന്നെയാണീ കാണുന്നത്,  ചരിത്രം ആവർത്തിക്കുന്നത്!
cancel

ഫലസ്​തീനിലെ ഇസ്രായേൽ വംശഹത്യക്കെതിരെ അമേരിക്കയിലും യൂറോപ്പിലും വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നു. 1968ലെ വിയറ്റ്​നാം യുദ്ധവേളയിലേതിനു സമാനമായ അവസ്ഥയാണിപ്പോൾ. എന്തുകൊണ്ട്​ വിദ്യാർഥികൾ തെരുവിലിറങ്ങുന്നു? എന്താണ്​ ലോകസാഹചര്യം? എന്തുകൊണ്ട്​ ചരിത്രം ആവർത്തിക്കപ്പെടുന്നു? -വിശകലനവും നിരീക്ഷണവും.ചരിത്രം ആവർത്തിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ദാർശനികന്മാർ മുതൽ ഫുട്ബാൾ കളിക്കാർവരെ പലരും. അപ്പടി ആവർത്തിക്കുമെന്ന് പറഞ്ഞവരുണ്ട്. പലപല തരത്തിൽ ആവർത്തിക്കുമെന്ന് പറഞ്ഞവരുണ്ട്. ഇങ്ങനെ പറഞ്ഞതിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള വചനം കാൾ മാർക്സിന്റേതാണ്. അതിങ്ങനെയാണ്: ‘‘ശരിയായി...

Your Subscription Supports Independent Journalism

View Plans
ഫലസ്​തീനിലെ ഇസ്രായേൽ വംശഹത്യക്കെതിരെ അമേരിക്കയിലും യൂറോപ്പിലും വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നു. 1968ലെ വിയറ്റ്​നാം യുദ്ധവേളയിലേതിനു സമാനമായ അവസ്ഥയാണിപ്പോൾ. എന്തുകൊണ്ട്​ വിദ്യാർഥികൾ തെരുവിലിറങ്ങുന്നു? എന്താണ്​ ലോകസാഹചര്യം? എന്തുകൊണ്ട്​ ചരിത്രം ആവർത്തിക്കപ്പെടുന്നു? -വിശകലനവും നിരീക്ഷണവും.

ചരിത്രം ആവർത്തിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ദാർശനികന്മാർ മുതൽ ഫുട്ബാൾ കളിക്കാർവരെ പലരും. അപ്പടി ആവർത്തിക്കുമെന്ന് പറഞ്ഞവരുണ്ട്. പലപല തരത്തിൽ ആവർത്തിക്കുമെന്ന് പറഞ്ഞവരുണ്ട്. ഇങ്ങനെ പറഞ്ഞതിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള വചനം കാൾ മാർക്സിന്റേതാണ്. അതിങ്ങനെയാണ്: ‘‘ശരിയായി പറഞ്ഞാൽ, ലോകത്തിലെ ശ്രേഷ്​ഠമായ ചരിത്രസംഭവങ്ങളും വ്യക്തികളും രണ്ടുവട്ടം ഉണ്ടാകുന്നതായി ഹെഗൽ എവിടെയോ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിനൊരു കൂട്ടിച്ചേർക്കൽ അദ്ദേഹം വിട്ടുപോയി. ഒന്നാം തവണ ഒരു ദുരന്തമെന്ന നിലയിലും രണ്ടാംതവണ ഒരു പ്രഹസനമെന്ന നിലയിലുമാണ് അത് സംഭവിക്കുന്നത്’’ -അതായത്, ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കുമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്.

അമേരിക്കയുടെ പ്രശസ്തരായ പ്രസിഡന്റുമാരിലൊരാളായ ഹാരി എസ്. ട്രൂമാൻ പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഈ ലോകത്ത് പുതുതായി ഒന്നുമില്ല. നിങ്ങൾക്കറിയാത്ത ചരിത്രമല്ലാതെ.’’ അതായത്, ഒരു സംഭവമുണ്ടാകുമ്പോൾ, അങ്ങനെയൊന്ന് മുമ്പുണ്ടായിരുന്നു എന്ന് അറിയാത്തവർ കരുതും ഇതൊരു പുതിയ സംഭവമാണെന്ന്. അതുകൊണ്ടാണ് ടെറി വെനാബ്ൾസി​ന്റെ വാക്കുകൾകൂടി പരിശോധിക്കേണ്ടിവരുന്നത്. ‘‘ചരിത്രം അങ്ങനെതന്നെ ആവർത്തിക്കും’’ എന്ന് നേരേ ചൊവ്വേ പറഞ്ഞത് ബ്രിട്ടീഷുകാരനായ ഈ കാൽപന്തുകളിക്കാരനാണ്.

കേട്ടതൊക്കെയും ശരിയാണ്. അതുതന്നെയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ യൂനിവേഴ്സിറ്റി കാമ്പസുകളിലും യൂറോപ്യൻ നഗരങ്ങളിലും ഇപ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. ഈ വർഷം ഏപ്രിൽ 14ന് ന്യൂയോർക് നഗരത്തിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലാണ് പഴയ ചരിത്രത്തിന്റെ പുതിയ രംഗങ്ങൾ അരങ്ങേറിത്തുടങ്ങിയത്. കാമ്പസിൽ കൂടാരങ്ങൾ കെട്ടി പാർപ്പുറപ്പിച്ച വിദ്യാർഥിക്കൂട്ടങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ പ്രഖ്യാപിച്ചതോടെയാണ് ലോകം അങ്ങോട്ട് നോക്കുന്നത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേൽ അതിക്രമത്തിന് നൽകുന്ന പിന്തുണ അമേരിക്കൻ ഐക്യനാട് പിൻവലിക്കുക, ഇസ്രായേൽ സ്ഥാപനങ്ങളിൽ നിക്ഷേപമിറക്കിയ സർവകലാശാലകൾ നിക്ഷേപം പിൻവലിക്കുക എന്നിവയാണ് വിദ്യാർഥികളുയർത്തിയ ആവശ്യങ്ങൾ.

മേയ് ഒമ്പത് ആയപ്പോഴേക്ക് അമേരിക്കൻ ഐക്യനാടുകളിലെ 60 സർവകലാശാലകളിൽനിന്നായി 2900 പേരെ പൊലീസ് അറസ്റ്റ്ചെയ്തു. ഇതിൽ വിദ്യാർഥികളുമുണ്ട്, അധ്യാപകരുമുണ്ട്. ഇതിനകം 33 സർവകലാശാലാ വളപ്പുകളിൽനിന്ന് സമരക്കാരെ ഒഴിപ്പിച്ചു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അമേരിക്കയിൽ പുകഞ്ഞുകത്തിയ ഈ പുതുചരിത്ര തീ ലോക നഗരങ്ങളിലേക്ക് പടർന്നുകഴിഞ്ഞു. ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ​െബൽജിയം, കാനഡ, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളൊക്കെ ഇതിന്റെ ചൂടറിഞ്ഞു. അർജന്റീന മുതൽ യമൻ വരെ 29 രാജ്യങ്ങൾ എണ്ണിപ്പറയാനാകും.

കണിശമായൊരു നേതൃത്വമോ ആസൂത്രണമോ ഈ ലോകവ്യാപക പ്രക്ഷോഭത്തിന് ഉണ്ടെന്ന് പറയാനാകില്ല. ഫലസ്തീൻ ആഭിമുഖ്യമുള്ള രണ്ടു വിദ്യാർഥി പ്രസ്ഥാനങ്ങളാണ് അമേരിക്കയിലിത് തുടങ്ങിയത്. ജ്യൂയിഷ് വോയ്സ് ഫോർ പീസ് 1966ൽ രൂപംകൊണ്ടതാണ്. സയണിസത്തെ എതിർക്കുന്ന പുരോഗമന ജൂതസംഘടന. സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ 2014ലാണ് നിലവിൽ വന്നത്. സമരരൂപങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണെങ്കിലും അമേരിക്ക കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പടർന്നപ്പോൾ സംഘാടകരും പ്രസ്ഥാനങ്ങളുമൊക്കെ മാറിയിരുന്നു.

സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ, ജ്യൂയിഷ് വോയ്സ് ഫോർ പീസ് എന്നിവക്ക് പുറമെ, സ്റ്റുഡന്റ്സ് കൊയലീഷൻ എഗൻസ്റ്റ് ലേബർ എക്സ് പ്ലോയിറ്റേഷൻ, ഫലസ്തീനിയൻ യൂത്ത് മൂവ്മെന്റ് തുടങ്ങിയ നൂറോളം വിദ്യാർഥി സംഘടനകളാണ് ഇപ്പോൾ സമരത്തിലുള്ളത്. സ്റ്റുഡന്റ്സ് ഇൻതിഫാദ എന്ന് മാധ്യമങ്ങളിപ്പോൾ ഈ ആഗോളസമരത്തെ വിളിച്ചുതുടങ്ങിയിട്ടുണ്ട്. സംഘാടകരില്ലാത്ത കാമ്പസുകളുമുണ്ട്. പ്രക്ഷോഭകർതന്നെയാണ് സംഘാടകർ. ഇങ്ങനെയാണെങ്കിലും എല്ലായിടത്തും അവർ അനുഭവിച്ചത് ഒന്നുതന്നെയാണ്. കൊടൂരമായ പൊലീസ് മർദനം.

ഇതുകൊണ്ടൊക്കെത്തന്നെയാണ് ഈ പ്രക്ഷോഭം പുതുതല്ല, ചരിത്രത്തിന്റെ ആവർത്തനം മാത്രമാണെന്ന് പറയുന്നത്. ഇതേ രംഗങ്ങളൊക്കെ, ഇതേപോലെ ഇതേ നഗരങ്ങളിലൊക്കെ അരങ്ങേറിയിട്ടുള്ളതാണ്. 1968ൽ. അന്നത്തെ പ്രക്ഷോഭങ്ങളുടെ രംഗങ്ങളും അതിനെ പൊലീസും പട്ടാളവും നേരിട്ട രീതിയും വിശദമായി രേഖപ്പെടുത്തിയ നിരവധി പുസ്തകങ്ങളുണ്ട്. അതിൽ ഏറ്റവും ആധികാരികമെന്ന് പറയാവുന്നത് ഡേവിഡ് ക്വാട്ട് എഴുതിയ ‘ഉരുക്കുവേലികളുടെ വർഷം ’68’ (The Year of Baricades ’68.) എന്ന പുസ്തകമാണ്. ചരിത്രകാരനും നോവലിസ്റ്റും തിരക്കഥാകൃത്തും കോളജ് അധ്യാപകനും പത്രാധിപരുമായി പ്രവർത്തിച്ചിട്ടുള്ള ഡേവിഡ് ക്വാട്ട് ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് ജനിച്ചത്. 1939ൽ. ഇക്കണ്ട വിധത്തിലൊക്കെ പ്രശസ്തനായപ്പോൾ സ്ഥിരതാമസമാക്കിയത് ലണ്ടൻ നഗരത്തിലാണ്.

ഇപ്പോൾ, നമ്മുടെ കാലത്ത്, ലോകനഗരങ്ങളിൽ, കാമ്പസുകളിൽ അരങ്ങേറുന്ന ഈ പ്രക്ഷോഭത്തിന്റെ വാർത്തകൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ, പത്രങ്ങളുടെ ഓൺലൈൻ പേജുകളിലത് വായിക്കുമ്പോൾ ഡേവിഡ് ക്വാട്ടിന്റെ '68ലെ പേജുകളിൽനിന്ന് മാറ്റൊലി കൊള്ളുന്നതാണെന്ന് തോന്നും. ക്വാട്ടിന്റെ പുസ്തകം തുടങ്ങുന്നത് പെന്റഗൺ വളപ്പിൽനിന്നാണ്. അമേരിക്കൻ അധിനിവേശ സേനയുടെയും യുദ്ധതന്ത്രങ്ങളുടെയും ആസ്ഥാനമായ പെന്റഗൺ വളഞ്ഞുകൊണ്ടാണ് തുടക്കം:

‘‘വാഷിങ്ടൺ, 1967 ഒക്ടോബർ 21 ശനിയാഴ്ച: വിശാലമായ പുൽത്തകിടിയും പാർക്കിങ് പറമ്പുകളുമടക്കം 583 ഏക്കറിൽ പരന്നുകിടക്കുന്ന, അമേരിക്കൻ യുദ്ധയന്ത്രത്തിന്റെ നാഡീകേന്ദ്രമായ അഞ്ചു വശങ്ങളുള്ള കോട്ട ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. ആ അമേരിക്കൻ വസന്തത്തിന്റെ അസ്തമയസമയത്ത് തൊണ്ണൂറായിരത്തോളം ആളുകൾ തലസ്ഥാനത്ത് ഒത്തുകൂടിയിട്ടുണ്ട്. ലിങ്കൻ സ്മാരകത്തിന്റെ നിഴൽ വീണുകിടക്കുന്ന ജലാശയത്തിന്റെ ചുറ്റുംകൂടിനിന്ന് ആ അമ്പരപ്പിക്കുന്ന സുന്ദരദിനത്തിലെ പ്രസംഗങ്ങൾ കേൾക്കുകയാണാ ആൾക്കൂട്ടം. വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയിൽ ദേശീയതലത്തിൽ നടക്കുന്ന ഏഴാമത്തെ പ്രതിഷേധമാണിത്. പല പ്രസംഗകരും സ്ഥിരം ചെവികളെ അലോസരപ്പെടുത്തുന്നുണ്ടാകാം. ‘‘മുഷിഞ്ഞ പ്രസംഗങ്ങളുടെ മറ്റൊരു മുഷിഞ്ഞ ദിവസത്തിലേക്ക് സ്വാഗതം’’ എന്ന് പിറുപിറുത്തുകൊണ്ടാണ് നാടോടിഗായകനായ ഫിൽ ഓഹ്സ് കളംപിടിച്ചത്. എന്നിട്ട്, ‘‘യുദ്ധം അവസാനിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു’’ എന്ന് പറഞ്ഞ്​ പാട്ടിലേക്ക് കടന്നു.

 

1968ലെ വിയറ്റ്​നാം യുദ്ധവിരുദ്ധ പ്ര​േക്ഷാഭങ്ങളിൽ ഒന്ന്​

1968ലെ വിയറ്റ്​നാം യുദ്ധവിരുദ്ധ പ്ര​േക്ഷാഭങ്ങളിൽ ഒന്ന്​

‘‘യുദ്ധത്തോടുള്ള വെറുപ്പ് അവരെ ഒന്നിപ്പിച്ചു; പക്ഷേ ആ അമേരിക്കൻ ആൾക്കൂട്ടം ദർശനംകൊണ്ടും ജീവിതശൈലികൊണ്ടും വിഭിന്നമായിരുന്നു’’ എന്നു പറഞ്ഞുകൊണ്ട് ക്വാട്ട് ആ വ്യത്യാസം എണ്ണിപ്പറയുന്നുണ്ട്. സമരാവേശംകൊണ്ടും സമരരീതികൾകൊണ്ടും ആൾക്കൂട്ടത്തെ ത്രസിപ്പിക്കുന്നത് നവ ഇടതുപക്ഷക്കാരാണ് (ന്യൂ ലെഫ്റ്റ് ജനിച്ചുവരുകയാണപ്പോൾ). പക്ഷേ, അമേരിക്കൻ പതാകയോടും പ്രാതിനിധ്യ ജനാധിപത്യത്തോടും നിയമവാഴ്ചയോടും അവർക്കുള്ള അനാദരവിന്റെ മൂർച്ച മധ്യവയസ്കരെ അസ്വസ്ഥരാക്കി. അക്കൂട്ടത്തിൽ ഏറ്റവും മാരകമാംവിധം അനാദരവ് പ്രസരിപ്പിച്ചത് പ്രതിസംസ്കാരത്തിന്റെ അപ്പോസ്തലന്മാരായ ഹിപ്പികളായിരുന്നു. കൃത്യമായ ഉദ്ദേശ്യലക്ഷ്യത്തോടെയുള്ള ഏതൊരു പ്രക്ഷോഭത്തെയും കാട്ടിക്കൂട്ടലായി തോന്നിക്കാൻ അവർക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.

എന്നിരുന്നാലും അവരുടെ അവതരണാവബോധം പത്രങ്ങളുടെ തലക്കെട്ടുകളും ടെലിവിഷൻ കവറേജും ഉറപ്പാക്കി. ‘‘അമേരിക്കൻ സമൂഹത്തെ ഹോൾസെയ്ലായി അലങ്കോലപ്പെടുത്തുമെന്ന് ഉറപ്പുതരുന്നതായി’’ -യിപ്പികളുടെ വക്താവായ ജെറി റുബിൻ വാഗ്ദാനംചെയ്തു. ‘‘ഞങ്ങൾ പെന്റഗണിനെ മുന്നൂറടി ഉയർത്തി എയറിൽ നിർത്താൻ പോവുകയാണ്’’ -എന്ന് റുബിന്റെ കോമാളിപ്പങ്കുകാരനായ അബ്ബീ ഹോഫ്മാൻ കൂട്ടിച്ചേർത്തു. ‘‘വംശഹത്യ നടത്തുന്ന ഈ യുദ്ധത്തിന്റെ നടത്തിപ്പിനെ അടിയിലൂടെ സഹായിക്കുന്ന കമ്പോളക്കൊതിയന്മാരുടെ കച്ചവടശൃംഖലകളിൽ ആയിരക്കണക്കിന് കുട്ടികൾ കൊള്ളനൃത്തം ആടുന്നത് കാണാം’’ എന്ന് കെയ്ത് ലാംപ് പ്രവചിച്ചു.

(ഹിപ്പികളും യിപ്പികളുമുണ്ട്. സാംസ്കാരികമായി ഒരു കുടുംബത്തിൽനിന്നു തന്നെയാണെങ്കിലും രാഷ്ട്രീയവത്കരിക്കപ്പെട്ട ഹിപ്പികളാണ് യിപ്പികൾ എന്ന് സാമാന്യമായി പറയാം. യിപ്പികൾ രാഷ്ട്രീയകാര്യങ്ങളിൽ നിലപാടെടുക്കും. രാഷ്ട്രീയാഭിപ്രായങ്ങൾ പ്രകടിപ്പിക്കും. എന്നാൽ, ഹിപ്പികൾക്ക് രാഷ്ട്രീയത്തോട് പുച്ഛമാണ്. അവരങ്ങോട്ട് നോക്കില്ല.) അത്തരം അശ്ലീലപ്രയോഗങ്ങളും വിഗ്രഹഭഞ്ജനവും മിതവാദികളായ പരമ്പരാഗത ഇടതുപക്ഷക്കാരെ നടുക്കിക്കളഞ്ഞു. അവർ പേടിച്ചു. ഇതിനോടൊക്കെയും എതിർപ്പ് തോന്നി. ആൻഡ്രൂ കോപ്കിന്റ് എന്ന പത്രലേഖകൻ ചൂണ്ടിക്കാട്ടിയതുപോലെ ‘‘ഉന്മേഷം പകരുന്ന വസന്തകാല നടത്തങ്ങളും ധാർമികരോഷവും അഭ്യർഥനയിലൂടെ നേടാവുന്ന അനുനയവുമാണ്’’ അവർ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ‘‘അതുകൊണ്ടൊക്കെ ഇതുവരെ എന്തു നേടി?’’ എന്നായിരുന്നു പുതു തലമുറയിലെ ധിക്കാരികളുടെ ചോദ്യം. ഏതായാലും ഏകോപനത്തിന്റെ ചുമതലയേറ്റെടുത്ത ഡേവിഡ് ഡെല്ലിങ്കർ രണ്ടുകൂട്ടർക്കുമിടയിൽ നയചാതുരിയോടെ പാലംപണിതു. ആ ഒക്ടോബർ 21 ന് സകലവിഭാഗത്തിലുംപെട്ട ലിബറലുകളെയും പരമ്പരാഗത ഇടതുപക്ഷക്കാരെയും ഡേവിഡ് വാഷിങ്ടണിലെത്തിച്ചു.

അവരിൽ എല്ലാവരുമുണ്ട്. പരിഷ്കരണവാദികളായ ഡെമോക്രാറ്റുകളുണ്ട്, ആണവായുധത്തെ എതിർക്കുന്ന വിദ്യാർഥി പ്രസ്ഥാനക്കാരുണ്ട്. സമാധാനത്തിനായി പൊരുതുന്ന സ്ത്രീകൾ എന്ന സംഘടനയുണ്ട്, അമേരിക്കൻ ഫ്രൻഡ്സ് സർവിസ് കമ്മിറ്റി, ഇന്റർ യൂനിവേഴ്സിറ്റി ക്രിസ്ത്യൻ മൂവ്മെന്റ്, കാത്തലിക് പീസ് ഫെല്ലോഷിപ്, മാർട്ടിൻ ലൂഥർ കിങ്ങിന്റെ സതേൺ ക്രിസ്ത്യൻ ലീഡർഷിപ് കോൺഫറൻസ്, നാഷനൽ ലോയേഴ്സ് ഗിൽഡ്, നാഷനൽ കോൺഫറൻസ് ഫോർ എ ന്യൂ പൊളിറ്റിക്സ് തുടങ്ങി പലപല പ്രസ്ഥാനക്കാരും പല ചിന്താഗതിക്കാരുമുണ്ട്. ഏറ്റവുമധികം ഉയർന്നുകേട്ട മുദ്രാവാക്യം ‘‘എൽ.ബി.ജെ, ഇന്നു നിങ്ങൾ എത്ര കുട്ടികളെ കൊന്നു’’ എന്ന ചോദ്യമായിരുന്നു. എൽ.ബി.ജെ എന്നാൽ ലിന്റൺ ബി. ജോൺസൺ. അന്നത്തെ അമേരിക്കൻ പ്രസിഡന്റ്.

രാജ്യത്തൊട്ടാകെ ഒരാഴ്ച ആവേശകരമായി ആചരിച്ച അനുസരണയില്ലാ വാരത്തിന്റെ കലാശക്കൊട്ടാണ് പെന്റഗണിനു മുന്നിൽ അരങ്ങേറാൻ പോകുന്നത്. അനുസരണയില്ലാ വാരത്തിലെ പ്രധാന ഇനം ക്ഷണക്കാർഡുകൾ തിരിച്ചേൽപിക്കലാണ്. ക്ഷണക്കാർഡ് എന്നാൽ, സൈനികസേവനത്തിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ വകുപ്പിൽനിന്ന് അയച്ച കാർഡ്! ആ ഒരാഴ്ചക്കകംതന്നെ ആയിരക്കണക്കിനാളുകൾ അറസ്റ്റിലായിട്ടുണ്ട്.

ഏകോപന സമിതി നേതാക്കൾ ഏറെ കഷ്ടപ്പെട്ടിട്ടാണ് പെന്റഗൺ ഭാഗത്തേക്ക് പ്രകടനമായി പോകാനുള്ള അനുമതി കിട്ടിയത്. കാപിറ്റോൾ സ്ട്രീറ്റിലെ റിഫർമേഷൻ ചർച്ചിന് സമീപത്താണ് എല്ലാവരും ഒത്തുകൂടിയത്. 24 പോരാട്ടസംഘടനകളെ പ്രതിനിധാനംചെയ്ത് നാൽപത് ചെറുപ്പക്കാർ പള്ളിമുറ്റത്തെ പുൽത്തകിടിയിൽ അണിനിരന്നു. ഒരു കഷണം റൊട്ടിയും ഇച്ചിരി വെണ്ണയും ഒരിറക്ക് പാലും എല്ലാവർക്കും എത്താവുന്നവിധം കൈമാറി. ആരും ഒരുതരിപോലും അധികമെടുത്തില്ല. പോരാളികൾ പ്രകടനമായി പ്രതിരോധ വകുപ്പിന്റെ ആസ്ഥാനത്തേക്ക് നീങ്ങി. അവിടെവെച്ച് മാധ്യമങ്ങളോട് സംസാരിച്ചു. എന്നിട്ടവർ പട്ടാളസേവനത്തിന് ക്ഷണിച്ചുകൊണ്ടുള്ള കാർഡുകൾ ഓഫിസിനടുത്തുവെച്ച കൊട്ടകളിൽ കൊണ്ടുപോയി തള്ളി. ഓരോരുത്തരും അവരവരുടെ പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തിയിട്ടാണ് കാർഡുകൾ കൊട്ടകളിൽ നിക്ഷേപിച്ചത്. അക്കാലത്ത് മാധ്യമത്തിലും സാഹിത്യത്തിലും ഒരേപോലെ തിളങ്ങിനിന്നിരുന്ന നോർമൻ മെയ്ലർ ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നിൽപുണ്ടായിരുന്നു.

ആ ചെറുപ്പക്കാർ അവരുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്ന് മെയ്ലർ പിന്നീട് അതേക്കുറിച്ച് എഴുതി: ‘‘ജയിലിലായിരിക്കാം, അല്ലെങ്കിൽ ജോലിയുടെയോ വിദേശയാത്രയുടെയോ ആവശ്യത്തിന് ചെല്ലുമ്പോഴായിരിക്കാം, ഏതു വർഷത്തിലായിരിക്കുമെന്ന് പറയാനാവില്ല, ഒരിക്കൽ അവരെ...’’ ആ ആൾക്കൂട്ടത്തിൽ ചിലരൊക്കെ പണ്ഡിതോചിതമായ വേഷം ധരിച്ചിരുന്നു. യാഥാസ്ഥിതികരെന്ന് തോന്നും. ചിലർ ഫാഷൻ മട്ടിലാണ്. കൊച്ചുടുപ്പുകൾ ധരിച്ച യുവതികൾ. ഒരു പയ്യൻ കറുത്ത കണ്ണട വെച്ചത് മെയ്ലർ പ്രത്യേകം ശ്രദ്ധിച്ചു. അവന്റെ കണ്ണിന് ഒരാഴ്ച മുമ്പ് ഓക്‌ലൻഡിൽ വെച്ച് പൊലീസ് മർദനത്തിൽ പരിക്കേറ്റതാണ്.

ചെറുപ്പക്കാരുടെ പിന്നാലെ അധ്യാപകരാണ്. അക്കാദമിക് ഭാവിയുള്ളവർ. കുടുംബമുള്ളവർ. അവരെ പ്രതിരോധ ആസ്ഥാനത്തെത്തും മുമ്പ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് കടത്തിവിട്ടു. സംഘത്തലവൻമാരായ ഡോ. ബെഞ്ചമിൻ സ്പോക്കും റവറന്റ് വില്യം സോളൻസും നേരത്തേതന്നെ 994 കാർഡുകളുമായി ഓഫിസിനകത്ത് കയറിപ്പറ്റിയിരുന്നു. പക്ഷേ, അത് ഉദ്യോഗസ്ഥരെക്കൊണ്ട് സ്വീകരിപ്പിക്കാൻ ഏറെ വിയർക്കേണ്ടിവന്നു.

പെന്റഗൺ മന്ദിരത്തിനു ചുറ്റും തലേദിവസം കമ്പിവലകൊണ്ട് ഉയരത്തിൽ മതിൽ തീർത്തിരുന്നു. നവ ഇടതുപക്ഷത്തിന്റെ മുന്നണിപ്പോരാളികൾ എത്തിയ ഉടൻ, ആ മതിലിന് പഴുതുണ്ടോ എന്ന് തിരയാൻ തുടങ്ങി. എസ്.ഡി.എസ് (സ്റ്റുഡന്റ്സ് ഫോർ എ ​െഡമോക്രാറ്റിക് സൊസൈറ്റി) ഒരു കടന്നാക്രമണ സേനയെത്തന്നെ സജ്ജീകരിച്ചിരുന്നു. ധൈര്യമുറ്റിയ ആ കടുംപിടിത്തക്കാരെ വിപ്ലവപ്പട എന്നാണ് വിളിച്ചത്. അവർ ഒത്തുചേർന്ന് ഓർക്കാപ്പുറത്ത് പെന്റഗൺ പറമ്പിലെ ഒരു പാർക്കിങ് സ്ഥലത്തേക്ക് ഇരമ്പിച്ചാടിയെത്തി. വിയറ്റ്നാമിൽ അമേരിക്കക്കെതിരെ പൊരുതുന്ന നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ പതാകയും അവരുടെ കൈയിലുണ്ടായിരുന്നു.

അധികാരികളും കരുതിതന്നെയാണ്. സൈനികർ തോക്കുകളും ബയണറ്റുകളുമായിട്ടാണ് അണിനിരന്നത്. മെട്രോപൊളിറ്റൻ പൊലീസിൽനിന്ന് 1500, നാഷനൽ ഗാർഡ്സ് 2500, യു.എസ് മാർഷൽസ് 200, പട്ടാളക്കാർ 6000, വ്യോമസേനയുടെ ഒരു ഡിവിഷൻ എന്നിങ്ങനെയാണ് സേനയുടെ സംഖ്യാബലം. എന്നിട്ടും നൂറുകണക്കിന് പോരാളികൾ കമ്പിവല മതിലിൽ പിടിച്ചുതൂങ്ങി മേൽക്കൂരയോളമെത്തി. വൈകുന്നേരമായപ്പോഴേക്ക് നിരോധിതസ്ഥലത്ത് രണ്ടായിരത്തോളം പേർ എത്തിക്കഴിഞ്ഞു. ചിലരെങ്കിലും കെട്ടിടങ്ങൾക്കകത്തും എത്തിപ്പെട്ടു. അവരെ പിടികൂടാൻ ചെന്നപ്പോൾ കാഫ്കയുടെ കഥകളിലെപ്പോലെ അമൂർത്തമായ ഒരൊളിച്ചുകളി ഇടനാഴികളിൽ കാഴ്ചവെച്ചു. എസ്.ഡി.എസിന്റെ വിപ്ലവപ്പടയും യിപ്പികളും ഹിപ്പികളും പെന്റഗണിന്റെ തിരുമുറ്റത്ത് നിലയെടുത്തുനിന്നു. അവർ പാടി, ആടി, പ്രസംഗിച്ചു, ചർച്ചയിലേർപ്പെട്ടു.

 അമേരിക്കയിൽ ഫലസ്​തീന്​ അനുകൂലമായും ഇസ്രായേലി​ന്റെ ഉന്മൂലന യുദ്ധത്തിനെതിരായും ഉയരുന്ന പ്രതിഷേധങ്ങളിൽ ഒന്ന്​

 അമേരിക്കയിൽ ഫലസ്​തീന്​ അനുകൂലമായും ഇസ്രായേലി​ന്റെ ഉന്മൂലന യുദ്ധത്തിനെതിരായും ഉയരുന്ന പ്രതിഷേധങ്ങളിൽ ഒന്ന്​

 ഒടുവിൽ മുടി പറ്റെ വെട്ടിയ, കാക്കിയണിഞ്ഞ ചെറുപ്പക്കാർ അവരുടെ തൊട്ടുമുന്നിലെത്തി. അവർ ആദ്യമായിട്ടാണ് കുളിക്കാത്ത, അലക്കാത്ത, എല്ലാതരത്തിലും പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളെ മുഖാമുഖം കാണുന്നത്. ആ കൂട്ടത്തിൽ ഇല്ലാത്ത വേഷമില്ല. അറബി ശൈഖ് മുതൽ റോമൻ നാടകത്തിലെ സെനറ്റർമാർ വരെയുണ്ട്. അടുത്ത നിമിഷത്തിൽ എന്തായിരിക്കും, രോമാവൃതമായ ഒരു ചുംബനമായിരിക്കുമോ അതോ കാൽമുട്ടുകൾക്കിടയിൽ ഒളിപ്പിച്ച ബോംബാണോ എന്നറിയാതെ അങ്കലാപ്പിലാണ് ആ പട്ടാളക്കാരേറെയും. ചില യിപ്പിപ്പെൺകുട്ടികൾ പട്ടാളക്കാരുടെ കൈയിലെ തോക്കിൻ കുഴലുകളിൽ പൂവ് തിരുകിവെച്ചു. ചില വിളവത്തികൾ മാറിടം നഗ്നരാക്കി കാട്ടി. ഇതേവരെ യുദ്ധപ്രഭുക്കളെ വെറുത്തിരുന്ന ആ പട്ടാളക്കാരുടെ വെറുപ്പ് ഇപ്പോൾ മുന്നിൽനിൽക്കുന്ന അമേരിക്കൻ പൗരന്മാരിലേക്ക് തിരിച്ചുവെച്ചിരിക്കുകയാണ്.

കാത്തുകാത്തു മുഷിഞ്ഞപ്പോഴാകാം, പോരാളികളിൽ ചിലർ പട്ടാളക്കാരെ തൊഴിക്കാൻ തുടങ്ങി. ഇപ്പോൾ തോക്കുകൾ പോരാളികൾക്ക് നേരെ ഉന്നംപിടിച്ചിരിക്കുകയാണ്. പെൺകുട്ടികളിൽ ചിലർ പട്ടാളക്കാരെ അനുനയിപ്പിക്കാൻ തുടങ്ങി: ‘‘ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടമാണ്. നിങ്ങളും ഞങ്ങളെപ്പോലെയല്ലേ’’ -എന്നൊക്കെ പറഞ്ഞുകൊണ്ട്. കൂട്ടത്തിലൊരു പെൺകുട്ടി തന്റെ രണ്ട് കൈവിരലുകൾ സ്വന്തം ചുണ്ടിലമർത്തി. അതിലൊരു ചുംബനം അർപ്പിച്ചു. എന്നിട്ടാ വിരലുകൾ ഒരു പട്ടാളക്കാരന്റെ ചുണ്ടിൽ സമർപ്പിച്ചു. തൊട്ടടുത്തുനിന്ന നാല് പട്ടാളക്കാർ ചാടിവീണ് അവളെ തള്ളിത്താഴെയിട്ട് ചവിട്ടിക്കൊരട്ടി. ഒരു മര്യാദയുമില്ലാതെയാണ് പിന്നെ പെൺകിടാങ്ങളെ അടിച്ചുവീഴ്ത്തി വലിച്ചിഴച്ചത്. ഡോ. സ്പോക്, നോം ചോംസ്കി, സിഡ്നി ലെൻസ്, റോബർട്ട് ലോവെൽ തുടങ്ങിയ ആദരണീയരായ പല പ്രശസ്തരും അവിടെയുണ്ടായിരുന്നു. സമാധാനത്തിനായി പൊരുതുന്ന സ്ത്രീകൾ എന്ന സംഘത്തിന്റെ നേതാവായ ഡാഗ്മർ വിൽസണും അറസ്റ്റിലായി. അവർക്ക് തടവും പിഴയും ശിക്ഷയായി കിട്ടി.

പട്ടാളനടപടി പൊടുന്നനെത്തന്നെ ഭീകരത പ്രാപിച്ചെന്ന് പത്രലേഖകർ പലരും എഴുതി. ‘‘ബയണറ്റുകൊണ്ടും തോക്കിന്റെ പാത്തികൊണ്ടും ആളുകളെ തല്ലിവീഴ്ത്തി, ചവിട്ടി. തോക്കുകൊണ്ട് പിന്നെയും പിന്നെയും കുത്തി. ആളുകൾ ഉച്ചത്തിൽ പാട്ടുപാടിയതേയുള്ളൂ. മനുഷ്യരെപ്പോലെ പെരുമാറാൻ അവർ പട്ടാളക്കാരോട് പറഞ്ഞുകൊണ്ടിരുന്നു. ഹണ്ടർ കോളജിലെ ഇംഗ്ലീഷ് വിഭാഗം തലവൻ ഹാർവി മായ്സ്, അദ്ദേഹത്തിന് പരിചയമുള്ള ഒരു പെൺകുട്ടിയുടെ കഴുത്തിൽ കൈകൾകൊണ്ട് കുരുക്കിട്ട ഒരു പട്ടാളക്കാരൻ മൂർച്ചയുള്ള ആയുധം അവളുടെ മുഖത്തേക്ക് അടുപ്പിക്കുന്നത് കണ്ട് അങ്ങോട്ടേക്ക് നോക്കിയതാണ്. അവൾ ചോര ഛർദിക്കുന്നതാണ് കണ്ടത്.

രണ്ടോ മൂന്നോ പട്ടാളസംഘങ്ങൾ കണ്ണീർവാതകം പ്രയോഗിച്ചു. എന്നിട്ടും എല്ലാവരെയും ഒഴിപ്പിക്കാനായില്ല. രാത്രിയും പെന്റഗൺ തിരുമുറ്റത്ത് തങ്ങിയവർ നേരം പുലർന്നപ്പോഴേക്ക് ചുമരുകളിൽ സ്പ്രേ പെയിന്റ് കൊണ്ട് വർണചിത്രങ്ങൾ വരച്ചുവെച്ചിരുന്നു. അവരെ പിടികൂടിയത് എങ്ങനെയായിരിക്കുമെന്ന് പറയേണ്ടല്ലോ. തീപ്പൊരി നേതാവ് ജെറി റുബിൻ പറഞ്ഞത്, അറസ്റ്റ് ചെയ്യുമ്പോൾ മൂത്രമൊഴിച്ചുപോയി എന്നാണ്. പ്രസിദ്ധി കിട്ടിയ അറസ്റ്റ് നോർമൻ മെയ്ലറുടെ അറസ്റ്റാണ്. ബി.ബി.സി ഡോക്യുമെന്ററി സംഘത്തോടൊപ്പമാണ് മെയ്ലർ സ്ഥലത്തെത്തിയത്. അന്ന് രാത്രി അദ്ദേഹത്തിന് ഒരു വിരുന്നിൽ പങ്കെടുക്കാനുണ്ടായിരുന്നു. അതിനാൽ വൈകുന്നേരം മുതൽ സുഹൃത്തുക്കൾ വിളിച്ചുകൊണ്ടിരുന്നു. പോകാതെ നിന്ന മെയ്ലർ അറസ്റ്റിലായി. ഒരു മാസത്തെ തടവിന് ശിക്ഷിക്കുകയുംചെയ്തു. പിന്നീട് വക്കീൽ രക്ഷിച്ചെടുത്തതാണ്. മെയ്ലറുടെ സാന്നിധ്യം സമരക്കാരെ സ്വാധീനിച്ചു എന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ, ആ ചെറുപ്പക്കാർക്കും ഹിപ്പികൾക്കും മെയ്ലറെ അറിയുകയോ അവരാരും അദ്ദേഹം എഴുതിയത് വായിക്കുകയോ ചെയ്തിരുന്നില്ല!

 

കാൾ മാർക്​സ്​,ഡേ​വി​ഡ് ക്വാ​ട്ട് എ​ഴു​തി​യ ‘ഉ​രു​ക്കു​വേ​ലി​ക​ളു​ടെ വ​ർ​ഷം ’68’​ന്റെ പുറംചട്ട

കാൾ മാർക്​സ്​,ഡേ​വി​ഡ് ക്വാ​ട്ട് എ​ഴു​തി​യ ‘ഉ​രു​ക്കു​വേ​ലി​ക​ളു​ടെ വ​ർ​ഷം ’68’​ന്റെ പുറംചട്ട

മെയ്ലർക്ക് അന്നത്തെ വിരുന്ന് നഷ്ടമായെങ്കിലും ആ രാത്രി ഇംഗ്ലീഷ് സാഹിത്യത്തിന് മുതൽക്കൂട്ടായി. അന്നത്തെ അനുഭവങ്ങൾ ചേർത്ത് അദ്ദേഹമെഴുതിയ ‘രാത്രിയിലെ പട്ടാളക്കാർ’ എന്ന ചരിത്രനോവലിന് നാഷനൽ ബുക്ക് അവാർഡ് കിട്ടി. പെന്റഗണിൽ മാത്രമായിരുന്നില്ല. ഹാർവഡ്, ഹേൽ എന്നിവിടങ്ങളൊക്കെ അധ്യാപകരും പുരോഹിതരുമടക്കമുള്ളവർ കൂദാശാകർമങ്ങളോടെ സൈനികസേവനത്തിനുള്ള നോട്ടീസ് കത്തിച്ചു. ഓക്‌ലൻഡ്, കാലിഫോർണിയ എന്നിവിടങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ തെരുവുകൾ കൈയടക്കി. വിസ്കോൺസൻ യൂനിവേഴ്സിറ്റിയിൽ ചെറിയൊരു പ്രകടനം വലിയൊരു കലാപത്തിലെത്തി. പെന്റഗൺ പ്രകടനത്തിന്റെ അനുരണനം പിറ്റേന്നുതന്നെ ലണ്ടൻ നഗരത്തിലുണ്ടായി. അവിടെ നൂറുകണക്കിന് ആളുകൾ അമേരിക്കൻ എംബസിയിലേക്ക് മാർച്ച് ചെയ്തു. ‘‘ഉടൻ വിയറ്റ്നാം വിടുക’’ എന്ന് ആർത്തുവിളിച്ച അവരെ കുതിരപ്പോലീസിനെക്കൊണ്ട് ചവിട്ടിയരച്ചത് ബ്രിട്ടനുതന്നെ നാണക്കേടായിപ്പോയി.

‘‘ഈ രംഗങ്ങൾ 1968നെ പറ്റി നമുക്ക് നല്ലൊരു ധാരണ തരും’’ എന്നു പറഞ്ഞുകൊണ്ടാണ് ഡേവിഡ് ക്വാട്ട് ആമുഖാധ്യായം അവസാനിപ്പിക്കുന്നത്. ചരിത്രം അതേപോലെ ആവർത്തിക്കുമെന്ന് വിശ്വസിക്കേണ്ടിവരുന്നത് കൊളംബിയ യൂനിവേഴ്സിറ്റിയിൽ സമരക്കാർ തമ്പടിച്ച രംഗം വായിക്കുമ്പോഴാണ്. ഇപ്പോൾ, ഗസ്സ യുദ്ധത്തിനെതിരായ മുന്നേറ്റം തുടങ്ങിയതും കൊളംബിയ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾ തമ്പടിച്ചുകൊണ്ടാണല്ലോ. അന്നും അതുണ്ടായി.

പെന്റഗണിൽ കണ്ട എസ്.ഡി.എസിന്റെ പ്രസിഡന്റ് മാർക് റൂഡ് കൊളംബിയ യൂനിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. ‘‘അപകടകരമായ ധാർമിക നിലവാരമുള്ളയാൾ’’ എന്നാണ് ഒരധ്യാപകന്റെ സാക്ഷ്യം. അസാമാന്യ ധൈര്യമുള്ള ആ വിദ്യാർഥി നേതാവും അസാമാന്യ പിടിവാശിയുള്ള യൂനിവേഴ്സിറ്റി പ്രസിഡന്റ് ഗ്രേസൺ കിർക്കും തമ്മിലുള്ള യുദ്ധമായിരുന്നു കൊളംബിയയിൽ അരങ്ങേറിയത്. ഒരുവേള പ്രസിഡന്റിന്റെ ഓഫിസിൽ കുത്തിയിരുന്ന റൂഡിനെയും കൂട്ടരെയും നീക്കംചെയ്യാൻ പൊലീസെത്തുന്നു. പൊലീസുകാർ വാതിൽവഴി അകത്തുകയറിയപ്പോഴേക്ക് റൂഡും സംഘവും ജനൽവഴി പുറത്തുചാടി. പൊലീസ് പിന്തിരിഞ്ഞപ്പോൾ അകത്തേക്കും ചാടി.

അമേരിക്കയും വിയറ്റ്നാമും മാത്രമല്ല, ലോകം മുഴുവനും കടന്നുവരുന്നുണ്ട് ക്വാട്ടിന്റെ വരികളിലൂടെ. റഷ്യയുണ്ട്, ഫ്രാൻസുണ്ട്, പോളണ്ടുണ്ട്, ചെക്കോസ്ലൊവാക്യയുണ്ട്. ബ്രിട്ടനുണ്ട്, ഇറ്റലിയുണ്ട്, സ്പെയിനുണ്ട്, ജർമനിയുണ്ട്. സ്വാഭാവികമായും അവിടെയെല്ലാമുള്ള യാഥാസ്ഥിതിക ഇടതുപക്ഷവും നവീന ഇടതുപക്ഷവുമുണ്ട്. സാഹിത്യമുണ്ട്. അതിലെ മാറ്റങ്ങളുമുണ്ട്. ലോകം 1968ലേക്ക് കടന്നത് എങ്ങനെയെന്നും 1969 ലോകത്തിന് എന്തൊക്കെ തന്നുവെന്നും അക്കമിട്ട് നിരത്തുന്നു. മടുപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളല്ല. രാഷ്ട്രീയ മഹാനാടകങ്ങളുടെ അണിയറക്കഥകൾ ആക്ഷേപഹാസ്യത്തെ വെല്ലുന്ന വൈഭവത്തോടെ വിശദീകരിക്കുന്നുണ്ട് ക്വാട്ട്. ഇപ്പോഴിത് വായിക്കേണ്ടത് അതുകൊണ്ടൊന്നുമല്ല. വിയറ്റ്നാം യുദ്ധവും ഗസ്സ യുദ്ധവും ഒത്തുനോക്കാൻ വേണ്ടികൂടിയാണ്.

News Summary - weekly articles