Begin typing your search above and press return to search.
proflie-avatar
Login

കാ​ഫ്ക പ്ര​വ​ചി​ക്കു​ന്ന ലോ​കം

കാ​ഫ്ക പ്ര​വ​ചി​ക്കു​ന്ന   ലോ​കം
cancel

കഥകളിൽ ചിന്താവിസ്​മയം തീർത്ത ഫ്രാൻസ്​ കാഫ്​ക വിടവാങ്ങിയിട്ട്​ ജൂൺ 3ന്​ നൂറുവർഷം തികയുന്നു. എന്തായിരുന്നു കാഫ്​കയുടെ സാഹിത്യസംഭാവന? ആ രചനകൾ ഇപ്പോഴും കാലത്തോട്​ എന്താണ്​ സംവദിക്കുന്നത്​? കാഫ്​കയുടെ വികാരപ്രപഞ്ചം നമ്മ​െള എങ്ങനെയൊക്കെയാണ്​ മൂടുന്നത്? -വിമർശകൻ കൂടിയായ ലേഖകൻ കാഫ്​കയുടെ ജീവിതത്തിലൂടെയും എഴുത്തിലൂടെയും സഞ്ചരിക്കുന്നു.1 ഫ്രാ​ൻ​സ് കാ​ഫ്ക മ​രി​ച്ചി​ട്ട് (​ജൂ​ൺ 3, 2024) നൂ​റു കൊ​ല്ലം പൂ​ർ​ത്തി​യാ​വു​ന്നു. ലോ​ക​ത്തുനി​ന്ന് വി​ടപ​റ​ഞ്ഞ് അ​ധി​കം വൈ​കു​ന്ന​തി​ന് മു​മ്പുത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ൾ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യപ്പെ​ട്ടു. അ​തൊ​രു...

Your Subscription Supports Independent Journalism

View Plans
കഥകളിൽ ചിന്താവിസ്​മയം തീർത്ത ഫ്രാൻസ്​ കാഫ്​ക വിടവാങ്ങിയിട്ട്​ ജൂൺ 3ന്​ നൂറുവർഷം തികയുന്നു. എന്തായിരുന്നു കാഫ്​കയുടെ സാഹിത്യസംഭാവന? ആ രചനകൾ ഇപ്പോഴും കാലത്തോട്​ എന്താണ്​ സംവദിക്കുന്നത്​? കാഫ്​കയുടെ വികാരപ്രപഞ്ചം നമ്മ​െള എങ്ങനെയൊക്കെയാണ്​ മൂടുന്നത്? -വിമർശകൻ കൂടിയായ ലേഖകൻ കാഫ്​കയുടെ ജീവിതത്തിലൂടെയും എഴുത്തിലൂടെയും സഞ്ചരിക്കുന്നു.

1

ഫ്രാ​ൻ​സ് കാ​ഫ്ക മ​രി​ച്ചി​ട്ട് (​ജൂ​ൺ 3, 2024) നൂ​റു കൊ​ല്ലം പൂ​ർ​ത്തി​യാ​വു​ന്നു. ലോ​ക​ത്തുനി​ന്ന് വി​ടപ​റ​ഞ്ഞ് അ​ധി​കം വൈ​കു​ന്ന​തി​ന് മു​മ്പുത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ൾ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യപ്പെ​ട്ടു. അ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. കാ​ഫ്ക​യു​ടെ ഒ​രേ പു​സ്ത​ക​ത്തി​ന്റെ ആ​റോ ഏ​ഴോ വ്യ​ത്യ​സ്ത വി​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രേ ഭാ​ഷ​യി​ൽത​ന്നെ കാ​ണാ​നാ​വും. ത​ന്റെ കൃ​തി​ക​ളു​ടെ അ​ച്ച​ടി​യും പ്ര​സാ​ധ​ന​വും സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ നി​ർ​ദേ​ശ​മൊ​ന്നും കാ​ഫ്ക ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ത​ന്റെ മ​ര​ണ​ശേ​ഷം ഡ​യ​റി​യും കൈയെ​ഴു​ത്തു​പ്ര​തി​യും ക​ത്തു​ക​ളും ന​ശി​പ്പി​ച്ചു​ക​ള​യ​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ കു​റി​പ്പ് പി​ന്നീ​ട് സു​ഹൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ മാ​ക്സ് ബ്രോ​ഡ് ക​ണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി.

താ​ൻ എ​ഴു​തി​യ, പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​ക​ളി​ൽ, ‘The Judgement’, ‘Metamorphosis’, ‘Penal Colony’, ‘The Stoker’, ‘A Country Doctor’, ‘Hunger Artist’ തു​ട​ങ്ങി​യ​വ മാ​ത്ര​മേ നി​ല​നി​ൽ​ക്കൂ എ​ന്ന് അ​ദ്ദേ​ഹം ക​രു​തി. കാ​ഫ്ക ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ അ​ച്ച​ടി​ച്ച ര​ച​ന​ക​ളു​ടെ ആ​കെ വ​ലുപ്പം ഏ​താ​ണ്ട് അ​ഞ്ഞൂ​റ് പു​റ​ങ്ങ​ളി​ൽ താ​ഴെ​യാ​യി​രു​ന്നു എ​ന്ന​തോ​ർ​ക്ക​ണം. കാ​ഫ്ക​യു​ടെ മ​ര​ണ​ത്തി​നു മൂ​ന്നു വ​ർ​ഷം മു​മ്പ് ഒ​രു സ്വ​കാ​ര്യസം​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ കൈയെഴു​ത്തു​പ്ര​തി​ക​ളും മ​റ്റു ക​ട​ലാ​സു​ക​ളൊ​ന്നും ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നു ബ്രോ​ഡ് അ​റി​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ താ​ൻ പാ​ലി​ക്കു​മെ​ന്ന് കാ​ഫ്ക ഒ​രി​ക്ക​ലും ക​രു​തു​ക​യി​ല്ലെ​ന്ന ‘ധൈ​ര്യ’​ത്തി​ലാ​ണ് ബ്രോ​ഡ് പി​ന്നീ​ട് വി​ഖ്യാ​ത​മാ​യ നോ​വ​ലു​ക​ള​ട​ക്ക​മു​ള്ള കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​ത്ത​വ​യാ​ണ് അ​മൂ​ല്യം എ​ന്ന ത​ത്ത്വ​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു ബ്രോ​ഡി​ന്റെ മ​നോ​ഭാ​വം എ​ന്ന് പ​റ​യാ​തെ വ​യ്യ.

കാ​ഫ്ക​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ഇ​സ്രാ​യേ​ലി​ലെ തെൽ​ അ​വീ​വ് കോ​ട​തി​യി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന വ്യ​വ​ഹാ​രം ന​മു​ക്ക് അ​റി​വു​ള്ള​താ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ആ ​വാ​ദം 2012ലാ​ണ് അ​വ​സാ​നി​ച്ച​ത്. ക​ത്തി​ച്ചുക​ള​യാ​നാ​യി കാ​ഫ്ക ത​ന്റെ സു​ഹൃ​ത്താ​യ മാ​ക്സ് ബ്രോ​ഡി​നെ ഏ​ൽ​പിച്ച എ​ണ്ണ​മ​റ്റ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ൽനി​ന്നാ​ണ് ലോ​കം ഇ​ന്ന​റി​യു​ന്ന കാ​ഫ്ക​യെ ന​മു​ക്ക് ല​ഭി​ച്ച​ത്. അ​നേ​കം കെ​ട്ടു​ക​ളാ​യി സൂ​ക്ഷി​ച്ചുവെ​ച്ചി​രി​ക്കു​ന്ന ക​ട​ലാ​സു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത ആ​ർ​ക്കാ​ണെ​ന്ന ത​ർ​ക്കം വി​വാ​ദ​വി​ഷ​യ​മാ​യിത്തീർ​ന്നി​രു​ന്നു. 1939ൽ ​ബ്രോ​ഡ് നാ​സി​ക​ളി​ൽനി​ന്ന് ര​ക്ഷ തേ​ടി പ്രാ​ഗി​ൽനി​ന്ന് പ​ലാ​യ​നംചെ​യ്തു. കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ഫ്ക​യു​ടെ മ​രു​മ​ക​ൾ​ക്ക് ബ്രോ​ഡ് 1956ൽ ​ന​ൽ​കി​യി​രു​ന്നു.

ജ​ർ​മ​ൻ സം​സാ​രി​ക്കു​ന്ന ബ്രോ​ഡി​ന്റെ കൈ​വ​ശ​മു​ള്ള ഈ ‘സ്വ​ത്തു​വ​ക​ക​ൾ’ ചു​റ്റി​പ്പ​റ്റി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ക​ക്ഷി ചേ​ർ​ന്ന​ത് മൂ​ന്നു കൂ​ട്ട​രാ​യി​രു​ന്നു. ബ്രോ​ഡി​ന്റെ സെ​ക്ര​ട്ട​റിയാ​യി പ്ര​വ​ർ​ത്തി​ച്ച എ​സ്റ്റ​ർ ഹോ​ഫി​ന്റെ മ​ക​ളാ​യ ഇ​വാ ഹോ​ഫ്‌ ആ​യി​രു​ന്നു അ​വ​രി​ൽ പ്ര​ധാ​നി. 1934ൽ ​പ്രാ​ഗി​ലാ​ണ് ഇ​വാ ജ​നി​ച്ച​ത്. നാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്ന് ര​ക്ഷനേ​ടാ​നാ​യി അ​ഞ്ചു വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും അ​വ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കും പ്രാ​ഗ് വി​ടേ​ണ്ടിവ​ന്നു. ഇ​സ്രാ​യേ​ലി​ലെ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യും ജ​ർ​മ​നി​യി​ലെ മാ​ർ​ബ​ക്കി​ലു​ള്ള സാ​ഹി​ത്യ ആ​ർ​ക്കൈ​വും മ​റ്റു ക​ക്ഷി​ക​ളാ​യി.

ഇ​വ​യെ​ല്ലാം എ​സ്ത​റി​നുകൂ​ടി ബോ​ധി​ച്ച ഒ​രു പൊ​തുശേ​ഖ​ര​വ്യ​വ​സ്ഥയി​ലേ​ക്ക് (public archive) മാ​റ്റാം എ​ന്നാ​ണ് ബ്രോ​ഡ് വ്യ​വ​സ്ഥചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ച്ഛാ​നു​സൃ​ത​മു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തുവ​രെ ന​ട​പ്പാ​യി​ല്ലെ​ന്നും നാൽപ​തു വ​ർ​ഷ​ത്തോ​ളം എ​സ്ത​റും ഇ​വ​യും ചേ​ർ​ന്ന് വൈ​കി​ച്ചു​വെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. അ​ങ്ങ​നെ കാ​ഫ്ക​യു​ടെ സ​ർ​ഗാ​ത്മ​ക കൈ​യൊ​പ്പ് പ​തി​ഞ്ഞ, ബ്രോ​ഡി​ന്റെ കൈ​വ​ശ​മു​ള്ള എ​ല്ലാ ക​ട​ലാ​സു​ക​ളും ഇ​സ്രാ​യേ​ൽ പ​ബ്ലി​ക് ആ​ർ​ക്കൈ​വി​ന് കൈ​മാ​റാ​ൻ വി​ധി​യാ​യി.

2

ഒ​രു വ​ശ​ത്ത് ജ​ർ​മ​ൻ സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യ കാ​ഫ്ക, പ്രാ​ഗി​ൽ ഒ​രു ജ​ർ​മ​ൻ​കാ​ര​നാ​യി ജീ​വി​ച്ചു. എ​ന്നാ​ൽ, മ​റു​വ​ശ​ത്ത് ജ​ർ​മ​ൻ​കാ​ർ അ​ദ്ദേ​ഹ​ത്തെ ജൂ​ത​നാ​യി ക​ണ​ക്കാ​ക്കി, അ​ങ്ങ​നെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം ഇ​തി​നു ര​ണ്ടി​നു​മി​ട​യി​ലാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. അ​ച്ഛ​ന്റെ അ​വ​ഗ​ണ​ന​യും ഇ​തോ​ടൊ​പ്പം ചേ​രു​ന്ന​തോ​ടെ ഒ​രുത​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ര​ക്തി​യു​ണ്ടാ​വു​ന്നു​ണ്ട്. കു​ടും​ബ​വു​മാ​യു​ള്ള ഹി​ത​ക​ര​മ​ല്ലാ​ത്ത ബ​ന്ധം മ​നു​ഷ്യ​രി​ൽനി​ന്ന് ത​ന്നെ ഉ​ൾ​വ​ലി​യാ​ൻ കാ​ഫ്ക​യെ പ്രേ​രി​പ്പി​ച്ചു. ഒ​രു ഇ​ട​ത്ത​രം ജൂ​തകു​ടും​ബ​ത്തി​ൽ ജ​നി​ച്ച കാ​ഫ്ക​ക്ക് മൂ​ന്ന് സ​ഹോ​ദ​രി​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​വി​ത​ത്തെ പ്രാ​യോ​ഗി​ക​ബു​ദ്ധി​യോ​ടെ നോ​ക്കി​ക്ക​ണ്ട അ​ച്ഛ​നും അ​മ്മ​യും കാ​ഫ്ക​യു​ടെ ലോ​ക​ത്തുനി​ന്ന് ഏ​റെ അ​ക​ലെ​യാ​യി​രു​ന്നു. മ​നു​ഷ്യ​രി​ൽനി​ന്നും ദൈ​വ​ത്തി​ൽനി​ന്നും സ​മ​ദൂ​ര സി​ദ്ധാ​ന്തം ക​ൽ​പി​ച്ച കാ​ഫ്ക ഏ​കാ​കി​യും വി​ഷാ​ദ​വാ​നു​മാ​യി കാ​ണ​പ്പെ​ട്ട​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ല.

ജൂ​ത​നാ​യ​തുമൂ​ലം ജ​ർ​മ​ൻ സ​മൂ​ഹ​ത്തി​ൽനി​ന്നും അ​ദ്ദേ​ഹം അ​ന​ഭി​മ​ത​നാ​യി. എ​ന്നാ​ൽ, ജൂ​ത​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​മാ​യി കാ​ഫ്ക​ക്ക് ബ​ന്ധം ഇ​ല്ലാ​യി​രു​ന്നു. അ​വ​രു​ടെ ഇ​ട​യി​ലെ ഒ​റ്റ​പ്പെ​ട്ട​വ​നാ​യി കാ​ഫ്ക​യെ ഗ​ണി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. മ​ത​വും ജീ​വി​ത​വും ഇ​ഴ​ചേ​ർ​ന്നു കി​ട​ക്കു​ന്ന ഒ​രു ഇ​ടം കാ​ഫ്ക​ക്ക് സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. യാ​ഥാ​ർ​ഥ്യ​ത്തി​ൽനി​ന്ന് വേ​റി​ട്ട ഒ​ന്നാ​യി അ​ദ്ദേ​ഹം മ​ത​ത്തെ വീ​ക്ഷി​ച്ചു. അ​ക്കാ​ല​ത്തുത​ന്നെ അ​ദ്ദേ​ഹം സ്പി​നോ​സ​യു​ടെ​യും നീ​ത്ഷെ​യു​ടെ​യും ആ​ശ​യ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നു. ഈ ​വി​ധ​ത്തി​ലു​ള്ള വാ​യ​ന​യി​ലൂ​ടെ​യും ചി​ന്ത​ക​ളി​ലൂ​ടെ​യും കാ​ഫ്ക വ​ള​രെ ചെ​റു​പ്പ​ത്തി​ൽത​ന്നെ മു​ത​ലാ​ളി​ത്ത​ത്തെ​യും മ​ത​ത്തെ​യും ത​ള്ളി​പ്പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, സ്വ​യം ഒ​രു സോ​ഷ്യ​ലി​സ്റ്റും നി​രീ​ശ്വ​ര​വാ​ദി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ചെ​ക് രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക അ​ടി​യൊ​ഴു​ക്കു​ക​ളെ പ​റ്റി ധാ​ര​ണ​യു​ണ്ടെ​ങ്കി​ലും ജ​ർ​മ​ൻ സം​സ്കാ​ര​ത്തോ​ടു​ള്ള മ​മ​ത അ​ദ്ദേ​ഹ​ത്തി​ൽ ദൃ​ഢ​മാ​യി നി​ല​നി​ന്നു. ജൂ​തമ​ത​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ഒ​രു മ​തേ​ത​ര​വാ​ദി​യാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു.

ജ​ർ​മ​ൻ ഭാ​ഷ​ക്കൊ​പ്പം ചെ​ക്കും അ​ദ്ദേ​ഹം ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. പ്രാ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് നി​യ​മം പ​ഠി​ച്ച അ​ദ്ദേ​ഹം ഒ​രു ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക്ഷ​യ​രോ​ഗം അ​ധി​ക​രി​ച്ച​ത് കാ​ര​ണം 1922ൽ ​കാ​ഫ്ക​ക്ക് ജോ​ലി​യി​ൽനി​ന്ന് വി​ര​മി​ക്കേ​ണ്ടിവ​ന്നു. വൈ​കാ​തെ അ​ദ്ദേ​ഹം ജീ​വ​ൻ വെ​ടി​യു​ക​യും ചെ​യ്തു. 1912ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ​ത്തെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​തി​നെ​ട്ടു ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യി​രു​ന്നു ഇ​ത്. 1912 മു​ത​ൽ മ​ര​ണ​മ​ട​യു​ന്ന 1924 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നാ​ല് സ്ത്രീ​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ കാ​ഫ്ക​ക്ക് എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ​രെ​യും വി​വാ​ഹം ക​ഴി​ക്കാ​നാ​യി​ല്ല. ആ​ദ്യ കാ​മു​കി​യാ​യ ഫെ​ലി​സു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന സ​മ​യ​ത്തു ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാം ലോ​കയു​ദ്ധ​വും പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. സ്വ​തേ അ​ന്ത​ർ​മു​ഖ​നാ​യി​രു​ന്ന കാ​ഫ്ക ഏ​കാ​ന്ത​ത എ​ന്ന മ​ഹാ​ദു​ര​ന്ത​ത്തി​ലേ​ക്ക് നി​പ​തി​ച്ച നാ​ളു​ക​ളാ​യി​രു​ന്നു അ​വ.

പ്രാ​ഗ് എ​ന്ന ത​ട​വ​റ​യി​ൽപെ​ട്ട് സ്വാ​ത​ന്ത്ര്യം ന​ഷ്‌​ട​മാ​യ അ​വ​സ്ഥ​യി​ലാ​യി അ​ദ്ദേ​ഹം. കാ​ഫ്ക​യു​ടെ ചി​ല ഘ​ട്ട​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ അ​മ്പ​ര​പ്പ് സൃ​ഷ്ടി​ച്ചു. യു​ദ്ധം ആ​രം​ഭി​ച്ച സ​മ​യ​ത്ത് പ​ട്ടാ​ള​ത്തി​ൽ ചേ​ർ​ന്ന​ുകൊ​ണ്ട് യു​ദ്ധ​മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ഗ്ര​ഹം ഫെ​ലി​സി​നു അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി. ദൈ​നം​ദി​ന​ ലോ​ക​ത്തി​ലെ ഒ​ച്ച​പ്പാ​ടു​ക​ൾപോ​ലും സ​ഹി​ക്കാ​നാ​വാ​തെ ചെ​വി അ​ട​ച്ചുവെ​ച്ച് ന​ട​ന്നി​രു​ന്ന കാ​ഫ്ക​യു​ടെ ഈ ​ഇ​ച്ഛ ഫെ​ലി​സി​നു അം​ഗീ​ക​രി​ക്കാ​നാ​യി​ല്ല. ഇ​ങ്ങ​നെ സ​ന്ദേ​ഹ​ങ്ങ​ളു​ടെ​യും സ​ന്ദി​ഗ്ധ​ത​ക​ളു​ടെ​യും ചു​റ്റു​വ​ട്ട​ത്ത് ക​ഴി​യു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ശീ​ല​മാ​യി മാ​റി.

‘അ​ച്ഛ​ൻ’ എ​ന്ന ബിം​ബം കാ​ഫ്ക​യു​ടെ വ​ള​ർ​ച്ച​യു​ടെ എ​ല്ലാ ഘ​ട്ട​ത്തി​ലും ഒ​രു പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു. അ​ച്ഛ​ന്റെ രൂ​പം, ഭാ​വം, ശ​ബ്ദം, ശ​രീ​രം ഒക്കെ കാ​ഫ്ക​യെ പ​ലത​ര​ത്തി​ൽ അ​ല​ട്ടി​യ അം​ശ​ങ്ങ​ളാ​യി​രു​ന്നു. വാ​ത്സ​ല്യ​ത്തോ​ടു​ള്ള ഓ​രോ നോ​ട്ട​മോ സ്പ​ർ​ശ​മോ ത​ലോ​ട​ലോ ത​നി​ക്ക് അ​ച്ഛ​നി​ൽനി​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്ന് കാ​ഫ്ക പ​റ​യു​ന്നു​ണ്ട്. മു​ന്നോ​ട്ടു​ള്ള വ​ഴി കൃ​ത്യ​ത​യോ​ടെ വ​ര​ച്ചു ത​രു​ന്ന​തി​നു പ​ക​രം അ​തി​ന്റെ സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കാ​നാ​യി​രു​ന്നു അ​ച്ഛ​ന്റെ താ​ൽപ​ര്യം എ​ന്നും കാ​ഫ്ക ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ഫ്ക​യു​ടെ മു​ത്ത​ച്ഛ​ന്മാ​ർ ബൊ​ഹീ​മി​യ​യി​ലെ ഗ്രാ​മീ​ണ​രാ​യ ജൂ​ത​രാ​യി​രു​ന്നു. മ​ധ്യ​ യൂ​റോ​പ്പി​ലെ ജൂ​ത​രു​ടെ ഭാ​ഷ​യാ​യ യി​ദ്ദി​ഷി​ൽ അ​വ​ർ സം​വ​ദി​ച്ചു. എ​ന്നാ​ൽ, കാ​ഫ്ക​യു​ടെ പി​താ​വ് ചെ​ക് ഭാ​ഷ​യാ​ണ് സം​സാ​രി​ച്ച​ത്. 1870ക​ളി​ൽ അ​ദ്ദേ​ഹം പ്രാ​ഗി​ലെ​ത്തി. ത​യ്യ​ൽ സാ​മ​ഗ്രി​ക​ളും സ്ത്രീ​ക​ൾ​ക്കാ​യു​ള്ള വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന ഒ​രു സ്ഥാ​പ​നം ആ​രം​ഭി​ച്ചു.

 

കാഫ്​കയുടെ ശവകുടീരം

കാഫ്​കയുടെ ശവകുടീരം

പ്രാ​ഗി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ജ​ർ​മ​ൻ സം​സാ​രി​ക്കു​ന്ന സ​മൂ​ഹ​വു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​ക്കൊ​ണ്ട് മ​ക​നെ ജ​ർ​മൻ സം​സാ​രി​ക്കാ​ൻ ശീ​ലി​പ്പി​ച്ചാ​ണ് അ​ച്ഛ​ൻ വ​ള​ർ​ത്തി​യ​ത്. ത​ന്റെ കു​ടും​ബം രാ​ഷ്ട്രീ​യ അ​ധി​കാ​ര​ത്തി​ന്റെ ഭാ​ഷ പ​ഠി​ക്ക​ണ​മെ​ന്നും അ​തി​ൽ വ്യാ​പ​രി​ക്ക​ണ​മെ​ന്നു​മു​ള്ള ഇ​ച്ഛ പ്ര​ക​ട​മാ​ക്കി​യ ഹെ​ർ​മ​ൻ കാ​ഫ്ക മ​ക്ക​ൾ​ക്കാ​യി ജ​ർ​മൻ ഭാ​ഷ​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സം സ്വീ​ക​രി​ക്കു​ന്നു. ജ​ർ​മ​ൻ ജൂ​ത​രും ചെ​ക് സ​മൂ​ഹ​വു​മാ​യു​ള്ള ക​ല​ഹ​ങ്ങ​ൾ കു​ഞ്ഞു​ന്നാ​ളി​ൽ ത​ന്നെ കാ​ഫ്ക ക​ണ്ടുതു​ട​ങ്ങി. അ​ദ്ദേ​ഹം പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ വ​രെ അ​വ​ർ പ​ര​സ്പ​രം പോ​ര​ടി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ‘A Report to an Academy’ എ​ന്ന കാ​ഫ്ക​യു​ടെ ക​ഥ ജൂ​ത​രു​ടെ ഏ​കീ​ക​ര​ണ​ത്തി​ന്റെ ഒ​രു ഹാ​സ്യാ​നു​ക​ര​ണംപോ​ലെ മി​ക്ക​പ്പോ​ഴും ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പി​താ​ക്ക​ന്മാ​രെ ക്രൂ​ര​രും സം​സ്കാ​ര​ശൂ​ന്യ​രാ​യു​മാ​യി​ട്ടാ​യി​രു​ന്നു ഫ്രാ​ൻ​സ് കാ​ഫ്ക ക​ണ്ടി​രു​ന്ന​ത്. ഒ​രു പ​ര​മ്പ​രാ​ഗ​ത ജൂ​ത കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​മ്മ ജൂ​ലി ലോ​വി അ​ച്ഛ​നെ​ക്കാ​ൾ ‘ഭേ​ദ’​മാ​ണെ​ന്ന് കാ​ഫ്ക പ​റ​യു​ന്നു​ണ്ട്.

കാ​ഫ്ക​യു​ടെ അ​ച്ഛ​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ‘The Judgement’ എ​ന്ന ക​ഥ​യി​ലു​ള്ള​ത്. സാ​ഹ​ച​ര്യ​ങ്ങ​ളി​ൽനി​ന്ന് അ​ക​ലം പാ​ലി​ച്ച്, നി​യ​ന്ത്ര​ണ​വി​ധേ​യ​നാ​യി ജീ​വി​ക്കാ​നും എ​ഴു​താ​നും വേ​ണ്ടി​യാ​ണ് കാ​ഫ്ക അ​ച്ഛ​നെ ഓ​ർ​മിക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ ഭാ​വ​ന​യി​ൽ ക​ണ്ട​ത്. അ​ച്ഛ​ന് എ​ഴു​തി​യ ക​ത്തു​ക​ളി​ൽ, ത​ന്നെ അ​ല​ട്ടു​ന്ന മ​നോ​വി​ചാ​ര​ങ്ങ​ളെ കു​റി​ച്ച് കാ​ഫ്ക വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ‘‘ചി​ല​പ്പോ​ൾ ലോ​ക​ത്തി​ന്റെ ഭൂ​പ​ടം വി​രി​ച്ചുനീ​ട്ടി, അ​തി​ന്റെ കു​റു​കെ നി​ങ്ങ​ൾ കി​ട​ക്കു​ന്ന​താ​യി ഞാ​ൻ സ​ങ്ക​ൽ​പി​ക്കു​ന്നു. നി​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം താ​മ​സി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.’’ 1919 ന​വം​ബ​റി​ൽ ക്ഷ​യ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലി​രി​ക്കെ അ​ച്ഛ​ന് എ​ഴു​തി​യ ക​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ വി​ദ്വേ​ഷം പ്ര​ക​ട​മാ​ണ്.

അ​ച്ഛ​ന്റെ കാ​ർ​ക്ക​ശ്യ​വും അ​മ്മ​യു​ടെ അ​ധി​കം അ​ടു​പ്പം കാ​ണി​ക്കാ​ത്ത പെ​രു​മാ​റ്റ​വു​മാ​ണ് കാ​ഫ്ക​യെ ബാ​ധി​ച്ച​ത്. ‘The Judgement’ൽ ​വൃ​ദ്ധ​നാ​യ പി​താ​വ് മ​ക​നാ​യ ജോ​ർ​ജ് ബെ​ൻ​ഡെ​മാ​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും മു​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഒ​രു ന്യാ​യാ​ധി​പ​ൻ വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തുപോ​ലെ​യാ​യി​രു​ന്നു ആ ​സ​ന്ദ​ർ​ഭം. അ​ത് ശി​ര​സ്സാവ​ഹി​ച്ചു​കൊ​ണ്ട് മ​ക​ൻ ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​ണ്. യ​ഥാ​ത​ഥ ശൈ​ലി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​ക​ഥ അ​സ്തി​ത്വ​വാ​ദ​ത്തി​ലേ​ക്ക് വ​ഴു​തിവീ​ഴു​ന്നു. ലോ​കം എ​ത്ര​മേ​ൽ അ​നി​ശ്ചി​ത​മാ​ണെ​ന്ന ത​ത്ത്വം ക​ഥ​യി​ലേ​ക്ക് എ​ഴു​ത്തു​കാ​ര​ൻ തു​ന്നിവെ​ക്കു​ക​യും അ​ച്ഛ​ൻ വി​ധി​ക​ർ​ത്താ​വി​ന്റെ സ്ഥാ​നം ഏ​റ്റെ​ടു​ത്ത് നാ​യ​ക​നെ നി​യ​ന്ത്രി​ക്കു​ന്ന ശ​ക്തി​യാ​യിത്തീ​രു​ന്നു​മു​ണ്ട്. അ​ടു​ത്ത ക്ഷ​ണം സം​ഭ​വി​ക്കു​ന്ന​തുപോ​ലും മു​ൻ​കൂ​ട്ടി ഉ​റ​പ്പി​ക്കാ​ൻ മ​നു​ഷ്യ​ർ​ക്കാ​വി​ല്ല എ​ന്ന സൂ​ച​ന​യും ‘വി​ധി​ന്യാ​യം’ പ​ങ്കുവെ​ക്കു​ന്നു.

‘The Judgement’ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കാ​ഫ്ക ‘The Metamorphosis’ എ​ഴു​തി​ത്തു​ട​ങ്ങു​ന്ന​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മ​നഃ​സ്താ​പം ഗ്രി​ഗ​ർ സാം​സ​യെ രൂ​പ​പ​രി​ണാ​മ​ത്തി​നു വി​ധേ​യ​നാ​ക്കി. യ​ഥാ​ത​ഥ ശൈ​ലി​ക്കൊ​പ്പം ഭാ​വ​പ്ര​യോ​ഗ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം കൊ​ടു​ത്തുകൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ ക​ഥ​യി​ൽ ഗ്രി​ഗ​ർ സാം​സ ഒ​രു കീ​ട​മാ​യി മാ​റു​ന്നു. മെ​ലി​ഞ്ഞ അ​നേ​കം കാ​ലു​ക​ളും ക​ട്ടി​യു​ള്ള പു​റ​ന്തോ​ടും ഒ​ക്കെ​യാ​യി വി​ചി​ത്രജീ​വി​യാ​യി സാം​സ പ​രി​ണ​മി​ക്കു​ന്ന കാ​ഴ്ച കാ​ഫ്ക വ​ര​ച്ചുകാ​ട്ടു​ന്നു. അ​ന്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഉ​ച്ച​സ്ഥാ​യി​യി​ൽ, കു​ടും​ബ​വും സ​മൂ​ഹ​വു​മാ​യി പാ​ടെ അ​ക​ന്നുപോ​കു​ന്ന മ​നു​ഷ്യ​ന്റെ പ​രി​താ​പ​ക​ര​മാ​യ സ്ഥി​തി​യാ​ണ് സാം​സ​യി​ലൂ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. കാ​ഫ്ക എ​ന്ന വ്യ​ക്തി​യു​ടെ ഭ​യ​വും വ്യാ​കു​ല​ത​യും അ​ദ്ദേ​ഹം അ​നു​ഭ​വി​ച്ച ആ​ന്ത​രി​ക​മാ​യ പ്ര​വാ​സ​വും ഈ ​ക​ഥ​യു​ടെ അ​ടി​യൊ​ഴു​ക്കാ​യി വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഷ​ഡ്പ​ദ രൂ​പ​ത്തി​ൽ അ​യാ​ളെ കാ​ണു​ന്ന അ​ച്ഛ​ന്റെ പ്ര​തി​ക​ര​ണം അ​ച്ഛ​നും മ​ക​നു​മാ​യു​ള്ള വെ​റു​പ്പ് ക​ല​ർ​ന്ന മ​നോ​ഭാ​വ​ത്തെ തീ​ർ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്. മ​ര​ണ​മാ​ണ് ത​നി​ക്കും കു​ടും​ബ​ത്തി​നും ഏ​റ്റ​വും അ​ഭി​കാ​മ്യം എ​ന്ന് തി​രി​ച്ച​റി​യു​ന്ന സാം​സ അ​തി​ജീ​വ​ന​ത്തി​നാ​യി ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന് ശ്ര​ദ്ധി​ക്ക​ണം. ചു​രു​ക്ക​ത്തി​ൽ ബെ​ൻ​ഡെ​മാ​നും സാം​സ​യും ഒ​രേ വ​ഴി​യി​ലൂ​ടെ നീ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. പി​താ​വാ​യ ഹെ​ർ​മ​ൻ കാ​ഫ്ക​യു​ടെ സ​മീ​പ​നം കാ​ഫ്ക​യെ എ​ത്ര ആ​ഴ​ത്തി​ൽ ത​ക​ർ​ത്തു എ​ന്ന​തി​ന്റെ ദൃ​ഷ്ടാ​ന്ത​മാ​യി ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ കാ​ണാം. അ​ച്ഛ​ന്റെ വി​വി​ധ മ​നോ​ഭാ​വ​ങ്ങ​ളു​മാ​യി കാ​ഫ്ക​ക്ക് പൊ​രു​ത്ത​പ്പെ​ടാ​നേ സാ​ധി​ച്ചി​ല്ല.

മ​ത​വും രാ​ഷ്ട്രീ​യ​വും ഒ​ക്കെ അ​തി​ന്റെ ഭാ​ഗ​മാ​യി. ജൂ​ത​രാ​ജ്യ​ത്തി​ന്റെ വ​ക്താ​ക്ക​ളാ​യി സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും സോ​ഷ്യ​ലി​സ​ത്തി​ൽ കാ​ഫ്ക അ​തി​യാ​യി വി​ശ്വ​സി​ച്ചു. കാ​ഫ്ക​യു​ടെ സോ​ഷ്യ​ലി​സ്റ്റ് ചാ​യ്‌​വ് ചെ​റു​പ്പ​കാ​ല​ത്ത് ത​ന്നെ പ്ര​ക​ട​മാ​യി. കാ​ഫ്ക ത​ന്റെ രാ​ഷ്ട്രീ​യാ​നു​ഭാ​വം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​നാ​യി ബ​ട്ട​ൺ​ഹോ​ളി​ൽ ചു​വ​ന്ന കാ​ർ​ണേ​ഷ​ൻ ധ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ സോ​ഷ്യ​ലി​സ​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് സൈ​ദ്ധാ​ന്തി​ക​മാ​യ ത​ര​ത്തി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ഹോ​ദ​ര്യ​ത്തി​നാ​യി ഒ​രു പു​തി​യ സോ​ഷ്യ​ലി​സ്റ്റ് ക്ഷേ​മ​രാ​ഷ്ട്രം സ​ങ്ക​ൽ​പി​ക്കു​ന്നുപോ​ലു​മു​ണ്ട്. എ​ങ്കി​ലും വാ​യ​ന​യി​ലും എ​ഴു​ത്തി​ലെ പ​രീ​ക്ഷ​ണ​ശ്ര​മ​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഗാ​ഢ​മാ​യ ശ്ര​ദ്ധ ന​ൽ​കി​യ​ത്.

ഇ​തേപോ​ലെ കാ​ഫ്ക​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ സ​ങ്കീ​ർ​ണ​മാ​ക്കി​യ​തും സ്വാ​ധീ​നി​ച്ച​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ലെ സ്ത്രീ​ക​ളാ​യ ഫെ​ലീ​സ് ബൗർ, ജൂ​ലി​യ വോ​ഹി​ർ​സെ​ക്ക്, മി​ലേ​ന യെ​സ​ൻ​സ്ക, ഡോ​റ ഡി​യ​മ​ന്റ് എ​ന്നി​വ​ർ. ഏ​താ​ണ്ട് അ​ഞ്ഞൂ​റ് ക​ത്തു​ക​ളാ​ണ് കാ​ഫ്ക ഫെ​ലീ​റ്റ​ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. ഒ​രുത​വ​ണ നി​ശ്ചയി​ച്ചു​റ​പ്പി​ച്ച അ​വ​രു​ടെ വി​വാ​ഹം ന​ട​ക്കാ​തെ വ​രു​ക​യും പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​തും ന​ട​ന്നി​ല്ല. ഫെ​ലീ​റ്റ​യു​മാ​യി ഒ​രുത​രം ആ​രാ​ധ​ന​യു​ണ്ടാ​യി​രു​ന്ന കാ​ഫ്ക​, അ​വ​രു​മാ​യി വൈ​കാ​രി​ക​മാ​യ ആ​ക​ർ​ഷ​ക​ത്വ​വും അ​ടു​പ്പ​വും പു​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന് സം​ശ​യ​മാ​ണ്. താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം അ​ദ്ദേ​ഹം മി​ലേ​ന​യു​മാ​യി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചു.

ത​ന്റെ മ​നഃ​സ്താ​പം ഏ​റ്റു പ​റ​യു​ന്ന​തി​ലും കാ​ഫ്ക മ​ടി കാ​ണി​ച്ചി​ല്ല. മ​ര​ണ​ത്തി​ന്റെ മാ​ലാ​ഖ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ന്നെ പു​ണ​രാം എ​ന്ന് കാ​ഫ്ക വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ, കാ​ഫ്ക​യു​ടെ അ​പ​ക്വ​മാ​യ ധാ​ര​ണ​ക​ൾ മി​ലേ​ന​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം ആ​ശ്വാ​സ​ത്തി​നാ​യി ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് ജൂ​ലി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. പ​തി​ന​ഞ്ചു വ​യ​സ്സി​നു താ​ഴെ​യു​ള്ള ഡോ​റ​യു​മാ​യി ചേ​ർ​ന്ന് ഫല​സ്തീ​നി​ൽ ഒ​രു ഹോ​ട്ട​ൽ തു​ട​ങ്ങി വെ​യ്റ്റ​ർ ആ​യി ജോ​ലി ചെ​യ്യാ​നും അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചി​രു​ന്നു. ലൈം​ഗി​കാ​ഭി​ലാ​ഷ​ത്തി​ന്റെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾമൂ​ലം അ​ല​ഞ്ഞു​തി​രി​യു​ന്ന ഒ​രു ജൂ​ത​നെ​പ്പോ​ലെ​യാ​ണ് താ​നെ​ന്നു കാ​ഫ്ക ഒ​രി​ക്ക​ൽ മി​ലേ​ന​യോ​ട് പ​റ​ഞ്ഞു. വി​വേ​ക​ശൂ​ന്യ​വും വൃ​ത്തി​കെ​ട്ട​തു​മാ​യ ലോ​ക​ത്തി​ലൂ​ടെ വി​വേ​ക​മി​ല്ലാ​ത്ത, അ​ല​യു​ന്ന ഒ​രു​വ​നാ​യി കാ​ഫ്ക ത​ന്നെ സ്വ​യം കാ​ണു​ക​യാ​ണു​ണ്ടാ​യ​ത്. ‘അ​മേ​രി​ക്ക’​ എന്ന നോവലിലെ കാ​ൾ പ്ര​ക​ട​മാ​ക്കു​ന്ന ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ കു​റി​ച്ചു​ള്ള ഭീ​തി​യും ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്.

വ്യ​വ​സാ​യ വി​പ്ല​വ​ത്തെ​യും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന കാ​ഫ്ക, ആ​ത്മാ​വി​നെ ത​ക​ർ​ക്കു​ക​യും ക​ത്തെ​ഴു​തു​ന്ന​വ​രെ​യും സ്വീ​ക​ർ​ത്താ​വി​നെ​യും ഒ​രു​പോ​ലെ പ്രേ​ത​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്ന ക​പ​ട ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ വ​ഞ്ച​നാ​പ​ര​മാ​യ രൂ​പ​മാ​ണ് ക​ത്തു​ക​ളെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ‘‘ക​ത്തു​ക​ളി​ലൂ​ടെ​യു​ള്ള ചും​ബ​ന​ങ്ങ​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്നി​ല്ല, പ​ക​രം പ്രേ​ത​ങ്ങ​ൾ വ​ഴി​യി​ൽ മ​ദ്യ​പി​ക്കു​ന്നു’’ എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ങ്ങ​നെ ആ​ധു​നി​ക​മാ​യ സാ​ധ്യ​ത​ക​ളെ ആ​ശ്ലേ​ഷി​ച്ചി​രു​ന്ന കാ​ഫ്ക പു​തി​യ ഇ​ട​ങ്ങ​ളു​ടെ തു​റ​വി കാം​ക്ഷി​ച്ചു.

ജീ​വി​ത​ത്തി​ൽനി​ന്ന് സാ​ഹി​ത്യ​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് സാ​ഹി​ത്യ​ത്തി​ന് ജീ​വി​ത​വു​മാ​യി അ​ഭേ​ദ്യ​ബ​ന്ധ​മു​ള്ള​തി​നാ​ലാ​യി​രു​ന്നു എ​ന്ന വി​ശ്വാ​സം കാ​ഫ്ക മു​റു​കെ പി​ടി​ക്കു​ന്ന ഒ​ന്നാ​യി മാ​റി. ‘‘ഞാ​ൻ സാ​ഹി​ത്യം ഉ​ൾ​ക്കൊ​ള്ളു​ന്നു:​ ഞാ​ൻ മ​റ്റൊ​ന്നു​മ​ല്ല’’ എ​ന്നു​റ​ക്കെ പ്ര​ഖ്യാ​പി​ച്ച കാ​ഫ്ക​യു​ടെ വ്യ​ക്തി​ത്വം മ​ര​ണാ​നന്ത​ര​മാ​ണ് സ്പ​ഷ്ട​മാ​യി തെ​ളി​യു​ന്ന​ത്. കാ​ഫ്ക​യു​ടെ ആ​ഖ്യാ​ന​ങ്ങ​ളി​ലെ സം​ഭ​വ​ങ്ങ​ളു​ടെ യു​ക്തി​ഭ​ദ്ര​ത കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ വാ​യ​ന​ക്കാ​രും ഒ​ട്ടൊ​ക്കെ പ​രി​ശ്ര​മി​ക്കേ​ണ്ടി വ​രും.

 

മാ​ന​സി​ക വ്യാ​പാ​ര​ത്തി​ന്റെ​യും വി​ജ്ഞാ​ന ശാ​സ്ത്ര​ത്തി​ന്റെ​യും അ​ക​മ്പ​ടി അ​വ​യെ ഗൂ​ഢ​പ്ര​ശ്ന​മാ​ക്കി മാ​റ്റാ​റു​മു​ണ്ട്. ആ​ശ​യ​ക്കു​ഴ​പ്പ​വും അ​നി​ശ്ചി​ത​ത്വ​വും കാ​ഫ്ക​യു​ടെ ആ​ഖ്യാ​ന​ങ്ങ​ളെ നി​ഗൂ​ഢ​മാ​യ അ​നു​ഭ​വ​മാ​ക്കിത്തീ​ർ​ക്കു​ന്നു. ‘The Trial’ലും ‘The Castle​’ലും ഒ​രേ പ്ര​മേ​യ​ത്തി​ന്റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണ് ച​ർ​ച്ചചെ​യ്യു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ണ്. 1914ലും 1922ലു​മാ​യി എ​ഴു​തി പൂ​ർ​ത്തി​യാ​കാ​തെ പോ​യ നോ​വ​ലു​ക​ളാ​ണ് ഇ​വ. ‘ദ ട്രയലി’ൽ ​ജോ​സ​ഫ് കെ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ അ​ജ്ഞാ​ത​രാ​യ മ​നു​ഷ്യ​ർ പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചി​ല കു​റ്റ​ങ്ങ​ളു​ടെ പേ​രി​ൽ അ​യാ​ളെ നി​യ​മവി​ചാ​ര​ണ​ക്ക് വി​ധേ​യ​നാ​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു. നി​യ​മ​സം​വി​ധാ​നം അ​യാ​ൾ​ക്ക് എ​തി​രെ നി​ല​കൊ​ള്ളു​ക​യാ​ണ്. ജോ​സ​ഫ് കെ​യു​ടെ വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​യി അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​ങ്ങ​നെ പ​ഴു​തു​ക​ളെ​ല്ലാം അ​ട​ച്ചുകൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു അ​യാ​ൾ​ക്കെ​തി​രെ ന​ട​മാ​ടി​യ​ത്.

‘The Castle’​ ആ​ക​ട്ടെ കെ യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, അ​യാ​ൾ ആ​യി​രു​ന്നോ ലാ​ൻ​ഡ് സ​ർ​വേ​യ​ർ എ​ന്ന സം​ശ​യം ബാ​ക്കി​യാ​കു​ന്നു. ഇ​ത്ത​രം അ​യു​ക്തി​ക​ളും വി​രോ​ധാ​ഭാ​സ​ങ്ങ​ളും കാ​ഫ്ക ആ​ഖ്യാ​ന​ത്തി​ൽ സാ​മ​ർ​ഥ്യ​പൂ​ർ​വം വി​ള​ക്കി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ത​ല​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തെ സ​ർ​ഗാ​ത്മ​ക​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ഴു​ത്തു​കാ​ര​ന്റെ ശ്ര​മംകൂ​ടി​യാ​ണ് ഈ ​കൃ​തി​ക​ൾ എ​ന്ന് നി​സ്സം​ശ​യം പ​റ​യാം. ഇ​വി​ടെ ജോ​സ​ഫ് കെ​യും കെ​യും സ​ന്ദി​ഗ്ധ​തകളി​ൽ ഉ​ഴ​റു​ന്ന മ​നു​ഷ്യ​രു​ടെ പ്ര​തി​നി​ധി​ക​ളാ​ണ്. റോ​ബ​ർ​ട്ടോ ക​ലാ​സോ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ‘K’ എ​ന്ന പു​സ്ത​ക​ത്തി​ൽ ‘ദി ​ട്ര​യ​ലി’​നെ​യും ‘ദി ​കാ​സി​ലി​’നെ​യും കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ അ​പ​ഗ്ര​ഥി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ ക​ണ്ണി​ൽ ഈ ​ലോ​ക​ത്ത് പ​രോ​ക്ഷ​മാ​യി നി​ലനി​ൽ​ക്കു​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന, മ​റ​ഞ്ഞി​രി​ക്കു​ന്ന ഗൂ​ഢ​യി​ട​ത്തി​ന്റെ ജാ​ല​ക​ കാ​ഴ്ച​യാ​ണ് ഈ ​ര​ണ്ടു കൃ​തി​ക​ളി​ലെ ഓ​രോ വ​രി​യും പ്ര​ദാ​നംചെ​യ്യു​ന്ന​ത്. ആ ​മ​റ​ഞ്ഞി​രി​ക്കു​ന്ന ലോ​കം ന​ല്ല​താ​ണോ മോ​ശ​മാ​ണോ, സ്വ​ർ​ഗീയ​മാ​ണോ ന​ര​ക​തു​ല്യ​മാ​ണോ എ​ന്ന് ന​മു​ക്ക് ഉ​റ​പ്പി​ച്ച് പ​റ​യാ​ൻ ക​ഴി​യി​ല്ല എ​ന്നും ക​ലാ​സോ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

3

കാ​ഫ്ക​യു​ടെ മാ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം സം​ഗ​ത​മാ​യ ഒ​രു കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ പ​കു​തി​യി​ലെ ഒ​രു പൊ​തു പ്ര​ശ്ന​മാ​യി​രു​ന്ന ഉ​ത്ക​ണ്ഠ​യു​ടെ വേ​റി​ട്ട​തും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ദൃ​ഷ്ടാ​ന്ത​മാ​യി കാ​ഫ്ക​യെ സ​മീ​പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​തു​പോ​ലെ കാ​ഫ്ക​യു​ടെ ജീ​വി​ത​കാ​ലം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​മു​ണ്ട്. 1883ൽ ​ജ​നി​ക്കു​ക​യും 1924ൽ ​മ​രി​ക്കു​ക​യും ചെ​യ്ത കാ​ഫ്ക സോ​വി​യ​റ്റ് യൂ​നി​യ​ന്റെ ജ​ന​നം, മു​ത​ലാ​ളി​ത്ത അ​മേ​രി​ക്ക​യു​ടെ ഏ​കീ​ക​ര​ണം, നാ​സി ജ​ർ​മനി​യു​ടെ പി​റ​വി എ​ന്നി​വ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​തേ കാ​ല​ഘ​ട്ട​ത്തി​ൽ പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​വും സം​ഭ​വി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​നു​ഷ്യ​രു​ടെ ജീ​വി​തം നി​ഴ​ലു​ക​ൾപോ​ലെ​യാ​ണ്. ഉ​പ​രി​പ്ല​വ​മാ​യി ചി​ന്തി​ച്ചാ​ൽ ഒ​രു അ​രാ​ഷ്ട്രീ​യ എ​ഴു​ത്തു​കാ​ര​നാ​യി തോ​ന്നാ​വു​ന്ന കാ​ഫ്ക എ​ന്നാ​ൽ പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്റെ നോ​ട്ട​ങ്ങ​ൾ അ​രാ​ജ​ക​ത്വ​ത്തെ വി​മ​ർ​ശി​ക്കു​ന്ന വി​ധ​മാ​യി​രു​ന്നു. പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ന്ന ലോ​ക​വും ഭീ​തി​ദ​മാ​യ ഒ​ന്നാം ലോ​ക​യു​ദ്ധ​വും സാ​മാ​ന്യേ​ന സം​ജാ​ത​മാ​യ അ​ര​ക്ഷി​ത​ത്വ​വും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ നി​റ​ഞ്ഞ ജീ​വി​ത​വും അ​ദ്ദേ​ഹ​ത്തെ ചി​ന്താ​ധീ​ന​നാ​ക്കി. പി​ന്നീ​ട് നാ​സി ജ​ർ​മ​നി​യു​ടെ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാമ്പി​ൽവെ​ച്ച് കാ​ഫ്ക​യു​ടെ മൂ​ന്നു സ​ഹോ​ദ​രി​മാ​ർ വ​ധി​ക്ക​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, കാ​ഫ്ക​യു​ടെ പു​സ്ത​ക​ങ്ങ​ൾ​ക്കും ദു​ര്യോ​ഗം വ​ന്നു ചേ​ർ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ട്ട​ത് ആ​രും ചോ​ദ്യംചെ​യ്തി​ല്ല. യൂ​റോ​പ്യ​ൻ ജൂ​ത​ന്മാ​രെ ഉ​ന്മൂ​ല​നം ചെ​യ്ത​തി​നുശേ​ഷം ഹി​റ്റ്ല​റി​ന്റെ സം​ഘം 1945ൽ ​ചെ​ക് ജ​ർ​മ​ൻ​കാ​രെ പു​റ​ത്താ​ക്കി.

ര​ണ്ടാം ലോ​ക​യു​ദ്ധം ക​ഴി​ഞ്ഞ്, ഫ്ര​ഞ്ച് അ​സ്തി​ത്വ​വാ​ദി​ക​ളാ​ണ് കാ​ഫ്ക​യെ വീ​ണ്ടെ​ടു​ത്ത​ത് എ​ന്നൊ​രു വാ​ദം നി​ല​വി​ലു​ണ്ട്. ഉ​ത്ക​ണ്ഠ​ക​ളു​ടെ​യും ആ​കു​ല​ത​ക​ളു​ടെ​യും പി​താ​വാ​യി അ​വ​ർ കാ​ഫ്ക​യെ വി​ല​യി​രു​ത്തി. കാ​മു​വി​ന് മു​ന്നേ ന​ട​ന്ന​യാ​ളാ​യി ഫ്ര​ഞ്ച് ബു​ദ്ധി​ജീ​വി സം​ഘം കാ​ഫ്ക​യെ അ​വ​രോ​ധി​ച്ചു. പ്രാ​ഗ് വ​സ​ന്ത​ത്തി​ന്റെ കാ​ല​ത്ത് സോ​വി​യ​റ്റ് യൂ​നി​യ​ന്റെ അ​ധി​കാ​ര മേ​ൽ​ക്കോ​യ്മ​​ക്കെ​തി​രെ​യു​ള്ള സാം​സ്കാ​രി​ക ബിം​ബ​മാ​യി കാ​ഫ്ക പ​രി​ണ​മി​ച്ചു. ഇ​തേ കാ​ല​യ​ള​വി​ൽ സോ​വി​യ​റ്റ് യൂ​നിയ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കി​ഴ​ക്ക​ൻ ബ്ലോ​ക്ക് രാ​ജ്യ​ങ്ങ​ൾ കാ​ഫ്ക​യു​ടെ കൃ​തി​ക​ൾ വാ​യി​ക്കണ​മെ​ന്ന് സാ​ർ​ത്ര് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

യ​ഥാ​ർ​ഥ ജീ​വി​തം മ​റ്റൊ​രി​ട​ത്ത്, ആ​ർ​ക്കും അ​പ്രാ​പ്യ​മാ​വാ​ത്ത​തോ ഒ​രു​പ​ക്ഷേ അ​തി​മാ​നു​ഷി​ക ത​ല​ത്തി​ലോ മ​നു​ഷ്യ​ത്വം തീ​രെ ഇ​ല്ലാ​ത്ത നി​ല​യി​ലോ​ ആ​വാം സ്ഥി​തിചെ​യ്യു​ന്ന​ത്. Kafkan എ​ന്നോ Kafkaesque എ​ന്നോ വി​ളി​ക്ക​പ്പെ​ടു​ന്ന വാ​ക്ക് അ​ദ്ദേ​ഹം മ​രി​ച്ച​ി​​ട്ട് ഒ​രു നൂ​റ്റാ​ണ്ടി​നി​പ്പു​റം അ​ങ്ങേ​യ​റ്റം പ്ര​സ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു. ‘‘എ​ഴു​ത്തു​കാ​ര​നാ​യ ഫ്രാ​ൻ​സ് കാ​ഫ്ക​യു​ടെ (1883-1924) അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ളു​ടേ​തോ അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​തോ’’ എ​ന്നാ​ണ് ഓ​ക്‌​സ്‌​ഫ​ഡ് ഇം​ഗ്ലീ​ഷ് നി​ഘ​ണ്ടു ‘Kafkasque’ന് ​ന​ൽ​കി​യ നി​ർ​വ​ച​നം. ന​മ്മു​ടെ സ്വ​കാ​ര്യ​മാ​യ എ​ല്ലാ പെ​രു​മാ​റ്റരീ​തി​ക​ളും മ​റ്റൊ​രു ‘ശ​ക്തി’ നി​യ​ന്ത്രി​ക്കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​വു​ക​യും അ​തി​യാ​ഥാ​ർ​ഥ്യം നി​റ​ഞ്ഞ ഒ​രു ലോ​ക​ത്തി​ലേ​ക്ക് ന​മ്മ​ൾ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​തി​ഭാ​സ​ത്തെ​യാ​ണ് ഈ ​വാ​ക്ക് പ്ര​തി​നി​ധാനം ചെയ്യുന്ന​ത്.

 

കാഫ്​ക കാമുകി ​െഫലീസിനൊപ്പം,കാഫ്​ക അച്ഛനെഴുതിയ കത്ത്​

കാഫ്​ക കാമുകി ​െഫലീസിനൊപ്പം,കാഫ്​ക അച്ഛനെഴുതിയ കത്ത്​

ചു​റ്റു​പാ​ടും പ​ര​തി​യാ​ൽ ജോ​സ​ഫ് കെ മാ​രെ ധാ​രാ​ള​മാ​യി കാ​ണാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്ന് ഉ​രു​വ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​യ​മ/​ഭ​ര​ണ സം​വി​ധാ​നം പൗ​ര​വ​ർ​ഗ​ത്തി​നുമേ​ൽ സ​ദാ ജാ​ഗ​രൂ​ക​രാ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും പീ​ഡ​ന​പ​ദ്ധ​തി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന ദുഃസ്ഥി​തി​യെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ‘ദു​ർ​ഗ​ത്തി​ൽ’ അ​ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ നി​സ്സ​ഹാ​യ​ത​ക​ളെ കാ​ഫ്ക വി​ശ​ദീ​ക​രി​ക്കു​ന്നു. മി​ല​ൻ കു​ന്ദേ​ര നി​രീ​ക്ഷി​ക്കു​ന്ന​തുപോ​ലെ കാ​ഫ്ക​യു​ടെ ലോ​ക​ത്തി​ൽ ഫ​യ​ലു​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഫ​യ​ലു​ക​ളി​ൽ കു​രു​ങ്ങി ജീ​വി​തം അ​നി​ശ്ചി​ത​വ​ല​യ​ത്തി​ലേ​ക്ക് ഭ്ര​മ​ണംചെ​യ്യു​ന്ന​തി​ന്റെ ദൃ​ഷ്ടാ​ന്ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഥാ​ഗാ​ത്ര​ങ്ങ​ൾ. അ​ധി​കാ​ര​ത്തി​നു പ​ര​മോ​ന്ന​ത​ഭാ​വം കൈ​വ​രു​ന്ന​തോ​ടെ അ​ത് സ്വ​യം സം​ഹി​ത​ക​ൾ ര​ചി​ച്ചുതു​ട​ങ്ങു​ന്നു എ​ന്ന സൂ​ച​ന കു​ന്ദേ​ര ത​രു​ന്നു​ണ്ട് (Kafka’s World: Milan Kundera).

സ​മ​കാ​ല ലോ​ക​ത്തി​ന്റെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ കാ​ഫ്ക ര​ചി​ച്ച നോ​വ​ലു​ക​ളി​ലെ സ​ന്ദ​ർ​ഭ​ങ്ങ​ൾ​ക്ക് സ​ദൃ​ശ​മാ​വു​ന്ന​ത് നാം ​ക​ണ്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര എ​ന്ന ല​ളി​ത​മാ​യ ആ​ശ​യം യ​ത്ന​മി​ല്ലാ​തെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​താ​കു​ന്ന സ​മ​കാ​ല​ത്ത്, ലോ​കം കാ​ഫ്ക​യി​ലേ​ക്ക് തി​രി​ച്ചുപോ​കു​ന്നു. ന​ദി​യി​ൽ സ്വ​ന്തം നി​ഴ​ൽ ക​ണ്ടാ​ലും ഭ​യ​പ്പെ​ടു​ന്ന കാ​ലു​ഷ്യം നി​റ​ഞ്ഞ നാ​ളു​ക​ളി​ൽ ആ​കു​ല​ത​ക​ളും നി​രാ​സ​ങ്ങ​ളും വി​ഷ​മ​ത​ക​ളും നേ​രി​ടാ​നും അ​സ്തി​ത്വ പ്ര​തി​സ​ന്ധി​ക​ളു​ടെ ദി​ശ​ക​ൾ അ​നു​മാ​നി​ക്കാ​നും കാ​ഫ്ക​യെ​ന്ന സൂ​ത്ര​വാ​ക്യം ന​മു​ക്ക് സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ വ്യാ​കു​ല​ത​യും ആ​ധി​യും മൂ​ലം ‘രാ​ജ്യ​ഭ്ര​ഷ്ട’​നാ​യി ജീ​വി​ക്കേ​ണ്ടിവ​ന്ന കാ​ഫ്ക​യു​ടെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം ജീ​വി​ച്ച കാ​ല​ത്തി​ന്റെകൂ​ടി വ്യ​ഥ​ക​ളാ​യി ക​ണ​ക്കാ​ക്കാം.

അ​ഭി​ജാ​ത​വ​ർ​ഗം ര​ചി​ക്കു​ന്ന നി​യ​മ​സം​ഹി​ത​ക്കു മു​ന്നി​ൽ വാ​ദ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ക്കാ​നാ​വാ​തെ വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ർ ഇ​ര​ക​ളാ​യിത്തീ​രു​ന്ന കാ​ഴ്ച​യാ​ണ് കാ​ഫ്ക​യു​ടെ ക​ഥാ​ലോ​ക​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്. അ​ധി​കാ​രം ഒ​രേ ദി​ശ​യി​ൽ, ക്ര​മ​ത്തി​ല​ധി​ഷ്ഠി​ത​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഘ​ട​ക​മാ​യി അ​ധി​കാ​ര​ത്തെ കാ​ണാ​നാ​വി​ല്ല എ​ന്ന് കാ​ഫ്ക സ്ഥാ​പി​ക്കു​ന്നു​ണ്ട്. ‘The Castle’ എ​ന്ന നോ​വ​ലി​ൽ അ​ധി​കാ​ര​ത്തി​ന്റെ​യും ആ​ധി​പ​ത്യ​ത്തി​ന്റെ​യും വ​ഴി ലം​ബ​മാ​ന​മാ​യും തി​ര​ശ്ചീ​ന​മാ​യും ച​ലി​ക്കു​ന്ന ഘ​ട​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൃ​ത്യ​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സ​ർ​വേ​യ​റും ഗ്രാ​മ​വാ​സി​ക​ളും കോ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളി​ലൂ​ടെ ഇ​ത് വ്യ​ക്ത​മാ​ണ്. അ​ധി​കാ​ര​ത്തി​ന്റെ പ​ര​ശ്ശ​തം മു​ഖ​ങ്ങ​ൾ സൂ​ക്ഷ്മ​വും സ്ഥൂ​ല​വു​മാ​യ ത​ല​ത്തി​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​തി​ന്റെ ദൃ​ഷ്‌​ടാന്ത​മാ​ണ്‌ കാ​ഫ്ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​മ​ഗ്രാ​ധി​പ​ത്യം ഒ​രു കൊ​ച്ചു ഗ്രാ​മ​ത്തി​ൽ ന​ട​ത്തു​ന്ന വി​ള​യാ​ട്ടം അ​ധി​കാ​ര​മെ​ന്ന വ്യ​വ​സ്ഥ​യു​ടെ പൊ​തു​സ്വ​ഭാ​വ​മാ​ണ്.

സ്ഥ​ല/​കാ​ല/​ സ​മ​യ ഭേ​ദ​മി​ല്ലാ​തെ അ​ധി​കാ​ര​ത്തി​ന്റെ ഈ ​വി​ള​യാ​ട​ൽ പ്ര​വ​ച​നസ്വ​ഭാ​വ​ത്തോ​ടെ അ​പ​ഗ്ര​ഥി​ക്കാ​ൻ കാ​ഫ്ക​ക്കാ​യി. മാ​ത്ര​മ​ല്ല, വ​ർ​ഷ​ങ്ങ​ളും നൂ​റ്റാ​ണ്ടു​ക​ളും ക​ഴി​യു​ന്ന​തോ​ടെ കാ​ഫ്ക​യു​ടെ കാ​ഴ്ച​പ്പാ​ടി​ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ക​യാ​ണ്. ‘ദി കാസിൽ’ എ​ന്ന നോ​വ​ലി​ൽ, അ​ദൃ​ശ്യ​വും അ​പ്രാ​പ്യ​വു​മാ​യ അ​ധി​കാ​ര​ത്തി​നെ​തി​രെ കേ​ന്ദ്ര ക​ഥാ​പാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​തു​പോ​ലെ, ‘ദി ​ട്ര​യ​ലി​ൽ’, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത, അ​ലി​ഖി​ത നി​യ​മ​വു​മാ​യി പോ​രാ​ടാ​ൻ സ​മാ​ന​മാ​യ ത​ല​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ സ​മ്മ​ർ​ദ​പ്പെ​ടു​ത്തു​ന്നു.

 

കാഫ്​ക ഭവനം

കാഫ്​ക ഭവനം

4

ഗു​സ്താ​വ് ജ​നാ​ച് കാ​ഫ്ക​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം പി​ന്നീ​ട് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച പു​സ്ത​ക​മാ​യിത്തീ​ർ​ന്നു. ‘Conversations with Kafka’ എ​ന്ന ഈ ​ഗ്ര​ന്ഥ​ത്തി​ൽ കാ​ഫ്ക​യു​ടെ ജീ​വി​ത​ത്തെ​യും ലോ​ക​ത്തെ​യും കു​റി​ച്ചു​ള്ള വേ​റി​ട്ടു​ള്ള വി​ചാ​ര​ങ്ങ​ൾ കാ​ണാം. ‘‘നാം ​ആ​കാ​ശ​ത്ത് ന​ക്ഷ​ത്ര​ങ്ങ​ളു​ടെ അ​പാ​ര​തപോ​ലെ അ​ന​ന്ത​മാ​യ​തും മ​ഹ​ത്താ​യ​തും അ​ഗാ​ധ​വു​മാ​യ​തു​മാ​ണ് ജീ​വി​തം. ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ അ​സ്തി​ത്വ​ത്തി​ന്റെ ഇ​ടു​ങ്ങി​യ താ​ക്കോ​ൽ​പ്പഴു​തി​ലൂ​ടെ മാ​ത്ര​മേ ഒ​രാ​ൾ​ക്ക് അ​തി​നെ നോ​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ, അ​തി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​യാ​ൾ​ക്ക് ഗ്ര​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്നു. അ​തി​നാ​ൽ എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി ഒ​രാ​ൾ ഇ​പ്പ​റ​ഞ്ഞ താ​ക്കോ​ൽ​പ​ഴു​ത് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം’’, കാ​ഫ്ക​യു​ടെ ഈ ​വാ​ക്കു​ക​ൾ ഈ ​താ​ക്കോ​ൽ​ദ്വാ​ര​ത്തെ സം​ബ​ന്ധി​ച്ച കാ​ഴ്ച​പ്പാ​ട് വി​ക​സി​പ്പി​ക്കു​ന്നു. അ​ത് ഏ​തെ​ങ്കി​ലും ഉ​പ​ദേ​ശ​ത്തി​ൽനി​ന്നോ പ്ര​ബോ​ധ​ന​ത്തി​ൽനി​ന്നോ ശു​ദ്ധ​മാ​യി​രി​ക്ക​ണം. അ​ത് ന​മ്മു​ടെ വി​ധി രൂ​പ​പ്പെ​ടു​ത്തു​ന്ന ഒ​രു പു​തി​യ താ​ൾപോ​ലെ​യു​മാ​വ​ണം.

അ​രാ​ജ​ക​ത്വ​ത്തെ പി​ന്തു​ണ​ക്കുന്ന കാ​ഫ്ക ഈ ​പു​സ്ത​ക​ത്തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ചെ​ക്ക് അ​രാ​ജ​ക​ത്വ​വാ​ദി​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പു​ല​ർ​ത്തു​ന്ന കാ​ഫ്ക​യും അ​വി​ടെ അ​വ​ത​രി​ക്കു​ന്നു. അ​രാ​ഷ്ട്രീ​യ​മാ​യ ന​യം സൂ​ക്ഷി​ക്കു​മ്പോ​ഴും രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​ത്തി​ന്റെ മൂ​ർ​ച്ച അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ന്നു. ഫ​ല​സ്തീ​നി​ലെ ജൂ​ത​സ​മൂ​ഹ​ത്തി​ന്റെ സ്ഥാ​ന​ത്തെ പ​റ്റി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​ഫ്ക​യെ ഗു​സ്താ​വ് ഓ​ർ​ക്കു​ന്നു​ണ്ട്. ഒ​ന്നാം ലോ​ക​യു​ദ്ധ​സ​മ​യ​ത്ത് സ​യ​ണി​സ്റ്റു​ക​ളും ലോ​ക​നേ​താ​ക്ക​ളും ത​മ്മി​ൽ നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നു, ബ്രി​ട്ട​ൻ ഫല​സ്തീ​നി​ലെ ജൂ​ത ജ​ന​ത​ക്ക് ഒ​രു രാ​ഷ്ട്ര​ത്തി​നാ​യി പി​ന്തു​ണ​യേ​കി.

അ​ക്കാ​ല​ത്തെ ജൂ​ത-​ഫല​സ്തീ​ൻ വി​രോ​ധ​മാ​ണ് കാ​ഫ്ക​യു​ടെ ‘കു​റു​ന​രി​ക​ളും അ​റ​ബി​ക​ളും’ എ​ന്ന ക​ഥ​ക്കാ​ധാ​രം. വം​ശീ​യ​മാ​യ ചി​ന്ത അ​തി​ദ്രു​തം വ്യാ​പി​ച്ച അ​ക്കാ​ല​ത്തെ അ​റ​ബി-​ജൂ​ത വെ​റു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ക​ഥ എ​ഴു​ത​പ്പെ​ട്ട​ത്. വം​ശീ​യ​മാ​യ മു​ൻ​ധാ​ര​ണ ഇ​രു​കൂ​ട്ട​രു​ടെ ഇ​ട​യി​ലും നി​ല​നി​ന്നു. അ​തേ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ശ​മി​ക്കു​ക​യും ചെ​യ്തി​ല്ല. ‘കു​റു​ന​രി​ക​ളും അ​റ​ബി​ക​ളും’ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ഫല​സ്തീ​നി​ലെ അ​റ​ബ്, ജൂ​ത വം​ശ​ത്തി​ന്റെ മു​ൻ​വി​ധി​ക്ക് ഊ​ന്ന​ൽ കൊ​ടു​ക്കു​ന്നു.

ജൂ​ത​രു​ടെ ക​ഠി​ന​മാ​യ അ​ല​ച്ചി​ലി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. കാ​ഫ്ക​യു​ടെ അ​ല​ഞ്ഞു​തി​രി​യ​ലു​ക​ൾ വേ​റൊ​രു ത​ല​ത്തി​ൽ പ്ര​യാ​സ​മേ​റി​യ​തും സ​ങ്കീ​ർ​ണവു​മാ​ണ്. ആ​ന്ത​രി​ക മ​രു​ഭൂ​മി​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന കാ​ഫ്ക​ക്കും നി​ർ​വ​ചി​ക്ക​പ്പെ​ട്ട​താ​യ ഒ​രു ത​ന്നി​ട​മി​ല്ല. കാ​ഫ്ക ഒ​രു ആ​ന്ത​രി​ക കു​ടി​യേ​റ്റ​മോ രാ​ജ്യ​ഭ്ര​ഷ്ടോ അ​നു​ഭ​വി​ച്ച​താ​യി ഉ​റ​പ്പി​ച്ചു പ​റ​യാം. ഒ​രു​പ​ക്ഷേ കാ​ഫ്ക​ക്ക് എ​ഴു​ത്ത് എ​ന്ന പ്ര​ക്രി​യ ഒ​രു തി​ര​ഞ്ഞെ​ടു​പ്പാ​കാം. സ്വ​യം അ​നു​ഷ്ഠി​ക്കേ​ണ്ടിവ​ന്ന ഭ്ര​ഷ്ടി​നെ മ​റി​ക​ട​ക്കാ​ൻ എ​ഴു​ത്തി​ൽ അ​ഭ​യം തേ​ടി​യ ഒ​രാ​ളാ​യി കാ​ഫ്ക​യെ അ​വ​രോ​ധി​ക്കു​ന്ന​തി​ൽ യു​ക്തി​യു​ണ്ട്.

 

അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കൂ: ‘‘​ക​ഴി​ഞ്ഞ നാ​ൽപ​ത് കൊ​ല്ല​ങ്ങ​ളാ​യി ഞാ​ൻ കാ​ന​ൻ ഭൂ​മി​ക​യി​ൽനി​ന്ന് അ​ല​ഞ്ഞുതി​രി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ര​പ​രി​ചി​ത​നെ​പ്പോ​ലെ ഞാ​ൻ ഇ​ട​ക്കി​ടെ പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്റെ പൂ​ർ​വി​ക​രി​ൽനി​ന്ന് എ​നി​ക്ക് പ​ക​ർ​ന്നുകി​ട്ടി​യ പാ​ര​മ്പ​ര്യം ഇ​താ​ണ്. ചി​ല​പ്പോ​ഴ​ത് വി​പ​രീ​ത​മാ​യി മ​രു​ഭൂ​മി​ക​ളി​ൽ അ​ല​ഞ്ഞുതി​രി​യു​മ്പോ​ലെ തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും ഞാ​ൻ ഓ​രോ നി​മി​ഷ​വും അ​തി​ലേ​ക്ക് കൂ​ടു​ത​ൽ കൂ​ടു​ത​ൽ അ​ടു​ത്തുകൊ​ണ്ടി​രി​ക്കു​ന്നു. ഇ​തി​നി​ട​യി​ലെ​പ്പോ​ഴോ ഞാ​ൻ മ​രു​ഭൂ​മി​ക​ളി​ൽ ഉ​ണ്ടാ​യി​രുന്നു. അ​വി​ടെനി​ന്ന് ക​ണ്ട കാ​ഴ്ച​ക​ളെ​ല്ലാം ക​ടു​ത്ത നി​രാ​ശ​യു​ള​വാ​ക്കു​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നെ​ന്നും പ​റ​യ​ണം.

മു​ഖ്യ​മാ​യും അ​ന്ന​ത്തെ ഞാ​ൻ നി​കൃ​ഷ്ട​രി​ൽ നി​കൃ​ഷ്ട​ൻ ആ​യി​രു​ന്നു​വെ​ന്നും.’’ യ​ഥാ​ർ​ഥ​ ലോ​ക​ത്തുനി​ന്ന് വി​ടു​ത​ൽ നേ​ടി​ക്കൊ​ണ്ട് സ്വ​ന്ത​മാ​യി നി​ർ​മിച്ചെ​ടു​ത്ത ലോ​ക​ത്ത് ക​ഴി​യു​ന്ന കാ​ഫ്‌​ക​യാ​ണ് ന​മു​ക്ക് മു​ന്നി​ലു​ള്ള​ത്. ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന നാ​ളു​ക​ളി​ലൊ​ഴി​ച്ച് ഏ​റക്കു​റെ പ്രാ​ഗി​ൽത​ന്നെ ജീ​വി​ച്ച കാ​ഫ്ക എ​ന്നാ​ൽ, യാ​ത്ര​ക​ളെ പ​റ്റി​യു​ള്ള പു​സ്ത​ക​ങ്ങ​ൾ ധാ​രാ​ളം വാ​യി​ച്ചി​രു​ന്നു. വി​ഖ്യാ​ത എ​ഴു​ത്തു​കാ​രാ​യ ഗൊ​യ്‌​ഥെ​യും ഫൊ​ണ്ട​യ്‌​നും ഹെ​ബേ​ലും ഫ്ലോ​ബേ​റും ന​ട​ത്തി​യ സ​ഞ്ചാ​ര​ങ്ങ​ൾ കാ​ഫ്ക​യെ ഭ്ര​മി​പ്പി​ച്ചു. അ​മേ​രി​ക്ക​യും ചൈ​ന​യു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഥ​ക​ളി​ൽ ക​ട​ന്നുവ​രു​ന്നു​മു​ണ്ട്. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ വി​ര​സ​ത​ക​ളെ​യ​ക​റ്റാ​ൻ യാ​ത്ര​ക​ൾ സ​ഹാ​യ​ക​മാ​വു​മെന്നു വി​ശ്വ​സി​ച്ച അ​ദ്ദേ​ഹം പ്രാ​ഗി​ലി​രു​ന്നുകൊ​ണ്ട് ‘ലോ​ക​പ​ര്യ​ട​നം’ ന​ട​ത്തി.

കാ​ഫ്ക വി​ഭാ​വ​നംചെ​യ്ത യാ​ത്ര​യു​ടെ അ​ന​ന്ത​ര​ഫ​ലം ഒ​രു യു​ട്ടോ​പ്യ​ൻ വ്യ​വ​സ്ഥ​യെ സ​ങ്ക​ൽ​പിക്കു​ന്നു എ​ന്ന് ‘Kafka’s Travels’ എ​ന്ന പു​സ്ത​ക​ത്തി​ൽ ജോ​ൺ സി​ൽ​കോ​സ്‌​കി ഊ​ന്നി​പ്പ​റ​യു​ന്നു. എ​ഴു​ത്തു​കാ​ർ യാ​ത്ര ചെ​യ്യു​ന്നി​​െല്ല​ങ്കി​ലും അ​വ​ർ ഭാ​വ​ന​യി​ൽ താ​ണ്ടു​ന്ന ദൂ​രം അ​ള​ക്കാ​വു​ന്ന​ത​ല്ല. ഫ​ല​സ്തീ​നി​ലേ​ക്കും ബ​ർ​ലി​നി​ലേ​ക്കും മ​റ്റു​മു​ള്ള യാ​ത്രാ​പ​ദ്ധ​തി​ക​ൾ കാ​ഫ്ക കാ​മു​കി​മാ​രോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നെ അ​ങ്ങ​നെ​യാ​ണ് നോ​ക്കി​ക്കാ​ണേ​ണ്ട​ത്. ക്ഷ​യ​രോ​ഗം മൂ​ർ​ച്ഛി​ച്ച സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് വീ​ട് വി​ടേ​ണ്ടിവ​രു​മെ​ന്ന് ഉ​റ​പ്പാ​യി. ആ ​ഘ​ട്ട​ത്തി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള ഭ​യം കാ​ഫ്ക​യെ പി​ടികൂ​ടി. എ​ഴു​ത്ത് മു​ട​ങ്ങു​മോ എ​ന്ന ആ​ധി അ​ദ്ദേ​ഹ​ത്തെ ആ​ഴ​ത്തി​ൽ ബാ​ധി​ച്ചു എ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. എ​ഴു​ത്തു​മേ​ശ​യി​ൽനി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്കൽ അ​ത്ര​യും ക​ഠി​ന​മാ​യി ഗ​ണി​ക്കു​ന്ന ഒ​രാ​ളു​ടെ വ്യ​ഥ ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​ണ്.

 

പ്രാഗിലെ കാഫ്​ക പ്രതിമ

പ്രാഗിലെ കാഫ്​ക പ്രതിമ

1909 -1912 കാ​ല​ത്ത് യൂ​റോ​പ്പി​ൽ ന​ട​ത്തി​യ ഹ്ര​സ്വയാ​ത്ര​ക​ളാ​ണ് കാ​ഫ്ക എ​ന്ന എ​ഴു​ത്തു​കാ​ര​നെ ജ​നി​പ്പി​ച്ച​തെ​ന്നു മാ​ക്സ് ബ്രോ​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​യ​റി​യി​ൽ ഇ​രു​ന്നൂ​റു പു​റ​ങ്ങ​ളി​ലാ​യി കാ​ഫ്ക ആ ​അ​നു​ഭ​വം കു​റി​ച്ചു​വെ​ച്ചി​രു​ന്നു. 1912ൽ ‘The Judgement’ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നുശേ​ഷം അ​ദ്ദേ​ഹം യാ​ത്ര​ക​ൾ ചെ​യ്യു​ന്ന​ത് നി​ർ​ത്തി. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം രോ​ഗ​ത്തി​ന്റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു യാ​ത്രചെ​യ്ത​ത്.

സ്റ്റേ​റ്റി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​സ​മ്പ്ര​ദാ​യ​ത്തെ നേ​രി​ടാ​ൻ ക​ഴി​യാ​തെ അ​വ്യ​ക്ത​ത​യു​ടെ ക​യ​ങ്ങ​ളി​ലേ​ക്ക് വീ​ഴു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ഖ്യാ​ന​ങ്ങ​ൾ കാ​ഫ്ക​യു​ടെ കൃ​തി​ക​ളി​ൽ മാ​ത്ര​മ​ല്ല ഇ​ന്ന് പ്ര​ത്യ​ക്ഷ​മാ​വു​ന്ന​ത്. ജോ​സ​ഫ് കെ ​എ​ത്ര ക​ണ്ട് നി​ഷ്ക​ള​ങ്ക​നെ​ന്ന ചോ​ദ്യം പി​ൽ​ക്കാ​ല​ത്തു ചി​ല​ർ ആ​രാ​ഞ്ഞെ​ങ്കി​ലും സ്റ്റേ​റ്റി​ന്റെ സം​വി​ധാ​നം വ്യ​ക്തി​യു​ടെ മേ​ൽ അ​ധി​നി​വേ​ശം ചെ​യ്യു​ന്ന​ത് തീ​ർ​ത്തും അ​പ​ല​പ​നീ​യ​മാ​ണ്. 2013ൽ ​എ​ഡ്‌​വേ​ഡ്‌ സ്നോ​ഡ​ൻ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ പ്ര​കാ​രം ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ​യും ഹാ​ക്ക​ർ​മാ​രു​ടെ​യും മ​റ്റ് പ്ര​ധാ​ന വ്യ​ക്തി​ക​ളു​ടെ​യും പ്ര​ശ​സ്തി ഇ​ല്ലാ​താ​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ലെ NSAയും ​ബ്രി​ട്ടീ​ഷ് സം​വി​ധാ​ന​മാ​യ GCHQയും ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യെ​ന്നു ലോ​കം മ​ന​സ്സിലാ​ക്കി. ജോ​സ​ഫ് കെ​യെ സം​ബ​ന്ധി​ച്ച് നോ​വ​ലി​ൽ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​തുപോ​ലെ ഒ​രു രാ​ഷ്ട്ര​ത്തി​ന്റെ പൗ​ര​രെക്കുറി​ച്ച് സൂ​ക്ഷ്മ​മാ​യി ശേ​ഖ​രി​ച്ച ധാ​രാ​ളം വി​വ​ര​ങ്ങ​ളു​ള്ള​ത് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ ഘ​ട​ക​ത്തി​നു വി​ഘാ​ത​മാ​കു​ന്നു.

സ്വ​കാ​ര്യ​ത​ക്ക് വി​ല​ക്കു​ക​ൾ വ​രു​ക​യും ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഒ​രു Kafkaesque ആ​വ​ര​ണം സ​മൂ​ഹ​ത്തി​നു മേ​ലാ​പ്പാ​യി സൃ​ഷി​ക്കു​ക​യു​മാ​ണ്. പാ​നോ​പ്റ്റിക് ഘ​ട​ന​ക്ക് സ​മാ​ന​മാ​യി ഭൗ​തി​ക/​ ഡി​ജി​റ്റ​ൽ ത​ല​ത്തി​ൽ സ്ഥാ​പി​ത​മാ​വു​ന്ന വ്യ​വ​സ്ഥ​യെ​യാ​ണ് പ്ര​വ​ച​നസ്വ​ഭാ​വ​ത്തോ​ടെ കാ​ഫ്ക സ​ങ്ക​ൽപി​ച്ച​ത്. വി​ട്ടു​മാ​റാ​ത്ത ഊ​ഹാ​പോ​ഹ​ങ്ങ​ളി​ലൂ​ടെ നീ​ങ്ങു​ന്ന കാ​ഫ്ക​യു​ടെ ‘വി​ചാ​ര​ണ’​യി​ലും ‘കോ​ട്ട’​യി​ലും കേ​ന്ദ്ര​ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ത്തി​പ്പെ​ടു​ന്ന ദു​ർ​ഘ​ട​സ​ന്ധി​ക​ൾ ഇ​ന്ന​ത്തെ ലോ​ക​ത്തി​ന് ഒ​ട്ടും അ​പ​രി​ചി​ത​മ​ല്ല. കാ​ഫ്ക വി​ഭാ​വ​നം ചെ​യ്യു​ന്ന ഇ​ട​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​ന്ദേ​ഹ​ങ്ങ​ളും ഭീ​തി​ക​ളും ല​ളി​ത​യു​ക്തി​ക​ളാ​ൽ പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. കാ​ഫ്ക എ​ഴു​ത്തു​കാ​രെ മ​ര​വി​പ്പി​ക്കു​ന്നു എ​ന്ന് സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​േ​ബ​ൽ സ​മ്മാ​നം ല​ഭി​ച്ച ഇ​മ്രെ കെ​ർ​ട്‌​സ് നി​രീ​ക്ഷി​ച്ച​ത് ഇ​വി​ടെ എ​ടു​ത്തുപ​റ​യ​ണം.

 

‘‘ജോ​സ​ഫ് കെ​യെ ആ​രോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യി​രി​ക്ക​ണം, ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ, ഒ​രു തെ​റ്റും ചെ​യ്യാ​തെ, അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു’’ എ​ന്ന് തു​ട​ങ്ങു​ന്ന ‘ദി ​ട്രയലി’ലെ ​സ​ന്ദ​ർ​ഭം ഏ​തു നി​മി​ഷ​വും ന​മ്മു​ടെ​യൊ​ക്കെ ജീ​വി​ത​പ​രി​സ​ര​ത്തി​ൽ സം​ഭ​വി​ക്കാം. ഈ ​ഒ​രു ബോ​ധോ​ദ​യം പ​ക​ർ​ന്നുത​രു​ന്ന​തി​ൽ കാ​ഫ്ക ഒ​രു പ്ര​വാ​ച​ക​നെ പോ​ലെ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​ത് തീ​ർ​ത്തും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. എ​ണ്ണ​മ​റ്റ പ​ഠ​ന​ങ്ങ​ളും ച​ല​ച്ചി​ത്ര​ങ്ങ​ളും ഡോ​ക്യുമെ​ന്റ​റി​ക​ളും കാ​ഫ്ക​യു​ടെ പ്ര​സ​ക്തി​യെ ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ന്റെ ഭീ​തി​ക​ളെ സു​വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​ന്റെ കൃ​തി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണാ​നന്ത​രം പാ​ഠ​പു​സ്ത​ക​ങ്ങ​ളെ പോ​ലെ​യാ​വു​ന്ന​തി​ൽ അ​ത്ഭു​തംകൂ​റേ​ണ്ട കാ​ര്യ​മി​ല്ല.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്റെ പ്ര​ത്യേ​ക​ത​ര​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ കാ​ഫ്ക​യെ വാ​യി​ക്കു​ന്ന​വ​ർ ത​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള അ​ധി​കാ​ര​വ​ല​യ​ങ്ങ​ളെ കു​റി​ച്ച് രാ​ഷ്ട്രീ​യ​മാ​യ ബോ​ധ്യ​മു​ള്ള​വ​രാ​ണ്. കാ​ഫ്ക എ​ഴു​തി പൂ​ർ​ത്തി​യാ​കാ​ത്ത ഒ​ഴി​ഞ്ഞ ഇ​ട​ങ്ങ​ളെ ഭം​ഗി​യാ​യി, ഒ​രു വി​ട​വു​മി​ല്ലാ​തെ യോ​ജി​പ്പി​ക്കാ​ൻ ഇ​ന്ന് സാ​ധി​ക്കും. വ​രും​കാ​ല​ങ്ങ​ളി​ലെ​യും സ​മ​കാ​ല​ത്തെ​യും രാ​ഷ്ട്രീ​യ-​അ​ധി​കാ​ര ഉ​പ​ജാ​പ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ്ര​വ​ർ​ത്ത​ന​മാ​യി ഒ​രു നൂ​റ്റാ​ണ്ടു മു​ന്നേ എ​ഴു​ത​പ്പെ​ട്ട കാ​ഫ്ക​യു​ടെ ര​ച​ന​ക​ൾ ഇ​ന്നും ഭാ​വി​യി​ലും നി​ലനി​ൽ​ക്കു​മെ​ന്ന് തീ​ർ​ച്ച​യാ​ണ്.

News Summary - weekly articles