Begin typing your search above and press return to search.
proflie-avatar
Login

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം   എ​​സ്ത​​ർ
cancel

മ​ഹാ​ത്മാ ​ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​. 6. അഗ്നിപരീക്ഷ ഏറെ നാളുകൾക്കുശേഷമായിരുന്നു എസ്തറിന് അത്രയും സന്തോഷം തോന്നിയത്. ഫാ. ആൻഡ്രൂസിന്റെ കത്തായിരുന്നു കാരണം. ബാപ്പുവിനെ കാണാൻ മാത്രമല്ല, അദ്ദേഹത്തിന് കത്തെഴുതുന്നതിനുപോലും വിലക്ക് ഏർപ്പെടുത്തിയ മിഷൻ അധികാരികളോട് അവൾ മനസ്സുകൊണ്ട് വല്ലാതെ അകന്നിരുന്നു. ബാപ്പുവുമായി അകലുന്നതിലും ഭേദം മിഷനിൽനിന്ന് രാജിവെക്കുകയാണെന്നുപോലും അവൾ തീരുമാനിച്ചു. അതേസമയം, തിരുക്കോയിലൂരിലെ തന്റെ പാവപ്പെട്ട വിദ്യാർഥിനികളിൽനിന്ന് ഒരു...

Your Subscription Supports Independent Journalism

View Plans
മ​ഹാ​ത്മാ ​ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​. 

6. അഗ്നിപരീക്ഷ

ഏറെ നാളുകൾക്കുശേഷമായിരുന്നു എസ്തറിന് അത്രയും സന്തോഷം തോന്നിയത്. ഫാ. ആൻഡ്രൂസിന്റെ കത്തായിരുന്നു കാരണം. ബാപ്പുവിനെ കാണാൻ മാത്രമല്ല, അദ്ദേഹത്തിന് കത്തെഴുതുന്നതിനുപോലും വിലക്ക് ഏർപ്പെടുത്തിയ മിഷൻ അധികാരികളോട് അവൾ മനസ്സുകൊണ്ട് വല്ലാതെ അകന്നിരുന്നു. ബാപ്പുവുമായി അകലുന്നതിലും ഭേദം മിഷനിൽനിന്ന് രാജിവെക്കുകയാണെന്നുപോലും അവൾ തീരുമാനിച്ചു. അതേസമയം, തിരുക്കോയിലൂരിലെ തന്റെ പാവപ്പെട്ട വിദ്യാർഥിനികളിൽനിന്ന് ഒരു നിമിഷംപോലും വിട്ടുനിൽക്കാനും മനസ്സ് വന്നില്ല. എന്നാലും കുറച്ചു നാളെങ്കിലും മാറിനിൽക്കണമെന്ന് അവൾ എലീസിനോട് ആവർത്തിച്ചു പറഞ്ഞു. “അല്ലെങ്കിൽ എനിക്ക് ഭ്രാന്തുപിടിക്കും. ബാപ്പുവിനെ കാണാതെ ഇരിക്കാൻ എനിക്ക് കഴിയില്ല”, ഉറക്കം അകന്നുനിന്ന ഒരു രാത്രിയിൽ എലീസിനോട് അവൾ പറഞ്ഞു. ആൻ മേരിയുടെ അഭാവം വീണ്ടും വീണ്ടും അവളെ നീറ്റി.

അങ്ങനെ ഒരു ദിവസമാണ് ഫാ. ആൻഡ്രൂസിന്റെ കത്ത് അവൾക്ക് കിട്ടുന്നത്. വായിച്ചപ്പോൾ അവൾക്ക് തുള്ളിച്ചാടാൻ തോന്നി. ബാപ്പുവിന്റെയും ഇന്ത്യയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് ആംഗ്ലിക്കൻ സഭാ പുരോഹിതനും സാമൂഹികപ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമൊക്കെയായ ഫാ. സി.എഫ്. ആൻഡ്രൂസ്. വർഷങ്ങളായി ഇന്ത്യയിലാണ്. ഗാന്ധിയുടെ ഗുരു ഗോപാലകൃഷ്ണ ഗോഖലെയുടെ സുഹൃത്തായിരുന്നു ആൻഡ്രൂസ്. അങ്ങനെ ഗാന്ധിയെ പരിചയപ്പെട്ട ആൻഡ്രൂസ് തെക്കേ ആഫ്രിക്കയിലെ സമരങ്ങളിൽ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. ഇന്ത്യയിലെത്തി ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനോടുള്ള അനുഭാവംമൂലം കൽക്കത്തയിൽ ഗുരുദേവ് ടാഗോറിന്റെ ശാന്തിനികേതനിൽ അധ്യാപകനായി. ചമ്പാരനിലെ സമരദിനങ്ങളിൽ ബാപ്പുവിനൊപ്പമുണ്ടായിരുന്ന ആൻഡ്രൂസിനോട് അദ്ദേഹം എസ്തറിന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞിരുന്നു.

താൻ കുറേക്കാലത്തേക്ക് യാത്ര പോവുകയാണെന്നും താൽപര്യമുണ്ടെങ്കിൽ ശാന്തിനികേതനിൽ താനൊഴിയുന്ന അധ്യാപകസ്ഥാനം ഏറ്റെടുക്കാമെന്നുമായിരുന്നു ഫാ. ആൻഡ്രൂസ് എസ്തറിന് എഴുതിയത്. ഇന്ത്യയിലെത്തിയ കാലത്തുതന്നെ ആൻ മേരിക്കൊപ്പം ശാന്തിനികേതൻ സന്ദർശിച്ച എസ്തറിന് കവിയും നൊബേൽ ജേതാവും ഇന്ത്യൻ ദേശീയപ്രസ്ഥാന നേതാവുമൊക്കെയായ ഗുരുദേവിനോട് വലിയ ബഹുമാനമായിരുന്നു. ബാപ്പുവിനെ കാണാൻ ഇടയൊരുക്കിയ ആളെന്ന നിലയിൽ പ്രത്യേകിച്ചും. മിഷൻ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കാൻ അവസരമുണ്ടായതിനു പുറമെ ശാന്തിനികേതനിലേക്ക് പോകാൻകൂടി കഴിഞ്ഞതിൽ അവൾക്ക് വലിയ സന്തോഷം തോന്നി.

പക്ഷേ, എസ്തറിന്റെ ഈ സന്തോഷവും അധികം നീണ്ടുനിന്നില്ല. ശാന്തിനികേതനിലെ ഉത്തരവാദിത്തത്തോട് തനിക്ക് നീതി പുലർത്താനാവുമോ എന്ന് അവൾക്ക് സ്വയം സംശയം തോന്നിത്തുടങ്ങി. ഇംഗ്ലീഷുകാരനായ ഫാ. ആൻഡ്രൂസിന് പകരക്കാരിയാകാനുള്ള ഇംഗ്ലീഷ് വ്യുൽപത്തി ഡാനിഷ് ഭാഷക്കാരിയായ തനിക്ക് ഇല്ലെന്ന് അവൾക്ക് അറിയാം. ബാപ്പുവിനോട് ഈ കാര്യം അവൾ എഴുതി ചോദിച്ചു. ബാപ്പു അവളോട് യോജിച്ചു.

മാത്രമല്ല, ഗാന്ധി അക്കാര്യം ഫാ. ആൻഡ്രൂസിനെഴുതുകയും ചെയ്തു. ഉയർന്ന ക്ലാസുകളിൽ മാത്രമല്ല താഴ്ന്ന ക്ലാസുകളിൽപോലും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് എസ്തർ തന്നെ പറഞ്ഞ കാര്യം ഗാന്ധി അദ്ദേഹത്തോട് ചൂണ്ടിക്കാട്ടി. ഈ കഴിവ് ആർജിച്ചെടുക്കാൻ എസ്തറിനെപ്പോലെ സമർഥയായ ഒരാൾക്ക് അനായാസം കഴിയുമെങ്കിലും ഫാ. ആൻഡ്രൂസിന്റെ തീരുമാനം ഒട്ടും ആലോചിക്കാതെ എടുത്തതായിപ്പോയി എന്നും ഗാന്ധി കുറ്റപ്പെടുത്തി. ശാന്തിനികേതൻ വേണ്ടെന്നു വെച്ച എസ്തറിന്റെ ദിവസങ്ങൾ കൂടുതൽ കൂടുതൽ ക്ലേശതരമായിവന്നു. തനിക്ക് ബാപ്പുവിനെ കാണാതിരിക്കാനാവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ബാപ്പുവിന്റെ സെക്രട്ടറി മഹാദേവ് ദേശായിക്ക് അവൾ സ്വന്തം ആത്മസംഘർഷം എഴുതിയറിയിച്ചു. “ഞാൻ ഇന്ത്യയെ അതിരറ്റ് സ്നേഹിക്കുന്നു. ഇന്ത്യക്കാരിലൊരാളായി ഞാൻ സ്വയം കരുതുന്നു. ഇന്ത്യയെ സ്നേഹിക്കുന്നത് ജന്മാവകാശമായി ഞാൻ വിശ്വസിക്കുന്നു.”

ബാപ്പുവിനെപ്പറ്റി ദേശായിക്ക് എഴുതുമ്പോൾ എസ്തറിന്റെ വരികൾ കൂടുതൽ വികാരതീവ്രമായി. “പ്രിയ സഹോദരാ, ഇന്ത്യയിൽ ഞാൻ എന്റെ ആദർശപുരുഷനെ കണ്ടെത്തി. ദൈവം മനുഷ്യരൂപമാർന്ന അവതാരമാണദ്ദേഹം. എന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യമാണ് അദ്ദേഹത്തിലൂടെ സാധ്യമായത്. ബാപ്പുവിനെ കണ്ടുമുട്ടിയ അന്നാണ് എന്റെ ജീവിതത്തിലേറ്റവും സന്തോഷവും നന്ദിയും തോന്നിയ ദിവസം. ദൈവസ്നേഹം ഏറ്റവും ഉജ്ജ്വലമായ നക്ഷത്രത്തെക്കാൾ അദ്ദേഹത്തിലൂടെ പ്രകാശിതമാകുന്നു. സത്യവും മനുഷ്യത്വവും മറ്റെവിടത്തേക്കാളും ഞാൻ അദ്ദേഹത്തിലൂടെ അറിയുന്നു. പലതരത്തിലും ഇന്ത്യ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിച്ചു. ആ ഇന്ത്യയെ സ്നേഹിക്കാനും സേവിക്കാനും മറ്റ് രാജ്യങ്ങളോട് ആ നാടിനെ വാഴ്ത്താനും എനിക്ക് അവകാശമില്ലേ?”

അപ്പോഴേക്കും ബ്രിട്ടീഷ് സർക്കാർ തന്നെ നാടു കടത്തിയേക്കുമെന്നും അവൾ ഭയന്നു. ആ അപായം മറികടക്കാൻ ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള ശ്രമങ്ങൾക്ക് എസ്തർ തുടക്കമിട്ടു.

ഠ ഠ ഠ

ഇക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റുകൾ വീശിയടിക്കുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനുവേണ്ടി പോരാടാൻ ഇന്ത്യൻ സൈനികർ തയാറായതിന് ശേഷവും ഗാന്ധിയും മറ്റും പ്രതീക്ഷിച്ച സൗമനസ്യമൊന്നും അവർ പ്രകടിപ്പിച്ചില്ല. മാത്രമല്ല, പകരം കടുത്ത പുതിയ മർദകനിയമങ്ങൾ കൊണ്ടുവരുകയാണ് ചെയ്തത്. ബംഗാളിൽ വളർന്നുവന്ന സായുധ ദേശീയവാദികളെ നിയന്ത്രിക്കാനെന്ന പേരിൽ എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്താനായിരുന്നു തീരുമാനം.

ഇംഗ്ലണ്ടിലെ ഒരു ഹൈകോടതി ജഡ്ജി ആയിരുന്ന സിഡ്നി റൗലറ്റിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കമീഷൻ നിർദേശിച്ച മർദകനിയമങ്ങൾക്കെതിരെ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉണർന്നു. രാജ്യമാകെ സഞ്ചരിച്ച് ഗാന്ധി റൗലറ്റിന്റെ കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ചു. ഡൽഹിയിൽ സമരക്കാർക്കെതിരെ വെടിവെപ്പിലും ലാത്തിച്ചാർജിലും അനേകങ്ങൾ രക്തസാക്ഷികളായി. ബോംബെയിലെ ചൗപാട്ടി കടൽത്തീരത്ത് ഗാന്ധി നയിച്ച പ്രതിഷേധത്തിൽ ജാതിമത ഭേദമില്ലാതെ ഒന്നര ലക്ഷം പേർ പങ്കെടുത്തു. ഹിന്ദുക്കളും മുസ്‍ലിംകളും ഒന്നിച്ച് സമരപഥത്തിലെത്തിയത് ഗാന്ധിയെ സന്തുഷ്ടനാക്കി.

ഈ തീ പിടിച്ച ദിനങ്ങളിലും ബാപ്പുവും അദ്ദേഹത്തിന്റെ ‘പ്രിയപ്പെട്ട കുഞ്ഞും’ കത്തുകളിലൂടെ നിരന്തരം സമ്പർക്കം തുടർന്നു. മിഷന്റെ വിലക്ക് വകവെക്കാതെയായിരുന്നു ഇത്. 1919 മാർച്ച് അവസാനം റൗലറ്റ് നിയമവിരുദ്ധ സമരപരിപാടികൾക്ക് ഗാന്ധി മദിരാശിക്ക് തിരിച്ചു. ഗാന്ധിയുടെ ആരാധകനും പ്രമുഖ അഭിഭാഷകനുമായിരുന്ന സി. രാജഗോപാലാചാരിയായിരുന്നു അദ്ദേഹത്തിന്റെ പരിപാടികളുടെ ആസൂത്രകൻ. ഈ യാത്രക്കിടയിൽ എസ്തറിനെയും കാണാൻ ബാപ്പു ആഗ്രഹിച്ചു. ബാപ്പുവിന് തമിഴ് ജനതയോട് പ്രത്യേകിച്ചും വലിയ മമത ഉണ്ടായിരുന്നു.

തെക്കേ ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ സമരസഖാക്കളിൽ വലിയ വിഭാഗം തമിഴരായ സ്ത്രീ-പുരുഷ തൊഴിലാളികളായിരുന്നു. അഞ്ചു ദിവസം മദിരാശിയിലെ പരിപാടികളിൽ പങ്കെടുത്തശേഷം ഗാന്ധിജി മധുരൈ, തൂത്തുക്കുടി, തൃശിനാപ്പള്ളി, നാഗപത്തിനം തുടങ്ങിയ ഇടങ്ങളിലൂടെ തന്റെ പ്രസംഗപര്യടനം തുടർന്നു. മാർച്ച് 28നു തൂത്തുക്കുടിയിൽ നടന്ന മഹാസമ്മേളനത്തിലായിരുന്നു റൗലറ്റ് നിയമങ്ങൾക്കെതിരെ ഏപ്രിൽ ആറിന് ദേശീയതലത്തിൽ പ്രതിഷേധഹർത്താൽ ആചരിക്കാൻ ഗാന്ധിജി നടത്തിയ ആഹ്വാനം. പ്രതിഷേധയോഗങ്ങളും ഒരു ദിവസത്തെ ഉപവാസവുമായിരുന്നു ഗാന്ധിയുടെ നിർദേശം. കരിനിയമം ലംഘിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഗാന്ധി പ്രഖ്യാപിച്ച ആദ്യത്തെ അഖിലേന്ത്യാ സമരം.

തിരുക്കൊയിലൂരിന്റെ സമീപ പ്രദേശങ്ങളിലൂടെ ആയിരുന്നു ഗാന്ധിയുടെ പര്യടനം. എങ്കിലും ബാപ്പുവിനെ കാണാൻ പോകാൻ എസ്തറിനു അനുവാദമുണ്ടായില്ല. നിരാശയുടെ ആഴങ്ങളിലാണ്ടു എസ്തർ. എസ്തറിനെ കാണാൻ കഴിയാതിരുന്നതിൽ ബാപ്പുവും നിരാശനായിരുന്നു. മദിരാശിയിൽനിന്നും മടങ്ങുന്നതിന് മുമ്പെങ്കിലും കാണാനാവുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചതും അസ്ഥാനത്തായി. ആന്ധ്രയിലെ വിജയവാഡയിലേക്കായിരുന്നു ഗാന്ധിയുടെ അടുത്ത യാത്ര. ഗാന്ധിയുടെ തീവണ്ടി വൈകിപ്പോയതിനാൽ വിജയവാഡയിലേക്കുള്ള വണ്ടി കിട്ടിയില്ല. ഏപ്രിൽ ഒന്നിന് ഒരുദിവസം സെക്കന്തരാബാദിൽ തങ്ങേണ്ടിവന്നു. വല്ലാതെ ക്ഷീണിതനെങ്കിലും അന്ന് ബാപ്പു എസ്തറിനെഴുതി.

എന്റെ പ്രിയപ്പെട്ട കുഞ്ഞേ,

കൈകൾ വിറക്കുന്നതിനാൽ തുടർച്ചയായി എഴുതാൻ വിഷമമാണ്. എങ്കിലും, സ്വന്തം കൈകൊണ്ട് എഴുതിയതെന്തെങ്കിലും നിനക്ക് നൽകണമെന്ന് എനിക്ക് തോന്നുന്നു. സ്റ്റേഷനിൽ നിന്നെ കാണാതിരുന്നതിൽ എനിക്ക് വിഷമമുണ്ട്. പാവം മഹാദേവിന്റെയും (ദേശായി) നിന്റെയും കാര്യത്തിൽ എനിക്ക് വലിയ വിഷമമുണ്ട്. നിങ്ങൾ രണ്ടുപേരും ഒരുപോലെ ലോലമനസ്കരാണ്...

(ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത് സംബന്ധിച്ച്) കലക്ടർക്ക് നീ എഴുതിയെന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും മറുപടി കിട്ടിയോ?

നിന്റെ വിദ്യാർഥിനികൾ അയച്ചുതന്ന പുതപ്പ് ഞാനെന്നും ഉപയോഗിക്കുന്നുണ്ടെന്ന് അവരോട് പറയണം. പക്ഷേ, ഉടൻതന്നെ തങ്ങൾ സ്വയം നൂറ്റെടുത്ത തുണി കൊണ്ട് അവർക്ക് നെയ്യാനാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ചർക്കയുടെ സംഗീതമാണ് എനിക്ക് ഏറ്റവും പ്രിയങ്കരം. കാരണം, അത് വസ്ത്രമില്ലാത്തവർക്ക് വസ്ത്രം സൃഷ്ടിക്കുന്ന സംഗീതമാണ്. കുറേക്കാലം കഴിയുമ്പോൾ യന്ത്രങ്ങളുടെ ഭ്രാന്തമായ വേഗത്തിൽ മനസ്സ് മടുത്ത മനുഷ്യൻ ഈ യന്ത്രങ്ങളൊക്കെ ഉപേക്ഷിക്കും. അതോടെ, അവ ഉപയോഗിക്കപ്പെടാതെ തുരുമ്പെടുക്കും. പക്ഷേ, അന്നും മനുഷ്യർക്ക് ധരിക്കാൻ വസ്ത്രം ആവശ്യമാണ്. അപ്പോൾ കൈത്തറിയാകും എല്ലാവർക്കും ആശ്രയം. മഗൻലാലിനോട് കുറേ കൈത്തറി തുണി എത്തിച്ചുതരാൻ ഞാൻ പറയാം.

നിന്റെ സ്കൂളിൽ ഹിന്ദി പഠിപ്പിക്കുന്ന കാര്യം ആലോചിക്കണം. സ്കൂൾ സൂപ്രണ്ടിനോട് ചർച്ചചെയ്യുക. ഞാൻ ഹിന്ദിക്ക് വേണ്ടി നടത്തിയ അഭ്യർഥന നീ വായിച്ചുവോ?

ഒരുപാട് സ്നേഹത്തോടെ,

നിന്റെ സ്വന്തം

ബാപ്പു.

റൗലറ്റ് വിരുദ്ധ സമരം രൂക്ഷമായി തുടങ്ങിയതോടെ ഗാന്ധി പഞ്ചാബിലേക്ക് പോകാൻ ഉറച്ചു. അവിടെനിന്ന് പ്രക്ഷോഭ നേതാക്കൾ അദ്ദേഹത്തെ നിരന്തരം ക്ഷണിക്കുന്നുണ്ടായിരുന്നു. ഏപ്രിൽ ഏഴ് രാത്രി അഹ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക്, തിരിച്ച് അവിടെനിന്ന് അമൃത് സറിലേക്ക് പോകാനായിരുന്നു ഗാന്ധിയുടെ പരിപാടി. പക്ഷേ, ഈ വിവരമറിഞ്ഞ ഗവണ്മെന്റ് എങ്ങനെയും ഗാന്ധിയുടെ പഞ്ചാബ് യാത്ര തടയാൻ തീരുമാനിച്ചു. അദ്ദേഹമവിടെ എത്തിയാൽ ഇപ്പോൾതന്നെ പൊട്ടിത്തെറിക്കാൻ തയാറായിരിക്കുന്ന പഞ്ചാബ് കത്തുമെന്ന് അവർക്ക് അറിയാമായിരുന്നു. പക്ഷേ, ഗാന്ധി മഹാദേവ് ദേശായിക്കൊപ്പം അപ്പോഴേക്കും അഹ്മദാബാദിൽനിന്ന് പുറപ്പെട്ടിരുന്നു. ഡൽഹി ചീഫ് കമീഷണറും പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണറും തമ്മിൽ നടന്ന അടിയന്തര ചർച്ചയെ തുടർന്ന് ഗാന്ധിയെ തീവണ്ടിയിൽനിന്ന് തന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനമായി. വണ്ടി മഥുരയിലെത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതിയെപ്പറ്റി ഗാന്ധി അറിഞ്ഞു.

തീവണ്ടി പൽവാൽ സ്റ്റേഷനിലെത്തിയപ്പോൾ അർധരാത്രിയായിരുന്നു. ഡൽഹിക്ക് ഇനി കഷ്ടിച്ച് നാൽപതോളം മൈൽ മാത്രം. സ്റ്റേഷനിൽനിന്ന് വലിയ സംഘം പൊലീസ് തീവണ്ടിയിൽ കയറി. ഉറങ്ങുകയായിരുന്നു ഗാന്ധി. അദ്ദേഹത്തെ തട്ടി ഉണർത്തി ഡൽഹിയിൽ പ്രവേശിക്കാനുള്ള വിലക്ക് പൊലീസ് അറിയിച്ചു. പക്ഷേ, വിലക്ക് താൻ അംഗീകരിക്കുന്നില്ലെന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം. ഉടൻ അറസ്റ്റ് പ്രഖ്യാപിച്ച പൊലീസ് അദ്ദേഹവുമായി ഡൽഹിയിൽനിന്ന് വരികയായിരുന്ന തീവണ്ടിയിൽ മൂന്നാം ക്ലാസിൽ ആദ്യം മഥുരക്ക് തിരിച്ചു. പിറ്റേന്ന് പുലർച്ചെ നാലിന് ഒരു ചരക്കുവണ്ടിയിൽ അദ്ദേഹത്തെ ബോംബെക്ക് കൊണ്ടുപോയി. എന്നാൽ, ഉച്ചയോടെ വണ്ടി സവായ് മാധോപൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥൻ അദ്ദേഹത്തെ ഒന്നാം ക്ലാസ് കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി. ഇന്ത്യയിലെത്തിയശേഷം ഗാന്ധിയുടെ ആദ്യ അറസ്റ്റ് ആയിരുന്നു അത്. പക്ഷേ, ബോംബെയിലെത്തിയപ്പോഴേക്കും ഗാന്ധിയുടെ അറസ്റ്റ് ഉണ്ടാക്കാവുന്ന ജനരോഷം കണക്കിലെടുത്ത് അദ്ദേഹത്തെ മോചിതനാക്കി.

എന്നാൽ, അതിനകം അറസ്റ്റ് വാർത്ത ഇന്ത്യയാകെ കാട്ടുതീ പോലെ പടർന്നു. ബോംബെ, കൽക്കത്ത, അമൃത് സർ, അഹ്മദാബാദ് എന്നീയിടങ്ങളിലൊക്കെ വൻ പ്രതിഷേധം ആളിക്കത്തിത്തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും ഒന്നിച്ച് തെരുവിലിറങ്ങി. കടകമ്പോളങ്ങൾ അടഞ്ഞു. ഗാന്ധിയെയും ഒപ്പം അനസൂയ സാരാഭായിയെയും അറസ്റ്റ് ചെയ്തെന്ന് കിംവദന്തി പരന്നതോടെ അഹ്മദാബാദിലെ മിൽ തൊഴിലാളികൾ അക്രമാസക്തരായി. നഗരത്തിൽ അക്രമം വ്യാപിച്ചു. യൂറോപ്യന്മാരുടെ മന്ദിരങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. തീവണ്ടി സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. കൊലയും കൊള്ളിവെപ്പും അരങ്ങേറി.

അതോടെ പട്ടാളമിറങ്ങി അഹ്മദാബാദിൽ പലവട്ടം വെടിവെപ്പ് നടത്തി. രണ്ട് ദിവസംകൊണ്ട് വെടിവെപ്പിൽ ഇരുപതിലേറെ പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളോടും പൊലീസിനോടും അക്രമം അവസാനിപ്പിക്കാൻ ഗാന്ധി അഭ്യർഥിച്ചു. തന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ഗാന്ധിയെ അതീവ ദുഃഖത്തിലാഴ്ത്തി. കുറ്റം ഏറ്റെടുത്ത് അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു. താൻ ജീവിതത്തിൽ ഇത്രയും നിരാശനായിട്ടില്ലെന്ന് ഗാന്ധി പരിതപിച്ചു.

പക്ഷേ, ഏപ്രിൽ 10ന് പൊലീസ് കസ്റ്റഡിയിൽ ബോംബെക്ക് പോകുന്ന വഴിയിലും ബാപ്പു എസ്തറിന് കത്തെഴുതി. എസ്തർ അയച്ചുകൊടുത്ത സംഭാവന ആശ്രമത്തിൽ ഏൽപിക്കുകയാണെന്ന് അദ്ദേഹം എഴുതി. പക്ഷേ, സ്വന്തം ആവശ്യങ്ങൾ ഉപേക്ഷിച്ച് തനിക്ക് പണം അയക്കരുതെന്ന് അദ്ദേഹം ‘പ്രിയപ്പെട്ട കുഞ്ഞിനെ’ ഉപദേശിച്ചു.

“കഴിഞ്ഞ രാത്രി ഡൽഹിക്ക് വരുന്നവഴി എനിക്ക് പഞ്ചാബിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് കിട്ടി. വിലക്ക് അംഗീകരിക്കില്ലെന്ന് ഞാൻ പറഞ്ഞതോടെ അറസ്റ്റ് പ്രഖ്യാപിച്ചു. തുടർന്ന് രണ്ട് നിരോധനങ്ങളും കൂടി അവർ എനിക്ക് കൈമാറി. ഡൽഹി പ്രവിശ്യയിൽ കയറരുതെന്നും ബോംബെ വിട്ട് പോകരുതെന്നുമായിരുന്നു അവ. ഇപ്പോൾ എന്നെ ബോംബേക്ക് കൊണ്ടുപോകുകയാണ്. എന്നെ തടവിലാക്കിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ വിലക്ക് ലംഘിക്കും. എന്തായാലും ഈ ഭൂമിയിൽ ഏറ്റവും ആഹ്ലാദവാനാണ് ഞാൻ. ഇക്കഴിഞ്ഞ രണ്ടുമാസക്കാലം ഞാൻ അനുഭവിച്ചത് അതിരില്ലാത്ത സ്നേഹമാണ്. ഇപ്പോൾ ഞാൻ തടവിലാണെങ്കിലും ആരോടും എനിക്ക് ഒരു വിരോധവുമില്ല. ഇന്ന് ഇന്ത്യയാകെ സമാധാനം നിലനിർത്താൻ കഴിയുന്നത് എനിക്ക് മാത്രമാണ്. അതുകൊണ്ട് എന്നെ തടവിലാക്കിയവരുടെ തെറ്റ് പകൽപോലെ എല്ലാവർക്കും വ്യക്തമാകും. എന്റെ മനഃശക്തിയെ ഒരൽപം പോലും തളർത്താൻ അവർക്കാവില്ല.

ശത്രുക്കളായി സ്വയം പ്രഖ്യാപിച്ചവരെയും സ്നേഹിക്കാനും സ്വന്തം വേദനകളിൽ സന്തോഷിക്കാനും ദൈവം കഴിവ് നൽകിയ ഒരാൾ നിന്റെ സുഹൃത്തായതിൽ നീ ആഹ്ലാദിക്കുക. എന്റെ തടവിൽ നീ വിഷമിക്കാതിരിക്കാനാണ് ഇത് പറയുന്നത്. എന്റെ തടവിന്റെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വളരെ ദയാസമ്പന്നനും എന്റെ ആവശ്യങ്ങളോട് തികഞ്ഞ അനുഭാവിയുമാണ്.

സ്നേഹത്തോടെ

ബാപ്പു”

 

പക്ഷേ, ബാപ്പുവിന്റെ ഉപദേശം അനുസരിക്കാൻ എസ്തറിന് കഴിയില്ലായിരുന്നു. അക്കൊല്ലം ആദ്യം മുതൽ കടുത്ത വിഷമങ്ങൾ അനുഭവിക്കുകയായിരുന്നു അവൾ. അതിനിടെ, മറ്റൊരു ആഘാതത്തിനും എസ്തർ ഇരയായി. ഇന്ത്യൻ ജീവിതത്തിനിടയിൽ, പ്രത്യേകിച്ച് ആൻ മേരി പോയശേഷം എസ്തറിന്റെ ഏറ്റവും വലിയ കൂട്ടുകാരി ആയിരുന്നു അവളുടെ നാട്ടുകാരിയായ ഡോക്ടർ ജോസഫൈൻ. ഗാന്ധിയുമായുള്ള ബന്ധത്തിന്റെ പേരിൽ മിഷൻ അധികൃതരുമായി തെറ്റിയതോടെ മറ്റ് മിഷനറിമാർ മിക്കവാറും എസ്തറോട് ക്രമേണ അകലാൻ ആരംഭിച്ചിരുന്നു. പക്ഷേ, അപ്പോഴൊക്കെ അവൾക്ക് ആശ്രയമായത് ജോസഫൈൻ മാത്രം.

തിരുക്കോയിലൂരിലെ ഡാനിഷ് മിഷൻ ആശുപത്രിയിൽ അക്കാലത്ത് ആരംഭിച്ച ക്ഷയരോഗ ചികിത്സാവിഭാഗത്തിലായിരുന്നു ഡോ. ജോസഫൈൻ പ്രവർത്തിച്ചത്. പാവപ്പെട്ട നാട്ടുകാരുടെയിടയിൽ ഏറ്റവും വ്യാപകമായിരുന്നു ക്ഷയം. നിസ്വാർഥരായ ഡാനിഷ് മിഷനറിമാർ രോഗവ്യാപനം തടയാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ജോസഫൈന് രോഗം പിടിപെട്ടു. എസ്തറിന് താങ്ങാനായില്ല. ജോസഫൈനെ കൂടുതൽ വിദഗ്ധ ചികിത്സക്കായി മദിരാശിക്ക് കൊണ്ടുപോയി. വൈകാതെ എസ്തറും ജോസഫൈനെ ശുശ്രൂഷിക്കാൻ മദിരാശിക്ക് തിരിച്ചു. അപ്പോഴേക്കും ജോസഫൈനെ ഡെന്മാർക്കിലേക്ക് അയക്കാൻ മിഷൻ അധികൃതർ തീരുമാനിച്ചിരുന്നു. സുഹൃത്തിന്റെ രോഗവും അവൾ വിട്ടുപോകുന്നതും എസ്തറിന് സഹിക്കാനായില്ല.

മഹാദേവ് ദേശായിക്ക് എസ്തർ വേദന പങ്കുവെച്ചു.

“പ്രിയ സഹോദരാ, കഴിഞ്ഞ ഒരാഴ്ച എനിക്ക് സഹിക്കാനാവാത്തവിധം വേദനാജനകമായിരുന്നു. ഇവിടെയുള്ള ഡെന്മാർക്കുകാരിൽ എന്റെ ഒരേ ഒരു യഥാർഥ സുഹൃത്ത് ആയ വനിതാ ഡോക്ടർ തിരിച്ചുപോകുകയാണ്. അവൾക്ക് ക്ഷയരോഗം പിടിപെട്ടിരിക്കുന്നു. എന്നെ എല്ലാ കുഴപ്പങ്ങളോടുംകൂടി തന്നെ മനസ്സിലാക്കാൻ അവൾ ആത്മാർഥമായി ശ്രമിച്ചിരുന്നു. ഇപ്പോഴിതാ അവൾ പോയി. ഞാനാകട്ടെ ഇവിടെ ഡെന്മാർക്കുകാരായ എന്റെ സ്വന്തം നാട്ടുകാർക്കിടയിൽതന്നെ ഏകാകിയായിരിക്കുന്നു.” ഇങ്ങനെ എസ്തർ കടുത്ത മനോവിഷമത്തിലൂടെ കടന്നുപോകുമ്പോഴാണ് ബാപ്പുവിന്റെ അറസ്റ്റും തുടർന്ന് നടന്ന അക്രമസംഭവങ്ങളും അതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഉപവാസ പ്രഖ്യാപനവും.

എസ്തർ ദേശായിക്ക് എഴുതി; “ബാപ്പുവിന് മാത്രമല്ല, അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം സ്വന്തം ജീവിതവും ബന്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുകയുംചെയ്യുന്ന എല്ലാവർക്കും ഇതൊരു കഠിനകാലമാണ്... ഇപ്പോൾ ബാപ്പുവിന് എഴുതാൻ എനിക്ക് കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതവും ചിന്തയും വേദനകളും അത്രമേൽ പവിത്രമാണ്. അവയെ ഒരാളും ഇപ്പോൾ ശല്യപ്പെടുത്താൻ പാടില്ല. പക്ഷേ, അദ്ദേഹത്തിന് കത്ത് എഴുതാനും ഒട്ടേറെ കാര്യങ്ങൾ പറയാനും ഞാൻ അതിയായി കൊതിക്കുകയാണ്.” ബാപ്പുവിന് ഇഷ്ടമാണെങ്കിൽ അദ്ദേഹത്തിനായി കുറച്ച് വസ്ത്രങ്ങൾകൂടി നെയ്യാൻ താൻ തൽപരയാണെന്നും അതിനുള്ള നൂലും മറ്റും എത്തിച്ചുതരണമെന്നും എസ്തർ ദേശായിക്ക് എഴുതി.

7. സത്യസാക്ഷി

ഉച്ചക്ക് എസ്തർ അഞ്ചാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ശിപായി മുരുഗൻ ഓടിവന്നത്. അയാൾ ആകെ പേടിച്ച മട്ടിലായിരുന്നു. “ഒന്നുരണ്ട് പേര് മിസിയെ കാണാൻ വന്നിട്ടുണ്ട്. അൽപം ഗൗരവക്കാരാണ്.” അണപ്പു മാറാതെ അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു. പെട്ടെന്ന് തന്നെ എസ്തർ ഓഫിസ് മുറിയിലേക്ക് ചെന്നു. ഒരു ബ്രിട്ടീഷുകാരനും ഒരു നാട്ടുകാരനും അവിടെ അവളെ കാത്തിരുന്നു. ഗൗരവം വിടാതെയെങ്കിലും വളരെ മാന്യമായി വെള്ളക്കാരൻ എസ്തറോട് പറഞ്ഞു: ഞങ്ങൾ സി.ഐ.ഡി ഉദ്യോഗസ്ഥരാണ്. താങ്കളിൽനിന്ന് ചില കാര്യങ്ങൾ അറിയാനുണ്ട്.”

എസ്തർ ഒട്ടും പരിഭ്രമിച്ചില്ല. അധികം വൈകാതെ ഇതൊക്കെ സംഭവിച്ചേക്കാമെന്ന് അവൾക്ക് അറിയാമായിരുന്നു. റൗലറ്റ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ തമിഴ്ദേശ സന്ദർശനവേളയിലെ സത്യഗ്രഹ പരിപാടികളുമായി എസ്തറിന് എന്തായിരുന്നു ബന്ധം എന്നാണ് സി.ഐ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നത്. ബാപ്പുവിനോട് അടുത്ത സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ സമരപരിപാടികളൊന്നും താൻ അറിഞ്ഞിട്ടേയില്ലെന്ന് അവൾ മറുപടി നൽകി. തനിക്ക് അദ്ദേഹത്തെ കാണാനും കഴിഞ്ഞില്ലെന്ന് അവൾ പറഞ്ഞു. വില്ലുപുരം തീവണ്ടി സ്റ്റേഷനിൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തിയ വിദ്യാർഥിനികളെ അവിടെ എത്തിച്ചത് എസ്തറാണോ എന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം. അതിനും കൈമലർത്തുകയല്ലാതെ എസ്തറിന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ അതോടെ യാത്ര പറഞ്ഞു.

തൽക്കാലം സി.ഐ.ഡികൾ പോയെങ്കിലും എസ്തറിന് ഒരു കാര്യം ഉറപ്പായി. അധികം വൈകാതെ അധികാരികൾ തനിക്കെതിരെ നീങ്ങും. തന്നെ നാടുകടത്താനുള്ള നടപടികളും തുടങ്ങിയിരിക്കണം. എന്തുചെയ്താലും തനിക്ക് ഒരു പ്രശ്നവുമില്ലെങ്കിലും ഇന്ത്യ വിട്ടുപോകുന്നത് അവൾക്ക് സഹിക്കാനാകുമായിരുന്നില്ല. ഏറെനാൾ തടവിൽ കഴിയേണ്ടിവന്നാൽപോലും തന്റെ ഹൃദയം പൂർണമായും സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ നാട് വിടേണ്ടിവരുന്നതുപോലെ വേദനാജനകമായി മറ്റൊന്നില്ലെന്ന് അവൾക്ക് തോന്നി.

വേനൽ ഒഴിവ് തുടങ്ങിയാൽ കുറച്ച് കാലമെങ്കിലും ദൂരെ മാറിക്കഴിയാൻ എസ്തർ ഉത്കടമായി ആഗ്രഹിച്ചു. മനസ്സും ശരീരവും അത്രമേൽ തളർന്നിരുന്നു. ശീതളസുന്ദരമായ നീലഗിരിക്കുന്നുകളിലെ കോത്തഗിരിയിലേക്ക് പോകാൻ അനുമതിക്കായി അവൾ മദിരാശിയിലെ മിഷൻ ഓഫിസിന് എഴുതി. കോത്തഗിരിയിൽ ‘ബെഥനി’ എന്ന പേരിൽ മിഷന്റെ വേനൽക്കാല വസതിയുണ്ട്. പക്ഷേ പതിവില്ലാതെ, ദിവസങ്ങൾ കഴിഞ്ഞും അനുമതി വന്നില്ല. ഗാന്ധിയുമായുള്ള അവളുടെ അടുപ്പത്തെ ചൊല്ലി മിഷൻ അധികൃതരും എസ്തറും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലാതായിത്തീർന്നതാണ് കാരണം. എങ്കിലും മിഷന്റെ തലവനായ ജോൺ എഡ്വാർഡ് ബിറ്റ്മാൻ എസ്തറോട് എന്നും സഹാനുഭൂതി പുലർത്തിയിരുന്നു. വാസ്തവത്തിൽ ഗാന്ധിയുടെയും ആരാധകനായിരുന്നു അദ്ദേഹം.

പക്ഷേ, ഇപ്പോൾതന്നെ എസ്തറുടെ ഗാന്ധിയുമായുള്ള അടുപ്പംമൂലം ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയാണ് മിഷൻ. അധികമായാൽ ഇന്ത്യയിലെ മിഷൻ പ്രവർത്തനംതന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നതിനാൽ അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. അനുവാദത്തിനായി എസ്തർ നിരന്തരമായി ബിറ്റ്മാനെഴുതി. അവസാനം ഒരുമാസത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

അനുമതി ആശ്വാസമായെങ്കിലും മനസ്സ് ആകെ വേവലാതിപ്പെടുമ്പോൾ നീലഗിരിക്കുന്നുകളിലെ കുളിരിന​ുപോലും തനിക്ക് സമാധാനം നൽകാനാകുമോ എന്ന് എസ്തർ സംശയിക്കാതിരുന്നില്ല. യാത്ര തിരിക്കും മുമ്പ് അവൾ ബാപ്പുവിനിക്കാര്യം എഴുതുകയും ചെയ്തു. “എന്റെ പ്രിയ ബാപ്പു, നീണ്ട കാത്തിരിപ്പിനുശേഷം കോത്തഗിരിക്ക് പോകാൻ ഇന്ന് എനിക്ക് അനുമതി കിട്ടി. പക്ഷേ മനസ്സും ഹൃദയവും പൂർണമായും അകലെ സത്യത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കുന്ന വടക്കേ ഇന്ത്യയിലെ സത്യഗ്രഹാശ്രമത്തിൽ ആയിരിക്കുമ്പോൾ കുന്നുകളിൽ എനിക്ക് എങ്ങനെ സമാധാനം കണ്ടെത്താനാവും?” സ്നേഹത്തോടെ താങ്കളുടെ കൃതാർഥയായ കുഞ്ഞ് എന്നെഴുതിയായിരുന്നു എസ്തർ കത്ത് അവസാനിപ്പിച്ചത്.

പക്ഷേ, തിരുക്കോയിലൂരിലെ അന്തരീക്ഷത്തിൽനിന്ന് മാറിനിന്നില്ലെങ്കിൽ താൻ ശ്വാസംമുട്ടി മരിച്ചുപോകുമെന്ന് അവൾ ഭയന്നു. തന്റെ നിലപാടുകളെയോ വിശ്വാസത്തെയോ മിഷൻ മനസ്സിലാക്കുന്നേയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അതിനുപുറമെയാണ് ഒപ്പമുള്ള മറ്റ് മിഷനറിമാരിൽനിന്ന് നേരിട്ട കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും. അവൾ അക്കാര്യവും ബാപ്പുവിനെഴുതി. “ഡെന്മാർക്കുകാരായ എന്റെ സഹപ്രവർത്തകർ എന്നെ മനസ്സിലാക്കുന്നേയില്ല. അവർ എന്നെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും തെറ്റിദ്ധരിക്കുകയും മാത്രമല്ല എന്നോട് സഹതപിക്കുകയും ചെയ്യുകയാണ്. മിഷന്റെ യഥാർഥ ദൗത്യത്തിൽനിന്ന് ഞാൻ വഴിതെറ്റിപ്പോയതിലാണത്രേ സഹതാപം. ഞാൻ ഒറ്റപ്പെട്ടിരിക്കുകയാണ്. പക്ഷേ, ഇന്ത്യയെ കുറിച്ചുള്ള എന്റെ നിലപാടുകൾ മനസ്സിലാക്കാത്തതിലോ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിലോ ഞാൻ അവരെ കുറ്റപ്പെടുത്തില്ല. എന്റെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒക്കെ ഉത്തരവാദി ഞാൻ മാത്രമാണ്. അവയുടെ എന്ത് ഭവിഷ്യത്തും നേരിടാൻ ഞാൻ തികച്ചും തയാറുമാണ്.”

കോത്തഗിരിയിലേക്ക് യാത്രക്കുള്ള ഒരുക്കങ്ങളിൽ മുഴുകി എസ്തർ. മിഷനുമായി ഇനി ഒരു നല്ലബന്ധം വിഷമമാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒരുദിവസം സന്ധ്യാപ്രാർഥനക്കിടയിൽ എസ്തറിന് ഒരു വെളിപാട് തോന്നി. ഇനി തനിക്ക് ബാപ്പുവുമായി അകന്നു കഴിയാനാവില്ല. അദ്ദേഹത്തോടുള്ള തന്റെ സമീപനം ലോകത്തോട് തുറന്നുതന്നെ പറഞ്ഞേ തീരൂ. അതുകൊണ്ട് എന്ത് ഭവിഷ്യത്ത് ഉണ്ടായാലും സാരമില്ല. മിഷനിൽനിന്നു മാത്രമല്ല, ഇന്ത്യയിൽനിന്ന് തന്നെ പുറത്താക്കപ്പെട്ടാലും സാരമില്ല. സത്യത്തിനും സ്നേഹത്തിനും അപ്പുറം ഒന്നുമില്ലെന്ന് എന്നും ഉറച്ചു വിശ്വസിച്ച തനിക്ക് ഇനി ആലോചിക്കാനൊന്നുമില്ല. മാത്രമല്ല, ഗാന്ധിയുമായുള്ള തന്റെ ബന്ധത്തിന്റെ പേരിൽ മിഷനോ മറ്റാർക്കെങ്കിലുമോ ഒരു പ്രശ്നവും അധികാരികളിൽനിന്നുണ്ടാകരുതെന്നും അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനകം ഒരു മത മിഷനറിയായി ഇന്ത്യയിലെത്തിയ എസ്തർ പുതിയൊരു രാഷ്ട്രീയ-സാമൂഹിക ബോധം ഉൾക്കൊണ്ടിരുന്നു.

ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് അവൾ തന്റെ ദീർഘമായ പ്രസ്താവന തയാറാക്കി. പക്ഷേ, ബാപ്പുവിന്റെ അനുമതി കൂടാതെ അത് പ്രസിദ്ധീകരിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. ‘ഹിന്ദു’ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ എസ്തർ ബാപ്പുവിന്റെ അനുമതി തേടുകയും ചെയ്തു.

‘ഒരു സത്യസാക്ഷി’ എന്ന തലക്കെട്ടിൽ എസ്തർ തയാറാക്കിയ ലേഖനം ഇങ്ങനെ തുടർന്നു;

“ഏറെക്കാലമായി ഞാൻ നിശ്ശബ്ദത പാലിക്കുകയാണ്. കാരണം, ഡെന്മാർക്കുകാരിയായ ഞാൻ ഇന്ത്യയിൽ ഒരു വിദേശിയാണ്. അതുകൊണ്ട്തന്നെ ഇന്ത്യയുടെ പ്രധാനപ്പെട്ട രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടാനോ താൽപര്യപ്പെടാനോ എനിക്ക് അവകാശമില്ല. ഒരു വിദേശിയായതുകൊണ്ട് ഇഷ്ടമുള്ളതുപോലെ സംസാരിക്കാനോ മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാനോ എനിക്ക് അവകാശമില്ല.

അഥവാ അങ്ങനെ ചെയ്താൽ ഉറപ്പായും ഇന്ത്യയിൽനിന്ന് പുറത്താക്കപ്പെടുകയാകും എന്റെ വിധി. വാസ്തവത്തിൽ ഇന്ത്യ തങ്ങളുടെയാണെന്ന് അവകാശപ്പെടുകയും തങ്ങൾക്ക് മാത്രമേ ഇവിടെ അവകാശമുള്ളൂ എന്നും ധരിക്കുകയും ചെയ്യുന്ന പല ഇംഗ്ലീഷുകാരുടെ അത്രത്തോളം ഇന്ത്യക്ക് വിദേശിയല്ല ഞാൻ. ഇന്ത്യക്കുമേൽ അവരുടെ അവകാശത്തെക്കുറിച്ച് ഞാൻ ഒന്നും മിണ്ടില്ല. പക്ഷേ ഇന്ത്യയുടെ മേലുള്ള ഒരു അവകാശത്തെപ്പറ്റി മാത്രമേ എനിക്കറിയൂ. അത് സ്നേഹത്തിലൂടെയും സേവനത്തിലൂടെയും ലഭിക്കുന്ന അവകാശമാണ്.

സ്നേഹത്തിലൂടെയും ത്യാഗത്തിലൂടെയും ആ അവകാശം നേടാൻ ശ്രമിക്കുന്ന അസമർഥയായ ഒരു തുടക്കക്കാരി മാത്രമാണ് ഞാൻ. അതിനാൽ ഇന്ത്യയെയും ഇന്ത്യൻ ജനതയെയും സ്നേഹിക്കുന്ന ആൾ എന്ന നിലയിൽ എത്രയും വിനയത്തോടെയും ശബ്ദം താഴ്ത്തിയും മാത്രം സംസാരിച്ചുകൊള്ളട്ടെ. അതേസമയം ഞാൻ പറയുന്നത് കേൾക്കാൻ താൽപര്യമില്ലാത്തവർക്കുകൂടി കേൾക്കാൻ തക്ക ശബ്ദത്തിലാണ് ഞാൻ സംസാരിക്കുക. അങ്ങനെ ചെയ്താൽ എനിക്ക് ഇന്ത്യയിൽ താമസിക്കാനുള്ള ആനുകൂല്യം നഷ്ടപ്പെട്ടാൽപോലും എനിക്ക് നിശ്ശബ്ദയായിരിക്കാനാവില്ല. പക്ഷേ, തീവ്രമായ വേദനയോടെയും രക്തം ഒഴുകുന്ന ഹൃദയവുമായിട്ടാകും ഞാൻ ഇന്ത്യ വിട്ടുപോകുക എന്ന് മാത്രം. പക്ഷേ, ഇന്ത്യയെ സ്നേഹിക്കുന്നതും അതിന്റെ വലിയ വർത്തമാനകാല പ്രശ്നങ്ങളിൽ താൽപര്യമെടുക്കുന്നതും ഒരു കുറ്റകൃത്യമാണെങ്കിൽ തങ്ങുന്നതിനേക്കാൾ ഇവിടം വിട്ടുപോകാനാണ് ഞാൻ തീരുമാനിക്കുക.

അതിനാൽ, ടെന്നിസൺ എഴുതിയതുപോലെ പ്രണയിച്ച് പരാജയപ്പെടുന്നത് പ്രണയിക്കുകയേ ചെയ്യാത്തതിലും എത്രയോ ഭേദം! പക്ഷേ, ഈ മനോഹര തീരത്തുനിന്ന് പോകേണ്ടിവന്നാലും ഇന്ത്യയോടുള്ള എന്റെ സ്നേഹം പരാജയപ്പെടുകയില്ല. നിർബന്ധിതമായ വിരഹം ഇന്ത്യയോടുള്ള എന്റെ സ്നേഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ഒരു സത്യസാക്ഷി എന്നാണ് എന്റെ ഈ ലേഖനത്തിന്റെ തലക്കെട്ട്. ആരാണ് ഈ സത്യസാക്ഷി? ചരിത്രത്തിൽ പല കാലങ്ങളിൽ ഒട്ടേറെ സത്യസാക്ഷികൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ, നമ്മുടെ ഈ കാലത്ത് ഉയർന്ന ഏറ്റവും മഹാനും ശ്രേഷ്ഠനുമായ സത്യസാക്ഷി എം.കെ. ഗാന്ധിയാണ്. ഈ കാലത്തിന്റെ വിശുദ്ധൻ. ഗാന്ധി എന്ന സത്യസാക്ഷി.

മഹാത്മഗാന്ധിയും എസ്തറും
മഹാത്മഗാന്ധിയും എസ്തറും

ഗാന്ധിയെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കുമ്പോൾ ക്രിസ്ത്യാനികളായ പലർക്കും വിഷമമുണ്ടാകും. കാരുണ്യവാനായ ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കാൻ തന്റെ ജീവിതത്തിലുടനീളം മറ്റു മനുഷ്യരെ സഹായിച്ച ആളാണ് വിശുദ്ധൻ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സമ്പൂർണമായും സ്വയം സമർപ്പിച്ച വ്യക്തികൾക്ക് മാത്രമേ അതിനു കഴിയൂ.

ഗാന്ധി തന്റെ ജീവിതംകൊണ്ട് തെളിയിച്ചത് അദ്ദേഹം ഏറ്റവും മഹത്തായ നിയമം അംഗീകരിക്കുന്നുവെന്നാണ്. സ്നേഹത്തിന്റെ നിയമം. അതുകൊണ്ട് അദ്ദേഹം പൂർണമായും സ്നേഹസ്വരൂപനാണ്. അപരരോടുള്ള സ്നേഹം. ഏറ്റവും വെറുക്കപ്പെട്ടവർക്കും അപമാനിക്കപ്പെട്ടവർക്കും വേണ്ടി വേദന സഹിക്കാൻ ശക്തിയും മനസ്സും നൽകുന്ന സ്നേഹം.

അതിനാൽ, ഞാൻ ഗാന്ധിയെ വിശുദ്ധനെന്നു വിളിക്കുന്നു. ഗാന്ധിയെപ്പോലെ ക്രിസ്തുവിന്റെ യഥാർഥ മനസ്സ് ഇത്ര മനോഹരമായി സ്വന്തം ജീവിതത്തിൽ പകർത്തിയ ഒരു മിഷനറിയെപ്പോലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ക്രിസ്തുവിന്റെ മനസ്സ് എന്നതുകൊണ്ട് ക്രിസ്തീയ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും രണ്ടോ മൂന്നോ കാതലായ ഘടകങ്ങളെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. സ്നേഹം, വിനയം, സത്യം. ഇവയെല്ലാം അവയുടെ ഏറ്റവും ഉയർന്ന അളവിൽ ഗാന്ധി ഉൾക്കൊള്ളുന്നു. തെക്കേ ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വായിച്ചാൽ അത് സത്യമെന്ന് മനസ്സിലാകും.

നമ്മളിൽ പല മിഷനറിമാർക്കും ഉള്ളിൽ നിറഞ്ഞത് വിനയത്തെക്കാളും അഹങ്കാരമാണ്. സത്യത്തിനോടുള്ള നമ്മുടെ വികാരം ശരിയായ ദിശയിലല്ല. പലപ്പോഴും മനുഷ്യരോടുള്ള നമ്മുടെ സ്നേഹം ഒരുതരം സഹതാപ രൂപത്തിലാണ്. അതുകൊണ്ട് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടിയ ആദ്യനാൾ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എന്റെ ജീവിതത്തിൽ ആത്മാർഥമായി ഏറ്റവും എളിമ തോന്നിയ ദിനമാണ്. പക്ഷേ, പിന്നീട് അത് എനിക്ക് ഏറ്റവും വലിയ അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും സഹായത്തിന്റെയും പ്രചോദനത്തിന്റെയും നാളായിത്തീർന്നു. സത്യത്തിനുവേണ്ടിയുള്ള സഹനമാണ് ഗാന്ധിയുടെ മാർഗം. സത്യത്തെ വെറുക്കുകയോ അവഗണിക്കുകയോ ആണ് ലോകരീതി. അതിനാൽ സത്യത്തിന് വേണ്ടി കാഹളം മുഴക്കുന്ന സത്യസാക്ഷിയെ ഭ്രാന്തൻ എന്ന് മുദ്രകുത്തി അവർ തുറുങ്കിലിടുന്നു, വിജനദ്വീപുകളിലേക്ക് നാട് കടത്തുന്നു, ഭരണകൂടത്തിന്റെ സുരക്ഷക്കായി നിരായുധനാക്കുന്നു.

സത്യത്തെ തുറുങ്കിലിടാനാവില്ലെന്ന് അജ്ഞരായ അവർ അറിയുന്നില്ല. നൂറ്റാണ്ടുകളായി ഈ ലോകത്ത് സത്യത്തിന് വേണ്ടി സന്തോഷപൂർവം വേദന സഹിക്കുകയും തടവിൽ കഴിയുകയും മരിക്കുകയും ചെയ്ത പുരുഷന്മാരും സ്ത്രീകളും ഉണ്ട്. അതിനാൽ തോറോ പറയുന്നതുപോലെ സത്യം മൗലിക നിയമം അല്ലാത്ത സമൂഹത്തിൽ സത്യസന്ധന്റെ ശരിയായ ഇടം തടവറയാണ്.

ഇത് എഴുതുന്നതിന്റെ ഭവിഷ്യത്ത് എനിക്ക് നന്നായറിയാം. അതുകൊണ്ട് ഒരു വ്യക്തി എന്നനിലയിൽ മാത്രമാണിത് എഴുതുന്നത്. എന്നെ ഇവിടെ നിയോഗിച്ച ഡാനിഷ് മിഷൻ സൊസൈറ്റിക്ക് എന്നോട് യോജിപ്പില്ല. മാത്രമല്ല, എന്റെ നിലപാടുകൾ അവർ മനസ്സിലാക്കുന്നുമില്ല. ഇവിടെയുള്ള ഡെന്മാർക്കുകാരായ എന്റെ സഹമിഷനറിമാർ എന്നെ മനസ്സിലാക്കുന്നില്ല. അവർ എന്നെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. മാത്രമല്ല, മിഷന്റെ ദൗത്യത്തിൽനിന്ന് വഴിതെറ്റിപ്പോയതിന് അവർ എന്നോട് സഹതപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ത്യയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾക്ക് മിഷനോ മിഷനറിമാർക്കോ ഒരു ഉത്തരവാദിത്തവുമില്ല. ചിന്തിക്കുന്നതിനും പറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള എല്ലാ ഭവിഷ്യത്തുകളും പൂർണമായും ഏറ്റെടുക്കാൻ ഞാൻ തയാർ.

എന്ന്, എസ്തർ ഫെയ്റിങ്

ഡാനിഷ് മിഷനറി തിരുക്കോയിലൂർ, ദ. ആർക്കോട്ട്

ഏപ്രിൽ 29, 1919.

(തുടരും)   

News Summary - weekly articles