Begin typing your search above and press return to search.
proflie-avatar
Login

കേരളത്തിൽ ഇനി കാര്യങ്ങൾ ഒട്ടും ലളിതമല്ല

election
cancel
ബി.ജെ.പി ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട്​ തുറന്നു. ഇടതുപക്ഷം ഇത്തവണയും വൻ തിരിച്ചടികൾ ഏറ്റുവാങ്ങി. എന്താണ്​ ഇൗ തെരഞ്ഞെടുപ്പ്​ ഫലം വ്യക്തമാക്കുന്നത്​? എന്താണ്​ പാഠങ്ങൾ? -മുതിർന്ന മാധ്യമപ്രവർത്തക​ന്റെ നിരീക്ഷണങ്ങൾ.

തെരഞ്ഞെടുപ്പിനു മുമ്പ്​ ​േകരളത്തിൽ വന്ന്​ പ്രധാനമന്ത്രി നരേന്ദ്ര​ േമാദി പ്രവചിച്ചതു​േപാലെ ബി.ജെ.പി ഇക്കുറി കേരളത്തിൽ അക്കൗണ്ട്​ തുറന്നു. പ്രധാനമന്ത്രിയുടെയും തൃശൂർ സ്ഥാനാർഥിയായ സുരേഷ്​ ഗോപിയുടെയും ശ്രദ്ധയും അക്ഷീണപരിശ്രമവും കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ അ​ശ്രദ്ധയും അലസതയും ദീർഘവീക്ഷണമില്ലായ്​മയും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ഇൗ തെരഞ്ഞെടുപ്പുഫലത്തിനു പിന്നിലുണ്ട്​. സ്ഥാനാർഥി നിർണയം മുതൽ യു.ഡി.എഫിന്​ ഇവിടെ പിഴച്ചു.

അതേസമയം, മണ്ഡലത്തി​ന്റെ പ്രത്യേകതകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ബി.ജെ.പിയും സുരേഷ്​ ഗോപിയും വിജയിച്ചു. ഇൗ വിജയത്തിനു വഴിയൊരുക്കിയ പ്രധാന മുന്നണികൾ അവരു​െടതന്നെ കുഴിതോണ്ടാൻ തുടങ്ങുകയും െചയ്​തു. ഇൗ വിജയത്തോടൊപ്പം ദേശീയതലത്തിൽ ഒരു വൻ വിജയം കാഴ്​ച​െവക്കാൻ എൻ.ഡി.എ മുന്നണിക്കു കഴിഞ്ഞില്ലെന്നതിനാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തൽക്കാലം സ്വന്തം കായബലം കുറയില്ലെന്ന്​ ആശ്വസിക്കാം. എൻ.ഡി.എ അജയ്യമാണെന്ന തോന്നൽ ഉണ്ടാക്കുന്നതായിരുന്നു ദേശീയ വിജയമെങ്കിൽ കേരളത്തിലെ മുന്നണികൾ ഘടകകക്ഷി ശോഷണം ഉൾപ്പെടെയുള്ള വലിയ ഭീഷണികളെ നേരിടേണ്ടിവരുമായിരുന്നു.

സംസ്ഥാനത്തെ മുന്നണി രാഷ്​ട്രീയത്തിനു മുന്നിൽ ഇൗ തെര​െഞ്ഞടുപ്പുഫലം പുതിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്​. ഒറ്റ മണ്ഡലത്തിലെ വിജയമാണ്​, ബി.ജെ.പിക്ക്​ ഉണ്ടായതെങ്കിലും അവർ ഉയർത്തുന്ന ഭാവി വെല്ലുവിളികളെക്കുറിച്ച്​ ഇനിയും ഇൗ മുന്നണികൾ ബോധവാന്മാരാകുന്നില്ല എന്നതാണത്​. ഒരൊറ്റ നിയമസഭാംഗംേപാലുമില്ലാത്ത സംസ്ഥാനത്താണ്​, ഒരു ലോക്​സഭാംഗത്തെ സൃഷ്​ടിക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞത്​ എന്നത്​ ​െചറിയ കാര്യമല്ല.

തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബി.ജെ.പി നൽകിയ വെല്ലുവിളിയെ ഇൗ മുന്നണികൾ എത്രമാത്രം ഗൗരവ​​ത്തോടെ കാണുന്നു എന്നത്​ വളരെ പ്രസക്തമാണ്​. തിരുവനന്തപുരത്ത്​ കേന്ദ്രമ​ന്ത്രി രാജീവ്​ ചന്ദ്രശേഖർ ഇ​േഞ്ചാടിഞ്ച്​ തരൂരിനെ വെള്ളം കുടിപ്പിച്ചശേഷമാണ്​, അടിയറവു പറഞ്ഞത്​. ആറ്റിങ്ങൽ ലോക്​സഭ മണ്ഡലത്തിൽ, മൂന്നാം സ്ഥാനത്തായെങ്കിൽ പോലും അക്ഷരാർഥത്തിൽ ത്രി​േകാണ മത്സരം കാഴ്​ച​െവച്ചുകൊണ്ട്​ കേന്ദ്രമന്ത്രി വി. മുരളീധരൻ വളരെ അടുത്തെത്തി എന്നതും ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ ഏറ്റവും മുന്നിലായി എന്നതും ശ്രദ്ധിക്ക​െപ്പടേണ്ട കാര്യമാണ്​.

പതിനൊന്ന്​ നിയമസഭ മണ്ഡലങ്ങളിലാണ്​, ബി.ജെ.പി ഇക്കുറി ഒന്നാം സ്ഥാനത്തെത്തിയത്​ എന്ന കാര്യം ലാഘവത്തോടെ കണ്ടുകൂടാ. കേരളത്തിനു പുറത്ത്​ ഇൻഡ്യ മുന്നണിയിൽ ഒരുമിച്ചു നിൽക്കുന്നവരാണ്​, ബി.ജെ.പിയെ ഇൗ വെല്ലുവിളി ഉയർത്തുന്ന മണ്ഡലത്തിലെങ്കിലും പൊതു ശത്രുവായി കാണാതിരുന്നത്​ എന്നതും ​ആലോചിക്കേണ്ട കാര്യമാണ്​.

കേരളത്തിൽ യു.ഡി.എഫ്​ തരംഗം ആഞ്ഞടിച്ചു എന്ന്​ ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ പതിനെട്ടു മണ്ഡലങ്ങളിലെ വിജയം, യു.ഡി.എഫിന്​ ജനങ്ങൾ നൽകിയ അംഗീകാരമാണോ? യു.ഡി.എഫ്​ നേതൃത്വം പരിശോധിക്കേണ്ട കാര്യമാണത്​. തിരുവനന്തപുരത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും ആറ്റിങ്ങലിലും മറ്റും ജനം നിവൃത്തികേടുകൊണ്ട്​ വോട്ടുചെയ്​തു എന്നേ പറയാനാകൂ. ആ മണ്ഡലങ്ങൾ സന്ദർശിച്ചവർ അവിടത്തെ ജനവിഭാഗങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്​.

ശക്തമായ ഭരണവിരുദ്ധ വികാരങ്ങൾമൂലം പൊറുതിമുട്ടിയവർ യു.ഡി.എഫിന്​ വോട്ടുചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. എന്നും കൂ​െട നിന്ന വിഭാഗങ്ങളെയെല്ലാം വെറുപ്പിച്ച സ്ഥാനാർഥികളായിരുന്നു, ഇൗ പറഞ്ഞ മണ്ഡലങ്ങളിലടക്കം പലേടത്തും യു.ഡി.എഫി​ന്റേത്​. അത്ര​ക്ക്​ അവർ വോട്ടർമാരിൽനിന്ന്​ അകന്നിരുന്നു. എന്നിട്ടും അവർക്ക്​ വോട്ടുകിട്ടിയത്​, സംസ്ഥാന സർക്കാറിനോടുള്ള ജനത്തി​ന്റെ എതിർപ്പുമൂലമായിരുന്നു എന്ന്​ വ്യക്തം.

രാഹുൽ ഗാന്ധി (വയനാട്​ -3,64,422),സുരേഷ് ഗോപി (തൃശൂർ -ഭൂരിപക്ഷം 74,686)

തൃശൂരിൽ ശ്രദ്ധേയമായ ഭൂരിപക്ഷത്തോടെയാണ്​ ബി.ജെ.പി വിജയിച്ചത്​. തിരുവനന്തപുരത്ത്​ ​ രാജീവ്​ ചന്ദ്രശേഖർ, ശശി തരൂരിനോട്​ കടുത്ത മത്സരമാണ്​ കാഴ്​ച​െവച്ചത്​. 2014ൽ ഒ. രാജഗോപാലുമായി നടത്തിയ മത്സരത്തിനെ അനുസ്​മരിപ്പിക്കുന്ന ഫിനിഷിങ്ങാണ്​, ഇക്കുറി തരൂർ നടത്തിയത്​. തന്റെ മണ്ഡലത്തെയും വോട്ടർമാരെയും അഭ്യുദയകാംക്ഷികളെയും അൽപംകൂടി കരുതലോടെ കണ്ടിരുന്നുവെ​ങ്കിൽ തരൂരിന്​ ഇത്രമാത്രം വിഷമിക്കേണ്ടിവരില്ലായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ്​ തരൂരി​ന്റെ ശക്തികേന്ദ്രങ്ങളായ തീരപ്രദേശങ്ങ​ൾ സന്ദർശിച്ചപ്പോൾ അവിടത്തെ വോട്ടർമാർ പറഞ്ഞ ചില കാര്യങ്ങളുണ്ട്​.

അവരുടെ ഒരു ​ആവശ്യവും തരൂരോ അദ്ദേഹത്തിന്റെ സ്​റ്റാഫോ ​േകൾക്കാൻപോലും കൂട്ടാക്കിയിട്ടില്ല. അവരുടെ ഒരു പരിപാടിക്കും അദ്ദേഹം പോയില്ല. ഫലസ്തീൻ പ്രശ്​നത്തിലും വിഴിഞ്ഞത്ത്​ തുറമുഖം വരുന്നതുമൂലമുണ്ടാകുന്ന പ്രശ്​നത്തിലും തരൂർ തികച്ചും മോശമായ നിലപാട്​ സ്വീകരിച്ചു. എങ്കിലും ഇത്തവണ വോട്ടുചെയ്യും, വർഗീയ ഭീഷണികളെ ചെറുക്കാൻ എന്നാണവർ പറഞ്ഞത്​. അവർ അത്​ ചെയ്തു​ എന്നത്​ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു വ്യക്തമാണ്​. ആ പ്രദേശങ്ങളിലെ വോ​െട്ടണ്ണിയപ്പോഴാണ്​, അദ്ദേഹം മുന്നിലെത്തിയത്​. അതേസമയം, നഗരകേന്ദ്രത്തിലെയും ടെക്കികളുടെയും വോട്ട്​ ഇക്കുറി അദ്ദേഹത്തിനു നഷ്ടമായി എന്നും കണക്കുകളിൽനിന്ന്​ വ്യക്തം. 2019ലെ പതിനയ്യായിരത്തിൽപരം വോട്ടി​ന്റെ കഷ്ടിച്ചുള്ള രക്ഷപ്പെടലായിരുന്നു, 2014ലേതുപോലെ ഇക്കുറിയും തരൂരി​ന്റേത്​! ആറ്റിങ്ങലിലും ആലപ്പുഴയിലും ബി.ജെ.പി, വോ​െട്ടണ്ണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്​. അതിനാൽ യു.ഡി.എഫി​ന്റെ ഗംഭീരവിജയത്തെക്കാൾ ശ്രദ്ധേയം, മതേതര കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട്​ തുറക്കലാണ്.

കേരളത്തിൽ ഇതുവരെ പരിചിതമല്ലാത്ത ചില സാമൂഹിക മാറ്റങ്ങളാണ്​ ഇതിലൂടെ പ്രകടമാകുന്നത്​. ഭൂരിപക്ഷ സമുദായങ്ങളിലെ മതേതരപക്ഷത്ത്​ നിലയുറപ്പിച്ചിരുന്ന ശക്തമായ നിലപാടുകളുള്ള കുറെ വോട്ടർമാരെങ്കിലും തുടർന്നുവന്ന സ്വന്തം രാഷ്​ട്രീയ നിലപാടുകൾ ഉപേക്ഷിച്ചുവെന്നതി​ന്റെ സൂചനയാണ്​ ബി.ജെ.പി സ്ഥാനാർഥികൾ പതിനൊന്ന്​ നിയമസഭ മണ്ഡലങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്​. ഇതിൽ മിക്കവയും സി.പി.എമ്മിന്റെ വോട്ട്​ കുറഞ്ഞ മണ്ഡലങ്ങളാണെന്നത്​ കൂടുതൽ ഉദ്വേഗം ജനിപ്പിക്കുന്നു. 2014ൽ പതിനഞ്ചു ശതമാനത്തോളം വോട്ടു ലഭിച്ച എൻ.ഡി.എ മുന്നണിക്ക്​ ഇക്കുറി വോട്ട്​ ശതമാനം ഇരുപതിനടുത്തേക്ക്​ വർധിപ്പിക്കാനും കഴിഞ്ഞു. ഇൗ പ്രവണത ആവർത്തിക്കുന്നപക്ഷം ഇവിട​െത്ത മുന്നണികളുടെ രാഷ്​ട്രീയ ഭാവി എന്താകും? കേരളത്തി​ന്റെ രാഷ്​ട്രീയ-സാമുദായിക സന്തുലനത്തിന്​ എന്തു സംഭവിക്കും? ​ഇൗ തെരഞ്ഞെടുപ്പുഫലം ആ വക ചിന്തകൾ ഉണർത്തുന്നുണ്ട്​.

സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിലെ എഴുപത്തഞ്ചു ശതമാനത്തിലധികം വോട്ടർമാരെയും ഉൾ​െക്കാള്ളുന്നത്​​ സി.പി.എം എന്ന ഒറ്റ പാർട്ടിയാണ്​. പണ്ട്​ കോൺഗ്രസിലും ഇൗ വിഭാഗത്തിൽനിന്ന്​ നല്ല ഒരു ഒാഹരി ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത്​ ആ വോട്ട്​ബാങ്ക്​ കോൺഗ്രസിന്​ വലിയതോതിൽ നഷ്ടമായി. കുറെ​യൊക്കെ ബി.ജെ.പിയിലും ബാക്കി മറ്റു പാർട്ടികളിലും പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വരെ ഇൗ വിഭാഗങ്ങളുടെ വോട്ട്​ പിടിച്ചുനിർത്താൻ ഇടതുപക്ഷത്തിനു സാധിച്ചു.

കെ. സുധാകരൻ (കണ്ണൂർ -1,08,982),കെ. രാധാകൃഷ്ണൻ(ആലത്തൂർ -20,111),ഷാഫി പറമ്പിൽ(വടകര -1,14506)

അതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൂടി ചേർന്നപ്പോൾ നിയമസഭയിലേക്ക്​ വലിയ ഭൂരിപക്ഷത്തിൽ രണ്ടാമതും നിയമസഭയിലേക്ക്​ വിജയിക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞു. ഇക്കുറി ആ ഭൂരിപക്ഷ സമുദായ വോട്ടുകൾ പിടിച്ചുനിർത്താൻ ഇടതു മുന്നണിക്കു കഴിയാതെ പോയതാണെങ്കിൽ അത്​ അപരിഹാര്യമാകും​. എന്നും സി.പി.എമ്മിനോട്​ ആഭിമുഖ്യം കാട്ടിയിരുന്ന എസ്​.എൻ.ഡി.പി പോലും ഇക്കുറി ശക്തമായ നിലപാടെടുക്കാതിരുന്നത്​ ഒരു പുതിയ സമസ്യയാണ്​. ഇടതുമുന്നണി ഉണ്ടെങ്കിൽ മതേതര വിരുദ്ധ ശക്തികൾ​ കേരളത്തിൽ വേരുപിടിക്കില്ല എന്ന അവകാശവാദത്തിനാണ്​ അതോടെ പ്രസക്തിയില്ലാതാകുന്നത്​.

ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക്​ ഭൂരിപക്ഷം നേടാനായില്ലെങ്കിലും അവർ ഉണ്ടാക്കിയ മുന്നേറ്റം കേരളത്തിലെ യു.ഡി.എഫിന്​ ഗുണംചെയ്യും​. രാഹുൽ ഗാന്ധിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ കൂട്ടിയിണക്കുന്നതിനായി എടുത്ത മുൻകൈയും പരിശ്രമവും യു.ഡി.എഫ്​ ഘടകകക്ഷികളെ കൂടുതൽ അടുപ്പിച്ചു നിർത്തുമെന്നതു മാത്രമല്ല, എതിർ മുന്നണിയിലെ കക്ഷികളെയും ആകർഷിക്കുന്നതാണ്​. അത്​ യു.ഡി.എഫിനെ അൽപംകൂടി കെട്ടുറപ്പുള്ളതാക്കും.

ലോക്​സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനമല്ല, കോൺഗ്രസ്​ നടത്തുന്നതെങ്കിൽ മുന്നണിയിൽ തുടരുന്ന കാര്യം പുനർചിന്തിക്കണമെന്ന അഭിപ്രായം പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗിൽ വരെ ഉയർന്നിരുന്നു. എന്തായാലും ആവക ചിന്തകൾക്ക്​ തടയിടാൻ ഇൻഡ്യ മുന്നണിയുടെ ഭേദപ്പെട്ട പ്രകടനത്തിനും യു.ഡി.എഫി​ന്റെ കേരളത്തിലെ വിജയത്തിനും കഴിഞ്ഞിട്ടുണ്ട്​. മാത്രമല്ല, ഇടതുമുന്നണിയിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഘടകകക്ഷികളെ​ യു.ഡി.എഫിലേക്ക്​ ആകർഷിക്കാനും ഇൗ വിജയം ഉതകും.

യു.ഡി.എഫ്​ വിജയിച്ച പതിനെട്ടു മണ്ഡലങ്ങളിൽ പത്തെണ്ണത്തിലും ഒരുലക്ഷത്തിലധികം ഭൂരിപക്ഷമുണ്ട്​ എന്നത്​ സർക്കാറിനെതിരായ ജനവികാരം പ്രകടമാക്കുന്നു. രാഹുൽ ഗാന്ധിക്ക്​ വയനാട്ടിൽ ഭൂരിപക്ഷം മൂന്നുലക്ഷത്തി അറുപത്തിനാലായിരത്തിലധികമുണ്ട്​. മുസ്‍ലിം ലീഗി​ന്റെ മലപ്പുറത്ത്​ മൂന്നുലക്ഷത്തിലേറെയും പൊന്നാനിയിൽ രണ്ടുലക്ഷത്തി മുപ്പത്തയ്യായിരത്തിലേറെയുമുണ്ട്​, ഭൂരിപക്ഷം. എറണാകുളത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി രണ്ടരലക്ഷത്തിന്റെ ഭൂരിപക്ഷമാണ്​ നേടിയത്​. ഏറ്റവുമധികം വർഗീയ പരാമർശങ്ങൾ പ്രചാരണത്തിൽ ഉയർന്നുവന്ന വടകരയിൽ ഒരുലക്ഷത്തിലേറെ വോട്ടുകളാണ്, കെ.കെ. ശൈലജയെക്കാൾ കൂടുതലായി യു.ഡി.എഫി​ന്റെ ഷാഫി പറമ്പിൽ നേടിയത്​. ഇത്​, ആർ.എം.പിയുടെയും കെ.കെ. രമയുടെയുംകൂടി വിജയമാകുന്നു.

രാജ്മോഹൻ ഉണ്ണിത്താൻ(കാസർകോട്​ -1,00,649),പ്രേമചന്ദ്രൻ (കൊല്ലം -1,50,302),എം.കെ. രാഘവൻ(കോഴിക്കോട്​ -1,46,176)

എൻ.ഡി.എയുടെ വോട്ട്​ വിഹിതത്തിൽ ഉണ്ടായ വർധന, ഇടതു മുന്നണിയുടെ വോട്ടിൽനിന്നാണെങ്കിൽ, അവരുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ, അത്​ ഏറെ ഗൗരവമുള്ള കാര്യമാണ്​. കാരണം, ബി.ജെ.പിക്ക്​ ആകർഷിക്കാൻ കഴിയുന്ന അണികൾ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത്​ ഇടതുമുന്നണിയിലാണ്. അത്​ അവർ ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്ന്​ ചുരുക്കം. ബി.ജെ.പിയെ സംസ്ഥാനത്ത്​ കടക്കാൻ അനുവദിക്കി​െല്ലന്ന് ആവർത്തിച്ചു നടന്നിരുന്ന സി.പി.എമ്മിൽ നിന്നും ഇൗ വിധം വോട്ടുചോർച്ച ഉണ്ടായെങ്കിൽ അത്​ പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ഗുരുതരമായി ബാധിക്കുകതന്നെ ചെയ്യും. ഘടകകക്ഷികൾക്ക്​ മുന്നണി നേതൃത്വത്തിൽ വിശ്വാസവും നഷ്ടപ്പെടും.

ബി.ജെ.പിയുടെ കേന്ദ്രസർക്കാറുമായി ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്ന പാർട്ടിയാണ്​ സി.പി.എം എന്ന പേരുദേഷം ഇതിനിടയിൽതന്നെ അവർക്ക്​ കിട്ടിയിട്ടുമുണ്ട്​. അതിനാൽ, 2019ലെ പരാജയംപോ​െല നിസ്സാരമായ താൽക്കാലിക പരാജയമായി ഇതിനെയും കാണാൻ സി.പി.എമ്മിന്​ കഴിയില്ല. പിണറായി വിജയ​ന്റെ ധർമടം നിയമസഭ മണ്ഡലത്തിലും കെ.കെ. ശൈലജയുടെ മട്ടന്നൂർ നിയമസഭ മണ്ഡലത്തിലും വരെ ഇടതു മുന്നണി പിന്നിൽ പോയത്​ കൂടുതൽ ഗൗരവമുയർത്തുന്നു. 2021ൽ മട്ടന്നൂരിൽ ശൈലജക്ക്​ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്​ ലഭിച്ചിരുന്നത്​.

യു.ഡി.എഫ്​ വിജയിച്ച മണ്ഡലങ്ങളിൽ മിക്കവയിലും 2019നെക്കാൾ വോട്ടുകൾ വർധിച്ചു. അതേസമയം, കഴിഞ്ഞതവണത്തെക്കാൾ ഒരു മണ്ഡലം കൂടുതലായി കൈവിട്ടുപോയി. അത്​ കൊണ്ടുപോയത്​, ദേശീയതലത്തിൽതന്നെ എതിരാളിയായ ബി.ജെ.പിയാണ് എന്നത്​ ഇരട്ടി ആഘാതം ഏൽപിക്കുന്നു. അതിനിടയിലും ഇൗ വിജയം അഭിമാനാർഹമാണ്​. പക്ഷേ, ഇത്​ യു.ഡി.എഫ്​ തരംഗം എന്നൊ​െക്ക വിശേഷിപ്പിക്കാമെങ്കിലും ഇടതുപക്ഷ ഭരണവിരുദ്ധ തരംഗം എന്നേ കാണാനാകൂ. ഭരണം അത്രമേൽ ജനങ്ങളെ വെറുപ്പിച്ചതിനാലാകാം യു.ഡി.എഫ്​ സ്ഥാനാർഥികളിൽ പലരും ജനങ്ങൾക്ക്​ അനഭിമതരായിട്ടുകൂടി വോട്ടു കിട്ടിയത്​​.

എന്നും ഇടതുപക്ഷ​േത്താടൊപ്പം നിൽക്കുന്ന സർക്കാർ ജീവനക്കാരും കർഷക​െത്താഴിലാളികളും സാധാരണക്കാരും ഇക്കുറി സർക്കാറിനെതിരായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്​മയും സാധാരണ ജനത്തെ വലച്ചപ്പോൾ ശമ്പളത്തിനും പെൻഷനും ഉണ്ടായ നിയന്ത്രണങ്ങൾ സർക്കാർ ജീവനക്കാ​െര എതിരാക്കി. ആറുലക്ഷത്തോളം വരുന്ന ജീവനക്കാരും അഞ്ചുലക്ഷം വരുന്ന പെൻഷനേഴ്​സും കേരളത്തിലുണ്ട്​.

അവരുടെ ആശ്രിതരടക്കം മുപ്പതുലക്ഷത്തിലധികം വോട്ടർമാർ കേരളത്തിലുണ്ട്​. ഇവരാൽ സ്വാധീനിക്ക​െപ്പടുന്നവർ വേറെയും. ഇവർക്കായി ആരംഭിച്ച ‘മെഡിസെപ്പ്’ എന്ന മെഡിക്കൽ ഇൻഷുറൻസ്​ പദ്ധതി പൂർണ പരാജയമായിരുന്നു. ശമ്പളപരിഷ്കരണം, പെൻഷൻ പരിഷ്​കരണം, ഡി.എ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തികച്ചും നിസ്സംഗതയാണ്​ പുലർത്തിയിരുന്നത്​. ഇതിനൊക്കെ വേണ്ടി സാധാരണ സമരംചെയ്യാറുള്ള ഇടതുപക്ഷ സംഘടനകൾ ഭരണകക്ഷിയുടെ ഭാഗമായതിനാൽ അമർഷം കടിച്ചുപിടിച്ച്​ മിണ്ടാതിരിക്കേണ്ട ഗതി​േകടിലായിരുന്നു. എന്നാൽ, ഇൗ അമർഷം അവർ വോട്ടിങ്ങിൽ പ്രകടമാക്കിയതായി കരുതാൻ ന്യായമുണ്ട്​.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്​നങ്ങളോട്​ അനുഭാവം കാട്ടുന്നുവെന്നു കരുതപ്പെട്ടുവന്ന ഇടതുപക്ഷം യഥാർഥ പ്രശ്​നങ്ങളിൽ മുഖം തിരിഞ്ഞുനിന്നതും അവർക്ക്​ വിനയായി. രഞ്ജിത്​ ശ്രീനിവാസൻ കേസിലും ഷാൻ കേസിലുമുണ്ടായ ഇരട്ടത്താപ്പുനയം ഏറെ ആശയക്കുഴപ്പം ആ വിഭാഗങ്ങളിൽ ഉണ്ടാക്കി. റിയാസ്​ മൗലവിക്കേസിലും ഇതേ സമീപനം സർക്കാറിൽനിന്നുണ്ടാകുന്നതായി അവർക്ക്​ തോന്നി. വടകരയിൽ പ്രചാരണത്തി​ന്റെ ഭാഗമായി പ്രത്യക്ഷത്തിലും പരോക്ഷമായും ന്യൂനപക്ഷ വിരുദ്ധമായി പെരുമാറിയ സി.പി.എമ്മിന്​ ആവക അടവുകൾ പാളിപ്പോയപ്പോൾ ബന്ധപ്പെട്ട വിഭാഗങ്ങളുടെ ആ വിധത്തിലുള്ള അവിശ്വാസ​െത്തയും നേരിടേണ്ടിവന്നു. മണിപ്പൂർ സംഭവങ്ങളിലും ശരിയായവിധം പ്രതികരിക്കാതിരുന്ന സർക്കാറിനോടും ഭരണനേതൃത്വത്തോടും​ ​ക്രിസ്​ത്യൻ വിഭാഗങ്ങൾക്കും അവിശ്വാസമുണ്ടായി.

ശശി തരൂർ(തിരുവനന്തപുരം​ -16,077),കെ.സി. ​േവണുഗോപാൽ(ആലപ്പുഴ -63,513)

ആലത്തൂരിലെ ​ ആശ്വാസജയം ഇടതുമുന്നണിയുടെ വിജയമെന്ന്​ വിലയിരുത്താനാകുമോ? സി.പി.എമ്മിലെ ഏറ്റവും വിശ്വാസ്യതയും ജനപിന്തുണയുമുള്ള കെ. രാധാകൃഷ്​ണൻ എന്ന നേതാവി​ന്റെ വ്യക്തിപരമായ വിജയമായേ അതിനെ കാണാനാകൂ. സംശുദ്ധമായ പ്രവർത്തന ചരിത്രമുള്ള നേതാവാണ്​ കെ. രാധാകൃഷ്ണൻ. എം.എൽ.എ എന്ന നിലയിലും സ്​പീക്കർ പദവിയിലും രണ്ടുതവണ മന്ത്രിയായപ്പോഴും തന്റെ പ്രതിച്ഛായക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സി.പി.എമ്മിൽനിന്ന്​ മുഖ്യമ​ന്ത്രിയാകാൻ യോഗ്യനായ ഏക നേതാവ്​ എന്നുപോലും ജനം വിലയിരുത്തുന്ന രാധാകൃഷ്​ണ​ന്റെ വിജയം അതിനാൽ യാദൃച്ഛികമല്ല.

ശക്തമായ ഭരണവിരുദ്ധ വികാര​െത്തപ്പോലും അതിജീവിക്കാൻ രാധാകൃഷ്​ണനെ തുണച്ചത്​ അദ്ദേഹത്തി​ന്റെ പ്രതിച്ഛായതന്നെ. അങ്ങനെ രാധാകൃഷ്​ണൻ ഇക്കുറി ഇടതുപക്ഷത്തി​ന്റെ ഏക ‘കനൽത്തരി’യായി. കഴിഞ്ഞതവണ, ആലപ്പുഴയിൽനിന്ന്​ വിജയിച്ച ഏക ഇടതുപക്ഷാംഗം ആരിഫാണ്​ ഇൗ പദവി ഇതുവരെ അലങ്കരിച്ചിരുന്നത്​. ഇക്കുറി അവിടെ ​േകാൺഗ്രസ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി അദ്ദേഹത്തെ തോൽപിച്ചു. ആലത്തൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസ്​ മണ്ഡലത്തിലെ പ്രശ്​നങ്ങളെ അവഗണിച്ചതായ പരാതി നേരത്തേതന്നെ വോട്ടർമാരിലുള്ളതാണ്​.

ഇൗ പരാതി കോൺഗ്രസി​ന്റെ മിക്ക സ്ഥാനാർഥികൾക്കും എതിരെ നിലനിന്നിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മാവേലിക്കരയിലും ചാലക്കുടിയിലുമെല്ലാം ഇൗ പരാതി ഉണ്ടായിരുന്നു. എന്നാൽ, ഇതിനെയെല്ലാം നിഷ്പ്രഭമാക്കിയത്​, ഭരണവിരുദ്ധവികാരം എന്നുവേണം കണക്കാക്കാൻ. തിരുവനന്തപുരത്ത്​ ശശി തരൂരിനെ രൂക്ഷമായി എതിർത്തുകൊണ്ടാണ്​, അദ്ദേഹത്തിന്​ ഇക്കുറി അദ്ദേഹത്തി​​ന്റെ വോട്ടർമാർ വോട്ടു ചെയ്​തത്​ എന്നത്​ ഒരു വിരോധാഭാസമാണ്​. ഫലസ്തീൻ വിഷയത്തിലും മണിപ്പൂർ വിഷയത്തിലും അദ്ദേഹത്തിൽനിന്നുണ്ടായ പ്രതികരണം ഉണ്ടാക്കിയ അമർഷം കടിച്ചമർത്തിക്കൊണ്ട്​ വോട്ടുചെയ്യാൻ അവരെ നിർബന്ധിതരാക്കിയത്​, രാഷ്​ട്രീയ സാഹചര്യങ്ങളായിരുന്നു.

ലോക്​സഭാംഗമെന്ന നിലയിലുള്ള പ്രവർത്തനമികവുകൊണ്ട്​ നേട്ടമുണ്ടാക്കിയവർ​, കൊല്ല​െത്ത എൻ.കെ. പ്രേമചന്ദ്രനും ഇടുക്കിയി​െല ഡീൻ കുര്യാ​േക്കാസും എറണാകു​ള​െത്ത​ ഹൈബി ഇൗഡനും ​കോഴിക്കോട്​ എം.കെ. രാഘവനും മറ്റുമാണ്​. നേട്ടങ്ങൾക്കിടയിലും തൃശൂരിലെ മുരളീധര​ന്റെ തോൽവിയും അതിലുപരി ബി.ജെ.പി സ്ഥാനാർഥിയുടെ വിജയവും കോൺഗ്രസിന്​ മനോവിഷമമുണ്ടാക്കുന്നതാണ്​. വടകരയിലെ സ്വന്തം സീറ്റ്​ മതനിരപേക്ഷ പോരാട്ടത്തി​ന്റെ പേരിൽ ത്യജിച്ച്​ തൃശൂരിലെ വെല്ലുവിളി ഏറ്റെടുത്തയാളാണ്​ മുരളീധരൻ. ഇതു​േപാലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലും അദ്ദേഹം വെല്ലുവിളി ഏറ്റെടുത്ത്​ ബലിയാടായ ചരിത്രമുണ്ട്​. സ്വന്തം സഹോദരിയോടും കുടുംബാംഗങ്ങളോടുപോലും എതിർത്ത്​ മത്സരരംഗത്ത്​ നിൽക്കേണ്ടിവന്ന അദ്ദേഹത്തിന്​ പാർട്ടിയുടെ പൂർണപിന്തുണ ആ മണ്ഡലത്തിൽ കിട്ടിയില്ല.

​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്(കോട്ടയം​ -87,266),ബെ​ന്നി ബെ​ഹ​നാ​ൻ(ചാലക്കുടി​ -63,754)

സുരേഷ്​ ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ തൃശൂരിൽ പ്രചാരണത്തിനു വന്ന്​ റോഡ്​ഷോയടക്കം നടത്തി. ഇടതുപക്ഷ സ്ഥാനാർഥി സുനിൽകുമാറിനുവേണ്ടി പിണറായി വിജയൻ വരികയും പാർട്ടി വോട്ടുകൾ സുനിൽകുമാറിനു തന്നെ ലഭിക്കുമെന്ന്​ ഉറപ്പുവരുത്തുകയുംചെയ്​തു. എന്നാൽ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത മണ്ഡലങ്ങളിൽ വന്നിട്ടുപോലും തൃശൂരിൽ കയറാതിരിക്കാൻ കോൺഗ്രസ്​ നേതൃത്വം ശ്രദ്ധ​െവച്ചത്​ എന്തിനു വേണ്ടിയായിരുന്നു? സംസ്ഥാന കോൺഗ്രസ്​ നേതൃത്വം ആ മണ്ഡല​െത്ത പൂർണമായും അവഗണിച്ചു.

കൂ​െട നിന്ന്​ സ്നേഹം കാട്ടിയവരും ചുംബനം നൽകിയവരും ഉൾപ്പെടെ പിന്നിൽനിന്നു കുത്തിയെന്നും ചതിച്ചുവെന്നും മുരളീധരൻ കരുതിയാൽ അതിൽ തെറ്റുണ്ടെന്ന്​ പറയാനാകില്ല. മുരളിക്കെതിരെ മത്സരിച്ച ഇടതു സ്ഥാനാർഥി വി.എസ്.​ സുനിൽകുമാർ വിജയിക്കു​െമന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. സുനിൽകുമാറി​ന്റെ​ കറപുരളാത്ത പ്രതിച്ഛായതന്നെ കാരണം. മതേതരവിരുദ്ധ ശക്തികൾ ജയിക്കുന്ന അവസ്ഥ ഉണ്ടായാൽ വിജയസാധ്യതയുള്ള എതിർ സ്ഥാനാർഥിക്ക്​ ​​ക്രോസ്​വോട്ടുചെയ്ത്​ ജയിപ്പിക്കുന്ന ഒരു പ്രവണത സി.പി.എമ്മിൽ പലപ്പോഴും കണ്ടിരുന്നു. എന്നാൽ ഇക്കുറി, തൃശൂരിലും തിരുവനന്തപുരത്തും ആവക ​േവാട്ടിങ് ചോർച്ച ഉണ്ടാകരുതെന്ന കർശന നിലപാടിലായിരുന്നു സി.പി.എം നേതൃത്വം​. അതുവഴി കടന്നുകയറാൻ ബി.ജെ.പിക്ക്​ വഴിതെളിയുകയും ചെയ്​തു.

യു.ഡി.എഫ്​ സ്ഥാനാർഥികളുടെ ഏറ്റവും വലിയ ​മറ്റൊരു പ്രശ്​നം വിഭവദാരിദ്ര്യമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം പോസ്​റ്റർപോലും പലേടത്തും കുറവായിരുന്നു. പ്രചാരണം ഏറ്റവും കൊഴുപ്പിക്കാനായത്​ എൻ.ഡി.എ സ്ഥാനാർഥികൾക്കാണ്. ഇടതുപക്ഷത്തും ആർഭാടം കുറവായില്ല. കോൺഗ്രസിലെ അസ്വസ്ഥമാനസരെ കണ്ടുപിടിച്ച്​ അവരെക്കൊണ്ട്​ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ ബി.ജെ.പി മിടുക്കുകാട്ടിയിരുന്നു. അതിനാൽ തിരുവനന്തപുരത്തടക്കം കോൺഗ്രസ്​ സ്ഥാനാർഥികൾ പലരും തോൽക്കുമെന്ന പ്രചാരണവും തെരഞ്ഞെടുപ്പിനുമുമ്പ്​ കോൺഗ്രസ്​ വൃത്തങ്ങളിൽനിന്ന്​ ഉയർന്നിരുന്നു. പലേടത്തും പുതിയ വോട്ടർമാരെ ചേർക്കുന്നതിന്​ കോൺഗ്രസ്​ ഇക്കുറി ശ്രദ്ധിച്ചി​േട്ടയി​ല്ലെന്നതും ചേർത്തു വായിക്കേണ്ടതാണ്​.

​േകാട്ടയം മണ്ഡലത്തിലെ ഫ്രാൻസിസ്​ ജോർജിന്റെ വിജയം ഇടതുമുന്നണിയിൽ പ്രശ്​നങ്ങൾക്ക്​​ വഴി​െവക്കാൻ പര്യാപ്തമാണ്​. കഴിഞ്ഞതവണ അവിടെ വിജയിച്ച മാണിഗ്രൂപ്പ്​ സ്ഥാനാർഥി തോമസ്​ ചാഴിക്കാടൻ ഇക്കുറി മാണിഗ്രൂപ്പിൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയായി​ മത്സരിച്ചത്​, പൂർണ ജയപ്രതീക്ഷയോടെയാണ്​. ജോസഫ്​ ഗ്രൂപ്പിന്​ സ്വാധീനമില്ലാത്തതാണ്​ കോട്ടയം മണ്ഡലം. അവിടെ കോൺഗ്രസിന്​ വലിയ വോട്ട്​ബാങ്കുണ്ട്​. ഫ്രാൻസിസ്​ ജോർജിന്​ വ്യക്തിപരമായി സ്വാധീനവുമുണ്ട്​. ഇതു രണ്ടും ചേർന്നപ്പോൾ ചാഴിക്കാടൻ നന്നായി തോറ്റു. ജോസ്​ കെ. മാണിയുടെ രാജ്യസഭാംഗത്വവും നഷ്ടമാകുന്ന കാലയളവിലാണ്​ ഇതും സംഭവിക്കുന്നത്​.

അത്​ തിരിച്ചുനൽകാൻ ഇക്കുറി ഇടതുമുന്നണി ത​യാറാകില്ലെന്നതിനാൽ പാർലമെന്റിൽ ഇനി മാണിഗ്രൂപ്പിന്​ സാന്നിധ്യമുണ്ടാകില്ല. മാണി ഗ്രൂപ്പി​ന്റെ സാന്നിധ്യമുണ്ടായിട്ടും മുന്നണിക്ക്​ ഗുണമുണ്ടായില്ലെന്ന വിമർശനവും മുന്നണി നേതൃത്വത്തിൽനിന്ന്​ അവർക്ക്​ കേൾ​േക്കണ്ടി വന്നേക്കാം. ആ പാർട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കാൻ അത്​ കാരണമാകും എന്നതിൽ സംശയമില്ല. ഇടതു മുന്നണിയിൽ നിൽക്കുന്ന മാണിഗ്രൂപ്പി​െന വീണ്ടും തങ്ങളുടെ തട്ടകത്തിലേക്ക്​ ​മടക്കി കൊണ്ടുവരാൻ ഇതു വഴിതെളിക്കുമെന്നാണ്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾ കരുതുന്നത്​. അങ്ങനെ ഇത്തവണത്തെ തോൽവി, ഇടതു മുന്നണിയിൽ പലവിധ പ്രശ്​നങ്ങൾക്ക്​ വഴിതെളിക്കുകയും യു.ഡി.എഫിന്​ പുതിയ പ്രതീക്ഷകൾ നൽകുകയും ചെയ്​തേക്കാം.

ഹൈബി ഈഡൻ (എറണാകുളം -2,50,385),ഡീൻ കുര്യാക്കോസ് (ഇടുക്കി -1,33,727),ഇ.ടി. മുഹമ്മദ് ബഷീർ (മലപ്പുറം-3,00,118),അബ്ദുസ്സമദ് സമധാനി(പൊന്നാനി-2,35,760),ആന്റോ ആന്റണി(പത്തനംതിട്ട -66,119),അടൂർ പ്രകാശ് (ആറ്റിങ്ങൽ -684),കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് (മാവേലിക്കര -10,868)

മുസ്‍ലിം ലീഗിൽ നിരവധി പ്രശ്​നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമസ്​ത വഴി സി.പി.എമ്മിൽനിന്നുണ്ടായതായി ആരോപണമുണ്ട്​. സമസ്​തയിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും ലീഗിൽ അത്​ പ്രതിസന്ധി സൃഷ്ടിച്ചില്ലെന്നതാണ്​, തെരഞ്ഞെടുപ്പു ഫലത്തിൽ പ്രകടമാകുന്നത്​. വലിയ ഭൂരിപക്ഷത്തിൽ രണ്ടു സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ലീഗ്​ ​േനതൃത്വത്തിനു കഴിഞ്ഞു. എതിർപക്ഷത്തു നിൽക്കു​േമ്പാൾപോലും സി.പി.എമ്മുമായി നല്ല ബന്ധം പുലർത്തിവന്ന ചില ലീഗ് നേതാക്കൾപോലും അങ്ങനെ അകന്നുപോകുകയും ചെയ്​തു എന്നതാണ്​ ഇതിലൂടെ ഉണ്ടായ മറ്റൊരു കാര്യം.

Show More expand_more
News Summary - weekly articles