Begin typing your search above and press return to search.
proflie-avatar
Login

ഇടതിനു മുന്നിലെ വഴികൾ

ഇടതിനു മുന്നിലെ വഴികൾ
cancel

ത​മി​ഴ്നാ​ട്ടി​ലും രാ​ജ​സ്ഥാ​നി​ലും ല​ഭി​ച്ച സീ​റ്റു​ക​ൾ കാ​ര​ണം സി.പി.എമ്മിന്​ ദേ​ശീ​യപ​ദ​വി ന​ഷ്ട​മാ​കില്ല. പക്ഷേ, കേരളത്തിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടു. ബംഗാളിലാക​െട്ട തിരിച്ചുവരാനുമായില്ല. ​എന്താണ്​ ഇടതി​ന്റെ പരാജയത്തിന്​ പിന്നിൽ? തിരിച്ചുവരവ്​ സാധ്യമാണോ? –മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖക​ന്റെ വിശകലനം.അ​സ്ത​മ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്നു​വെ​ന്ന് തോ​ന്നി​ച്ച ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും സ​ർ​വോ​പ​രി ന​മ്മു​ടെ സാ​ധാ​ര​ണ ജ​ന​ത​യി​ലും വി​ശ്വാ​സ​മു​റ​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി....

Your Subscription Supports Independent Journalism

View Plans
ത​മി​ഴ്നാ​ട്ടി​ലും രാ​ജ​സ്ഥാ​നി​ലും ല​ഭി​ച്ച സീ​റ്റു​ക​ൾ കാ​ര​ണം സി.പി.എമ്മിന്​ ദേ​ശീ​യപ​ദ​വി ന​ഷ്ട​മാ​കില്ല. പക്ഷേ, കേരളത്തിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടു. ബംഗാളിലാക​െട്ട തിരിച്ചുവരാനുമായില്ല. ​എന്താണ്​ ഇടതി​ന്റെ പരാജയത്തിന്​ പിന്നിൽ? തിരിച്ചുവരവ്​ സാധ്യമാണോ? –മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖക​ന്റെ വിശകലനം.

അ​സ്ത​മ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്നു​വെ​ന്ന് തോ​ന്നി​ച്ച ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും സ​ർ​വോ​പ​രി ന​മ്മു​ടെ സാ​ധാ​ര​ണ ജ​ന​ത​യി​ലും വി​ശ്വാ​സ​മു​റ​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി. ഒ​രു പ​രി​ധി​വ​രെ എ​ങ്കി​ലും അ​ടി​യ​ന്തരാ​വ​സ്ഥ​ക്കു ശേ​ഷ​മു​ണ്ടാ​യ​തു​പോ​ലെ ആ​ത്മ​വി​ശ്വാ​സ​വും ആ​ശ്വാ​സ​വുമേ​കു​ന്ന ജ​ന​വി​ധി.

പ​ക്ഷേ, 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ​ധാ​ര​യി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​ന്ന് കേ​ര​ള​ത്തി​ലു​ണ്ടാ​യ വി​ധി. ഇ​ന്നും അ​ത്ര ആ​ശ്വാ​സ​ക​ര​മ​ല്ലാ​ത്ത അം​ശ​ങ്ങ​ൾ കേ​ര​ള​ത്തി​ന്റെ ജ​ന​വി​ധി​യി​ലു​ണ്ട്. സാ​മു​ദാ​യി​ക​ രാ​ഷ്ട്രീ​യം എ​ന്നും ശ​ക്തമാ​യി​രു​ന്നെ​ങ്കി​ലും മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തി​ന് കീ​ഴ​ട​ക്കാ​നാ​കാ​ത്ത ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ മ​തേ​ത​ര​ക്കോ​ട്ട എ​ന്ന​താ​യി​രു​ന്നു കേ​ര​ള​ത്തി​ന്റെ അ​വ​കാ​ശ​വാ​ദം. ഇ​ത് കു​റെ​ക്കാ​ല​മാ​യി ക്ര​മേ​ണ ദു​ർ​ബ​ല​പ്പെ​ട്ട് വ​രുക​യാ​യി​രു​ന്നു​വെ​ങ്കി​ലും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഏ​റക്കു​റെ അ​തി​ന്റെ അ​ന്ത്യം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​രി​ലെ ബി.​ജെ.പിയു​ടെ വി​ജ​യ​വും സം​സ്ഥാ​ന​ത്താ​കെ​യു​ള്ള അ​വ​രു​ടെ വോ​ട്ട് വ​ർ​ധ​ന​യും കേ​ര​ള ച​രി​ത്ര​ത്തി​ലെ ഒ​രു വ​ഴി​ത്തി​രി​വാ​ണ്. കേ​ര​ള​ത്തി​ലെ ഇ​രു​ധ്രു​വ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ന്ത്യ​മാ​യെ​ന്ന് പ​റ​യാം.

മു​മ്പ് ബി.​ജെ.പി ജ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ബാ​ലി​കേ​റാ​മ​ല​യാ​യി നി​ല​നി​ൽ​ക്കു​ന്ന ദ്രാ​വി​ഡ​ക്കോ​ട്ട​യാ​യി ത​മി​ഴ്നാ​ട് ഇ​ന്ന് ത​ല​യുയ​ർ​ത്തി​നി​ൽ​ക്കു​ക​യും​ ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ന്റെ ച​രി​ത്രം വ​ഴിമാ​റി​യ​തി​ന്റെ കാ​ര​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​ക്കാ​ണ്? ഉ​റ​പ്പാ​യും ഒ​രി​ക്ക​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന ഇ​വി​ടത്തെ സ​മൂ​ഹ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത് വ്യാ​പി​ച്ചു​വ​ന്ന പു​തി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹിക-സാ​മു​ദാ​യി​ക മ​നോ​ഭാ​വം ഇ​തി​ൽ മു​ഖ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ (ലോ​ക​ത്തും) ആ​കെ വ്യാ​പി​ക്കു​ന്ന പ്ര​വ​ണ​ത​ക​ളി​ൽനി​ന്നും ഒ​രു സം​സ്ഥാ​ന​ത്തി​നോ സ​മൂ​ഹ​ത്തി​നോ പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക അ​നാ​യ​ാസ​മ​ല്ല.

സ​മൂ​ഹ​ത്തി​ന്റെ പൊ​തു​ബോ​ധ​ത്തി​ലും മൂ​ല്യ​പ്ര​മാ​ണ​ത്തി​ലും വ​രു​ന്ന പ​രി​ണാ​മ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക് എ​ന്നപോ​ലെ പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യ സാം​സ്കാ​രി​ക​ വി​നി​മ​യ​ങ്ങ​ൾ​ക്കും പ​ങ്കു​ണ്ട്. മ​ത-​ജാ​തി പ്ര​സ്ഥാ​ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ-​പൗ​ര​സ​മൂ​ഹ പ്ര​സ്ഥാ​ന​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ബ​ഹു​ജ​ന​ സാം​സ്കാ​രി​ക​ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കൊ​ക്കെ ഇ​തി​ൽ നി​ർ​ണാ​യ​ക​ പ​ങ്കു​ണ്ട്. ഇ​വ​യി​ൽ ചി​ല​വ നേ​രി​ട്ടു​ത​ന്നെ ഈ ​മാ​റ്റ​ത്തി​ന്റെ കാ​ര​ണ​ഭൂ​ത​രാ​കു​മ്പോ​ൾ മ​റ്റു​ള്ള​വ പ​രോ​ക്ഷ​മാ​യാ​വാം. ഒ​രേസ​മ​യം ഈ ​പ​രി​ണാ​മ​ത്തി​ന്റെ സ്രഷ്ടാ​വാ​യും സൃ​ഷ്ടി​യാ​യും ഇ​വ​യെ​ല്ലാം പ​ര​സ്പ​ര​പൂ​ര​ക​വു​മാ​കു​ന്നു​ണ്ട്. അ​തേസ​മ​യം, സ​മൂ​ഹ​ചി​ന്ത​യി​ലു​ള്ള മൗ​ലി​ക​മാ​യ മാ​റ്റ​ത്തെ ചെ​റു​ക്കാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി സ്വ​യം പ്ര​തി​ബ​ദ്ധ​മാ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മ​റ്റു​ള്ള​വ​യേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​ണ്.

ഈ ​ദൗ​ത്യ​ത്തി​ലു​ള്ള അ​വ​യു​ടെ പ​രാ​ജ​യം ഈ ​മാ​റ്റ​ത്തി​ന്റെ ആ​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​വി​ടെ​യാ​ണ് കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര​ബോ​ധ​ത്തി​ലു​ണ്ടാ​യ ഇ​ടി​വി​ന് മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം. കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ ഇ​രു​ധ്രു​വ മ​തേ​ത​ര രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വ​ത്തി​ന്റെ ക​ടി​ഞ്ഞാ​ൺ ഏ​ന്തു​ന്ന ര​ണ്ട് മു​ന്ന​ണി​ക​ളു​മാ​ണ് അ​തി​ന്റെ മു​ന്നി​ൽ. ഈ ​ര​ണ്ട് മ​തേ​ത​ര മു​ന്ന​ണി​ക​ളു​ടെ​യും വി​വി​ധ പ​രാ​ജ​യ​ങ്ങ​ൾ​ക്ക് പു​റ​മെ അ​ധി​കാ​ര​ത്തി​നാ​യി മാ​ത്രം ഏ​റി​യും കു​റ​ഞ്ഞും വി​വി​ധ മ​ത-​ജാ​തി നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ത്തു​ന്ന നീ​ക്കു​പോ​ക്കു​ക​ൾ​ക്ക് മ​തേ​ത​ര​ത്വ​ത്തി​ന്റെ തി​രി​ച്ച​ടി​യി​ൽ വ​ലി​യ പ​ങ്കു​ണ്ട്.

എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ ബി.​ജെ.പി മു​ന്നേ​റ്റ​ത്തി​ൽ ഈ ​ര​ണ്ട് മു​ന്ന​ണി​ക​ളി​ൽ ആ​ർ​ക്കാ​ണ് ഏ​റ്റ​വും അ​ടി​യ​ന്തര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ചോ​ദി​ച്ചാ​ൽ സ​മൂ​ഹ​ത്തെ മ​റ്റൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നവി​ധം സ്വ​ന്തം ക​ട​മ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഭ​ര​ണ​മു​ന്ന​ണി​ക്കാ​ണെ​ന്നാ​ണ് ഈ ​ലേ​ഖ​ക​ന്റെ പ​ക്ഷം. ജ​ന​ങ്ങ​ളെ മ​തേ​ത​ര​ബോ​ധ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ണ്ടാ​യ ആ​ശ​യ​പ​ര​മാ​യ പാ​ളി​ച്ച മാ​ത്ര​മ​ല്ല, അ​വ​രു​ടെ ജീ​വി​തം മെ​ച്ച​മാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലും ആ​ത്മാ​ർ​ഥ​ത​യി​ലും ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

കാ​ര്യ​ക്ഷ​മ​ത, മൂ​ല്യ​ബോ​ധം, പ്ര​ത്യ​യ​ശാ​സ്ത്രം, പ്ര​യോ​ഗം എ​ന്നി​വ​യി​ൽ മാ​ത്ര​മ​ല്ല സ്വ​ന്തം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വ്യ​ത്യ​സ്തം എ​ന്നു തെ​ളി​യി​ച്ച പ്ര​സ്ഥാ​ന​ങ്ങ​ൾ ആ ​വ​ലി​യ വ​ഴി​ക​ളി​ൽ​നി​ന്ന് മാ​റു​മ്പോ​ൾ ജ​നം (സ്വ​ന്തം പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര​ട​ക്കം) ഇ​ടു​ങ്ങി​യ മ​റ്റു വ​ഴി​ക​ൾ തേ​ടു​ന്ന​തി​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. കേ​ര​ള​ത്തി​ലെ ഇ​ട​തുപ​ക്ഷ​ത്തി​ന്റെ വ​ലി​യ പ​രാ​ജ​യ​ത്തി​നും ബി.​ജെ.പിയു​ടെ വി​ജ​യ​ത്തി​നു​മു​ള്ള അ​ടി​യ​ന്തര കാ​ര​ണ​ങ്ങ​ളി​ൽ മു​ഖ്യം വ്യാ​പ​ക​മാ​യ സം​സ്ഥാ​ന​ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രംത​ന്നെ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യ​ത് ആ ​വി​കാ​ര​ത്തെ ത​ട​യാ​ൻ എം.കെ. സ്റ്റാ​ലി​ന്റെ സർക്കാറി​ന് ക​ഴി​ഞ്ഞ​തു​മാ​ണ്.

കേ​ര​ള​ത്തി​ൽ എ​ന്നും ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​ത്തി​ൽ ശ​ക്തി തെ​ളി​യി​ക്കാ​നാ​കു​ന്ന ഭരണക​ക്ഷി​ക്കാ​ണ് മുൻതൂക്കമെ​ന്നും അ​തു​കൊ​ണ്ടുത​ന്നെ സം​സ്ഥാ​ന​ രാ​ഷ്ട്രീ​യ​ത്തി​ന് അ​തി​ൽ വ​ലി​യ പ​ങ്കി​ല്ലെ​ന്നുമാ​ണ് പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴൊ​ക്കെ ഇ​ട​തുപ​ക്ഷ​ത്തി​ന്റെ ന്യാ​യം. ദേ​ശീ​യത​ല​ത്തി​ലെ​ങ്കി​ലും ത​ങ്ങ​ൾ പ​രാ​ജ​യ​മാ​ണെ​ന്ന സ​മ്മ​തം ആ ​ന്യാ​യ​വാ​ദ​ത്തി​ലുണ്ടെ​ങ്കി​ലും അ​തി​ൽ കു​റെ ശ​രി​യു​മു​ണ്ട്. പ​ക്ഷേ, ക​ന​പ്പെ​ട്ട സം​സ്ഥാ​ന ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം അ​ല​യ​ടി​ച്ച ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഐ​ക്യ​ ജ​നാ​ധി​പ​ത്യ​ മു​ന്ന​ണി രൂ​പംകൊ​ണ്ട 1980 മു​ത​ൽ 2019 വ​രെ ന​ട​ന്ന പ​തി​നൊ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​മ്പതി​ലും ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് ആ ​മു​ന്ന​ണി​യാ​ണ്. 1980ലും 2004ലും മാ​ത്ര​മാ​യി​രു​ന്നു ഇ​ട​ത് ജ​നാ​ധി​പ​ത്യ​ മു​ന്ന​ണി​യു​ടെ വി​ജ​യം.

2004ൽ ​ഒ​രൊ​റ്റ സീ​റ്റുപോ​ലും കോ​ൺ​ഗ്ര​സി​ന് കി​ട്ടാ​തെ​പോ​യ​താ​ണ് യു.ഡി​.എ​ഫി​ന്റെ ഏ​റ്റ​വും ക​ന​ത്ത പ​രാ​ജ​യം. മു​സ്‍ലിം ലീ​ഗി​ന് കി​ട്ടി​യ ഏ​ക സീ​റ്റ് ആ​യി​രു​ന്നു യു.ഡി.എ​ഫി​ന്റെ ഏ​കവി​ജ​യം. ഇ​ന്ത്യ തി​ള​ങ്ങു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തു​ട​ർ​ഭ​ര​ണം നേ​ടാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി​യ ബി.​ജെ.പിയെ മു​ട്ടുകു​ത്തി​ച്ച് ഇ​ന്ത്യ​യി​ൽ ആ​കെ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ആ ​നാ​ണംകെ​ട്ട തോ​ൽ​വി. യാ​ദൃച്ഛി​ക​മാ​കാം, സീ​റ്റുനി​ല പോ​ലും സ​മാ​നം. അ​ന്ന് എ​ൽ.ഡി.​എ​ഫി​ന് 18, യു.ഡി.എ​ഫി​ന് ഒ​ന്ന്, എ​ൻ.ഡി.എക്ക് ഒ​ന്ന്. ഇ​ന്ന് യു.ഡി.എ​ഫി​ന് 18, എ​ൽ.ഡി.എ​ഫി​ന് ഒ​ന്ന്, എ​ൻ.ഡി.എ​ക്ക് ഒ​ന്ന്. മു​ഖ്യ​മ​ന്ത്രി എ.കെ. ആ​ന്റ​ണി ന​യി​ച്ച സ​ർക്കാ​റി​നെ​തി​രെ അ​ല​യ​ടി​ച്ച പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു അ​ന്ന​ത്തെ ഫ​ല​ത്തി​ന് പി​ന്നി​ൽ. തു​ട​ർ​ന്നാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി​യെ യാ​ത്ര അ​യ​ച്ച​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ന്റ​ണി ന​ട​ത്തി​യ നാ​ട​കീ​യ​മാ​യ രാ​ജി പ്ര​ഖ്യാ​പ​നം.

കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി​യു​ടെ പി​ന്നി​ലും സ​മാ​ന​മാ​യ അ​ള​വി​ലു​ള്ള സം​സ്ഥാ​ന​ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ്. പ​രാ​ജ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ആ​ന്റ​ണി അ​ന്ന് രാ​ജിവെ​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​മാ​യി. അ​ന്ന് സോ​ണി​യ മാ​ത്ര​മ​ല്ല, ആ​ന്റ​ണി​യു​ടെ ഏ​റ്റ​വും ഉ​റ്റ ച​ങ്ങാ​തി​ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യോ ആ​ര്യാ​ട​ൻ മുഹ​മ്മ​ദോ പോ​ലും അ​ന്ന് അ​ദ്ദേ​ഹ​ത്തെ രാ​ജി​യി​ൽനി​ന്നും ത​ട​ഞ്ഞു​മി​ല്ല. മാ​ത്ര​മ​ല്ല, ആ​ന്റ​ണി​യു​ടെ രീ​തി​ക​ളോ​ട് –പ്ര​ത്യേ​കി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്റെ ക​രു​ണാ​ക​ര പ്രീ​ണ​നം –അ​വ​രെ​ല്ലാ​വ​രും പാ​ർ​ട്ടി​ക്ക​ക​ത്ത് വ​ലി​യ പ്ര​തി​ഷേ​ധം ത​ന്നെ നി​ര​ന്ത​ര​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. രാ​ജി​യി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​ൽ തി​ക​ച്ചും അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണ് അ​ന്ന് ആ​ന്റ​ണി സ്വീ​ക​രി​ച്ച​തെ​ന്ന് പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. അ​ങ്ങ​നെ സ്വ​ന്തം പ്ര​തിച്ഛാ​യ​യും അ​ദ്ദേ​ഹം ഭേ​ദ​മാ​ക്കി. അ​ന്ന് ഡൽഹി​യി​ലേ​ക്ക് പോ​യ ആ​ന്റ​ണി പി​ന്നെ ഇ​ന്നുവ​രെ കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽനി​ന്നുത​ന്നെ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ ഇ​ന്ന് ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന സി​.പി​.എ​മ്മി​ൽനി​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽനി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത് സ​മാ​ന​മാ​യ ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. രാ​ജിവ​രെ അ​വ​ർ പോ​കാ​ൻ ഇ​ട​യി​ല്ല. ചു​രു​ങ്ങി​യ​പ​ക്ഷം തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞു​കൊ​ണ്ട് ഭ​ര​ണ ശൈ​ലി​യി​ലും മ​റ്റ് രീ​തി​ക​ളി​ലും സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യെ​ങ്കി​ലും പ്ര​ക​ടി​പ്പി​ക്കു​മോ? തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​വും വി​ജ​യ​വും അ​സാ​ധാ​ര​ണ​മ​ല്ല.

പ​ക്ഷേ, വി​ജ​യ​ത്തി​ന്റെ എ​ന്ന​പോ​ലെ പ​രാ​ജ​യ​ത്തി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക ജ​ന​ങ്ങ​ളു​ടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ന്റെ​യും തി​രു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ടെ​യും തെ​ളി​വാ​ണ്. ഇ​ന്ന​ത്തെ സി.പി.എ​മ്മി​ലെ​യും എ​ൽ.ഡി.എ​ഫി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ അ​തി​നു​ള്ള സാ​ധ്യ​ത വി​ര​ളം. ഇ​തി​ന​കംത​ന്നെ ജ​ന​വി​ധി ഒ​ട്ടുംത​ന്നെ സം​സ്ഥാ​ന സ​ർക്കാ​റിന്റെ വി​ല​യി​രു​ത്ത​ൽ അ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ബി.​ജെ.പി വി​രു​ദ്ധ​വി​കാ​രം യു.ഡി.എ​ഫ് മു​ത​ലാ​ക്കി​യ​താ​ണെ​ന്നു​മു​ള്ള വി​ത​ണ്ഡവാ​ദ​ങ്ങ​ൾ നി​ര​ത്തി​ക്ക​ഴി​ഞ്ഞു. സി.​പി.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ഇ​ന്ന് നേ​രി​ടു​ന്ന ദു​ര്യോ​ഗ​ത്തി​ന്റെ​യും തെ​ളി​വാ​ണ് ആ ​വാ​ദ​വും.

2019ലെ ​ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട ത​ങ്ങ​ൾ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗം​ഭീ​ര​വി​ജ​യം നേ​ടി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തു​ട​ർ​ഭ​ര​ണം നേ​ടി​യി​ല്ലേ എ​ന്ന​താ​ണ് സി.പി.എ​മ്മി​ന്റെ മ​റുചോ​ദ്യം. പ​ക്ഷേ, ആ ​പ​രാ​ജ​യം ഒ​രു ത​രം​ഗ​ത്തി​ന്റെ ഫ​ല​മാ​യി​രു​ന്നു. ശ​ബ​രി​മ​ല സ​മ​രം ഉ​യ​ർ​ത്തി​യ വൈ​കാ​രി​ക​ത​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​വും കോ​ൺ​ഗ്ര​സി​ന് ദേ​ശീ​യത​ല​ത്തി​ൽ ക​ൽ​പിക്ക​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​മാ​യി​രു​ന്നു ആ ​ത​രം​ഗ​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ. അ​വ ഒ​ന്നും ഇ​ക്കു​റി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നി​ട്ടും ഇ​ത്ര ക​ന​ത്ത പ​രാ​ജ​യ​മു​ണ്ടാ​യാ​ൽ ഭ​ര​ണവി​രു​ദ്ധ​വി​കാ​ര​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ് കാ​ര​ണം? പ്ര​ത്യേ​കി​ച്ചും ധ​ർ​മ​ടമ​ട​ക്ക​മു​ള്ള മ​ല​ബാ​റി​ലെ ഇ​ട​തു കോ​ട്ട​ക​ളി​ൽപോ​ലും ക​ണ്ട അ​ഭൂ​ത​പൂ​ർ​വ​മാ​യ യു.ഡി.എ​ഫ് തേ​രോ​ട്ട​ത്തി​ന് വി​ശ​ദീ​ക​ര​ണ​മെ​ന്ത്? ത​രം​ഗ​ങ്ങ​ളി​ല്ലാ​തി​രി​ക്കു​മ്പോ​ഴും യു.ഡി.എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾപോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഈ ​വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ന്താ​ണ് കാ​ര​ണം? ഇ​ട​തുപ​ക്ഷ​ത്തി​ന്റെ അ​നു​കൂ​ലി​ക​ൾ​പോ​ലും വോ​ട്ട് മാ​റി ചെ​യ്യു​ക​യും പോ​ളി​ങ് കു​റ​ഞ്ഞ​തി​ന്റെ പി​ന്നി​ൽ സി.പി.എ​മ്മി​ന്റെ​യും ഇ​ട​തുപ​ക്ഷ​ത്തി​ന്റെ​യും ഉ​റ​ച്ച വോ​ട്ട​ർ​മാ​ർപോ​ലും വി​ട്ടു​നി​ന്ന​താ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലാ​തി​ല്ല.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് ര​ണ്ട് വ​ർ​ഷ​ത്തി​നുശേ​ഷം നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വി​ജ​യ​ത്തി​ന് കാ​ര​ണമാ​ക​ട്ടെ കോ​വി​ഡ് കാ​ല​ത്ത് സ​ർക്കാ​റിനും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ണ്ടാ​യ മ​തി​പ്പ് എ​ന്ന അ​സാ​ധാ​ര​ണ ​കാ​ര​ണ​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. പ്ര​കൃ​തി​ദു​ര​ന്തം, യു​ദ്ധം, വ്യാ​ധി തു​ട​ങ്ങി​യ​വ​യു​ടെ ഘ​ട്ട​ങ്ങ​ളി​ൽ സാ​മാ​ന്യ​മാ​യെ​ങ്കി​ലും മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ക​യും ദു​രി​ത​ങ്ങ​ളി​ൽ ഉ​ഴ​ലു​ന്ന ജ​ന​ത​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഒ​പ്പം ജ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.

എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന​ല്ലാ​തെ 2021ൽ ​അ​ധി​കാ​ര​മേ​റി​യ സ​ർ​ക്കാ​റി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​നോ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്യാ​നോ ഒ​രു പ്ര​ധാ​ന നേ​ട്ട​മെ​ങ്കി​ലും മു​ന്നോ​ട്ടുവെ​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നു​വോ? സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ദു​ര​ന്ത​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ളം ഇ​ക്കാ​ല​ത്ത് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ആ​ർ​ക്കും സം​ശ​യ​മി​ല്ല. ഇ​തി​ന്റെ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​വും കേ​ന്ദ്ര വി​വേ​ച​ന​ത്തി​ന്റെ ത​ല​യി​ൽ ഏ​റ്റു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. തീ​ർ​ച്ചയാ​യും അ​ത് ഒ​രു വ​ലി​യ കാ​ര​ണ​വു​മാ​ണ്. പ​ക്ഷേ ഒ​രു സ​ർക്കാ​റി​ന് ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രമി​ല്ല. പ്ര​തി​കൂ​ല മ​നോ​ഭാ​വ​മു​ള്ള കേ​ന്ദ്ര​ത്തി​ന്റെ മു​ന്നി​ൽ സം​സ്ഥാ​ന സ​ർക്കാ​റിന് ഒ​ന്നും ചെ​യ്യാ​നാ​വു​ന്നി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള ഒ​രു സ​ർക്കാ​ർ തു​ട​രു​ന്ന​തി​നെ​ന്ത് ന്യാ​യം?

മാ​ത്ര​മ​ല്ല, കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യു​ടെ പ​രാ​തി ഉ​യ​രാ​ത്ത ഏ​തെ​ങ്കി​ലും ഒ​രു കാ​ല​മു​ണ്ടാ​യി​ട്ടു​ണ്ടോ? പ​ക്ഷേ, അ​പ്പോ​ഴും വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യ വ​ലി​യ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കാ​ൻ ഇ​ട​തുപ​ക്ഷ​ത്തി​നാ​യി​ട്ടു​ണ്ട്. ലോ​ക​മാ​ദ​രി​ച്ച ‘കേ​ര​ള മോ​ഡ​ൽ’ വി​ക​സ​നം ശ​ക്ത​മാ​ക്കി​യ ആ​ദ്യ ഇ.എം.എ​സ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭൂ​പ​രി​ഷ്കരണ​വും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളും മു​ത​ൽ സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​വും ജി​ല്ല കൗ​ൺ​സി​ൽ സ​മ്പ്ര​ദാ​യ​വും ജ​ന​കീ​യാ​സൂ​ത്ര​ണ​വും മാ​വേ​ലി സ്റ്റോ​റു​ക​ളും കു​ടും​ബ​ശ്രീ​യും വി.എ​സ് സ​ർക്കാ​റി​ന്റെ തു​ട​ക്ക​ത്തി​ൽ എ​ങ്കി​ലും കൊ​ണ്ടു​വ​ന്ന ഭൂ​മാ​ഫി​യ​ വി​രു​ദ്ധ ന​ട​പ​ടി​ക​ളും പൊ​തു​ജ​നാ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​വും ഒ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, 2016 മു​ത​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള ര​ണ്ട് സ​ർക്കാ​റിനും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​ൻ എ​ന്തു​ണ്ട്? തു​ട​രെ ആ​ഞ്ഞ​ടി​ച്ച നി​പ, ഓ​ഖി, പ്ര​ള​യ​ങ്ങ​ൾ എ​ന്നി​വ സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക ആ​ഘാ​ത​ങ്ങ​ളും അ​വ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടാ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം ക്രി​യാ​ത്മ​ക നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ നാ​ലു വ​ർ​ഷ​മാ​യി​ട്ടും ആ​യി​ല്ലെ​ങ്കി​ൽ അ​ത് പ​രാ​ജ​യ​മാ​യിത​ന്നെ എ​ണ്ണ​പ്പെ​ടും. ക്രി​യാ​ത്മ​ക​മാ​യ നേ​ട്ട​ങ്ങ​ളി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​ധി​കാ​ര​മേ​റ്റ​തു​ മു​ത​ൽ ഈ ​സ​ർ​ക്കാ​ർ നേ​രി​ടു​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണ്. അ​വ​യി​ൽ കു​റെ​യൊ​ക്കെ രാ​ഷ്ട്രീ​യാ​രോ​പ​ണ​ങ്ങ​ളാ​കാം. പ​ക്ഷേ, ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ഒ​ട്ടും കു​റ​വി​ല്ല. ആ​രി​ൽനി​ന്നാ​യാ​ലും ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നോ വി​ശ​ദീ​ക​ര​ണം ന​ൽകാ​നോ ഉ​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ജ​നാ​ധി​പ​ത്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​ക​ൾ​ക്കും അ​തി​ലേ​റെ സ​ർ​ക്കാ​റുക​ൾക്കുമു​ണ്ട്.

ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ശ​ദീ​ക​ര​ണം ന​ൽകുന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർക്കാ​റിന്റെ ത​ക​ർ​ച്ച​യു​ടെ കാ​ര​ണം. ആ ​സ​ർ​ക്കാ​ർ നേ​രി​ട്ട ആ​രോ​പ​ണ​ങ്ങ​ൾ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​ത്ഭു​ത​ക​ര​മാ​യി ആ​വ​ർത്തി​ക്ക​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണി​പ്പോ​ൾ. പ​ക്ഷേ, മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തിനു നേ​രെ വ​രെ ആ​രോ​പ​ണ​ങ്ങ​ളു​ടെ കു​ന്ത​മു​ന ഉ​യ​രു​മ്പോ​ഴും മ​റു​പ​ടിപോ​ലും ന​ൽ​കാ​തെ അ​ക്കാ​ര്യം ചോ​ദി​ക്കു​ന്ന​വ​രെ അ​ടി​ച്ചി​രു​ത്തു​ക​യാ​ണ് ഇ​ന്ന​ത്തെ രീ​തി. മ​റ്റു​ള്ള​വ​രോ​ട് സാ​മാ​ന്യ മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റാ​ൻപോ​ലും അ​റി​യു​ന്ന നേ​താ​ക്ക​ൾ ഇ​ന്ന് സി.പി.എമ്മിൽ ​വ​ള​രെ വി​ര​ളമാ​യി​രി​ക്കു​ന്നു. ടി.വി ചാ​ന​ലു​ക​ൾ മ​നു​ഷ്യ​രു​ടെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഇ​തൊ​ക്കെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ അ​ത്ഭു​ത​മു​ള്ളൂ.

നി​ര​ന്ത​ര​മാ​യി ഉ​യ​രു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ വി​ക​ല​മാ​ക്കു​ന്ന പ്ര​തിച്ഛാ​യ മെ​ച്ച​മാ​ക്കാ​ൻ ഈ ​സ​ർ​ക്കാ​റും മു​ന്ന​ണി​യും ഒ​രു ചെ​റു​വി​ര​ൽ അ​ന​ക്കാ​ൻപോ​ലും ത​യാ​റാ​കാ​ത്ത കാ​ഴ്ച അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്. സാ​ധാ​ര​ണ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​തി​നെ ന​ല്ല മാ​ർ​ഗത്തി​ൽ മ​റി​ക​ട​ക്കു​ക ജ​ന​പ്രീ​തി നേ​ടു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ടോ, ജ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന പു​തി​യ ആ​ഖ്യാ​ന​ങ്ങ​ൾകൊ​ണ്ടോ ആ​ണ്. (മ​ത-​സാ​മു​ദാ​യി​ക വി​കാ​ര​ങ്ങ​ൾ ഇ​ള​ക്കി ജ​ന​ശ്ര​ദ്ധ വ്യ​തി​ച​ലി​പ്പി​ക്കു​ന്ന തി​ന്മ​യു​ടെ മാ​ർഗം അ​വ​ലം​ബി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളു​മു​ണ്ട്.) വി​മ​ർ​ശ​ക​രെ അം​ഗ​ര​ക്ഷ​ക​രെ​ക്കൊ​ണ്ട് ത​ല്ലി​യൊ​തു​ക്കു​ക​യോ ആ​ക്രോ​ശി​ച്ചു നി​ശ്ശബ്ദ​രാ​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റ​ും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല.

അ​തി​ന്റെ ഫ​ലം അ​വ​ർ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്റെ പി​ന്നി​ൽ തി​ക​ഞ്ഞ ബു​ദ്ധി​ശൂ​ന്യ​ത, അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള പു​ച്ഛം അ​തു​മ​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്താ​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന ധാ​ർ​ഷ്ട്യം. ഇ​വ​യെ​ല്ലാം വ്യ​ത്യ​സ്ത അ​ള​വി​ൽ ഈ ​സ​ർക്കാ​റി​ൽ കാ​ണാം. ഇ​വ​യു​ടെ​യൊ​ക്കെ അ​ടി​സ്ഥാ​ന കാ​ര​ണം പാ​ർ​ട്ടി​യി​ൽ മു​മ്പൊ​രി​ക്ക​ലും കാ​ണാ​ത്ത അ​ധി​കാ​ര​ കേ​ന്ദ്രീ​ക​ര​ണ​മാ​ണ്. അ​ടി മു​ത​ൽ മു​ടി വ​രെ ഒ​രു അ​ഭി​പ്രാ​യ​ഭി​ന്ന​ത​യും ചോ​ദ്യംചെ​യ്യ​ലും തി​രു​ത്ത​ലും അ​നു​വ​ദി​ക്കാ​ത്ത​വി​ധം വ​ള​ർ​ന്നു​ക​ഴി​ഞ്ഞ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ കേ​ന്ദ്രീ​ക​ര​ണം ഏ​തൊ​രു സം​ഘ​ട​ന​യു​ടെ​യും ഉ​ള്ളു പൊ​ള്ള​യാ​ക്കു​ന്നു. തു​റ​ന്ന ആ​ശ​യസം​വാ​ദ​മി​ല്ലാ​ത്ത സം​ഘ​ട​ന​ക​ളി​ൽ സ്വ​യം തി​രു​ത്ത​ലു​ക​ൾ അ​സാ​ധ്യം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലി​ക്കാ​തെ​ പോ​യ​ത് സ​മീ​പകാ​ല​ത്ത് മു​സ്‍ലിം ജ​ന​വി​ഭാ​ഗ​ത്തി​ൽ സി.പി.എം ​വ​ർ​ധി​പ്പി​ച്ച സ്വാ​ധീ​ന​വു​മാ​ണ്. ഇ​തി​ന് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി സ്വീ​ക​രി​ച്ച ന​ഗ്ന​മാ​യ മു​സ്‍ലിം വി​ദ്വേ​ഷം സ​മു​ദാ​യ​ത്തെ ആ​കെ കോ​ൺ​ഗ്ര​സി​ന്റെ കീ​ഴി​ൽ അ​ണി​നി​ര​ത്തി​യ​താകാം അ​തി​ൽ പ്ര​ധാ​നം. ഒ​രുപ​ക്ഷേ മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​താ​യി​രി​ക്കി​ല്ല സ്ഥി​തി. സി​.പി.എ​മ്മി​ന്റെ ‘മു​സ്‍ലിം പ്രീ​ണ​ന ന​യ’വും സ​മ​സ്ത​യി​ൽ ‘പി​ള​ർ​പ്പു​ണ്ടാ​ക്കാ​നു​ള്ള’ ത​ന്ത്ര​ങ്ങ​ളും ആ ​സ​മു​ദാ​യംത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നാ​ണ് ഒ​രു വാ​ദം. മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ല്ലാ​ത്തവി​ധം സി.എ.എ ​പോ​ലെ​യു​ള്ള ‘മു​സ്‍ലിം വി​ഷ​യ​ങ്ങ​ൾ’ സി.പി.എം ​ഉ​യ​ർ​ത്തി​യ​ത് വ​ർ​ഗീ​യ വോ​ട്ട് മാ​ത്രം ക​ണ്ണുവെ​ച്ചാ​ണെ​ന്ന വി​മ​ർശന​മു​ണ്ട്.

ഇസ്രായേലി​ന്റെ ഫലസ്തീ​ൻ ആ​ക്ര​മ​ണം സി​.പി.എ​ം ​നി​ര​ന്ത​ര വി​ഷ​യ​മാ​ക്കി​യ​ത് തീ​വ്ര​വാ​ദി​ക​ളാ​യ ഹ​മാ​സ് അ​നു​കൂ​ല നി​ല​പാ​ട് ആ​ണെ​ന്നും അ​ത് ഇ​ട​തുപ​ക്ഷ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ഹി​ന്ദു​ക്ക​ളെ​യും ക്രിസ്ത്യാ​നി​ക​ളെ​യും ഒ​രു​പോ​ലെ വെ​റു​പ്പി​ച്ചെ​ന്ന വാ​ദ​വും കേ​ൾ​ക്കു​ന്നു​ണ്ട്. കു​റെ​യൊ​ക്കെ ഇ​വ​യി​ലൊ​ക്കെ ശ​രി​യു​ണ്ടാ​കാം. പ​ക്ഷേ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ അ​സ്തി​ത്വ​പ​ര​മാ​യി ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ മു​ഖ്യ മ​തേ​ത​ര ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് പോ​ലും മൃ​ദു​ഹി​ന്ദു​ത്വ​ത്തി​ൽ അ​ഭ​യംതേ​ടു​മ്പോ​ൾ, എ​ന്നും ഫല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പം നി​ന്ന ഇ​ന്ത്യ വ​ഴി​മാ​റു​മ്പോ​ൾ കൊ​ച്ചു​കേ​ര​ള​ത്തി​ലെ ഒ​രു പ്ര​സ്ഥാ​ന​മെ​ങ്കി​ലും അ​വ നി​ര​ന്ത​ര​മാ​യി ഉ​യ​ർ​ത്തി​യ​തി​ൽ ശ​രി​യാ​ണ് കൂ​ടു​ത​ൽ എ​ന്നാ​ണ് ഈ ​ലേ​ഖ​ക​ന്റെ നി​ല​പാ​ട്. എ​ന്താ​യാ​ലും മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലും രാ​ജ​സ്ഥാ​നി​ലും ല​ഭി​ച്ച സീ​റ്റു​ക​ൾ കാ​ര​ണം ദേ​ശീ​യപ​ദ​വി ന​ഷ്ട​മാ​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് മാ​ത്ര​മാ​കാം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.പി.എ​മ്മി​ന്റെ ഏ​ക നേ​ട്ടം.

News Summary - weekly articles