Begin typing your search above and press return to search.
proflie-avatar
Login

ആരായിരുന്നു ബി.ആർ.പി. ഭാസ്കർ?

ആരായിരുന്നു ബി.ആർ.പി.   ഭാസ്കർ?
cancel

‘‘ബി.ആർ.പി വലിയ ഒരു പാഠവും മാതൃകയുമാണ്. അനുകരിക്കേണ്ട, അനുകരിക്കാൻ പ്രയാസമായ മാതൃക’’ -ദീർഘകാലമായി ബി.ആർ.പിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന സാമൂഹികപ്രവർത്തകൻകൂടിയായ ലേഖക​ന്റെ അനുസ്​മരണം.വിശ്രമജീവിതം എന്നൊന്ന് ബി.ആർ.പിക്കുണ്ടായിരുന്നില്ല. അവസാനനിമിഷം വരെയും സജീവമായിരുന്ന ആ മസ്തിഷ്കവും ഹൃദയവും സമൂഹത്തി​ന്റെ താൽപര്യങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. സ്വന്തം അനുഭവങ്ങൾ പറയുമ്പോൾപോലും അവക്ക് സാമൂഹികമായ പ്രസക്തിയുണ്ടോ എന്നാണ് അദ്ദേഹം ആലോചിച്ചത്. ത​ന്റെ മാധ്യമജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘ന്യൂസ് റൂം’ എന്ന കൃതി അദ്ദേഹത്തി​ന്റെ വ്യക്തിത്വത്തിലെ ആ സവിശേഷത വ്യക്തമാക്കുന്നതാണ്....

Your Subscription Supports Independent Journalism

View Plans
‘‘ബി.ആർ.പി വലിയ ഒരു പാഠവും മാതൃകയുമാണ്. അനുകരിക്കേണ്ട, അനുകരിക്കാൻ പ്രയാസമായ മാതൃക’’ -ദീർഘകാലമായി ബി.ആർ.പിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന സാമൂഹികപ്രവർത്തകൻകൂടിയായ ലേഖക​ന്റെ അനുസ്​മരണം.

വിശ്രമജീവിതം എന്നൊന്ന് ബി.ആർ.പിക്കുണ്ടായിരുന്നില്ല. അവസാനനിമിഷം വരെയും സജീവമായിരുന്ന ആ മസ്തിഷ്കവും ഹൃദയവും സമൂഹത്തി​ന്റെ താൽപര്യങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. സ്വന്തം അനുഭവങ്ങൾ പറയുമ്പോൾപോലും അവക്ക് സാമൂഹികമായ പ്രസക്തിയുണ്ടോ എന്നാണ് അദ്ദേഹം ആലോചിച്ചത്. ത​ന്റെ മാധ്യമജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘ന്യൂസ് റൂം’ എന്ന കൃതി അദ്ദേഹത്തി​ന്റെ വ്യക്തിത്വത്തിലെ ആ സവിശേഷത വ്യക്തമാക്കുന്നതാണ്.

കോളജ് വിദ്യാർഥിയായിരിക്കെ സ്വന്തം പേരില്ലാതെ എഴുതിയ ലേഖനത്തിൽ തുടങ്ങി ദിനപത്രങ്ങൾ, വാർത്താ ഏജൻസി, ദൃശ്യമാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തുമായി ഏഴു പതിറ്റാണ്ടിലേറെ നീണ്ട സുദീർഘമായ ത​ന്റെ മാധ്യമപ്രവർത്തക ജീവിതത്തെക്കുറിച്ച് ‘ന്യൂസ് റൂം’ എന്ന കൃതിയിൽ ബി.ആർ.പി വിശദമായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് മാധ്യമപ്രവർത്തകൻ എന്നനിലയിൽ ബി.ആർ.പിയുടെ ജീവിതം മലയാളിക്ക് സുപരിചിതമാണ്. സ്വന്തം കാര്യം പറയാനുള്ള വിമുഖതമൂലം ഇങ്ങനെയൊരു കൃതി എഴുതാൻ താൽപര്യം കാട്ടാതിരുന്ന ബി.ആർ.പിയുടെ മേൽ സമ്മർദം ചെലുത്തി ആ പുസ്തകം എഴുതിച്ചവരോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു.

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച ചരിത്രപരമായ പങ്കാണ് ബി.ആർ.പി. ഭാസ്കർ കേരളീയസമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം കേരളത്തിൽ മനുഷ്യാവകാശ നിഷേധങ്ങൾക്കെതിരായ എല്ലാ ചെറുത്തുനിൽപുകളിലും ഏതെങ്കിലും തരത്തിൽ ബി.ആർ.പിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സൈദ്ധാന്തികമായ പിന്തുണയിൽ ഒതുങ്ങിയില്ല അത്. അധികാരത്തി​ന്റെ ഇരകളാകുന്ന ഏറ്റവും താഴേത്തട്ടിലെ മനുഷ്യരോടൊപ്പം നിൽക്കുക ത​ന്റെ കടമയായി അദ്ദേഹം കരുതി. പൊതുസമ്മതി നേടിയ സാമാന്യബോധത്തി​ന്റെ യുക്തികൾക്ക് കീഴ്പ്പെടാൻ തയാറാകാതിരിക്കുകയും ഭരണകൂടത്തി​ന്റെ വാദങ്ങളെ എപ്പോഴും സംശയത്തോടെ നേരിടുകയും ചെയ്ത ബി.ആർ.പിയെ, ഭരണകൂടത്തി​ന്റെ നൃശംസതകൾക്ക് ഇരയായവർ സ്വാഭാവിക ബന്ധുവായാണ് കണ്ടത്.

ഭരണകൂടം അനുദിനം കൂടുതൽ ജനാധിപത്യവിരുദ്ധമാകുന്ന കാലത്ത്, അധികാരവും സമ്പത്തുമുള്ള ശക്തികൾക്കെതിരെ തീർത്തും നിരാലംബരായ മനുഷ്യരോടൊപ്പം നിൽക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് വ്യക്തമായ ബോധം ബി.ആർ.പിക്കുണ്ടായിരുന്നു. ഭവിഷ്യത്തുകളുടെ ഗുരുത്വം കണക്കിലെടുത്ത് നിലപാടുകളിൽ വെള്ളം ചേർക്കുന്നയാളായിരുന്നില്ല അദ്ദേഹം. മാവോവാദി മുദ്രകുത്തി ആക്രമിക്കപ്പെട്ട ജനകീയസമരങ്ങൾ മുതൽ ഇസ്‍ലാമിക ഭീകരത എന്ന കള്ളപ്പേരിൽ വേട്ടയാടപ്പെട്ട പ്രതികരണങ്ങൾവരെ, ഭരണകൂടത്തി​ന്റെ ഭീഷണിക്കും ഭീകരതക്കും ഇരയായ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ഇടപെടലുകളിൽ എല്ലായ്പോഴും ബി.ആർ.പിയുടെ മുൻകൈയുണ്ടായിരുന്നു.

ജാതിയെ ഒരു രാഷ്ട്രീയപ്രശ്നമെന്ന നിലയിൽ അവതരിപ്പിക്കാനും ചർച്ചാവിഷയമാക്കാനും ബി.ആർ.പി നടത്തിയ ശ്രമങ്ങൾ കേരളത്തിൽ രാഷ്ട്രീയസംവാദത്തി​ന്റെ ഗതിയെ സ്വാധീനിക്കുംവിധം ശക്തമായിരുന്നു. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിലുണ്ടായ കലാപസമാനമായ സാഹചര്യങ്ങളുടെ പ്രത്യാഘാതങ്ങൾ കേരളീയസമൂഹത്തിലും ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ ജാതിയും അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വസ്തുതകളെ മുൻനിർത്തിയ കൃത്യവും സൂക്ഷ്മവുമായ വിശകലനങ്ങളിലൂടെ ചർച്ചകൾക്ക് വ്യക്തമായ ദിശാബോധം നൽകിയത് ബി.ആർ.പി ആയിരുന്നു. കെ.ആർ. ഗൗരിയമ്മ സി.പി.എം വിട്ട് പുറത്തുവന്നപ്പോൾ, സംഘടനാപരമായ തർക്കങ്ങളുടെ തലത്തിലേക്ക് ഒതുങ്ങിപ്പോകുമായിരുന്ന ചർച്ചകൾക്ക് സാമൂഹികമായ ഉള്ളടക്കം നൽകിയതും ബി.ആർ.പിയാണ്.

ഏതു സങ്കീർണമായ രാഷ്ടീയ-സാമൂഹിക സമസ്യയെയും അതിൽ അന്തർലീനമായ വൈരുധ്യങ്ങളെ അവഗണിച്ച് കറുപ്പും വെളുപ്പും എന്ന നിലയിൽ ലഘുവായ വിപരീത ദ്വന്ദ്വങ്ങളായി ചുരുക്കുന്ന, ഇ.എം.എസ് പ്രയോഗവത്കരിച്ച് കേരളത്തിൽ വ്യവഹാരസാധുത നേടിയ ലളിതയുക്തിക്ക് വഴങ്ങാത്തതിനാൽ യാഥാസ്ഥിതിക ഇടതുപക്ഷം ബി.ആർ.പിയെ ശത്രുപക്ഷത്താണ് കണ്ടത്. ജാതിയെയും ജനാധിപത്യ അവകാശങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ഇ.എം.എസുമായി സംവാദത്തിൽ ഏർപ്പെടാനും അദ്ദേഹത്തി​ന്റെ നിലപാടുകളെ നിശിതമായി വിമർശിക്കാനും ബി.ആർ.പി തയാറായി.

ഏതെങ്കിലും തരത്തിൽ അധികാരത്തി​ന്റെ ഭാഗമാകില്ല എന്ന നിലപാടിൽ ജീവിതത്തിലുടനീളം അദ്ദേഹം ഉറച്ചുനിന്നു. നീതിക്ക് നിരക്കാത്ത ഒരു ആദർശത്തെയും അദ്ദേഹം അംഗീകരിച്ചില്ല. വൈകാരികമായി ഒന്നിനോടും ആശ്രിതത്വം പുലർത്തിയില്ല. വേഷഭൂഷാദികളിൽ അടിമുടി പരിഷ്കാരികളായിരിക്കുകയും എല്ലാത്തരം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിക്കുകയും ചെയ്യുന്നവരെപ്പോലും വിശ്വപൗരർ എന്ന് വിളിക്കുന്നവരാണ് നമ്മൾ. എല്ലാത്തരം സങ്കുചിതത്വങ്ങൾക്കും അതീതമായി ചിന്തിക്കുകയും ജീവിക്കുകയുംചെയ്ത ബി.ആർ.പി. ഭാസ്കർ, കേരളത്തിൽ ജീവിച്ച അത്യപൂർവം വിശ്വപൗരരിൽ ഒരാളാണ്. ജനിച്ചുവളർന്ന വീട്, കുടുംബം, സമുദായം, പ്രദേശം, ഭാഷ, രാജ്യം തുടങ്ങിയവയോടുള്ള ആശ്രിതത്വത്തിൽനിന്ന് മുക്തനാകുമ്പോൾ മാത്രമേ ഒരു മനുഷ്യന് വളർച്ചയെത്തിയെന്ന് പറയാൻ കഴിയൂ എന്ന് ബി.ആർ.പി വിശ്വസിക്കുകയും പറയുകയും ചെയ്തു. നല്ല ഒരു പരിധിവരെ താൻ പറഞ്ഞത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ബി.ആർ.പി ഏഷ്യനെറ്റിൽ പത്രവിശേഷം അവതരിപ്പിക്കുന്നു

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം നിരന്തരം ബന്ധപ്പെടുകയും ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്ത ഗുരുതുല്യനായ വ്യക്തിയാണ് എനിക്ക് ബി.ആർ.പി. ഏറ്റവും പ്രിയപ്പെട്ട പലരുടെയും കാര്യത്തിലെന്നതുപോലെ ബി.ആർ.പിയെയും ആദ്യം കണ്ടത് എന്നാണ്, എവിടെ ​െവച്ചാണ് എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. 1990കളുടെ മധ്യത്തിൽ തിരുവനന്തപുരത്ത് ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായ ഏതോ വേദിയിൽ ​െവച്ചാകണം. 2001ൽ ബി.ആർ.പിയുടെ പിതാവ് എ.കെ. ഭാസ്കറി​ന്റെ ശതാബ്ദി കൊല്ലത്തു​െവച്ച് ആഘോഷിക്കുന്ന കാലമാകുമ്പോഴേക്ക് ദൃഢമായ ആത്മബന്ധമായി ആ പരിചയം മാറിയിരുന്നു. 2013 നവംബറിലെ ഒരുദിവസം ബി.ആർ.പി സാറിനോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് തിരുവനന്തപുരംവിട്ട് ചെന്നൈയിലേക്ക് താമസം മാറുകയാണെന്ന വിവരം പറഞ്ഞത്.

ചെന്നൈ കേരളത്തിലെ മറ്റൊരു നഗരംപോലെ മാത്രമേ ഉള്ളൂ എന്നും ആശയവിനിമയ സംവിധാനങ്ങൾ വർധിച്ച ഇക്കാലത്ത് ആ താമസംമാറൽ ഒരു പ്രശ്നമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ആർ.പി പറഞ്ഞതുപോലെ തന്നെ ആ താമസംമാറൽ ഒരു അകലവും സൃഷ്ടിച്ചതായി തോന്നിയില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാറുണ്ടായിരുന്നു. കോവിഡ് കാലത്ത് എല്ലാ ദിവസവും ഫോൺ ചെയ്യുമായിരുന്നു. സാറി​ന്റെ 90ാം ജന്മദിനം ഓൺലൈനിൽ ആഘോഷിക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്നാണ് പറഞ്ഞത്.

ഒടുവിൽ ആ ദിവസം പൊതുപ്രശ്നങ്ങളെക്കുറിച്ച് ഒരു ചർച്ച എന്ന നിലയിലാകാമെന്ന് സമ്മതിക്കുകയായിരുന്നു. 91ാം ജന്മദിനവും ഞങ്ങൾ അതുപോലെ ഓൺലൈനിൽ ബി.ആർ.പിയോടൊപ്പം ആഘോഷിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിനാൽ 92ാം ജന്മദിനം ബി.ആർ.പിയോടൊപ്പം നേരിട്ട് ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. അപ്പോഴും സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ബി.ആർ.പി വലിയ ഒരു പാഠവും മാതൃകയുമാണ്. അനുകരിക്കേണ്ട, അനുകരിക്കാൻ പ്രയാസമായ മാതൃക.

News Summary - weekly articles