Begin typing your search above and press return to search.
proflie-avatar
Login

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം   എ​​സ്ത​​ർ
cancel

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​ന​റി എ​സ്ത​ർ ഫെ​യറി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.10. പൊലീസ് ജൂൺ 18ാം തീയതി. രാവിലെ സ്കൂളിൽ പോകാൻ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു എസ്തർ. പുതുതായി നൂറോളം കുട്ടികൾ ചേർന്നതോടെ സ്കൂൾ വലുതായിത്തീർന്നിരുന്നു. പക്ഷേ, സ്കൂളിലേക്കിറങ്ങും മുമ്പ് അവളുടെ വസതിയുടെ മുന്നിൽ ഒരു പൊലീസ് ജീപ്പ് വന്നുനിന്നു. “മാഡം, അൽപം സമയം ഞങ്ങൾക്ക് വേണമല്ലോ.” വാതിൽക്കൽ നിന്ന എസ്തറോട് ജീപ്പിൽനിന്നിറങ്ങിയ ഇൻസ്പെക്ടർ പറഞ്ഞു.കോത്തഗിരിയിൽനിന്ന് മടങ്ങിയെത്തിയ എസ്തറുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ...

Your Subscription Supports Independent Journalism

View Plans
മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​ന​റി എ​സ്ത​ർ ഫെ​യറി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

10. പൊലീസ്

ജൂൺ 18ാം തീയതി. രാവിലെ സ്കൂളിൽ പോകാൻ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു എസ്തർ. പുതുതായി നൂറോളം കുട്ടികൾ ചേർന്നതോടെ സ്കൂൾ വലുതായിത്തീർന്നിരുന്നു. പക്ഷേ, സ്കൂളിലേക്കിറങ്ങും മുമ്പ് അവളുടെ വസതിയുടെ മുന്നിൽ ഒരു പൊലീസ് ജീപ്പ് വന്നുനിന്നു. “മാഡം, അൽപം സമയം ഞങ്ങൾക്ക് വേണമല്ലോ.” വാതിൽക്കൽ നിന്ന എസ്തറോട് ജീപ്പിൽനിന്നിറങ്ങിയ ഇൻസ്പെക്ടർ പറഞ്ഞു.

കോത്തഗിരിയിൽനിന്ന് മടങ്ങിയെത്തിയ എസ്തറുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പൊലീസിന് മദിരാശി സർക്കാറിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ഇൻസ്പെക്ടർക്ക് എസ്തറോട് ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു.

ഇൻസ്പെക്ടർ: ‘‘ഇന്ത്യ വിടേണ്ടിവന്നാൽ നിങ്ങൾ എങ്ങോട്ടാണ് പോവുക?’’

എസ്തർ: ‘‘എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യ വിടാൻ ഞാൻ ഉദ്ദേശിക്കുന്നേയില്ല.’’

ഇൻസ്പെക്ടർ: ‘‘ഇന്ത്യയിൽ (തിരുക്കൊയിലൂരിൽ) എന്തുതരം പ്രവർത്തനമാണ് നിങ്ങൾ നടത്താനുദ്ദേശിക്കുന്നത്?’’

എസ്തർ: ‘‘എന്റെ വിദ്യാർഥിനികളെ സേവിക്കാനും മികച്ച ഇന്ത്യൻ വനിതകളായി വളരാൻ പഠിപ്പിക്കാനുമാണ് എന്റെ ആഗ്രഹം. സ്വന്തം രാജ്യത്തെയും അതിന്റെ ഭാഷയും ആചാരങ്ങളും മനസ്സിലാക്കാനും അവയെ സ്നേഹിക്കാനും അവരെ സഹായിക്കുകയാണ് എന്റെ ഉദ്ദേശ്യം. ക്രിസ്തീയമത പ്രചാരണം മാത്രം നടത്തുന്നതിനു പകരം ഒരു ക്രിസ്ത്യാനിയായിതന്നെ അവർക്കിടയിൽ ജീവിക്കാനാണ് എന്റെ ആഗ്രഹം. ഈ കൂടിക്കാഴ്ചയുടെ റിപ്പോർട്ട് പൊലീസ് ഇൻസ്പെക്ടർ സർക്കാറിനയച്ചുകൊടുത്തു. അധികം വൈകാതെ രാജ്യം വിട്ടുപോകാനുള്ള ഉത്തരവ് വരുമെന്ന് എസ്തർ ഉറപ്പിച്ചു. ബാപ്പുവിന് കത്തെഴുതുന്നതിനുള്ള വിലക്ക് ഉടനുണ്ടാകുമെന്നും അവൾ ഭയന്നു.

പക്ഷേ ബാപ്പുവിനെ തന്റെ ആത്മീയ പിതാവായും ഗുരുവായും ആദർശപുരുഷനായും കാണുന്നതിനെ ലോകത്തെ ഒരു സർക്കാറിനും തടയാനാവില്ലെന്ന് എസ്തറിന് ഉറപ്പായിരുന്നു. അദ്ദേഹത്തിന്റെ സഹായവും പ്രചോദനവും ഉൾക്കൊള്ളുന്നതിനെയും ആർക്കും തടയാനാവില്ല. സഹനത്തിലൂടെ മാത്രമേ യഥാർഥ സന്തോഷവും സമാധാനവും കണ്ടെത്താനാവൂ എന്നും ബാപ്പുവിൽനിന്ന് താൻ പഠിച്ചതും അവൾ സ്മരിച്ചു. ഗാന്ധിയുമായുള്ള ബന്ധംമൂലം ഇന്ത്യയിൽനിന്ന് നാടുകടത്തപ്പെടുന്നത് ചെറുക്കാനായുള്ള പ്രധാന മാർഗമായി എസ്തർ കണ്ടത് പൗരത്വം നേടുക എന്നതായിരുന്നു. ജില്ല മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരായി സത്യവാങ്മൂലം നൽകാനുള്ള നടപടികൾ അവൾ ആരംഭിച്ചിരുന്നു.

എസ്തർ മിഷനുമായി തെറ്റുന്നതിനെ ബാപ്പു എതിർത്തെങ്കിലും പൗരത്വക്കാര്യത്തിൽ അദ്ദേഹം യോജിച്ചു. “നിന്റെ പ്രാഥമിക ഉത്തരവാദിത്തം മിഷനോടും സഭയോടുമാണ്” എന്നും ക്രിസ്തീയമതത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ വേണം ഇന്ത്യൻ ജനതയെ സേവിക്കേണ്ടതെന്നും അദ്ദേഹം എസ്തറെ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്നു. പക്ഷേ, മിഷനിൽ തുടരുന്നത് എസ്തറിന് കൂടുതൽ കൂടുതൽ വിഷമകരമായിവന്നു. ഒരുദിവസം ഇന്ത്യയിലെ മിഷൻ തലവൻ ബിറ്റ്മാൻ തിരുക്കൊയിലൂരിൽ എസ്തറെ കാണാൻ എത്തി. മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി എസ്തറോടും ഗാന്ധിയോടും മിഷനിൽ ഏറ്റവും സ്നേഹവും ബഹുമാനവുമുണ്ടായിരുന്ന ആളാണ് ബിറ്റ്മാൻ. അത് എസ്തറിനും അറിയാം. പക്ഷേ, ബ്രിട്ടീഷ് സർക്കാറിന്റെ കടുത്ത നിലപാട് അവഗണിച്ചാൽ മിഷൻ പൂട്ടിപ്പോകുമെന്ന് അദ്ദേഹത്തിനു വ്യക്തമായിരുന്നു.

ബിറ്റ്മാൻ എസ്തറോട് പറഞ്ഞു: “മകളെ, നീ ഒരു മിഷനറിയാണ്. മാത്രമല്ല ഡെന്മാർക്കുകാരിയായ നീ ഈ രാജ്യത്ത് ഒരു അതിഥിയാണ്. ഇന്ത്യയുടെ അതിഥി അല്ല, ബ്രിട്ടീഷ് ഇന്ത്യയുടെ അതിഥി. അതുകൊണ്ട് ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കാൻ പാടില്ലെന്നറിയില്ലേ?”

ഇതിലൊന്നും എസ്തറിനും സംശയമില്ലായിരുന്നു. പക്ഷേ ബാപ്പുവിനെ കാണരുതെന്നത് അവൾക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. രാഷ്ട്രീയപ്രവർത്തനത്തിന് താനില്ല. പക്ഷേ, ഇന്ത്യൻ ജനതയെ സ്നേഹിക്കരുതെന്ന് പറഞ്ഞാൽ കഴിയില്ല. തനിക്ക് ഒരുപാട് സന്തോഷം തന്ന അവരുടെ സുഖത്തിലും ദുഃഖത്തിലും താൻ എന്നും പങ്കാളിയായിരിക്കും. എന്നാൽ, ബാപ്പുവും സി.എഫ്. ആൻഡ്രൂസുമൊക്കെയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുക എന്നതായിരുന്നു സർക്കാറിന്റെ നിർദേശം. ഇനി പോംവഴി ഒന്നേയുള്ളൂ. മിഷനിൽനിന്നും രാജിവെക്കുക. എസ്തർ അക്കാര്യം ബിറ്റ്മാനോട് തുറന്നുപറഞ്ഞു. “ഞാൻ കാരണം മിഷനോ സഹപ്രവർത്തകർക്കോ ഒരു പ്രശ്നവും ഉണ്ടാകരുത്. എന്നെപ്പറ്റി എനിക്ക് ഒരു വിഷമവുമില്ല. അങ്ങ് മുമ്പെഴുതിയതുപോലെ എല്ലാം നല്ലതിനാകും എന്നാണ് എന്റെ ഉറച്ച വിശ്വാസം.” ഇത് പറയുമ്പോഴും മിഷനിൽനിന്നും രാജിവെച്ചാൽ തനിക്ക് ഇന്ത്യ വിടേണ്ടിവരുമെന്ന ഭയം അവളെ അലട്ടി.

പക്ഷേ, രാജിയോട് ബിറ്റ്മാൻ ഒട്ടും യോജിച്ചില്ല. തൽക്കാലം രാഷ്ട്രീയബന്ധമുള്ളവരുമായുള്ള കത്തിടപാടുകളൊക്കെ നിർത്തി നിശ്ശബ്ദയായിരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള ഉപദേശം. മാത്രമല്ല, ഇരുന്നൂറോളം എത്തിയ വിദ്യാർഥിനികളുടെ ഉത്തരവാദിത്തം നിന്റെ മേലുണ്ടെന്നും ദൈവം ഏൽപിച്ച ദൈവനിയോഗമാണിതെന്നുമൊക്കെ ബിറ്റ്മാൻ പറഞ്ഞുനോക്കി. പക്ഷേ, ബാപ്പുവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തനിക്ക് ആകാത്തതിനാൽ അതില്ലെന്ന് നടിക്കുന്നത് കടുത്ത ആത്മവഞ്ചനയാകുമെന്ന് എസ്തറിന് സംശയമില്ലായിരുന്നു. താൻ ഒരു യൂദാസ് ആകാനാഗ്രഹിക്കുന്നില്ലെന്ന് അവൾ ബിറ്റ്മാനോട് പറഞ്ഞു. ഇതെല്ലാം വിവരിച്ചുകൊണ്ട് അവൾ ബാപ്പുവിനെഴുതുകയും ചെയ്തു.

“എന്റെ പ്രിയ ബാപ്പു, ഞാൻ വേണ്ടത്ര ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന ആളാണ്. പക്ഷേ, ഇക്കാര്യത്തിൽ എനിക്ക് ഒട്ടും ദേഷ്യം തോന്നുന്നില്ല. ഇന്ത്യ വിട്ടുപോകേണ്ടിവരുമെന്നതിലുള്ള കടുത്ത ദുഃഖം മാത്രം. എന്റെ വിദ്യാർഥിനികളെ വിട്ടുപോകുന്നതും എനിക്ക് എത്രയും വേദനാജനകമാണ്.” വിവരങ്ങളറിഞ്ഞ് ഗാന്ധി ആകെ വിഷമത്തിലായി. മിഷൻ വിടാൻ ധൃതിപിടിക്കരുതെന്നും ഇന്ത്യയിൽതന്നെ തങ്ങാൻ അധികാരികൾ എന്തെങ്കിലും ഉപാധിവെച്ചാൽ അനുസരിക്കണമെന്നും അദ്ദേഹം എസ്തറിന് എഴുതി. ഒരു അനുരഞ്ജനത്തിനായി അദ്ദേഹം വഴി അന്വേഷിച്ചു. എസ്തറെ ഇന്ത്യയിൽനിന്ന് മടക്കി അയക്കുന്നതിനെതിരെ ബ്രിട്ടീഷ് സർക്കാറിനും ബിറ്റ്മാനും നേരിട്ടെഴുതാനും അദ്ദേഹം തയാറായി. കോയമ്പത്തൂരുനിന്ന് ഉടൻ തിരുക്കൊയിലൂരിൽ പോയി എസ്തറെ കാണാൻ അദ്ദേഹം സുന്ദരത്തോട് ആവശ്യപ്പെട്ടു.

ജാലിയൻ വാലാ ബാഗ് കൂട്ടക്കുരുതിയെ തുടർന്ന് ദേശീയപ്രസ്ഥാനം ഒരു വലിയ വഴിത്തിരിവിൽ എത്തിയ സമയമാണ്. പക്ഷേ, ജനങ്ങളിൽനിന്നും ഉണ്ടായ അക്രമത്തിൽ ഖിന്നനായി ഗാന്ധി സത്യഗ്രഹം പിൻവലിച്ച് സ്വദേശി, ഖാദി പ്രസ്ഥാനങ്ങളിൽ സജീവമായി. ദേശീയപ്രസ്ഥാനത്തിനുള്ളിൽ ഇത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. ഗാന്ധിയുടെ നിലപാടിനോട് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾപോലും യോജിച്ചില്ല. ഗാന്ധിയാകട്ടെ അതെല്ലാം അവഗണിച്ച് നിരന്തരം യാത്രകളും പ്രസംഗങ്ങളും എഴുത്തുമൊക്കെയായി വലിയ തിരക്കിലേർപ്പെട്ടു. രണ്ട് പുതിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹമാരംഭിച്ചതും അക്കാലത്താണ്. ഇംഗ്ലീഷിൽ ‘യങ് ഇന്ത്യ’യും ഗുജറാത്തിയിൽ ‘നവജീവനും’.

പക്ഷേ, ഈ വലിയ തിരക്കുകളൊന്നും എസ്തറുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് ബാപ്പുവിന് തടസ്സമായില്ല. ആഗസ്റ്റ് 22നു ബോംബെ ഗവർണർ വെല്ലിങ്ടൺ പ്രഭുവിന് എസ്തറിന് ഇന്ത്യയിൽ തുടരാൻ അനുവാദം നൽകണമെന്ന് അഭ്യർഥിച്ച് ഗാന്ധി ദീർഘമായ കത്തെഴുതി. എസ്തറോടുള്ള ബാപ്പുവിന്റെ പരിഗണനയുടെ നിദർശനമായി ഗവർണരുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എഴുതിയ ഈ കത്ത്.

“ഡെന്മാർക്ക് സ്വദേശിയും അടുത്തുവരെ തിരുക്കൊയിലൂരിൽ പെൺകുട്ടികൾക്കുള്ള മിഷൻ സ്കൂളിന്റെ സൂപ്രണ്ടുമായിരുന്ന മിസ് എസ്തർ ഫെയറിങ്ങിന്റെ പേര് സമാദരണീയനായ ഗവർണറുടെ ശ്രദ്ധയിൽ ഇതിനകം പെട്ടിരിക്കാനിടയുണ്ട്. രണ്ട് വർഷം മുമ്പാണ് മറ്റൊരു ഡെന്മാർക്കുകാരിയുമൊത്ത് ഇവര് അഹ്മദാബാദിലെ എന്റെ ആശ്രമം സന്ദർശിച്ചത്. ആശ്രമത്തിലും അതിന്റെ തത്ത്വങ്ങളിലും ഇരുവരും പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചു. അതിനുശേഷം മിസ് ഫെയറിങ് എന്നെ മൂന്നോ നാലോ തവണ കാണുകയും ഒരിക്കൽ കൂടി ആശ്രമം സന്ദർശിക്കുകയും ചെയ്തിരുന്നു. അവൾ പതിവായി എനിക്ക് എഴുത്ത് അയക്കുന്നുണ്ട്. ഒരു മകൾക്ക് അച്ഛനോടെന്നപോലെ എന്നോട് അവൾക്ക് അടുപ്പമുണ്ട്. അവളുടെ അഭിപ്രായപ്രകാരം സ്വന്തം ജീവിതത്തിൽ അവൾ പകർത്താനാഗ്രഹിക്കുന്ന ആദർശങ്ങൾ എന്നിൽ കാണുന്നുവത്രേ. സ്വന്തം മാതൃരാജ്യത്തെപ്പോലെ ഇന്ത്യയെ സ്നേഹിക്കുന്ന എസ്തറെ നാടുകടത്തിയാൽ അത് ഒരു കടുത്ത അപരാധമാകുമെന്ന് സംശയമില്ല. സമീപകാലത്തായി അവരുടെ മേൽ സംശയത്തിന്റെ കരിനിഴൽ വീണുകിടക്കുന്നു.

കുറച്ച് കാലം മുമ്പ് ഡാനിഷ് മിഷൻ വിടാനാലോചിച്ച അവരെ വിലക്കിയത് ഞാനാണ്. മിഷനുമായുള്ള കരാർ പൂർത്തിയാക്കുകയാണ് അവരുടെ കടമയെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഇപ്പോൾ അറിയുന്നത് അവർ മിഷൻ വിട്ടുവെന്നാണ്. അത് സത്യമാണെങ്കിൽ അവരെ എന്റെ ആശ്രമത്തിൽ സ്വീകരിക്കാനും എന്റെ രാഷ്ട്രീയേതരമായ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനും തയാറാണ്. മറ്റെല്ലായിടത്തുമെന്നപോലെ അവിടെ അവർ സത്യസന്ധമായും ആത്മാർഥമായും പ്രവർത്തിക്കുമെന്നുറപ്പുണ്ട്. എന്നും ദൈവഭയത്തോടെ, തികച്ചും ക്രിസ്തീയജീവിതത്തിൽതന്നെ അവർ തുടരുകയും ചെയ്യും.

തന്റെ ബാക്കി ജീവിതം ഇന്ത്യൻ ജനതക്കൊപ്പം ചെലവിടണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ഞാൻ അവരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി ചില നടപടികൾ അവർ സ്വീകരിച്ചിട്ടുണ്ട്. അവരുടെ പൗരത്വാഭ്യർഥന പൂർത്തിയാക്കാൻ ഞാൻ അവരുടെ ആവശ്യപ്രകാരം സഹായിച്ചിട്ടുമുണ്ട്. ആദരണീയനായ ഗവർണർ അവരെ നേരിട്ട് കാണണമെന്നും അപ്പോൾ ഇക്കാര്യങ്ങൾ ബോധ്യപ്പെടുമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്തെങ്കിലും ഉറപ്പു നൽകേണ്ടതുണ്ടെങ്കിൽ അതിനും തയാറാണ്. ഒരിക്കലും എന്റെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ അവരുടെ സേവനം ഉപയോഗിക്കില്ലെന്ന് ഞാൻ വാക്ക് നൽകുന്നു.

വെല്ലിങ്ടൺ പ്രഭുവിന് അറിയാവുന്നതുപോലെ എന്റെ പ്രവർത്തനങ്ങളിൽ മുഖ്യപങ്കും സാമൂഹികവും ധാർമികവും മതപരവുമാണ്. എന്റെ ഏറ്റവും ഉറ്റവരായ സാമൂഹികപ്രവർത്തകർ എന്റെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളികളല്ല. ആശ്രമത്തിലെ അന്തേവാസികൾ കാർഷിക-വ്യവസായിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. മിസ് ഫെയറിങ് വരുകയാണെങ്കിൽ അവരും ആ തരം പ്രവർത്തനങ്ങളിലാണ് പങ്കാളിയാകുക.

ഞാൻ ഇങ്ങനെയൊരു കത്ത് എഴുതുന്നതിനെക്കുറിച്ച് മിസ് ഫെയറിങ്ങിന് അറിവില്ല. പക്ഷേ, ബഹുമാന്യയായ എന്റെ സുഹൃത്തിനോടുള്ള ഉത്തരവാദിത്തം ഞാൻ മറക്കുന്നില്ലെന്ന് അറിയിക്കാനും ഞാൻ ഇവിടെ നൽകിയ ഉറപ്പിന് അവരുടെ അംഗീകാരം ലഭിക്കുന്നതിനായും ഈ കത്തിന്റെ ഒരു പ്രതി ഞാൻ അവർക്ക് അയക്കുന്നുണ്ട്. ഭാഗികമായെങ്കിലും വ്യക്തിപരമായ ഒരു കാര്യത്തിനായി ആദരണീയനായ ഗവർണറെ ശല്യപ്പെടുത്തിയതിന് ക്ഷമാപണത്തോടെ...”

മദിരാശി ഗവർണർക്കും ഇതുസംബന്ധിച്ച് ഗാന്ധി എഴുതി. അന്നുതന്നെ കൽക്കത്തയിലെ ശാന്തിനികേതനത്തിലായിരുന്ന സി.എഫ്. ആൻഡ്രൂസിനോട് ഉടൻതന്നെ മദിരാശിയിൽ പോയി ഗവർണറെ കണ്ട് എസ്തറെ നാട് കടത്താനുള്ള തീരുമാനം വിലക്കണമെന്നും ഗാന്ധി ആവശ്യപ്പെട്ടു. എസ്തറുടെ പ്രശ്നം റൗലറ്റ് നിയമത്തിനെതിരെയുള്ള സമരംപോലെ തന്നെ തനിക്ക് പ്രധാനമാണെന്ന് ഗാന്ധി ആൻഡ്രൂസിനെഴുതി.

“പ്രിയപ്പെട്ട ചാർലി, മിസ് ഫെയറിങ്ങിനെ എങ്ങനെയും സംരക്ഷിക്കുകയെന്നത് റൗലറ്റ് നിയമങ്ങളെ ജീവൻ അടിയറവ് വെച്ചും ചെറുക്കുന്നതുപോലെയും ശാന്തിനികേതനിൽ തുടരാനുള്ള താങ്കളുടെ അവകാശത്തെപ്പോലെയും പ്രധാനമാണെന്നതിൽ താങ്കളും എന്നോട് യോജിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’

11. രാജി

മഞ്ഞണിഞ്ഞ മനോഹരിയായ കോത്തഗിരിയിൽ മൊട്ടിട്ട പ്രണയം ദിവസങ്ങൾകൊണ്ടാണ് പൂത്തതും തളിർത്തതും. എസ്തറെ നാട് കടത്താനുള്ള സർക്കാർ നീക്കത്തെ ചെറുക്കാനും ചടുലമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടിയിരുന്നു. അതിനാൽ എസ്തറും മേനോനും മറ്റൊന്നും ആലോചിച്ചില്ല. 1919 ജൂണിൽതന്നെ അവരുടെ ഔപചാരികമായ വിവാഹനിശ്ചയം നടന്നു. ക്രിസ്ത്യൻ മിഷനറിയും ഒരു ഹിന്ദുവും വിവാഹം കഴിക്കാനെടുത്ത തീരുമാനം ഇരു വിഭാഗങ്ങളെയും ഞെട്ടിച്ചുകളഞ്ഞു. മിഷനിലെ മേലധികാരികളെയും എസ്തറുടെ സഹപ്രവർത്തകരെ എന്നപോലെ സവർണ നായർ കുടുംബാംഗമായ മേനോന്റെ എളേടത്ത് തറവാടിനെയും രോഷാകുലരാക്കിത്തീർത്തു. പക്ഷേ ഇരുവരും അതൊക്കെ അവഗണിച്ചു. പക്ഷേ, അതോടെ ഇനി മിഷനിൽ തുടരാൻ എസ്തറിന് കഴിയില്ലെന്നത് ഉറപ്പായി. തന്നെ പുറത്താക്കാനുള്ള തീരുമാനം വരും മുമ്പ് തന്നെ മിഷനിൽനിന്ന് രാജിവെക്കാൻ അവൾ തീരുമാനിച്ചു. ആഗസ്റ്റ് ആറിന് എസ്തർ മിഷനറി ബോർഡിനെഴുതി.

എന്റെ വിവിധ നിലപാടുകൾ, മിഷനും മിഷനറിമാർക്ക് എതിരെ പൊതുവെയും ഉള്ള എന്റെ വിമർശനങ്ങൾ, എം.​െക. ഗാന്ധിയോടുള്ള എന്റെ പ്രകടമായ പിന്തുണ തുടങ്ങിയവ കാരണം എനിക്കെതിരെ പല മിഷനറിമാരിൽനിന്നും വളരെ ന്യായമായ വിമർശനം ഉയർന്നിട്ടുണ്ട്. സൂക്ഷ്മതയില്ലാത്ത എന്റെ ചില പ്രസ്താവനകൾ ഡാനിഷ് മിഷൻ സൊസൈറ്റിയുടെ (ഡി. എം.എസ്) മേൽ സംശയത്തിന്റെ നിഴൽ പതിക്കാൻ ഇടയാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ഡി.എം.എസിൽനിന്ന് ഞാൻ രാജിവെക്കാൻ അനുമതി ചോദിക്കുകയാണ്. അവസാനമായി, 1919 ജൂൺ മാസം ഒരു ഹിന്ദുവുമായുള്ള എന്റെ വിവാഹനിശ്ചയം വിമർശനത്തിന്റെ ഒരു കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ടിരിക്കുന്നു. നിർഭാഗ്യവശാൽ കടുത്ത രോഷത്തിനും അത് വഴിവെച്ചു. അതുകൊണ്ട് ഡി.എം.എസിൽ തുടരാനുള്ള എന്റെ എല്ലാ അവകാശങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്.

വിശ്വസ്തതയോടെ,

എസ്തർ ഫെയറിങ്

എസ്തറുടെ കത്ത് കിട്ടിയ ഉടൻ മിഷന്റെ ഇന്ത്യയിലെ തലവൻ ജോസഫ് ബിറ്റ്മാൻ അത് ഡെന്മാർക്കിൽ ഡി.എം.എസ് ബോർഡിനയച്ചുകൊടുത്തു. ഒപ്പം തന്റെ വ്യക്തിപരമായ ചില അഭിപ്രായങ്ങളും അതിൽ ചേർത്തിരുന്നു. “വളരെ വിഷമത്തോടെയാണ് ഈ രാജിക്കത്ത് ഞാൻ അയക്കുന്നത്. പക്ഷേ വേറെ പോംവഴിയില്ല. വിവാഹനിശ്ചയം നടന്നിരുന്നില്ലെങ്കിൽ ഞാൻ ഇത് അയക്കുമായിരുന്നില്ല.” ഗാന്ധിയുമായുള്ള സൗഹൃദത്തിലുമേറെ ഒരു ക്രിസ്ത്യൻ വനിത മിഷനറി ഒരു ഹിന്ദുവിനെ വിവാഹംചെയ്യാൻ തീരുമാനിച്ചതായിരുന്നു നിർണായകമായത്.

ഡി.എം.എസിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി ഉടൻതന്നെ എസ്തറെ ഡെന്മാർക്കിലേക്ക് തിരിച്ചുവിളിക്കാൻ ശിപാർശചെയ്തു. എന്നാൽ രാജിക്കാര്യം എസ്തർ ഡെന്മാർക്കിൽ എത്തിയിട്ട് ആലോചിക്കാമെന്നായിരുന്നു ബോർഡിന്റെ തീരുമാനം. പക്ഷേ അതിനകം മിഷൻ പ്രവർത്തനത്തിൽനിന്ന് വിടുതൽ നേടിക്കഴിഞ്ഞിരുന്ന എസ്തറിന് ബോർഡ് തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല.

പ്രശ്നത്തിൽ ഒരു ഒത്തുതീർപ്പിന്റെ ലക്ഷണമൊന്നും കാണാത്തതിൽ ഏറ്റവും വിഷമം ബിറ്റ് മാനായിരുന്നു. എന്നും എസ്തറോട് സഹാനുഭൂതിയും വാത്സല്യവുമുണ്ടായിരുന്ന അദ്ദേഹം അവൾക്ക് സ്നേഹപൂർണമായ ഒരു കത്ത് അയച്ചു. മിഷനിൽനിന്ന് അവൾക്ക് പോകേണ്ടിവരുന്നതിലുള്ള കടുത്ത വിഷമം ബിറ്റ്മാൻ അറിയിച്ചു. അതേസമയം ഇനി അതിലൊന്നും ചെയ്യാനില്ലെന്ന നിസ്സഹായതയും അദ്ദേഹം പ്രകടിപ്പിച്ചു. കത്തിനൊപ്പം 400 രൂപയും ബിറ്റ്മാൻ എസ്തറിന് അയച്ചിരുന്നു. മദിരാശിയിൽനിന്നും വരുന്നവഴി പണം നഷ്ടമായതിനെ തുടർന്ന് മിഷനിൽനിന്ന് അവൾ എടുത്ത വായ്പ തിരിച്ചടക്കാനായിരുന്നു അത്. ബിറ്റ് മാന്റെ കത്ത് എസ്തറിന്റെ കണ്ണുകൾ നിറച്ചു. ഈ വിവരങ്ങളൊക്കെ ബാപ്പുവിന് എത്തിക്കാനായി സുന്ദരത്തെ അവൾ എഴുതി അറിയിച്ചു. ബാപ്പുവിന് അവൾ നേരിട്ടെഴുതുന്നതിനുള്ള വിലക്ക് മൂലമായിരുന്നു അത്.

സുന്ദരത്തിൽനിന്ന് വിവരമറിഞ്ഞ ഗാന്ധിക്ക് വലിയ വിഷമമായി. ഉടൻതന്നെ എസ്തറിന് അദ്ദേഹം എഴുതി. നാം ഏറ്റവും തളരുമ്പോൾ ദൈവത്തെ അകമഴിഞ്ഞു പ്രാർഥിക്കുകയാണ് കരുത്ത് ലഭിക്കാനുള്ള വഴി എന്നും ബിറ്റ്മാന് താൻ തന്നെ എഴുതാമെന്നും അദ്ദേഹം അറിയിച്ചു. ആശ്രമത്തിലേക്ക് എത്രയും വേഗം വരാനും അദ്ദേഹം ക്ഷണിച്ചു. ‘‘എപ്പോഴെങ്കിലും പണത്തിന് ആവശ്യം ഉണ്ടായാൽ എന്നെ നീ അറിയിച്ചില്ലെങ്കിൽ എന്റെ കുഞ്ഞായിരിക്കാൻ നീ അനർഹയാകും, കേട്ടോ’’ എന്നും ബാപ്പു അവൾക്ക് എഴുതി. ഈ കത്ത് അവളെ വികാരവിവശയാക്കി. അതോടെ ബാപ്പുവിന് എഴുതുന്നതിനുള്ള വിലക്ക് ഒക്കെ അവൾ അവഗണിച്ചു. അവൾ എഴുതി;

‘‘എന്റെ പ്രിയപ്പെട്ട ബാപ്പു, ആശ്രമത്തിലേക്ക് വരാൻ കഴിഞ്ഞാലുള്ള സന്തോഷവും ചാരിതാർഥ്യവും എനിക്ക് വിവരിക്കാനാവുന്നില്ല. ആശ്രമം ആണ് ഇന്ന് ഞാൻ ലോകത്തേറ്റവും സ്നേഹിക്കുന്ന എന്റെ വീട്. കൂടുതൽ സ്നേഹിക്കാനും സേവിക്കാനും പഠിക്കാനായി നാളെത്തന്നെ അങ്ങോട്ട് തിരിക്കാൻ കൊതിക്കുകയാണ് ഞാൻ. തീർച്ചയായും ബാപ്പു, അങ്ങയുടെ കുഞ്ഞായിരിക്കാൻ അനർഹയാണ് ഞാൻ. പക്ഷേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഒരു കുട്ടി സ്വന്തം അച്ഛനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ.

തന്റെ എല്ലാറ്റിനും അച്ഛനോട് കടപ്പെട്ടിരിക്കുന്ന കുട്ടിയെപ്പോലെ 1917 ജനുവരി ആറിന് അങ്ങയെ ആദ്യം കണ്ടതുമുതൽ ഞാൻ എല്ലാറ്റിനും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും മഹത്തരവുമായ ദിനമായിരുന്നു അത് എന്ന് സംശയമില്ല. ബാപ്പു, എനിക്കുവേണ്ടി അങ്ങ് വെല്ലിങ്ടൺ പ്രഭുവിന് എഴുതിയതിന് ഞാൻ എങ്ങനെ നന്ദി പറയും? എല്ലാ ദുഃഖത്തിലും അങ്ങയുടെ അതിരില്ലാത്ത സ്നേഹം എന്റെ ആശ്രയമാകുന്നു. അങ്ങയുടെ ഭാരമേറിയ തിരക്കുകൾക്കിടയിലും എന്റെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ എങ്ങനെ കഴിയുന്നു? സ്നേഹമാണ് നിയമം എന്നും നിയമമാണ് സ്നേഹമെന്നും ഉള്ള അങ്ങയുടെ വിശ്വാസം ആണതിന് കാരണമെന്നെനിക്ക് മനസ്സിലാകുന്നു.

അങ്ങേക്ക് എഴുതരുതെന്ന വിലക്ക് പാലിക്കാനെനിക്ക് ഇനി ആവില്ല. എനിക്ക് എഴുതാതെ വയ്യ. ഞാനിനി ഡാനിഷ് മിഷന്റെ ഭാഗമല്ല. ഡെന്മാർക്കിലേക്ക് തിരിച്ചുപോകണമെന്ന് അവർ പറഞ്ഞേക്കാം. പക്ഷേ, ഒരിക്കലും അതിനു ഞാൻ തയാറല്ല. ശിഷ്ടജീവിതം ഇന്ത്യയിൽ കഴിയുക മാത്രമാണെന്റെ ആഗ്രഹം. വെല്ലിങ്ടൺ പ്രഭുവിൽനിന്ന് അനുമതി കിട്ടിയാൽ ഉടൻ ഞാൻ ആശ്രമത്തിലെത്തും. അങ്ങ് എനിക്ക് ഒരു വീടും ആ വീട്ടിലെ അംഗമായ ഒരു കുട്ടിക്കുള്ള എല്ലാ അവകാശങ്ങളും ചുമതലകളും അനുവദിച്ചുതരുന്നതിൽ എന്റെ മനസ്സ് സന്തോഷംകൊണ്ട് നിറയുകയാണ്.’’

ഡെന്മാർക്കിൽ പോകേണ്ടെന്ന തീരുമാനം മൂലമുള്ള എസ്തറിന്റെ ഒരേ ഒരു സങ്കടം പ്രിയപ്പെട്ട തന്റെ അച്ഛനെ ഓർത്തായിരുന്നു. എസ്തറിന്റെ അമ്മ നേരത്തേ മരിച്ചശേഷം അവളുടെ അച്ഛനും അമ്മയും ഒക്കെ അദ്ദേഹമായിരുന്നു. മകളെ കാണാൻ കാത്തിരിക്കുകയാണദ്ദേഹം എന്നവൾക്ക് നന്നായറിയാം. അക്കാര്യവും അവൾ ബാപ്പുവുമായി പങ്കുവെച്ചു.

“എന്നെപ്പറ്റി ഓർത്ത് വിഷമിക്കുന്നതിന് പകരം ആഹ്ലാദിക്കണമെന്ന് ഞാൻ എന്റെ അച്ഛനെഴുതാൻ പോകുകയാണ്. ഇതു വരെ ഇന്ത്യയിൽ വരാത്തതുകൊണ്ടാണ് അദ്ദേഹത്തിന് എന്റെ നിലപാട് മനസ്സിലാക്കാൻ കഴിയാത്തത്. ഒരു കുട്ടി തന്റെ ചുറ്റും ഉള്ള വിസ്മയങ്ങളോരോന്നും ആദ്യമായി കണ്ട് മനസ്സിലാക്കുന്നതുപോലെ ഞാൻ ഇന്ത്യയെ അറിഞ്ഞ കാര്യം അദ്ദേഹത്തോട് പറയും. ആർക്കാണ് ഈ മനോഹരമായ നാടിനെ സ്നേഹിക്കാതിരിക്കാനാവുക? അദ്ദേഹം ഒരുതവണ ഇന്ത്യയിൽ വന്നാൽ അത് മനസ്സിലാകും. എന്റെ കണ്ണുകൾകൊണ്ടും ഹൃദയംകൊണ്ടും ഞാനറിഞ്ഞ ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് ഞാൻ പറഞ്ഞുകൊടുക്കും. ഞാൻ സന്തുഷ്ടയാണെന്നറിഞ്ഞാൽ ഞാൻ ഡെന്മാർക്കിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അദ്ദേഹവും സന്തുഷ്ടനാകുമെന്ന് എനിക്ക് അറിയാം.”

ഡെന്മാർക്കിലേക്ക് മടങ്ങിയശേഷം രാജിക്കാര്യം ചർച്ചചെയ്യാമെന്ന ഡി.എം.എസ് നിർദേശം എസ്തർ തള്ളിയതോടെ സെപ്റ്റംബർ ഒന്ന് മുതൽ അവരുടെ സേവനം അവസാനിപ്പിച്ചതായി ബോർഡ് തീരുമാനിച്ചു. പക്ഷേ, ഡിസംബർ അവസാനം വരെ അവർക്ക് ശമ്പളം നൽകാനും തീരുമാനിച്ചതായി ബിറ്റ്മാൻ ബോർഡ് സന്ദേശം അയച്ചു. അതേസമയം, പതിവിൽനിന്നും വ്യത്യസ്തമായി എസ്തറോടും ഗാന്ധിയോടും തികച്ചും അനുകമ്പാസൂചകമായ പരാമർശങ്ങളും അതിലുൾപ്പെട്ടു. ‘‘കടുത്ത ദുഃഖത്തോടെയാണ് ഞങ്ങൾ മിസ് ഫെയറിങ്ങിന്റെ സേവനം അവസാനിപ്പിക്കുന്നത്.

ഇന്ത്യക്കും മിഷനും അവരുടെ സേവനം വലിയ അനുഗ്രഹമാകേണ്ടിയിരുന്നതാണ്. ഗാന്ധിയും മിസ് ഫെയറിങ്ങിനോട് മിഷനിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു എന്ന് ഞങ്ങൾക്കറിയാം. ദക്ഷിണാഫ്രിക്കയിൽ അടിച്ചമർത്തപ്പെട്ടിരുന്ന ഇന്ത്യക്കാർക്ക് വേണ്ടി തികച്ചും നിസ്വാർഥമായി മഹത്തായ പോരാട്ടം നടത്തിയ ആളാണദ്ദേഹം. ഇപ്പോൾ ഉത്തരേന്ത്യയിൽ ഒരു വിദ്യാലയം നടത്തുന്നുണ്ട്. പല നിലയിലും അങ്ങേയറ്റം മികച്ച ഒരു വ്യക്തിയാണദ്ദേഹം. പക്ഷേ, അദ്ദേഹം ഒരു ക്രിസ്തീയ വിശ്വാസിയല്ലെന്നു മാത്രം.’’

 

തനിക്കെതിരെ കാർമേഘങ്ങൾ ഇങ്ങനെ അതിവേഗം ഉരുണ്ടുകൂടുന്നതിനിടയിൽ എസ്തറിന് വലിയ സമാധാനം നൽകുന്ന ഒരു കാര്യം നടന്നു. മിഷനറി ജീവിതത്തിൽ അവളുടെ ഗുരുനാഥയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായ ആൻ മേരി രണ്ടു വർഷത്തിന് ശേഷം ഡെന്മാർക്കിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി. അവൾക്ക് അമ്മയും സഹോദരിയും ഒക്കെയായിരുന്നു അവർ. എസ്തറെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനും ബാപ്പുവിനെ പരിചയപ്പെടാൻ ഇടയാക്കിയതിനുമപ്പുറം അവളെ ഇത്രമാത്രം മനസ്സിലാക്കിയ മറ്റൊരാളില്ലായിരുന്നു. എല്ലാറ്റിനുമപ്പുറം എസ്തറെപ്പോലെ ഇന്ത്യയെയും അതിലേറെ ഗാന്ധിജിയെയും അകമഴിഞ്ഞു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തവളാണ് ആൻ മേരിയും.

ഡെന്മാർക്കിലായിരുന്നപ്പോഴും ആൻ മേരിയുടെ മനസ്സ് ഇന്ത്യയിലായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തി ഒരു പുതിയ സ്കൂൾ ആരംഭിക്കുകയായിരുന്നു അവളുടെ സ്വപ്നം. അതിനായി ഡെന്മാർക്കിൽ രണ്ട് വർഷക്കാലവും ഇന്ത്യയെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലും സാമ്പത്തിക സമാഹരണശ്രമങ്ങളിലും അവൾ വ്യാപൃതയായിരുന്നു. 1918ൽതന്നെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആൻ മേരിയുടെ ശ്രമങ്ങൾ യുദ്ധവും മറ്റും മൂലം മുടങ്ങി. അവസാനം അടുത്ത വർഷം ജൂൺ 28ന് ഏഷ്യ എന്ന കപ്പലിൽ ഇന്ത്യക്ക് തിരിച്ചു. കടൽക്ഷോഭവും പേമാരിയും ഒക്കെ ക്ലേശഭരിതമാക്കിയ ഒരു മാസത്തെ യാത്രക്കു ശേഷമാണ് ആഗസ്റ്റ് ഇരുപതിന് ആൻ മേരി മദിരാശിയിൽ കപ്പലിറങ്ങിയത്. രണ്ടു വർഷംകൊണ്ട് ഇന്ത്യയാകെ മാറിയെന്ന് അവർക്ക് തോന്നി. പക്ഷേ, തന്റെ പ്രിയശിഷ്യ എസ്തറിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളോളം മറ്റൊന്നും വരില്ലെന്ന് വൈകാതെ ആൻ മേരിക്ക് ബോധ്യപ്പെട്ടു.

ആൻ മേരി എത്തുന്നതിനു രണ്ടാഴ്ച മുമ്പ് എസ്തർ മിഷനിൽ രാജി സമർപ്പിച്ചിരുന്നു. ആൻ മേരി വരുന്നെന്നറിഞ്ഞതുമുതൽ അവൾ വലിയ സന്തോഷത്തിലും സമാധാനത്തിലുമായി. തന്നെ ഏറ്റവും മനസ്സിലാക്കുന്ന ഒരാൾ എന്നതിന് പുറമേ മിഷനിൽനിന്ന് രാജിവെച്ചശേഷം തിരുക്കോയിലൂരിലെ സ്കൂൾ ആരെ ഏൽപ്പിക്കുമെന്ന അവളുടെ ആശങ്കക്ക് പരിഹാരമായതാണ് ഏറ്റവും സമാധാനമായത്. മേനോനുമായുള്ള ജീവിതമാരംഭിക്കുന്നതിനും സബർമതി ആശ്രമത്തിലേക്കുള്ള മടക്കത്തിനുമൊക്കെ തടസ്സം സ്കൂളിനെയും അതിലെ ഇരുന്നൂറോളം പാവപ്പെട്ട തമിഴ് പെൺകുട്ടികളുടെ ഭാവിയെയും കുറിച്ചുള്ള അവളുടെ ആശങ്കയായിരുന്നു. അവരെ അനാഥമായി ഉപേക്ഷിച്ച് പോകാൻ അവൾ ഒരുക്കമായിരുന്നില്ല. ആൻ മേരിയെ സ്കൂൾ ഭദ്രമായി ഏൽപ്പിക്കാമല്ലോ എന്നായിരുന്നു എസ്തറുടെ സമാധാനം.

തിരുക്കോയിലൂരിലെത്തിയ ആൻ മേരിയും എസ്തറും തമ്മിലുള്ള സമാഗമം വികാരതീവ്രമായിരുന്നു. കണ്ട ഉടനെ ആൻ മേരി ആശ്ലേഷിച്ചപ്പോൾ എസ്തർ വിങ്ങിപ്പൊട്ടിപ്പോയി. ഏറെക്കാലമായി അവളുടെ ഉള്ളിൽ നിറഞ്ഞ സംഘർഷം കണ്ണീരായി ഒഴുകി. ഒറ്റയിരിപ്പിന് ആൻ മേരിയുടെ അഭാവത്തിലുണ്ടായ നാടകീയമായ സംഭവങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞുപോയത് അവർ അറിഞ്ഞില്ല. “നീ ഒരു തെറ്റും ചെയ്തിട്ടില്ല, മകളെ... മനഃസമാധാനമായിരിക്കുക. കുറ്റബോധമേ വേണ്ട. ദൈവത്തിനോ മനുഷ്യത്വത്തിനോ നിരക്കാത്തതൊന്നും നീ ചെയ്തിട്ടില്ല.” എല്ലാം കേട്ടശേഷം ആൻ മേരി എസ്തറെ വീണ്ടും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

ഗാന്ധിയും ദേശീയപ്രസ്ഥാനവും ഒക്കെയുള്ള എസ്തറുടെ ബന്ധം മാത്രമല്ല മേനോനുമായുള്ള അവളുടെ പ്രണയത്തിലോ വിവാഹതീരുമാനത്തിലോ പോലും ആൻ മേരി തെറ്റൊന്നും കണ്ടില്ല. എസ്തറെപ്പോലും അത് അത്ഭുതപ്പെടുത്തി. “ക്രിസ്ത്യാനി അല്ലെന്നതുകൊണ്ട് സ്നേഹിക്കരുതെന്നോ? സ്നേഹിക്കാനുള്ള കഴിവ് ദൈവദത്തമാണ്. മനുഷ്യർ തമ്മിലുള്ള സ്നേഹത്തിൽ ദൈവത്തിനും സന്തോഷമേ ഉണ്ടാകുള്ളൂ. അതിൽ മതത്തിനെന്ത് കാര്യം?” ആൻ മേരി ചോദിച്ചു. ആദ്യമായിരുന്നു ഒരു മിഷനറി, മേനോനുമായുള്ള എസ്തറിന്റെ സ്നേഹബന്ധത്തെ പിന്തുണച്ചത്. ഇതിന് മുമ്പുതന്നെ ഡി.എം.എസുമായി പല കാരണങ്ങളാലും അകന്നിരുന്ന ആൻ മേരി സ്വന്തമായി മിഷൻ ആരംഭിക്കാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ, തിരുക്കോയിലൂരിലെ സ്കൂൾ നോക്കാനാളില്ലാതാകുമെന്നതിനാൽ തൽക്കാലം തുടരാനായിരുന്നു തീരുമാനം. പക്ഷേ, എന്തുവന്നാലും എസ്തറുമായോ ഗാന്ധിയുമായോ ഉള്ള സൗഹൃദത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് അവൾ നിശ്ചയിച്ചിരുന്നു.

പാശ്ചാത്യ മിഷനറിമാരിൽനിന്ന് എസ്തറെയും ആൻ മേരിയെയും വ്യത്യസ്തരാക്കിയത് ഇന്ത്യയോടും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തോടും അവർ പുലർത്തിയ സ്നേഹബഹുമാനങ്ങളാണ്. ആത്മീയതയോടും ദൈവവിശ്വാസത്തിനോടുമൊക്കെ പ്രതിബദ്ധത പുലർത്തുമ്പോഴും മിഷനറിമാരുടെപോലും ഉള്ളിൽ ശക്തമായിരുന്ന വംശീയമായ പാശ്ചാത്യ മേലാളബോധം ഒട്ടും തീണ്ടിയിട്ടില്ലാത്തവരായിരുന്നു അവർ. അജ്ഞാനത്തിലും പാഷാണ്ഡതയിലും മുഴുകിയ പ്രാകൃതരായ ഇന്ത്യക്കാരെ കൈപിടിച്ചുയർത്താനുള്ള ദൈവനിയോഗമാണ് തങ്ങളുടേതെന്ന പാശ്ചാത്യ മിഷനറിമാരുടെ വിശ്വാസം അവർക്ക് ഒട്ടുമില്ലായിരുന്നു.

മറ്റ് പാശ്ചാത്യ മിഷനുകളുടെ മേലാളബോധം താരതമ്യേന ഡി. എം.എസിനുമുണ്ടായിരുന്നില്ല. പക്ഷേ, തീരെ ഇല്ല എന്നും പറയാനാവില്ല. അതിന്റെ ഉദാഹരണമായിരുന്നു തങ്ങളുടെ മിഷനിൽ ചേർന്ന ഇന്ത്യക്കാരോട് അവർ സ്വീകരിച്ച വിവേചന നയം. ഡെന്മാർക്കുകാരായ മിഷനറിമാർക്കുള്ള വേതനമോ മറ്റ് ആനുകൂല്യങ്ങളോ ഇന്ത്യക്കാർക്ക് അവർ അനുവദിച്ചില്ല. ആൻ മേരി ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി.

വർഷങ്ങളായി ആൻ മേരിയുടെ അടുത്ത സുഹൃത്തായിരുന്നു എത്തിരാജ് സുരേന്ദ്രനാഥ് ആര്യ. മദിരാശിയിൽ ബിറ്റ്മാൻ കുടുംബമാണ് സമർഥനായ ആര്യയെ ആൻ മേരിക്ക് പരിചയപ്പെടുത്തിയത്. ഡി.എം.എസിൽ ചേർന്ന ആര്യ ആൻ മേരിയുടെ അടുത്ത സുഹൃത്തായി. അമേരിക്കയിൽ ദൈവശാസ്ത്രപഠനത്തിനു തിരിച്ച ആര്യക്ക് പലപ്പോഴും സാമ്പത്തികസഹായം ചെയ്തത് ആൻ മേരിയായിരുന്നു. പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്ന ആര്യക്ക് പല സർവകലാശാലകളിലും പ്രഫസർ ഉദ്യോഗവാഗ്ദാനം ലഭിച്ചെങ്കിലും ഡി.എം.എസിൽ മിഷനറിയായി ചേരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ, ഡെന്മാർക്കുകാരായ മിഷനറിമാർക്കുള്ള സേവന-വേതന സൗകര്യങ്ങൾ അദ്ദേഹത്തിന് നൽകാൻ മിഷൻ വിസമ്മതിച്ചു. ഇതിനെതിരെ ആൻ മേരി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. “ഇത് നമ്മുടെ മിഷന് തന്നെ വലിയ ദുഷ് പേരുണ്ടാക്കും. തുടക്കത്തിൽതന്നെ നാം ഇന്ത്യയിൽ ഒറ്റപ്പെടുകയേ ഉള്ളൂ” –അവൾ മിഷൻ അധികാരികൾക്ക് തുറന്നെഴുതി.

12. നിരാശയുടെ ദിനങ്ങൾ

എസ്തർ ഡി.എം.എസിൽനിന്ന് രാജിവെച്ചത് ഗാന്ധിക്ക് അത്ര സന്തോഷകരമായിരുന്നില്ല. ഡി.എം.എസ് ബോർഡിനും ബിറ്റ്മാനും താൻ നേരിട്ടെഴുതി ഒത്തുതീർപ്പുണ്ടാക്കാം എന്നൊക്കെ അദ്ദേഹം എസ്തറിന് എഴുതി. ഉറച്ച ഹിന്ദു ആയി തുടരുമ്പോഴും മറ്റ് മതങ്ങളോട് ഗാന്ധി പുലർത്തിയ ബഹുമാനവും സമത്വബോധവും അതത് മതങ്ങളിൽ വിശ്വസിക്കുന്നവർ അതിനോട് കൂറ് പുലർത്തണമെന്ന അദ്ദേഹത്തിന്റെ നിലപാടും എസ്തറിനെ വീണ്ടും അമ്പരപ്പിച്ചു. “എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ബോർഡിനോട് നീ പൂർണവും സത്യസന്ധവുമായ കൂറ് പുലർത്തുകതന്നെ വേണം. ഒരു ഡെന്മാർക്കുകാരിയും ക്രിസ്ത്യാനിയും എന്ന നിലയിൽതന്നെ നിന്റെ സേവനം ഇന്ത്യക്ക് ആവശ്യമാണ്. നിന്റെ ക്രിസ്തീയവിശ്വാസമാണ് നിന്റെ സേവനബോധത്തിന്റെ പ്രേരകശക്തി.

അത് നീ മാത്രമല്ല നിന്റെ ബോർഡും മനസ്സിലാക്കണം. സ്നേഹം, വിനയം, ഔന്നത്യം എന്നിവയിലൂടെയാണ് അക്കാര്യം അവർക്ക് നീ മനസ്സിലാക്കി കൊടുക്കേണ്ടത്. ഒരർഥത്തിൽ നീ നടത്തുന്നത് ഒരു കലാപമാണ്. പക്ഷേ മതപരമായ അർഥത്തിൽ മാത്രമേ അതിന്റെ വിജയം അളക്കാനാവൂ.”, 1919 ആഗസ്റ്റ് 25ന് ബാപ്പു എസ്തറിന് എഴുതി. പണമടക്കം എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കാൻ മടിക്കരുതെന്നും അതല്ലെങ്കിൽ നീ ഒരു ചീത്ത കുട്ടിയായിരിക്കും എന്നും വാത്സല്യപൂർവം കൂട്ടിച്ചേർക്കാൻ ബാപ്പു മറന്നില്ല. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലക്കു ശേഷം ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടുവരുന്ന സമയമാണെന്നുമോർക്കണം.

“എത്ര ദൈവതുല്യനായ മനുഷ്യൻ!” എസ്തർ വീണ്ടും വീണ്ടും ഓർത്തു. മറ്റേതൊരു മതത്തെക്കാളും ക്രിസ്തീയവിശ്വാസത്തിന്റെ ഔന്നത്യത്തിൽ വിശ്വസിക്കുന്നവരിലൊക്കെ എത്രയോ ഉയരെയാണ് ബാപ്പു എന്നും അവൾ ആലോചിച്ചു. എത്ര ഉന്നതനാണെങ്കിലും ബാപ്പു ക്രിസ്തീയനുംകൂടി ആയിരുന്നെങ്കിൽ എന്നാണല്ലോ അപ്പോഴും താനും ആൻ മേരിയും ചിന്തിച്ചത് എന്ന് അവൾ ഓർത്തുപോയി!

സെപ്റ്റംബർ മാസം എസ്തർ തിരുക്കൊയിലൂരിൽനിന്ന് ഇരുപത് മൈൽ അകലെ കല്ലാക്കുറിച്ചി ഗ്രാമത്തിൽ വന്നു. അവിടെയുമുള്ള ഡാനിഷ് മിഷൻ സ്കൂളിലെ അധ്യാപികയും ഡെന്മാർക്കിൽനിന്നുള്ള മിഷനറിയുമായ തന്റെ കൂട്ടുകാരി എമിലിക്കൊപ്പം കുറച്ചുനാൾ കഴിയാനായിരുന്നു അത്. മിഷനിൽനിന്നൊഴിഞ്ഞതിനാൽ തിരുക്കൊയിലൂരെ സ്കൂളിൽ പോകാനും അവിടെ താമസിക്കാനുമൊക്കെ അവൾ മടിച്ചു. പക്ഷേ കല്ലാക്കുറിച്ചിയിൽ എത്തിയ ഉടൻ എസ്തർ പനി പിടിച്ച് കിടപ്പായിപ്പോയി. എന്നാൽ, അന്ന് ഒരുദിവസം എസ്തറിനെ ആഹ്ലാദത്തിന്റെയും അത്ഭുതത്തിന്റെയും ആശ്വാസത്തിന്റെയും കൊടുമുടിയിലേക്ക് ഉയർത്തിയ ഒരു വാർത്ത വന്നു. സബർമതി ആശ്രമത്തിൽ പോകാൻ അവൾക്ക് ഗവർണറുടെ അനുമതി ലഭിച്ചു! കുറച്ച് ദിവസം മുമ്പ് കോയമ്പത്തൂരിൽ അവൾ സന്ദർശിച്ച ഗാന്ധിശിഷ്യൻ വി.എ. സുന്ദരം ആണ് ഇക്കാര്യം കത്തിലൂടെ അവളെ അറിയിച്ചത്. എസ്തറുടെ കാര്യങ്ങളെല്ലാം ബാപ്പു ഏൽപ്പിച്ചിരുന്നത് സുന്ദരത്തെയായിരുന്നുവല്ലോ.

വിവരമറിഞ്ഞ ഉടൻ ആവേശഭരിതയായ എസ്തർ ബാപ്പുവിന് എഴുതി. “പ്രിയ ബാപ്പു, സുന്ദരത്തിന്റെ കത്ത് ഞാൻ വീണ്ടും വീണ്ടും വായിച്ചു. എനിക്ക് എത്ര സന്തോഷവും പ്രത്യാശയുമാണ് അത് നൽകിയതെന്ന് പറയേണ്ടതില്ലല്ലോ. ഉടനെതന്നെ ആശ്രമത്തിലേക്ക് വരാൻ അങ്ങ് എന്നെ അനുവദിക്കുമല്ലോ...” കല്ലാക്കുറിച്ചിയിൽനിന്ന് ഉടൻ തിരുക്കോയിലൂരിലേക്ക് തിരിക്കുമെന്നും അവിടെ ആൻ മേരിയെ സ്കൂളിന്റെ കാര്യമൊക്കെ ഏൽപിച്ചശേഷം ഇരുപത്തിരണ്ടാം തീയതി മദിരാശിക്ക് യാത്ര പുറപ്പെടാനുമായിരുന്നു പരിപാടി. മദിരാശിയിൽനിന്ന് ബിറ്റ് മാനും ഭാര്യ ഹെലനുമൊപ്പം കഴിഞ്ഞശേഷം പിറ്റേന്ന് അഹ്മദാബാദിലേക്ക് തീവണ്ടിയിൽ യാത്ര തിരിക്കാൻ അവൾ തീരുമാനിച്ചു.

മറ്റൊരു സുപ്രധാന പരാമർശവും എസ്തറുടെ കത്തിൽ ഉണ്ടായിരുന്നു. ഡോ മേനോനെക്കുറിച്ചായിരുന്നു അത്. എല്ലാ അർഥത്തിലും വ്യത്യസ്തരായ, രണ്ട് മതങ്ങളിലും രാജ്യങ്ങളിലുംപെട്ട മേനോന്റെയും എസ്തറുടെയും ബന്ധത്തിലും അത് ഇരുപക്ഷത്തും ഉയർത്തിയ പ്രതിഷേധത്തിലുമൊക്കെ ബാപ്പു വിഷണ്ണനായിരുന്നു. തന്റെ മറ്റ് മതക്കാരുമായുള്ള മക്കളുടെ പ്രണയക്കാര്യത്തിലെന്നപോലെ എസ്തറുടെ ബന്ധത്തിലും അദ്ദേഹത്തിനും യോജിപ്പില്ലായിരുന്നുവെന്നതാണ് സത്യം. അത് മനസ്സിലാക്കിയ എസ്തർ വളരെ വിരളമായി മാത്രമേ മേനോനെപ്പറ്റി ബാപ്പുവിന് എഴുതിയിരുന്നുള്ളൂ. അദ്ദേഹത്തിന്റെയും സമീപനം സമാനമായിരുന്നു.

മേനോനെപ്പറ്റിയുള്ള ബാപ്പുവിന്റെ തെറ്റുധാരണകൾ മാറ്റാനും എസ്തർ ആ കത്തിൽ ശ്രമിച്ചു. “ഗവർണർ വെല്ലിങ്ടണിന്നുള്ള അങ്ങയുടെ കത്തിന്റെ ഒരു കോപ്പി ഞാൻ ഇ.കെ. മേനോന് അയച്ചുകൊടുത്തിരുന്നു. എന്നെ അദ്ദേഹം സ്വീകരിക്കുന്നതുവരെ –എപ്പോഴെങ്കിലും അദ്ദേഹത്തിന് അതിനു കഴിയുമെങ്കിൽ– എങ്കിലും എനിക്ക് ആശ്രമത്തിൽ താമസിക്കാനാവുമെന്നതിൽ അദ്ദേഹം വലിയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ഒരു ലക്ഷ്യമേ ഉള്ളൂ. ഇന്ത്യയെയും അവിടത്തെ ജനതയെയും സേവിക്കുക. അദ്ദേഹം ഉത്തമനായ ഒരു ഇന്ത്യക്കാരനാണ്. ഇപ്പോൾ ഉത്തമനായ ഒരു സ്വദേശിയാകാനുള്ള ശ്രമത്തിലുമാണ്.”

പക്ഷേ, അപ്രതീക്ഷിതമായി എസ്തറിന്റെ ആഹ്ലാദത്തിന് തിരിച്ചടിയേറ്റു. ഉടൻ ബാപ്പുവിനെ കാണാനാവുമെന്ന അവളുടെ വിശ്വാസം അസ്ഥാനത്തായി. ആശ്രമത്തിലേക്ക് പോകാൻ അവൾക്ക് ഗവർണർ വെല്ലിങ്ടൺ അനുമതി നൽകിക്കഴിഞ്ഞെന്നത് സുന്ദരത്തിന്റെ തെറ്റിദ്ധാരണ ആയിരുന്നു. സി.എഫ്. ആൻഡ്രൂസ് ആണ് അക്കാര്യം അറിയിച്ചത്. എസ്തറിന് അഹ്മദാബാദിലേക്ക് പോകുന്നതിന് മദിരാശി ഗവർണർക്ക് വിരോധമില്ലെന്നും അനുമതിക്കായി, അവളുടെ അനുമതിക്കായി ബോംബെ ഗവർണർക്ക് അദ്ദേഹം എഴുതാമെന്നുമായിരുന്നു തീരുമാനം.

ഇതറിഞ്ഞ് എസ്തർ കടുത്ത നിരാശയിലായി. മിഷനിൽനിന്നും സ്കൂളിൽനിന്നും വിടുകയും അതോടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതാകുകയും സ്വന്തമായ വരുമാനം നിലക്കുകയും ഒക്കെ ചെയ്തിരുന്നതിനാൽ വല്ലാത്തൊരു അന്യഥാബോധം അവളെ വലച്ചു. അവൾ നിരന്തരമെന്നോണം ബാപ്പുവിന് കത്തെഴുതി. പക്ഷേ, ബാപ്പു വലിയ തിരക്കുകളിൽപെട്ടതിനാൽ ഉടനടി മറുപടി അയക്കാനും കഴിഞ്ഞില്ല. അതോടെ എസ്തർ കൂടുതൽ ദുഃഖത്തിൽ ആഴ്ന്നു. കല്ലാക്കുറിച്ചിയിൽതന്നെ എമിലിക്കൊപ്പം അവൾ തങ്ങി.

സെപ്റ്റംബർ അവസാനം അവൾ തന്റെ അക്ഷമക്ക് മാപ്പ് ചോദിച്ചുകൊണ്ട് രണ്ട് മാസമായി ഒരു ജോലിയും ഇല്ലാതെ മറ്റുള്ളവർക്ക് ഭാരമായി തുടരുന്നതിന്റെ കടുത്ത വിഷമം ബാപ്പുവിന് എഴുതി അറിയിച്ചു. തനിക്ക് ബാപ്പു ഇതുവരെ ചെയ്തുതന്ന വലിയ സഹായങ്ങളൊന്നും മറക്കാതെയാണ് വീണ്ടും ശല്യപ്പെടുത്തുന്നതെന്നും അവൾ എഴുതി. ആശ്രമത്തിലേക്ക് വരാനുള്ള തന്റെ തീവ്രമായ ആഗ്രഹം ഗവർണർക്ക് മനസ്സിലാകുന്നില്ലായിരിക്കാം. ആവശ്യമെങ്കിൽ താൻതന്നെ ബോംബേക്ക് പോയി അദ്ദേഹത്തെ കാണാമെന്നും ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന ഉറപ്പു നൽകാമെന്നും അവൾ പറഞ്ഞു. “പനി മാറി വിശ്രമം ആവശ്യമാണെങ്കിൽ എനിക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം കുറച്ച് ദിവസം കഴിയാം. പക്ഷേ, എത്രയും വേഗം ജോലികളിൽ ഏർപ്പെടാനാണ് എന്റെ ആഗ്രഹം. കഴിക്കുന്ന അന്നത്തിന് എനിക്ക് അർഹത ഇല്ലെന്ന് തോന്നുകയാണ്. എല്ലാവരും ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കുന്നു. ഞാൻ മനസ്സുകൊണ്ടും തളരുകയാണ്, ബാപ്പു... ഗവർണറെ കാണാൻ ബോംബേക്കു പോകാൻ എനിക്ക് അനുവാദം തരുമോ, ബാപ്പു?”

എസ്തറിന്റെ വിഷമം കണ്ട് അവളുടെ കൂട്ടുകാരി എമിലിയും ബാപ്പുവിന് എഴുതി. ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചനുജത്തി ഞങ്ങൾക്കൊപ്പം താമസിക്കുകയാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അവൾ ഒപ്പമുള്ളത് ഞങ്ങൾക്ക് വളരെ സന്തോഷകരമാണ്. അവൾ പോകുന്നതിൽ വിഷമവുമാണ്. പക്ഷേ, ഇപ്പോൾ അവളനുഭവിക്കുന്ന സങ്കടം കണ്ടുകൊണ്ടിരിക്കാൻ വയ്യ. ഒരു ജോലിയും ചെയ്യാനില്ലാതെ നീറുകയാണ് അവൾ. എത്രയും വേഗം ആശ്രമത്തിലെത്തി അവളുടെ പ്രിയപ്പെട്ട ഇന്ത്യക്ക് വേണ്ടിയുള്ള ജോലികളിലേർപ്പെടാൻ ദാഹിക്കുകയാണ് അവൾ എന്നും എമിലി ബാപ്പുവിനെ അറിയിച്ചു.

“ആശ്രമത്തിലേക്ക് വരാനും അങ്ങയെ കാണാനും ജോലികളിൽ ഏർപ്പെടാനും കൊതിക്കുകയാണ് എസ്തർ. ഓരോ ദിവസവും പോസ്റ്റ് മാൻ അവളെ നിരാശപ്പെടുത്തുമ്പോൾ ദൈവം തന്നെ ഉപേക്ഷിച്ചുവെന്നും അവളുടെ സേവനം ഇനി ദൈവത്തിനാവശ്യമില്ലെന്നും അവൾ പറയുന്നു. അവൾക്ക് വേണ്ടി വെല്ലിങ്ടൺ പ്രഭുവിന് അങ്ങ് കത്തെഴുതിയപ്പോൾ അവൾക്ക് എത്ര സന്തോഷമായിരുന്നെന്നോ! ദൈവം അവൾക്ക് നൽകിയ സവിശേഷ അനുഗ്രഹമായി അവൾ കരുതി.

പക്ഷേ, പുറത്ത് കാണുന്നതുപോലെ മനഃശക്തിയുള്ള ആളല്ല അവൾ. കടുത്ത ആകാംക്ഷ അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അവൾ ഞങ്ങൾക്കൊപ്പം കഴിയുന്നത് സന്തോഷകരമാണെങ്കിലും അവളെ സന്തുഷ്ടയായി കാണാൻ ഞങ്ങളാഗ്രഹിക്കുന്നു. അവൾക്ക് സമാധാനം പകരുന്ന ഒരു വാക്ക് എങ്കിലും അങ്ങ് അവൾക്ക് എഴുതാൻ അപേക്ഷിക്കുന്നു. മറ്റാരേക്കാളും അങ്ങയെ അവൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായാണ് ഈ കത്തുമായി അങ്ങയെ ശല്യപ്പെടുത്തിയത്. ദയവ് ചെയ്തു പൊറുക്കണം.” –കല്ലാക്കുറിച്ചിയിൽനിന്ന് എമിലി ബാപ്പുവിന് എഴുതി. ഒക്ടോബർ നാലിന് എസ്തറുടെ കാര്യം ഉന്നയിച്ചുകൊണ്ട് ഗാന്ധി മദിരാശി ഗവർണർക്ക് കമ്പിസന്ദേശം അയച്ചു.

“എന്റെ ആശ്രമത്തിൽ എത്താനുള്ള മിസ് ഫെയറിങ്ങിന്റെ അപേക്ഷയിൽ വേഗം തീർപ്പ് ഉണ്ടാക്കാൻ ആദരണീയനായ താങ്കൾ തയാറാണെന്ന് മി. ആൻഡ്രൂസ് എന്നെ അറിയിച്ചിട്ടുണ്ട്. ജോലി നഷ്ടമായ അവർ എന്റെ അടുത്തെത്താൻ എത്രയും ആകാംക്ഷപ്പെട്ടിരിക്കുകയാണ്. അവർക്ക് എന്റെ ആശ്രമത്തിലേക്ക് വരാൻ അനുമതി നൽകാനാവുമോ?”

 

തുടർന്ന് ക്ഷമ കൈവിടാതിരിക്കാൻ എസ്തറിനോട് നിർദേശിച്ചുകൊണ്ട് താൻ ഗവർണർക്ക് സന്ദേശമയച്ച കാര്യം അന്നുതന്നെ ബാപ്പു അവളെ അറിയിക്കുകയുംചെയ്തു. ഇതോടെ വലിയ സമാധാനമായ എസ്തർ തന്റെ അക്ഷമക്കും വലിയ രാഷ്ട്രീയ തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ശല്യമായതിനും തന്റെ വിലക്ക് മാനിക്കാതെ എമിലി അദ്ദേഹത്തിന് കത്ത് എഴുതിയതിനുമെല്ലാം മാപ്പപേക്ഷിച്ച് ബാപ്പുവിന് എഴുതി. ഗാന്ധിയുടെ കമ്പിസന്ദേശത്തിന് ഉടൻ ഫലമുണ്ടായി. രണ്ട് ദിവസത്തിനകം ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറി മി. ഡ്രോഫ് ഉടൻതന്നെ അദ്ദേഹത്തിന് മറുപടി അയച്ചു. “മിസ് ഫെയറിങ് തന്റെ ബോംബേക്കുള്ള യാത്രാനുമതിക്ക് നിലവിലുള്ള രീതി അനുസരിച്ച് സമർപ്പിക്കുന്ന അപേക്ഷ അംഗീകരിക്കാൻ തടസ്സമുണ്ടാകില്ല” എന്നായിരുന്നു മറുപടി.

എന്തായാലും ഇതറിഞ്ഞ ഉടൻതന്നെ എസ്തർ ഗുജറാത്തിലേക്ക് വണ്ടി കയറിക്കഴിഞ്ഞിരുന്നു. ഗവർണർക്ക് തന്റെ നന്ദി അറിയിക്കാൻ അഭ്യർഥിച്ചുകൊണ്ട് മി. ഡ്രോഫിന് ഒക്ടോബർ 22ന് അയച്ച മറുപടിയിൽ എസ്തർ സബർമതിയിലെ സത്യഗ്രഹാശ്രമത്തിൽ എത്തിയ വിവരം ഗാന്ധി അറിയിച്ചു.

(തുടരും)

News Summary - weekly articles