Begin typing your search above and press return to search.
proflie-avatar
Login

ച​രി​ത്ര​ത്തി​ന് വ​ള​മാ​യി മാ​റി​യ ഏ​കാ​കി

Chelavoor Venu
cancel
camera_alt

ചെലവൂർ വേണു 

ചലച്ചിത്ര പ്രവർത്തകനായും സമാന്തര പ്രസിദ്ധീകരണ സംരംഭത്തി​ന്റെ നടത്തിപ്പുകാരനായുമൊക്കെ മറ്റൊരു സാംസ്​കാരിക ലോകത്തിനായി പ്രവർത്തിച്ച ചെലവൂർ വേണു ജൂൺ 3ന്​ വിടപറഞ്ഞു. അദ്ദേഹത്തെ ഒാർമിക്കുകയാണ്​ സുഹൃത്തുകൂടിയായ ലേഖകൻ.

വി​റ​ക് പോ​ലെ​യ​ല്ല ച​കി​രി. ച​കി​രി ധൃ​തിപി​ടി​ച്ച് ക​ത്തി​ല്ല, അ​ത് പ​തു​ക്കെ​പ്പ​തു​ക്കെ എ​രി​ഞ്ഞ് പി​ടി​ച്ച് ആ​ളും, കോ​ഴി​ക്കോ​ട്ട് പു​തി​യ​പാ​ലം ശ്മ​ശാ​ന​ത്ത് ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​​ന്റെ ചി​ത​ക്ക​രി​കി​ൽനി​ന്ന് അ​വ​സാ​ന​മാ​യി വി​ടപ​റ​യു​മ്പോ​ൾ ചി​ത​യൊ​രു​ക്കി​യ ശ്മ​ശാ​നം സൂ​ക്ഷി​പ്പു​കാ​ര​ൻ പ​റ​ഞ്ഞ അ​റി​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വേ​ണു ഏ​ട്ട​ൻ ചി​ര​പ​രി​ചി​ത​നാ​ണ്. കോ​ഴി​ക്കോ​ടി​​ന്റെ പ്രി​യ​പ്പെ​ട്ട മ​നു​ഷ്യ​ർ ആ​രു മ​രി​ച്ചാ​ലും അ​വ​രെ അ​വ​സാ​ന യാ​ത്ര​യാ​ക്കാ​ൻ മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തിൽ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന വേ​ണു ഏ​ട്ട​ന് ചി​ത​യൊ​രു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​വൂ​ർ റോ​ഡ് ശ്മ​ശാ​നം അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം അ​ട​ച്ചി​ട്ട​തി​നാ​ലാ​ണ് വേ​ണു ഏ​ട്ട​​ന്റെ സം​സ്കാ​രം പു​തി​യ​പാ​ലം ശ്മ​ശാ​നത്തിലേ​ക്ക് മാ​റ്റി​യ​ത്. ജൂ​ൺ 3 വൈ​കീട്ട് നാ​ലുമ​ണി: ച​കി​രി​യി​ൽ വേ​ണു ഏ​ട്ട​​ന്റെ ശ​രീ​രം പ​തു​ക്കെ​പ്പ​തു​ക്കെ ദ​ഹി​ച്ച്, ച​രി​ത്ര​ത്തി​ന് വ​ള​മാ​യി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​സി​​ന്റെ ഇ​ൻ പേ​ഷ്യ​ന്റ് സെ​ന്റ​റി​ൽ വേ​ണു ഏ​ട്ട​ൻ കി​ട​ക്കു​ന്ന കി​ട​പ്പു ക​ണ്ട് അ​ങ്ങനെ കി​ട​ത്ത​ല്ലേ എ​ന്നാ​ഗ്ര​ഹിക്കു​ക​യും പ്രാ​ർ​ഥിക്കു​ക​യും ചെ​യ്തുപോ​യി​ട്ടു​ണ്ട്. ഇ​നി​യൊ​ന്നും ചെ​യ്യാ​നി​ല്ല എ​ന്നുപ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ മ​ട​ക്കു​ന്ന ജീ​വി​ത​ങ്ങ​ൾ ഒ​രു വ​ലി​യ വേ​ദ​ന​യാ​ണ്. ശ​രീ​ര​ത്തി​ൽ ജീ​വ​​ന്റെ മി​ടി​പ്പ് നി​ല​ക്കുന്ന​തെ​പ്പോ​ഴെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​നാ​വാ​ത്ത​തുകൊ​ണ്ട് വേ​ണു ഏ​ട്ട​നും അ​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​യി​രു​ന്നു. താ​ൻ മ​രി​ച്ചാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ത​​ന്റെ ശ​രീ​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ​ഠ​നാ​വ​ശ്യാ​ർ​ഥം കൈ​മാ​റ​ണ​മെ​ന്നും പൊ​തു​ദ​ർ​ശ​ന​മോ റീ​ത്ത് വെക്ക​ലോ പാ​ടി​ല്ലെ​ന്നും വേ​ണു ഏ​ട്ട​ൻ വി​ൽ​പ​ത്രം എ​ഴു​തി​െവ​ച്ചി​രു​ന്നു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ അ​ത് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കു​റേ​ക്കാ​ലം രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു കു​ടും​ബ​ത്തി​​ന്റെ തീ​രു​മാ​നം. അ​ത് എ​ല്ലാ​വ​രും മാ​നി​ക്കു​ക​യും ചെ​യ്തു.

പൊ​ലീ​സ് ബ്യൂ​ഗി​ളി​​ന്റെ അ​ക​മ്പ​ടി​യോ ആ​കാ​ശ​ത്തേ​ക്കു​ള്ള വെ​ടി​പൊ​ട്ടി​ക്ക​ലോ ഉ​ള്ള ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളു​ടെ​യൊ​ന്നും അ​ക​മ്പ​ടി​യി​ല്ലാ​ത്ത ഒ​രു വി​ടപ​റ​ച്ചി​ലാ​യി​രു​ന്നു വേ​ണു ഏ​ട്ട​​ന്റേത്. അ​ങ്ങ​നെ​യു​ള്ള ആ​ദ​ര​വ് കി​ട്ട​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ പു​ര​സ്കാ​ര​ങ്ങ​ൾ കി​ട്ട​ണം. പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള കി​ട​മ​ത്സ​ര​ത്തി​​ന്റെ പ്ര​സ​ക്തി അ​വി​ടെ​യാ​ണ്. അ​ത് കി​ട്ടാ​ത്ത​വ​ർ​ക്ക് അ​തി​ന് യോ​ഗ്യ​ത പ്ര​യാ​സ​മാ​ണ്.

മ​ല​യാ​ള​ത്തി​ലെ സ​മാ​ന്ത​ര സി​നി​മ​യു​ടെ, മ​ല​യാ​ളി സ​മാ​ന്ത​ര മാ​ധ്യ​മജീ​വി​ത​ത്തി​​ന്റെ നാ​ൾ​വ​ഴി​ക​ളെ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കി​യ ആ ​മ​നു​ഷ്യ​ൻ സ​ർ​ക്കാ​ർ ബ​ഹു​മ​തി​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ പ​തു​ക്കെ​പ്പ​തു​ക്കെ ച​കി​രി​യി​ൽ എ​രി​ഞ്ഞ് ക​ഥാ​വ​ശേ​ഷ​നാ​യി. മ​തേ​ത​ര​മാ​യ ആ ​ജീ​വി​ത​ത്തി​ൽ മ​ര​ണാ​നന്ത​രം മ​റ്റു ച​ട​ങ്ങു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് തീ​രു​മാ​നി​ക്ക​പ്പെ​ട്ട​തുകൊ​ണ്ട് വേ​ണു ഏ​ട്ട​​ന്റെ ചാ​രം പു​തി​യ​പാ​ലം ശ്മ​ശാ​ന​ത്തി​​ന്റെ പ​ച്ച​പ്പി​ന് വ​ള​മാ​കു​മെ​ന്ന് ശ്മ​ശാ​നം സൂ​ക്ഷി​പ്പു​കാ​ര​ൻ പ​റ​ഞ്ഞു. എ​ന്തൊ​ക്കെ പൂ​ക്ക​ളാ​ണ് അ​വി​ടത്തെ പ​ച്ച​പ്പി​ലു​ള്ള​തെ​ന്ന് ശ്ര​ദ്ധി​ക്കാ​ൻ വി​ട്ടു. ഇ​നി​യ​വി​ടെ പൂ ​വി​രി​യു​മ്പോ​ൾ അ​തി​ൽ വേ​ണു ഏ​ട്ട​​ന്റെ ഓ​ർ​മ​യും കാ​ണും.

കോഴിക്കോട്ട്​ ‘ജോൺ’ സിനിമയുടെ ​പ്രദർശനത്തിന്​ ശേഷം പ്രേംചന്ദ്​, ദീദി തുടങ്ങിയവർക്കൊപ്പം ചെലവൂർ വേണുവും

സ​മാ​ന്ത​ര​സ​ഞ്ചാ​രി

മു​ഖ്യ​ധാ​ര​യി​ൽ അ​ലി​ഞ്ഞുപോ​കാ​ത്ത മ​ല​യാ​ളി​യു​ടെ സ​മാ​ന്ത​ര​ജീ​വി​ത​ത്തെ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ അ​തി​ൽ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു വ്യ​ക്തി​ത്വ​മാ​ണ് ചെ​ല​വൂ​ർ വേ​ണു. 50 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം കേ​ര​ള​ത്തി​ലെ ഫി​ലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തെ ഇ​വി​ടെ സ​ജീ​വ​മാ​ക്കി നി​ർ​ത്തു​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്കുവ​ഹി​ച്ചു. 1980ൽ ​കോ​ഴി​ക്കോ​ട്ട് ചെ​ല​വൂ​ർ വേ​ണു​വി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട 14 ദി​വ​സം നീ​ണ്ട ഫി​ലിം ഫെ​സ്റ്റി​വ​ലാ​ണ് കേ​ര​ള​ത്തി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​സ്കാ​ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. അ​താ​ണ് പി​ൽ​ക്കാ​ല​ത്ത് ഐ.​എ​ഫ്.​എ​ഫ്.​കെക്ക് ​നി​മി​ത്ത​മാ​യ അ​ടി​വ​ളം. 1968ൽ ​രൂ​പംകൊ​ണ്ട അ​ശ്വി​നി ഫി​ലിം സൊ​സൈ​റ്റി​യെ 1970 മു​ത​ൽ 50 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ചെ​ല​വൂ​ർ വേ​ണു ഒ​റ്റ​ക്ക് കൊ​ണ്ടുന​ട​ന്നു.

2019 മേ​യ് 11ന് ​അ​ശ്വി​നി ഫി​ലിം സൊ​സൈ​റ്റി​യു​ടെ അ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​പ്പോ​ൾ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ പ​രാ​മ​ർ​ശം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ചെ​ല​വൂ​ർ വേ​ണു വി​വാ​ഹം ക​ഴി​ക്കാ​ൻ വൈ​കി​യ​തുകൊ​ണ്ടുമാ​ത്ര​മാ​ണ് അ​ശ്വി​നി​ക്ക് 50 വ​ർ​ഷം വ​രെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നാ​യി​രു​ന്നു അ​ടൂ​രി​​ന്റെ നി​രീ​ക്ഷ​ണം. ആ​ണു​ങ്ങ​ളു​ടെ മാ​ത്രം സം​ഘാ​ട​ക ലോ​ക​മാ​യി​രു​ന്ന ഫി​ലിം സൊ​സൈ​റ്റി​ക​ൾ പ്ര​ധാ​ന സം​ഘാ​ട​ക​ർ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ മ​രി​ച്ചു​വീ​ഴു​ന്ന കാ​ഴ്ച പ​തി​വാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി 50 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന ആ​ദ്യ​ത്തെ ഫി​ലിം സൊ​സൈ​റ്റി​യാ​ണ് അ​ശ്വി​നി എ​ന്ന് അ​ടൂ​ർ ഓ​ർ​മി​ച്ചു.

2016ൽ, ​ത​​ന്റെ എ​ഴു​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ലാ​ണ് ചെ​ല​വൂ​ർ വേ​ണു ത​​ന്റെ ജീ​വി​തപ​ങ്കാ​ളി സു​ക​ന്യ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​ണ് 80 വ​യ​സ്സ് പി​ന്നി​ട്ട​ത്. എ​ട്ടു വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ത്തി​​ന്റെ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഒ​രു ര​ണ്ടാം ജീ​വി​തം എ​ന്നമ​ട്ടി​ൽ അ​ദ്ദേ​ഹം ആ​ഘോ​ഷി​ച്ചു. പ​ഴ​യ സ​മാ​ന്ത​ര ജീ​വി​ത​ത്തി​​ന്റെ പോ​ക്കു​വെ​യി​ലി​ൽ ഒ​രുകാ​ല​ത്ത് ഒ​രു പ്ര​സ്ഥാ​ന​മാ​യി ഉ​ദി​ച്ചു​യ​ർ​ന്നി​രു​ന്ന ‘സൈ​ക്കോ’ വീ​ണ്ടും തു​ട​ങ്ങാ​നാ​യി മോ​ഹി​ച്ചുന​ട​ന്നു. പി​ന്നെ​പ്പി​ന്നെ അ​ങ്ങനെ മോ​ഹി​ക്കൽ എ​ന്ന​ത് ത​ന്നെ ആ​ത്മ​മി​ത്ര​മാ​യി​രു​ന്ന ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ പാ​ടി​യ​തുപോ​ലെ ജീ​വി​ത​ത്തി​ന് ‘‘അ​ർ​ഥം കൊ​ടു​ത്ത് പൊ​ലി​പ്പി​ച്ചെ​ടു​ക്ക​ൽ’’ മാ​ത്ര​മാ​യി സ്വ​യം തി​രി​ച്ച​റി​ഞ്ഞു. ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​​ന്റെ ആ​ദ്യ ക​വി​താസ​മാ​ഹാ​രം പു​റ​ത്തി​റ​ക്കു​ന്ന​ത് ചെ​ല​വൂ​ർ വേ​ണു​വി​​ന്റെ ‘പ്ര​പ​ഞ്ചം’ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ്. എം.​ ഗം​ഗാ​ധ​ര​ൻ അ​വ​താ​രി​ക എ​ഴു​തി. അ​ത് പു​റ​ത്തി​റ​ങ്ങി​യ​ത് എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു സം​ഭ​വംത​ന്നെ​യാ​യി​രു​ന്നു.

കോ​ടി​ക​ളു​ടെ മു​ത​ൽമു​ട​ക്കു​ള്ള അ​ച്ച​ടിസ്ഥാ​പ​ന​ങ്ങ​ൾപോ​ലും ത​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ക​മ്പോ​ള​ത്തി​ൽ വി​റ്റ​ഴി​ക്കാ​നാ​വാ​തെ അ​ട​ച്ചുപൂ​ട്ടു​ന്ന ഇ​ന്റർ​നെ​റ്റ് യു​ഗ​ത്തി​ലാ​ണ് ചെ​ല​വൂ​ർ വേ​ണു ത​​ന്റെ ‘സൈ​ക്കോ’ എ​ന്ന മ​ന​ശ്ശാ​സ്ത്ര മാ​സി​ക വീ​ണ്ടും ഇ​റ​ക്കു​ന്ന​ത് സ്വ​പ്നംക​ണ്ടു ന​ട​ന്ന​ത്. വ​ലി​യ സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​റ​കെ വൃ​ഥാ ന​ട​ക്കു​ന്ന ഒ​രു കു​ട്ടി എ​ന്നും ചെ​ല​വൂ​ർ വേ​ണു എ​ന്ന മ​നു​ഷ്യ​നി​ൽ കെ​ടാ​തെ നി​ന്നു.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മ​ന​ശ്ശാ​സ്ത്ര മാ​സി​ക ‘സൈ​ക്കോ’, ആ​ദ്യ​ത്തെ സ്പോ​ർട്സ് മാ​സി​ക ‘സ്റ്റേ​ഡി​യം’, ആ​ദ്യ​ത്തെ യൂ​ത്ത് മാ​ഗ​സി​ൻ ‘യു​വ​ഭാ​വ​ന’, ആ​ദ്യ​ത്തെ വ​നി​താ മാ​സി​ക ‘രൂ​പ​ക​ല’, ആ​ദ്യ​ത്തെ ഇ​ട​തുപ​ക്ഷ രാ​ഷ്ട്രീ​യ മാ​ഗ​സി​ൻ ‘സെ​ർ​ച്ച്ലൈ​റ്റ്’ എ​ന്നി​വ​ക്കൊ​ക്കെ തു​ട​ക്ക​മി​ടു​ക​യും അ​വ​യു​ടെ​യൊ​ക്കെ പ്ര​സാ​ധ​ക​നാ​വു​ക​യും ചെ​യ്ത ചെ​ല​വൂ​ർ വേ​ണു​വി​നെ മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ന ച​രി​ത്ര​ത്തി​ലെ ച​രി​ത്രം സൃ​ഷ്ടി​ച്ച പ​ത്രാ​ധി​പ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​വു​മോ? ഇ​ല്ല എ​ന്ന് സാ​ങ്കേ​തി​ക ച​രി​ത്രം മു​ദ്ര​കു​ത്തും. കാ​ര​ണം, ഇ​വി​ടെ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന, പ​ത്ര മു​ത​ലാ​ളി​യു​ടെ ജേ​ണ​ലി​സ്റ്റ് എ​ന്ന ഉ​ത്ത​ര​വു​ള്ള, എ​ങ്കി​ൽ മാ​ത്രം കി​ട്ടു​ന്ന ജേ​ണ​ലി​സ്റ്റ് യൂ​നി​യ​ൻ മെ​ംബ​ർ​ഷി​പ് കൂ​ടി​യേ ക​ഴി​യൂ.

അ​തു​കൊ​ണ്ടുത​ന്നെ ജീ​വി​തസാ​യാ​ഹ്ന​ത്തി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ക്കു​ന്ന ചെ​ല​വൂ​ർ വേ​ണു​വി​​ന്റെ പെ​ൻ​ഷ​ൻ അ​പേ​ക്ഷ പ​ത്ര​മു​ട​മ​യാ​ണ്, പ​ത്ര​പ്ര​വ​ർ​ത്ത​ക​ന​ല്ല എ​ന്ന സാ​ങ്കേ​തി​ക കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ ക​ണ്ട് ന​ൽ​കി​യ അ​പേ​ക്ഷ​ക്കാ​ണ് സെക്ര​​േട്ട​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ല​വൂ​ർ വേ​ണു പ​ത്ര​മു​ട​മ​യാ​യി​രു​ന്നു എ​ന്ന് വി​ധി​ച്ച് പെ​ൻ​ഷ​ൻ നി​ര​സി​ച്ച​ത്. ചെ​ല​വൂ​ർ വേ​ണു സ​മാ​ന്ത​രധാ​ര​യി​ൽ തു​ട​ക്ക​മി​ട്ട മേ​ൽ​പ​റ​ഞ്ഞ മാ​ഗ​സി​നു​ക​ളൊ​ക്കെ പി​ൽ​ക്കാ​ല​ത്ത് മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ച് ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ലാ​ഭ​മു​ണ്ടാ​ക്കു​ന്ന മാ​സി​കക​ളാ​ക്കി മാ​റ്റി.

ചെലവൂർ വേണു ഒരു പൊതു പരിപാടിയിൽ

ഫി​ലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തെ​യും സ​മാ​ന്ത​ര സി​നി​മാ പ്ര​സ്ഥാ​ന​ത്തെ​യും തു​ണ​ച്ച അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ ജീ​വി​തം എ​ന്ന​ത് ചെ​ല​വൂ​ർ വേ​ണു​വി​ന് ഒ​രു ക​ച്ച​വ​ട​മാ​യി​രു​ന്നി​ല്ല. ഇ​ഷ്ട​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ അ​തു​െവ​ച്ച് ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നുക​യ​റാ​ൻ അ​ദ്ദേ​ഹം നോ​ക്കി​യ​തു​മി​ല്ല. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യോ കെ.​എ​സ്.​എ​ഫ്.​ഡി.​സിയു​ടെ​യോ അ​ധ്യ​ക്ഷ​നാ​യി ഒ​രി​ക്ക​ൽപോ​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​ല്ല.

മ​ല​യാ​ള സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മാ​യ ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം ന​ൽ​കാ​ൻ ചെ​ല​വൂ​ർ വേ​ണു പ​രി​ഗ​ണി​ക്ക​പ്പെ​ടു​മാ​യി​രു​ന്നോ? ഇ​ന്ന് പ​ട​ർ​ന്നു പ​ന്ത​ലി​ച്ച, സി​നി​മ​ക്ക് പു​റ​മെ കോ​ടി​ക​ളു​ടെ ഉ​ത്സ​വ​ക്കാ​ഴ്ച സ​മ്മ​ാനി​ക്കു​ന്ന ഐ.​എ​ഫ്.എ​ഫ്.​കെ ഇ​വി​ടെ സാ​ധ്യ​മാ​യ​തി​​ന്റെ വേ​രി​ൽ ചെ​ല​വൂ​ർ വേ​ണു​വി​​ന്റെ പേ​ര് കാ​ലം കൊ​ത്തി​​െവ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹം ഇ​വി​ടെ ചെ​യ്ത​ത് എ​ന്താ​യി​രു​ന്നു എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന ഒ​രു സം​വി​ധാ​നം ന​മു​ക്ക് വേ​ണ​മാ​യി​രു​ന്നു അ​ങ്ങനെ ഒ​രു അം​ഗീ​കാ​ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ങ്കി​ൽപോ​ലും. അ​തു​ണ്ടാ​യി​ല്ല ഇ​വി​ടെ. തി​രി​ച്ചാ​യി​രു​ന്നു എ​ങ്കി​ൽ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ട്ടേ​ക്കാം, സി​നി​മ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി എ​ത്തു​മാ​യി​രു​ന്നു.

ജോ​ൺ

സം​വി​ധാ​യ​ക​ൻ ജോ​ൺ എ​ബ്ര​ഹാ​മി​നെ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കു​ന്ന​ത് ചെ​ല​വൂ​ർ വേ​ണു​വാ​ണ്. 1974ൽ ​കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പീ​ച്ചി​യി​ൽ ന​ട​ത്തി​യ സ​ർ​ഗ​സം​വാ​ദം വ​ഴിയാ​ണ് ജോ​ൺ ചെ​ല​വൂ​ർ വേ​ണു​വി​നൊ​പ്പം കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന​ത്. ജോ​ണി​​ന്റെ കോ​ഴി​ക്കോ​ട​ൻ ജീ​വി​തം ‘സൈ​ക്കോ’ കേ​ന്ദ്ര​മാ​യാ​ണ് തു​ട​ങ്ങു​ന്ന​ത്. ‘അ​ഗ്ര​ഹാ​ര​ത്തി​ലെ ക​ഴു​ത​’യും ‘പി​റ​ക്കാ​തെ പോ​യ ക​യ്യൂ​രും’ ‘ഒ​ഡേ​സ്സ’​യും ‘അ​മ്മ അ​റി​യാ​നു’മൊ​ക്കെ ആ ​തു​ട​ക്ക​ത്തി​​ന്റെ ബാ​ക്കി​പ​ത്ര​മാ​ണ്.

എ​ഴു​പ​തു​ക​ൾ മു​ത​ൽ കോ​ഴി​ക്കോ​ട്ട് കേ​ന്ദ്ര​മാ​യ എ​ല്ലാ സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ​യും പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​യി ചെ​ല​വൂ​ർ വേ​ണുവുണ്ട്. അ​റു​പ​തു​ക​ളി​ൽ, സം​വി​ധാ​യ​ക​നാ​കാ​ൻ മ​ദി​രാ​ശി​യി​ലേ​ക്ക് രാ​മു​ കാ​ര്യാ​ട്ടി​നെ തേ​ടി പു​റ​പ്പെ​ട്ടുപോ​യ മ​നു​ഷ്യ​നാ​ണ് ചെ​ലവൂ​ർ വേ​ണു. ത​നി​ക്ക് സം​വി​ധാ​നം ചെ​യ്യാ​ൻ ചി​ന്ത ര​വീ​ന്ദ്ര​ൻ എ​ഴു​തി​യ തി​ര​ക്ക​ഥ​യാ​ണ് നീ​ണ്ട കാ​ത്തി​രിപ്പി​ന് ഒ​ടു​വി​ൽ ഒ​രു നി​ർ​മാ​താ​വ് വ​ന്ന​പ്പോ​ൾ ചി​ന്ത​ രവി ത​ന്നെ സം​വി​ധാ​നംചെ​യ്ത ‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’. ജി. ​അ​ര​വി​ന്ദ​ൻ, കെ.​ജി. ​ജോ​ർ​ജ്, കെ.​പി. കു​മാ​ര​ൻ, പി.എ. ബ​ക്ക​ർ, ജോ​ൺ എ​ബ്ര​ഹാം, കെ. ​ആ​ർ. മോ​ഹ​ന​ൻ, പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ​വി​ത്ര​ൻ, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, ടി.​വി. ച​ന്ദ്ര​ൻ, കെ. ​ഗോ​പി​നാ​ഥ് തു​ട​ങ്ങി എ​ത്ര​യോ സം​വി​ധാ​യ​ക​ർ​ക്ക് ചെ​ല​വൂ​ർ വേ​ണു​വും ‘സൈ​ക്കോ’യും ​ഒ​രു അ​ത്താ​ണി​യാ​യി. മ​റ്റു​ള്ള​വ​ർ​ക്കുവേ​ണ്ടി ജീ​വി​ക്കു​ന്ന തി​ര​ക്കി​ൽ ‘ജീ​വിക്കാ​ൻ മ​റ​ന്നുപോ​യ സ്ത്രീ’ ​എ​ന്നപോ​ലെ, ആ ​തി​ര​ക്കി​ൽ സം​വി​ധാ​യ​ക​നാ​കാ​ൻ ചെ​ല​വൂ​ർ വേ​ണു മ​റ​ന്നു. സ്വ​യം സ​ഞ്ച​രി​ക്കു​ന്ന ഒ​രു ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യി മാ​റി.

ജോൺ എബ്രഹാമിനൊപ്പം ചെലവൂർ വേണു

2013ൽ ​ഞാ​ൻ ‘ജോ​ൺ’ സി​നി​മ ആ​ലോ​ചി​ക്കു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​ത് ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​നി​ലും എ​ത്താ​തെ മു​ന്നോ​ട്ടുപോ​കി​ല്ലാ​യി​രു​ന്നു. ചെ​ല​വൂ​ർ വേ​ണു​വാ​യി വേ​ണു ഏ​ട്ട​ൻ അ​തി​ൽ അ​ഭി​ന​യി​ക്കാ​നി​ടവ​രു​ന്ന​തും അ​ങ്ങനെ​യാ​ണ്. ജോ​ൺ എ​ബ്ര​ഹാ​മി​​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​യ രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി​ക്കും ശി​ൽപി ജീ​വ​ൻ തോ​മ​സി​നും ഒ​പ്പ​മാ​യി​രു​ന്നു അ​ഭി​ന​യം. അ​ശ​രീ​രി​യാ​യ ജോ​ണി​നോ​ട് സം​സാ​രി​ച്ചുകൊ​ണ്ട് വേ​ണു ഏ​ട്ട​ൻ ന​ട​ന്ന​ത് ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ എ​ന്നപോ​ലെ​ത്ത​ന്നെ​യാ​യി​രു​ന്നു. 2013ൽ ​തു​ട​ങ്ങി​യ ആ ​യാ​ത്ര​യി​ൽ 2023 മേ​യ് 31ന് ​‘ജോ​ൺ’ ശ്രീ ​തി​യ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ വേ​ണു ഏ​ട്ട​നും ഒ​പ്പം നി​ന്നു. തി​യ​റ്റ​റി​ന് പു​റ​ത്തുനി​ന്ന് ഒ​പ്പം നി​ന്ന​വ​രോ​ട് സം​സാ​രി​ച്ചു.

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ എ​​ന്റെ ‘കാ​ലാ​ന്ത​രം’ പം​ക്തി​യി​ൽ ‘ചെ​ല​വൂ​ർ വേ​ണു ഫി​ലിം ഫെ​സ്റ്റി​വ​ൽ’ എ​ന്ന അ​ധ്യാ​യം ക​ഴി​ഞ്ഞ ന​വം​ബ​ർ 27ന് ​എ​ഴു​താ​നി​ട​യാ​കു​ന്ന​ത് ആ ​നീ​ണ്ട സൗ​ഹൃ​ദ​ത്തെ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കു​റ​ഞ്ഞുവ​ന്നി​രു​ന്നു. ‘കാ​ലാ​ന്ത​രം’ അ​ച്ച​ടി​ച്ചുവ​ന്ന മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​​ന്റെ കോ​പ്പി ചെ​ല​വൂ​രി​ലെ വീ​ട്ടി​ൽ കൊ​ണ്ടു ചെ​ന്ന് കൊ​ടു​ത്ത​പ്പോ​ൾ ഇ​രു​ന്ന ഇ​രിപ്പി​ൽ അ​തു മു​ഴു​വ​നും വാ​യി​ച്ചുതീ​ർ​ത്താ​ണ് വേ​ണു ഏ​ട്ട​ൻ ത​ല പൊ​ന്തി​ച്ച​ത്. ത​​ന്റെ പെ​ൻ​ഷ​ൻ അ​പേ​ക്ഷ സ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​തി​​ന്റെ വേ​ദ​ന പ​ങ്കു​​െവ​ച്ച​ത് അ​പ്പോ​ഴാ​ണ്.

മ​ട​ങ്ങു​മ്പോ​ൾ നേ​രി​യ മ​ഴ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, വ​രേ​ണ്ട എന്നു പ​റ​ഞ്ഞി​ട്ടും കേ​ൾ​ക്കാ​തെ കു​ട​യും പി​ടി​ച്ച് റോ​ഡ് വ​രെ യാ​ത്ര​യ​യ​ക്കാ​ൻ ന​ട​ന്നുവ​ന്നു. വ​ണ്ടി മെ​യി​ൻറോ​ഡി​ൽ ​െവ​ച്ച് ന​ട​ന്നാ​യി​രു​ന്നു വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​ത്. ഞാ​ൻ പോ​കു​ന്ന​തും നോ​ക്കി റോ​ഡുവ​ക്കി​ൽത​ന്നെ നി​ൽ​ക്കു​ന്ന വേ​ണു ഏ​ട്ട​നെ ക​ണ്ണാ​ടി​യി​ലൂ​ടെ ഒ​രു നോ​ക്കു ക​ണ്ടു. പി​ന്നെ കാ​ണു​ന്ന​ത് വെ​ള്ളി​മാ​ടു​കു​ന്ന് നി​ർ​മ​ല ആ​ശുപ​ത്രി​യിൽ കി​ട​പ്പി​ലാ​യ​പ്പോ​ഴാ​യി​രു​ന്നു.

ചെലവൂർ വേണു

ഡോ. ​സു​രേ​ഷി​​ന്റെയും വേ​ണു പൂ​വാ​ട്ടുപ​റ​മ്പി​​ന്റെയും മു​ൻ​കൈ​യിലാ​ണ് മെ​ഡി​ക്ക​ൽ കോ​ളജി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​കു​ന്ന​ത്. ആ​ദ്യ​ത്തെ പാ​ലി​യേ​റ്റിവ് ന​ഴ്സി​ങ് വ​ള​ന്റി​യ​ർ മീ​ന അ​വി​ടെ ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​​ന്റെ ആ​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അ​വി​ടെ ഞാ​നും ദീ​ദി​യും കാ​ണാ​ൻ ചെ​ന്ന​പ്പോ​ൾ വേ​ണു ഏ​ട്ട​ൻ നീ​ണ്ട മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു. സു​ക​ന്യ​ച്ചേ​ച്ചി ത​ട്ടി​യു​ണ​ർ​ത്താ​ൻ നോ​ക്കി​യ​പ്പോ​ൾ ക​ണ്ണു​ മി​ഴി​ച്ചു നോ​ക്കി, ക​ണ്ടു എ​ന്ന് തോ​ന്നി. വി​ളി​ക്കു​മ്പോ​ൾ നേ​രി​യ അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നു, ശ​ബ്ദം തി​രി​ച്ച​റി​യു​ന്ന​തുപോ​ലെ ക​ൺ​പീ​ലി​ക​ൾ ഇ​ള​കു​ന്നു​ണ്ടാ​യി​രു​ന്നു. കൈ ​തൊ​ട്ടു വി​ളി​ച്ച​പ്പോ​ൾ കൈ ​പി​ടി​ക്കാനെ​ന്നോ​ണം ഒ​രു കൈ ​കു​റ​ച്ച് ഉ​യ​ർ​ത്തി. ദൂ​രെ എ​വി​ടെ​യോ ഓ​ർ​മ ഉ​ള്ളപോ​ലെ വി​ര​ലു​ക​ൾ നീ​ണ്ടു വ​ന്നു, അ​തൊ​രു വി​ട ചൊ​ല്ല​ലാ​യി​രു​ന്നു. എ​ത്രനാ​ൾ എ​ന്ന​റി​യാ​ത്ത ആ ​കി​ട​പ്പ് നീ​ണ്ടുപോ​യി.

മേ​യ് 2 രാ​ത്രി, പാ​ലി​യേ​റ്റിവി​ലെ മീ​ന​യു​ടെ ജീ​വി​തപ​ങ്കാ​ളി സു​ഹൃ​ത്ത് വേ​ണു പൂ​വാ​ട്ടുപ​റ​മ്പ് വി​ളി​ച്ചു: ‘‘വേ​ണു ഏ​ട്ട​ന് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്നുണ്ട്, സ്ഥി​തി മോ​ശ​മാ​ണ്.’’ പി​ന്നെ ജൂ​ൺ 3ന് ​രാ​വി​ലെ പാ​ലി​യേ​റ്റിവി​ൽനി​ന്നും ലീ​ന വി​ളി​ച്ചുപ​റ​ഞ്ഞു, ‘‘വേ​ണു ഏ​ട്ട​ൻ’’, എ​ത്തു​മ്പോ​ഴേ​ക്കും പോ​യി​രു​ന്നു. പ​ഴ​യ കോ​ഴി​ക്കോ​ടി​​ന്റെ ജീ​വ​നാ​ഡി​യാ​യി​രു​ന്ന ആ​ളാ​ണ് ആ ​കി​ട​ക്കു​ന്ന​ത് എ​ന്ന് മ​ന​സ്സി​ലാ​കു​മാ​യി​രു​ന്നി​ല്ല. ഒ​രാ​ൾ​ക്കൂ​ട്ട​ത്തെ ഒ​പ്പം കൊ​ണ്ടുന​ട​ന്ന ഏ​കാ​കി​യാ​യി​രു​ന്നു ചെ​ല​വൂ​ർ വേ​ണു, ‘ഒ​രു ദേ​ശ​ത്തി​​ന്റെ ക​ഥ’യാ​യി​രു​ന്നു അ​ത്. ആ ​ദേ​ശം ഇ​ന്നി​ല്ല. വേ​ണു ഏ​ട്ട​ന് വി​ട.

Show More expand_more
News Summary - weekly articles