Begin typing your search above and press return to search.
proflie-avatar
Login

2024ന്റെ സന്ദേശം

2024ന്റെ സന്ദേശം
cancel

ഫാഷിസത്തി​ന്റെ മുൻ ഇന്ത്യൻ അനുഭവങ്ങളിൽനിന്ന്​ എന്താണ്​ പഠിക്കാനുള്ളത്​? ഹിന്ദുത്വ ഫാഷിസത്തെ നേരിടാൻ പഴയ ചിന്തകളും ധാരണകളും മതിയാകുമോ? ലോക്​സഭാ തെര​ഞ്ഞെടുപ്പ്​ ഫലങ്ങളിലൂടെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ മുന്നേറാനായെന്ന്​ അവകാ​ശപ്പെടാനാകുമോ? പാർലമെന്റ് രീതികളാണോ ഉത്തരം? ജനകീയ പോരാട്ടങ്ങളാണ്​ ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള ബദൽ എന്ന്​ മാർക്​സിസ്​റ്റ്​ ചിന്തകൻകൂടിയായ ലേഖകൻ വാദിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പ് ഫലത്തെ മനസ്സിലാക്കാൻ കുറെ പിറകോട്ടു പോകണം. കൃത്യമായി പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ യാത്രകൾ വരെ. രാഹുലിന്റെ ജനപ്രിയത വർധിച്ചതിനപ്പുറം, ആ യാത്രകളെ സാധ്യമാക്കിയ...

Your Subscription Supports Independent Journalism

View Plans
ഫാഷിസത്തി​ന്റെ മുൻ ഇന്ത്യൻ അനുഭവങ്ങളിൽനിന്ന്​ എന്താണ്​ പഠിക്കാനുള്ളത്​? ഹിന്ദുത്വ ഫാഷിസത്തെ നേരിടാൻ പഴയ ചിന്തകളും ധാരണകളും മതിയാകുമോ? ലോക്​സഭാ തെര​ഞ്ഞെടുപ്പ്​ ഫലങ്ങളിലൂടെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ മുന്നേറാനായെന്ന്​ അവകാ​ശപ്പെടാനാകുമോ? പാർലമെന്റ് രീതികളാണോ ഉത്തരം? ജനകീയ പോരാട്ടങ്ങളാണ്​ ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള ബദൽ എന്ന്​ മാർക്​സിസ്​റ്റ്​ ചിന്തകൻകൂടിയായ ലേഖകൻ വാദിക്കുന്നു. 

2024ലെ തെരഞ്ഞെടുപ്പ് ഫലത്തെ മനസ്സിലാക്കാൻ കുറെ പിറകോട്ടു പോകണം. കൃത്യമായി പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ യാത്രകൾ വരെ. രാഹുലിന്റെ ജനപ്രിയത വർധിച്ചതിനപ്പുറം, ആ യാത്രകളെ സാധ്യമാക്കിയ സാഹചര്യവും അതിനോടുണ്ടായ പ്രതികരണങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. രാഹുലിന്റെ ആദ്യയാത്രക്കു ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ഞാൻ എഴുതിയ ‘രാഹുൽയാത്രയുടെ രാഷ്ട്രീയദൗത്യം’ എന്ന ലേഖനത്തിൽ അതിനെ ഇങ്ങനെയാണ് വിവരിച്ചത്:

“പലരും വാദിക്കാറുള്ളതുപോലെ അത് [അക്രമാസക്തമായ ബ്രാഹ്മണ്യം] വെറുമൊരു ആർ.എസ്.എസ് നിലപാട് അല്ല. തങ്ങളുടെ ഭരണനീതീകരണം നേരിട്ട വെല്ലുവിളിയെ മറികടക്കാൻ ഇന്ത്യൻ ഭരണവർഗങ്ങൾ ബോധപൂർവം സ്വീകരിച്ച ഒന്നാണ് ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവം. അതുകൊണ്ടുതന്നെ, ഏറ്റക്കുറവുകളോടെയാണെങ്കിലും, ഭരണവർഗങ്ങളുടെ എല്ലാ രാഷ്ട്രീയ പ്രതിനിധികളും, അതായത് വലതു മുതൽ ഇടത്തേ അറ്റം വരെയുള്ള അവരുടെ രാഷ്ട്രീയ പാർട്ടികൾ, അത് സ്വീകരിക്കുകയും പിന്താങ്ങുകയുംചെയ്തിട്ടുണ്ട്.

ഗാന്ധി-നെഹ്റു കാലത്തെ പരോക്ഷമായ ബ്രാഹ്മണ്യത്തിന്റെ മിതവാദ സമീപനം കൈയൊഴിഞ്ഞാണ് അവർ അതിന്റെ പ്രത്യക്ഷമായ പ്രകടനത്തിലേക്ക് കടന്നത്. അതിന്റെ ഭാഗമായി അതുവരെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിന്റെ അലംഘനീയ നിലപാടുകളായി പ്രചരിപ്പിച്ചിരുന്ന മതേതരത്വം, ജാതി സംവരണംപോലുള്ള കാര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ അവരെല്ലാവരും സന്നദ്ധമായി. ഏതെങ്കിലും ഒരു കക്ഷിയുടെ വീക്ഷണപ്രശ്നം അല്ല, മൊത്തം ഭരണവർഗങ്ങളുടെ നിലപാടാണ് ഇത് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

‘‘അതേസമയം ഈ ബ്രാഹ്മണ്യം എത്രത്തോളം പ്രത്യക്ഷമാക്കണം, എത്രത്തോളം അക്രമാസക്തമാക്കാം എന്നീ കാര്യങ്ങളിൽ അവർക്കിടയിൽ ഭിന്നതകളുമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള ഈ ഭിന്നത യഥാർഥത്തിൽ ഭരണവർഗങ്ങൾക്കിടയിലുള്ള ഭിന്നതകളുടെതന്നെ പ്രതിഫലനമാണ്. മുസ്‍ലിംകളെ ഇപ്പോൾ അവരുള്ള സാമ്പത്തിക, രാഷ്ട്രീയ ഇടങ്ങളിൽനിന്നുതന്നെ പുറന്തള്ളി, അവർക്ക് ഒരു ഇടവും നൽകാതെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തുന്ന സമീപനം, ദലിതർക്കും ഇതര മർദിത സാമൂഹിക വിഭാഗങ്ങൾക്കും എതിരെ ആധിപത്യ ജാതികളുടെ നഗ്നമായ ആക്രമണത്തിന് കിട്ടുന്ന പരസ്യമായ അനുവാദം– ഇതൊക്കെ തന്നെയാണ് സംഘ്പരിവാറിലൂടെ ഭരണവർഗങ്ങളിലെ ഒരു വിഭാഗം ശക്തമായി പിന്തുണക്കുകയും നടപ്പാക്കിയെടുക്കുകയും ചെയ്യുന്ന അക്രമാസക്തമായ ബ്രാഹ്മണ്യം.

 

രാഹുൽ ഗാന്ധിയുടെ ഭാരത്​ജോഡോ യാത്ര

രാഹുൽ ഗാന്ധിയുടെ ഭാരത്​ജോഡോ യാത്ര

‘‘അതേസമയം, ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവത്തെ പിന്തുണക്കുകയും ഔപചാരികമായി അല്ലെങ്കിലും ഫലത്തിൽ ഈ രാജ്യത്തെ ഒരു ഹിന്ദു രാജ്യമാക്കുന്നതിനോട് യോജിക്കുകയും എന്നാൽ, അക്രമാസക്തമായി അത് നടപ്പാക്കി എടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിക്കുകയും ചെയ്യുന്ന ഭരണവർഗങ്ങളുടെ മറ്റൊരു വിഭാഗമുണ്ട്. അവരുടെ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവികളും ഭരണയന്ത്രത്തിന്റെ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന മുൻ സൈനികമേധാവികൾ, ജഡ്ജിമാർ, പൊലീസ് മേധാവികൾ, ഉദ്യോഗസ്ഥമേധാവികൾ, ദല്ലാൾ ബൂർഷ്വാ കുത്തകകളുടെ തലപ്പത്തുള്ളവർ എന്നിങ്ങനെ പലരും പലപ്പോഴായി ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽപെടുന്ന പല പ്രമുഖരും അവരുടെ ആശങ്കകൾ വെളിപ്പെടുത്തുന്ന കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകവരെയുണ്ടായി. ഈ വിഭാഗമാണ് രാഹുൽ ഗാന്ധിയുടെ യാത്രക്ക് സർവപിന്തുണയും പ്രഖ്യാപിക്കുകയും അതിൽ പലരീതിയിലും പങ്കാളികളാവുകയും ചെയ്തിട്ടുള്ളത്.

‘‘കൂടാതെ, അക്രമാസക്തമായ ബ്രാഹ്മണ്യത്തെ പിന്തുണച്ചിരുന്ന ഹിന്ദുത്വവാദികൾക്കിടയിൽതന്നെ അത് അധികകാലം തുടരാനാകില്ല എന്നൊരു ചിന്ത ഇപ്പോൾ രൂപംകൊള്ളുന്നുണ്ട്. അങ്ങനെ തുടർന്നാൽ അത് ആഭ്യന്തരമായി വലിയ പൊട്ടിത്തെറികൾക്ക് വഴി​െവച്ചേക്കാം. ചൈനയിൽനിന്നും മറ്റുമുള്ള ബാഹ്യഭീഷണികളുടെ സാന്നിധ്യത്തിൽ ഇത് അപകടകരമാണ്. രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളിലും വിദേശ ബന്ധങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇതിന്റെ പല ഉദാഹരണങ്ങളും ഇതിനകംതന്നെ കണ്ടുകഴിഞ്ഞു.

മാത്രമല്ല, ഈ രാജ്യം ഒരു ഹിന്ദുരാജ്യമാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതിൽ തങ്ങൾ വിജയിച്ചുകഴിഞ്ഞു. അതുകൊണ്ട് ഇനിയും അത് അക്രമാസക്തമായ രീതിയിൽ നടപ്പാക്കിയെടുക്കേണ്ടതില്ല എന്ന അഭിപ്രായത്തിലേക്ക് അവർ എത്തുകയാണ്. സംഘ്പരിവാറിനെ തന്നെ കവിഞ്ഞുനിൽക്കുന്ന മോദി-ഷാ സംഘത്തിന്റെ ഉയർച്ചയും ഗുജറാത്തി ദല്ലാളുകളോട് അവർ കാട്ടുന്ന മറയില്ലാത്ത പക്ഷപാതവും ആർ.എസ്.എസിൽ സൃഷ്ടിക്കുന്ന വ്യഥ ഇതിനു ബലംനൽകുന്നു.

‘‘ഇതിന്റെയൊക്കെ വെളിച്ചത്തു പരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ യാത്ര ഭരണവർഗങ്ങൾക്കിടയിൽ ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന ഒരു സമീപനത്തിന്റെ പ്രകടിതരൂപവും ഒപ്പം അതിനെ സമാഹരിച്ച് ഒരു രാഷ്ട്രീയധ്രുവമായി സ്ഥാപിക്കാനുള്ള ശ്രമവുമായി മനസ്സിലാക്കാവുന്നതാണ്. അയോധ്യയിൽ പണിതുകൊണ്ടിരിക്കുന്ന സവർണകോട്ടയുടെ പ്രമുഖരിൽ ചിലർതന്നെ ഈ യാത്രക്ക് സർവമംഗളവും നേർന്നതിലും വിശ്വഹിന്ദുപരിഷത്തിന്റെ ഒരു നേതാവ് യാത്രയെ അനുകൂലിച്ചതിലും, മേൽസൂചിപ്പിച്ചതിന്റെ അടയാളങ്ങൾ കാണാം. ഈ ദൗത്യത്തിൽ രാഹുൽ ഗാന്ധി എത്രത്തോളം വിജയിക്കും, അതൊരു ധ്രുവീകരണമായി മാറുമോ എന്നീ പ്രശ്നങ്ങളൊക്കെ വരുംകാലങ്ങളിൽ തെളിയേണ്ട കാര്യങ്ങളാണ്.

ഏതായാലും ആശയശാസ്ത്രതലത്തിൽ, കുറച്ചു വർഷങ്ങളായി ആധിപത്യത്തിൽ വരുകയും ശക്തിപ്പെടുകയും ചെയ്ത ഭരണനീതീകരണത്തിൽ ഒരു പുനർസജ്ജീകരണം നടത്താനുള്ള ശ്രമമാണ് നാം ഇവിടെ കാണുന്നത്. പുനർസജ്ജീകരണം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ. ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവം നിലനിർത്തി അതിന്റെ അക്രമാസക്തമായ പ്രയോഗം ഒഴിവാക്കാനേ അത് ആവശ്യപ്പെടുന്നുള്ളൂ. അപ്പോഴും, ഇന്ത്യയിലെ ഭരണവർഗ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് ഇത്.”

അമിത്​ ഷായും നരേന്ദ്ര മോദിയും വിജയചിഹ്നം ഉയർത്തിക്കാട്ടുന്നു

അമിത്​ ഷായും നരേന്ദ്ര മോദിയും വിജയചിഹ്നം ഉയർത്തിക്കാട്ടുന്നു

ഇത്തരത്തിലുള്ള പുനർസജ്ജീകരണത്തിനുള്ള നീക്കം, കോൺഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ തലത്തിൽ മാത്രമായിട്ടല്ല നടക്കുന്നത്. ഭരണവർഗങ്ങളുടെ തലത്തിൽ തന്നെയാണ് അതിന്റെ ഉറവിടവും ആവിഷ്കാരവും. അമേരിക്കൻ സാമ്രാജ്യത്വചേരിയിലെ ബുദ്ധികേന്ദ്രങ്ങൾക്കും അതിൽ പങ്കുണ്ട്. ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ ഔപചാരികമായി പരിതപിക്കുമ്പോഴും മോദി-ഷാ സംഘത്തെ ഇകഴ്ത്താനുള്ള അവസരമായി അത് ഉപയോഗിക്കുകയും, പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനം നൽകണം എന്ന സ്വയം മറന്നുപോയ പാർലമെന്ററി ഗുണപാഠം ഓർത്തെടുക്കുകയും ചെയ്ത ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്റെ പ്രസംഗം ഈ പുനർസജ്ജീകരണ നീക്കത്തിന്റെ വിശാല ഉറവകൾക്ക് തെളിവാണ്. തെരഞ്ഞെടുപ്പിനിടയിൽ വിദേശ ഊഹമൂലധനം വലിയതോതിൽ തന്നെ പിൻവലിച്ചുകൊണ്ടിരുന്നതും മോദിഭക്ത മാധ്യമങ്ങളിൽ ചിലത് സ്വരം മാറ്റി തുടങ്ങിയതും കണ്ടതാണല്ലോ.

അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളോടുള്ള ബഹുജനങ്ങളുടെ അസംതൃപ്തിയും, വലിയ ഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ മടങ്ങിയെത്തിയാൽ ജാതിസംവരണവും മറ്റും അപകടത്തിലാകുമെന്ന മ‍‍ർദിത ജാതികളുടെ ആശങ്കയും മുസ്‍ലിംകളുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും ഭയവും ഫാഷിസ്റ്റ് ഭീഷണിയോടുള്ള വിശാല ചെറുത്തുനിൽപും എല്ലാം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ തീർച്ചയായും പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, അതിനെ ഈ ദിശയിലേക്ക് കേന്ദ്രീകരിച്ചതിലെ നിർണായക ഘടകം മേൽപറഞ്ഞ പുനർസജ്ജീകരണ നീക്കമാണ്. അതിലേക്കുള്ള ചുവടുവെപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. ചൂഷകവ്യവസ്ഥകളിലെ തെര​െഞ്ഞടുപ്പുകളെ നിർണായകമായി സ്വാധീനിക്കുന്ന ഘടകം ജനകീയ വികാരങ്ങളല്ല, ഭരണവർഗ താൽപര്യങ്ങളാണ്.

വീണ്ടും പറയട്ടെ, പുനർസജ്ജീകരണം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ. 1980കൾക്കു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കുള്ള മടങ്ങിപോക്ക് അസാധ്യമാണ്. ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവത്തെ ഭരണവർഗങ്ങളിലെ ഒരു വിഭാഗവും കൈയൊഴിയാൻ പോകുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തുകൊണ്ട് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ വരുന്ന ലേഖനങ്ങളിൽ ഇത് വ്യക്തമായും കാണാം. ഇതുവരെയുള്ള മോദിഭരണം വഴി ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ വന്നിരിക്കുന്ന മൗലികമായ മാറ്റത്തെ അവ എടുത്തുപറയുന്നുണ്ട്. അതിൽനിന്ന് ഇനിയൊരു പിന്മാറ്റമുണ്ടാകില്ലെന്നും അവ വ്യക്തമാക്കുന്നു. എഴുതുന്നത് ഏത് പക്ഷത്തുള്ളവരായാലും ഇതിലവർ യോജിക്കുന്നത് കാണാം.

ഈ ഭരണവർഗ നീക്കത്തിന്റെ വിജയസാധ്യതകൾ എന്താണ്? ഇന്ത്യൻ ഭരണവർഗങ്ങൾക്കു മുന്നിൽ രൂപംകൊള്ളുന്ന ഒരു വിഷമാവസ്ഥയെയാണ് അത്​ വാസ്തവത്തിൽ വെളിപ്പെടുത്തുന്നത്. ഉദ്ദേശിച്ചപോലെ പുനർസജ്ജീകരണം നടന്നാലും ഇല്ലെങ്കിലും, അടിസ്ഥാനപരമായ ഒരു വിഷയം ഉത്തരം കിട്ടാതെ അവശേഷിക്കും.

ഗാന്ധി-നെഹ്റു ഭരണനീതീകരണം കാലഹരണപ്പെട്ടത് അതിൽതന്നെയുള്ള പ്രശ്നങ്ങൾകൊണ്ടൊന്നുമല്ല. സാമ്പത്തിക മണ്ഡലത്തിലെ ആശ്രിതത്വവും രാഷ്ട്രീയമായ വിധേയത്വവും പ്രകടമായതോടെ ആ നീതീകരണം ഫലിക്കാതെയായി. ജനങ്ങൾക്കു മേലുള്ള ഭരണം ഉറപ്പിക്കാൻ ഭരണവർഗങ്ങൾ തങ്ങളുടെ അധിനായകത്വത്തിൻ കീഴിൽ മെനഞ്ഞെടുക്കുന്ന പൊതുസമ്മതത്തിലൂടെയാണ് ഭരണനീതീകരണം പ്രാവർത്തികമാകുന്നത്. അത് ദുർബലമാകുമ്പോൾ ഒരു ബദൽ ആശയശാസ്ത്രത്തിന്, ഒരു ബദൽ അധിനായകത്വത്തിന് ഉയർന്നുവരാൻ ഇടംകിട്ടുന്നു.

പലതരത്തിലുമുള്ള ഭരണകൂടവിരുദ്ധ ജനകീയസമരങ്ങളിലൂടെയാണ് ഇത് യാഥാർഥ്യമാവുക. മുമ്പു സംഭവിച്ചതും അതാണ്. അതിനെ മറികടക്കുന്നതിനു വേണ്ടി തന്നെയാണ് പരോക്ഷവും മിതവാദപരവുമായ ബ്രാഹ്മണ്യത്തിൽനിന്നു പ്രത്യക്ഷവും അക്രമാസക്തവുമായതിലേക്കുള്ള ചുവടുമാറ്റം സ്വീകരിക്കാൻ ഭരണവർഗങ്ങൾ സന്നദ്ധമായത്. എന്നാൽ, അതുതന്നെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതിന്റെ വെളിച്ചത്തു അക്രമാസക്തതയിൽ അയവുവരുത്തണമെന്ന ചിന്ത ഉയർന്നുവരുമ്പോൾ സാമ്രാജ്യത്വശക്തികളും ഭരണവർഗങ്ങളും ഇന്ത്യയിൽ ഇന്നും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികൾ ഉത്തരം കിട്ടാതെ നിൽക്കുകയാണ്. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ കണ്ടതുപോലെ സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് അനുയോജ്യമായ ഉദാരീകരണ നയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾതന്നെ വഴിമുട്ടിനിൽക്കുന്നു.

ഭരണനീതീകരണത്തിലെ പുനർസജ്ജീകരണം ആഗ്രഹിക്കുന്നവർ ഇതിനെല്ലാം ഉത്തരം കണ്ടെത്താൻകൂടി ബാധ്യസ്ഥരാണ്. അത്ര എളുപ്പമുള്ള കാര്യമല്ല അത്. നിലവിൽവന്നിരിക്കുന്ന കൂട്ടുകക്ഷി ഭരണത്തിന്റെ അസ്ഥിരത ഇതിനെ ഒന്നുകൂടി സങ്കീർണമാക്കുന്നു. അക്രമാസക്തമായ നീക്കങ്ങൾ തൽക്കാലം ഒഴിവാക്കിയാലും സംഘ്പരിവാറുകാർ അവരുടെ ഹിന്ദുത്വ അജണ്ട പിന്തുടരാതിരിക്കില്ല. ജാതി സെൻസസ്, സംവരണം, മുസ്‍ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള സമീപനം മുതലായ കാര്യങ്ങളിൽ കേന്ദ്രത്തിലെ ഭരണസഖ്യത്തിലുള്ള വൈരുധ്യങ്ങൾ ഇതിന് തടസ്സം നിൽക്കും. ബി.ജെ.പിയുമായി സഖ്യപ്പെട്ടിരിക്കുന്ന കക്ഷികളെ സംബന്ധിച്ചിടത്തോളം ഇതിലുള്ള വിട്ടുവീഴ്ച അവരുടെ രാഷ്ട്രീയ, സാമൂഹിക അടിത്തറകളെ ബാധിക്കുന്നതുകൊണ്ട് അത് സാധ്യമാവില്ല.

അധികാരത്തിൽ തുടരുന്നതിന് അതുമായി പൊരുത്തപ്പെടാൻ ബി.ജെ.പി തീരുമാനിച്ചാൽ സ്വന്തം സാമൂഹിക അടിത്തറയിൽ വിള്ളലുണ്ടാകും. സാമ്പത്തികനയങ്ങളുടെ തലത്തിലും ഗൗരവമുള്ള വൈരുധ്യങ്ങളുണ്ട്. അതിന്റെ ആദ്യ സൂചനയായിരുന്നു ജെ.ഡി.എസിലെ കുമാരസ്വാമിയുടെ പ്രസ്താവന. ഗുജറാത്തിലെ അദാനി-മൈക്രോൺ കൂട്ടുസംരംഭത്തിന് കോടിക്കണക്കിന് സബ്സിഡി നൽകിയ കരാറിനെ പരസ്യമായി ചോദ്യംചെയ്യുകയായിരുന്നു ഈ കേന്ദ്രമന്ത്രി.

ആഗോളതലത്തിലുള്ള മാന്ദ്യം, ആഗോളീകരണത്തിൽ പ്രത്യക്ഷമാകുന്ന വൈരുധ്യങ്ങൾ, സ്വന്തം രാജ്യത്തെ സമ്പദ്ഘടനയെ കാക്കാൻ പുറംലോകത്തുനിന്നുള്ള മത്സരം നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ നീക്കങ്ങൾ, ഇതിന്റെയെല്ലാം ഫലമായി ലോകത്ത് തീക്ഷ്ണമാകുന്ന ജനകീയ ചെറുത്തുനിൽപും അന്തർസാമ്രാജ്യത്വ വൈരുധ്യങ്ങളും –ഇതെല്ലാംതന്നെ ഇന്ത്യക്കകത്തെ സാഹചര്യത്തെ അസ്ഥിരപ്പെടുത്തുന്നു. 1980കൾ മുതൽ ആരംഭിച്ച ഭരണനീതീകരണത്തിലെ പുനർവാർപ്പും എതിർപ്പുകളെ അടിച്ചമർത്തി ചൂഷണം തീവ്രമാക്കാനുള്ള നീക്കങ്ങളും – ഇവ രണ്ടും ചേർന്നാണ് ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസത്തിന് രൂപംനൽകിയത്.

തെരഞ്ഞെടുപ്പ് ഫലം ഈ ഭൗതികസാഹചര്യത്തെ റദ്ദാക്കിയിട്ടില്ല. ഫാഷിസ്റ്റ് ഭരണത്തിലേക്കുള്ള മാറ്റം ‘നിയമപരമായി’ നടപ്പാക്കിയെടുക്കുകയായിരുന്ന സംഘീതന്ത്രം തൽക്കാലം മരവിപ്പിച്ചു നിർത്തിയാലും ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസവത്കരണം തുടരുമെന്ന് ഉറപ്പാണ്. ബ്രാഹ്മണ്യത്തിന്റെ പ്രകടഭാവങ്ങളെ സ്വയം ഏറ്റുപിടിക്കുന്നതുകൊണ്ട് ബി.ജെ.പി ഇതര പാർട്ടികൾക്ക് ഒന്നിനുപോലും ഇതിനെ ചെറുക്കാനാവില്ല. കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം ഇത് വീണ്ടും സ്ഥിരീകരിച്ചു.

2019ൽ, മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം 6 അസംബ്ലി നിയോജകമണ്ഡലങ്ങളിൽ ഇടതു മുന്നണി ബി.ജെ.പിക്കുപോലും പിറകിലായി. പതിവായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ചുകൊണ്ടിരുന്ന ഒരു വലിയ വിഭാഗം ഹിന്ദു വോട്ടർമാർ ബി.ജെ.പിയിലേക്ക് കൂറുമാറി എന്നു വ്യക്തം. ഇതൊരു താൽക്കാലിക സംഭവം മാത്രമായിരുന്നോ? ആ സമയത്തെ ശബരിമല വിഷയത്തിലെ സംഘീപ്രചാരണം അവരെ താൽക്കാലികമായി സ്വാധീനിച്ചു എന്നു മാത്രം കരുതിയാൽ മതിയോ? അതല്ല വസ്തുത എന്ന് മുമ്പുതന്നെ ചൂണ്ടിക്കാട്ടിയത് ഇവിടെ ഉദ്ധരിക്കട്ടെ: ‘‘സി.പി.എമ്മും അതിന്റെ ഇടത് സഖ്യശക്തികളും പഴയകാല സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും സ്വന്തം പോരാട്ടഭൂതകാലത്തിന്റെയും ബ്രാഹ്മണ്യവിരുദ്ധ, ജനാധിപത്യ മൂല്യങ്ങളിൽനിന്ന് അകന്നുപോയിരിക്കുന്നു. ഈ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള എന്തെങ്കിലും അർഥവത്തായ സുസ്ഥിര പരിശ്രമം അവർ എന്നേ കൈയൊഴിഞ്ഞിരിക്കുന്നു.

വർഗീയ, ജാതി സംഘടനകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പൂർണമായി മുഴുകുന്നവരാണ് അവരുടെ നേതാക്കന്മാരിലെ, കേഡർമാരിലെ വലിയൊരു പങ്കും. അവരുടെ ബഹുജന അടിത്തറ ഏറക്കുറെ മുഴുവനായും ഇത്തരത്തിലുള്ളതാണ്. അവർ അമ്പല, പള്ളി കമ്മിറ്റികളിലുണ്ട്. അവിടെ ബി.ജെ.പി, കോൺഗ്രസ് പോലുള്ള പാർട്ടികളിൽനിന്നും വരുന്നവരെ പോലെ അത്രതന്നെ യാഥാസ്ഥിതികവും പിന്തിരിപ്പനുമായ രീതിയിലാണ് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശരാശരി എൽ.ഡി.എഫ് അനുഭാവിയുടെ മനസ്സും ചിന്തയും സാമൂഹിക പ്രയോഗവും തീർത്തും ജാതീയവും വർഗീയവും ആയിരിക്കുന്നു എന്നുള്ളതാണ് കേരളത്തിലെ കടുത്ത സാമൂഹിക യാഥാർഥ്യം. സാധാരണഗതിയിൽ, സംഘ്പരിവാറിന്റെ സ്വാധീനവലയത്തിൽ വരുന്നവരെ പോലെ അത്ര ഭ്രാന്തൻ രീതിയിലല്ല അവർ അത് പ്രകടിപ്പിക്കുന്നത്. എന്നാൽ, അവരെ ആ ദിശയിലേക്ക് എളുപ്പം തിരിക്കാൻ കഴിയും. ഈ സംഭാവ്യതയാണ് സമീപകാല തെരഞ്ഞെടുപ്പിൽ ബി.ജെ.പി യാഥാർഥ്യമാക്കിയത്.”

അതിന്റെ ആവർത്തനമാണ് 2024ൽ കണ്ടത്. അന്ന് 6 നിയോജകമണ്ഡലങ്ങളിലായിരുന്നു ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇപ്പോൾ 11 മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും എട്ടെണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ്. ബ്രാഹ്മണ്യവത്കരണത്തിന്റെ അപകടകരമായ ഈ വ്യാപനം സവർണരെ കവിഞ്ഞുപോകുന്നു. നവോത്ഥാന, മതേതര ചപ്പടാച്ചികളും വർഗക്കൂറിനെ കുറിച്ചുള്ള പൊള്ളയായ പ്രസംഗങ്ങളുംകൊണ്ട് ഇതിന് തടയിടാനും പിന്തള്ളാനും കഴിയില്ല. ബ്രാഹ്മണ്യത്തെ കടന്നാക്രമിക്കുന്ന ആശയപ്രചാരണം, സാമൂഹികവും വ്യക്തിപരവുമായ യഥാർഥ സാഹചര്യങ്ങളെ മുൻനിർത്തി ജാതിനശീകരണ സന്ദേശത്തെ സമകാലികമാക്കുന്ന പ്രചാരണവും പ്രവർത്തനവും ജനങ്ങൾ നേരിടുന്ന മൗലികവും ആനുകാലികവുമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങൾ – ഇതാണ് വേണ്ടത്.

ഇന്ത്യക്ക് ഫാഷിസ്റ്റ് ഭരണത്തിന്റെ മുൻ അനുഭവമുണ്ട്. ഇന്ദിര ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധി, ശക്തമായ ബഹുജനപ്രക്ഷോഭങ്ങൾ, കേന്ദ്രത്തിലെ കോൺഗ്രസ് ഭരണത്തിനുതന്നെ നേരെ ഉയർന്ന വെല്ലുവിളി, യു.എസ്/ സോവിയറ്റ് സാമ്രാജ്യത്വചേരികൾ തമ്മിലെ മത്സരം എന്നിവയെല്ലാം ചേർന്ന് രൂപംകൊണ്ട സാഹചര്യത്തെ നേരിടുന്നതിനൊപ്പം 1960കൾ മുതൽ ഭരണവർഗങ്ങൾ നേരിട്ട നീതീകരണപ്രതിസന്ധി മറികടക്കാനുള്ള ചുവടുവെപ്പുകൂടിയായിരുന്നു 1975ലെ അടിയന്തരാവസ്ഥ. പൗരാവകാശങ്ങളെ റദ്ദാക്കിയും ഭരണവർഗങ്ങളിലെ എതിരാളികളെപോലും തടവിലാക്കിയും ഫാഷിസ്റ്റ് ഭരണം നിലവിൽവന്നു. അതോടൊപ്പം 20 ഇന പരിപാടിയിലൂടെ ചില ജനപ്രിയനയങ്ങളും നടപ്പാക്കി.

ബാങ്ക് ദേശസാത്കരണം, അധികാരം കൈ​െയാഴിഞ്ഞതിന് പകരമായി മുൻ രാജാക്കന്മാർക്ക് കൊടുത്തിരുന്ന ധനസഹായം നിർത്തലാക്കിയത് മുതലായ നടപടികളുടെ തുടർച്ചയായിട്ടാണ് ഇതെല്ലാം ചിത്രീകരിച്ചത്. എന്നാൽ, സർക്കാർ നിയന്ത്രണത്തിൽ സർക്കാർ-സ്വകാര്യ ദല്ലാൾ കുത്തകകൾക്കും വിദേശ കുത്തകകൾക്കും തങ്ങളുടെ ചൂഷണം തീവ്രമാക്കാനുള്ള സാഹചര്യം ഒരുക്കുന്നതായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ നയങ്ങളുടെ അന്തസ്സത്ത. ട്രേഡ് യൂനിയനുകൾക്ക് കൂച്ചുവിലങ്ങിട്ടു. പണിമുടക്ക് നിരോധിക്കുകയും വേതനങ്ങൾ മരവിപ്പിക്കുകയുംചെയ്തു. സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം തടയാൻ വിദേശ ശക്തികൾ രാജ്യത്തെ പിന്തിരിപ്പൻ ശക്തികളെ ഉപയോഗപ്പെടുത്തി അട്ടിമറിക്ക് ഒരുങ്ങുകയായിരുന്നു, അത് തടയാനാണ് അടിയന്തരാവസ്ഥ എന്നായിരുന്നു വിശദീകരണം.

ഇങ്ങനെ സോഷ്യലിസത്തിന്റെ ചായംപൂശിയ ജനപ്രിയനയങ്ങളും, ഒപ്പം ഫാഷിസ്റ്റ് ഭരണവും ചേർത്തുള്ള ഒരു ചേരുവയിലൂടെ ഭരണനീതീകരണ പ്രതിസന്ധി മറികടക്കാനായിരുന്നു ശ്രമം. പഴയ ഗാന്ധി-നെഹ്റു കാലത്തെ നീതീകരണത്തിന്റെ തുടർച്ചയും പുതിയ വെല്ലുവിളികളെ നേരിടാൻ വേണ്ടിവരുന്ന കാലികമായ വികാസവുമായിട്ടാണ് ഇന്ദിരയും കൂട്ടരും ഈ നീക്കത്തെ അവതരിപ്പിച്ചത്. എന്നാൽ, അധികകാലം അത് തുടരാൻ അവർക്ക് കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഇന്ത്യയിൽ ജനാധിപത്യത്തിന് ശക്തമായ അടിത്തറയുള്ളതിന്റെ തെളിവായി ഈ അനുഭവം ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം തുടർന്നാൽ അടിയന്തരാവസ്ഥപോലുള്ള ഫാഷിസ്റ്റ് ഭരണം നടപ്പാക്കാനുള്ള ഭീഷണസാധ്യത ഉയർത്തിക്കാട്ടി കോൺഗ്രസ് സഖ്യത്തിന് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന വലിയ പ്രചാരണം ഉണ്ടായിരുന്നല്ലോ. ജനങ്ങളുടെ ഭാഗത്തുനിന്നോ ഭരണവർഗങ്ങളിലെ എതിർവിഭാഗത്തുനിന്നോ ഉയർന്നുവരുന്ന എതിർപ്പിനെ നേരിടാൻ അറ്റകൈക്ക് സംഘ്പരിവാറുകൾ ഫാഷിസ്റ്റ് ഭരണം അടിച്ചേൽപിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.

 

എന്നാൽ, ഈ അപകടത്തെ കുറിച്ച് വിലയിരുത്തുമ്പോൾ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരു ഭരണരീതി എന്നനിലക്ക് പാർലമെന്ററി സമ്പ്രദായത്തെ ഇന്ത്യൻ ഭരണവർഗങ്ങൾക്ക് ഏറെ സ്വീകാര്യമാക്കുന്നത് ചില സവിശേഷ സാഹചര്യങ്ങളാണ്. ജാതികളും, മത-സമുദായങ്ങളും ദേശീയതകളും വംശീയതകളും പ്രാദേശിക തനിമകളും എല്ലാം നിറഞ്ഞുനിൽക്കുന്ന അങ്ങേയറ്റത്തെ സാമൂഹിക ശിഥിലീകരണമാണ് ഇതിലൊന്ന്. ഭരണകൂടത്തിന്റെ സാമൂഹിക അടിത്തറയാക്കാവുന്ന ആധിപത്യ ദേശീയതയുടെയോ ഏകീകൃതമായ സാമൂഹിക വിഭാഗത്തിന്റെയോ അഭാവമാണ് മറ്റൊന്ന്. ‘ഹിന്ദി ബെൽറ്റി’നോ, സവർണ ഹിന്ദുക്കൾക്കോ ഒട്ടുമൊത്തത്തിലുള്ള ഹിന്ദുക്കൾക്കോ ഈ കുറവ് നികത്താനാവില്ല. അവയെല്ലാംതന്നെ വിഭജിതമാണ്. ബ്രാഹ്മണ്യത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ‘അന്യ’രായ മുസ്‍ലിംകൾക്ക് എതിരെ ഒന്നിക്കുമ്പോഴും അവർക്കിടയിലെ വിഭജനങ്ങളെയും ആ ആശയശാസ്ത്രംതന്നെ ശക്തിപ്പെടുത്തും.

ഇതാണ്​ പാർലമെന്ററി സമ്പ്രദായത്തെ ഭരണവർഗങ്ങൾക്ക് സ്വീകാര്യമാക്കുന്ന അനന്യ സാഹചര്യം. ഭരണവർഗങ്ങൾക്ക് കീഴെ വിവിധതട്ടുകളിലുള്ള ചൂഷകർക്ക് സർക്കാർ അധികാരം കുറച്ചൊക്കെ വീതംവെച്ചു നൽകാനും ചൂഷണത്തിൽ അവർക്ക് കുറച്ചൊക്കെ പങ്കുപറ്റാനും അത് അവസരം നൽകുന്നു. ഇങ്ങനെ, വിവിധങ്ങളായ മർദക ജാതീയ പ്രതിനിധാനങ്ങളെ ഉൾക്കൊള്ളുന്ന ചൂഷകവർഗങ്ങളുടെ വിവിധ തട്ടുകളെ ഉൾക്കൊള്ളാനുള്ള അവസരം അത്​ നൽകുന്നു. ഇടത്തരം വർഗങ്ങളിലെ ചില ശ്രേണികളെ പോലും ഇങ്ങനെ ഉൾക്കൊള്ളിക്കാനാകും. ഭരണവർഗങ്ങളുടെ അധിനായകത്വം ആകമൊത്തത്തിൽ നിലനിർത്തുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ടുതന്നെ ഇത് സാധ്യമാക്കാൻ കഴിയും.

പാർലമെന്ററി സമ്പ്രദായം തീർച്ചയായും പല വലിവുകളും സൃഷ്ടിക്കുന്നുണ്ട്​. കേന്ദ്രീകൃത ഭരണനിർവഹണത്തെ അത് സങ്കീർണമാക്കുന്നു. അതുകൊണ്ടുതന്നെ, രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത മറികടക്കാൻ, ഭരണപരമായ അധികാരമുള്ള പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കേന്ദ്രീകൃത പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്കും മൗലികാവകാശങ്ങൾ വെട്ടിക്കുറക്കുന്നതിലേക്കും ഭരണവർഗങ്ങൾ ആത്യന്തികമായി എത്തിയെന്നും വരാം. സംഘ്പരിവാറുകാർ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ‘ഒരു വോട്ട്, ഒരു രാഷ്ട്രം’ പദ്ധതി ഇതിനുള്ള ഒരുക്കമായിരുന്നു. കേന്ദ്രീകൃത പ്രസിഡൻഷ്യൽ സമ്പ്രദായം നടപ്പാക്കിയാലും പല തട്ടുകൾക്കും ഇടം നൽകാൻ കഴിയുന്ന സർക്കാർ സംവിധാനം, ഭരണനിർവഹണത്തിൽ നിരവധി തലങ്ങളുള്ള പാർലമെന്ററി സമ്പ്രദായം, അതോടൊപ്പം നിലനിർത്താനാണ് മിക്കവാറും സാധ്യത.

ഏറെ ഇളകിമറിയുന്ന, അസ്ഥിരതയുടെ ഒരു കാലംതന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി വരാനിരിക്കുന്നത്. ജനങ്ങളുടെ മേലുള്ള ഭാരം വർധിപ്പിക്കുന്ന, ചൂഷണത്തെ തീവ്രമാക്കുന്ന നയങ്ങളാകും വരുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനതലത്തിലായാലും അത് ഉറപ്പാണ്. എതിർപ്പുകളെ അടിച്ചമർത്തുന്നതിലും ഒരു മയവുമുണ്ടാകില്ല. മോദിസർക്കാർ പോയി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം വന്നാലും ഇതിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. ബസ്തറിൽ ആവർത്തിച്ചു നടക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ബോംബാക്രമണത്തെ കുറിച്ച് സകല ഭരണവർഗ പാർട്ടികളും മാധ്യമങ്ങളും മൗനംപാലിക്കുന്നതിൽനിന്ന് ഇത് സ്പഷ്ടമാണ്. ഇവരുടെയെല്ലാം പാർലമെന്ററി മത്സരങ്ങളിലല്ല, ജനകീയ പോരാട്ടങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നത്.

News Summary - weekly articles