Begin typing your search above and press return to search.
proflie-avatar
Login

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

esther
cancel
camera_alt

ചിത്രീകരണം: തോലിൽ സുരേഷ്​

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യറി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

13. സബർമതി

തീവണ്ടിയിൽ മദിരാശിയിൽനിന്ന് ബോംബെ വഴി അഹ്മദാബാദിലെ സബർമതി തീരത്തെ സത്യഗ്രഹാശ്രമത്തിലെത്തിയതോടെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ആനന്ദനിർവൃതിയിലായിരുന്നു എസ്തർ. അവിടെ അവളെ കാത്തുനിന്ന ബാപ്പുവിനെ കണ്ടപ്പോൾ ദൈവത്തെ നേരിൽ കാണാനായതുപോലെ അവൾ കോൾമയിർകൊണ്ടു. മാസങ്ങളായി അവൾ അനുഭവിച്ച തീവ്രമായ വേദനയും ഉത്കണ്ഠയും നിരാശയും അതിനെയൊക്കെ മറികടന്നുകൊണ്ടു ആ നിമിഷം കടന്നുവന്ന ആനന്ദവുമെല്ലാം അവളുടെ മനസ്സിൽ ഉരുണ്ടുകൂടി ധാരാധാരയായ കണ്ണീരായി പ്രവഹിച്ചു. ഒരു കൊച്ചുകുഞ്ഞിനെയെന്നോണം ബാപ്പു അവളുടെ തലയിൽ കാരുണ്യപൂർവം തലോടി. മോക്ഷപ്രാപ്തിയിലെന്നപോലെ അവൾ തന്നെത്തന്നെ മറന്നുനിന്നു. എണ്ണമറ്റ മുറിവുകളാൽ വിണ്ടുകീറിയിരുന്ന അവളുടെ മനസ്സ് ഒരു മാന്ത്രികസ്പർശത്താലെന്നപോലെ ആശ്വാസംകൊണ്ടു.

പക്ഷേ, ഗാന്ധി അതിനകം ദേശീയസ്വാതന്ത്ര്യ സമരത്തിന്റെ സർവാധിപതി എന്നനിലയിൽ വലിയ പ്രക്ഷോഭങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അഭൂതപൂർവമായ തിരക്കുകളിൽ അദ്ദേഹം മുഴുകി. അതുകൊണ്ട് ആശ്രമത്തിൽ അദ്ദേഹത്തിന് അധികം തങ്ങുക അസാധ്യമായി വന്നിരുന്നു. അതിനാൽ എസ്തർ എത്തിയ ഉടൻതന്നെ ബാപ്പുവിന് ഡൽഹി വഴി പഞ്ചാബിലേക്ക് തിരിക്കേണ്ടിവന്നു. ഇതൽപം വിഷമം ഉണ്ടാക്കിയെങ്കിലും എസ്തർ എത്രയും വേഗം ആശ്രമജീവിതത്തിലേക്ക് ഇഴുകിച്ചേരാനുള്ള ശ്രമങ്ങളിൽ മുഴുകി. ബാപ്പുവിന്റെ പത്നി കസ്തൂർബയെ ആവശ്യങ്ങളിൽ സഹായിക്കാൻ അവൾക്ക് വലിയ താൽപര്യമായിരുന്നു. ബാപ്പുവിന്റെ അസാന്നിധ്യം കസ്തൂർബായുടെ സാമീപ്യത്തിലൂടെ മറികടക്കാമെന്ന് അവൾ വിശ്വസിച്ചു.

തന്റെ അസാന്നിധ്യത്തിൽ ആശ്രമത്തിന്റെ മുഖ്യനടത്തിപ്പുകാരനും തന്റെ അടുത്ത ബന്ധുവുമായ മഗൻലാലിനെ എസ്തറുടെ എല്ലാ കാര്യങ്ങളും നോക്കാൻ ബാപ്പു ശട്ടംകെട്ടിയിരുന്നു. മാത്രമല്ല എല്ലാ ദിവസവും എസ്തറിനെ പ്രഭാതനടത്തക്ക് കൊണ്ടുപോകണമെന്നും ബാപ്പു മഗൻലാലിനെ എഴുതി അറിയിച്ചു. “ആ പുഷ്പം പൂർണമായും വിടരാനും മധുരതരമായ സുഗന്ധം പൊഴിക്കാനും അത് സഹായിക്കും” -അദ്ദേഹം മഗൻലാലിനെഴുതി.

തന്റെ അസാന്നിധ്യം എസ്തറിന് വിഷമം ഉണ്ടാക്കുമെന്ന വേവലാതി ആശ്രമം വിട്ടത് മുതൽ തന്നെ ഗാന്ധിയെ അലട്ടിക്കൊണ്ടിരുന്നു. പിറ്റേന്ന് തീവണ്ടിയിൽനിന്ന് തന്നെ അദ്ദേഹം എസ്തറിന് കത്ത് എഴുതി.

“പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ സ്വന്തം വീട് പോലെ തന്നെ ആശ്രമത്തെയും കാണുക. അപരിചിതരുടെ ഇടയിലാണെന്ന തോന്നൽ ഒരിക്കലും വേണ്ട. ദിവസവും ഒന്നോ രണ്ടോ ഹിന്ദി വാക്കുകൾ പഠിക്കുക. അതോടെ ഭാഷയുടെ തടസ്സവും മാറിക്കിട്ടും. ആശ്രമം നിന്റെ വീട് പോലെയാകണമെങ്കിൽ അവിടെ നിനക്കാവശ്യമായ കാര്യങ്ങളും ലഭ്യമാകണം. എന്താവശ്യമുണ്ടെങ്കിലും ചോദിച്ചു വാങ്ങുക. സ്നേഹത്തിന് ഭയമില്ലെന്ന് ഓർക്കുക. അതിനു രഹസ്യങ്ങളുമില്ല. അതുകൊണ്ട് എല്ലാവരോടും ഹൃദയം തുറന്ന് ഇടപഴകുക. ഉറപ്പായും എല്ലാവരും അങ്ങനെ തന്നെ നിന്നോട് പ്രതികരിക്കുകയും ചെയ്യും. സ്നേഹം നിഷേധിക്കപ്പെടുകയില്ല. കാരണം അത് അപാരമായ ക്ഷമയും സഹനവും ഉൾക്കൊള്ളുന്നു.”

അടുത്ത ദിവസം ലാഹോറിൽ എത്തിയ ഉടനെ ബാപ്പു വീണ്ടും എസ്തറിനെഴുതി.

“ഇന്ന് എന്റെ ചിന്തകളിൽ നീ ഉണ്ടെന്ന് അറിയിക്കാൻ മാത്രമാണ് ഈ കത്ത്. ഇവിടെ എനിക്ക് എത്രയും സുന്ദരമായ ഒരു അനുഭവം ഉണ്ടായിരിക്കുന്നു.”

രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും ബാപ്പുവിന്റെ കത്ത്. “അമൂല്യമായ സമയമാണ് എനിക്ക് ഇവിടെ അനുഭവവേദ്യമാകുന്നത്. നവംബർ ആദ്യഭാഗത്ത് എനിക്ക് ആശ്രമത്തിൽ എത്താനാവുമെന്ന് തോന്നുന്നില്ല. മി. ആൻഡ്രൂസും ഇവിടെയുണ്ട്. ഞങ്ങൾ മിക്കപ്പോഴും നിന്നെപ്പറ്റി സംസാരിക്കാറുണ്ട്.’’

എന്തായിരുന്നു ബാപ്പുവിനെ തീർത്തും കീഴടക്കിക്കളഞ്ഞ ആ അമൂല്യവും സുന്ദരവുമായ അനുഭവം? ലാഹോറിൽ അദ്ദേഹത്തിന് ലഭ്യമായ ഒരു പുതുസൗഹൃദമായിരുന്നു അത്. മഹാകവി ടാഗോറിന്റെ സഹോദരിയും എഴുത്തുകാരിയുമായ സ്വർണകുമാരി ദേവിയുടെ മകൾ സരളാദേവി ചൗധറാണി ആയിരുന്നു ആ പുതിയ സുഹൃത്ത്. ബംഗാളിലെ കോൺഗ്രസ് സെക്രട്ടറിയായിരുന്ന ജദുനാഥ് ഘോഷാലിന്റെ പ്രതിഭാധനയായ മകൾ.

തീവ്രമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആധുനികയും പ്രൗഢയും കുലീനയും സുന്ദരിയും വിദ്യാസമ്പന്നയുമായിരുന്നു മറ്റ് ടാഗോർ കുടുംബാംഗങ്ങളെയൊക്കെപ്പോലെ തികഞ്ഞ പുരോഗമനവാദിയും ദേശീയവാദിയുമായിരുന്ന സരളാദേവി. സാഹിത്യം, കവിത, സംഗീതം, ചിത്രകല തുടങ്ങി കുടുംബത്തിന്റെ സിദ്ധികളെല്ലാം സ്ത്രീ വിദ്യാഭ്യാസപ്രവർത്തകയുമായിരുന്ന സരളാദേവിക്ക് സഹജമായിരുന്നു. എല്ലാറ്റിനുമുപരി പാശ്ചാത്യ വനിതകൾക്ക് തുല്യമായ സ്വതന്ത്രബുദ്ധി. പതിനേഴാം വയസ്സിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പിന്നീട് സ്ത്രീകൾക്ക് പൊതുവേ വിലക്കുള്ള ശാസ്ത്രവിഷയത്തിലും (ഊർജതന്ത്രം) അവർ ബിരുദം നേടിയിരുന്നു.

സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ എന്നിവക്ക് വേണ്ടി സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിച്ച സരളാദേവി കുറേക്കാലം മൈസൂരിൽ സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. 1904ൽ കൽക്കത്തയിൽ സ്ത്രീകളുടെ കരകൗശല ഉൽപന്നങ്ങളുടെ ഒരു വിൽപനശാല -ലക്ഷ്മി ഭണ്ഡാർ- സ്ഥാപിച്ച സരളാദേവി 1910ൽ അലഹബാദിൽ സ്ഥാപിച്ച ഭാരത് സ്ത്രീ മഹാമണ്ഡൽ ഇന്ത്യയിലെ ആദ്യ സ്ത്രീ സംഘടനകളിൽ ഒന്നായിരുന്നു. അതിനൊക്കെശേഷമാണ് മുപ്പത്തിമൂന്നാം വയസ്സിൽ അവർ വിവാഹിതയാകാൻ തീരുമാനിച്ചത്. അതും രോഗാതുരയായ അമ്മയുടെ അന്ത്യാഭിലാഷം മാനിക്കാനായിരുന്നു അത്.

ലാഹോറിൽ പ്രമുഖ കോൺഗ്രസ് നേതാവും സമ്പന്ന അഭിഭാഷകനും പത്രപ്രവർത്തകനും ആര്യസമാജിയും ഒക്കെയായിരുന്ന രാംഭുജ് ദത്ത് ചൗധരിയായിരുന്നു വരൻ. മുപ്പത്തെട്ടുകാരനും ഒരു മകനും ഉള്ള വിഭാര്യൻ. ആദ്യമായി പഞ്ചാബ് സന്ദർശിക്കുന്ന ഗാന്ധിയെ സ്വീകരിക്കാൻ ലാഹോർ തീവണ്ടി സ്റ്റേഷനിൽ മുദ്രാവാക്യങ്ങൾ മുഴക്കി വമ്പിച്ച ജനാവലി തടിച്ചുകൂടിയിരുന്നു. വണ്ടി ഇറങ്ങി കാർ വരെയെത്താൻ അദ്ദേഹത്തിന് ഒരു മണിക്കൂറോളം വേണ്ടിവന്നു. ജാലിയൻ വാലാ ബാഗിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലാകെ വിങ്ങിപ്പൊട്ടുന്ന രാഷ്ട്രീയ അന്തരീക്ഷമായിരുന്നു.

ഗാന്ധിക്ക് താമസമൊരുക്കിയിരുന്നത് സരളാദേവിയുടെ വിശാലമായ ഭവനത്തിലാണ്. അദ്ദേഹം മഹാകവിയുടെ പ്രിയ ഭാഗിനേയിയെ 1901 ഡിസംബറിൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് ആദ്യം കണ്ടത്. സമ്മേളനത്തിൽ ഉദ്ഘാടനഗീതമായി സ്വയം രചിച്ച ‘നമോ ഹിന്ദുസ്ഥാൻ’ മനോഹരമായി ആലപിച്ച സരളാദേവി അന്ന് സദസ്സിന്റെ ഹൃദയം കവർന്നിരുന്നു. “വന്ദേ മാതരത്തിന് ആദ്യമായി സംഗീതം പകർന്നതും ആ പ്രഗല്ഭ യുവതിയാണെ’’ന്ന് അന്ന് സമ്മേളനത്തിനെത്തിയ പലരും പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെയും സുഹൃത്താണവർ എന്നും സ്വാമിജി അവരെ ഇംഗ്ലണ്ടിൽ തന്റെ പ്രഭാഷണ പര്യടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഒക്കെ സംസാരമുണ്ടായിരുന്നു. സരളാദേവിയെപ്പോലെ ഒരു പ്രഗല്ഭയുടെ പ്രഭാഷണം ലോകമാകെ നിന്ന് ആയിരക്കണക്കിന് പേരെ ഭാരതത്തിന്റെ ആത്മീയതയിൽ ആകൃഷ്ടരാക്കുമെന്നാണത്രേ സ്വാമിജി പറഞ്ഞത്. പക്ഷേ സരളാദേവിക്ക് ഏറ്റവും പ്രിയങ്കരം സ്ത്രീവിദ്യാഭ്യാസ പ്രവർത്തനമായിരുന്നു. മൈസൂരിൽ പെൺകുട്ടികളുടെ വിദ്യാലയത്തിൽ അധ്യാപികയായി പോകാനായിരുന്നു അവരുടെ തീരുമാനം.

കൊൽക്കത്തയിൽ ഗാന്ധിയും സരളാദേവിയും പരസ്പരം പരിചയപ്പെട്ടില്ല. അന്ന് ഗാന്ധി കോൺഗ്രസ് സമ്മേളനത്തിനായി തെക്കേ ആഫ്രിക്കയിൽനിന്നെത്തിയ ഇന്ത്യൻ അഭിഭാഷകൻ മാത്രം. ആദ്യമായി കോൺഗ്രസിന്റെ വേദിയിൽ ഗാന്ധി ഉപവിഷ്ടനാകുന്നത് അന്നാണെങ്കിലും അധികമാർക്കും അദ്ദേഹം പരിചിതനായിരുന്നില്ല. മഹാകവിക്കും അന്ന് അദ്ദേഹത്തെ അറിയില്ല.

എന്നാൽ, 1919ലെ ആ ഒക്ടോബറിൽ ലാഹോറിൽ പരിചയമായതു മുതൽ ഗാന്ധിയും സരളാദേവിയും മുജ്ജന്മബന്ധത്താലെന്നവണ്ണം പരസ്പരം ആകൃഷ്ടരായിതീർന്നിരുന്നു. അന്ന് ഗാന്ധിക്ക് 50 വയസ്സ്, സരളക്ക് 47. ഗാന്ധി എത്തുമ്പോൾ സരളാദേവിയുടെ ഭർത്താവ് ചൗധരി റൗലറ്റ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുത്ത് തടവിലായിരുന്നു. ദീർഘമായ സംഭാഷണങ്ങളിലൂടെയും മറ്റും അവർ വീണ്ടും അടുത്തു. സരളാദേവിയുടെ പ്രതിഭയും രാഷ്ട്രീയ-സാമൂഹികവിഷയങ്ങളിലുള്ള അവരുടെ പ്രതിബദ്ധതയുമൊക്കെ ഗാന്ധിയെ ആരാധകനാക്കിത്തീർത്തു. അനസൂയ സാരാഭായിക്കുശേഷം ഗാന്ധിക്ക് ഇന്ത്യയിൽ ലഭിച്ച ഏറ്റവും അടുത്ത സുഹൃത്തായി അവർ.

ജാലിയൻ വാലാ ബാഗ് ഉൾക്കൊള്ളുന്ന അമൃത് സറിൽ ഗാന്ധിക്ക് ഹിന്ദുക്കളും സിഖുകാരും മുസ്‍ലിംകളും ഒക്കെ ഒന്നിച്ച് ആവേശഭരിതമായ വരവേൽപ്പു നൽകി. ഒരാഴ്ച കഴിഞ്ഞു സി.എഫ്. ആൻഡ്രൂസിനൊപ്പം അദ്ദേഹം ഡൽഹിക്ക് പോയെങ്കിലും ലാഹോറിലേക്ക് തന്നെ മടങ്ങിയെത്തി. അതിനകം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ കേന്ദ്ര സ്ഥാനമായി തന്നെ പഞ്ചാബ് മാറിക്കഴിഞ്ഞിരുന്നു. ഗാന്ധി മഗൻലാലിനെഴുതി; “സരളാദേവിയുടെ സ്നേഹാതിരേകത്താൽ ഞാന് മുഗ്ധനായിരിക്കുന്നു.” പഞ്ചാബ് പ്രവിശ്യയിലെ പര്യടനത്തിനും ഗാന്ധിയെ സരളാദേവി അനുഗമിച്ചു.

പക്ഷേ, ഈ തിരക്കിട്ട ദിവസങ്ങളിലും എസ്തറിനുള്ള കത്തുകൾ ബാപ്പു മുടക്കിയില്ല. ആശ്രമത്തിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ അദ്ദേഹം നിർദേശിച്ചുകൊണ്ടിരുന്നു. അതിലേറ്റവും പ്രധാനമായിരുന്നു എല്ലാ അന്തേവാസികളും പങ്കെടുക്കുന്ന സായാഹ്ന സമൂഹപ്രാർഥനായോഗത്തിൽ പങ്കെടുക്കുന്നതിൽ വൈമുഖ്യം പ്രകടിപ്പിച്ച എസ്തറിനെ അതിൽ നിന്ന് ബാപ്പു ഒഴിവാക്കിയത്. ആദ്യമായി ഒരു അന്തേവാസിക്ക് ലഭിച്ച ആനുകൂല്യമായിരുന്നു അത്. പാരമ്പര്യംകൊണ്ടും ജന്മംകൊണ്ടും കർമം കൊണ്ടുമൊക്കെ ഉറച്ച ക്രിസ്തീയ വിശ്വാസിയായിരുന്ന എസ്തറിന് മറ്റ് മതപ്രാർഥനകളിൽ പങ്കെടുക്കുന്നതിലുള്ള വിഷമം ബാപ്പു മനസ്സിലാക്കി.

“നിന്റെ ക്രിസ്തീയത ഉപേക്ഷിക്കാനല്ല, കൂടുതൽ പൂർണമാക്കാനാണ് നീ ആശ്രമത്തിലെത്തിയത്. പ്രാർഥാനായോഗങ്ങളിൽ ദൈവസാന്നിധ്യം നീ അനുഭവിക്കുന്നില്ലെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക, നിനക്ക് ക്രിസ്തു ആരാണോ അതുതന്നെയാണ് രാമനും കൃഷ്ണനും. പക്ഷേ, തീർച്ചയായും നീ ആ സാമൂഹ പ്രാർഥനകളിൽ പങ്കെടുക്കേണ്ടതില്ല. നിന്റെ സ്വകാര്യമായ ഇടത്തിരുന്നുതന്നെ പ്രാർഥിക്കുക. ആരെയും നിർബന്ധപൂർവം എത്തിക്കാനുള്ളതല്ല പ്രാർഥനായോഗങ്ങൾ.

സ്വതന്ത്രരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണത്. പക്ഷേ, കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. അലസതകൊണ്ട് മാറിനിൽക്കുന്നവരും നിർബന്ധമായും എത്തണം. പക്ഷേ, നിന്റെ അസാന്നിധ്യം ആരും തെറ്റിദ്ധരിക്കില്ല. അതിനാൽ, ഏറ്റവും ശാന്തി ലഭിക്കുന്നത് എന്താണോ അത് ചെയ്യുക. ഓരോ ദിവസവും ദൈവത്തെ കൂടുതൽ കൂടുതൽ അറിയാനുള്ള സൗകര്യമൊരുക്കിയില്ലെങ്കിൽ ആശ്രമത്തിന് പ്രസക്തിയില്ല. ഞായറാഴ്ചകളിലോ മറ്റ് ദിവസങ്ങളിലോ നിനക്ക് പള്ളിയിൽ പോകണമെന്ന് ഉണ്ടെങ്കിൽ തീർച്ചയായും പോകാം.” ലാഹോറിൽനിന്ന് ബാപ്പു എസ്തറിനെഴുതി.

ഒപ്പം ആശ്രമത്തിലെ ചില കാര്യങ്ങളിൽ എസ്തർ വ്യത്യസ്ത അഭിപ്രായം അറിയിച്ചതിൽ ബാപ്പുവിന് സന്തോഷം തോന്നി. “നിന്റെ ദീർഘവും സുന്ദരവുമായ കത്തിന് നന്ദി. നിന്റെ ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ എനിക്ക് പ്രവേശം നൽകിയതിലും. നിന്റെ വരവ് എനിക്ക് വലിയ സന്തോഷമാണ് തന്നത്. എന്നാൽ, എനിക്ക് അതിലുമേറെ സന്തോഷം നൽകുക ഈ വരവിലൂടെ നിനക്ക് സമാധാനവും ആരോഗ്യവും യഥാർഥസന്തോഷവും നൽകുന്നുണ്ടെങ്കിലാണ്. മാത്രമല്ല, നിന്റെ ആശ്രമത്തിലെ അനുഭവത്തിലൂടെ ക്രിസ്തീയർ എന്ന് സ്വയം കരുതാത്തവരുടെ സ്ഥാപനങ്ങളിലും ദൈവത്തെ അറിയാനാവുമെന്ന് മറ്റ് ക്രിസ്തീയ വിശ്വാസികൾക്ക് മനസ്സിലാക്കാൻ ആയാൽ അതാണ് ഏറ്റവും മഹത്തരം.’’ സത്യം എല്ലാ മതങ്ങളിലും ഒന്നുതന്നെയാണെന്നും സ്ഫടികത്തിലൂടെ കടന്നുപോകുന്ന പ്രകാശം പല വർണത്തിൽ വികിരണം ചെയ്യപ്പെടുന്നതുപോലെ മാത്രമാണ് അത് വ്യത്യസ്തമായി തോന്നുന്നതെന്നും ബാപ്പു എസ്തറെ ഓർമിപ്പിച്ചു.

പക്ഷേ, ബാപ്പുവിന്റെ അഭാവവും ഇതുവരെ അവൾക്ക് പരിചിതമല്ലാത്ത അന്തരീക്ഷവും ആശ്രമത്തിലെ ഭൂരിപക്ഷം അംഗങ്ങളോടും തുടരുന്ന അകൽച്ചയും ഡോ. മേനോനെ കാണാനാവാത്തത്തിന്റെ വിരഹവേദനയും ഒക്കെ അവളുടെ വിഷാദം വർധിപ്പിച്ചു. ആശ്രമത്തിൽ താൻ ഒറ്റപ്പെടുന്നതായി എസ്തറിന് തോന്നി. ചർക്കയിൽ വസ്ത്രങ്ങൾ നെയ്തും കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസ് എടുത്തും കസ്തൂർബയെ സഹായിച്ചും അവൾ ഏകാന്തബോധം മറികടക്കാൻ ശ്രമിച്ചു. ‘യങ് ഇന്ത്യ’യിൽ ലേഖനങ്ങൾ എഴുതാൻ ബാപ്പുവിനോട് അവൾ അനുമതി തേടി. പക്ഷേ കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസ് നൽകുന്നതിനോടും എസ്തർ ലേഖനം എഴുതുന്നതിനോടും അദ്ദേഹം യോജിച്ചില്ല. സ്വഭാവരൂപവത്കരണംപോലെയുള്ള കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എസ്തർ ലേഖനമെഴുതുന്നത് സർക്കാറിനെ പ്രകോപിപ്പിച്ചേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീതി.

ഒരു മാറ്റം വേണമെന്ന് തോന്നിത്തുടങ്ങിയിരുന്നപ്പോഴാണ് ആ ക്രിസ്മസ് തനിക്കൊപ്പം ചെലവിടാൻ മദിരാശിയിൽനിന്ന് ആൻ മേരിയുടെ ക്ഷണം എസ്തറിന് വന്നത്. ലാഹോറിൽ തന്നെയായിരുന്ന ബാപ്പു ആദ്യം അതിനോട് വിയോജിച്ചു. എന്തുകൊണ്ട് ആൻ മേരിക്ക് ആശ്രമത്തിലേക്ക് വന്നുകൂടാ? ആശ്രമത്തിലെ പുതിയ സാഹചര്യങ്ങളൊന്നും അവൾ കണ്ടില്ലല്ലോ, അദ്ദേഹം ചോദിച്ചു. കുറച്ചു ദിവസം മുമ്പ് എസ്തറിന് പനി ബാധിച്ചിരുന്നു. അതിനാലാണ് ഉടൻ നീണ്ട യാത്ര വേണ്ടെന്ന് ബാപ്പു വിലക്കിയത്. പക്ഷേ, പോകാൻ താൻ അതിയായി ആഗ്രഹിക്കുന്നെന്ന് എസ്തർ പറഞ്ഞു. ബാപ്പു പിന്നെ തടസ്സമൊന്നും പറഞ്ഞില്ല.

ക്രിസ്മസ് കഴിഞ്ഞ് മടങ്ങിയെത്തിയ എസ്തറോട് തനിക്ക് ആശ്രമത്തിലെത്താൻ ഇനിയും കഴിയാത്തതിൽ ബാപ്പു മാപ്പ് ചോദിച്ചുകൊണ്ട് എഴുതി. ശൈത്യകാലത്ത് ആവശ്യത്തിന് ഉഷ്ണവസ്ത്രങ്ങൾ അവൾക്ക് കിട്ടിയില്ലെന്ന് മകൻ ദേവദാസ് അദ്ദേഹത്തെ അറിയിച്ചിരുന്നു. അതും അദ്ദേഹത്തിന് വലിയ വിഷമമായി. ഉടൻ അവ എത്തിച്ചുകൊടുക്കാനും മഗൻലാലിനോട് നിർദേശിച്ചു. എസ്തറിന്റെ വിഷാദത്തിനും സരളാദേവി നൽകിയ സന്തുഷ്ടിക്കും ഇടയിൽപെട്ടുപോയി ബാപ്പു. എസ്തറിനെ സമാധാനിപ്പിക്കാൻ ആവുന്നത്രയൊക്കെ ചെയ്യാൻ അദ്ദേഹം ശ്രമിച്ചു.

ഇന്ത്യയിലെത്തുമ്പോൾ സബർമതിയിലെ ആശ്രമത്തിൽ ചെല്ലണമെന്നും എസ്തറെ കണ്ട് ആശ്വസിപ്പിക്കണമെന്നും ബാപ്പു ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ ഫീനിക്സ് ആശ്രമത്തിലെ അന്തേവാസിയും പ്രിയ ശിഷ്യയുമായ അഡ വെസ്റ്റിന് (ദേവിബെൻ) എഴുതി. മിസ് ഫെയറിങ്ങിന് ഒരു ക്രിസ്ത്യൻ വിശ്വാസിയായി തന്നെ ആശ്രമത്തിൽ അന്തേവാസിയായി കഴിയാൻ ഒരു തടസ്സവുമുണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. “എസ്തറെ കണ്ട് അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ എന്നെ അറിയിക്കണം. സ്വന്തം ആവശ്യങ്ങൾ ഒരിക്കലും പറയാത്ത കുട്ടിയാണവൾ. അതുകൊണ്ട് പലപ്പോഴും അവൾക്ക് വേണ്ടതെന്താണെന്ന് എനിക്ക് മനസ്സിലാകാറില്ല.”

എസ്തറിന് സമയം ചെലവഴിക്കാൻ ബാപ്പു മറ്റൊരു മാർഗവും കണ്ടെത്തി. കസ്തൂർബായെ അടുക്കളയിൽ സഹായിക്കുക. ആശ്രമത്തിലെ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഭുവർജി മാറിയ സമയം. അതേസമയം ബായോട് ഇടപഴകുന്നത് വളരെ ക്ഷമയോടെ വേണമെന്നും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. പക്ഷേ, ക്ഷമ വല്ലാതെ പരീക്ഷിക്കപ്പെടുകയാണെങ്കിൽ പരിപാടി അവസാനിപ്പിക്കാനും അദ്ദേഹം ഉപദേശിച്ചു. “അവർ എല്ലാ നേരവും അത്ര മധുരമായി പെരുമാറുന്നവരല്ല. ചിലപ്പോൾ ഒക്കെ തനി ഇടുങ്ങിയ മനസ്സുകാരിയുമാണ്. ഇപ്പോഴാകട്ടെ, ശാരീരികമായി അവർ അത്ര നല്ല അവസ്ഥയിലുമല്ല. അതുകൊണ്ട് നിന്റെ ക്രിസ്ത്യൻ സഹാനുഭൂതിയുടെ എല്ലാ വിശാലതയും കൊണ്ടുവേണം അവരുടെ സങ്കുചിതത്വത്തെ നേരിടേണ്ടത്. സ്വന്തം വേദനകളിൽ സന്തോഷിക്കുകയും, പരിഹസിക്കുന്നവരോടും സഹതപിക്കുകയും അവരുടെ ദൗർബല്യങ്ങൾ മനസ്സിലാക്കി അവരെ കൂടുതൽ സ്നേഹിക്കുകയുമാണല്ലോ യഥാർഥ സഹാനുഭൂതി.

ഒരുപക്ഷേ, നമുക്ക് ആ തലംവരെ ഉയരാനാകില്ലായിരിക്കാം. എങ്കിലും ഒരു പരീക്ഷണം നടത്തിനോക്കാമല്ലോ. എങ്കിലും എന്റെ പ്രിയ എസ്തർ, മിസിസ് ഗാന്ധി നിന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ, തീർച്ചയായും ഞാൻ നിർദേശിച്ചതുപോലെ വലിയ അടുപ്പം ഒഴിവാക്കിക്കൊള്ളുക. ആശ്രമത്തിൽ നീ പൂർണമായ സമാധാനവും സന്തോഷവും സത്യവും കണ്ടെത്തണം എന്നതാണ് എന്റ ആവശ്യം. ആശ്രമജീവിതത്തിലൂടെ നിനക്ക് കൂടുതൽ പൂർണയായ ക്രിസ്ത്യാനി ആകാൻ കഴിയണം. ഇന്നലെ പകലും രാത്രിയും മുഴുവൻ നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.”

ബാപ്പുവിന്റെ കത്ത് എസ്തറിന് വലിയ സമാധാനം നൽകി. പലപ്പോഴും തന്നോട് ബാ പെരുമാറുന്ന രീതിയിൽ അവൾക്ക് വിഷമം ഉണ്ടായിരുന്നു. എത്രതന്നെ അവരുടെ ആവശ്യങ്ങൾക്ക് സഹായിച്ചാലും മനസ്സുകൊണ്ട് തന്നോട് അത്ര അടുപ്പമില്ലെന്ന് അവൾക്ക് തോന്നി. ബാപ്പുവിനുള്ള മറുപടിയിൽ അവൾ എഴുതി; “ബായെ സന്തോഷിപ്പിക്കുക ദുഷ്കരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ആശ്രമത്തിൽ താമസിക്കുന്നത് അവർക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ബായോട് ചോദിച്ചു. ഉണ്ടെങ്കിൽ ഞാൻ തിരുത്താൻ തയാറാണ്. പതിവായി ഒപ്പം കഴിയുന്നവർക്കൊപ്പം സന്തോഷപൂർവം ജീവിക്കേണ്ടതുണ്ട്. ആ സൗഹൃദമാണല്ലോ നമ്മെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം ജീവിക്കാൻ സഹായിക്കുക. പക്ഷേ, ബാ എപ്പോഴും എന്നെ ഒരു അന്യയായി മാത്രമേ കാണുകയുള്ളൂ.

എത്രമാത്രം തന്നെ ഒരു മകളെപ്പോലെ ഞാൻ പെരുമാറിയിട്ടും കാര്യമില്ല. തീർച്ചയായും ഒരു യഥാർഥ മകൾക്ക് പകരക്കാരിയാകാൻ എനിക്കാവില്ല. ഉറപ്പായും അവരുടെ മനസ്സിൽ ഞാനടക്കം എല്ലാവരോടും വലിയ കനിവുണ്ട്. പക്ഷേ, ഞങ്ങൾ തമ്മിലുള്ള ഒട്ടനവധി വേലിക്കെട്ടുകൾ –സ്വാഭാവികമോ അല്ലാത്തതോ– മറികടക്കാൻ എനിക്ക് കഴിയുന്നില്ല. ബാ അടുക്കളയുടെ ചുമതല ഏറ്റെടുക്കുമ്പോൾ ഞാൻ അവരെ സഹായിക്കാൻ പൂർണമായും ഒരുക്കമാണ്. പക്ഷേ, ഇപ്പോൾ ഞാൻ ബുർജൂ ഭായിയെ സഹായിക്കുകയാണ്. എന്റെ സേവനം ബാ അംഗീകരിക്കുമോ എന്നും എനിക്ക് സംശയമാണെന്ന് മാത്രം.”

14. കസ്തൂർബ

ആശ്രമജീവിതത്തിലെ കടുത്ത അന്തഃസംഘർഷങ്ങൾക്കിടയിൽ എസ്തറെ തേടി കോപ്പൻഹേഗനിൽനിന്നും ഒരു ഹൃദയഭേദകമായ വാർത്ത വന്നു. അവളുടെ ഏക സഹോദരൻ മരണശയ്യയിലായിരിക്കുന്നു. കടുത്ത ക്ഷയമായിരുന്നു എസ്തറെക്കാൾ മൂന്ന് വയസ്സിന് ഇളപ്പമായിരുന്ന ആ 27കാരന്റെ രോഗം. അനുജനെ ഒരു നോക്ക് കാണാൻ എസ്തർ തീവ്രമായി ദാഹിച്ചു. പക്ഷേ അപ്പോഴത്തെ തന്റെ സാഹചര്യങ്ങളിൽ സമയം ഒരു ഡെന്മാർക്ക് യാത്ര അസാധ്യമാണെന്ന ബോധം അവളുടെ വിഷാദവും നിസ്സഹായതയും പലമടങ്ങ് വർധിപ്പിച്ചു. കുഞ്ഞുന്നാളിലെ എസ്തറുടെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ആ അനിയൻ.

അവൾ എല്ലാ കാര്യങ്ങളും അവനുമായി പങ്കുവെച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം എസ്തർ ബാപ്പുവിനെഴുതി. “ഈ മഹാ വേദനയുടെ നിമിഷങ്ങളിൽ ഡെന്മാർക്കിലെത്തി അവനെ അവസാനമായി ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ കഴിയില്ലല്ലോ. സ്വദേശം ഉപേക്ഷിക്കാൻ തീരുമാനിച്ച നിലക്ക് ഇതൊക്കെ നേരിടാതെ വയ്യല്ലോ.”

അതിനിടെ, എസ്തറിന് ആശ്രമത്തിൽ ഒരു അനിയനെ കിട്ടി. തന്റെ പുതിയ സുഹൃത്ത് സരളാദേവിയുടെ കൗമാരപ്രായക്കാരനായ മകൻ ദീപക്കിനെ ഗാന്ധി ആശ്രമത്തിലേക്ക് അയച്ചിരുന്നു. ആ കുട്ടിയുമായി നല്ല സൗഹൃദത്തിലാകണമെന്ന് എസ്തറോട് എഴുതി അറിയിച്ച ബാപ്പു അവൻ തന്റെ മറ്റൊരു പരീക്ഷണമാണെന്നും എഴുതി. പക്ഷേ, ആരാണവൻ എന്നുമാത്രം എഴുതിയില്ല.

അക്കാര്യം മഹാദേവ് പറഞ്ഞുതരുമെന്നായിരുന്നു ബാപ്പു അറിയിച്ചത്. എന്തായാലും ബാപ്പുവിന്റെ നിർദേശം എസ്തർ സന്തോഷത്തോടെ അനുസരിച്ചു. അവനെ എസ്തർ ഇംഗ്ലീഷ് പഠിപ്പിച്ചു. അവൾ ബാപ്പുവിനെഴുതി; “സമർഥനും സുന്ദരനുമാണ് ദീപക്. പക്ഷേ, അൽപനേരത്തേക്കുപോലും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന് ബുദ്ധിമുട്ടാണ്. എന്നാൽ, ആരെയും സഹായിക്കാനും എല്ലാവരോടും വിനയത്തോടെ പെരുമാറാനും അവൻ തയാറാണ്. എന്നാലും പ്രായത്തിനു സഹജമായ തമാശകളും തല്ല് കൂടലുമൊക്കെയാണ് ഏറ്റവും പ്രിയങ്കരം.”

എന്നാൽ, കസ്തൂർബായുമായുള്ള എസ്തറിന്റെ ബന്ധം വല്ലാതെ ഉലഞ്ഞുകഴിഞ്ഞിരുന്നു. ബാപ്പുവും സരളാദേവിയുമായുള്ള സൗഹൃദം അതിനകം പ്രശസ്തമാവുകയും ചെയ്തു. അതിനെചൊല്ലി ബാ നീറുന്ന സമയമായിരുന്നതും പ്രശ്നങ്ങൾ വഷളാക്കിത്തീർത്തു. അതോടെ പല ദിവസങ്ങളിലും അവൾ ആശ്രമത്തിലെ നിത്യസന്ദർശകനും തെക്കേ ആഫ്രിക്കയിലെ കാലം മുതൽ ഗാന്ധിയുടെ ഉറ്റസുഹൃത്തുമായ ഇസ്‍ലാം പുരോഹിതൻ ഇമാം സാഹേബ് അബ്ദുൽ ഖാദിർ ബവസിറിന്റെ കുടുംബത്തിനൊപ്പം ചെലവിട്ടു. മലയക്കാരിയായ ഇമാമിന്റെ ഭാര്യയും പാശ്ചാത്യശൈലിയിൽ വളർന്ന ഇമാമിന്റെ പെണ്മക്കൾ ഫാത്തിമയും ആമിനയും ആയി എസ്തർ വേഗം അടുത്തു. അവരുമായി ചെലവിടുമ്പോഴായിരുന്നു എസ്തർ അൽപം ആശ്വാസം കണ്ടെത്തിയ സമയം.

താൻ മുന്നറിയിപ്പ് നൽകുന്നതിന് മുമ്പുതന്നെ ബായുമായുള്ള എസ്തറിന്റെ പ്രശ്നങ്ങൾ ആരംഭിച്ചത് ബാപ്പുവിനെ വിഷമിപ്പിച്ചു. തന്റെ ഭാര്യയുടെ ഇടുങ്ങിയ മനസ്സാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തെക്കേ ആഫ്രിക്കയിലായിരുന്ന കാലത്ത് താണജാതിക്കാരനായ ഒരു തമിഴൻ ഉപയോഗിച്ച ആശ്രമത്തിലെ ശുചിമുറി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും ഇന്ത്യയിലേക്ക് പോരുമ്പോൾ ബാ ക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമായി സൂക്ഷിക്കുന്നത് താൻ വിലക്കിയപ്പോഴും അവർ ശക്തിയായ പ്രതിഷേധം അറിയിച്ചതൊക്കെ ബാപ്പു ഓർത്തു. ഭാര്യക്ക് സ്വന്തമായ എന്ത് അഭിപ്രായമുണ്ടെങ്കിലും ഭർത്താവിനെ അനുസരിക്കുകയാണ് പ്രാഥമിക കടമ എന്ന പരമ്പരാഗത പുരുഷ വിശ്വാസം ഗാന്ധിയെയും അന്ന് ഭരിച്ചിരുന്നു.

ബായുമായുള്ള ബന്ധം വഷളായ കാര്യം തുറന്നെഴുതിയതിന് ബാപ്പു എസ്തറിന് നന്ദി പറഞ്ഞു. സത്യസന്ധമായ സൗഹൃദത്തിന്റെ ലക്ഷണമാണ് ആ തുറന്ന കത്ത് എന്ന് അദ്ദേഹം എഴുതി. ബായെ വീണ്ടും കഠിനമായി അദ്ദേഹം വിമർശിച്ചു. “ഞാൻ മുന്നറിയിപ്പ് നൽകുന്നതിന് മുമ്പ് തന്നെ മിസിസ് ഗാന്ധിയുടെ സങ്കുചിത മനസ്സ് നീ അനുഭവിച്ചല്ലോ. എന്തായാലും ഞാൻ കൃത്യമായ സമയത്ത് തന്നെ നിന്നെ അറിയിച്ചത് ഭാഗ്യമായി. ഏറ്റവും പ്രധാനം ഈ അനുഭവങ്ങളൊന്നും നിന്റെ മനസ്സിനെ കീഴ് പ്പെടുത്തരുത്. സ്വയം വെറുപ്പിനോ അലോസരത്തിനോ അടിമയാകാൻ പാടില്ല. കൂടുതൽ ത്യാഗങ്ങൾക്ക് സന്നദ്ധയാകുകയാണ് ആവശ്യം.’’ തുടർന്ന് ബാപ്പു ലൂക്കോസിന്റെ സുവിശേഷത്തിലെ മേരിയുടെയും മാർത്തയുടെയും ഉദാഹരണങ്ങൾ ഉദ്ധരിച്ചു. ഇരുവരും യേശുവിന്റെ ഉറ്റ ഭക്തരെങ്കിലും കൂടുതൽ ത്യാഗസന്നദ്ധയായവളാണ് യഥാർഥ ഭക്തി തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

“എന്നാലും മിസിസ് ഗാന്ധി അടക്കം ആരെയും അതിരുകടന്നു പ്രീണിപ്പിക്കാൻ നോക്കി നീ സ്വയം തളരരുത്. സഹിക്കാൻ ഒട്ടും കഴിയാതെ വരുകയാണെങ്കിൽ ഉടൻതന്നെ സ്വന്തമായി മറ്റൊരു അടുക്കളയിൽ നീ പാചകം ചെയ്തുകൊള്ളുക. അത്രക്ക് അടുക്കാതെ തന്നെ അവരെ സേവിക്കാൻ സാധിക്കും. പക്ഷേ, സ്വന്തം ശരീരത്തെയോ മനസ്സിനെയോ വല്ലാതെ അലട്ടുന്നവിധം ഒന്നും നീ ചെയ്യാതിരിക്കുക.”

സഹോദരന്റെ രോഗാവസ്ഥയിലുള്ള എസ്തറുടെ വേദന താൻ മനസ്സിലാക്കുന്നുവെന്നും താൻ ഒപ്പമുണ്ടെന്നും അദ്ദേഹം ആശ്വസിപ്പിച്ചു. ഡെന്മാർക്കിൽ പോകണമെന്ന അവളുടെ ആഗ്രഹം മനസ്സിലാകുമെങ്കിലും മറ്റൊരു ജീവിതപ്പാത തിരഞ്ഞെടുത്ത സ്ഥിതിക്ക് അതാലോചിക്കേണ്ടെന്നും അദ്ദേഹം ഉപദേശിച്ചു. ഇമാമിന്റെ കുടുംബത്തിനൊപ്പം എസ്തർ ആശ്വാസം കണ്ടെത്തുന്നതിൽ ബാപ്പു സന്തോഷം പ്രകടിപ്പിച്ചു. ഒന്നുമല്ലെങ്കിൽ അവരുമായി ഇംഗ്ലീഷിൽ സംസാരിക്കാമല്ലോ എന്നും അദ്ദേഹം എഴുതി. തിന്മയെ നന്മകൊണ്ട് നേരിടേണ്ടതിനെപ്പറ്റി തനിക്ക് ഏറ്റവും പ്രിയങ്കരമായ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് വീണ്ടും കസ്തൂർബായുടെ “തിന്മയെ”പ്പറ്റി ഗാന്ധി പരാമർശിച്ചു. “ബായിലെ തിന്മയെ എതിരിടാൻ നീയോ ഞാനോ ശ്രമിക്കേണ്ടതില്ല. അതേചൊല്ലി അക്ഷമരാകേണ്ടതുമില്ല.

എന്തുകൊണ്ടാണ് ആ സ്ത്രീ സത്യം തിരിച്ചറിയാത്തതെന്നോ നാം നൽകുന്ന സ്നേഹത്തിന് പകരം നൽകാതിരിക്കുന്നതെന്നോ ആലോചിക്കേണ്ട. പുലിക്ക് സ്വന്തം പുള്ളി എന്നപോലെ അവർക്ക് തന്റെ സ്വഭാവം മാറ്റാനാകില്ല. നീയോ ഞാനോ അവർക്ക് സ്നേഹം നൽകുന്നുണ്ടെങ്കിൽ അത് നമ്മുടെ സ്വഭാവം. അവർ അത് തിരിച്ചുനൽകുന്നില്ലെങ്കിൽ അതവരുടെ സ്വഭാവം. അതേപ്പറ്റി നാം വിഷമിക്കുകയാണെങ്കിൽ നാം തിന്മയെ എതിരിടുന്നതിന് തുല്യമാകും. ശരിയല്ലേ? എന്തായാലും നിന്റെ മനസ്സിനോ ശരീരത്തിനോ ഒന്നും നിഷേധിക്കാതിരിക്കുക. എന്താവശ്യമുണ്ടെങ്കിലും മറ്റാരോടും പറയുന്നില്ലെങ്കിൽ വേണ്ട, എന്നോട് പറയുക. നിന്നെ ചൊല്ലി ഞാൻ വിഷമിക്കാതിരിക്കണമെങ്കിൽ എല്ലാ ദിവസവും എനിക്ക് എഴുതുക.”

എസ്തറിന്റെ പ്രയാസങ്ങളിൽ ബാപ്പു വല്ലാതെ വേവലാതി പൂണ്ടു. ഇമാം സാഹേബിന്റെ വീട്ടിൽ അവൾക്ക് ഭക്ഷണം എത്തിച്ചുകൊടുക്കണമെങ്കിൽ അത് ചെയ്യണമെന്ന് അദ്ദേഹം ആശ്രമ നടത്തിപ്പുകാരനായ നരഹരി പാരിഖിന് നിർദേശം നൽകി. അതിനിടെ, ഉദരരോഗം പിടിപെട്ട എസ്തറിന് പ്രത്യേക ഭക്ഷണം എത്തിക്കാൻ തുണിമിൽ വ്യവസായ കുടുംബത്തിലെ തന്റെ അടുത്ത സുഹൃത്ത് അനസൂയ സാരാഭായിയോടും ബാപ്പു ആവശ്യപ്പെട്ടു. പഞ്ചാബിൽ സരളാദേവിയുമായുള്ള സൗഹൃദത്തിനും തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുമിടെ എസ്തറുടെ ദൈനംദിന ഭക്ഷണചര്യയെക്കുറിച്ച് അദ്ദേഹം നിരന്തരം നിർദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു. “ചപ്പാത്തി നിനക്ക് ദഹിക്കില്ല. അതുകൊണ്ട് അനസൂയ ബെഹൻ നിനക്കാവശ്യമായ ഭക്ഷണം കൊണ്ടുവരും. പാലും പഴങ്ങളും കഴിക്കാം.

കൂടാതെ അൽപം ചോറും തൈരും വേവിച്ച പച്ചക്കറിയുമാകാം.” ഒരുദിവസം എസ്തറുടെ കത്ത് കിട്ടാതെ വന്നപ്പോൾ ബാപ്പു അക്കാര്യം ആരാഞ്ഞ് അവൾക്ക് എഴുതി. “ഇന്ന് നിന്റെ കത്ത് കിട്ടിയില്ല. ഒരു പാട് പേര് ഇന്ന് എനിക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് ഇന്നിനി ഒരു പ്രണയലേഖനം നിനക്കെഴുതാനാവില്ല. അതുകൊണ്ട് നിനക്കുവേണ്ടിയുള്ള പ്രാർഥനയും സ്നേഹവും മാത്രം ഇതാ അയക്കുന്നു. കഴിയുമെങ്കിൽ സന്തോഷം നിറഞ്ഞ, സന്തോഷം നൽകുന്ന ഒരു കത്ത് അയക്കുക.”

ജനുവരി അവസാനിക്കാറായിരുന്നു. അപ്രതീക്ഷിതമായി മറ്റൊരു അനുഭവവുംകൂടി എസ്തറെ തേടിവന്നു. ആശ്രമത്തിലെ അന്തേവാസിയായ ലീലാവതി ബെഹൻ അവളെയും കൂട്ടി ഒരു വിവാഹസൽക്കാരത്തിന് പോയി. അവിടത്തെ ആഘോഷചടങ്ങിനിടയിൽ ആരോ സുന്ദരിയായ എസ്തറുമായി അൽപം അതിരുകടന്ന സൗഹൃദത്തിന് ശ്രമിച്ചു. ഇക്കാര്യം അറിഞ്ഞ ഗാന്ധി പരിഭ്രാന്തനായി. അദ്ദേഹം നരഹരിക്കും മഗൻലാലിനുമൊക്കെ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് എഴുതി. “ലീലാവതി ബെഹനൊപ്പം മിസ് ഫെയറിങ് പോയതിൽ എനിക്ക് ഉത്കണ്ഠയുണ്ട്.

ശുദ്ധമനസ്കയാണവൾ. ആരെയും വിശ്വസിക്കും. അത്ര നന്നല്ലാത്ത കാര്യങ്ങൾക്കായി അവളോട് ചങ്ങാത്തം കൂടാൻ മടിക്കാത്തവളാണ് ലീലാവതി ബെഹൻ. അതുകൊണ്ട് അവിടെ എന്ത് സംഭവിച്ചെന്നും എന്തിനാണവൾ പോയതെന്നും വിശദമായി അറിയിക്കുക. ആരെങ്കിലും അവളോട് അവിടെ മോശമായി പെരുമാറിയാൽ നമുക്ക് വലിയ നാണക്കേടാകുമത്. ആരോടും ഇക്കാര്യം പറയേണ്ട. മഗൻലാലിനും ഞാൻ ഇക്കാര്യം എഴുതിയിട്ടുണ്ട്.”

വാസ്തവത്തിൽ എസ്തർപോലും ആ അനുഭവം അത്ര ഗൗരവമായി കരുതിയിരുന്നില്ല. ആശ്രമത്തിലെ വിരസതയിൽനിന്ന് അൽപം മോചനമായിരുന്നു അവൾ പോയതിന്റെ ഉദ്ദേശ്യം. പക്ഷേ, ബാപ്പു പതിവില്ലാതെ വളരെ വികാരാധീനനായി. എസ്തറിനുള്ള കത്തിൽ അക്കാര്യം അദ്ദേഹം മറച്ചുവെച്ചുമില്ല. പ്രത്യേകിച്ച് തന്നിൽനിന്നും അത് എസ്തർ മറച്ചുവെച്ചുവെന്നും അദ്ദേഹത്തിനു തോന്നി. എന്നും പരസ്പരം കത്തുകൾ അയച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി ബാപ്പുവിന് ആദ്യമായി എസ്തറുടെ കത്തുകൾ വൈകിത്തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.

ഫെബ്രുവരി ഒന്നിന് ലാഹോറിൽനിന്ന് ബാപ്പു എസ്തറിന് എഴുതി. ഒരുപക്ഷേ, എസ്തറിനോട് തന്റെ അസ്വാരസ്യം പ്രകടിപ്പിക്കുന്ന ആദ്യ സന്ദർഭമായിരുന്നു ഒരു വിചാരണയുടെ രൂപത്തിലായിരുന്ന ആ കത്ത്. എസ്തറിൽ ഗാന്ധിക്ക് തോന്നിയ സംരക്ഷണാവകാശത്തിന്റെയും സൂചനയായി അത്.

“എന്റെ പ്രിയപ്പെട്ട കുഞ്ഞേ,

ഇത്രയധികം ദിവസങ്ങളായി എനിക്ക് ഒരു വരിപോലും എഴുതാത്ത ചീത്ത കുട്ടിയായിരിക്കുന്നു നീ. പക്ഷേ, മറ്റുള്ളവരിൽനിന്ന് ഞാൻ നിന്നെപ്പറ്റി അറിയുന്നുണ്ട്. നീ ഒരു വിവാഹസൽക്കാരത്തിനു പോയി. ഇതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. എന്താണിങ്ങനെയൊക്കെ? അപരിചിതരുടെ മധ്യത്തിൽ നിനക്ക് എങ്ങനെ കഴിയാനായി? എന്തെങ്കിലും ഒരു കടമയുടെ ഭാഗമായാണ് നീ പോയതെങ്കിൽ അത് തെറ്റായിപ്പോയി. ഈ വക സൽക്കാരങ്ങളിൽ പങ്കെടുക്കുക നിന്റെ കടമയല്ല. ഒരു മാറ്റത്തിനായാണ് പോയതെങ്കിൽ അത് നല്ല മാറ്റമാണോ ഉണ്ടാക്കിയത്? എവിടെ ആയിരുന്നു ഈ സൽക്കാരം? ആരൊക്കെയാണവിടെ വന്നത്? അവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമായിരുന്നുവോ?

അവിടെ എന്ത് ഭക്ഷണമാണ് നിനക്ക് ലഭിച്ചത്? എവിടെയാണ് നീ ഉറങ്ങിയത്? ആരാണ് അതിനു പോകാൻ നിന്നെ പ്രേരിപ്പിച്ചത്? ഇതെല്ലാം വളരെ വിചിത്രമായി തോന്നുന്നു. അന്ധമായ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുക. ഇപ്പോൾ ഞായറാഴ്ച പ്രഭാതമാണ്. നിന്നെപ്പറ്റിയുള്ള ഉത്കണ്ഠ എന്റെ മനസ്സിൽ നിറയുകയാണ്. അത് വിഡ്ഢിത്തമാണെന്ന് എനിക്ക് അറിയാം. നമ്മെ സംരക്ഷിക്കാനും നേർവഴി നടത്താനുമായി ദൈവം മുകളിലുണ്ട്. പക്ഷേ, നിന്നെ എന്റെ കുഞ്ഞേ എന്നു വിളിക്കാനുള്ള ആനുകൂല്യം നീ എനിക്ക് നൽകിയിട്ടുണ്ടെന്ന് ഓർക്കുക. ”

പതിനെട്ടാം നൂറ്റാണ്ടിൽ അഗസ്റ്റസ് ടോപ്പ്ലാഡി എന്ന ആംഗ്ലിക്കൻ പുരോഹിതൻ രചിച്ച വിഖ്യാതമായ ഒരു ക്രിസ്തീയ കീർത്തനവരികളോടെയാണ് ബാപ്പു ആ കത്ത് ഉപസംഹരിച്ചത്.

“പ്രാചീനശില, നീ എനിക്ക് അഭയഗുഹ;

അനുവദിക്കുക, നിന്നിൽ

എനിക്ക് ഒളിസങ്കേതം...”

അന്നു തന്നെ നരഹരിക്ക് എഴുതിയ കത്തിൽ എസ്തർ വലിയ തെറ്റാണ് ചെയ്തതെന്ന് ഗാന്ധി ആവർത്തിച്ചു. ഉച്ചയായതോടെ എസ്തറുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിനു മറുപടിയായി വൈകുന്നേരം മറ്റൊരു കത്തും കൂടി അദ്ദേഹം എസ്തറിനെഴുതി.

“നീ ആ സൽക്കാര ക്ഷണം സ്വീകരിച്ചത് തെറ്റായെന്ന് ഇപ്പോൾ എനിക്ക് ഉറപ്പായി. നീ ചെറുപ്പമാണ്. ലോകപരിചയം കുറവാണ്. നിനക്ക് സ്നേഹസമ്പന്നമായ ഹൃദയമുണ്ട്. പക്ഷേ, അതിനു വഴിതെറ്റാൻ പാടില്ല. ചുക്കാനില്ലാത്ത മഹാനൗക കൊണ്ട് എന്ത് ഗുണം? അതെങ്ങോട്ട് പോകും? അത് വഴിതെറ്റി ഒഴുകില്ലേ? നിന്നെ ഓർത്ത് ഇന്ന് എന്റെ ഹൃദയം കേഴുകയാണ്. നീ ഉപേക്ഷിച്ച സാഹചര്യം ഒരു പ്രത്യേകരീതിയിൽ വളരാൻ ഉതകുന്നതായിരുന്നു. എന്നാൽ, നീ എത്തിച്ചേർന്ന സാഹചര്യം അതിലും ഉയരെ വളരാൻ നിന്നെ സഹായിക്കും. പക്ഷേ, അതിനു ആ സാഹചര്യങ്ങൾ ഉൾക്കൊള്ളണം. വഴി തെറ്റി സഞ്ചരിച്ച് നീ നിനക്ക് സ്വയം വേദന സമ്മാനിക്കരുത്. ഇപ്പോൾ നിന്റെ സമീപമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആശിക്കുന്നു. അച്ചടക്കമുള്ള മനഃസാക്ഷി അനുസരണ ഉള്ളതാകണം. അത് ദൈവത്തിന്റെ ശബ്ദമാണ്. അച്ചടക്കമില്ലാത്ത മനഃസാക്ഷി പാപികളുടെ ഇടമാണ്. പിശാച് ആണവിടെ വക്താവ്.”

പിന്നീട് ബാപ്പു സത്യവേദപുസ്തകത്തിലെ മത്തായിയുടെ സുവിശേഷം (7.21) ഉദ്ധരിച്ചു: “എന്നോട് കർത്താവേ കർത്താവേ എന്നു പറയുന്നവനല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്...” ഓർമയിൽനിന്നാണ് താൻ ഇത് ഉദ്ധരിക്കുന്നതെന്നും പക്ഷേ, അത് മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അച്ചടക്കം പാലിക്കണമെന്നും മഗൻലാലിനോട് ആലോചിക്കാതെ മേലിൽ ഒന്നും ചെയ്യരുതെന്നും അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനെപ്പോലെ കാണണമെന്നും ഒക്കെ ബാപ്പു എസ്തറോട് ആവശ്യപ്പെട്ടു. നീ വഴി തെറ്റാതെയിരിക്കാൻ ഞാൻ പ്രാർഥിക്കാമെന്നും അദ്ദേഹം എഴുതി.

അന്നുതന്നെ മഗൻലാലിന് വീണ്ടും എഴുതിയ കത്തിൽ ഗാന്ധി കടുത്ത വാക്കുകളിൽ ഇക്കാര്യം പരാമർശിച്ചു. “വലിയ തെറ്റാണ് അവൾ ചെയ്തത്. ഇങ്ങനെയാണ് വിശുദ്ധരായ മനുഷ്യർപോലും വീണുപോകുന്നത്. അമിതസ്വാതന്ത്ര്യമാണ് അവൾ എടുക്കുന്നത്. ആരോടെങ്കിലും അനുവാദം ചോദിക്കുന്നത് കുറവായി അവൾക്ക് തോന്നുന്നു. ചുക്കാനില്ലാത്ത നൗകയാണവൾ. തന്റെ വിശാലമായ ഹൃദയംകൊണ്ട് എങ്ങനെ പെരുമാറണമെന്ന് അവൾക്ക് അറിയില്ല.”

ഒരു ജ്യേഷ്ഠനെപ്പോലെ നിന്നെ അനുസരിക്കണമെന്ന് അവളോട് പറഞ്ഞ കാര്യം ഗാന്ധി മഗൻലാലിനെ അറിയിച്ചു. വേണമെങ്കിൽ അവൾ നിന്റെ ഒപ്പം കഴിയട്ടെ എന്നും ബാ ക്ക് അവളെ നോക്കാൻ കഴിയില്ലെന്നും അദ്ദേഹം എഴുതി. “ഇപ്പോൾ ആശ്രമത്തിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് ഞാൻ. എന്റെ ഹൃദയം നീറുകയാണ്. എസ്തർ പാപമൊന്നും ചെയ്തിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ അധികം വൈകാതെ അവൾ അത് ചെയ്തേക്കും. ഒരുപക്ഷേ എന്റെ ഭയംകൊണ്ടായിരിക്കും ഇതെനിക്ക് തോന്നുന്നത്.’’

ബാപ്പുവിന്റെ കത്തുകൾ എസ്തറെ വല്ലാതെ അമ്പരപ്പിച്ചു. മുമ്പൊരിക്കലും അവൾ കണ്ടിട്ടില്ലാത്ത ബാപ്പുവിന്റെ മുഖം. ശാരീരികവും മാനസികവുമായി തളർന്നിരുന്ന എസ്തറെ ഇത് വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. ഇന്ത്യയിലെത്തിയശേഷം ഒട്ടേറെ വലിയ വെല്ലുവിളികൾ നേരിട്ടപ്പോഴൊക്കെ അവൾക്ക് ഏക ആശ്വാസമായിരുന്നു ബാപ്പു. തന്റെ ആദർശബിംബത്തിനൊപ്പം ചേരുക എന്ന മഹാലക്ഷ്യത്തിന്റെ മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും അതുകൊണ്ടുതന്നെ അവൾ ധൈര്യപൂർവം നേരിട്ടു. സ്വന്തം കുടുംബത്തിന്റെയും നാട്ടുകാരുടെയും അവൾ തിരഞ്ഞെടുത്ത മിഷനറി പ്രസ്ഥാനത്തിന്റെയും ഒക്കെ എതിർപ്പുകൾ എസ്തർ അതിജീവിച്ചതും അങ്ങനെയാണ്. പക്ഷേ, ഇതാദ്യമായി മറ്റെല്ലാം ഉപേക്ഷിച്ച് താൻ എല്ലാം കാൽക്കൽ അർപ്പിച്ച ഒരു വിഗ്രഹത്തിൽനിന്ന് അവൾ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എസ്തറുടെ ആരോഗ്യം കൂടുതൽ വഷളായിത്തീർന്നു. അവൾ മാപ്പ് അപേക്ഷിച്ച് ബാപ്പുവിനെഴുതി. പക്ഷേ, അദ്ദേഹം ക്ഷമിക്കാനൊരുക്കമായിരുന്നില്ല. “തൂവിപ്പോയ പാലിനെച്ചൊല്ലി കരഞ്ഞിട്ടെന്ത് പ്രയോജനം? ചെയ്ത തെറ്റ് തിരുത്തുകയാണ് ആവശ്യം.” കാർക്കശ്യം ഒട്ടും കുറക്കാതെ ബാപ്പു വീണ്ടും അവൾക്ക് എഴുതി. അനാരോഗ്യംമൂലം ആശ്രമത്തിൽനിന്ന് ആദ്യമായി മാറിനിൽക്കാനുള്ള ആഗ്രഹവും അവൾ പ്രകടിപ്പിച്ചിരുന്നു. അടുത്തുവരുന്ന ഈസ്റ്ററിനു മദിരാശിയിൽ പോയാലോ എന്നാലോചിക്കുകയാണെന്നുമവൾ എഴുതി. ഇതിനും പതിവില്ലാത്ത തരമായിരുന്നു ബാപ്പുവിന്റെ പ്രതികരണം. “ഈസ്റ്ററിനോ മറ്റെപ്പഴെങ്കിലുമോ നിനക്ക് ഇഷ്ടമുള്ളയിടത്ത് പോയ്ക്കോളൂ. നിന്റെ ശാരീരികവും ആത്മീയവുമായുള്ള സന്തോഷമാണ് പ്രാധാന്യം.”

അതേസമയം, അവളുടെ അസുഖങ്ങൾക്കുള്ള പ്രകൃതി ചികിത്സാവിധികൾ നിർദേശിക്കാൻ അദ്ദേഹം മറന്നില്ല. ജർമനിക്കാരനായ ലൂയി കുഹ്നിന്റെ വിധികളാണ് അദ്ദേഹം നിർദേശിച്ചത്. കടിസ്നാനം, (സ്നാനപാത്രത്തിലിരുന്നുള്ള കുളി), ഉപ്പ് ഇല്ലാത്ത ഭക്ഷണം തുടങ്ങി കുഹ്നിന്റെ നിർദേശങ്ങളുള്ള പുസ്തകം ആശ്രമത്തിലുണ്ടെന്നും അത് വായിക്കണമെന്നും അദ്ദേഹം എഴുതി. മാത്രമല്ല, കസ്തൂർബക്ക് ഈ ചികിത്സ വലിയ ഗുണംചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആത്മീയവിനിമയത്തിനും മനഃശാന്തിക്കും അഹ്മദാബാദിലെ പള്ളിയിൽ പോയാൽ പോരേ എന്നും അദ്ദേഹം ചോദിച്ചു.

ഇത്രയുമായപ്പോൾ ബാപ്പു തന്നെ വല്ലാതെ വേദനിപ്പിക്കുകയാണെന്ന് എസ്തർ ആദ്യമായി സൂചിപ്പിച്ചു. മാത്രമല്ല, ലാഹോറിലേക്ക് വന്ന് നേരിൽ കണ്ട് സംസാരിക്കാൻ തന്നെ അനുവദിക്കണമെന്നും അവൾ അഭ്യർഥിച്ചു. ഇതോടെ, ബാപ്പു സ്വരം മാറ്റി. “നിന്നെ വേദനിപ്പിച്ചതിന് എന്നോട് പൊറുക്കുക. ഞാൻ നിന്നെ എത്രയും സ്നേഹിക്കുന്നതിനാലാണ് അങ്ങനെ എഴുതിയത്.” പക്ഷേ, താൻ ഉടൻ പര്യടനമാരംഭിക്കുകയായതിനാൽ ലാഹോറിലേക്ക് വരേണ്ടെന്ന് അദ്ദേഹം എസ്തറെ വിലക്കി. ഫെബ്രുവരി 23ഓടെ താൻ ആശ്രമത്തിലെത്തുമെന്നും അപ്പോൾ തങ്ങൾക്ക് ഒന്നിച്ച് ഏറെ സമയം ലഭിക്കുമെന്നും അദ്ദേഹം എഴുതി. അസുഖങ്ങൾക്ക് ഡോക്ടറെ കാണാൻ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, എസ്തർ മറ്റൊരു അപ്രതീക്ഷിത കാര്യം ചെയ്തു. ബാപ്പുവും സരളാദേവിയുമായുള്ള ഉറ്റ സൗഹൃദത്തെപ്പറ്റി അവളും അതിനകം ധാരാളം കേട്ടിരുന്നു. തന്റെ വിഷമങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് എസ്തർ സരളാദേവിക്ക് തന്നെ എഴുതി. ഇത് ബാപ്പുവിനെ കൂടുതൽ പ്രകോപിപ്പിച്ചു. പക്ഷേ, കഴിയുംവിധം ആത്മസംയമനം പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എസ്സി”ന് നീ അയച്ച ദയനീയമായ കത്ത് ഞാൻ കണ്ടു. എന്തായാലും നീ എല്ലാം തുറന്നെഴുതിയത് നന്നായി.” താൻ എത്തുന്നതിനു മുമ്പ് ആശ്രമം വിടരുതെന്നും ഒട്ടേറെ സംസാരിക്കാനുണ്ടെന്നും ബാപ്പു എഴുതി. അവൾ എത്രയൊക്കെ വഴിതെറ്റിയാലും എന്റെ സ്നേഹത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും അതിനാൽതന്നെ അവളെ തിരുത്താനുള്ള അവകാശം തനിക്കുണ്ടെന്നും ഒക്കെ അദ്ദേഹം എസ്തറെ ഓർമിപ്പിച്ചു.

പക്ഷേ, അതിനിടെ ചികിത്സക്ക് ഡെന്മാർക്കിലേക്ക് എത്രയും വേഗം എത്താൻ അച്ഛനും സഹോദരിയും നിർബന്ധിച്ചുകൊണ്ട് എസ്തറിനെഴുതി. അക്കാര്യം അവൾ ബാപ്പുവിനെ അറിയിച്ചു. മദിരാശിയിൽ പോയശേഷം അവിടെനിന്ന് ഡെന്മാർക്കിലേക്ക് പോകാനാലോചിക്കുകയാണെന്നും അവൾ എഴുതി. അച്ഛന്റെ ഇഷ്ടമനുസരിച്ച് ചെയ്തുകൊള്ളാനായിരുന്നു ബാപ്പുവിന്റെ മറുപടി. പക്ഷേ, മദിരാശിയിലേക്ക് തിരിക്കുന്നതിനു മുമ്പ് തമ്മിൽ കാണണമെന്നും അദ്ദേഹം നിർബന്ധിച്ചു. മകൻ ദേവദാസ് മദിരാശി വരെ അവളെ അനുഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പക്ഷേ, ചികിത്സക്കായി എസ്തർ ഡെന്മാർക്കിൽ പോകേണ്ടിവരുന്നത് തനിക്ക് വ്യക്തിപരമായി വലിയ നാണക്കേടാണെന്നായിരുന്നു ബാപ്പുവിന്റെ വിലയിരുത്തൽ. “സമ്പൂർണ ആരോഗ്യവതിയായും തികവാർന്ന ഒരു ക്രിസ്ത്യാനിയായും മകളായും എനിക്കു നിന്നെ നിന്റെ അച്ഛന്റെ അരികിലേക്ക് അയക്കണമെന്നാണ് ആഗ്രഹം.” ലാഹോറിൽനിന്ന് കാശിയിലേക്കുള്ള യാത്രാമധ്യേ തീവണ്ടിയിൽ ഇരുന്ന് ബാപ്പു എഴുതി.

ഫെബ്രുവരി മാസത്തിൽ ദിനംതോറുമെന്നോണം ബാപ്പു എസ്തറിനെഴുതി. ഖിലാഫത്ത് തുടങ്ങിയ മഹാപ്രക്ഷോഭങ്ങൾക്കായി വലിയ തയാറെടുപ്പുകൾ, പ്രഭാഷണപര്യടനങ്ങൾ, അഭിമുഖങ്ങൾ, ലേഖനരചന, ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള ഒട്ടേറെപ്പേർക്ക് കത്തുകൾ എഴുതുക തുടങ്ങിയവയുമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതനായിരിക്കുന്നതിനിടെയാണ് എസ്തറുമായുള്ള ഈ ദൈനംദിന ആശയവിനിമയമെന്നുമോർക്കണം. ഇവയ്ക്കൊക്കെ പുറമെ സരളാദേവിയുമായുള്ള കൂടുതൽ ദൃഢമായി വന്ന അദ്ദേഹത്തിന്റെ അടുപ്പവും തടസ്സമായില്ല.

പക്ഷേ, ബാപ്പുവിനെ കാണുന്നതിനു മുമ്പുതന്നെ എസ്തർ മദിരാശിക്കു വണ്ടികയറി. ബാപ്പുവിനൊപ്പം കഴിയുക എന്ന സ്വപ്നവുമായി മറ്റെല്ലാം ഉപേക്ഷിച്ച് ആശ്രമത്തിലെത്തി മൂന്നുമാസത്തോളമായിട്ടും അത് സാക്ഷാത്കരിക്കാതെ മടങ്ങുകയായിരുന്നു എസ്തർ.

(തുടരും)

Show More expand_more
News Summary - weekly articles